'മരതം'- എന്‍. ഹരി എഴുതിയ കഥ

ജനാലപ്പടിക്കു താഴെ മുട്ടുകുത്തി മരിച്ചിരിക്കുന്നവന്‍ ഒരു ചോദ്യമാണ്; സംശയവും. അല്ലെങ്കിലും അകാലത്തില്‍, അസ്വാഭാവികമായി, ഒരു ജീവിതം തീരുമ്പോള്‍ സംശയങ്ങളും ചോദ്യങ്ങളുമല്ലാതെ എന്താണ് ബാക്കിയാകുന്നത്?
'മരതം'- എന്‍. ഹരി എഴുതിയ കഥ

നാലപ്പടിക്കു താഴെ മുട്ടുകുത്തി മരിച്ചിരിക്കുന്നവന്‍ ഒരു ചോദ്യമാണ്; സംശയവും. അല്ലെങ്കിലും അകാലത്തില്‍, അസ്വാഭാവികമായി, ഒരു ജീവിതം തീരുമ്പോള്‍ സംശയങ്ങളും ചോദ്യങ്ങളുമല്ലാതെ എന്താണ് ബാക്കിയാകുന്നത്? ആദ്യകാഴ്ചയില്‍ തൂങ്ങിമരണം തന്നെയാണോ എന്നൊരു പുരികം ചുളിയല്‍. സംശയിക്കുന്നവര്‍ സ്വയം അപസര്‍പ്പകരാകും. പാതകിയെ തേടും. അത്രതന്നെ. സൂരജ് പുഞ്ചിരിച്ചുകൊണ്ട് കയറിന്റെ ചുറ്റഴിച്ചു. മഞ്ഞനിറത്തില്‍ തെറുത്തിരുന്ന കയറുകളുടെ അട്ടിയില്‍നിന്നു കനം നോക്കി ഒന്ന് തൊട്ടുകാണിച്ചപ്പോള്‍ കടക്കാരന്‍ എത്ര വേണമെന്നു ചോദിച്ചിരുന്നു. ഒന്ന് മതിയെന്നു പറഞ്ഞപ്പോള്‍ അയാള്‍ താല്പര്യക്കുറവോടെ മറ്റൊരു ചോദ്യമായി: എന്താവശ്യത്തിനാണ്? തൂക്കമാണ്. കടയില്‍ വേറെയും ആള്‍ക്കാരുണ്ടായിരുന്നു. വളരെ കുറച്ചുമതി; ഒരു കിലോ. അയാള്‍ വളരെ വേഗം മുറിച്ചെടുത്ത കയര്‍ തൂക്കിയപ്പോള്‍ നമസ്‌കരിക്കണമെന്ന് സൂരജിനു തോന്നി. ഒരു കിലോ പന്ത്രണ്ടു മില്ലി! എന്നാലത് വളരെ കൂടുതലായിരുന്നു. വിരലുകളില്‍ കോര്‍ത്തളന്ന് പിച്ചാത്തികൊണ്ട് ആവശ്യത്തിനറുത്തെടുത്തശേഷം വിണ്ടുതെറിച്ച രണ്ടഗ്രങ്ങളും ലൈറ്റര്‍ തെളിച്ച് ഉരുക്കിയെടുത്തതോടെയാണ് സൂരജ് തൃപ്തനായത്. 

ബാക്കിവന്ന കയര്‍ കാലുകൊണ്ട് കട്ടില്‍ക്കീഴിലേക്ക് തട്ടിയൊളിപ്പിച്ചിട്ട്, സൂരജ് ജനാലയിലേക്കു നോക്കി ഒന്നുകൂടി കണക്കുകൂട്ടി: ഏറ്റവും മുകളിലെ കമ്പിയില്‍ കെട്ടണം. കയര്‍ ഉയര്‍ത്തുമ്പോഴാണ് ഒരു നിലവിളി ശബ്ദം കേട്ടത്. സൂരജ് ജനാലക്കമ്പിയില്‍ പിടിച്ചുകൊണ്ട് ചെവി വട്ടംപിടിച്ചു. മുറി ഭദ്രമായി അടച്ചിരുന്നതിനാല്‍ ഏതു ദിശയില്‍നിന്നാണത് വന്നതെന്ന് വ്യക്തമായില്ല. വീണ്ടും അതേ നിലവിളി. തെക്കു ദിക്കില്‍നിന്നാണ്? വീണ്ടും കൂട്ടനിലവിളി. വടക്കു ദിക്കില്‍നിന്നാണ്? സൂരജ് ജനാലയുടെ ചില്ലുപാളി തുറന്നു. നിലവിളി അലച്ചുവരുന്നത് കിഴക്കുനിന്നാണ്. 'അരുതേ, പോകല്ലേ' എന്ന് ആരൊക്കെയോ പറയുന്നുണ്ട്. കരയുന്നുണ്ട്. റോഡിനു കിഴക്കുവശത്ത് താമസിക്കുന്ന 'ഓച്ചെറ' എന്ന് വിളിപ്പേരുള്ള കൊച്ചുപൊടിയന്റെ വീട്ടില്‍നിന്നാണ്. വാര്‍ദ്ധക്യത്തിലേക്ക് നടക്കുന്ന കൊച്ചുപൊടിയന് ആ വിളിപ്പേരില്ലായിരുന്നെങ്കില്‍ അയാള്‍ അപൂര്‍ണ്ണനായി പോകുമായിരുന്നുവെന്ന് സൂരജ് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍, 'പൊടിയഞ്ചേട്ടാ' എന്നേ സൂരജ് അയാളേ വിളിച്ചിട്ടുള്ളൂ. അതിനെപ്പറ്റി എന്തോ വ്യക്തതയില്ലാതെ ഓര്‍ത്തുകൊണ്ട് സൂരജ് മുറിയുടെ വാതില്‍ തുറന്നു. റോഡിലിറങ്ങിയശേഷം തിരികെ വീട്ടിലേക്കുതന്നെ ഓടിക്കയറി പുറംവാതില്‍ അടച്ചോ എന്ന് ഒന്നുകൂടി ഉറപ്പിച്ചു. പുറത്തേ ലൈറ്റ് തെളിച്ച്, ഗേറ്റടച്ച് കുറ്റിയിട്ട്, സൂരജ് ഓച്ചെറയുടെ വീട്ടിലേക്കോടിച്ചെന്നു. ഓച്ചെറ ഒരു സൈക്കിളുരുട്ടി വീട്ടുമുറ്റത്തുനിന്ന് കുതിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ആരൊ അയാളെ തടയുന്നുണ്ട്. അത് വകവെയ്ക്കാതെ അയാള്‍ സൈക്കിള്‍ മുന്‍പോട്ട് തള്ളി, കാല്‍ വീശിക്കയറാന്‍ നോക്കി. സൈക്കിളിനു പുറകില്‍ എന്തൊക്കെയോ കെട്ടിവെച്ചിട്ടുണ്ട്. ഓടിച്ചെന്ന് സൈക്കിളില്‍ പിടിക്കാന്‍ ശ്രമിച്ച മരുമകള്‍ അയാളുടെ വലതുകാലിനുള്ള അടി കഴുത്തിനു വാങ്ങി വേച്ചുവീണു. ലക്ഷ്യം തെറ്റിയ ഓച്ചെറയും സൈക്കിളുമായി മറിഞ്ഞു. ഉടന്‍ പിടഞ്ഞെഴുന്നേറ്റ ഓച്ചെറ വീണുകിടന്ന മരുമകള്‍ എഴുന്നേല്‍ക്കുന്നതിനും മുന്‍പേ സൈക്കിളുയര്‍ത്തി, റോഡിലിറങ്ങി, അതിവേഗം തെക്കോട്ട് ചവുട്ടി. കുറേക്കൂടി ആളുകള്‍ അവരുടെ വീട്ടുമുറ്റത്ത് വന്നുചേര്‍ന്നിരുന്നു. 

ഓച്ചെറ വിഷവുമായി മരിക്കാന്‍ പോയതാണെന്ന് പറഞ്ഞ് അയാളുടെ ഭാര്യയും മരുമകളും വാവിട്ട് കരഞ്ഞു. മൂന്ന് പയ്യന്മാര്‍ അപ്പോള്‍ത്തന്നെ സ്വന്തം വീടുകളിലേക്കോടി ബൈക്കുകളെടുത്തുവന്ന്, പുറകില്‍ ഓരോരുത്തരേയും കയറ്റിക്കൊണ്ട്, വായലച്ചും വണ്ടിയിരപ്പിച്ചും ഓച്ചെറ പോയ വഴിയേ വിട്ടു. റോഡിലൂടെ വന്ന അപരിചിതരായ രണ്ട് യാത്രക്കാരും കാര്യമറിഞ്ഞ് അവര്‍ക്ക് പുറകേ ബൈക്കുകള്‍ തിരിച്ചു. പിന്നാലെ, ഒരുകൂട്ടം അയല്‍ക്കാര്‍ തര്‍ക്കിക്കുകയാണെന്ന് തോന്നുംവിധം ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞും പുറപ്പെട്ടു. കാഴ്ചകളെല്ലാം കാണത്തക്കവണ്ണം വഴിവിളക്കുകള്‍ തെളിഞ്ഞിരുന്നെങ്കിലും ഓച്ചെറ മാത്രം മാഞ്ഞുപോയിരുന്നു! അയാളുടെ വീട്ടില്‍നിന്ന് അപ്പോഴും വര്‍ദ്ധിച്ച നിലയില്‍ അലമുറ ഉയര്‍ന്നു. സൂരജ് തന്റെ ഗേറ്റിനു മുന്‍പില്‍ ഒന്നും ആലോചിക്കാതെ ഏറേനേരം നിന്നു. മൂന്നുനാല് തടിച്ച സ്ത്രീകള്‍ ഓച്ചെറ പോയ വഴിയില്‍നിന്നും അണച്ചുകൊണ്ട് തിരികെ വന്ന് സൂരജിനെ നോക്കി ആയാസപ്പെട്ട് ചിരിച്ച് കിഴക്കേ വീട്ടിലേക്കുതന്നെ കയറി. ആളുകള്‍ ഓച്ചെറയെ തേടിപ്പോയ വഴിയെ സൂരജും പതുക്കെ നടന്നു. 
കോട്ടമുക്കില്‍ ധാരാളം ആളുകള്‍ കൂടിയിരുന്നു. നാലുപാടും തിരിയുന്ന റോഡുകളില്‍ നിന്നവരുടെയെല്ലാം വിഷയം ഓച്ചെറയായിരുന്നു. 'പായും തലയണേം പൊതിഞ്ഞെടുത്തോണ്ടാ ഒരുത്തന്‍ ചാവാനെറങ്ങിയേക്കുന്നത്!' സുഗന്ധമുറുക്കാനും ഭാഗ്യക്കുറികളും വില്‍ക്കുന്ന ഭാസ്‌കരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

'മരിക്കാന്‍ പോകുന്നവന്‍ പഴമൊറോംകൊണ്ട് തലമറയ്‌ക്ക്വോ? അത് കള്ള് കേറിയേന്റെ ഏനക്കേടാ.'

