'വീടുവിട്ടിറങ്ങിയ ഭഗീരഥപ്രയത്‌നം'- ആര്‍ദ്ര കെ.എസ്. എഴുതിയ കഥ

പാലക്കാടെത്തി, തിരുവാഴിയോട്ടേക്കുള്ള ബസ് പിടിച്ച് അവസാനത്തെ വളവില്‍ ഇറങ്ങി. ചൂട് മൂക്കുന്ന കാലമായിരുന്നെങ്കില്‍ കാറ്റ് കുത്തിക്കയറി വയറിനു കുറുകെ വിയര്‍ത്തൊലിച്ചിട്ടുണ്ടാകും
ചിത്രീകരണം: അമലു
ചിത്രീകരണം: അമലു

'At 50, I began to know who I was. It was like waking up to myself.' 
- Maya Angelou

പേരറിയാത്ത രണ്ട് പെണ്ണുങ്ങളെ സ്വപ്‌നം കാണാന്‍ തുടങ്ങിയതിന്റെ നാലാം കൊല്ലമാണ് വീടുവിട്ടിറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ അവര്‍ ഭഗീരഥന്റെ അമ്മമാരാണെന്നറിഞ്ഞ ദിവസം. അതിലും കൃത്യമായി പറഞ്ഞാല്‍ എന്റെ നാളിന്. അന്ന് വീട്ടുകാരുമായി കല്ലേറുകൊള്ളുന്ന കണക്കെ അടിയുണ്ടായി. 

പാലക്കാടെത്തി, തിരുവാഴിയോട്ടേക്കുള്ള ബസ് പിടിച്ച് അവസാനത്തെ വളവില്‍ ഇറങ്ങി. ചൂട് മൂക്കുന്ന കാലമായിരുന്നെങ്കില്‍ കാറ്റ് കുത്തിക്കയറി വയറിനു കുറുകെ വിയര്‍ത്തൊലിച്ചിട്ടുണ്ടാകും. റോഡ് മുറിച്ചുകടന്ന് താഴേയ്ക്കിറങ്ങി കെ.ടി.ഡി.സി ഹോട്ടലില്‍ കയറി. തിരക്കും ബഹളവുമില്ല. ലാഘവത്തോടെ വിശാലമായ ഉമ്മറത്ത് പോയി പൂന്തോട്ടം നോക്കിനിന്നു. പൂക്കളേക്കാള്‍ ഇലകള്‍ നിറഞ്ഞ തോട്ടം. പലതരം പച്ചകള്‍ പല വലുപ്പത്തില്‍ നനവില്‍ വേരൂന്നി വെയിലില്‍ ഇലവച്ച് നില്‍ക്കുന്ന തോട്ടത്തില്‍നിന്നു കണ്ണെടുത്ത് അകത്തേക്ക് കയറി. 'അഥീന കെ.എസ്., പ്രജ്ഞ, പാലക്കാട്' എന്ന് അഡ്രസ്സ് ബുക്കില്‍ എഴുതിക്കൊടുത്തു. 'സിംഗിള്‍ റൂം.'
''ഫസ്റ്റ് ഫ്‌ലോര്‍. റൂം നമ്പര്‍ 28.'' കൗണ്ടറിലെ ചെക്കന്‍ പൈസ വാങ്ങി മേശയില്‍ വച്ചിട്ട് പറഞ്ഞു. മുടി വലത്തേയ്ക്ക് ചീന്തി, ക്ലിപ്പിട്ടുറപ്പിച്ച പല്ല് കാട്ടി ചിരിച്ചു. കറുത്ത പാന്റും ഇളം നീല ഷര്‍ട്ടുമിട്ട ഒരാള്‍ കൗണ്ടറില്‍ വന്ന് താക്കോല്‍ വാങ്ങി. 

''മുണ്ടൂര്‍ ഡേവിസിന്റെ ഓപ്പോസിറ്റുള്ള മുറിയല്ലേ?'' കൗണ്ടറില്‍ ഇരുന്ന സുമുഖനെ നോക്കി മധ്യവയസ്‌കന്‍ ചോദിച്ചത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. ഡേവിസിന്റെ പേര് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കേട്ടപ്പോള്‍ ആദ്യമൊന്ന് വല്ലാതായി. പെട്ടെന്നൊരു സെക്കന്റ് പാളിച്ചയില്‍ ഭഗീരഥന് ഡേവിസിന്റെ മുഖച്ഛായ തോന്നി. രാമന്റെ വംശത്തിലെ ഏതോ കണ്ണികളായി, ദിലീപന്റെ വിധവകളിലുണ്ടായ ഗംഗയെ ഭൂമിയിലേക്ക് വേല്‍ക്കാന്‍ പോന്ന ഭഗീരഥന്‍. 

ആലോചന കോണികയറി മുകളിലെത്തിയപ്പോഴേക്കും റൂം ബോയ് വാതില്‍ തുറന്ന് താക്കോല്‍ കയ്യില്‍ത്തന്നു. ചിരിച്ച് തലയാട്ടി വന്ന വഴിക്കു പോയി.

