'രണ്ട് മാന്യന്മാര്‍'- വിനോദ് ഇളകൊള്ളൂര്‍ എഴുതിയ കഥ

രാജ്യസേവനത്തില്‍നിന്നു വിമുക്തനായി മടങ്ങിയെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോനെ നാട്ടിലെ മദ്യപര്‍ സമീപിച്ചിരുന്നു
'രണ്ട് മാന്യന്മാര്‍'- വിനോദ് ഇളകൊള്ളൂര്‍ എഴുതിയ കഥ

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട്, ഏറെ വൈകാതെ കേരളത്തിലും കെട്ടിക്കയറിയ കൊവിഡ് മഹാമാരിയുടെ ആശങ്കാജനകമായ നാളുകളില്‍ പ്രൊഫ. ഈപ്പന്‍ കുര്യാക്കോസിനേയും ക്യാപ്റ്റന്‍ ചന്ദ്രശേഖരമേനോനേയും മഥിച്ചത് മദ്യദൗര്‍ലഭ്യം എന്ന ഗുരുതരമായ പ്രശ്‌നമാണ്. ഇടയ്ക്കിടെ വെള്ളിടിവെട്ടുന്ന ലോക്ക്ഡൗണില്‍ അടഞ്ഞുകിടക്കേണ്ടിവരുന്ന മിലിട്ടറി കാന്റീനില്‍ പൊടിപിടിച്ചിരിക്കുന്ന വിവിധങ്ങളായ ബ്രാന്‍ഡുകളെക്കുറിച്ച് കൊതിയോടെയും നിരാശയോടെയും പറഞ്ഞിരിക്കാനേ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ആ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞുള്ളൂ.

നഗരത്തിലെ പ്രശസ്തമായ കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ച ഈപ്പന്‍ കുര്യാക്കോസിന്റേയും സ്തുത്യര്‍ഹമായ രാജ്യസേവനത്തിനുശേഷം വിരമിച്ച ചന്ദ്രശേഖരമേനോന്റേയും വിശ്രമജീവിതത്തെ ആനന്ദതരളിതമാക്കിയിരുന്ന പലതരം സംഗതികളില്‍ പ്രധാന റോള്‍ മദ്യത്തിനുണ്ടായിരുന്നു.

എല്ലാ സായാഹ്നങ്ങളിലും ഈപ്പന്‍ കുര്യാക്കോസിന്റെ വീടിന്റെ ടെറസിലോ ചന്ദ്രശേഖരമേനോന്റെ ഔട്ട്ഹൗസിലോ ഒത്തുകൂടി രണ്ട് അറുപതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന 'ചിയേഴ്‌സ്' പറച്ചിലുകളായിരുന്നു അവരുടെ നാളെയുടെ പ്രതീക്ഷതന്നെ. മക്കളും കുടുംബവും സ്വസ്ഥമായാല്‍ നാളെയുടെ പ്രതീക്ഷകള്‍ ചിലര്‍ക്കെങ്കിലും ഇത്തരത്തിലുള്ള കുസൃതികളും കൂട്ടായ്മകളും മാത്രമാണല്ലോ. ഷുഗറും കൊളസ്‌ട്രോളും മറ്റു കന്നംതിരിവുകളും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത അവരുടെ അരോഗദൃഢഗാത്രമായ ശരീരത്തിന്റെ ഓജസിനു പിന്നില്‍ മാന്യത കൈവിടാത്ത മിതമായ മദ്യപാന ചര്യയാണെന്ന് കുടുംബവും വിശ്വസിച്ചു പോന്നതോടെ ഇരുവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഈ രംഗത്ത് അനുഭവിക്കാമെന്നുമായി.

തങ്ങളുടെ സൗഹൃദത്തിനിടയില്‍ മാത്രം മദ്യപാനത്തെ ഒതുക്കിനിര്‍ത്താന്‍ ഇരുവരും ബദ്ധശ്രദ്ധരുമായിരുന്നു. നിലയ്ക്കും വിലയ്ക്കുമൊത്ത മൂന്നാമതൊരാളെ മഷിയിട്ടു നോക്കിയാല്‍ കണ്ടുകിട്ടാത്ത നാട്ടിന്‍പുറത്ത് മദ്യപാനരീതികള്‍ കൈവിട്ടുപോയാല്‍ കാര്യങ്ങള്‍ പാതാളത്തോളം താഴ്ന്നുപോകുമെന്ന് അവര്‍ക്കു നിശ്ചയമുണ്ടായിരുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍പ്പെട്ടവരായതിനാല്‍ മാന്യജീവിതം നയിക്കാന്‍ ബാദ്ധ്യസ്ഥരായ തങ്ങള്‍ മദ്യപരാണെന്ന അറിവ് പൊതുസമൂഹത്തില്‍ ഉണ്ടാകുന്നത് ഇതുവരെ കെട്ടിപ്പൊക്കിയ സമുന്നത വ്യക്തിത്വത്തെ അപ്പാടെ തകര്‍ത്തുകളയുകയും ചെയ്യും.

