'അലസിപ്പൂക്കള്‍'- സലിന്‍ മാങ്കുഴി എഴുതിയ കഥ

കാപ്പിയും ഏലവും കുരുമുളക് കൃഷിയുമൊക്കെയുള്ള പൊന്നാമ്പിയാരുടെ ഏക മകള്‍ വിധുബാല ഈസുവിനോടൊപ്പം ഒളിച്ചോടിയതിന്റെ ഞെട്ടലില്‍നിന്ന് ഇന്നും നാട്ടുകാര്‍ മോചിതരായിട്ടില്ല
'അലസിപ്പൂക്കള്‍'- സലിന്‍ മാങ്കുഴി എഴുതിയ കഥ

കാപ്പിയും ഏലവും കുരുമുളക് കൃഷിയുമൊക്കെയുള്ള പൊന്നാമ്പിയാരുടെ ഏക മകള്‍ വിധുബാല ഈസുവിനോടൊപ്പം ഒളിച്ചോടിയതിന്റെ ഞെട്ടലില്‍നിന്ന് ഇന്നും നാട്ടുകാര്‍ മോചിതരായിട്ടില്ല. പഠിക്കാന്‍ മിടുക്കിയായ വിധുബാല എഴുത്തും വായനയുമറിയാത്ത ഈസുവിനോടൊപ്പം ഒളിച്ചോടിപ്പോയതെന്തിനാണെന്ന് ഇന്നും ആര്‍ക്കും ഉത്തരം കിട്ടിയിട്ടില്ല. പാതിരാത്രിക്ക് പതുങ്ങിവന്ന ഈസു ജനാലയിലൂടെ വിളിച്ചുണര്‍ത്തി വീട്ടില്‍നിന്ന് വിളിച്ചിറക്കുന്നത് വരെ അങ്ങനെയൊരു ഒളിച്ചോട്ടം വിധുവും പ്രതീക്ഷിച്ചതല്ല. എന്തിനെന്നറിയാത്ത പരിഭ്രമത്തോടെ പുറത്തിറങ്ങിയ അവളുടെ കയ്യും പിടിച്ച് അയാള്‍ ഇരുട്ടിലൂടെ പായുന്ന കാഴ്ച കണ്ട് പൊന്നാമ്പിയാര്‍ നട്ടുവളര്‍ത്തിയ വലിയ മരങ്ങള്‍ വിളറിവെളുത്ത് നിശ്ചലമായി നിന്നു. ചെറിയ മരങ്ങള്‍ ഇലകൊഴിച്ച് കരഞ്ഞു. നടന്നുതളര്‍ന്ന അവളെയും തോളിലേറ്റികൊണ്ടയാള്‍ ഉള്‍ക്കാട്ടിലേക്ക് പോയി. കാട്ടുപൂക്കള്‍ കോര്‍ത്ത് കെട്ടിയ മാല പരസ്പരം ചാര്‍ത്തി ചാറ്റല്‍ മഴയത്ത് അവര്‍ വിവാഹം കഴിച്ചപ്പോള്‍ തവളകള്‍ കൂട്ടത്തോടെ കരയുകയും ചില്ലിടുകള്‍ നിലവിളിക്കുകയും ചെയ്തു. നേരം പുലര്‍ന്നിട്ടും മഞ്ഞുമാറാത്ത ആ ഗ്രാമം വാര്‍ത്തയറിഞ്ഞ് സ്തംഭിച്ചു നിന്നു. ഗ്രാമത്തെ പാതി വളഞ്ഞുനിന്ന കാടും ഓരം ചേര്‍ന്ന് ഊക്കോടെയൊഴുകുന്ന പുഴയും തീരാത്ത അങ്കലാപ്പില്‍ അകപ്പെട്ടു. മലയോരത്തിലേക്കുള്ള വളഞ്ഞുപുളഞ്ഞ ചെങ്കുത്തായ കയറ്റം കയറിവന്ന ചുവന്ന ബസുകള്‍ മടങ്ങിപ്പോയി ഞെട്ടലും പരിദേവനങ്ങളും താഴ്വാരത്തിലേക്കും പകര്‍ന്നു. 

ആറുമാസം തികയും മുന്‍പ് കെട്ടിത്തൂങ്ങിയോ കിണറ്റില്‍ ചാടിയോ വിധു മരിക്കുമെന്നാണ് നാട്ടുകാരൊന്നടങ്കം ഒരേ സ്വരത്തില്‍ തീര്‍പ്പ് കല്പിച്ചത്. പക്ഷേ, വര്‍ഷം ഒന്നു തികയും മുന്‍പ് അവള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. പിന്നെയും നീണ്ട പതിനേഴ് ദുസ്സഹവര്‍ഷങ്ങള്‍ ഈസുവിനൊപ്പം വിധു ജീവിച്ചു. മടങ്ങിപ്പോകാനിടമോ മരിക്കാന്‍ ധൈര്യമോയില്ലാത്തവള്‍ക്ക് ജീവിച്ചനുഭവിക്കുകയല്ലാതെ പോംവഴിയില്ലെന്ന് എല്ലാവരും പരിതപിച്ചു.

കുടിച്ചു ബോധമില്ലാതെ വന്ന ഈസു വിധുവിനെ എല്ലാ രാത്രികളിലും തല്ലുന്നതു കണ്ടും അവളുടെ നിലവിളി കേട്ടും വീടിനു ചുറ്റും നിന്ന മരങ്ങള്‍ പോലും തേങ്ങി. ഏകാന്തതപത്തോടെ, സ്‌നേഹരഹിത ജീവിതത്തിന്റെ കയ്പ് കുടിച്ച് നൊന്തരാത്രികളില്‍ ഒറ്റയ്ക്കിരുന്ന അവള്‍ പുറത്തേക്കിറങ്ങാനുള്ള വഴിയറിയാതെ ഇരുട്ടില്‍ തപ്പി.

കാലാനന്തരം ഒരു രാത്രി കുടിച്ചു ബോധമില്ലാതെ വന്ന ഈസു വിധുവിനെ തല്ലിയപ്പോള്‍ പ്രിന്‍സ് ആ കൈ ആദ്യമായി തടഞ്ഞു.

