'പൂര്‍വ്വകല്യാണീസുകൃതം'- അര്‍ജുന്‍ കെ.വി. എഴുതിയ കഥ

ജീവനുള്ളതും ഇല്ലാത്തതുമായ ഓരോന്നിനും പേരിടുന്ന പതിവ് തങ്കമണിക്കുണ്ട്. വഴിയെ പോവുന്ന പട്ടിക്കും പൂച്ചക്കും പറന്നുപോവുന്ന കിളികള്‍ക്കുപോലും തരം കിട്ടിയാല്‍ തങ്കമണി പേരിട്ടുകളയും
'പൂര്‍വ്വകല്യാണീസുകൃതം'- അര്‍ജുന്‍ കെ.വി. എഴുതിയ കഥ

ജീവനുള്ളതും ഇല്ലാത്തതുമായ ഓരോന്നിനും പേരിടുന്ന പതിവ് തങ്കമണിക്കുണ്ട്. വഴിയെ പോവുന്ന പട്ടിക്കും പൂച്ചക്കും പറന്നുപോവുന്ന കിളികള്‍ക്കുപോലും തരം കിട്ടിയാല്‍ തങ്കമണി പേരിട്ടുകളയും. അതേ പതിവ് മകള്‍ അംബികയ്ക്കുമുണ്ട്.

കാപ്പൊഴിഞ്ഞ് ഓട കൂട്ടയില്‍നിന്ന് വിറച്ചു വിറച്ചു പുറത്തിറങ്ങിയ കോഴിക്കുഞ്ഞിന്റെ തൂവലുകള്‍ക്ക് മഞ്ഞിച്ച വെള്ളനിറമാണെങ്കിലും വലുതാവുമ്പോള്‍ അത് തവിട്ടു നിറമാകുമെന്ന് അംബിക ഉറപ്പിച്ചു. അവളതിനെ ചോക്കിച്ചിയെന്നു വിളിച്ചു. അടുക്കളയിലും ചുറ്റുവട്ടത്തും അര്‍ഹിക്കുന്ന പരിഗണനയോടെ ചോക്കിച്ചി വളര്‍ന്നു. സമയമാകുമ്പോള്‍ ഇണചേര്‍ന്നു.

മുട്ടയിട്ട്... അടയിരുന്ന്... വിരിയിച്ചു.

പതിവ് പോലെ കൂട്ടില്‍നിന്നും തുള്ളിയിറങ്ങി അങ്കവാലു വളച്ച പൂവനേയും കൂട്ടുകാരികളേയും വക വെക്കാതെ കുഞ്ഞുങ്ങളേയും കൂട്ടി ചോക്കിച്ചി തൈത്തടത്തിലെ നനവിലേക്ക് കുതിച്ചു. കിട്ടിയ വറ്റു മുഴുവന്‍ കൊത്തി കൊത്തി വയറു നിറച്ചു. ഒരുപാടൊന്നും ചികയാതെ മണ്ണിരയെ കൂടി കിട്ടിയപ്പോള്‍ കൊത്തിക്കുടഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. രണ്ടു വര്‍ഷം മുന്‍പ് വരാന്തയോട് കൂട്ടിപ്പണിത കിടപ്പുമുറിയില്‍ കരച്ചിലും പിഴിച്ചിലും ബഹളമായി മാറിയപ്പോള്‍ ചോക്കിച്ചി തലയുയര്‍ത്തി.

അടുക്കളത്തിണ്ണയില്‍ മടിപിടിച്ചു കിടന്ന കണ്ടനോട് ചിറകു കുടഞ്ഞു കാര്യം തിരക്കി. തൂവലുകള്‍ക്കിടയിലെ പൊടിപടലം വെയില്‍ മറക്കുന്നതും നോക്കി കണ്ടന്‍ ഒരു മൂളലില്‍ എണീറ്റിരുന്നു. ഇതൊക്കെ സ്ഥിരമുള്ളതല്ലേയെന്ന മട്ടില്‍ സന്ന്യാസി ഭാവം ചമഞ്ഞു. പിന്നെ മീശ വിറപ്പിച്ച്, വാലു ചുഴറ്റി അകത്തേക്ക് പോയി. കൊക്കിലുള്ള മണ്ണിരപശ കുടഞ്ഞ്കളഞ്ഞ് ചളി പുരണ്ട നക്ഷത്രക്കാലുകളുമായി 
ചോക്കിച്ചിയും ഉമ്മറത്തേക്ക് കുണുങ്ങിയോടി.

