'ആദിമരാത്രി'- സജിനി എസ് എഴുതിയ കഥ

'രണ്ടു സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ കൂട്ടിമുട്ടി നക്ഷത്രമുണ്ടാകുന്ന രാത്രി അല്ലേ?' ജോസി കടുംകാപ്പി നിറമുള്ള വിസ്‌കി ഗ്ലാസ്സ് ചുണ്ടുകളില്‍ ചേര്‍ത്ത് ആദ്യരാത്രിയില്‍ ഗ്രേസിനെ നോക്കി ചോദിച്ചു
'ആദിമരാത്രി'- സജിനി എസ് എഴുതിയ കഥ

'രണ്ടു സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ കൂട്ടിമുട്ടി നക്ഷത്രമുണ്ടാകുന്ന രാത്രി അല്ലേ?' ജോസി കടുംകാപ്പി നിറമുള്ള വിസ്‌കി ഗ്ലാസ്സ് ചുണ്ടുകളില്‍ ചേര്‍ത്ത് ആദ്യരാത്രിയില്‍ ഗ്രേസിനെ നോക്കി ചോദിച്ചു.

'പാലിനു പകരം വിസ്‌കി. കൊള്ളാം നിന്റെ അപ്പാപ്പന്റെ ഐഡിയ' ആണ്‍ സോഫ്റ്റുവേര്‍ പെണ്‍സോഫ്റ്റുവേറിനെ നോക്കി കണ്ണിറുക്കി പറഞ്ഞു.

'നക്ഷത്രമെണ്ണാതിരുന്നാല്‍ മതി' ഗ്രേസ് ആ രാത്രിയിലെ ആദ്യ ഉമ്മ ജോസിക്ക് നല്‍കി അയാളുടെ ചെവിയില്‍ മന്ത്രിച്ചു. 

ആദ്യരാത്രിക്ക് മുറിയൊരുക്കിയത് ആ വീട്ടിലെ പെണ്ണുങ്ങളാരുമായിരുന്നില്ല. സാക്ഷാല്‍ അപ്പാപ്പന്‍. ഗ്രേസിന്റെ അപ്പന്റെ അപ്പന്‍. പതിവിനു വിപരീതമായി ചെറുക്കന്റെ വീട്ടില്‍ കെട്ടിക്കേറാതെ പെണ്ണിന്റെ വീട്ടിലേക്കാണ് പുതുച്ചെറുക്കനേം കൊണ്ട് പെണ്ണ് വരേണ്ടതെന്ന് വാശിപിടിച്ച് എല്ലാവരേം കൊണ്ട് സമ്മതിപ്പിച്ചത് അപ്പാപ്പനായിരുന്നു. പുരോഗമനക്കാരനും പരിഷ്‌കാരിയുമാണ് അപ്പാപ്പന്‍ എന്നു ഖ്യാതി നേടിയതിനാല്‍ അല്ലറചില്ലറ മുറുമുറുപ്പുകള്‍ക്കൊടുവില്‍ രണ്ടു വീട്ടുകാരും അതങ്ങു സമ്മതിച്ചുകൊടുത്തു.

ചന്ദനനിറമുള്ള മന്ത്രകോടി കൈത്തണ്ടയില്‍ മടക്കിയിട്ട് നെറ്റിയിലും നെഞ്ചിലും കുരിശുവരച്ച് പത്രോസച്ചന്റെ കയ്യും മുത്തി പള്ളിവാതില്‍ക്കലേക്ക് ഗ്രേസ് ജോസിയുമായി നടക്കുന്നതിനു മുന്‍പുതന്നെ അപ്പാപ്പന്റെ കെട്ടിക്കേറലിന്റെ പുത്തനാശയം കേട്ട് പള്ളിക്കകത്ത് കുശലം പറഞ്ഞു നിന്ന ബന്ധുക്കളെല്ലാം ഞെട്ടിപ്പോയി. തലമൂത്ത ചില കാരണവന്മാര്‍ ക്ഷോഭത്താല്‍ ഒച്ചവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പാപ്പന്റെ നെഞ്ചുവിരിച്ച പ്രൗഢിക്കുമേല്‍ പരന്ന ഗര്‍വ്വ് കണ്ട് അവര്‍ക്കൊന്നും ഉരിയാടാന്‍ തോന്നിയില്ല. അല്പനേരത്തെ നിശബ്ദതയില്‍ പള്ളിമോന്തായത്തിലെ പ്രാവുകളുടെ അര്‍ത്ഥം വെച്ചതുപോലുള്ള കുറുകലും മെഴുകുതിരികളുടെ ആലസ്യഉലയലും ഭിത്തിയിലെ മൂത്തു നരച്ച നെടുങ്കന്‍ ക്ലോക്കിന്റെ നെടുവീര്‍പ്പടക്കിപ്പിടിച്ചുള്ള സമയമുട്ടലും മാത്രം.

