'ദൈവം രാഘവന്‍'- ബി. രവികുമാര്‍ എഴുതിയ കഥ

വേനലറുതിയില്‍ മഴ കാത്ത് ഭൂമി പൊള്ളി. ഉറക്കം നഷ്ടപ്പെട്ട രാത്രി നിലാവത്ത് ചത്തുമലച്ചു കിടന്നു. മണ്ണു നനഞ്ഞുകുതിരണം ഈ ശമനമില്ലാത്ത ഉഷ്ണകാലം ഒഴിയാന്‍
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

വേനലറുതിയില്‍ മഴ കാത്ത് ഭൂമി പൊള്ളി. ഉറക്കം നഷ്ടപ്പെട്ട രാത്രി നിലാവത്ത് ചത്തുമലച്ചു കിടന്നു. മണ്ണു നനഞ്ഞുകുതിരണം ഈ ശമനമില്ലാത്ത ഉഷ്ണകാലം ഒഴിയാന്‍. വറചട്ടിയില്‍ വാടിയ പ്രാണനെല്ലാം ഭ്രാന്ത് പെരുത്ത് കടല്‍ക്കരയിലേക്ക് പായുംമുന്‍പ് മഞ്ഞുപൊതിഞ്ഞ് തളംവെച്ച് തലനീരിറക്കണം. അന്ത്യയാമത്തിലെ പാതിമയക്കത്തില്‍ വേര്‍ത്തുകുളിച്ച് ഒന്നാംകര. കാവലാളെപ്പോലെ ഉറക്കംവിട്ട രാഘവന്‍ പാളിയില്ലാത്ത ജനാലവഴി പുറത്തെ ഇരുട്ടിലേക്ക് കണ്ണു നട്ടു. മണിമലക്കാവിലെ വരത്തുപോക്കിന്റെ ആകാശത്താരയില്‍ ഒരു ചൂട്ടെരിഞ്ഞു വരുന്നു. അലറിപ്പോയ രാഘവന് തൊണ്ടപൊട്ടി. ''ഉലകം നിറഞ്ഞ തള്ളേ... എല്ലാം കരിഞ്ഞു ചാമ്പലാകണോ നീയൊന്നു കനിയാന്‍... വേണോന്ന്...?'' ആ ശബ്ദത്തില്‍ ഞടുങ്ങി അടര്‍ന്നുവീണ മേഘപാളി ഓലച്ചൂട്ടിനെ മൂടിക്കളഞ്ഞു. നക്ഷത്രപ്പൊരികള്‍ പൊഴിച്ച് മണിമലക്കാവിനുമേല്‍ അതണഞ്ഞു. വിയര്‍ത്തുകുളിച്ച രാഘവന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് കിടക്കപ്പായയില്‍ കുത്തിയിരുന്നു.     
    
വലിച്ചു പാതിയായ തെറുപ്പുബീഡി പുറത്തേയ്ക്ക് തുപ്പി ആ കൊച്ചുവെളുപ്പാന്‍ കാലത്ത് രാഘവന്‍ ചിലങ്കയെടുത്ത് ഇടങ്കാലില്‍ കെട്ടി. വലംകാലില്‍ ഓട്ടുചിലമ്പുമിട്ട് വാതില്‍ തുറന്ന് ഇരുട്ടുമാറിയിട്ടില്ലാത്ത അടുക്കളയിലേക്ക് കയറി. തട്ടിമറിഞ്ഞുവീണ അലൂമിനിയപ്പാത്രങ്ങള്‍ തറയിലുരുണ്ട് കൂട്ടിമുട്ടി കലമ്പിച്ചു. ശബ്ദം കേട്ട് കിടക്കപ്പായേന്ന് ലീല ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. കൂടെ കിടന്നോന്‍ എവിടെ? സാക്ഷ നീങ്ങി മുറ്റത്തേക്കുള്ള വാതില്‍ തുറന്നുകിടക്കുന്നു. ഒന്നിടവിട്ടു നിലത്തടിച്ചകലുന്ന ചിലങ്കയുടെ ശബ്ദം നേര്‍ത്തുനേര്‍ത്ത് അന്നേരം കിഴക്കോട്ടുപോയി. 

നരിച്ചീങ്ക വെട്ടിയെടുത്തു കെട്ടിയ ഇരുമുറിച്ചു വരിന്മേല്‍ തെങ്ങു കീറി മോന്തായം വെച്ച് മുളയിറക്കി ടിന്‍ഷീറ്റ് മേഞ്ഞ് അടച്ചുറപ്പുള്ളതായിരുന്നു രാഘവന്‍ തനിയെ പണിതെടുത്ത ലീലാവിലാസം. ആ മുറിയിലെ വെട്ടത്തില്‍ത്തന്നെ അലങ്കോലപ്പെട്ടു കിടക്കുന്ന അടുക്കള കാണാം. കരിന്തിരി കത്തിയണഞ്ഞ ഓട്ടുവിളക്കിനരികെ ചിലങ്ക കാണാനില്ല. ഭിത്തിയിലെ ചില്ലിട്ടുവെച്ച കണ്ണച്ചന്റെ പാതിവെന്ത ചിത്രത്തിനു താഴെ തൂക്കിയിട്ടിരുന്ന ചിലമ്പുമില്ല. പിത്തള കെട്ടി കുറുകിയ പിടിയും നീണ്ട വാത്തലയും വളഞ്ഞ ചുണ്ടുമുള്ള വെട്ടിരുമ്പ് കഴുക്കോലിനും മേഞ്ഞ തകിടിനുമിടയിലായി തിരുകിവെച്ചിരുന്നതാണ്. ആ മടവാളും കാണുന്നില്ല. ''ചതിച്ചെല്ലോ എന്റെ ഭഗവതീ...'' നെഞ്ചുങ്കൂട് കിലുങ്ങുംവണ്ണം ഒന്നടിച്ചതും പതംപറഞ്ഞു കരഞ്ഞതും തറയിലേക്കടിച്ചു വീണതും ലീലയറിഞ്ഞില്ല. അലങ്കോലപ്പെട്ടു കിടന്ന പാത്രങ്ങള്‍ക്കിടയില്‍ ഇഡലിക്കുട്ടകത്തിന്റെ വലിയ തട്ടുംകൂടി കാണാതായതോടെ ഒന്നുറപ്പിച്ചു. ആവേശിച്ചത് പൂമാരുതന്‍ തന്നെ.

പൊള്ളലേറ്റ ചെങ്കല്ലുചുമരിലെ കരിവാളിപ്പുകളില്‍ ഒരു കനലാട്ടത്തിന്റെ കൊടുംപിരിയമെഴുതിയത് മായാതെ കിടപ്പുണ്ട്. തീ വങ്ങിയും കുടുന്നും വെള്ളംവറ്റി ചുങ്ങിയും പോളയടര്‍ന്ന് ചുവന്നും നീറിയും ഒരു ജീവിതം. അത് കരിയുകയല്ല. ഉണങ്ങിവരണ്ട തൊലിപ്പുറത്ത് പിന്നെയും ജീവകോശങ്ങള്‍ പൊറ്റകെട്ടി. തീക്കൂനയിലെറിഞ്ഞാല്‍പ്പോലും ആളാത്ത കനലായി ജീവിതം പിന്നെയും ജ്വലിച്ചു. എങ്കിലും ഒരു തീക്കാറ്റിന്റെ ഇരമ്പലില്‍ ലീല വെന്തുതുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ഇത്തിരിയോളം പൊന്നും കയ്യില്‍ കിട്ടിയെടത്തോളം ഉടുതുണിയും വിരിപ്പില്‍ വാരിക്കെട്ടി. പരപരാ വെളുത്തപ്പോള്‍ മകളെ കെട്ടിച്ചയച്ച പതിനാറാം മൈലിലേക്ക് ആദ്യത്തെ ബസ് പിടിച്ചു. 

വെട്ടം വീണുതുടങ്ങി. പൊന്തിയും പരിചയും പിടിച്ച് മുന്നോട്ടാഞ്ഞ് മുക്കടക്കോളനിയും കടന്ന് പൂമാരുതന്‍ ഇരുവശം നോക്കാതെ വടക്കോട്ടു വെച്ചുവിടുകയാണ്. നിലത്തടിച്ച് ഒന്നിരാടം ചിലമ്പും ചിലങ്കയും താളം കൊട്ടി. എതിരേ വന്ന പത്രക്കാരന്‍ ചെക്കന്‍ സൈക്കിളില്‍നിന്നു ചാടി വഴിയരികിലെ ഓടയിലേക്കിറങ്ങി നിന്നു. രാവിലെ ആറിന് ലത്യമ്പള്ളീല്‍ മണിയടി മുടങ്ങാറില്ല. ഓരോ അടിക്കും പൂമാരുതന്‍ താളം ചവിട്ടി. അഞ്ചാമത്തെയടിക്ക് ഒറ്റക്കാലിലൊന്നു വട്ടംചുറ്റി മുകളിലേക്ക് പൊങ്ങിച്ചാടി ആറാമടിക്കൊപ്പം നിലത്തേക്കമര്‍ന്നിരുന്നു. ഉറക്കച്ചടവില്‍ കപ്യാര്‍ക്ക് എണ്ണംതെറ്റി ഏഴാമതൊന്നൂടെ മണിമുട്ടിപ്പോയി. ''സമയത്തെ വെല്ലുവിളിക്കുന്നോടാ... വരത്താ...?'' പൂമാരുതന്‍ ഒറ്റച്ചാട്ടമായിരുന്നു. മടവാളുവീശി അലറിക്കൊണ്ട് വന്ന വഴിവിട്ട് ഇടതുവശത്തെ വാഴക്കാലായിലേക്ക് ഓടിക്കയറി. അറന്താം പൊറന്താം വാളുവീശി നിരനിരയായി നിന്ന ഞാലിപ്പൂവന്‍ വാഴകള്‍ വെട്ടിയറഞ്ഞ് പരിചയ്ക്കു തള്ളിമറിച്ച് അയാള്‍ മുന്നോട്ടു കുതിച്ചു. പത്രക്കാരന്‍ ചെക്കന്‍ പേടിച്ചുപോയി. ബെല്ലും ബ്രേക്കുമില്ലാതെ സൈക്കിളുന്തിക്കോണ്ടവന്‍ എങ്ങോട്ടോ പാഞ്ഞു. 