വീട്ടില്‍നിന്ന് ഗൂഗിള്‍മാപ്പ് വച്ചാല്‍ 70 കിലോമീറ്റര്‍ ദൂരം. പരിചയക്കാരില്ല. താരതമ്യേന സമാധാനമുള്ളിടം. 

ഒരാള്‍ക്ക് നീണ്ടുനിവര്‍ന്നു കിടക്കാവുന്ന കട്ടില്‍. വെളുത്ത നിറത്തിലുള്ള ബെഡ്ഷീറ്റും പുതപ്പും തലയണയും. മേശപ്പുറത്ത് ഒരു മിനറല്‍ വാട്ടറിന്റെ കുപ്പി. ഒരു ബ്രഷ്, പേസ്റ്റ്, സോപ്പ്, ടവല്‍ എല്ലാം എനിക്കു മാത്രമുള്ളതാണ്. പിന്നിലെ തെങ്ങുംതോപ്പിലേയ്ക്ക് തുറക്കുന്ന രണ്ട് പാളി ജനല്‍. അപരിചിതത്വം മാറ്റിനിര്‍ത്തിയാല്‍ വീട്ടിലെ മുറിപോലെ തോന്നി. തുറന്നപ്പോള്‍ കാറ്റ് ഉള്ളിലേയ്ക്ക് മൂളിക്കയറി. പുറത്തേയ്ക്ക് നോക്കി ചിന്തയിലാണ്ട് വഷളാക്കേണ്ട വിഷയങ്ങളൊന്നുമില്ല. സ്വതവേ പെണ്ണുങ്ങളൊക്കെ അധികചിന്തനത്തില്‍ വഴിപിഴച്ചവരാണ് എന്നാണ് പരിചയമുള്ളവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. എനിക്കങ്ങനെ ആലോചിച്ചിരുന്ന് നൂലു കോര്‍ത്ത് മാലക്കഥ മെനയാനൊന്നും സമയം കിട്ടാറില്ല. സ്‌കൂളിലെത്തിയാല്‍ ആലോചിക്കാന്‍ പോയിട്ട് നിന്നുതിരിയാന്‍ സമയം കിട്ടാറില്ല. വാണിയംകുളം ചന്തയില്‍ പോയപോലെ നാല്പാട് ബഹളമാണ്. റബറ് കടംകൊടുക്കല്‍, ചുമരില്‍ ചവിട്ടല്‍, കരയല്‍, കരച്ചില്‍ അടക്കിപ്പിടിക്കല്‍, താഴെ നോക്കി ഇരിക്കല്‍, മുകളില്‍ നോക്കിയിരിക്കല്‍, ജനാല വഴി പുറത്തേയ്ക്ക് നോക്കിയിരിക്കല്‍, മൂത്രം ഒഴിക്കാന്‍ തോന്നല്‍, വെള്ളം കുപ്പി ബാഗില്‍നിന്നെടുക്കല്‍ ഇതിന്റെയൊക്കെ ഇടയില്‍ ഞാന്‍ പറയുന്ന രണ്ടക്ഷരം അവരെയൊന്ന് കേള്‍പ്പിക്കാന്‍ പെടുന്ന പാടില്‍ മടുപ്പ് തോന്നിയിട്ടില്ലെങ്കിലും കുറച്ച് കാലമായി തലയ്ക്കകത്തൊരു കനം കിടക്കുന്നതു പോലെ തോന്നാറുണ്ട്. എന്തായാലും തലയില്‍ വെള്ളമൊഴിച്ച് തല തണുപ്പിച്ച് ക്ഷീണം മാറ്റാന്‍ തീരുമാനിച്ചു. ബാഗ് മേശയില്‍ വച്ച് തോര്‍ത്തെടുത്തു. കരിമ്പന പൂത്ത തോര്‍ത്ത് കയ്യിലെടുത്ത് മേശപ്പുറത്തു വച്ച കുട്ടി മെഡിമിക്‌സുകൊണ്ട് കുളിമുറിയിലേക്ക് കയറി. ബാത്റൂം കൊള്ളാം. ചുമരിലും നിലത്തും വെള്ള ടൈല്‍സ്. ഷവര്‍ വേണമെന്നില്ല. എന്നാലും ഉള്ള സ്ഥിതിക്ക് ഒന്ന് തുറന്നുനോക്കി. വെള്ളം ശബ്ദമുണ്ടാക്കി വീഴുന്നത് മാറിനിന്നു നോക്കി. പൈപ്പ് തുറന്ന് തണുത്ത വെള്ളം ബക്കറ്റില്‍ നിറച്ചു. മുക്കി പാര്‍ന്ന് തല തണുപ്പിച്ചു. മുടിയില്‍ തട്ടി മേത്ത് തട്ടി ചിന്നി നിലംപറ്റുന്ന വെള്ളത്തിനും കോപ്പയില്‍നിന്നു മേത്ത് തട്ടാതെ വഴുതി ഒറ്റയടിക്ക് താഴെ വീഴുന്ന വെള്ളത്തിനും ഓരോ തുള്ളിക്കും വെവ്വേറെ ശബ്ദമാണ്. രണ്ടാം ക്ലാസ്സിലെ മാറിവരുന്ന കലപിലകള്‍ എപ്പോഴോ തലയിലൂടെ വട്ടം കൂട്ടി. ധാരാളം സമയമുണ്ടെന്ന് ഞാനെന്നെ ഓര്‍മ്മപ്പെടുത്തി. സോപ്പ് കയ്യിലാക്കി വയറ്റില്‍ തേച്ച് മിനുക്കി പതകൊണ്ടൊരു കുപ്പായമുണ്ടാക്കി. വെള്ളയാണെന്നു തോന്നുമെങ്കിലും മഴവില്ലിന്റെ നിറമുള്ള കുമിളകള്‍ വയറ്റില്‍ ഉരുണ്ടുനടക്കുന്നത് നോക്കിനിന്നു. ഒരു സ്റ്റൂളു കിട്ടിയാല്‍ സാവകാശമിരുന്ന് ഓരോന്നും പറത്തിക്കളിക്കാമായിരുന്നു. ചെറുപ്പത്തില്‍ വല്യമ്മയുടെ മകള്‍ ഒരിക്കല്‍ വീട്ടില്‍ വന്നു നിന്നു. എന്റെ ഒരു വയസ്സ് മൂപ്പുണ്ട്. അന്ന് കുളിമുറി നിറയെ പതയുണ്ടാക്കി അതിലിരുന്നുപോയതിന്റെ ഓര്‍മ്മ മറവി പുതുക്കി വന്നു. വയറിനെ തൊട്ടുകളിച്ച് വിശപ്പിനെപ്പറ്റി ഓര്‍ത്തു. പിന്നെ വൈകിച്ചില്ല. വെള്ളമിറ്റുന്ന തണുത്ത തല കുടഞ്ഞ് തോര്‍ത്തി. നീല പാന്റും വെളുപ്പില്‍ ഇന്ദ്രജാല തൊപ്പിയുടെ ചിത്രവുമുള്ള ടോപ്പും കയറ്റി. കുറ്റിച്ചെടി കണക്കെ നില്‍ക്കുന്ന മുടി ചെവിയില്‍നിന്നു മാറ്റി ഒരു കറുത്ത റ തലയില്‍ കയറ്റിവച്ചു. ഹോട്ടലിലെ റസ്റ്റോറന്റിലേക്ക് വച്ചുപിടിച്ചു. പാതി നനഞ്ഞ സ്ലിപ്പര്‍ കാലില്‍നിന്നു കുതിച്ച് കോണിപ്പടിയില്‍ ശബ്ദമുണ്ടാക്കി താഴെ നില്‍ക്കുന്നവരെ ഉണര്‍ത്തി. ''ഞങ്ങള്‍ നടക്കുന്നത് ഭൂമി അറിഞ്ഞിരുന്നില്ല'' എന്നു തലയിലിരുന്ന ഒരയമ പറഞ്ഞത് നടത്തത്തിന്റെ വേഗതയില്‍ മാഞ്ഞുപോയി. 

