'പുഴകടത്ത്'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

മഴ തോര്‍ന്ന തുലാമാസ രാത്രിയായിരുന്നു. ആകാശം കന്നുപൂട്ടു കഴിഞ്ഞ ചേറ്റുകണ്ടം പോലെ കിടന്നു. വൈകിയുദിച്ച നിലാവ് കറുത്തു കലങ്ങിയ മേഘങ്ങള്‍ക്കു പിന്നില്‍ താഴേയ്ക്കു പൊഴിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടി നിന്നു
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഴ തോര്‍ന്ന തുലാമാസ രാത്രിയായിരുന്നു. ആകാശം കന്നുപൂട്ടു കഴിഞ്ഞ ചേറ്റുകണ്ടം പോലെ കിടന്നു. വൈകിയുദിച്ച നിലാവ് കറുത്തു കലങ്ങിയ മേഘങ്ങള്‍ക്കു പിന്നില്‍ താഴേയ്ക്കു പൊഴിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടി നിന്നു. കൂരിരുട്ടുള്ള രാത്രികള്‍ക്ക് സഹചാരിയായി ഒരു നാട്ടുവെളിച്ചം കൂടി ഉണ്ടാകുമല്ലോ. അങ്ങനെയൊന്ന് ആ രാത്രിയേയും അനുഗ്രഹിച്ചിരുന്നു.

പന്ത്രണ്ടു വയസ്സുള്ള കുഞ്ഞുണ്ണി, അച്ഛന്‍ സോമന്‍ പിള്ളയില്‍നിന്ന് പിടിച്ച പിടിയാലെ നേടിയെടുത്ത ഒന്നായിരുന്നു ആ യാത്ര പോകുന്നതിനുള്ള അനുമതി. ആ പ്രായത്തിലുള്ള ഏതൊരു ആണ്‍കുട്ടിയേയും പോലെ അമ്മ അംബുജം വഴിക്കാണ് അവന്‍ ആദ്യം ശ്രമിച്ചു നോക്കിയത്.

''അസമയത്ത് കൊച്ചു വള്ളത്തേ കേറി കായലി പോകാനോ. അതു നടക്കുകേല.''
ഭാര്യ മുഖേന വന്ന മകന്റെ അപേക്ഷയ്ക്കുമേല്‍ സോമന്‍ പിള്ള ഒറ്റയടിക്ക് തീര്‍പ്പു കല്പിച്ചു.

കുഞ്ഞുണ്ണിക്ക് പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാന്‍ തോന്നിയില്ല.

പറമ്പിലെ പണിക്കാരനായ അയ്യപ്പനെ സോമന്‍ പിള്ള ആ യാത്രയ്ക്ക് ചട്ടം കെട്ടിയതു മുതല്‍ അവന്‍ തീരുമാനിച്ച് ഉറപ്പിച്ച കാര്യമായിരുന്നു അത്.

കുഞ്ഞുണ്ണി ധൈര്യം സംഭരിച്ച് സോമന്‍ പിള്ളയുടെ മുന്നില്‍ നേരിട്ടു ഹാജരായി. തീവ്രമായ ആഗ്രഹങ്ങള്‍ ആരെയും നിര്‍ഭയരാക്കുമല്ലോ.

''എനിക്കും പോണം.'' മുഖവുരയൊന്നും കൂടാതെ അവന്‍ തന്റെ ആവശ്യം അറിയിച്ചു.
മകന്റെ ശബ്ദത്തിലെ ദാര്‍ഢ്യം സോമന്‍ പിള്ളയെ തൊട്ടു. അവന്‍ മുതിര്‍ന്നു തുടങ്ങുകയാണെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടായി.

''സൂക്ഷിച്ചും കണ്ടും വേണം. വള്ളത്തേ പിടിച്ചിരുന്നോണം.'' അയാള്‍ അവനോടു പറഞ്ഞു.
അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അംബുജം സോമന്‍പിള്ളയോട് ചോദിച്ചു: ''ചെറുക്കന് സമ്മതം കൊടുത്തു, അല്ലേ?''
''അവന്റെ ഒരാഗ്രഹമല്ലേ,'' സോമന്‍ പിള്ള പറഞ്ഞു: ''പോയേച്ചു വരട്ടെ.''
സോമന്‍ പിള്ള ലാഘവത്തോടെയാണ് അങ്ങനെ പറഞ്ഞതെങ്കിലും പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള മകന്‍ നേര്‍ക്കുനേര്‍ നിന്ന് ആദ്യമായി ഒരാവശ്യം ഉന്നയിച്ചത് അയാളെ ഒന്ന് ഉലച്ചിരുന്നു.

സോമന്‍ പിള്ളയുടെ വീടിനു സമീപത്തെ കടവില്‍നിന്നു പുറപ്പെട്ട വള്ളം ഇപ്പോള്‍ മാമ്പിളളിത്തോടും കരിയാറും പിന്നിട്ട് എഴുമാംകായലില്‍ പ്രവേശിച്ചിരുന്നു.

രണ്ടു പേര്‍ക്കു മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു കൊച്ചുവള്ളമായിരുന്നു അത്.

വള്ളം തുഴഞ്ഞിരുന്നത് അയ്യപ്പനായിരുന്നു.

വള്ളത്തിന്റെ മറുകോതിയില്‍ അയ്യപ്പന് അഭിമുഖമായി കുഞ്ഞുണ്ണി ഇരുന്നു.

കരിയാറ്റിലൂടെയും എഴുമാം കായലിലൂടെയുമൊക്കെ അച്ഛന്‍ സോമന്‍ പിള്ളയ്‌ക്കൊപ്പം കുഞ്ഞുണ്ണി പല തവണ തോണിയാത്ര നടത്തിയിട്ടുള്ളതാണ്. അതെല്ലാം പക്ഷേ, തെളിഞ്ഞ പകല്‍നേരങ്ങളിലായിരുന്നു.

മുതു പാതിരായ്ക്ക് അങ്ങനെ ഒരു യാത്ര കുഞ്ഞുണ്ണിയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടായിരുന്നു.

നാട്ടുവെളിച്ചം ഇപ്പോള്‍ മങ്ങിയ നിലാവിന് വഴിമാറിയിരിക്കുന്നു. നിലാവ് അയ്യപ്പന്റെ തുഴഞ്ഞു വിയര്‍ത്ത ദൃഢഭുജങ്ങളില്‍ വീണ് ചൂടുപിടിച്ചുണരാന്‍ തുടങ്ങിയിരിക്കുന്നു.

കായലിന്റെ ഇരുകരകളിലും നിരയൊപ്പിച്ചു നിന്ന തൈത്തെങ്ങുകള്‍ ഉറക്കത്തിലേക്കു വഴുതിക്കഴിഞ്ഞിരുന്നു. അവയുടെ മുടിയിഴകളില്‍നിന്നു വിരലെടുത്ത കാറ്റ് ഇപ്പോള്‍ കായല്‍പ്പരപ്പിനെ നിലാവിനെതിരെ പിടിച്ച, ഞൊറിവുകള്‍ വീണ ഒരു കണ്ണാടിയാക്കിയിട്ടുണ്ട്.