''ടടട്ടടട്ട ട്ടട്ടട്ട... ഇയ്യാഹുവ്വായീയെമ്മസ്സ്, ടടട്ടടട്ട ട്ടട്ടട്ട... ഇയ്യാഹുവ്വായേക്കേജീ... ടടട്ടടട്ട ട്ടട്ടട്ട ഇയ്യാഹുവ്വാപിണറായീ...'' തെങ്ങിന്‍മോളിലിരുന്ന് തങ്കപ്പന്‍ മുദ്രവാക്യം എണ്ണിപ്പറഞ്ഞ് മാട്ടമടിച്ച് പൂക്കുല സത്തിനായി കൂമ്പില്‍ തടവുകയായിരുന്നു. ഛില്‍ഛില്‍ഛില്‍ഛില്‍... ഛില്‍ഛില്‍ഛില്‍ ഛില്‍ഛില്‍ഛില്‍ഛില്‍... ഛില്‍ഛില്‍ഛില്‍ തന്റെ വായ്ത്താരിക്ക് ചിലങ്കയില്‍ പിടിക്കുന്ന താളം കേട്ട് അയാള്‍ കീഴോട്ടു നോക്കി. നെഞ്ചോടുചേര്‍ത്ത് മുകളിലേക്ക് പിടിച്ച വെട്ടിരുമ്പ്. അന്തരീക്ഷത്തിലേക്ക് മാട്ടത്താളത്തിന് വട്ടം ചുഴറ്റി ഉയര്‍ത്തിപ്പിടിച്ച ഇഡ്ഢലിത്തട്ട്. ''വീട്ടിപ്പോടാ രാഘവാ പണിയൊണ്ടാക്കാതെ.'' ചെത്തുനിര്‍ത്തി മാട്ടക്കുടം കമത്തി മണ്ടയ്ക്കിരുന്ന് തങ്കപ്പന്‍ അലറി. ''കുക്കുടബലി താ... ഒരുകൊടം വെളുത്തതുതാ...'' കൊത ചവിട്ടി തെങ്ങിലേക്ക് കയറിത്തുടങ്ങിയ രാഘവന്‍ മുകളിലേക്ക് നോക്കി മുരണ്ടു. അള്ളിപ്പിടിച്ച് കയറിവരുന്ന രാഘവന്റെ നേരെ അടര്‍ത്തി എറിഞ്ഞ വെള്ളയ്ക്ക ഇഡ്ഢലിത്തട്ടുകൊണ്ടു തട്ടിമാറ്റിയെങ്കിലും കൈ വിട്ട് കൊതതെന്നി മലര്‍ന്നടിച്ചു നിലത്തുവീണു. മടലിനിടയിലൂടെ നൂഴ്ന്നിറങ്ങി തെങ്ങിന്‍ചോട്ടിലെത്തി ചുരയ്ക്കാക്കുടുക്കേന്ന് ഒരുകുടന്ന കള്ള് രാഘവന്റെ മുഖത്തേക്കു തളിച്ചു. ''എഴുന്നേറ്റു പോടാ വീട്ടില്‍.'' നിലത്തുകിടന്ന വെട്ടിരുമ്പും ഇഡ്ഢലിത്തട്ടും എടുത്ത് പൊങ്ങി തങ്കപ്പനു ചുറ്റും ഒരുവട്ടം ഉറഞ്ഞു. തങ്കപ്പനു നേരേ ദൃഷ്ടി വട്ടമുരുട്ടിയൊരു ചോദ്യം. ''നീയാരാ...?'' തങ്കപ്പനും വിട്ടില്ല. ''നീയാരാ...?'' ''ഞാന്‍ മണിമലക്കാവ്...'' ''ഞാന്‍ മണിമലയാറ്...'' ''ഞാനീ ദേശമാ...'' ''വേമ്പനാടും കടന്ന് അറബിക്കടലിമുട്ടുന്ന കുത്തൊഴുക്കാ ഞാന്‍.'' ''കുക്കുടബലി തരാവോ...?'' ''വീട്ടില്‍ പൊക്കോളാമോ...?'' ''ഇല്ലാ...'' ''പിന്നെന്തു വേണം...?'' ''മണലുപിരിച്ച് മാല മൂന്നുമൊഴം...'' ''ഉവ്വ...'' ''രണ്ടുതൊടം നിലാത്തെളി...'' ''ഉവ്വവ്വ...'' ''പൂച്ചയുടെ ങ്യാവൂ നാലുശീല്...'' ''ഉവ്വേ...'' ''കതകിന്റെ കിരുകിര വെളിവില്ലാത്തത് ഒരു കഴഞ്ച്... തരാവോ.'' ''തന്നാ പൊക്കോളാമോ...?'' ''ഞാന്‍ വെളിപ്പെട്ടത് ദേശമറിയണം...'' ''അതിപ്പോത്തന്നെയറിഞ്ഞിട്ടുണ്ടാവും...'' ''എപ്പത്തരും...?'' ''പകലണഞ്ഞ് പാല പൂക്കട്ട്...'' ''എവിടെത്തരും...?'' ''വീട്ടിലോട്ടുവിട്ടോ പടിക്കല്‍ പന്തലിട്ട് പീഠവും വാളും വെക്കാം...'' തങ്കപ്പനു ചുറ്റും വട്ടംചുറ്റിയുറഞ്ഞ് അട്ടഹസിച്ചു. വെട്ടിരുമ്പിന്റെ വാത്തല നെറ്റിയിലൊന്നു മുട്ടിച്ചു. അവിടൊരു തെച്ചിപ്പൂവു പൊടിഞ്ഞു. ഭയന്നില്ലെങ്കിലും ഒരു ബലത്തിന് അരയിലെ കൂടില്‍ക്കിടന്ന തേറ്റുകത്തിയുടെ പിടിയില്‍ തങ്കപ്പന്‍ കൈ ചേര്‍ത്തു. നെറ്റിയില്‍ പൊടിഞ്ഞത് ചൂണ്ടുവിരല്‍കൊണ്ട് വടിച്ച് തങ്കപ്പനു നേരെ കുടഞ്ഞ് വെട്ടിനിരത്തിയ ഞാലിപ്പൂവന്‍ വാഴത്തോപ്പിലൂടെ അയാളോടി. പുലര്‍കാലമഞ്ഞിനൊപ്പം വീശിയ പൂന്തെന്നല്‍ പിന്നെ ഗ്രാമത്തിലാകെ ഹുങ്കാരശബ്ദത്തോടെ പൊടിപറത്തി അരിശപ്പെട്ടു. പൊടുന്നനവെ ആകാശം കരിപിടിച്ചു കനം വെച്ചു. ഉണര്‍ന്നുവന്ന സൂര്യന്‍ കണ്ണു തുറക്കാനാവാതെ കരിമ്പടം വാരിപ്പുതച്ച് മയങ്ങി. എവിടെനിന്നാണ് കൊടുങ്കാറ്റുവന്ന് ഇടിച്ചിട്ടതെന്നറിയില്ല; മേഘം കിഴക്കേയറ്റത്തുനിന്ന് പൊട്ടിയടര്‍ന്ന് മണ്ണിലേക്ക് കുത്തിയൊലിച്ചു.

''ആടിനെന്തോത്തിന്റെ സോക്കേടാ. എന്തിനാണോ ഇതിങ്ങനെ കെടന്ന് പെരമോടെളക്കുന്നെ. പട്ടിയെക്കാ മുറ്റാ... ഒരെണ്ണത്തിനെ വഴിയെ വിടത്തില്ല...'' തൊട്ടാവാടി മുള്ളു ചെത്തുന്നതിനിടയില്‍ പിറുപിറുത്തുകൊണ്ട് അമ്മിണി താഴത്തെ തോട്ടെറമ്പിലേക്ക് നോക്കി. എളീലൊരു തുണിക്കെട്ടും താങ്ങി കിടക്കപ്പായേന്ന് എണീറ്റു വരുന്ന അമ്മ. കുത്തുകല്ലിറങ്ങിച്ചെല്ലുന്ന അമ്മിണിയെ കണ്ടതും ലീല കൈചുരുട്ടി നെഞ്ചത്തൊരിടിയും നിലവിളിയും... ''നിന്റപ്പന് പിന്നേം എളകിയെടീ...''
അവരുടെ കരച്ചിലിനൊപ്പം ആര്‍ത്തിരമ്പി മഴയെത്തിയതറിയാതെ അമ്മിണി മുറ്റത്ത് നനഞ്ഞു നിന്നു.