തിരക്കില്ലാത്തതിന്റെ സമാധാനം. ഓഫ് സീസണാണ്. അല്ലെങ്കിലും ഇവിടത്തെ കെ.ടി.ഡി.സിയില്‍ അത്ര തിരക്കൊന്നും കണ്ടിട്ടില്ല. ഒന്നോ രണ്ടോ മേശയൊഴിച്ച് ബാക്കിയെല്ലാം ഒഴിഞ്ഞുകിടക്കുന്നു. ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുറച്ചു കാലമായിട്ട് കിട്ടുന്നതുകൊണ്ടൊന്നും വിശപ്പ് മാറുന്നില്ല. വയറില്‍ എപ്പഴുമൊരു കാളല്‍. എന്റേയും അവരുടേയും വിശപ്പ്. ഇന്നെന്തായാലും സമാധാനമായി ഇരുന്ന് വയറ് പൊട്ടുന്നതുവരെ തിന്നണം. ഒടുവിലത്തെ മൂലയ്ക്കുള്ള ജനലിന്റടുത്ത് സീറ്റണ്ട് മേശയില്‍ കയറിയിരുന്നു. ഉള്ളതില്‍ ചെറിയ മേശ. നല്ല വിശപ്പുണ്ട്. തിന്നു തീര്‍ന്നില്ലെങ്കില്‍ കുറച്ചുനേരം ജനലിലൂടെ പുറത്തുനോക്കി വിഷാദഭാവേനയിരുന്ന്, ഒന്നെഴുന്നേറ്റ് നിന്ന്, വയറ് ശരിയാക്കി, വീണ്ടും മെല്ലെയിരുന്നു ബാക്കി കൂടെ തീര്‍ക്കാനുള്ള സൗകര്യം മനസ്സില്‍ കണ്ടു. 

ഇരുന്നിടം കൊള്ളാം. മുകളില്‍ കണ്ട അതേ തെങ്ങുംതോപ്പിലേക്ക് തുറക്കുന്നു.
''മാഡം, ഓഡര്‍?'' തലയില്‍ നെയ് റോസ്റ്റ് പോലത്തെ തൊപ്പിവച്ച ചെക്കന്‍ അടുത്തു വന്നു കണ്ണിലേക്ക് നോക്കി. 

