'ലഹരി'- പി.കെ. പ്രകാശ് എഴുതിയ കഥ

സംസ്ഥാനത്തിന്റെ പല ജില്ലകളില്‍നിന്നുമായി ഞങ്ങള്‍ ഇരുപത്തിയഞ്ചില്‍പ്പരം ആളുകള്‍ ഉണ്ടായിരുന്നു. പലരേയും എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു
ചിത്രീകരണം: സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം: സുരേഷ് കുമാര്‍ കുഴിമറ്റം

ഴിഞ്ഞ തവണ വന്നപ്പോള്‍ കോടതിയുടെ പരിസരത്തില്‍നിന്നു ഞങ്ങള്‍ക്കാര്‍ക്കും മാറാന്‍ പറ്റുമായിരുന്നില്ല. വളരെ പ്രധാനപ്പെട്ട ചില വിസ്താരങ്ങള്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന് നേതാവ് പ്രത്യേകം പറഞ്ഞതിനാല്‍ കൂടെയുള്ളവരാരും കോടതിവളപ്പില്‍നിന്നു പുറത്തേയ്ക്കു പോയില്ല.

സംസ്ഥാനത്തിന്റെ പല ജില്ലകളില്‍നിന്നുമായി ഞങ്ങള്‍ ഇരുപത്തിയഞ്ചില്‍പ്പരം ആളുകള്‍ ഉണ്ടായിരുന്നു. പലരേയും എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു. കൂടാതെ ആ സമരത്തില്‍ വെച്ച് പരിചയപ്പെട്ട കുറെ ആദിവാസികളും ചേര്‍ന്നതായിരുന്നു ഞങ്ങളുടെ കൂട്ടം.

അന്നവിടെ ആ സമരം നടക്കുമ്പോള്‍ ഞാനതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഈ കേസിന് ആസ്പദമായ കൊല നടക്കുന്ന സമയത്ത് ഞാന്‍ ആ സമരസ്ഥലത്ത് ഇല്ലായിരുന്നു. കുടില്‍കെട്ടി ആഴ്ചകളോളം സമരം ചെയ്തുവന്ന സമരക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനായി കുറച്ചു വെള്ളം എടുക്കാന്‍ കാട്ടിലേയ്ക്കു പോയതായിരുന്നു ഞാന്‍. എന്റെ കൂടെ കാടറിയുന്ന ചില ആദിവാസി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ആ സമരത്തില്‍ പങ്കെടുക്കാനായി കോട്ടയത്തുനിന്നു രണ്ടുദിവസം മുന്‍പ് ബസ് യാത്ര ചെയ്ത് ഞാന്‍ അവിടെ എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ഷര്‍ട്ടിന്റെ പോക്കറ്റില്‍ അങ്ങോട്ടു തിരിച്ചു പോകാനുള്ള വണ്ടിക്കൂലി മാത്രം ഉണ്ട്. ആ പണം അപ്പച്ചന്‍ തന്നതായിരുന്നു.

അപ്പച്ചന് മാര്‍ക്കറ്റില്‍ ചുമട് ചുമക്കുന്ന പണിയായിരുന്നു. വീട്ടിലെ ചെലവ് കഴിച്ച് മിക്കവാറും നൂറിനടുത്ത രൂപയോളം അപ്പച്ചന്റെ പോക്കറ്റില്‍ കാണും. അപ്പച്ചന്‍ കള്ള് കുടിക്കാറില്ല. പകരം ബീഡി നന്നായിട്ടു വലിക്കും. 
ഞാന്‍ ദീര്‍ഘവീക്ഷണമുള്ള ആളാണെന്നും ഇവിടെ ഈ സൗകര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഇങ്ങനെയൊക്കെ അലമ്പുപിടിച്ചു പോയതാണെന്നും പൊതുവില്‍ അദ്ദേഹം ചിലരോടൊക്കെ എന്നെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നെക്കുറിച്ചു പറയുമ്പോള്‍ 'അലമ്പിപ്പോയെന്ന' പദം പലപ്പോഴും അദ്ദേഹം എടുത്തു പ്രയോഗിക്കുന്നതില്‍ ഞാന്‍ ചിന്താകുലനായിട്ടുള്ള സന്ദര്‍ഭങ്ങള്‍ വിരളമല്ല. അതിനു പിന്നില്‍ എന്റേതായ ചില പാകപ്പിഴകള്‍ ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്.

സംഭവമിങ്ങനെയാണ്: ഭാഷകളുടെ അടിസ്ഥാന വ്യാകരണങ്ങളും കണക്കിലെ ഗുണന പട്ടികകളും ഫോര്‍മുലകളും പഠിക്കാതെ ക്ലാസ്സുകളില്‍നിന്ന് ക്ലാസ്സുകളിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ എനിക്ക് പഠനകാര്യങ്ങളില്‍ മികവുണ്ടാക്കാന്‍ ആകുമായിരുന്നില്ല. നാട്ടിലുള്ള മറ്റു കുട്ടികളെ ചുറ്റിപ്പറ്റിയുള്ള ഒരു ജീവിതമായിരുന്നു സ്‌കൂള്‍തലത്തില്‍ എനിക്ക് ഉണ്ടായിരുന്നത്.

വീടിനടുത്ത് പുഞ്ചയുണ്ട്. അതിനോടു ചേര്‍ന്ന് കുളമുണ്ട്. സ്‌കൂള്‍ വിട്ടുവന്നാല്‍ പുഞ്ചയില്‍ ഇറങ്ങി മത്സ്യങ്ങളെ തപ്പിപ്പിടിക്കുന്നത് അക്കാലത്ത് കുട്ടികള്‍ക്കു കൗതുകമായിരുന്നു. ഞാനും അവരോടൊപ്പം കൂടാറുണ്ട്.
മീനൊന്നും അങ്ങനെ കിട്ടുമായിരുന്നില്ല. അല്ലെങ്കിലും എല്ലാവരും കൂടുമ്പോള്‍ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതായിരുന്നു എന്റെ ഉദ്ദേശ്യം. 

അവിടെ അമ്പലപ്പറമ്പില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ഏറുപന്തുകളിയും എന്നില്‍ രസമുണ്ടാക്കിയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയം വീട്ടില്‍ നിന്ന് ദൂരെയുള്ള ആ സ്ഥലത്തേയ്ക്ക്, സ്‌കൂള്‍ വിട്ടുവന്നാല്‍ അമ്മ ഉണ്ടാക്കി വച്ചിരിയ്ക്കുന്ന കപ്പപ്പുഴുക്ക് കഴിച്ചിട്ട് നടന്നെത്തുമായിരുന്നു ഞാന്‍. 

ഞാന്‍ കുറേനേരം പറമ്പിന്റെ കെട്ടിലിരുന്ന് കളി കാണും. അതുകഴിഞ്ഞ് കളിക്കാനിറങ്ങും. 

പലരുടേയും ഏറുകൊണ്ട് എന്റെ പുറം നീറിയിട്ടുണ്ട്. എന്നാലും അതൊക്കെ നല്ല രസമുള്ള ഓര്‍മ്മകളായി ഞാന്‍ ഇന്നു കരുതുന്നു.

എന്നാല്‍, എന്റെ നടപ്പ് പലപ്പോഴും ഒറ്റയ്ക്കു തന്നെയാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ചില കാര്യങ്ങളിലെ ആനന്ദം വീട്ടുകാരും നാട്ടുകാരും ഒന്നും അറിയാതിരിക്കുന്നതാണ് നല്ലതെന്ന ബോധം എനിക്ക് എങ്ങനെയാണ് ഉണ്ടായതെന്നറിയില്ല. എന്തായാലും റോഡുവഴിയുള്ള എന്റെ നടത്തം ഞാന്‍ ഒഴിവാക്കി. കൂട്ട് കൂടുന്നതില്‍നിന്ന് മാറിനടന്നുള്ള സന്ദര്‍ഭങ്ങള്‍ കൃത്യമായും ഞാന്‍ ഉണ്ടാക്കിയെടുത്തു. 

മിക്കവാറും കനാല്‍ മണ്ടയിലൂടെയായിരിക്കും കളിസ്ഥലത്തുനിന്ന് ഞാന്‍ വൈകുന്നേരങ്ങളില്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്. അവിടെ ഒരു മഞ്ഞനിറമുള്ള സ്ത്രീ സ്ഥിരമായി കുളിക്കാനായി വന്നിരുന്ന ഇടം ഉണ്ട്.
പലയിടത്തായി ആളുകള്‍ കുളിക്കാനായി ഇങ്ങനെ കുളിക്കടവുകള്‍ ഉണ്ടാക്കിയിരുന്നു, ആ കനാലില്‍. എന്നാല്‍, ഈ മഞ്ഞസുന്ദരി ഇവിടമൊഴിച്ച് മറ്റൊരിടത്തും ഇറങ്ങി കുളിക്കാറില്ല; ഒറ്റയ്ക്കാണ് വരവും പോക്കും.
കറുത്ത നീളന്‍ തലമുടിയും ഒതുക്കമുള്ള വയറും തടിച്ച മുലകളും വിടര്‍ന്ന പീലിക്കണ്ണുകളും ഉണ്ടായിരുന്ന ആ സ്ത്രീയുടെയത്ര സൗന്ദര്യം പണ്ടു കണ്ട 'വൈശാലി' പടത്തിലെ നായികയുടേതു പോലെ തന്നെയാണെന്ന ബോധം എന്നില്‍ ഉറയ്ക്കാന്‍ തുടങ്ങി.

ഈ വൈശാലിയെ കാണുന്നത് ഒറ്റയ്ക്കായിരിക്കണമെന്ന് അന്ന് എനിക്ക് നിര്‍ബ്ബന്ധം ആയിരുന്നു. അതിനാല്‍ ആ സമയത്തുള്ള യാത്രകളില്‍ ഞാന്‍ ആരെയും കൂടെ കൂട്ടുമായിരുന്നില്ല.

വൈശാലിയുടെ അടുത്തെത്തിയാല്‍ കുറേനേരം ഞാന്‍ അവരെത്തന്നെ നോക്കിനില്‍ക്കും.

പരിസരത്തെങ്ങും ആരും വരാനില്ലാത്ത സമയമായിരിക്കും. ഇനി ആരെങ്കിലും വന്നാല്‍ത്തന്നെ ഞാന്‍ അവര്‍ കാണാതെ കനാലിന്റെ കെട്ടിനു താഴെയുള്ള പാണക്കാട്ടില്‍ ഒളിച്ചിരിക്കും. അവിടെ പാണലു മാത്രമല്ല, ചൊറിയങ്കണ്ണവും ചൊറിയന്‍ ചേമ്പും ധാരാളം ഉണ്ടായിരുന്നു. അവയുടെ അഗ്രങ്ങള്‍ തൊട്ട് ചൊറിച്ചലും നീറ്റലും ഉണ്ടാകുകയും ചെയ്യും. ഒച്ചുകള്‍ ശരീരത്തിലിഴയും. ഉറുമ്പുകളും പഴുതാരകളും വേണ്ടിവന്നാല്‍ പാമ്പും കടിക്കാന്‍ സാധ്യതയേറെയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവിടെയിരുന്നാല്‍ എനിക്ക് വൈശാലിയുടെ നെടുനീളന്‍ മഞ്ഞശരീരം വേണ്ടുവോളം കാണാന്‍ കഴിയുമായിരുന്നു.

വളരെ യാദൃച്ഛികമായിട്ടുള്ള എന്റെ എളുപ്പവഴിയിലൂടെയുള്ള നടത്തത്തിനിടയിലാണ് വൈശാലിയെ ഞാന്‍ ഒരു ദിവസം കണ്ടെത്തിയത്. അന്നുമുതല്‍ സ്ഥിരമായി ആ വഴിയില്‍ തക്ക സമയം നോക്കി എത്തുന്ന എന്നോട് വൈശാലിക്ക് ദേഷ്യമൊന്നും തോന്നിയിരുന്നില്ലയെന്നാണ് എനിക്കുണ്ടായിരുന്ന നിഗമനം. എന്നു മാത്രമല്ല, ചില സമയങ്ങളില്‍ മുലകളെ വലിഞ്ഞു മുറുക്കിയുള്ള ആ കറുത്ത പൂക്കളുള്ള മുണ്ട്, കുനിഞ്ഞുനിന്നു തുണികള്‍ അലക്കിയൊതുക്കുന്നതിനിടയില്‍ അഴിഞ്ഞഴിഞ്ഞു പോയാല്‍ എന്റെ നേരെനിന്ന് ഉദാരപൂര്‍വ്വം അഴിച്ചെടുത്ത് ഉടുക്കുന്നതിലും വൈശാലിക്കു താല്പര്യമുണ്ടായിരുന്നതായി ഞാന്‍ കരുതിയിരുന്നു. 

അതിന്റെ ആവശ്യം വേണ്ടിയിരുന്നില്ലായെന്നതാണ് എനിക്കുണ്ടായിരുന്ന മനോവിചാരം. അല്ലാതെ തന്നെ മുലകള്‍ക്കിടയിലെ നിഴല്‍ താഴ്ചയ്ക്കുമേല്‍ മുറുക്കിക്കെട്ടിയിരിക്കുന്ന മുണ്ട് മറച്ചിരിക്കുന്ന ആ മഞ്ഞ ശരീരം എന്റെ അസ്ഥികളെ വെറും പച്ചവെള്ളമാക്കിത്തീര്‍ക്കാന്‍ ശക്തിയുണ്ടായിരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

വൈശാലിയുടെ വീട് അവിടെനിന്ന് കുറച്ച് അകലെയാണെന്ന് ഞാന്‍ കണ്ടുപിടിച്ചു.

അവള്‍ക്ക് ഭര്‍ത്താവുണ്ട്. രണ്ട് ചെറിയ കുട്ടികളുണ്ട്. കരയിലെ ഭേദപ്പെട്ട ഒരു കര്‍ഷക പാരമ്പര്യമുള്ള നസ്രാണി കുടുംബത്തിലെ സുന്ദരിയാണവള്‍.

ആയിടയ്ക്ക് എന്റെ പത്താംക്ലാസ്സ് പരീക്ഷ വന്നു. എന്റെ മനോഹര ബാല്യകാലം അവസാനിച്ചു. അങ്ങനെ പത്താം ക്ലാസ്സ് ജയിച്ച ശേഷം പുറമേ അപ്പച്ചനോടും അമ്മയോടും പറയാതെയുള്ള എന്റെ ചുറ്റിത്തിരിയലുകളും കൂട്ടംകൂടലുകളും അവസാനിക്കുകയായിരുന്നു.

പല കോളേജുകളില്‍ പ്രീഡിഗ്രിക്കായി അപേക്ഷ കൊടുത്ത് കാത്തിരുന്ന എനിക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. സുവോളജി മെയിനായി കിട്ടാനാണ് ഞാന്‍ അപേക്ഷിച്ചതെങ്കിലും മാത്തമാറ്റിക്‌സ് മെയിനായിട്ടുള്ള ഫസ്റ്റ് ഗ്രൂപ്പാണ് എനിക്ക് കിട്ടിയത്.