പുതുപെണ്ണും ചെക്കനും പാലും പഴവും നുണഞ്ഞ് പെണ്‍ഗൃഹപ്രവേശം നടത്തുന്നതു കണ്ട് ആണുങ്ങള്‍ പരവശരായി. പെണ്ണുങ്ങളാകട്ടെ, അപ്പാപ്പന്റെ മുട്ടുകവിഞ്ഞു കിടന്ന സ്വര്‍ണ്ണനിറമുള്ള ജുബ്ബയില്‍നിന്നും കസവുമുണ്ടില്‍നിന്നും കണ്ണെടുക്കാതെ അന്തംവിട്ടവരായി മതിമറന്നു നടന്നു. 

'ഈ അപ്പനിതെന്തിന്റെ കേടാ' ഗ്രേസിന്റെ അപ്പന്‍ ഭാര്യയുടെ ചെവിയില്‍ പലപ്പോഴും ഒച്ച താഴ്ത്തി പറഞ്ഞു. ലജ്ജയേതുമില്ലാത്ത ഒരു നവവരന്റെ പരാക്രമഭാവത്തോടെ രാത്രി നിലാവുമായി പെട്ടെന്നങ്ങു കയറിവന്നു. അപ്പാപ്പന്‍ ഉത്സാഹിയായി. ബലിഷ്ഠമായ കാലുകള്‍ വലിച്ചുവെച്ച് വീടിന്റെ രണ്ടാംനിലയിലേക്കുള്ള പടിക്കെട്ട് കയറി അപ്പാപ്പന്‍ കൊച്ചുമക്കള്‍ക്ക് മണിയറ ഒരുക്കി. 

'നല്ല ഊരാ കാര്‍ന്നോര്‍ക്ക്' വീട്ടിലെ മറ്റു പെണ്ണുങ്ങള്‍ മുറുമുറുക്കാന്‍ തുടങ്ങി. 'ഊരെന്ന് വച്ചാല് ഒടുക്കത്തെ ഊര്. പഴേ ചവിട്ട് നാടകക്കാരനല്ലേ താകിടജം തരികിടജംജം തരികിടജം സരിഗമപധനിസ എന്നു താളോം ചൊല്ലി തെറിം പറഞ്ഞല്ലേ കാല് പൊക്കി ചവിട്ടിമെതിച്ച് നടക്കണെ എപ്പളും.' അസൂയക്കാരികള്‍ക്ക് കലിയിളകി. 

പ്രകാശംപോലെ തിളക്കിയെടുത്ത പിച്ചളത്തട്ടത്തില്‍ പഴങ്ങള്‍ക്കു പകരം കോഴിക്കാലുകള്‍ എണ്ണ മിനുപ്പില്‍ മൊരിഞ്ഞ് കാത്തുകിടന്നു.

വെള്ളിപ്പൂക്കള്‍ പതിപ്പിച്ച ജഗ്ഗില്‍ വിസ്‌കി നിറച്ചതും അപ്പാപ്പന്‍ തന്നെ. ആപ്പിള്‍നിറമുള്ള പറവകള്‍ വിണ്ണിലേയ്ക്കുയര്‍ന്നു പൊങ്ങി പറക്കുന്ന ആകാശനീല വിരിയാണ് അപ്പാപ്പന്‍ നവദമ്പതികള്‍ക്കായി വിരിച്ചിട്ടത്. മുല്ലപ്പൂക്കള്‍ക്കു പകരം ചെഞ്ചോരനിറമുള്ള റോസ് ഇതളുകള്‍ പെര്‍ഫ്യൂമില്‍ മുക്കി അരിച്ചെടുത്ത് വിരിയിലാകെ വിടര്‍ത്തിയിട്ടിരുന്നു. ഗ്രേസിനേയും ജോസിയേയും മുറിക്കുള്ളിലാക്കി കതക് വെളിയില്‍നിന്നു വലിച്ചടച്ച് അപ്പാപ്പന്‍ നെഗളിപ്പോടെ പടിക്കെട്ടിറങ്ങി വരുന്നതു കണ്ട് ഗ്രേസിന്റെ അപ്പനും അമ്മയും ആദ്യമുണ്ടായ ദേഷ്യമൊക്കെ മറന്നു വായ്ക്കു രുചിയായി ചിരിച്ചു മറിഞ്ഞു.