രണ്ട് പൊറാട്ട-ഒരു പ്ലേറ്റ് ചിക്കന്‍ മഞ്ചൂരിയന്‍ ഗ്രേവി-ഹാഫ് ഷീസ്വാന്‍ നൂഡില്‍സ്-അടുത്ത് വന്നു നിന്ന ചെറുപ്പക്കാരന് ഓര്‍ഡര്‍ കൊടുത്തു. 

''ആദ്യം ഒരു ചിക്കന്‍ സൂപ്പെടുത്തിട്ട് മതി ബാക്കിയുള്ളത്.'' അതാവുമ്പോ രാത്രി ഒരു ഉഷാറാണ്. ഗൗരവത്തില്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. പുറത്തേയ്ക്ക് നോക്കി എന്താണാലോചിക്കുന്നതെന്ന് നോക്കി. ഒരു സമാധാനത്തിനുവേണ്ടി മുറിയെടുത്ത് രണ്ടുദിവസം നിക്കാമെന്ന് വിചാരിച്ചപ്പോ ഡേവിസിനെ ഓര്‍ക്കേണ്ടിവരുമെന്ന് വിചാരിച്ചില്ല. അതിനിടയില്‍ എപ്പോഴോ ഡേവിസിന്റെ മുഖം തലയിലൂടെ ട്രെയിനോട്ടി പോയി. ഇക്കാലത്തിനിടയില്‍ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ഒരേ ഒരാള്‍. 

ചെറിയ ചുരുളിച്ചയുള്ള താടിയിലൊളിച്ച മുഖം തലയിലൂടെ ട്രെയിനോട്ടി പോയി. അയാളിനി എന്തു തൊന്തരവാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നു നോക്കിയിരിക്കണം. 

''മാഡം സൂപ്പ്.''
താങ്സ്. വെളുത്ത ചിക്കന്‍ കഷണങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന സൂപ്പിലേക്ക് ലേശം കുരുമുളക് പൊടി വിതറി. ചൂടുള്ള ആവിയുടെ കുരുമുളകിന്റെ മണം വലിച്ചുകേറ്റി  സ്പൂണിലേക്കെടുത്ത് ഊതിക്കുടിക്കാന്‍ തുടങ്ങി. ഊതിയാറ്റിയ സൂപ്പിന്റെ ഇളം ചൂട് തൊണ്ടയിലൂടെ വയറ്റിലേക്കെത്തി മീനിനെപ്പോലെ വയറ്റില്‍ കിടന്നു പരക്കംപായുന്നത് എനിക്കിഷ്ടമായി. മുഴുവനും കുടിച്ച് വായ തുടച്ച് തെങ്ങുംതോപ്പിലേയ്ക്ക് നോക്കി. 

പത്തൊന്‍പത് വയസ്സുള്ളപ്പോഴാണ് കോളേജില്‍ വച്ച് ഡേവിസിനെ ആദ്യമായി കാണുന്നത്. അതിനും എത്രയോ മുന്‍പുതന്നെ ഞങ്ങളുടെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിനു മുന്‍പിലെ അറബി പുളിയില്‍ അയാള്‍ 'ഡേവിസ് ലവ് അഥീന' എന്നു കോറിവച്ചിരുന്നു. അതു കാണുന്ന ഏറ്റവും അവസാനത്തെയാള്‍ ഞാനായിരുന്നു. അതും കഴിഞ്ഞ് ഒരുപാട് ദിവസങ്ങള്‍ കഴിഞ്ഞാണ് അയാളെ നേരില്‍ കണ്ടത്. വരാന്ത കഴിഞ്ഞിറങ്ങി, കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് ഒറ്റയ്ക്കിറങ്ങിയപ്പോള്‍ ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ ഡേവിസ് ആദ്യമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സീനിയറെന്ന നിലയില്‍ ഗൗരവം പ്രതീക്ഷിച്ചിരുന്നു ഞാന്‍. പക്ഷേ, വിചിത്രമായി ''അഥീനയ്ക്ക് കോളേജൊക്കെ ഇഷ്ടമായില്ലെ?'' എന്നുമാത്രം അയാള്‍ ചോദിച്ചു. ഡേവിസിന്റെ നീണ്ട് മെലിഞ്ഞ ശരീരവും കഴുത്തൊപ്പം വളര്‍ന്ന മുടിയും കറുത്ത കരയുള്ള മുണ്ടും നവംബറിന്റെ നഷ്ടത്തില്‍ പ്രതാപ് പോത്തന്റെ കണ്ണടയും ലാഘവത്തോടെ കണ്ണിലൂടെ പായിച്ച് ''കുഴപ്പമില്ല'' എന്നുമാത്രം പറഞ്ഞു.