അഡ്മിഷന്‍ സമയത്ത് അപ്പച്ചന്‍ കൂടെവന്നു. അഡ്മിഷന്‍ കഴിഞ്ഞ് തിരിച്ചുപോകാന്‍ നേരം അവിടെയുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഞാന്‍ ഒരു അപേക്ഷ കൊടുത്തു. മുന്‍പ് അവിടെ വന്ന് പഠിച്ചിട്ട് രാഷ്ട്രീയമൊക്കെ കളിച്ച് തോറ്റു കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഒരു സ്‌നേഹിതന്‍ അന്നെനിക്കു നാട്ടില്‍ത്തന്നെയുണ്ടായിരുന്നു. അവന്റെ ഉപദേശപ്രകാരമായി ഞാന്‍ പ്രവര്‍ത്തിച്ചു എങ്കിലും അക്കാര്യങ്ങളൊന്നും അറിയാതിരുന്ന അപ്പച്ചന് എന്റെ തീരുമാനങ്ങളില്‍ നല്ല മതിപ്പു തോന്നി.

ഹോസ്റ്റലില്‍നിന്ന് ഇറങ്ങി നടക്കുമ്പോള്‍ അടുത്തുള്ള ബാലഗോപാലന്‍ ഹോട്ടലില്‍ കയറി ബീഫ് ഫ്രൈയും പൊറോട്ടയും നല്ലതുപോലെ ഞങ്ങള്‍ രണ്ടുപേരും കഴിച്ചു.

രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പോകാന്‍ തുടങ്ങി. അപ്പച്ചന്‍ എനിക്ക് നൂറിന്റെ നോട്ടുകള്‍ പലപ്പോഴായി തന്നു. അതിനിടയില്‍ എനിക്ക് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടി. ഇന്റര്‍വ്യൂവിന് അപ്പച്ചന്‍ കൂടെവന്നു. അപ്പച്ചനെ കണ്ട് സ്റ്റീവാര്‍ഡ് പറഞ്ഞു: ''നിങ്ങളുടെ മകന്‍ മിടുക്കനാണ്. ഈ സ്ഥാപനത്തില്‍നിന്ന് പഠിച്ചവരൊക്കെ വലിയ നിലയിലായിട്ടുണ്ട്.'' അന്നു പ്രശസ്തരായിരുന്ന പലരുടേയും പേരുകള്‍ അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

സ്റ്റീവാര്‍ഡ് ഓഫീസിനടുത്തുള്ള മുറി തുറന്ന് എന്റേയും അപ്പച്ചന്റേയും കയ്യില്‍ കൊതുകുവലയും തലയണയും ഉറകളും ബഡും വിരികളും എടുത്തുതന്നു. പുതിയ തുണിയുടെ ഗന്ധം അവിടെ നിറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു ആര്‍ഭാടമായി തോന്നി.

സ്റ്റീവാര്‍ഡ് സ്റ്റോര്‍ റൂം പൂട്ടി നീണ്ട വരാന്തയിലേയ്ക്കു തിരിഞ്ഞുനടന്ന് രണ്ടാമത്തെ മുറിയുടെ വാതിലില്‍ മുട്ടി. ഞാന്‍ അദ്ദേഹത്തിന്റെ പുറകില്‍ത്തന്നെ നിന്നു. ഞാന്‍ തിരിഞ്ഞ് അപ്പച്ചനെ നോക്കി. അപ്പച്ചന് അറുപതില്‍ കൂടുതല്‍ പ്രായം തോന്നിച്ചിരുന്നു. തീരെ മൗനിയായി തല കുമ്പിട്ട് സ്റ്റീവാര്‍ഡിന്റെ പുറകില്‍ നില്‍ക്കുന്ന അപ്പച്ചനെ നോക്കിയപ്പോള്‍ എനിക്ക് അനുതാപം തോന്നി. ഞാനോര്‍ത്തു, വരാന്‍ പോകുന്ന സൗകര്യങ്ങള്‍ ഇദ്ദേഹത്തിനു കിട്ടില്ലല്ലോ. കോട്ടയത്തുള്ള ഞങ്ങളുടെ മഴയത്തു നനയുന്ന ഷീറ്റുപുരയില്‍ ചുമടുപണിക്കുശേഷം നിലത്തു പായവിരിച്ച് കിടക്കാറുള്ള അദ്ദേഹത്തിന്റെ ശീലത്തിന് എന്റെ പുതിയ സൗകര്യങ്ങള്‍ യാതൊരു മാറ്റവും വരുത്തില്ലല്ലോ.

ഞാന്‍ നിസ്സഹായനായി സ്റ്റീവാര്‍ഡിന്റെ അതിവേഗത്തിലുള്ള കതകിലെ മുട്ടുകേട്ട് വെറുതെ ഞെട്ടിക്കൊണ്ടിരുന്നു.

വാതില്‍ തുറന്നുവന്നത് എന്നെപ്പോലെ തന്നെ കറുത്ത ഒരു പയ്യന്‍ ആയിരുന്നു. മുറിക്കകത്തേയ്ക്ക് കടന്നപ്പോള്‍ ഒരു കട്ടില്‍ ഒഴിച്ച് മറ്റ് മൂന്നു കട്ടിലുകളിലും ആളുകളുള്ളതായി എനിക്കു തോന്നി. എന്തെന്നാല്‍ അവയിലൊക്കെ കിടക്കയും വലയും വിരിയും മറ്റും ഉപയോഗിക്കുന്നപോലെ കിടപ്പുണ്ട്. കട്ടിലുകള്‍ക്കുമേല്‍ കെട്ടിയിരിക്കുന്ന അയകളില്‍ പല വസ്ത്രങ്ങളും കാണാം. കട്ടിലിനു സമീപത്ത് മേശയും കസേരയും ഉണ്ട്. മേശകളില്‍ പുസ്തകങ്ങളും ബുക്കുകളും ഉണ്ട്. എന്നാല്‍, വാതിലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ യാതൊന്നുമില്ല. മേശപ്പുറം പൊടിപിടിച്ച അവസ്ഥയില്‍ ആണ്. കസേര സ്ഥാനംതെറ്റിയ മാതിരി മുറിക്ക് നടുവിലേക്ക് മാറിക്കിടക്കുന്നു.

വാതില്‍ തുറന്നുതന്ന പയ്യനോട് സ്റ്റീവാര്‍ഡ് പറഞ്ഞു: ''പുതിയ ഇന്‍മേറ്റാണ്. നോക്കിക്കൊള്ളണം.''
അയാള്‍ ചിരിച്ചു.

സ്റ്റീവാര്‍ഡ് തിരിഞ്ഞ് ഞങ്ങളെ നോക്കി പറഞ്ഞു: ''ഇതിവിടെയുള്ള അന്തേവാസിയാ. നിങ്ങള്‍ പരിചയപ്പെടൂ.''
ഞാന്‍ തലകുലുക്കി സമ്മതിച്ച് സ്റ്റീവാര്‍ഡിനെ നോക്കി ചിരിച്ചു. ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് സ്റ്റീവാര്‍ഡ് മുറിയില്‍നിന്നു പോയി. മുറിയിലെ അന്തേവാസി വാതില്‍ അടച്ചു.

ഞാന്‍ അപ്പച്ചനോട് അടുത്തു കിടന്ന കസേര കാട്ടി ഇരിക്കാന്‍ പറഞ്ഞു. അപ്പച്ചന്‍ കയ്യിലെ കിടക്കയും വലയും കട്ടിലിലേക്കിട്ട് അതിന്റെ അങ്ങേ തലക്കല്‍ ഒഴിവുള്ളയിടത്ത് ഇരുന്നു. ഞാന്‍ എന്റെ തുണികളും തലയിണയും കട്ടിലില്‍ വച്ച് ഇപ്പുറത്തായി ഇരുന്നു.

അപ്പച്ചന്‍ മുറിയിലുണ്ടായിരുന്ന അന്തേവാസിയോടു സംസാരിച്ചു. ഇനി രണ്ടു പേര്‍കൂടി ആ മുറിയില്‍ താമസക്കാരായുണ്ടെന്ന് അന്തേവാസി പറഞ്ഞു. ''അവര്‍ കോളേജില്‍ പോയതാണ്. എനിക്ക് ഉച്ചകഴിഞ്ഞേ ക്ലാസ്സുള്ളൂ.'' അയാള്‍ പറഞ്ഞുനിര്‍ത്തി. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ മുറിയുടെ നടുഭാഗത്തെ ചുരുങ്ങിയ സ്ഥലത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.

ഹോസ്റ്റലിന്റെ കോമ്പൗണ്ടിനപ്പുറം തിരക്കുള്ള റോഡു പോകുന്നുണ്ട്. ജനലിലൂടെ നോക്കിയാല്‍ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് മുറിയിലുള്ളവര്‍ക്കു കാണാന്‍ സാധിക്കും. മുറ്റത്ത് തഴച്ചുവളര്‍ന്ന പേരമരം തണല്‍ പരത്തിനില്‍ക്കുന്നു. കായലില്‍നിന്ന് പേരയില്‍ത്തട്ടി വരുന്ന കാറ്റിന് പേരക്കയുടെ ഗന്ധം ഉണ്ടായിരുന്നു.

കായലിലെ കപ്പല്‍ച്ചാനല്‍ വഴി ഒരു കപ്പല്‍ ഉച്ചത്തില്‍ സൈറന്‍ മുഴക്കി കടന്നു വരുന്നുണ്ടായിരുന്നു.

അപ്പച്ചന്‍ ജനലിന്റെ അരികിലെത്തി അവിടെ ഇട്ടിരുന്ന മേശമേല്‍ കൈകള്‍ ഊന്നി അതൊക്കെ കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ ജനലിനടുത്തുനിന്ന് എന്റെ അടുക്കലേക്ക് തിരിച്ചെത്തി. അപ്പച്ചന്‍ എന്റെ മുഖത്തേക്കു നോക്കി പറഞ്ഞു: ''ഞാന്‍ പോകുവാടാ. എന്റെ കൈവശം കുറച്ച് കാശ് ഉണ്ട്. നീയിത് കയ്യില്‍ വച്ചോ. ഹോസ്റ്റല്‍ അടയ്ക്കുമ്പോള്‍ വീട്ടിലേക്കു വന്നാല്‍ മതി.''
''അയ്യോ അതിന്റെ ഒന്നും ആവശ്യമില്ല. ഇവിടെ എല്ലാം സര്‍ക്കാര്‍ ചെലവില്‍ കിട്ടും. പോക്കറ്റു മണി വേറെ.'' അന്തേവാസി കസേരയിലിരുന്നുകൊണ്ട് ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: ''അപ്പച്ചന്‍ പേടിക്കണ്ട ഇവിടെ ഞങ്ങളൊക്കെയില്ലേ'' അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ അപ്പച്ചന്റെ കയ്യില്‍നിന്ന് കാശ് വാങ്ങി പോക്കറ്റിലിട്ടു. അപ്പച്ചനെ കൊണ്ടു വിടുന്നതിനായി ഞാന്‍ മെഡിക്കല്‍ ട്രെസ്റ്റിന്റെ ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പു വരെ കൂടെപ്പോയി. കോട്ടയത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് വന്നപ്പോള്‍ അപ്പച്ചന്‍ അതില്‍ കയറിപ്പോയി. ഞാന്‍ ഏകനായി തിരിച്ചുനടന്നു.

വൈകുന്നേരമായിരുന്നു. ഞാന്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. ഫുട്പാത്തിനോട് ചേര്‍ന്നു നിരനിരയായി നില്‍ക്കുന്ന കല്ലുവാകകളില്‍ കാക്കകള്‍ ചേക്കേറാന്‍ തുടങ്ങുകയായിരുന്നു. മുന്നിലതാ വെള്ള ബ്ലൗസ്സും നീലപ്പൂക്കളുള്ള വെള്ള സാരിയും ധരിച്ച്, സ്ഥാനം തെറ്റിക്കുന്ന ചന്തിയെ കാട്ടി നീളത്തില്‍ പിന്നിയ മുടി അങ്ങോട്ടുമിങ്ങോട്ടും തട്ടി പിന്‍കഴുത്ത്, മുതുക്, പാദങ്ങള്‍, കൈകള്‍ എന്നിവിടങ്ങളിലെ മഞ്ഞ ശരീരത്തിന്റെ നഗ്‌നത മാത്രം കാണാന്‍ പറ്റുംവിധം ഒരു സ്ത്രീ നടക്കുന്നു.

ആളുകള്‍ എനിക്കും ആ സ്ത്രീക്കും ഇടയില്‍ മറവായി വരുകയും പോവുകയും ചെയ്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞ് എന്നെ നോക്കി. ഇരുപത്തഞ്ചിനുമേല്‍ പ്രായം തോന്നിക്കാത്ത ആ മഞ്ഞമുഖത്തെ ധ്യാനപൂര്‍വ്വമായ കണ്ണുകള്‍ ഒരു വിലക്കുപോലെ ഒരു നിമിഷം എന്നെ തടയാന്‍ ശ്രമിച്ചുവെങ്കിലും ആ വളവില്‍നിന്ന് മരത്തിന്റെ മറവിലെത്തി അവള്‍ തിരിഞ്ഞപ്പോള്‍ ഞാനും വേഗത്തില്‍ അവള്‍ക്കടുത്തേയ്ക്ക് പാഞ്ഞടുത്തു.

അവള്‍ ചെന്നു കയറിയത് റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. പ്ലാറ്റ്ഫോമില്‍ ഒരു കൂട്ടം ആളുകള്‍ അവളെ കാത്തുനില്‍പ്പുണ്ടായിരുന്നു. അതില്‍ ചെറുപ്പക്കാരും വൃദ്ധരും മധ്യവയസ്സുള്ളവരും ആയ സ്ത്രീകളും പുരുഷന്മാരും മാത്രമല്ല, കുട്ടികളും ഉണ്ട്.

പിന്‍തുടര്‍ന്ന് എത്തിയ എന്നെ പലതവണ തിരിഞ്ഞു നോക്കി അവള്‍ ചില ആശയങ്ങള്‍ ആ ആള്‍ക്കൂട്ടത്തില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത് ദൂരത്തുനിന്നുതന്നെ മനസ്സിലാക്കാനെനിക്കു കഴിഞ്ഞിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ നോട്ടം എന്നിലേക്കെത്തിയപ്പോള്‍ ഞാന്‍ ഉടനെ ആക്രമിക്കപ്പെടുമെന്നും അതിനു കാരണം നിതംബ ചലനങ്ങളാല്‍ മുന്നില്‍ നടന്ന് അവര്‍ക്കിടയില്‍ എത്തി എനിക്കെതിരെ കുറ്റാരോപണം നടത്തുന്ന ആ സ്ത്രീയുടെ മഞ്ഞ ശരീരവുമാണെന്നറിഞ്ഞ ഞാന്‍ വന്ന വേഗതയില്‍ പ്ലാറ്റ്ഫോമില്‍ക്കൂടി നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തെ ഞാന്‍ നോക്കിയതേയില്ല. കുറച്ചുകഴിഞ്ഞു നിര്‍ത്തിയിട്ടിരുന്ന ഒരു ട്രയിനിനുള്ളില്‍ കയറി ഞാന്‍ ഇരുന്നു. ആരും ഇല്ലാത്ത, ഷട്ടറുകള്‍ അടഞ്ഞുകിടന്ന ആ ബോഗിക്കുള്ളിലെ സീറ്റില്‍ ഉയര്‍ന്ന ഊഷ്മാവില്‍ വിയര്‍ത്തിരിക്കുമ്പോള്‍ പുറത്ത് നടന്നതൊന്നും ഞാന്‍ അറിഞ്ഞതേയില്ല.