പക്ഷേ, മദ്യപാന സംബന്ധിയായി ആളുകള്‍ തന്നെക്കുറിച്ചു സംശയം പുലര്‍ത്തുന്നുണ്ടെന്ന് ചന്ദ്രശേഖരമേനോന് അറിയാമായിരുന്നു. പട്ടാളക്കാരന്‍ എന്നു കേള്‍ക്കുന്ന മാത്രയില്‍ മിലിട്ടറി ക്വാട്ട എന്ന വാക്കുകള്‍ കൂടി മനസ്സിലേക്കെത്തുന്ന മട്ടിലാണല്ലോ നാട്ടിലെ മദ്യാസക്തരായ സകല ജനങ്ങളുടേയും മനോഘടന. ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചതിനാല്‍ മേനോന് പത്തോ അതിലധികമോ മദ്യക്കുപ്പികള്‍ പ്രതിമാസം ലഭിക്കുന്നുണ്ടെന്നും അവ മുന്തിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമാണെന്നും അവര്‍ അസൂയയോടെ പറഞ്ഞുനടക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സഹപ്രവര്‍ത്തകരായിരുന്നവരൊക്കെയും മിലിട്ടറി ക്വാട്ടയെ പട്ടാളജീവിതത്തിന്റെ അഭിമാനകരമായ ഒസ്യത്തായി കണ്ട് പ്രദര്‍ശനോത്സുകരായപ്പോള്‍ മേനോനെ സംബന്ധിച്ചിടത്തോളം അത് അതീവ ഗോപ്യമായി വയ്‌ക്കേണ്ട സംഗതിയായിരുന്നു. ഏതൊരു മദ്യപനേയും (അയാള്‍ എത്ര മാന്യനായിരുന്നാലും) ആളുകള്‍ താരതമ്യം ചെയ്യുന്നത് ലോക്കല്‍ കുടിയന്മാരുമായാണ്. ഒരിഞ്ചുപോലും ലോക്കലൈസ് ചെയ്യാന്‍ താല്പര്യമില്ലാത്ത കൂട്ടത്തിലായിരുന്നു ഈപ്പന്‍ കുര്യാക്കോസും.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

രാജ്യസേവനത്തില്‍നിന്നു വിമുക്തനായി മടങ്ങിയെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോനെ നാട്ടിലെ മദ്യപര്‍ സമീപിച്ചിരുന്നു. നാട്ടുകാരുമായി അടുപ്പമില്ലാതെ, വീടും വീട്ടുകാരും വിദേശ ശ്വാനന്മാരും മാത്രമായി കഴിഞ്ഞിരുന്ന മേനോനെ മദ്യാവശ്യത്തിനായി സമീപിക്കാന്‍ ആദ്യം അവര്‍ മടിച്ചെങ്കിലും ആസക്തിയുടെ ആധിക്യം അവരെ മേനോന്റെ വീടിന്റെ കാരിരുമ്പ് കവാടത്തിലൂടെ തലയിടാന്‍ പ്രേരിപ്പിച്ചു. കുരച്ചുചാടിയ ശ്വാനസംഘത്തിനു പിന്നാലെ എത്തിയ മേനോന്‍, തലചൊറിഞ്ഞും പരുങ്ങിയുമുള്ള അവരുടെ ആവശ്യത്തിനു മുന്നില്‍ കൈമലര്‍ത്തി. താന്‍ മദ്യപിക്കില്ലെന്നും മദ്യം വേണ്ടെന്ന് സര്‍വ്വീസില്‍നിന്നു പിരിഞ്ഞപ്പോള്‍ എഴുതി നല്‍കിയിരുന്നെന്നും പറഞ്ഞൊഴിഞ്ഞു. എങ്കിലും എല്ലാ സായാഹ്നങ്ങളിലും മേനോനും കുര്യാക്കോസും വീടുകളിലേക്ക് നടത്തുന്ന വരത്തുപോക്കുകളില്‍ ചിലര്‍ക്കു സംശയമുണ്ടായിരുന്നു. ദേശീയവും അന്തര്‍ദ്ദേശീയവുമായ എത്രയോ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു കോളേജ് പ്രിന്‍സിപ്പലിന്റേയും മിലിട്ടറി ക്യാപ്റ്റന്റേയും സൗഹൃദങ്ങളില്‍ വിലകുറഞ്ഞ അത്തരം സംശയങ്ങള്‍ അരുതെന്നു മറ്റുള്ളവര്‍ വിലക്കുകയും ചെയ്തു.

ഇത്തരത്തില്‍ കുര്യാക്കോസും മേനോനും മാന്യജീവിതം തുടരുന്നതിനിടയിലാണ് കൊവിഡ് പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങിയത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ അടച്ചുപൂട്ടലുകള്‍ ഒന്നൊന്നായി തുടങ്ങിയിരുന്നു. സിനിമാതിയേറ്ററുകള്‍, ഉത്സവപ്പറമ്പുകള്‍, വ്യാപാരശാലകള്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കര്‍ശനമായ അടച്ചുപൂട്ടലിലേക്ക് വീണുപോയപ്പോഴും ഖജനാവിലേക്ക് മോശമല്ലാത്ത വരുമാനം സംഭാവന ചെയ്യുന്നതിന്റെ കാരുണ്യത്താല്‍ തുറന്നുകിടന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും ഒടുവില്‍ പിടിവീണു. പാവപ്പെട്ടവരേയും സാധാരണക്കാരേയും ബാധിക്കുന്ന ഇത്തരം പൂട്ടലുകള്‍ കുര്യാക്കോസിനേയും മേനോനേയും ബാധിക്കുന്നതല്ലായിരുന്നു. പക്ഷേ, കൂട്ടത്തില്‍ മിലിട്ടറി കാന്റീനിന്റെ അടച്ചിടല്‍ കെടുത്തിക്കളഞ്ഞത് അവരുടെ സൗഹൃദത്തിലെ അന്തിവെളിച്ചമായിരുന്നു. മൂന്നുദിവസം അവര്‍ പിടിച്ചുനിന്നു. ലഹരിയുടെ ചിറകുകളില്ലാതെ ഇഴഞ്ഞുനീങ്ങിയ അവരുടെ സംഭാഷണങ്ങള്‍ക്ക് ഒട്ടുമേ ഊര്‍ജ്ജമില്ലായിരുന്നു. ജമ്മുകശ്മീരിനെ വരുതിയിലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് മേനോന്‍ തുടങ്ങിയ വര്‍ത്തമാനം ഇടയ്ക്കുവെച്ച് മുറിഞ്ഞുപോയി. മദ്യം നല്‍കുന്ന മാന്ത്രികതയില്‍ പറന്നുപൊങ്ങേണ്ടിയിരുന്ന മേനോനിലെ സൈനികവീര്യം താണുവീണു കിടപ്പായി.

