'തായം'- രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

പന്ത്രണ്ടു വയസ്സുവരെ ഞാന്‍ വളര്‍ന്നത് റൂര്‍ക്കേലയില്‍ ആണ്. എല്ലാക്കൊല്ലവും അവധിക്ക് നാട്ടില്‍ വരും. അച്ഛന്റേയും അമ്മയുടേയും വീടുകളില്‍ താമസിക്കും. സിനിമ കാണും. ഉത്സവം കാണും 
'തായം'- രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

ന്ത്രണ്ടു വയസ്സുവരെ ഞാന്‍ വളര്‍ന്നത് റൂര്‍ക്കേലയില്‍ ആണ്. എല്ലാക്കൊല്ലവും അവധിക്ക് നാട്ടില്‍ വരും. അച്ഛന്റേയും അമ്മയുടേയും വീടുകളില്‍ താമസിക്കും. സിനിമ കാണും. ഉത്സവം കാണും. ആറ്റിലും തോട്ടിലും കണ്ടത്തിലും കളിച്ചുനടക്കും. ചക്കയും മാങ്ങയും കരിക്കും കരിമ്പും വയറുനിറയെ തിന്നും.
അച്ഛന്റെ നാട് തിരുവല്ലയ്ക്കു പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ്. അച്ഛന് മൂന്നു പെങ്ങന്മാര്‍ ഉള്ളതില്‍ മൂത്ത ആളാണ് കുടുംബത്ത് താമസം. അച്ഛന്‍ ഇച്ചേച്ചി എന്നു വിളിക്കും, ഞാന്‍ വല്യപ്പച്ചി എന്നും.

വല്യപ്പച്ചിക്ക് മൂന്ന് മക്കളായിരുന്നു. രണ്ട് പെണ്ണും പിന്നെ ബാബു എന്ന സഞ്ജീവും. ചേച്ചിമാര്‍ രണ്ടും കുറേ മൂത്തതായതുകൊണ്ട് എന്നെക്കാള്‍ രണ്ടുമാസത്തിന് ഇളപ്പമുള്ള ബാബുവായിരുന്നു എന്റെ കൂട്ട്. എന്റെ തൊട്ടുപുറകേ ഉണ്ടായപ്പോള്‍ രാജീവ് എന്ന എന്റെ പേരിനോട് സാമ്യമുള്ള പേര് അവനും ഇട്ടു എന്നാണ് ഐതിഹ്യം. എന്നെ കൊച്ചേട്ടന്‍ എന്നു വിളിക്കണം എന്നു വല്യപ്പച്ചി പറഞ്ഞെങ്കിലും പേരാണ് അവന്‍ വിളിച്ചിരുന്നത്. അക്കാര്യത്തില്‍ എന്റെ പ്രതിഷേധമൊന്നും ബാബു വകവെച്ചില്ല. മറിച്ച്, താനാണ് കൊച്ചേട്ടന്‍ എന്ന ഭാവത്തില്‍ എന്നെ കൊണ്ടുനടക്കുകയും എന്നോട് ആജ്ഞാപിക്കുകയും ചിലപ്പോഴൊക്കെ ശാസിക്കുകയും ചെയ്തു. നാട്ടിന്‍പുറത്തിന്റെ ഉള്ളുകള്ളികളെല്ലാം ബാബുവിനു നല്ല തിട്ടമായിരുന്നു. അവിടുത്തെ വിചിത്രസ്വഭാവികളായ മനുഷ്യരുടെ രഹസ്യങ്ങളെക്കുറിച്ചും ഒഴുക്ക്, ചുഴി, വിഷക്കല്ല്, വിഷജന്തുക്കള്‍ തുടങ്ങി അപകടകാരികളായ പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചും മറഞ്ഞുനിന്നുകൊണ്ട് എല്ലാം നിയന്ത്രിക്കുന്ന ഭൂതത്താന്‍, യക്ഷി, ഭഗവതി, അറുകൊല തുടങ്ങിയ പിടികിട്ടാപ്പുള്ളികളുടെ ശക്തിദൗര്‍ബ്ബല്യങ്ങളെക്കുറിച്ചും അവന് നല്ല അറിവുണ്ടായിരുന്നു. മുതിര്‍ന്നവരുടെ അതിസങ്കീര്‍ണ്ണമായ ഭാഷയില്‍ അവനുണ്ടായിരുന്ന പ്രാവീണ്യത്തിനു മുന്‍പില്‍ എനിക്കറിയുന്ന ഇംഗ്ലീഷും ഹിന്ദിയും ഒറിയയുമെല്ലാം നിഷ്പ്രഭമായി.

ബാബു പറഞ്ഞാണ് മരുമക്കത്തായം എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. പനമ്പാറ എറിഞ്ഞ് ഞങ്ങള്‍ കളിക്കാറുള്ള തായം എന്ന കളിയുടെ പേരുമായി സാമ്യമുള്ളതുകൊണ്ട് ആ വാക്ക് കേട്ടപ്പോള്‍ എന്തോ കളിയാണ് എന്ന തോന്നലാണ് ഉണ്ടായത്. എല്ലാ കളിയിലും എപ്പോഴും ജയിക്കുന്നത് ബാബു ആയതുകൊണ്ടായിരിക്കാം, ആ വാക്ക് ഇന്നും എന്നിലുണ്ടാക്കുന്ന വികാരം നിസ്സഹായത കലര്‍ന്ന പരാജയബോധത്തിന്റേതാണ്.

'നിന്റെ അച്ഛന്‍, എന്റെ മാമന്‍, ആണ് ഈ വീട്ടിലെ കാരണവര്‍' അവന്‍ പറഞ്ഞുതന്നു. 'നിന്റെ വീട് അങ്ങ് ചെട്ടികുളങ്ങരെയാ.'

അമ്മയുടെ വീട്ടിലേതാണ് ഞാന്‍ എന്നും അച്ഛന്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമല്ല എന്നുമുള്ള അറിവുകള്‍ എന്നെ അസ്വസ്ഥനാക്കി. അമ്മയുടെ വീട് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. കുഴമ്പ് മണക്കുന്ന ഇരുട്ടുമുറികളുള്ള, കളിക്കാന്‍ കുട്ടികള്‍ ഇല്ലാത്ത വീട്. എല്ലാവരും രോഗികളും വൃദ്ധരും ആയതുകൊണ്ട് എല്ലാക്കാര്യത്തിലും വലിയ വിലക്കുകളും ചിട്ടകളുമാണ് അവിടെ.

