'കോഴിക്കരളന്‍ കല്ലുകള്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

ഇക്കൊല്ലം വേനലിന് ഞങ്ങളുടെ കിണര്‍ തുള്ളി വെള്ളമില്ലാതെ വറ്റിപ്പോവുകയുണ്ടായി
'കോഴിക്കരളന്‍ കല്ലുകള്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

ഒന്ന് 

ക്കൊല്ലം വേനലിന് ഞങ്ങളുടെ കിണര്‍ തുള്ളി വെള്ളമില്ലാതെ വറ്റിപ്പോവുകയുണ്ടായി. വേനല്‍ മൂക്കുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് പാളക്കുഴി വരെ താഴുകയും വെള്ളം അല്പമൊന്ന് കലങ്ങുകയും ചെയ്യുമെന്നല്ലാതെ കിണര്‍ ഒരിക്കല്‍പോലും വറ്റിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം, കിണറ്റില്‍ എക്കാലവും വെള്ളം ഉണ്ടായിരിക്കുമെന്നത് പ്രാപഞ്ചികമായ ഒരു സത്യംപോലെ ഉറപ്പുള്ള ഒരു കാര്യമായിരുന്നു. കിണര്‍ പൊടുന്നനെ വറ്റിയപ്പോള്‍ അക്കാര്യം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതിരുന്നതും അതുകൊണ്ടായിരുന്നു. 

ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതിരുന്ന മറ്റൊരു കാര്യം തലേവര്‍ഷം അച്ഛന്‍ പെട്ടെന്ന് മരിച്ചുപോയതായിരുന്നു. അച്ഛന്‍ എക്കാലവും ഒപ്പമുണ്ടായിരിക്കുമെന്നത് കിണര്‍ ഒരിക്കലും വറ്റുകയില്ല എന്നതുപോലെ തന്നെ ഞങ്ങള്‍ക്ക് ഉറപ്പുള്ള മറ്റൊരു കാര്യമായിരുന്നു. തെറ്റാണെന്ന് സ്വയം തെളിയിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഞെട്ടിക്കുമെങ്കിലും യുക്തിക്കു വെളിയിലുള്ള ഇത്തരം ഉറപ്പുകളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വേണ്ടപ്പെട്ട ഒരാള്‍ മരിച്ചുപോകുന്നതും ഉറവയുള്ള ഒരു കിണര്‍ പൊടുന്നനെ വറ്റുന്നതും സമാനമായ രണ്ടു കാര്യങ്ങളാണെന്നു കൂടി എനിക്ക് അപ്പോള്‍ തോന്നുകയുണ്ടായി. 

ഞാനും ഭാര്യയും ഇളംതിണ്ണയില്‍ വിരിച്ച പുല്‍പ്പായയിലും അമ്മ അവിടെത്തന്നെ ഒരു ചാരുകസേരയിലുമായി ഊണുകഴിഞ്ഞ് മയങ്ങാന്‍ കിടന്ന ഒരുച്ച നേരമായിരുന്നു അത്. 

'നീ കേട്ടോ?'

മയക്കത്തിനിടെ അമ്മ എന്നോടു ചോദിച്ചു. 

'എന്താമ്മേ?'

'കെണറ്റിന്‍ കരേന്ന് ഒരു നെലവിളി.'

'ഇല്ല.'

അച്ഛന്‍ മരിച്ചതു മുതല്‍ക്ക് അമ്മ അങ്ങനെയാണ്. ആരും കേള്‍ക്കാത്തത് കേള്‍ക്കും. ആരും കാണാത്തത് കാണും.
 
എങ്കിലും ഞാന്‍ തലയുയര്‍ത്തി കിണറ്റിന്‍ കരയിലേക്ക് ഒന്നു നോക്കി. 

മീനമാസത്തിന്റെ വെയില്‍ നിസ്സംഗമായി കത്തിപ്പടരുന്നതല്ലാതെ അവിടെ മറ്റൊന്നും സംഭവിക്കുന്നില്ല. 

'അമ്മേടെ ഓരോ തോന്നല്.' ഞാന്‍ പറഞ്ഞു. 'എണീക്ക്, ചായയിടാറായി.' 

പക്ഷേ, വൈകിട്ട് വെള്ളം കോരാന്‍ പോയ ഭാര്യ കുടങ്ങള്‍ രണ്ടും കിണറ്റിന്‍ കരയിലുപേക്ഷിച്ച്, ഓടിക്കിതച്ച് മടങ്ങിവന്നു. 

'കിണറ് വറ്റി.' 

എളിയില്‍ കുത്തിയിരുന്ന പച്ചക്കരയന്‍ സെറ്റിന്റെ തുമ്പെടുത്ത് കഴുത്തും മുഖവും തുടച്ച് അവള്‍ പറഞ്ഞു. അവള്‍ ധരിച്ച പച്ചനിറമുള്ള ബ്ലൗസും വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. 

കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം കിണറ്റില്‍നിന്നു നേരിട്ടുതന്നെ കോരിയെടുക്കണം എന്നു നിര്‍ബ്ബന്ധമുള്ള ആളായിരുന്നു ഭാര്യ. പണിക്കാരി ലീലയെപ്പോലും കൂട്ടിത്തൊടുവിക്കാതെ, വിശുദ്ധമായ ഒരു കര്‍മ്മംപോലെ അവള്‍ അനുഷ്ഠിച്ചുപോന്ന കാര്യമായിരുന്നു അത്. ടെറസ്സിനു മുകളിലെ ടാങ്കില്‍നിന്ന് ടാപ്പിലൂടെ എത്തുന്ന വെള്ളം കീഴ്ക്കുറഞ്ഞ പദവി മാത്രം അര്‍ഹിക്കുന്ന ഒന്നാണെന്ന് അവള്‍ കരുതി. തുണിയലക്ക്, കുളി, പാത്രം കഴുക് തുടങ്ങിയ ആവശ്യങ്ങള്‍ക്കു മാത്രമായി അവള്‍ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തി. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കിതപ്പടങ്ങിയപ്പോള്‍ ഭാര്യ രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞു. 

അയല്‍പക്കങ്ങളിലെ കിണറുകളിലൊക്കെ ഇപ്പോഴും തുടിച്ചു കോരാന്‍ പാകത്തിനു വെള്ളമുണ്ട് എന്നതായിരുന്നു അതിലൊന്ന്. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ അങ്ങനെ ഒരു കണ്ടെത്തല്‍ കൂടി നടത്തിയതില്‍ എനിക്ക് അദ്ഭുതം തോന്നുകയുണ്ടായില്ല. 

അവനവന്‍ നേരിട്ട ദുരന്തത്തിന്റെ തോത് എത്രയെന്നറിയാന്‍ മറ്റുള്ളവരുടെ ജീവിതത്തിലെ സമാന സാഹചര്യങ്ങളിലേക്ക് എത്തിനോക്കുക മനുഷ്യസഹജമാണല്ലോ. 

ഭാര്യ പറഞ്ഞ രണ്ടാമത്തെ കാര്യം കിണറ്റിന്‍ കരയില്‍ കുലച്ചുനിന്ന ഞാലിപ്പൂവന്‍ വാഴ വെട്ടിയിട്ടതുപോലെ നിലംപതിച്ചിരിക്കുന്നു എന്നതായിരുന്നു. 

കിണറ്റിന്‍ കരയില്‍ കേവലം ഒരു ഞാലിപ്പൂവന്‍ വാഴ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഞാലിപ്പൂവന്‍ വാഴകളുടെ, പല തലമുറകളടങ്ങുന്ന ഒരു കുടുംബം തന്നെ ഉണ്ടായിരുന്നു. വാഴകളെ കൂടാതെ രണ്ടു മൂവാണ്ടന്‍ മാവുകള്‍, ഒരു തേക്ക് എന്നിവ കൂടി കിണറ്റിന്‍ കരയില്‍ വളര്‍ന്നുനിന്നു. അവയില്‍ ഒന്നിനെപ്പോലും ഞങ്ങള്‍ നട്ടുവളര്‍ത്തുന്നതായിരുന്നില്ല. എങ്ങനെയോ കിണറ്റിന്‍ കരയില്‍ വന്നുപെടുകയും അവിടത്തെ ഈര്‍പ്പം വലിച്ചെടുത്ത് തനിയെ വളര്‍ന്നു പോരുകയുമായിരുന്നു അവ. വെള്ളവും തണലും അന്യോന്യം പങ്കുവെച്ച് പുലരുന്നതിന്റെ ഒരു പാരസ്പര്യം അവയ്ക്കും കിണറിനും തമ്മില്‍ എക്കാലവും ഉണ്ടായിരുന്നു. 

കിണറ്റിന്‍ കരയിലെ മൂവാണ്ടന്‍ മാവുകളിലൊന്ന് തേക്കിനോടൊട്ടി തേക്കിന്റെ ഇരട്ടയെപ്പോലെയായിരുന്നു നിന്നിരുന്നത്. കാലവര്‍ഷത്തിന്റേയും തുലാവര്‍ഷത്തിന്റേയും കാറ്റുകളെ ഈ ഇരട്ടകള്‍ പരസ്പരം പുണര്‍ന്നുനിന്നു നേരിടുന്നത് ഞങ്ങളില്‍ കൗതുകമുണര്‍ത്തിയിരുന്ന ഒരു കാഴ്ചയായിരുന്നു. രണ്ടാമത്തെ മൂവാണ്ടന്‍ മാവാകട്ടെ, തന്റെ ആദ്യ മാമ്പഴക്കാലം കാത്തിരിക്കുന്ന, നാണംകുണുങ്ങിയായ ഒരു ഇളമുറക്കാരനായിരുന്നു. 