പ്രായത്തെ തോല്‍പ്പിക്കുന്ന ശരീരഘടനയുള്ള ഒരുത്തന്‍, നരപടര്‍ന്ന നീണ്ട താടിയുഴിഞ്ഞ്, ഭാസ്‌കരനോടും നാട്ടുകാരോടുമായി പറഞ്ഞുകൊണ്ട് ധൃതിയില്‍ റോഡരുകു ചേര്‍ന്ന് തെക്കോട്ട് നടന്നു. അയാള്‍ തന്റെ നേരെ ചെരിഞ്ഞൊന്നു പുഞ്ചിരിച്ചതായി സൂരജിനു തോന്നി. അവന് ആളെ പരിചയം തോന്നിയില്ല.

ഓച്ചെറ സൈക്കിളിനു പുറകില്‍ കെട്ടിവെച്ചിരുന്നത് പായും തലയണയുമാണെന്ന് അവിടെ കൂടിനിന്ന ആളുകളില്‍നിന്നാണ് സൂരജ് മനസ്സിലാക്കിയത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും അറിയിച്ചശേഷം ഇഷ്ടമുള്ളിടത്തു പോയിരുന്ന് വിഷം കഴിച്ച്, പായ വിരിച്ചുകിടന്ന് മരിക്കുക. ഓച്ചെറയോട് സൂരജിന് അല്പം അസൂയ തോന്നി. 

താടിക്കാരന്‍ വെട്ടത്ത് ഷാപ്പിലേക്കുള്ള ഇടവഴി കയറിയപ്പോള്‍ സൂരജ് അരക്തകണ്ഠന്‍ ക്ഷേത്രത്തിലേക്കുളള വഴി കയറി. തിരുമേനി ക്ഷേത്രം അടച്ച് പോയിരുന്നതിനാല്‍ അത്രയും വിജനമായ സ്ഥലം ഭൂലോകത്ത് വേറെ കാണില്ലെന്ന് സൂരജിനു തോന്നി. കൊടിമരത്തിനു പുറകില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന നന്ദികേശനെ തൊട്ടുരുമ്മി സൂരജ് കുറച്ചുനേരം ആനക്കൊട്ടിലില്‍നിന്നു. ഇരുട്ടില്‍ കുറേക്കൂടി കറുത്തുകിടന്ന മുറ്റത്തെ സ്വയംഭൂശില മുന്‍പ് കണ്ടതിലും വളര്‍ന്നിട്ടുണ്ടെന്നു തോന്നിയപ്പോള്‍ സൂരജ് ക്ഷേത്രത്തിനു വെളിയിലേക്കിറങ്ങി. ഓച്ചെറയെ തേടിപ്പോയ ഒരു ബൈക്ക് മൂന്നുപേരുമായി കിഴക്കുനിന്ന് അലച്ചുവന്നു കാണിക്കവഞ്ചിയുടെ സമീപം നിന്നു. മനുഷ്യര്‍ നടക്കുന്ന വഴികളിലെല്ലാം തെരഞ്ഞെങ്കിലും അവര്‍ക്ക് ഓച്ചെറയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാറിലേക്കു പോകേണ്ടതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് അവര്‍ വേഗം അവിടെനിന്നും പോയി. സൂരജ് കളിക്കണ്ടത്തിലിറങ്ങി നാലുപാടും നോക്കി. ഉത്സവത്തിന് ആളും മേളവും ഇരമ്പുന്നതിലും ഉച്ചത്തില്‍ ചീവിടുകള്‍ ശബ്ദിക്കുന്നുണ്ട്. കണ്ടത്തിന്റെ മറുവശത്ത് ആരോ തനിക്ക് പുറംതിരിഞ്ഞ് ഇരിക്കുന്നുണ്ടെന്നു തോന്നി സൂരജ് അവിടേക്കു ചെന്നു. രണ്ട് ചാല്‍ നടന്നുതീര്‍ത്തിട്ടും അരണ്ട വെളിച്ചത്തില്‍ പുറംതിരിഞ്ഞിരിക്കുന്ന ആളെ കണ്ടെത്താന്‍ കഴിയാതെ അവന്‍ കുഴങ്ങി. ദൈവങ്ങള്‍ രാത്രിയില്‍ വേലകളിക്കാനിറങ്ങുന്ന പാടമാണ്. അവര്‍ മനുഷ്യരെ കൂട്ടില്ല. ഭയം വിഴുങ്ങിക്കൊണ്ട് അവന്‍ ആറാട്ടുചിറയുടെ ഭാഗത്തേക്ക് ഓടി. കുളത്തിനുള്ളില്‍നിന്നും ചിലങ്കയുടെ ശബ്ദം കേട്ടു. ജലം നിശ്ചലമായി കറുത്തു കിടക്കുന്നു. ദേവി നീരാടുന്ന ചിറയാണ്! ആന്തലോടെ സൂരജ് ഒന്നുകൂടി കുളത്തിലേക്ക് ചെരിഞ്ഞു നോക്കി. സാവധാനം ഒരാള്‍ പടിക്കെട്ടുകള്‍ ഇറങ്ങുന്നുണ്ട്. ജലവിതാനത്തോളം പോയിട്ട് അയാള്‍ തിരിച്ചുകയറുകയാണ്. കുളത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഭിത്തിചേര്‍ന്നിരുന്ന സൈക്കിളിനു നേരെയാണ് അയാള്‍ നടക്കുന്നത്. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'പൊടിയഞ്ചേട്ടാ.' ഒച്ച താഴ്ത്തി സൂരജ് വിളിച്ചു. അതു കേട്ടതായി ഭാവിക്കാതെ അയാള്‍ സൈക്കിളെടുത്ത് അരമതിലിനു വെളിയില്‍വെച്ച്, പുറത്തിറങ്ങി, കളിക്കണ്ടത്തിനു നേരെ നടന്നു. ചിലമ്പിച്ച സൈക്കിളിനു പുറകെ സൂരജ് ഓടിച്ചെന്നു. ഓച്ചെറ കളിക്കണ്ടത്തിനു മധ്യഭാഗത്തെത്തിയപ്പോള്‍ തിരിഞ്ഞുനിന്ന് ഈര്‍ഷ്യയോടെ, നീയെന്തിനാണെന്റെ പുറകേ നടക്കുന്നതെന്ന് സൂരജിനോട് ചോദിച്ചു. നാളിതുവരെ മോനേയെന്നോ കുഞ്ഞേയെന്നോ മാത്രമാണല്ലോ ഓച്ചെറ തന്നെ വിളിച്ചിരുന്നതെന്നോര്‍ത്ത് ഖേദം തോന്നിയ സൂരജ് മറുപടി പറഞ്ഞില്ല. 'ആരു വിളിച്ചാലും ഞാന്തിരിച്ചു വരാനെറങ്ങീതല്ല.' ഓച്ചെറയുടെ ശബ്ദം ഇരുട്ടില്‍ കനത്തു മുഴങ്ങി: 'എന്റെ പൊറകേ നടക്കാതെ പോ. രണ്ടും കല്പിച്ചവര്‍ക്കല്ലാതെ അസമയത്ത് ഈ സലം തീരെ പറ്റീതല്ല.' 

'ഞാനും കല്പിച്ചാ.' സൂരജ് ഇരുട്ടത്ത് പതിഞ്ഞുചിരിച്ചത് ഓച്ചെറ കണ്ടില്ല. 

'കുഞ്ഞെന്നോട് മത്സരിക്കല്ലേ.' തിരിഞ്ഞുനോക്കാതെ ഓച്ചെറ പറഞ്ഞു: 'വേണ്ടിവന്നാ തല്ലിത്തോപ്പിച്ചിട്ടായാലും ഞാമ്പോവും. കുഞ്ഞിനത് ക്ഷീണവാകുവേ.' 

ഓച്ചെറ തല്ലുമെന്നു പറഞ്ഞെങ്കിലും കുഞ്ഞേ വിളി തിരിച്ചുവന്നതിനാല്‍ സൂരജ് അതത്ര കാര്യമാക്കിയില്ല. ആരേയും നാളിതുവരെ തല്ലിയിട്ടില്ലെങ്കിലും ഓച്ചെറയോട് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, വാശിക്ക് അയാളെ അടിച്ച് പരുവപ്പെടുത്തിയാലും ചിലപ്പോള്‍ ഈ രാത്രിയില്‍ ഇവിടെനിന്നു കൊണ്ടുപോകാന്‍ കഴിഞ്ഞെന്നു വരില്ല. കുറച്ച് നയത്തില്‍ സമീപിക്കുന്നതാണ് നല്ലത്. 

സൈക്കിളിനു പുറകിലെ ഭാണ്ഡത്തെക്കുറിച്ചു പറഞ്ഞ് സൂരജ് തുടങ്ങിയെങ്കിലും പായയും തലയണയും മാത്രമല്ലതെന്നും രണ്ടുകുപ്പി വാറ്റും ആവശ്യത്തിനു വെള്ളവും നല്ല ഫലംതരുന്ന വിഷം, നിരോധിത ഫ്യൂരിഡാനും രണ്ടു കിലോ പൂവമ്പഴവും അതിനുള്ളിലുണ്ടെന്നു പറഞ്ഞ് ഓച്ചെറ അവനെ പ്രതിരോധിച്ചു. 'ചത്തുകെടന്നാലും ചമഞ്ഞ് കെടക്കണവന്നല്യോ? ഞാമ്പാവിരിച്ച് കെടന്ന് ചത്താ ആര്‍ക്കാ ചേതം?' ഓച്ചെറ ചോദിച്ചു. 

