'ബ്ലാക്ക് ഹൗസ്'- അന്‍വര്‍ അബ്ദുള്ള എഴുതിയ കഥ

By അന്‍വര്‍ അബ്ദുള്ള  |   Published: 23rd October 2021 04:47 PM  |  

Last Updated: 23rd October 2021 04:47 PM  |   A+A-   |  

prasad20210920162618_copy

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

 

ബ്ലാക്ക് ഹൗസില്‍നിന്ന് കര്‍ത്താവിനെ ബലം പ്രയോഗിച്ച്, കയ്യൂക്കു ചെലവാക്കി പിടിച്ചപിടിയാലേ ഇറക്കിവിടാന്‍ പോകുകയാണെന്ന് പ്രവിശ്യ മുഴുവന്‍ വെളുപ്പാന്‍ രാവിലെതന്നെ അറിഞ്ഞത്, ഇടിവണ്ടികള്‍ ഒന്നിനുപിറകേ ഒന്നായിട്ട് ബ്ലാക്ക് ഹൗസിലേക്കു നീളുന്ന വഴിയേ ഇരമ്പിപ്പോകുന്നതു കണ്ടിട്ടാണ്. ഇപ്പോള്‍ പണ്ടത്തെപ്പോലത്തെ പിശാചുമോറന്‍, നത്തുകണ്ണന്‍ നീല ഇടിവണ്ടിയല്ല; നല്ല പരന്നു ദീര്‍ഘചതുരനായ ഉടലും ഓമനത്തം തോന്നിക്കുന്നത്ര സൗമ്യതയുമുള്ള വെള്ളക്കുട്ടപ്പന്മാരാണ്. എന്നാലും ഇടിവണ്ടി ഇടിവണ്ടിതന്നെ! പോരാത്തതിന്, ഏമാന്മാര്‍ക്കാര്‍ക്കോ തോന്നിയ ശിമിട്ടന്‍ കുസൃതിപ്രകാരം ഏഴെട്ടു വെള്ളവണ്ടികള്‍ക്കു പിന്നാലെ ഒരറുപഴഞ്ചന്‍ നീലവണ്ടിയുമുണ്ടായിരുന്നു; തനിച്ചെകുത്താന്‍. കുഴിയില്‍നിന്നെണീറ്റു വന്നതുപോലെ തോന്നിപ്പിക്കുമായിരുന്നെങ്കിലും തുരുമ്പിച്ച ഒച്ചകളും കരുംകട്ടപ്പുകയും പാറിച്ചിരുന്നെങ്കിലും അതിന്റെയാ വളഞ്ഞു കുത്തിക്കൂര്‍മ്പിച്ച ചെന്നായമോന്ത ഒരു കാഴ്ചയായിരുന്നു. മനശ്ശാസ്ത്രവും പ്രധാനമാണല്ലോ! വെള്ള കണ്ടു വിരളാത്തവന്‍ നീല കണ്ടു നീലിക്കും. ഇടിവണ്ടിയെന്ന സങ്കല്പവും ഓര്‍മ്മയും അടിവയറ്റില്‍ കൂടുകെട്ടിയ പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് അതു കാണുന്നതേ പേടിയുണ്ടാക്കും. പില്‍ക്കാല തലമുറകള്‍ക്കും അത് ആഴത്തില്‍ വേരോടിയ അബോധഭീതി തന്നെ; അപ്പൂപ്പന്മാരുടെ അറിവിന്റേയും അങ്കലാപ്പിന്റേയും വില്‍പ്പത്ര വീതം.

പ്രവിശ്യയുടെ പ്രസിഡന്റാണ് കര്‍ത്താവ്. പ്രസ്താവത്തിന്റെ കാലം-അതേതു പ്രസ്താവവുമായിരിക്കട്ടെ-ഭാഷാപരമായി മാത്രമല്ല, രാഷ്ട്രീയപരമായിക്കൂടി പ്രശ്‌നങ്ങളുണര്‍ത്തുന്നുണ്ട്. പ്രസിഡന്റാണ് കര്‍ത്താവ് എന്നത് അങ്ങനെ കേവലമൊരു വ്യാകരണപ്പിഴവോ വാക്യപ്പിഴയോ മാത്രമല്ല, കാലപ്പിഴയും രാഷ്ട്രീയപ്പിഴയുമായിത്തീരുന്നു. ആണ് എന്നു പറയുമ്പോള്‍ത്തന്നെ ആയിരുന്നു എന്നുകൂടി വിചാരിക്കേണ്ടിവരുന്ന സന്ത്രാസം; ആണോ എന്നെടുത്തു ചോദിക്കേണ്ടിവരുന്ന അന്ധാളിപ്പ്, അല്ലേ എന്ന സന്ദേഹം! അതേ, കര്‍ത്താവ് പ്രവിശ്യയുടെ പ്രസിഡന്റ് ആണ്/അല്ല/ആയിരുന്നു എന്ന അന്തരാളത്തിലൂടെയാണ് പ്രവിശ്യ ഇപ്പോള്‍ ഒന്നേ എന്നു പിച്ചവയ്ക്കുന്നത്. പ്രവിശ്യയില്‍ ഇത്തരം പ്രതിസന്ധികള്‍ ഇതാദ്യമല്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രവിശ്യ ഓരോ കാല്‍നൂറ്റാണ്ടിലൊരിക്കലെങ്കിലും ഇങ്ങനൊരു ദുര്‍ഘടക്കുഴിയില്‍ വീഴുകയും അസാമാന്യ മെയ്വഴക്കമുള്ള ഒരു പരുക്കന്‍ ജന്തുവിനെപ്പോലെ അമറിയും തൊഴിച്ചും ചുരമാന്തിയും മൂക്കില്‍നിന്നു വെള്ളവും തീയും വിട്ടും പകച്ചും കിതച്ചും കരയേറി ഒക്കിയും ചട്ടിയും മണ്ടിനീങ്ങി വേറൊരു നില കൈവരിക്കുകയും ചെയ്യാറുണ്ട്. ഒന്നേപ്പോലത്തെ കുഴമറിച്ചിലല്ല പിന്നേക്കാലത്തുണ്ടാകുക. മക്കള്‍ ഭരണത്തിന്റെ മഹിമ അതിജീവനത്വരമാണ്. എന്തിലയും കടിച്ചുവിഴുങ്ങി ദഹിക്കുന്ന മാട്ടുവയറാണ്, നൂറ്റാണ്ടുകള്‍ താണ്ടിയ പ്രവിശ്യയിലെ മക്കള്‍വാഴ്ചാ വ്യവസ്ഥ. ഏതിനും വാക്യത്തിന്റെ കുറുകേയും വ്യാകരണത്തിന്റെ നെടുകേയും ഉള്ള കുരിശില്‍ക്കിടക്കുന്ന അവസ്ഥയില്‍ കര്‍ത്താവും കര്‍ത്താവിന്റെ പ്രസിദേന്തിത്തവും സ്ഥിതി ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. 

കര്‍ത്താവ് കര്‍ത്താവു തന്നെയാണോ എന്നതും സംശയാസ്പദമാണ്. കാലം സംശയങ്ങളെ വാട്ടിക്കളയുകയോ നീട്ടിക്കളയുകയോ ചെയ്യുമല്ലോ. കാലമെന്നു പറഞ്ഞാല്‍, അവസ്ഥാഭേദം അഥവാ സ്ഥിതിമാറ്റം. കര്‍ത്താവിന്റെ സ്ഥിതിമാറ്റമാണ്, കൃത്യമായിപ്പറഞ്ഞാല്‍ ധനസ്ഥിതി മാറ്റമാണ് അയാളുടെ പേരിനുപോലും സ്ഥിരതയുണ്ടാക്കി സൂക്ഷിച്ചുപോരുന്നത്. ഇപ്പോള്‍ സ്ഥിതിമാറിയാല്‍ സംശയങ്ങള്‍ വീണ്ടും തലപൊക്കുകയും ചെയ്യും. അതു മറ്റാരേക്കാളും നന്നായിട്ടറിയാം കര്‍ത്താവിനു തന്നെ.

കര്‍ത്താവിന്റെ തള്ള സീമന്തിനിയെ രമണനു പെണ്ണുറപ്പിച്ചു വെച്ചിരുന്ന കാലം. അതു ചില്ലറക്കാലമൊന്നും മുന്‍പല്ല. സൂനാസൂക്ഷ്മമായിപ്പറഞ്ഞാല്‍ എഴുപത്തിമൂന്നുകൊല്ലം പഴക്കമുള്ള കഥയാണ്. ഇത്രയും കാലപ്പഴക്കമുള്ള ഏതു കഥയാണെങ്കിലും എങ്ങനെയെല്ലാം സൂക്ഷിച്ചു പറഞ്ഞാലും തെറ്റിപ്പോകും. പാടേയോ പടലേയോ അല്ല, അറ്റവും മുറിയുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ അടുക്കുകയോ അകലുകയോ ഒക്കെച്ചെയ്യും. അനുഭവിച്ചവര്‍ക്കു തന്നെ അതു വാലുതിരിഞ്ഞു തലയാകും; അപ്പോഴാണ് പിന്നെ, കേട്ടറിഞ്ഞവര്‍ക്ക്. 

കര്‍ത്താവിനിപ്പോള്‍ വയസ്സ് എഴുപത്തിരണ്ട്. വയറ്റില്‍ക്കിടന്ന എട്ടോ ഒന്‍പതോ മാസം തട്ടിക്കിഴിച്ചാല്‍ കൃത്യം എഴുപത്തിമൂന്നുകൊല്ലം മുന്‍പു തന്നെയാണ്. രമണന്‍ കര്‍ത്താവെന്നു പറയുന്നവന്‍ നല്ല തണ്ടും തടിയുമുള്ള ആണൊരുത്തന്‍; കരുത്തന്‍. എല്ലുകനമില്ലെന്നൊക്കെ അമ്പട്ടന്‍ കണാരനും മറ്റും പറഞ്ഞിരുന്നു. എന്നുവച്ചാല്‍, പൊന്തന്‍തടിയാണെന്ന്. എന്നാലും കാഴ്ചയ്‌ക്കെടുപ്പായിരുന്നു; എടുത്തുവച്ചതുപോലെയുള്ള എടുപ്പാണ്. വിരിഞ്ഞുനിന്നാല്‍, ഒത്തൊരു തേക്ക് കാറ്റത്ത് ഇലകളാട്ടി നില്‍ക്കുന്നതുപോലെയോ തികഞ്ഞൊരു കൊമ്പന്‍ എങ്ങുന്നോ ഒരു കേള്‍ക്കായികയില്‍നിന്നു വരുന്ന അമ്പാരിക്കു ചെവിയാട്ടി തല വെലങ്ങം പിടിക്കുന്നതുപോലെയോ ഒക്കെത്തോന്നും. എല്ലുതൂക്കമാണോ അതോ വെറും എറച്ചിത്തൂക്കമാണോ എന്നൊന്നും പ്രവിശ്യക്കാരെ ദീര്‍ഘകാലക്ഷമതകൊണ്ടു ബോദ്ധ്യപ്പെടുത്താന്‍ രമണന്‍ കര്‍ത്താവ് തന്റെ ഉടലുംകൊണ്ട് അവിടെയധികം വാണില്ല. ചത്തുപോയതല്ല; ഒഴിഞ്ഞുപോയതാണ്! അതിനും കാരണം സീമന്തിനിയുമായുള്ള പറഞ്ഞൊപ്പീരായിരുന്നു. രണ്ടിനും കല്യാണപ്രായം കവിഞ്ഞിരുന്നു. സീമന്തിനി മുറ്റിനില്‍ക്കുകയായിരുന്നെങ്കില്‍, രമണന്‍ കര്‍ത്താവ് മുറ്റിമുറുകി മുട്ടിനില്‍ക്കുകയായിരുന്നു. 