കേന്ദ്രസര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണെന്നു വാദിക്കാന്‍ കുര്യാക്കോസിലെ മലങ്കര സുറിയാനി സഭാപ്രതിനിധിയുടെ കയ്യില്‍ വെടിക്കോപ്പുകള്‍ പലതുണ്ടായിരുന്നെങ്കിലും അദ്ദേഹവും മൗനം പാലിച്ചതേയുള്ളൂ. ജമ്മുകശ്മീരിനെച്ചൊല്ലി കുര്യാക്കോസിന്റെ ടെറസിനെ കിടിലം കൊള്ളിക്കേണ്ടിയിരുന്ന മൂന്നാം ലോകമഹായുദ്ധത്തിനായിരുന്നു മദ്യത്തിന്റെ അഭാവംമൂലം ഗാന്ധിമാര്‍ഗ്ഗം സ്വീകരിക്കേണ്ടി വന്നത്.

'ലോക്ക്ഡൗണ്‍ നീണ്ടുപോവുകയേയുള്ളൂ' മേനോന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നീണ്ടുപോവുകയെന്നാല്‍ മിലിട്ടറി കാന്റീന്‍ അടച്ചിടലും നീണ്ടുപോകുമെന്നും അതുവഴി തങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും സൂചിപ്പിക്കുകയായിരുന്നു മേനോനെന്ന് കുര്യാക്കോസിനു മനസ്സിലായി.

'തന്റെ അറിവില്‍ എവിടെങ്കിലും സാധനം കിട്ടുമോ?' മേനോന്‍ ചോദിച്ചു.

'എവിടെക്കിട്ടാന്‍' കുര്യാക്കോസ് നിരാശയോടെ നെടുവീര്‍പ്പിട്ടു.

ബിവറേജസ് അവധിയായ ദിവസങ്ങളില്‍ വിമുക്തഭടന്മാരെ തേടിനടക്കുന്ന നാട്ടിലെ കുടിയന്മാര്‍ ഈ ലോക്ക്ഡൗണ്‍ കാലം എങ്ങനെ നേരിടുമെന്നു ചിന്തിച്ചുപോയി ഇരുവരും. നാട്ടിലെ മറ്റു മനുഷ്യരെക്കുറിച്ച് ഇത്ര കാലത്തിനിടയില്‍ ഇരുവരും ആദ്യമായി ആശങ്കപ്പെട്ട മുഹൂര്‍ത്തം കൂടിയായിരുന്നു അത്.

'അവര്‍ക്ക് വാറ്റുചാരായമുണ്ടല്ലോ' കുര്യാക്കോസ് പറഞ്ഞു.

'അവര്‍ക്കൊക്കെ ബോധംകെടാന്‍ എന്തെങ്കിലും മതിയല്ലോ' മേനോനും പറഞ്ഞു.

അധ:കൃതവും അവര്‍ണ്ണവുമായ വാറ്റുചാരായം ആദ്യമായാണ് തങ്ങളുടെ സംഭാഷണത്തില്‍ ഇടംപിടിച്ചതെന്നും നിവൃത്തികേടിന്റെ പാരമ്യതകൊണ്ടാണ് അതു സംഭവിച്ചതെന്നും ഇരുവരും ഒരേസമയം ഓര്‍ത്തുപോയി.

ചാരായമെങ്കില്‍ ചാരായം എന്നൊരു സോഷ്യലിസ്റ്റ് ചിന്തയിലേയ്ക്ക് അവരുടെ മനസ്സ് പാകപ്പെട്ടെങ്കിലും അതു പ്രകടിപ്പിക്കാതെ അല്പനേരംകൂടി ഘനഗംഭീരരായി ഇരുവരും തുടര്‍ന്നു. ആരാദ്യം പറയുമെന്ന ബലംപിടുത്തത്തിന്റെ ബലൂണ്‍ ആദ്യം പൊട്ടിച്ചത് മേനോനായിരുന്നു.

'സംഗതി എവിടെക്കിട്ടും?' ഗതികേടുകൊണ്ട് അങ്ങനെ ചേദിക്കേണ്ടിവന്നതിന്റെ മഞ്ഞളിപ്പ് അദ്ദേഹത്തിന്റെ മുഖത്ത് തളംകെട്ടിയിരുന്നു.

മാന്യത വിട്ട തന്റെ ചോദ്യത്തില്‍ കുര്യാക്കോസിന് എന്തുതോന്നുമെന്ന മേനോന്റെ ചിന്തയ്ക്ക് പക്ഷേ, പ്രസക്തിയില്ലായിരുന്നു. ചാരായ ലഭ്യതയുടെ സാദ്ധ്യതകളേയും സങ്കീര്‍ണ്ണതകളേയും കുറിച്ച് കുര്യാക്കോസ് ഇതിനോടകം ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

കുര്യാക്കോസ് പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു:

'ചാരായം സുലഭമാണ്. വാറ്റുകേന്ദ്രങ്ങളെക്കുറിച്ചും എക്‌സൈസ് റെയ്ഡുകളെക്കുറിച്ചും ദിനംതോറും പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ നുരയുന്ന വാര്‍ത്തകള്‍ ചാരായം സര്‍വ്വവ്യാപിയാണെന്നതിനു തെളിവാണ്. എങ്ങനെ അതുവാങ്ങും എന്നതാണ് പ്രശ്‌നം. ഒരു റിട്ട. ക്യാപ്റ്റനോ പ്രിന്‍സിപ്പലിനോ കടന്നുചെല്ലാവുന്ന മാന്യമായ ഇടമല്ല അതിന്റെ പ്രഭവകേന്ദ്രങ്ങള്‍. ഇരട്ടിക്കാശ് കൊടുത്താല്‍ വാങ്ങിത്തരാന്‍ ആളുണ്ടാകും. പക്ഷേ, അവരോട് എങ്ങനെ പറയും. ഇതുവരെ നട്ടുനനച്ച മാന്യജീവിതത്തിന്റെ കടയ്ക്കല്‍ കോടാലിവയ്ക്കുന്ന ആത്മഹത്യാപരമായ ചെയ്തിയായിപ്പോകും അത്.