'ഇനി എന്റെ അമ്മയെ തൊട്ടുപോകരുത്...'

'ഞാന്‍ തല്ലും, കൊല്ലും. നീയാരടാ തന്തക്കാലാ ചോദിക്കാന്‍.' മദ്യ മയക്കത്തോടെ ഈസു ഭ്രാന്ത് പിടിച്ചലറി.
'തൊട്ടുനോക്ക് അപ്പോ അറിയാം' അടക്കിവച്ച പകയോടെ അവന്‍ മുന്നോട്ടു കുതിച്ചു.

മകന്റെ കൈ പിടിക്കാനുള്ള ആവതില്ലാത്തതിനാല്‍ ഈസു നിന്നു വിറച്ചു. അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കവും തമ്മില്‍ തല്ലുമായി. തല്ലു കൂടുതലും ഈസുവിനാണ് കിട്ടിയത്. കയ്യില്‍ കിട്ടിയ തടിക്കഷണം എടുത്ത് ഈസു പ്രിന്‍സിന്റെ തലയ്ക്കടിച്ചു. അടി തടഞ്ഞ വിധുവിന്റെ ഇടത്തേ കൈ ഒടിഞ്ഞുതൂങ്ങി. ഈസുവിനെ തൊഴിച്ചിട്ടിട്ട് കയ്യിലിരുന്ന തടിക്കഷണം പിടിച്ചുവാങ്ങി അടിക്കാനായി കുതിച്ചുയര്‍ന്ന പ്രിന്‍സിനെ വിധു തടഞ്ഞു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

മഞ്ഞലിയാത്ത പിറ്റേ പ്രഭാതമുണര്‍ന്നത് ഈസുവിന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടാണ്. വീടിന്റെ പിന്നിലെ അശോകമരത്തിന്റെ ചാഞ്ഞ കൊമ്പില്‍ വിധുവിന്റെ സാരിയില്‍ ഈസു തൂങ്ങി മരിച്ചു. എല്ലാത്തിനും സാക്ഷിയായ മരങ്ങള്‍ ചുറ്റിലും നിശ്ചലമായി നിന്നു.

'ജീവിതത്തിലാദ്യമായി അവനൊരു നല്ല കാര്യം ചെയ്തു.'

മൃതദേഹം കെട്ടഴിച്ചു താഴെ കിടത്തിയ പഞ്ചായത്തു മെമ്പര്‍ പൊലീസിനോടു പറഞ്ഞു.

'കെട്ടിറങ്ങിയപ്പോ നായിന്റെ മോന് മനസ്താപം വന്നുകാണും സാറേ. തടഞ്ഞില്ലായിരുന്നെങ്കില്‍ ആ പാവം പെണ്ണ് ഈ സ്ഥാനത്ത് തല പൊട്ടി ചത്തു കിടന്നേനെ. ഈ ചെറുക്കനിവിടെയുണ്ടായിരുന്നതുകൊണ്ട് അവളേം കൊണ്ടപ്പോ ആശൂത്രീല് പോയി. അല്ലെങ്കിലോ?' ഒരു തുള്ളി കണ്ണീര്‍ വാര്‍ക്കാതെ തല കുമ്പിട്ട് നിന്ന പ്രിന്‍സിനെ നോക്കിയിട്ട് മെമ്പര്‍ അടുത്തുനിന്ന പൊലീസുകാരനോട് ചോദിച്ചു.

'സ്‌കൂളില്‍ പഠിക്കുമ്പോ മിടുമിടുക്കിയായിരുന്നു സാറേ വിധു. ഫസ്റ്റ് ക്ലാസ്സിലാ പത്ത് ജയിച്ചത്. വിധുവിനെക്കാളും ആറ് മാര്‍ക്കു കുറഞ്ഞ രാജന്‍ ഡോക്ടറായി. റിസള്‍ട്ടു വരും മുന്‍പല്ലേ അവളൊളിച്ചോടിയത്. അല്ലെങ്കിലെങ്ങനെ ജീവിക്കേണ്ടതായിരുന്നു!' പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിനിടയില്‍ മെമ്പര്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

വീട്ടിലോ വിറകുപുരയിലോ പാമ്പിനെ കണ്ടാല്‍ നാട്ടുകാര്‍ ആദ്യം അന്വേഷിക്കുന്നത് ഈസുവിനെയാണ്. 

ഇടം കൈ പ്രത്യേക താളത്തില്‍ നിലത്തടിച്ച് മുന്‍ പാദത്തില്‍ കാലൂന്നിയിരുന്ന് ഈസു പാമ്പിനെ തന്റെ അരികില്‍ വിളിച്ചുവരുത്തും. ഇടം കൈ നിലത്തടിച്ചും വലം കൈ പത്തിവിരിച്ചുയര്‍ത്തിയും ഈസു മെല്ലെ ആടുമ്പോള്‍ പാമ്പ് ഫണം വിരിച്ചു മെല്ലെ മെല്ലെ ഉയരും. വാലിന്‍ തുമ്പില്‍ പാമ്പും കാലിന്‍ തുമ്പില്‍ ഈസുവും ഉയര്‍ന്നു വളഞ്ഞു നില്‍ക്കും. അതൊരു കാഴ്ചയാണ്. ആ നില്‍പ്പില്‍നിന്നു വലം കൈ ഉയരത്തില്‍ ചലിപ്പിച്ചും ഉടല്‍ താഴേക്കു വില്ലുപോലെ വളച്ചും ഈസുവിന്റെയൊരു വരവുണ്ട്. ആ വരവില്‍ പാമ്പറിയാതെ വാലില്‍ തൂക്കിയെടുക്കും. ചുറ്റിലും നില്‍ക്കുന്നവര്‍ സ്വയമറിയാതെ കയ്യടിച്ചു പോകുന്നതാണ് ആ പ്രകടനം. തൂക്കിയെടുത്ത പാമ്പിനെ അല്പനേരം ഊഞ്ഞാലാട്ടി മയക്കിയ ശേഷമാണ് ഈസു വട്ടത്തില്‍ കൈ കറക്കുന്നത്. മെല്ലെ മെല്ലെ വേഗം കൂട്ടുന്ന ആ കറക്കത്തില്‍ പാമ്പിന്റെ കശേരുക്കള്‍ തകരും. ഉടല്‍ കലങ്ങും. ബോധം മറയും. കറക്കലിനിടയില്‍ അപ്രതീക്ഷിതമായി വെട്ടിപ്പിടിച്ചു പാമ്പിനെ നിലത്തടിക്കും. ഈസുവിന്റെ ഒറ്റയടിയില്‍ പാമ്പ് നീണ്ടുനിവര്‍ന്ന് അനക്കമില്ലാതെ ചത്തുകിടക്കും. ചത്ത പാമ്പിനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ഇടം കൈകൊണ്ട് പണം വാങ്ങി പോക്കറ്റിലിട്ടാലുടന്‍ ഈസു സിഗററ്റ് കത്തിച്ചു വലിച്ച് മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ഒന്നുകൂടി ഉയര്‍ത്തിക്കെട്ടി, കാര്‍ക്കിച്ച് തുപ്പി അലക്ഷ്യമായി നടന്നു മറയും.