സീമന്തിനിയുടെ വീട്ടിന്റെ പിന്നാമ്പുറക്കോലായയുടെ ഒരു തുഞ്ച് ചെന്നുമുട്ടുന്നത് കുട്ടിശ്ശേരിത്തോടിന്റെ മാലിയിലേക്കാണ്. പിറകുവാതില്‍ തുറന്നിറങ്ങിയാല്‍ മാലിയ്ക്കലൂടെ നാലു ചുവടു വയ്‌ക്കേണ്ട, തോടിന്റെ തടത്തില്‍ ഗോപുരമുട്ടന്‍ കൊന്നത്തെങ്ങുകള്‍ നിലാവത്തു നിഴലുണക്കാനിടുന്ന പര്യമ്പുറത്തെത്തും. തെങ്ങുകള്‍ മറഞ്ഞ്, ഇരുട്ടുപോലും അവിടെ പമ്മിനില്‍ക്കുകയേയുള്ളൂ. നിലാവു നട്ടപ്പുറം തൂകിയാലും വെള്ളിനൂലുകൊണ്ടു കളംവരച്ചിട്ടിരിക്കുന്നതുപോലെയേ തോന്നൂ. കൊടുംനിലാവത്തവിടെയൊരാള്‍ വിലങ്ങനെ കിടന്നാല്‍ കാണുകയില്ല. നെടുങ്ങനെ എണീറ്റാല്‍, അകത്തിപ്പാവിയ നൂല്‍ക്കളങ്ങള്‍ എഴുന്നേറ്റുവരികയാണെന്നേ തോന്നൂ.
 
കല്യാണത്തിന്റെ മുന്നത്തെ ഒരാഴ്ച മുഴുവന്‍ ആ തടത്തില്‍ക്കിടന്ന് നട്ടപ്പാതിരയ്ക്കു ചുറ്റുമായി ഭക്രാണ്ഡിക്കലായിരുന്നു രമണന്‍ കര്‍ത്താവും സീമന്തിനിയും. കെട്ടാന്‍ പോകുന്ന ചെറുക്കനും പെണ്ണുമായതുകൊണ്ട് അവര്‍ക്കിരുവര്‍ക്കും അതിലൊരു കുത്തും തോന്നിയതുമില്ല. പക്ഷേ, നാളെപ്പുലര്‍ന്നാല്‍ നാളെക്കല്യാണം എന്ന സ്ഥിതി വന്ന രാത്രി, രമണന്‍ കര്‍ത്താവു വരുമ്പോഴുണ്ട് കളങ്ങള്‍ അനങ്ങുന്നു; പൊങ്ങുകയും താഴുകയും ചെയ്യുന്നു! ഇളകുകയും മറിയുകയും ചെയ്യുന്നു! ഞരങ്ങുകയും മൂളുകയും ചെയ്യുന്നു! 

രമണന്‍ കര്‍ത്താവിന്റെ ഉണ്ണാക്കിലെ തുപ്പലുവരെ വറ്റിപ്പോയി. അരക്കെട്ടല്ല, നെഞ്ചിന്‍കൂടാണ് വടിപോലായതും പടക്കംപൊട്ടുന്നതുപോലെ മിടിച്ചതും. എടുത്താല്‍പ്പൊങ്ങാത്തൊരു തെറി വിളിച്ചാണ് രമണന്‍ കര്‍ത്താവ് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. താഴത്തെ കളംകളത്തില്‍ കൊരുത്തു കിടന്നിരുന്ന മുകളിലത്തെ കളംകളമായ ഒരുത്തന്‍ എണീറ്റ് കുട്ടിശ്ശേരിത്തോടിനുനേരെ പാഞ്ഞു. സീമന്തിനി പിടഞ്ഞെണീറ്റപ്പോഴേക്കും രമണന്‍ കര്‍ത്താവ് അവളുടെ ഉടലിനുമീതെ കുറുകെച്ചാടി മറ്റവന്റെ പിന്നാലെ പാഞ്ഞുകഴിഞ്ഞിരുന്നു. കുറ്റിപ്പുല്ലു ചതഞ്ഞതോ പൊന്തക്കാടു ഞെരിഞ്ഞതോ തോട്ടുവെള്ളം മലര്‍ന്നതോ ആയ ഒരൊച്ചയും കേട്ടില്ല. അവനെന്നു കരുതി രമണന്‍ കര്‍ത്താവു കേറിപ്പിടിച്ചതൊക്കെ ഇരുട്ടിന്റെ കൊച്ചുകൊച്ചുകട്ടകളെയായിരുന്നു. അവയൊക്കെ വലിച്ചെറിഞ്ഞ് തിരിച്ചുവന്നപ്പോള്‍, നിലത്തു ചുളിഞ്ഞുപരന്നുകിടന്ന തുണി വാരി മേലിടാന്‍ പോലും മെനക്കെടാതെ, പിറന്നപടി-അങ്ങനെ പറഞ്ഞാലൊക്കില്ല; പിറന്നപ്പോഴില്ലാത്ത കുത്തെടുപ്പുകളും കാടുപടലവുമൊക്കെയായി-അറുംനഗ്‌നയായി കിടക്കുകയായിരുന്ന സീമന്തിനി ചോദിച്ചു:

-എന്നാത്തിനാ ഇച്ചാട്ടാ എണ്ണിച്ചോടിയെ?...
രമണന്‍ കര്‍ത്താവ് മിണ്ടാതെ കണ്ണുരുട്ടിയവളെ നോക്കി. അവള്‍ ഒട്ടും പതര്‍ച്ചയില്ലാതെ തുടര്‍ന്നുചോദിച്ചു:
-ആരെയാ ഇട്ടോട്ടിച്ചെ?... കള്ളന്മാരോ ഉളിഞ്ഞുനോക്കിപ്പുള്ളാരോ?...
പല്ലു ഞറുമ്മിക്കൊണ്ട് എരിഞ്ഞുകേറിവന്ന രമണന്‍ കര്‍ത്താവ് കന്നംതിരിയുന്ന ഒരടിയിട്ടുകൊടുത്തുകൊണ്ടാണ് മറുചോദ്യം ചോദിച്ചത്. 
-ആരെടീ അറുവാണിച്ചീ, അത്?...

ആരെന്നു കവിളുപൊത്തി തിരിച്ചു ചോദിക്കുമ്പോഴേക്കും സീമന്തിനിയുടെ നാവില്‍ ചോര ചുവയ്ക്കാന്‍ തുടങ്ങിയിരുന്നു. അണപ്പല്ലൊന്നിളകിയത് പിഴുതുപോരാതിരിക്കാന്‍ അവള്‍ നാക്കുകൊണ്ടതിനെയമര്‍ത്തി. മരിക്കുന്നതുവരെ ഇടയ്‌ക്കൊന്നിളക്കം വയ്ക്കുമെന്നല്ലാതെ ആ പല്ലവളെ വിട്ടുപിരിഞ്ഞില്ല; അതിനവളധികം ജീവിച്ചുമില്ല. 

-ആരെന്നു കേക്കുന്നോടീ... നിന്നെ ഒലുമ്പിക്കോണ്ടിരുന്നവനാരെന്നു തന്നെ ഞാന്‍ അങ്ങോട്ടാടീ അന്വഴിച്ചത്?.., രമണന്‍ കര്‍ത്താവ് മുരണ്ടു. 

സീമന്തിനി കണ്ണുമിഴിച്ചു. ഇപ്പോള്‍, നാണം ലോകത്തില്‍ ജനിച്ചതുപോലെ, അഴിഞ്ഞുമാറിക്കിടന്ന തുണിയെടുത്തവള്‍ മാറുമൂടുകയും എണീറ്റിരിക്കുകയും ചെയ്തു. 

-വേറാര്?... ഇച്ചാട്ടന്‍ തന്നെ! ഇതെന്തു കൂത്ത്?!.., അവള്‍ ഇരുട്ടില്‍ കുത്തഴിഞ്ഞ് മറ്റൊരിരുട്ടായിക്കിടന്ന മുടി മാടിക്കെട്ടി. ഇരുട്ടിലേക്കിരുട്ടു ചിതറി. 

അപ്പോഴും മറയാതെ കിടന്ന കാട്ടുത്രികോണത്തെ ലാക്കാക്കി രമണന്‍ കര്‍ത്താവിന്റെ വലംകാലു പൊന്തിയതാണ്. അയ്യനെ വിളിച്ചമറിക്കൊണ്ടവള്‍ ചുരുണ്ടുചാടി മര്‍മ്മം പൊത്തിക്കൊണ്ടു പറഞ്ഞു:
-ഇതെന്ത് തലക്കാച്ചിലാണ്?!.. ഇച്ചാട്ടനാണെന്നെ ഒഴവിക്കോണ്ടിരുന്നത്. ന്ന്ട്ടിപ്പം ആരാന്നോ? ദെന്ത് കന്നന്തരമാണീപ്പറയണത്?..