മാങ്ങകള്‍ മൂത്തു പഴുക്കുന്ന സമയത്ത് കിണറ്റിന്‍ കരയില്‍നിന്നു ചീറ്റിപ്പോയ ഏറുപടക്കങ്ങളുടേതുപോലുള്ള ശബ്ദം ഇടയ്ക്കിടെ ഉയരുമായിരുന്നു. പഴുത്ത മാങ്ങകള്‍ കൊഴിഞ്ഞു വീഴുന്നതിന്റെ ശബ്ദമായിരുന്നു അത്. മാങ്ങകളെല്ലാം പെറുക്കിക്കൂട്ടി വീതം വയ്ക്കുന്നത് അമ്മ ഒരവകാശംപോലെ ചെയ്തുപോന്നിരുന്ന കാര്യമായിരുന്നു. കാക്കപ്പാതിയും അണ്ണാന്‍പാതിയും കഴിഞ്ഞ് ബാക്കിയായവ വീട്ടിലേക്കും മാങ്ങയില്ലാത്ത അയല്‍പക്കങ്ങള്‍ക്കുമായി അമ്മ വീതം വെച്ചു. വീട്ടിലേക്കുള്ള വീതം തൊലി ചെത്തി, പൂളി ഓരോരുത്തര്‍ക്കുമായി പങ്കുവെച്ചിരുന്നതും അമ്മ തന്നെയായിരുന്നു. അമ്മ അങ്ങനെ പങ്കുവയ്ക്കുമ്പോള്‍ മാങ്ങാപ്പൂളുകളുടെയുള്ളില്‍ ഭൂമിയിലെ ചുവപ്പു മുഴുവന്‍ വന്നുനിറയുന്നതിന് ഞങ്ങള്‍ എത്രയോ തവണ സാക്ഷിയായിട്ടുള്ളതാണ്. 

കിണര്‍ വറ്റിയതോടെ എന്നെ പിടികൂടിയ ഭയം ഇതെല്ലാം എന്നെന്നേയ്ക്കുമായി നിലച്ചുപോകുമോ എന്നതായിരുന്നു. മൂവാണ്ടന്‍ മാവുകളുടേയും തേക്കിന്റേയും ഞാലിപ്പൂവന്‍ വാഴകളുടേയുമെല്ലാം വാട്ടം ബാധിച്ച് മൗനികളായുള്ള നില്‍പ്പ് അത് ശരിവയ്ക്കുന്നതായും തോന്നി. 

'അമ്മ കേട്ട ആ കരച്ചില്‍ അഥവാ ഉള്ളതാണെങ്കിലോ?' അപ്രതീക്ഷിതമായിരുന്നു ഭാര്യയുടെ ചോദ്യം. 
'ആയിക്കൂടെന്നില്ല' ഞാന്‍ പറഞ്ഞു. 'നമ്മള്‍ അതു കേട്ടില്ല എന്നേ ഉണ്ടാവൂ.' 

എന്റെ മറുപടി അവളെ തൃപ്തിപ്പെടുത്തിയതായി തോന്നിയില്ല. 

'എല്ലാ കരച്ചിലും എല്ലാവരും കേള്‍ക്കണമെന്നില്ല' ഞാന്‍ കൂട്ടിച്ചേര്‍ത്തു. 

'അങ്ങനെയെങ്കില്‍ ആരായിരിക്കും കരഞ്ഞിട്ടുണ്ടാവുക? വറ്റിപ്പോയ കിണറോ അതോ ഒടിഞ്ഞു വീണ ആ വാഴയോ?' ഭാര്യ വീണ്ടും ചോദിച്ചു. 

'രണ്ടില്‍ ഏതുമാവാം' ഞാന്‍ പറഞ്ഞു. 'ചിലപ്പോള്‍ നമുക്കറിയാത്ത മൂന്നാമതൊന്നുമാവാം.'

ഉള്ളിലെവിടെയോ ഒരുറവ പൊടിയാന്‍ തുടങ്ങിയത് അപ്പോള്‍ ഭാര്യയുടെ മുഖത്ത് ഞാന്‍ കണ്ടു. 
അതു പക്ഷേ, അവള്‍ നേരിട്ട ശൂന്യതയില്‍ നിറയാന്‍ കൂട്ടാക്കാതെ നിന്നു. 

രണ്ട് 

രണ്ടു തവണ ആളയച്ചിട്ടും വരാതിരുന്നതുകൊണ്ട് കുന്നിന്‍ചരുവില്‍ പ്രഭാകരനെ കാണാന്‍ ഞാന്‍ നേരിട്ടു പോവുകയാണുണ്ടായത്. 

കുന്നിന്‍ചരുവില്‍ എന്നത് പ്രഭാകരന്റെ വീട്ടുപേരൊന്നുമായിരുന്നില്ല. അയാളുടെ വീട്ടുപേര് മറ്റെന്തോ ആയിരുന്നു. വീട് ഒരു കുന്നിന്‍ചെരുവിലാകയാല്‍ യഥാര്‍ത്ഥ വീട്ടുപേര് അപ്രസക്തമായിത്തീരുകയും കുന്നിന്‍ചരുവില്‍ പ്രഭാകരന്‍ എന്ന് അയാള്‍ അറിയപ്പെട്ടു പോരുകയുമായിരുന്നു. 

നാട്ടിലെ ഒരേയൊരു കിണറുകുത്തുകാരനായിരുന്നിട്ടുകൂടി അയാള്‍ കിണറുകുത്തുകാരന്‍ പ്രഭാകരന്‍ എന്ന് അറിയപ്പെടുകയുണ്ടായില്ല എന്നത് വിചിത്രമായ ഒരു കാര്യമായിരുന്നു. 

പേര്  വീടിനായാലും മനുഷ്യനായാലും  ആദ്യമേ പതിച്ചുനല്‍കേണ്ട ഒന്നല്ല എന്നും കാലം കടന്നുപോകെ തനിയെ വന്നുചേരേണ്ട ഒന്നാണെന്നും പ്രഭാകരനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്. 

ഞാന്‍ ചെല്ലുമ്പോള്‍ വീടിന്റെ ഉമ്മറത്തിട്ട ഒരു മരക്കസേരയിലിരുന്ന് അസ്തമയം കാണുകയായിരുന്നു പ്രഭാകരന്‍. കണ്ണുകള്‍ മുഴുവനായി മൂടുന്ന ഒരു കറുത്ത കണ്ണടയും ധരിച്ചായിരുന്നു അയാളുടെ ഇരിപ്പ്. 
'തിമിരത്തിന്റെ ഓപ്രേഷന്‍ കഴിഞ്ഞിരിക്കുവാ. പൊറത്തോട്ടൊന്നും എറങ്ങാറില്ല' അയാള്‍ പറഞ്ഞു. 
കുന്നിന്റെ താഴ്വരയില്‍ ഓറഞ്ചുനിറത്തില്‍ പോക്കുവെയില്‍ ഊറിക്കിടന്നു. അയാള്‍ തന്റെ കറുത്ത കണ്ണടയിലൂടെ പോക്കുവെയിലിനെ ഏതു നിറത്തിലാവും കാണുന്നുണ്ടാവുക എന്നു ഞാന്‍ വെറുതെ സങ്കല്പിച്ചു നോക്കി. 

അയാളിരുന്ന കസേരയുടെ വലതു വശത്ത്, ഭിത്തിയില്‍ ചാരി നീളമുള്ള ഒരു വടി വെച്ചിരുന്നു. അവിടവിടെ മുട്ടും മുഴയുമുള്ള, തൊലിയടര്‍ന്ന് മിനുസം വന്ന ഒരു വടിയായിരുന്നു അത്. 

'കാഞ്ഞിരത്തിന്റേയാ. പാമ്പിനെ തല്ലാനുള്ളതാ', എന്റെ നോട്ടം വടിയുടെ മേല്‍ പതിയുന്നത് കണ്ട് പ്രഭാകരന്‍ പറഞ്ഞു. 'ഈ കുന്നിന്‍ചെരിവു മുഴുവന്‍ പാമ്പാ. കണ്ണു തെറ്റിയാ പെരയ്ക്കകത്തു കേറും.' 

മുറ്റത്തു നിന്നിരുന്ന എന്നെ അതോടെ ഭയം ഗ്രസിച്ചു. എന്റെ കണ്ണുകള്‍ ചുറ്റുപാടും അരിച്ചു പെറുക്കാന്‍ തുടങ്ങി. 

'പേടിക്കണ്ട' പ്രഭാകരന്‍ പറഞ്ഞു. 'എന്റെ തലവെട്ടം കണ്ടാല്‍ ഒറ്റയൊരെണ്ണം അടുക്കുകേല.' 

ഇതിനിടെ കൈകൊണ്ടു പരതി വടി അവിടെത്തന്നെയുണ്ടെന്ന് അയാള്‍ ഉറപ്പു വരുത്തി. 

വലതു കൈത്തണ്ടയില്‍ ധരിച്ചിരുന്ന, തിളങ്ങുന്ന മെറ്റല്‍ സ്ട്രാപ്പും പൂപ്പല്‍ കയറി പച്ചനിറം പടര്‍ന്ന ഡയലുമുള്ള വാച്ചില്‍ അയാള്‍ ഇടയ്ക്കിടെ സമയം നോക്കിക്കൊണ്ടിരുന്നു. 

'ഇന്ന് ആറ് ഇരുപത്തൊന്നിനാ അസ്തമയം' പ്രഭാകരന്‍ പറഞ്ഞു. 'ഇനി മൂന്നു മിനിട്ടു കൂടിയുണ്ട്.'

കുന്നിന്റെ താഴ്വര അവസാനിക്കുന്നിടത്ത്, തെങ്ങിന്‍ തലപ്പുകളുടെ ചക്രവാളത്തില്‍ അരങ്ങേറിയ അസ്തമയം അയാളുടെ കറുത്ത കണ്ണടയില്‍ പ്രതിബിംബിച്ചു. 

അച്ഛനുണ്ടായിരുന്ന കാലത്ത് ഇടയ്ക്കിടെ വീട്ടുമുറ്റത്ത് തലയും ചൊറിഞ്ഞു പ്രത്യക്ഷപ്പെടുമായിരുന്നു പ്രഭാകരന്‍. പണം കടം വാങ്ങാനുള്ള വരവായിരുന്നു അത്. 

'വേനപ്പകലാകുമ്പം വന്നേക്കണം' പണം നല്‍കുമ്പോള്‍ അച്ഛന്‍ പ്രഭാകരനോട് പറയും. കിണര്‍ തേകാന്‍ വരണമെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. 

നാല്‍പ്പതാണ്ടു മുന്‍പ് ഞങ്ങളുടെ കിണര്‍ കുത്തിയതും ആണ്ടോടാണ്ട് വേനലില്‍ അതു തേകി വൃത്തിയാക്കിയിരുന്നതും പ്രഭാകരനായിരുന്നു. 

കിണര്‍ തേകി വൃത്തിയാക്കി, പാമ്പിന്‍കുഞ്ഞുങ്ങളെപ്പോലെ ഉറവ തലനീട്ടാന്‍ തുടങ്ങുന്ന കിണറിന്റെ അടിത്തട്ടില്‍ ചിരട്ടക്കരിയും കല്ലുപ്പും പാണലിലയും വിരിച്ച് പ്രഭാകരന്‍ ആള്‍മറയ്ക്കു മുകളിലെത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞിട്ടുണ്ടാവും. 