ഒരിക്കല്‍ പൊന്നാമ്പിയാരുടെ വീട്ടിലെ കോഴിക്കൂടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ വന്ന ഈസു പതിവ് പ്രകടനം കഴിഞ്ഞ് പാമ്പിനെ ഊഞ്ഞാലാട്ടി മയക്കിയ ശേഷം വട്ടം കറക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍നിന്നൊരു പെണ്‍സ്വരം ഉയര്‍ന്നു.

'കൊല്ലല്ലേ...'

ഈസു തിരിഞ്ഞുനോക്കി. നിറഞ്ഞുതുളുമ്പി നില്‍ക്കുന്നകൗമാരക്കാരി. പൊന്നാമ്പിയാരുടെ ഒറ്റമോള്‍, വിധുബാല. അവള്‍ ഈസുവിനെ നോക്കി കെഞ്ചി.

'കൊല്ലല്ലേ...'

ഈസു പാമ്പിനെ കയ്യിലെടുത്തുയര്‍ത്തി. മൂര്‍ഖന്‍ പത്തിവിടര്‍ത്തിയാടി.

പാമ്പുകളെ അവള്‍ക്ക് പണ്ടേ പ്രാണനായിരുന്നു. ഈസു പാമ്പിന്റെ ഫണത്തിനു പിന്നില്‍ ഒരുമ്മ കൊടുത്തു.

വിധു രണ്ടു കയ്യും തന്റെ കവിളില്‍ ചേര്‍ത്ത് ഈസുവിനെ നോക്കി ചിരിച്ചു.

ഈസു പിന്നെ പാമ്പുകളെ കൊന്നിട്ടില്ല. പിടിച്ച പാമ്പിനെ ആളൊഴിഞ്ഞ താഴ്‌വാരത്തില്‍ കൊണ്ടുവിടും.
 
കല്ലിടിക്കിലോ മാളത്തിലോ വള്ളിപ്പടര്‍പ്പുകള്‍ക്കിടയ്‌ക്കോ ഇഴഞ്ഞുകയറും മുന്‍പ് പാമ്പുകള്‍ തലയുയര്‍ത്തി ഈസുവിനെ നോക്കും. ഈസുവിനെക്കുറിച്ച് ആ കൗമാരപ്രായക്കാരി പൊടിപ്പും തൊങ്ങലും വച്ച വീരകഥകള്‍ നിരവധി കേട്ടു. അമ്മയില്ലാത്തതിന്റെ വേദനയില്‍ ഒറ്റയ്‌ക്കെരിയുന്ന അവള്‍ അയാളെക്കുറിച്ചോര്‍ത്ത് പിടഞ്ഞു. ബീഡിക്കറ പുരണ്ട അയാളുടെ ചുണ്ടിലെ വരണ്ട ചിരിയില്‍ അവള്‍ നക്ഷത്രങ്ങളെ കണ്ടു. മോഹന സ്വപ്നങ്ങളുടെ കിടങ്ങില്‍ അവള്‍ വീണു. ദൃഢാലിംഗനങ്ങളുടേയും സ്‌നഹചുംബനങ്ങളുടേയും പരസ്പരാശ്വാസത്തിന്റേയും പ്രണയനിര്‍ഭരമായ ഒരു ലോകം കെട്ടിപ്പിടിക്കുന്നത് അവള്‍ കിനാവ് കണ്ടു.

കെട്ടിത്തൂങ്ങി ചത്തവനെ വീടിന്റെ പിന്നാമ്പുറത്തു വെട്ടിത്താഴ്ത്തി. രാത്രിയില്‍ വരുന്ന പന്നിക്കൂട്ടം കുത്തിമറിക്കാതിരിക്കാനായി മെമ്പര്‍ ശവക്കുഴിയുടെ ചുറ്റിലും തകരപ്പാട്ട വളച്ചുവച്ചു. ചുവന്ന റോസാച്ചെടിയുടെ കൊഴുത്ത കമ്പ് കുഴിയുടെ തലയ്ക്കല്‍ പ്രിന്‍സ് ഊന്നിവച്ചു. 

ഒളിവില്‍ പാര്‍ക്കാന്‍ വന്ന വിപ്ലവ നേതാവായിരുന്നു ഈസുവിന്റെ പിതാവ്. ഇരുട്ടത്ത് പതുങ്ങി വന്ന അയാള്‍ പുത്രന്‍ ജനിക്കും മുന്‍പ് ഇരുട്ടിലേക്ക് തന്നെ ആരോടും പറയാതെ മാഞ്ഞു. തനിക്ക് പിറക്കുന്ന കുഞ്ഞിന് ഇസം എന്നു പേരിടണമെന്ന് അയാള്‍ പറഞ്ഞിരുന്നെങ്കിലും കാലാനന്തരം ഈസോ എന്നും പിന്നെ ഈസു എന്നുമത് പരിണമിച്ചു. പറക്കമുറ്റും മുന്‍പ് ഈസുവിന് അമ്മയെ നഷ്ടപ്പെട്ടു. ഇരുട്ടിലൂടെ ഇഴഞ്ഞുവന്ന ഒരു പാമ്പ് ഉറങ്ങിക്കിടന്ന അമ്മയെ കൊത്തി. ഒന്നുമറിയാതെ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങിയ ഈസു അനാഥത്വത്തിലേക്കാണ് ഉറക്കമുണര്‍ന്നത്. അന്നു മുതലാണയാള്‍ പാമ്പിനെ തിരഞ്ഞിറങ്ങിയത്.