അവള്‍ മറ്റേതൊരു കള്ളമോ ഒഴികഴിവോ അവതായോ പറഞ്ഞിരുന്നെങ്കിലും രമണന്‍ കര്‍ത്താവൊരുപക്ഷേ, ക്ഷമിച്ചിരുന്നേനെ. ഇതിപ്പോള്‍ പക്ഷേ, കണ്ണിനു കുറുകേക്കണ്ട കാര്യം; അതില്‍ പച്ചയ്ക്കിങ്ങനെയൊരു വിലക്കം പറഞ്ഞത് അങ്ങേരെ ഉലച്ചുകളഞ്ഞു. വന്നവന്‍ ചാടിവീണു ബലാത്സംഗം ചെയ്തതാണെന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ അവള്‍ക്കു നിലയായേനെ. പക്ഷേ, ഇരുട്ടുവാക്കിനു കുതിച്ചുപോയവന്റെ ദേഹക്കൂറുവച്ച് അവന്‍ അവളെ ബലാത്സംഗം ചെയ്യുക; അതിനവളൊരെതിര്‍പ്പില്ലാതെ അടിപ്പെട്ടുപോകുക എന്നൊക്കെപ്പറഞ്ഞാല്‍ നമ്പാന്‍ പാടാണെന്നവള്‍ക്കു തോന്നിക്കാണുമെന്നയാള്‍ക്കു തോന്നി. ആ എലുമ്പന്‍ നരുന്ത് പിത്തലാടിക്കൊണ്ടിരുന്നപ്പോള്‍, അതവള്‍ക്കു താനാണെന്നു തോന്നിയെന്നുള്ള ആ സാക്ഷ്യം അയാള്‍ക്കു കുറച്ചിലായും തോന്നി. ചവിട്ടാന്‍ കാലുപൊക്കിയ ഏക്കത്തിന് അടിക്കാനയാള്‍ കയ്യുമോങ്ങിയിരുന്നു. പരശുരാമപ്പടുതിയില്‍ അഞ്ചാറുനിമിഷം അങ്ങനെ നിന്നശേഷം, ശപിക്കേണ്ട എന്നപോലെ കൈതാഴ്ത്തി, കാലു നിലത്തേക്കു പിന്‍വലിച്ച് അയാള്‍ പറഞ്ഞു:

-തുണിയെടുത്തുടുത്തോണ്ട് പെരയ്ക്കു കേറിപ്പോടീ...

അതൊരാജ്ഞയായിരുന്നു. സീമന്തിനി തുണി വാരിപ്പിടിച്ച് വീട്ടിനുനേരെ ഉഴറിനടന്നു. സീമന്തിനിയുടെ കുണ്ഡലിനീതടത്തില്‍ പൊട്ടുചന്ദ്രന്‍ വെള്ളിക്കളങ്ങള്‍ വരച്ചുമായ്ക്കുന്നത് നഷ്ടബോധത്തോടെ നോക്കിനിന്നുകൊണ്ട് രമണന്‍ കര്‍ത്താവ് ഇത്രയും കൂടി പറഞ്ഞു: 

-അവനാരാന്നാ വിളിച്ചു മല്ലുമേടീര്... 

കല്ലേപ്പിളര്‍ക്കുന്ന ആ തീര്‍പ്പും തുപ്പിയിട്ട് രമണന്‍ കര്‍ത്താവു പോയ ആ പോക്ക് സീമന്തിനി നോക്കിനിന്ന നില്‍പ്പിലായിരുന്നു പ്രവിശ്യയിലെ അറിയാവുന്ന ഒരാള്‍ക്ക് രമണന്‍ കര്‍ത്താവ് അവസാനമായി കാഴ്ചപ്പെട്ടത്.
 
നിഴലിനെ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ; അതും ഇരുട്ടിന്റെ നിഴലിനെ! സീമന്തിനി കെട്ടാമറുതയായി നിന്നു. അപമാനഭാരം പുറമേയും. ഇരുട്ടാകട്ടെ, അവളെ വിട്ടുപിരിയാതെ, കഴിയുംപോലെയെല്ലാം കെട്ടിമറിഞ്ഞുകഴിഞ്ഞു. അടുപ്പക്കാരോടവള്‍ അറിയാവുന്ന കാര്യം പറഞ്ഞു:

-ഇച്ചാട്ടന്‍ ഒടക്കു പറയുന്നതാ... അങ്ങേര്ടെ ഭാഗത്താ സത്യന്യായമെങ്കിപ്പിന്നെ, എന്നത്തള്ളീട്ട് ഈ കരേത്തന്നെ കഴിഞ്ഞാലെന്നതാ? ആരെയാന്നാ വച്ചുപൊറുപ്പിക്കുവേം ചെയ്യാമല്ലോ. ഒളിച്ചോട്ടം മുഖത്തു മുഖം നോക്കാതിരിക്കാനുള്ള ഡക്കുപണിയാ. ഈ ഉരുവേല്‍ അതിയാനല്ലാതൊരുത്തന്‍ തൊട്ടിട്ടില്ല...

രമണന്‍ കര്‍ത്താവു പറയാതെതന്നെ പക്ഷേ, ഇരുട്ടുമനുഷ്യന്റെ കഥ പ്രവിശ്യയാകെ പടര്‍ന്നതെങ്ങനെയെന്ന് ഒരു പടച്ചവന്മാര്‍ക്കും പിടികിട്ടിയതുമില്ല. 

രമണന്‍ കര്‍ത്താവിന്റെ തിരോധാന ദിനത്തിനും അയാളുടേയും സീമന്തിനിയുടേയും നടക്കാതെ പോയ കല്യാണദിനത്തിന്റേയും നടുദിവസമായിരുന്നു, പ്രവിശ്യയില്‍ ഭരണവ്യവസ്ഥയെ അടപടലം മാറ്റിമറിക്കുന്ന ഒരു പ്രസിഡന്റു തെരഞ്ഞെടുപ്പു നടന്നത്. പില്‍ക്കാലത്ത് കേശവമ്മാമനെന്നും ശങ്കരമ്മാമനെന്നും പ്രവിശ്യയിലെ ആബാലവൃദ്ധം ജനങ്ങളും ആദരത്തോടെ വിളിച്ച രണ്ടുപേര്‍ തമ്മിലുള്ളതായിരുന്നു അന്നത്തെ കൊടുംപിടി. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പ്രവിശ്യയെ അഞ്ചു നൂറ്റാണ്ടു മുന്‍പുവരെ ഭരിച്ചിരുന്ന മഹാകോവിദന്മാരുടെ പക്കല്‍ പറ്റിക്കൂടിനിന്ന് അവരെ പറ്റിച്ച് പ്രവിശ്യ പാട്ടത്തിനെടുത്തു ഭരിച്ച വിദേശക്കൊമ്പഞ്ഞ്യാന്മാര്‍ പാട്ടംകൊടുത്തു മുടിഞ്ഞ് സ്ഥലം കാലിയാക്കിയതിനെത്തുടര്‍ന്നുണ്ടായ സമ്പ്രദായമാറ്റത്തിന്റെ കൂടി മാറ്റൊലി ആ തെരഞ്ഞെടുപ്പില്‍ തിടംകൊണ്ടുനിന്നിരുന്നു. യഥാര്‍ത്ഥത്തില്‍ മൂന്നു പേരായിരുന്നു പട്ടം കൊതിച്ചിരുന്നത്. വിടുതല്‍പ്പോരാട്ടവീരന്മാരായിരുന്ന കേശവമ്മാമനും ശങ്കരമ്മാമനും പിന്നെ, ഏഴക്കൂറ്റെന്നൊരു കൊടിക്കൂറക്കീഴെ ഉരുവംകൊണ്ട ഗോപാലമ്മാമനും. 

ഇരുക്കൂറ്റടിയന്തിരം എന്ന മക്കള്‍വാഴ്ചാവ്യവസ്ഥയിലെ ഏറ്റവും മഹനീയമായ രീതിയുടെ അവലംബനമെന്ന നിലയുറച്ചപ്പോള്‍ ഒറ്റക്കൂറ്റുകാരായ കേശവമ്മാമയും ശങ്കരമ്മാമനും തമ്മില്‍ കൊരുക്കാന്‍ പറ്റാതായി. വിടുതല്‍പ്പോരാട്ടത്തിന്റേയും നവവ്യവസ്ഥയുടേയും മുറപ്പുസ്തകമായ പ്രവിശ്യാസ്വരാജിന്റെ കര്‍ത്തൃത്വംകൊണ്ട് പരമപാവന പുണ്യപദവിയാര്‍ജ്ജിച്ചിരുന്ന പവിത്രയോഗിയുടെ ആശിസ്സില്‍ കേശവമ്മാമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം വന്നു. അങ്ങനെയതു കഴിഞ്ഞു. 

പിന്നീടിത്രകാലവും എത്ര കൂറ്റുകള്‍ കച്ചകെട്ടിവന്നിട്ടും അതെല്ലാം ഇരുക്കൂറ്റുകളില്‍ അടങ്ങിയമര്‍ന്നു പോവുകയായിരുന്നു. അല്ലാത്തവ അനന്തനിദ്രയില്‍ ലയിക്കുകയും ചെയ്തു. മരണപര്യന്തം ഒറ്റക്കൂറ്റുകാരായിരുന്ന കേശവമ്മാമയും ശങ്കരമ്മാമയും മരണശേഷം പതിറ്റാണ്ടുകള്‍ പോകെ രണ്ടു കൂറ്റുകാരായി മാറിയതായിരുന്നു, മഹാവിസ്മയം! മരിച്ചുകഴിഞ്ഞാല്‍ മനുഷ്യര്‍ക്കെങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നു ചോദിച്ചാല്‍, ജീവിച്ചിരിക്കുന്ന മനുഷ്യരേക്കാള്‍ ശക്തിയും പ്രവൃത്തിസ്വാതന്ത്ര്യവും മരിച്ച മനുഷ്യര്‍ക്കാണെന്നേ ഉത്തരമുള്ളൂ; അതാണ് പ്രേതശക്തി. 

ശങ്കരമ്മാമനെ അദ്ദേഹത്തിന്റെ കൂറ്റില്‍നിന്നു വേടും വേരും വിടര്‍ത്തിയെടുത്ത് പുതുതായി കനംവെച്ചുവന്ന ഇപ്പോഴത്തെ രണ്ടാംകൂറ്റുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നാംകൂറ്റുകാര്‍ ഒന്നുമറിയാത്തതുപോലെ ഇരുന്നുകളഞ്ഞു. ശങ്കരമ്മാമന്റെ പ്രേതം പോലും നമുക്കുവേണ്ടാ എന്നൊരു മട്ട്. കിട്ടിയവര്‍ക്ക് അടിച്ചതുകോള് എന്ന മട്ടുമായിരുന്നു. കെട്ടിപ്പൊക്കാന്‍ പറ്റിയൊരു കുതിരത്തലപ്പൊക്കം ഇല്ലാത്ത ചരിത്രവ്യസനത്തില്‍ വലയുകയായിരുന്നു അവര്‍; അതു തീര്‍ന്നു. പ്രവിശ്യയിലെന്നല്ല, പരിസര പ്രവിശ്യകളിലെങ്ങുമില്ലാത്തവിധം വിജൃംഭിതമായൊരു എടുപ്പുടലായി ശങ്കരമ്മാമയുടെ പ്രേതരൂപം പ്രവിശ്യയെ ചുറ്റി പരന്നുകിടന്ന കടലിന്റെ തീരത്ത് എഴുന്നുനിന്ന് വശംകോട്ടി ചിരിച്ചു. വേലിയേറ്റ സമയത്ത് നിലാവെളിച്ചം തട്ടിത്തേട്ടി ആ കോട്ടം കപ്പലുകളെ പേടിപ്പിക്കുന്ന വിധത്തില്‍ വിരിഞ്ഞു. ഭയന്നു വാവിട്ടു പാഞ്ഞ ചില കപ്പലുകള്‍ മീന്‍പിടിത്ത ബോട്ടുകളെ ഇടിച്ചുമുക്കി. 