ഓരോ ആണ്ടിലും കിണര്‍ തേകുമ്പോള്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നു ഞങ്ങള്‍ കരുതിയിരുന്ന പല വസ്തുക്കളും  തവി, പിഞ്ഞാണം, കത്തി, പാവ, താക്കോല്‍, താഴ്, ഗോലി, പേന, ചങ്ങല, നാണയങ്ങള്‍ തുടങ്ങിയവ  ഒരു മാന്ത്രികനെപ്പോലെ പ്രഭാകരന്‍ കിണറ്റിനുള്ളില്‍നിന്നു കണ്ടെടുത്തു. അവയെല്ലാം കിണറ്റിനുള്ളില്‍ എങ്ങനെ വന്നു പെട്ടു എന്നു ഞങ്ങള്‍ അപ്പൊഴൊക്കെ അദ്ഭുതം കൂറി. അവയില്‍ ചിലതെങ്കിലും നഷ്ടപ്പെട്ട കാര്യം അപ്പോള്‍ മാത്രമാവും ഞങ്ങള്‍ അറിയുന്നുതന്നെയുണ്ടാവുക. 

'കെണറ് ഒരു ഖനിയാണ്' പ്രഭാകരന്‍ പറയും. 'വെള്ളം മാത്രമല്ല അതിന്റുള്ളില്‍; ഒരു വീടിനെ സംബന്ധിക്കുന്ന എല്ലാ രഹസ്യോം കാണും. കെണറ്റീന്ന് കണ്ടെത്തിക്കൂടാത്തതായി ഒരു വീടിന് ഒന്നും തന്നെയുണ്ടാകില്ല.'

താന്‍ പറഞ്ഞത് സത്യമാണെന്ന് അന്നോളം കാണിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഒരു മാന്ത്രികവിദ്യയിലൂടെ പ്രഭാകരന്‍ ഒരു ദിവസം ഞങ്ങളെ ബോധ്യപ്പെടുത്തുകതന്നെ ചെയ്തു. 

അയല്‍ക്കാരിയും പത്താം ക്ലാസ്സില്‍ എന്റെ ട്യൂഷന്‍ ടീച്ചറുമായിരുന്ന ലളിതച്ചേച്ചിയുടെ ശരീരം അവരെ കാണാതായി മണിക്കൂറുകള്‍ക്കകം പ്രഭാകരന്‍ ഞങ്ങളുടെ കിണറ്റില്‍നിന്നു കണ്ടെടുത്തു. 

സ്വന്തം വീട്ടുമുറ്റത്ത് ഒരു കിണറുള്ളപ്പോള്‍ ലളിതച്ചേച്ചി ഞങ്ങളുടെ കിണര്‍ തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യം മാത്രം ഉത്തരം കിട്ടാതെ കിടന്നു. 

എന്തായാലും അതിനുശേഷം പ്രഭാകരന്‍ ഒരിക്കല്‍പോലും ഞങ്ങളുടെ വീട്ടിലേക്ക് വരികയുണ്ടായിട്ടില്ല. 
'കിണര്‍ വറ്റിയ കാര്യം അറിഞ്ഞാര്ന്നു.'
 
കണ്ണടയൂരി മുന്നിലെ സ്റ്റൂളില്‍ വെച്ചുകൊണ്ട് പ്രഭാകരന്‍ പറഞ്ഞു. പ്രഭാകരന്റെ കണ്ണടച്ചില്ലുകളിലെ സൂര്യന്‍ ഇപ്പോള്‍ അസ്തമിച്ചു തീര്‍ന്നിരുന്നു. 

'പണിയായുധങ്ങളേല്‍ തുരുമ്പു കേറാന്‍ തൊടങ്ങിയാല്‍ കുഴിക്കണത് നിറുത്തണംന്നാ പ്രമാണം. വെള്ളത്തില്‍ പുളി കലരുന്നേന്റെ ലക്ഷണാ അത്' അനാവൃതമായ കണ്ണുകള്‍ എന്റെ മുഖത്തുതന്നെ ഉറപ്പിച്ചുകൊണ്ട് പ്രഭാകരന്‍ തുടര്‍ന്നു. 'അന്ന് പതിനെട്ടു കോല്‍ താഴ്ചയെത്തിയപ്പം അങ്ങനെ നിറുത്തീതാ. ഇനീം താഴ്ത്തീട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. പുളി വെള്ളമായിരിക്കും.' 

'മറ്റെന്താ ഒരു പോംവഴി?' ഞാന്‍ ചോദിച്ചു. 

'വേറൊരു കിണര്‍ കുഴിക്കുക തന്നെ.' പ്രഭാകരന്‍ പറഞ്ഞു. 

'എന്നാലും, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കിണര്‍ ഒറ്റയടിക്ക് വറ്റിപ്പോകുകാന്നു വെച്ചാ...' ഞാന്‍ പറഞ്ഞു. 

'അതുകൊള്ളാം' പ്രഭാകരന്‍ പൊട്ടിച്ചിരിച്ചു. 'വെള്ളത്തിന് ഭൂമിക്കടീലോട്ടു വലിയാന്‍ എന്തേലും കാരണം വേണോ; ആരുടേലും അനുവാദം വേണോ.' 

മൂന്ന് 

വീടിനു പിന്നിലെ പറമ്പിന്റെ തെക്കു കിഴക്കേ മൂലയില്‍ പടയിഞ്ച വളര്‍ന്ന് കാടുമൂടിയ ഒരിടമായിരുന്നു പ്രഭാകരന്‍ പുതിയ കിണറിനുവേണ്ടി കണ്ടെത്തിയ സ്ഥാനം. 

അനാര്‍ഭാടമായ ഒരു സ്ഥാനം കാണല്‍ ചടങ്ങായിരുന്നു അത്. രാവിലെ തന്നെ കുളിച്ച് കുറി തൊട്ട് പ്രഭാകരന്‍ വന്നു. കൂടെ രണ്ട് സഹായികളും. ഭൂമിയെ തൊട്ടു വന്ദിച്ച് പ്രഭാകരന്‍ പറമ്പിനുള്ളിലേക്ക് പ്രവേശിച്ചു.
 
തുടര്‍ന്ന് ഏതോ ചോദനയാല്‍ നയിക്കപ്പെട്ടിട്ടെന്നവണ്ണം അയാള്‍ പറമ്പിലൂടെ നടക്കാന്‍ തുടങ്ങി. തെങ്ങും മാവും പ്ലാവുമൊക്കെയായി ഏതാനും ഫലവൃക്ഷങ്ങള്‍ ഉള്ളതൊഴിച്ചാല്‍ പറമ്പു പാതിയും തരിശായിരുന്നു. കുറ്റിപ്പാണലും കൊട്ടവും പെരിങ്ങലവും പടയിഞ്ചയും വേനലിന്റെ കാഠിന്യം വകവയ്ക്കാതെ ദുശ്ശാഠ്യത്തോടെ അവിടെ വളര്‍ന്നുനിന്നു. 

ആദ്യം പറമ്പിനു കുറുകെ നടന്ന പ്രഭാകരന്‍ പിന്നീട് നെടുകെ നടക്കാന്‍ തുടങ്ങി. തുടര്‍ന്ന് വൃത്തത്തിലും ചതുരത്തിലുമായി പറമ്പിനെ ചുറ്റാന്‍ തുടങ്ങി. നടത്തത്തിന്റെ ഒരു ഘട്ടത്തില്‍ പറമ്പിന്റെ തെക്കു കിഴക്കേ മൂലയില്‍ എത്തിയ പ്രഭാകരന്‍ പൊടുന്നനെ നിശ്ചലനായി. പടയിഞ്ചപ്പടര്‍പ്പിനു നടുവില്‍ ഒരിടത്തേക്ക് വിരല്‍ ചൂണ്ടി. 

പ്രഭാകരനൊപ്പം വന്ന സഹായികള്‍ ആ നിമിഷത്തിനു കാത്തുനില്‍ക്കുകയായിരുന്നുവെന്നു തോന്നി. അവര്‍ തങ്ങളുടെ കൈവശം കരുതിയിരുന്ന, അറ്റം കൂര്‍പ്പിച്ച പ്ലാവിന്‍ കമ്പിന്റെ കുറ്റികളില്‍ ഒന്ന് പ്രഭാകരന്‍ ചൂണ്ടിക്കാണിച്ചയിടത്ത് അടിച്ചു താഴ്ത്തി. 

'വറ്റാത്ത ഉറവയായിരിക്കും' പ്രഭാകരന്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന് അതിനുള്ള കാരണവും അയാള്‍ കൂട്ടിച്ചേര്‍ത്തു: 'കൃത്യം ഇരുപത്തിരണ്ടുകോല്‍ താഴ്ചയില്‍ മണ്‍മറഞ്ഞുപോയ ഒരു പുഴ കിടക്കുന്നുണ്ട്.'

പ്രപഞ്ചരഹസ്യങ്ങള്‍കൊണ്ട് അമ്മാനമാടുന്ന ഒരുവനു മാത്രം സാധ്യമാകുന്ന അനായാസത ശബ്ദത്തിലും ഭാവത്തിലും ആവാഹിച്ചുകൊണ്ടായിരുന്നു അയാള്‍ അത് പറഞ്ഞത്. 

കിണറിന്റെ സ്ഥാനം വീട്ടില്‍നിന്ന് അല്പം ദൂരെയായതില്‍ അമ്മയ്ക്കും ഭാര്യയ്ക്കും പരിഭവമുണ്ടായിരുന്നു. 
അമ്മയുടേയും ഭാര്യയുടേയും മുഖങ്ങളിലെ തെളിച്ചമില്ലായ്മ പ്രഭാകരന്‍ ശ്രദ്ധിച്ചു. 

'വെള്ളം എവിടെ കുഴിച്ചാലും കിട്ടും' പ്രഭാകരന്‍ അവരോടു പറഞ്ഞു. 'വറ്റാത്ത ഉറവ പക്ഷേ, അങ്ങനെയല്ല.'

സ്ഥാനം കാണല്‍ ചടങ്ങു കഴിഞ്ഞതോടെ പ്രഭാകരന്‍ മുണ്ടിന്റെ മടിക്കുത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന തന്റെ കറുത്ത കണ്ണട എടുത്ത് മുഖത്തണിഞ്ഞു. മീനപ്പുലരിയുടെ തേന്‍ നിറമുള്ള വെയില്‍ അയാളുടെ കണ്ണടച്ചില്ലുകളുടെ കറുപ്പില്‍ രണ്ട് ചെറുതടാകങ്ങള്‍ തീര്‍ത്തു. 