അംബിക മുടിയില്‍ പിണഞ്ഞ താലിമാലയുടെ കൊളുത്തൂരി കിടക്കയിലിട്ടതും രാജീവന്റെ രണ്ടു പുരികങ്ങളും മുളിപ്പുല്ല്‌പോലെ എഴുന്നുനിന്നതും ചോക്കിച്ചി ജനലിലൂടെ കണ്ടു. വാതില്‍ വലിച്ചു തുറന്നതും കൊട്ടിയടഞ്ഞതും കൂടി കേട്ടപ്പോള്‍ ചോക്കിച്ചി കാര്യം കൈവിട്ടതാണെന്ന് ഉറപ്പിച്ചു. 

അംബിക വീട് വിട്ടിറങ്ങുമ്പോള്‍ പാതി പറന്നും കഴുത്തുയര്‍ത്തി ഓടിയും ചോക്കിച്ചിയും പിറകേ പോയി. അംബിക അതൊന്നും ശ്രദ്ധിച്ചില്ല.

അതുവരെയും ആകാശത്ത് വട്ടമിട്ട് പറന്ന ഒരു പ്രാപ്പിടിയന്‍ മറ്റൊരവസരമില്ലെന്ന് ഉറപ്പിച്ച് തൈത്തടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ചോക്കിച്ചിക്ക് നിലവിളിയോടെ തിരിഞ്ഞോടേണ്ടിയും വന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

2
തൊഴിലുറപ്പ് കഴിഞ്ഞ് വന്ന് പണിക്കുപ്പായം വെള്ളത്തിലിടുമ്പോള്‍ വിനായക ബസിന്റെ വിറച്ചുകൊണ്ടുള്ള ഹോണടി തങ്കമണി ദൂരെനിന്നേ കേട്ടു. നാലരയെന്ന് തങ്കമണി സൂര്യനെ നോക്കി. എങ്കില്‍ കുറച്ചു നേരത്തേക്ക് ആലീസിന്റെ റബ്ബര്‍ തോട്ടത്തില്‍ കല്യാണിയെ പിടിച്ച് മേയ്ക്കാമെന്നായി. ഇലപൊഴിഞ്ഞ മരങ്ങള്‍ക്കിടയിലൂടെ മണ്ണില്‍ കയറിന്റെ നേര്‍ത്ത വര വരഞ്ഞ് കല്യാണി തൊടിലാടി  ചെടിയുടെ ഇലകള്‍ തിന്നും മറ്റും മേഞ്ഞുതുടങ്ങി. പത്ത് മിനുട്ടിന്റെ ദൈര്‍ഘ്യത്തില്‍ വഴിയറ്റത്ത് മകളെ കണ്ടപ്പോള്‍ തങ്കമണി നെഞ്ച് ഉയര്‍ത്തി പിടിച്ചതേയുള്ളൂ. ഒന്നും ചോദിച്ചില്ല.

അംബിക ഒന്നും പറഞ്ഞുമില്ല.

അന്നേരം തന്നെ വല്ലതും മിണ്ടിപ്പറയാന്‍ വന്ന ആലീസിനോടും അവളുടെ ചോദ്യത്തിനും തങ്കമണി ചെവി കൊടുത്തു.

'അതെന്നാത്തിനാ തങ്കമണി ചേച്ചി പശുവിന് കല്യാണിയെന്നിട്ടേ...'

ടെസ്സക്കുഞ്ഞിനെ മണ്ണിലിറക്കി ആലീസ് നടു നിവര്‍ത്തി.

'വല്ല ലില്ലിയോ മാഗിയോ വിളിച്ചൂടായിരുന്നോ?'

ആലീസ് മുടിയിലിട്ട് വലിച്ച ചാമ്പക്കൊമ്പിനെ താഴേക്ക് ഒടിച്ചുവെച്ചു.

വെട്ടുവഴിയില്‍ കുത്തനെ വളര്‍ന്ന കാഞ്ഞിരത്തിന്റെ വേര് പിടിച്ച് തങ്കമണി തിട്ടിലേക്ക് കയറി നിന്നപ്പോള്‍ ടെസ്സക്കുഞ്ഞിന്റെ ചന്തിയില്‍ പുളിയുറുമ്പ് വട്ടം കളിക്കുന്നത് കണ്ടു. ഉളുമ്പു മണമുള്ള മുന്താണി ചുരുട്ടി തങ്കമണി ഉറുമ്പിനെ തട്ടി താഴെയിട്ടു. നെല്ലിയിലപോലെ താഴേക്ക് താഴേക്കെന്ന മട്ടില്‍ ഊര്‍ന്നുവീഴുന്ന പുളിയനെ ടെസ്സക്കുഞ്ഞ് ചന്തി തടവി, ഇമ ചിമ്മാതെ നോക്കിനിന്നു.

