'നോവെഴുത്ത്'- മനോജ് വെങ്ങോല എഴുതിയ കഥ

അതിരില്ലാത്ത ഭാവനയുടെ അഭിഷേകതൈലം വീണു കുതിര്‍ന്ന വാക്കുകള്‍ ഉപയോഗിച്ച് ഒരു നോവല്‍ എഴുതുക എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ജീവിക്കുകയാണോ ജീവിക്കുന്നതായി സ്വപ്‌നം കാണുകയാണോ എന്നു സംശയിച്ചു ജീവിക്കുന്ന ഒരാളുണ്ടായിരുന്നു.

അതിരില്ലാത്ത ഭാവനയുടെ അഭിഷേകതൈലം വീണു കുതിര്‍ന്ന വാക്കുകള്‍ ഉപയോഗിച്ച് ഒരു നോവല്‍ എഴുതുക എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ഈയൊരാശയം എപ്പോഴാണ് തന്റെ ഉള്ളില്‍ കയറിക്കൂടിയതെന്ന് അയാള്‍ക്കറിയില്ല. പക്ഷേ, അതെപ്പോഴും കൂടെയുണ്ടായിരുന്നു എന്നുമാത്രമറിയാം.

മലഞ്ചെരിവിലെ പനയോലകള്‍ മേഞ്ഞ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നപ്പോള്‍, ഈ ആഗ്രഹം തനിക്കുള്ളില്‍ ഉണ്ടായിരുന്നു എന്നുതന്നെയാണ് ഏകാന്തമായ ഈ ജീവിതമധ്യാഹ്നത്തിലും അയാള്‍ക്ക് ഓര്‍ക്കാനാവുക. അച്ഛനാണ് ആദ്യം പോയത്. ആ വിയോഗം തീര്‍ത്ത വിടവുകള്‍ നികത്താന്‍, അദ്ദേഹം ചെയ്തുപോന്ന മരമില്ലിലെ ജോലി, പഠനം ഉപേക്ഷിച്ച അയാള്‍ ഏറ്റെടുക്കുകയായിരുന്നു. മില്ലിനു പിറകിലെ പുഴയിലൂടെ മരത്തടികള്‍ ഒഴുകി വരുന്നതു കണ്ട്, അവയെയെല്ലാം കാലത്തിന്റെ പ്രഭവസ്ഥാനത്തുനിന്നും തുഴഞ്ഞെത്തുന്ന ഓരോ മുതലകളായി സങ്കല്പിച്ചതാണോ തന്റെ വിചിത്ര ഭാവനകളുടെ തുടക്കമെന്ന് അയാളിപ്പോള്‍ ന്യായമായും സംശയിക്കുന്നു. പുഴയിലൂടെ ഒഴുകിയകലുന്ന ജലരാശിയിലേയ്ക്ക് നോക്കി, ഏതോ പാട്ടുകള്‍ ചൂളംകുത്തി നിശ്ചലം നിന്ന ആ വൈകുന്നേരങ്ങള്‍ അയാള്‍ക്കിന്നും പ്രിയപ്പെട്ടവ തന്നെ. 

ഈ ലോകത്തേയും ഇവിടെ ചുറ്റിപ്പറ്റി ജീവിക്കുന്ന 
മനുഷ്യരുടെ ചിന്തകളേയും വാക്കുകള്‍ കൊണ്ടല്ലാതെ, തന്നെപ്പോലൊരാള്‍ക്ക് മറ്റൊരു വിധത്തിലും ക്രമത്തില്‍ അടുക്കി വയ്ക്കാനാകില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. രാത്രികളില്‍, ഉറക്കമിളച്ചിരുന്ന് അയാള്‍ ചിലതെല്ലാം എഴുതാന്‍ ശ്രമിച്ചു. അയാളുടെ അമ്മയാകട്ടെ, തന്റെ മകന്‍ ഏതോ പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും അവള്‍ക്ക് കത്തുകള്‍ എഴുതുകയാണ് എന്നും ഭയന്നു. അയാളുടെ അസാന്നിധ്യത്തില്‍ ആ കടലാസുകള്‍ എടുത്ത് വായിച്ചു നോക്കിയ അവര്‍ക്ക്, മകനെച്ചൊല്ലിയുള്ള ഓരോ ആധികള്‍ക്ക് അവ കാരണമായി. തൃപ്തികരമല്ലാത്ത ആ ചെറുകുറിപ്പുകള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ കീറിയെറിയപ്പെടാനായിരുന്നു വിധി.

ചില പുസ്തകങ്ങള്‍ വായിച്ചും മനോരാജ്യങ്ങളില്‍ മുഴുകിയും കഥകള്‍പോലെ ചിലത് ഭാവന ചെയ്തും അയാള്‍ ആ നാളുകളില്‍ ഉഴറി. എഴുതിയതൊക്കെയും അപൂര്‍ണ്ണമോ അഭംഗി നിറഞ്ഞതോ ആയിത്തീര്‍ന്നു. മരമില്ലിലെ പണിയില്‍നിന്നും വിടുതല്‍ നേടുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ അയാളില്‍ അപ്പോഴേയ്ക്കും ആരംഭിച്ചിരുന്നു.

എങ്ങനെ തുടങ്ങണം എന്നുപോലും നിശ്ചയമില്ലാത്ത എഴുത്തിനായി, ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും മുഴുകുവാന്‍ അയാള്‍ ഭയന്നു. ആളുകള്‍ വായിക്കുവാന്‍ വേണ്ടിയാണോ താന്‍ നോവല്‍ എഴുതുന്നത് എന്നതായിരുന്നു മറ്റൊരു സംശയം. പ്രശംസകളോ പാരിതോഷികങ്ങളോ അയാള്‍ തെല്ലും ആഗ്രഹിച്ചില്ല. വെളിച്ചത്തിന്റെ സൗരഭ്യംപോലെ, മറ്റെന്തോ ആയിരുന്നു അയാളെ ഒരു നോവല്‍ എന്നതില്‍ കുരുക്കിയിട്ടത്. എന്നാല്‍, താനെഴുതുന്ന നോവല്‍ അമ്മ വായിക്കുന്നതും തന്റെയുള്ളിലെ മറ്റൊരു ലോകം കണ്ട് അവര്‍ അതിശയിക്കുന്നതും അയാള്‍ ഓര്‍ക്കാതിരുന്നില്ല.

അമ്മയുടെ പക്കല്‍നിന്നും അവരുടെ പരിചയക്കാരിലേയ്ക്ക് നോവല്‍ കൈമാറ്റം ചെയ്യപ്പെടുന്ന നിമിഷങ്ങള്‍ അയാളിലേയ്ക്ക് ഉന്മാദം നിറച്ചു എന്നതും വാസ്തവം തന്നെ. ദൈവം പറഞ്ഞയച്ച അരൂപികളുടെ കാലൊച്ചകള്‍ അപ്പോഴെല്ലാം അയാള്‍ക്ക് കേള്‍ക്കാനായി.

ആയിടെയാണ് ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ഒരു ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തുറസ്സായ ഒരു കമുകിന്‍തോപ്പില്‍, വലിച്ചുകെട്ടിയ കയറില്‍ ഞാത്തിയിട്ട ചിത്രങ്ങള്‍ കാണാന്‍ അയാളും പോവുകയുണ്ടായി. പ്രദര്‍ശനം കാണാന്‍ അധികമാരും എത്തിയിരുന്നില്ല. കവാടത്തിനരികില്‍ അയാള്‍ സംശയിച്ചു നില്‍ക്കേ, താടിയും മുടിയും വളര്‍ത്തിയ മലിനവസ്ത്രധാരിയായ ഒരാള്‍ ശബ്ദബഹളങ്ങളോടെ അവിടെ വന്നുചേര്‍ന്നു. ''ഇവിടെ ഇങ്ങനെയൊരു പൊലയാട്ടു നടക്കുന്നുണ്ടെന്ന് ആളുകള്‍ അറിയണ്ടേ, അവരിത് കാണണ്ടേ'' എന്ന് അയാള്‍ ഉറക്കെ ചോദിച്ചു.

സംഘാടകരായ ചെറുപ്പക്കാര്‍ പരുങ്ങി. 