പവിത്രയോഗിയുടെ രക്തസാക്ഷിത്വം ഒരുക്കൂറ്റിലും ഇരുക്കൂറ്റിലുമെല്ലാം ഇടങ്കൂറ്റുകള്‍ സൃഷ്ടിച്ചു. പ്രവിശ്യാ സംവിധാനങ്ങളാകെ സങ്കീര്‍ണ്ണമായി. എങ്കിലും മക്കള്‍വാഴ്ചയെന്ന മഹാദ്ഭുതത്തിന്റെ വിണ്‍വിളക്കു ശോഭയില്‍ അതങ്ങനെ തുടിച്ചു കടന്നുപൊയ്‌ക്കൊണ്ടിരുന്നു. കര്‍ത്താവ് പ്രവിശ്യയുടെ പ്രസിഡന്റാകുന്നതോടെയാണ്-വ്യാകരണൗചിത്യവും കാലവിവേകവും പാലിച്ചു പറഞ്ഞാല്‍ കര്‍ത്താവ് പ്രസിഡന്റല്ലാതാകുന്നതോടെയാണ്-അദ്ഭുതത്തിന്റെ മറമാറ്റി ഭൂതം പ്രത്യക്ഷമാകുന്നത്.

ഇത്രയും ചരിത്രം. പ്രവിശ്യയുടെ ചരിത്രം അതിന്റെയിടയില്‍ക്കുടുങ്ങിഞ്ഞെരുങ്ങി, ആല്‍വേരുകള്‍ക്കിടയിലൂടെ നൂണ്ടതുപോലെ രൂപംമാറി വലിഞ്ഞു പുറത്തുവന്ന് ചലിച്ചുമുന്നേറിയ കര്‍ത്താവിന്റെ ചരിത്രം. പ്രവിശ്യാചരിത്രത്തിന്റെ ഇടയിലെങ്ങോവീണ്, രഥ്യയിലെ വണ്ടിക്കാളച്ചാണകം പോലെ ഉണങ്ങിവറ്റിയും ചക്രങ്ങളില്‍ പുരണ്ടുപാറിയും തേഞ്ഞുമാഞ്ഞ് കറ പോലുമില്ലാതെ പോകേണ്ടിയിരുന്ന ആ വ്യക്തിചരിത്രം എങ്ങനെ ചാണകത്തില്‍ച്ചുരുണ്ട മരവിത്തുപോലെ പാതയോരംപറ്റി, ഏതോ നുണുങ്ങുമഴയില്‍ മുളപൊട്ടിക്കുരുത്ത്, പശുതിന്നും പതിരായും പോകാതെ, കണ്ട മഴയും വിണ്ട വെയിലും അരണ്ട മഞ്ഞുമെല്ലാം കൊണ്ട് വളര്‍ന്നുപൊന്തി, പ്രവിശ്യാചരിത്രത്തിന്റെ ചക്രക്കറക്കത്തില്‍ക്കുരുങ്ങി, ഏതും ഏതില്‍നിന്നും വിടര്‍ത്തിമാറ്റാന്‍ പറ്റാത്തവിധം വളര്‍ന്നത് എന്നറിയില്ല. കേശവമ്മാമന്റേയും ദുര്‍ഗേശ നന്ദിനിയുടേയും പ്രതാപങ്ങളില്‍ പെരുത്തുപൊന്തിയ ഒന്നാംകൂറ്റിന്റെ അടങ്കലം നടുക്കലില്‍ അടിഞ്ഞു കിടന്നുപോയ രണ്ടാം കൂറ്റിന്റെ തളര്‍നായകര്‍ക്കിണങ്ങി, അനാഥതമസ്സില്‍, എന്ന കുമാരന്‍, എന്ന യുവാവും കര്‍ത്താവെന്ന ഇന്നത്തെ ചരിത്രപുരുഷനുമായി വളര്‍ന്നുവന്നെന്നല്ല, അവതീര്‍ണ്ണനായി എന്നേ പറയാനുള്ളൂ. 

ഏതായാലും ചരിത്രം വര്‍ത്തമാനത്തിന്റെ കവലയില്‍ വന്നുനിന്നിട്ട്, ഭാവിയുടെ വഴിയിലേക്കു തിരിയുന്നതിനു മുന്‍പ് അല്പനേരം ഇളവേല്‍ക്കുമല്ലോ. ആ സംക്രമത്തില്‍ കര്‍ത്താവ് പ്രവിശ്യയുടെ പ്രസിഡന്റാണ്; അത്തരം മറ്റൊരു സംക്രമത്തില്‍ പ്രസിഡന്റല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. അതേ കവല താണ്ടിയാണ് ഏഴെട്ടു വെള്ളവണ്ടികളും ഒരു നീലവണ്ടിയും പ്രവിശ്യാ പ്രസിഡന്റിന്റെ വസതിയായ ബ്ലാക്ക് ഹൗസിലേക്കു നീങ്ങിയത്. ആ നീക്കമാണ് ലോകശ്രദ്ധയും പ്രവിശ്യാ ജനശ്രദ്ധയും പിടിച്ചുപറ്റിയത്. 

മക്കള്‍വാഴ്ചയുടെ മുഖലക്ഷണമായ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നായിരുന്നു, കര്‍ത്താവ് പ്രസിഡന്റോ പ്രസിഡന്റല്ലായ്കയോ എന്നു വ്യവച്ഛേദിക്കാനാകാത്ത സന്ദിഗ്ദ്ധ സാഹചര്യം സംജാതമായത്. പ്രവിശ്യയെ പലതായി തിരിക്കുന്ന പതിനേഴ് ഉപപ്രവിശ്യകളിലും നടന്ന വോട്ടെടുപ്പില്‍ കര്‍ത്താവാണോ പ്രതിയോഗി ശേഖരന്‍ ശാസ്ത്രിയാണോ ജയിച്ചതെന്നറിയാന്‍ വിഷമമായി. വോട്ടെടുപ്പുരീതിയിലെ വൈവിദ്ധ്യവും ആശയക്കുഴപ്പത്തില്‍ ആവുംവണ്ണം പങ്കുവഹിച്ചു. ഒരു പ്രവിശ്യത്തുരുത്തില്‍ കടലാസില്‍ കയ്യൊപ്പിട്ടാണ് വോട്ടു രേഖപ്പെടുത്തുന്നതെങ്കില്‍, മറുപ്രവിശ്യത്തുരുത്തില്‍ കല്ലച്ചിലടിച്ച കുറിമാനത്തില്‍ കുറുവരയിട്ടാണതു സാധിക്കുന്നത്. തെക്കന്‍ ഉപപ്രവിശ്യയില്‍ തലയില്‍ മുണ്ടിട്ട് ഒരു മുറിച്ചതുരത്തില്‍ച്ചെന്ന് മുദ്രയിട്ടുറപ്പിക്കുകയാണെങ്കില്‍, വടക്കന്‍ ഉപപ്രവിശ്യയില്‍ നട്ടപ്ര വെയിലത്തു നാലാള്‍ കാണ്‍കേയും കേള്‍ക്കേയും നാവോറുപാടുംപോലെ വിളിച്ചുചൊല്ലിയാണ്. പ്രവിശ്യയുടെ നടുമദ്ധ്യത്തില്‍ മുഖത്തോടു മുഖംനോക്കിനില്‍ക്കുന്ന മുഖ്യഉപപ്രവിശ്യകള്‍ രണ്ടിലൊന്നില്‍, മുനിപോലിരിക്കുന്നൊരു യന്ത്രത്തെ മൂന്നുരു വലംവെച്ച്, മുക്കൂട്ടു മഹാമന്ത്രമുരുക്കഴിച്ച്, മുന്നുംപിന്നും നോക്കി, യന്ത്രക്കുണുക്കുകളിലൊന്നില്‍ മോതിരവിരല്‍ മുട്ടിച്ചാണെങ്കില്‍, അതേ ഉപപ്രവിശ്യാ മറുമുഖമായ മറ്റേതില്‍, തെരഞ്ഞെടുപ്പിന്റെ തലേദിവസം തപാലാപ്പീസില്‍ച്ചെന്ന്, അഞ്ചിത വര്‍ണ്ണക്കടലാസില്‍ അഞ്ചല്‍ച്ചെറുകൂടം അഞ്ചുവട്ടം മേടിമുട്ടിച്ച്, ആയതിനെ അയ്യഞ്ചുനുറുക്കുകളാക്കിക്കീറി മൂക്കും മൂടും പോക്കിമടക്കി പഞ്ചവര്‍ണ്ണപ്പെട്ടികളില്‍ നിക്ഷേപിച്ചായിരുന്നു. 

അതുമല്ല, പ്രവിശ്യയില്‍ ജനവിഭാഗം ഉപവിഭാഗങ്ങളായി പിരിഞ്ഞിരുന്നതും തെരഞ്ഞെടുപ്പുകളില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും വേലവെപ്പുകളും വിളയിച്ചിരുന്നു. കുഞ്ഞാടുമതക്കാര്‍ പള്ളിത്താനങ്ങളില്‍നിന്നു വരുന്ന മേയ്ക്കല്‍ പ്രബന്ധം എന്ന തീട്ടൂര പ്രസംഗങ്ങള്‍ക്കു കാതോര്‍ത്തും മുട്ടനാടു മതക്കാര്‍ പുള്ളിക്കുപ്പായപ്പട്ടധാരികള്‍ ഖഡ്ഗക്കൊത്തളങ്ങളില്‍ കയറിനിന്നു നടത്തുന്ന വീരഭാഷാങ്കിത സഭാപ്രഭാഷണങ്ങളെ വിലയിരുത്തിയും ധേനുമതക്കാര്‍ പാരമ്പര്യ പറുദീസയില്‍നിന്നുവരുന്ന വെളിപാടു വിളംബരങ്ങള്‍ വിശ്വസിച്ചും മാത്രമേ വോട്ടുചെയ്തിരുന്നുള്ളൂ. ഉണ്ണാമതക്കാര്‍ ഉരുപോകും നാട്ടില്‍നിന്നു വരുന്ന ഉത്തരവുകളെ അനുസരിച്ചപ്പോള്‍, ഉടുക്കാമതക്കാര്‍ മരുനീളും മറുനാട്ടില്‍നിന്നുവന്ന മന്ത്രോച്ചാരണങ്ങളെ അനുചരിച്ചു. ഉറങ്ങാമതക്കാര്‍ വിഹാരഗേഹങ്ങളില്‍നിന്നുള്ള മുട്ടുമണിമുഴക്കങ്ങളെ വ്യാഖ്യാനിച്ചു സമ്മതിദാനം രേഖപ്പെടുത്തിയപ്പോള്‍ ഉണരാമതക്കാര്‍ സ്വപ്‌നങ്ങള്‍ കണ്ട് അര്‍ത്ഥം തിരഞ്ഞും തിരിഞ്ഞും സ്വപ്‌നാടനത്തില്‍ച്ചെന്ന് വോട്ടിട്ടു തിരിച്ചുവന്നുകിടന്ന് ഉറക്കം തുടര്‍ന്നു. 

