'ലെ പ്രാന്‍തിസ്'- ബിജു സി.പി. എഴുതിയ കഥ

കുഞ്ഞൗസേപ്പ് ലക്ഷ്മിസദനം എന്ന പേര് പ്രഖ്യാപിച്ചതും ഹാളില്‍ ശീതത്തിന്റെ ലോലമായ സ്തരം തകര്‍ക്കുമാറ് ഒരു ചിരിയലയാണ് ഉയര്‍ന്നത്
'ലെ പ്രാന്‍തിസ്'- ബിജു സി.പി. എഴുതിയ കഥ

കുഞ്ഞൗസേപ്പ് ലക്ഷ്മിസദനം എന്ന പേര് പ്രഖ്യാപിച്ചതും ഹാളില്‍ ശീതത്തിന്റെ ലോലമായ സ്തരം തകര്‍ക്കുമാറ് ഒരു ചിരിയലയാണ് ഉയര്‍ന്നത്. ഓര്‍മ്മത്തെറ്റിലൊരു ക്ഷമാപണംപോലെ അവിടവിടെ കയ്യടിയുടെ നേരിയ അനുമോദനശബ്ദങ്ങള്‍ ഞരങ്ങിയുണരാതെയുമിരുന്നില്ല. നാലിഞ്ചിലേറെ വീതിക്കസവുള്ള ചന്ദനനിറ വേഷ്ടിയും തിളങ്ങുന്ന സ്വര്‍ണപ്പട്ടുടുപ്പുമണിഞ്ഞ് ശിരോമകുടംപോലെ ഉയര്‍ത്തിപ്പണിത മുടിച്ചുരുള്‍ക്കൂനയുമായി കുഞ്ഞൗസേപ്പ് വേദിയിലേക്ക് കയറി. ഹാളിനെയാകെ അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞൗസേപ്പ് കൈകള്‍ രണ്ടും തലയ്ക്കു മീതേ ഉയര്‍ത്തി തൊഴുതു. തൊഴുകയ്യുമായി വേദിയേയും സദസ്സിനേയും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് താണുവണങ്ങി. അതും കഴിഞ്ഞ് സദസ്സിനു നേരെ തിരിഞ്ഞ് കൈകള്‍ നിലത്തു കുത്തി സ്‌റ്റേജില്‍ നീണ്ടുകിടന്ന് ഒരു സാഷ്ടാംഗ നമസ്‌കാരം. ഹാളിലാകെ മുഴങ്ങിയിരുന്ന ചിരിയുടെ സ്വഭാവം സാവധാനം അവിശ്വസനീയത കലര്‍ന്ന ഒരമ്പരപ്പിന്റേതായി പരിണമിച്ചു. പിന്നെ ആ നിലയില്‍ ആ അമ്പരപ്പ് നിലപാടു കൊണ്ടു. എണ്ണപ്പറ്റുള്ള ഇരുണ്ടതവിട്ടു നിറമാര്‍ന്ന കുഞ്ഞൗസേപ്പിന്റെ കൂര്‍മ്പന്‍ മുഖത്തെ ഏറ്റവും വലിയ അലങ്കാരം ആ ക്ലീന്‍ഷേവ് ആയിരുന്നു. 
വേറിട്ട പ്രതിഭാത്തിളക്കത്തിനുള്ള പുരസ്‌കാരം കുഞ്ഞൗസേപ്പിനു നല്‍കാനെത്തിയ നടിയാകട്ടെ, പ്രകടമായും ഒരു കുട്ടിയായിരുന്നു. ജാഗ്രതയോടെ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ ഉലയാതിരിക്കാനുള്ള അതിജാഗ്രതയോടെയും 'എനിക്ക് ഭയസംഭ്രമങ്ങളില്ല' എന്ന ഭാവത്തോടെയുമായിരുന്നു പുതുമുഖനടിയുടെ നില്‍പ്പ്. ഹാളിലെ മഴുവന്‍ കണ്ണുകളുടേയും സ്‌നേഹകൗതുകങ്ങള്‍ തനിക്കവകാശപ്പെട്ടതാണല്ലോ എന്ന അവരുടെ ആഗ്രഹവിചാരങ്ങളെയാകെ കശക്കി ഞെരിച്ചു കളഞ്ഞു കുഞ്ഞൗസേപ്പിന്റെ നാമരൂപ കര്‍മ്മങ്ങള്‍. കട്ടിച്ചില്ലില്‍ വാര്‍ത്തെടുത്ത ചെറിയൊരു ശില്പവും പുസ്തകംപോലെ മടക്കിവെക്കാവുന്ന ഫ്രെയിമിലാക്കിയ പ്രശസ്തിപത്രവും സമ്മാനത്തുകയുടെ ചെക്കും നടി കുഞ്ഞൗസേപ്പിനു കൈമാറി. സമ്മാനങ്ങള്‍ നല്‍കിയ ശേഷം ഹസ്തദാനം നടത്തണോ എന്നൊരു ശങ്കയില്‍ നടി ഒരു മാത്ര നിന്നുപോയപ്പോള്‍ ഒരടി പിന്നോക്കം മാറിയ കുഞ്ഞൗസേപ്പ് അവരുടെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് നെറ്റി അവരുടെ കാല്‍പ്പാദങ്ങളിലാകുംവിധം ഏതാണ്ടൊരു നിസ്‌കാര നമസ്‌കാരംപോലെ കുനിഞ്ഞു വണങ്ങി. ഇത്തവണ നടിക്ക് അവരുടെ അമ്പരപ്പ് ഒതുക്കിവെക്കാനായില്ല. അവര്‍ കൂവിവിളിക്കുക തന്നെ ചെയ്തു. കരയാതിരിക്കാനായി എന്നുമാത്രം. അമ്പരപ്പിനെ അതിജീവിച്ചതും അവര്‍ വസ്ത്രങ്ങളോ ശരീരമാകെത്തന്നെയോ ഉലയുന്നതു വകവെക്കാതെ വയറില്‍ താങ്ങി കുലുങ്ങിക്കുലുങ്ങി ചിരി തുടങ്ങുകയും ചെയ്തു. ഇപ്പറഞ്ഞ സംഭവങ്ങള്‍ക്കൊക്കെ ശേഷം കുഞ്ഞൗസേപ്പ് മൈക്ക് കയ്യിലെടുത്ത് പ്രസംഗം തുടങ്ങി.