എല്ലാ അസാന്മാര്‍ഗ്ഗിക പ്രവൃത്തികളുടേയും മാന്യമായ പാഠഭേദങ്ങള്‍ ലഭ്യമാകുംവിധം പുരോഗതി കൈവരിച്ച കാലമാണിത്. അവിവേകികള്‍ക്കും ആഭാസന്മാര്‍ക്കുമൊപ്പം എ പടം കാണാന്‍ ക്യൂ നിന്നു ടിക്കറ്റെടുക്കേണ്ട മര്യാദപുരുഷന്മാരുടെ ഗതികേടിനു പരിഹാരമായി ഓണ്‍ലൈനില്‍ ഒന്നമര്‍ത്തിയാല്‍ അശ്ലീലസാഗരം തന്നെ തിരയടിച്ചെത്തുന്നവിധം ലളിതമായി മാറിയതുപോലെ എത്രയോ മാറ്റങ്ങള്‍.

ബിവറേജസ് അവധിയാകുമ്പോള്‍ എക്സ്സര്‍വ്വീസുകാരനുണ്ടല്ലോ എന്ന ആശ്വാസംപോലെ ക്ഷാമബാധിതര്‍ക്കു പ്രതിവിധി നല്‍കുന്ന പ്രകൃതിനിയമം ലോക്ക്ഡൗണ്‍ കാലത്ത് പക്ഷേ, മദ്യത്തിന്റെ കാര്യത്തില്‍ തകിടംമറിഞ്ഞത് സമൂഹത്തിലെ വരേണ്യജീവിതങ്ങളെയാണ് അസ്വസ്ഥമാക്കുന്നതെന്നോര്‍ത്ത് ഇരുവരും ഖിന്നരായി.

'മൂന്നാമതൊരാള്‍ അറിയാതെ സാധനം കിട്ടണം. അതിനെന്താണ് വഴിയെന്നാണ് ആലോചിക്കേണ്ടത്' കുര്യാക്കോസ് ഉപസംഹരിച്ചു.

'കിട്ടണമെന്നല്ല, കിട്ടിയേ പറ്റൂ...' മദ്യാസക്തിയുടെ മഹാമേരുവില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖരമേനോന്‍ വിലാപംപോലെ പറഞ്ഞുപോയി.

'മൂന്നാമതൊരാള്‍ അറിയാതിരിക്കണമെങ്കില്‍ നമ്മള്‍ത്തന്നെ പോയി വാങ്ങണം' കുര്യാക്കോസ് പറഞ്ഞു.

'നമ്മള്‍ വാങ്ങാനോ' അമ്പരപ്പോടെ ചന്ദ്രശേഖരമേനോന്‍ നെറ്റിചുളിച്ചു.

ദുഷ്‌കരമായ അതിര്‍ത്തിദേശങ്ങളില്‍ ശത്രുവിനെത്തേടി സധൈര്യം സഞ്ചരിച്ച ക്യാപ്റ്റനിലെ ധീരയോദ്ധാവിനു ചാരായം തേടി വാറ്റുകേന്ദ്രത്തിലേക്കുള്ള യാത്ര ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.

എങ്ങനെ വാങ്ങും എന്ന പദപ്രശ്‌നം പൂരിപ്പിക്കാനാവാതെ രണ്ടുനാള്‍കൂടി അവര്‍ മാന്യജിവിതം സൃഷ്ടിക്കുന്ന വൈതരണികളെക്കുറിച്ച് ദുഃഖത്തോടെ ചര്‍ച്ച തുടര്‍ന്നു.

മൂന്നാംനാള്‍ കുര്യാക്കോസ് തീര്‍പ്പുകല്പിച്ചു. 'ഞാന്‍ പോകാം.'

ആ പ്രഖ്യാപനം കേട്ട് ഞെട്ടലോ അമ്പരപ്പോ പ്രകടിപ്പിക്കാതിരിക്കാന്‍ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയൊന്ന് തന്നില്‍നിന്നുണ്ടായാല്‍ ഒരു രണ്ടാംചിന്തയില്‍ കുര്യാക്കോസ് യാത്ര വേണ്ടെന്നുവയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ഊഹിച്ചു. കുര്യാക്കോസ് നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. കൊവിഡും ലോക്ക്ഡൗണും അടുത്തകാലത്താന്നും വിട്ടുമാറില്ലെന്നും മദ്യമില്ലാതെ അത്ര കാലവും കഴിയേണ്ടിവരുമെന്നുമുള്ള ആപല്‍ശങ്കയില്‍ നിന്നായിരുന്നു നിലമറന്നുള്ള ആ തീരുമാനം.

വനത്തോട് ചേര്‍ന്നുള്ള കടവുപുഴ എന്ന പ്രദേശമായിരുന്നു കുര്യാക്കോസ് കണ്ടെത്തിയ ചാരായ വിപണി. ചാരായ റെയ്ഡിനു പൊലീസും എക്‌സൈസും ഏറെ ബുദ്ധിമുട്ടി എത്തുന്ന ആ പ്രദേശത്തെക്കുറിച്ച് പത്രത്തില്‍നിന്നാണ് അറിവ് ലഭിച്ചത്. അവിടംതന്നെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങേണ്ടിവരുമെങ്കിലും ആളനക്കമില്ലാത്ത ഊടുവഴികളിലൂടെ കടവുപുഴയിലേക്കുള്ള യാത്ര ഒളിച്ചുപോക്കിനു സുരക്ഷിതത്വം നല്‍കും. ലോക്ക്ഡൗണ്‍ കാവല്‍ക്കാരായ പൊലീസുകാര്‍ ആ കുനിഷ്ട് പാതകളില്‍ കാണില്ല. പാന്റും പത്രാസും മാറ്റിവച്ച് കൈലിയും ടീ ഷര്‍ട്ടും ധരിച്ചു തനി നാടനായി കടവുപുഴയില്‍ ചെന്നുകയറാനുള്ള പദ്ധതിരേഖയും കുര്യാക്കോസ് തയ്യാറാക്കിയിരുന്നു. ഇന്നോവയേയും സ്വിഫ്റ്റിനേയും അവഗണിച്ച്, വല്ലപ്പോഴും മാത്രം നിരത്തിലിറക്കുന്ന പഴയ കൈനറ്റിക്ക് ഹോണ്ടയില്‍ കയറി ഒരു പ്രഭാതത്തില്‍ വീട്ടുവേഷത്തില്‍ത്തന്നെ കുര്യാക്കോസ് കടവുപുഴയിലേക്ക് പുറപ്പെട്ടു.