'അതൊരു രഹസ്യാ... ആലീസെ...'

തങ്കം ശബ്ദം താഴ്ത്തി.

രഹസ്യമെന്ന് കേട്ടപ്പോള്‍ ആലീസ് ടെസ്സക്കുഞ്ഞിനെ സൈഡിലേക്ക് നിര്‍ത്തി തങ്കമണിയോട് ചേര്‍ന്നുനിന്നു.

'കല്യാണി എന്റെയൊരു പഴേ ഫ്രണ്ടാ...'

'ആണോ?'

ആലീസിന്റെ ചെവി കൂര്‍ത്തു.

തങ്കമണി കല്യാണിയുടെ കയറ് നിലത്തിട്ടു.

'കൂടെ പണിയെടുത്ത ഒരുത്തനെ കണ്ടപ്പോ അവള് എളകി. വെച്ചു പൊറുപ്പിക്കാണ്ട് ഒളിച്ചോടി. കൊറേയാള്ക്കാര് നാല് പാടും മോന്തി വരെ പര്തി. കിട്ടീറ്റ...

പൊലീസോട് പറയാനും കേസു കളിക്കാനും അന്നത്തെ കാലത്ത് ആര് മെനക്കെട്ന്ന്... ഓളെ് ഇപ്പളും ക്‌നാവ് കാണും. പശൂനെ കൊണ്ടന്നപ്പം ഓളെ പേരിട്ടു.. കല്യാണീന്ന്...'

തങ്കം ഒതുക്കത്തില്‍ പറഞ്ഞു നിര്‍ത്തി.

എവറസ്റ്റ് കയറുന്ന തയ്യാറെടുപ്പില്‍ പുളിയുറുമ്പ് ടെസ്സക്കുഞ്ഞിന്റെ ക്യൂട്ടക്‌സ് ചെയ്ത കാല്‍നഖം നോക്കി. പിന്നെ മടമ്പു വഴി സ്വര്‍ണ്ണരോമങ്ങള്‍ക്കിടയിലൂടെ തുടയിലേക്ക് വലിഞ്ഞു കയറാനാഞ്ഞു.

'ഇവളുടെ അരയിലെന്തെങ്കിലും ഉടുപ്പിക്ക് ആലീസേ... അല്ലെങ്കീ ബപ്പീസില് ഉറ്മ്പ് കടിക്കും.' മുട്ടോളം താണ്ടിയ പുളിയനെ ഞെരിച്ച് തങ്കമണി ടെസ്സക്കുഞ്ഞിന്റെ നെറ്റി തടവി.

ആലീസും തങ്കമണിയും പിന്നെയും ഒന്നും രണ്ടും മിണ്ടി നില്‍ക്കെ കല്യാണി കയ്യാല കടന്ന് എസ്റ്റേറ്റുകാരുടെ തോട്ടത്തിലെ വാഴയോട് വടംവലി തുടങ്ങി.

'ഇവള് ശെരിക്കും മറ്റേ കല്യാണി തന്നെയാണല്ലോ...'

ആലീസ് ടെസ്സക്കുഞ്ഞിനെ ഒക്കത്തെടുത്തിരുത്തി ചിരിച്ചു. തങ്കമണിക്കത് ദഹിച്ചില്ലെങ്കിലും വെറുതെ ചിരിച്ചു കാണിച്ചു. കല്യാണിയെ വലിച്ച് വേഗത്തില്‍ വീട്ടിലെത്തിയപ്പോള്‍ അംബിക ചൂലും പിടിച്ച് തെറ്റും ശരിയും വരച്ചിടുകയായിരുന്നു. കല്യാണിയെ ആലയില്‍ കെട്ടുമ്പോള്‍ അകിട് വണ്ണം വെച്ചതും പിറകീന്ന് നീരുറ്റുന്നതും കണ്ടു. സമയമായെന്ന് തങ്കമണി അംബിക കേള്‍ക്കെ വിളിച്ചു പറഞ്ഞു.
 
3
സന്ധ്യയോടെ മകരമഞ്ഞ് കനപ്പെട്ട് താഴ്വര പൊതിഞ്ഞു. അരി അടുപ്പത്തിട്ട് തങ്കം ചകിരിച്ചെപ്പില്‍ കനലു നിറച്ചു. ആലയിലേക്ക് ഒഴുകുന്ന വെളുത്ത പുകയെ അംബിക ജനലിനുള്ളിലൂടെ നോക്കി. തങ്കമണി ചെറിയ മരകട്ടക്കള്‍ക്കിടയില്‍ കനലോടെ ചേരി പൂഴ്ത്തി. കല്യാണി കൈമുട്ട് കുത്തി പതിയെ എണീറ്റു. അതിന്റെ കഴുത്തിലൂടെ തങ്കം കയ്യോടിച്ചു. വിരലില്‍ തടഞ്ഞ ചെള്ളുകളെ നഖം കൊണ്ട് അടര്‍ത്തി.