അന്തരീക്ഷത്തില്‍നിന്ന് എന്തൊക്കെയോ എത്തിപ്പിടിച്ചതുപോലെ അപ്പാപ്പന്‍ 'പെരിയാറേ പെരിയാറേ' എന്ന ഭാര്യയിലെ സിനിമാപ്പാട്ടു മൂളാന്‍ തുടങ്ങിയതും ഗ്രേസിന്റെ അപ്പനമ്മമാര്‍ ചിരി നിര്‍ത്താനായി പരസ്പരം വായ്‌പൊത്തി നിന്നു. 

മുകള്‍ കിടപ്പുമുറിയിലെ ആകാശനിറവിരിപ്പില്‍ പറന്നുയരാന്‍ തുടങ്ങുന്ന പക്ഷികളെ ഉരുമ്മി ഗ്രേസും ജോസിയും ഉടലുകള്‍ ചേര്‍ത്തു കിടന്നു. അവരുടെ ആദ്യരാത്രിയും ആദ്യപകലുമൊക്കെ ബാംഗ്ലൂരെ ഇരുളും സുഗന്ധവും മത്തു പിടിപ്പിക്കുന്ന ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞുപോയതിനാല്‍ രണ്ടാള്‍ക്കും അത്ര വലിയ ആവേശമൊന്നും തുടക്കത്തില്‍ തോന്നിയിരുന്നില്ല. എങ്കിലും എന്റെ പ്രിയനേ എന്ന് ഗ്രേസ് ജോസിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് ചുമ്മാതങ്ങു പറഞ്ഞു. എന്റെ മൈഡിയര്‍ കുട്ടിച്ചാത്തീ എന്നു വിളിച്ച് ഉമ്മ വച്ച് ജോസിയും തകര്‍ത്തഭിനയിച്ചു. 

ഗ്രേസിനപ്പോള്‍ കഥ പറയാനൊരു വെമ്പല്‍ വന്നുകയറി. അവളുടെ കുടുംബക്കാരാകെ അങ്ങനെയാണ്. എന്തുകാര്യം തുടങ്ങിയാലും ഒരു കഥ പറച്ചില്‍ വേണം. അപ്പനപ്പാപ്പന്മാരില്‍നിന്നു പകര്‍ന്നുകിട്ടിയ ശീലമാണ്.

ഗ്രേസിന്റെ അപ്പാപ്പനാണേല്‍ ബൈബിളും ഖുറാനും ഭഗവത്ഗീതയുമൊക്കെ അരച്ചുകലക്കി കുടിച്ചിട്ടൊന്നുമില്ലെങ്കിലും അവയിലെയൊക്കെ ചില ഉദ്ധരണികള്‍ എടുത്ത് കഥകള്‍ കടഞ്ഞെടുക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു. 

അപ്പാപ്പനീ കഥേക്കെ എഴുതിവച്ചിരുന്നേല് ഒരു ജ്ഞാനപീഠം ഉറപ്പാരുന്നു എന്ന് ഗ്രേസി കളിയാക്കാറുമുണ്ട്. അതൊക്കെ പറഞ്ഞു രസിച്ച്, എണ്ണം മറന്ന പെഗ്ഗുകളടിച്ച് ഗ്രേസും ജോസിയും ജനാലകള്‍ തുറന്നിട്ട് ആകാശത്ത് നോക്കി. സാവധാനം ചുരന്നുവന്ന ഏതൊക്കെയോ ആസക്തികളുടെ കുത്തൊഴുക്കിലൂടെ അവരൊഴുകി നടന്നു. കഥ പറയാന്‍ മറന്ന ആലസ്യത്തില്‍നിന്നു പെട്ടെന്നാണ് ഗ്രേസ് ഒരുണര്‍ച്ചയിലേക്ക് കണ്ണുകള്‍ തുറന്നതും കഥാശരീരത്തെ എടുത്തുയര്‍ത്തിയതും. 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

നിലാവും ചന്ദ്രനും നക്ഷത്രങ്ങളും ആകാശവും പകുത്തു പകുത്തങ്ങനെ വരുന്ന ഒരു കഥ. ആദ്യമൊക്കെ അര്‍ദ്ധമയക്കത്തിലും ജോസി കഥകേട്ട് മൂളി. മുട്ടത്തുവര്‍ക്കിയെ വെല്ലുന്ന ഒരു തരളിതകഥ. കഥയിലാകെ ഓടിനടന്നത് ഫ്രില്ലുവച്ച നീല ഉടുപ്പണിഞ്ഞ ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. അവള്‍ക്കു പിന്നാലെ മൂപ്പു കൂടിയ പരന്ന കാലടി ശബ്ദം ആരുടേതെന്ന് എത്രയോ ആലോചിച്ചിട്ടും അവള്‍ കണ്ടുപിടിച്ചതേയില്ല. കഥയില്‍ ഇടയ്‌ക്കൊക്കെ മേമ്പൊടിപോലെ സന്ധ്യമയങ്ങും നേരം എന്നോ ഒരു കൊച്ചു സ്വപ്നത്തില്‍ എന്നോ ഒക്കെ തുടങ്ങുന്ന വരികളും മൂളിയിരുന്നു ഗ്രേസ്. 'ആദ്യരാത്രിയല്ലേ. അതാ ഇങ്ങനെ' എന്ന് ഗ്രേസ് ചുവന്നു തുടുത്ത് ജോസിയെ സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. 