വോട്ടെണ്ണലും ഓരോയിടത്ത് ഓരോ തരമായിരുന്നു. ഒരിടത്ത് എണ്ണിത്തിട്ടപ്പെടുത്തുക ആയിരുന്നെങ്കില്‍ മറ്റൊരിടത്ത് തൂക്കംനോക്കി കണക്കാക്കുകയായിരുന്നു; വേറൊരിടത്ത് യന്ത്രം പറയുന്നത് എഴുതിയെടുക്കുമ്പോള്‍, ഇനിയൊരിടത്ത് കവടി നിരത്തി കശക്കി നോക്കിയുമായിരുന്നു. 

ഈ വോട്ടെടുപ്പെണ്ണല്‍ രീതികള്‍ മൂലം പ്രവിശ്യയിലെ ഭരണക്കൈമാറ്റങ്ങള്‍ എന്നും വഴക്കിന്റെ വക്കാണവക്കിലെത്താറുണ്ടായിരുന്നു. വിദഗ്ദ്ധരുടെ വാദമഹിമകളും മാദ്ധ്യമകോവിദരുടെ വീരോചിത എടപെടലുകളുമില്ലായിരുന്നെങ്കില്‍ മുന്‍കൂര്‍ഫലം, ഇടക്കൂര്‍ഫലം, നടുക്കൂര്‍ഫലം, പിന്‍കൂര്‍ഫലം, ഒടുക്കൂര്‍ഫലം എന്നിങ്ങനെ പല പാടുള്ള ഫലപ്രഖ്യാപനങ്ങളും അവയെ പലതു കലര്‍ത്തിയും പടല പിണച്ചും നടത്തുന്ന പ്രചണ്ഡതകളും ഇല്ലായിരുന്നെങ്കില്‍, പ്രവിശ്യയില്‍ ഒരു കാലത്തും അന്തിമഫല പ്രഖ്യാപനം സാദ്ധ്യമാകാതെ വന്നിരുന്നേനെ; മക്കള്‍വാഴ്ചാ സഞ്ചയം അടിയുലഞ്ഞ ഒഴുക്കോ പിടിപിണഞ്ഞ കാറ്റോ അടിതകര്‍ന്ന കപ്പലോ ആയി എങ്ങെങ്കിലും ചെന്നിടിച്ച് തകര്‍ന്നുപോകുമായിരുന്നേനെ. പലപാടു ഫലപ്രഖ്യാപനത്തരങ്ങള്‍ ഈ കൊടുമ കൂടാതെ പ്രവിശ്യയെ കാത്തുപോന്നു. ഇതൊന്നുംതന്നെ തീര്‍പ്പിന്നുതകാതെ വരുകില്‍, പ്രവിശ്യാസ്വരാജില്‍ പറയാത്ത ഒരു മൂലമന്ത്രമായിരുന്നു പ്രതിവിധി. പവിത്രയോഗിയുടെ പാവന സിദ്ധാന്തങ്ങളോടു മമതയും മതിപ്പും വെടിഞ്ഞകന്നു പോയെങ്കിലും പ്രവിശ്യയ്ക്കായി വാഴ്ചച്ചട്ട നിബന്ധം ചമച്ച അംബരസാധുവിന്റേതായിരുന്നു ആ വിധി. അദ്ദേഹത്തിന്റെ പുസ്തകം പരതിയാല്‍, വ്യവഹാരവിഹാരങ്ങള്‍ക്കിടപെടാനുള്ള അവസരമായിരുന്നു അതില്‍ പതിയിരുന്നതെന്നു കണ്ടെത്താം. നിവൃത്തിയില്ലെങ്കില്‍ മാത്രം പ്രയോഗിക്കാവുന്നതാണത്. ഇരുതലവാള്‍മൂര്‍ച്ചയാണതിന്നുള്ളത്. അപായകരമായ ആ ഉപായം പോലും വെളിപ്പെട്ടത്, മുന്‍പൊരിക്കല്‍ ഒരു പ്രസിഡന്റു യുദ്ധം സമരിയാകാതെ മുറുകിയ വേളയിലാണ്. 

ഓരോ തെരഞ്ഞെടുപ്പിനും ഓരോ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയും മഹത്തായ ഓരോ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു വോട്ടുതേടിയിരുന്നത്. അത്തവണ യുദ്ധംകൊണ്ടു പ്രബുദ്ധരാകുക എന്ന മുദ്രാവാക്യം മുഴക്കിയ ഗാര്‍ഗനും പച്ചയുണ്ടു പശിയടക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയ ഗോര്‍ഗനും തമ്മിലായിരുന്നു വടംവലി. വലി നീണ്ടുപോയപ്പോള്‍ മുന്‍കൂര്‍, ഇടക്കൂര്‍, നടുക്കൂര്‍, പിന്‍കൂര്‍, ഒടുക്കൂര്‍ ഫലങ്ങളെല്ലാം അന്തിമവിധി കല്പിക്കാനാകാതെ കടപുഴകി. യുദ്ധമോ പച്ചയോ എന്നറിയാതെ പടപ്പാളയ കാര്യാലയങ്ങളും പാടശേഖര സമിതികളും അമ്പരപ്പില്‍ ആമഗ്‌നരായി. രൂക്ഷവാണങ്ങളും വിസ്ഫോടന ഭാണ്ഡങ്ങളും പേറി വിമാനങ്ങളും വിമാനം കേറ്റിക്കപ്പലുകളും വിമാനംറാഞ്ചിപ്പെരും യന്ത്രപ്പരുന്തുകളും ഉഡ്ഡയന മൈതാനങ്ങളിലും വാണത്തറകളിലും വിജൃംഭിച്ചു നിന്നപ്പോള്‍ത്തന്നെ, ഉഴവുചാലു കീറാന്‍ യന്ത്രക്കാളകളും വിത്തിട്ടു കാടുവളര്‍ത്താന്‍ കോപ്പുകൂട്ടങ്ങളും വിറപൂണ്ടുനില്‍ക്കയും ചെയ്തു. 

പ്രതിസന്ധി ഇപ്രകാരമായിരുന്നു: പതിനേഴില്‍ എട്ടുമെട്ടും ഉപപ്രവിശ്യകളില്‍ എങ്ങനെല്ലാം എണ്ണിയിട്ടും തൂക്കിയിട്ടും ഗാര്‍ഗനും ഗോര്‍ഗനും ഒറ്റവോട്ടിനു വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം. പതിനേഴാം ഉപപ്രവിശ്യയില്‍ ഏതെല്ലാം ഉദ്ദണ്ഡന്മാര്‍ വന്നുദ്യമിച്ചിട്ടും ആരു മുന്നില്‍ ആരു പിന്നിലെന്നറിയാനാകാത്ത കുഴക്കം. ചിത്രപദപ്രശ്‌നം വച്ചായിരുന്നു അവിടെ തെരഞ്ഞെടുപ്പ്. അതായത് നൂലാമാലക്കോട്ടപോലെ, കൂനാങ്കുരുക്കുകാടുപോലെ, എടാകൂടഗോപുരംപോലെ ഒരു ചിത്രം. അതില്‍, പിണഞ്ഞുപോകുന്ന വഴികള്‍, കെണിഞ്ഞുപോകുന്ന കുഴികള്‍, ഇടയ്‌ക്കെല്ലാം വിഷപ്പാമ്പുകള്‍, ഹിംസ്രമൃഗങ്ങള്‍, ചീങ്കണ്ണിവാഴും കിടങ്ങുകള്‍, ചിമ്പാന്‍സിയെ തോല്‍പ്പിക്കേണ്ട ചടങ്ങുകള്‍, ഒക്കെക്കടന്ന് വരകൊണ്ടു മുട്ടേണ്ടുന്ന രണ്ടു വാതായനങ്ങള്‍; ഒന്നുതുറന്നാല്‍ ഗോര്‍ഗന്‍, മറ്റേതു തുറന്നാല്‍ ഗാര്‍ഗന്‍. ഇതില്‍ സമ്മതിദായകരുടെ വരകളെവിടെ മുട്ടുന്നു, എവിടതു തമ്മില്‍ വെട്ടുന്നു എന്നു കണ്ടെത്താനാകാതെ വിദഗ്ദ്ധര്‍ വിഭ്രാന്തിയിലായിപ്പോയി. 

അന്നാണ് ചരിത്രത്തിലാദ്യമായി വ്യവഹാര വിഹാരങ്ങള്‍ക്കേ ഇനി വിധിയറിയിക്കാനാകൂ എന്ന നിലവന്നത്. അതും വിവാദവിഷയമായി. കാരണം, ഇങ്ങനൊരു നിര്‍ണ്ണായക നിലയില്‍, ഇത്തരമൊരു പോംവഴി നിര്‍ദ്ദേശിച്ചിരുന്ന അംബരസാധുതന്നെ, വ്യവഹാര വിഹാരസ്പര്‍ശമുണ്ടായാലുള്ള വിനാശത്തെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ വ്യവഹാര വിഹാരങ്ങള്‍ക്ക് വിധിയധികാരം വിട്ടാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നും കാലക്രമേണ മക്കള്‍വാഴ്ചയെ ജീര്‍ണ്ണിപ്പിച്ചുകൊണ്ട് വിഹാരരംഗവാഴ്ച എന്ന അത്യപൂര്‍വ്വ രാഷ്ട്രീയ സ്ഥിതിവിശേഷത്തിലേക്കതു നീങ്ങുമെന്നും ആയിരുന്നു അംബരസാധുവിന്റെ മുന്നറിയിപ്പ്. 