കണ്ണടയുടെ പവര്‍ എത്രയാണെന്നു ചോദിച്ചാല്‍ കൊള്ളാമെന്ന് തോന്നിയെങ്കിലും ഒരു സംസാരം തുടങ്ങിവയ്ക്കാനുള്ള താല്പര്യം അന്നുണ്ടായില്ല. ''ലാബുണ്ട്'' എന്നുമാത്രം പറഞ്ഞ് തിരിഞ്ഞു നോക്കാതെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് നടന്നു. പിന്നീടും ഉണ്ടായില്ല എന്നതാണ് ഡേവിസിനെ ഞെട്ടിച്ചതിലുപരി തളര്‍ത്തിയത്. കോളേജില്‍ വിരലിലെണ്ണാവുന്നതിലധികം പേരുടെ രഹസ്യപ്രണയത്തിനര്‍ഹനായ ഡേവിസിന് സ്വാഭാവിക പൊക്കം പോലുമില്ലാത്ത കയ്യില്‍ നിറയെ രോമവും പോരാത്തതിനു പൊടിമീശയുമുള്ള എന്നോട് എന്തു കുന്തമാണെന്ന് എന്റെ ഒറ്റക്കൈ വിരലുകള്‍ക്കൊണ്ടെണ്ണാവുന്ന സുഹൃത്തുക്കള്‍ അത്ഭുതപ്പെടാറുണ്ട്. അതാണ് മുണ്ടൂര്‍ ഡേവിസുമായുള്ള ആദ്യത്തെ ബന്ധം. 

രണ്ടാമത്തേത് സ്‌ക്രീനില്‍ കാണാന്‍ മാത്രം കൊള്ളാവുന്ന സിനിമാ ജീവിതത്തില്‍ സംഭവിച്ചാലുള്ള ബോറത്തരത്തിന്റെ ഉദാഹരണമായി അര്‍ദ്ധബോധത്തില്‍ കിടക്കുന്നുണ്ട്. അന്ന് കെമിസ്ട്രി ലാബിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. കോളേജ് മാഗസിനിലേയ്ക്ക് ഇംഗ്ലീഷിലുള്ള കവിതകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കവിതയെഴുതി കോളേജ് മാഗസിനില്‍ കൊടുക്കാമെന്നു കരുതിയിരുന്നതാണ്. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു പണിക്ക് ഇറങ്ങുന്നത്. ''നാറി അതും മുടക്കി.''  മൂന്നുമണിക്ക് ലാബ് കഴിഞ്ഞപ്പോള്‍ ബാഗെടുത്ത് വരാന്തയുടെ അറ്റത്ത് പോയിരുന്നതായിരുന്നു. ഏതോ നോട്ടിന്റെ പിന്നില്‍ പേന കുത്തി എന്തെഴുതാമെന്ന് ആലോചന തുടങ്ങി. അഞ്ച് മണിടെ ബസ്സിന് ഇറങ്ങാം. അതുവരെ ഇരുന്ന് എഴുതി, കൊള്ളാമെന്നു തോന്നിയാല്‍ കൊടുക്കാം, അല്ലെങ്കില്‍ കളയാം. പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് ആലോചിച്ചു. പൊടിമീശ ചിന്തയില്‍ ഉദ്ദീപിപ്പിക്കപ്പെട്ടു. അതിനിടയിലാണ് അടുത്തേയ്ക്ക് ഒരു കടുവയെപ്പോലെ ഡേവിസ് ചാടിവീണ്, പുസ്തകം പിടിച്ച വളയില്ലാത്ത കയ്യില്‍ കയറിപ്പിടിച്ചത്. ഞെട്ടിയെന്നു മാത്രമല്ല, വല്ലാത്ത ദേഷ്യവും വിയര്‍പ്പും പൊട്ടി.

''എനിക്ക് അഥീനയെ ഇഷ്ടമാണ്'' എന്നു മുഖം നോക്കി ഡേവിസ് പറഞ്ഞപ്പോള്‍ കൈ വലിച്ചെടുത്ത് ''അതിന്? എനിക്ക് ഒരു താല്പര്യവുമില്ല'' എന്നു പറഞ്ഞു. കേട്ടപാട് കേള്‍ക്കാത്തപാട് ഡേവിസ് കൈവിട്ട് തിരിഞ്ഞു നടന്നു. ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പിച്ചെങ്കിലും മാറി എവിടെയെങ്കിലും ഡേവിസിന്റെ സുഹൃത്തുക്കള്‍ നില്‍ക്കുന്നുണ്ടാവുമെന്ന് തോന്നി. അവര്‍ കണ്ടാലും അതിലൊന്നുമില്ല. പിന്നെയങ്ങോട്ട് ഡേവിസായിട്ട് ഒന്നിനും വന്നിട്ടില്ല, എന്നാലും നാലാള്‍ കൂടുന്നിടത്ത് വച്ച് എന്നെ കാണുമ്പോള്‍ ''ഡേവിസിന്റേയാ മറ്റേ...'' എന്നു പതുക്കെ പറയുന്നതു കേള്‍ക്കാന്‍ തുടങ്ങി. അടുത്ത വര്‍ഷം ''ചെയര്‍മാന്‍ ഡേവിസിന്റേയാ മറ്റേ...'' എന്നും ചിലര്‍ രഹസ്യപ്പെട്ടു. അടുത്തകൊല്ലം അയാളെപ്പറ്റി ഒന്നും കേട്ടില്ല. പിന്നെയങ്ങോട്ടും. ഓര്‍ക്കാന്‍ അവസരമുണ്ടായത് പത്തുവര്‍ഷം കഴിഞ്ഞിട്ടാണ്. അതിനു മുന്‍പോ ശേഷമോ ഒരു ഡേവിസ് രംഗം ജീവിതത്തിലുണ്ടായിട്ടുമില്ല. 