ഒരന്തോം കുന്തോമില്ലാത്ത കഥയെന്നും നിന്റപ്പാപ്പനും അങ്ങനെ കഥയില്ലാത്ത ആളെന്നും ഗ്രേസിനോട് ജോസി നിര്‍ദ്ദാക്ഷിണ്യം പറഞ്ഞു. രണ്ടുപേരും കുറെ നേരം വാക്‌പോരു നടത്തി ജയിച്ചേ എന്ന ഭാവത്തില്‍ കൈകള്‍ ഉയര്‍ത്തി. പിന്നെ പതിവുതെറ്റിക്കാതെ കല്യാണത്തിനു മുന്‍പ് 
ചെയ്തിരുന്നതുപോലെ മേശമേല്‍ തൊട്ടുതൊട്ടിരുന്ന അവരുടെ പൂട്ടിവച്ച മൊബൈലുകളിലേക്ക് പരസ്പരം ഗുഡ്‌നൈറ്റും ഉമ്മകളും ഒറ്റക്കൊമ്പന്‍ സ്‌മൈലികളും വാട്ട്‌സ് ആപ്പ് ചെയ്ത് ഉറങ്ങിപ്പോയി.
താഴെ കുരിശുവര മുറിക്കരികിലെ ചാരുകസേരയില്‍ 
കാലുകള്‍ നീട്ടിവെച്ച് കിടന്ന അപ്പാപ്പന് ഉറക്കം വന്നതേയില്ല. ഉറക്കക്കുറവുള്ള അപ്പാപ്പന്‍ രാത്രിസഞ്ചാരം കൂടി തുടങ്ങുന്നു എന്നു കണ്ടപ്പോഴാണ് ഗ്രേസിന്റെ അപ്പന്‍, അപ്പാപ്പനെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങിയത്. 

അന്നും അപ്പാപ്പന്‍ വൈന്‍ കഴിച്ചു. നല്ല നാടന്‍ കുത്തരിമാവുകൊണ്ട് പാവുകാച്ചി നിര്‍മ്മിച്ചെടുത്ത കല്യാണസ്‌പെഷ്യലായ വെള്ളയപ്പം തേങ്ങാപ്പാലില്‍ മുക്കി കഴിച്ചു. പിന്നെ പതിവുപോലെ ഉറക്ക ഗുളികയും കഴിച്ചാണ് ഉറങ്ങാന്‍ കിടന്നതെങ്കിലും അപ്പാപ്പന് ഉറക്കം നഷ്ടപ്പെട്ടു. ബദ്ധപ്പെട്ട് മുകള്‍നിലയിലേക്ക് കയറി ഗ്രേസിനേയും ജോസിയേയും വിളിച്ചുണര്‍ത്തി. കരിനീല ഗൗണ്‍ വാരിയണിഞ്ഞ് ഗ്രേസും വെള്ള സില്‍ക്ക് ജുബ്ബ തലവഴി തിടുക്കത്തിലിട്ട് ജോസിയും ഒന്നിച്ചാണ് കതക് തുറന്നത്. 

'ഈ അപ്പാപ്പനിതെന്തിന്റെ സൂക്കേടാ. ഈ പച്ചപ്പാതിരക്ക്.' ഗ്രേസ് ജോസിയുടെ ചെവിയില്‍ പറഞ്ഞു.

'ഇതാണ് ഞങ്ങടെ അങ്ങോട്ടെ ഭാഷേല് നട്ടപ്രാന്ത്. നിന്റെ അപ്പാപ്പനതുണ്ട് കലശലായി. രാവിലെ പള്ളീലത്തെ പ്രകടനോം മണിയറയൊരുക്കലുമൊക്കെ കണ്ടപ്പളേ എനിക്കു തോന്നീതാ അത്.' ജോസി കലി പുരട്ടിയ ഒരു ദുഷ്ടച്ചിരി അപ്പാപ്പന്റെ മുന്‍പിലേക്കിട്ടു ഗ്രേസിനോട് പറഞ്ഞു:

'ഇന്ന് മരുന്ന് കഴിച്ചില്ലേ.' ഗ്രേസ് അപ്പാപ്പന്റെ നേര്‍ക്ക് ആംഗ്യം കാണിച്ചു. 