മറിച്ച്, ഒന്നിനും ഒരു ചട്ടവും ഇല്ലാത്ത വീടായിരുന്നു അച്ഛന്റേത്; പ്രത്യേകിച്ചും ഭക്ഷണകാര്യത്തില്‍. കൈതച്ചക്ക, ആത്തച്ചക്ക, ആഞ്ഞിലിച്ചക്ക, പറങ്കിയണ്ടി തുടങ്ങി ഞാനും ബാബുവും ശേഖരിച്ചുകൊണ്ടുവരുന്ന വകകളോ അടുക്കളയില്‍ ഉണ്ടാക്കുന്ന സാധനങ്ങളോ ഇത്രയേ കഴിക്കാവൂ എന്നോ ഇത്രയെങ്കിലും കഴിച്ചിരിക്കണം എന്നോ ഒരു നിര്‍ബ്ബന്ധവും ഇല്ലാത്ത വീട്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഒന്നാംതരം പാചകക്കാരിയായിരുന്നു വല്യപ്പച്ചി. എരിവുള്ള ഒരു സാധനവും രുചിച്ചുപോലും നോക്കാത്ത ഞാന്‍ അവിടുത്തെ ആറ്റുമീന്‍കറി കോരിക്കുടിക്കുന്നതു കണ്ട് അമ്മ മൂക്കിന്മേല്‍ വിരല്‍വെച്ചു, അച്ഛന്‍ പുഞ്ചിരിച്ചു.

അമ്മ വല്യപ്പച്ചിയുടെ കൂടെനിന്ന് ആ കരകൗശലം നോക്കി മനസ്സിലാക്കും. എന്നിട്ട് അവധി കഴിഞ്ഞ് റൂര്‍ക്കേലയില്‍ ചെല്ലുമ്പോള്‍ പ്രയോഗിച്ചുനോക്കും. പക്ഷേ, വല്യപ്പച്ചിയുടെ രുചികളുടെ അടുത്തൊന്നും എത്താന്‍ അമ്മയ്ക്ക് പറ്റിയില്ല.

'പോരാ...' അച്ഛന്‍ മുഖത്തുനോക്കി പറയും: 'ശരിയായിട്ടില്ല.'

'ഓ' അമ്മ പരിഭവിക്കും. 'അല്ലേലും ബാക്കിയൊള്ളോര്‍ക്ക് വെലയില്ല. പെങ്ങള് മാത്രം ഒരു തങ്കക്കൊടം.'

അച്ഛന്റെ ഈ പെങ്ങള്‍പ്രേമം വെറും വാക്കില്‍ ഒതുങ്ങിനിന്നില്ല. മാസംതോറും ശമ്പളം വാങ്ങിച്ചു വരുന്ന വഴിക്ക് പോസ്റ്റ് ഓഫീസില്‍ കയറി വല്യപ്പച്ചിയുടെ പേരില്‍ ഒരു മണിയോര്‍ഡര്‍ അയച്ചിട്ടേ അച്ഛന്‍ വീട്ടിലെത്തൂ. ഒറ്റത്തടിയായിരുന്ന കാലംതൊട്ട് പെങ്ങന്മാര്‍ക്കു കൊടുത്ത പണം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ചെറിയൊരു വീടെങ്കിലും പണിയിക്കാമായിരുന്നു എന്ന് അമ്മ പരിഭവിക്കും.

'വീടില്ലാഞ്ഞിട്ടാണോ നിനക്ക് ദണ്ണം?' അച്ഛന്‍ ചോദിക്കും. 'ചെട്ടികുളങ്ങരേലെ വീട് നിനക്കുള്ളതല്ലയോ?'

'അത് അച്ഛന്റേം അമ്മേടേം വീടല്ലയോ? നമുക്ക് നമ്മുടേതായിട്ട് ഒരെണ്ണം വേണ്ടായോ?'

'അതുശരി! ഒരു വീട് ഉള്ളവര് രണ്ടാമതൊരെണ്ണം ഉണ്ടാക്കാനായിട്ട് ആര്‍ക്കും ഒന്നും കൊടുക്കാതെ കൂട്ടിവെക്കണം എന്ന്, അല്ലയോ? നീ പറയുന്നതിന്റെ പേര് സ്വാര്‍ത്ഥത. നിനക്ക് സഹോദരങ്ങള്‍ ഇല്ലാത്തതുകൊണ്ട്, ഒന്നും ഒരുത്തര്‍ക്കും കൊടുക്കാതെ വളര്‍ന്നതുകൊണ്ട്, അങ്ങനെ തോന്നുന്നു.'

'കല്യാണം കഴിഞ്ഞ പെങ്ങന്മാര്‍ക്ക് ചെലവിനു കൊടുക്കണ്ടത് ആങ്ങളമാരുടെ ചുമതലയാണോ?' അമ്മ ചോദിക്കും.

'പെങ്ങന്മാര് എന്നു പറയണ്ട. മറ്റേ രണ്ടുപേരും നല്ല നെലേല്‍ ആയി. അതുപോലെ ഇച്ചേച്ചിയുടെ കഷ്ടപ്പാടും മാറും ഒരു ദിവസം.'

വല്യപ്പച്ചിയുടെ കഷ്ടപ്പാടിന്റെ പ്രധാന കാരണക്കാരന്‍ സ്വന്തം ഭര്‍ത്താവുതന്നെ ആയിരുന്നു. പേരപ്പന് ദേഹണ്ഡപ്പണിയാണ് എന്നാണ് വെയ്പ്. പക്ഷേ, അതൊരു തൊഴില്‍ എന്നതിനെക്കാള്‍ ഊരുചുറ്റി നടക്കാന്‍ പറയുന്ന കാരണം മാത്രമായിരുന്നു. മൂന്നു മക്കള്‍ ഉണ്ടെന്ന വിചാരമില്ലാതെ, കിട്ടുന്നതെല്ലാം കൂട്ടുകൂടി ചെലവാക്കും. കാശ് തീരുമ്പോള്‍ വീട്ടില്‍ വരും, അവിടെ വില്‍ക്കാനോ പണയം വെയ്ക്കാനോ എന്തെങ്കിലും ഉണ്ടോ എന്നു തപ്പാന്‍. കുടുംബത്ത് ഉണ്ടായിരുന്ന വിളക്കുകളും പാത്രങ്ങളും വല്യപ്പച്ചിയുടെ സ്വര്‍ണ്ണവും ഉള്‍പ്പെടെ എല്ലാം വിറ്റുതുലച്ചത് 'ആ കഴുവേറി' ആണെന്ന് അച്ഛന്‍ പറയും. അവരുടെ പെണ്‍മക്കളുടെ കല്യാണച്ചെലവിനുള്ള പണം കണ്ടെത്തിയതുപോലും അച്ഛനാണ്.

'നല്ല കാലത്ത് കരുതിവെച്ചാലേ കഷ്ടകാലത്ത് രക്ഷയുള്ളൂ' അമ്മ പറയും. 'നമുക്കൊരു അത്യാവശ്യം വന്നാല്‍ ആരും സഹായിക്കാന്‍ കാണുകേല.'