മേശപ്പുറത്ത് നിരത്തിയ പ്ലേറ്റുകള്‍ ഓരോന്നായി കാലിയാക്കാന്‍ കൊതിയായി. സൂപ്പിന്റെ 
പാത്രം മാറ്റിവച്ച് പൊറാട്ടയിലേയ്ക്ക് കുത്തിക്കേറി. ചൂടുള്ള ചിക്കന്‍ മഞ്ചൂരിയനില്‍ മുക്കി വായിലിട്ടു. ചവച്ചിറിക്കി വായ കാലിയാവുന്നതിനു മുന്‍പ് അടുത്തതെടുത്ത് വായിലിട്ടു. വായിലെ രുചിമുകുളങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിക്കുന്നതുപോലെ തോന്നി. രാവിലെ മുതല്‍ ഒട്ടിയിരിക്കുന്ന വയര്‍ ബലൂണുപോലെ വീര്‍ത്തുവരുന്നത് എനിക്ക് അനുഭവപ്പെട്ടു. നൂഡില്‍സിന്റെ നൂലുകള്‍ ഫോര്‍ക്കുകത്തി വായിലേയ്ക്ക് പാലം കയറി. മൂന്നാളുടേയും വിശപ്പ് മാറുന്നതുവരെ തിന്നെണീറ്റു. കൈകഴുകി പോക്കറ്റില്‍വെച്ച 500-ന്റെ പുതിയ നോട്ട് കൊടുത്ത് ബാക്കി പൈസ വാങ്ങി മുകളിലേയ്ക്ക് കോണികയറി. ഒരു ഓറഞ്ച് ജൂസുകൂടി കുടിക്കാമായിരുന്നെന്ന് മുകളിലെത്തിയപ്പോള്‍ തോന്നി. റൂമു തുറന്ന് ഫാനിട്ട് കട്ടിലില്‍ കേറി മലര്‍ന്നുകിടന്നു. പറയൂ. വിശപ്പു മാറിയില്ലേ? മടിയോടെ എഴുന്നേറ്റ് മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ കുപ്പി പൊട്ടിച്ച് കുറച്ച് വെള്ളം കുടിച്ചു. രണ്ടുപേരും വായ തോരാതെ വര്‍ത്തമാനം പറയുന്നത് കേട്ട് കിടന്നു. ഭഗീരഥന്‍ ജനിച്ചപ്പോ അവന്റെ ശരീരത്തില്‍ ഒരൊറ്റ എല്ലുപോലും ഉണ്ടായിരുന്നില്ല. അമ്മമാര്‍ക്ക് മാംസവും ഹൃദയവും മാത്രമേ ഉണ്ടാക്കാന്‍ പാടുള്ളൂ. മാംസം മാത്രം കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഭഗീരഥന്‍ പിന്നെ ഗംഗയെ സ്വീകരിച്ച് രാജാവായി. കിടക്കയില്‍ പാതിമയങ്ങി പാതികേട്ട് കിടക്കുമ്പോള്‍ ഒന്ന് നന്നായിട്ടുറങ്ങിയെങ്കില്‍ എന്നു തോന്നി. ഇരുട്ടില്‍ ആരും കാണാതെ ഒരു മൂലയ്ക്ക് ഒതുങ്ങിക്കിടന്ന് ഒന്നുമറിയാതെ ഉറങ്ങിയെങ്കില്‍ എന്നു തോന്നി. തലയിലിരുന്നു പിറുപിറുക്കാതെ ഇറങ്ങി വരാന്‍ പറഞ്ഞിട്ടും അവര്‍ വന്നില്ല. അവരെന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കുകയാണെന്നു തോന്നി. എന്തിനാണ് ഇവരിങ്ങനെ എന്റെ തല തിന്നുന്നത്? 
ഏഴാമത്തെ ആലോചനക്കാരേയും വേണ്ട എന്നു പറഞ്ഞതിനു തക്കതായ കാരണം പറയാന്‍ എന്റെ കയ്യിലും ഉത്തരമില്ലായിരുന്നു. എന്തിനാണ് നിര്‍ബ്ബന്ധിക്കുന്നത്, അവള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലെ എന്ന് ആരെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു നാല് കൊല്ലമായി വിചാരിക്കുന്നു. അതിനിടയില്‍ മഹാമാരിയും മഹാവ്യാധിയും വന്നുപോയി. ആരോടെങ്കിലും പ്രേമമുണ്ടോ എന്ന് ഒരുപാട് തവണ അമ്മ ചോദിച്ചു. അപ്പോഴും ആരെയും ഓര്‍മ്മവന്നില്ല. 