'എന്നാല്‍ ഇവര് നാളെത്തന്നെ പണി തുടങ്ങട്ടെ, അല്ലേ?' തന്റെയൊപ്പമുള്ള സഹായികളെ ചൂണ്ടി പ്രഭാകരന്‍ ചോദിച്ചു. 

'ആയ്‌ക്കോട്ടെ' ഞാന്‍ പറഞ്ഞു. 

'ഞാന്‍ ഇടയ്ക്കിറങ്ങാം' പ്രഭാകരന്‍ യാത്രയാകാന്‍ ഒരുങ്ങി. 

ഞാന്‍ നല്‍കിയ പ്രതിഫലം പ്രഭാകരന്‍ സ്വീകരിക്കുകയുണ്ടായില്ല. നിര്‍ബ്ബന്ധിച്ചിട്ടും ഫലമുണ്ടായില്ല. 
'ആദ്യം പണിതീര്‍ന്ന് ഉറവ കാണട്ടെ' അയാള്‍ പറഞ്ഞു. 

പണം മുന്‍കൂര്‍ കൈപ്പറ്റാന്‍ തലയും ചൊറിഞ്ഞ് അച്ഛന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ആ പഴയ പ്രഭാകരനല്ല താനെന്ന് അയാള്‍ പ്രസ്താവിക്കുന്നതുപോലെ തോന്നി.

നാല് 

ചന്ദ്രന്‍ എന്നും വക്കച്ചന്‍ എന്നുമായിരുന്നു കിണറു പണിക്കാരുടെ പേരുകള്‍. കറുത്തു പൊക്കം കുറഞ്ഞ, ആര്‍ക്കും മുഖം തരാത്ത ഒരു മനുഷ്യനായിരുന്നു ചന്ദ്രന്‍. വക്കച്ചനാകട്ടെ, ആറടിപ്പൊക്കത്തില്‍ ദൃഢഗാത്രനായ, കൗശലം ഒളിപ്പിച്ച കണ്ണുകളുളള ഒരാളും. പ്രഭാകരനൊപ്പം കിണറിനു സ്ഥാനം കാണാന്‍ വന്നിരുന്നപ്പോള്‍ അവരെ ഞാന്‍ കാര്യമായി ശ്രദ്ധിക്കുകയുണ്ടായില്ല എന്നതായിരുന്നു വാസ്തവം.
കിണറിന്റെ വ്യാസം ആറടിയായിരുന്നു. നാലു കോല്‍ കുഴിച്ചപ്പോഴേയ്ക്ക് മേല്‍മണ്ണിന്റെ അടര് മുഴുവന്‍ നീങ്ങി.

തവിട്ടുനിറമുള്ള മേല്‍മണ്ണിന്റെ ഒരു ചെറുകൂന പടയിഞ്ചപ്പടര്‍പ്പിന്റെ മുഷിഞ്ഞ പച്ചയ്ക്കു നടുവില്‍ രൂപം കൊണ്ടു.

'അടീലോട്ടു ചെറ്റപ്പാറയാ. ചങ്ക് വാ പൊളിക്കും.' തുടര്‍ന്നുള്ള പണിയുടെ കാഠിന്യത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ട് വക്കച്ചന്‍ പറഞ്ഞു.

'പോരാത്തേന് പട്ടി കടിക്കണപോലത്തെ വെയിലും.' ചന്ദ്രന്‍ തനിക്കു പറയാനുള്ളതും കൂട്ടിച്ചേര്‍ത്തു.

വക്കച്ചനും ചന്ദ്രനും എന്നോട് നേരിട്ട് എന്തെങ്കിലും പറയുന്നത് അപൂര്‍വ്വമായിട്ടായിരുന്നു. മാത്രമല്ല, അവര്‍ തമ്മിലുള്ള സംഭാഷണം എല്ലായ്‌പോഴും എന്തോ രഹസ്യം പങ്കിടുന്നതു പോലെയുമായിരുന്നു. എന്റെ സാന്നിധ്യം തിരിച്ചറിയുന്ന മാത്രയില്‍ അവര്‍ പൊടുന്നനെ നിശബ്ദരാകുകയും ചെയ്തു.

കിണറിന്റെ ഇരുവശങ്ങളിലും കവുങ്ങിന്‍ തടിയുടെ തൂണുകള്‍ നാട്ടി, അവയുടെ മുകളറ്റങ്ങളെ തമ്മില്‍ മറ്റൊരു കവുങ്ങിന്‍ തടികൊണ്ട് ബന്ധിപ്പിച്ച്, അതിന്റെ മധ്യത്തില്‍ ഒരു കപ്പിയും കയറും ഞാത്തിയതിനു ശേഷമായിരുന്നു അവര്‍ തുടര്‍ന്നു കുഴിക്കാന്‍ ആരംഭിച്ചത്. കിണറിന്റെ വാവട്ടം തുടങ്ങുന്നിടത്ത് ചവുട്ടി നില്‍ക്കുന്നതിനുവേണ്ടി രണ്ട് കവുങ്ങിന്‍ തടികള്‍ ചേര്‍ത്തിടുക കൂടി ചെയ്തു അവര്‍.

ആദ്യം ഒരാള്‍ കിണറ്റിലിറങ്ങി പിക്കാക്‌സുകൊണ്ട് മണ്ണിളക്കി, കപ്പിയിലൂടെ ഇട്ട കയറിന്റെ അറ്റത്ത് ബന്ധിച്ചിട്ടുളള കൊട്ടയില്‍ തൂമ്പകൊണ്ട് കോരി നിറച്ചുകൊടുക്കും. മറ്റെയാള്‍ അത് മുകളില്‍നിന്നു വലിച്ചുകോരി, കൊട്ട കാലിയാക്കി താഴേയ്ക്കു തിരിച്ചയക്കും. അങ്ങനെ രണ്ടടിയോളം കുഴിച്ചു കഴിയുമ്പോള്‍ മുകളില്‍ നിന്നിരുന്ന ആള്‍ കിണറ്റിലിറങ്ങുകയും കിണറ്റിലുണ്ടായിരുന്ന ആള്‍ മുകളില്‍ കയറുകയും ചെയ്ത് ഇതേ പ്രവൃത്തി തുടരും.

എന്തായാലും, ചെറ്റപ്പാറയുടെ അടര് കുഴിക്കാന്‍ തുടങ്ങിയതോടെ പണി മന്ദഗതിയിലായി.

ചെങ്കല്‍പ്പാറയായിത്തീരാന്‍ തക്ക വര്‍ഗ്ഗഗുണമോ ഘടനാവിശേഷമോ ഇല്ലാത്ത, എന്നാല്‍ പാറയെന്ന അഹങ്കാരം വേണ്ടുവോളം വെച്ചുപുലര്‍ത്തിയിരുന്ന ഒരു തരം മണ്ണടരുകളായിരുന്നു ചെറ്റപ്പാറകള്‍. അവ എപ്പോള്‍ ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് പ്രവചിക്കുക അസാധ്യമായിരുന്നു. ചിലപ്പോള്‍ പിക്കാക്‌സുകൊണ്ടുള്ള ഒറ്റ കൊത്തിന് കൊത്തുന്നിടം മുഴുവനും ഇളകിക്കിട്ടും. മറ്റു ചിലപ്പോള്‍ പത്തു തവണ കൊത്തിയാലും തരിമ്പും കുലുങ്ങുകയുമില്ല.

'ഇരുമ്പേലിട്ട് കൊത്തണ പോലൊണ്ട്' അപ്പോള്‍ ചന്ദ്രന്‍ പറയും. 'എരട്ടി ശക്തീലല്യോ തിരിച്ചു തെറിക്കണെ.'
പതുക്കെപ്പതുക്കെ പടയിഞ്ചപ്പടര്‍പ്പിനു നടുവിലെ തവിട്ടുനിറമുള്ള മേല്‍മണ്ണിന്റെ കൂനയ്ക്കരികിലായി ഇളംമഞ്ഞ നിറമുള്ള ചെറ്റപ്പാറയുടെ കൂനയും ഉയരാന്‍ തുടങ്ങി.

ദിവസങ്ങള്‍ പിന്നിട്ടിട്ടും വക്കച്ചനും ചന്ദ്രനുമായി അടുക്കാനോ അവരുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാനോ എനിക്കു കഴിഞ്ഞിരുന്നില്ല. തുടക്കത്തിലെ അകല്‍ച്ചയും അപരിചിതത്വവും തുടര്‍ന്നും അവര്‍ എന്നോടു പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല. ഒന്നു രണ്ടു തവണ അവരുമായി ലഘുഭാഷണങ്ങള്‍ക്കു മുതിര്‍ന്നപ്പോഴാകട്ടെ, മറുപടി ഒറ്റവാക്കിലോ മൂളലിലോ ഒതുക്കി അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

തെങ്ങിന്റെ പച്ചോലകള്‍ വൃത്തത്തില്‍ കുത്തി നിര്‍ത്തിയുണ്ടാക്കിയ ഒരു കൂടാരത്തിനുള്ളിലായിരുന്നു വക്കച്ചന്റേയും ചന്ദ്രന്റേയും ഉച്ചവിശ്രമം. കൂടാരം നിര്‍മ്മിക്കുന്നതിനുവേണ്ടി കായ്ഫലമുള്ള രണ്ടു തെങ്ങുകളില്‍നിന്നായി ചന്ദ്രന്‍ പച്ചോലകള്‍ വെട്ടിയിറക്കിയത് എനിക്ക് ഒട്ടും രസിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും തുടക്കത്തില്‍ത്തന്നെ മുഷിയേണ്ടെന്നു കരുതി ഞാന്‍ നിശബ്ദത പാലിച്ചു. 

കൂടാരത്തിനുള്ളിലെ അവരുടെ വിശ്രമവേള പരിധിവിട്ട് നീണ്ടുപോയപ്പോഴൊക്കെ ഞാന്‍ അസഹിഷ്ണുവായി. 
പക്ഷേ, അവരോട് എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. അവര്‍ എന്നോട് പുലര്‍ത്തിപ്പോന്ന അകലവും മമതയില്ലായ്മയുമായിരുന്നു അതിനു കാരണം.

അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി വക്കച്ചന്‍ എന്നോട് ചോദിച്ചു: 'സാറിന് എന്നെ ഓര്‍മ്മയുണ്ടോ?'