ഈസുവെന്ന കോലാഹലം അടങ്ങിയപ്പോള്‍ അമ്മയുടെ ജീവിതം സ്വച്ഛന്ദമായതായി പ്രിന്‍സിനു തോന്നി. ചാച്ചന്‍ അമ്മയോടു സ്‌നേഹത്തോടെ ഒരക്ഷരം ഉച്ചരിക്കുന്നതോ കനിവോടെ നോക്കുന്നതോപോലും അവന്‍ കണ്ടിട്ടില്ല. അയാള്‍ക്ക് എല്ലാവരോടും പകയായിരുന്നു. വലിഞ്ഞു മുറുകിയ മുഖവും ചത്ത കണ്ണുകളും വളഞ്ഞ ശരീരവുമുള്ള ഈസു പരിചയക്കാരാരുമില്ലാത്ത ഒരു ലോകത്തില്‍ വന്നുപെട്ടതുപോലെ എപ്പോഴും ഏകാന്തനും അസ്വസ്ഥനുമായിരുന്നു. പാമ്പു പിടിക്കാനില്ലാത്തപ്പോള്‍ അയാള്‍ മരം മുറിക്കാനും വിറക് കീറാനുമൊക്കെ പോയി. ഓര്‍മ്മ വച്ചതിനു ശേഷം 'ചാച്ചാ' എന്ന് പ്രിന്‍സ് അയാളെ വിളിച്ചിട്ടില്ല. പരസ്പര സ്‌നേഹമില്ലാതെ മൂന്നുപേര്‍ ഒരു വീട്ടില്‍ പാര്‍ത്തു.

പാമ്പുകളെ കൊല്ലാതായതു മുതല്‍ ഈസു കൂടുതല്‍ അങ്കലാപ്പിലായി. പിടിയില്‍നിന്നു വഴുതിയോടിയ പാമ്പ് ഞൊടിയിടയില്‍ പൊത്തിലേക്കിഴഞ്ഞു കയറുംപോലെ വിധുബാല അയാളുടെ ജീവിതത്തേക്ക് കടന്നുകയറിയിട്ടും അങ്കലാപ്പ് വിട്ടൊഴിഞ്ഞില്ല. പ്രിന്‍സ് ജനിച്ച ശേഷമാണ് ബോധം മറയും വരെയുള്ള കുടി ഈസു ആരംഭിച്ചത്. ഈസുവിനു താന്‍ വീണ്ടും ഒറ്റപ്പെട്ടതായി തോന്നി. മകന്‍ ശത്രുവായി. വിധുവിനെ കാണുമ്പോള്‍ കൊല്ലാതെ വിട്ട പാമ്പുകളെ അയാള്‍ക്കോര്‍മ്മ വന്നു. എല്ലാവരോടും എല്ലാത്തിനോടുമുള്ള പക അയാള്‍ അവളോടു തീര്‍ത്തു.

മരണവും കൊത്തിക്കൊണ്ട് ഇരുട്ടിലൂടെ ഇഴഞ്ഞുവരുന്ന വിഷപ്പാമ്പിനെ അയാള്‍ ഭയത്തോടെ സദാ തിരഞ്ഞുകൊണ്ടേയിരുന്നു.

ഒറ്റ ദിവസംകൊണ്ട് നിലാവ് കെടുത്തിയ കൗമാരപ്രായക്കാരിയുടേയും അവളുടെ ഭാവിയിലേക്ക് നോക്കി അന്ധാളിച്ച് ഒരു വശം തളര്‍ന്നുവീണ അവളുടെ അച്ഛന്റേയും കഥ കേട്ടാണ് പ്രിന്‍സ് വളര്‍ന്നത്. മൂന്നു വര്‍ഷം ആ അച്ഛന്‍ ഒറ്റക്കിടപ്പ് കിടന്നു. ഒളിച്ചോടിയ മകളുടെ ജീവിതം കണ്ടും കേട്ടും ഊഹിച്ചും അച്ഛന്‍ പൊള്ളിപ്പിടഞ്ഞു. ആ പിടച്ചിലില്‍ നിന്നെഴുന്നേല്‍ക്കാനാകാതെ അച്ഛന്‍ പൊലിഞ്ഞു.

വെള്ളപുതച്ചു കിടന്ന അച്ഛനെ കാണാന്‍ രണ്ടാനമ്മയും അവരുടെ രണ്ട് ആണ്‍മക്കളും മകളെ അനുവദിച്ചില്ല. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തി 'അച്ഛാ' എന്നവള്‍ മുറ്റത്ത് നിന്നു നിലവിളിച്ചത് നാലു മലകളിലും തട്ടി പ്രതിദ്ധ്വനിച്ചു. മേഘങ്ങള്‍ക്കിടയില്‍നിന്ന പൊന്നാമ്പിയാര്‍ അന്നേരം മകളുടെ ഒക്കത്തിരുന്ന കുഞ്ഞിനെ നോക്കി നെടുവീര്‍പ്പിട്ടു. മോളേ എന്ന് വിധുവിനെ വിളിച്ചാശ്വസിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കിലും അച്ഛന്റെ തൊണ്ടയില്‍ വിങ്ങല്‍ വിലങ്ങിനിന്നു. എന്റെ കുഞ്ഞേയെന്നു വിളിച്ചു തളര്‍ന്നുകിടന്ന് ഒറ്റയ്ക്ക് തേങ്ങിയ നാളുകളില്‍ അച്ഛാ എന്നു വിളിച്ചു കൊണ്ടവള്‍ മടങ്ങിവന്നു തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുമെന്നയാള്‍ സ്വപ്നം കണ്ടു. അച്ഛായെന്നവള്‍ വിളിച്ചരുകിലിരുന്നെങ്കില്‍ തനിക്കാ സ്‌നേഹത്തില്‍ പിടിച്ച് എഴുന്നേല്‍ക്കാമായിരുന്നു. ഒറ്റമോളോട് അച്ഛനുണ്ടായിരുന്ന സ്‌നേഹം എന്റെ കുഞ്ഞേ നീ തിരിച്ചറിയാതെ പോയല്ലോയെന്നയാള്‍ വിതുമ്പി.