ആരാലും അന്വേഷിക്കപ്പെടുന്നില്ലായെന്നു തോന്നിയപ്പോള്‍ ബോഗിക്കുള്ളില്‍നിന്നു വിയര്‍ത്ത ഞാന്‍ പുറത്തു ചാടി സാവധാനം പ്രധാന കവാടത്തിലൂടെ രക്ഷപ്പെടാന്‍ തുടങ്ങി. മുന്‍പവിടെ കണ്ട ആള്‍ക്കൂട്ടം ചിതറിപ്പോയതായും വേറെ പലയിടത്തും ചെറിയ ചെറിയ ഗ്രൂപ്പുകളായി ഗൗരവമുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതായും വേറെയും കുറെപ്പേര്‍ വെറുതേ നോക്കി നില്‍ക്കുന്നതായും എനിക്കു കാണാന്‍ പറ്റി. എന്നാല്‍, ഞാന്‍ പിന്‍തുടര്‍ന്ന സ്ത്രീയെ അവിടെയെങ്ങും കണ്ടില്ല. സ്റ്റേഷന്‍ മുറ്റത്തെ ഫ്‌ലെഡ്ലൈറ്റ് രൂപങ്ങളെ തിരിച്ചറിയാത്തവിധം മഞ്ഞ പകര്‍ന്നു.

ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതിവേഗം റെയില്‍വേയുടെ അതിര്‍ത്തി വിട്ട് പ്രധാന റോഡിലേയ്ക്കു ഞാന്‍ പ്രവേശിച്ചു. വെളിച്ചം വീഴ്ത്തിയ വിളക്കുകള്‍ തെളിയിച്ച് സന്ധ്യാനേരത്തെ നഗരവീഥി എന്നിലുരുത്തിരിഞ്ഞ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതായി തോന്നി. ഞാന്‍ കൈകള്‍ വീശി നിഴലുകള്‍ക്കിടയിലൂടെ കുതിച്ചു.

ഇരുട്ടിലൂടെ അലഞ്ഞ് ഹോസ്റ്റലിലെത്തിയപ്പോള്‍ സമയം രാത്രി ഏറെ പിന്നിട്ടിരുന്നു. എന്നെ കാണാനും പരിചയപ്പെടാനും അതോടൊപ്പം റാഗിങ്ങു ചെയ്യാനും കാത്തിരുന്നവര്‍ നിരാശരായി മടങ്ങിപ്പോയിരുന്നു.

പിന്നീടുള്ള ദിവസങ്ങള്‍ ഏറ്റവും സന്തോഷപ്രദമായിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് മുറിയിലെ മൂന്നുപേര്‍ കൂടാതെ മറ്റു മുറിയിലുള്ളവരുമായി സൗഹൃദം ഉണ്ടാക്കാന്‍ കഴിഞ്ഞു. പ്രധാനമായും പെണ്ണുങ്ങളും മെസ്സിലെ വിഭവങ്ങളും തിയേറ്ററുകളില്‍ എത്തിയ പുതിയ പടങ്ങളും ഫാഷന്‍ വസ്ത്രങ്ങളും ഒക്കെയായിരുന്നു ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നത്. ചിലര്‍ മിമിക്രി കാട്ടിയും സിനിമാപ്പാട്ടുകള്‍ പാടിയും ശ്രദ്ധേയരായി. ഞങ്ങള്‍ ഞായറാഴ്ചകളില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചെന്ന് ബീച്ചിലെല്ലാം കറങ്ങിനടന്നു തിരിച്ച് ഹോസ്റ്റലിലെത്തി മെസ്സ് കഴിച്ചു വെളുക്കുവോളം തളര്‍ന്നുറങ്ങി. കായലില്‍ ചൂണ്ടയിട്ടു മീന്‍പിടിച്ചു. വെള്ളത്തിലിറങ്ങി ഞണ്ടുകളെ തപ്പിപ്പിടിച്ചു. പിടിച്ച മീനുകളും ഞണ്ടുകളും മെസ്സ് ഹാളിലെ പാത്രങ്ങളില്‍ ഇട്ട് മുറ്റത്ത് അടുപ്പു പൂട്ടി വേവിച്ചു കഴിച്ചു.

കൂടെയുള്ള അന്തേവാസി നാലുവര്‍ഷമായി ആ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നയാളായിരുന്നു. പ്രീഡിഗ്രിക്കെത്തി ഇപ്പോള്‍ ഡിഗ്രിക്കു പഠിക്കുന്ന ആള്‍. മിക്കവാറും സ്റ്റീവാര്‍ഡിനോട് ഏറ്റവും അടുത്തു പെരുമാറിയിരുന്ന വിദ്യാര്‍ത്ഥികളില്‍ പ്രധാനി. മെസ്സ് നടത്തുന്നതിലും കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്നതിലും അയാള്‍ വിദഗ്ദ്ധനായിരുന്നു. കമ്മിറ്റികളില്‍ നന്നായി പ്രസംഗിക്കുകയും ചെയ്യും. പുറത്തുനിന്ന് അദ്ദേഹത്തെ അന്വേഷിച്ചു പല പ്രമുഖരും എത്തിയിരുന്നു. ഇടയ്ക്കിടക്ക് അദ്ദേഹത്തിന്റെ പരിചയത്തില്‍ കൊച്ച്, ജോണ്‍, സണ്ണി, ദാസ് തുടങ്ങിയവര്‍ ഞങ്ങളുടെ മുറിയില്‍ വന്നു താമസിച്ചിരുന്നു. അവരുടെ എല്ലാം വര്‍ത്തമാനങ്ങളില്‍നിന്ന് ഞാന്‍ ചരിത്രബോധമുള്ളയാളായി മാറി.

അവരുടെ ചില യോഗങ്ങള്‍ കായലോരത്തെ പാര്‍ക്കില്‍ വച്ച് നടക്കുമായിരുന്നു. പൊതുവില്‍ ക്ലാസ്സു മടുത്ത് കാമ്പസ്സില്‍നിന്ന് ഇറങ്ങി നടക്കുമ്പോള്‍ ഈ യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തു. എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. കുറെ പെണ്‍കുട്ടികള്‍ ഇതിനിടയില്‍ ഞങ്ങളുടെ കൂടിയാലോചനകളില്‍ പങ്കെടുക്കാനെത്തി. ഞങ്ങളെപ്പോലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണവര്‍. നാളുകള്‍ക്കുള്ളില്‍ യോഗാംഗങ്ങളായി പലരും പല കാമ്പസുകളില്‍നിന്നും വന്നുകൂടി. ഞങ്ങളുടെ സംഘം വിപുലമായി. യോഗ നിര്‍വ്വഹണം നേതാക്കള്‍ ഇല്ലാത്തപ്പോഴും തെരുതെരെ നടക്കാന്‍ തുടങ്ങി. സംഘത്തിലെ കാമുകീകാമുകന്മാര്‍ അറിഞ്ഞു നടത്തിയ ചില രഹസ്യനീക്കങ്ങളായിരുന്നു അതിന്റെ പിന്നില്‍. ചില യോഗങ്ങളില്‍ കൊച്ചും മറ്റും പങ്കെടുത്തു. പലപ്പോഴും യോഗപരിപാടികള്‍ തയ്യാറാക്കാന്‍ കാമ്പസ്സിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ തയ്യാറായി. പൊതുവില്‍ എസ്.എഫ്.ഐക്കാരോട് വിരോധമുണ്ടായിരുന്ന കെ.എസ്.യുക്കാരും എ.ബി.വി.പിക്കാരും എം.എസ്.എഫുകാരും ആയിരുന്നു അവര്‍. പൊതുവില്‍ ആദിവാസികളും ദളിതരുമല്ലാതിരുന്ന അവരുടെ ചര്‍ച്ചകളില്‍ ദളിതവകാശങ്ങളും അന്യമാക്കപ്പെട്ട ആദിവാസി ഭൂമിയെപ്പറ്റിയുള്ള രഹസ്യങ്ങളും ഉയര്‍ന്നു വന്നപ്പോള്‍ ഞങ്ങള്‍ ആവേശത്തോടെ കേട്ടിരുന്നു.

അതിനിടയില്‍ കോളേജ് ഇലക്ഷന്‍ വന്നു. എസ്.എഫ്.ഐക്കാര്‍ പതാകയും തോരണങ്ങളും കെട്ടി. കോളേജിന്റെ മതിലുകളെല്ലാം വര്‍ഗ്ഗീയത തുലയട്ടെ എന്ന രീതിയില്‍ അവര്‍ ചുവരെഴുതി. ഞങ്ങളുടെ യോഗങ്ങളില്‍നിന്നു രൂപമെടുത്ത ദളിതു വിദ്യാര്‍ത്ഥി സമിതിയെ എസ്.എഫ്.ഐ ക്കാരെ എതിര്‍ക്കാനുള്ള ഉപായമായി ഏവരും കണ്ടു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ എതിരായി മത്സരിക്കാന്‍ വന്നപ്പോള്‍ ജാതിയില്‍ തരംതാണ വിഭാഗങ്ങളില്‍നിന്നു സംവരണ മണ്ഡലങ്ങളില്‍ ജയിച്ചുവന്ന നേതാക്കളെ കാമ്പസിലിറക്കി കമ്യൂണിസ്റ്റുകാര്‍ എതിര്‍ പ്രചാരണങ്ങള്‍ നടത്തി. ദളിതു വിദ്യാര്‍ത്ഥികളുടെ പരമാവധി സാന്നിധ്യമുണ്ടാക്കി വോട്ടു നേടിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എസ്.എഫ്.ഐയുടെ ഭീഷണിയെ ഭയന്നു ഞങ്ങള്‍ക്കൊപ്പം കൂടിയ ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ ആവേശം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഉണ്ടായിരുന്നു. എല്ലാവരുടേയും പരിശ്രമഫലമായി ഞങ്ങള്‍ ഒരു ബോര്‍ഡ് സംഘടിപ്പിച്ചു. ഈ ബോര്‍ഡ് ഞാന്‍ സരിത തിയേറ്ററില്‍ പടത്തിനു പോകുമ്പോഴൊക്കെ ശ്രദ്ധിച്ചിരുന്നു. പതിവായി എ പടങ്ങളുടെ പോസ്റ്റര്‍ ഒട്ടിച്ചിരുന്ന ആ ബോര്‍ഡിന്റെ പില്‍ക്കാലത്തെ അഭാവം ഇങ്ങനെ വന്നതിനാല്‍ ഞാന്‍ ഊറി ചിരിച്ചു. മനോഹരമായി കുമ്മായം അടിച്ചു പല വര്‍ണ്ണങ്ങളില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഴുതിയിരിക്കുന്നതു വായിച്ചപ്പോള്‍ മനസ്സിനു കുളിര്‍മ തോന്നി. സുധീറും അപ്പുക്കുട്ടനും രാധാകൃഷ്ണനും സുനിതയും മറ്റും പ്രസംഗിച്ച് ക്ലാസ്സുകളില്‍ കയറിയിറങ്ങി. സനല്‍ കുമാര്‍ ദളിത് കവിതകള്‍ എഴുതി അവതരിപ്പിച്ചു. അവരെ തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐക്കാര്‍ ഭയപ്പെടുത്തി. കോളേജ് ഹോസ്റ്റലില്‍നിന്ന് പാനല്‍ പേരുകള്‍ എഴുതിയ ആ വലിയ ബോര്‍ഡ് രാവിലെ സെന്‍ട്രല്‍ സര്‍ക്കിളിലേക്ക് ചുമന്ന് എത്തിക്കേണ്ടിയിരുന്നവര്‍ മനോജും വാസുവുമൊക്കെയായിരുന്നു. വൈകുന്നേരം അവര്‍ അതു തിരിച്ചു ചുമന്ന് ഹോസ്റ്റല്‍ മുറിയില്‍ കൊണ്ടു ഒളിപ്പിച്ചുവെച്ചു. എസ്.എഫ്.ഐക്കാര്‍ ബോര്‍ഡ് കുത്തിക്കീറാതിരിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതിയെന്നു ചോദിച്ചവരോടൊക്കെ അവര്‍ പറഞ്ഞു. ഇതിനിടയില്‍ വിജ്ഞാനപ്രദങ്ങളായ ദളിതു ചര്‍ച്ചകളില്‍ ഇടപെട്ട് ചില സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ അക്കാലത്തെ പല പുതിയ സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. പിടികിട്ടാത്ത ഗ്രാമറും പരിചിതമല്ലാത്ത ഇംഗ്ലീഷ് പദങ്ങളും കേട്ട് ഞങ്ങള്‍ പതറിപ്പോയി. ആ വാങ്മയങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനാകാത്തവരായി ഞങ്ങള്‍ അവമതിക്കപ്പെട്ടു. എങ്കിലും നമ്മുടെ നാട്ടിലെ സമ്പത്തും അധികാരവും കയ്യടക്കിവെച്ചിരിക്കുന്ന ആ വിരുദ്ധരെ മറികടക്കാന്‍ ഞങ്ങള്‍ നന്നായി ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യം ദളിതു വിദ്യാര്‍ത്ഥി സമിതിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് എടുക്കുകയായിരുന്നു. കാമ്പസിനു പുറത്ത് പുതിയ ചില പാര്‍ട്ടികള്‍ക്കു രൂപം കൊടുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ട് ഞങ്ങളുടെ രാഷ്ട്രീയ ഗുരുക്കന്മാര്‍ തയ്യാറായിരുന്നു. വരും നാളുകളില്‍ കേരളത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്ന വസ്തുത ഞങ്ങള്‍ക്കാര്‍ക്കും തള്ളിക്കളയാന്‍ കഴിഞ്ഞില്ല. അതിനാല്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ കാണുമ്പോഴൊക്കെയും ജാതി വിഷയങ്ങള്‍ ഉയര്‍ത്തി ഞങ്ങളവരെ വിരട്ടി. സംവരണത്തിലൂടെ കടന്നുവന്ന വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കുമെന്ന് ഞങ്ങള്‍ കരുതി. ആശയങ്ങളും പ്രവര്‍ത്തനങ്ങളും പല സംഘര്‍ഷങ്ങള്‍ക്കും കാരണമായി. അതിന്റെ ഫലമായി ചില ദളിതു വിദ്യാര്‍ത്ഥികള്‍ക്ക് പൊതിരെ തല്ലും കിട്ടി. ഒരു കാലത്ത് എസ്.എഫ്.ഐയില്‍നിന്നു നന്നാകാന്‍ ശ്രമിച്ചവരായിരുന്നു ഇവരിലധികം പേരും. കമ്യൂണിസ്റ്റുകാര്‍ അവരെ ഉന്മൂലനം ചെയ്യാനായി മുക്കിലും മൂലയിലും പാത്തിരുന്നു. ഞങ്ങള്‍ കരുതലോടെ നടക്കാന്‍ തുടങ്ങി. രാത്രിയിലെ പടം കാഴ്ചയും ചുറ്റിത്തിരിയലും അവസാനിപ്പിച്ചും മുറികളില്‍ കൂടിയിരുന്നു ചര്‍ച്ചകള്‍ നടത്തിയും സംഘമായി കാമ്പസിലെത്തിയും ഭയത്തെ ഒഴിവാക്കി നിര്‍ത്തി. എന്നാല്‍, ഇലക്ഷന്‍ നടന്നു കഴിഞ്ഞപ്പോള്‍ ചില അപ്രധാന സീറ്റുകളില്‍ മാത്രം ഞങ്ങള്‍ക്കു ജയിക്കാന്‍ കഴിഞ്ഞു. കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐയെ പല പ്രധാന പോസ്റ്റുകളിലും തോല്‍പ്പിച്ചു. എങ്കിലും എസ്.എഫ്.ഐ വീണ്ടും അധികാരത്തില്‍ വന്നു. അവരുടെ ചെങ്കോട്ടയില്‍ തുടരുമ്പോള്‍ത്തന്നെ പിന്നെയും പല വിശകലനയോഗങ്ങളും ചര്‍ച്ചകളും സമ്മേളനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. അതിനിടയില്‍ കൊച്ച് ഒരു പാര്‍ട്ടിക്കുള്ള മാനിഫെസ്റ്റോ അച്ചടിപ്പിച്ചു ഞങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. കാമ്പസില്‍ തോറ്റാലെന്താ പുറത്ത് അധികാരം പിടിക്കാനായാല്‍ അതു വലിയ കാര്യം തന്നെയെന്നു ഞങ്ങളില്‍ പലരും വിശ്വസിച്ചു. ഞങ്ങള്‍ സകല പിന്തുണയും അദ്ദേഹത്തിനു നല്‍കിയെങ്കിലും കുറേനാള്‍ പിന്നീടാരും അദ്ദേഹത്തെ കണ്ടില്ല.