ഡേവിസിനേയും. അതിന് എനിക്ക് അയാളോട് ഒന്നും ഉണ്ടായിരുന്നില്ലല്ലോ. 

പേടിയാണത്രേ. ഭഗീരഥപ്രയത്‌നത്തെപ്പറ്റി വായതോരാതെ പറഞ്ഞുകൊണ്ടിരുന്നു. യോനികള്‍ ചേര്‍ന്നുണ്ടായ കഥ അവരെന്നോട് മറച്ചുവച്ചു. പറഞ്ഞാല്‍ വിശ്വസിക്കില്ലത്രെ. അല്ലെങ്കില്‍ ചിരിക്കുമത്രെ. ഞാനെന്തിനു ചിരിക്കണം? എനിക്ക് രണ്ട് പേരോടും ദേഷ്യപ്പെടാന്‍ തോന്നി. പണ്ട് ഡേവിസിനോട് ദേഷ്യപ്പെട്ടതുപോലെ, ഉത്തരമറിയാത്ത ചോദ്യങ്ങള്‍ തന്നു കുഴപ്പിക്കുന്ന അമ്മയോട് ദേഷ്യപ്പെട്ടതുപോലെ.

നേരെ ചെന്ന് ഡേവിസിന്റെ വാതിലില്‍ മുഷ്ടിക്കൊണ്ട് മുട്ടി. വാതിലു തുറന്നപ്പോള്‍ അയാളുടെ മുറിയുടെ ജനലിലൂടെ ചന്ദ്രന്റെ പാതി നില്‍ക്കുന്നതു കണ്ടപ്പോള്‍ ഞാനൊന്നു തണുത്തു. ഡേവിസ് ആകെ ഞെട്ടിയിരുന്നു. എവിടെയോ കണ്ട മുഖം തപ്പിയെടുക്കുകയാവും. ഡേവിസിനു വലിയ മാറ്റമൊന്നും തോന്നിയില്ല. അതേ മെലിഞ്ഞ മനുഷ്യന്‍. മുടി കഴുത്തിനൊപ്പമില്ല. വെട്ടിയൊതുക്കി വച്ചിരിക്കുന്നു.

''അഥീന എന്താ ഇവിടെ?''

എന്റെ മുറി ഇതാണെന്നു തൊട്ടുകാണിച്ചു. എന്നെ മുറിയിലേയ്ക്ക് ക്ഷണിച്ച് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ആദ്യമായിട്ടാണ് ഒരാണിന്റെ മുറീല്‍ ഒറ്റയ്ക്ക് ഇരിക്കുന്നത്. വലിയ അപരിചിതത്വമൊന്നും തോന്നിയില്ല. കോളേജ് കഴിഞ്ഞതു മുതലുള്ള കാര്യങ്ങള്‍ ഡേവിസ് പറഞ്ഞു. ജര്‍മനിയിലെ ബ്ലഡ് ബാങ്ക് നിര്‍മ്മാണ കമ്പനിയിലെ വലിയ ജോലി, കല്യാണം, നാട്ടിലേക്കുള്ള യാത്രകള്‍ അങ്ങനെ നടത്തിയ ഭഗീരഥപ്രയത്‌നങ്ങളുടെ കഥ. പാരന്റ്സ് മീറ്റിങ്ങിനു വന്ന ഒരു ഗള്‍ഫുകാരനെപ്പോലെ തോന്നി. എനിക്കു പറയാന്‍ പഠിത്തം കഴിഞ്ഞപ്പോള്‍ കിട്ടിയ ജോലിയും വര്‍ഷങ്ങളായി ചെയ്യുന്ന ടീച്ചറ് പണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനാദ്യമായിട്ടാണ് ഒറ്റക്കൊരിടത്ത് നില്‍ക്കുന്നതെന്നു പറഞ്ഞപ്പോള്‍ ഡേവിസ് പൊട്ടിച്ചിരിച്ചു. നല്ല തേജസ്സുള്ള ചിരി. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നറിഞ്ഞപ്പോള്‍ ജര്‍മനിയിലെ നാല്‍പ്പതിലും ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍സുഹൃത്തുക്കളെക്കുറിച്ചും സിംഗിള്‍ മദേഴ്സിനെപ്പറ്റിയും കുറെ കഥകള്‍ പറഞ്ഞു. ഫോണെടുത്ത് ചിലരെയൊക്കെ കാണിച്ചുതന്നു. എന്റെ മറുപടികളുടെ മൂളക്കങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ ഡേവിസ് ബാഗില്‍ കയ്യിട്ട് കുറച്ച് ചോക്ലേറ്റുകള്‍ എടുത്ത് എനിക്ക് നീട്ടി. ഞാന്‍ ചെറിയ കുട്ടികളെപ്പോലെ അതു വാങ്ങി മടിയില്‍ വച്ചു. ഇനിയെന്തു ചെയ്യണമെന്നറിയാതെ ധാരണയില്ലാതെ ഇരുന്നു. ഇപ്പോള്‍ ഒച്ചയും അനക്കവുമൊക്കെ നിന്ന് ഹോട്ടല്‍ ശാന്തമായിരിക്കുന്നു. തലയ്ക്കകവും മിണ്ടാട്ടം ഇല്ലാതെ ഇരുന്നു. അവരുറങ്ങിയിട്ടുണ്ടാകും.