എറണാകുളത്തിനു വടക്കോട്ട് നാളിതുവരെ രാഘവന്‍ കണ്ടിട്ടില്ല. നീലേശ്വരത്തിനും വടക്ക് ഏതോ ഒരു തറയിലെ കോലധാരിയായിരുന്നു ഏതോവൊരു വല്യപ്പൂപ്പന്‍ എന്നു രാഘവന്‍ പറയുന്നതു കേട്ടിട്ടുള്ളതല്ലാതെ വേറൊന്നും ആര്‍ക്കുമറിയില്ല. പഴക്കമേറെയുള്ള തുരുമ്പിച്ച ട്രങ്കില്‍ വെള്ളോടില്‍ വാര്‍ത്ത ഒരു ചിലമ്പ് തിരുശേഷിപ്പായി രാഘവനെ പിന്‍തുടരുന്നുമുണ്ട്. അമ്മിണി പത്തില്‍ പഠിക്കുമ്പോള്‍ നാടോടിനൃത്തം കളിക്കാന്‍ വാങ്ങിയ ചിലങ്കയും പിന്നീടുള്ള പറച്ചിലുകളില്‍ പൈതൃകപ്പട്ടികയില്‍ ഇടംകൊണ്ടു. പട്ടികയില്‍ അടയാളപ്പെടുന്നതോടെ ചരിത്രം വിശ്വാസത്തിനു വഴിമാറും. സ്വയം ദിവ്യമാക്കപ്പെടും. അടയാളപ്പടുത്തിയ രാഘവന്‍ പോലും അത്ഭുതത്തോടെ പില്‍ക്കാലത്ത് ചിലങ്കയെ തൊട്ടുതൊഴുതു. അമാവാസി നാളുകളില്‍ ചിലങ്ക വീടിനുള്ളില്‍ കിലുങ്ങിക്കൊണ്ട് നടക്കുന്നതായി രാഘവന്‍ പറയുന്നത് മറ്റൊരു വിശ്വാസമാണ്. 

ചെറുപ്പം മുതല്‍ ആള് ലേശം പിമ്പിരിയായിരുന്നു. പക്ഷേ, മേസ്തിരി കല്ലന്‍ രാഘവനെ വെല്ലാന്‍ മറ്റൊരാള്‍ കരയിലില്ല. കരിങ്കല്ലും വെട്ടുകല്ലും ഇഷ്ടികയും രാഘവന് വെണ്ണക്കല്ലാ. നൂലിട വ്യത്യാസമില്ലാതെ കെട്ടിക്കയറും. രാഘവന്‍ തേച്ച തട്ടിലും ഭിത്തിയിലും ഭൂതക്കണ്ണാടിവെച്ചു നോക്കിയാലും ഒരു കരണ്ടിപ്പാടു കാണത്തില്ല. പണിതീര്‍ന്ന വീട്ടിലേക്കുള്ള അരകല്ലും ആട്ടുകല്ലും രാഘവന്‍ കൊത്തിക്കൊടുക്കും. അമ്പലപ്പടിയിലെ കല്ലുവിളക്ക് ഒറ്റക്കല്ലില്‍ രാഘവന്‍ കൊത്തിയതാ. കെട്ടിടം പണിയില്ലാത്തപ്പോള്‍ കയ്യാലപ്പണിക്കു പോകും. ഓരോ മൊട്ടക്കുന്നിന്റേയും അരക്കെട്ടില്‍ ഒഴുകിക്കിടക്കുന്നപോലെ രാഘവന്‍ കയ്യാലകള്‍ അണിയിച്ചു. അവിടെ കരിമ്പാറയും ചെങ്കല്ലും ഉടല്‍ പിണച്ച് പുളഞ്ഞുകിടന്നു. മുറപ്പെണ്ണ് സുമാംഗിയുടെ അരഞ്ഞാണം പോലെ അത് ചില സമയങ്ങളില്‍ രാഘവനെ ഉന്മാദിയാക്കും. വല്ലാത്ത അണപ്പോടെ നിലാവുള്ള രാത്രികളില്‍ അയാള്‍ കയ്യാലയോട് പറ്റിച്ചര്‍ന്നു കിടക്കും. അത് നാട്ടിലെ വാമൊഴിയില്‍ രാഘവന്‍ വെള്ളമടിച്ച് പെടന്നതാ. അല്ലെങ്കില്‍ പോഞ്ചാനടിച്ചു കിറുങ്ങിയതാ. സുമാംഗിയെ പെണ്ണുചോദിച്ച് ചെന്ന അമ്മയെ മാമന്‍ ആട്ടിയോടിച്ചു. ''കൊച്ചുപെണ്ണേ നീയാ പൊട്ടനെ ഊളമ്പാറേലെങ്ങാനുംകൊണ്ട് കളേടീ...'' -കൊച്ചുപെണ്ണ് മുടിയഴിച്ചാടി. ഉടപ്പിറപ്പിനെ ഊടുപാട് പ്രാകി. അണ്ണാക്കിനും കീഴേ ഒരക്കുഴീന്ന് കേറിവന്ന തെറി കടിച്ചുവിഴുങ്ങി. വരത്തുപോക്കിന്റെ ആകാശത്താരനോക്കി കൊച്ചുപെണ്ണ് പിറുപിറുത്തുകൊണ്ട് തിരിച്ചുനടന്നു. കടവത്ത് വളളം കാത്തുനിക്കുമ്പോള്‍ പിന്നാലെ വന്ന സുമാംഗി അപ്പച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ''അണ്ണനുഞാനുണ്ടാവും അപ്പച്ചീ... എന്നും.'' ആ രാത്രിയില്‍ അമ്പലക്കടവിലെ ഇളം ചൂടുള്ള കയത്തില്‍ സുമാംഗിയും രാഘവനും മുങ്ങാംകുഴിയിട്ടു കളിച്ചു. 

പിന്നെ വൈകിച്ചില്ല. ഒരാഴ്ചകൊണ്ട് മാമന്‍ മലബാറിലേക്ക് സുമാംഗിയെ കെട്ടിച്ചുവിട്ടു. രാത്രിയില്‍ മാമന്റെ ഓലപ്പുര നിന്നു കത്തി. മുറ്റത്തെ പന്തലില്‍ ക്ഷീണിച്ചുറങ്ങിയ ഇണങ്ങരും ശേഷക്കാരും വെള്ളം തേവി മുടിഞ്ഞതല്ലാതെ രാഘവന്റെ ചങ്കുകത്തിയ കരിംപുകയ്ക്കുള്ളില്‍ ആളിപ്പടര്‍ന്ന നൊമ്പരം കെടുത്താനായില്ല. ആരും ചത്തില്ല. പക്ഷേ, രാഘവനെ കാണാതായി. അതോടെയാണ് ആ വാക്ക് നാട്ടുകാര്‍ കേട്ടത്. ആമം. കയ്യും കാലും കെട്ടി രാഘവനെ കൊണ്ടുപോയി ആമത്തിലിട്ടത് കോനാട്ടെ കേശവക്കമ്മളാരുന്നു. കൊലക്കൊമ്പന്‍ മദിച്ചാലും കോനാടന്‍ കേശവക്കമ്മളു തളയ്ക്കും. അയാളുടെ കൊമ്പന്‍മീശക്കു മേലെ പറക്കാന്‍ ഈച്ച പോലും ഭയന്നു. ഒന്നരമാസം കഴിഞ്ഞ് ഒരു ഉച്ചസമയത്ത് കോനാടന്റെ പിന്നാലെ രാഘവന്‍ കവലയില്‍വന്ന് ബസിറങ്ങി. അടഞ്ഞുകിടന്ന പുരമുറ്റത്തുനിന്ന് രാഘവനെ ചേര്‍ത്തുപിടിച്ചുകൊണ്ട് കോനാടന്‍ തെക്കുവശത്തേക്ക് നടന്നു. തടുത്തുകൂട്ടിയ മണ്‍കൂനയില്‍ വാടാതെനിന്ന വാഴയും തൈത്തെങ്ങും മാറാമ്പും നോക്കി അയാള്‍ ഒന്നു തൊഴുതു. മാറാമ്പിന്റെ ഇലയില്‍ വീണുചിതറിയ കണ്ണീര്‍ത്തുള്ളി പളുങ്കുമണികളായി അമ്മയുടെ നെഞ്ചിലേക്കു നനഞ്ഞു. ഒരുപിടി മണ്ണുവാരിയെടുത്ത് പട്ടടയിലിട്ട് രാഘവന്‍ തിരിഞ്ഞുനടന്നു. 

അമ്മ പ്രാണനായിരുന്നു. അമ്മയില്ലാത്ത വീടിന് തീപിടിക്കുമെന്ന് രാഘവന്‍ ഭയന്നു. വീട്ടില്‍ കയറാതെയായി. ചൂടുകൂടിയപ്പോള്‍ ആറ്റുമാലിയിലെ കരിയിലത്തണുപ്പില്‍ ഉറങ്ങാതെ കിടന്നു. അമ്പലക്കമ്മിറ്റി ആറാട്ടുകടവിന്റെ പണിതുടങ്ങിയതോടെ തൂക്കുകട്ടയും കരണ്ടിയും ചുറ്റികയുമായി പുറത്തിറങ്ങി. കോനാടനായിരുന്നു പണിപിടിച്ചിരുന്നത്. കല്ലുകെട്ടില്ലാത്ത ദിവസങ്ങളില്‍ അല്ലറചില്ലറ പണികളുമായി അയാള്‍ കോനാട്ടുണ്ടാവും. പണിയൊന്നുമില്ലെങ്കില്‍ കോനാടന്റെ കൊച്ചുമക്കളെ പുറത്തുകയറ്റിയിരുത്തി നാലുകാലില്‍ ആനകളിക്കും. ചാവടിപ്പുരയുടെ എറേത്ത് ചാരുകസേരയില്‍ക്കിടന്ന് പലതുമോര്‍ത്ത് കോനാടന്‍ ചിരിക്കും. എരുത്തൂടിന്റെ ചായ്പിലിരുന്ന് അങ്ങുമിങ്ങും കട്ടകളിളകിപ്പോയ പല്ലിത്തടി അതുകണ്ട് പല്ലുഞറുമ്മും. നുകംവെച്ചുകെട്ടി ഞവരിപ്പലകയും പല്ലിയും വലിക്കുന്ന രാഘവന്റപ്പൂപ്പന്‍ കോനാട്ടെ കാളയായിരുന്നു. അപ്പന്‍ പാര്‍ട്ടിക്കാരനായിരുന്നതുകൊണ്ട് കാളകെട്ടേണ്ടി വന്നില്ല. കോനാടന്റെ വിശ്വസ്തനായ ചട്ടമ്പിയായി അയാള്‍ ചത്തു. അമ്പലപ്പടിയിലെ പുറമ്പോക്കില്‍ രക്തസാക്ഷിമണ്ഡപം പണിയാന്‍ കോനാടന്‍ കാശുമുടക്കി. പാര്‍ട്ടിക്കാരോടൊപ്പം രാഘവനും ഇടയ്ക്കിടെ അപ്പന് പുഷ്പാര്‍ച്ചന നടത്തും.
    