ഇതിനിടയില്‍ എനിക്ക് ഉണ്ടായ ചില ബുദ്ധിമുട്ടുകള്‍ നിസ്സാരമായിരുന്നില്ല. ക്ലാസ്സുകളില്‍ വലിയ താല്പര്യമൊന്നുമില്ലായിരുന്നു എനിക്ക്. പല മഞ്ഞനിറമുള്ള പെണ്‍കുട്ടികളുടേയും അടുത്തിരുന്ന് അവരുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും വേണ്ടിവന്നാല്‍ കൈകളിലും മുഖത്തുമൊക്കെ തൊട്ടും തലോടിയും ചില പ്രേമഭാവങ്ങള്‍ അനുകരിച്ചു രസിക്കുന്നതിനും ഞാന്‍ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. നിരന്തരമായ യോഗങ്ങളിലെ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും കാരണം അഭിനയകാര്യങ്ങളില്‍ ചില പരാജയങ്ങള്‍ വന്നുചേരുന്നതായി ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, എന്നെ കാണുമ്പോഴെ ആ പെണ്‍കുട്ടികള്‍ ബഹുമാനിക്കാന്‍ തുടങ്ങി. അംബേദ്കറെക്കുറിച്ചും അയ്യന്‍കാളിയെക്കുറിച്ചും പൊയ്കയില്‍ അപ്പച്ചനെക്കുറിച്ചുമൊക്കെ സംബന്ധിച്ച് അവര്‍ പല സംശയങ്ങള്‍ ചോദിച്ച് എന്നെ ഉത്തരം പറയാന്‍ പ്രേരിപ്പിച്ചു. എല്ലാത്തിനും സമാധാനമുണ്ടാക്കി ഞാനവര്‍ക്ക് ക്ലാസ്സുകളെടുത്തു. ഇതിനിടയില്‍ അവശേഷിച്ച പ്രേമഭാവങ്ങളും അസ്തമിച്ചതായി എനിക്കു തോന്നി.

വളരെ പെട്ടെന്ന് രണ്ടുവര്‍ഷം കടന്നുപോയി. ആ കാലങ്ങളില്‍ ഉണ്ടായ പരീക്ഷകളിലൊക്കെ ഞാന്‍ തോറ്റു. എന്റെ ഉത്തരങ്ങള്‍ ശ്രദ്ധിച്ചു കേട്ടിരുന്ന മഞ്ഞനിറക്കാര്‍ ജയിച്ചു. പ്രധാന പരീക്ഷകളിലും തോറ്റതറിഞ്ഞ് വിദ്യാഭ്യാസരംഗത്തെ ഉച്ചനീചത്വങ്ങളെ ശപിച്ച് ഹോസ്റ്റലിലേക്കു നടന്ന് എത്തിയപ്പോള്‍ സ്റ്റീവാര്‍ഡ് ഹോസ്റ്റല്‍ ഓഫീസിന്റെ മുന്‍പില്‍ പിന്നില്‍ കൈകള്‍ കെട്ടി എന്റെ വരവും കാത്ത് നില്‍പ്പുണ്ടായിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും എന്ന അദ്ദേഹത്തിന്റെ സ്ഥിര വേഷത്തിന് ഒരു മാറ്റവുമില്ല. മുണ്ട് മടക്കിക്കുത്തിയിരിക്കുന്നതിലും അസാധാരണത്വം ഒന്നുമില്ല. ആ മഞ്ഞ മുഖത്ത് അവജ്ഞയുടെ നിഴല്‍ ഉണ്ടോ എന്നറിയാന്‍ ഞാന്‍ നോക്കുമ്പോള്‍ അങ്ങനെയൊന്നും പ്രത്യേകമായി ഇല്ല. ഇന്നലെ ഉറങ്ങാത്തതിന്റെ ചെറിയ ക്ഷീണം ആ മുഖത്തുണ്ടെന്നു ഞാന്‍ കണ്ടുപിടിച്ചു.

സ്റ്റീവാര്‍ഡ് എന്നെ നോക്കി ചോദിച്ചു: ''ഇനി എന്താ പരിപാടി?''
ചോദ്യം മനസ്സിലായി ഞാന്‍ ചിരിച്ചു.

''ഇവിടത്തെ രണ്ടു വര്‍ഷവും കഴിഞ്ഞു. നാളെ ഹോസ്റ്റല്‍ പൂട്ടും. ഗസ്റ്റായി തങ്ങാന്‍ ആരെയും സമ്മതിക്കില്ല. മനസ്സിലായോ?'' സ്റ്റീവാര്‍ഡ് വീണ്ടും വിദഗ്ദ്ധമായി ചോദിച്ചു.

''ഉവ്വ്'' അങ്ങനെ പറഞ്ഞു ഞാന്‍ മുറിയിലേക്കു പോയി. മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ കട്ടിലില്‍ ചുരുട്ടിവച്ചിരുന്ന കിടക്കയ്ക്കരുകില്‍ പലകമേല്‍ ഇരുന്നു. ചന്തി വേദനിക്കുന്നുവെന്നു തോന്നിയപ്പോള്‍ പ്ലാസ്റ്റിക് വള്ളിയിട്ടു നെയ്‌തെടുത്ത തേക്ക് കസേരയിലിരിക്കാന്‍ നോക്കി. കാലാവധിക്കുശേഷവും ഗസ്റ്റായി നിന്നുപോകുന്ന മുറിയിലെ അന്തേവാസിയുടെ അടുത്ത സുഹൃത്തുക്കളെക്കുറിച്ച് ഓര്‍ത്തു. എന്റെ കാര്യത്തില്‍ അന്തേവാസി എന്തെങ്കിലും അനുകൂല നിലപാടെടുക്കുമെന്നു കരുതി. എത്രനാള്‍ സംഘടനയിലും അല്ലാതേയും ഉറ്റവരായിരുന്നു ഞങ്ങളെന്ന് വെറുതെ ഓര്‍ത്തുനോക്കി. ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ ഒരു ചൂഷണ ഉപാധി മാത്രമാണ് ഇത്തരം ആര്‍ഭാടങ്ങളെന്നു ആരൊക്കെയോ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു കുറച്ചുനേരം കൂടി ഇരുന്നു. വിശക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനത്തിലെത്തി.

ഞാന്‍ എന്റെ കിടക്കയും വിരികളും തലയിണയും ഉറകളും കൊതുകുവലയും മടക്കിയെടുത്തു ചുമന്നു മുറിക്കു പുറത്തേയ്ക്കു വന്നു. ഓഫീസിനടുത്തെത്തിയപ്പോള്‍ സ്റ്റീവാര്‍ഡിനെ കണ്ടില്ല. അദ്ദേഹം ഓഫീസിനുള്ളില്‍ ഇരുന്നു ചില കണക്കുകള്‍ നോക്കുന്ന തിരക്കിലായിരുന്നു. പാതിചാരിയ കതകിലൂടെ എന്നെ കണ്ട് മേശക്കപ്പുറം കുനിഞ്ഞിരുന്ന് അദ്ദേഹം നോക്കി. ഉടനെ താക്കോല്‍ക്കൂട്ടം എടുത്തു കിലുക്കി കസേര പുറകിലേക്ക് വലിച്ച് ഒച്ചയുണ്ടാക്കി സ്റ്റീവാര്‍ഡ് ചിരിച്ചു കൊണ്ട് ഓഫീസിനു വെളിയിലേക്കിറങ്ങി വന്നു. അദ്ദേഹം നടന്ന് സ്റ്റോര്‍ റൂം തുറന്നപ്പോള്‍ ഞാന്‍ പുറകില്‍നിന്നു.

''വിരികളും തലയിണ ഉറകളും കൊതുകുവലയും കഴുകിയതാണല്ലോ അല്ലേ?'' സ്റ്റീവാര്‍ഡ് ചോദിച്ചു.

''ഉവ്വ്'' കുറച്ചൊക്കെ നാറ്റം ഉണ്ടെങ്കിലും അങ്ങനെ ഞാന്‍ ഉത്തരം കൊടുത്തു. സത്യത്തില്‍ അവ അലക്കിയിട്ട് മാസങ്ങളായിരുന്നു.

''ഇന്നുതന്നെ പോകുമോ?'' അദ്ദേഹം ചോദിച്ചു.

''ഇല്ല നാളെ'' ഞാന്‍ ശബ്ദം കുറച്ചു പറഞ്ഞു.

''അപ്പോള്‍ ഇന്നു കിടന്നിട്ട് തന്നാല്‍ പോരായിരുന്നോ?'' അദ്ദേഹം ചോദിച്ചുകൊണ്ട് സ്റ്റോര്‍ റൂമിന്റെ വാതില്‍ തുറന്നു.

''ഇന്നു സഹവിദ്യാര്‍ത്ഥിയുടെ കിടക്കയില്‍ കിടക്കാന്‍ അയാള്‍ അനുവാദം തന്നിട്ടുണ്ട്. അയാള്‍ വീട്ടില്‍ പോയതാണ്'' ഞാന്‍ പറഞ്ഞു.

''ഭക്ഷണം'' സ്റ്റീവാര്‍ഡ് സാധനങ്ങള്‍ എന്റെ കയ്യില്‍നിന്നും വാങ്ങി തരംതിരിച്ചു വയ്ക്കവെ നേരെ തിരിഞ്ഞു ചോദിച്ചു.

''കയ്യില്‍ കാശുണ്ട്'' ഞാന്‍ വെറുതേ പറഞ്ഞു.

മുറി അടച്ച് പുറത്തേയ്ക്കിറങ്ങി അദ്ദേഹം ഓഫീസിലേയ്ക്ക് നടക്കാന്‍ തുടങ്ങി. ഞാന്‍ തിരിച്ച് മുറിയിലേക്കും. അല്പം നടന്നപ്പോള്‍ സ്റ്റീവാര്‍ഡ് പുറകില്‍നിന്നും വിളിച്ചു. ''ഒന്നുനില്‍ക്കൂ.'' ഞാന്‍ തിരിഞ്ഞുനിന്നു.
''ഈ കഴിഞ്ഞ ബാച്ചില്‍ ഈ ഹോസ്റ്റലില്‍നിന്ന് ആകെ മൂന്നു പേരാണ് ഫലം വരുമ്പോള്‍ അല്പമെങ്കിലും പ്രതീക്ഷ വെക്കേണ്ടവര്‍ എന്നാണ് അറിഞ്ഞത്. ബാക്കി അന്‍പതു പേരും ഇതേ വരെ ഒരു പരീക്ഷയിലും പാസ്സാകാത്തവരാണെന്നാണ് അറിഞ്ഞത്. പക്ഷേ, ആ മൂന്നു പേരില്‍ താനില്ല. എനിക്കു തന്നില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. എന്തുപറ്റി?'' സ്റ്റീവാര്‍ഡ് ചോദിച്ചു.

ശുഭ്രവസ്ത്രധാരികളോട് പൊതുവില്‍ എനിക്കു താല്പര്യമില്ലായിരുന്നു. കോട്ടയത്തെ സ്‌കൂളില്‍ പ്രധാന അദ്ധ്യാപകന്‍ ഒരു രാവുണ്ണി നായരുണ്ടായിരുന്നു. ആജാനുബാഹുവായ ഒരു മഞ്ഞ നിറക്കാരന്‍. ക്ലാസ്സുള്ളപ്പോഴും ഇല്ലാത്തപ്പോഴും മുറുക്കി നടക്കും. കയ്യില്‍ എപ്പോഴും ചൂരല്‍ കാണും. ഇല്ലാത്തതിനും ഉള്ളതിനും ഞങ്ങളെ പിടിച്ചിട്ട് അടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അടികൊണ്ട് പുളയുന്ന ഞങ്ങളെ നോക്കി രാവുണ്ണി നായര്‍ ചിരിക്കും. മുന്‍പില്‍ നില്‍ക്കുന്ന ശുഭ്രവസ്ത്രധാരിയുടെ കയ്യില്‍ ചൂരലില്ല. എങ്കിലും ആ സമാധാനിപ്പിക്കലില്‍ അല്പം ദുഷ്ടത ഉണ്ടെന്നു ഞാന്‍ കരുതി. റിസള്‍ട്ടു വരാന്‍ ദിവസങ്ങള്‍ ഉണ്ടല്ലോ. ഭാഗ്യത്തിനെങ്ങാനും എന്റെ പേര് ജയിച്ചവരുടെ പട്ടികയില്‍ പെട്ടാലോ? ആ ഭാഗ്യവിശേഷം എന്തെന്നറിയാതെ തോറ്റവരുടെ പട്ടികയില്‍പ്പെടുത്തിയ ഇദ്ദേഹം ശരിയായിരിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ഇതേ വരെയുള്ള എന്റെ യോഗപരിപാടികളില്‍നിന്നും ലഭ്യമായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഊഹിച്ചു. ഇവിടെ തോല്‍ക്കാനിടയുള്ള എല്ലാവരേയും വിളിച്ച് തന്റെ പ്രതീക്ഷ ഇതേവിധം ഇയാള്‍ ഇതിനോടകം പങ്കിട്ടിരിക്കുമെന്നു എനിക്കുറപ്പായി. സവര്‍ണ്ണരുടെ ലോകത്തെ സന്മനസ്സുള്ളയാള്‍. എനിക്കയാളുടെ സാമീപ്യം സഹിച്ചില്ല. ഞാന്‍ മുറിയിലേയ്ക്കു വേഗം നടന്നു പോയി; നിശ്ശബ്ദനായി.