അടുത്ത നിമിഷം അയാള്‍ മതിലില്‍ ചാരിവച്ച ഒരു സൈക്കിള്‍ തലകീഴായി രണ്ടു വെട്ടുകല്ലുകള്‍ക്ക് മുകളില്‍ പ്രവേശനം തടഞ്ഞുകൊണ്ട് സ്ഥാപിച്ചു. ഒരു പേപ്പര്‍ബാനര്‍ വലിച്ചുകീറി, അതിന്റെ മറുപുറത്ത് കലക്കിയ നീലത്തില്‍ കൈമുക്കി ഇങ്ങനെ എഴുതിത്തൂക്കി: ''അരാഷ്ട്രീയ ജീവികളേ, ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ല... നിങ്ങള്‍ക്കിവിടെ പ്രവേശനമില്ല.''
വഴിയേ പോയവര്‍, തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച ആ ഇന്‍സ്റ്റലേഷനും അറിയിപ്പും അട്ടഹാസങ്ങളും കണ്ടും കേട്ടും തമ്മാമ്മില്‍ ചോദിച്ചു:
''ഇവനേതായിവന്‍, യേശുക്രിസ്തുവോ?''
അയാള്‍ പറഞ്ഞു: ''ഞാന്‍ ക്രിസ്തുവല്ല. ജോണാണ്. ക്രിസ്തു എനിക്ക് പിറകേ വരികേല. അവന്‍ മുന്നേപോയി...''
അയാളുടെ നില്‍പ്പും പടുതിയും അയാള്‍ സ്‌നാപകയോഹന്നാന്‍ തന്നെ എന്നു തോന്നിപ്പിച്ചു.

ആഗതന്‍ ആരെന്ന് അയാള്‍ അന്വേഷിച്ചില്ല. വിഷാദാത്മകമായ ഒരു കൊടുങ്കാറ്റിനൊപ്പമാണ് അയാളുടെ നില്‍പ്പ് എന്നു തിരിച്ചറിഞ്ഞ ഉടന്‍ അവിടം വിട്ടുപോരികയും ചെയ്തു. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്കു ശേഷം കോഴിക്കോട് ഒരു കെട്ടിടത്തിന് മുകളില്‍നിന്നും കാല്‍തെറ്റി വീണയാളുടെ ചിത്രം പത്രത്തില്‍ കണ്ട അയാള്‍ ശരിക്കും ഞെട്ടി - അത് ജോണ്‍ തന്നെയായിരുന്നു.

എന്നാല്‍, അയാളുടെ ആ വരവും പ്രകടനവും ചിലരെങ്കിലും ചിത്രപ്രദര്‍ശനം കാണാന്‍ കാരണമായി എന്നതാണ് സത്യം. കലഹങ്ങളുടെ ജ്വലനം ആര് തടയും? ജോണ്‍ ചോദിച്ച ചോദ്യം അയാളുടെ ഉള്ളില്‍ ഇടയ്ക്കിടെ തികട്ടിവന്നു. മറ്റൊരാള്‍ക്ക് കാണാനല്ലെങ്കില്‍ പിന്നെ എന്തിനു വരയ്ക്കണം? മറ്റൊരാള്‍ക്ക് വായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനെഴുതണം? എഴുതുന്നത് ഒരു അടയാളപ്പെടുത്തലാണ്. അപരനുള്ള അപായസൂചനയാണ് എഴുത്ത്. എഴുതിവച്ചതെല്ലാം നശിപ്പിക്കപ്പെടുവോളം ഒരു വായനക്കാരനെ കാത്തിരിക്കുന്നു.

ആ വിചാരത്തോടെ അയാള്‍ വീണ്ടും അലങ്കോലമായി. അതുവരെ ഓര്‍ത്തുവച്ചതെല്ലാം വീണ്ടും പുതുതായി തിരുത്തേണ്ടിവരുമെന്ന് അയാള്‍ക്കു തോന്നി. ആത്മവിശ്വാസം നല്‍കുന്ന ആനന്ദം അവസാനത്തെ ആകാശമല്ല. ജോലിയിലെ അശ്രദ്ധയും ഉപേക്ഷയും കാരണം മില്ലില്‍നിന്നും അയാള്‍ പിരിച്ചുവിടപ്പെട്ടു. ഇതിനിടയില്‍ അമ്മയേയും അയാള്‍ക്ക് നഷ്ടമായി. അമ്മയ്ക്കുവേണ്ടി എഴുതുന്ന നോവല്‍ എന്ന സങ്കല്പം തന്നെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. വീട് തന്നെ വിഴുങ്ങാന്‍ വാ പിളര്‍ത്തിയ ഒരു വ്യാളിയാണ് എന്ന് അയാള്‍ ഭയന്നു.
അങ്ങനെയാണ് അയാളിപ്പോള്‍ താമസിക്കുന്ന പരിസരങ്ങളില്‍ എത്തിപ്പെടുന്നത്.

ഒരു ചെറിയ പ്രസ്സിലെ ജോലിയും തരപ്പെട്ടു. നഗരത്തിലെ ചില സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കുള്ള ഫയലുകള്‍ തുന്നി നല്‍കുക, രസീറ്റുകള്‍ അച്ചടിച്ചു നല്‍കുക, ഉത്സവാഘോഷങ്ങളുടെ നോട്ടീസുകള്‍ തയ്യാറാക്കുക, വായനശാലകളില്‍നിന്നും വല്ലപ്പോഴും കൊണ്ടുവരുന്ന നോവലുകള്‍ പുറംചട്ട മാറ്റി ബൈന്‍ഡ് ചെയ്യുക തുടങ്ങിയ ജോലികളാണ് അവിടെ അയാള്‍ ചെയ്തിരുന്നത്.

പ്രസ്സിന്റെ ഉടമ, മൂക്കുപൊടി വലിച്ച് ആഞ്ഞു തുമ്മുവാന്‍ മാത്രമറിയാവുന്ന ഒരു സാധു മനുഷ്യനായിരുന്നു. കട്ടിച്ചില്ലുള്ള കണ്ണട വച്ച്, അക്ഷരങ്ങള്‍ നിറച്ച മരപ്പെട്ടിക്കൂടുകളിലേയ്ക്ക് ദേഷ്യത്തോടെ നോക്കുന്നതാണ് അയാളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നില്‍ക്കുന്ന ഏക ദൃശ്യം.

അക്ഷരങ്ങളാണ് തന്റെ ഒരേയൊരു ശത്രു എന്ന ഭാവമായിരുന്നു അയാള്‍ക്ക് അപ്പോഴെല്ലാം. ഇടയ്ക്കിടെ തലപൊന്തിച്ച്, പ്രസ്സിനോട് ചേര്‍ന്നുള്ള വീടിന്റെ മുറ്റത്തേയ്ക്കും അവിടെ കൂട്ടമായി മേയുന്ന കോഴികളേയും താറാവുകളേയും ആടുകളേയും അവയെ പരിപാലിക്കുന്ന ഭാര്യയേയും നോക്കിയിരിക്കും. അയാളുടെ തടിച്ച ഭാര്യയാകട്ടെ, ഇടയ്ക്കിടെയുള്ള അലര്‍ച്ചകളോടെ ആടുകള്‍ക്കൊപ്പം വീടിനു ചുറ്റും ഓടി. ഓരോ ഇലപ്പച്ചകളില്‍ കടിച്ചോടുന്ന അവയുടെ പിടുക്കില്‍ ഞെക്കി വേദനിപ്പിക്കുന്ന ഭാര്യയോട്: ''മറിയാമ്മേ, അതുങ്ങളെയെങ്കിലും വെറുതേ വിട്ടേക്കടീ...'' എന്നു വിളിച്ചുപറഞ്ഞു.

പ്രസ്സിനു പിന്നിലെ ചെറിയ മുറിയായിരുന്നു അയാള്‍ക്കായി അനുവദിച്ചത്. തിരക്കില്ലാത്ത സമയങ്ങളില്‍ ചിലതെല്ലാം എഴുതാന്‍ ശ്രമിച്ചും ആലോചിച്ചും വര്‍ഷങ്ങളായി താന്‍ മനസ്സിലിട്ടുരുട്ടുന്ന നോവലില്‍ പണിയെടുത്തു. എന്നിട്ടും അതൊരു കരക്കടുത്തില്ല.