ഇടതൂര്‍ന്നു നിന്ന മരങ്ങള്‍ക്കിടയിലൂടെ തണുത്ത കാറ്റ് ചൂളം വിളിച്ചു. മരങ്ങള്‍ പ്രിന്‍സിനെ കണ്ട് പരിചിത ഭാവത്തോടെ ചില്ലകള്‍ ഇളക്കി. മരത്തിന്റെ മണമുള്ള അവന്‍ കൂരിരുട്ടിലൂടെ വേഗത്തില്‍ നടന്നു. തലപ്പൊക്കമുള്ള മരത്തിന്റെ തുഞ്ചത്ത് കയറി നെഞ്ചും മുഖവും ചില്ലയില്‍ അമര്‍ത്തി കണ്ണടച്ചിരിക്കാന്‍ കുട്ടിക്കാലം മുതലേ അവനിഷ്ടമായിരുന്നു. മരം അവനോടും അവന്‍ മരത്തോടും വിഷമങ്ങള്‍ പറയും. വിധുവിന്റെ മര്‍ദ്ദനമേറ്റ നിലവിളി ഉയരുമ്പോള്‍ അവന്‍ കുട്ടിക്കാലം മുതലേ കാട്ടിലേക്ക് പരക്കം പായും. ഓടിയോടി ഉള്‍ക്കാട്ടിലെത്തിയാലേ അവന്റെ വെപ്രാളമടങ്ങൂ. ആ ഓട്ടത്തിനിടയിലാണവന്‍ കാടുമായും മരങ്ങളുമായും ചങ്ങാത്തത്തിലായത്. കിതച്ച് വിയര്‍ത്ത് നെഞ്ചിടിപ്പോടെ കാട്ടിനുള്ളില്‍ ഒറ്റയ്ക്കിരുന്ന ഒരു രാത്രിയിലാണ് തണുത്തകാറ്റ് വന്നവന്റെ വിയര്‍പ്പൊപ്പിയതും മരങ്ങള്‍ ഇലകള്‍ പൊഴിച്ചവനെ ചുംബിച്ചതും. ആ രാത്രിയിലാണ് കാട്ടിനുള്ളിലൂടെ കുറേ മനുഷ്യര്‍ നടന്നുവന്നവന്റെ ചുറ്റുമിരുന്നത്. ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ അവര്‍ ആറ് പേരുണ്ടായിരുന്നു. സ്ത്രീയുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. അവരുടെ മാറാപ്പുകളില്‍ ബോംബും മാരകായുധങ്ങളുമായിരിക്കുമെന്നവന്‍ ഊഹിച്ചു. അവര്‍ പരസ്പരം അധികം സംസാരിച്ചില്ലെങ്കിലും അവനെയവര്‍ കനിവോടെ നോക്കി. തന്നെയവര്‍ വെടിവെച്ചു കൊല്ലുമെന്നു തന്നെയവന്‍ ഉറപ്പിച്ചു. അവരുടെ കണ്ണിലെ കനിവ് അവനു കാണാനായില്ല. മരണഭയത്തോടെ കുറേനേരം അവന്‍ അവരെയെല്ലാം നോക്കിയിരുന്നതല്ലാതെ കൊല്ലരുതേയെന്നു യാചിക്കാന്‍ പോയില്ല. എന്തിനു ജീവിക്കണമെന്ന് ഓര്‍മ്മവച്ച നാള്‍ മുതലേയുള്ള ചോദ്യം അവന്‍ സ്വയം വീണ്ടും ചോദിക്കുകയും ധൈര്യത്തോടെ മരണത്തിന്റെ മുന്നിലിരിക്കുകയും ചെയ്തു. ആ സ്ത്രീ തോക്ക് അവന്റെ മുന്നില്‍ വച്ചിട്ട് കാട്ടിനുള്ളിലേക്ക് പോയി. മറ്റൊരാള്‍ മാറാപ്പഴിച്ചു. മാറാപ്പില്‍നിന്ന് അരിയും വറ്റല്‍മുളകും ഉപ്പുകവറും ഉള്ളിയുമയാളെടുത്തു. മറ്റൊരാള്‍ മാറാപ്പില്‍നിന്ന് വെള്ളം നിറച്ച കന്നാസെടുത്തു. വേറൊരാള്‍ കരിപിടിച്ച ഒരു അലുമിനിയം കലം പുറത്തെടുത്തു. അശോക മരത്തിന്റെ ചുവട്ടില്‍ അവര്‍ വിറകു കൂട്ടി തീകത്തിച്ച് കഞ്ഞിയുണ്ടാക്കി. കാട്ടിലേക്ക് പോയ സ്ത്രീ തിരികെ വന്നു ചെറിയൊരു പാറയില്‍ മലര്‍ന്നുകിടന്ന് ശബ്ദം താഴ്ത്തിയൊരു പാട്ടുപാടി. മറ്റുള്ളവര്‍ ഒപ്പം പാടി. മുദ്രാവാക്യമാണോ ഗാനമാണോയെന്നറിയാത്ത ആ പാട്ടിനൊപ്പം പ്രിന്‍സും ചുണ്ടനക്കി. ചീവീടുകള്‍ കൂട്ടമായി ഒപ്പം ചിലച്ചു. കഞ്ഞി വെന്തു തൂവി. മണ്ണില്‍ ചെറിയ കുഴി കുഴിച്ച് വട്ടയില അതില്‍ പതിച്ചുവച്ച് ഏഴ് കുഴികളില്‍ കഞ്ഞി വിളമ്പി. അവര്‍ ആറു പേരും കുഴിക്കു ചുറ്റുമിരുന്നിട്ട് പ്രിന്‍സിനെ അലിവോടെ നോക്കി. ഏഴാമത്തെ കുഴിയിലെ കഞ്ഞിയുടെ മുന്നില്‍ പ്രിന്‍സും ചമ്മണം പടിഞ്ഞ് അവര്‍ക്കൊപ്പമിരുന്നു വിശപ്പാറും വരെ കഞ്ഞി കുടിച്ചു. പുലരും മുന്‍പേ അവര്‍ യാത്ര പറയാതെ കാട്ടിനുള്ളിലേക്ക് മാഞ്ഞു. അവര്‍ക്കൊപ്പം പോകണമെന്നും ആ ഗാനത്തിലേറി ജീവിക്കണമെന്നുമവന് തോന്നിയെങ്കിലും അവന്‍ ഇരുന്നയിടത്ത് തന്നെ അവരുടെ കനിവോര്‍ത്തിരുന്നു.
പുലര്‍ച്ചെ തിരിച്ചെത്തിയ പാടേ വീടിനു ചുറ്റും അവന്‍ നട്ടുവളര്‍ത്തിയ മരങ്ങളുടെ കൂട്ടത്തില്‍നിന്ന് അല്പം മാറി ആഴത്തില്‍ ഒരു കുഴിയെടുത്തു. തീ പിടിച്ചതുപോലെ കാട്ടില്‍ പൂത്തു നിന്ന അശോകമരത്തില്‍നിന്നും ഒടിച്ചെടുത്ത മുറ്റിയ കമ്പ് അവന്‍ അവിടെ നട്ടു. അവര്‍ പാടിയ മുദ്രാവാക്യം പോലത്തെ പാട്ട് അന്നേരവും അവന്റെ തലച്ചോറില്‍ അലയടിച്ചുകൊണ്ടേയിരുന്നു. കാലാനന്തരം ഒരു മഴക്കാല രാത്രിയില്‍ പ്രിന്‍സ് ചായക്കടയിലിരുന്നപ്പോള്‍ പൊലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കാട്ടില്‍ വെച്ച് വെടിയേറ്റു മരിച്ച ആറു പേരുടെ മൃതദേഹം നിരത്തിയിട്ടിരിക്കുന്നതു ടി.വിയില്‍ കണ്ടു. അവരുടെ മാറാപ്പില്‍നിന്നെടുത്ത നാടന്‍ ബോംബുകളും മാരകായുധങ്ങളും തോക്കുകളും നിരത്തിവച്ച് മൃതദേഹങ്ങളുടെ പിന്നില്‍ ചിരിച്ചുനില്‍ക്കുന്ന വീരന്മാരായ പൊലീസുകാരെയും കണ്ടു. പ്രിന്‍സിന്റെ ഉള്ളില്‍ ആ ഗാനം താളാത്മകമായി ഉയര്‍ന്നു.