'നിന്റെ വീട്ടില്‍ കണ്ടിട്ടുള്ളത് നീ പറയുന്നു. ഞങ്ങളുടെയൊക്കെ കുടുംബം നല്ല കാലത്തും കഷ്ടകാലത്തും പരസ്പരം സഹായിച്ചുതന്നെയാ ജീവിച്ചിട്ടുള്ളത്.'

രണ്ട് കുടുംബപാരമ്പര്യങ്ങളുടെ താരതമ്യമായി പിന്നെ. അച്ഛന്റെ അച്ഛന്‍ ഒരു കൈമളായിരുന്നു. നാല് മക്കളെ ഉണ്ടാക്കിയിട്ടതല്ലാതെ അവര്‍ക്കുവേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. അച്ഛന്റെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെല്ലാം ചെലവിനുകൊടുത്തത് കുടുംബകാരണവരായ അമ്മാവനാണ്.
എന്നാല്‍, അമ്മയുടെ കുടുംബം അങ്ങനെയല്ലായിരുന്നു. അമ്മയുടെ അച്ഛന്‍ പഠിച്ച് സര്‍ക്കാരുദ്യോഗം നേടി. കുടുംബത്തില്‍നിന്ന് ഓഹരി വാങ്ങിച്ച് ഭാര്യയും മകളുമായി മാറിത്താമസിച്ചു. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഒരു അണുകുടുംബം.

'കുടുംബത്തില്‍ മൂത്തയാള് എന്നുള്ള നെലേല് ബാക്കിയുള്ളവരെക്കൂടി കരകയറ്റേണ്ടത് നിന്റെ അച്ഛന്റെ ഉത്തരവാദിത്വമായിരുന്നു' അച്ഛന്‍ പറയും. 'അതിനുപകരം അങ്ങേര് സ്വന്തം കാര്യം നോക്കി പോയി.'

'ഓ പിന്നേ' അമ്മ വാദിക്കും. 'അച്ഛന്റെ ഉത്തരവാദിത്തം ഭാര്യയോടും സ്വന്തം രക്തത്തില്‍ ജനിച്ച മോളോടും ആയിരുന്നു. അത് അച്ഛന്‍ ഭംഗിയായിട്ടുതന്നെ ഏറ്റെടുത്തു നടത്തി.'

'എന്തോ രക്തം?' അച്ഛന്‍ പുച്ഛിച്ചുതള്ളും. 'ഭാര്യയും മക്കളുമൊക്കെ നമ്മുടെ രക്തമായിട്ട് എത്ര കൊല്ലമായി? നേരെ മറിച്ച്, കേരളക്കര കടലീന്ന് പൊങ്ങിവന്ന കാലംമുതല്‍ ഉള്ള മുറയാ മരുമക്കത്തായം. രക്തബന്ധംന്ന് പറഞ്ഞാല്‍ മരുമക്കളോടാ, മക്കളോടല്ല. അറിയാവുന്നവരോട് ചോദിച്ചു നോക്ക് നീയ്.'

'കാലം മാറി.'

'ഇല്ലെടീ, മാറീട്ടില്ല. ഒരു നിയമം കൊണ്ടുവന്നാലൊന്നും രക്തബന്ധത്തിനെ മായ്ചുകളയാന്‍ ഒക്കത്തില്ല. വെള്ളത്തില്‍ വെട്ടിയാല്‍ വേര്‍തിരിയുമോ?'

അവരുടെ വാദപ്രതിവാദം മൂത്ത്, ഞങ്ങളുടെ ചെറിയ വാടകവീടിനകത്തെ ചൂടും വേവും കണ്ടമാനം കൂടുന്നത് എനിക്കു വെപ്രാളമാണ്. അവരെ തണുപ്പിക്കാന്‍വേണ്ടി ഞാന്‍ ഇടപെട്ട് വിഷയം മാറ്റാന്‍ നോക്കും. തര്‍ക്കം ചൂടുപിടിക്കുന്നു എന്നു തോന്നിയാല്‍, റെഫറിയുടെ വേഷം ധരിച്ച്, അച്ഛന്‍ ജയിച്ചതായിട്ടും അമ്മ തോറ്റതായിട്ടും പ്രഖ്യാപിച്ച്, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കും. അച്ഛന്‍ കേള്‍ക്കാതെ അമ്മയെ സമാധാനിപ്പിക്കും. രണ്ടുപേരും എന്നെ ഗൗനിക്കില്ല. 'നീ പോടാ' എന്ന് ആട്ടും.

'ഞാന്‍ ജോലിചെയ്ത് കൊണ്ടുവരുന്നത് എന്റിഷ്ടത്തിനു ചെലവാക്കും!' അച്ഛന്റെ ഈ പ്രഖ്യാപനത്തിലായിരിക്കും മിക്കവാറും എല്ലായ്‌പോഴും തര്‍ക്കം അവസാനിക്കുന്നത്. ചിലപ്പോള്‍ അമ്മയുടെ കണ്ണുനീരും ഉണ്ടാകും.

അച്ഛന്റേയും അമ്മയുടേയും വായില്‍നിന്നുവീണ കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടി. മരിച്ചുകഴിഞ്ഞാല്‍ അനന്തരകര്‍മ്മം ചെയ്യുന്നവനാണ് അനന്തരവന്‍ എന്ന് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. 'ചിതയിലേക്ക് എടുക്കുമ്പോള്‍ എന്റെ തലയ്ക്ക് പിടിക്കേണ്ടത് ബാബുവാണ്' എന്നാണ് അച്ഛന്‍ പറയുന്നത്. എനിക്ക് കാലിലേ പിടിക്കാന്‍ പറ്റൂ.

'എന്റെ ജോലി' എന്നു നെഞ്ചുവിരിച്ച് അച്ഛന്‍ പറഞ്ഞിരുന്ന കറവപ്പശുവാണ് ഞങ്ങളുടേയും വല്യപ്പച്ചിയുടേയും വീടുകളെ പുലര്‍ത്തിയത്. പതിനെട്ടാമത്തെ വയസ്സില്‍ നാടുവിട്ട് മറുനാട്ടിലെത്തി അച്ഛന്‍ സ്വന്തമാക്കിയ ആ കാമധേനു പെട്ടെന്നൊരു ദിവസം ചത്തുവീണു. അച്ഛന്റെ കമ്പനിയുടമസ്ഥന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലികൊടുത്ത കേസില്‍ അറസ്റ്റിലായി. കമ്പനി പൂട്ടി.

'പൊലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാല്‍ കമ്പനി തുറക്കും' എന്നു പറഞ്ഞ് അച്ഛന്‍ കുറെക്കാലം വീട്ടിലിരുന്നു. കമ്പനി തുറന്നില്ല. ഒടുക്കം, കൂടെ ജോലി ചെയ്തിരുന്ന പലരേയുംപോലെ അച്ഛനും വേറെ ജോലിക്കു ശ്രമിക്കാന്‍ തുടങ്ങി. എന്നാല്‍, അച്ഛന്റെ ശ്രമത്തിന് 'ഊര്‍ജ്ജിതം പോരായിരുന്നു' എന്നാണ് അമ്മ പറയുന്നത്. നാട്ടിലേക്ക് തിരിച്ചുപോരുക എന്നതായിരുന്നത്രെ ആദ്യം മുതലേ അച്ഛന്റെ മനസ്സില്‍.

അമ്മയുടെ പ്രതിഷേധം ഫലിച്ചില്ല. ഞങ്ങള്‍ മൂന്നുപേരും മൂന്ന് ഇരുമ്പുപെട്ടികളും ഒരു ഏപ്രില്‍ മാസത്തില്‍ തിരുവല്ലാ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങി; സാധാരണ വേനലവധിക്കു വരുന്ന സമയത്തുതന്നെ.

സാധാരണ ഒരു അവധിക്കാലം പോലെതന്നെയാണ് ആദ്യമൊക്കെ തോന്നിയതും. ബാബുവിന്റെ കൂടെ അമ്പലപ്പറമ്പില്‍ കിളിത്തട്ട് കളിച്ചു; തോട്ടിലിറങ്ങി ഊത്തപിടിച്ചു; സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു. എന്നാല്‍, മെയ് മാസം പകുതി കഴിഞ്ഞ്, ഞങ്ങള്‍ തിരിച്ചുപോകാറുള്ള സമയമായതോടെ, ഇരുട്ടിലൂടെ ആടിയുലഞ്ഞ് കുളമ്പടിച്ചുപായുന്ന ഒരു തീവണ്ടിയായി മാറി എന്റെ ഉറക്കം.

ആകാശത്തെപ്പോലെതന്നെ വല്യപ്പച്ചിയുടെ മുഖവും ഇരുണ്ടുതുടങ്ങിയത് അക്കാലത്താണ്. കറികള്‍ക്ക് വൈവിധ്യവും രുചിയും കുറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. കളികളില്‍ തണ്ടിതിരിയുന്ന സമയത്ത് ബാബു എപ്പോഴും എന്റെ എതിര്‍ടീമില്‍ ചേരുകയും ദാക്ഷിണ്യമില്ലാതെ മത്സരിക്കുകയും ചെയ്തു. അച്ഛന്‍ ജോലി അന്വേഷിച്ച് പല ദിക്കിലും നടന്നു. അച്ഛനില്ലാത്തപ്പോള്‍ അമ്മയും വല്യപ്പച്ചിയും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.

ഒടുക്കം, അച്ഛന്‍ ഇടപെട്ടു. എന്നെയും അമ്മയേയും ചെട്ടികുളങ്ങരയില്‍ അമ്മയുടെ വീട്ടിലേക്ക് മാറ്റി. എന്നെ അവിടുത്തെ സ്‌കൂളില്‍ ചേര്‍ത്തു. അച്ഛനും ഞങ്ങളുടെ കൂടെ താമസിക്കണം എന്ന അമ്മയുടെ ആവശ്യം തള്ളിക്കളഞ്ഞു. 'അച്ചിവീട്ടില്‍ച്ചെന്ന് കെടക്കണ്ട ഗതികേട് എന്റെ കുടുംബത്ത് ഒരുത്തനും ഉണ്ടായിട്ടില്ല' എന്നു പറഞ്ഞ് പൊയ്ക്കളഞ്ഞു.

മരുമക്കത്തായത്തിന്റെ അലംഘനീയമായ നിയമങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്മേല്‍ പിടിമുറുക്കുന്നതു കണ്ട് പകച്ച് ഞാന്‍ ഇരുന്നു. മുറപ്രകാരം ചിന്തിച്ചാല്‍, അമ്മയുടെ അച്ഛനമ്മമാരാണ് എന്റെ അടുത്ത ബന്ധുക്കള്‍. ഭക്ഷണത്തെക്കാള്‍ കൂടുതല്‍ മരുന്നു കഴിക്കുന്ന, സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ നാമം ജപിക്കുന്ന, സന്തോഷങ്ങളെക്കാള്‍ കൂടുതല്‍ പരാതികളുള്ള രണ്ട് വൃദ്ധരില്‍ സ്വയം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു.

അച്ഛനു സ്ഥിരമായ ജോലി കിട്ടിയില്ല. പലപ്പോഴായി കിട്ടിയ ജോലികള്‍ക്ക് ശമ്പളവും കുറവായിരുന്നു. മാസംതോറും അച്ഛന്‍ ഞങ്ങളെ കാണാന്‍ വരും. കയ്യിലുള്ള പണം അമ്മയ്ക്ക് കൊടുക്കും. രാവിലെതന്നെ സ്ഥലംവിടും.

പഴയ ഓര്‍മ്മയ്ക്ക് ഞാന്‍ അച്ഛന്റെ വീട്ടില്‍ പോകാന്‍ ആഗ്രഹിച്ചെങ്കിലും വല്ലപ്പോഴും അവിടെച്ചെന്നപ്പോള്‍ കണ്ടത് പഴയ വീടല്ലായിരുന്നു. പേരപ്പന്‍ കുടുംബനാഥനായി വിലസുന്നു. അച്ഛന്‍ മൂലയ്ക്ക് ഒരു മുറിയില്‍ ഒതുങ്ങിക്കൂടി കഴിയുന്നു. ബാബുവാണെങ്കില്‍ തെറിച്ച കുറേ പിള്ളേരുമായി കൂട്ടുകൂടി എന്നെ കണ്ട ഭാവം നടിക്കാതെ നടക്കുകയും.

മൂന്നുകൊല്ലം ഞാന്‍ അമ്മവീട്ടില്‍ താമസിച്ച് പഠിച്ചു. അവസാനം, അപ്പൂപ്പനും അമ്മൂമ്മയും മരിച്ചുകഴിഞ്ഞ്, എന്റെ പത്താംക്ലാസ് കഴിഞ്ഞ സമയത്താണ് ചെട്ടികുളങ്ങരയിലെ വീടുവിറ്റ് ഞങ്ങള്‍ അച്ഛന്റെ വീട്ടിലേക്ക് തിരികെ വന്നത്.

അച്ഛന്‍ ഒരു സ്‌റ്റേഷനറിക്കട തുടങ്ങി. ഞാന്‍ പമ്പാ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. പഴയതുപോലെ കൂട്ടുകുടുംബമായി ജീവിക്കുക എന്ന പരിപാടി നടപ്പില്ല എന്ന് അച്ഛന് അപ്പോഴേക്കും മനസ്സിലായിരുന്നു. ഒരേ വീടിന്റെ രണ്ടു ഭാഗത്തായി രണ്ട് അടുക്കള ഉണ്ടായി.