രാത്രിയിലെ കായല്‍ക്കാറ്റിന് കറ്റാര്‍വാഴയുടെ ഗന്ധമാണുള്ളതെന്ന് കുഞ്ഞുണ്ണി തിരിച്ചറിഞ്ഞു; അല്ലെങ്കില്‍ കുളിച്ചു തോര്‍ത്തിക്കഴിയുമ്പോഴുള്ള ഉടലിന്റെ ഗന്ധം.

അവന്‍ ആ ഗന്ധം മൂക്കു വിടര്‍ത്തി വലിച്ചെടുത്തു.

വള്ളത്തിനുള്ളില്‍ അയ്യപ്പനേയും കുഞ്ഞുണ്ണിയേയും കൂടാതെ രണ്ടു ചാക്കുകെട്ടുകള്‍ കൂടി ഉണ്ടായിരുന്നു.
പിണിക്കയര്‍ കൊണ്ട് വായ മൂടിക്കെട്ടിയ അവയ്ക്കുള്ളില്‍ ഗൗരി എന്നും കുഞ്ചി എന്നും പേരുള്ള രണ്ട് നായ്ക്കളായിരുന്നു.

ഗൗരി സോമന്‍ പിള്ളയുടെ വളര്‍ത്തുനായയായിരുന്നു; കുഞ്ചി അയ്യപ്പന്റേയും.
നായ്ക്കളെ രണ്ടിനേയും പുഴ കടത്താനുള്ള യാത്രയായിരുന്നു അത്.

മാമ്പിള്ളിത്തോടും കരിയാറും പിന്നിടുന്നതുവരെ ചാക്കുകെട്ടുകള്‍ക്കുള്ളിലിരുന്ന് പരസ്പരം പോര്‍വിളിച്ചുകൊണ്ടിരുന്ന നായ്ക്കള്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്.

കായലിന്റെ തുറസ്സിലെ രാത്രി ചാക്കുകെട്ടുകള്‍ക്കുള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങി അവറ്റയെ ഏകാകികളാക്കി തീര്‍ത്തിരുന്നു.

യാത്ര ആരംഭിക്കുമ്പോള്‍ തോന്നിയ ഉത്സാഹമൊന്നും അപ്പോള്‍ കുഞ്ഞുണ്ണിയില്‍ ഉണ്ടായിരുന്നില്ല.

വള്ളത്തിനുള്ളിലെ ആ ചാക്കുകെട്ടുകള്‍ തന്റെ നെഞ്ചിനു മുകളില്‍ വെച്ച രണ്ടു കരിങ്കല്ലുകളായി അവന് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു.

അരുതാത്തതെന്തോ ചെയ്യാന്‍ പോകുന്നു എന്ന ഒരു തോന്നല്‍.

ഉള്ളിലെവിടെയോ ഒരു വേദന ഊറി നിറയുന്നതുപോലെ.

കരിയാറ്റിലൂടെ മലവെള്ളം കുത്തിയൊഴുകിയ ഒരു ഇടവപ്പാതിക്ക് ഒരു പുല്‍ക്കെട്ടിനു മുകളിലിരുന്ന് ഒഴുകിവന്നതായിരുന്നു ഗൗരിയും കുഞ്ചിയും. ബാലാരിഷ്ടത ബാക്കിനിന്ന രണ്ടു ശിശുക്കള്‍. വലിയ വായില്‍ അവ നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നു. മുന്നില്‍ ഒരു വട്ടയിലയില്‍ തണുത്താറിയ നേദ്യം പോലെ ചോറിന്റെ വറ്റുകള്‍. 

ആറ്റില്‍ ചൂണ്ടയിടുകയായിരുന്ന അയ്യപ്പന്‍ മറ്റൊന്നും നോക്കിയില്ല. കുത്തൊഴുക്ക് മുറിച്ചു നീന്തി ആ പുല്‍ക്കെട്ട് കരയ്ക്കടുപ്പിച്ചു.

''ആരാണ്ട് ഉപേക്ഷിച്ചു വിട്ടതാ പിള്ളേച്ചാ. രണ്ടും പെണ്ണ്.''
നായ്ക്കുട്ടികളെ രണ്ടിനേയും കയ്യിലേന്തി അയ്യപ്പന്‍ നേരെ സോമന്‍ പിള്ളയുടെ വീട്ടുമുറ്റത്തെത്തി.
''കരച്ചില് കണ്ടപ്പം വിട്ടുകളയാന്‍ തോന്നീല്ല.''
സോമന്‍ പിള്ള അപ്പോള്‍ ഇളം തിണ്ണയിലിട്ട കസേരയില്‍, ഇടവപ്പാതിയുടെ ഈറന്‍ സായാഹ്നത്തിലേയ്ക്ക് ഒരു ശൂന്യ നോട്ടമയച്ചുകൊണ്ട് അംബുജം തയ്യാറാക്കി 
നല്‍കിയ തീച്ചൂടുള്ള ചായ ഊതിക്കുടിക്കുകയായിരുന്നു. വൈകിട്ട് ഒരു സ്റ്റീല്‍ മഗ് നിറയെ പാല്‍ച്ചായ അയാളുടെ നിര്‍ബ്ബന്ധങ്ങളിലൊന്നായിരുന്നു.

അംബുജം ചുവന്ന പൂക്കളുടെ ചിത്രം പതിച്ച ഒരു ചില്ലു ഗ്ലാസ്സില്‍ അയ്യപ്പനും ചായ നല്‍കി. തലേ വര്‍ഷം വൈക്കത്തഷ്ടമിക്കു പോയപ്പോള്‍ വെച്ചുവാണിഭക്കാരോട് അവള്‍ വിലപേശി വാങ്ങിയ അര ഡസന്‍ ചില്ലു ഗ്ലാസ്സുകളിലൊന്നായിരുന്നു അത്.

ആറ്റിറമ്പില്‍ ഇടവപ്പാതിയുടെ മഴച്ചാറലേറ്റുകൊണ്ട് രാവിലെ മുതല്‍ ചൂണ്ടയിടുകയായിരുന്ന അയ്യപ്പന് ചായയുടെ തീച്ചൂട് ഒരു പ്രശ്‌നമായി തോന്നിയില്ല. അയാള്‍ രണ്ടു തവണ മൊത്തിയപ്പോള്‍ത്തന്നെ ഗ്ലാസ്സ് പകുതിയായി.

ബാക്കിവന്ന ചായ അയാള്‍ നടക്കല്ലില്‍ ഇറ്റിച്ചു. എന്നിട്ട് നായ്ക്കുട്ടികളെ രണ്ടിനേയും നിലത്തിറക്കി വിട്ടു.
ചായയുടെ പാല്‍മണം കിട്ടിയപ്പോള്‍ മുതല്‍ അവയുടെ മൂക്ക് വിടരാന്‍ തുടങ്ങിയത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

നടക്കല്ലില്‍ വീണ പാല്‍ച്ചായ നായ്ക്കുട്ടികള്‍ രണ്ടും ചേര്‍ന്നു മത്സരിച്ച് നക്കിത്തോര്‍ത്തി.

നായ്ക്കുട്ടികളിലൊന്ന് കരിക്കലം പോലെ കറുത്തിട്ടായിരുന്നു. മറ്റേത് തുമ്പപ്പൂപോലെ വെളുത്തിട്ടും.

കറുത്ത നായ്ക്കുട്ടിയെ അയ്യപ്പന്‍ സോമന്‍പിള്ളയുടെ വീടിന്റെ ഇളം തിണ്ണയില്‍ കയറ്റിനിര്‍ത്തി.