കുഞ്ഞൗസേപ്പിന്റെ പ്രസംഗം

മാന്യമഹാജനങ്ങളേ... എന്നു പറഞ്ഞു കഴിഞ്ഞാല്‍ മാക്കാച്ചിക്കുഞ്ഞുങ്ങളേ എന്നും കൂടി പറയാണ്ടിരിക്കാന്‍ പറ്റിയേലന്നേ! പള്ളിക്കൂടത്തിലൊക്കെ പഠിക്കുമ്പം എപ്പഴും അങ്ങനെ പറഞ്ഞങ്ങ് ശീലിച്ചുപോയതാ. മാക്കാച്ചിക്കുഞ്ഞുങ്ങളേ എന്നു വിളിച്ചത് ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിച്ചേക്കണം കേട്ടോ! ഇഷ്ടപ്പെട്ടെങ്കി ആ ഇഷ്ടം എന്റെ പേരില് വരവു വെച്ചേക്കണേ! എനിക്ക് പ്രതിഭാത്തെളക്കവൊന്നും ഇല്ലന്നേ. എല്ലാം മമ്മീടെ സൂത്രപ്പണിയാന്നേ. മമ്മിയെന്നെ വളത്തി. ഞാന്‍ തന്നത്താനേ വളന്നു. മമ്മിയെന്നെ സ്‌കൂളില് വിട്ടു. ഞാന്‍ സ്‌കൂളില് പഠിച്ചു. മമ്മിയെന്നെ ബിടെക്കിനു വിട്ടു. ഞാന്‍ ബിടെക്ക് പഠിച്ചു. മമ്മിയെന്നോട് ബിസിനസ് ചെയ്യാവെന്നു പറഞ്ഞു. ഞാന്‍ ബിസിനസ് ചെയ്തു. സിംപിളാന്നേ. അത്രേയൊള്ളൂ. 

നമ്മക്ക് ഒരു വിധിയൊണ്ട്. ആ വിധി അനുസരിച്ച് നമ്മള് ചെയ്യണം. അത് നമ്മക്ക് പല ടൈപ്പില് ചെയ്യാം. വിധിയാ വിധിയാന്ന് പറയും. വിധി തന്നെയാ. എന്നാ വിധിയാണോ! അല്ലന്നേ. നമ്മള് ചെയ്യണപോലെയാ. അത്രേയൊള്ളൂ. 

ബി ടെക്ക് കഴിഞ്ഞപ്പം ആദ്യം ഞാന്‍ ചെയ്തത് കോളേജില് പഠിക്കണവന്മാര്‍ക്ക് പ്രോജക്റ്റ് ചെയ്തു കൊടുക്കണയൊരു കണ്‍സള്‍ട്ടന്‍സി തൊടങ്ങലാരുന്നു. ഒരു പ്രോജക്റ്റ് നാലു കോളേജിലൊള്ളവന്മാര്‍ക്ക് കൊടുക്കാമ്പറ്റും. മെക്കാനിക്കലുകാരുടെ പ്രോജക്റ്റിന് ഒരു പ്രോഗ്രാം എഴുതിയണ്ടാക്കിയാ അതുതന്നെ കംപ്യൂട്ടറുകാര്‍ക്കും കൊടുക്കാമ്പറ്റും. ഇലക്ട്രിക്കലുകാര്‍ക്കും ഇലക്ട്രോണിക്‌സുകാര്‍ക്കും ചെറ്യേ വ്യത്യാസം മതി പ്രോജക്റ്റിന്. ഒരു കൊല്ലം എല്ലാം കൂടി ഒരു 1015 പ്രോജക്റ്റ് ഒണ്ടാക്കിയാ ഒരു പത്തെഴുപത്തഞ്ച് പേര്‍ക്ക് കൊടുക്കാം. ഇങ്ങനെ പ്രോജക്റ്റ് ചെയ്യാന്‍ തരുന്നവന്മാരുടെ ആരുടെയെങ്കിലും ഹോസ്റ്റല്‍ റൂമില് താമസിച്ച് ഒരു മൂന്നു മാസം കൊണ്ട് ഞാന്‍ പ്രോജക്റ്റുകള് എല്ലാം തീര്‍ക്കും. നാലു കോളേജിലേക്കായിട്ട് ഒരു കൊല്ലം നൂറ് പ്രോജക്റ്റ് വരെ ചെയ്തട്ടൊണ്ട്. കൃത്യം പൈസാ കിട്ടൂന്നേ. റെക്കോഡൊക്കെ അവമ്മാരെ ഇരുത്തി കൃത്യായിട്ട് എഴുതിക്കും. അവര്‍ക്ക് അതിന്റെ ഗുണം കിട്ടണോന്നൊള്ള ഒരിതിലാ നമ്മള് ചെയ്യണത്. മാര്‍ക്ക് കിട്ടണം. സിംപിളാന്നേ. അത്രേയൊള്ളൂ. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

മൂന്നു കൊല്ലം കൊണ്ട് പ്രോജക്റ്റ് ചെയ്ത് ഞാന്‍ കൊറച്ച് കാശൊണ്ടാക്കി. സ്റ്റാര്‍ട്ടപ്പ് ഇട്ടു. ഇതും അതേപ്പോലെയാന്നേ. ഓരേ കമ്പിനീടെയൊക്കെ പ്രോജക്റ്റ് ഏറ്റെടുത്തേച്ചും ചെയ്തു കൊടുക്കണവന്മാരുടെ അടുക്കേന്ന് സബ്‌കോണ്‍ട്രാക്റ്റ് പിടിച്ചട്ട് ചെയ്യുവാരുന്നെന്നേ. ഒരു ടീമിലൊള്ളവമ്മാര് ചെയ്യണ്ട പ്രോജക്റ്റിന്റെ ഒരു സബ്ബ് എടുത്തട്ട് ഞാനൊരു നാലു പുള്ളേരെ ഇരുത്തി വണ്‍ ടൂ ത്രീ പറഞ്ഞ് ചെയ്യിക്കും. ഞങ്ങള് രാപകലില്ലാണ്ടിരുന്ന് കൊറച്ച് ദിവസം അങ്ങ് പണിയെടുക്കെവെന്നേ. മൂന്നാലു പണി ഒരുമിച്ചങ്ങു ചെയ്യുമ്പം പെട്ടെന്ന് തീരുവെന്നേ. അങ്ങനെ കൊറച്ച് പൈസ കിട്ടിയെന്നേ. അതിന്റെയൊപ്പം നമ്മടെ പാര്‍ക്കിന്റെയകത്ത് ചായേടെ പണീംകൂടി ഞാനെടുത്തു. എടുത്തതല്ലാട്ടോ! കേറിയങ്ങ് ചെയ്തതാ. നാല് പെമ്പുള്ളേരെ വെച്ചു ചായ വിതരണത്തിന്. ഒരു കൊച്ച് ഡെയ്‌ലി 250 ചായ വിക്കണം. കൃത്യം 275 ചായ കൊടുത്തു വിടും. 160 മധുരോം 115 വിത്തൗട്ടും. വിത്തൗട്ടുകാര്‍ക്ക് ഇച്ചിരി അളവു കൂടുതല് കൊടുക്കും. എരുമപ്പാലേ മേടിക്കത്തൊള്ള്. ഒരു വല്യകഷണം ഇഞ്ചി ചതച്ചതും മൂന്നാല് ഏലക്കായും ഇട്ട് ചായ ഒണ്ടാക്കും. രാവിലെ 11 മണിക്കും വൈകിട്ട് മൂന്നരയ്ക്കും ചായപ്പിള്ളേര് എറങ്ങും. കുളിച്ച് ശകലം മെയ്ക്കപ്പ് ഒക്കെ ഇട്ട് കസ്തൂരിയോ ചന്ദനത്തൈലമോ ഇട്ടട്ടേ പുള്ളേര് ചായേം കൊണ്ട് എറങ്ങത്തൊള്ള്. എല്ലാരും യൂണിഫോമില് ആയിരിക്കും. പേരൊള്ള ബാഡ്ജും കുത്തിയേക്കും. മിക്കവരും 275ന്റെ സ്ഥാനത്ത് 280 വരെ വിക്കും. അധികം വിക്കണതിന്റെ കാശ് അവര്‍ക്കെടുക്കാം. എനിക്ക് കൃത്യം 200 ചായേടെ പൈസാ കിട്ടിയാ മതി. ബാക്കി പുള്ളേര്‍ക്ക് എടുക്കാം. അതാണ് അവരുടെ ശമ്പളം. ഞാന്‍ വേറേയൊന്നും കൊടുക്കത്തില്ല. അത് തന്നെ അവര്‍ക്ക് മതിയല്ലോന്നേ! 