'പഠിച്ച് സര്‍ക്കാര്‍ ജോലി മേടിക്കണം' അച്ഛന്‍ എപ്പോഴും പറയും. 'നിനക്ക് നിന്റെ അമ്മവീട്ടിലെ സ്വഭാവമാ. പഠിക്കാന്‍ മാത്രമേ സാമര്‍ത്ഥ്യം ഉള്ളൂ. മേലനങ്ങീം വെയിലുകൊണ്ടും ഉള്ള പണിക്കൊന്നും നിങ്ങളെ കൊള്ളത്തില്ല.'

ഞാന്‍ കഴിവിന്റെ പരമാവധി നന്നായി പഠിച്ചു. ബാബുവും അതേ കോളേജില്‍ത്തന്നെ ഉണ്ടായിരുന്നു. ഒരേ കടത്തുവള്ളത്തിലും ബസ്സിലും സഞ്ചരിച്ചപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നില്ല. ബന്ധുവീടുകളില്‍ വെച്ചോ മറ്റോ തമ്മില്‍ കാണേണ്ടിവന്നാലും അവന്‍ ഒന്നുകില്‍ എന്നെ കണ്ടതായി നടിക്കില്ല; അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് കളിയാക്കി സംസാരിക്കും. അതോടെ ഞാന്‍ അവനെ തീര്‍ത്തും ഒഴിവാക്കാന്‍ തുടങ്ങി. 

ഞാന്‍ പുതിയപുള്ളി ആയതുകൊണ്ട് ഒറ്റയായിരുന്നു. ബാബുവിനാണെങ്കില്‍ നാട്ടിലും കോളേജിലും കൂട്ടുകാരുടെ വന്‍സംഘങ്ങളുണ്ടായിരുന്നു. കലാപരിപാടിക്ക് കൂവുകയും ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്കു പോവുകയും ചെയ്യുന്ന സംഘങ്ങള്‍.

പ്രീഡിഗ്രിക്ക് ഹിന്ദിക്ക് തൊണ്ണൂറ്റഞ്ച് ശതമാനം മാര്‍ക്ക് കിട്ടി എനിക്ക്. ഞാന്‍ ബി.എ. ഹിന്ദിക്കു ചേര്‍ന്നപ്പോള്‍ ബാബു പ്രീഡിഗ്രി തോറ്റ് ഐ.റ്റി.ഐയ്ക്ക് പോയി. അക്കാലത്തുതന്നെ പേരപ്പനും അവനും ചേര്‍ന്നു വീട്ടില്‍ കാറ്ററിങ്ങ് തുടങ്ങി. നല്ല ബിസിനസ്സായിരുന്നു. ഞാന്‍ ബസ്സില്‍ ഇടിച്ചുതള്ളി കോളേജില്‍ പോകുമ്പോള്‍ ബാബു ബൈക്കിലാണ് നടന്നത്. കാറ്ററിങ്ങിന്റെ ബാക്കിവരുന്ന ഭക്ഷണം കഴിച്ച് അവരെല്ലാം വെളുത്തുകൊഴുത്തു. ആദ്യമൊക്കെ ഭക്ഷണത്തിന്റെ ഓഹരികള്‍ ഞങ്ങളുടെ വീട്ടിലും എത്തിയിരുന്നു.
ദേഹണ്ഡത്തിനുവേണ്ടി മുറ്റത്ത് കെട്ടിയ ഷെഡ്ഡ് വലുതായിവരുന്നതിനെപ്പറ്റി അച്ഛന്‍ എന്തോ പറഞ്ഞതോടെയാണ് ബന്ധം പിന്നെയും വഷളായത്. അവര്‍ക്ക് അക്കാലത്ത് നല്ല സാമ്പത്തികസ്ഥിതിയായിരുന്നു, എന്നിട്ടും കുടുംബസ്വത്ത് ഭാഗംവെയ്ക്കണം എന്ന ആവശ്യം ഉണ്ടായി. വല്യപ്പച്ചിയെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ കഴിഞ്ഞിരുന്ന മറ്റേ രണ്ട് അപ്പച്ചിമാരേയും കൂടി അവര്‍ പറഞ്ഞ് ഇളക്കി. കുടുംബസ്വത്ത് അച്ഛന്‍ തന്നിഷ്ടപ്രകാരം ധൂര്‍ത്തടിച്ച് കളഞ്ഞിട്ടുണ്ട് എന്ന് ഒരു സംസാരം ഉണ്ടായിവന്നു. വാസ്തവത്തില്‍, അമ്മൂമ്മ ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്‍ പറമ്പുകള്‍ വിറ്റിട്ടുള്ളത് മൂന്ന് സഹോദരിമാരുടെ കല്യാണങ്ങള്‍ക്കും പ്രസവങ്ങള്‍ക്കും പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്. അന്ന് അതിന്റെയൊക്കെ കണക്കുകള്‍ അളിയന്മാരെ ബോധിപ്പിച്ചിട്ടും ഉള്ളതാണ്. എന്നിട്ടും അതിലെല്ലാം ദുരൂഹതയുണ്ട് എന്നായി ഇപ്പോള്‍.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഭാഗം നടന്നു. റെജിസ്‌ട്രേഷനു വന്ന സമയത്തുപോലും കൊച്ചപ്പച്ചിമാര്‍ താമസിച്ചത് വല്യപ്പച്ചിയുടെ കൂടെയാണ്. പേരപ്പന്റെ നശീകരണത്തില്‍നിന്നു രക്ഷപ്പെട്ട് ഞങ്ങളുടെ അടുക്കളയില്‍ എത്തിയ ഒരു ഓട്ടുമൊന്തയുടേയും പറിഞ്ഞ ചെമ്പുകലത്തിന്റേയും പേരില്‍പ്പോലും അന്നു വലിയ തര്‍ക്കം ഉണ്ടായി. സ്വന്തം പൈസ മുടക്കി അച്ഛന്‍ കല്യാണം കഴിപ്പിച്ചുവിട്ട വല്യപ്പച്ചിയുടെ പെണ്‍മക്കള്‍പോലും നാടുമുഴുവന്‍ കേള്‍ക്കെ വായിട്ടലയ്ക്കാന്‍ വന്നു.