ശഹീദോം കെ ഖൂന്‍ സെ സനീ
ഹുയീ ലാല്‍ ഛണ്ഡാ
ലാല്‍ ഛണ്ഡാ ഉഠ്കര്‍
ലഡ്‌തേ, ലഡ്‌തേ ആഗേ ബഠേങ്കേ
ജബ് ലാല്‍, ലാല്‍ ജബ് ലാല്‍ ലാല്‍
ജബ് ലാല്‍, ലാല്‍ ലഹരായേഗാ
തബ് ഹോശ് ടിക്കാനേ, ഹോശ്
ടിക്കാനേ ആയേഗ

അവന്‍ ആ ഗാനത്തിനൊപ്പം എങ്ങോട്ടെന്നറിയാതെ രാത്രിയിലൂടെ നടന്നു. ചില്ലിടുകള്‍ നിര്‍ത്താതെ കരഞ്ഞു. ഒരു വളവ് തിരിഞ്ഞതും മുന്നില്‍ ബൈക്ക് കൊണ്ട്‌നിര്‍ത്തിയിട്ടു മെമ്പര്‍ വിളിച്ചു. 

'എടാ, വാ കേറ്. ഈ ചൂട് സമയത്ത് വെട്ടമില്ലാതെ നീയെന്തു വിചാരിച്ചിട്ടാ... പാമ്പിറങ്ങുന്ന സമയമാ' മെമ്പര്‍ പറഞ്ഞു. 

അവന്‍ ബൈക്കില്‍ കയറി.

കഞ്ഞിയും മുരിങ്ങാക്കായിട്ടു വച്ച ഉണക്കമീന്‍ കറിയും അവന് നിറച്ചു വിളമ്പിയിട്ടു മെമ്പര്‍ പറഞ്ഞു.

'രണ്ടു പേര്‍ക്കുള്ള കഞ്ഞി ഞാനെന്നുമിടും. രാത്രി ആരെങ്കിലുമൊക്കെ വരും. ബാക്കി വന്നാല്‍ രാവിലെ മുറ്റത്തുനിന്നു രണ്ട് കാന്താരി മുളകും പറിച്ച് അച്ചാറും കൂട്ടി ഒരു പിടി പിടിക്കും. നാലു മണി വരെ പിന്നെ വിശക്കില്ല.'

കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോള്‍ മെമ്പര്‍ പറഞ്ഞു.

'എടാ നീയിന്നിവിടെ കെടക്ക്. നമുക്ക് മിണ്ടീം പറഞ്ഞുമിരിക്കാം.'

അവര്‍ മുറ്റത്ത് കസേരയിട്ടിരുന്നു.

'പെണ്ണും പെടക്കോഴിയുമില്ലാതെയിങ്ങനെ ജീവിക്കുന്നതിന്റേയും വേദനിക്കുന്നതിന്റേയും സുഖം ഒന്നു വേറെയാ. നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെയും ഇരുട്ടിയാല്‍ വെളുക്കും വരെയും എന്റെയീ ഫോണില്‍ ഓരോരുത്തര് സഹായത്തിനു വിളിക്കും. അല്ലെങ്കില്‍ മുറ്റത്ത് വന്നുനിന്ന് മെമ്പറേന്ന് നീട്ടിവിളിക്കും. പലര്‍ക്കും ഞാന്‍ കൂടെയൊന്നു ചെന്നാല്‍ മതി.'