മുറിയില്‍ കഴിയും തോറും ഏകാന്തത സുഖമുള്ളതായി എനിക്കു തോന്നി. സഹവിദ്യാര്‍ത്ഥിയുടെ ബെഡ് ഉപയോഗിക്കാന്‍ അവസരമുണ്ടായിട്ടും ഞാന്‍ ഇന്നലെ വരെ ഉപയോഗിച്ച കട്ടിലില്‍ കിടക്കയും തലയണയും വിരിയുമില്ലാതെ പലകപ്പുറത്ത് ഉറങ്ങുകയും ചെയ്തു. കൊതുക് കടി നന്നായി കൊണ്ടു. എന്തെങ്കിലും കഴിക്കാതെ നിവൃത്തിയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. രാത്രിയിലെ ഫ്‌ലഡ് ലൈറ്റും നിഴലുകളും വീണ് മുറിക്കകം ഒരു ലക്കുകെട്ട ഇടമായി എനിക്കു തോന്നി. ഞാന്‍ ഭയന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റ് വാതില്‍ തുറന്ന് വരാന്തയിലെത്തി വാതിലടച്ചു നടക്കാന്‍ തുടങ്ങി. പുറത്തുനിന്നുള്ള സമീപ കെട്ടിടങ്ങളിലെ വെളിച്ചം മാത്രം ഇടനാഴിയില്‍ ചിലയിടത്തു വീണുകിടന്നു. ഹോസ്റ്റലില്‍ ആരുമില്ലെന്നു ഞാനുറപ്പിച്ചു. മറ്റു വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ പോയതാകും. ഇതിനോടകം തോല്‍വിയറിഞ്ഞ് നാട്ടിലെ ആശ്രയസ്ഥലങ്ങളിലെത്തി പല നുണകളിലും സുഖം കണ്ടെത്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ തൊഴില്‍ തേടി കഴിഞ്ഞിട്ടുണ്ടാകും അവര്‍. ഞാന്‍ മുറ്റത്തെത്തി പൂട്ടിയിട്ടിരുന്ന ഗേറ്റില്‍ പിടിച്ചുകയറി റോഡിലേക്ക് സുരക്ഷിതമായി ഇറങ്ങിയപ്പോള്‍ താഴും ഓടാമ്പലും ഇളകി ഒച്ചവെച്ചു.

ഞാന്‍ വേഗം നടന്ന് എം.ജി റോഡിലെത്തി. ഒരു തട്ടുകടയില്‍നിന്നു പോട്ടിയും കപ്പയും വാങ്ങിക്കഴിച്ചു. ഒരു ചായകൂടി വേണമെന്നുണ്ടായിരുന്നു. കടക്കാരന്‍ രണ്ടു വട്ടമത് ഓര്‍മ്മിപ്പിച്ചതുമാണ്. കയ്യിലെ കാശ് പരിമിതമാണെന്നറിഞ്ഞപ്പോള്‍ അതൊഴിവാക്കി ചൂടുവെള്ളം വാങ്ങിക്കുടിച്ചു വേഗം കാശ് കൊടുത്ത് ഹോസ്റ്റലിലേക്ക് തിരിച്ചുനടന്നു. തിരിച്ചു നടക്കുന്നതിനിടയില്‍ പാര്‍ത്ഥാസ് തുണിക്കടയിലേയ്ക്ക് തിരിയുന്ന ഇടവഴിക്ക് കാശ് കൊടുത്താല്‍ ലൈംഗികസുഖം തരാനായി പതിവുപോലെ ചില സ്ത്രീകള്‍ ഇരുണ്ട ഭാഗം നോക്കി മാറി നില്‍ക്കുന്നതു കണ്ടു. അതിലൊരു മഞ്ഞ ശരീരക്കാരിയുടെ അടുക്കല്‍ ഞാനെത്തി. ''കാശ് ഉണ്ടെങ്കിലെടുക്ക്. ഇവിടെ അടുത്ത് സ്ഥലം ഉണ്ട്.'' ആ സ്ത്രീ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ''എത്രയാ വേണ്ടത്?'' ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. ''അഞ്ഞൂറ്'' സ്ത്രീ ഉച്ചത്തില്‍ പറഞ്ഞു. പോക്കറ്റില്‍ കിടക്കുന്ന മൊത്തം കാശിനെക്കുറിച്ചും നല്ല ധാരണ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഇരുട്ടില്‍നിന്നു ചോദിച്ചു: ''ഇരുപത് രൂപ തരട്ടെ?'' ''പോ പോ പോടാ ഇവടന്ന് ഇവിടെ നിക്കണ്ട പൊലീസു വരും വിട്ടോ.'' ആ സ്ത്രീ ശബ്ദം താഴ്ത്തി പറഞ്ഞതും ഞാന്‍ വേറൊരു എളുപ്പവഴിയില്‍ കൂടിക്കയറി ഹോസ്റ്റലിലേക്ക് നടന്നു. വളവു തിരിയുമ്പോള്‍ ഞാന്‍ ആ സ്ത്രീ നിന്നയിടത്തേയ്ക്കു തിരിഞ്ഞു നോക്കി. തൊട്ടപ്പുറത്തു ബൈക്കു നിര്‍ത്തി ഇരുട്ടില്‍നിന്നു ഞങ്ങളെ ശ്രദ്ധിച്ച ആളുടെ ഒപ്പം ബൈക്കിലേക്ക് കയറി ഇരുന്ന് രാത്രി വെളിച്ചത്തിലൂടെ അവള്‍ പാഞ്ഞു മറയുന്നു.

എതാണ്ട് അര്‍ദ്ധരാത്രിയോടടുപ്പിച്ച് ഞാന്‍ ഹോസ്റ്റല്‍ മുറിയില്‍ തിരിച്ചെത്തി. കട്ടിലില്‍ കിടന്നു കൊണ്ട് എന്റെ ഭാവിയെക്കുറിച്ച് ഗൗരവമായി ആലോചിച്ച് ഞാന്‍ ഉറങ്ങി. അതിരാവിലെ എഴുന്നേറ്റു പല്ലുതേച്ചു. കക്കൂസില്‍ പോയി. കുളിച്ചു. ഒരു ബാഗില്‍ തുണികളും പുസ്തകങ്ങളും അടുക്കി നിറച്ചു. ബാഗു ചുമന്ന് ഹോസ്റ്റല്‍ വരാന്തയില്‍ വച്ചു. മുറിയുടെ വാതിലടച്ചു. വീണ്ടും ബാഗ് എടുത്ത് തലയില്‍ വെച്ച് ഞാന്‍ വരാന്തയിലൂടെ നടന്നു മുറ്റത്തെത്തി. പൂട്ടിയിട്ടിരുന്ന ഗേറ്റ് കടക്കാനായി ബാഗ് മതില്‍ക്കെട്ടില്‍ വെച്ചു. ഗേറ്റിലൂടെ കയറിയിറങ്ങി ഞാന്‍ റോഡിലേയ്ക്കു എത്തി. ബാഗ് ചുമക്കാന്‍ നോക്കിയപ്പോള്‍ മുറ്റത്തെ പേരമരത്തിന്റെ ഏതാനും ചില്ലകള്‍ റോഡിലേയ്ക്ക് അതിക്രമിച്ചു കിടക്കുന്നതു കണ്ട് വെറുതേ നോക്കി. മുന്‍പും അതവിടെ ഉണ്ടായിരുന്നതാണല്ലോ എന്നോര്‍ത്തു. എന്നാല്‍, അതിലെ പേരക്ക ഇത്രത്തോളം പഴുത്തതായി കണ്ടിട്ടില്ലെന്നു തോന്നി. രണ്ടു മൂന്നെണ്ണം ചെന്ന് കയ്യെത്തിച്ച് പറിച്ചെടുത്ത് തിന്നു തീര്‍ത്തു. വീണ്ടും മതിലിനടുത്തേയ്ക്ക് ചെന്ന് ബാഗ് തലയില്‍വെച്ചു ചുമന്നു തിരിഞ്ഞുനോക്കാതെ ബെസ്റ്റോപ്പിലേക്ക് ഞാന്‍ നടന്നു. ബസില്‍ കയറി ഞാന്‍ കോട്ടയത്തെത്തി.

വീട്ടില്‍ അപ്പച്ചനും അമ്മയും ഉണ്ടായിരുന്നു. വന്നപാടെ മെഴുകിയ ചാണകം തേഞ്ഞ് പലയിടത്തും ചുവപ്പ് നിറം കണ്ടുതുടങ്ങിയതും അടിയില്‍നിന്നു മുഴച്ചുനില്‍ക്കുന്ന ചരലുകളുടെ കൂര്‍ത്ത മുഖങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രം ചന്തിനോവാതെ ഇരിക്കാന്‍ പറ്റുന്നതുമായ തറയില്‍ മുറ്റത്തേയ്ക്ക് കാലിട്ട് ഞാന്‍ ഇരുന്നു. എന്റെ ജീന്‍സും ഫാഷന്‍ വസ്ത്രങ്ങളും അടങ്ങിയ ബാഗ് മണ്‍ ഭിത്തിയോട് ചേര്‍ത്തുവെച്ച് നിവര്‍ന്നു പുറത്തെ പുഞ്ചയിലേക്ക് നോക്കിയിരുന്നപ്പോള്‍ എന്റെ ജീവിതത്തില്‍ വലുതായ ചില കാര്യങ്ങള്‍ സംഭവിച്ചുകഴിഞ്ഞതായി എനിക്കു തോന്നി. പരീക്ഷകളിലൊക്കെ തോറ്റതിനാല്‍ തോല്‍വി മാത്രമായിരിക്കും അവസാന വര്‍ഷത്തെ ഫലവും എന്നു വിശദീകരിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് അപ്പച്ചന്‍ വല്ലാതെ വിഷമിക്കുമെന്നു തന്നെയായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അപ്പച്ചന്‍ അനന്തമായ ഒരിടത്തേയ്ക്ക് നോക്കി പറഞ്ഞു: ''എല്ലാവര്‍ക്കും ജയിക്കാന്‍ പറ്റില്ല. നീ എന്തായാലും ചെറിയ പണി എന്തെങ്കിലും ചെയ്യാന്‍ നോക്ക്. എനിക്ക് പ്രായമായി.'' 
അമ്മ പറഞ്ഞു: ''എന്നാലും നീ തോറ്റു പോയല്ലോടാ.''
പിന്നീടുള്ള എന്റെ ജീവിതം കോട്ടയം ടൗണില്‍ തന്നെയായിരുന്നു. അവിടെ റെയില്‍വേ സ്റ്റേഷനില്‍ ചുമടു ചുമക്കാന്‍ ഞാന്‍ കൂടി. കമ്യൂണിസ്റ്റുകാരും ഗാന്ധിയന്മാരും ദൈവവാദികളും ഒരേപോലെ തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കി പണി എടുക്കുന്നവരുടെമേല്‍ മേധാവിത്വം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഞാനത് ഉള്‍ക്കൊണ്ടില്ല. ആദ്യമൊക്കെ യൂണിയന്‍കാരുടെ കണ്ണുവെട്ടിച്ച് ഞാന്‍ ചുമട് എടുത്തു. പിന്നീട് എന്നെ അവര്‍ ശ്രദ്ധിക്കുന്നില്ലായെന്ന് എനിക്കു ബോധ്യമായി. അവരുടെ ജോലി ഒഴിവാക്കിയായിരുന്നു എന്റെ ചുമടെടുപ്പ്. അതിനാല്‍ അവര്‍ക്കു കിട്ടേണ്ടത് കൃത്യമായും കിട്ടിക്കൊണ്ടേയിരുന്നു.

മഞ്ഞനിറമുള്ള ധനാഢ്യര്‍ വണ്ടിയില്‍ കയറാന്‍ നേരത്തും ഇറങ്ങാന്‍ നേരത്തും പെട്ടികളും സാധനങ്ങളും എടുക്കാന്‍ എന്നെ വിളിച്ചുതുടങ്ങി. നേരിട്ടു വിളിക്കുന്നതിനാല്‍ യൂണിയന്‍കാര്‍ക്ക് എന്റെ മേല്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നു. എങ്കിലും ചില ആര്‍.പി.എഫുകാരെ വിട്ട് അനാവശ്യ കേസുകള്‍ ഉണ്ടാക്കാനും അവര്‍ മടിച്ചില്ല. തോന്നിയ വിലയ്ക്ക് പണി എടുത്തിരുന്നതിനാല്‍ എന്റെ സേവനത്തിന് കൃത്യമായ പതിവുകാരും ഉണ്ടായി. സാമ്പത്തികമായി ഞാന്‍ മെച്ചപ്പെട്ടു. വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തി. അപ്പച്ചനും അമ്മയ്ക്കും സന്തോഷമായി.

ഇതിനിടയില്‍ അവസാന വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട് പത്രത്തില്‍ കണ്ടു ഞാന്‍ നോക്കി. ഭാഗ്യത്തിന്റെ സാധ്യത ഇല്ലായിരുന്നു. തോറ്റ കാര്യം വീട്ടില്‍ പറഞ്ഞില്ല. ആരുമത് ചോദിച്ചതുമില്ല. അവരത് എപ്പോഴെ മറന്നിരുന്നു.