ഞങ്ങള്‍ക്കും വല്യപ്പച്ചിക്കും വീടില്ല എന്നുള്ളതുകൊണ്ട് വീട് രണ്ടായിട്ട് പകുത്തു. പറമ്പു മുഴുവന്‍ മറ്റുള്ളവര്‍ക്കായി വീതംവെച്ച് കൊടുക്കേണ്ടിവന്നു. അച്ഛന്റെ ശാഖയ്ക്ക് അംഗസംഖ്യ കുറവായതുകൊണ്ട് ഞങ്ങള്‍ക്ക് രണ്ടു മുറിയും അടുക്കളയായി ഉപയോഗിക്കുന്ന ചായ്പും മാത്രം കിട്ടി. രണ്ടുവശത്തും മുള്ളുവേലി കെട്ടിത്തിരിച്ച ചെറിയൊരു മുറ്റവും.

കൊച്ചപ്പച്ചിമാരുടെ പറമ്പുകള്‍ രണ്ടും ഒന്നിച്ച് കച്ചവടമായി. കുവൈറ്റില്‍ നേഴ്‌സായ മറിയാമ്മയാണ് വാങ്ങിച്ചത്. വലിയൊരു മതിലുകെട്ടി, അതിനകത്ത് മറിയാമ്മയുടേയും തങ്കച്ചന്റേയും കൊട്ടാരം പണിതുടങ്ങി.
വല്യപ്പച്ചിയുടെ വേലിയും പൊളിച്ച് മതിലുകെട്ടി. അച്ഛനില്ലാത്ത സമയംനോക്കിയാണ് മതിലിന്റെ പണിക്ക് ആളെ കൊണ്ടുവന്നത്. ഒരിഞ്ചെങ്കില്‍ ഒരിഞ്ചു സ്ഥലം തുരന്നെടുക്കാന്‍ വേണ്ടി പഴയ വേലിയുടെ ഇപ്പുറത്തുവെച്ച് മതിലിനു കുഴിച്ചു. ഞാനും അമ്മയും ചോദിക്കാന്‍ ചെന്നപ്പോള്‍ തര്‍ക്കമായി. ബാബുവും പേരപ്പനും കൂടി ഒച്ചവെച്ചു പേടിപ്പിച്ച് ഞങ്ങളെ തോല്‍പ്പിക്കും എന്നുള്ള അവസ്ഥ വന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു കടയില്‍പ്പോയി അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍.

'എന്തോന്നാടാ ഇവിടെ?' എന്നു ചോദിച്ച് അച്ഛന്‍ കയറിവന്നപ്പോള്‍ അത്രയും നേരം വലിയ ശൗര്യത്തില്‍ നിന്നിരുന്ന ബാബു ഒന്നും അറിയാത്തതുപോലെ ബൈക്കും എടുത്ത് സ്ഥലംവിട്ടുകളഞ്ഞു. ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല അവന്റെ ആ ഭാവമാറ്റം.

അവന്‍ പോയപ്പോള്‍ പേരപ്പനെ പുറകിലോട്ട് മാറ്റിയിട്ട് വല്യപ്പച്ചി ഇറങ്ങിവന്നു. പിന്നെ ആങ്ങളയും പെങ്ങളും തമ്മില്‍ നേരിട്ടായി യുദ്ധം. ഒടുക്കം വലിയവായില്‍ കരഞ്ഞ്, 'ഗുണം പിടിക്കത്തില്ലെടാ' എന്നു തലയില്‍ കൈവെച്ച് പ്രാകിയാണ് വല്യപ്പച്ചി ശരിക്കുള്ള അതിരിനുതന്നെ മതിലുകെട്ടാന്‍ സമ്മതിച്ചത്.

നീണ്ട തിണ്ണയുടെ പകുതിയില്‍ തുടങ്ങി, മുറ്റത്തിന്റെ നടുക്കുകൂടി പൊങ്ങിവന്ന മതില്‍ വികൃതമായ കാഴ്ചയായിരുന്നു. അത് കാണാതിരിക്കാന്‍വേണ്ടി അച്ഛന്‍ തിണ്ണയിലിരുന്നുള്ള പത്രംവായനതന്നെ അവസാനിപ്പിച്ചു. വീട്ടില്‍ വന്നാല്‍ ടീവിയും വെച്ച് അകത്തുതന്നെ ഒതുങ്ങിക്കൂടി.

പാചകപ്പുര പണ്ടത്തേതിലും വലുതായി. ആസ്‌ബെസ്‌റ്റോസ് ഷീറ്റുകള്‍ മതിലിനുമുകളിലൂടെ നീണ്ടുവന്നു. ദേഹണ്ഡമുള്ള രാത്രികളില്‍ അപ്പുറത്തെ കോലാഹലം ഞങ്ങളുടെ വീട്ടിനകത്തും മുഴങ്ങി.

'ഈ നശിച്ച വീടുവിട്ട്' വേറെ എവിടെയെങ്കിലും പോയി സ്വൈര്യമായി ജീവിച്ചാല്‍ മതിയായിരുന്നു എന്ന് അമ്മ പലപ്പോഴും പറഞ്ഞു. പൈസ ഉണ്ടായിരുന്നെങ്കില്‍പ്പോലും എങ്ങും പോകാന്‍ അച്ഛന്‍ സമ്മതിക്കുകയില്ല. ഒരു വളര്‍ത്തുമൃഗമായിട്ടെങ്കിലും സ്വന്തം കുടുംബത്തുതന്നെ കഴിഞ്ഞുകൂടണം എന്നു പണ്ട് പറഞ്ഞിട്ടുണ്ടത്രെ.

ഹിന്ദി എം.എയ്ക്ക് എനിക്ക് സെക്കന്‍ഡ് റാങ്കുണ്ടായിരുന്നു. എന്നാല്‍, പണമോ സ്വാധീനമോ ഇല്ലാത്തതുകൊണ്ട് കോളേജില്‍ ജോലി കിട്ടില്ല എന്നു വൈകാതെ വ്യക്തമായി. എന്തെങ്കിലും ജോലി കിട്ടിയാല്‍ മതി എന്നു കരുതി പി.എസ്.സി ടെസ്റ്റ് എഴുതാന്‍ തുടങ്ങി. അപ്പോഴേക്കും ബാബു ഐ.റ്റി.ഐ കഴിഞ്ഞ് മാന്നാത്ത് ഒരു സര്‍ക്കാര്‍ കമ്പനിയില്‍ ട്രെയിനിയായി കയറിപ്പറ്റിയിരുന്നു. എം.എല്‍.എ ശുപാര്‍ശ ചെയ്തു എന്നാണ് കേട്ടത്.

ട്രെയിനിയായിട്ട് കയറിയ അവന്‍ ക്രമേണ സ്ഥിരമായി. കുറേ ടെസ്റ്റ് എഴുതി ഒടുക്കം എനിക്കും കിട്ടി ജോലി, പ്ലസ് ടൂവില്‍ അദ്ധ്യാപകനായിട്ട്. അച്ഛന്റെ ആഗ്രഹംപോലെതന്നെ സര്‍ക്കാര്‍ ഉദ്യോഗം. വീട്ടില്‍നിന്നു പോയിവരാവുന്ന ദൂരത്ത്.