മക്കള്‍ വാഴ്ചയ്ക്കു പോറലെങ്കിലും ഏല്‍ക്കുന്നതില്‍ മനംനൊന്ത പള്ളിത്താന പ്രഭുക്കളും പുള്ളിപ്പട്ട ഫക്കീര്‍മാരും ധേനുധന്യ ഗുരുക്കന്മാരും ഉടുക്കായുഗ പ്രഭാവന്മാരും ഉണ്ണാമഹാമായാമയന്മാരും ഉറങ്ങാക്കുലപതികളും ഉണരാസ്വപ്‌ന തീര്‍ത്ഥങ്കരന്മാരുമെല്ലാം ഊണുമുറക്കവുമുപേക്ഷിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകി. ഉണ്ണാമതക്കാര്‍ക്കും ഉണരാമതക്കാര്‍ക്കും ഉറങ്ങാതിരുന്നുള്ള പ്രാര്‍ത്ഥന യാതനയായപ്പോള്‍, ഉറങ്ങാമതക്കാര്‍ക്കും മറ്റും ഉണ്ണാതിരുന്നുള്ള പ്രാര്‍ത്ഥന വേദനയായി. 

വിഹാരരംഗ വാഴ്ചയ്ക്കിടനല്‍കാതെ, പ്രാര്‍ത്ഥനകളുടെ പ്രത്യക്ഷഫലമെന്നോണം അഗോചരകാരണങ്ങളാല്‍ ഗോര്‍ഗന്‍ എല്ലാ വിജയാവകാശവാദങ്ങളും പിന്‍വലിച്ചു പിന്മാറി. ഗാര്‍ഗന്‍ വെടിമുഴക്കി. പച്ച കരിയുകയും യുദ്ധത്തിന്റെ ഒച്ച വിരിയുകയും ചെയ്തു. എത്ര യുദ്ധമുണ്ടായാലെന്താ? മക്കള്‍വാഴ്ചാ സഞ്ചയത്തിന് അണുവിട അനക്കമുണ്ടാകാത്തതിലും വിഹാരരംഗവാഴ്ചയ്ക്കു കളമൊരുങ്ങാത്തതിലും പ്രവിശ്യാലോകര്‍ സന്തോഷിച്ചുല്ലസിച്ചു. യുദ്ധമുണ്ടാകണമെങ്കില്‍, വിഷവാണക്കുറ്റികളും അണുഭാണ്ഡക്കുപ്പകളും ഏറ്റുനീലിക്കാന്‍ എവിടെങ്കിലും ഒരു നാടുവേണം. അതും അരങ്ങേറി. അതേപ്പറ്റി ആദ്യം അറുത്തുമുറിച്ചുനിന്ന ഇതരലോകവും അതിന്റെ ഉന്നതവിഹാര ഭണ്ഡാഗാരങ്ങളും അവസാനം ഇതുതന്നെ പ്രബുദ്ധത, ഇതത്രേ യുദ്ധാനന്തര ജ്ഞാനസംലബ്ധാധിഷ്ഠിത പ്രബുദ്ധതാപര കോടിയെന്നു കുരവയിട്ടു കുമ്മികൊട്ടി. 

ഇത്രയും കൂടി ചരിത്രം. 

വര്‍ത്തമാനത്തിലേക്കെത്താന്‍ ചരിത്രം ഒരുതരത്തിലും വിടുകില്ല; അതിനെ ചവിട്ടിയും തൊഴിച്ചും തെറ്റിച്ചും തെറിപ്പിച്ചും മാത്രമേ ആര്‍ക്കും വര്‍ത്തമാനത്തിലേക്കു വഴികിട്ടൂ. വല്ലപാടും വര്‍ത്തമാനത്തിന്റെ വക്കിലൊന്നെത്തിയാലോ, അപ്പോഴേക്കും അതു ഭൂതബാധയാല്‍ വിണ്ടുവികൃതമായി, ഭീകരസത്വമായി, വഴിനടന്നെത്തിയവന്റെ കാലില്‍ വാരിവലിക്കുകയായി. ആ പിടികുതറലുകളുടെ ഉടക്കലുകളില്‍ കൊരുത്തുനിന്നാണ് പ്രവിശ്യക്കാര്‍ കര്‍ത്താവിനെ ബ്ലാക്ക് ഹൗസില്‍നിന്നു തുരത്താനുള്ള മക്കള്‍വാഴ്ചാ സംവിധാനശ്രമങ്ങളെ നോക്കിക്കണ്ടത്. 

കര്‍ത്താവും ശേഖരന്‍ ശാസ്ത്രിയും തമ്മില്‍ യഥാക്രമം പ്രതിവിപ്ലവം, പ്രതിപ്രതിവിപ്ലവം എന്നീ മുദ്രാവാക്യങ്ങള്‍ അവലംബിച്ചുണ്ടായ വോട്ടുയുദ്ധം പ്രവിശ്യാമക്കളെ പെടുനടുക്കത്തിലാഴ്ത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി ഉച്ചതമ വ്യവഹാരവിഹാരത്തിന്റെ വിധിനിര്‍ണ്ണയനത്തിലേക്ക് എത്തിപ്പറ്റിയിരുന്നു. ഇത് വിഹാരരംഗവാഴ്ചയുടെ തുടക്കമെന്ന് ചില വിദഗ്ദ്ധര്‍ വാര്‍ത്താനിലയങ്ങളിലിരുന്നു വിതുമ്പി. മക്കള്‍വാഴ്ചയുടെ മാനക്ഷയമെന്ന് മതനേതാക്കള്‍ മായാമറകള്‍ക്കുള്ളിലിരുന്നു മാഴ്കി. രണ്ടിലൊരാള്‍ പിടിവാതമയച്ച് പിന്മാറണമെന്ന് മാദ്ധ്യമ കോവിദന്മാര്‍ മാനകഭാഷയില്‍ മുരണ്ടു. പക്ഷേ, കര്‍ത്താവും ശാസ്ത്രിയും പിന്നാക്കമനങ്ങിയില്ല. ഇത്തവണയും പതിനേഴാമത്തെ ചിത്രപദപ്രശ്‌ന പ്രവിശ്യാത്തുരുത്തായിരുന്നു പ്രതിസന്ധിമേഖല. അവിടെ ശാസ്ത്രി ഏറെ മുന്നേറിക്കണ്ടു. എന്നാല്‍, ഇതു തങ്ങളുടെ വോട്ടര്‍മാര്‍ക്ക് മായുംമഷി നല്‍കി കബളിപ്പിച്ച് ശാസ്ത്രിപക്ഷം വഞ്ചനയിലൂടെ വരുത്തിത്തീര്‍ത്തതാണെന്ന് കര്‍ത്താവുപക്ഷം ആണയിട്ടു. ബാക്കി പതിനാറിലെ എട്ടുമെട്ടും പകുത്തതിലൊന്നായ അഞ്ചല്‍വോട്ടു പ്രവിശ്യയില്‍ കര്‍ത്താവുപക്ഷം അഞ്ചലച്ച് മഷിമുക്കാതെ നല്‍കി തങ്ങളുടെ വോട്ടര്‍മാരെ ഇളിഭ്യരാക്കിച്ചതിച്ചുളവാക്കിയ ഭൂരിപക്ഷമാണവിടത്തേതെന്ന് ശാസ്ത്രിപക്ഷം മറുവാദമുയര്‍ത്തി മുഷ്ടിചുരുട്ടി. ഒരു പ്രവിശ്യയില്‍ കുറുവര നെടുവരയായെണ്ണിയെന്നും മറ്റൊരു പ്രവിശ്യയില്‍ മന്ത്രതന്ത്രയന്ത്രത്തിന്റെ മൊട്ടുകുണുക്കിളകിയതായിരുന്നെന്നും ആക്ഷേപങ്ങളുയര്‍ന്നു. ഏതോ ഒരു പ്രവിശ്യയില്‍ വോട്ടുകാക്കും കാവല്‍ക്കോട്ടയുടെ മുന്‍വാതില്‍ കുറുംചട്ടംവെച്ചു ബന്തവസ്സു ചെയ്തിരുന്നെങ്കിലും പിന്‍വാതിലിനു കൊളുത്തില്ലായിരുന്നെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഒക്കെറ്റിനും പുറമേ, ഉണ്ണാമതക്കാര്‍ക്ക് ഉരുപോകും നാട്ടില്‍നിന്നുവന്ന ഉത്തരവുകളില്‍ നികൃഷ്ട താല്പര്യക്കാരാരോ കൃത്രിമം കാട്ടിയെന്നും ഉണരാമതക്കാരുടെ സ്വപ്‌നങ്ങളില്‍ മഹേന്ദ്രജാല പ്രാഗത്ഭ്യമുപയോഗിച്ച് കടന്നുകയറി, ആരോ അവരുടെ വ്യാഖ്യാനങ്ങളെ വഴിപിഴപ്പിച്ചുകളഞ്ഞെന്നും കോലാഹലമുണ്ടായി. അങ്ങനെ വിവിധ വിചിത്രവാദങ്ങളുടെ വഴുവഴുപ്പന്‍ വിളയാട്ട ഭൂമികയില്‍നിന്ന് രണ്ടാംകൂറ്റുകാരുടെ മഹാനേതാവായ കര്‍ത്താവ് താന്‍ സ്ഥാനമൊഴിയില്ലെന്നു പ്രസ്താവിച്ചു; അതുകൊണ്ടു പോരെന്നുറപ്പിച്ച് ആയത് പ്രഖ്യാപിക്കുകയും ചെയ്തു. 

ഈ വിധിനിര്‍ണ്ണായക സന്ദര്‍ത്തില്‍ വ്യവഹാരവിഹാരങ്ങളെ ആശ്രയിക്കുക മാത്രമാണിനി കരണീയമെന്നുറക്കെ പറഞ്ഞുകൊണ്ട് അംബരസാധുവിന്റെ വാഴ്ചച്ചട്ട നിബന്ധത്തിലെ നിരാര്‍ദ്രവകുപ്പുകളുദ്ധരിച്ച്, ശേഖരന്‍ ശാസ്ത്രി വിധിവിഹാരപ്പടി ചവിട്ടി. കാലവും ചരിത്രവും നാളെ ശാസ്ത്രിയെ കുറ്റംവിധിക്കുമെന്നും മക്കള്‍വാഴ്ചാ സമ്പ്രദായത്തിന്റെ കടയ്ക്കല്‍ കോടാലിവച്ച് വിഹാരരംഗ വാഴ്ചാരംഭത്തിന്റെ പ്രോദ്ഘാടകനായും പ്രവിശ്യാവഞ്ചകനായും ശാസ്ത്രി ചരിത്രത്തില്‍ ദുരടയാളപ്പെടുമെന്നും കര്‍ത്താവ് അരുളിച്ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പുവിധിയെ മാനിക്കാതെ മക്കള്‍വാഴ്ചയെ ഒറ്റവെട്ടിനു കൊന്നുകളയാനുള്ള കര്‍ത്താവിന്റെ നീക്കത്തെ എതിരിട്ട്, വിഹാരരംഗ വാഴ്ചാവിഷസ്പര്‍ശമേറ്റു വിഷാദം തീണ്ടിയ മട്ടിലെങ്കിലും മക്കള്‍വാഴ്ചാനടപ്പിന് ജീവിതം നീട്ടിക്കൊടുത്ത സാഹസികനായി തന്നെ സ്വയം ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണെന്ന് ശാസ്ത്രിയും വാദമുന്നയിച്ചു. ഒടുവില്‍, ചിത്രപദപ്രശ്‌നമാരണവും മന്ത്രയന്ത്രക്കുടുക്കുകുന്നായ്മയും പഞ്ചവര്‍ണ്ണാഞ്ചിത കടലാസു കാപട്യവുമെല്ലാം പരിശോധിച്ച് ഉച്ചതമ വ്യവഹാരവിഹാരം വിധി പുറപ്പെടുവിക്കുകതന്നെ ചെയ്തു: കര്‍ത്താവു സ്ഥാനമൊഴിഞ്ഞു നാടുനീങ്ങുക; ശേഖരന്‍ ശാസ്ത്രി സ്ഥാനമേറ്റു നാടുവാഴുക.
വിധിവന്ന പിറക്, സകല പ്രവിശ്യാവാസികളേയും ഇതരയുലകത്തേയും വിചാരസ്തബ്ധതയിലേക്കു വലിച്ചെറിഞ്ഞുകൊണ്ട് കര്‍ത്താവിന്റെ വാക്കുകള്‍ വെളിപ്പെട്ടു: താന്‍ സ്ഥാനമൊഴിയുന്നില്ല; ആസ്ഥാനമന്ദിരമായ ബ്ലാക്ക് ഹൗസ് വിട്ടിറങ്ങാതെ ഭരണം തുടരാനാണ് തീരുമാനം. 