മൂന്നുനാലാവര്‍ത്തി ശ്രമിച്ച് സ്റ്റാര്‍ട്ടായ വണ്ടിയില്‍ത്തൊട്ട് കുരിശുവരച്ച് പുറപ്പെടും മുന്‍പ് കുര്യാക്കോസ് മേനോന് ഫോണ്‍ ചെയ്തു: 'ക്യാപ്റ്റന്‍ ഒരുങ്ങിയിരുന്നോ. വൈകിട്ട് സാധനവുമായി ഞാനെത്തും.'

***
ഹെല്‍മറ്റും മാസ്‌കും കുര്യാക്കോസിന്റെ പ്രിന്‍സിപ്പല്‍ മുഖത്തിന് ഒന്നാന്തരം മറയായിരുന്നു. പോളീഷ് ചെയ്‌തെടുത്ത ശരീരഭാഷയെ ലുങ്കിയും ടീ ഷര്‍ട്ടും മൊഴിമാറ്റം ചെയ്തുകളഞ്ഞു. ജംഗ്ഷനില്‍നിന്ന് ഊടുവഴിയിലേക്ക് കയറുംവരേയുള്ളതായിരുന്നു തിരിച്ചറിയപ്പെടുമോയെന്ന സംശയം. ഊടുവഴിയിലേക്ക് കയറുംവരെ ഒന്നും സംഭവിച്ചില്ല. വാഹനയാത്രയ്ക്ക് പറ്റിയതല്ലായിരുന്നു ആ വഴി. റബ്ബര്‍തോട്ടങ്ങളും മുളങ്കാടുകളും മുള്‍പ്പടര്‍പ്പുകളും ഒറ്റപ്പെട്ട വീടുകളും മാത്രമേ ഉള്ളായിരുന്നു പാതയ്ക്ക് ഇരുവശവും.

കാല്‍നടക്കാരായി രണ്ടുമൂന്നുപേരെ കണ്ടു. അവരാകട്ടെ, കുര്യാക്കോസിനെയെന്നല്ല, ലോകത്തെത്തന്നെ ശ്രദ്ധിക്കാന്‍ താല്പര്യമില്ലാത്തവിധം നിസ്സംഗരുമായിരുന്നു.

നേര്‍വഴികളില്‍ മാത്രം സഞ്ചരിച്ച് ശീലമുള്ള കുര്യാക്കോസിന് ഊടുവഴികള്‍ പലതവണ തെറ്റി. കാട്ടുപൊന്തകളും കല്ലും മുള്ളും വിജനതയും നിശബ്ദതയും മാത്രമുള്ള വഴികളെല്ലാം ഒരേപോലെയായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ചാരായവാറ്റിനെക്കുറിച്ചും കടവുപുഴയെക്കുറിച്ചും ആശങ്ക ചമഞ്ഞ് തലേന്നു വീട്ടിലെ റബ്ബര്‍ടാപ്പിങ്ങുകാരനോട് നടത്തിയ സംഭാഷണത്തില്‍നിന്നാണ് വഴി സംബന്ധിച്ചു ചില സൂചനകള്‍ ലഭിച്ചത്. ടാപ്പിംഗുകാരന്‍ റബ്ബര്‍ വലിച്ചുനീട്ടുംപോലെ കാര്യങ്ങള്‍ പൊലിപ്പിച്ചത് പ്രയോജനപ്പെടുകയും ചെയ്തു.

കടവുപുഴയില്‍ ചാരായവില്പന രണ്ടുതരത്തിലുണ്ട്. ഉള്‍വനത്തില്‍ വന്‍തോതില്‍ കോടയിട്ട് വാറ്റുന്ന വന്‍കിടക്കാരുണ്ട്. ചാരായം മൊത്തമായി പുറത്തേയ്ക്ക് കടത്തുന്നവരാണ് അവര്‍. മറ്റൊരു കൂട്ടര്‍ വീട്ടില്‍ത്തന്നെ വാറ്റി ചില്ലറ വില്പന നടത്തുന്നവരാണ്. കുടുംബം പോറ്റാന്‍ വീടിന്റെ അടുക്കളതന്നെ വാറ്റുതാവളമാക്കിയ പാവങ്ങള്‍. എക്‌സൈസിന്റേയും പൊലീസിന്റേയും ശൗര്യം അവരോടേയുള്ളൂ. വന്‍കിടക്കാരെ തൊടില്ല. കടവുപുഴയില്‍ റെയ്ഡു നടത്തി വാറ്റുകാരെ പിടികൂടിയെന്നു മേനിനടിക്കുന്നത് മുഴുവന്‍ അര്‍ദ്ധപട്ടിണിക്കാരായ ആ പാവങ്ങളുടെ മേലുള്ള കുതിരകയറ്റമാണ്.