''ഇത് കെവ്രിക്കുട്ടി. ഇവളിവിടെ നില്‍ക്കട്ടെ, ടിപ്പൂന് ഒരു കൂട്ടായിട്ട്.''
അയ്യപ്പന്‍ ഗൗരി എന്ന പേരു നല്‍കി തനിക്കു സമ്മാനിച്ച ആ കറുത്ത നായ്ക്കുട്ടിയെ സോമന്‍ പിള്ള കൗതുകത്തോടെ നോക്കി. അയാള്‍ മറുത്തൊന്നും പറഞ്ഞില്ല. അത്തരം ചില സ്വാതന്ത്ര്യങ്ങളെടുക്കാനുള്ള അവകാശം അയ്യപ്പന് സോമന്‍ പിള്ളയുടെമേല്‍ ഉണ്ടായിരുന്നു.

ഇളം തിണ്ണയുടെ ഒരു മൂലയ്ക്ക് തുടലിലിട്ടിരിക്കുകയായിരുന്ന ടിപ്പു പക്ഷേ, ക്രുദ്ധനായി ചാടിയെഴുന്നേല്‍ക്കുകയും ഗംഭീരമായി കുരയ്ക്കാന്‍ തുടങ്ങുകയും ചെയ്തു.

സോമന്‍ പിള്ളയുടെ പട്ടി എന്നു കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കു മുഴുവന്‍ ഓര്‍മ്മവന്നിരുന്ന, ഭയം ജനിപ്പിക്കുന്ന കുരയായിരുന്നു അത്.

സോമന്‍ പിള്ളയും അംബുജവും അയ്യപ്പനും നിശ്ശബ്ദരായി നിന്ന് ടിപ്പുവിന് അവന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം കൊടുത്തു.

തനിക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതും ടിപ്പു അടങ്ങി.

''ഇത് കുഞ്ചി. ഇവള്‍ എന്റെ കൂടേം പോരട്ടെ.'' വെളുത്ത നായ്ക്കുട്ടിയെ കൈയിലെടുത്തുകൊണ്ട് നടക്കല്ലുകളിറങ്ങുമ്പോള്‍ അയ്യപ്പന്‍ പറഞ്ഞു.

സോമന്‍ പിള്ളയുടെ പറമ്പും അതിനു മുന്നിലെ പാടവും അവസാനിക്കുന്നിടത്തായിരുന്നു മാമ്പിള്ളിച്ചിറ. മാമ്പിള്ളിത്തോടിന്റെ പടിഞ്ഞാറെ കരയായിരുന്നു അത്. അവിടെയായിരുന്നു അയ്യപ്പന്റെ കുടില്‍.

''നിങ്ങക്കിത് എന്നാത്തിന്റെ സൂക്കേടാര്ന്നു, ആറ്റിക്കൂടെ ഒഴുകിപ്പോയ സാമാനത്തിനെയൊക്കെ പിടിച്ച് വീട്ടി കൊണ്ടുവരാന്‍? രാത്രി മുഴുവന്‍ ഇതു ചെവി തല കേപ്പിക്കുകേല, നോക്കിക്കോ.''
കുടിലിന്റെ ഇറയത്തു കിടത്തിയിരുന്ന കുഞ്ചി രാത്രി വൈകിയും നിറുത്താതെ കരഞ്ഞതോടെ അയ്യപ്പന്റെ ഭാര്യ കാളിക്ക് അടിമുടി ചൊറിഞ്ഞുകയറി.

മധ്യവയസ്സെത്തിയ, മക്കളില്ലാത്ത ദമ്പതിമാരായിരുന്നു അയ്യപ്പനും കാളിയും. ഒരു കുഞ്ഞിന്റെ കരച്ചില്‍ മൂലം ഉറക്കം കെടുന്ന അനുഭവം അതുകൊണ്ടുതന്നെ അവര്‍ക്ക് അന്യമായിരുന്നു.

അനപത്യത, പരിഹാരമില്ലാത്ത ഏതൊരു ഇല്ലായ്മയേയും പോലെ അവര്‍ക്ക് ഒരു ശീലമായിക്കഴിഞ്ഞിരുന്നു.
അയ്യപ്പന്‍ പക്ഷേ, കാളിയുടെ ആ രോഷം അറിയുകയുണ്ടായില്ല. അയാള്‍ അതിനകം ഉറക്കത്തില്‍ വീണുപോവുകയും ഒരു സ്വപ്‌നം കണ്ടു തുടങ്ങുകയും ചെയ്തിരുന്നു.

കറുത്ത് കുള്ളനായ ഒരു മനുഷ്യന്‍ ഭീമാകാരനായ ഒരു നായയേയും തുടലിലിട്ടു നടക്കുകയാണ്. തുമ്പപ്പൂവിന്റെ നിറമാണ് നായയ്ക്ക്. നായയേയും തുടലിലിട്ടു നടക്കുന്ന മനുഷ്യന്‍ അതിന്റെ യജമാനന്‍ തന്നെയോ എന്ന് ആരും സംശയിച്ചുപോകും. നായയുടെമേല്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും എന്നാല്‍, അയാളുടെ ശരീരഭാഷയില്‍ ലയിച്ചു ചേരാതെ കിടക്കുകയും ചെയ്ത ആജ്ഞാശക്തിയായിരുന്നു അതിനു കാരണം.

നായ പക്ഷേ, അതൊന്നും ഗൗനിച്ച മട്ടുണ്ടായിരുന്നില്ല. അതിന്റെ ഓരോ ചലനത്തിലും യജമാനനോടുള്ള കൂറ് ആഴത്തില്‍ മുദ്രിതമായി കിടന്നു.

നായയുടെ കഴുത്തില്‍ തുടലുണ്ടായിരുന്നില്ല എന്നതാണ് രസകരമായ കാര്യം. തുടലുണ്ട് എന്നത് കാണുന്നവരുടെ ഒരു തോന്നല്‍ മാത്രമായിരുന്നു. നായ അയാളോടു പ്രകടിപ്പിച്ചുകൊണ്ടിരുന്ന പൂര്‍ണ്ണമായ വിധേയത്വം കാഴ്ചക്കാരെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കുകയായിരുന്നു.

അയാള്‍ ഇപ്പോള്‍ നായയെ മുറ്റത്തിരുത്തി വീടിനുള്ളിലേയ്ക്ക് കയറിപ്പോയിരിക്കുന്നു.

നായയുടെ മുഴങ്ങുന്ന കുരയാണ് പിന്നീടു കേള്‍ക്കുന്നത്.

വേലിക്കു പുറത്ത് വെളുത്ത് ദീര്‍ഘകായനായ ഒരു മനുഷ്യന്‍. മടക്കിക്കുത്തിയ വെള്ള മുണ്ടും തോളില്‍ തോര്‍ത്തും. പരിഭ്രമം കൊണ്ട് അയാളുടെ വെളുത്ത മുഖം ചുവന്നു തുടുത്തിരുന്നു.

''പട്ടിയെ പൂട്ടീട്ടൊണ്ടോ, അകത്തേയ്ക്കു വരാവോ?'' അയാള്‍ വിളിച്ചു ചോദിച്ചു.