ചോരകുടിച്ചു വീര്‍ത്ത ഉണ്ണികളെ കനലിലിട്ടു.

ഇടക്കെപ്പോഴോ അംബികയും ആലയിലേക്ക് കയറിവന്നു.

ചെറുപ്പം തൊട്ട് മകളേയും കൂട്ടി വീടിന്റെ പിന്നാമ്പുറത്ത് തീ കായാനിരിക്കുന്ന പതിവുണ്ടായിരുന്നു തങ്കത്തിന്. രണ്ടു പക്ഷികള്‍ പുളിമരത്തിന്റെ കൊമ്പിലിരുന്ന് മുഖത്തോട് മുഖം നോക്കുന്ന മഞ്ഞക്കൂടില്‍, ഉറങ്ങിക്കിടക്കുന്ന തീപ്പെട്ടിക്കൊള്ളിയെ ഉരച്ചുണര്‍ത്തി ഇലകളില്‍ തീ പിടിപ്പിക്കും. അന്നേരം കുളിര്, പുകയോടൊപ്പം നരച്ച താടിപോലെ മുകളിലേക്ക് മുകളിലേക്കെന്ന മട്ടില്‍ ഉയര്‍ന്നുപോകും.

'പൊകഞ്ഞു കത്തിക്കോ തീയേ...' ഊതിയൂതി കണ്ണ് എരിക്കുമ്പോള്‍ തങ്കമണി പറയും. മടിച്ചു നില്‍ക്കുന്ന കനലിനു പടര്‍ന്നുപിടിക്കാനുള്ള നിഗൂഢ മന്ത്രമാണതെന്ന് അംബിക അപ്പോഴൊക്കെ കരുതിയിരുന്നു. പുകഞ്ഞ് പുകഞ്ഞ് തീ ഒറ്റച്ചാട്ടത്തിന് കൂട്ടിയിട്ട ഇലകളില്‍ ചെന്ന് പിടിക്കും. അതോടെ ഇലകള്‍ നേര്‍ത്ത വെണ്ണീര് ജഡങ്ങളായി മാറും. ചുവന്ന കനല്‍ നാഡികള്‍ മാത്രം അതില്‍ തെളിഞ്ഞിരിക്കും. പിന്നെ അതും കെട്ടുപോവും.

പുതുമ കളയാതെ എന്തെങ്കിലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ തങ്കത്തിന് പ്രത്യേക കഴിവുണ്ട്.
'അമ്മേന്റെ പറച്ചിലും ടി വിയില്‍ കാണുന്ന സ്ഥിരം പരസ്യങ്ങളും ഒരു പോലെയാ... ഒന്നുകില്‍ കേട്ടാപാടെ മടുക്കും. അല്ലെങ്കില്‍ വീണ്ടും കേള്‍ക്കാന്‍ തോന്നും.'

സംസാരങ്ങളില്‍ അംബിക നേര്‍ത്ത തമാശ നിറക്കും. അപ്പോഴൊക്കെ തങ്കം അവളുടെ മുടിയിഴകളില്‍ വിരലിട്ട് കോതും.
 

4
ആലക്കുള്ളില്‍ പതിവില്ലാത്ത വേവലാതി കേട്ടപ്പോള്‍ പടിഞ്ഞാറ്‌നിന്നും വെയിലിനെ മായിച്ചു വരുന്ന കാക്കകള്‍ മുഖം കുത്തി താഴ്ന്നു പറന്നു.

'നടുനൊന്ത് പറിച്ചതല്ലേ ഞാന്‍... ഈ പുല്ലൊക്കെ നിനക്ക് തിന്നൂടെ...' തലേന്ന് അരിഞ്ഞിട്ട പുല്ല് മണത്ത് പോലും നോക്കാത്ത കല്യാണിയെ നോക്കി തങ്കം തലയില്‍ കൈവെച്ചു.

'അതങ്ങനെല്ലേ... വേണ്ടാത്തത് ആര്‍ക്കെങ്കിലും കഴിക്കാന്‍ പറ്റോ?' അംബിക പാത്രം കഴുകുമ്പോള്‍ ചാരമണമുള്ള വാക്കുകളില്‍ കല്യാണിയെ ന്യായീകരിച്ചു.