സൂരജ് അല്പനേരം ആലോചിച്ചിട്ട്, വലിയ താല്പര്യം ഭാവിച്ച്, 'വാറ്റൊണ്ടെ?' എന്നു ചോദിച്ചു. 

ഓച്ചെറ തിരിഞ്ഞ് സൂരജിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. 'കുഞ്ഞിനേപ്പോലൊരു സല്‍സ്വവാവിയെ ഞാന്‍ നമ്മടെ നാട്ടി വേറേ കണ്ടിട്ടില്ല! കുഞ്ഞിനതിന്റെ ഗുണോവൊണ്ട്.' അവന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ കുറച്ചതിശയത്തോടെ അയാള്‍ തുടര്‍ന്ന് ചോദിച്ചു: 'കുഞ്ഞ് കുടിക്കുവോ?' 

'നാലഞ്ചു തവണ.' രഹസ്യം പറയുമ്പോലെ സൂരജ് പറഞ്ഞു: 'വളരെ ഗോപ്യമായിട്ടാരുന്നു. ഞാങ്കുടിച്ചെന്ന് ഞാമ്പോലുവറിയാതെ. ഈ മദ്യവൊണ്ടെല്ലോ, അതുപോലും അന്നെന്റെ തലേക്കേറിയില്ല; പേടിച്ച്. ഇന്ന് പൊടിയഞ്ചേട്ടന്‍ തന്നാ ഞാനും കൂടാം. ഞാങ്കുടിച്ചേന് ഒരു സാക്ഷിയൊണ്ടാവുവെല്ലോ? ഒരേയൊരു സാക്ഷി!'

'തലേക്കേറാനാണേ നാടന്‍ ബെസ്റ്റാ. അവന്‍ നമ്മടെ തലേലും കേറും വേണ്ടിവന്നാ നമ്മളേംകൊണ്ട് മറ്റാരെടെയെങ്കിലും തലേലും കേറും! എന്നാ, കുഞ്ഞിനേപ്പോലൊരാളെ കുടിപ്പിച്ചേച്ച് ചത്താ എനിക്കു മോഷം കിട്ടത്തില്ല. മാത്രോവല്ല, ഈ കള്ളുകുടിച്ചേന് ആരും സാക്ഷിപറേത്തില്ല. ചാവാമ്പോന്ന ഞാന്‍ സാക്ഷിയായിട്ടൊട്ട് ഗുണോവില്ല.'

'അല്ലേലും ആത്മഹത്യ ചെയ്താ മോഷം കിട്ടത്തില്ല. ദുരാത്മാവാ.' സൂരജ് വേഗം പറഞ്ഞു: 'ഈ ദുരാത്മാക്കടെ പണി നാട്ടിലൊക്കെ അലഞ്ഞ് നടപ്പല്യോ? അപ്പൊപ്പിന്നെ, ഞാനൊരു കാര്യം വിശോസിച്ച് ഏപ്പിച്ചാ പൊടിയഞ്ചേട്ടന്‍ ചെയ്യത്തില്യോ?' അവന്‍ കുറച്ചുറക്കെ ചിരിച്ചത് നാലുപാടും പ്രതിധ്വനിച്ചു. 

'കുഞ്ഞാള് കൊള്ളാവെല്ലോ! ചാവാമ്പോന്നവനും കൊട്ടേഷന്‍ തരുന്നോ!' ഓച്ചെറയും ചിരിച്ചു. 

'വേറൊന്നുവല്ല പൊടിയഞ്ചേട്ടാ, മുന്‍പേ പറഞ്ഞില്യോ, എന്നേപ്പോലൊരു സല്‍സൊവാവിയെ കണ്ടിട്ടില്ലെന്ന്. അതൊന്നു മാറ്റിയെടുക്കണം. ഞാങ്കള്ളുകുടിയനും പെണ്ണുപിടിയനും ആവാസനും വേണ്ടിവന്നാ, ആര്‍ക്കുവിട്ട് രണ്ടു ചാമ്പുന്നവനുവാണെന്ന് നാട്ടിലാകെ കഥ പരക്കണം. അതാ വേണ്ടത്. അല്ലാതീ മണകൊണാഞ്ചന്‍ സല്‍സൊവാവി ജീവിതോംകൊണ്ട് എനിക്കൊരു ഗുണോവില്ല!' സൂരജ് പറഞ്ഞു.

'അതിന് കുഞ്ഞെറങ്ങി അങ്ങ് കളിച്ചാ പോരായോ? മനുഷേന് ആവാസത്തരം കാണിക്കാനേതാണ്ട് പാടൊണ്ടോ?' ഓച്ചെറ ചോദിച്ചു.

'അതല്യോ കൊഴപ്പം! എനിക്കതിനു പറ്റുന്നില്ല. പൊടിയഞ്ചേട്ടന്‍ കൊറച്ച് കഥ പറഞ്ഞുപരത്തിയാ മതി. പ്രേതങ്ങക്കാവുമ്പോ അതിനൊന്നും വല്യ പ്രയാസം കാണത്തില്ല. ആരെടെയെങ്കിലും മേത്തുകേറി അവനെക്കൊണ്ടങ്ങ് പറയിച്ചാ പോരായോ? തിരി കൊളുത്തിക്കിട്ടിയാ വാക്കിക്കാര്യം നാട്ടുകാര് നോക്കിക്കോളും.' 

പോച്ച കയറി, ഇടിഞ്ഞുകിടന്ന നടവരമ്പിനു സമീപം ഓച്ചെറ സൈക്കിള്‍ സ്റ്റാന്റില്‍വെച്ച് കെട്ടിറക്കി, നിലത്ത് പായ വിരിച്ചു. കട്ടപിടിച്ച ഇരുട്ട് കളിക്കണ്ടത്തിന്റെ വശങ്ങളില്‍, മരങ്ങളെപ്പൊതിഞ്ഞ്, ഉയരത്തില്‍ കോട്ടതീര്‍ത്തിരുന്നെങ്കിലും കണ്ടത്തില്‍ നിഴലുകളെപ്പോലെ അവര്‍ പരസ്പരം കണ്ടു. പായയില്‍ ചമ്രം പണിഞ്ഞിരുന്ന സൂരജ് വാറ്റുകുപ്പിയെ തൊടാന്‍ കൈ നീട്ടിയപ്പോഴാണ് തന്റെ ഇടതുകയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പ്ലാസ്റ്റിക് കയര്‍ ശ്രദ്ധിച്ചത്. അതത്ര നേരവും തന്റെ കയ്യിലുണ്ടായിരുന്നെന്ന കാര്യം അവന്‍ മറന്നുപോയിരുന്നു. ആദ്യം അതൊന്ന് ഒളിപ്പിക്കാന്‍ നോക്കി, തോറ്റ്, വാറ്റുകുപ്പികളും വെള്ളവും പഴവും വിഷപ്പൊതിയും പായയില്‍ നിരത്തിവെച്ചതിനു സമീപം കയര്‍ ചുരുട്ടിവെച്ച്, നിരന്ന വിഭവങ്ങളിലേക്കു നോക്കി, ഗ്ലാസ് ഒന്നേയുള്ളോ എന്നവന്‍ ഓച്ചെറയോട് ചോദിച്ചു. സൂരജ് ചുരുട്ടിവെച്ച കയറിലേക്ക് ശ്രദ്ധിച്ചുകൊണ്ട്, മദ്യത്തിനും മദിരാക്ഷിക്കും തീണ്ടലില്ലെന്ന് ഓര്‍മ്മിപ്പിച്ച്, ഓച്ചെറ അവന് വാറ്റ് പകര്‍ന്നുനല്‍കി. 'എന്നേ കുടിപ്പിച്ച് കെടത്തീട്ട്, പിടിച്ചുകെട്ടിക്കൊണ്ടുപോയി രക്ഷിച്ചേക്കാവെന്നൊന്നും വിചാരിക്കേണ്ട.' അയാള്‍ കയറിലേക്കുതന്നെ നോക്കി പറഞ്ഞു: 'അങ്ങനെ വല്ല ഗൂഡപദ്ധതീവൊണ്ടേ കുഞ്ഞതങ്ങ് കളഞ്ഞേക്ക്. ഞാനെന്തായാലും ലെക്കുവിടത്തില്ല. കുഞ്ഞ് കെടന്നുപോയാ ഞാനീ കണ്ടത്തിലിട്ടേച്ച് പോവ്വേം ചെയ്യും. പിന്നീ രാത്രി ഇവിടെന്ന് രക്ഷപെടാമ്പറ്റിയെന്ന് വരുത്തില്ല. ഉത്സവത്തിന്റന്നല്ലാതെ വേറൊരു ദിവസോം 
ഈ കളിക്കണ്ടത്തി രാത്രി കെടന്നൊറങ്ങിയ മനുഷേരാരും പിറ്റേന്ന് പകല് കണ്ടിട്ടില്ല!' 

ഓച്ചെറ നീട്ടിയ വാറ്റ് വാങ്ങി കുടിച്ചിട്ട് സൂരജ് കയറെടുത്ത് ഇരുകൈകളും വിരിച്ച് വീണ്ടും അതിന്റെ നീളം അളന്നു. 'ഒരാക്ക് കെട്ടിത്തൂങ്ങാനിത്രേം ധാരാളവല്യോ?'' അവന്‍ ഓച്ചെറയോട് ചോദിച്ചു. ഓച്ചെറ തന്റെ വീതം ഗ്ലാസ്സിലേക്ക് പകര്‍ന്നിട്ട്, കയര്‍ വാങ്ങിനോക്കി. വേണ്ടത്ര കനമുണ്ടെങ്കിലും തടിച്ച മരത്തില്‍ കെട്ടേണ്ടിവന്നാല്‍ ചിലപ്പോള്‍ തികഞ്ഞെന്നു വരില്ലെന്ന് അഭിപ്രായപ്പെട്ടിട്ട്, നിലത്തുകിടന്നു മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് അയാള്‍ പറഞ്ഞു. ഓച്ചെറ മദ്യം രുചിച്ചുകഴിക്കുന്നതു നോക്കി സൂരജ് ആ രഹസ്യം വെളിപ്പെടുത്തി. 'മോനേ' എന്നു വിളിച്ചുകൊണ്ട് ഓച്ചെറ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നത് ഒറ്റവലിക്ക് തീര്‍ത്ത്, ധൃതിപ്പെട്ട് ഒന്നുകൂടി ഒഴിച്ചു. 