''ധൈര്യമായി പോരൂ,'' കറുത്ത് കുള്ളനായ മനുഷ്യന്‍ വീടിനു വെളിയില്‍ വന്ന് അയാളോടു പറഞ്ഞു: 
'എന്റെ ഒരു നോട്ടം മതി അവനെ പൂട്ടാന്‍.''
അതോടെ നായ കുര നിര്‍ത്തി.

വേലിപ്പടി കവച്ചുവച്ച് അകത്തേയ്ക്കു വന്ന, വെളുത്ത് ദീര്‍ഘകായനായ മനുഷ്യന് സോമന്‍ പിള്ളയുടെ മുഖമാണെന്നും കറുത്ത് കുള്ളനായ മനുഷ്യന്‍ താന്‍ തന്നെയാണെന്നും തിരിച്ചറിഞ്ഞതോടെ അയ്യപ്പന്‍ സ്വപ്‌നം മുറിഞ്ഞ് ഞെട്ടിയുണര്‍ന്നു.

ഇടവപ്പാതിയുടെ ആ നനഞ്ഞ പാതിരാവില്‍ അടിമുടി വിയര്‍ത്ത്, തൊണ്ട വരണ്ട് അയാള്‍ കിടക്കപ്പായയില്‍ എഴുന്നേറ്റിരുന്നു.

ആ രാത്രി സോമന്‍ പിള്ളയുടെ വീട്ടില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

''ഇനി കന്നിമാസമാകുമ്പം പേടിക്കാനില്ല'' കിടപ്പറയില്‍ സോമന്‍ പിള്ള അംബുജത്തോടു പറഞ്ഞു:
''ടിപ്പു ഈ പറമ്പിന്റെ നാലതിരുവിട്ട് എങ്ങും പോകത്തില്ല.''
ഗൗരിയെക്കൂടി വളര്‍ത്താന്‍ തീരുമാനിച്ചതിനുള്ള ന്യായം അയാള്‍ ഭാര്യയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

''അതെന്താ ഗൗരിക്ക് പോയ്ക്കൂടേ?'' അംബുജം മറുചോദ്യം ചോദിച്ചു: ''അതോ കന്നിമാസം ടിപ്പൂനു മാത്രമേയുള്ളൂ എന്നുണ്ടോ?''
അംബുജത്തിന്റെ മുള്ളുവെച്ച ആ ചോദ്യത്തിന് സോമന്‍ പിള്ള മറുപടി പറഞ്ഞില്ല. ആ ചോദ്യം ഒരു കലഹത്തിനു നേര്‍ക്കിട്ട വെടിമരുന്നാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അതിനു തീപ്പറ്റിക്കേണ്ടതില്ലെന്നു തീരുമാനിച്ച് അയാള്‍ തിരിഞ്ഞു കിടന്നു.

അന്തിമയക്കം കൂട്ടി പുറത്തിറങ്ങാറുള്ള സോമന്‍ പിള്ള ചില ദിവസങ്ങളില്‍ മടങ്ങാന്‍ വൈകും. അന്ന് അയാളെ കള്ളു മണക്കും. അത് അംബുജത്തിന് അറിയാം. അവള്‍ അത് സഹിക്കാന്‍ തയ്യാറുമാണ്. പക്ഷേ, അയാള്‍ ഒരു പെണ്‍മണം കൂടി പേറി വരാന്‍ തുടങ്ങിയത് അവളുടെ സ്വാസ്ഥ്യം കെടുത്തി.

അതിനെ സാധൂകരിക്കാന്‍ പോന്ന മറ്റു തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ അംബുജം നിശ്ശബ്ദത പാലിച്ചുപോന്നു.
ഒരുവേള, അത് തന്റെ ഒരു തോന്നല്‍ മാത്രമായിരിക്കുമോ എന്ന ശങ്കപോലും അവള്‍ക്കുണ്ടായി.

പന്ത്രണ്ടു വര്‍ഷം മുന്‍പ് ഒരു കുഞ്ഞിനു ജന്മം നല്‍കിക്കഴിഞ്ഞതോടെ അംബുജത്തിന്റെ ശരീരത്തെ ഒരു മരവിപ്പു ബാധിച്ചിരുന്നു. അതിന്റെ കാരണമാകട്ടെ, അവള്‍ക്കു തന്നെ അജ്ഞാതവുമായിരുന്നു. അതിനുശേഷം ചൂടുപിടിച്ചുണര്‍ന്ന ഒരുടലോ ഒരു ആണിന് ആഴ്ന്നിറങ്ങാന്‍ കഴിയുന്ന നനവോ ഭര്‍ത്താവിന് സമ്മാനിക്കാന്‍ അവള്‍ക്കായിട്ടില്ല. അതുകൊണ്ടുതന്നെ ചില സംശയങ്ങളെ, അതുളവാക്കുന്ന ദുഃഖങ്ങളെ അപ്പപ്പോള്‍ ദഹിപ്പിക്കാനുള്ള ഒരു ചിത അംബുജം ഉള്ളില്‍ സദാ എരിയിച്ചുപോന്നു.

എങ്കിലും ചില അവസരങ്ങളില്‍ അവളുടെ ചില ദുഃഖങ്ങള്‍ ആ ചിതയിലെരിയാന്‍ കൂട്ടാക്കാതെ പുറത്തു ചാടി. കലഹത്തിലും പിന്നെ കണ്ണീരിലും ചെന്ന് അത് ഒടുങ്ങി.

ഒരു ദിവസം അയ്യപ്പനെ തനിച്ചു കിട്ടിയപ്പോള്‍ അംബുജം ചോദിച്ചു: ''ഒരു കാര്യം ചോദിച്ചാല്‍ അയ്യപ്പന്‍ സത്യം പറയണം. പിള്ളേച്ചന്റെ നിഴലായിട്ട് നടക്കണ ആളല്ലേ. നിനക്ക് അറിയാതിരിക്കാന്‍ വഴിയില്ല.''
''അതെന്നാ ഒരു വര്‍ത്തമാനമാ'' അയ്യപ്പന്‍ പരിഭവിച്ചു: ''ഞാനെപ്പൊഴേലും അംബുജാക്ഷിയമ്മയോട് കള്ളം പറഞ്ഞിട്ടൊണ്ടോ? പറയുമെന്നു തോന്നുന്നുണ്ടോ?''
''സമ്മതിച്ചു. എങ്കില്‍ ഇതിനു മറുപടി പറ. രാത്രി വൈകണ ദിവസം പുള്ളിക്കാരന്‍ ഇതെവിടെയാ പോണേ?''
''എവടെപ്പോകാന്‍? ഷാപ്പീന്നെറങ്ങി കവല വരെ ഞങ്ങളൊരുമിച്ചു നടക്കും. അവിടെ ഔസേപ്പു മാപ്പിളേടെ കടേല്‍ ഞാന്‍ പലവ്യഞ്ജനം മേടിക്കാന്‍ കേറും. പിള്ളേച്ചന്‍ നേരെ വീട്ടിലോട്ടും പോരും.''
''നീ എന്താ പിള്ളേച്ചന്റെ വക്കാലത്തെടുക്കുവാണോ?''
അംബുജത്തിന് ദേഷ്യം വന്നു: ''കവലേന്ന് പിള്ളേച്ചന്‍ നേരെ വീട്ടിലോട്ടാണ് പോരണത് എന്നു നിനക്കെങ്ങനെ അറിയാം?''
ഒരു നിമിഷം നിശ്ശബ്ദനായി നിന്നിട്ട് അയ്യപ്പന്‍ ഒരു മറുചോദ്യം ചോദിച്ചു: ''എനിക്ക് അംബുജാക്ഷിയമ്മേടെ വക്കാലത്തൊള്ളതുകൊണ്ടാണോ വേറാരും അറിയരുതെന്ന് അംബുജാക്ഷിയമ്മ ചട്ടം കെട്ടീട്ടൊള്ള ചില കാര്യങ്ങള്‍ ഞാന്‍ ഇപ്പൊഴും രഹസ്യായിട്ട് കൊണ്ടു നടക്കണെ?''
അതോടെ അംബുജം നിരായുധയായി.