ഒരിക്കല്‍ ട്രെയിനില്‍ വന്നിറങ്ങിയ കൊച്ചിനെ ഞാന്‍ പ്ലാറ്റ്ഫോമില്‍ വച്ചു കണ്ടു. ആപല്‍ക്കരമായ പല രാഷ്ട്രീയ കര്‍മ്മങ്ങളും അനുഷ്ഠിച്ചുവരുന്നതിനിടയില്‍ മുഷിഞ്ഞ വസ്ത്രധാരിയായി ഒരു കെട്ട് നോട്ടീസുകളും കയ്യില്‍ ഭദ്രമായി പിടിച്ച് യാത്രക്കാരുടെ ഇടയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. എന്നെ അദ്ദേഹത്തിനു മനസ്സിലായില്ല. എന്നെപ്പോലെ എത്രയോ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആരാധനയോടെ കണ്ടിരുന്നിരിക്കണം. സംഘടനയിലെ ഭാരവാഹിത്വമൊന്നും ഇല്ലാതിരുന്നതിനാലും എന്നെ അദ്ദേഹത്തിനു പരിചയം കാണില്ല. മാത്രമല്ല, കൈലിമുണ്ടും ഷര്‍ട്ടും ധരിച്ചു കഴുത്തില്‍ ചുവന്ന തോര്‍ത്ത് വളച്ച് ചുറ്റിയിട്ട് ഇവിടെ എന്നെ കണ്ടാല്‍ അക്കാലത്തെ പരിചിതര്‍ക്കുപോലും മനസ്സിലാകണമെന്നില്ല. ഞാന്‍ അടുത്തു ചെന്ന് അപരിചിത ഭാവത്തില്‍ അദ്ദേഹത്തോടു ചോദിച്ചു: ''ദളിത് നേതാവല്ലേ താങ്കള്‍... കൊച്ച്?'' എന്റെ ചോദ്യം കേട്ട യാത്രക്കാരുടെ ഇടയില്‍നിന്ന് അദ്ദേഹം എഴുന്നേറ്റു. ''അതെ ഞങ്ങളുടെ പാര്‍ട്ടി കമ്മിറ്റി എറണാകുളത്ത് വെച്ച് ചേരുന്നുണ്ട്. ചില അടിയന്തര കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തണം. അതിനായി പോകുന്ന വഴിയാ.'' തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയെ പരിചയപ്പെടുത്തി സംസാരിച്ചു. നോട്ടീസുകള്‍ക്കിടയില്‍നിന്ന് ഒരെണ്ണമെടുത്തു തന്നു. ഞാന്‍ ആരാണെന്ന് അപ്പോഴും അദ്ദേഹത്തിനു പിടികിട്ടിയിരുന്നില്ല എന്നെനിക്കു ബോധ്യമായപ്പോള്‍ ഞാന്‍ ധൈര്യത്തോടെ ചോദിച്ചു: ''നിങ്ങളുടെ പാര്‍ട്ടിയില്‍ ധാരാളം അംഗങ്ങളൊക്കെ ആയോ? എനിക്കും ചേര്‍ന്നാല്‍ കൊള്ളാമെന്നുണ്ട്.'' അദ്ദേഹം പറഞ്ഞു: ''സുരേഷ് ജോര്‍ജിനെ ഒന്നു കാണൂ.'' അപ്പോള്‍ എന്നെ ഒരാള്‍ പെട്ടിയെടുക്കാനായി വിളിച്ചു. ഞാന്‍ ''അങ്ങനെയാകട്ടെ'' എന്നു പറഞ്ഞു പെട്ടിയെടുക്കാനായി പോയി. പോകുമ്പോള്‍ അദ്ദേഹം പറഞ്ഞ പേരിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തുകൊണ്ടേയിരുന്നു. സുരേഷ് ജോര്‍ജ് ഒരു പരിസ്ഥിതി പ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയുമായി ഇതിനോടകം കോട്ടയത്ത് അറിയപ്പെട്ടിരുന്ന വ്യക്തിയാണ്. പരമ്പരാഗതമായി കച്ചവടം നടത്തി വേണ്ടത്ര കാശും ഭൂസ്വത്തും ഉള്ള ഒരു നസ്രാണി കുടുംബത്തിലെ അംഗം. വിവാഹിതനല്ല. നാല്‍പ്പത് വയസ്സിനുമേല്‍ പ്രായമുണ്ട്. സ്റ്റേഷന്റെ അടുത്തുതന്നെ ഒരു ബുക്സ്റ്റാള്‍ നടത്തി വരുന്നു. കേരളത്തിലെ പ്രതിരോധ രാഷ്ട്രീയ ചിന്തകന്മാരുടെ, പ്രത്യേകിച്ച് ദളിത് ആദിവാസി സ്ത്രീ പരിസ്ഥിതി പിന്നോക്ക സംബന്ധമായുള്ളവരുടെ ലഘുലേഖകളും പുസ്തകങ്ങളും ആണ് പ്രധാന കച്ചവടം. മണലു മാഫിയക്കെതിരെയുള്ള സമിതി, മദ്യവര്‍ജ്ജന സമരം മുതലായ കാര്യങ്ങള്‍ ഏറ്റെടുത്തു പലപ്പോഴായി രംഗത്തുവരും. തുടക്കത്തില്‍ കമ്യൂണിസ്റ്റുകാരേയും ഗാന്ധിയന്മാരേയും ദൈവവാദികളേയുമൊക്കെ കുറ്റം പറഞ്ഞുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പലയിടത്തും ഓരോരോ സമിതിയുടെ പേരില്‍ ഇദ്ദേഹം എഴുതി ഒട്ടിക്കുമായിരുന്നു എങ്കിലും പിന്നീട് ഏതെങ്കിലും ഒരു ഘട്ടത്തില്‍വെച്ച് ആവേശങ്ങള്‍ അസ്തമിച്ച് നിശ്ശബ്ദമാകുക പതിവായിരുന്നു. അതൊക്കെ ഉടമസ്ഥന്മാരില്‍നിന്നും കാശ് വാങ്ങിയിട്ടാണ് സംഭവിച്ചിരുന്നതെന്ന് ചിലയിടങ്ങളില്‍നിന്ന് എനിക്കറിയാന്‍ കഴിഞ്ഞിരുന്നു. അത്തരമൊരാളെ ചെന്നു കണ്ട് പാര്‍ട്ടി അംഗത്വം ഏറ്റെടുത്താലുണ്ടാകാവുന്ന ബുദ്ധിമോശം ഞാന്‍ തിരിച്ചറിഞ്ഞു. കൊച്ചിന്റെ നിര്‍ദ്ദേശം ഞാന്‍ തള്ളി. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ആ പാര്‍ട്ടിയില്‍ നിന്ന് ബഹിഷ്‌കൃതനായ ഈ സ്ഥാപക നേതാവിനെ മറ്റൊരു ദിവസം കാണാനിടയായതായി ഒരു സുഹൃത്തു മുഖേന അറിഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. എന്നാല്‍, ആ പാര്‍ട്ടി വല്ലാതങ്ങു വളരുകയും ഒരു പാര്‍ലമെന്റംഗത്തെ സംസ്ഥാനത്തില്‍നിന്ന് അയക്കാന്‍ പറ്റുന്നതായും മാറി. അതിലെ ദളിത് നേതാക്കള്‍ പുറത്തായി. മത ന്യൂനപക്ഷക്കാരും പിന്നോക്കരും സവര്‍ണ്ണരും മാത്രമായി നേതൃനിര.

കുറച്ചുകാലം കൂടി കഴിഞ്ഞുപോയി. ഒരു ദിവസം ഞാന്‍ പണ്ടെന്റെ കൂടെ പഠിച്ചിരുന്ന ഒരു വൈപ്പിന്‍കാരന്‍ സവര്‍ണ്ണ വിദ്യാര്‍ത്ഥിയെ കണ്ടു. ട്രെയിനില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അയാള്‍. ഏതാനും മിനിറ്റോളമേ അയാള്‍ ഇരിക്കുന്ന വണ്ടിക്കവിടെ സ്റ്റോപ്പുള്ളൂ. വണ്ടി വന്നുനിന്ന ഉടനെ തിക്കിക്കേറിയ യാത്രക്കാര്‍ക്കിടയിലൂടെ ഊര്‍ന്ന് പ്ലാറ്റ്ഫോമിലിറങ്ങിനിന്ന് അയാളെന്നെ പുറകില്‍നിന്നു കൈകൊട്ടി വിളിച്ചു. ഞാന്‍ പതിവുകാരില്‍ ഒരാളുടെ പെട്ടി എടുക്കാനായി ആ വണ്ടി എത്തിയപ്പോള്‍ ഓടിവരികയായിരുന്നു. കൈകൊട്ടി വിളിക്കുന്ന ആളുടെ അടുത്തേയ്ക്ക് ഞാന്‍ പാഞ്ഞെത്തി. എന്റെ ഭാവപ്പകര്‍ച്ച തിരിച്ചറിഞ്ഞ് അയാള്‍ ചോദിച്ചു: ''മഹാരാജാസില്‍ ഉണ്ടായിരുന്ന സന്തോഷ് കുമാര്‍ അല്ലേ?'' പെട്ടെന്ന് ആളുമാറിയതറിഞ്ഞ് ആ പരിചിത മുഖം നോക്കി എനിക്ക് സമ്മതിക്കേണ്ടതായി വന്നു. ''അതെ.'' ഉടനെ സവര്‍ണ്ണ സ്‌നേഹിതന്‍ വീണ്ടും ചോദിച്ചു: ''എന്നെ മനസ്സിലായോ ഞാന്‍ നിങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.'' അയാളുടെ പേര് ഓര്‍മ്മ വന്നില്ല എങ്കിലും ''ഉവ്വ്'' എന്നു പറഞ്ഞു ഞാന്‍ ചിരിച്ചു. ആ വണ്ടിയില്‍ ഉടനെ കയറി അയാള്‍ പോകുമല്ലോ എന്നു ചിന്തിച്ച് മനസ്സില്‍ ഞാന്‍ സന്തോഷിച്ചു. ചുരുങ്ങിയ സമയം കൊണ്ട് അയാള്‍ അയാളുടെ വിശേഷം പറഞ്ഞു. തിരുവനന്തപുരത്ത് സ്പെയ്സ് സെന്ററില്‍ അയാള്‍ക്കു ജോലി കിട്ടിയിട്ട് ആറു മാസമായി. മാസത്തിലൊരിക്കലേ വീട്ടിലേക്കു വരാറുള്ളൂ. വീട്ടില്‍ വന്നു തിരിച്ചു പോകുന്ന വഴിക്കാണ് എന്നെ അയാള്‍ കണ്ടത്.

അപ്പോഴേയ്ക്കും വണ്ടി എടുക്കാനുള്ള ഹോണ്‍ മുഴങ്ങി. അയാള്‍ എന്റെ തോളത്തു തട്ടി ചിരിച്ചു കൊണ്ട് വണ്ടിയിലേയ്ക്ക് ചാടിക്കയറി വാതിക്കലില്‍നിന്നു പറയാന്‍ വിട്ടത് ഉറക്കെ വിളിച്ചു പറഞ്ഞു: ''നീ ഇങ്ങനെ ചുമടെടുത്തു നടന്നോ. നിന്റൊപ്പമുണ്ടായിരുന്ന സവര്‍ണ്ണ വിരോധികള്‍ പരീക്ഷകളില്‍ തോറ്റിട്ടും പലതവണയായി എഴുതി എടുത്ത് യൂണിവേഴ്സിറ്റി സെന്ററുകളിലൊക്കെ കയറിക്കൂടി സവര്‍ണ്ണാദ്ധ്യാപകരുടെ അരുമശിഷ്യരായി എഴുതിയും വായിച്ചും പ്രശസ്തരായി ടി.വിയിലൊക്കെ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തിവരുന്നു. കേരളത്തിലെ സകല ഉടായിപ്പു പാര്‍ട്ടിക്കാരുമായും അവര്‍ക്കൊക്കെ നല്ല ബന്ധമുണ്ട്. വൈകാതെ അവര്‍ക്കൊക്കെ നല്ല സ്ഥാനങ്ങളില്‍ ജോലിയും കിട്ടും. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ സവര്‍ണ്ണരോട് വിരോധമൊന്നുമില്ല; നിന്നെപ്പോലെ. മുഖ്യധാരയിലെ ദളിത് വ്യക്തിത്വങ്ങളാകാന്‍ അവര്‍ പരസ്പരം മത്സരിക്കുന്നു. വെയിലത്ത് ശരീരം പൊള്ളിച്ച് നീ അനുഭവിക്ക്.'' അതു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ ചിരി മാഞ്ഞുപോയിരുന്നു. 

വണ്ടി അയാളേയും കൊണ്ട് അതിവേഗം മുന്നോട്ടുപോയി. കയ്യാട്ടി അയാളെ യാത്രയാക്കിയെങ്കിലും വണ്ടി സ്റ്റേഷനില്‍നിന്നു പോയിട്ടും ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു. അയാള്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്തിട്ട് കാര്യമായൊന്നും എനിക്കു മനസ്സിലായില്ല. പണ്ട് കോളേജിലെ പഠനകാലത്ത് എടുത്ത സവര്‍ണ്ണ വിരോധ നിലപാടുകളെ ഓര്‍ത്തിട്ടാകാം അയാള്‍ ഇതൊക്കെ വിളിച്ചുപറഞ്ഞതെന്നു നിശ്ചയിച്ച് ഞാന്‍ വരാനുള്ള പെട്ടിയുടെ ഉടമസ്ഥനെ തേടി പ്ലാറ്റ്ഫോമിലൂടെ നടന്നു.

അന്നു ഞാന്‍ വീട്ടിലെത്തിയത് വിശേഷപ്പെട്ട ഞണ്ടുകള്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങിച്ചു കൊണ്ടായിരുന്നു. കൂടാതെ ആപ്പിളും കുറച്ചു മുന്തിരിങ്ങയും വാങ്ങി. അമ്മ ഞണ്ടു കറിവെച്ചു. ഞങ്ങള്‍ ചോറിനൊപ്പം ഞണ്ടുകറിയും ആസ്വദിച്ചു കഴിച്ചു. ഊണിനുശേഷം ആപ്പിള്‍ കഷണങ്ങളും മുന്തിരിങ്ങകളും കഴിച്ച് നിലത്ത് പായയില്‍ കിടന്നുറങ്ങി. വേനലായതിനാല്‍ ഞാന്‍ ഇറയത്തു കിടക്കുന്നത് ശീലമാക്കിയിരുന്നു. അപ്പുറത്തെ പുഞ്ചയില്‍നിന്നു സുഖമുള്ള കാറ്റ് കിട്ടുമെന്നതു മാത്രമല്ല, ചിലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ വെള്ളനിലാവ് ലോകത്തെ തൊട്ടുനില്‍ക്കുന്ന കാഴ്ച വേണ്ടുവോളം കാണാനും അതുകണ്ട് ഉറക്കത്തിലേയ്ക്ക് വീണുപോവാനും സാധിക്കും. ഇതിനിടയില്‍ പായയില്‍ കിടന്നുകൊണ്ടുതന്നെ ഞാന്‍ റേഡിയോയിലൂടെ ചലച്ചിത്രഗാന പരിപാടികള്‍ കേള്‍ക്കും. അന്നത്തെ ചലച്ചിത്രഗാന പരിപാടി അവസാനിച്ചപ്പോള്‍ മുറിക്കകത്തുനിന്ന് അപ്പച്ചന്റെ ചുമയും പതിഞ്ഞ ശബ്ദവും കേട്ടു. ''എടാ നീ റേഡിയോ നിര്‍ത്താന്‍ നോക്ക്. ഇംഗ്ലീഷ് വാര്‍ത്തയായി.'' ഞാന്‍ തലക്കപ്പാത്ത് വച്ചിരുന്ന റേഡിയോ പായില്‍ കിടന്നുകൊണ്ടുതന്നെ കൈനീട്ടി ഓഫാക്കാനായി ശ്രമിച്ചു. എന്നാല്‍, വാര്‍ത്തയായെത്തിയ സ്ത്രീ ശബ്ദം കുറച്ചുനേരം കൂടി കേട്ടു കിടക്കാന്‍ ഞാന്‍ ആഗ്രഹിച്ച് കൈകള്‍ പിന്നോട്ടു വലിച്ചു. എന്നാല്‍, അപ്പച്ചന്‍ ഞാന്‍ നല്ല ഉറക്കത്തിലായെന്നു കരുതി എഴുന്നേറ്റു വന്ന് റേഡിയോ ഓഫ് ചെയ്താലോയെന്നു ചിന്തിച്ച് വീണ്ടും കൈനീട്ടി ശബ്ദം കുറച്ചുവെച്ചു. ഇപ്പോള്‍ അത് എനിക്കു മാത്രമേ കേള്‍ക്കാന്‍ പറ്റുകയുള്ളൂ. ഇരുട്ടിലൂടെയെത്തിയ സ്ത്രീ ശബ്ദം എന്റെ ഉടലിനു ചുറ്റും വലയമായി മാറുകയായിരുന്നു. അപ്പോഴാണ് ആ ശബ്ദത്തിലൂടെ ചില പേരുകള്‍ എനിക്കു ഗ്രഹിക്കാന്‍ സാധിച്ചത്. ഞാന്‍ ചെവി വട്ടം പിടിച്ചു ശ്രദ്ധിക്കാന്‍ തുടങ്ങി. കോളേജ് പഠനകാലത്ത് ദളിത് വിദ്യാര്‍ത്ഥി സമിതിയുടെ യോഗങ്ങളില്‍ പങ്കെടുത്ത് ക്ലാസ്സ് എടുത്തവരുടെ പേരുകളായിരുന്നു അവ. ദൂരെ കാട്ടില്‍ എന്തോ സമരം നടക്കുന്നതായും അതില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ പലയിടങ്ങളില്‍നിന്നായി ആളുകള്‍ എത്തുന്നതിനെതിരെ സര്‍ക്കാര്‍ വനാവകാശ നിയമപ്രകാരം നടപടിയെടുത്തു വരികയാണെന്നും താക്കീതുകള്‍ നല്‍കിയിട്ടും സമരക്കാര്‍ ഒഴിഞ്ഞുപോകുന്നില്ലായെന്നും ഒക്കെയാണ് വാര്‍ത്തയുടെ ഉള്ളടക്കമെന്ന് ഏറെക്കുറെ ഞാന്‍ മനസ്സിലാക്കി. വാര്‍ത്ത തീര്‍ന്നപ്പോള്‍ ഞാന്‍ റേഡിയോ ഓഫാക്കി ഉറങ്ങാന്‍ കിടന്നു. എന്നാല്‍, പഴയ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഉയര്‍ന്നുകേട്ട ചില സിദ്ധാന്തങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന ചിന്തയില്‍ ഞാന്‍ ഉറക്കം കിട്ടാതെ കിടന്നു. ഗ്രാമറില്‍ ഉള്ള അറിവില്ലായ്മയാല്‍ ഇംഗ്ലീഷ് അറിയാത്തതിനാല്‍ എനിക്കു പലതും ആ ശബ്ദസമുച്ചയത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത് സങ്കല്പിക്കേണ്ടതായി വന്നു.