മകളും മരുമകനും സൗദിക്ക് പോയതോടെ കോനാടനും കെട്ടിയോക്കും അവരുടെ പിള്ളാരെ നോട്ടം പ്രധാന പണിയായി. പെട്ടെന്നൊരു ദിവസം നാലുവയസ്സുകാരി ഉണ്ണിമോളേം തോളേലെടുത്തുകൊണ്ട് വീട്ടുമുറ്റത്തൂടെ രാഘവന്‍ ഓട്ടം തുടങ്ങി. കോനാടന്‍ ചാരുകസേരയില്‍നിന്നു ചാടിയെഴുന്നറ്റു. അപ്പോഴേക്കും റബ്ബറുന്തോട്ടവും കടന്ന് അമ്പലപ്പടിയിലക്ക് അയാള്‍ പാഞ്ഞു. ഭൂമിയില്‍ അവശേഷിക്കുന്ന ലാംബി സ്റ്റാര്‍ട്ടാക്കി അമ്പലപ്പടിയിലെ മുക്കവലയിലെത്തി. അവിടെനിന്നു രാഘവന്‍ വടക്കോട്ടാണോ തെക്കോട്ടാണോ ഓടിയതെന്നാരും കണ്ടില്ല. കോനാടന്റെ സമനിലതെറ്റി. അയാളുടെ ശിങ്കിടികള്‍ പലവഴി പാഞ്ഞു. സ്‌കൂട്ടര്‍ ഇടവഴികള്‍ പലതും കയറിയിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞ് കോനാടന്‍ വീട്ടിലെത്തി. രാഘവന്‍ എരിത്തിലിന്റെ കൊച്ചുതിണ്ണയില്‍ തളര്‍ന്നുകിടന്നണയ്ക്കുന്നു. പാളയെടുത്ത് വീശിക്കൊണ്ട് ഉണ്ണിമോള്‍ അടുത്ത് കുത്തിയിരിപ്പുണ്ട്. ''ആനകളിച്ച് മടുത്തപ്പൂപ്പാ... മാമനിന്ന് കുതിരയാരുന്നു.'' കൊച്ചുമകളെ വാരിയെടുത്ത കോനാടന്റെ കണ്ണു നിറഞ്ഞു. വിജൃംഭിച്ചുനിന്ന കൊമ്പന്‍മീശ ഉണ്ണിമോള്‍ തടവി ചുരുളഴിച്ച് കീഴ്പോട്ടാക്കി. അപ്പൂപ്പന്റെ ചെള്ളക്കവളൊരു ഉമ്മയും വെച്ചുകൊടുത്തു. 

ലീലയുടെ ആലോചന വന്നപ്പോള്‍ കാര്‍ന്നോരായി നിന്ന് കോനാടന്‍ കെട്ടുനടത്തി. താലിയും കല്യാണമാലയും എടുത്തുകൊടുത്തത് കോനാടന്‍. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മാല സ്വന്തം കഴുത്തിലേക്കിട്ട് രാഘവന്‍ ലീലയെ ഏറുകണ്ണിട്ടൊന്നു നോക്കി. ''ഫ്ഭാ കള്ളക്കഴുവേരടെ മോനേ... നീയിന്നുവരെയൊരുത്തന്റേം കെട്ടുകണ്ടിട്ടില്ലേടാ തെണ്ടീ...'' - കോനാടന്റെ കൊമ്പന്‍മീശ വിറച്ചു. തെറികേട്ടു പേടിച്ച ലീലയുടെ കയ്യീന്ന് മാല താഴെ വീണു. ''അത് നീയുമെടുത്തിട്ടോടീ... സ്വയംവരമായിക്കോട്ട്.'' കോനാടന്‍ ബന്ധുക്കാരെ നോക്കിച്ചിരിച്ചു. അടുത്തടുത്ത് ചമ്രംപടഞ്ഞുണ്ണാനിരുന്ന രാഘവന്റെയും ലീലയുടെയും ഇലയിലേക്ക് കൊട്ടയില്‍നിന്ന് കോനാടന്‍ ചോറിനൊപ്പം ഒരുപദേശവും കുടഞ്ഞിട്ടു: ''മാലയിട്ടില്ലെങ്കിലും മിന്നുകെട്ടിയോനാ. വല്ലതുമൊക്കെ വെച്ചുവെളമ്പിക്കൊടുക്കണം.'' 

നിലത്ത് തഴപ്പായില്‍ വിരിച്ച പുതുമണം മാറാത്ത വിരിപ്പ്. മടിയില്‍ കിടന്ന രാഘവന്റെ മുഖത്തൂടെ വിരലുകള്‍ ഓടിച്ചുകൊണ്ട് ലീല പറഞ്ഞു: ''നല്ല രസമുള്ള മണം.'' രാഘവന്റെ കൃഷ്ണമണികളില്‍ ലീല വെട്ടിത്തിളങ്ങി. ''സുമാംഗിയെക്കാള്‍ സുന്ദരിയാ നീ...'' അയാളുടെ ചുണ്ടുകള്‍ വിറച്ചു. ''അയ്യോ അതാരാ...?'' ''അതോ... അത് മാമന്റെ മോളാ... അവളെ ഒരു മലബാറുകാരന്‍ കൊണ്ടോയി.'' രാഘവന്‍ ലീലയെ ചേര്‍ത്തുപിടിച്ച് നെറ്റിയിലൊരുമ്മ വെച്ചു. മുല്ലപ്പൂവിന്റെ മണം. അയാള്‍ എഴുന്നേറ്റ് വാതില്‍ തുറന്നു. അകത്തേക്ക് നിലാവും മുല്ലപ്പൂവാസനയും ഉമ്മവെച്ചുകയറി. ''നീ വാ...'' രാഘവന്‍ ലീലയേയും വലിച്ചുകൊണ്ട് ആറ്റുമാലിയിലേക്കോടി. 

നിലാവ് വീണ മണല്‍പ്പരപ്പില്‍ മണിമലക്കാവില്‍നിന്നും പടവ് ഇറങ്ങിവന്ന സുന്ദരയക്ഷികള്‍ ചോടുവെച്ചു തുടങ്ങി. ഇളകിത്തുള്ളുന്ന നെഞ്ചുമാല. കുരുത്തോലപ്പാവാടയ്ക്കുള്ളില്‍ അഞ്ചുസുന്ദരികള്‍ ഓളംവെട്ടി. കാറ്റുപാടിയ മുന്‍പാട്ട് നിലാവ് ഏറ്റുപാടി. ''പോരുവിന്‍ പോരുവിന്‍ തോഴിമാരേ, മുല്ലപ്പൂന്തോട്ടത്തില്‍ പൂവിറുക്കാന്‍..., പൂവുള്ള തോട്ടത്തില്‍ പൂവിറുത്താളമ്മ പൂവില്ലാത്തോട്ടത്തില്‍ പാട്ടും കളികളും...'' - ഇളംകാറ്റില്‍ വന്ന പാട്ടിനൊപ്പം രാഘവന്‍ ലീലയ്ക്കു ചുറ്റും ചുവടുവെച്ചുതുടങ്ങി. ''പോരുവിന്‍ പോരുവിന്‍ തോഴിമാരേ, ആമ്പല്‍പ്പും പൊയ്കയില്‍ പൂവിറുക്കാന്‍..., പൂവുള്ള പൊയ്കയില്‍ പൂവിറുത്താളമ്മ..., പൂവില്ലാപ്പൊയ്കയില്‍ പാട്ടും കളികളും...'' രാഘവന്റെ മെയ്വഴക്കത്തിനൊപ്പം കൈപിടിച്ച് ലീലയും ആടിത്തുടങ്ങി. നിലാവുവീഴ്ത്തിയ നിഴലുകള്‍ വെളുത്ത മണല്‍പ്പരപ്പില്‍ ഒന്നായി. ''ഞാന്‍ നട്ടുവളര്‍ത്തിയൊരാമ്പല്‍പ്പൂം പൊയ്കയില്‍..., ഞാനിതാ പോകുന്നേ തോഴിമാരേ...'' പാട്ടിനൊപ്പം ഒഴുക്കുനീറ്റിലേക്ക് അവര്‍ താളം ചവിട്ടി. മുങ്ങിയും പൊങ്ങിയും ശ്വാസം നിലച്ചും പുഴയിലവരലിഞ്ഞു. എത്ര വിസ്മയകരങ്ങളാണ് ജലരാശിയുടെ ആഴങ്ങള്‍. ചുറ്റിലും നുരകളുടെ ഉത്സവം പൊട്ടിച്ചിതറി. രാവിലെ കട്ടന്‍കാപ്പിയുമായി ലീല തട്ടിയുണര്‍ത്തുമ്പോള്‍ പുതുമണം മാറാത്ത വിരിപ്പില്‍ രാഘവന്‍ നനഞ്ഞുകുളിച്ചു കിടക്കുകയായിരുന്നു. 