ഇനിയെന്ത് പറയണമെന്നാലോചിച്ചു. ഒന്നും കിട്ടുന്നില്ല, പക്ഷേ, എഴുന്നേറ്റ് പോകാനും തോന്നുന്നില്ല. മെല്ലെ അതിലെ ഒരു ചോക്ലേറ്റ് കയ്യിലെടുത്തു പൊളിച്ചു. ''അത് 99 ശതമാനം ചോക്കോ ആണ്. മുഴുവന്‍ തിന്നാല്‍ തല കിക്കാവും'' എന്ന് ഡേവിസ് പറഞ്ഞു. കറുത്ത വണ്ണമുള്ള അച്ചുകള്‍ സ്വര്‍ണ്ണനിറമുള്ള ഫോയിലില്‍നിന്നെടുത്ത് വായിലിട്ടു. നല്ല കയ്പ് വായില്‍നിന്നു തൊണ്ടയിലേയ്ക്ക് ഊര്‍ന്നിറങ്ങി. ഡേവിസ് റമി മാര്‍ട്ടിനിയെന്നെഴുതിയ ഒരു വലിയ കുപ്പിയില്‍നിന്നു കുറച്ചെടുത്ത് ഗ്ലാസ്സിലേക്കൊഴിച്ച് കുടിച്ചു. ''അഥീന കുടിക്കത്തില്ലലോ, അല്ലേ.'' ഇല്ലെന്നു തലയാട്ടി, വെറുതെ ചുണ്ടിനെ ചെറുതായൊന്നു വലിച്ച് നീട്ടി ചിരിച്ചു.

ചോക്ലേറ്റ് വായിലിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. എത്രനേരം അങ്ങനെയിരുന്നുവെന്ന് ഓര്‍മ്മയില്ല. എനിക്ക് ഉറക്കം വരുന്നതുപോലെ തോന്നി. അവരുണരുന്നതിനു മുന്‍പ് റൂമില്‍പോയി കുറച്ചുനേരം ഉറങ്ങാമെന്നു വിചാരിച്ച് ഡേവിസിനോട് യാത്ര പറഞ്ഞു. വാതില് തുറന്നു തന്നപ്പോള്‍ ഡേവിസ് എന്റെ വിരലില്‍ ഒന്നു തൊട്ടു. 

''നീ മറ്റേതാണോ? അറിയാന്‍ വേണ്ടി ചോയ്ക്കുവാ! ആരോടും പറയാനല്ല.'' 
ഡേവിസിന്റെ ഒറ്റശ്വാസത്തിലുണ്ടായ ചോദ്യത്തില്‍ ഞാനാകെ അന്ധാളിച്ചുപോയി. ചോക്ലേറ്റ് പിടിച്ച കൈവെള്ള വിയര്‍ക്കുന്നതുപോലെ തോന്നി. വാതില്‍പ്പടിയില്‍നിന്നു വിരല്‍ വിടുവിച്ച് പുറത്തേയ്ക്ക് നിന്ന് ഡേവിസിനെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഒരുമ്മവച്ചു. 

ഡേവിസ് ചിരിച്ച്, മുടിയൊതുക്കി, തല താഴ്ത്തി എന്റെ തോളിലൊന്ന് തട്ടി കതകടച്ചു. ഞാനെന്റെ റൂമിലേക്ക് വേഗം നടന്നുകയറി കതകടച്ചു. മുറിയാകെ വിയര്‍ത്തിരിക്കുന്നു. നല്ല ഇരുട്ട്. തലയില്‍ അരളി പൂത്ത മണം. 
ഭഗീരഥന്റെ അമ്മമാര്‍ എനിക്കു പാട്ട് പാടിത്തന്നു.* അവരുടെ യോനികള്‍ ഉരസി ഗംഗാജലം മേഘങ്ങളെപ്പോലെ ഭൂമിയിലേയ്ക്ക് ഒഴുകുന്നതുകണ്ട് ഞാന്‍ കിടന്നു. 

കൈകള്‍ തുടക്കിടയിലെ രോമങ്ങളിലൊളിപ്പിച്ച് മുട്ട് മടക്കി തല കാല്‍മൊട്ടില്‍ കുത്തിക്കിടന്നു.**

--------------------------------------------- 
* ഭാഗേ ഭാഗേ ജനം ഹേതു ഭഗീരഥ് നാം. 
രാമായണത്തില്‍ ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാ നദിയെ ഭൂമിയിലേക്ക് വരുത്തിയ രാജാവാണ്. ഭഗീരഥന്റെ ജനനം രണ്ട് സ്ത്രീകളില്‍നിന്നാണ്. യോനികള്‍ ചേര്‍ന്നുണ്ടായത് എന്ന അര്‍ത്ഥത്തിലാണ് ഭഗീരഥന്‍ എന്ന പേര് ഉണ്ടാകുന്നത്. 
* *the featal position

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com