നാലു കാലില്‍ അനന്തതയിലേക്ക് തലയുയര്‍ത്തി കല്യാണി രണ്ടു പേരെയും ശ്രദ്ധിക്കാതിരുന്നു. തറയില്‍ തളം കെട്ടി കിടന്ന മൂത്രം കുറ്റിച്ചൂല് കൊണ്ട് വൃത്തിയാക്കി വല്ലത്തില്‍ മുളിപ്പുല്ലിട്ട് തങ്കം ആലയില്‍നിന്നിറങ്ങി. അംബികയ്ക്ക് മുഖം കൊടുക്കാതെ അടുക്കളയിലേക്ക് തിടുക്കപ്പെട്ടു.

കഴുകിയ പാത്രങ്ങള്‍ തിണ്ണയില്‍ കമിഴ്ത്തി അവള്‍ വരാന്തയില്‍ ഇരുന്നു. ചുമരിലെ മുത്തപ്പന്റെ ചിത്രത്തിന് താഴെ ടി.വി ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. വരാന്തയുടെ മൂലയില്‍ അടുക്കളയോട് ചേര്‍ന്ന് പഴയ കട്ടില്‍ കണ്ടപ്പോള്‍ അംബിക അച്ഛനെ ഓര്‍ത്തു. അത് അച്ഛന്റെ സ്മാരകമാണ്. ഒറ കുത്തിയ മരപ്പലകള്‍ക്കു മുകളില്‍ അച്ഛന്‍ അഞ്ച് കൊല്ലം കിടന്നു. തളര്‍ച്ച വന്നതിന്റെ പെന്‍ഷന്‍ പറ്റി മരണം വരെ അച്ഛന്‍ ചെരിഞ്ഞ ലോകത്തെ കണ്ടു. അമ്മയോട് തുടര്‍ച്ചയായി മിണ്ടിയോ പറമ്പിലെ തല നേര്‍ത്ത തെങ്ങോലകള്‍ക്കു വരുന്ന ചെറിയ മാറ്റങ്ങളെ വിവരിച്ചോ മുറിഞ്ഞു കാണുന്ന ആകാശക്കീറ് നോക്കിയോ അച്ഛന്‍ കിടക്കും. 
നീണ്ടുപോകുന്ന വരണ്ട ചുമയും നൂലു കോര്‍ത്തു വലിക്കുന്ന കഫവും സംസാരത്തെ കൃത്യമായ ഇടവേളകളില്‍ തടസ്സപ്പെടുത്തും. മറ്റാരേക്കാളും ദൂരം കാഴ്ച തറപ്പിക്കാന്‍ അച്ഛന് കഴിഞ്ഞിരുന്നെന്ന് അംബികയ്ക്ക് തോന്നി.

അവള്‍ കട്ടിലില്‍ വന്നിരുന്നു. കിടക്കണമെന്ന് തോന്നി. കിടന്നു. ചെറിയൊരു അനക്കത്തിലും അച്ഛന്റെ ഓര്‍മ്മകള്‍ കട്ടിലിനൊപ്പം മുരണ്ടു.

രാത്രി കിടന്നിട്ടും തങ്കത്തിനു പതിവില്ലാത്ത തരം ഒരുക്കക്കേടു തോന്നി. കല്യാണി മൂത്രമുറ്റിക്കുന്നുണ്ടോന്നറിയാന്‍ ആലയിലേക്ക് ടോര്‍ച്ചു മിന്നിച്ചു. സാവധാനം അരച്ചു തികട്ടുന്നതിനിടെ കല്യാണി വെളിച്ചത്തിലേക്ക് നോക്കി. തിളങ്ങുന്ന പച്ചക്കണ്ണുകളോട് നാളെയാവട്ട് മോളേന്നും പറഞ്ഞ് തങ്കം ജനല്‍ കൊളുത്ത് വലിച്ചിട്ടു.

നന്നേ പുലര്‍ച്ചക്കായിരിക്കണം പെറ്റത്. അടുക്കള വാതിലിന്റെ വിള്ളലില്‍ക്കൂടി ചായ്പിലേക്ക് ചാടിമറഞ്ഞ എലിയല്ലാതെ ആരും ഒന്നും അറിഞ്ഞില്ല. ഇടുപ്പെല്ലിലൂടെ തല പുറത്തിട്ട് ക്ടാവ് വഴുതി പുറത്തുവരുമ്പോള്‍ കഴുത്തൊടിഞ്ഞു; അത് ചത്തു. അനക്കമില്ലാത്ത കുഞ്ഞിനൊപ്പം കല്യാണി വീര്‍പ്പുമുട്ടി. വാലിനടിയില്‍ തൂങ്ങിയ മറൂള നക്കിയും നോക്കിയും അത് നേരം വെളുപ്പിച്ചു. 