ഡെയ്‌ലി 800 ചായ. 8000 രൂപ. എല്ലാം കൂടി എനിക്കൊരു 10001500 രൂപായേ ചെലവ് വരുവൊള്ളെന്നേ. എങ്ങനെയായാലും ഒരു 60006500 രൂപാ മിച്ചം കിട്ടുവെന്നേ. സിംപിളാ. മാസം ഒരു ഒന്നരലക്ഷം രൂപാ ക്ലീനായിട്ട് മിച്ചം കിട്ടി. നാലരക്കൊല്ലം ചായവിറ്റട്ട് ഒരു ഓണം കഴിഞ്ഞപ്പം ഞാന്‍ വിട്ടു. ചായപ്പുള്ളേരുടെ എണ്ണം പത്ത് ആക്കി. ഫുള്ള് അവര്‍ക്ക് തന്നെ കൊടുത്തു. സിംപിളാ. അവര്‍ക്ക് അത്രേം പേര്‍ക്ക് സിസ്റ്റമാറ്റിക്ക് ആയിട്ട് ഒരു വരുമാനോം ചായ വില്‍പ്പനേല് ഒര് ഇന്റര്‍നാഷനല്‍ സ്‌റ്റൈലുവായെന്നേ. സിംപിളാ. അത്രേയൊള്ള്. ചായേടെ പൈസേല് തൊടാതെ നീറ്റായിട്ട് അത് മാറ്റിവെക്കാന്‍ എനിക്ക് പറ്റുവാരുന്ന്. മമ്മി അത് കൃത്യായിട്ട് വേറേ അക്കൗണ്ടില് വരവുവെച്ച് അക്കൗണ്ട് ചെയ്തു. അത്രേയൊള്ള്.

ചായ വിറ്റൊണ്ടാക്കിയ ആ 65 ലക്ഷം രൂപ കൊണ്ടാണ് കപ്പ ഫാക്ടറി തുടങ്ങിയത്. സീസണില്‍ അത്ര ചെറിയ വിലയ്ക്ക് കിട്ടുന്ന കപ്പ അരിഞ്ഞ് ഉണങ്ങി സൂക്ഷിച്ച്, വറുത്ത് സ്‌റ്റൈലായി പായ്ക്ക് ചെയ്ത് നൈട്രജന്‍ പായ്ക്കറ്റിലാക്കി പല ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് കൊടുക്കുകയാണ്. പെപ്പര്‍, ചില്ലി, ലെമണ്‍ ഫ്‌ലേവറിലൊക്കെ കപ്പ വറുത്തത് വില്‍ക്കുന്നുണ്ട്. ശര്‍ക്കര ചേര്‍ത്ത് മധുരക്കപ്പ, ഇഞ്ചീം ചക്കരേം ചേര്‍ത്ത് മരുന്നുകപ്പ ഇങ്ങനെ ചെല സ്‌പെഷ്യല്‍ ഫ്‌ലേവറ് വേറേം കൊറേശ്ശേ എറക്കുന്നൊണ്ട്. നീളന്‍, വട്ടന്‍, ചതുരന്‍, നുറുങ്ങന്‍, കോണന്‍, എന്നിങ്ങനെ പല ടൈപ്പില് കപ്പ കട്ട് ചെയ്യും. സീസണില്‍ വാങ്ങി പ്രോസസ് ചെയ്ത് സൂക്ഷിച്ച് റഗുലറായി മാര്‍ക്കറ്റില്‍ എത്തിക്കണം. അതാന്നേ പ്രധാനം. കപ്പയ്ക്കു തൊട്ടു മുന്‍പ് ചക്ക സീസണ്‍ വരുമ്പോഴും ഇതുപോലെ തന്നെ വാങ്ങി വെക്കുവെന്നേ. എന്നട്ടും വറുത്ത് പായ്ക്കറ്റിലാക്കി സൂക്ഷിച്ച് എല്ലാ ദിവസവും മാര്‍ക്കറ്റില്‍ റഗുലറായി എത്തിക്കും. സ്വന്തമായിട്ട് ഒരു കിടിലന്‍ വെയര്‍ഹൗസ് ഒണ്ടാക്കിയന്നേ. അതാന്നേ ഏറ്റോം വെല്യേ ഇന്‍വെസ്റ്റ്‌മെന്റ്. 10 ടണ്‍ സാധനങ്ങള്‍ വരെ എയര്‍ ടൈറ്റ് ആയിട്ട് സൂക്ഷിക്കാന്‍ പറ്റുന്ന ഇത്രേം നല്ല വെയര്‍ഹൗസ് ഇന്ത്യേ തന്നെയില്ല. അതാന്നേ കാര്യം. അത്രേയൊള്ളൂ. 

നാലഞ്ചേക്കര്‍ സ്ഥലവൊണ്ടന്നേ. സ്ഥലവൊക്കെ മമ്മീടെയാന്നേ. വെയര്‍ഹൗസ് ഭൂമിക്കടീലാ. അതിന്റെ ചുറ്റും വാഴത്തോട്ടമാന്നേ. എല്ലാ ദിവസവും വാഴ നടും. എല്ലാ ദിവസവും വാഴക്കുല വെട്ടും. വില ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് നെറയെ കുല വാങ്ങുവെന്നേ. ചിപ്‌സ് ആക്കി സൂക്ഷിക്കും. അല്ലാത്ത സമയത്ത് റഗുലറായി നമ്മുടെ വാഴക്കുലകള്‍ ചിപ്‌സ് ആക്കുവെന്നേ. അത്രേയൊള്ളൂ.