'കുഞ്ഞെന്തിനാണ് ചാവുന്നത്?' അയാള്‍ വിറയോടെ ചോദിച്ചു. 

'ചാവാനെന്തെങ്കിലും കാര്യം വേണോ?' സൂരജ് തിരിച്ചു ചോദിച്ചു. 'ഇപ്പോ പൊടിയഞ്ചേട്ടന്റെ കാര്യം തന്നെ ഒന്നാലോചിച്ച് നോക്ക്. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടു; പെണ്ണുകെട്ടി; വീടു വെച്ച്; മക്കളേ വളത്തി; കെട്ടിച്ചും വിട്ടു; എല്ലാം സ്വസ്ഥം. അന്നേരം, ദാ, ചാവാനെറങ്ങിയേക്കുന്നു! അപ്പോ, ഇതിനൊന്നും വല്യ കാര്യം വേണ്ട.' 

ഓച്ചെറ പായയിലിരുന്ന കയര്‍ കയ്യിലെടുത്തുകൊണ്ട് സൂരജിനായി അല്പം മാത്രം കുപ്പിയില്‍നിന്നു പകര്‍ന്നു. 'എന്റെ കൂട്ടുവല്ലോവാന്നോ കുഞ്ഞ്?' അയാള്‍ ചോദിച്ചു. 'തീരെ ചെറുപ്പം. ബാങ്കില്‍ നല്ല ജോലി. പെണ്ണ് കെട്ടീതാന്നെങ്കി ഇന്നാളി. ഒര് പൊടിക്കുഞ്ഞുവൊണ്ട്. കഷ്ടപ്പാടൊന്നുവില്ലാതെ, ചുമ്മാതങ്ങു ജീവിച്ചാ മതി. ജീവിതവാന്നേല്‍, അങ്ങനെ നീണ്ട് കെടക്ക്വേം! ഒന്നുവില്ലേലും ആ പൊടിക്കൊച്ചിനെയെങ്കിലും വളത്തെണ്ടായോ?'

സൂരജ് കുപ്പിവാങ്ങി ഗ്ലാസ്സില്‍ കുറച്ചുകൂടി ഒഴിച്ചു.

'ഇതെന്തായാലും കൂഞ്ഞിന്റെ കഴുത്തേ ചേരത്തില്ല.' ഓച്ചെറ കയര്‍ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു. അത് പാമ്പിനെപ്പോലെ അയാളുടെ വലതുകൈക്കുമേല്‍ പിണഞ്ഞു കിടന്നു. 

'ചേരത്തില്ലേ വേണ്ട. എന്നാ, പൊടിയഞ്ചേട്ടനെന്തിനാ മരിക്കുന്നെ? അതു പറ. അതറിയാതെന്തായാലും ഞാന്‍ രണ്ടിലൊന്ന് തീരുമാനിക്കത്തില്ല' സൂരജ് പിണങ്ങി പറഞ്ഞു. 

ഓച്ചെറ ഏറെനേരം ഇരുട്ടിലേക്ക് നോക്കി നിശ്ശബ്ദനായിരുന്നു. അയാള്‍ പലവട്ടം എന്തോ പറയാന്‍ ശ്രമിച്ചിട്ട് പിന്നെയും ചുറ്റുപാടും നോക്കി. 'മോനറിയാവോ, ഈ കാണുന്ന ഇരുട്ടിനേക്കാട്ടിലും വല്യ ഇരുട്ടാരുന്നെന്റെ ജീവിതം നെറച്ചും! ഞാനതില്‍ കൊറേച്ചെക്കൊറേച്ചെ വെളിച്ചം നെറച്ചു.' അയാള്‍ ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി. 'ഏതൊരിരുട്ടത്തും തെളിയുന്ന ഇതുപോലത്തെ വെട്ടവല്ലത്. അതിനായി ഞാമ്പെട്ട പാട് എനിക്കേ അറിയാവും. ഇപ്പൊ ശരിക്കും തെളിച്ചം വന്നപ്പോ ഏതൊരച്ഛനേംപോലെ ഞാനും ഒള്ളതിപ്പാതി മകക്കുംക്കൂടി കൊടുക്കണോന്നേ മോനോട് പറഞ്ഞൊള്ളു. എന്നാ, അവനതിനൊട്ടുവൊരുക്കവല്ല. എന്തൊരു സാര്‍ത്തരാ പുള്ളാര്? ആ താമസിക്കുന്ന സലവേയൊള്ളെനിക്ക്. വീടുവെക്കാനാ, ലോണെടുക്കാനാ, എന്നൊക്കെ പറഞ്ഞാ അവനതെന്റെ കയ്യീന്നെഴുതി മേടിച്ചത്. വെറുതെയാ. അവനതിനൊക്കെയൊള്ള പാങ്ങൊണ്ട്. ആദ്യവൊക്കെ ഞാനവനേം അവന്റെ ഭാര്യേം ഭീഷണിപ്പെടുത്താനാ ചാവുവെന്നൊക്കെ പറഞ്ഞെ. പറഞ്ഞുപറഞ്ഞിപ്പൊ ഞാന്‍ തീരുമാനിച്ചൊറച്ച്. നമ്മള് തോറ്റുപോവാം. എന്നാ, തോറ്റെടുത്തൂന്ന് ജയിക്കാമ്പറ്റിയില്ലെങ്കിപ്പിന്നെ, തോറ്റെടുത്ത് കെടന്നിട്ടൊരു കാര്യോവില്ല.' 

സൂരജ് ഗ്ലാസ് തീര്‍ത്ത് താഴെ വെച്ചു. അപ്പോഴും അവന്റെ കയര്‍ ഓച്ചെറയുടെ വലതു കയ്യില്‍ ചുറ്റിക്കിടക്കുകയായിരുന്നു. അവന്‍ കയറിനുനേരെ കൈനീട്ടിക്കൊണ്ടു പറഞ്ഞു: 'ആ കയറല്ലെങ്കില്‍ എനിക്ക് മറ്റൊരു കയറ്! നമ്മളീ ജീവിതോന്നും പറഞ്ഞ് വെറുതെ കെടന്ന് കളിക്ക്വാ, പൊടിയഞ്ചേട്ടാ. ഈ കളീലെപ്പെഴും നമ്മക്ക് വല്യ തോല്‍വിയാ! ഈ മക്കളേം വളത്തി ജീവിക്കുന്ന സാധാരണക്കാരാരേലും എവിടേലും ജയിക്കുന്നൊണ്ടോ? ആ എനിക്കറീത്തില്ല! എന്റച്ഛനാന്നേ, വിദേശത്തു പോയി കാശൊണ്ടാക്കി, എന്നേ പഠിപ്പിച്ചു. ഞാന്‍ ജോലിമേടിച്ച് പെണ്ണുകെട്ടി ജീവിക്കുന്നത് കണ്ടോണ്ട് ജയിച്ചെന്നു വിചാരിച്ച് നാട്ടി വന്നു. ഞാനാന്നേ, അച്ഛന്റെ പണോംകൊണ്ട് പഠിച്ച്, വീടും വെച്ച്, മോശം കൂട്ടുകെട്ടിനൊന്നും പോവാതെ വാശിയോടെ നാട്ടുകാരെക്കൊണ്ട് നല്ലതു മാത്രം പറേച്ച്, ജോലി മേടിച്ച്, ജോലിയൊള്ള പെണ്ണിനേം കെട്ടി. അപ്പോ, എന്റെ ഭാര്യേടെ സ്വപ്നത്തിലെ ഭര്‍ത്താവാകാന്‍ എനിക്കു പറ്റിയില്ല. ഞാനും തോറ്റ് അവളും തോറ്റു. ഞങ്ങടെ ജീവിതം കണ്ട് അച്ഛനും തോറ്റ് അമ്മേം തോറ്റു. കണ്ണുതെറന്ന് നോക്യാ, വേറെ ഓരോരുത്തര്‍ക്കും എന്തെല്ലാം തോല്‍വികളാണ് വരുന്നത്. അതും ജയിച്ചെന്ന് തോന്നുന്നെടത്തുവെച്ച്. എന്നാപ്പിന്നെ, മുന്‍പിലെരയിട്ടുതന്ന്, നമ്മളെയങ്ങനെ കളിപ്പിക്കുന്നവനെ അങ്ങ് തോപ്പിക്കാന്‍ ഞാനും തീരുമാനിച്ചു. ചെലപ്പഴങ്ങനാ, നമ്മള് ശത്രൂന്റെ മടേ കേറി കളിക്കണം. എന്നാലേ നമ്മക്കൊന്ന് ജയിക്കാമ്പറ്റത്തൊള്ള്.'

സൂരജിനോട് ക്ഷമ ചോദിച്ചുകൊണ്ട്, ഓച്ചെറ പെട്ടെന്ന് പറഞ്ഞു: 'കുഞ്ഞേ, ഈ പെണ്ണുങ്ങക്ക് സല്‍സൊവാവത്തേക്കാ വേണ്ടത് വേറേ ചെലതാ. കുഞ്ഞിന് അങ്ങനെന്തേലും ഉശിരുകൊറവൊണ്ടോ?'