അംബുജം, മറ്റാരും അറിയരുതെന്ന് അയ്യപ്പനെ ചട്ടം കെട്ടിയിരുന്നത് രണ്ടേ രണ്ടു കാര്യങ്ങളായിരുന്നു.

ടിപ്പു രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ രണ്ടു പേരെ കടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അത്. 

അവന്‍ അത്രയും കാലത്തിനിടെ കടിച്ചിട്ടുള്ളത് ആ രണ്ടു പേരെ മാത്രമായിരുന്നുതാനും.

തുണിത്തരങ്ങള്‍ തലച്ചുമടായി വീടുതോറും കൊണ്ടുനടന്നു വില്‍ക്കുന്ന ഗോപാലന്‍ ചെട്ടി ഒരു ഉച്ചതിരിഞ്ഞ നേരത്താണ് സോമന്‍ പിള്ളയുടെ വീട്ടിലെത്തിയത്. ടിപ്പു ഒന്നു തലയുയര്‍ത്തി നോക്കി മയക്കം തുടര്‍ന്നു. മാസത്തിലൊരിക്കല്‍ വരാറുള്ള ചെട്ടി അവന് പരിചിതനാണ്.

സാരി, ബ്ലൗസ്പീസ്, അടിപ്പാവാട, നടുക്ക് പൂവുള്ള ജട്ടി, ഈരിഴ തോര്‍ത്ത്, മല്‍മല്‍ മുണ്ട് തുടങ്ങിയ തുണിത്തരങ്ങള്‍ ചെട്ടി ഒന്നൊന്നായി അംബുജത്തിനു മുന്നില്‍ നിരത്തി. തുടര്‍ന്ന് തൊഴില്‍ ശീലംകൊണ്ട് കുട്ടിയുടുപ്പുകള്‍ നിരത്താനൊരുങ്ങിയ അയാള്‍ ഒരു വീണ്ടുവിചാരത്തില്‍പ്പെട്ട് അതില്‍നിന്നു പിന്മാറി. അംബുജത്തിന്റെ ഒരേയൊരു മകന്‍ കുഞ്ഞുണ്ണി അവന്റെ ഇളംപ്രായം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു എന്ന കാര്യം അയാള്‍ക്ക് ഓര്‍മ്മവന്നു.

ഇളംനീല നിറമുള്ള ഒരു അടിപ്പാവാട മാത്രമാണ് അംബുജം തിരഞ്ഞെടുത്തത്. മഞ്ഞുകാലത്തെ പൗര്‍ണ്ണമി രാത്രിയുടെ നിറമുള്ള ആ പാവാട അംബുജത്തിന് ഇഷ്ടപ്പെട്ടു. അതേ നിറത്തിലുള്ള ഒരു സാരി മധുവിധുനാളുകളിലൊന്നില്‍ സോമന്‍ പിള്ള അവള്‍ക്കു വാങ്ങി നല്‍കിയിട്ടുണ്ടായിരുന്നു.

അംബുജം പാവാട അരയില്‍ വച്ച് ഇറക്കം നോക്കുമ്പോള്‍ ചെട്ടിക്ക് കണ്ണെടുക്കാനായില്ല.

സെറ്റുമുണ്ടിനടിയില്‍ നനുത്ത മടക്കുകളോടെ അംബുജത്തിന്റെ വയര്‍. തെങ്ങിന്‍ പൂക്കുലയുടെ നിറം.

എല്ലാം മയങ്ങിക്കിടന്ന ഉച്ച ചെട്ടിക്ക് എന്തോ ഒരു ധൈര്യം കൊടുത്തു. അയാളുടെ വിറയ്ക്കുന്ന വിരലുകള്‍ അംബുജത്തിനു നേരെ നീണ്ടു. 

സോമന്‍ പിള്ള അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. വാവടുത്തതോടെ കരയാന്‍ തുടങ്ങിയ അവരുടെ കൊമ്പിപ്പശുവിനെ രണ്ടുമൈല്‍ അകലെയുള്ള അവറാന്‍ മാപ്പിളയുടെ വീട്ടല്‍, അയാളുടെ വിത്തു കാളയെക്കൊണ്ട് ചവുട്ടിക്കാന്‍ പോയിരിക്കുകയായിരുന്നു അയാള്‍.

പറമ്പില്‍ തെങ്ങിനു തടമെടുത്തുകൊണ്ടിരുന്ന അയ്യപ്പനാകട്ടെ, ഉച്ചയൂണിനുശേഷം ഒരു ബീഡിയും വലിച്ച് തണലില്‍ വിശ്രമിക്കുകയും.

എന്താണു സംഭവിച്ചതെന്ന് പെട്ടെന്ന് അയ്യപ്പനു മനസ്സിലായില്ല.

അയ്യപ്പന്‍ ഓടിയെത്തുമ്പോള്‍ കാണുന്നത് ചോരയൊലിക്കുന്ന കാലുമായി നില്‍ക്കുന്ന ചെട്ടിയെയാണ്. ടിപ്പു ചെട്ടിയുടെ മുന്‍പില്‍ തുടലും പറിച്ചു നില്‍ക്കുന്നു. ടിപ്പുവിന്റെ മുഴങ്ങുന്ന കുരയില്‍ വീടാകെ വിറയ്ക്കുന്നു. അംബുജമാകട്ടെ, വിടര്‍ന്ന കണ്ണുകളുമായി ചെട്ടിയെത്തന്നെ നോക്കി നില്‍ക്കുന്നു.

''എന്ത് പണ്യാ ഇത് അംബുജാക്ഷിയമ്മേ'', ചെട്ടി അടിമുടി വിളറിയിരുന്നു: ''ഒറ്റച്ചാട്ടത്തിന് പറിഞ്ഞുപോരണ തുടലിലാണോ നിങ്ങള് പട്ടിയെ പൂട്ടണെ?''
അംബുജം ടിപ്പുവിനെ അനുനയിപ്പിച്ച് തുടലിലിട്ടു. എന്നിട്ട് ചെട്ടിക്ക് മുറിവു കഴുകാന്‍ വെള്ളവും കെട്ടാന്‍ തുണിയും കൊടുത്തു.

ചെട്ടി ഭാണ്ഡവുമെടുത്ത് യാത്രയായതോടെ അയ്യപ്പനും അംബുജവും മാത്രമായി.

ഉച്ചയുടെ ഒരു വരണ്ട കാറ്റ് അവരെ കടന്നുപോയി.

''ഇക്കാര്യം മറ്റാരും അറിയണ്ട.'' അംബുജം അയ്യപ്പനോടു പറഞ്ഞു: ''മറ്റാരും എന്നാല്‍ മറ്റൊരാള്‍ പോലും, മനസ്സിലായല്ലോ.''
ആ ഊന്നല്‍ സോമന്‍ പിള്ളയെ ഉദ്ദേശിച്ചാണെന്ന കാര്യത്തില്‍ അയ്യപ്പനു സംശയമൊന്നും ഉണ്ടായില്ല.