പ്രസ്സിനോട് ചേര്‍ന്നുള്ള ലൈന്‍മുറി കെട്ടിടത്തില്‍ താമസിക്കുന്ന തമിഴന്മാരുടെ കലമ്പലില്‍ അവയൊക്കെ മുങ്ങിച്ചേര്‍ന്നു. ജനലിനു നേരെ ശൂന്യമായ കണ്ണുകളോടെ ഇരിക്കുന്ന അയാളോട് തമിഴന്മാരുടെ പെണ്ണുങ്ങള്‍: ''എന്നണ്ണാ, ഒടമ്പ് ശരിയലെ..?'' എന്നു തിരക്കി. അയാളുടെ ചുണ്ടുകളില്‍ വിഷാദം പുരണ്ട ഒരു ചെറുചിരി മാത്രം മിന്നുന്നത് കണ്ട് അവര്‍ പിന്‍വാങ്ങി.

അച്ചടിയുടെ ആവശ്യങ്ങള്‍ക്കായി മരപ്പെട്ടിക്കൂടുകളില്‍നിന്നും അക്ഷരങ്ങള്‍ പെറുക്കിയെടുക്കുമ്പോള്‍, ഓരോരോ അക്ഷരങ്ങളായി വാക്കുകള്‍ തീര്‍ന്നുപോവുകയാണ് എന്ന് അയാള്‍ക്ക് തോന്നി. വാക്കുകള്‍ ഇല്ലാതായാല്‍ താനെങ്ങനെ നോവല്‍ എഴുതും എന്നയാള്‍ ഭയന്നു. വളരെയുയര്‍ന്ന മലമുകളിലോ അഗാധമായ ഗര്‍ത്തങ്ങളിലോ വീണ് ശ്വാസം കിട്ടാതെ പിടയുംപോലെ ആയിരുന്നു ആ തോന്നലുകള്‍. എഴുതുമ്പോള്‍ മാത്രമാണ് തനിക്ക് സന്തോഷം ഉണ്ടാകുന്നതെന്ന് അയാള്‍ കണ്ടുപിടിച്ചു. എന്നാല്‍, അവയെല്ലാം അപക്വവും മറ്റാരോ എഴുതിയതിന്റെ തുടര്‍ച്ചകളോ പോലെയും അനുഭവപ്പെട്ടു.

ഒരു വാക്കും പുതിയതായില്ല. അവ തന്റെ മട്ടില്‍ അടുക്കിയടുക്കി മറ്റൊരു പുതുമ സൃഷ്ടിക്കാന്‍ അയാള്‍ വെമ്പി. മലഞ്ചെരിവിലെ പഴയ വീട്ടിലേയ്ക്ക് പോകാനും അമ്മയുടെ കുഴിമാടത്തിനരികിലിരുന്ന് എഴുതിയതത്രയും ഉറക്കെ വായിക്കാനും അയാള്‍ കൊതിച്ചു. പക്ഷേ, പ്രസ്സിലെ ജോലികളില്‍നിന്നും അയാള്‍ക്കൊരു വിടുതല്‍ കിട്ടിയില്ല. ചിലപ്പോഴെല്ലാം, താന്‍ മനുഷ്യരെക്കുറിച്ച് തന്നെയാണോ എഴുതുന്നതെന്നുപോലും അയാള്‍ പേടിച്ചു.

ചില വൈകുന്നേരങ്ങളില്‍, അയാള്‍ എങ്ങോട്ടെന്നില്ലാതെ സൈക്കിള്‍ ചവിട്ടിപ്പോയി. ആളൊഴിഞ്ഞ 
ഇടങ്ങളില്‍ ഒറ്റയ്ക്കിരുന്നു.

വയലുകള്‍ക്കരികില്‍, ആമ്പലുകള്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു ചിറയുടെ കരയിലെ പൂത്ത വാകയുടെ നിഴലും ഏകാന്തതയുമാണ് ആ യാത്രകളില്‍ അയാളെ ഏറെ ആകര്‍ഷിച്ച ഒരിടം.

ചിറയിലേയ്ക്ക് ഇറക്കിക്കെട്ടിയ പടവുകളില്‍ ഇരുന്നും മാനം നോക്കി കിടന്നും അയാള്‍ മറ്റൊരു കാലം ഉള്ളില്‍ മെനഞ്ഞെടുത്തു. മീനുകള്‍ തുള്ളിയോടുന്നത് ആമ്പലിലകള്‍ക്കിടയിലോ തന്റെ ഉള്ളിലോ എന്ന് അയാള്‍ സന്തോഷിച്ചു. സന്തോഷങ്ങളെ അയാള്‍ വെറുത്തു. സന്തോഷം എപ്പോഴും വേഗം ഒടുങ്ങുന്നു. ഉടനെ സങ്കടങ്ങളുടെ വരവാകും. സങ്കടങ്ങള്‍ തന്നെയാണ് നല്ലത്. അവയ്ക്കുശേഷം സന്തോഷം വരുമെന്ന പ്രതീക്ഷയാണ് പലപ്പോഴും ജീവിതം. അതയാള്‍ക്ക് നന്നായി അറിയാം.

അത്തരം ചില വിചാരങ്ങളോടെ ഒരു ദിവസം അയാളങ്ങനെ ചിറവക്കില്‍ കിടന്നുറങ്ങി. ആരോ തന്നെ എടുത്തോടുംപോലെ തോന്നിയാണ് ഞെട്ടി കണ്ണുകള്‍ തുറന്നത്. തന്റെ മുഖത്തിനു നേരെ താഴ്ന്നുവരുന്ന ഒരു സ്ത്രീമുഖം കണ്ട് അയാള്‍ പിടഞ്ഞെണീറ്റു. ''ഏതാടാ നീ..?'' അവള്‍ ദാക്ഷിണ്യലേശമില്ലാതെ ചോദിച്ചു. അയാള്‍ തന്റെ തൊഴിലിടം പറഞ്ഞതോടെ ''ഓ... വക്കച്ചന്റെ ആളാ... അല്ല്യോ. നോട്ടീസടിക്കാനൊക്കെ പഠിച്ചോ നീ. എന്തായാലും ഈ ഭാഗത്തെങ്ങും എനിക്ക് നോട്ടീസ് വേണ്ടായേ...'' എന്നു മയപ്പെട്ടു. അതൊരു പരിചയമായി.

ചിറയുടെ കിഴക്കേ അതിരിലൂടെ നീളുന്ന കല്ലൊതുക്കുകള്‍ കയറിയാല്‍ തന്റെ വീടായി എന്ന് അവര്‍ ക്ഷണിച്ചു. പിന്നൊരിക്കലാകാം എന്ന് അയാള്‍ മടിച്ചു.

വീടിരിക്കുന്ന ദിക്കില്‍, കൂറ്റനൊരു ഇല്ലിത്തുറു കാറ്റിലിളകുന്നത് അയാള്‍ മനസ്സില്‍ ഓര്‍ത്തുവച്ചു. അടുത്തെങ്ങോ പൂത്ത ചെമ്പകം വാസനിച്ചു. അവളെപ്പിന്നെ പലയിടത്തും വച്ചു കണ്ടു. മീന്‍ച്ചന്തയിലും കോടതിക്കടുത്തും ആശുപത്രിവളപ്പിലും ലോറിപ്പാളയത്തിലും ആണുങ്ങളോട് ചിരിച്ചാര്‍ത്തു സംസാരിച്ചു നില്‍ക്കുന്ന അവള്‍ വിസ്മയമായി.

ജീവിതം എത്രയും ആയാസരഹിതമായി മുന്നോട്ടൊഴുകുമെന്ന് അവള്‍ ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവര്‍ക്ക് മുന്നില്‍വച്ചു കണ്ടപ്പോഴൊന്നും അയാളോട് അവള്‍ പരിചയം ഭാവിച്ചേയില്ല. ചിറയുടെ കരയിലെ കൂടിക്കാഴ്ചയില്‍ മാത്രം അവള്‍ വാചാലയായി. അവളെ കാണുവാന്‍ വേണ്ടിയാണ് ഒഴിവുദിവസങ്ങള്‍ വന്നുചേരുന്നതെന്നുപോലും അയാള്‍ വിശ്വസിച്ചു.

ഇത്രയായിട്ടും അവളുടെ പേരുപോലും തനിക്ക് അറിയില്ലല്ലോ എന്നൊരു ഖേദം അയാളിലുണ്ടായി. അതുകേട്ട് പക്ഷേ, അവള്‍ പൊട്ടിച്ചിരിക്കുകയാണുണ്ടായത്.

''വെടി രജനിയെ അറിയാത്ത ആരാ ഒള്ളത്?'' അവള്‍ ചോദിച്ചു.
അയാളാകെ പൊള്ളിപ്പോയി.