പണിയിടങ്ങളില്‍ മെയ്ക്കാടായി ഒപ്പം നിന്ന് ലീല രാഘവനേക്കാള്‍ വിയര്‍ത്തു. ഉച്ചയൂണുകഴിഞ്ഞാല്‍ ഇത്തിരി മയങ്ങണം. ഇന്നടമെന്നൊന്നുമില്ല. എവിടേം കിടക്കും. കല്ലുവെട്ടാംങ്കുഴിയെങ്കില്‍ കല്ലുവെട്ടാങ്കുഴി. പച്ചോല ചാരി വെയില്‍ മറച്ച് അവര്‍ കെട്ടിപ്പിടിച്ചു കിടക്കും. കരയ്ക്കിരുന്ന് എത്തിനോക്കിയ ചില വെട്ടുകല്ലുകള്‍ കുഴിയിലേക്ക് മണ്ണിടിച്ചിട്ടു. ഒന്നുരണ്ടു കല്ലുകള്‍ കുഴിയിലേക്കു വീണു. അതിനൊന്നും വേര്‍ത്ത് ഒട്ടിപ്പിടിച്ചു കിടന്ന അവരെ അടര്‍ത്തി മാറ്റാനായില്ല. ആറ്റിലും മേട്ടിലും കുഴിയിലും കുടിയിലും രാഘവന്റെ രാസലീല തുടര്‍ന്നു. നിലാവുള്ള രാത്രികളിലും പണിയില്ലാത്ത ദിവസങ്ങളിലും കൊറേശ്ശയായി കെട്ടിപ്പൊക്കി ഇരുമുറിയില്‍ രാഘവന്‍ പണിതെടുത്ത ലീലാവിലാസത്തില്‍ പിറ്റേക്കൊല്ലം കുഞ്ഞിക്കാലു കണ്ടു. അമ്മിണി പിറന്നതോടെ പല ദിവസങ്ങളിലും പണി ഉഴപ്പായി. കുഞ്ഞിനെ കൊഞ്ചിച്ച് കൊഞ്ചിച്ച് പായില്‍ കുത്തിയിരിക്കും. കൈവളരുന്നതും കാല്‍വളരുന്നതും കണ്ട് അവളെ തോളിലെടുത്ത് മണിമലക്കാവില്‍ പാല്‍ക്കാവടി തുള്ളി. അമ്പലപ്പടിയിലെ ചെറുമട്ടങ്ങള്‍ ഹരഹരോ ഹരഹരാ മുഴക്കി കളം മൂപ്പിച്ചു. കാലമേറെക്കഴിഞ്ഞിട്ടും രാഘവനെ കാണുമ്പോള്‍ ആല്‍ത്തറക്കൂട്ടങ്ങളിലെ ചെറുമട്ടങ്ങള്‍ ഹരഹരോ വിളിക്കാതിരുന്നില്ല. വിളി മൂക്കുമ്പോള്‍ രാഘവന്‍ തുണിപൊക്കും. കലപിലകൂട്ടി ആലിലകള്‍ അലയൊലിതീര്‍ത്ത് തുണിപറത്തും. ഉയരുന്ന ആരവത്തില്‍ ഉള്ളുതുറന്ന് ചിരിച്ച് രാഘവന്‍ നിഷ്‌കളങ്കമായി അലിയും. 

അമാവാസിയും അമ്മിണിയുടെ പതിനേഴാം പിറന്നാളുമൊന്നിച്ചുവന്ന ദിവസം. മണിമലക്കാവില്‍ ദീപാരാധന തൊഴുത് ലീലയും അമ്മിണിയും മടങ്ങിയെത്തിയപ്പോഴേക്കും അപ്പൂപ്പമ്മാര്‍ക്ക് വെള്ളംകുടി തുടങ്ങിയിരുന്നു. രാഘവന്റെ ട്രങ്കില്‍ കിടന്ന ചിലമ്പ് ചുവന്ന പട്ടില്‍ നിലത്തു വെച്ചിരിക്കുന്നു. ലീല ആദ്യമായിട്ടാണ് ചിലമ്പു കാണുന്നത്. അന്തിത്തിരിവെച്ചതിന് പിറകിലിരുന്ന് ആറു തലമുറയിലെ വല്യപ്പൂപ്പന്മാര്‍ വറപൊടിയും തെരളി പുഴുങ്ങിയതും വിഴുങ്ങുന്നു. ഓരോരുത്തരുടെയും മുന്‍പിലിരുന്ന കള്ളുംകുടം പതഞ്ഞൊഴുകുകയാണ്. തെക്കേയറ്റത്തെ ഒറ്റത്തടുക്കിലിരുന്ന വല്യപ്പൂപ്പന്റെ കഴുത്തില്‍ ചുറ്റിക്കിടന്നിരുന്ന പാമ്പ് തലയ്ക്കു മുകളിലായി പത്തിവിടര്‍ത്തി നിന്നാടി. ഒരുക്കായി തൂശനിലയില്‍ ഊന്നുവടിയും മുന്നോട്ടു ചേര്‍ത്തുകെട്ടിയ പാളത്തൊപ്പിയും പുട്ടിലും. ഗഞ്ചിറ കൊട്ടി രാഘവന്‍ പൊലനൃത്തം പാടുമ്പോള്‍ ലീല അപ്പൂപ്പമ്മാരെ തൊഴുതു. രാഘവന്റെ വല്യപ്പന്‍ കുറുമ്പന്‍ ദൈവത്താന്റെ കൂടെ പൊലനൃത്തം പാടാന്‍ പോയിരുന്നു. പാട്ടു കേട്ടുകേട്ട് മൂലൂര് പുസ്തകം എഴുതി. പൊലനൃത്തം പുലവൃത്തമായി. രാഘവന്‍ പാട്ടുതുടങ്ങിയതോടെ കുമ്മായം പൊതിയാത്ത ഭിത്തിയുടെ വിടവുകളില്‍നിന്ന് പല്ലിയും പാറ്റയും പഴുതാരയും നിലത്തിറങ്ങി. ഇഴഞ്ഞും പറന്നും വാലുമുറിച്ചു തുള്ളിയും അവ രാഘവനു ചുറ്റും കോതുകാലു ചവിട്ടിത്തുടങ്ങി. ''തെക്കുതെക്കു തിരുക്കൊല്ലത്തേ... പത്തുനൂറു പൊലയരുകൂടി...'' പിത്തളക്കിണ്ണത്തില്‍ കൊച്ചുപിച്ചാത്തി മുട്ടിച്ച് ലീല വായ്ത്താരിയിട്ടു. ''തെയ്താര തെയ്താ...'' രാഘവന്‍ ആവേശം കൊണ്ടു. ''അതിലൊരു വല്യ പൊലയനാരല്ലോ... പത്രകാളി പ്രതിട്ടാ ചെയ്‌തേയ് ... തെയ്താര തെയ്താ... പത്രകാളിയമ്മനിന്നേനോ... ആടുകോളി കുരുതി തരണൊണ്ടേയ്... തെയ്താര തെയ്താ.'' തൊപ്പിപ്പാളയുടെ കെട്ടു മുമ്പോട്ടാക്കി തലയില്‍ വെച്ചു. പുട്ടിലെടുത്ത് ഇടത്തേ കക്ഷത്തിലിടുക്കി. വലംകയ്യിലെടുത്ത ഊന്നുവടികൊണ്ട് തറയില്‍ താളം കുത്തി വട്ടം തിരിഞ്ഞ് രാഘവന്‍ മുറ്റത്തേക്കിറങ്ങി. കുറ്റാക്കൂറ്റിരുട്ടില്‍ നിലത്ത് വടി മുട്ടുന്ന നടപ്പുതാളം നേര്‍ത്തുവന്നു. ഇരുട്ടുവീണ മുറ്റത്ത് കുത്തിയിരുന്ന് ലീല പതംപറഞ്ഞു കരഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ച് അമ്മിണിയും കരഞ്ഞു. ഉടച്ചു കുടിച്ച കരിക്കുകളില്‍ പഴയതുപോലെ ഇളനീര്‍ നിറഞ്ഞു. നേദ്യങ്ങളെല്ലാം ഇലമടക്കുകളില്‍ തിരികെയെത്തി മണം പരത്തി. അവയ്ക്കുമേല്‍ അരിയും പൂവും വിതറി കള്ളുകുടഞ്ഞ് കറുത്തവാവിന് മലയിറങ്ങി വന്ന വല്യപ്പൂപ്പന്മാരും മടങ്ങി.

രാത്രിയില്‍ കച്ചിത്തുറുവിനു തീ പിടിച്ചതുകണ്ട് മുറ്റത്തേക്കു ചാടിയ കോനാടനും കെട്ടിയോളും ആകാശത്തേക്കാണ് നോക്കിയത്. വരത്തുപോക്കിന്റെ ആകാശത്താരയില്‍ തീപ്പൊരി പൊഴിയുന്നു. അമ്പലപ്പടിയിലെ ദാമോദരപ്പണിക്കരുടെ മുറുക്കാന്‍കടയും ബാലന്‍കാര്‍ന്നോരുടെ കൊപ്രാ അട്ടിയും ആ രാത്രിയില്‍ത്തന്നെ തീ വിഴുങ്ങി. ഒട്ടിയക്കുഴിപ്പാടത്ത് പുലര്‍ച്ചെ ചൂട്ടുവെട്ടത്തില്‍ പുലവൃത്തം കണ്ടവരുണ്ട്. അവിടെ ഓല കത്തിയമര്‍ന്ന ചാരക്കൂനയില്‍ കനലുണ്ടായിരുന്നു. പക്ഷേ, അരിച്ചുപെറുക്കിയിട്ടും രാഘവനെ കണ്ടില്ല. നാലാംനാള്‍ രാത്രിയില്‍ തീമഴ പെയ്തു. ഇരുട്ടില്‍ ഇരമ്പിയെത്തുന്ന തീത്തുള്ളികള്‍ ചുറ്റിലും വീണുപൊങ്ങുന്നതിനു മുന്‍പ് ലീല അമ്മിണിയെ വലിച്ചുകൊണ്ടു പുറത്തേക്കോടി. തീ വിഴുങ്ങിയ മേക്കൂര കത്തിയടര്‍ന്ന് പുരയ്ക്കുള്ളിലേക്കു വീണു. ഒരു തീപിടിച്ച ആള്‍രൂപം പൊങ്ങിവന്ന് അമ്പലക്കടവിലേക്കോടി. ആളിക്കത്തുന്ന രൂപം കണ്ട് ലീലയും അമ്മിണിയും വല്യവായിലലറി. 