തടിക്കച്ചവടക്കാരനായ മാമച്ചന്‍ മരങ്ങള്‍ വില്‍ക്കാനുണ്ടോ എന്നന്വേഷിച്ച് വീടുകള്‍ തോറും കയറിയിറങ്ങുന്നതിനിടെയാണ് സോമന്‍ പിള്ളയുടെ വീട്ടില്‍ എത്തിയത്. വെയില്‍ തിളയ്ക്കാന്‍ തുടങ്ങിയ ഒരു ഉച്ചനേരമായിരുന്നു അത്. അംബുജം അപ്പോള്‍ അടുക്കളപ്പുറത്തിട്ട അരകല്ലില്‍, മീന്‍ കറിക്കു ചേര്‍ക്കാന്‍ തേങ്ങയും മുളകും അരയ്ക്കുകയായിരുന്നു.

സോമന്‍ പിള്ള വസ്തുവിന്റെ കരം കെട്ടുന്നതിനുവേണ്ടി രാവിലെ തന്നെ വില്ലേജാപ്പീസിലേയ്ക്ക് യാത്രയായിരുന്നു. കരം തീര്‍ത്ത രസീത് കിട്ടിയിട്ടു വേണമായിരുന്നു അയാള്‍ക്ക് ശ്രീകൃഷ്ണ വിലാസം കെട്ടു തെങ്ങു സംഘത്തിലെ ഇരുപത്തയ്യായിരം രൂപയുടെ നില്‍പ്പു വായ്പ ഒരാണ്ടത്തേയ്ക്കു കൂടി പുതുക്കി വയ്ക്കാന്‍.

സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ദ്വയാര്‍ത്ഥം കലര്‍ത്തി എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ നാവു തരിക്കുന്ന പ്രകൃതമായിരുന്നു മാമച്ചന്റേത്.

''എന്താ അംബുജാക്ഷിയമ്മേ കറിക്കരയ്ക്കുവാന്നോ?'' മാമച്ചന്‍ വിളിച്ചു ചോദിച്ചു: ''നന്നായിട്ടരയണം കേട്ടോ, അരേലാ സ്വാദിരിക്കണെ.''
അംബുജം നോക്കുമ്പോള്‍ മാമച്ചന്‍ ഹവായ് ചെരുപ്പുമിട്ട് മുറ്റത്തെ തെങ്ങില്‍, കഷ്ടി ഒരാള്‍ പൊക്കത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് കാണുന്നത്. 

താഴെ തുടലും പൊട്ടിച്ചു നില്‍ക്കുന്ന ടിപ്പു.

കടിയേറ്റ കാല്‍വണ്ണയില്‍നിന്ന് തെങ്ങിന്‍ ചുവട്ടിലേക്ക് ചോരത്തുള്ളികള്‍ ഇറ്റുവീഴുന്നു.

ഒരു തടിക്കച്ചവടക്കാരനെന്ന നിലയില്‍ സ്വായത്തമായിരുന്ന, മരം കയറാനുള്ള സിദ്ധി അയാളെ തുണയ്ക്കുകയുണ്ടായില്ലെന്ന് വ്യക്തം.

തൊഴുത്തിനു പിന്നിലെ അടയ്ക്കാമരത്തില്‍ കെട്ടിയിരുന്ന കൊമ്പിപ്പശുവിനെ, പൊതിമടലു കൊണ്ടുരച്ച് കുളിപ്പിക്കുകയായിരുന്ന അയ്യപ്പന്‍ ബഹളം കേട്ട് ഓടിയെത്തി.

അരയ്ക്കുന്നത് പാതിവഴിയില്‍ നിര്‍ത്തി, അരകല്ല് മുറം കൊണ്ടു മൂടി അംബുജവും.

ടിപ്പുവിനെ അനുനയിപ്പിച്ച് തുടലിലിടുകയും മാമച്ചന്‍ സ്ഥലം വിടുകയും ചെയ്തതോടെ അംബുജം അയ്യപ്പനോട് അതേ ആവശ്യം ഉന്നയിച്ചു: ''ഇതും മറ്റാരുമറിയണ്ട. മറ്റൊരാള്‍ പോലും.''
അയ്യപ്പന്റെ കുടിലില്‍ കുഞ്ചിയും സോമന്‍പിള്ളയുടെ വീട്ടില്‍ ഗൗരിയും ബാലാരിഷ്ടതകള്‍ പിന്നിട്ട് മുതിര്‍ന്നു.
എണ്ണക്കറുപ്പു നിറവും പളുങ്കു കണ്ണുകളുമുള്ള ഗൗരി നാള്‍ക്കുനാള്‍ മെഴുത്തുവന്നു.

''എന്നാ ഒരു വളര്‍ച്ചയാ ഇത്!'' അംബുജം ഒരിക്കല്‍ സോമന്‍ പിള്ളയോട് അദ്ഭുതം കൂറി. 

കുഞ്ചിയുടെ ശരീരത്തിനാകട്ടെ, പ്രായത്തിനൊത്ത പുഷ്ടി കൈവന്നതേയില്ല.

അടങ്ങാത്ത ആര്‍ത്തിയും മാറാ ദീനവും അവളെ വിടാതെ പിന്‍തുടര്‍ന്നു. അനുസരണമാകട്ടെ, അവളുടെ ഏഴയലത്തു കൂടി പോയതുമില്ല.

അയ്യപ്പന്റെ തല്ലുകൊള്ളുകയും ചീത്ത കേള്‍ക്കുകയും ചെയ്യുന്നത് കുഞ്ചിയെ സംബന്ധിച്ചിടത്തോളം പുതുമയില്ലാത്ത കാര്യമായി.

ഗൗരിയാകട്ടെ, അനുസരണയുടേയും വിനയത്തിന്റേയും പര്യായമായിരുന്നു. ആരെയും മുഷിപ്പിക്കാത്ത ഒരു നയചാതുരി അവള്‍ക്ക് സ്വതസിദ്ധമായിരുന്നു.

നേരം പുലര്‍ന്നാലുടന്‍ ടിപ്പുവിനെ തുടലിലിടുന്ന സോമന്‍ പിള്ള ഗൗരിക്ക് പക്ഷേ, പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.

ടിപ്പു ഇളംതിണ്ണയിലെ തൂണില്‍ ബന്ധനസ്ഥനായി ദീര്‍ഘമായ പകലുറക്കം നടത്തുമ്പോള്‍ ഗൗരി വീടിന്റെ പര്യമ്പുറങ്ങളില്‍ പകല്‍ മുഴുവന്‍ സ്വാതന്ത്ര്യത്തോടെ അലഞ്ഞു.

ഗൗരി ഒറ്റനോട്ടത്തില്‍ത്തന്നെ കരുത്തനായ ടിപ്പുവിനു ചേര്‍ന്ന ഇണയായിരുന്നു. പക്ഷേ, ടിപ്പുവിന്റെ കണ്ണില്‍ ഗൗരിയെ പ്രതി എന്തെങ്കിലും സവിശേഷമായ താല്പര്യം ഉദിക്കുന്നത് അംബുജം കണ്ടില്ല. ഗൗരിയാകട്ടെ, ടിപ്പുവിന്റെ സാമീപ്യത്തില്‍ തരളിതയാകുന്നതും അവര്‍ കണ്ടു.