'അതല്ല ഗ്രേസ് മോളേ നീയെന്റെ കഥേക്കെ എപ്പളും കേക്കണതാ. എന്നാലും നീയും ജോസി മോനും ഇപ്പളിങ്ങനെ ഒന്നിച്ചിരുന്നീ കഥ കേക്കണന്നാ അപ്പാപ്പന്റെ ആഗ്രഹം. പണ്ടൊക്കെ ഞാമ്പാടുകേം കളിക്കേം ചെയ്ത ചവിട്ട് നാടകോക്കെ നീ എത്ര വട്ടം കണ്ടിട്ടുണ്ട് ഗ്രേസ് മോളെ. പളാപളാന്നുള്ള ചുവപ്പു കുപ്പായോം ഇട്ട്.' ഇന്നും നമ്മുടെ മുന്നില്‍ ആരുമില്ലൊരു ധീരനുമില്ല എന്ന് പാടി അപ്പാപ്പന്‍ ചാടിക്കളിക്കുന്ന ഓര്‍മ്മ ഗ്രേസിനെ ചവിട്ടിമെതിച്ചു. 

'നമ്മുടെ പല പല വിദ്യകളാല്‍ ജയിച്ചിടുമെന്നും നമ്മുടെ പടകള്‍' എന്നു മുദ്രകള്‍ കാട്ടുന്ന അപ്പാപ്പന്റെ നെടുനീളന്‍ രൂപം പനയോളം വളര്‍ന്നുമുറ്റി ഗ്രേസിനെ നടുക്കി.

'അപ്പാപ്പനിന്ന് ഭയങ്കര മൂഡാ. കൊറെ കഴിയുമ്പം കഥ പറഞ്ഞ് ഉറങ്ങിക്കോളും. മരുന്നും കഴിച്ചോണ്ടല്ലേ ഇരിക്കണെ. നമ്മക്കൊന്ന് മൂളികൊടുത്തേക്കാം.' ജോസി അല്പമൊന്നയഞ്ഞ് ഗ്രേസിനോട് ശബ്ദം താഴ്ത്തി പറഞ്ഞു. 

പുകയിലഞെട്ട് അണപ്പല്ലുകള്‍ക്കിടയില്‍ തിരുകി കവിള്‍ വീര്‍പ്പിച്ച് അപ്പാപ്പന്‍ രോമം നിറഞ്ഞ കറുത്ത കാലുകള്‍ വിസ്തരിച്ചു വിടര്‍ത്തി ചാരുകസേരയില്‍ കിടന്ന് കഥ പറയാന്‍ ഒരുങ്ങി.

'അപ്പളിതിനാണ് അപ്പാപ്പന്‍ ഞങ്ങളെ ഇന്നിങ്ങോട്ട് കൊണ്ടോരാന്‍ വാശി കാണിച്ചെ അല്ലെ. അപ്പാപ്പന്റെ കഥകളൊക്കെ കേള്‍പ്പിക്കാന്‍.'

ഗ്രേസ് അപ്പാപ്പന്റെ ഉറക്കം ചുരുട്ടിവച്ചിരിക്കുന്ന ചാരനിറക്കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

ജോസിയുടെ തല പുകയാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെയൊരു കുരുക്ക് അയാള്‍ ഈ പാതിരാത്രിയില്‍ പ്രതീക്ഷിച്ചിരുന്നതേയല്ല.

'സാത്താന്റെ ഓരോരോ പരീക്ഷണങ്ങളാ ഇതൊക്കെ'  ജോസി കോട്ടുവായിട്ട് പറഞ്ഞു. 

ഗ്രേസിനൊപ്പം മുന്‍പ് കഴിച്ചുകൂട്ടിയ സായന്തനങ്ങളിലും ഏസിയുടെ തണുപ്പില്‍പോലും ചൂടു പിടിപ്പിച്ചിരുന്ന പ്രണയവേകലിനിടയിലുമൊക്കെ അവള്‍ അപ്പാപ്പനെക്കുറിച്ച് കുറെയേറെ പറഞ്ഞിട്ടുണ്ട്. അങ്ങേര് ഒരു പ്രത്യേക ജനുസാ. നിനക്കത് കല്യാണം കഴിയുമ്പം ബോധ്യാകും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളം കരുതിയതേയില്ല.