പിറ്റേന്ന് രാഘവന്‍ മണപ്പുറത്ത് പൊള്ളിക്കിടന്നു. കോനാടന്‍ പൊക്കിയെടുത്തോണ്ടുപോയി. നുറുക്കലും പൊടിക്കലും അരയ്ക്കലും കുറുക്കലും തളം വെക്കലും ധാരകോരലും തല തണുപ്പിക്കലും. തൊണ്ണൂറു ദിവസമായിട്ടും ചികിത്സ തീര്‍ന്നില്ല. മരുന്നും മന്ത്രോം മാത്രമല്ലായിരുന്നു ഇക്കുറി. ഇടവകേല്‍ മാറിവന്ന അണക്കരയച്ചന്‍ വൈകിട്ടുവൈകിട്ട് ഒരുമണിക്കൂറോളം അടുത്തുചെന്നിരിക്കും. അച്ചന്റെ കൈകള്‍ തലയില്‍ തൊടുമ്പോള്‍ അപ്പൂപ്പന്‍താടികള്‍ രാഘവനു ചുറ്റും പറക്കും. വെള്ളരിപ്രാവുകള്‍ കുറുകും. കയ്യെടുക്കുമ്പോള്‍ അപ്പുപ്പന്‍താടികള്‍ കൂട്ടത്തോടെ അച്ചന്റെ വെള്ളത്താടിയില്‍ ചേക്കേറും. പ്രാവുകള്‍ കുറുകുന്നതും പല്ലികള്‍ ചിലയ്ക്കുന്നതും ശലഭങ്ങള്‍ ചിറകുകള്‍ ഇളക്കുന്നതും നിലയ്ക്കും. 

വിഷുവിനു പത്തു ദിവസം മുന്‍പ് സന്ധ്യമയങ്ങിയ നേരം. കോനാടന്റെ ജീപ്പ് ലീലാവിലാസത്തിലേക്ക് കയറിവന്നു. പതിവു പണികഴിഞ്ഞ് വന്നപോലെ രാഘവന്‍ ജീപ്പില്‍നിന്നിറങ്ങി. അച്ചനും കൂടെയുണ്ടായിരുന്നു. കത്തിപ്പോയ പുര ഓലമേഞ്ഞുകൊടുത്തത് കോനാടന്‍. ചാണകം മെഴുകിയ തറ സിമന്റിട്ട് വെണ്‍കളി പൂശിയത് അച്ചനും. കോനാടനും അച്ചനും ഇത്തിരി നേരം മുറ്റത്തുനിന്നു. കറുത്ത കാലിക്കോ ബൈന്റിട്ട ഒരു പുസ്തകം അച്ചന്‍ രാഘവനു സമ്മാനിച്ചിട്ടു മടങ്ങി. ലീല കുത്തിയിരുന്നു ചിരിച്ചു. അമ്മിണിക്കു സങ്കടം വന്നു. അപ്പനറിയാവുന്ന ഒരേയൊരക്ഷരം ഠ ആയിരുന്നു. സ്വന്തം ജീവിതത്തിന്റെ ചിത്രലിപി. അയാള്‍ പതിവിലും ശാന്തനായിരുന്നു. പതിയെ വീടിനുള്ളിലേക്കു കയറി. അച്ചന്‍ കൊടുത്ത പുസ്തകം വിളക്കത്തുവെച്ചു. വലതുകാല്‍ പിന്നാക്കം വെച്ച് ഇടതുമുട്ടിലൂന്നി ശരീരം നിര്‍ത്തി തലയ്ക്കു മുകളിലൂടെ കൈകള്‍ തൊഴുതുപിടിച്ചു. മുന്നോട്ടാഞ്ഞു കുമ്പിട്ട് നിവര്‍ന്ന് ഒരു ചുവടുചവിട്ടി മുകളിലേക്ക് നോക്കി. അത്യുന്നതങ്ങളിലേക്ക് യാചനയുടെ കരങ്ങള്‍ നിവര്‍ന്നു. അയാള്‍ ഉറക്കെപ്പാടി. ''വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍... രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാന്‍..., പാപികള്‍ക്കായ് നീതിവഴിയോതിത്തന്നവനേ..., പാരിടത്തില്‍ നിന്നെയോര്‍ത്ത് വാഴ്ത്തിടുന്നു ഞാന്‍...'' ലീല നെഞ്ചത്തടിച്ചു വിതുമ്മി. അമ്മിണി അപ്പനെ പിടിച്ചുവലിച്ച് കസേരയിലിരുത്തി. അയാള്‍ നിഷ്‌കളങ്കമായി ചിരിച്ചകൊണ്ടു പറഞ്ഞു: ''വെശക്കുന്നു... വല്ലോം താ.'' അടുക്കളയുടെ നിലത്തിരുന്ന് ചൂടുചക്കപ്പുഴുക്കില്‍ വെളിച്ചെണ്ണയൊഴിച്ച് പീരവറ്റിച്ചതും കോരിയിട്ട് കുഴച്ചു. വാരിത്തിന്നു പാത്രം വടിച്ചുനക്കി. എന്നത്തേയുംപോലെ ഉറക്കത്തിലേക്കു വീഴാന്‍ പിന്നെ അധികസമയം വേണ്ടിവന്നില്ല.
  
കോളിളക്കങ്ങളില്ലാതേയും രാഘവന് വലിയ ഇളക്കങ്ങളില്ലാതേയും നാലഞ്ചുകൊല്ലം കടന്നു പോയി. തമിഴ്നാട്ടില്‍നിന്ന് കൂട്ടത്തോടെ മേസ്തിരിമാരേയും മെയ്ക്കാടുകളേയുംകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ വന്നു നിറഞ്ഞത് രാഘവനു ക്ഷീണമായി. രാഘവനു പണി തീരെയില്ലാതായി. കോനാടന്റെ പാടത്ത് കാനകോരി ഏത്തവാഴ വെച്ചും റബ്ബറു വെട്ടിക്കളഞ്ഞ തോട്ടത്തില്‍ കപ്പയിട്ടും അമ്മിണിയെ എം.എ വരെ പഠിപ്പിച്ചു. അമ്മിണിക്ക് അപ്പന്റെ കാര്യമല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു. രാഘവന്റെ ചികിത്സ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ചെറിയ ചെറിയ വെളിപാടുകളും ഇതിനിടയിലുണ്ടായി. ആ ദിവസങ്ങളില്‍ പണിക്കു പോവാതെ ചില്ലറ അഭ്യാസങ്ങളൊക്കെ കാണിച്ച് അമ്പലപ്പടിയിലും അഴകന്താനത്തും കറങ്ങിനടന്നു. അസമയത്ത് പള്ളീക്കേറി മണിയടിച്ചു. ഞെട്ടിയുണര്‍ന്ന കപ്യാര് പാതിയുറക്കത്തില്‍ പലതവണ അച്ചന്റെ നമ്പര് കുത്തി. അപ്പോഴെല്ലാം അച്ചന്‍ പരിധിക്കു പുറത്തായിരുന്നു. 

മണിമലക്കാവില്‍നിന്ന് തപ്പുമേളം ഉയര്‍ന്ന രാത്രികളില്‍ രാഘവനെ പെരുത്തുവിറച്ചു. അമ്മിണിയും ലീലയും ഇരുവശത്തുമായിരുന്ന് അയാളെ മുറകെ പിടിച്ചുവെച്ചു. ഒരു ദിവസം കൈവിട്ടുപോയി. അത്താഴപൂജ കഴിഞ്ഞിട്ടുണ്ടാവും. തപ്പുമേളം കേട്ടുതുടങ്ങി. ചാടിയെഴുന്നേറ്റ് മുണ്ട് മുട്ടിനുമേല്‍ കേറ്റിയുടുത്ത് താറുപാച്ചി. കുറിയാണ്ട് ചുരുട്ടി അരയില്‍ വട്ടംകെട്ടി മുറുക്കി. അമ്മിണിയുടെ മഞ്ഞഷാളെടുത്ത് ഏത്താപ്പുപോലെ വലം തോള്‍ ചുറ്റി ഇടത്തേക്കിട്ടു. ഒരു ചുവന്ന റിബ്ബണ്‍ തപ്പിയെടുത്ത് തലയിലും കെട്ടി. തപ്പുതാളം മുറുകി. പിടികിട്ടുംമുന്‍പ് രാഘവന്‍ മുറ്റത്തെത്തി. പിന്നോട്ടു മലക്കംമറിഞ്ഞു ചാടി നിലത്തിരുന്നു. ഇത്തരമൊരു ചാട്ടം ലീല മുന്‍പു കണ്ടിട്ടില്ല. തപ്പുതാളം മുറുകി. ഉറക്കെ പാടിക്കൊണ്ട് തട്ടും തടവുമായി രാഘവന്‍ കളി തുടങ്ങി. ''മാട്ടിന്‍ തൊഴുത്തില്‍പ്പിറന്ന പുണ്യസുതനേ..., ദീനവേഷമെടുത്തവനേ വാഴ്ത്തിടുന്നു ഞാന്‍..., കുരിശിലേറി മരിച്ചുയര്‍ത്ത് സ്വര്‍ഗ്ഗം പോയവനേ.., നിത്യം ജീവിക്കുന്നവനേ വാഴ്ത്തിടുന്നേന്‍ ഞാന്‍.'' 