കുറച്ചധികം പശുവുണ്ട്. പശുവിന് എന്നും വാഴത്തടയും മറ്റും കൊടുക്കുവെന്നേ. കുറച്ച് പാടമുണ്ട്. നെല്ല് മിക്കവാറും അവലാക്കും. അവലുണ്ടയും അവലോസുണ്ടയും വിക്കുവെന്നേ. കുറച്ച് അരിയാക്കി ദോശമാവും ഇഡ്‌ലിമാവുമാക്കി സ്‌പെഷല്‍ ബ്രാന്‍ഡില്‍ വില്‍ക്കുന്നുണ്ട്. ജൈവ ഐറ്റമാന്നേ. പക്കാ ജൈവം. സ്‌പെഷ്യല്‍ ഐറ്റമാന്നേ. അത്രേം ക്ലീന്‍ ഐറ്റം. ആ വിലയ്ക്കാന്നേ വില്‍ക്കുന്നതും. അത്രേയൊള്ളൂ. ഗോമൂത്രം കുപ്പിയിലാക്കി വില്‍ക്കുന്നുണ്ട്. ചാണകം ഉണക്കിപ്പൊടിച്ച് പായ്ക്ക് ചെയ്ത് വില്‍ക്കുന്നുണ്ട്. പാല്‍ മാത്രമാണെന്നേ വാല്യൂ ആഡഡ് ആക്കാതെ വില്‍ക്കുന്നത്. മോരുകാച്ചിയത് വില്‍ക്കുന്നുണ്ട്. അതും രണ്ടു മൂന്ന് ബ്രാന്‍ഡ് കമ്പനികള്‍ക്കാ കൊടുക്കുന്നത്. വിറ്റ് ലാഭം എടുക്കുന്നത് അവരാന്നേ. പല ബ്രാന്‍ഡ് കമ്പനികള്‍ക്കും നെയ്യ് ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. പച്ചപ്പാല്‍ ഉറയൊഴിച്ച് മോരുണ്ടാക്കി കാച്ചുന്നതാ ടെയ്സ്റ്റ്. കാച്ചിയ പാലിന്റെ മോരിന് അത്രേം ടെയ്സ്റ്റ് കിട്ടത്തില്ലന്നേ. മറ്റു പല പല കമ്പനികള്‍ക്ക് സാധനങ്ങള്‍ വിറ്റ് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാന്നേ നമ്മള്‍ ചെയ്യുന്നത്. അത്രേയുള്ളൂ.

ഇന്‍ഡസ്ട്രിയല്‍ പ്രോഡക്റ്റുകള്‍ ഒന്നും ഉണ്ടാക്കുന്നില്ല. സ്വന്തമായി ഒരു ബ്രാന്‍ഡ് പോലുമില്ലെന്നേ. വില്‍ക്കുന്നവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കും. അതു മാത്രവാന്നേ. അതുകൊണ്ട് മാര്‍ക്കറ്റിന്റെ കാര്യത്തില്‍ നമുക്ക് ടെന്‍ഷനില്ല. പല ബ്രാന്‍ഡുകാര്‍ക്ക് കൊടുക്കുന്നതുകൊണ്ട് ഒരാള്‍ക്ക് വില്‍പ്പന കുറയുന്നതും കൂടുന്നതുമൊന്നും നമ്മളെ ബാധിക്കാറില്ലെന്നേ. അത്രേയൊള്ളൂ. 

ഇത്രേയൊള്ളൂ എനിക്ക് എന്നെക്കുറിച്ച് പറയാന്‍. എനിക്ക് കമ്പിനി പൊളിഞ്ഞാലുവൊന്നും പ്രശ്‌നമില്ലെന്നേ. പൊളിയൂന്ന് തോന്നിയാ കമ്പിനി പൂട്ടിക്കളയും. എന്റെ സ്റ്റാഫൊക്കെ ജോലിയും ശമ്പളവും ആവശ്യമുള്ളവരാന്നേ. വീടില്ലാത്തവര്‍ക്കേ ജോലി കൊടുത്തട്ടൊള്ളൂ. ജോലിക്കെടുക്കാനൊള്ള ഒരു െ്രെകറ്റീരിയ അതാന്നേ. നല്ല വീടില്ലാത്തവര്‍ക്ക് മാത്രം ജോലി. എല്ലാവര്‍ക്കും വീടു പണിയാന്‍ പലിശയില്ലാ വായ്പ കൊടുക്കുന്നുണ്ട്. എല്ലാവര്‍ക്കും ഇലക്ട്രിക്ക് സ്‌കൂട്ടറ് കൊടുക്കുന്നുണ്ട്. ദിവസവും രാവിലെ ജോലി തുടങ്ങും മുന്‍പ് അസംബ്ലിയുണ്ട്. അസംബ്ലിയില്‍ എല്ലാ ദിവസവും ഓരോരുത്തര് ക്ലാസ്സെടുക്കും. എന്നാ ക്ലാസ്സ് വേണേലും എടുക്കാന്നേ. എല്ലാര്‍ക്കും മറ്റുള്ളോരെ പഠിപ്പിക്കാനും ഉപദേശിക്കാനും ഇഷ്ടവാന്നേ. അതിനു പറ്റിയാ സന്തോഷമാകും. അത്രേയൊള്ളൂ. 

എനിക്ക് പ്രതിഭാത്തെളക്കവൊന്നും ഇല്ലന്നേ. സൂത്രപ്പണികളേ ഒള്ളൂ. ഞങ്ങള് പുതിയതായിട്ടും ഒന്നും ഒണ്ടാക്കീട്ടില്ല. ഞങ്ങടേതായിട്ട് ഒന്നും വിക്കുന്നുവില്ല. എളുപ്പത്തിലെളുപ്പത്തില്‍ പറ്റണ കൊറച്ച് പണി എടുക്കണതേയൊള്ള്. സൂത്രപ്പണികള്‍ കൊണ്ട് കാശ് ഒണ്ടാക്കണതേയൊള്ളെന്നേ. ഞാന്‍ ഒരു കൃത്യം സാലറി കണക്കാക്കീട്ടൊണ്ട്. അതേ എടുക്കണൊള്ള്. സ്റ്റാഫിനും എനിക്കും ഒക്കെ ഒരു പെന്‍ഷന്‍ സ്‌കീമൊണ്ട്. പുതിയ ഇന്‍വെസ്റ്റ്‌മെന്റ്‌സിന് ചെറിയൊരു തുക മാറ്റിവെക്കുന്നുണ്ടെന്നേ. ബാക്കി അപ്പിടി ബോണസായിട്ട് എല്ലാര്‍ക്കും വീതിക്കും. അത്രേയൊള്ളൂ.

സത്യം പറഞ്ഞാ എന്നെക്കുറിച്ച് എനിക്ക് പറയാനൊന്നും ഇല്ലാന്നൊള്ളതാ. കുഞ്ഞിത്തമാശകളേ ഞാന്‍ ചെയ്യുന്നൊള്ളെന്നേ. നല്ലതാണേലും ചീത്തയാണേലും ചെയ്യുകാന്നൊള്ളതാ. ചെയ്യാവോ ചെയ്യാമ്പാടില്ലേന്നോന്നും ഞാന്‍ ഓര്‍ക്കാറില്ലെന്നേ. ചെയ്യും. അത്രേയൊള്ളൂ. 

എന്നതാണേലും ഒരെടത്തൂന്ന് തൊടങ്ങിയാ പരമാവധി പോകാവുന്നേടത്തോളം പോണം. നെല്ല് കൃഷി ചെയ്താ നെല്ലായിട്ട് വിക്കാം. വിക്കരുത്. അത് അരിയാക്കാല്ലോ. അരിയാക്കിയാ പിന്നെ പൊടിയാക്കാല്ലോ. പൊടിയാക്കിയാലും വിക്കരുത്. അവലോസാക്കാല്ലോ. അതു പിന്നെ ഉരുട്ടി ഉണ്ടയാക്കാവല്ലോ. പിന്നെ പറ്റണത് തിന്നലല്ലേ. അതിനു തൊട്ടു മുന്‍പു വരെ എത്തിച്ചട്ടേ വിടാവൊള്ള്. അതാ ഞങ്ങള് ചെയ്യണതെന്നേ. അത്രേയൊള്ളൂ.