സൂരജ് പുച്ഛത്തോടെ ചിരിച്ചു. 'എന്നേ നോക്കി എല്ലാ അവമ്മാരും ഇങ്ങനേ പറേത്തൊള്ളെന്നെനിക്കറിയാം. പൊടിയഞ്ചേട്ടനത് നേരെ പറഞ്ഞു. ഇനിം, എന്നെ ഉപേക്ഷിച്ച് പോകാനിരിക്കുന്നോളേം നോക്കി ഇങ്ങനെ ചെലത് കിട്ടാത്തേന്റെ പ്രശ്‌നവാ അവടേതെന്നും പറയും. അതൊക്കെ നമ്മളാണുങ്ങടെ വല്യ തെറ്റിദ്ധാരണകളാ.' സൂരജ് പായയില്‍ എഴുന്നേറ്റു നിന്നു. അവന്‍ വേച്ചുപോകുന്നത് കണ്ട് ഓച്ചെറയും എഴുന്നേറ്റു. 'എനിക്ക് പൊടിയഞ്ചേട്ടനെ ഇവിടന്ന് രക്ഷിച്ചോണ്ട് പോകാവെന്നൊള്ള വിചാരവൊന്നുവില്ലിപ്പൊ. പൊടിയഞ്ചേട്ടനെന്നേം രക്ഷിക്കാവെന്ന് വിചാരിക്കെണ്ട. നമ്മടെ കഥ ആരെങ്കിലും കേട്ടാ, ഇവമ്മാര്‍ക്കിതും പറഞ്ഞ് ചാവെണ്ട വല്ല കാര്യോവൊണ്ടോന്നേ ആളുകള് ചോദിക്കത്തൊള്ള്. ലോകത്ത് തന്നത്താന്‍ ചത്തവമ്മരെടെയെല്ലാം ശവത്തിനു മുന്‍പി നിന്നോണ്ട് ആരെങ്കിലുവൊക്കെ ഈ ചോദ്യം ചോദിച്ചിട്ടൊണ്ടാവും. അതുകൊണ്ട് നമ്മളതേപ്പറ്റി കൂടുതല് ചിന്തിക്കെണ്ട. നമ്മക്ക് തമ്മിത്തമ്മി പിന്തിരിപ്പിക്കാമ്പറ്റത്തില്ലേ, പിന്നെന്തുകൊണ്ടൊന്നിച്ച് ചത്തുകൂടാ? മരണത്തിന്‍ കൂട്ടുണ്ടായിരിക്കുക എന്നതാരിക്കും നമ്മടെ ജീവിതത്തിലെ ഭാഗ്യം. അങ്ങനാന്നേ, വാര്‍ത്താപ്രാധാന്യവൊള്ള മരണവാരിക്കും നമ്മടേത്. ഒരു മരപ്പടര്‍പ്പിനു കീഴെ, പായയില്‍ തലയണേം വെച്ച് പൊടിയഞ്ചേട്ടന്‍! ഞാനതേ മരത്തിന്റെ കൊമ്പിലും!' ആവേശത്തോടെ സൂരജ് പറഞ്ഞു നിര്‍ത്തി. 

മദ്യം തലയിലേക്ക് ഇരച്ചുകയറിയതിലൂടെ സൂരജിന്റെ ചലനങ്ങള്‍ക്ക് താളം വന്നതായി ഓച്ചെറക്ക് തോന്നി. രണ്ടെണ്ണം കൂടി തീര്‍ത്തെങ്കിലേ ആ താളം തനിക്ക് കിട്ടുകയുള്ളെന്നുറച്ച് ഓച്ചെറ വീണ്ടും പായയില്‍ ഇരുന്നു. ചെറുപ്രായത്തില്‍ സൂരജ് മരിക്കാന്‍ തീരുമാനിച്ചതുമായി പൊരുത്തപ്പെടാന്‍ കഴിയാതെ അയാള്‍ അവനെ ഒന്നുകൂടി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൂരജ് പക്ഷേ, കുനിഞ്ഞ് കയര്‍ കയ്യിലെടുത്ത്, ഓച്ചെറയെ കളിയാക്കി. പഴമൊറോംകൊണ്ട് ആരും മരിക്കാനെറങ്ങത്തില്ലെന്ന കോട്ടമുക്കിനുവെച്ചു കേട്ട താടിക്കാരന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് അവന്‍ പായയിലിരുന്ന തലയണയില്‍ കാലുമടക്കിയടിച്ചു. 

'കുഞ്ഞിനൊരാശേം വാക്കിയില്യോ?' തലയണ ചാടിപ്പിടിച്ചുകൊണ്ട് ഓച്ചെറ ചോദിച്ചു.

'എനിക്ക് നെറച്ച് കുടിച്ചിട്ട് ഉത്സവത്തിന്റന്നീ കളിക്കണ്ടത്തിലെ പുരുഷാരത്തിനു നടുക്കു കെടന്നൊന്നാര്‍ത്തു തുള്ളണവെന്നൊണ്ടാരുന്ന്. ഇതാന്നോ ഇത്രേം വല്യ കാര്യവെന്ന് പൊടിയഞ്ചേട്ടന് തോന്നും. എനിക്കതൊരിക്കലും നടക്കാത്ത കാര്യവാ! നീണ്ടകാലത്തെ വല്യ ആശ! എല്ലാ ഉത്സവത്തിന്റന്നും ഞാനെന്തുംമാത്രം ഒറ്റയ്ക്കാണെന്നോ ഈ കളിക്കണ്ടത്തി നിന്നിട്ടൊള്ളത്! ഏകാന്തതേന്നൊക്കെ പറഞ്ഞാ അതാ. ഇവിടെക്കെടന്ന് മേളത്തിനൊപ്പം തുള്ളുന്നോമ്മാരോടെല്ലാം എനിക്കെന്തൊരു കുശുമ്പാരുന്നെന്നോ!' സൂരജ് പറഞ്ഞു. 

ഓച്ചെറ പായ മടക്കിവെച്ച് വേഗം എഴുന്നേറ്റു. അയാള്‍ സൂരജിനു മുന്‍പില്‍, അഭിമുഖം നിന്ന്, വായ്ത്താളമിട്ട്, പതിയെപ്പതിയെ ചുവടുകള്‍ വെക്കാന്‍ തുടങ്ങി. 'ഒക്കുന്നതാന്നേ, ഒരാശേം വാക്കികെടക്കരുത്' അയാള്‍ പറഞ്ഞു. 'കുഞ്ഞേ, ഈ ചുറ്റും കാണുന്നതൊന്നും ഇരുട്ടല്ല. ഈ കണ്ടത്തി നെറയെ ആളുകളൊണ്ടെന്നങ്ങ് കണക്കാക്കിക്കോണം. മണ്ണു നുള്ളിയിട്ടാ താഴാത്തത്രേം പുരുഷാരം, മാനം മുട്ടുന്ന തടിയന്‍ കെട്ടുകാളകള്‍, തേരുകള്‍, കുതിരകള്‍, തിടമ്പേറ്റിയ കൊമ്പമ്മാര്‍, ദേവനിരുന്നെഴുന്നെള്ളുന്ന, എളകിയെളകിമറിയുന്ന, ജീവത! മേളം; പഞ്ചാരി, തായംമ്പക, നാസിക്ക് ഡോള്‍ പെറുമ്പറ, പടക്കം! വാ, വന്നെറങ്ങി കളിച്ചോ.' അയാള്‍ ഉത്സവാരവത്തിനിടയില്‍നിന്നുകൊണ്ട് ഉറക്കെ പറയാന്‍ ശ്രമിക്കുന്നതുപോലെ സൂരജിനു തോന്നി. ചുവടുകള്‍ വെച്ചുവന്ന് അയാള്‍ സൂരജിന്റെ കരംഗ്രഹിച്ചു. 'ദൈവങ്ങള്‍ക്ക് വേലകളി. മനുഷേന് മരണക്കളി. ആര്‍പ്പോ... ഇര്‍ര്‍ര്‍ര്‍... റോ... ര്‍ര്‍ര്‍റോ... ര്‍ര്‍ര്‍റോ.' അയാള്‍ ആര്‍പ്പ് വിളിച്ചു. സൂരജിന്റെ ദേഹത്തുകൂടി ഒരു പെരുപ്പു പാഞ്ഞു; കാലുകള്‍ കിരുകിരുത്തു! അവന്‍ ഇളകി; ഓച്ചെറയ്‌ക്കൊപ്പം പതിയെ ചുവടുകള്‍വെച്ചു. കളിക്കണ്ടത്തില്‍, ഉത്സവത്തിന്റന്നത്തേപ്പോലെ, ആളുകള്‍ വന്നു നിറഞ്ഞു! ഒച്ചയും ആര്‍പ്പും മുഴങ്ങി. മനം നിറഞ്ഞുപെരുകിയ മേളത്തിനൊപ്പം സൂരജിന്റെ പാദങ്ങള്‍ തറയില്‍ പതിഞ്ഞുയര്‍ന്നു. ഓച്ചെറയോടവന്‍ മത്സരിച്ചു. ഓച്ചെറയും വിടാതെ, താളത്തില്‍, പൊരുതി. കുഴഞ്ഞു കണ്ടത്തില്‍ വീഴും വരെ അവര്‍ ആര്‍ത്തുതുള്ളി. മേളവും ആര്‍പ്പും ഒടുങ്ങിയപ്പോള്‍ കണ്ടത്തിന്റെ അതിരുകളില്‍ കിരീടം ചൂടിയ ഏറെപ്പേര്‍ നിരന്നുനില്‍ക്കുന്നത് കണ്ട് സൂരജ് അതിശയിച്ചു. 

'അവരെല്ലാം ആരാണ്?' സൂരജ് അണച്ചുകൊണ്ട് മഴവില്ലാകൃതിയില്‍ കൈചൂണ്ടി ചോദിച്ചു. 

'എല്ലാം ദൈവങ്ങളാ, മുപ്പത്തിമുക്കോടി!' ഓച്ചെറ പറഞ്ഞു. 

'അവരെന്തിനാ വന്നെ?' 

'വേലകളിക്കാന്‍!' 