അയല്‍പക്കം ഉണര്‍ന്നെത്തിയതോടെ അരങ്ങ് ഉഷാറായി. ''ടേയ്, യിത് പരിശമുട്ടിക്കളിയല്ലോടേ...'' കുന്നേലെ തോമാപ്ല ശബ്ദം താഴ്ത്തി കുഴീലെ കുഞ്ഞച്ചനെ നോക്കി. പള്ളീലെ കൈക്കാരന്‍ അന്തംവിട്ട് ഓടിപ്പോയി അച്ചനെ വിളിച്ചോണ്ടു വന്നു. അച്ചനെ കണ്ടതോടെ രാഘവന്‍ അടുത്ത കഥയിലേക്കു ചുവടുവെച്ച് തട്ടു തടയും തുടങ്ങി. ''പുണ്യവാനിസഹാക്കിനുണ്ടായി രണ്ടു മക്കള്‍..., ഒന്നാമന്‍ ഏശാവെന്നും പിന്നവന്‍ യാക്കോബും താന്‍...'' വന്നപാടെ അച്ചന്‍ ഒറ്റച്ചുവടുവെച്ച് നിന്നുചാടി കളിയിലേക്കു കയറി. രാഘവന് ആവേശം മൂത്തു. കാണികള്‍ കൈത്താളമിട്ടു. പെട്ടെന്ന് ഇരട്ടച്ചുവടുവെച്ച് ഇടത്താളം ചവിട്ടി ഇരുന്നു ചാടി കടന്നുവെട്ടിക്കയറി അച്ചന്‍ നിര്‍ത്ത് വായ്ത്താരി ചൊല്ലി. ''താ ഇന്ത... തരികിട തിമൃത... തെയ്യത്ത തിമൃത തെയ്.'' ബ്രേക്കിട്ടപോലെ കളിനിന്നു. മണ്ണുതൊട്ടുവണങ്ങി എഴുന്നേറ്റ് രാഘവന്‍ വീടിനുള്ളിലേക്കു കയറി. മേഘം കേറി മൂടി നിലാവും മറഞ്ഞു. 

പിന്നെ ഏറെ നാള്‍ സമാധാനത്തിന്റെ കാലമായിരുന്നു. പണിയില്ലാത്ത സമയങ്ങളിലെല്ലാം ആലോചിച്ചങ്ങനെ ഇരിക്കും. ചില ദിവസങ്ങളില്‍ വെളുപ്പോളം ഉണര്‍ന്നിരിക്കും. പെണ്ണിനെ കെട്ടിച്ചയക്കണ്ടേന്ന് ലീല ചോദിക്കുമ്പോള്‍ അയാള്‍ക്കു കണ്ണുനിറയും. ''അവളു പോയാപ്പിന്നെ നമുക്കാരാടീ'' എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ ലീലയ്ക്കു നെഞ്ചിടിപ്പു കൂടി വലിവു തുടങ്ങും. ''നീ ഒറപ്പിച്ചോ... നമുക്കങ്ങു നടത്താമെടാ...'' പതിനാറാം മൈലീന്നൊരു ഗള്‍ഫുകാരന്‍ ഓമനക്കുട്ടന്റെ ആലോചന അമ്മിണിക്കു വന്നപ്പോള്‍ കോനാടനു മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അച്ചന്‍ രാഘവന്റെ കരം പിടിച്ച് അനുഗ്രഹിച്ചു. വീട്ടിലെത്തി ലീലയുടെ കയ്യില്‍ മംഗല്യനിധി ചേര്‍ത്തുവെച്ചു. ലീല കൈമുത്തി. അമ്മിണിയുടെ നെറുകയില്‍ അച്ചന്‍ വലംകൈ മുട്ടിച്ചു. അമ്മിണി കൈമുത്തി. അപ്പോള്‍ പ്രാവു കുറുകുകയും ചന്ദനത്തൈലത്തിന്റെ പരിമളമിളകുകയും ചെയ്തു. ''സുന്ദരികളിലതിസുന്ദരി നീ... ജാതികകളില്‍ സൂനു..., നിന്നധരങ്ങള്‍ മധുവര്‍ഷിക്കുന്നു.. വസനസുഗന്ധം നീസാന്‍ കുസുമസമം..., നീ കറ തീണ്ടാത്തോള്‍...'' കുന്തിരിക്കത്തിന്റെ വെളുത്ത പുകയായി അച്ചന്‍ ആ വീടാകെ മണത്തു. നാരങ്ങാവെള്ളവും കിണ്ണനപ്പവും ഓട്ടടയും കഴിച്ചിട്ടാണ് അച്ചന്‍ മടങ്ങിയത്.
         
രാഘവന് കൂട്ടക്കാരായവശേഷിച്ചിരുന്ന മാമന്‍ മകള്‍ സുമാംഗിയോടൊപ്പം പണ്ട് മലബാറിനു പോയതാണ്. മഴ ഒരുപാടു പെയ്തു. പുഴ ഒരുപാട് ഒഴുകി. പഴയ പൊള്ളലെല്ലാം ആറിത്തണുത്തു. പക്ഷേ, മാമന്‍ കെട്ടിനു വന്നില്ല. രണ്ടുദിവസം മുന്നേ സുമാംഗിയും ഭര്‍ത്താവുമെത്തി. സുമാംഗിയെ കണ്ടതോടെ രാഘവനങ്ങ് ആധിപൂതിയിളകി. അയാളുടെ വിടര്‍ന്ന മൂക്ക് വൈകുന്നേരമായിട്ടും ചുരുങ്ങാതെ തുറന്നുതന്നെയിരുന്നു. സുമാംഗി ചേട്ടത്തിയെ ആദ്യം കാണുകയാണ്. അവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനാണെന്ന് അമ്മിണിക്ക് മനസ്സിലായില്ല. അരപ്പവന്റെ വള അമ്മിണിക്കും ഒരുതരിപ്പൊന്നിന്റെ കാതിപ്പൂ നാത്തൂനും സുമാംഗി കൊണ്ടുവന്നു. ബാഗില്‍നിന്നൊരു ചില്ലിട്ട പടമെടുത്ത് രാഘവനെ കാണിച്ചു. ''അണ്ണാ ഇത് കണ്ണച്ചന്‍ കെട്ടിയ തെയ്യമാ. പൂമാലക്കാവിലെ പൂമാരുതന്‍. തറേലെ ദൈവമാ... മരക്കലം കേറിവന്ന ശിവനാന്നെ.'' സുമാംഗിയുടെ അടുത്തിരുന്ന കെട്ടിയോന്‍ കണ്ണന്റെ കൊടുംപുരികങ്ങള്‍ ഒന്നിളകി. ''അണ്ണനിവിടെക്കെടന്ന് പൊലേന്‍ കെട്ടുന്നപോലല്ല... കണ്ണച്ചനവിടെ ദൈവമാ ദൈവം.'' സുമാംഗി പിന്നെ പറഞ്ഞതൊന്നും രാഘവന്‍ കേട്ടില്ല. ചില്ലിട്ട പടം ഭിത്തിയില്‍ക്കൊണ്ട് തൂക്കിയിട്ട് കണ്ണെടുക്കാതെ നിന്നു. പടത്തിനു ജീവന്‍വെച്ചു. വാളും പരിചയുമുയര്‍ത്തി പീഠത്തില്‍ കയറിനിന്ന് കെട്ടിയാടി അരുളപ്പാടകള്‍ നടത്തുന്ന കണ്ണന്‍. അന്‍പുറ്റ ദൈവമായി മാറിയ കോലധാരിക്കു പിന്നില്‍ സ്ഥാനികളായി തലമുണ്ഡനം ചെയ്തുനിരന്ന വല്യപ്പൂപ്പന്മാര്‍. ആറു തലമുറയ്ക്കപ്പുറത്തെ തന്റെ വല്യപ്പൂപ്പന്റെ കഴുത്തില്‍ ചുറ്റി തലയ്ക്കു മുകളില്‍ പത്തിവിടര്‍ത്തിയ കരിമൂര്‍ഖന്‍. ''വള്ളിപോലെ നിറച്ചു പാമ്പുകളും ചാമ്പലും ചൂടീട്ടെല്ലുകൊണ്ടു ധരിച്ച മാലകളും... തെയ്താര തെയ്താ.'' രാഘവന്‍ പാടി ചുവടുവെച്ചുതൊഴുതു. കണ്ണനും തൊഴുതു. രാഘവന്റെ കാലില്‍ ചിലമ്പു കിലുങ്ങി. അച്ചന്‍ കൊടുത്ത പുസ്തകം എടുത്ത് മുറ്റത്തേക്കെറിഞ്ഞു. പിന്നെയും ദൈവമായ കണ്ണച്ചന്റെ പടത്തിലേക്ക് നോക്കി നിന്നു. പെട്ടെന്നായിരുന്നു രാഘവനിറങ്ങിയോടിയത്. ഇരുള്‍ വീണെങ്കിലും ആറ്റുകടവുവരെ കണ്ണന്‍ പിന്നാലെയോടി. ഇരുട്ടല്ലാതെ ഒന്നും മുമ്പിലുണ്ടായിരുന്നില്ല. 

അമ്മിണിയുടെ കെട്ടിനുപോലും രാഘവനെത്തിയില്ല. അച്ചന്‍ പാരീഷ് ഹാള്‍ വിട്ടുകൊടുത്തു. കോനാടന്‍ ഒന്നിനും കുറവുവരാതെ അമ്മിണിയെ കൈപിടിച്ച് ഇറക്കിവിട്ടു. മരണവീടുപോലെ ലീലാവിലാസം ആളൊഴിഞ്ഞ് അനക്കമില്ലാതെ ഒറ്റപ്പെട്ടുകിടന്നു. ചേട്ടത്തിയെ തനിച്ചാക്കി മടങ്ങാന്‍ സുമാംഗിക്ക് മനസ്സുവന്നില്ല. രാവേറെ വൈകി. ഉറങ്ങുംവരെ സുമാംഗി വിതുമ്മിക്കരയുന്ന ലീലയെ കെട്ടിപ്പിടിച്ചു കിടന്നു. മുറ്റത്തെ മാഞ്ചുവട്ടില്‍ പാവിരിച്ചു കിടന്ന കണ്ണന്‍ മേലേരി കയറിയിറങ്ങുന്ന ഒറ്റക്കോലം സ്വപ്‌നംകണ്ടു ഞെട്ടിയുണര്‍ന്നു. മുന്‍പില്‍ വീടുനിന്നു കത്തുകയാണ്. കതക് ചവിട്ടിപ്പൊളിച്ചപ്പോഴേക്കും ലീലയും സുമാംഗിയും പുറത്തുചാടി. പുരപ്പുറത്ത് തീ പിടിച്ച ഒരു രൂപത്തെ കണ്ണന്‍ കണ്ടു.