ആലയുടെ നെടുംതൂണിനു ചാരിയിരുന്നാണ് തങ്കം നിലവിളിച്ചത്. തെയ്യങ്ങളൊന്നും കൊണം പിടിക്കില്ലെന്നു പ്രാകിക്കൊണ്ടിരുന്നു. മണിയനീച്ചകള്‍ ജഡത്തിന് മുകളിലൂടെ പാറിക്കൊണ്ടിരുന്നു.

അന്നുതന്നെ അംബികയുടെ വയറ്റില്‍ വേദന തുടങ്ങി. അടിവയറ്റിലെ ന്യൂനമര്‍ദ്ദത്തിനിടയില്‍ ഇടത് തുടയിലൂടെ നനഞ്ഞിറങ്ങുന്നത് തൊട്ടുനോക്കിയപ്പോള്‍ ചൂട്! പ്രതീക്ഷയുടെ നാലാം തളിര്‍പ്പും അലസിപ്പോയെന്ന് അവള്‍ ഉറപ്പിച്ചു. മുറിയില്‍ തെളിഞ്ഞുവന്ന വെട്ടം വീണ്ടും ഇരുട്ടിലേക്ക് ഇറങ്ങിപ്പോവുന്നത് അവള്‍ കണ്ടു. ഒരു തവണയെങ്കിലും അവള്‍ക്ക് നിലവിളിക്കാതെ പറ്റില്ലെന്നായി. പറ്റാവുന്നത്ര ഉച്ചത്തില്‍ത്തന്നെ നിലവിളിച്ചു.

'എന്തിനാടീ... മാസാമാസം ഇങ്ങനെ ഒലിപ്പിക്കുന്നേ...' ആലയില്‍നിന്നിറങ്ങിയ തങ്കം വായിലെ കയ്പ് തുപ്പിക്കളഞ്ഞു. വെറുപ്പിന്റെ വാക്കുകള്‍ക്കൊപ്പം അംബിക പുളഞ്ഞു.

പിന്നാമ്പുറത്ത് ഏല മരത്തിനു ചുവട്ടിലാണ് തങ്കം ആഴത്തില്‍ കുഴിയെടുത്തത്. കല്യാണി കാണാതെ, തുണിയില്‍ പൊതിഞ്ഞ് അതിനെ കുഴിയിലിറക്കി കിടത്തുമ്പോള്‍ ഉള്ളൊന്നു കാളി. രണ്ടുമൂന്ന് കരിങ്കല്ല് ചീളുകള്‍ കുഴിക്കു മുകളില്‍ വെച്ചു. പന്നിയോ കുറുക്കനോ മണ്ണ് നീക്കാതിരിക്കാന്‍ ഈങ്ങ മുള്ളും കൊത്തിയിട്ടു. വിയര്‍ത്തൊലിച്ച് നടുവും താങ്ങി വരാന്തയിലേക്ക് കയറുമ്പോള്‍ നനഞ്ഞ മണ്ണില്‍ ഏലമരം ചുവന്ന പൂക്കള്‍ പൊഴിച്ചത് തങ്കമെന്നല്ല, ആരുമറിഞ്ഞില്ല.

തങ്കം കല്യാണിയുടെ മുതുകിലൂടെ വെള്ളമൊഴിച്ചു. നനഞ്ഞിറങ്ങിയ സങ്കടങ്ങള്‍ മറൂളക്കൊപ്പം തടത്തിലേക്ക് വഴി കണ്ടുപിടിക്കുന്നത് കല്യാണിയും അംബികയും നോക്കി. ഉറവയുടെ മഞ്ഞപ്പാല് വിങ്ങിയും കനത്തും കല്യാണി പുല്ലു ചവച്ചു, നിറയെ വെള്ളം കുടിച്ചു. പകല്‍ മുഴുവനും കുഞ്ഞിനെയോര്‍ത്ത് കരഞ്ഞുതീര്‍ത്തു. അടിവയറ്റിനു കയ്യും താങ്ങി കക്കൂസിന്റെ വാതിലടച്ചപ്പോള്‍ അംബികയ്ക്ക് ലോകം മുഴുവനായും കറങ്ങുന്നതായി തോന്നി. അടിവയറില്‍ കയ്യമര്‍ത്തി അതേ നില്‍പ്പില്‍ കുനിഞ്ഞു നിലത്തിരുന്നു. തങ്കം അവളെ താങ്ങി കട്ടിലില്‍ ചെന്ന് കിടത്തി.