കന്നിമാസം പിറന്നതോടെ സോമന്‍ പിള്ളയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

ടിപ്പുവിന് ഗൗരിയെ വളരെ പെട്ടെന്നുതന്നെ മടുത്തു. പകല്‍ മുഴുവന്‍ കുരയും കൂക്കിവിളിയുമായി അവന്‍ കെട്ടിന്‍ ചുവട്ടില്‍ ചുര മാന്തി. ഭക്ഷണം വേണ്ടാതായി. സന്ധ്യയ്ക്ക് തുടലില്‍നിന്ന് മോചിതനാകുന്നതോടെ അവന്‍ വൈവിധ്യമുള്ള പെണ്‍മണങ്ങള്‍ തേടി പാഞ്ഞു. ദിവസങ്ങളോളം പിന്നെ തിരികെ വരാതായി.

ഗൗരിയുടെ മണം പിടിച്ചു വന്ന മറ്റ് ആണ്‍പട്ടികള്‍ സോമന്‍പിള്ളയുടെ വീടിനെ വട്ടമിടാന്‍ തുടങ്ങി. ഒടുവില്‍ സോമന്‍ പിള്ളയ്ക്ക് മറ്റൊരു തുടലില്‍ ഗൗരിയെ പൂട്ടേണ്ടി വന്നു.

ഇതിനിടെ അയല്‍പക്കങ്ങളിലെ കോഴികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു.

കണ്ണോളിലെ പാറുക്കുട്ടിയമ്മയുടെ കോഴികളില്‍ ഒന്നിനെയാണ് ആദ്യം കാണാതായത്. പിന്നെ ഒലിപ്പുറത്ത് പരമേശ്വരന്റെ ഒരെണ്ണത്തിനെ. അധികം വൈകാതെ മഠത്തില്‍പ്പറമ്പില്‍ ദാസന്റേയും മനയ്ക്കല്‍ക്കരിയില്‍ സാറാമ്മയുടേയും രണ്ടു കോഴികളെ വീതം. ഏറ്റവുമൊടുവിലായി കാളിയുടെ അരുമയായ, കണ്ണന്‍ എന്നു പേരുള്ള പൂവന്‍കോഴിയെ.

രണ്ടു ദിവസം മുഴുവന്‍ കണ്ണനെ തെരഞ്ഞു നടന്ന കാളി മൂന്നാം ദിവസം കരച്ചിലും പിഴിച്ചിലുമായി. മക്കളില്ലാത്ത കാളിക്ക് കണ്ണന്‍ വെറുമൊരു കോഴി മാത്രമായിരുന്നില്ല.

കോഴികളുടെ തിരോധാനത്തിനു പിന്നില്‍ നായ്ക്കളാണ് എന്ന സംശയം പ്രബലമായിരുന്നു. പക്ഷേ, അത് ശരിവയ്ക്കാന്‍ പോന്ന തെളിവുകള്‍ ആരുടെ പക്കലും ഒട്ട് ഉണ്ടായിരുന്നുമില്ല.

ടിപ്പു, അവന്‍ പുലര്‍ത്തിപ്പോന്ന ആഭിജാത്യം കൊണ്ട് സംശയിക്കപ്പെടാനാവാത്ത ഒരു പദവി പണ്ടേ നേടിയെടുത്തിരുന്നു.

ആരെയും മുഷിപ്പിക്കാത്ത നയചാതുരിക്കുള്ളില്‍ ഗൗരിയും സുരക്ഷിതയായിരുന്നു.

ആര്‍ത്തിക്കും അനുസരണക്കേടിനും അയ്യപ്പന്റെ ശിക്ഷ സദാ ഇരന്നുവാങ്ങുന്ന കുഞ്ചിയുടെ നേര്‍ക്കുതന്നെ സംശയത്തിന്റെ മുന സ്വാഭാവികമായും നീണ്ടു.

തുലാമഴ തോര്‍ന്ന ഒരു സന്ധ്യയ്ക്ക് പറമ്പിന്റെ പടിഞ്ഞാറെ അതിരിലെ ഇല്ലിക്കാടിനു പിറകില്‍നിന്നു പറന്നുപൊങ്ങി ആകാശം മറച്ചുകൊണ്ടിരുന്ന ഈയാംപാറ്റകളെ കാണാന്‍ ഓടിയെത്തിയ കുഞ്ഞുണ്ണി മറ്റൊരു കാഴ്ച കൂടി കണ്ടു.

ചുണ്ടുകളിലും മൂക്കിന്‍ തുമ്പിലും പുരണ്ട ചോര നാവു നീട്ടി തുടച്ചുകൊണ്ട് ഗൗരി ഇല്ലിക്കാടിനുള്ളില്‍നിന്ന് ഇറങ്ങിവരുന്നു.

ഇല്ലിക്കാടിനകം നിറയെ കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങളില്‍ കോഴിത്തൂവലുകള്‍.

കുഞ്ഞുണ്ണിയെ കണ്ടതും ഗൗരി തന്റെ മയക്കുന്ന ചിരി പുറത്തെടുത്തു.

കുഞ്ഞുണ്ണി പിന്നെ ഈയാംപാറ്റകള്‍ പറന്നുയരുന്നതു കാണാന്‍ അവിടെ നിന്നില്ല. വീട്ടിലേയ്ക്ക് തിരിച്ചോടി.
''മറ്റാരും ഇതറിയണ്ട'', സോമന്‍ പിള്ള കുഞ്ഞുണ്ണിയോടും അംബുജത്തോടുമായി പറഞ്ഞു: ''എന്താണു വേണ്ടതെന്ന് എനിക്കറിയാം.''
തുടര്‍ന്ന് സോമന്‍ പിള്ള അയ്യപ്പനെ ആ ദൗത്യമേല്പിച്ചു: എത്രയും പെട്ടെന്ന് ഗൗരിയെ പുഴ കടത്തണം. അതിന് അയ്യപ്പനു ബോധ്യം വരുന്ന ഒരു കാരണവും അയാള്‍ പറഞ്ഞു: ''കന്നിമാസം കഴിഞ്ഞിട്ടും ആണ്‍ പട്ടികള്‍ ഒന്നു മാറിത്തരണ്ടേ? സൈ്വര്യമില്ലാണ്ടായി.''
അയ്യപ്പനും കുഞ്ചിയെ കയ്യൊഴിയാന്‍ തക്കം പാര്‍ക്കുകയായിരുന്നു. അവളുടെ മാറാദീനവും അശ്രീകരം പിടിച്ച രൂപവും അനുസരണക്കേടും അയാളുടെ മനസ്സു മടുപ്പിച്ചിരുന്നു. ഒന്നും പോരാഞ്ഞ് അവള്‍ സമ്പാദിച്ച കോഴിക്കള്ളി എന്ന ദുഷ്പേരും.

വള്ളം ഇപ്പോള്‍ കായലിന്റെ മധ്യത്തിലാണ്.

കാറ്റുകളെല്ലാം ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.

തുഴ വീണ് വെള്ളം മുറിയുന്ന ശബ്ദം.

നിലാവു വീണ കായല്‍പ്പരപ്പ് ഇപ്പോള്‍ ഒരു വെള്ളിത്തകിടുപോലുണ്ട്.