പിറ്റേന്നു രാവിലെ ഞാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി പത്രം വാങ്ങി വാര്‍ത്ത വായിച്ചു. പ്രധാനവാര്‍ത്ത ആ കുടില്‍ കെട്ടിയുള്ള സമരത്തെക്കുറിച്ചു തന്നെയായിരുന്നു. പഴയ പല പരിചയക്കാരുടേയും സാന്നിധ്യം ആ സമരത്തിന് ഉള്ളതായി പത്രത്തില്‍ എഴുതിയിട്ടുണ്ട്. വാര്‍ത്തകള്‍ വായിച്ചശേഷം എനിക്ക് അവിടം വരെ ഒന്നുപോയാല്‍ നന്നായിരിക്കുമെന്നു തോന്നി. അപ്പോഴാണ് എന്റെ കൈവശം കാശൊന്നുമില്ലായെന്ന് ഞാന്‍ മനസ്സിലാക്കിയത്. കഴിഞ്ഞ ദിവസം ഞണ്ടും പഴങ്ങളും വാങ്ങിയതോടെ കാശെല്ലാം ചെലവായിപ്പോയിരുന്നു. ഞാന്‍ മാര്‍ക്കറ്റിലേയ്ക്ക് വേഗത്തില്‍ നടന്നു. അവിടെ അപ്പച്ചന്‍ ചുമട് എടുക്കുന്നുണ്ടായിരുന്നു. അപ്പച്ചന്‍ യൂണിയനില്‍പ്പെട്ട തൊഴിലാളിയാണ്. എനിക്ക് അപ്പച്ചന്റെ യൂണിയനോട് നല്ല മതിപ്പൊന്നും ഇല്ലായിരുന്നു. ഞാന്‍ അപ്പച്ചന്റെ അടുത്തെത്തി. രാവിലത്തെ പച്ചക്കറി ലോഡ് ഇറക്കി ഒരു ചായയും കുടിച്ചിട്ട് കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്നു അപ്പച്ചന്‍.

ഞാന്‍ പറഞ്ഞു: ''അപ്പച്ചാ എന്റെ ഒരു കൂട്ടുകാരന്‍ ഗുരുവായൂര് ഉണ്ട്. അവന്റെ കല്യാണമാണ് നാളെ. ഞാന്‍ അവിടം വരെ ഒന്നുപോകാന്‍ തീരുമാനിച്ചു. എന്റെ കയ്യില്‍ കാശൊന്നുമില്ല.''
അപ്പച്ചന്‍ നീല ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ഇരുനൂറ് രൂപ എടുത്തു തന്നിട്ടു ചോദിച്ചു: ''ഇതു മതിയോ?''
ഞാന്‍ പറഞ്ഞു: ''മതി'' തിരിച്ചുപോരാന്‍ നേരം ഞാന്‍ തിരിഞ്ഞുനിന്ന് അപ്പച്ചനോട് വീണ്ടും പറഞ്ഞു: ''അപ്പച്ചാ രണ്ടു ദിവസം കഴിഞ്ഞേ ഞാന്‍ അവിടന്നു പോരുകയുള്ളൂ.'' 
''നീ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞിട്ട് പൊയ്ക്കോ'' അപ്പച്ചന്‍ പറഞ്ഞുകൊണ്ട് ചുമടെടുക്കാനായി എഴുന്നേറ്റ് പോയി.

ഞാന്‍ ഉല്ലാസത്തോടെ വീട്ടിലെത്തി. ഞാന്‍ എന്റെ പഴയ ജീന്‍സുകളും ഷര്‍ട്ടുകളും ഒരു തകര പെട്ടിയില്‍ അടുക്കി ഭദ്രമായി സൂക്ഷിച്ചിരുന്നു. മുറിക്കകത്തെ ഇരുട്ടില്‍ കുനിഞ്ഞിരുന്ന് കൊള്ളാവുന്ന ജീന്‍സും ഷര്‍ട്ടും എടുത്ത് ധരിച്ചു. വീടിനു പുറത്തിറങ്ങി അമ്മയെ നോക്കി. വീടിനു ചുറ്റിനടന്ന് മടക്കല പെറുക്കി വെട്ടി വിറകാക്കുന്ന തിരക്കിലായിരുന്നു അമ്മ.

''അമ്മേ രണ്ടു ദിവസം കഴിഞ്ഞേ ഞാന്‍ വരുകയുള്ളൂ. പഴയൊരു കൂട്ടുകാരന്റെ കല്യാണത്തിനു പോകുകയാ.'' ഞാന്‍ അമ്മയുടെ പുറകില്‍നിന്നു വിളിച്ചുപറഞ്ഞു. പ്രായാധിക്യത്തില്‍ മുറ്റത്തു കുനിഞ്ഞിരുന്നു മടക്കല വെട്ടുന്നതിനിടയില്‍ ''ഓ'' എന്നുമാത്രം അമ്മ പറയുന്നതുകേട്ട് ഞാന്‍ നടന്നു.

വണ്ടികയറി ഞാന്‍ സമരസ്ഥലത്ത് എത്തുമ്പോള്‍ പഴയ സുഹൃത്തുക്കള്‍ ഏതാണ്ട് എല്ലാവരും തന്നെ അവിടെ ഉണ്ട്. എന്നാല്‍, അധികം പേരും അപരിചിതരായിരുന്നു.

ഭൂമി രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു അവര്‍. ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആ കൂട്ടത്തില്‍ ഉണ്ട്. അവര്‍ ആദിവാസികളെ സപ്പോര്‍ട്ടു ചെയ്ത് സമരം വിജയിപ്പിക്കാനായി എത്തിയതായിരുന്നു. ദളിതരും ആദിവാസികളും നടത്തുന്ന സമരത്തില്‍ അവരല്ലാത്തവര്‍ പങ്കെടുക്കുന്നതിനെപ്പറ്റി ആദ്യമൊക്കെ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാന്‍ പഴയ പരിചയക്കാരില്‍ ഒരാളെ വിളിച്ച് രഹസ്യമായി അയാളോട് ചോദിച്ചു: ''ഇങ്ങനെ മറ്റുള്ളവരെ കൂട്ടി സമരം നടത്തേണ്ട ഗതികേടൊക്കെ നമുക്കുണ്ടോ? ഇതു നമ്മള്‍ തന്നെ നടത്തിയാല്‍ പോരെ?'' ആ പഴയ സമരാവേശി പറഞ്ഞു: ''നീയിത് ഏതു കാലത്താ ജീവിക്കുന്നത്? ഇവിടെ നമുക്കു മാത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണത്തിലൂടെ അധികാരത്തില്‍ വരണം. വടക്കേ ഇന്ത്യയിലൊക്കെ ബി.എസ്.പി അധികാരത്തിലായതുപോലെ.'' ''എന്നാല്‍ നമുക്കാ ബി.എസ്.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോരെ?'' എന്ന ചോദ്യം ഞാന്‍ മനസ്സില്‍ വിചാരിച്ചെങ്കിലും അപ്പോള്‍ മിണ്ടിയില്ല. മുന്‍പില്‍ നില്‍ക്കുന്നത് സംശയ നിരാകരന്‍ സര്‍വ്വകലാശാലയിലെ ഗവേഷകനാണ്. അറിയപ്പെടുന്ന ദളിത് ബുദ്ധിജീവി. ദളിത് വിദ്യാര്‍ത്ഥി സമിതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇന്ത്യയുടെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ബി.എസ്.പിയുടെ പ്രതിനിധാനവുമൊക്കെ ഞങ്ങളില്‍ പലരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ഭരണമാറ്റം പ്രതീക്ഷിച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തോളം ഞങ്ങള്‍ മോഹിതരായിരുന്നു.

ഇതിനിടയില്‍ ഞാന്‍ ആ ആള്‍ക്കൂട്ടത്തിലേക്ക് അലിഞ്ഞുചേര്‍ന്നു. കുടില്‍ കെട്ടാനും ഈറ്റ വെട്ടിയെടുക്കാനും ഞാന്‍ കൂടി. കുടിവെള്ളം ശേഖരിച്ചു കൊണ്ടുവരാന്‍ പോയി. കാട് വെട്ടിത്തെളിച്ചു. വഴി ഉണ്ടാക്കി. രണ്ടു ദിവസം പെട്ടെന്നു കഴിഞ്ഞു. ആഴ്ചകളോളം അവിടെ സമരം ചെയ്യുന്നവരെ പരിചയപ്പെട്ടു. പല പ്രമുഖരും സമരസ്ഥലത്തെത്തി പ്രസംഗിച്ചു തിരിച്ചുപോയി. പത്രക്കാരും ദൃശ്യമാധ്യമക്കാരും വിപുലമായ സാധനസാമഗ്രികളുമായി പരിസരം വളഞ്ഞു. ഇതിനിടയില്‍ വനാവകാശം ലഭിച്ചതായും ഏതു നിമിഷവും സമരം വിജയിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയും എന്നും സര്‍ക്കാരിന്റെ ഉന്നതരില്‍നിന്ന് ഉറപ്പു ലഭിച്ചതായി ഒരു വാര്‍ത്ത പരന്നു. ഞങ്ങള്‍ സന്തോഷിച്ചു. 

എന്നാല്‍, ആ പ്രധാന സംഭവം നടക്കുന്ന സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. വാര്‍ത്ത കേള്‍ക്കുന്നതു ശരിയാണെങ്കില്‍ വൈകുന്നേരത്തോടെ സമരം വിജയത്തിലേക്ക് കടക്കും. എന്നാല്‍, ഇന്നുതന്നെ കോട്ടയത്തേയ്ക്ക് മടങ്ങിപ്പോകാന്‍ കഴിയുമല്ലോ എന്ന ചിന്തയില്‍ അവിടെയും ഇവിടെയും പല കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. കുടിക്കാന്‍ കുറച്ചുവെള്ളം കൂടി ആവശ്യമുണ്ടെന്നാരോ പറയുന്നതുകേട്ട് ഞാന്‍ അവരോടൊപ്പം കൂടി. ഞങ്ങള്‍ കാട്ടുവഴിയിലൂടെ ശുദ്ധജലം തേടിനടന്നു. ഇതേവരെ വെള്ളം ശേഖരിച്ചിരുന്ന ഓലി വറ്റിപ്പോയിയെന്നും നല്ല തെളിനീര് കിടുന്ന വലിയൊരു അരുവി സമീപത്തായി ഉണ്ടെന്നും കാടിനെ നന്നായിട്ടറിയുന്ന ആ ആദിവാസി സുഹൃത്ത് അറിയിച്ചപ്പോൾ ഞങ്ങൾ അയാൾക്കു പുറകെ പോയി. അടയാളം വച്ചു നടന്നിട്ടും ഇടയ്ക്ക് ഞങ്ങൾ വഴിമാറി നടന്നു. അരുവി കണ്ടെത്തി വെള്ളം കൊണ്ടുവന്ന പാത്രങ്ങളിൽ നിറച്ച് കുന്നുകയറി കുറ്റിക്കാടുകൾ വകഞ്ഞുമാറ്റി തിരിച്ചു വരാൻ ഞങ്ങൾ അൽപ്പം സമയം എടുത്തു. ഈ സമയത്താണ് സമര സ്ഥലത്ത് പൊലീസ് വന്നത്. സമരക്കാരുമായി സംഘർഷമുണ്ടായത്. അതിനിടയിൽ ഒരു  ആദിവാസി യുവാവിനു പൊലീസിന്റെ വെടിയേറ്റു. അയാള്‍ മരിച്ചു. ഒരു പൊലീസുകാരന്‍ ആരുടേയോ വെട്ടേറ്റ് മരിച്ചു. സമരക്കാര്‍ പലയിടത്തേയ്ക്കും നീങ്ങിയതോടെ പൊലീസ് അവരെ വേട്ടയാടാന്‍ തുടങ്ങി. ഞങ്ങള്‍ വെള്ളവുമായി തിരിച്ചെത്തിയപ്പോള്‍ കെട്ടിയ കുടിലുകള്‍ തീയില്‍പ്പെട്ട് കത്തിയാളുകയായിരുന്നു. തീ ചുറ്റുമുള്ള കാട്ടിലേക്ക് വേഗം പടര്‍ന്നുകയറി. തീക്കകത്ത് വെടിയേറ്റു മരിച്ച യുവാവിന്റെ ശരീരം കിടക്കുന്നതു കണ്ടു ഞങ്ങള്‍ പരസ്പരം നോക്കി. ഇതിനിടയില്‍ മരിച്ച പൊലീസുകാരനെ എടുത്ത് താഴെ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ആംബുലന്‍സില്‍ ആക്കി വിപുലമായ സന്നാഹത്തോടെ പൊലീസുകാര്‍ വീണ്ടും തിരിച്ചെത്തി.
കനല്‍ക്കൂട്ടത്തില്‍നിന്നു ജ്വലിക്കുന്ന കണ്ണുകളുമായി ഞങ്ങളവരെ നേരിട്ടു.

ഞങ്ങളെയാണ് പൊലീസുകാര്‍ അവിടെനിന്നും ആദ്യമായി അറസ്റ്റു ചെയ്തു കൊണ്ടുപോയത്. പിന്നെയുള്ള ദിവസങ്ങളില്‍ കാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മറ്റു പലരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഞങ്ങളുടെ ഭൂസമരം നയിച്ചിരുന്ന നേതാക്കളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരെ തല്ലി അവശരാക്കിയിരുന്നു. വനാതിര്‍ത്തികളില്‍ താമസിച്ചുവരുന്ന കമ്യൂണിസ്റ്റുകളും ഗാന്ധിയന്മാരും ദൈവവാദികളും ഒക്കെയായ തൊഴില്‍ദായകരാണ് ഈ നേതാക്കളെ കാട്ടിലിട്ടു കൈകാര്യം ചെയ്ത് പൊലീസിനു പിടിച്ചുകൊടുത്തതെന്നു പിന്നീട് ഞങ്ങളറിഞ്ഞു. മര്‍ദ്ദനത്തിന്റെ പരിക്കുകളുമായി ഈ നേതാക്കള്‍ വളരെ വിഷമിച്ച് നിലത്ത് എഴുന്നേറ്റ് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ അക്കാലത്തെ പത്രങ്ങളില്‍ പ്രധാന തലക്കെട്ടിനൊപ്പം ഇറങ്ങിയിരുന്നു. കൂട്ടത്തില്‍ എന്റെ പേരും ആ വാര്‍ത്തകളില്‍ അച്ചടിക്കപ്പെട്ടിരുന്നു. അവിടെ കൊല്ലപ്പെട്ട പൊലീസുകാരനെ വാക്കത്തികൊണ്ട് വെട്ടിയത് ഞാന്‍ ആണെന്നുള്ള വലിയ ചില വിശദീകരണങ്ങളും വാര്‍ത്തകളില്‍ അടങ്ങിയിരുന്നു. ഞങ്ങളെ റിമാന്‍ഡു ചെയ്തു ജയിലിലടച്ചു.