'ചാരായത്തിനു വീര്യംകൂട്ടാന്‍ തന്തയില്ലായ്മ കാണിക്കുന്നവരുണ്ട്. പക്ഷേ, കടവുപുഴക്കാര്‍ അതു ചെയ്യില്ല. സത്യമുള്ളോരാ' ടാപ്പിങ്ങുകാരന്‍ ഉപസംഹരിച്ചു തുടങ്ങി: 'ഞാനൊക്കെ ശാന്തമ്മേടെ ആളുകളാ. സാറിനോട് പറയുന്നത് ശരിയല്ലെന്നറിയാം. എന്നാലും ഇത്രേം പറഞ്ഞ സ്ഥിതിക്ക് അതും പറയാം. ശാന്തമ്മേടെ അടുത്ത് രണ്ടും നടക്കും. കുടീം അടീം.'

അശ്ലീലച്ചിരിയുടെ ആവേശത്തോടെ അത്രയും പറഞ്ഞ്, അവിവേകമായിപ്പോയോ എന്ന ആശങ്കയോടെ അയാള്‍ തലചൊറിഞ്ഞു.

തനിക്ക് ആവശ്യമുള്ളതെല്ലാം കിട്ടിയതിന്റേയും കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ തന്റെ ഉള്ളിലിരുപ്പ് പുറത്താകുമെന്നതിനാലും വര്‍ത്തമാനം തുടരുന്നതിലുള്ള താല്പര്യക്കേട് പ്രകടിപ്പിച്ച് കുര്യാക്കോസ് പിന്‍വാങ്ങി.

കുത്തനേയുള്ള കയറ്റത്തിനു പിന്നാലെയുള്ള ഇറക്കം ചെന്നുനില്‍ക്കുന്നതായിരുന്നു കടവുപുഴയിലെ ജനവാസമേഖല. നാലതിരും കാടുമൂടിയതിനു നടുവില്‍ ജീര്‍ണ്ണിച്ച കുറേ വീടുകളും അവയെ ചുറ്റിപ്പറ്റി കുറേ മനുഷ്യരും.

സ്‌കൂട്ടര്‍ വെച്ച്, ഹെല്‍മറ്റ് ഊരിമാറ്റി മാസ്‌ക് കുറേക്കൂടി വലിച്ചുകയറ്റി മുഖം പാതിയും മൂടി കുര്യാക്കോസ് ചുറ്റും നോക്കി. സംശയത്തോടെ തന്നെ തുറിച്ചുനോക്കുന്ന മനുഷ്യര്‍ക്കിടയില്‍ സകല മാന്യതയും നഷ്ടപ്പെട്ട വിവസ്ത്രനെപ്പോലെ അദ്ദേഹം കുറേനേരം എന്തു ചെയ്യണമെന്നറിയാതെ നിന്നു.

പരുങ്ങിനില്‍ക്കുന്ന കുര്യാക്കോസിനടുത്തേക്ക് ഒരു ചെറുപ്പക്കാരനെത്തി. വണ്ടിയുടെ നമ്പര്‍ സൂക്ഷ്മമായി വായിച്ച് കുര്യാക്കോസിനെ ഇരുത്തി നോക്കിയ ശേഷം പറഞ്ഞു: 'മാസ്‌ക് മാറ്റ്. ഇവിടാരും മാസ്‌ക് വയ്ക്കില്ല.'
രൂപംപോലെ ദൃഢമായ ചെറുപ്പക്കാരന്റെ ശബ്ദത്തില്‍ വിറച്ചുപോയ കുര്യാക്കോസ് മാസ്‌ക് വലിച്ചൂരി.
'എന്തുവേണം' ചെറുപ്പക്കാരന്‍ ചോദിച്ചു.

രണ്ടുംകല്പിച്ചുള്ള സാഹസികയാത്രയിലെ ഇത്തരമൊരു മുഹൂര്‍ത്തത്തെ എങ്ങനെ നേരിടണമെന്ന് കുര്യാക്കോസ് ആലോചിച്ചിരുന്നതേയില്ല. അദ്ദേഹം നന്നായി വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്തു.
'ശാന്തമ്മ... ശാന്തമ്മേടെ വീടേതാ...'

വിയര്‍പ്പും വിക്കലും വിറയലുംകൊണ്ട് അപരിചിതന്‍ അപകടകാരിയല്ലെന്ന് ചെറുപ്പക്കാരനു വ്യക്തമായി.
'വരൂ...' അവന്‍ നടന്നു.

മാസ്‌കില്ലാത്തത് മുഖം തിരിച്ചറിയപ്പെടുമോയെന്ന പേടിയോടെ പിന്നാലെ കുര്യാക്കോസും.
ഒരു പാതി ഓടിട്ടതും മറുപാതി ഓലമേഞ്ഞതുമായ രണ്ടുമുറി വീടിനു മുന്നിലെത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു: 'ഇതാ ശാന്തമ്മച്ചേച്ചിയുടെ വീട്.'

കുര്യാക്കോസിനെ വിറയില്‍ വിട്ടുമാറിയിരുന്നില്ല. ഇങ്ങനെയൊരു വൈതരണിയിലേക്ക് ഇറങ്ങിത്തിരിക്കേണ്ടായിരുന്നെന്ന് അദ്ദേഹത്തിനു തോന്നി. മുഖം തുടയ്ക്കാമെന്ന മട്ടില്‍ കൈലിത്തുമ്പുകൊണ്ട് മുഖം മറച്ച് അടച്ചിട്ട വാതില്‍ക്കലേക്ക് നോക്കി കുര്യാക്കോസ് ഞെരങ്ങി:
 
'ഇവിടാരുമില്ലേ...?'

മുഷിഞ്ഞ തുണികൊണ്ട് മൂടിയിരുന്ന കതകില്ലാത്ത ജനലിനു മുകളിലൂടെ രണ്ടു കണ്ണുകള്‍ എത്തിനോക്കുന്നത് കണ്ടു. പിന്നാലെ വാതില്‍ തുറന്നു. കറുത്തുതടിച്ച ആജാനുബാഹുവായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. കൈലിയിലും ബ്ലൗസിലും തുളുമ്പിനില്‍ക്കുന്ന ശരീരസമൃദ്ധിയിലേക്ക് അറിയാതെ കണ്ണുകള്‍ പായിച്ച് കുര്യാക്കോസ് പതറിയ ഒച്ചയോടെ 
ചോദിച്ചു: 'ശാന്തമ്മയല്ലേ... എനിക്ക് കൊറച്ച് ചാരായം വേണം...'