കൗശലം ഒളിച്ചുകളിക്കുന്ന ഒരു ജോടി കണ്ണുകളോ നീണ്ട ഒരു മുഖമോ എന്റെ ഓര്‍മ്മയിലെവിടെയും തെളിയുകയുണ്ടായില്ല.

'മറന്നിട്ടുണ്ടാവാന്‍ വഴിയില്ല. സാറ് ശരിക്കൊന്ന് ഓര്‍ത്തുനോക്ക്' അയാള്‍ പറഞ്ഞു.

അഞ്ച് 

ചെറ്റപ്പാറയുടെ അടര് പൂര്‍ണ്ണമായി അവസാനിക്കുകയും അതിനു താഴെ കോഴിക്കരളന്‍ കല്ലുകള്‍ ദൃശ്യമാകാന്‍ തുടങ്ങുകയും ചെയ്ത ദിവസമായിരുന്നു അത്.

കിണര്‍ അതിനകം ഏതാണ്ട് ഒന്‍പതു കോല്‍ ആഴത്തില്‍ എത്തിയിരുന്നു.

'പണിയായല്ലോ' കിണറിനുള്ളില്‍നിന്നിരുന്ന ചന്ദ്രന്‍ മുകളില്‍നിന്ന വക്കച്ചനോടു വിളിച്ചു പറഞ്ഞു.

ചന്ദ്രന്റെ ശബ്ദത്തിനു കിണറിന്റെ ആഴം നല്‍കിയ മുഴക്കമുണ്ടായിരുന്നു.

ചെറ്റപ്പാറയുടെ അടരിനു കീഴെ തെളിഞ്ഞത് കോഴിക്കരളിന്റെ വലിപ്പവും ആകൃതിയുമുള്ള, അതേ നിറവും മിനുപ്പുമുള്ള കല്ലുകളുടെ ഒരു അടുക്കായിരുന്നു. അവയെ ഇളക്കുക എളുപ്പമായിരുന്നുവെങ്കിലും കോരിയെടുക്കുക ശ്രമകരമായിരുന്നു. തൂമ്പകൊണ്ട് കോരാന്‍ തുടങ്ങുമ്പോള്‍ത്തന്നെ പാതിമുക്കാലും താഴേയ്ക്കു വഴുതിപ്പോയിരിക്കും. അത്രയ്ക്കായിരുന്നു അവയുടെ മിനുപ്പ്. എത്ര കഷ്ടപ്പെട്ടാലും കൊട്ട നിറയ്ക്കുക അസാധ്യമായിരുന്നു. കൊട്ട നിറയാന്‍ തുടങ്ങുന്നതിനൊപ്പം തന്നെ കല്ലുകള്‍ താഴേയ്ക്ക് ഉതിരാനും തുടങ്ങുമായിരുന്നു.

'മനുഷ്യര്‌ടെ ഉള്ളിലെ രഹസ്യങ്ങള് പോലാ' വക്കച്ചന്‍ പറഞ്ഞു. 'എത്ര കോരിയെടുത്താലും പിന്നേം ബാക്കി കിടക്കും. ഒരു പരിധി കഴിഞ്ഞാ പിന്നെ നിറയ്ക്കാനൊട്ടു പറ്റത്തുമില്ല.'

'ചെയ്താ വല്ലോം കാണാനൊണ്ടോ, അതില്ല. പണിയൊട്ട് നീങ്ങത്തുമില്ല.' ചന്ദ്രന്‍ കിണറ്റിനുള്ളില്‍നിന്നു തനിക്കു പറയാനുളളതും കൂട്ടിച്ചേര്‍ത്തു.

ചന്ദ്രന്‍ സ്വതന്ത്രമായി എന്തെങ്കിലും പറയുന്നത് അപൂര്‍വ്വമായിരുന്നു. വക്കച്ചന്‍ പറയുന്നതിനോടു കൂട്ടിച്ചേര്‍ക്കുക മാത്രമാണ് അയാള്‍ പലപ്പോഴും ചെയ്തിരുന്നത്.

അന്ന് ഉച്ചഭക്ഷണത്തിനുശേഷമുള്ള ഇടവേളയിലാണ് തന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യം വക്കച്ചന്‍ എന്നോട് ചോദിക്കുകയുണ്ടായത്.

ഞാന്‍ എത്രതന്നെ പരതിയിട്ടും വക്കച്ചന്റെ മുഖം ഓര്‍മ്മയിലെവിടെയും തെളിയുകയുണ്ടായില്ല.

'സാറ് പത്തില്‍ എന്നെ ട്യൂഷന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രയാഗ ട്യൂട്ടോറിയല്‍സില്‍' വക്കച്ചന്‍ പറഞ്ഞു.

'പ്രയാഗയിലോ? അതിനു ഞാന്‍ പ്രയാഗയില്‍ പഠിപ്പിച്ചിട്ടില്ലല്ലോ വക്കച്ചാ. ഞാന്‍ പഠിപ്പിച്ചിരുന്നത് നളന്ദയിലാണ്.'

പ്രയാഗയും നളന്ദയും തെങ്ങിന്‍ പലകകളുടെ ഭിത്തിയും ഓല മേല്‍ക്കൂരയുമുള്ള, ഒരു നിരത്തിന്റെ അപ്പുറവും ഇപ്പുറവുമായി നിലകൊള്ളുകയും അന്യോന്യം മത്സരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത രണ്ട് ട്യൂട്ടോറിയല്‍ കോളജുകളായിരുന്നു. രണ്ടു സ്ഥാപനങ്ങളുടേയും പ്രധാന ആകര്‍ഷണം അവയുടെ ലാബ് അറ്റാച്ച്ഡ് പദവിയായിരുന്നു. പ്രയാഗ ലാബ് അറ്റാച്ച്ഡ് ആയതിനു തൊട്ടുപിന്നാലെ നളന്ദയും ആ പദവി നേടുകയുണ്ടായി. സ്‌കൂള്‍ തുറപ്പുകാലത്ത് കോളാമ്പി വച്ചുകെട്ടി, നോട്ടീസുകള്‍ വിതരണം ചെയ്തുകൊണ്ട് നളന്ദയുടെ അനൗണ്‍സ്‌മെന്റ് ജീപ്പ് സഞ്ചരിക്കുമ്പോള്‍ തൊട്ടു പിന്നിലായി, തരിമ്പും വിട്ടുകൊടുക്കാതെ പ്രയാഗയുടെ അനൗണ്‍സ്‌മെന്റ് ജീപ്പും സഞ്ചരിച്ചു.

നളന്ദയില്‍ അല്ലെങ്കില്‍ പ്രയാഗയില്‍ ചേര്‍ന്നു പഠിക്കാത്തതായി അക്കാലത്ത് ഒറ്റക്കുട്ടിപോലും ഇല്ലായിരുന്നു. നൂറു ശതമാനം വിജയം എന്നതായിരുന്നു രണ്ടു സ്ഥാപനങ്ങളും നല്‍കിയിരുന്ന ഉറപ്പ്. തോല്‍ക്കുന്ന കുട്ടികളുടെ എണ്ണം ഉള്‍പ്പെടാത്ത ശതമാനക്കണക്കായിരുന്നു അതെന്നു മാത്രം.

'അല്ല, സാറു പഠിപ്പിച്ചിരുന്നത് പ്രയാഗയിലാ. സാറിന് ഓര്‍മ്മ തെറ്റീട്ടാ. പത്തു നാല്‍പ്പതു വര്‍ഷം മുന്‍പത്തെ കാര്യമല്ലേ' വക്കച്ചന്‍ പറഞ്ഞു.

'നളന്ദയില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരുച്ചനേരത്ത് പോസ്റ്റ്മാന്‍ പി.എസ്.സിയില്‍നിന്നുള്ള അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡറുമായി വന്നതൊക്കെ എനിക്ക് പകല്‍ വെളിച്ചംപോലെ ഓര്‍മ്മയുണ്ട് വക്കച്ചാ' ഞാന്‍ പറഞ്ഞു.

'എന്നിട്ടാണോ ഞങ്ങടെ ക്ലാസ്സിലെ സരളയ്ക്ക് പ്രേമലേഖനം കൊടുത്തതിന് സാറിനെ പ്രയാഗയില്‍നിന്നു പുറത്താക്കിയത്' വക്കച്ചന്‍ ചോദിച്ചു.

ഞാന്‍ ഒരു നിമിഷത്തേക്ക് സ്തബ്ധനായിപ്പോയി.

'അല്ലേലും ഓര്‍മ്മകള്‍ എപ്പോഴും അങ്ങനാ സാറേ' വക്കച്ചന്‍ തുടര്‍ന്നു: 'നമ്മടെ തെറ്റുകുറ്റങ്ങളൊക്കെ മൂടിവെച്ച് സുന്ദരമായ നുണകളുണ്ടാക്കി നമ്മളെത്തന്നെ വിശ്വസിപ്പിച്ചു കളയും. അതുകൊണ്ടല്യോ ജീവിതം സുഗമമായി ഇങ്ങനെ മുന്നോട്ടു പോകുന്നതുതന്നെ.'

വക്കച്ചന്റെ തത്ത്വം പറച്ചില്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍.

'ഏതു സരളയുടെ കാര്യമാ വക്കച്ചന്‍ ഈ പറയുന്നെ?' ഞാന്‍ ചോദിച്ചു.

'ഈ ചന്ദ്രന്റെ പെങ്ങള്‍ സരള. ഇതൊന്നും ആര്‍ക്കും അറിയാന്‍ പാടില്ലെന്നാണോ സാറിന്റെ വിചാരം. ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കല്ലേ സാറേ.'

ചന്ദ്രന്‍ ആ സമയം കിണറ്റിനുള്ളില്‍ ആയിരുന്നതുകൊണ്ട് വക്കച്ചന്‍ പറയുന്നതൊന്നും കേള്‍ക്കുന്നുണ്ടാവില്ലെന്ന് ഞാന്‍ വിശ്വസിച്ചു. ചന്ദ്രനെ തുടര്‍ന്നും അഭിമുഖീകരിക്കേണ്ടിവരുന്ന കാര്യമോര്‍ത്ത് ജാള്യത തോന്നുകയും ചെയ്തു.

'സരള ഇപ്പോള്‍ പൊലീസിലാ. ട്രാഫിക് ഐലന്റിലെ ഡ്യൂട്ടിക്കിടെ ഒരിക്കല്‍ സാറ് കാറില്‍ പോകുന്നതു കണ്ട കാര്യം അവള് പറഞ്ഞു. അന്നു കാറില്‍ സാറിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ഒരു വശപ്പെശകു കേസായിട്ടാണ് തന്റെ പൊലീസ് ബുദ്ധിക്കു തോന്നിയതെന്നു പറഞ്ഞ് അവള്‍ കുറെ ചിരിച്ചു' വക്കച്ചന്‍ പറഞ്ഞു.