ചരിത്രത്തിലോ മക്കള്‍വാഴ്ചാ സംരംഭത്തിലോ കേള്‍വിപ്പെട്ടിട്ടുകൂടിയില്ലാത്ത പ്രതിസന്ധിയാണ് ആ തീരുമാനത്തോടെ ഉടലെടുത്തത്. മക്കള്‍വാഴ്ചാ സമ്പ്രദായത്തിന്റെ മകുടകേദാരമായി ലോകം കാണുന്ന ബ്ലാക്ക് ഹൗസ് അവകാശത്തര്‍ക്കത്തിലാകുക; അതചിന്ത്യമായിരുന്നു; നാളതുവരെ അസംഭവ്യവും. ഒന്നാംകൂറ്റുകാരും രണ്ടാം കൂറ്റുകാരും പലവിധ പോര്‍വിളികളുമായി പ്രവിശ്യാത്തെരുവുകളിലിറങ്ങി; ചിലപ്പോള്‍ ഘോരമായി ഏറ്റുമുട്ടി ചോരവീഴ്ത്തി. 

വ്യവഹാരവിഹാരം മക്കള്‍വാഴ്ചയില്‍ ഇടപെടാനാരംഭിച്ചാല്‍ അതിനു തുടര്‍ച്ചയുണ്ടാകാതെ തരമില്ല എന്ന അംബരസാധൂ പ്രവചനത്തെ അച്ചിട്ടാക്കിക്കൊണ്ട് പുതിയ വിധിന്യായം പുറത്തുവന്നു: കാവല്‍സേനാവ്യൂഹശക്തിയും വേണ്ടിവന്നാല്‍ സൈനിക സംഭൃതോര്‍ജ്ജവും ഉപയോഗിച്ച് കര്‍ത്താവിനെ തുരത്തുക. 
അങ്ങനെയാണാ വെളുപ്പാന്‍ രാവിലെ കര്‍ത്താവിനുനേരെ, ബ്ലാക്ക് ഹൗസിനുനേരെ കവചിത വെണ്‍വാഹനങ്ങള്‍ സര്‍വ്വസന്നാഹങ്ങളോടുംകൂടി ഉരുണ്ടെത്തിയത്. 

കാവല്‍ വിഭാഗത്തിന്റെ പെരുങ്കാവലനായ രാമശേഖരന്‍ കര്‍ത്താവ് നടപടികള്‍ക്കു പ്രാരംഭമായി വാഹനത്തില്‍നിന്നിറങ്ങി, ഇടങ്കാവലരുടെ അകമ്പടിയോടെ ഉദ്യാനം നടന്നുകടന്ന് ബ്ലാക്ക് ഹൗസിന്റെ ഉമ്മറംതീണ്ടി. മണിമുഴക്കി വാതില്‍ തുറപ്പിച്ച് കാത്തുനില്‍ക്കേ, പൊടുന്നനെ കര്‍ത്താവ് ഇറങ്ങിവന്നു. മേല്‍പ്പുരയില്‍നിന്ന് അടിപ്പുരയിലേക്കു കോവണിയിറങ്ങിവരുന്നവിധം ഗോചരീഭവിച്ച കര്‍ത്താവിന്റെ പിന്നില്‍, ഉടുമുണ്ടുകവിഞ്ഞ് കൊടിക്കൂറപോലെ പാറുന്ന ചെമന്ന നിറത്തിലുള്ള കൗപീനവും കോണിയിറങ്ങുന്നതു രാമശേഖരന്‍ കര്‍ത്താവു കണ്ടതും നീട്ടിവലിച്ചുള്ള ഹസ്‌തോത്ഥാന പടഹമുദ്രയാല്‍ അയാള്‍ കര്‍ത്താവിനെ അഭിവന്ദിച്ചു. ആ പടഹമുദ്ര പ്രവിശ്യയിലെ അധികാരശ്രേണിയെ നിതാന്തം കാക്കുന്ന സംജ്ഞയായിരുന്നു. ആ കൗപീനവിദ്യയാകട്ടെ, കര്‍ത്താവിനെ ലോകശ്രദ്ധയില്‍ അദ്വിതീയനാക്കിയ സ്വഭാവവും. കര്‍ത്താവ് ആദ്യം കൗപീനം ധരിക്കുന്നു; പിന്നെ മുണ്ടുടുക്കുന്നു; എല്ലാവരേയും പോലെ. എന്നാല്‍, എല്ലാവരിലുംനിന്നു വ്യത്യസ്തമായി കൗപീനത്തിന്റെ കൊടിപ്പടം മുണ്ടിനുപരി പുറത്തേക്കിട്ടാണാ മുണ്ടുടുക്കല്‍. മാത്രമല്ല, ചെമന്ന നിറത്തിലുള്ള കൗപീനം മാത്രമേ കര്‍ത്താവ് ഉപയോഗിച്ചിരുന്നുള്ളൂ. കര്‍ത്താവിന്റെ ചെമന്ന കൗപീനം കര്‍ത്താവിനെ അനുഗമിച്ച് ഉലകമുടനീളം സഞ്ചരിച്ചു. മഹായോഗങ്ങളില്‍ പ്രസംഗിച്ചു. തീരുമാനങ്ങള്‍ക്കും തീട്ടൂരങ്ങള്‍ക്കും താഴെ തൃക്കൈവിളയാടി. പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ ഹസ്‌തോത്ഥാന പടഹമുദ്രാഭിവാദ്യത്താല്‍ ബഹുമാനിക്കുന്നത് കര്‍ത്താവിനെയാണോ കൗപീനത്തെയാണോ എന്നു സന്ദേഹം തോന്നിയിരുന്നു. ആ സന്ദേഹം മുന്‍പു പലപ്പോഴുമെന്നതുപോലെ ഇപ്പോഴും രാമശേഖരന്‍ കര്‍ത്താവിനും അയാളുടെ കാക്കിക്കുപ്പായത്തിനും തോന്നി. അയാളോടു കര്‍ത്താവ് അല്പവും വിടാത്ത മുഖകാര്‍ക്കശ്യത്തോടെ, എന്താണ് വരവിന്റെ ഉദ്ദേശ്യമെന്നു മൗനം തിരക്കി. രാമശേഖരന്‍ കര്‍ത്താവു പറഞ്ഞു: 

-വ്യവഹാരവിഹാരത്തീട്ടൂരമുണ്ട്; അങ്ങയെ പടികടത്താനാണു കല്പന...

 കര്‍ത്താവു പൊട്ടിച്ചിരിച്ചുകൊണ്ട് ഇരിപ്പിടത്തിലമര്‍ന്നരുളിച്ചോദിച്ചു:

-നിങ്ങളും ഒരു കര്‍ത്താവല്ലേ?..

ചോദ്യത്തിന്റെ മുനയും ഇരിപ്പിടം നല്‍കാത്തതിന്റെ സൂചനയുമുള്‍ക്കൊണ്ട് പെരുങ്കാവലന്‍ കാലുകള്‍ വച്ചുമാറിനിന്നുകൊണ്ട് വിശദീകരിച്ചു.

-അതു രേഖയില്‍വന്നൊരു പ്രമാദമാണ്. ഞാന്‍ ശരിക്കും ശാസ്ത്രിയാണ്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അബദ്ധത്തില്‍ കര്‍ത്താവെന്നായിപ്പോയി...

താന്‍ ആദ്യമധികാരമേറ്റപ്പോള്‍, ഓടിനടന്ന് അയാള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി കര്‍ത്താവായതാണെന്ന് കര്‍ത്താവിനു നല്ല ഓര്‍മ്മയുണ്ടായിരുന്നു. എങ്കിലും ആ സമയം അതോര്‍മ്മിപ്പിച്ചയാളെ വിഷമിപ്പിക്കാന്‍ നില്‍ക്കാതെ കര്‍ത്താവു ചോദിച്ചു:

-ആരെയാണ് നിങ്ങള്‍ തുരത്തുക? പ്രസിഡന്റായ എന്നെയോ പ്രസിഡന്റല്ലാത്ത എന്നെയോ?

കാവലന്‍ കര്‍ത്താവിനുത്തരംമുട്ടി. ആ ചോദ്യം ഒരു കീറാമുട്ടിയായി അയാള്‍ക്കനുഭവപ്പെട്ടു. മക്കള്‍വാഴ്ചയുടെ തുടക്കവും നടുക്കവും ഒടുക്കവും ആ ചോദ്യത്തിലാണെന്നയാള്‍ക്കു തോന്നി. കര്‍ത്താവു വിശദീകരിച്ചു:
-പ്രസിഡന്റായ ഞാന്‍ സ്ഥാനമൊഴിയുംവരെ പ്രസിഡന്റാണ്. അതുവരെ പ്രസിഡന്റായ എന്നെ അനുസരിക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനുമാണ്. അല്ലെങ്കിലോര്‍ത്തുനോക്കൂ; നിങ്ങള്‍ നിമിഷങ്ങള്‍ക്കു മുന്‍പ് ഹസ്‌തോത്ഥാനപടഹമുദ്രാഭിവാദ്യത്താല്‍ അംഗീകരിച്ചുവണങ്ങിയത് പ്രസിഡന്റല്ലാത്ത കര്‍ത്താവിനേയോ പ്രസിഡന്റായ കര്‍ത്താവിനേയോ? ആദ്യത്തെയാളെയായിരുന്നെങ്കില്‍, നിങ്ങള്‍ പ്രവിശ്യയുടെ മഹാപാരമ്പര്യങ്ങളെ അവഹേളിക്കുകയായിരുന്നു. രണ്ടാമത്തെയാളെയായിരുന്നെങ്കില്‍, നിങ്ങളുടെ ഇപ്പോഴത്തെ സംസാരം അതേ മഹാപാരമ്പര്യത്തെ അവമതിക്കലാണ്, ചവിട്ടിത്തേയ്ക്കലാണ്, ചെളിവാരിപ്പൂശലാണ്...