മൂന്നു സഹോദരിമാരെ കല്യാണം കഴിപ്പിച്ചയച്ചത് പറഞ്ഞിട്ട് കൈവെള്ളയിലെ അധ്വാനത്തഴമ്പു കാട്ടി മെമ്പര്‍ ചിരിച്ചപ്പോള്‍ ചുറ്റിലും നിലാവുദിച്ചു.

മുറ്റത്ത് നിരയായി പൂത്തുനിന്ന ചുവന്ന റോസാച്ചെടികളില്‍നിന്ന് അല്പം മാറിനിന്ന വെള്ള പൂക്കളുള്ള ചെടിയിലേക്ക് ഒരു ചെറിയ കല്ലെടുത്തെറിഞ്ഞിട്ട് മെമ്പര്‍ പറഞ്ഞു.

'സ്റ്റീഫേട്ടന്‍ കൊണ്ടുവന്നു നട്ട ചെടിയാ. സമാധാനത്തിന്റെ വെള്ളപ്പൂവെന്നു നടുമ്പോള്‍ ഒരു ആത്മഗതം പറച്ചിലും. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും സ്‌നേഹത്തെക്കുറിച്ചു ചെടിക്ക് വെള്ളമൊഴിക്കുമ്പോള്‍ അയാള്‍ വാതോരാതെ പറഞ്ഞു. പുള്ളിക്കാരനിപ്പോ സുവിശേഷവേലയാ. ആദ്യം ഉന്മൂലനം പിന്നെ ആത്മീയം. രണ്ടും ഞങ്ങള്‍ക്ക് ദഹിക്കൂല...'

അല്പനേരം നിശ്ശബ്ദമായിരുന്ന മെമ്പറുടെ മുഖത്ത് വിഷാദനനവുള്ള ഒരു ചിരി പോക്കുവെയില്‍ പോലെ പടര്‍ന്നു.

'എടാ ഞാനൊരു തമാശ പറയാം. സംഗതി നീ ജനിക്കും മുന്‍പ് നടന്നതാ. ഞാന്‍ പത്ത് ബിയില്‍ പഠിക്കുന്ന കാലം. ഒരു ദിവസം രാവിലെ ആരും കാണാതെ വീട്ടീന്നൊരു റോസാപ്പൂവുമിറുത്ത് ക്ലാസ്സിലെത്തി. പൂവെന്നു പറഞ്ഞാ മുറത്തിന്റെയത്രേം വലുപ്പവും ചോരയുടെ നിറവുമാ. ദാ നോക്ക് അത് പറഞ്ഞപ്പോ എന്റെ കൈവിറയ്ക്കുന്നത്. സംഗതി അതുതന്നെ. പക്ഷേ, ഉള്ളിലുള്ള ആഗ്രഹം പറയാനോ പൂ കൊടുക്കാനോയുള്ള ധൈര്യമുണ്ടോ? പൂ കൊടുക്കാനുള്ള ഞാന്‍ സമരോം ചെയ്ത് കൊടീം പിടിച്ച് നടക്കുകയും പൂവാങ്ങാനുള്ള കക്ഷി ഡീസന്റായി ഫുള്‍മാര്‍ക്കും വാങ്ങി മുന്‍ ബഞ്ചില്‍ തിളങ്ങിയിരിക്കുകയും ചെയ്യുമ്പോള്‍ സംഗതി പറഞ്ഞാല്‍ പൊളിഞ്ഞു പാളീസാവുമെന്നതില്‍ സംശയമില്ല.'

'എന്നിട്ട് പൂ കൊടുത്തോ?' പ്രിന്‍സ് ഇടയ്ക്ക് കയറി ചോദിച്ചു.

വസന്തവായുവിന്റെ ഗന്ധം മെമ്പറുടെ ഓര്‍മ്മകളെ പുണര്‍ന്നു.

'അഞ്ചു മുതല്‍ പത്തുവരെ ഞങ്ങളൊരേ ക്ലാസ്സിലാ പഠിച്ചത്. ഞാന്‍ തോല്‍ക്കാന്‍ തക്ക മണ്ടനൊന്നുമല്ലായിരുന്നു. പക്ഷേ, ഇങ്ങനെയൊരാഗ്രഹം ഉള്ളേക്കിടന്നു വിങ്ങുമ്പോള്‍ എങ്ങനെ പഠിക്കും' മെമ്പര്‍ ദീര്‍ഘനിശ്വാസത്തോടെ നടന്ന് വീണ്ടും പഴയ പത്താം ക്ലാസ്സിലെത്തി.

'ചിലരെയൊക്കെ നമ്മള് മനസ്സിലെടുത്തു വച്ചാല്‍ പിന്നെ മരിക്കുവോളം ഇറക്കിവിടാനാകില്ല. ഒരാള്‍ അകന്നുപോയിട്ടും മറ്റേയാള്‍ നിശ്ശബ്ദമായി കാത്തിരിക്കുന്നതാ യഥാര്‍ത്ഥ പ്രണയം.' മെമ്പര്‍ കുറച്ച് നേരം അകലേക്ക് നോക്കിയിരുന്നു. എന്നിട്ട് ശബ്ദം താഴ്ത്തി സ്വയമെന്നോളം പറഞ്ഞു.

'പ്രണയമങ്ങനെയാ; എപ്പോഴെങ്കിലുമതിന്റെ ചുഴിയില്‍ പെട്ടാല്‍ പിന്നെ മരിക്കുവോളമതങ്ങനെ ഇരമ്പിക്കൊണ്ടിരിക്കും. ഏത് ഇരുട്ടത്തും വെളിച്ചത്തിലും നമ്മളതിനെയും അത് നമ്മളെയും പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.' മെമ്പര്‍ ദീര്‍ഘനിശ്വാസമെടുത്തു.