'ആര്‍പ്പോ... ഇര്‍ര്‍ര്‍ര്‍... റോ... ര്‍ര്‍ര്‍റോ... ര്‍ര്‍ര്‍റോ.' സൂരജ് ആര്‍പ്പിട്ട് കണ്ടത്തില്‍ മലര്‍ന്നുകിടന്നു ചിരിച്ചു. കിരീടം വെച്ച ദൈവങ്ങള്‍ ആകാശത്തും അക്ഷമയോടെ മണ്ടിനടക്കുന്നത് അവന്‍ കണ്ടു. 'പൊടിയഞ്ചേട്ടോ' അവന്‍ ദൈവങ്ങളേ നോക്കി ചിരിച്ചുകൊണ്ട് വിളിച്ചു ചോദിച്ചു. 'ചേട്ടനെന്തേലും ആഗ്രഹങ്ങള് വാക്കി കെടപ്പൊണ്ടോ?' 

'എനിക്കൊരുപാട് ആശകള് കെടപ്പൊണ്ട് കുഞ്ഞേ നെറവേറാത്തത്. എന്നാ, ഏതാണ്ട് നാപ്പതിലേറെ കൊല്ലംകൊണ്ട് എന്നേ നിരന്തരം തോപ്പിച്ചോണ്ടിരിക്കുന്ന ഒരുത്തനൊണ്ട്.' കിടന്നകിടപ്പില്‍, വലതുകൈ പരത്തി തറയിലടിച്ചുകൊണ്ട് ഓച്ചെറ പറഞ്ഞു. 'ഒരു കാളക്കച്ചോടത്തില്‍ തൊടങ്ങിയ വൈരവാ അവനോട്. അവനിട്ട് രണ്ട് പൊട്ടിക്കണവെന്നൊള്ളതാ എന്റെ ഏറ്റോം പഴക്കവൊള്ള ആഗ്രഹം. എന്നാ, ഇന്നേവെരെ അവന്റെ നേരേ നിന്ന് മൊകവടച്ചൊന്ന് കൊടുക്കാനെനിക്ക് പറ്റീട്ടില്ല. അവന്‍ അത്രേം കേമനാ. ഒരിക്കലും നടക്കാത്ത ഏറ്റോം വല്യ ആഗ്രഹങ്ങള് നമ്മളുള്ളിലൊളിപ്പിച്ചോണ്ട് നടക്കത്തില്യോ? അതുപോലെ ഞാനൊളിപ്പിച്ചോണ്ട് നടക്വാരുന്നതും.' 

'നമ്മക്കെന്നാ, പോയവനെ തല്ലാം?' ആവേശത്തോടെ ചാടിയെഴുന്നേറ്റ സൂരജ് കണ്ടത്തില്‍ നിലതെറ്റിവീണു. അവന്‍ എഴുന്നേറ്റ് കൊടുംകൈകുത്തിയിരുന്ന് തല കുടഞ്ഞു. 

ഓച്ചെറയും എഴുന്നേറ്റിരുന്നു സൂരജിനെ നോക്കി. ആവേശംകൊണ്ട് അവന്‍ അപ്പോള്‍ത്തന്നെ അവിടെനിന്ന് കുതിക്കുമെന്ന് ഓച്ചെറയ്ക്ക് തോന്നി. 'അത്രേയൊന്നും തിറുതി വെക്കണ്ട. ഭൈരവനെ അങ്ങനൊന്നും തോപ്പിക്കാമ്പറ്റത്തില്ല. ഞാനെന്റെ നല്ലകാലത്തുപോലും അവനോടടിച്ചുനിന്ന് ജയിച്ചിട്ടില്ല. അവന് നമ്മളേപ്പോലൊള്ളോരെയൊക്കെ ഈസിയായിട്ട് കെടത്തിക്കളയാമ്പറ്റിയ ചെല അടവുകളൊണ്ട്. തടിം തണ്ടുകൊണ്ട് ചെന്നോരൊക്കെ അവന്റെ കാക്കീഴിക്കെടെന്ന് അട്ട ചുരുളുമ്പോലെ ചുരുളന്നത് ഞാനെത്ര കണ്ടേക്കുന്നു!' 

ഭൈരവന്‍ എന്നൊരാളെക്കുറിച്ച് സൂരജ് ആദ്യമായി കേള്‍ക്കുകയായിരുന്നു. ആ പേരുതന്നെ അവനു സംശയമുണ്ടാക്കി. അത് യഥാര്‍ത്ഥ പേരാണോ എന്നറിയില്ലെന്നും പരിചയക്കാരെല്ലാം അയാളെ അങ്ങനെയാണ് വിളിക്കുന്നതെന്നും ഓച്ചെറ താല്പര്യക്കുറവോടെ പറഞ്ഞു. 'അവനൊരൊറ്റത്തടിയന്‍ കാലിക്കച്ചോടക്കാരനാ, മാരണം. താമസിക്കുന്നത് ഞവരക്കുന്ന് മലേടെ താഴെ, മണലാടി പുഞ്ചേലേക്ക് തിരിയുന്ന വഴീടെ തെക്കുവശത്താ. ചെറുപ്പത്തിലൊരിക്കെ, ഞാനവനെ തെരക്കി അവടെ പോയിട്ടൊണ്ട്. ഒര് ഉരൂനേംകൊണ്ട് വയ്യാങ്കര ചന്തേലേക്ക് പോയ പോക്കാരുന്നു തൊടക്കം. ഞാന്‍ ചന്തേലേക്ക് കേറുന്നേനു മുന്‍പേ, വഴീവെച്ച്, എന്റെ കാള ക്ടാവിന്റെ എനേം ചന്തോംകണ്ട് പലരും അടുത്തുകൂടി. വെല ചോദിച്ചോണ്ടുവന്നവരെയെല്ലാം തള്ളിമാറ്റി ആ ഭൈരവന്‍ എന്റെ ചെവീവന്ന് എന്തോവാന്നേ കൊടുക്കുവെന്നു ചോദിച്ചു. ഞാന്‍ ഇച്ചെരെ വല്യ വെലയങ്ങ് ചോദിച്ചു. തര്‍ക്കിക്കാനൊന്നും നിക്കാതെ അവനെന്റെ ചെവീല്‍ അതിനടുത്ത വെല തന്നെ പറഞ്ഞു. ശരിക്കും, ഞാനത്രേം പ്രതീക്ഷിച്ചിട്ടൊന്നുവില്ലാരുന്നു. എന്നാലും ചോദിച്ചത് കൊറഞ്ഞുപോയോന്നൊളള സംശയത്തി തരുത്തില്ലെന്നു പറഞ്ഞ് ഞാന്‍ ക്ടാവിനേം പിടിച്ചോണ്ട് ചന്തേലേക്ക് കേറി, കൊറച്ചൂടി വെലകൂട്ടി ചോദിച്ചു. എന്നാ, പിന്നാരും ഭൈരവന്‍ പറഞ്ഞ വെല പറഞ്ഞില്ല. ചന്ത പിരിഞ്ഞിട്ടും ഉരൂന്റെ വിപ്പന നടക്കാതായപ്പൊ, കച്ചോടം നടക്കാതിരിക്കാന്‍ ഭൈരവന്‍ ക്ടാവിന് കല്ലടിച്ചതാരുന്നെന്ന് മനസ്സിലാക്കാതെ, ഞാന്‍ കയറും നീട്ടിക്കൊണ്ട് അവന്റടുക്കെ ചെന്നു. അവന്‍ കയ്യിലൊള്ള കാശു തീര്‍ന്നെന്നു പറഞ്ഞ്, മടിയഴിച്ചും അണ്ടറവെയറിന്റെ പോക്കെറ്റ് വലിച്ചും കാണിച്ച്, വീട്ടിപ്പോയേ കാശൊള്ളെന്നു പറഞ്ഞു, ചിരിച്ചു. ഞാന്‍ ക്ടാവിനേംകൊണ്ട് അവന്റെ വീട്ടിച്ചെന്നു. ഞങ്ങള് തമ്മി സംസാരോം വഴക്കുവായി. വഴീക്കെടന്ന് തല്ലായി. അവന്റെ കയ്യീന്ന് അടി മേടിച്ച ഞാന്‍ നാലിന്റന്നാ താലൂക്കാശൂത്രീവെച്ച് കണ്ണുതൊറന്നെ. എന്താ പറ്റീതെന്ന് ഞാനാരോടും പറഞ്ഞില്ല. തിരിച്ചടിക്കാനാരുന്ന് പ്ലാന്‍. എന്നാ, ഇന്നുവെരെ എനിക്കതിന് പറ്റീട്ടില്ലെന്ന് മത്രോവല്ല, ഒന്നുംരണ്ടും പറഞ്ഞ് അവനോട് മുട്ടിയപ്പോഴെല്ലാം തട്ടുകേടാരുന്ന്.' 

സൂരജ് ഓച്ചെറയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 'നമ്മള് പേടിച്ചാ, തോറ്റോണ്ടിരിക്കത്തേയൊള്ള്. നഷ്ടപ്പെടാനെന്തേലുവൊള്ളോര്‍ക്കല്യോ പേടി? നമ്മക്കവനെ വീട്ടീച്ചെന്ന് പിടിച്ചെറക്കി രണ്ട് പെടക്കാം. അതോടെ തീരും പൊടിയഞ്ചേട്ടന്റെ വെഷമം. അവനൊറ്റക്കാണേ മറ്റാരെടേം കരച്ചിലും പിഴിച്ചിലുവൊന്നും കാണാതേം കേക്കാതേം കാര്യേം തീര്‍ത്തിങ്ങു പോരാം.' സൂരജ് ഒഴിഞ്ഞ വെള്ളക്കുപ്പിയെടുത്ത് പാടത്തേക്ക് നീട്ടിയെറിഞ്ഞിട്ട് പായ മടക്കിയെടുത്ത് സൈക്കിളിന്റെ കാരിയറില്‍ കെട്ടിയുറപ്പിച്ചു. ഇരുണ്ടുകിടന്ന ഞവരക്കുന്നു മലയുടെ നേരെ നോക്കി അവര്‍ സൈക്കിളുരുട്ടി. 