ഞാന്‍ എന്തു പറയണമെന്നറിയാതെ സ്തംഭിച്ചുനിന്നു.

'എന്തായാലും സാറ് ജോലിയൊക്കെ കിട്ടി അക്കാലത്തുതന്നെ രക്ഷപ്പെട്ടു. കുടുംബവും കുട്ടികളുമായി. മാന്യതയും അന്തസ്സുമായി. സാറു പഠിപ്പിച്ചിട്ടും എന്റെയൊക്കെ ജീവിതം അമ്പേ പരാജയപ്പെട്ടുപോയി സാറേ.'
ഇപ്പറഞ്ഞ കുറ്റങ്ങളൊന്നും ഏറ്റെടുക്കേണ്ട ബാധ്യത എനിക്ക് ഇല്ലാതിരുന്നിട്ടും വക്കച്ചനു മുന്നില്‍ എന്തുകൊണ്ടോ തലയുയര്‍ത്താനാകാതെ ഞാന്‍ നിന്നു.

ആറ് 

നാലുകോല്‍ കൂടി കുഴിച്ചു ചെന്നതോടെ കോഴിക്കരളന്‍ കല്ലുകളുടെ അടുക്ക് തീര്‍ന്നു. പ്രഭാകരന്‍ പറഞ്ഞ കണക്കനുസരിച്ചാണെങ്കില്‍ ഇനി ഒന്‍പതു കോല്‍ കൂടി കഴിഞ്ഞാല്‍ ഉറവ കാണേണ്ടതാണ്. കോഴിക്കരളന്‍ കല്ലുകള്‍ക്കു കീഴെ തെളിഞ്ഞത് എളുപ്പത്തില്‍ ഉടയുന്ന, ചുണ്ണാമ്പുകട്ടപോലെയുള്ള വെള്ളപ്പൂഴിയായിരുന്നു. ഒരു കോല്‍ നീളത്തിന്റെ ഇടവേളയില്‍ അരഞ്ഞാണങ്ങള്‍ വെട്ടിയായിരുന്നു വക്കച്ചനും ചന്ദ്രനും താഴേക്ക് കുഴിച്ചു പൊയ്‌ക്കൊണ്ടിരുന്നത്. വെള്ളപ്പൂഴി കണ്ടതോടെ തുടര്‍ന്ന് അരഞ്ഞാണം വെട്ടുക ദുഷ്‌കരമായേക്കാം എന്ന് വക്കച്ചന്‍ പറഞ്ഞു. വെള്ളപ്പൂഴിയുടെ ഉറപ്പില്ലായ്മയായിരുന്നു അതിനു കാരണം. അല്ലെങ്കില്‍ കുറച്ചുനാള്‍ വെയില്‍കൊണ്ടു കിടന്ന് അതൊന്നു മൂക്കണം.

വെള്ളപ്പൂഴിയുടെ അടര് കുഴിക്കാന്‍ തുടങ്ങിയതോടെ, ജോലിയുടെ ആയാസരാഹിത്യം കൊണ്ടാവണം വക്കച്ചനും ചന്ദ്രനും ലഘുചിത്തരായി മാറിയതുപോലെ തോന്നി.

വക്കച്ചന്‍ എന്നെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളെല്ലാം അയാള്‍ തന്നെ മറന്നതു പോലെയുണ്ടായിരുന്നു. എനിക്ക് യാതൊരു മുന്‍പരിചയമില്ലാത്ത ഒരാള്‍ എന്റെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഭാഗഭാക്കായിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതൊന്നും ഞാന്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യംപോലും ഉണ്ടായിരുന്നില്ല. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനു കഴിഞ്ഞില്ല. മാത്രമല്ല, വക്കച്ചന്‍ പറയുന്നതില്‍ ചിലപ്പോള്‍ വല്ല വാസ്തവവും ഉണ്ടായിക്കൂടേ എന്ന തോന്നല്‍പോലും എനിക്കുണ്ടായി. ജീവിതത്തിന്റെ അപരാഹ്നത്തില്‍ എത്തിയ ഒരാള്‍ മറ്റൊരാളുടെ കാഴ്ചപ്പാടുകളുടെ നേര്‍ക്ക് അത്രയെങ്കിലും ഉദാരനാവേണ്ടതുണ്ട് എന്നുകൂടി എനിക്കു തോന്നുകയുണ്ടായി.

എന്റെ ഇതുവരെയുള്ള ജീവിതം മനുഷ്യസഹജമായ ചില ദൗര്‍ബ്ബല്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മാതൃകാപരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു എന്നു നിസ്സംശയം പറയാം. പഠിക്കേണ്ട കാലത്ത് അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായി കൃത്യമായി പഠിച്ചു. മുദ്രാവാക്യം വിളിച്ചു കൊണ്ട് സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ഇടയിലൊന്നും ഒരിക്കലും ഞാനുണ്ടായിരുന്നില്ല. മത്സരപ്പരീക്ഷയെഴുതി കൃത്യസമയത്തുതന്നെ ജോലി സമ്പാദിച്ചു. വൈകാതെ വിവാഹം കഴിച്ചു. കുട്ടികളും കുടുംബവുമായി. സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളെല്ലാം സമയാസമയങ്ങളില്‍ പാസ്സായി ഏറ്റവുമുയര്‍ന്ന പദവിയിലെത്തി. വാര്‍ഷിക വിലയിരുത്തലുകളിലെല്ലാം മേലധികാരികളില്‍നിന്ന് ഏറ്റവുമുയര്‍ന്ന ഗ്രേഡ് നേടി. ഒടുവില്‍ എല്ലാവിധ ആനുകൂല്യങ്ങളോടെയും ജോലിയില്‍നിന്നു വിരമിച്ചു.

ചെറുപ്പത്തില്‍ മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ എന്നെക്കണ്ട് പഠിക്കണമെന്ന് അവരെ ഉപദേശിക്കുക സാധാരണയായിരുന്നു. ചില മാതാപിതാക്കള്‍ ഒരു പടികൂടി കടന്ന് 'നീയൊക്കെ പോയി അവന്റെ കാലു കഴുകിയ വെള്ളം കുടിച്ചിട്ടു വാ' എന്നുവരെ കുട്ടികളോടു പറയുമായിരുന്നു.

അങ്ങനെയുള്ള എന്റെ നേര്‍ക്കാണ് വക്കച്ചന്‍ അറിഞ്ഞോ അറിയാതേയോ ഇത്തരം അസംബന്ധങ്ങള്‍ ആരോപിച്ചിരിക്കുന്നത്.

'സാറേ കെണറ്റിനുള്ളില്‍ ഒന്നെറങ്ങി നോക്കുന്നോ?' ഒരു ദിവസം വക്കച്ചന്‍ എന്നോടു ചോദിച്ചു. 'ഇനീം താഴോട്ടു കുഴിച്ചു പോകുമ്പോള്‍ അരഞ്ഞാണമില്ലാത്തതോണ്ട് ഇറങ്ങാന്‍ പാടായിരിക്കും.'

വക്കച്ചന്‍ കിണറിനുള്ളില്‍നിന്നു കുഴിക്കുകയും ചന്ദ്രന്‍ മുകളില്‍നിന്നു മണ്ണ് വലിച്ചു കോരുകയുമായിരുന്നു അപ്പോള്‍.

'ഓ വേണ്ട വക്കച്ചാ' ഞാന്‍ പറഞ്ഞു. 'ഈ പ്രായത്തില്‍ എന്നെക്കൊണ്ടു വയ്യ.'

'സാറിന് എവ്‌ടെ പ്രായമായെന്നാ ഈ പറയണെ' ചന്ദ്രനാണത് പറഞ്ഞത്. 'സാറ് ദേ ഈ കയറേ തൂങ്ങി, അരഞ്ഞാണത്തെ ചവുട്ടി ഒന്നെറങ്ങി നോക്കെന്നേ.'

ചന്ദ്രന്‍ അങ്ങനെ പറഞ്ഞപ്പോള്‍, കിണറ്റിലിറങ്ങാനുള്ള ധൈര്യമോ ആത്മവിശ്വാസമോ ഒട്ടുമില്ലാതിരുന്നിട്ടും, എനിക്ക് നിഷേധിക്കാനായില്ല.

കപ്പി ഞാത്തിയിരുന്ന കവുങ്ങിന്‍ തടിയില്‍ കിണറ്റിലിറങ്ങാനും കയറാനുമായി കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങി ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വക്കച്ചന്‍ താഴെനിന്നു പ്രോ ത്സാഹിപ്പിച്ചു: 'സാറ് ധൈര്യമായിട്ട് പോരെ. ഞാനില്ലേ ഇവിടെ.'

പരിചയമില്ലാത്ത പ്രവൃത്തിയായതുകൊണ്ട് കൈകളിലേയും തോളിലേയും പേശികള്‍ വലിഞ്ഞ് വേദനിച്ചതൊഴിച്ചാല്‍ മറ്റു ബദ്ധപ്പാടുകളൊന്നുമില്ലാതെ ഞാന്‍ അടിത്തട്ടിലെത്തി.

തണുത്ത മണ്ണില്‍ കാലുറപ്പിച്ചതും ആദ്യം അനുഭവപ്പെട്ടത് പച്ചമണ്ണിന്റെ മണമാണ്.

മണ്ണിന് ഒരു കറയുണ്ടെങ്കില്‍ അതിന്റെ മണം.

ആറടി വ്യാസത്തില്‍ പതിമൂന്നു കോല്‍ താഴ്ചയില്‍നിന്നു ഞാന്‍ മുകളിലേക്കു നോക്കി.

മുറിച്ചെടുത്ത വൃത്തംപോലെ മീനപ്പകലിന്റെ മേഘരഹിതമായ ആകാശം. ആ വൃത്തത്തിന്റെ ഓരത്ത്, കുത്തനെ വീഴുന്ന വെയിലിനെതിരെ ചന്ദ്രന്റെ ഇരുണ്ട ഉടല്‍.

കിണറിനുള്ളില്‍ വല്ലാത്ത പുഴുക്കമായിരുന്നു. എനിക്കു തൊട്ടു മുന്നില്‍ ആറടിപ്പൊക്കത്തില്‍ വക്കച്ചന്റെ ദൃഢഗാത്രം വിയര്‍ത്തുരുകി നിന്നു.