അവളുടെ മുഖത്ത് നോക്കിയപ്പോള്‍ അവളോട് താനെന്തോ വലിയ കുറ്റം ചെയ്തപോലെ അയാള്‍ പിടഞ്ഞു.
അവള്‍ പൊടുന്നനെ അയാള്‍ക്കരികില്‍ ഇരിക്കുകയും കരം കവര്‍ന്നുകൊണ്ട് ആശ്വസിപ്പിക്കാനായി വീണ്ടും ചിരിക്കുകയും ചെയ്തു. ചെമ്പകവാസനയ്‌ക്കൊപ്പം മരങ്ങള്‍ക്ക് മുകളിലൂടെ നിലാവ് ഉദിച്ചു വരുന്നുണ്ടായിരുന്നു.

അവളപ്പോള്‍ നേര്‍ത്ത ശബ്ദത്തില്‍ ''പാതിരാവായില്ല പൗര്‍ണ്ണമികന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം...'' എന്ന് മധുരമായി പാടി.

ഈ മധുരത്തില്‍ എന്നേയ്ക്കുമായി താന്‍ അലിഞ്ഞുപോകുമെന്നും നോവലെഴുതാന്‍ തരിപോലും ബാക്കിയുണ്ടാവില്ലെന്നും അയാള്‍ ചകിതനായി. അവളാകട്ടെ, ''ഇത് താജിന്റെ പാട്ടാ...'' എന്ന് പറഞ്ഞു.
അല്ല, ബാബുക്കയുടേത് എന്ന് അയാളപ്പോള്‍ തിരുത്തി. അല്ല, ദൈവം എനിക്കുവേണ്ടി പാടിയ പാട്ടാ എന്ന് അവള്‍ വീണ്ടും പറഞ്ഞു.

താടിയും മുടിയും വളര്‍ത്തിയ ആ പഴയ ക്രിസ്തുമുഖം ഓര്‍മ്മയിലെത്തിയപ്പോള്‍ അയാള്‍ അവളെ നോക്കി.
നഗരത്തിലെ ലോഡ്ജില്‍നിന്നും ഒരു മധ്യവയസ്‌കനൊപ്പം തന്നെ പൊലീസ് റെയ്ഡില്‍ പിടിച്ചതും ജീപ്പിലേയ്ക്ക് തള്ളിക്കയറ്റുന്നതിനിടയില്‍, പൊടുന്നനെ അവിടെ അവതരിച്ച അവധൂതഭാവമുള്ള ആ മനുഷ്യനേയും ഓര്‍ക്കുകയായിരുന്നു അവള്‍. ''അവളെയങ്ങു വിട്ടേരെ സാറേ...'' എന്ന് തെരുവുതെണ്ടിയെപ്പോലെ തോന്നിച്ച അയാള്‍ പറഞ്ഞതും എസ്.ഐ ഒന്നു ചുളുങ്ങിയത് എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായില്ല. ലോഡ്ജിന്റെ മുറ്റത്തെ തണല്‍മരങ്ങളുടെ നിഴലില്‍നിന്നും വെളിച്ചത്തിലേയ്ക്ക് പതുക്കെ നീങ്ങിവന്ന ആ മുഖം കണ്ട് എസ്.ഐ പുഞ്ചിരിച്ചു. ''താജേ, നീ പറഞ്ഞാപ്പിന്നെ എനിക്കെന്നാ കോപ്പാ... യെവളെ വഴിയില്‍ ഇറക്കി വിട്ടേക്കാം... കേറഡി അങ്ങോട്ട്...'' എന്നയാള്‍ ജീപ്പില്‍ കയറി.

മറ്റൊരിക്കല്‍, വിജനമായ നിരത്തില്‍, തെരുവു വിളക്കുകള്‍ക്ക് താഴെ നില്‍ക്കുമ്പോള്‍ ആ മനുഷ്യനെ അവള്‍ വീണ്ടും കണ്ടു. കടത്തിണ്ണയില്‍ ഓരോന്നു പറഞ്ഞിരുന്നു നേരം വെളുപ്പിച്ച ആ രാത്രിയിലെപ്പോഴോ അയാള്‍ മൂളിയ വരികളാണവ. അവളുടെ മടിയില്‍ കിടന്നുകൊണ്ട് ആ മനുഷ്യന്‍ പാടി: ''താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള താമര പൂവൊന്നു ചൂടി...''
അതുകേട്ടിരിക്കെ അവളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു.

നെറ്റിയിലേക്കിറ്റിയ കണ്ണുനീര്‍ തുടയ്ക്കാതെ അയാള്‍ ചോദിച്ചത് അവളിന്നും കേള്‍ക്കുന്നു: ''കാരുണ്യവതിയായ സ്ത്രീയേ, നീ പാപിയാണെന്ന് ആര് പറഞ്ഞു...?''
സങ്കടങ്ങളെ ചിരികൊണ്ട് നേരിടാന്‍ പരിശീലിച്ച അവളപ്പോള്‍, തമ്പുരാനേ, ക്രിസ്തു എന്റെ മടിയില്‍ക്കിടന്നു ബാബുക്കയുടെ പാട്ട് പാടുകയാണോ എന്നു ചോദിച്ചു. അതിനു മറുപടിയായി, തന്റെ നെറ്റിയില്‍വീണ അവളുടെ ദുഃഖമൊക്കെയും തുടച്ചുകളഞ്ഞിട്ട് ''ക്രിസ്തുവല്ല. ക്രിസ്തുവിനു 
മുന്നേ വന്ന ജോണുമല്ല... ആരുമല്ലാത്ത ഒന്നുമല്ലാത്ത വെറും താജ്'' എന്ന് ആ മനുഷ്യന്‍ ചിരിച്ചു.

ചിറയുടെ കരയില്‍ അയാളെ തൊട്ടിരിക്കുമ്പോള്‍, ആ രാത്രി വീണ്ടും ആവര്‍ത്തിക്കുന്നതു പോലെ തോന്നുകയായിരുന്നു അവള്‍ക്ക്.

നീയെന്താണിത്ര മെലിഞ്ഞിട്ട്? നീയെന്താണെപ്പോഴും ആലോചിക്കുന്നത്? അവള്‍ തിരക്കി.
അയാള്‍ മറുപടി പറഞ്ഞില്ല. താനിനിയും തൃപ്തികരമായി എഴുതിയിട്ടില്ലാത്ത നോവലില്‍ അവളും കലരാനിടയുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു.

രാത്രി മുറിയിലെത്തുമ്പോള്‍ പ്രസ്സ് ഉടമയും ഭാര്യയും അയാളെ കാത്തിരിക്കുകയായിരുന്നു.
''നീ എവിടെപ്പോയി ഇത്ര നേരം.''
പ്രസ്സ് ഉടമയുടെ ഭാര്യ ചോദിച്ചു.

''വെറുതെ ഒന്നു കറങ്ങി. അത്രേയുള്ളൂ.''
അയാള്‍ എഴുതിയ ചില കടലാസുകള്‍ മേശക്കുള്ളില്‍നിന്നും കണ്ടെടുത്ത് അവര്‍ ചിലമ്പി:
''എന്തായിത്...''
''ഞാനൊരു നോവല്‍ എഴുതി നോക്കിയതാണ്.''
അയാള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, അവരത് വിശ്വസിച്ചതായി തോന്നിയില്ല. അയാള്‍, അവരറിയാതെ മറ്റാര്‍ക്കോ വേണ്ടി ചില രഹസ്യ ഉടമ്പടിയില്‍ ഏര്‍പ്പെട്ടതു കണ്ടെത്തിയ മട്ടായിരുന്നു ചോദ്യങ്ങള്‍.

''കണ്ട തേവിടിച്ചികള്‍ താറഴിക്കുന്ന കാണാന്‍ പോയിട്ട് ഇങ്ങോട്ട് വന്നേക്കല്ല്...''
താക്കീതുപോലെ അവര്‍ മുരണ്ടു. അയാള്‍ക്ക് മനസ്സിലായി. എഴുത്തും ഒരു രഹസ്യധാരണയാണ്. അതു പറഞ്ഞാല്‍, ആടുകള്‍ക്കും കോഴികള്‍ക്കും പിറകേ പായുന്ന ആ സ്ത്രീക്ക് മനസ്സിലാവുകയില്ല. അവരെക്കുറിച്ചെഴുതിയ വാചകങ്ങള്‍പോലും അവര്‍ തിരിച്ചറിയണമെന്നില്ല.