അപ്പൂപ്പനും അപ്പനും കെട്ടിയ വിഷ്ണുമൂര്‍ത്തി കണ്ണനില്‍ കൂട്ടക്കതിനകള്‍ മുഴക്കി. ചെണ്ടകളുടെ നിലയ്ക്കാത്ത വേല. കണ്ണന്‍ വീടിനുള്ളിലേക്കോടിക്കയറി. അഗ്‌നിയിലൊളിച്ച ഹിരണ്യരൂപം പുരപ്പുറത്തുകണ്ട് വിഷ്ണുമൂര്‍ത്തി മേലേരി കേറി. പിടികൊടുക്കാതെ തീപിടിച്ച രൂപം പുരപ്പുറത്തുനിന്നു ചാടി ആറ്റുകടവിലേക്കോടി. കത്തിയടര്‍ന്നു വീണ മേക്കൂരയ്ക്കടിയില്‍നിന്ന് തീപ്പന്തമായി ജ്വലിച്ച കണ്ണന്‍ പിന്നാലെ പാഞ്ഞു. തീത്തുള്ളികള്‍ വീണ വഴിത്താരയിലെ ഒണക്കപ്പുല്ലും കരിയിലയും കത്തിപ്പടര്‍ന്ന് പിന്നാലെ ചെന്നു. നിലവിളി കേട്ടുവന്നവര്‍ക്ക് വീട്ടിനുള്ളില്‍ അണയ്ക്കുവാനൊന്നുമില്ലായിരുന്നു. പുലര്‍ച്ചെ മണല്‍ത്തിട്ടയില്‍ പൊള്ളിക്കിടന്ന രാഘവനേയും കണ്ണനേയും കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. നാലാം വാര്‍ഡില്‍ അമ്മിണിയും ഓമനക്കുട്ടനും വന്ന് അപ്പനു കൂട്ടിരുന്നു. 70 ശതമാനം പൊള്ളിപ്പോയ കണ്ണന്‍ ആറാം പക്കം മെഡിക്കല്‍ വാര്‍ഡില്‍ കിടന്നു മരിച്ചു. തെക്കുദേശത്തേക്കു പോയി തീപ്പെട്ട കണ്ണച്ചന്‍ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്ക് ജീവനുള്ള കഥയായി മാറി. നാട്ടുകാര്‍ ഓല മാറ്റി ടിന്‍ ഷീറ്റിട്ടു പൂതുക്കിയ ലീലാവിലാസത്തില്‍ കണ്ണച്ചന്റെ പൂമാരുതന്‍ തീപ്പെടാതെ ഭിത്തിയില്‍ അവശേഷിച്ചിരുന്നു. 

മേഘം പൊട്ടിയടര്‍ന്ന് വലിയ കഷണങ്ങളായി മണ്ണിലേക്കു വീണ് ഇരച്ചൊഴുകി. തിമിര്‍ത്തു പെയ്യുന്ന മഴയുടെ രൂപവും ഭാവവും എല്ലാവരേയും ഞെട്ടിച്ചു. ആഴ്ചയൊന്നുകഴിഞ്ഞു. മഴ അറഞ്ഞുതുള്ളുകയാണ്. പടിഞ്ഞാറുനിന്ന് കൈകോര്‍ത്ത് പമ്പയും മണിമലയും കിഴക്കോട്ടു പൊങ്ങിത്തുടങ്ങി. ഉയര്‍ന്നയിടങ്ങളിലെല്ലാം മനുഷ്യരെക്കൊണ്ടു നിറഞ്ഞു. പാലങ്ങളിലും പൊങ്ങിയ കലുങ്കുകളിലും നാല്‍ക്കാലികളും കോഴികളും താറാവുകളും പറ്റിച്ചേര്‍ന്നു കിടന്നു. ആറ്റരികിലെ വീടുകള്‍ മുങ്ങി. നഗരങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ പ്രളയത്തിന്റെ ഭീതിയില്‍ നാടുവിറച്ചു. മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടിവന്നു. ജീവഭയത്താല്‍ എം.എല്‍.എ രക്ഷകര്‍ക്കായി പൊട്ടിക്കരഞ്ഞുകൊണ്ട് യാചിച്ചു. പടിഞ്ഞാറുനിന്ന് കടലിനു മീതെ നടന്നവര്‍ കൂട്ടത്തോടെ വഞ്ചിയുമായി വന്നു. വീടുവീടാന്തരം നീന്തിയെത്തി ജീവനുകളെ പെറുക്കിയെടുത്തു. അതിനിടയിലാണവര്‍ മുങ്ങിയ ലീലാവിലാസത്തിന്റെ മേക്കൂരയില്‍നിന്ന് ചുവടുചവിട്ടുന്ന പൂമാരുതനെ കണ്ടത്. എന്‍ജിന്‍ വെച്ച വള്ളം അങ്ങോട്ടു നീങ്ങി. പലതവണ വിളിച്ചിട്ടും അയാള്‍ കേള്‍ക്കുന്നില്ല. പരിച ചുഴറ്റി വാളുവീശി ചടുലചലനങ്ങളോടെ പൂമാരുതന്റെ നൃത്തം മുറുകി. ഉച്ചഭാഷിണിയിലൂടെ രക്ഷകര്‍ വിളിച്ചുപറഞ്ഞു: ''നിങ്ങള്‍ ചാട്ടം നിര്‍ത്തി വള്ളത്തില്‍ കേറണം മിസ്റ്റര്‍.'' ഒരു നിമിഷം നിശ്ചലം. വള്ളം അടുത്തെത്തിയതും അയാള്‍ പ്രളയത്തിലേക്കു ചാടി. മിന്നല്‍ വേഗത്തില്‍ പരിചയും വാളും മാറിമാറി തുഴഞ്ഞ് വെള്ളം വകഞ്ഞുമാറ്റി അയാള്‍ നീന്തി. പിന്നാലെയെത്താന്‍ രക്ഷകരുടെ വഞ്ചി വേഗം കൂട്ടി. പീഠത്തിലേക്കു പറന്നുകയറുമ്പോലെ പൂമാരുതന്‍ വെള്ളത്തിനുമേലേക്കൊന്നുയര്‍ന്നു ചാടി വട്ടം തിരിഞ്ഞുനിന്നു. പൊതച്ച മുടിയും മാറിലെ ദളവും കൊടുംപിരിയമെഴുതിയ മുഖവും ചുഴറ്റുന്ന പൊന്തിയും പരിചയും കണ്ട് രക്ഷകര്‍ ഞെട്ടി. പിന്നെ ആ രൂപം പ്രളയജലത്തിലേക്കു ലയിച്ചുതാഴ്ന്നു.

വെള്ളമിറങ്ങാന്‍ രണ്ടാഴ്ച പിടിച്ചു. മണിമലക്കാവിലെ പനമ്പാലച്ചോട്ടില്‍ കണ്ട വെട്ടിരുമ്പും ചിലങ്കയും ഇഡ്ഢിലിത്തട്ടും വെള്ളോടിന്‍ ചിലമ്പും രാഘവന്റെയാണെന്ന് ചെത്തുകാരന്‍ തങ്കപ്പനുറപ്പായിരുന്നു. തിരുശേഷിപ്പുകള്‍ കണ്ട് ലീല തളര്‍ന്നുവീണു. അവര്‍ അവിടം വിറ്റ് അമ്മിണിയോടൊപ്പം പതിനാറാം മൈലിലേക്കു പോയി. ആറുമാസം കഴിഞ്ഞൊരു സന്ധ്യയ്ക്ക് സുമാംഗിയുടെ വിളിയെത്തി. ''പൂമാലക്കാവില്‍ തെയ്യം കെട്ടാന്‍ നമ്മടെ മോന്‍ കുഞ്ഞുണ്ണിയെ വ്രതമിരുത്തിയേക്കുവാ. കണ്ണച്ചന്റെ സ്ഥാനമിനിയവനാ... ചേട്ടത്തിവരുകേലേ... കുഞ്ഞിനെ അനുഗ്രഹിക്കാന്‍...''
കതിനകള്‍ നിരന്നഴിഞ്ഞുകത്തി മുഴങ്ങി. നിലയ്ക്കാത്ത വേല... പൂങ്കന്നിയുടെ തിരുനടയില്‍ പൂമാരുതന്റെ വെള്ളാട്ടം. ലീലയും സുമാംഗിയും അമ്മിണിയും തൊഴുതുനിന്നു. ലീല മുന്‍പിലേക്കു ചെന്ന് തളിരിലയില്‍ പട്ടില്‍ പൊതിഞ്ഞ കാഴ്ചവെച്ച് ലീല നമസ്‌കരിച്ചു. അരിയും പൂവും വീഴ്ത്തി വൊള്ളാട്ടം അനുഗ്രഹിച്ചു. ''പാരതില്‍ പ്രശസ്തമാകും പൂമാരുതനെന്നുപേരായ്..., അന്തമില്ലാതെ രൂപം ചിന്തിപ്പാന്‍ അരിപ്പമോര്‍ത്താല്‍..., ചിന്തയില്‍ അഴിഞ്ഞവണ്ണം ചിന്തിച്ചു ചൊല്ലീടുന്നേന്‍.''

തളിരിലയിലെ ചുവന്നപട്ടില്‍ വെച്ച ഓട്ടുചിലമ്പിന് പതിയെ അനക്കം വെച്ചു. പോകപ്പോകെ അത് പുതിയൊരു കഥ പറഞ്ഞുതുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com