കോട്ടയത്തുനിന്ന് എന്നെ കാണാന്‍ അപ്പച്ചന്‍ ജയിലില്‍ വന്നു. കൂടെ അവരുടെ ഒരു പാര്‍ട്ടി വക്കീലും ഉണ്ടായിരുന്നു. ഗൂഢാലോചനയും കൊലക്കുറ്റവും പ്രത്യക്ഷമായി കണ്ടെത്തിയതിനാല്‍ എനിക്ക് ജാമ്യം കിട്ടിയില്ല. അപ്പച്ചന്‍ ഖിന്നനായി വക്കീലിനൊപ്പം തിരിച്ചുപോയി.

അങ്ങനെ കുറച്ചുനാള്‍ കൂടി ഞങ്ങള്‍ ജയിലില്‍ കിടന്നു. ഇതിനിടയില്‍ കേരളത്തിന്റെ ഭരണം വീണ്ടും കമ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തു. ഞങ്ങളുടെ സമരമൊന്നും വാര്‍ത്തകളില്‍ വരാതെയായി. പുതിയ പല അഴിമതിക്കഥകള്‍ പത്രങ്ങളിലും ചാനലുകളിലും കൃത്യമായി അവതരിപ്പിക്കപ്പെട്ടു. അതിനിടയില്‍ ഞങ്ങള്‍ക്ക് ജാമ്യവും കിട്ടി.

ഞാന്‍ ജയിലില്‍നിന്നു വേഗം വീട്ടിലേയ്ക്ക് ചെന്നു. വീട്ടില്‍ ആരും ഇല്ലായിരുന്നു. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ഏറെക്കുറെ പലയിടത്തുമായി തുളവീണും ഇളകിമാറിയും കാണപ്പെട്ടു. അതിലെ വാരികള്‍ പുറത്തേയ്ക്ക് തള്ളി ദ്രവിച്ചിരിക്കുന്നു. ഇറയത്തും മുറ്റത്തും പുല്ല് വളര്‍ന്നു പിടിച്ചിരിക്കുന്നു. വീട് ഇരിക്കുന്ന ആ മൂന്ന് സെന്റിന്റെ അടുത്തെങ്ങും ആള്‍പ്പെരുമാറ്റങ്ങള്‍ ഇല്ലാത്തതായി കാണപ്പെട്ടു. അടുത്തുണ്ടായിരുന്ന ഭവനങ്ങള്‍ക്കുമുണ്ട് മാറ്റങ്ങള്‍. ചിലതൊക്കെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറി. വീടുകള്‍ക്കു ചുറ്റിനുമുള്ള മതിലുകള്‍ പലയിടത്തും വഴിതടഞ്ഞ് നിലനില്‍ക്കുന്നു.

എന്താണുണ്ടായതെന്നറിയാതെ ഞാന്‍ വീടിനു ചുറ്റി നടന്നുവന്ന വഴിയെ ഇറങ്ങി യാതൊരു ലക്ഷ്യവുമില്ലാതെ നടക്കാന്‍ തുടങ്ങി. വഴിയില്‍വെച്ച് പഴയ ഒരു അയല്‍ക്കാരനെ കണ്ടു. അപ്പച്ചനെ പണിയെടുക്കുന്നതില്‍നിന്ന് യൂണിയന്‍കാര്‍ പിരിച്ചുവിട്ടെന്നും പല സംഘടനകളിലേയും ആളുകള്‍ വീട്ടില്‍ വന്നു കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പുറമ്പോക്ക് ഭൂമിയില്‍നിന്ന് ഇറക്കിവിട്ടെന്നും അയല്‍ക്കാരന്‍ വിശദീകരിച്ചു. ''മകന്റെ കത്തി രാഷ്ട്രീയത്തിന് ഇരയായത് തന്തേം തള്ളേം ആയിരുന്നു.'' അയല്‍ക്കാരന്‍ അയാളെ മറികടന്നു പോകുന്നതിനിടയില്‍ പറയുന്നതു കേട്ടു.

പല ദിവസങ്ങളായുള്ള എന്റെ തെരച്ചിലില്‍ വേറൊരു നഗരത്തില്‍ ഭിക്ഷക്കാര്‍ക്കൊപ്പം ചില ഭാണ്ഡക്കെട്ടുകള്‍ക്കിടയില്‍ കഴിയുന്ന അപ്പച്ചനേയും അമ്മയേയും ഞാന്‍ കണ്ടെത്തി. ഞാന്‍ അവരെ പഴയ വീട്ടിലേക്കുതന്നെ കൂട്ടിക്കൊണ്ടു പോന്നു.

ഞാന്‍ വീണ്ടും റെയില്‍വേ സ്റ്റഷനില്‍ ചുമടെടുക്കാനായി പോയിത്തുടങ്ങി. ആദ്യമൊക്കെ ചില പരിചയക്കാര്‍ എന്നെ തുറിച്ചുനോക്കുകയും കൊലക്കേസിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, അവരുടെ എണ്ണം വളരെ കുറവായിരുന്നു. സ്റ്റേഷനിലെത്തുന്ന അപരിചിതരുടെ ഭാരങ്ങള്‍ എനിക്കായി കാത്തുകിടന്നു.

കാലക്രമേണ ഞാന്‍ വീടിന്റെ മേല്‍ക്കൂരയിലെ വാരികളും ഷീറ്റുകളും മാറ്റി. മുറ്റത്തെ പുല്ല് ചെത്തി വൃത്തിയാക്കി. ഇറയത്തും മുറിക്കകത്തും അടുക്കളയിലും സിമന്റിട്ടു നിരപ്പാക്കി. ഭിത്തിയിലും സിമന്റ് തേച്ചുപിടിപ്പിച്ചു.

എങ്ങനേയും കേസില്‍നിന്ന് ഒഴിവായിപ്പോരാന്‍ ഞാന്‍ കൃത്യമായും കോടതിയില്‍ ഹാജരായി. കേസ് എറണാകുളത്തെ കോടതിയിലേയ്ക്കു മാറ്റിയിരുന്നതിനാല്‍ എനിക്കു പോയിവരാന്‍ എളുപ്പമായി. പഴയ പല ചങ്ങാതിമാരേയും ഞാന്‍ കണ്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇതിനോടകം അവര്‍ ജോലി നേടിക്കഴിഞ്ഞിരുന്നു. പഠിച്ചിരുന്ന കാലത്ത് അവരിലുണ്ടായിരുന്ന ദളിത് ഐക്യഭാവത്തിനു കാര്യമായ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. മാര്‍ക്‌സിസ്റ്റുകളുടേയും ഗാന്ധിയന്മാരുടേയും ദൈവവാദികളുടേയും ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായിരിക്കുന്നതിനാല്‍ അവരിലെ ദളിത് ഭാവത്തെ പുതിയ രീതിയില്‍ ആ പാര്‍ട്ടികള്‍ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. ഫേയ്സ്ബുക്കിലും വാട്ട്‌സാപ്പിലും എഴുതുന്നവരുമുണ്ട്.

ഫാസിസത്തിനെതിരേയും ഹൈന്ദവ വര്‍ഗ്ഗീയതക്കെതിരേയും ഉജ്ജ്വലങ്ങളായ നിലപാടുകളാണവരുടെ എഴുത്തുകള്‍. ചിലര്‍ പ്രമുഖ മാസികകളില്‍ എഴുതി അവരുടെ വൈദഗ്ദ്ധ്യം വെളിപ്പെടുത്തുന്നു. കഴിഞ്ഞമാസം കോടതിയില്‍ വന്നപ്പോള്‍ അവരിലൊരാളുടെ ഒരു ഇന്റര്‍വ്യൂ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത് ഒരു ദളിത് യുവാവ് വായിക്കാന്‍ തന്നു. കേസ് വിളിക്കാന്‍ സമയം ഉള്ളതിനാല്‍ കോടതി വരാന്തയില്‍നിന്നു ഞാനത് മുഴുവനും വായിച്ചു. മനോഹരമായ ഭാഷ. അതിനേക്കാള്‍ മനോഹരമായ അച്ചടി. ആ സമരത്തിന്റെ തീ ആളുന്ന ഫോട്ടോകള്‍ ഭംഗിയായി ലേഔട്ട് ചെയ്ത് പ്രദ്ധീകരിച്ചിരിക്കുന്നു.

ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് കോടതിയില്‍ യഥാസമയം ഹാജരാകുന്നതെന്ന് എനിക്കറിയില്ല. എന്റെ ജോലിയുടെ ഭാഗമായി ഞാനിതിനെ ഇപ്പോള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍, എല്ലാത്തവണയുംപോലെ ഞങ്ങളുടെ നേതാവ് ഇത്തവണ എത്തിയില്ല. കോടതിയിലെ കേസ് പതിവുപോലെ നീട്ടിവയ്ക്കപ്പെട്ടതായി വക്കീല്‍ ഞങ്ങളെ അറിയിച്ചു. ഞങ്ങള്‍ പല വഴിക്കായി പിരിഞ്ഞു. ഞാന്‍ കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്. ഉച്ചയോടെ വീടെത്തിയാല്‍ ബാക്കി സമയം ചുമടെടുക്കാന്‍ കിട്ടും. അതിനാല്‍ കോടതിയില്‍നിന്നും കേസ് അടുത്ത തവണയിലേയ്ക്ക് നീട്ടിയതായി വക്കീല്‍ വന്നു പറയുന്ന നിമിഷം ഞാന്‍ കോട്ടയത്തേയ്ക്ക് വണ്ടി പിടിക്കാനായി ഓടാറാണ് പതിവ്. സംഘടനാകാര്യങ്ങളില്‍ ഇടപെടാതെയുള്ള എന്റെ ഓട്ടം ഈയിടെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരിക്കുന്നു.

ഇതിനിടയില്‍ നേതൃത്വത്തിന്റെ രണ്ടു വിഭാഗങ്ങള്‍ ഉണ്ടാവുകയും അവര്‍ പരസ്പരം കണ്ടാല്‍ കൂടി പരിചയം കാട്ടാത്തവരായും മാറി. ഒരു വിഭാഗം മാര്‍ക്‌സിസ്റ്റുകളെ പിന്‍തുണച്ചു; മറ്റേ വിഭാഗം ദൈവവാദികളേയും. വനം കയ്യേറി ഉണ്ടായ കേസുകള്‍ ഒഴിവായി കിട്ടാന്‍ കേന്ദ്ര ബന്ധവും കേരളത്തില്‍ അധികാരമുറപ്പിക്കാന്‍ കമ്യൂണിസ്റ്റു സഖ്യവും ആവാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കേട്ടപ്പോള്‍ അതിലൊരു യുക്തിയുണ്ടെന്ന് എനിക്കു തോന്നി. എന്നാല്‍, എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും: ''ഈ കേസ് തീര്‍ന്നിരുന്നെങ്കില്‍ ഇനി ഒരു സംഘടനയിലും ഞാന്‍ അംഗമായിരിക്കില്ല.'' എന്നോട് അഭിപ്രായമൊന്നും ആരും ഇതേവരെ ചോദിച്ചില്ല. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ആരോടും പറഞ്ഞതുമില്ല.

കോടതിവളപ്പില്‍നിന്ന് സംഘടനക്കാര്‍ പിരിഞ്ഞുപോയ സമയം നോക്കി ഞാന്‍ ഫുട്പാത്തിലേക്ക് നടന്നു. അവിടെനിന്നും ഉള്ള എന്റെ നടത്തം അവസാനിച്ചത് മേനക ജംഗ്ഷനിലുള്ള ഒരു ബാറിന്റെ മുന്‍പിലായിരുന്നു. പഠനകാലത്ത് സിനിമ കണ്ടും തിരക്കിനിടയില്‍ അതിസുന്ദരികളുടെ ശരീരങ്ങളെ തൊട്ടും തഴുകിയും അനുഭവങ്ങളാക്കിയത് ഓര്‍ത്ത് കുറച്ചുനേരംകൂടി ഞാന്‍ അവിടെനിന്നു. ഫുട്പാത്തിലൂടെ ജനം തിരക്കുകൂട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു മാറുന്നു. ഓരങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ ഒച്ചവെച്ച് പലവിധ സാധനങ്ങള്‍ വില്‍ക്കുന്നു. തൃപ്പൂണിത്തുറയ്ക്കും ഫോര്‍ട്ടുകൊച്ചിക്കും യാത്രക്കാരെ കയറ്റി ഒന്നുരണ്ടു ബസുകള്‍ പാഞ്ഞുപോയി. ഉച്ചവെയില്‍ അതിശക്തമായി ശരീരത്തെ വിയര്‍പ്പിക്കുന്നതു ഞാനറിഞ്ഞു. വേഗം ചിലരെയൊക്കെ തള്ളിമാറ്റി ഫുട്പാത്ത് മുറിച്ചുനടന്ന് ഞാന്‍ ബാറിന്റെ അകത്തേക്കു കയറി. മറ്റൊരു കാലത്തിനു പശ്ചാത്തലം ഇരമ്പിയാര്‍ത്തു വരുന്നതുവരെ ഞാന്‍ മദ്യം വാങ്ങി കുടിച്ചു കൊണ്ടേയിരുന്നു. ഇരമ്പിയെത്തുന്ന ശബ്ദകണങ്ങളെ ഞാന്‍ വേര്‍തിരിച്ചു. ദളിതു വിദ്യാര്‍ത്ഥി സമിതിയിലെ വിയോജിപ്പുകളുടെ ശബ്ദമായിരുന്നു ആദ്യം. പിന്നീടത് ഭ്രാന്തുപിടിച്ചു കാടുകയറിപ്പോയ കാട്ടുതീ ആളിയാളി കത്തുന്നതായി. ആന്തലുകള്‍ ശമിച്ച് കനല്‍ എരിയുന്നതായി. ശബ്ദം കേള്‍ക്കാതെയും വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തോളില്‍ വന്നു തട്ടി. ''വരൂ വാതിലുകള്‍ അടയ്ക്കുന്നു. നാളെ വരാം'' സമീപത്തുനിന്ന് അയാള്‍ വിളിച്ചുപറഞ്ഞു.

''അടഞ്ഞ വാതിലുകള്‍.'' ''നാളെ വരാത്തവര്‍.'' ''ആരും ആകാത്തവര്‍.''
ശബ്ദങ്ങള്‍ കേട്ട് അവിടെ എവിടെയോ വീണുപോയതുമാത്രം ഞാന്‍ അറിയുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com