'ഇതിപ്പം ഒരൊന്നൊന്നര ജനുസ് തന്നെ.' ജോസി മുഖത്തെ ഉറക്കച്ചടവിന്റെ ഞൊറിവുകള്‍ക്കു നേരെ കൈവിരല്‍ ഞൊടിച്ച് കാലിന്റെ പെരുവിരലില്‍ ഉയര്‍ന്നുപൊങ്ങി ഗൗരവത്തില്‍ പറഞ്ഞു: 'ഇനിയിപ്പം കഥേം കേട്ടോണ്ടിരിക്കാം. എന്നിട്ട് 'ഫസ്റ്റ് നൈറ്റ് സ്‌റ്റോറീസ്' എന്ന ടൈറ്റിലില്‍ നീ നിന്റെ അപ്പാപ്പന്റെ ഒരു കഥപുരാണം എഴുതി ഉണ്ടാക്കി പ്രസിദ്ധീകരിക്കാന്‍ കൊട്.'

ഗ്രേസും ജോസിയും കഥ കേള്‍ക്കാനെന്ന മട്ടില്‍ അപ്പാപ്പന്‍ കിടന്ന ചാരുകസേരയുടെ ഇരുകൈകളിലും പിടിച്ച് മാര്‍ബിള്‍ തറയില്‍ ചമ്രം പടിഞ്ഞിരുന്നു.

'നിങ്ങളിങ്ങനെ അലസമായിരുന്നല്ല ഈ കഥയൊക്കെ കേള്‍ക്കേണ്ടത്. നമുക്കൊരിടം വരെ പോകാം. കഥകള്‍ കേള്‍ക്കുന്നതിലും നല്ലത് അനുഭവിക്കുകയാണ്.' അപ്പാപ്പന്റെ സംസാരത്തിന് അതേവരെ ഗ്രേസ് കേട്ടിട്ടില്ലാത്ത ഒരു നിഗൂഢത വന്നത് അവള്‍ കണ്ടുപിടിച്ചിരുന്നു. 

'വരൂ. പോകുന്ന വഴിയിലൊന്നും ചോദ്യങ്ങള്‍ പാടില്ല. നിലാവ് കണ്ട് നടക്കുക മാത്രം മതി.' അപ്പാപ്പന്‍ ദീര്‍ഘമായി നിശ്വസിച്ച് മുന്നില്‍ നടന്നു. മഞ്ഞിന്‍ കണങ്ങളുടെ തണുപ്പേറ്റ് ഗ്രേസും ജോസിയും അപ്പാപ്പന്‍ അറിയാത്ത തരത്തില്‍ കെട്ടിപ്പിടിച്ചാണ് നടന്നു നീങ്ങിയത്.
 
കൂര്‍ക്കനട്ട കുന്നിന്‍ചെരിവും കടന്ന് പകലൊക്കെ പാമ്പുകളുടെ രതിനോട്ടങ്ങള്‍ പിണഞ്ഞു കിടന്നിട്ടുണ്ടാകുമായിരുന്ന തൊണ്ടിലൂടെയാണ് അപ്പാപ്പന്‍ ഗ്രേസിനേയും ജോസിയേയും കൂട്ടിക്കൊണ്ടുപോയത്. കഥ പറയുമ്പോഴുള്ള അപ്പാപ്പന്റെ ആ പഴയ ഗര്‍വ്വ് ഗ്രേസിനെ പൊതിഞ്ഞു. കാറ്റിനൊപ്പമുള്ള ഒരു വേഗത്തിലേക്ക് അവള്‍ ആനയിക്കപ്പെടുകയായിരുന്നു. 

പുത്തന്‍പുരക്കാരുടെ പറമ്പില്‍ ഈയിടെ കണ്ടുപിടിച്ച ഒരു ഗുഹയെ ചുറ്റിപ്പറ്റിയായിരുന്നു അപ്പാപ്പന്റെ ആ കഥ.

ഗുഹാമുഖം കഥയ്‌ക്കൊപ്പം ഒരു കൊടുങ്കാറ്റിന്റെ ഊര്‍ജ്ജത്തോടെ ഗ്രേസിനേയും ജോസിയേയും അതിനുള്ളിലേക്ക് വലിച്ചെടുക്കുന്നതായി അവര്‍ക്കു തോന്നി. അപ്പാപ്പന്റെ വാര്‍ദ്ധക്യം തീണ്ടാത്ത ശബ്ദം ഒരു മുഴക്കമായി അവര്‍ കേള്‍ക്കുകയും ചെയ്തു. പിന്നെ ഗുഹ ശക്തിയായി ചുരുങ്ങി വരുന്നതറിഞ്ഞ് ഗ്രേസ് അലമുറയിടാന്‍ തുടങ്ങിയെങ്കിലും അപ്പാപ്പന്‍ അവളെ തടഞ്ഞു. അവസാനത്തെ തുള്ളിവെളിച്ചത്തേയും പിന്നില്‍നിന്നും ആരോ ശക്തമായി വലിച്ചെടുത്തതായുള്ള തോന്നലില്‍ ജോസിയും ഭയന്നു.