എന്റേയും ബാബുവിന്റേയും കല്യാണം രണ്ടുമാസത്തിന്റെ വ്യത്യാസത്തിലാണ് നടന്നത്. അവന്റേത് ആദ്യവും എന്റേത് രണ്ടാമതും. അച്ഛനെ കാരണവസ്ഥാനത്ത് ഇരുത്തിയാണ് അവന്റെ നിശ്ചയം മുതല്‍ എല്ലാം നടത്തിയത്. കഴിഞ്ഞതെല്ലാം മറന്നതുപോലെ അച്ഛനും പെരുമാറാന്‍ തുടങ്ങി. ആ വീട്ടില്‍ ചെന്നിരുന്നു സംസാരിക്കും, കല്യാണക്കാര്യങ്ങളില്‍ അഭിപ്രായം പറയും. മതിമറക്കണ്ട എന്ന് അമ്മ പറഞ്ഞു. ഇപ്പോള്‍ വണങ്ങുന്ന കൈകള്‍ ഇനി എപ്പോഴാണ് തല്ലാന്‍ ഓങ്ങുന്നതെന്നു പറയാന്‍ ഒക്കില്ല.

ആ ഡിസംബറില്‍ അച്ഛന്‍ കടയില്‍വെച്ച് കുഴഞ്ഞുവീണു. സ്‌ട്രോക്കായിരുന്നു.

ആശുപത്രിയില്‍ കിടക്കുന്ന സമയത്തുതന്നെ പരസ്പരബന്ധമില്ലാതെ ഓരോന്ന് പറഞ്ഞിരുന്നെങ്കിലും ഓര്‍മ്മക്കേട് എത്ര ഭയങ്കരമാണെന്നു മനസ്സിലായത് വീട്ടിലെത്തിയപ്പോഴാണ്. എന്റെ ഭാര്യ അശ്വതിയോട് കായംകുളത്തെ എന്തൊക്കെയോ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഇത് പലതവണ ആയപ്പോള്‍, അച്ഛന്‍ പറയുന്ന മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചപ്പോഴാണ് എനിക്കു കാര്യം പിടികിട്ടിയത്. അശ്വതിയെ കണ്ടിട്ട് ബാബുവിന്റെ ഭാര്യ വീണ ആണെന്നാണ് അച്ഛന്‍ കരുതിയിരിക്കുന്നത്, ഞാന്‍ ബാബു ആണെന്നും. വീണയുടെ വീട് കായംകുളത്തിനടുത്ത് ആയതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. വയ്യാതായപ്പോള്‍ തനിക്ക് സഹായത്തിനുള്ളത് അനന്തരവനും ഭാര്യയുമാണ് എന്നായിരുന്നു അച്ഛന്റെ വിചാരം.
രണ്ടുകൊല്ലം ചികിത്സിച്ചു ചികിത്സിച്ച്, എഴുന്നേറ്റിരുന്ന് കഞ്ഞികുടിക്കാറായ കാലത്ത് അച്ഛന് ഒരു സ്‌ട്രോക്കുകൂടി വന്നു. പിന്നെ എഴുന്നേറ്റില്ല. മൂന്നരക്കൊല്ലംകൂടി കിടന്നു. ജീവിതകാലം മുഴുവന്‍ ഓടിനടക്കുന്നത് മാത്രം കണ്ടിട്ടുള്ള, വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അച്ഛന്‍ ആ അഞ്ചരക്കൊല്ലം ഒന്നും ചെയ്യാതെ വിശ്രമിച്ചു.

അച്ഛനെ നോക്കി അമ്മയുടേയും അശ്വതിയുടേയും നടുവൊടിഞ്ഞു. അപ്പോഴും അച്ഛന്‍ വിചാരിച്ചിരുന്നത് ബാബുവും കുടുംബവുമാണ് ശുശ്രൂഷിക്കുന്നത് എന്നാണ്.

'ഒരു മോന്‍ ഉണ്ടായിരുന്നത് എന്തിയേ?' അമ്മ അച്ഛനോട് ചോദിച്ചിട്ടുണ്ട്.

ഞാന്‍ മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ചോദ്യം.

'ഭാര്യ വീട്ടിലാ,' അച്ഛന്റെ മറുപടി എന്നും ഒന്നുതന്നെ ആയിരുന്നു. 'അവര് വിടത്തില്ല.'

വല്യപ്പച്ചിയുടെ വീടുമായിട്ട് ലോഹ്യം കൂടിയും കുറഞ്ഞും ഇരുന്നു. അപ്പച്ചിമാത്രം ഇടയ്ക്ക് അച്ഛനെ കാണാന്‍ വരും. മൂക്കത്ത് വിരല്‍വെച്ച് നില്‍ക്കും, ചിലപ്പോള്‍ കണ്ണുനീരൊഴുക്കും.

അച്ഛന്‍ കുറച്ചുകാലം കണ്ണുതുറക്കാതെയുള്ള കിടപ്പായിരുന്നു. വിശപ്പോ ദാഹമോ ഉണ്ടെങ്കില്‍ പറയും. ചിലപ്പോള്‍ അതും ഇല്ല. ആഹാരവും മരുന്നും കൊണ്ടുചെല്ലുമ്പോള്‍ അനങ്ങുകില്ല. അശ്വതിയും അമ്മയും തോറ്റാല്‍ എന്നെ വിളിക്കും. ഞാന്‍ ചെന്നിരുന്നു മയത്തില്‍ കുറേ പറഞ്ഞു കഴിയുമ്പോള്‍ ചിലപ്പോള്‍ കഴിക്കും.

ഞാന്‍ ഇല്ലാത്തപ്പോഴാണെങ്കില്‍ അമ്മ അശ്വതിയോട് പറയും, അപ്പുറത്ത് ബാബു ഉണ്ടോ എന്നു നോക്കാന്‍. മതിലിനടുത്തു ചെന്നു വിളിച്ചാല്‍ അവന്‍ വേഗം വരും. അച്ഛന്റെയടുത്ത് ചെന്നിരുന്ന് വിളിക്കും:

'മാമാ... മാമാ...'

'ഉം?' ദിവസങ്ങളായിട്ട് മിണ്ടാട്ടമില്ലാത്തയാള്‍ വിളി കേള്‍ക്കും.

'വാ പൊളി മാമാ.'

സ്വിച്ചിട്ട യന്ത്രംകണക്ക് അച്ഛന്റെ വായ തുറന്നുവരും.