എന്നെക്കുറിച്ച് എന്നേക്കാലും കാര്യങ്ങള് അറിയാവുന്നത് മമ്മിക്കാന്നേ. നല്ല നല്ല കാര്യങ്ങള് മമ്മി പറയും. 

എനിക്ക് പറയാന്‍ അത്രേയൊള്ളൂ.

നന്ദി. നമസ്‌കാരം.

അത്രേയൊള്ളൂ.

കുഞ്ഞൗസേപ്പിന്റെ അമ്മയുടെ പ്രസംഗം

ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍... ഐം മഹാലക്ഷ്മി ലക്ഷ്മിസദനം. ആം സോ ഹാപ്പി ടു ബി ഹിയര്‍ വിത് മൈ ഡീയര്‍ സണ്‍ കുഞ്ഞൗ. ഞാന്‍ അവനെ കുഞ്ഞൗ എന്നാണ് വിളിക്കാറുള്ളത്. അവന്റെ സ്റ്റാഫ് എല്ലാവരും വിളിക്കുന്നതും കുഞ്ഞൗ എന്നാണ്. ഫസ്റ്റ് ഓഫ് ഓള്‍ എനിക്ക് ഒരു കാര്യം റിവീല് ചെയ്യാനൊള്ളത് കുഞ്ഞൗ എന്റെ മകനല്ല എന്നുള്ളതാണ്. ആം നോട്ട് ഹിസ് ബയോളിക്കല്‍ മദര്‍. യെസ് ഐ കാന്‍ സ്പീക്ക് മലയാളം വെരി വെല്‍. ഷാല്‍ െ്രെട ടു സ്റ്റിക്ക് ഓണ്‍ മലയാളം. 

കുഞ്ഞൗവിന്റെ സ്‌കൂള്‍ കാലത്ത് കുറേ നാള് ഞങ്ങള് ഓസ്‌ട്രേലിയയില്‍ ആയിരുന്നു. അതാണ് അവന് മലയാളം മോഡസ്റ്റായിട്ട് പറയാന്‍ പറ്റാത്തത്. പറഞ്ഞു തുടങ്ങുന്ന കാലം മുതല്‍ 16 വയസ്സു വരെ കുഞ്ഞൗവും ഞാനും ഓസ്‌ട്രേലിയയില്‍ ആയിരുന്നു. അവിടെ വെച്ച് ഞങ്ങള്‍ വളരെ റെയര്‍ ആയിട്ടേ മലയാളം പറഞ്ഞിരുന്നുള്ളൂ. 

ഞാന്‍ വിവാഹം കഴിഞ്ഞ് ഹസ്ബന്‍ഡിന്റെ കൂടെ നേരേ ഓസ്‌ട്രേലിയയിലേക്ക് പോയതാണ്. അവിടെ എനിക്ക് ചെറിയൊരു സ്‌റ്റോറില്‍ ഫ്‌ലോര്‍ മാനേജറുടെ ജോലിയായിരുന്നു. ഹസ്ബന്‍ഡ് ഫിസിയോതെറാപ്പിസ്റ്റായിരുന്നു. അവിടെ ഫൈവ് ഈയേഴ്‌സ് കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. ഇവിടെ വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിവോഴ്‌സായി. ഹസ്ബന്‍ഡിന് വേഗം ഡിവോഴ്‌സ് വേണമായിരുന്നു. ഹി മൂവ്ഡ് ടു സ്‌റ്റേറ്റ്‌സ് വിത് ഹിസ് ഫിയാന്‍സീ. അതു കൊണ്ട് എനിക്ക് അത്യാവശ്യം ക്യാഷ് കിട്ടി. ഇവിടെ ഏറ്റോം റിമോട്ട് ആയ ഒരു വില്ലേജില്‍ വന്നു കുറച്ചു സ്ഥലം വാങ്ങി. കൃഷി മാത്രം ചെയ്ത് ഒരു ഫ്യൂഡല്‍ ലൈഫിനുവേണ്ടിയാണ് ഞാന്‍ നോക്കിയത്. ഫ്യൂഡല്‍ ലൈഫ്... ഐ ലൈക് വെരിമച്ച്. വീടുവെച്ചു കഴിഞ്ഞപ്പോള്‍ സെര്‍വന്റ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സിംഗിള്‍ മദറിന് അഡോപ്റ്റ് ചെയ്യാന്‍ എളുപ്പമായിരുന്നില്ല. അതോടെ വാശിയായി. കോര്‍ട്ട് ഓര്‍ഡര്‍ നേടിയാണ് അഡോപ്റ്റ് ചെയ്തത്. കുഞ്ഞൗവിന് 18 വയസ്സ് വരെ ജീവിക്കാനുള്ള പണം അവന്റെ പേരില്‍ തന്നെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ട്, അഡോപ്ഷന്‍ സെന്റര്‍ നടത്തിയിരുന്ന കന്യാസ്ത്രീ സമൂഹത്തിന്റെ പ്രത്യേക ഗാരന്റി കോര്‍ട്ടില്‍ സബ്മിറ്റ് ചെയ്തിട്ടാണ് അഡോപ്ഷന് അനുമതി കിട്ടിയത്. നിരവധി അഡോപ്ഷന്‍ നടക്കുന്ന സെന്ററായിരുന്നു അത്. എന്നാല്‍, നല്ല എണ്ണക്കറുമ്പനും കുറുക്കന്റെ കൂര്‍മ്പന്‍ മുഖമുള്ളവനും എലിക്കുഞ്ഞിനെപ്പോലെ ഇരുന്നവനുമായ ആ കുഞ്ഞിനെ എല്ലാവരും തിരിഞ്ഞ് മാറ്റുകയായിരുന്നു. ശരിക്കും ഒരു തിരിവു കുഞ്ഞ്. എനിക്ക് പക്ഷേ, അവന്‍ യേശുവായിരുന്നു. ചിരിക്കുന്ന കറുമ്പന്‍ യേശുക്കുഞ്ഞ്. യേശുക്കുറുക്കന്‍ കുഞ്ഞ്. ഉണ്ണിക്കുറുക്കനേശു എന്നു ഞാന്‍ അവനെ വിളിക്കുമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ സ്‌നേഹാഭയമാണ് യേശു. തോറ്റുപോവുകയും കൊല്ലപ്പെടുകയും ചെയ്ത ദൈവം. അങ്ങനെയൊരു ദൈവത്തെ ഇമാജിന്‍ ചെയ്യാന്‍പോലും എനിക്കു പറ്റില്ലായിരുന്നു. എല്ലാവരെയും ഡിഫീറ്റ് ചെയ്യുന്ന ദൈവങ്ങളെയേ എനിക്കു പരിചയമുണ്ടായിരുന്നുള്ളൂ. 