'പൂത്തതെല്ലം കായാവണന്നില്ല മോളെ...'

മുടിയില്‍ വിരല് പിണച്ച് തങ്കം അത്രയേ പറഞ്ഞുള്ളൂ. നനഞ്ഞ വോയില്‍ സാരിയില്‍ അംബിക മുഖമമര്‍ത്തി. വാക്കുകള്‍ക്ക് മൗനത്തിന്റെ കെട്ടുപിണയുമ്പോള്‍ കട്ടില്‍ എന്നത്തേയും പോലെ ഞരങ്ങി.

5
മാസങ്ങള്‍ പിന്നെയും കഴിഞ്ഞു. തങ്കത്തിന്റെ കണക്കുകൂട്ടലുകള്‍ക്കും മുന്‍പ് ഗര്‍ഭിണിയാവാനുള്ള താല്പര്യം കല്യാണി ഉച്ചത്തില്‍ കരഞ്ഞു പറഞ്ഞു. വെള്ളരിമെരടിന് വളമിട്ടുകൊണ്ടിരുന്ന തങ്കം ഉള്ളാലെ ചിരിച്ചു.

കല്യാണിയെ തൊടിയിലേക്ക് മാറ്റിക്കെട്ടുമ്പോള്‍ രാജീവന്‍ ഇടവഴിയിലൂടെ ബൈക്കില്‍ വരുന്നത് തങ്കം കണ്ടിരുന്നു. അംബിക വഴിയില്‍ വെച്ച് തന്നെ അവനെ മടക്കി അയച്ചു.

'നീ എനി ഓന്റട്‌ത്തേക്ക് പോന്ന്ണ്ടാ...'

തങ്കം മകളുടെ നീലക്കണ്ണില്‍ ഒരു തടാകത്തിലേക്കെന്നപോലെ നോക്കി.
അവളില്ലെന്ന് തലയാട്ടി.

അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ അംബിക അച്ഛനെ ഓര്‍ത്തു.

ഡോക്ടറെ വിളിച്ച് വിത്ത് കുത്തിച്ചപ്പോള്‍ കല്യാണിയുടെ വയറ്റില്‍ ഒരു മിടിപ്പ് വീണ്ടും അരികുപറ്റി വളരാന്‍ തുടങ്ങി. അപ്പോഴേക്കും ആകാശത്തിന്റെ നിറം പതിയെ മങ്ങുകയും മഴ ഇടതടവില്ലാതെ താഴേക്ക് നേര്‍ത്ത വരകളിടാനും തുടങ്ങി. നീണ്ട വേനലില്‍ ചൂടേറ്റ് പൊടിഞ്ഞ മുളിപ്പുല്ലുകള്‍ മഴയിലൊഴുകി മണ്ണില്‍ ചിത്രങ്ങള്‍ വരച്ചു.

വയറുവേദന സഹിക്കാന്‍ പറ്റുന്നതിലും കൂടുതലെന്ന് കണ്ടപ്പോള്‍ തങ്കം അംബികയെ കൂട്ടി ജില്ലാ ആശുപത്രിയില്‍ ഒപിയെടുത്തു. എണ്ണി പറയാന്‍ മാത്രം പരിശോധനകള്‍ നടന്നു. വേദനയുടെ കാരണം തേടി ഉറവയിലേക്ക് നീണ്ട കുഴലുകള്‍ ഇറങ്ങി. അവിടെ അരികുപറ്റി മറ്റൊന്ന് വളരുന്നുണ്ടെന്നു മനസ്സിലാക്കി. മരുന്നുകൊണ്ട് മതിയാകില്ലെന്ന മട്ടില്‍ അംബിക ദിവസങ്ങള്‍ പിന്നെയും നിലവിളിച്ചു.

മാസം തികയാന്‍ പോവുന്ന തുടര്‍ദിവസങ്ങളില്‍ ആലയില്‍ കാവലു കിടക്കാന്‍ തന്നെ തങ്കം പദ്ധതിയിട്ടു. ഉറക്കമില്ലായ്മ കണ്‍മഷി വരച്ചെങ്കിലും അതൊന്നും തങ്കം കാര്യമാക്കിയില്ല.

വിധി ചതിച്ചില്ല. ചെറിയ അടക്കം പറച്ചിലില്‍ കല്യാണി തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഭദ്രമായി തറയില്‍ ഇറക്കി.
 