'അവള്‍ക്ക് പത്തില് ഫസ്റ്റ് ക്ലാസ്സായിരുന്നു. പക്ഷേ... റിസള്‍ട്ടറിയും മുന്‍പ് എഴുത്തും വായനയുമറിയാത്ത ഒരുത്തനുമായി... എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അവളെന്തിനാണിങ്ങനെയൊരു ജീവിതത്തിലേക്ക്...'
പ്രിന്‍സിന്റെ മുഖം പെട്ടെന്നു ഗൗരവത്തിലായി. പിന്നെയവനൊന്നും ചോദിക്കുകയോ മെമ്പര്‍ എന്തെങ്കിലും പറയുകയോ ചെയ്തില്ല.

പിറ്റേന്നു പുലര്‍ച്ചെ മെമ്പറോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മുറ്റത്ത് നിറയെ പൂത്തുനില്‍ക്കുന്ന ചുവന്ന റോസാച്ചെടികളും അതിനിടയില്‍ മാലപോലെ കിടക്കുന്ന പാമ്പിന്റെ പൊഴിച്ചിട്ട പടവും പ്രിന്‍സ് കണ്ടു.
ഈസു മരിച്ച് ഒരു മാസം കഴിഞ്ഞ രാത്രി ഒരുമിച്ചിരുന്ന് കഞ്ഞി കുടിക്കുന്നതിനിടയില്‍ പ്രിന്‍സ് വിധുവിനോട് ചോദിച്ചു.

'അമ്മയെന്തിനാ അന്ന് ചാച്ചനോടൊപ്പം ഒളിച്ചോടിയത്?'

അവള്‍ അത് കേട്ടതായി ഭാവിക്കാതെ തല കുമ്പിട്ടിരുന്നു.

'ഇത്രയും കാലമിങ്ങനെ സഹിച്ചു ജീവിച്ചതെന്തിനായിരുന്നു? എവിടെയെങ്കിലും പോയി രക്ഷപ്പെടാമായിരുന്നില്ലേ?'

ആ ചോദ്യം കേട്ട വിധു അവന്റെ കണ്ണുകളില്‍ സൂക്ഷിച്ച് നോക്കിയിട്ട് ഉറച്ച സ്വരത്തില്‍ തിരിച്ചു ചോദിച്ചു.

'എവിടെ പോകണമായിരുന്നു?'

എങ്ങനെ തുടര്‍ന്ന് പറയണമെന്നറിയാതെ കുഴങ്ങിയ പ്രിന്‍സ് ഒടുവില്‍ ദീര്‍ഘവര്‍ഷം പിറകില്‍നിന്ന് ഒരു റോസാപ്പൂവിറുത്ത് പത്ത് ബിയുടെ മുന്നിലെ ഡസ്‌കിന്റെ പുറത്ത് വച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. കുറേ നേരം ചിന്തിച്ചിരുന്ന വിധു ഒടുവില്‍ ആ പൂവെടുത്തു മൂക്കോടു ചേര്‍ത്ത് കണ്ണടച്ച് ശ്വസിച്ചു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അന്നു രാത്രി ആകാശം നോക്കി പ്രിന്‍സ് ഉറങ്ങാതെ കിടന്നപ്പോള്‍ ഈസുവിന്റെ അന്ത്യനിമിഷങ്ങളില്‍ പറന്നിറങ്ങിയ അതേ മേഘങ്ങള്‍ അവനെ വന്നു പൊതിഞ്ഞു. അവന്‍ ഓര്‍മ്മകളിലൂടെ നടക്കാനിറങ്ങി.
പ്ലാസ്റ്ററിട്ട കയ്യിലെ വേദനതിന്ന് വിധു ഒറ്റയക്ഷരം മിണ്ടാതെ ആശുപത്രിയില്‍ ഇരുന്ന രാത്രി അവന്റെ ഓര്‍മ്മയില്‍ ഒലിച്ചിറങ്ങി. അമ്മയ്ക്ക് കൂട്ടായി ആശുപത്രി വരാന്തയിലിരുന്നു നേരം വെളുപ്പിച്ച ചടവോടെ പുലര്‍ച്ചെ പ്രിന്‍സ് വീട്ടിലെത്തിയപ്പോള്‍ മേഘങ്ങള്‍ മരങ്ങള്‍ക്ക് മുകളില്‍ പതുങ്ങിനിന്നു.

സിഗററ്റ് കത്തിച്ചു ചുമച്ചുകൊണ്ട് പുറത്തേക്ക് വന്ന ഈസു വരാന്ത വാതിലില്‍ കുത്തിയിരുന്ന് മുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പിയിട്ട് സിഗററ്റ് പുക അകത്തേക്കെടുത്തു.
 
'അവള് ചത്തോടാ?' ഈസു ചോദിച്ചു.

ഒറ്റയക്ഷരം മിണ്ടാതെ അകത്തേക്ക് കയറിയ പ്രിന്‍സിനെ അയയില്‍ കിടന്ന സാരി പത്തിയുയര്‍ത്തി നോക്കി. കാറ്റിലാടിയ സാരിത്തുമ്പ് അവന്റെ കയ്യില്‍ എത്തിപ്പിടിച്ചു. വൃക്ഷത്തിന്റെ ഇലകള്‍ക്കിടയില്‍ മിഴിച്ചിരുന്ന ഒരു കൂമന്‍ ചുറ്റിലും നോക്കി നിര്‍ത്താതെ മൂളി. സാരിത്തലപ്പിലവന്‍ ഒരു മരണക്കുരുക്കിട്ടു.

വീടിന്റെ പിന്നില്‍ നിറയെ പൂത്തുനിന്ന അശോകമരം ഉറച്ച ശബ്ദത്തില്‍ ഗാനം ആലപിച്ചു. ചില്ലിടുകള്‍ അത് കേട്ട് ഉച്ചത്തില്‍ ചിലച്ചു.

ശഹീദോം കെ ഖൂന്‍ സെ സനീ
ഹുയീ ലാല്‍ ഛണ്ഡാ...

ചുറ്റിലും സംഘടിച്ചു നിന്ന മരങ്ങള്‍ താളത്തില്‍ ഒപ്പം പാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com