ആരുടേയും കണ്ണില്‍ പെടാതിരിക്കുന്നതിനായി വാഹനങ്ങള്‍ പോകുന്ന റോഡുപേക്ഷിച്ച് ക്ഷേത്രമുറ്റത്തുനിന്നും പടിഞ്ഞാട്ടു കിടക്കുന്ന വഴിയിലൂടെയാണ് അവര്‍ നടന്നത്. ഉപ്പനച്ചവും പുല്ലാഞ്ഞിത്തലപ്പും വീണ് കാടുകയറിക്കിടക്കുന്ന ആ ഇടവഴിയിലൂടെയാണ് രാത്രിതോറും 'കണ്ണമ്പള്ളിലമ്മ' ദേവന്റെ കുളത്തില്‍ നീരാടെനെത്തുന്നതെന്ന് പറഞ്ഞ് ഓച്ചെറ ചിരിച്ചു. 'നമ്മടെ പെരുവഴീലെല്ലാം കൃത്രിമവെട്ടവൊണ്ടേലും പഴങ്കതകളൊള്ളെടുത്തെല്ലാം കൂരിരുട്ടാ,' അയാള്‍ പിന്നെയും ചിരിച്ചു, പറഞ്ഞു: 'മാടനേം മറുതേവൊന്നുവല്ല ഇപ്പൊ പേടിക്കണ്ടത്. ദൈവങ്ങടെ ജാതീ കൊറഞ്ഞോരാണേലും അവര്‍ക്കെല്ലാം സംവരണം കൊടുത്തിപ്പൊ മുട്ടന്‍ കോവിലുകടെ മൂലക്കൊള്ള കൊച്ചുകൊച്ചിരിപ്പിടങ്ങളില്‍ ഇരുത്തീട്ടൊണ്ട്. അവരതില്‍ തൃപ്തരാ. എന്നാ മറ്റേവരങ്ങനല്ല. വല്യ ഇരിപ്പെടങ്ങളൊണ്ടേലും അത്രേം തൃപ്തരല്ല.' ഭൈരവന്റെ വീടിന് സമീപമെത്തിയപ്പോള്‍ ഓച്ചെറ ഒച്ച തീരെ താഴ്ത്തി അടക്കം പറയുന്നതുപോലെ വര്‍ത്തമാനം പറയാന്‍ തുടങ്ങി. സൂരജും തയ്യാറെടുപ്പോടെ പരിസരം വീക്ഷിച്ച് നടന്നു. മലയുടെ നിഴലില്‍ കിടന്നതുകൊണ്ടാവണം അവിടം കുറച്ചുകൂടി ഇരുണ്ടു കിടന്നു. മണലാടി പാടത്തേക്കുള്ള വഴി തിരിയുന്നിടത്തുനിന്ന് ഓച്ചെറ ഭൈരവന്റെ വീടിരിക്കുന്നിടം ചൂണ്ടിക്കാണിച്ചെങ്കിലും ഇരുട്ടിന്റെ മറ മാത്രമേ സൂരജ് കണ്ടുള്ളൂ! വൈദ്യുതി എത്താത്ത രാത്രിഗ്രാമംപോലെ ഇരുണ്ടുകിടക്കുന്നിടം കണ്ട് അവിടെ വീടുകളുണ്ടോ എന്ന് സൂരജ് സംശയിച്ചപ്പോള്‍ ശ്ശ്... എന്നു ചുണ്ടുകള്‍ക്കുമേല്‍ കൈവിരല്‍വെച്ച് ഓച്ചെറ അവനെ ഭയപ്പെടുത്തി. 

ഭൈരവന്റെ വീടിന്റെ മുന്‍പില്‍ പുരയിടത്തെയാകെ ചൂടിക്കൊണ്ട് ഒരു ഇലഞ്ഞിമരം നില്‍പ്പുണ്ടായിരുന്നു. അത് ഇലഞ്ഞിയാണെന്ന് ഓച്ചെറ പറഞ്ഞാണ് സൂരജ് മനസ്സിലാക്കിയത്. അതിനുകീഴില്‍ ഏതുകാലത്തും തണുപ്പായിരിക്കുമെന്നു ചിന്തിച്ചുകൊണ്ട് മുന്‍പേ നടന്ന സൂരജ് പെട്ടെന്ന് അറച്ചുനിന്നു. മരത്തിന്റെ തായ്ത്തടിയില്‍ നീട്ടിക്കെട്ടിയിരുന്ന ഒരു മൃഗം തിളങ്ങുന്ന കണ്ണുകൊണ്ട് വളരെ ശാന്തമായി അവരെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. 'ഇത്രേം വലുപ്പവൊള്ള കാളയോ?' എന്നു ചോദിച്ചുകൊണ്ട് സൂരജ് ഓച്ചെറയുടെ പിന്നിലേക്ക് മാറി. ഓച്ചെറ സൈക്കിള്‍ സ്റ്റാന്റില്‍വെച്ച് സൂരജിന്റെ വലങ്കൈ പിടിച്ചു ഭൈരവന്റെ മുറ്റത്തേക്ക് കയറി. തുറന്നുകിടന്ന വീട്ടിലേക്ക് ജനാലകളിലൂടെയും വാതിലിലൂടെയും കുറച്ചുനേരം നോക്കിനിന്നപ്പോള്‍ അകത്തെ കാഴ്ചകള്‍ അവര്‍ക്ക് തെളിഞ്ഞുകിട്ടി. മുറികളിലൊന്നും ആളനക്കം കണ്ടില്ല. ആഡംബരങ്ങളില്ലെങ്കിലും ചിട്ടയോടെ സൂക്ഷിക്കുന്ന വീടായിരുന്നത്. അവര്‍ പതുങ്ങി വീട്ടിനുള്ളില്‍ കയറി വിളക്കുതെളിച്ചെങ്കിലും ഭൈരവന്‍ അവിടെ ഇല്ലായിരുന്നു. മേശപ്പുറത്ത് നിവര്‍ത്തിവെച്ചിരുന്ന ചിത്രപ്പണികളുള്ള കണക്കുബുക്കില്‍ എഴുതിയിരുന്ന അവസാനത്തെ പേരുകള്‍ സൂരജ് അതിശയത്തോടെ വായിച്ചു! 

'അവന്‍ വരാതിരിക്കില്ല' ഒച്ചെറ പറഞ്ഞു.

അവര്‍ തിരികെവന്ന് കുറച്ചുനേരം മരച്ചുവട്ടില്‍ നിന്നു. കാള നിശ്ചലം നിന്നു കണ്ണുതുറന്ന് അവരെ നോക്കി. സൂരജ് ഇരുട്ടിലേക്ക് നോക്കിയപ്പോഴെല്ലാം വട്ടംതിരിഞ്ഞുവന്ന നോട്ടം കാളയുടെ കണ്ണുകളില്‍ കൊരുത്തു. അസ്വസ്ഥനായ സൂരജ് ഓച്ചെറയേയും വിളിച്ചുകൊണ്ട് വഴിയിലേക്കിറങ്ങി. ഇരുട്ടില്‍ കാള കാഴ്ചയില്‍നിന്ന് അപ്രത്യക്ഷമായിടത്ത് അവര്‍ സൈക്കിള്‍ നിര്‍ത്തി കാത്തുനിന്നു. അനിശ്ചിതത്വത്തിന്റേയും കാത്തിരിപ്പിന്റേയും വിരസതക്ക് ഏറ്റവും പറ്റിയ ഔഷധം എന്തായിരിക്കുമെന്ന് സൂരജ് ചിന്തിക്കുമ്പോഴേക്കും ഓച്ചെറ ഒരു ചെറുത് ഒഴിച്ച് അവന് നേരെ നീട്ടി. അവര്‍ വഴിയരുകില്‍ പായവിരിച്ചിരുന്നു മദ്യപിക്കാന്‍ തുടങ്ങി. 

ഞവരക്കുന്നുമല വെറുമൊരു കുന്നു മാത്രമാണെന്നും മണലാടി പുഞ്ച ആ കുന്നെടുത്ത് വെയ്ക്കാന്‍ പറ്റിയ പാത്രമാണെന്നും സൂരജ് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ദൂരെനിന്ന് ദേക്ഷ്യപ്പെട്ടുകൊണ്ട് ആരോ വരുന്നുണ്ടെന്ന് അവര്‍ക്കു തോന്നിയത്. ശബ്ദം ശ്രദ്ധിച്ചിട്ട് അത് ഭൈരവന്‍ തന്നെയാണെന്നു പറഞ്ഞ് ഓച്ചെറ എഴുന്നേറ്റു. ഇരുട്ടിലേക്ക് ചൂഴ്ന്ന് നോക്കിയിട്ടും ആളെ കാണാന്‍ കഴിയാഞ്ഞതിനാല്‍ അയാള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് സൂരജിനു മനസ്സിലായില്ല. 

'ആലോചിക്കാനും തര്‍ക്കിക്കാനും നിക്കെണ്ട. അവന്‍ മുന്നിലെത്തുമ്പോഴേക്കും ചാടി അടിച്ചേക്കണം' ഓച്ചെറ പറഞ്ഞു. 'അവനെ വല്ല വടീംകൊണ്ട് അടിച്ചിടുന്നതാരുന്ന് നല്ലത്. അവന്റെ കൈവട്ടത്ത് ചെന്നാപ്പിന്നെ പിടിച്ചു നിക്കാമ്പാടാ.' 

വേണ്ടിവന്നാല്‍ കുപ്പിയും കയറും ആയുധമാക്കണമെന്ന് ചിന്തിച്ചുകൊണ്ട് സൂരജും എഴുന്നേറ്റ് തയ്യാറെടുത്തു. 'പൊടിയഞ്ചേട്ടന്‍ വെഷമിക്കെണ്ടാ. എന്താ ഇവടെ നടക്കുന്നേന്ന് മനസ്സിലാക്കും മുന്‍പേ അങ്ങേരെ വീഴ്ത്തുന്ന കാര്യം ഞാനേറ്റ്.' ജീവിതത്തില്‍ ആദ്യമായി ഒരാളെ തല്ലാന്‍ നില്‍ക്കുകയാണെന്ന കാര്യം മറന്ന് സൂരജ് പറഞ്ഞു. ആരേയും അടിച്ചുമറിക്കാന്‍ ശേഷിയുണ്ടെന്നവിധം അവന്‍ വലതുമുഷ്ടി ചുരുട്ടി ഇടതു കൈപ്പത്തിയില്‍ ഇടിച്ചു. 