സ്‌കൂളില്‍ എന്നെ ഹിസ്റ്ററി പഠിപ്പിച്ച പ്യൂള സിസ്റ്റര്‍ പറഞ്ഞിട്ടാണ് ഞാന്‍ യേശുവിനെ പരിചയപ്പെടുന്നത്. അവന്‍ എല്ലാ സ്ത്രീയുടേയും പ്രിയനും എല്ലാ സ്ത്രീയുടേയും നാഥനും എല്ലാ സ്ത്രീയുടേയും പുത്രനും എല്ലാ സ്ത്രീയുടേയും പിതാവുമാണ് എന്ന് പ്യൂള സിസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു. എല്ലാവര്‍ക്കും വേണ്ടി തോല്‍ക്കുന്നവനും. അച്ഛനോടും മകനോടും കാമുകനോടുമുള്ള ഇഷ്ടങ്ങള്‍ ഒരുമിച്ച് ചാലിച്ചു ചേര്‍ക്കാന്‍ പറ്റുന്നതെങ്ങനെ എന്ന് എനിക്ക് അതിശയമായിരുന്നു. എന്നാല്‍, ഒരു പെണ്ണിന് അത് സിംപിളാണ്. കുഞ്ഞൗ എന്നെയത് ബോധ്യപ്പെടുത്തി. ഹി ഇസ് മൈ സണ്‍. ഹി ഇസ് ലൈക് മൈ ഫാദര്‍. ഹി ഈസ് മൈ ഡാര്‍ലിങ്. ജോസഫിന്റെ നാമത്തിലുള്ള ആ സ്ഥാപനത്തില്‍നിന്നു ഞാന്‍ ആ കുഞ്ഞു കറുമ്പനെ കൂടെ കൂട്ടി. എന്റെ യേശുവായിട്ട്. സിസ്റ്റര്‍ പ്യൂള യേശുവിനെ പ്രണയിക്കുംപോലെ എനിക്കു പ്രണയിക്കാന്‍ കിട്ടിയത് ആ കറുമ്പന്‍ കുഞ്ഞിനെയായിരുന്നു. പ്യൂള എന്നാല്‍ മധുരഹൃദയ എന്നാണ്. അത്രമേല്‍ മാധുര്യത്തോടെയാണ് സിസ്റ്റര്‍ പ്യൂള ഞങ്ങളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്. അത്രമേല്‍ ഹൃദയമധുരമിയോടെയാണ് സിസ്റ്റര്‍ പ്യൂള ഞങ്ങള്‍ പെണ്‍കുട്ടികളെ പ്രണയിച്ചത്. 

സിസ്റ്ററോടുള്ള പ്രണയത്തിന്റെ കടം ഹസ്ബന്റിന്റെ അടുത്ത് വീട്ടാന്‍ ഞാന്‍ ശ്രമിച്ചിരുന്നതാണ്. അയാള്‍ക്കു വേണ്ടിയിരുന്നതും പ്രണയമായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രണയങ്ങള്‍ പാരലലായി അങ്ങൊഴുകിപ്പോയി. രണ്ട് കൊടും പ്രണയദാഹികള്‍ പ്രണയദാരിദ്ര്യം കൊണ്ടാണ് വേര്‍പിരിഞ്ഞത്. ഞങ്ങള്‍ രണ്ടു പേര്‍ക്കും അറിയാമായിരുന്നു, ഞങ്ങളുടെ പക്കല്‍ ഇഷ്ടംപോലെ സ്‌നേഹക്കൊതിയുണ്ടെന്ന്. പക്ഷേ, ഈ സ്‌നേഹം ചുമ്മാ എവിടെയെങ്കിലും എടുത്തങ്ങ് അപ്ലൈ ചെയ്യാന്‍ പറ്റില്ല. അതിനു പറ്റിയ പറ്റിയ ഇടങ്ങളിലേക്കേ അത് ഒഴുകുകയുള്ളൂ. നല്ല പാങ്ങിനു വരുന്ന സ്‌നേഹമേ നമുക്കു റിസീവ് ചെയ്യാന്‍ പറ്റുകയുള്ളൂ. സ്‌നേഹം എന്നത് റിയലി സംതിങ് സ്‌പെഷ്യലാണ്. എവിടുന്നെങ്കിലും കിട്ടിയാല്‍ പോരാ. എങ്ങോട്ടെങ്കിലും കൊടുക്കാന്‍ വയ്യാ. ഹസ്ബന്‍ഡിനു ഫുള്ളായിട്ട് എന്‍ഗേജ് ചെയ്യാന്‍ പറ്റുന്ന സ്‌നേഹം കിട്ടിയപ്പോള്‍ വേഗം അങ്ങോട്ടു ചെന്നു കൂടാന്‍ വേണ്ടിയാണ് ഇഷ്ടംപോലെ കോംപന്‍സേഷന്‍ തന്ന് എന്നെ ഒഴിവാക്കിയത്. ആ സ്‌നേഹത്തിനുവേണ്ടി ലൈഫ് ഫ്രീയാക്കിക്കൊടുത്തതിനു കിട്ടിയ കോംപന്‍സേഷനിലാണ് ഞാനും കുഞ്ഞൗവും ഞങ്ങളുടെ ലോകം ബില്‍ഡ് അപ് ചെയ്തത്. 

ഏറ്റോം റിമോട്ട് ആയ ഒരു കുന്നിനുമുകളില്‍ ഞാന്‍ കുറേ സ്ഥലം വാങ്ങി. കിച്ചനും ഹാളും ബെഡ്‌റൂമും എല്ലാം ഒരൊറ്റ വലിയ മുറിയിലായിരിക്കുന്ന തരത്തില്‍ കൂടാരംപോലെ ഒരു പ്രാന്തിവീട് പണിതുണ്ടാക്കി. ആ വീടിന്റെ പേരാണ് ലക്ഷ്മിസദനം. പ്രാന്തിയുടേത് എന്ന അര്‍ത്ഥത്തില്‍ 'ലെ പ്രാന്‍തിസ്' എന്ന പേരാണ് വീട്ടുചുമരില്‍ ഞാന്‍ പതിപ്പിച്ചത്. പക്ഷേ, കുഞ്ഞൗവിനെ അഡോപ്റ്റ് ചെയ്യാനുള്ള കേസ് നടക്കുന്ന സമയമായിരുന്നു അത്. പ്രാന്തി വീടെന്നൊക്കെ പേരിട്ടാല്‍ അങ്ങോട്ട് അഡോപ്റ്റ് ചെയ്യാനൊന്നും കോടതി സമ്മതിക്കില്ലെന്ന് വക്കീലത്തി പറഞ്ഞു. കോടതിക്കാരുടെ ആശ്വാസത്തിനു പ്രശ്‌നമൊന്നും വേണ്ടെന്നു കരുതിയാണ് റെക്കോഡുകളില്‍ വീട്ടുപേര് ലക്ഷ്മിസദനം എന്നാക്കിയത്. അങ്ങനെയൊരു വീട്ടുപേര് കേട്ടാല്‍ത്തന്നെ അഡോപ്ഷന്‍ അലൗ ചെയ്യാന്‍ കോടതിക്ക് തോന്നും. എന്റെ അച്ഛന്‍ വലിയ വാശിക്കാരനായിരുന്നു. അവരുടെ കാലത്ത് ഞങ്ങളുടെ കാസ്റ്റില്‍ മഹാലക്ഷ്മി എന്നൊക്കെയുള്ള പേരുകള്‍ ഇടാന്‍ പാടില്ലായിരുന്നു. അച്ഛന്റെ വാശിക്ക് എന്റെ തലയില്‍ ഇട്ട ആ പേര് എനിക്ക് വലിയ ഭാരമായിരുന്നു പലപ്പോഴും. ആ ഭാരം ഒരു ശീലമായത് ഓര്‍ത്തിട്ടാണ് ഞാന്‍ പണിത വീടിന് ലക്ഷ്മിസദനം എന്നു പേരിട്ടത്. വീട്ടുചുമരില്‍ ഇപ്പോഴും പേര് പ്രാന്തി വീട് എന്നു തന്നെയാണ്  ലെ പ്രാന്‍തിസ്. ജോസഫിന്റെ പേരിലുള്ള ആ സ്ഥാപനത്തില്‍നിന്ന് എടുത്ത കുഞ്ഞിനെ ഞാന്‍ യേശുവായിട്ടാണ് കണ്ടത്. ജോസഫിന്റെ ഒരു നാടന്‍ കുഞ്ഞ് കുഞ്ഞൗസേപ്പ്. അവനെ അഡോപ്റ്റ് ചെയ്ത് അധികം വൈകാതെ എനിക്ക് വീണ്ടും ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ പറ്റി. 