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

6
'ആലീസ് പുല്ലും വെള്ളും കൊടുക്കോന്നാ പേടി.'

കുറച്ചു ദിവസത്തേക്കാണെങ്കിലും ആലീസിന്റെടുത്ത് കല്യാണിയെ ഏല്പിക്കണ്ടെന്ന് തങ്കത്തിനു തോന്നി.
'ആലീസിന് സ്‌നേഹപ്പറ്റുണ്ടമ്മേ...'

അംബിക സമാധാനിപ്പിച്ചു.

സമ്മതപത്രത്തില്‍ ഒപ്പിട്ട് ജനറല്‍ വാര്‍ഡില്‍നിന്ന് തിയേറ്ററിലേക്ക് 
അംബികയെ കൊണ്ടു പോവുമ്പോള്‍ തങ്കം ഓര്‍ത്തത് കല്യാണിയെപ്പറ്റിയാണ്.

ഒരാഴ്ച കഴിഞ്ഞാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. സഹദേവന്‍ അഡ്വാന്‍സിനൊപ്പം മുഴുവനും നേരത്തെ തന്നെ ഏല്പിച്ചിരുന്നു. അയാള്‍ പറഞ്ഞ ദിവസം തന്നെ വണ്ടിയുമായി വന്നു. തങ്കം കല്യാണിയെ മുറ്റത്തെ തെങ്ങിലേക്ക് മാറ്റിക്കെട്ടി. തീറ്റയും പിണ്ണാക്കും ഒരുപാട് കൊടുത്തു. കല്യാണി ശ്രമപ്പെട്ട് ശ്വാസമെടുത്ത് അതൊക്കെയും കുടിച്ചു തീര്‍ത്തു.

'നിന്നെ വിറ്റു മോളെ...'

നനഞ്ഞ പ്ലാസ്റ്റിക്ക് കയറ് സഹദേവനു നീട്ടി തങ്കം പറഞ്ഞു. കല്യാണി തലയുര്‍ത്തി നോക്കി. തിമിരത്തിന്റെ നേര്‍ത്ത പാട നിറഞ്ഞ കണ്ണില്‍ ഉപ്പ് കിനിഞ്ഞു. പിക്കപ്പ് വണ്ടിയില്‍ ശ്രമപ്പെട്ടു കയറുമ്പോള്‍ കല്യാണി പിറകിലേക്ക് പാളി നോക്കി. മണ്ണൊലിച്ചു കീറിയ റോഡിലൂടെ കുലഞ്ഞു കുലഞ്ഞു പോകുമ്പോള്‍ കല്യാണി ഒരു വട്ടം കരഞ്ഞു. കാഴ്ച മറയും വരെ തങ്കം നോക്കിനിന്നു. അന്ന് വൈകീട്ട് പ്രതീക്ഷിക്കാതെ കനക്കെ മഴ പെയ്തു.

അംബിക അച്ഛന്‍ കിടന്ന മരക്കട്ടിലില്‍ പൂര്‍ണ്ണമായി വിധേയപ്പെട്ടു വീണിരുന്നു. മുറിഞ്ഞുവീണ തെങ്ങോലകള്‍ക്കിടയില്‍ അച്ഛനെപ്പോലെ അവളും ആകാശം നോക്കി.

അടുക്കളയില്‍ തീയുന്തുമ്പോള്‍ ഇടതടവില്ലാതെ തൊണ്ട വിങ്ങുന്ന ശബ്ദം കേട്ടു. മഴ ഒടുങ്ങിയപ്പോള്‍ തങ്കം ആലയിലേക്ക് നടന്നു. മേല്‍ക്കൂര കെട്ടിയ ടാര്‍പോളിന്‍ ഷീറ്റില്‍ മഴവെള്ളം വീര്‍ത്ത് തങ്ങി. അലസതയോടെ തങ്കം വെള്ളം കുത്തിമറിച്ചു കളയുമ്പോള്‍ അംബിക അച്ഛനെപ്പോലെ ആകാശത്തേക്ക് കൂടുതല്‍ തറപ്പിച്ചു നോക്കി. തുടയിലൂടെ കിനിഞ്ഞിറങ്ങിയ ചൂട് കട്ടിലും നനച്ച് നിലത്തേക്ക് പടര്‍ന്നു.

അച്ഛന്‍ കണ്ണുവെച്ച കാക്കത്തൊള്ളായിരത്തില്‍ ഒന്ന്, തിളക്കമുള്ള ആ ഒറ്റ നക്ഷത്രം, നോക്കി നില്‍ക്കെ നൊടിയിടയില്‍ കെട്ടുപോയി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com