പെട്ടെന്നാണ് കരയിലെവിടെയോ നിന്ന് നായ്ക്കളുടെ കൂട്ടത്തോടെയുള്ള കുര ഉയര്‍ന്നത്. വള്ളത്തിലെ ചാക്കുകെട്ടുകള്‍ക്ക് അതോടെ ജീവന്‍ വെച്ചു. അവയ്ക്കുള്ളില്‍നിന്ന് മറുകുര ഉയര്‍ന്നു.

രാത്രിയുടെ വൈകിയ യാമത്തില്‍, കായല്‍ നടുവിലെ നിശ്ശബ്ദതയില്‍ ഏതൊരു മനുഷ്യജീവിക്കും അസഹ്യമായ ഒന്നായിരുന്നു തൊട്ടു മുന്നിലെ ചാക്കുകെട്ടുകളില്‍ നിന്നുയര്‍ന്ന ആ കുര.

''ചെവിതലകേള്‍ക്കാന്‍ സമ്മതിക്കുകേല'', അയ്യപ്പന്‍ പറഞ്ഞു.

തുടര്‍ന്ന് തന്റെ മുന്നിലിരുന്ന, കുഞ്ചിയെ അടക്കം ചെയ്ത ചാക്കുകെട്ട് അയ്യപ്പന്‍ വള്ളത്തില്‍ നിന്നെടുത്ത് കായല്‍പ്പരപ്പില്‍വച്ചു.

അതോടെ കുഞ്ചിയുടെ കുര അയ്യപ്പന്റേയും കുഞ്ഞുണ്ണിയുടേയും ശ്രവണ സ്ഥായിക്കു പുറത്തായി. ചാക്കുകെട്ടിനുള്ളിലിരുന്ന് 

അത് കായലിന്റെ അടിത്തട്ട് ലക്ഷ്യമാക്കി സഞ്ചരിച്ചു.

വള്ളത്തില്‍ ഗൗരിയുടെ കുര മാത്രം ബാക്കിയായി.

''എടുത്തു കളയെടാ അതിനേം'', അയ്യപ്പന്റേത് ഒരു അലര്‍ച്ചയായിരുന്നു.
കുഞ്ഞുണ്ണി സ്തംഭിച്ചുപോയി.

ഇന്നോളം തന്നെ ഉണ്ണിക്കുഞ്ഞേ എന്നുമാത്രം വിളിച്ചിട്ടുള്ള അയ്യപ്പനാണ് അതെന്ന് അവന് വിശ്വസിക്കാനായില്ല.

''വേണ്ട, അയ്യപ്പാ. കരയ്ക്കു കയറ്റി വിട്ടേക്കാം.'' കുഞ്ഞുണ്ണിക്ക് കരച്ചില്‍ വന്നുതുടങ്ങിയിരുന്നു.
''അയ്യപ്പനോ? ആരാടാ നിന്റെ അയ്യപ്പന്‍? പേരു വിളിക്കാന്‍ നീ എപ്പൊഴാടാ എന്നെ മടീലിട്ട് വളര്‍ത്തീട്ടൊള്ളത്? പറഞ്ഞത് അനുസരിക്കുന്നതാ നല്ലത്. ഇല്ലേല്‍ നിന്നേം തൊഴയ്ക്കടിച്ച് കായലി താത്തും.''
ഭയന്നുപോയ കുഞ്ഞുണ്ണി അയ്യപ്പന്റെ ആജ്ഞ അക്ഷരംപ്രതി അനുസരിച്ചു.

ഗൗരിയെ അടക്കം ചെയ്ത ചാക്കുകെട്ട് അവന്‍ വള്ളത്തില്‍ നിന്നെടുത്ത് കായല്‍പ്പരപ്പില്‍ വച്ചു.

അതോടെ ഗൗരിയുടെ കുരയും കായലിന്റെ അടിത്തട്ട് ലക്ഷ്യമാക്കി സഞ്ചരിക്കാന്‍ തുടങ്ങി.

വള്ളത്തിനുള്ളില്‍ സമ്പൂര്‍ണ്ണ നിശ്ശബ്ദത നിറഞ്ഞു.

ദിവസങ്ങള്‍ക്കുശേഷം ഒരു വെളുപ്പാന്‍ കാലം.

വെള്ള കീറിയിട്ടില്ല. 

രാത്രി മുഴുവന്‍ ഉറക്കമില്ലാതെ കിടന്ന അയ്യപ്പന്‍ മൂത്രമൊഴിക്കാന്‍ വേണ്ടി മുറ്റത്തിറങ്ങിയതായിരുന്നു.
അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായിരുന്നു.

പ്രഭാതത്തിനു തൊട്ടു മുമ്പുള്ള ഇരുട്ട് കുടിലിന്റെ മുറ്റത്ത് ഒരു വളര്‍ത്തുനായയെപ്പോലെ ചുരുണ്ടുകൂടി കിടന്നു.

അത് ഒരു പതിവു കാഴ്ചയായിരുന്നു. 

ആ കാഴ്ചയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അയാള്‍ വേലിക്കരികില്‍ കുന്തിച്ചിരുന്നു.
അയ്യപ്പന്‍ അങ്ങനെ നോക്കിയിരിക്കെ ചുരുണ്ടു കിടന്നുറങ്ങുകയായിരുന്ന ഇരുട്ട് നാലു കാലില്‍ എഴുന്നേറ്റ് മൂരി നിവര്‍ന്നു. 

ദേഹം അടിമുടിയൊന്നു കുടഞ്ഞ് ഉറക്കച്ചടവകറ്റി. തുടര്‍ന്ന്, വളരെ നാള്‍ കൂടി കാണുന്ന യജമാനന്റെ നേര്‍ക്ക് എന്ന വണ്ണം കണ്ണുകളില്‍ തിളക്കം നിറച്ച്, വാലാട്ടിക്കൊണ്ട് അയാള്‍ക്കു നേരെ പാഞ്ഞടുത്തു.
അയ്യപ്പന്‍ മൂത്രം പാതി മുറിഞ്ഞ് ചാടിയെഴുന്നേറ്റു. മാമ്പിള്ളിച്ചിറയും പാടവും മുറിച്ച് സോമന്‍ പിള്ളയുടെ വീടു ലക്ഷ്യമാക്കി അയാള്‍ അതിവേഗം ഓടാന്‍ തുടങ്ങി.

''ഉണ്ണിക്കുഞ്ഞേ'', ഓട്ടത്തിനിടെ അയാള്‍ തൊണ്ട പൊട്ടുന്ന ഒച്ചയില്‍ വിളിച്ചു ചോദിച്ചു: ''കുഞ്ചി ഇവിടൊണ്ട്. ഗൗരിയൊണ്ടോ അവിടെ?''
അപ്പോള്‍ സോമന്‍ പിള്ളയുടെ വീട്ടുമുറ്റത്ത് ചുരുണ്ടു കിടന്നുറങ്ങുകയായിരുന്ന ഇരുട്ട് നാലു കാലില്‍ എഴുന്നേറ്റ് മൂരി നിവര്‍ന്ന്, ദേഹം അടിമുടിയൊന്നു കുടഞ്ഞ് അയ്യപ്പനെ സ്വീകരിക്കാന്‍ തയ്യാറായി കാത്തുനിന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com