ആ പ്രാന്തിവീട്ടിലാണ് ഇപ്പോ കുഞ്ഞൗ കഴിയുന്നത്. ഞാന്‍ ഇപ്പോള്‍ അതിനടുത്ത് വേറൊരു ചെറുവീട് വെച്ചിട്ടുണ്ട്. ആദ്യം അവിടെ പ്രാന്തിവീട് വെച്ചുകഴിഞ്ഞ് താമസം തുടങ്ങിയതും നാടുവിട്ട് പോകണമെന്ന് തോന്നി. ഭാഗ്യത്തിനു വീണ്ടും ഓസ്‌ട്രേലിയക്ക് പോകാന്‍ പറ്റി. അവിടേയും ഒരു ചെറിയ ഫാമും വീടും കൂടി തരപ്പെടുത്താന്‍ പറ്റി. ജോലിക്കൊപ്പം കൃഷിയും ചെയ്തു. കുഞ്ഞൗവും ഞാനും കൂടി അവിടെ എല്ലാ ആഴ്ചയും വാഴവെക്കുമായിരുന്നു. ഞായറാഴ്ചകള്‍ ഞങ്ങളുടെ വാഴയാഴ്ചകളായിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മുതല്‍ എല്ലാ വാഴയാഴ്ചകളിലും ഞങ്ങള്‍ വാഴ വെക്കുകയും വാഴക്കുലകള്‍ വെട്ടുകയും ചെയ്തു. ചുണ്ട്, പിണ്ടി, കായ, പഴം എല്ലാം ഞങ്ങള്‍ പരമാവധി കഴിച്ചു. കുഞ്ഞൗവിന്റെ ഈ മെലിച്ചിലും എന്റെയീ തടിയും വാഴക്കുരുട്ടും വാഴത്തടിയുമാണ്. 

അവിടത്തെ വീടിനു ഞങ്ങള്‍ ബനാനാ റിപ്പബ്ലിക്ക് എന്നാണ് പേരിട്ടത്. കുഞ്ഞൗവിനെ വളരെ ചെറുപ്പം മുതലേ ഞാന്‍ കറുമ്പനെന്നും കുറുക്കമുഖനെന്നും കുറുക്കന്‍ കുഞ്ഞെന്നും എലിക്കുഞ്ഞെന്നുമൊക്കെയാണ് വിളിച്ചിരുന്നത്. ഇടയ്‌ക്കെപ്പൊഴോ അവന് ആ പേരുകളോട് ദേഷ്യമായി. അതോടെ ഞാന്‍ എല്ലാവരോടും അവനെ അങ്ങനെ വിളിക്കാന്‍ പറഞ്ഞു. അവന്‍ സ്വയം അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് ആ വിളിയിലുള്ള ഇന്ററസ്റ്റ് തീര്‍ന്നു. നാട്ടിലേക്കു പോരണം എന്ന് അന്നു കരുതിയിരുന്നില്ല. അവന്‍ പ്ലസ് ടൂ കഴിഞ്ഞതോടെ പക്ഷേ, ഞങ്ങള്‍ നാട്ടിലേക്ക് പോന്നു. ഐ ഡോണ്‍ട് നോ വൈ... ഒട്ടും നൊസ്റ്റാള്‍ജിക്ക് അല്ലാതിരുന്നിട്ടും നാട്ടിലേക്ക് ഞങ്ങള്‍ക്കു പോരേണ്ടിവന്നു. വണ്‍ തിങ് ഐ തിങ്ക്... അവിടെ സാധാരണ ജീവിതത്തിനു മാത്രം പറ്റുമായിരുന്ന കാശുകൊണ്ട് ഇവിടെ ക്യൂന്‍ ആയിട്ട് കഴിയാം എന്നതായിരിക്കും. ഐ ലൈക് ടു ലിവ് ലൈക് എ ക്യൂന്‍. യെസ് എ ക്യൂന്‍ വിതൗട്ട് ഇവന്‍ ദ ഷാഡോ ഓഫ് എ കിങ്. 

കുഞ്ഞൗവിനോട് അതിനാല്‍, ഒരു പ്രിന്‍സ് ആവാന്‍ നോക്കുകയേ അരുതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഹി ഈസ് ലൈക് എ മൗസ്. അവന് ഒരു ചുണ്ടെലിയുടെ വിരുതാണ്. എവിടെയും നൂണ്ടുകയറും. ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല. 

നാട്ടില്‍ വന്നപ്പോള്‍ വീടിന്റെ പഴയ പേര് മാറ്റി ബനാനാ റിപ്പബ്ലിക്ക് എന്നാക്കിയാലോ എന്നോര്‍ത്തതാണ്. പക്ഷേ, ആ പേരിട്ടില്ല. നമുക്ക് ഇല്ലാത്തതിനെക്കുറിച്ചല്ലേ നമ്മള്‍ എപ്പോഴും ആശിച്ചും മോഹിച്ചും കഴിയുകയുള്ളൂ. കുഞ്ഞൗ ഇവിടെ വന്നപ്പോള്‍ ബി ടെക്കിനു തന്നെ ചേര്‍ത്തത് അവനെ തിരികെ ഓസ്‌ട്രേലിയയിലേക്ക് വിടാം എന്നു കരുതിയിട്ടാണ്. എന്നിട്ട് എനിക്ക് ലെ പ്രാന്‍തിസില്‍ മൂന്നുനാലു പണിക്കാരെയൊക്കെ നിര്‍ത്തി മഹാലക്ഷ്മിയെപ്പോലെ കഴിയണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവന്‍ പോയില്ല. എണ്ണക്കറുപ്പുള്ള കുഞ്ഞൗവിന്റെ കുറുക്കന്‍ മുഖത്തോട് വല്ലാതെ അട്രാക്റ്റഡ് ആയ നാലഞ്ചു കൂട്ടുകാരികള്‍ അവനുണ്ടായിരുന്നു. ഈ പ്രായത്തില്‍ ഫ്രീ ആയ, ഹെല്‍ത്തി ആയ ക്രോസ് ജെന്‍ഡര്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാകുന്നത് കുട്ടികള്‍ക്ക് ഒരാവശ്യമാണല്ലോ. 