ശബ്ദം കുറച്ചുകൂടി അടുത്തുവന്നപ്പോളാണ് ഭൈരവന്‍ തന്റെ വീട്ടിലേക്കുള്ള വഴിയിലിരുന്ന് മദ്യപിക്കുന്നവരെ തെറി പറയുകയാണെന്ന് സൂരജിനു മനസ്സിലായത്. ഇരുട്ടില്‍ ഭൈരവനെ കാണാന്‍ കഴിയുന്നില്ലെങ്കിലും അയാള്‍ തങ്ങളെ വ്യക്തമായി കാണുന്നുണ്ടെന്ന അറിവ് സൂരജിനെ തെല്ലൊന്നുലച്ചെങ്കിലും അവന്‍ കരുതലോടെ നിന്നു. ഇരുട്ടില്‍നിന്നും ഇറങ്ങിവന്നിട്ടെന്നവണ്ണം, നിഴലുപോലെ, ആ രൂപം മുന്നില്‍ തെളിഞ്ഞതും ഓച്ചെറ അയാളുടെ നേരേ ചാടി ഉയര്‍ന്നു. അത്രവേഗം ഓച്ചെറ പ്രവര്‍ത്തിക്കുമെന്ന് സൂരജ് വിചാരിച്ചിരുന്നില്ല. ചാടിയുയര്‍ന്ന ഓച്ചെറ കാല്‍ വഴുതിയിട്ടെന്നവണ്ണം ഭൈരവന്റെ മുന്‍പില്‍ മുഖമടിച്ചു വീണു! എന്ത് മായമാണ് ഭൈരവന്‍ പ്രവര്‍ത്തിച്ചതെന്ന് ഇരുട്ടില്‍ സൂരജ് കണ്ടില്ല. അവന്‍ കൈചുരുട്ടി ഭൈരവന്റെ മൂക്കിനു നേരെ ഇടിച്ചു. അയാള്‍ വെട്ടിയൊഴിഞ്ഞ് സൂരജിന്റെ പുറത്ത് കൈനീട്ടിയടിച്ചു. ഇരുമ്പുദണ്ഡിന് അടിയേറ്റെന്നവണ്ണം വിറച്ചെങ്കിലും സൂരജ് അയാളുടെ നെഞ്ചിനു നേരെ തൊഴിച്ചു. അപ്പോഴേക്കും നിലത്തുനിന്ന് എഴുന്നേറ്റ ഓച്ചെറ പിന്നില്‍നിന്ന് ഭൈരവനെ പൂണ്ടടക്കം പിടിച്ചു. സൂരജ് രണ്ടാമതും ഭൈരവന്റെ നാഭിനോക്കി തൊഴിച്ചു. തൊഴിയേറ്റ് ഓച്ചെറയും ഭൈരവനും കൂടി മറിഞ്ഞു. ഭൈരവന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും വീണ്ടും ചവിട്ടി വീഴ്ത്താന്‍ തയ്യാറെടുത്തുനിന്ന സൂരജ് പ്രവര്‍ത്തിക്കുന്നതിനു മുന്‍പേ ചാടിയെഴുന്നേറ്റ ഓച്ചെറ അയാളെ നിലത്തിട്ട് ചവിട്ടി. ഒച്ചയും ചലനവുമില്ലാതെ, പ്രതീക്ഷിച്ചതിലും വേഗം, ഭൈരവന്‍ നിലത്തടങ്ങുന്നതു കണ്ട് ഉയര്‍ന്നുചാടിയ സൂരജിനെ എടുത്തുയര്‍ത്താന്‍ കൂവിക്കൊണ്ട് ഓച്ചെറ ഒരു ശ്രമം നടത്തി. അവര്‍ അണച്ചും ചിരിച്ചും പായയില്‍ വന്നിരുന്ന് രണ്ടാമത്തെ മദ്യക്കുപ്പി തുറന്നു. 

മദ്യം പകര്‍ന്നെടുത്തെങ്കിലും അത് കുടിക്കാതെയിരുന്ന് ഓച്ചെറ കരയുകയും സൂരജിനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്തു. ഒരു മനുഷ്യജീവിയെ ദേഹോപദ്രവം ഏല്പിക്കേണ്ടി വന്നെങ്കിലും ഈ രാത്രിയിലാണ് താന്‍ ശരിക്കും ജീവിച്ചതെന്നു പറഞ്ഞ് സൂരജും കരഞ്ഞു. 'അല്ലേലും അത്രേം കണിശതയോടൊന്നും ജീവിക്കാമ്പറ്റത്തില്ല' അവന്‍ പറഞ്ഞു. ഓച്ചെറ നീട്ടിയ മദ്യം നിരസിച്ചിട്ട് അവന്‍ എഴുന്നേറ്റ് കയര്‍ കയ്യിലെടുത്തുകൊണ്ട് തുടര്‍ന്ന് പറഞ്ഞു: 'ആ എലഞ്ഞിമരത്തിന്റെ ചോട്ടിലെ കാളേ അഴിച്ച് കളഞ്ഞിട്ട് പൊടിയഞ്ചേട്ടനെന്നേ ആ മരത്തേലൊട്ടൊന്ന് കേറാന്‍ സഹായിക്കണം.' 
'ഞാനീ വെഷം തൊട്ട് പഴം തിന്നിട്ടാട്ടെ' ഓച്ചെറ പറഞ്ഞു. അയാള്‍ എഴുന്നേറ്റ് വഴിയരുകില്‍ കിടന്ന ഭൈരവനെ ഒന്ന് നോക്കി. എന്നിട്ട്, പതുക്കെ ഭൈരവന്റെ അടുത്തുപോയി കുനിഞ്ഞിരുന്നു. 'ശത്രൂന്നൊക്കെ പറഞ്ഞാ ഇത്രേയൊള്ളോ? ഒറ്റയടിക്ക് വീഴാമ്മാത്രം!' അയാള്‍ക്ക് അതിശയം തോന്നി. 

സൂരജ് അവരുടെ അടുത്തുചെന്ന് നോക്കി. മലര്‍ന്ന് കിടക്കുന്ന താടിക്കാരനെ അപ്പോഴാണ് അവന്‍ വ്യക്തമായി കണ്ടത്. സന്ധ്യക്ക് കോട്ടമുക്കിനുവെച്ച് കണ്ട, വെട്ടത്ത് ഷാപ്പിലേക്ക് കയറിപ്പോയ, ആളാണ്. മദ്യപിച്ച് വന്നതുകൊണ്ടായിരിക്കണം അയാള്‍ വേഗം വീണുപോയതെന്ന് സൂരജിനു തോന്നി. അവന്‍ കുനിഞ്ഞ് അയാളുടെ താടി പിടിച്ചൊന്നിളക്കി. പെട്ടെന്നു സംശയം തോന്നി അവന്‍ അയാളുടെ മൂക്കിനു മുന്‍പില്‍ വിരല്‍വെച്ച് നോക്കിയിട്ട്, പേടിയോടെ, 'പൊടിയഞ്ചേട്ടാ' എന്ന് നിലവിളിച്ചു. സൂരജിന്റെ നിലവിളികേട്ട് ഭയന്ന് ഓച്ചെറയും പിന്നോട്ട് മാറി. 

'അയാള്‍ മരിച്ചെന്നാ തോന്നുന്നെ' സൂരജ് പറഞ്ഞു.

ഓച്ചെറ ഭൈരവനെ കുലുക്കിവിളിച്ചു. അയാള്‍ പെന്റുലംപോലെ നിലത്തുകിടന്ന് ആടിയതല്ലാതെ ഉണര്‍ന്നില്ല. 'രണ്ട് തല്ലുകൊടുക്കണവെന്ന് പറഞ്ഞേന് നീ എന്തിനാണയാടെ നാവിക്ക് തൊഴിച്ചത്?' ഓച്ചെറ ദേഷ്യപ്പെട്ട് ചാടിയെഴുന്നേറ്റ് സൂരജിനോട് ചോദിച്ചു. 

സൂരജ് കുഴങ്ങിപ്പോയി. അവന്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ വീണില്ല. ഭയത്തോടെ അവന്‍ ചുറ്റും നോക്കി. വഴിയരുകിലെ, കയ്യാലയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ ഇരുട്ടിലും തിളങ്ങുന്നുണ്ടായിരുന്നു. അവന്‍ കയ്യിലിരുന്ന കയര്‍ പായയിലേക്ക് എറിഞ്ഞുകളഞ്ഞിട്ട് സൈക്കിളിനടുത്തേക്ക് കുതിച്ചെത്തി, അതെടുത്തുകൊണ്ട്, മണലാടി പുഞ്ചയിലേക്ക് പോകുന്ന വഴിയെ, ഇരുട്ടത്തെ തെളിച്ചത്തില്‍, എഴുന്നേറ്റു നിന്നു ചവിട്ടി. 

ഓച്ചെറ സൈക്കിളിനു പുറകെ അല്പദൂരം ഓടിയിട്ട് തിരികെ വന്ന് ഭൈരവനെ ഒന്നുകൂടി നോക്കി. രക്ഷപ്പെടാനാണെങ്കില്‍, പാടത്തേക്കോടുന്നതിലും നല്ലത് കുന്നുകയറുന്നതാണെന്നു ചിന്തിച്ചുകൊണ്ട് അയാള്‍ ഞവരക്കുന്നുമലയ്ക്ക് നേരെ ഓടി. 

തണുത്ത കാറ്റത്ത്, പ്രഭാതത്തിനു മുന്‍പേ എഴുന്നേറ്റ ഭൈരവന്‍ എന്തൊക്കെയോ മനക്കണക്കുകൂട്ടി വന്ന്, ഇലഞ്ഞിമരത്തിനു ചോട്ടില്‍ മാത്രം പെയ്ത മഴയില്‍ നനഞ്ഞുനിന്ന കാളയേയും അഴിച്ച്, നീണ്ട കയര്‍ ചുരുട്ടിപ്പിടിച്ചുകൊണ്ട്, വയ്യാങ്കര കാലിച്ചന്തയിലേക്ക് നടന്നു. 

'ഒന്ന് വീണുപോയെന്നുവെച്ച് ആരും തോറ്റെന്ന് കരുതെണ്ട' അയാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com