ഒന്നെനിക്കു മനസ്സിലായി. കിണറിന്റെ ഇടുങ്ങിയ വ്യാസത്തില്‍ ഒരാള്‍ക്ക് മറ്റെയാളില്‍നിന്ന് ഒരു രക്ഷപ്പെടലില്ല. ശരീരഗന്ധമുള്‍പ്പെടെ സഹിച്ചുകൊണ്ട് രണ്ടു പേരും പരസ്പരം അഭിമുഖീകരിച്ചേ മതിയാകൂ.
അതു മനസ്സിലാക്കിയിട്ടെന്നോണം വക്കച്ചന്‍ എന്നെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു.

'സാറിന് രാജീവനെ ഓര്‍മ്മയുണ്ടോ?' വക്കച്ചന്‍ എന്നോടു ചോദിച്ചു. 'സാറിന്റെ ഒറ്റ കടും പിടുത്തംകൊണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ട, ജോലിയിലൊക്കെ മിടുമിടുക്കനായിരുന്ന 
കീഴുദ്യോഗസ്ഥന്‍. എന്റെ സുഹൃത്തായിരുന്നു അവന്‍. ഇല്ലാത്ത ഒരു പെണ്ണുകേസല്യോ സാറ് അവന്റെ തലേല്‍ ചാര്‍ത്തിക്കൊടുത്തത്. എന്തായാലും ട്രെയിനിനു തലവെച്ച് അവന്‍ ആ നാണക്കേടില്‍നിന്നു മോചനം നേടി. അവന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നറിയുമോ സാറിന്...'

വക്കച്ചന്റെ കത്തുന്ന കണ്ണുകള്‍ക്കു മുന്നില്‍ ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു വിഷണ്ണനായി നിന്നു.

'വക്കച്ചന്‍ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല' ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. 'ഇപ്പറയുന്ന രാജീവനെ എനിക്കറിയില്ല. ഞാന്‍ ആരെയുമൊട്ട് സസ്‌പെന്റ് ചെയ്തിട്ടുമില്ല.'

'അതുപോട്ടെ' വക്കച്ചന്‍ പറഞ്ഞു. 'ഞാനിപ്പോള്‍ സാറിനെ താഴേയ്ക്ക് ക്ഷണിച്ചത് എന്തിനാണെന്നറിയുമോ?'
ഞാന്‍ നിശ്ശബ്ദനായി നിന്നു.

'മുകളിലോട്ട് ഒന്നു നോക്കിയാട്ടെ' വക്കച്ചന്‍ പറഞ്ഞു. 'ആ പെണ്ണ് മുങ്ങിച്ചാകുമ്പോള്‍ അവസാനമായി കണ്ട കാഴ്ചയും ഇതുതന്നെയായിരിക്കണം: കിണറിന്റെ വാവട്ടമുള്ള ഒരാകാശം.'

'ഏതു പെണ്ണ്?' ഞാന്‍ ചോദിച്ചു.

'ഓ... ഒന്നുമറിയാത്ത ഒരു പാവം!' വക്കച്ചന്‍ പറഞ്ഞു. 'സാറിന്റെ പത്തിലെ ട്യൂഷന്‍ ടീച്ചര്‍. ലളിതച്ചേച്ചി. അല്ലാതാര്?'

ഏഴ് 

ലളിതച്ചേച്ചി എന്റെ ട്യൂഷന്‍ ടീച്ചറൊന്നുമായിരുന്നില്ല. പാഠഭാഗങ്ങളിലെ സംശയം തീര്‍ക്കാന്‍ ഞാന്‍ ഇടയ്ക്കിടെ സമീപിക്കുമായിരുന്ന ഞങ്ങളുടെ അയല്‍പക്കത്തെ ചേച്ചിയായിരുന്നു. അതാകട്ടെ, പ്രതിഫലമൊന്നും പറ്റാതെയുള്ള ഒരു സൗജന്യ സേവനവുമായിരുന്നു. എന്നാല്‍, സൗജന്യം എന്നു തീര്‍ത്ത് പറയാനും പറ്റുമായിരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ വരുത്തിയിരുന്ന വര്‍ത്തമാനപ്പത്രം എല്ലാ വൈകുന്നേരങ്ങളിലും എടുത്തുകൊണ്ടുപോയി വായിച്ചിരുന്നതിനുള്ള അവരുടെ ഒരു പ്രത്യുപകാരം കൂടിയായിരുന്നു അത്. പത്രം വായിക്കുക മാത്രമല്ല, അതില്‍ വരുന്ന ജോലി ഒഴിവുകളുടെ പരസ്യങ്ങളെല്ലാം കണ്ട് കൃത്യമായി അപേക്ഷ അയയ്ക്കുകയും ചെയ്തിരുന്നു ലളിതച്ചേച്ചി. പക്ഷേ, എന്തുകൊണ്ടോ ബിരുദധാരിണിയായിരുന്ന ലളിതച്ചേച്ചിക്ക് ജോലികളൊന്നും ഒത്തുവരികയുണ്ടായില്ല.

ലളിതച്ചേച്ചിയെക്കൂടാതെ അവരുടെ വീട്ടിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ മൂത്ത സഹോദരനും സഹോദരിയും അമ്മയുമായിരുന്നു. മൂത്ത സഹോദരന്‍ മനയ്ക്കലെ കാര്യസ്ഥനും നാട്ടിലെ റേഷന്‍ കടയുടമയും അറുപിശുക്കനുമായ ശങ്കുണ്ണി നായരായിരുന്നു. അമ്മയും സഹോദരിയുമാകട്ടെ, ചിത്തരോഗികളുമായിരുന്നു. ചിത്തഭ്രമത്തിന്റെ മൂര്‍ച്ഛയില്‍ സന്തോഷ സന്താപങ്ങളെ അതിജീവിച്ച അവര്‍ വീട്ടിലെ ഇരുട്ടുമുറികളില്‍ നിതാന്തമായ സ്വാസ്ഥ്യം കണ്ടെത്തി. ലളിതച്ചേച്ചിയോ മൂത്ത രണ്ടു സഹോദരങ്ങളുമോ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹാലോചനക്കാരാരും വഴി തെറ്റിപ്പോലും അവരുടെ വീട്ടുമുറ്റത്ത് കാലുകുത്തുകയുണ്ടായിട്ടില്ല എന്നതായിരുന്നു വാസ്തവം.

തനിക്ക് ഒരു രക്ഷപ്പെടലുണ്ടെങ്കില്‍ അത് ഒരു ജോലി ലഭിക്കുന്നതിലൂടെ മാത്രമായിരിക്കും എന്ന് ലളിതച്ചേച്ചി വിശ്വസിച്ചതുപോലെയുണ്ടായിരുന്നു. അതിനുവേണ്ടി അവര്‍ നിരന്തരമായി ജോലിക്കുള്ള അപേക്ഷകള്‍ അയയ്ക്കുകയും കാത്തിരിക്കുകയും ചെയ്തുപോന്നു.

പത്താം ക്ലാസ്സ് ഫൈനല്‍ പരീക്ഷയ്ക്കു മുന്‍പുള്ള സ്റ്റഡി ലീവിന് ബയോളജി പുസ്തകവുമായി ഒരു സംശയനിവാരണത്തിന് ലളിതച്ചേച്ചിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഞാന്‍. അറയും നിരയും പത്തായപ്പുരയുമുള്ള, ഓടിട്ട ഒരു വലിയ വീടായിരുന്നു ലളിതച്ചേച്ചിയുടേത്. ഇളം തിണ്ണയില്‍നിന്ന് ഇറയത്തേയ്ക്ക് പ്രവേശിക്കുന്ന പടികള്‍ക്കിരുവശവുമായി ബ്ലാക് ഓക്‌സൈഡ് പൂശിയ, നീണ്ട അരപ്ലെയ്‌സ് ഉണ്ടായിരുന്നു. അവിടെവെച്ചായിരുന്നു ലളിതച്ചേച്ചി എന്റെ സംശയങ്ങള്‍ നിവര്‍ത്തിച്ചു തന്നിരുന്നത്.
അത് ഒരുച്ചനേരമായിരുന്നു. കുംഭമാസത്തിന്റെ തെളിഞ്ഞ ആകാശത്തിനു കീഴെ ഉച്ചക്കാറ്റ് വെയിലിനെ ഊതിക്കത്തിച്ചുകൊണ്ടിരുന്നു. ചരല്‍മുറ്റത്ത് നെല്ലിയുടേയും ഇരുമ്പന്‍ പുളിയുടേയും കുള്ളന്‍ നിഴലുകള്‍ പതിഞ്ഞമര്‍ന്നു കിടന്നു.

പടിഞ്ഞാറ്റ ഉച്ചമയങ്ങുകയും പണിയെടുത്തു തളര്‍ന്ന അടുക്കള വീടിന്റെ വടക്കു പുറത്ത് കാറ്റു കൊള്ളാനിരിക്കുകയും ചെയ്തു. പുഴുങ്ങിയുണങ്ങിയതിലൂടെ വന്ധ്യംകരിക്കപ്പെട്ടു പോയ നെന്മണികളുടെ നീറ്റല്‍ പത്തായപ്പുരയില്‍ ആവിയായി നിറഞ്ഞു.

സമയം കടന്നുപോകെ അരപ്ലെയ്‌സിലിരുന്ന ബയോളജി പുസ്തകം അദ്ധ്യാപികയും പഠിതാവുമില്ലാതെ അനാഥമായി. പാതി തുറന്ന നിലയില്‍ ഉപേക്ഷിക്കപ്പെട്ട അതിന്റെ താളുകള്‍ അപ്പോള്‍ ഇറയത്തേക്കു കയറിവന്ന ഉച്ചക്കാറ്റ് മറിച്ചു നോക്കാന്‍ തുടങ്ങി.

അറപ്പുരയ്ക്കുളളില്‍ അപ്പോള്‍ ഇരുട്ടായിരുന്നു. ഉടുതുണികളഴിഞ്ഞ ഇരുട്ട് അടിമുടി നഗ്‌നമായിക്കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ നെഞ്ചില്‍ മൃദുഫലങ്ങള്‍ വിളഞ്ഞുനിന്നു. അതിന്റെ അടിവയര്‍ താഴേയ്ക്ക് ഒഴുകിയിറങ്ങി ഒരു ചുഴിയില്‍ ചെന്നവസാനിച്ചു. ഇടുക്കുകളില്‍ ഗന്ധകം മണത്തു.
പൊടുന്നനെ ഇരുട്ട് കനത്തു ശ്വസിക്കാനും അടിമുടി വിയര്‍ക്കാനും തുടങ്ങി.