അതിനിടയ്ക്ക് ഞാന്‍ മെയിന്‍ റോഡിനടുത്ത് സ്ഥലം വാങ്ങിച്ച് വീടുപണി തുടങ്ങി. പുതിയ വീട്ടില്‍ ഒരു ദിവസമെങ്കിലും അച്ഛനെ കയറ്റണമെന്ന് എനിക്ക് ആശയുണ്ടായിരുന്നു. പക്ഷേ, ജനിച്ചവീട്ടില്‍ കിടന്നു മരിക്കണമെന്നായിരുന്നു പണ്ടേ അച്ഛന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം തന്നെ നടന്നു.

അച്ഛന്‍ മരിച്ച രാത്രി ഏറ്റവും ഉറക്കെ കരഞ്ഞത് വല്യപ്പച്ചിയാണ്. പിറ്റേ ദിവസം ചിതകൂട്ടിയത് മതിലിനടുത്തായി എന്നുപറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതും അതേ വല്യപ്പച്ചിയും ബാബുവും കൂടിയാണ്. വാര്‍ഡ് മെംബറും കരയോഗക്കാരും ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്.

ആ രസക്കേട് കാരണം ബാബു കര്‍മ്മം ചെയ്യാന്‍ കൂടിയില്ല. 'മരിച്ചാല്‍ തലയ്ക്കുപിടിക്കേണ്ടവന്‍' എന്നും 'അനന്തരകര്‍മ്മം ചെയ്യുന്നവന്‍ അനന്തരവന്‍' എന്നും അച്ഛന്‍ ജീവിതകാലം മുഴുവന്‍ പറഞ്ഞത് വെറുതെയായി.

പുതിയ വീട്ടില്‍ താമസമാക്കിയപ്പോള്‍ ജയിലില്‍നിന്ന് ഇറങ്ങിയതുപോലുള്ള സ്വാതന്ത്ര്യം തോന്നി. വല്യപ്പച്ചിയുടെ വീട്ടുകാരുടെ മുഖം കാണണ്ട. ബെഡ്‌റൂമില്‍ കിടന്നു സംസാരിക്കുമ്പോള്‍ ഭിത്തിക്കപ്പുറത്ത് ആരെങ്കിലും ചെവിയോര്‍ക്കുന്നുണ്ടോ എന്ന വിചാരം വേണ്ട.

പഴയ വീടും സ്ഥലവും വാങ്ങിക്കാന്‍ അയല്‍പക്കത്തെ നഴ്‌സിന്റെ വീട്ടുകാര്‍ താല്പര്യം പറഞ്ഞെങ്കിലും കൊടുത്തില്ല. ഞാനും അമ്മയുംകൂടി ആകെയുള്ള ഒരു തെങ്ങിലെ തേങ്ങാ ഇടീക്കാന്‍ പോകും. ചെല്ലുമ്പോള്‍ വീടുതുറന്ന് വൃത്തിയാക്കും. മുറ്റത്തെ കാട് വെട്ടിക്കളയും.

അച്ഛന്റെ ചുടലയില്‍വെച്ച തെങ്ങ് തരക്കേടില്ലാതെ വളരുന്നുണ്ടായിരുന്നു. 'വാഴയ്ക്ക് പക്ഷേ, ഒരു പുഷ്ടിയില്ല' അമ്മ പറഞ്ഞു.

അച്ഛന്റെ ആണ്ടുബലി കഴിഞ്ഞിട്ടും ചുടലവാഴ അതേപടി മുരടിച്ചുനിന്നു. അമ്മ അതും നോക്കി വിചാരപ്പെട്ടു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ആയിടയ്ക്ക് ഞാന്‍ അച്ഛനെ സ്വപ്നം കണ്ടു. ബലിയിടാന്‍ പോയ വര്‍ക്കല കടല്‍പ്പുറമാണ് കാണുന്നത്. ഞങ്ങളെല്ലാം ഐസ്‌ക്രീം കഴിച്ച് അവിടൊക്കെ നടക്കുമ്പോള്‍ അച്ഛന്‍ ഒരു മൂലയ്ക്ക് കിടക്കുന്നു. ദാഹിക്കുന്നു എന്നുപറഞ്ഞ് ഉറക്കെ വിളിക്കുന്നു.

സ്വപ്നത്തിന്റെ കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. എന്നിട്ടും, ഒന്ന് പ്രശ്‌നം വെച്ച് നോക്കിക്കണം എന്ന് അമ്മ പറയാന്‍ തുടങ്ങി. അച്ഛന്റെ ആത്മാവിന് എന്തോ തൃപ്തികേടുണ്ടെന്ന്. തകഴിയില്‍ നല്ലൊരു ജ്യോത്സ്യനുണ്ട്, ഒരു ദിവസം പോകാം എന്നു ഞാനും സമ്മതിച്ചു.

അതിനിടയ്ക്ക് കുവൈറ്റ് മറിയാമ്മയുടെ ഭര്‍ത്താവ് തങ്കച്ചന്‍ വിളിച്ചു: 'നിങ്ങളുടെ സ്ഥലം അപ്പുറത്തെ ബന്ധുക്കാര്‍ക്ക് കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ടോ?'

'ഇല്ല' ഞാന്‍ പറഞ്ഞു. 'എന്നാ പറ്റി?' 

'ആ ബാബു മതിലിന്റെ മേളീക്കൂടെ ഹോസ് പിടിച്ച് നമ്മുടെ മുറ്റത്തോട്ട് വെള്ളം ഒഴിക്കുന്നത് കണ്ടല്ലോ.'

'ഇച്ചിര വെള്ളമാണെങ്കില്‍ കൊഴപ്പമില്ല' ഞാന്‍ പറഞ്ഞു. 'വേറെന്തെങ്കിലും കണ്ടാല്‍ ഒന്ന് അറിയിച്ചേക്കണേ.'

പിന്നെ ചെന്നു നോക്കുമ്പോള്‍ കാണുന്നത് അച്ഛന്റെ ചുടലവാഴ അങ്ങനെ തഴച്ച് വരുന്നതാണ്. അതു കണ്ടപ്പോള്‍ അമ്മയുടെ ശ്വാസം നേരെവീണു, എന്റേയും. ചുവട്ടില്‍ച്ചെന്നുനിന്നു വാഴയെ തലോടുന്നത് കണ്ടു അമ്മ. ബാബു വെള്ളമൊഴിക്കുന്നുണ്ട് എന്ന വിവരം ഞാന്‍ അമ്മയോട് പറഞ്ഞില്ല. ജ്യോത്സ്യനെ കാണാനും പോയില്ല.

രണ്ടുമാസംകൂടി കഴിഞ്ഞപ്പോള്‍ വാഴ കുലച്ചു. നല്ല മുഴുപ്പും ഭംഗിയുമുള്ള ഒന്നാംതരം പടറ്റിക്കുല. പ്രതീക്ഷിച്ചതുപോലെതന്നെ, മതിലിനപ്പുറത്ത് വല്യപ്പച്ചിയുടെ മുറ്റത്തേക്ക് ചാഞ്ഞുകിടക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com