അനേക രാത്രികളും ഒഴിവുനേരങ്ങളും ശ്രമകരമായി യത്‌നിച്ച്, അടുക്കിയടുക്കി വയ്ക്കുന്ന വാക്കുകളില്‍നിന്നും പ്രസരിക്കുന്നതായി വിശ്വസിച്ച വെളിച്ചവും സുഗന്ധവും ആ കടലാസുകള്‍ വായിച്ചവര്‍ക്ക് കിട്ടുകയില്ലെന്നത് നടുക്കുന്ന അറിവായി. ഉവ്വ്. എഴുതിയ വാക്കുകള്‍ ഒരുറപ്പാണ്. തനിക്കെങ്കിലും. പക്ഷേ, മറ്റൊരാളില്‍ എത്തുമ്പോള്‍ അവയുടെ നിറവും ഭാവവും എങ്ങനെ മാറുന്നു? താനിനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു. അയാള്‍ നിശ്ചയിച്ചു. താന്‍ വാക്കുകളാല്‍ ആവിഷ്‌കരിക്കുന്ന ലോകം യഥാര്‍ത്ഥമല്ലേ? അവ തെല്ലു മാറിയാണോ കഥകളിലും നോവലിലും നിറയുന്നത്? എങ്കിലോ എഴുതിയവന്‍ എന്ന നിലയില്‍ എനിക്ക് നരകം.
പിറ്റേന്ന് നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

ആളുകളെല്ലാം അകന്നിരിക്കുന്നതാണ് ആരോഗ്യകരവും ആശ്വാസകരവുമെന്ന് അറിയിപ്പുണ്ടായി. പ്രസ്സ് അടച്ചിട്ടു. പകല്‍ മുഴുവന്‍ കിടന്നുറങ്ങിയും ആലോചിച്ചും അയാള്‍ സമയം പോക്കി. വൈകിട്ട് സൈക്കിളെടുത്ത് പുറത്തിറങ്ങുമ്പോള്‍, പ്രസ്സ് ഉടമയുടെ ഭാര്യയുടെ കണ്ണുകള്‍ മൂര്‍ച്ചയോടെ നീണ്ടുവന്നു. അതു കൂട്ടാക്കാതെ അയാള്‍ ചവിട്ടി നീങ്ങി. ചിറക്കരികിലെത്തും മുന്‍പേ അവള്‍ തിടുക്കപ്പെട്ട് നടന്നുവരുന്നതു കാണായി. നടന്നടുക്കുമ്പോള്‍, അവളുടുത്ത ഇളംമഞ്ഞ സാരിയില്‍നിന്നും നീലനിറമുള്ള ശലഭങ്ങള്‍ ചുറ്റും പറക്കുന്നുണ്ടെന്നു ദൂരക്കാഴ്ചയില്‍ അയാള്‍ക്ക് തോന്നി. അല്ലെങ്കില്‍, അവള്‍ തന്നെ ഒരു ശലഭമാകാനും മതി.

സ്‌നേഹം അനേകം ഭാവനകള്‍ക്ക് കാരണമാകുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. നല്ല എഴുത്തുകാര്‍ സ്‌നേഹമുള്ളവരായിരിക്കും. താനെന്നാണ് നല്ലൊരു എഴുത്തുകാരനാവുക?
ആത്മനിന്ദയോടെ അയാള്‍ അവള്‍ക്കരികില്‍ സൈക്കിള്‍ നിര്‍ത്തി.

''എന്നെ ടൗണിലാക്കുമോ?''
അവള്‍ ചോദിച്ചു.

''കര്‍ഫ്യൂ അല്ലേ?'' അയാള്‍ ഒന്ന് സംശയിച്ചു. മുന്‍പ് പറഞ്ഞുറപ്പിച്ച കസ്റ്റമര്‍ കാത്തിരിക്കുമെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത നിമിഷം അവളോടൊപ്പം യാത്ര ചെയ്യാനുള്ള വെമ്പല്‍ അയാളില്‍ തീവ്രമായി. അയാള്‍ പറഞ്ഞു:
''കയറ്.''
അദൃശ്യമായൊരു കയറിനാല്‍ ബന്ധിപ്പിക്കപ്പെട്ടവളെപ്പോലെ പിന്നില്‍ അവള്‍ ചേര്‍ന്നിരുന്നപ്പോള്‍, ഈ യാത്ര ഒരിക്കലും ലക്ഷ്യത്തിലെത്തരുതേ എന്നയാള്‍ ആഗ്രഹിച്ചു. ഭാരരഹിതയായ അവളേയും കൊണ്ട് താനിങ്ങനെ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കും. വയലുകള്‍ക്ക് നടുവിലൂടെ പോകുന്ന ഈ വിജനപാത ഒരിക്കലും തീരില്ല. അവളുടെ സാരിയില്‍നിന്നും പറന്നുയരുന്ന ശലഭങ്ങളെ ഏറ്റുവാങ്ങുന്ന ഈ കാറ്റും. അപ്പോള്‍ ആ പഴയ പാട്ട് അവള്‍ മെല്ലെ മൂളുന്നത് അയാള്‍ കേട്ടു: ''ഹൃദയത്തിന്‍ തന്ത്രികള്‍ തട്ടിയുണര്‍ത്തുന്നു അനുരാഗ സുന്ദര സ്വപ്‌നം...''
അയാളും മൂളി: ''അനുരാഗസുന്ദരസ്വപ്‌നം...''
ആരെങ്കിലും കേള്‍ക്കാനുള്ളപ്പോള്‍ ഈ പാട്ടുകള്‍ക്കൊക്കെ എന്തൊരു ഭംഗിയാണ്. തീരരുതേ എന്ന് ആഗ്രഹിച്ചിട്ടും അവള്‍ പാടിയ പാട്ടുപോലെ, ആ യാത്ര നഗരത്തിലെ ഒരു മാളിക വീടിന്റെ ഗെയ്റ്റിനു മുന്നില്‍ അവസാനിച്ചു.

അവള്‍ അകത്തേയ്ക്ക് പോയിട്ടും അയാളവിടെ പിന്നെയും സംശയിച്ചു നിന്നു. അവളെപ്പോള്‍ മടങ്ങിയെത്തുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും അയാള്‍ക്ക് അറിയാമായിരുന്നില്ല. എന്നിട്ടും അയാളവിടെ നിന്നു. സന്ധ്യയുടെ ചുവപ്പ് മാറി രാത്രിയുടെ കറുപ്പ് വരികയായിരുന്നു.

പ്രധാന നിരത്തിനോട് ചേര്‍ന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിനും ചുറ്റുമതിലിനും ഇടയിലെ അല്പരഹസ്യത്തില്‍ അയാള്‍ സൈക്കിള്‍ ഒതുക്കിവച്ചു. കുറേദൂരം വെറുതെ മുന്നോട്ട് നടന്നു. തിരികെ വന്നു. തൊട്ടരികിലെ വാട്ടര്‍ അതോറിറ്റിയുടെ ഒരിക്കല്‍പ്പോലും വെള്ളം വന്ന ഓര്‍മ്മകളില്ലാത്ത പൈപ്പ് കുറ്റിക്കു മുകളില്‍ കുറച്ചുനേരം കാല്‍കവച്ചിരുന്നു. ഒരു പൊലീസ് ജീപ്പ് അതുവഴി വന്നപ്പോള്‍, മുഖം കൊടുക്കാതെ മതിലിന്റെ അരികിലേയ്ക്ക് ഒതുങ്ങിനിന്നു. അയാള്‍ ഓര്‍ക്കുകയായിരുന്നു. ആരുടേയോ ശരീരോത്സവങ്ങളിലേയ്ക്ക് നടന്നുപോയ ഈ സ്ത്രീ എന്റെ ആരാണ്? അവളും താനും തമ്മിലെന്താണ്? ഇവള്‍ക്കായി താനെന്തിനു കാത്തുനില്‍ക്കുന്നു? ഒന്നിനും അയാള്‍ക്ക് ഉത്തരമില്ലായിരുന്നു. എന്നിട്ടും ബസ് കാത്തിരുപ്പ് കേന്ദ്രത്തിനും ചുറ്റുമതിലിനും ഇടയില്‍, നോവലെഴുതുന്നതിനിടയില്‍ മറന്നുപോയൊരു വാക്കിനായി കാക്കുംപോലെ അയാള്‍ നിന്നു.