ഐ നോ ദാറ്റ്, ഞങ്ങളെക്കുറിച്ച് പലരും പലതും പറയാറുണ്ട്. ബട്ട് വി ഡോണ്‍ട് മൈന്‍ഡ് സച്ച് നൂയിസന്‍സ്. വെയറെവര്‍ ആയിക്കോട്ടെ ഒരു ഹ്യൂമന്‍ ബീയിങ് അല്ലെങ്കില്‍ എ ഗ്രൂപ്പ് ഓഫ് പീപ്പിള്‍ ലിവ് എ ലൈഫ് ഓഫ് ദെയര്‍ ഓണ്‍ ആണെങ്കില്‍ അവിടെ ഒരു സ്‌റ്റേറ്റിനും ഒരു സൊസൈറ്റിക്കും ഒരു  റെലവന്‍സുമില്ല.കുഞ്ഞൗവിന് ഒരുപാട് പ്രോഡക്റ്റ്‌സ് ഉണ്ട്. ബട്ട്, മാര്‍ക്കറ്റിങ്ങ് ഇല്ലേയില്ല. ഒരു ബ്രാന്‍ഡ് നെയിം ഇല്ല. ഒണ്‍ലി പ്രൊഡക്ഷന്‍. കുഞ്ഞൗവിന്റെ പ്രോഡക്റ്റ്‌സ് വിറ്റ് ആര് എന്തു ലാഭമുണ്ടാക്കുന്നു എന്നത് അവന്‍ ആലോചിക്കാറേയില്ല. പ്രൊഡക്ഷന് കൃത്യം എമൗണ്ട് പ്രോഫിറ്റും െ്രെപസും കിട്ടണം. മാര്‍ക്കറ്റിലെ െ്രെപസ് കൂട്ടുന്നതും കുറയ്ക്കുന്നതും വില്‍ക്കുന്നവരാണ്. കുഞ്ഞൗവിന്റെ പ്രോഫിറ്റ് വല്ലാതെ കൂടില്ല. വല്ലാതെ കുറയില്ല. ഇറ്റ് ഈസ് എ സ്‌ട്രെയ്റ്റ് പാത്. ഒരുവിധം ആളുകളൊക്കെ ആഗ്രഹിക്കുന്നത് അങ്ങനെയൊരു സ്‌ട്രെയിറ്റ് പാത് ആയിട്ടുള്ള ലൈഫല്ല. എല്ലാവരും വെയിറ്റിങ് ഫോര്‍ ഒരു വലിയ അത്ഭുതം. എന്നാല്‍, വളരെ വളരെക്കുറച്ച് പേര്‍ക്കേ അങ്ങനെ മിറക്കിള്‍സ് ലൈഫില്‍ ഉണ്ടാകുന്നുള്ളൂ. എപ്പഴും ലോട്ടറി എടുത്ത് റിസള്‍ട്ട് നോക്കി നോക്കിയിരിക്കുന്നവര്‍ക്ക് ഒരു ലോട്ടറി അടിച്ചാലും അതൊരു മിറക്കിള്‍ അല്ലല്ലോ. ജസ്റ്റ് സംതിങ് എക്‌സ്‌പെക്റ്റഡ്. മിക്കവാറും ആളുകള്‍ക്കും ലൈഫ് ജസ്റ്റ് ഒരു ഫ്‌ലോ മാത്രം. അങ്ങനെ വന്നു... ഇങ്ങനെ പോയി. ദാ തീരാറായി... അത്രതന്നെ. തീരാറായി എന്ന തോന്നലുണ്ടാകുന്നതോടെ തീര്‍ന്നു. കഴിഞ്ഞു. 

ഇപ്പോള്‍ ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപ അവനു ലാഭമുണ്ടാകുന്നത് വലിയ തൊന്തരവാണ്. ഒരു മിനിമം മാത്രം സേവ് ചെയ്ത് ബാക്കി ചെലവാക്കി തീര്‍ക്കണം എന്നതാണ് കുഞ്ഞൗവിന്റെ പോളിസി. സ്റ്റാഫിനു കുറച്ചു ശമ്പളമേ കൊടുക്കുന്നുള്ളൂ കുഞ്ഞൗ. ബട്ട് നെറ്റ് പ്രോഫിറ്റിന്റെ 60 പെര്‍സെന്റ് ബോണസായി കൊടുക്കും. നെറ്റ് സാലറിയെക്കാള്‍ കൂടുതല്‍ ബോണസ് കിട്ടും. കുഞ്ഞൗവിന്റെ 70ാം ബര്‍ത്ത്‌ഡേയ്ക്ക് എല്ലാം ഷട്ട് ഡൗണ്‍ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. സ്റ്റാഫിന് താല്പര്യംപോലെ തുടരാനായി എല്ലാം വിട്ടുകൊടുക്കുമെന്ന് പറയുന്നു. എനിക്ക് സെഞ്ച്വറി വരെ പോകണം. അതിനുള്ളത് കുഞ്ഞൗ സെറ്റ് ചെയ്ത് തരുമെന്ന് എഗ്രിമെന്റ് ഉണ്ട്. കുഞ്ഞൗവിന്റെ ലൈഫ് കഴിഞ്ഞാല്‍ ഇതു തുടരാന്‍ പാടില്ല എന്നാണ് അവന്‍ പറയുന്നത്. അവന്റെ മമ്മി ഒരു കുറുക്കന്‍ കുഞ്ഞിനെ അഡോപ്റ്റ് ചെയ്തതുപോലെ അവനോട് ഒരു കീരിക്കുഞ്ഞിനേയോ അണ്ണാന്‍ കുഞ്ഞിനേയോ അഡോപ്റ്റ് ചെയ്യാന്‍ പറഞ്ഞു തുടങ്ങിയിട്ട് കുറേ ആയി. ബട്ട് ഹി ഡോണ്‍ട് ലൈക് സച്ച് നൂയിസന്‍സസ്. അവന്റെ സെവന്റീത് ബര്‍ത്ത്‌ഡേയ്ക്ക എല്ലാം ക്ലോസ് ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവന്റെ സെവന്റീത് ബര്‍ത്ത്‌ഡേയുടെ അന്നാണ് എന്റെ 101ാം പിറന്നാള്‍. അന്ന് ഒരു കുഞ്ഞു ലോകാവസാനമായിരിക്കും. 

കുഞ്ഞൗ എപ്പോഴും പറയാറുള്ളപോലെ അത്രേയുള്ളൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com