ബയോളജി പുസ്തകം പലതും പറയാതെ വിട്ടിരുന്നു:

അന്യോന്യം പൂട്ടു വീണുപോകുന്ന രണ്ടു ജോഡി ചുണ്ടുകള്‍ ഒടുവില്‍ എങ്ങനെ വേര്‍പെടുമെന്ന്.
തുടകള്‍ക്കിടയിലെ വിദ്യുത്‌സ്ഫുലിംഗം എങ്ങനെ മെരുങ്ങുമെന്ന്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

എട്ട് 

വെള്ളപ്പൂഴിയുടെ അഞ്ചു കോലോളം പോന്ന അടരിനു കീഴെ കസവു നേര്യതിനെ ഓര്‍മ്മിപ്പിക്കുന്ന മണ്ണടുക്കായിരുന്നു.

ഇളം ചന്ദനത്തിന്റെ നിറം. അരികുകളില്‍ പൊന്നിന്‍ കര.

ആ ദിവസങ്ങളിലൊന്നിലാണ് പ്രഭാകരന്‍ ആദ്യമായി കിണറു പണിയുടെ പുരോഗതി വിലയിരുത്താന്‍ എത്തിയത്.

വന്നപാടെ അയാള്‍ അപ്പോള്‍ കോരിയിട്ട ചന്ദന നിറമുള്ള മണ്ണില്‍നിന്ന് ഒരു പിടിയെടുത്ത് കൈക്കുള്ളിലിട്ട് ഞെരടി പൊടിയൂതിക്കളഞ്ഞ് എന്നെ കാണിച്ചു.

ആറ്റുമണലിന്റെ തങ്കത്തരികളായിരുന്നു അത്.

പൊന്നിന്‍കരപോലെയുള്ള ഭാഗത്തുനിന്ന് ഒരു നുള്ളു മാത്രമെടുത്തും അയാള്‍ എന്നെ കാണിച്ചു. മണ്ണു കലരാത്ത ശുദ്ധമായ ആറ്റുമണല്‍ തന്നെയായിരുന്നു അത്.

'ഏറിവന്നാല്‍ മൂന്നു കോല്‍ കൂടി' പ്രഭാകരന്‍ പറഞ്ഞു. 'അതിനുളളില്‍ വെളളം കണ്ടിരിക്കും.'

പ്രഭാകരന്‍ അയാളുടെ കറുത്ത കണ്ണട ഇതിനകം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു.

വെള്ളം കാണും എന്നുറപ്പായ അവസാനത്തെ ദിവസം ചന്ദ്രന്‍ പക്ഷേ, വരികയുണ്ടായില്ല.

ചന്ദ്രന്‍ ബോധപൂര്‍വ്വം മാറിനിന്നതുപോലെയാണ് വക്കച്ചന് അനുഭവപ്പെട്ടത്. അയാളുടെ പ്രതികരണത്തില്‍ അതുണ്ടായിരുന്നു.

'പന്നക്കഴുവേറി' വക്കച്ചന്‍ പറഞ്ഞു. 'തന്തയില്ലാഴിക ഒണ്ടേല്‍ അവന്‍ തലേ ദിവസം തന്നെ പറയണ്ടേ?'

'സാരമില്ല വക്കച്ചാ. ഞാനില്ലേ? ഒരു കൈ ഞാന്‍ സഹായിക്കാം' ഞാന്‍ പറഞ്ഞു.

'എന്നാലും അങ്ങനല്ലല്ലോ സാറേ' വക്കച്ചന് ക്ഷോഭം അടക്കാനായില്ല,

'ഒരു വ്യവസ്ഥേം വെള്ളിയാഴ്‌ചേം ഇല്ലാത്ത തെണ്ടി.'

അന്ന് ചന്ദ്രനു പകരം ഞാന്‍ തന്നെ കിണറിനു മുകളില്‍നിന്നു മണ്ണു മുഴുവന്‍ വലിച്ചുകോരി. വക്കച്ചന്‍ കിണറ്റിനുള്ളില്‍നിന്നു മണ്ണിളക്കി കൊട്ട നിറച്ചുതന്നുകൊണ്ടിരുന്നു.

ഉച്ചതിരിഞ്ഞതോടെ ഉറവ കണ്ടുതുടങ്ങി. വൈകുന്നേരമായപ്പോഴേയ്ക്കും ഉറവ സമൃദ്ധമായി. കിണറിന്റെ അടിത്തട്ടില്‍ ഉറവയില്ലാത്ത ഒരിടംപോലും ഇല്ലെന്നായി.

ഒടുവില്‍ പ്രഭാകരന്‍ പറഞ്ഞ, മണ്‍മറഞ്ഞു കിടന്ന പുഴ ഇരുപത്തിരണ്ടു കോല്‍ താഴ്ചയില്‍ ആറടി വ്യാസത്തില്‍ തളംകെട്ടിനിന്ന് എനിക്കു ദര്‍ശനം തന്നു.

കിണറിന്റെ അടിത്തട്ടു മുഴുവന്‍ വൃത്തിയാക്കി, കല്ലുപ്പും ചിരട്ടക്കരിയും പാണലിലയും വിതറി, പണിയായുധങ്ങളെല്ലാം കൊട്ടയില്‍ നിറച്ച് മുകളിലേക്കയച്ച് വക്കച്ചന്‍ കരയ്ക്കു കയറാന്‍ തുടങ്ങുമ്പോള്‍ സന്ധ്യ ഇരുണ്ടുതുടങ്ങിയിരുന്നു.

'വക്കച്ചാ, എന്നാ കേറുവല്ലേ?' ഒരു ഉപചാരത്തിനു ഞാന്‍ മുകളില്‍നിന്നു വിളിച്ചു ചോദിച്ചു.

'ദാണ്ടെ, കേറിക്കഴിഞ്ഞു' ഇരുപത്തിരണ്ടു കോല്‍ താഴ്ചയില്‍നിന്ന് വക്കച്ചന്റെ മുഴക്കമുള്ള ശബ്ദം അരഞ്ഞാണങ്ങള്‍ ചവുട്ടി മുകളിലെത്തി.

കിണറിനു കുറുകെ ഉയരത്തില്‍ ബന്ധിച്ചു നിര്‍ത്തിയിരുന്ന കവുങ്ങിന്‍ തടി അര്‍ദ്ധചാപം പോലെ താഴേയ്ക്ക് ഒന്നു വളയുകയും അതിന്മേല്‍ ബന്ധിക്കപ്പെട്ട് കിണറിനുള്ളിലേയ്ക്ക് നീണ്ടുകിടന്ന കയര്‍ കുലച്ച വില്ലിന്റെ ഞാണ്‍പോലെ മുറുകുകയും ചെയ്തത് വക്കച്ചന്‍ കയറില്‍ തൂങ്ങി, അരഞ്ഞാണങ്ങളില്‍ കാലൂന്നി മുകളിലേയ്ക്കു കയറുന്നതിന്റെ തെളിവായി എനിക്കു മുന്നില്‍ നിലകൊണ്ടു. 

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കിണറിനുള്ളിലെ ഇരുട്ടില്‍നിന്ന് വക്കച്ചന്റെ രൂപം ഉയര്‍ന്നുവരുന്നത് തെളിഞ്ഞു കാണാമെന്നായി. 

വക്കച്ചന്‍ ഏറ്റവും മുകളിലത്തെ അരഞ്ഞാണത്തില്‍ കാലുകുത്തുന്ന നിമിഷം ഞാന്‍ വ്യക്തമായിത്തന്നെ കണ്ടു.

ഇനി ഒരു കുതിപ്പു കൂടിയേ വക്കച്ചനു വേണ്ടൂ.

കൈ ഉയര്‍ത്തി കയറില്‍ ഒരു തവണ കൂടി പിടിക്കുകയും ഒറ്റത്തവണ കൂടി കാല്‍ മുകളിലേക്ക് ഊന്നുകയും ചെയ്യുന്നതോടെ വക്കച്ചന്‍ കിണറിനു വെളിയില്‍ എത്തുകയായി.

പൊടുന്നനെ എന്റെ കണ്‍മുന്നില്‍നിന്നു മറ്റെല്ലാം മാഞ്ഞുപോയി കിണറും വക്കച്ചനും ഇരുളുന്ന സന്ധ്യയും എല്ലാം. 

കുലച്ച വില്ലിന്റെ ഞാണ്‍പോലെ തുടിച്ചുനില്‍ക്കുന്ന ഒരു കയര്‍ മാത്രം എനിക്കു മുന്നില്‍ തെളിഞ്ഞു.
ഒരു കിണറു പണിക്കാരനെ സംബന്ധിച്ചിടത്തോളം കരയ്ക്കു നില്‍ക്കുന്നവന്‍ എത്രമാത്രം വിശ്വസ്തനാകേണ്ടതുണ്ട് എന്ന് ആ കാഴ്ച എന്നെ ബോധ്യപ്പെടുത്തി. കൂട്ടു പണിക്കാരനായ ചന്ദ്രന്‍ വരാതിരുന്നതിലുള്ള വക്കച്ചന്റെ ക്ഷോഭത്തിന്റെ പൊരുള്‍ ആ നിമിഷം എനിക്കു തെളിഞ്ഞുകിട്ടി.
പണിയായുധങ്ങള്‍ നിറഞ്ഞ കൊട്ടയില്‍ കിടന്ന വെട്ടുകത്തിയെടുത്ത് ആ കയറിനു നേര്‍ക്ക് ആഞ്ഞുവീശുകയും വീട്ടിലേക്ക് ഞാന്‍ നടക്കാന്‍ തുടങ്ങുകയും ചെയ്തത് ഒരുമിച്ചായിരുന്നു.
വീട്ടുമുറ്റത്ത് ഭാര്യ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

'നിങ്ങള് കേട്ടോ?' എന്നെ കണ്ടതും അവള്‍ ചോദിച്ചു.

'എന്ത്?'

'കെണറ്റിന്‍ കരേന്ന് ഒരു നിലവിളി.'

'ഇല്ല.'

സന്ധ്യയുടെ അവസാനത്തെ തുള്ളിയും വറ്റുകയും ഇരുട്ടു പരക്കുകയും ചെയ്തിരുന്നതിനാല്‍ അവളുടെ മുഖം എനിക്കു വായിച്ചെടുക്കാനായില്ല.

'എല്ലാ കരച്ചിലും എല്ലാവരും കേള്‍ക്കണമെന്നില്ല.'
 
ഞാന്‍ അപ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com