തന്റെ അവസാനത്തെ ഒരുപക്ഷേ, ആദ്യത്തേയും വായനക്കാരിയെ കാത്തുനില്‍ക്കുന്ന എഴുത്തുകാരനായിരുന്നു അയാളപ്പോള്‍.

നിന്നുനിന്ന് കാല്‍ കഴച്ചപ്പോള്‍ ഇരുന്നു. രാത്രി പിന്നെയും വൈകുകയായിരുന്നു. ആ ഇരിപ്പില്‍ അയാള്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഒരു നിമിഷം താനെവിടെയാണ് എന്ന അങ്കലാപ്പിലായി അയാള്‍. കഥ തെറ്റി, താന്‍ ജീവിച്ച നോവലില്‍നിന്നും മറ്റൊരു നോവലില്‍ കയറിപ്പറ്റിയ കഥാപാത്രത്തെപ്പോലെ അയാള്‍ ചുറ്റിലും നോക്കി. മാളിക വീടിന്റെ തുറന്ന ഗെയ്റ്റ് കണ്ടതോടെ അയാള്‍ക്കെല്ലാം ഓര്‍മ്മവന്നു. അവളെവിടെ? താനിവിടെ കാത്തുനില്‍ക്കുന്നതറിയാതെ രാത്രി തന്നെ അവള്‍ മടങ്ങിക്കാണുമോ? അതോ, ഇനിയും കാത്തുനില്‍ക്കണോ? അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ ആളുകള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ആ വീടിന്റെ ഗെയ്റ്റ് കടന്ന് അകത്തേയ്ക്ക് പോകുന്നതും കണ്ടു. ഒട്ടൊരങ്കലാപ്പോടെ അയാളും അവര്‍ക്കിടയില്‍ കലര്‍ന്നു.

ആ വലിയ വീടിനു പിറകിലെ അടുക്കളയുടെ പുകക്കുഴലിനു താഴെ അവള്‍ വീണുകിടക്കുന്ന കാഴ്ചയിലേയ്ക്കാണ് അയാള്‍ എത്തിപ്പെട്ടത്. അവളുടുത്തിരുന്ന സാരി അഴിഞ്ഞു ചുരുണ്ടുകിടന്നു. ആരുടേയോ പ്രഹരമേറ്റ്, എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ള അവളുടെ മുഖം പാടേ തകര്‍ന്നും ചോരയില്‍ കഴുകിയും കാണപ്പെട്ടു. തൊട്ടരികില്‍ അവളെ പിളര്‍ന്ന കൈക്കോടാലി.

ഒരു കുതിപ്പില്‍, ആളുകളെ വകഞ്ഞുമാറ്റി ഓടിച്ചെന്ന്, അവളെ വരിയെടുക്കാനും ആര്‍ത്തുകരയാനും അയാള്‍ക്കു തോന്നി. പക്ഷേ, അയാളത് ചെയ്തില്ല. ഇനിയും എഴുതാത്ത നോവലിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് ഒരു വായനക്കാരിയെ നിര്‍ബ്ബന്ധപൂര്‍വ്വം ക്ഷണിക്കാന്‍ ഒരെഴുത്തുകാരനുമാവില്ല. അത്രതന്നെ.

പക്ഷേ, രണ്ടുനാളുകള്‍ക്കുള്ളില്‍ ക്ഷണിക്കാതെ തന്നെ അയാളെത്തേടി പൊലീസുകാര്‍ വന്നു. ലോകം എത്ര ജാഗരൂകമായിട്ടാണ് ഓരോരുത്തരേയും വീക്ഷിക്കുന്നതും വിലയിരുത്തുന്നതും. അവളെ പിന്നിലിരുത്തി ശലഭങ്ങള്‍ക്കൊപ്പം നഗരത്തിലേയ്ക്ക് സൈക്കിള്‍ചവിട്ടിയെത്തിയ തന്നെ ആളുകള്‍ എത്ര കൃത്യമായി ഓര്‍ത്തുവച്ചിരിക്കുന്നു. ഈ ജാഗ്രത എഴുത്തില്‍ തനിക്കില്ലെന്ന്, പൊലീസ് ജീപ്പിലേയ്ക്ക് കയറുമ്പോള്‍ അയാള്‍ ഖേദപൂര്‍വ്വം ഓര്‍ത്തു. ആളുകളുടെ ഈ സൂക്ഷ്മതയും കരുതലും തനിക്ക് ഇല്ലാത്തതാണ്, നോവല്‍ എഴുതിത്തുടങ്ങാന്‍പോലും കഴിയാത്തവിധം ഭാവന, അടഞ്ഞ ഭവനമാകുന്നതിന്റെ കാരണമെന്ന് അയാള്‍ക്കുറപ്പായി.

വിചാരണയുടെ കാലം വിരസമായിരുന്നു. അര്‍ത്ഥരഹിതമായ ഒരു വാചകംപോലെ അതു നീണ്ടുനീണ്ടുപോയി.

സഹതടവുകാര്‍ അയാളെ ഒരു വിഡ്ഢിയായി കരുതി. അയാളുടെ മൗനവും ആലോചനകളും ചെയ്ത തെറ്റിനെ ചൊല്ലിയാണ് എന്നു തെറ്റിദ്ധരിച്ചു. അയാള്‍ ഒരു കവിയാണ് എന്നു കരുതിയവരും ചെകിടത്ത് അടിച്ചവരും ഉണ്ട്. വെറും തറയില്‍ വിരലിനാല്‍ അയാള്‍ ചിലതെല്ലാം എഴുതാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഒരാളൊരു കീറിയ കടലാസുകഷണവും പഴയ റീഫില്ലും സമ്മാനിച്ചു.

''തറ നെറയെ എഴുതിവച്ചാ മനുഷ്യര്‍ക്ക് നടക്കണ്ടേ. അക്ഷരം കാലില്‍ തടയുകേലെ? ഓരോ കൊണച്ച വാക്കുകളുടെ പൊറത്ത് എങ്ങനെ കെടന്നൊറങ്ങും. കടലാസിലെഴുത് കഴുവേറീ...'' അയാള്‍ ഉദാരനായി.
കീറക്കടലാസും റീഫില്ലും മുന്നില്‍ വച്ചങ്ങനെ ഇരിക്കുമ്പോള്‍, അയാള്‍ക്ക് അവളെ ഓര്‍മ്മവന്നു. ചെമ്പകവാസനയും മഞ്ഞസാരിയും പച്ചച്ച പാടവും ശലഭങ്ങളും അവള്‍ പറഞ്ഞ നല്ല വാക്കുകളും ഓര്‍മ്മവന്നു. ഒപ്പമുള്ളവര്‍ ശ്രദ്ധിക്കുന്നപോലെ തോന്നിയപ്പോഴെല്ലാം അയാള്‍ എഴുതുന്നതായി നടിച്ചു. ചിലതെല്ലാം തെളിഞ്ഞുവന്നു. അയാളെഴുതി:

''പ്രണയമേ, നീയുദിച്ചതോ,
നിലാവേറ്റു നീലിച്ച കാടുപൂത്തതോ
എങ്ങുനിന്നു വരുന്നതാണിത്രമേല്‍
കാറ്റിലൂറുമീ ചെമ്പകപ്പൂമണം
എത്രയെത്രയാണോര്‍മ്മകള്‍, ഒക്കെയും
ചുട്ടുനീറ്റിയ ദുഃഖങ്ങള്‍ മാത്രമാം
ഒട്ടുനേരമൊന്നോര്‍ത്താലതില്‍പൊട്ടു
വെട്ടമായിട്ടു നിന്‍മുഖം മാത്രമാം.
കണ്ണുനീരില്‍ കുതിര്‍ന്ന കൈലേസുഞാന്‍
തോരുവാനിട്ട നിന്‍ വെയില്‍ചില്ലകള്‍
തോറ്റുപോകരുതേയെന്നു പിന്നെയും
തൊട്ടു നില്‍ക്കുന്നു നീറുന്ന ജീവനില്‍.
ഒറ്റവാക്കിന്റെ രൂപകം, ജീവിതം
ഒറ്റമിന്നലിന്‍ നര്‍ത്തനം, തീര്‍ന്നുപോം
സ്വപ്‌നമൊക്കെയുമപ്പൊഴും തീരാതെ
നെഞ്ചിലൂറുമീ ചെമ്പകപ്പൂമണം.
മരണമേ, നീ വിളിച്ചതോ, നിലാവേറ്റു
നീലിച്ച ഓര്‍മ്മപൂത്തതോ
എങ്ങുനിന്നു വരുന്നതാണിത്രമേല്‍
കാറ്റിലൂറുമീ ചെമ്പകപ്പൂമണം''

അയാള്‍ ശുചിമുറിയിലേക്കോ മറ്റോ പോയ തക്കത്തിന് അവരതെടുത്ത് ഉറക്കെ വായിച്ചു. ആരോ കാര്‍ക്കിച്ചുതുപ്പി.