അയ്യയ്യോ! എന്നു രാമശേഖരന്‍ കര്‍ത്താവ് ചെവിപൊത്തിക്കേണു. മക്കള്‍വാഴ്ചാമാതൃകയോടും പ്രവിശ്യാപൈതൃകത്തോടുമുള്ള അനന്തബഹുമാനം അയാളെ അടിമുടിയുലയ്ക്കുകയും താനതിനെ അധിക്ഷേപിക്കുകയോ എന്ന പരിചിന്തനം അയാളെ കണക്കറ്റു വിഷാദിപ്പിക്കുകയും ചെയ്തു. മക്കള്‍വാഴ്ചയെന്ന യക്ഷപ്രശ്‌നനാടകത്തിലെ തന്റെ വേഷം കേവലം വിദൂഷകന്റേതെന്നു തിരിച്ചറിഞ്ഞ അയാള്‍ കര്‍ത്താവിനേയും കര്‍ത്താവിന്റെ ചെമന്ന കൗപീനത്തേയും ഗംഭീരമായൊരു വിടയോതല്‍ ഹസ്‌തോത്ഥാന പടഹമുദ്രയാല്‍ പ്രണമിച്ച് പിന്നടിവച്ച് പടികടന്നുപോയി. പ്രസിഡന്റല്ലാതാകുന്നതുവരെ പ്രസിഡന്റായിരിക്കുന്ന ആരായാലും അയാളെ അധികാരഭ്രഷ്ടനാക്കാനോ ഔദ്യോഗിക വസതിയില്‍നിന്നു കുടിയിറക്കാനോ സാദ്ധ്യമല്ലെന്ന തിരിച്ചറിവുമായി രാമശേഖരന്‍ കര്‍ത്താവ് എന്ന പെരുങ്കാവലന്‍ വെള്ളിടിവണ്ടികളോട് ഇടംവിടാന്‍ കല്പിച്ചു. 

ആ പുതിയ സംഭവവികാസം വന്‍ ഒച്ചപ്പാടായി കലാശിച്ചു. വ്യവഹാരവിഹാരവും ബ്ലാക്ക് ഹൗസ് നിര്‍വ്വഹണ കാര്യാലയവും കാവല്‍സേനയും മാദ്ധ്യമമര്‍മ്മസ്ഥാനവും നാലുതട്ടിലായി. ജനം രണ്ടു തട്ടിലായി. സൈന്യത്തോട് ഇടപെടാന്‍ വ്യവഹാരവിഹാരം ആജ്ഞാപിച്ചെങ്കിലും തങ്ങളോട് ആജ്ഞാപിക്കാന്‍ വ്യവഹാരവിഹാരത്തിന് അധികാരമുണ്ടോ എന്നും ആ ആജ്ഞാപനം മക്കള്‍വാഴ്ചാ സംവിധാനത്തിന് ഇണക്കമോ പിണക്കമോ എന്നും തിരിച്ചറിയാനാകാതെ, കാവല്‍സേനാത്തലവന്‍ നേരിട്ട അതേ ആശയക്കുഴപ്പത്തില്‍ സൈനികമേധാവി കുലോത്തുംഗനും പതറി. 

എല്ലാം അട്ടിമറിക്കപ്പെടുന്നതിന്റെ ആധിയിലും അങ്കലാപ്പിലും ശേഖരന്‍ ശാസ്ത്രി തന്റെ അണികളോട് ആഹ്വാനം ചെയ്തു: ജീവന്‍ കൊടുത്തും ബ്ലാക്ക് ഹൗസ് പിടിച്ചെടുക്കുക...

അതിന്റെ അലയൊടുങ്ങുംമുന്നേ തന്റെ അണികളോടുള്ള കര്‍ത്താവിന്റെ ആഹ്വാനവും വന്നു: ജീവന്‍ കൊടുത്തും ബ്ലാക്ക് ഹൗസ് വിട്ടുകൊടുക്കാതെ കാക്കുക...

പിറ്റേന്ന്, പ്രവിശ്യ തെരുവുകലാപങ്ങളാല്‍ മുഖരിതമായി. പതാക പതാകയോടും ഖഡ്ഗം ഖഡ്ഗത്തോടും തുപ്പാക്കി തുപ്പാക്കിയോടും വാക്കു വാക്കിനോടും കരം കരത്തോടും യുദ്ധം ചെയ്തു. കൈത്തോക്കുകളും കൊടുംപടക്കങ്ങളും വീഥികളില്‍ വെടിച്ചുമുഴങ്ങി. ശേഖരന്‍ ശാസ്ത്രിയുടെ കൂറ്റുകാര്‍ കയ്യില്‍ക്കരുതിയ താറുചായം ഓരോ വീടിന്റെ പടിവാതിലിലും പൂശിക്കൊണ്ടു ഗര്‍ജ്ജിച്ചു. 

-ഓരോ വീടും ബ്ലാക്ക് ഹൗസ്...

അവരുടെ സംഘം നാലുദിക്കിലും നിന്ന് പെരുങ്കൂട്ടങ്ങളായി വന്‍തോതില്‍ വന്നണഞ്ഞ് ബ്ലാക്ക് ഹൗസിലേക്കിരച്ചുകയറി. കര്‍ത്താവ് അവിടെയുള്ള സുരക്ഷാബങ്കറില്‍ അഭയംതേടി. പിന്നാലെവന്ന കര്‍ത്താവിന്റെ സംഘമായ രണ്ടാംകൂറ്റുകാരും ബ്ലാക്ക് ഹൗസിലേക്കു കടന്നേറി. വക്കാണം കൊടുമ്പിരിക്കൊണ്ടു. അണികള്‍ തോളേറ്റിയങ്കണത്തിലിറക്കിയ ശേഖരന്‍ ശാസ്ത്രി സ്വന്തം കൈകൊണ്ട് കര്‍ത്താവിനെ കഴുത്തിനുപിടിച്ചു പുറത്തുതള്ളാന്‍ അത്യാവേശത്തോടെ ഒളിവിടമായ ബങ്കറിലേക്കു കുതിച്ചു. 

ഒന്നാം കൂറ്റുകാര്‍ ബ്ലാക്ക് ഹൗസിന്റെ ചുമരുകളെ കരിയോയിലടിച്ചു പുതുക്കി. അത് ഭരണമാറ്റത്തില്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോന്നിരുന്നൊരു അനുഷ്ഠാനമായിരുന്നു. നൂറ്റാണ്ടുകളുടെ കരിയോയില്‍ക്കട്ടിയിലായിരുന്നു ബ്ലാക്ക് ഹൗസിന്റെ നിറം ഈട്ടംകൂടിയിരുന്നത്. 

ഒന്നാം കൂറ്റുകാരുടെ ഈ വിജയനീക്കത്തെ പ്രതിരോധിക്കാന്‍ രണ്ടാം കൂറ്റുകാര്‍ ഒന്നു നേരത്തേ പദ്ധതിയിട്ടിരുന്നു. കരിയോയിലിനു മീതേ ചുണ്ണാമ്പുകുഴമ്പുവെള്ളം പീച്ചുകയും പൂശുകയും ചെയ്യുക. അവരതിനായി തയ്യാറാക്കി കൂടെക്കരുതിയ ആയിരക്കണക്കിനു തൊട്ടികളിലും പീച്ചാങ്കുഴലുകളിലും നിന്ന് ചുണ്ണാമ്പുകുഴമ്പ് ബ്ലാക്ക് ഹൗസിന്റെ ചുവരുകളില്‍ വീണൊഴുകി. അത് വെള്ളവീടാകാന്‍ പോകുന്നോ എന്ന് ഒരുവേള ഭ്രമദര്‍ശനമുണര്‍ത്തി. എന്നാല്‍, വിധിവൈപരീത്യമെന്നു പറയട്ടെ, അടുത്തനിമിഷം ബ്ലാക്ക് ഹൗസ് പൊട്ടിപ്പിളരുന്ന കാഴ്ചയാണെല്ലാവരും കണ്ടത്. വെണ്‍ചുണ്ണാമ്പുചീറ്റലില്‍ വിളറി, ഭീമാകാരമായ ആ കെട്ടിടം അതിന്റെ ആകാരത്തിനൊത്ത അലമുറകളോടെ വിണ്ടുകീറി നിലംപൊത്തുന്നതു കണ്ട് ഇരുകൂറ്റുകാരും പ്രാണഭീതിയോടെ പുറത്തേക്കു പാഞ്ഞു. ഒരുപാടുപേര്‍ രക്ഷനേടിയെങ്കിലും ഒരുപാടുപേരെ ഉന്മൂലനം ചെയ്തുകൊണ്ട് ബ്ലാക്ക് ഹൗസ് ഉച്ചാടനക്രിയയ്ക്കു കീഴടങ്ങി അടിയറവു പറയുന്നൊരു പ്രേതരൂപംപോലെ തകര്‍ന്നടിഞ്ഞു. 

ഇനിയൊരിക്കലും തുറക്കാനാകാത്തവിധം നിത്യാന്ധതയില്‍ മൂടിക്കൊണ്ട് ഭൂഗര്‍ഭരക്ഷാ ഗുഹയ്ക്കുമേല്‍ ബ്ലാക്ക് ഹൗസ് തകര്‍ന്നടിഞ്ഞുപരന്നു. അപ്പോഴും അതിനുള്ളില്‍ കര്‍ത്താവിനെ അയാളുടെ ചെങ്കൗപീനക്കൂറ പിടുങ്ങി കീഴടക്കാന്‍ കിണഞ്ഞുകൊണ്ടു ശേഖരന്‍ ശാസ്ത്രിയും ശാസ്ത്രിയെ അയാളുടെ കണ്ഠാലങ്കാരനാട മുറുക്കി ശ്വാസംമുട്ടിച്ചു വരുതിയിലാക്കാന്‍ പരിശ്രമിച്ചുകൊണ്ട് കര്‍ത്താവും തങ്ങളുടെ പ്രാകൃതമായ മുഷ്ടിയുദ്ധം തുടര്‍ന്നുകൊണ്ടേയിരുന്നു.