ഗ്രേസും ജോസിയും പരസ്പരം ഗന്ധമേല്‍ക്കുകയോ കാണുകയോ ചെയ്യാത്ത തരത്തില്‍ അവര്‍ക്കിടയില്‍ വലിയ ഒരു മറ രൂപപ്പെട്ടുവരുന്നത് അറിഞ്ഞ് ആരുടെയെങ്കിലും ഒരു ശ്വാസത്തിനായി ചെവിയോര്‍ത്തു.
ഗുഹയിലെ ഇരുള്‍ മാറി വെളിച്ചത്തിന്റെ വജ്രമൂര്‍ച്ചയില്‍ മുറിവേറ്റതുപോലെ അപ്പാപ്പന്റെ ശ്വാസഗതിയേറ്റ് അവര്‍ നീറി. 

'കഥ കേട്ടിട്ടുപോലും നിങ്ങള്‍ ഭയന്നുപോയി. അപ്പപ്പിന്നെ എന്റെ തെയ്യാമ്മേടെ ധൈര്യത്തെപ്പറ്റി കേട്ടാല്‍ നിങ്ങളെന്തു പറയും.'

'ഇവക്കടെ അമ്മാമ്മയാരുന്നു തെയ്യാമ്മ കേട്ടോ. അപ്പാപ്പന്‍ ജോസിയോടെന്നപോലെ ഗ്രേസിനെ ചൂണ്ടി പറഞ്ഞു. അവക്കടെ പതിനഞ്ചു വയസിലാരുന്നു ഞാനവളെ കെട്ടി കൂടെ കൂട്ടീത്. കെട്ടീന്നൊന്നും പറയാമ്പറ്റില്ല. അവളന്നേ വേറൊരാളുടെ ഭാര്യയായിരുന്നു. സത്യം പറഞ്ഞാ അവള് തെരണ്ടിട്ട് പോലുമില്ലായിരുന്നു. എന്നിട്ടും ഞാനവളെ മോഷ്ടിച്ച് കൊണ്ടുവന്നൂന്ന് പറഞ്ഞാമതി.'

'നാട്ടിലാകെ തല്ലും വഴക്കും കൊലേമൊക്കെ നടന്നു. ഞാന്‍ വിട്ടുകൊടുക്കുവോ. രായ്ക്കുരാമാനം അവളേം പൊക്കിയെടുത്തോണ്ട് പോന്നു. അവക്കെന്നെ ഇഷ്ടമൊന്നുമല്ലാരുന്നു. പേടിയായിരുന്നു.'

'കണ്ടാ ദേ ഇതുപോലെ ഗ്രേസിനെപോലൊക്കെ ഇരിക്കും. വാറ്റുചാരായം കഴിക്കണപോലത്തെ ലഹരിയായിരുന്നു എനിക്ക് തെയ്യപ്പെണ്ണ്. മേല്‍ച്ചുണ്ടിന് മേളിലെ ആ മറുക്. ഓ... അതിലൊന്ന് തൊട്ടാല്‍ ഞാന്‍ വികാരത്താല്‍ വിറങ്ങലിച്ച് കുരിശു വരക്കുവാരുന്നു. നമ്മടെ ഗ്രേസിനും ഉണ്ട് അതേ സ്ഥാനത്ത് അതേ മറുക്.' അപ്പാപ്പനില്‍നിന്നു സീല്‍ക്കാരംപോലെ ഒരു ശബ്ദമുയര്‍ന്നു കേട്ടപ്പോള്‍ ഗ്രേസ് നടുങ്ങി. പണ്ടെന്നോ കണ്ട ഗുഹയും അപ്പാപ്പന്റെ തീക്ഷ്ണഗന്ധവും സ്വപ്നമായിരുന്നോ എന്നറിയാനാകാതെ ഗ്രേസിന്റെ ചിന്തകള്‍ ഒരു ചുഴിയിലകപ്പെട്ടതുപോലെ വട്ടം കറങ്ങുന്നുണ്ടായിരുന്നു. 'ഇപ്പ നിങ്ങള് കഥേ കേട്ട ആ ഗുഹയില്ലേ. അവിടെ വച്ചാരുന്നു ഞങ്ങടെ ആദ്യ കൂടിച്ചേരല്‍.' 

'എല്ലാത്തിനും നമ്മുടേതായ ഒരു കയ്യൊപ്പു വേണം പിള്ളാരെ. അതല്ലേ ദേ ഇപ്പം നിങ്ങക്ക് ഞാന്തന്നെ മണിയറ ഒരുക്കീതും എന്റെ തെയ്യേടെ അതായത് ഈ ഗ്രേസിന്റെ അമ്മാമ്മേടെ ആദ്യമണമുള്ള ഈ ഗുഹേലേക്ക് കഥേക്കടെ നടത്തിച്ച് നിങ്ങളെ കൊണ്ട്വോന്നതും.'