ആക്രോശിച്ചും അസഭ്യം പറഞ്ഞും അപരിചിതരെ ആദ്യമൊന്നും അടുപ്പിക്കാത്ത ശാന്തമ്മ പക്ഷേ, കുര്യാക്കോസിനെ അത്ഭുതോടെ നോക്കിനിന്നു. പിന്നെ വിനയപൂര്‍വ്വം ക്ഷണിച്ചു: 'അയ്യോ ഇത് കുര്യാക്കോസ് സാറല്ലേ... സാറ് കയറിയിരുന്നാട്ടെ...'

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

***
ശാന്തമ്മയുടെ വീട്ടില്‍നിന്നു കൊണ്ടുവന്ന ചാരായം രണ്ടു ഗ്ലാസ്സുകളില്‍ പകര്‍ന്നത് ഏറെ നേരമായി കുര്യാക്കോസിനും ചന്ദ്രശേഖരമേനോനും മുന്നില്‍ ഇരിക്കുകയാണ്. ഉന്നതമായ മദ്യ ബ്രാന്‍ഡുകളുടെ ഗന്ധം മാത്രം അറിഞ്ഞിരുന്ന മേനോന്റെ ഘ്രാണേന്ദ്രിയങ്ങള്‍ വാറ്റു ചാരായത്തിന്റെ കെട്ടവാടയില്‍ ആദ്യമൊന്നു പുളഞ്ഞുപോയെങ്കിലും കുര്യാക്കോസിന്റെ കടവുപുഴയിലേക്കുള്ള യാത്രാനുഭവത്തിന്റെ ആദ്യ ഏടുകേട്ട് അയാള്‍ തരിച്ചുപോയിരുന്നു. സാഹസികമായി വാങ്ങിക്കൂട്ടിയ ചാരായക്കുപ്പികള്‍ ഓരോന്നായി മേനോന്റെ ടെറസിലെ ടീപ്പോയില്‍വെച്ച് കുനിഞ്ഞ ശിരസ് ഇരുകൈകളിലും താങ്ങി ഇരിപ്പായ കുര്യാക്കോസിന് എന്തു സംഭവിച്ചതാണെന്ന സന്ദേഹത്തില്‍ മേനോന്‍ കുറേനേരം കുലുക്കിവിളിച്ചെങ്കിലും സര്‍വ്വതും നഷ്ടപ്പെട്ടവന്റെ സങ്കടത്തോടെയുള്ള ആ ഇരിപ്പിനെ സഹികെട്ട് ഉപേക്ഷിച്ച് ചാരായം ഗ്ലാസ്സിലേക്ക് പകരുകയായിരുന്നു. മദ്യരഹിതമായി വരണ്ടുകിടന്ന ആമാശയത്തിലേക്ക് വീഴ്ത്താന്‍ പൂര്‍വ്വജന്മസുകൃതം ഒന്നുകൊണ്ടുമാത്രം കിട്ടിയ വാറ്റുചാരായത്തെ ആഘോഷപൂര്‍വ്വം സ്വീകരിക്കേണ്ട ഈ നേരത്ത് കുര്യാക്കോസിന്റെ വ്യാകുലഭാവം മേനോനെ ദേഷ്യംപിടിപ്പിച്ചു തുടങ്ങിയിരുന്നു.

അപ്പോള്‍ ഇഴഞ്ഞ ശബ്ദത്തില്‍ കുര്യാക്കോസ് പറഞ്ഞു: 'മേനോനെ ആ ശാന്തമ്മയുണ്ടല്ലോ... വാറ്റുകാരി ശാന്തമ്മ... എന്റെ സ്റ്റുഡന്റായിരുന്നു. ബി.എസ്.സി കെമിസ്ട്രി... '90'93 ബാച്ച്.'

അതീവ രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ട യുദ്ധതന്ത്രം ചോര്‍ത്തപ്പെട്ടതറിഞ്ഞ പഴയ ക്യാപ്റ്റന്റെ ആധിയോടെ മേനോന്‍ ചോദിച്ചു: 'അവള്‍ക്ക് തന്നെ മനസ്സിലായോ...'

കുനിഞ്ഞ ശിരസ് ചലിപ്പിച്ച് കുര്യാക്കോസ് അതേ എന്ന് ഉത്തരം നല്‍കി.

മാന്യജീവിതത്തിന്റെ കെട്ടിയൊരുക്കുകള്‍ക്കിടയില്‍ വീണ കറുത്തപാടുപോലെ വാറ്റുകാരി ശാന്തമ്മ അവര്‍ക്കു മുന്നില്‍ ചിരിച്ചുനിന്നു.

'അവള് ആരോടെങ്കിലും പറയുമോടോ' മേനോന്‍ വെപ്രാളത്തോടെ ചോദിച്ചു.

അതിനു മറുപടി പറയാതെ കുര്യാക്കോസ് ഗ്ലാസ്സെടുത്ത് ചാരായം ഒറ്റ വീര്‍പ്പിനു കുടിച്ചുതീര്‍ത്തു. അന്നനാളം പൊള്ളിച്ച് ഇറങ്ങിപ്പോകുന്ന ചാരായത്തോട് പൊരുത്തപ്പെടാനാവാതെ കന്നിക്കുടിയുടെ വേവലാതികള്‍ ഒട്ടുനേരം പ്രദര്‍ശിപ്പിച്ച് അദ്ദേഹം സ്വസ്ഥനായി. അത്തരമൊരു ശ്രമത്തിന് മേനോനും തുനിഞ്ഞെങ്കിലും ഒരിറക്കില്‍ത്തന്നെ അദ്ദേഹം പിടഞ്ഞുപോയി. ഒരു കുത്ത് ബീഫ് ഫ്രൈ വായിലേക്കിട്ട് തികട്ടിവന്ന ഓക്കാനത്തെ പ്രതിരോധിച്ച് പിന്നിലേക്ക് ചാരിയ മേനോനോട് കുര്യാക്കോസ് ഗദ്ഗദത്തോടെ പറഞ്ഞു: 

'എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു അന്ന് ശാന്തമ്മയെ. മറ്റു കുട്ടികള്‍ കോളേജിന്റെ മാന്യത പാലിക്കുമ്പോള്‍ ശാന്തമ്മയുടെ വരത്തുപോക്കുകള്‍ അതിനു കടകം തിരിഞ്ഞതായിരുന്നു. കാക്കക്കറുപ്പും കരിമ്പന്‍ തല്ലിയ നരച്ച വേഷവും എണ്ണമയമില്ലാത്ത മുടിയുമായി പിന്‍ബഞ്ചിന്റെ മൂലയിലിരിക്കുന്ന ശാന്തമ്മയ്ക്ക് അന്നും വാറ്റുചാരായത്തിന്റെ വാടയുണ്ടായിരുന്നു.'

കുപ്പിയില്‍നിന്ന് ഒരു ഗ്ലാസ്സ് കൂടി പകര്‍ന്ന് കുര്യാക്കോസ് ഉള്ളിലേക്ക് വീഴ്ത്തി. ഇത്തവണ പുളച്ചിലോ എരിച്ചിലോ ഇല്ലായിരുന്നു. കൂട്ടുകാരന്റെ അത്ഭുതപ്രവൃത്തിയെ മുക്കാല്‍പോലും ഒഴിയാത്ത ഗ്ലാസ്സും കയ്യില്‍വെച്ച് മേനോന്‍ മിഴിച്ചുനോക്കിയിരുന്നു.

വയറുന്തി, മൂക്കളയൊലിപ്പിച്ച് തല്ലുകൂടിയും തറുതല പറഞ്ഞുമിരുന്ന കുട്ടികളെ തെറിവിളിച്ചോടിച്ച് കയ്യൊടിഞ്ഞ കസേരയിലെ തുണിക്കെട്ടുകള്‍ മാറ്റി ശാന്തമ്മ സ്വീകരിച്ചിരുത്തിയ അതേ മട്ടിലിരുന്ന് കണ്ണുകളടച്ച് കുര്യാക്കോസ് അവളെ ഒരിക്കല്‍ക്കൂടി കേട്ടു.

അച്ഛന്‍ വാറ്റുകാരനാരുന്നു സാറേ. അമ്മേ തൊഴിച്ചു കൊന്നിട്ട് അങ്ങേര് ജയിലിപ്പോയേപ്പിന്നെ അനിയത്തുങ്ങളെ പോറ്റാനുള്ള പെടാപ്പാടുകൊണ്ടാ ഞാന്‍ ക്ലാസ്സില്‍ താമസിച്ചു വന്നോണ്ടിരുന്നേ. സാറിനെന്നോട് ഭയങ്കര ദേഷ്യമാരുന്നൂന്ന് എനിക്കറിയാം. ആരായാലും ദേഷ്യപ്പെട്ടുപോകും. ക്ലാസ്സിലെ വര്‍ക്കത്തുകെട്ടവള്‍ ഞാനേ ഒള്ളായിരുന്നു. എല്ലാരോടും കളിചിരി പറയുമ്പഴും സാറ് എന്നോട് അരിശപ്പെടുന്നത് ഈ ചാരായവാട പിടിക്കാത്തതുകൊണ്ടാണെന്ന് എനിക്ക് അറിയാമാരുന്നു. വാട എടുക്കൂന്നൂന്നും പറഞ്ഞ് സാറ് സൈന്‍ ചെയ്യാതെ വലിച്ചെറിഞ്ഞ അസൈന്‍മെന്റ് ബുക്ക് ഇപ്പഴും എന്റെ ട്രങ്ക് പെട്ടീലുണ്ട്. സാറ് കുടിക്കാത്തതുകൊണ്ടാ അന്ന് അങ്ങനെ തോന്നിയത്. അതു ചാരായത്തിന്റെ വാടയല്ലാരുന്നു സാറേ. ഞങ്ങക്ക് ജന്മനായുള്ള വാടയാ. തല്ലി നനച്ചാലൊന്നും പോകില്ല.

സിനിമാ സ്‌ക്രീനിലെന്നവണ്ണം കണ്ടുകൊണ്ടിരുന്ന ദൃശ്യങ്ങളിലെ സംഭാഷണം താന്‍ ഉച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് മേനോന്റെ തലോടലേറ്റപ്പോഴാണ് കുര്യാക്കോസിനു ബോദ്ധ്യമായത്.

'സാരമില്ലെടോ... മറന്നുകള' എന്നുപറഞ്ഞ് മേനോന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മേനോന്റെ ചേര്‍ത്തുപിടിക്കലിലേക്ക് ചാഞ്ഞ് കുര്യാക്കോസ് തുടര്‍ന്നു:  'ചാരായത്തിന്റെ വാട ഇതാ സാറേന്ന് പറഞ്ഞ് അവള് തന്ന കുപ്പികളാ ഈ ഇരിക്കുന്നത്. കാശുനീട്ടിയപ്പോ വേണ്ടെന്ന് തലയാട്ടി ഇതെന്റെ ഗുരുദക്ഷിണയാ സാറേന്ന് അവള് പറഞ്ഞപ്പൊ ഞാന്‍ ഉരുകിയൊലിച്ചു പോയെടോ.'

മന്ദസ്ഥായിയില്‍ അവ്യക്തമായി കുര്യാക്കോസ് തുടരുമ്പോള്‍ ചിയേഴ്‌സ് പറയാതെ മദ്യപാനം നടത്തിയ തങ്ങളുടെ ആദ്യ സായാഹ്നമായിരുന്നല്ലോ ഇതെന്ന് മേനോന്‍ ഓര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com