''ഇനിയും എത്രയോ കാലം എത്രയോ ആണുങ്ങക്ക് തുണിയഴിച്ചു കിടന്നു കൊടുക്കണ്ട പെണ്‍കൊച്ചായിരുന്നു. അതിനെ കൊന്നുകളഞ്ഞേച്ചും വന്ന് അവനിരുന്ന് കവിത ഒലത്തുന്നു. നാറി. ത്ഥൂ...''
അവരത് കീറി പുറത്തെ കാറ്റിലേക്കെറിഞ്ഞു.

തടവു ജീവിതം അധികം നീണ്ടില്ല. നഗരത്തില്‍ നടന്ന സമാനസ്വഭാവമുള്ള മറ്റൊരു കൊലപാതകത്തിന്റെ പിറകേ പോയ പൊലീസുകാര്‍ മനോരോഗിയായ മറ്റൊരാളെ കണ്ടെത്തി. അയാളാണ് അവളേയും ഓര്‍മ്മയാക്കിയതെന്ന്! തെളിവുകള്‍ പറഞ്ഞു.

ജയിലില്‍നിന്നും പുറത്തിറങ്ങിയ അയാള്‍ക്ക് പോകാന്‍ ഒരിടമുണ്ടായിരുന്നില്ല. പഴയ പ്രസ്സും ഉടമയും അയാളുടെ ഭാര്യയും എഴുതാതെ പോകുന്ന വാക്കുകളുടെ നിഴല്‍പോലെ മറക്കുന്നതാണ് നല്ലതെന്ന് അയാള്‍ തീരുമാനിച്ചു. അയാള്‍ സ്വയം പറഞ്ഞു: ''ഞാന്‍ പ്രതീക്ഷിച്ച വായനക്കാരി അവളായിരുന്നു. ഇപ്പോള്‍ അവളില്ല. വായനക്കാരില്ലാത്ത ലോകം എഴുത്തുകാരനെ അര്‍ഹിക്കുന്നില്ല...''
അയാള്‍ മറ്റൊരു നഗരത്തിലേയ്ക്ക് വണ്ടികയറി.

നഗരമധ്യത്തിലെ പുരാതനക്ഷേത്രത്തിനു ചുറ്റുമുള്ള അദൃശ്യമായ ഒരു വൃത്തത്തെ വലംവച്ച് ഓടുന്നവരെപ്പോലെ ആയിരുന്നു ആ നഗരത്തില്‍ മനുഷ്യര്‍. ആ കാന്തികവലയത്തിനുള്ളിലെ ഭ്രമണത്തിനിടയില്‍ അവരെപ്പോഴോക്കെയോ കണ്ടു. ചിരിച്ചു. സംസാരിച്ചു. പിരിഞ്ഞു. അതൊരു തുടര്‍ച്ചപോലെ ആവര്‍ത്തിച്ചു. ആ ഭ്രമണപഥത്തില്‍, ഒരു തരിയായി അയാളും അലിഞ്ഞു. പകല്‍ മുഴുവന്‍ പൈപ്പ് വെള്ളം കുടിച്ചലഞ്ഞു. രാത്രി ഏതെങ്കിലും കടത്തിണ്ണയില്‍ ഉറങ്ങി. ബ്രഹദാഖ്യായികകളില്‍ എന്നല്ല, ഒരു ചെറുകഥയില്‍പോലും ഇടമില്ലാത്ത മനുഷ്യരെക്കുറിച്ച് അയാള്‍ ഖിന്നനായ നാളുകളായിരുന്നു അത്.

''ഒരു കഥയും ഇല്ലാത്ത മനുഷ്യരുണ്ടാകുമോ?''
അയാള്‍ തന്നോടുതന്നെ ഉറക്കെ ചോദിച്ചുപോയി.

ആ ചോദ്യത്തിന് മറുപടിയായി ഒരാള്‍ ഇരുട്ടില്‍നിന്ന് എഴുന്നേറ്റുവരികയും അയാളുടെ അടുത്തിരുന്ന് കരം ഗ്രഹിക്കുകയും ചെയ്തു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അയാളുടെ കൈകള്‍ വിറച്ചുകൊണ്ടിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ചുണ്ടുകള്‍ കോടിപ്പോയി. ആ മനുഷ്യന്‍ അയാള്‍ക്കു മുന്നില്‍ ഭക്ഷണം നിവര്‍ത്തിവച്ചു. ഒരു വെള്ളക്കുപ്പി തുറന്നുവച്ചു.

''കഴിക്ക്.''
ഒന്നു മടിച്ച് അയാള്‍ രണ്ടുപിടി വാരിത്തിന്നു. വെള്ളം കുടിച്ചു. ഓക്കാനിച്ചു.

പിന്നെ കടമുറിയുടെ ഭിത്തിയിലേയ്ക്ക് ചാരിയിരുന്നു കിതച്ചു.

നോവലെഴുതാന്‍ താനിപ്പോഴും ബാക്കിയുണ്ടെന്ന് അയാള്‍ക്ക് വിശ്വസിക്കാനായില്ല.
''കൊറച്ച് ദെവസായി ടൗണില് കാണണ്. നീ ആരണ്? എന്തൂട്ടണ് ഫ്യൂച്ചര്‍ പ്ലാന്‍?''
അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.

ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു:

'എന്റെ കൂടെ പോരണ്ടോ..?''
ആ നിമിഷം നരകത്തിലേയ്ക്ക് വിളിച്ചാലും അയാള്‍ കൂടെ പോകുമായിരുന്നു. അയാള്‍ക്ക് പിറകേ നടക്കുമ്പോള്‍, നോവലിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് നടന്നു ചെല്ലുംപോലെ ഒരേ സമയം പുതുമയും വിസ്മയവും അനുഭവപ്പെട്ടു. താനൊരു നോവല്‍ എഴുതാനുള്ള ആലോചനയിലാണെന്ന് അയാള്‍ ആ മനുഷ്യനു മുന്നില്‍ വെളിപ്പെട്ടു. ആ മനുഷ്യനാകട്ടെ, ''അതൊരു ഈമാനൊള്ള പണിയാണോ'' എന്ന് സംശയിച്ചു.
''ഈ ലോകത്ത് ഒരൊറ്റ ജോലിക്കേ കളറുള്ളൂ. അത് പോക്കറ്റടിയണ്...'' ആ മനുഷ്യന്‍ പറഞ്ഞു. ''ഞാന്‍ എല്ലാരേം ഭയങ്കരമായി ശ്രദ്ധിക്കും. ഓരോരുത്തരുടെ അശ്രദ്ധയിലണ് എന്റെ ശ്രദ്ധ...'' അയാള്‍ തുടര്‍ന്നു.

നടന്നുനടന്ന് അവരിരുവരും ഒരു തോടിനു കുറുകെയുള്ള പാലത്തിന്റെ അടിയില്‍ എത്തിയിരുന്നു. മുള്ളന്‍ചീരകള്‍ കാടുപോലെ വളര്‍ന്ന പാലത്തിനടിയിലെ ഇരുട്ടിലേയ്ക്ക് അയാളൊരു തീപ്പെട്ടിക്കൊള്ളി ഉരച്ചു. ആ വെളിച്ചത്തില്‍ പ്ലാസ്റ്റിക് കൂടുകളാല്‍ നിര്‍മ്മിച്ച ഒരു ചെറുകൂടാരം തെളിഞ്ഞു.