കുറേ നേരത്തേയ്ക്ക് ഗ്രേസും ജോസിയും നിശബ്ദതയിലും ഇരുട്ടിലും കുരുക്കഴിക്കാനാകാത്ത അസംഖ്യം നൂല്‍വരമ്പുകളിലൂടെ കാലിടറിയുള്ള വീഴ്ചകളുടെ ആഘാതമേറ്റവരായി കുഴയാന്‍ തുടങ്ങിയിരുന്നു. തൊട്ടുപിന്നില്‍നിന്നും അപ്പാപ്പന്റെ ശബ്ദം വെറുമൊരു മുഴക്കം മാത്രമായി മാറുന്നതുപോലെ ഗ്രേസിനു തോന്നി.

ആ കാലടിശബ്ദങ്ങള്‍ ഘനമുള്ള പാറക്കല്ലുകളുടെ ഘര്‍ഷണം ഭൂമിയില്‍ പതിക്കുന്നതുപോലെയാണെന്നും അവളറിഞ്ഞു. വെളിച്ചത്തിന്റെ കുറെയേറെ തരികള്‍ തൊട്ടെടുത്ത് വിതറി അപ്പാപ്പന്‍ തെയ്യാമ്മയെ കാണിച്ചുതരാമെന്ന വാഗ്ദാനത്തില്‍ ഗ്രേസിന്റെ കയ്യില്‍ മുറുകെ പിടിച്ചു. അവിടെ വച്ചാണ് അപ്പാപ്പന്‍ ഇരുട്ടിന്റെ ഒരു വലിയ സങ്കല്പമൂടി തുറന്നത്. അതില്‍ ഒരു കൊച്ചുകുട്ടിയുടെ നിര്‍മമതയോടെ തെയ്യാമ്മ ഗ്രേസിനെ നോക്കി അത്ഭുതപ്പെട്ടു കിടപ്പുണ്ടെന്നാണ് അപ്പാപ്പന്‍ തറപ്പിച്ച് പറയുന്നത്. ഗ്രേസും ജോസിയും എത്ര കണ്‍തുറന്നിട്ടും ഇരുട്ടല്ലാതെ ഒന്നും കണ്ടില്ല. ഇടയ്‌ക്കെപ്പോഴോ ഒരു മാത്രയിലുള്ള കണ്‍ചിമ്മലില്‍ ഒരു നീലമറുകില്‍നിന്നും മുളച്ചുപൊന്തിയ വള്ളിയില്‍ കുരുങ്ങി താന്‍ ശ്വാസമറ്റ് കിടക്കുന്നതായി ഗ്രേസിനു തോന്നി. അവള്‍ മേല്‍ച്ചുണ്ടിലെ മറുകിലെ പഴയ മുറിപ്പാട് അമര്‍ത്തിത്തുടച്ച് പനിച്ചു വന്ന ചോരച്ചൂടറിഞ്ഞു. പണ്ടെന്നോ ഒരു കൊടുങ്കാറ്റില്‍ ചീറിവന്ന അപ്പാപ്പന്റെ മനം മടുപ്പിക്കുന്ന അതേ മണമേറ്റ് ഗ്രേസ് വിയര്‍ത്തു. പിന്നെ നിലം തൊടാനാകാതെ അന്തരീക്ഷത്തിലേക്ക് പറന്നു പോകുന്നതുപോലെയുള്ള ഒരു തോന്നലില്‍ ഗ്രേസ് ജോസിയുടെ കൈകളില്‍ മുറുകെ പിടിച്ചു. കോടിക്കണക്കിനു ശലഭച്ചിറകുകള്‍ ഭൂമിക്കുമേല്‍ ചിറകറ്റുവീണതും അപ്പാപ്പന്‍ ഉറഞ്ഞു ചിരിക്കുന്നതും ഗ്രേസ് മാത്രം കണ്ടു. 

ജോസിയും ഗ്രേസും ഇരുട്ടിന്റെ ഒരു വന്‍കോട്ടയ്ക്കകത്ത് അകപ്പെട്ട് കഥാവാതില്‍ തുറന്ന് പുറത്ത് കടക്കാന്‍ ബദ്ധപ്പെടുകയായിരുന്നു അപ്പോള്‍. അപ്പാപ്പനിത് ഏതു നൂറ്റാണ്ടിലെ കഥയാണ് പറയുന്നതെന്ന് തിട്ടപ്പെടുത്തുവാന്‍ ഗ്രേസ് കൈവിരലുകള്‍ മടക്കി എണ്ണാന്‍ തുടങ്ങിയിരുന്നു.

ഈ കഥ വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com