''ഇതാണ് എന്റെ മാളം. ഇവിടെയിരിക്കാം.''
ആ ഇരുട്ടില്‍ പാലത്തിന്റെ കല്‍ത്തൂണ്‍കെട്ടില്‍ അടുത്തടുത്തിരിക്കുമ്പോള്‍ അര്‍ത്ഥമെല്ലാം ചോര്‍ന്നുപോയ വാക്കുകളുടെ കാവല്‍ക്കാരന്‍ മാത്രമാണ് താനെന്ന് അയാള്‍ക്കു തോന്നി. പാലത്തിന്റെ മുകളിലൂടെ നീളുന്ന റെയില്‍പ്പാളങ്ങളുടെ തുടക്കമെവിടെയെന്നറിയാത്ത ദൂരത്തില്‍, രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഓട്ടുകമ്പനികളുടെ പുകക്കുഴലുകള്‍ കാണാമായിരുന്നു. മുകളില്‍ ആത്മവിശ്വാസം നഷ്ടമായ പുകക്കൂണുകള്‍.

ആ മനുഷ്യന്‍ ചോദിച്ചു:
''ജോസ് ചിറമ്മല്ന്ന് കേട്ടട്ട്ണ്ടോ നീ? ചിറമ്മല്‍ മാഷ് ഇതുപോലെ ഇവിടെ വന്നിങ്ങനെ എന്റടുത്ത് ഇരുന്നട്ടണ്ട്. ഒരു നാടകത്തില് എനിക്കൊരു ജഡ്ജിടെ വേഷം തരാന്നും പറഞ്ഞാരുന്നു. പക്ഷേ, നാടകം നടന്നില്ല. ജഡ്ജിടെ വേഷത്തില്‍, ഒരു പോക്കറ്റടിക്കാരനെ തൂക്കിക്കൊല്ലാന്‍ വിധിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പോക്കറ്റടിക്കാരനെ തൂക്കിക്കൊല്ല്വോ? അതിന് നെയമണ്ടോ? ആര്‍ക്കറിയാം.''
നടക്കാതെപോയ ആത്മാവിഷ്‌കാരങ്ങളുടെ നിരാശയില്‍, പോക്കറ്റടിക്കാരന്‍ വെറുതേ ഇരുട്ടിനു നേരെ കൂവിയാര്‍ത്തു. മറുകരയിലെ തൂണിന്റെ കല്‍ക്കെട്ടില്‍ ഉറങ്ങാന്‍ കിടന്ന ആരോ തിരിച്ചുകൂവി.

''ചെറമ്മല് മാഷൊക്കെ പോയിട്ട് കാലെത്രയായി. ഇനീം തീര്‍ന്നില്ലേ നെഗളം. മനുഷ്യന് കെടന്നൊറങ്ങണ്ടേ...''
ആവേശത്താല്‍ എഴുന്നേറ്റ് നിന്ന് ഇരുട്ടിലേയ്ക്ക് നോക്കി ഇല്ലാത്ത രാജ്യത്തിലെ അവസാനത്തെ രാജാവായി അലറണമെന്ന് അയാള്‍ക്കും തോന്നി. ജിവിതം അഭിനയിക്കാനുള്ളതല്ലെങ്കിലും ജീവിതത്തില്‍ അഭിനയിക്കുന്നവനാണ് വിജയം. ജീവിതം, അതിന്റെ അതേ പ്രലോഭനങ്ങളോടെ എഴുതുന്നവനോ അവഗണനയും ആത്മനിന്ദയുമാണ് മിച്ചം. ഗാഗുല്‍ത്തയിലെ കുരിശേറ്റം.

പാലത്തിനു മുകളിലൂടെ രാത്രിവണ്ടികളുടെ കിതപ്പുകള്‍ക്ക് കാതോര്‍ത്ത് അയാള്‍ കിടന്നു. തൊട്ടരികില്‍ ജലം ഒഴുകുന്ന ശബ്ദം. പോക്കറ്റടിക്കാരന്‍ ഉറക്കമായി. എപ്പോഴോ അയാളും ഉറങ്ങി. ഉണരുമ്പോള്‍, വെയില്‍ ഉറച്ചിരുന്നു. പോക്കറ്റടിക്കാരനെ അവിടെയെങ്ങും കണ്ടില്ല. കുറേനേരം തോട്ടിലേയ്ക്ക് നോക്കിയിരുന്നു. താഴെയിറങ്ങി ആ വെള്ളം കോരിക്കുടിച്ചു. മീന്‍കുഞ്ഞുങ്ങള്‍ പുളഞ്ഞു നീന്തുന്നത് കണ്ടന്തിച്ചു. പിന്നെയൊരു തോന്നലില്‍ തോട്ടിലിറങ്ങി വസ്ത്രങ്ങളോടെ മുങ്ങിക്കിടന്നു. തലയ്ക്ക് മുകളില്‍ ലോകം അസ്തമിച്ചതുപോലെ അയാള്‍ക്കു തോന്നി. സമയം ജലംപോലെ ഒഴുകുകയാണ്. തനിക്കറിയാവുന്ന ഭാഷയിലെ അക്ഷരങ്ങള്‍ സമയത്തിനൊപ്പം ഒഴുകിയെത്തി തനിക്കരികില്‍ തങ്ങിനില്‍ക്കുകയാണ്. അവയെ ക്രമത്തില്‍ അടുക്കിയടുക്കി വാക്കുകളായി, വാചകങ്ങളായി, ഖണ്ഡികകളായി, പുറങ്ങളായി എഴുതിയെടുക്കാന്‍ അയാള്‍ തീവ്രമായി ആഗ്രഹിച്ചു. ഉവ്വ്. നിഷ്ഫലചെയ്തികളുടെ തുടക്കവും ഒടുക്കവും ഓരോരോ പ്രതീക്ഷകളുടെ വാതില്‍ തുറക്കുന്നു.

അയാള്‍ സ്വയം പറഞ്ഞു: ''അവസാന നിശ്വാസങ്ങളുടെ ഇടവേളകളിലും കീഴടങ്ങാന്‍ മടിച്ചുകൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നതാണ് എനിക്കെഴുത്ത്.''
വെള്ളത്തിലൂടെ ഒഴുകിയെത്തിയ ഒരു ഓടിന്‍ കഷണം തപ്പിയെടുത്ത് അയാള്‍ കരയ്ക്ക് കയറി. ആ നനവോടെ ഓടിന്‍കഷണത്തിന്റെ ചുവപ്പ് രാശി തെളിയിച്ച്, പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ അയാള്‍ എഴുതി:
''ഒരു നോവല്‍ എഴുതണം എന്നാണ് എന്റെ ആഗ്രഹം. ഭൂമിയിലെ ജീവിതം അലങ്കാരങ്ങളും ചമയങ്ങളും ഇല്ലാതെ എങ്ങനെ ആവിഷ്‌കരിക്കും?''
ഇത്രയും എഴുതിയപ്പോഴേയ്ക്കും ഭിത്തിയില്‍ സ്ഥലം തീര്‍ന്നുപോയി. ഇനിയെന്ത് എന്ന് ആലോചിച്ചുനില്‍ക്കേ ചവിട്ടിനിന്ന വാക്കിന്റെ വക്കൊടിഞ്ഞപോലെ അയാള്‍ക്ക് തലചുറ്റി.

തോട്ടിലെ വെള്ളത്തിലേയ്ക്ക് അയാള്‍ മറിഞ്ഞുവീണു. പാലത്തിന്റെ മറുകരയിലൂടെ ഒരു ദീര്‍ഘദൂര തീവണ്ടി പാഞ്ഞുപോകുന്നത്, ബോധത്തിന്റെ അവസാന ദൃശ്യമെന്നോണം അയാള്‍ക്കു കാണാനായി.

നേരം ഏറെക്കഴിഞ്ഞ്, എപ്പോഴോ അവിടെയെത്തിയ പോക്കറ്റടിക്കാരന്‍ അയാളെ ആ നിലയില്‍ കാണുകയും കുലുക്കിവിളിക്കുകയും ചെയ്തു. അയാള്‍ ഉണര്‍ന്നില്ല. കണ്‍ഞരമ്പുകള്‍ മാത്രം മെല്ലെ പിടയുന്ന കണ്ട്, സഹായത്തിന് മറ്റൊരാളെക്കൂടി വിളിക്കാനായി അയാളിങ്ങനെ തിടുക്കപ്പെട്ടു: ''കര്‍ത്താവേ, ജീവനുണ്ട്.''
അപ്പോള്‍, വായുവില്‍ എന്തോ എഴുതാനായി മെല്ലെ തുടിച്ച അയാളുടെ ചെളിപുരണ്ട വിരലില്‍ ഒരു തുമ്പി പറന്നുവന്നു വിശ്രമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com