'ധ്രുവനക്ഷത്രം'- ജ്യോതി ശങ്കര്‍ എഴുതിയ കഥ

പ്രതീക്ഷിച്ചതിലും മുഴക്കമുണ്ട്, അഞ്ഞയുടെ വീട്ടുവാതില്‍ക്കല്‍ തൂക്കിയിരുന്ന പഗോഡാ മണിക്ക്. വാതില്‍ തുറക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ നരച്ച താടിരോമങ്ങളെ നഖംകൊണ്ട് കോതിവെച്ചു
ചിത്രീകരണം: സജീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സജീന്ദ്രൻ കാറഡുക്ക

പ്രതീക്ഷിച്ചതിലും മുഴക്കമുണ്ട്, അഞ്ഞയുടെ വീട്ടുവാതില്‍ക്കല്‍ തൂക്കിയിരുന്ന പഗോഡാ മണിക്ക്. വാതില്‍ തുറക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ നരച്ച താടിരോമങ്ങളെ നഖംകൊണ്ട് കോതിവെച്ചു. വൃത്തിയായി ക്ഷൗരം ചെയ്യാത്ത മുഖം കാണുന്നതുതന്നെ അവള്‍ക്ക് കലിയാണ്.

അഞ്ജന രവികുമാര്‍ എന്ന ബോര്‍ഡില്‍ വിരലോടിച്ചു നില്‍ക്കെ, ആരാണെന്ന മട്ടില്‍ കതകിന്റെ വിടവിലൂടെ പുറത്തേക്ക് തുറിക്കുന്ന അവളുടെ കണ്ണുകള്‍ കണ്ടു. അതിന്മേലിട്ട കണ്ണടയുടെ തടിപ്പ് മുന്‍പത്തേതിനേക്കാള്‍ കൂടിയിട്ടുണ്ട്.

കഴിഞ്ഞ കര്‍ക്കിടക വാവിനാണ് ഞങ്ങള്‍ ഒടുവില്‍ കണ്ടത്. എല്ലാ കൊല്ലവും പതിവുള്ളപോലെ അച്ഛന് ഒരുമിച്ചു ശ്രാദ്ധമൂട്ടാന്‍. 

''ആ നീയോ?''

വാത്സല്യം കലര്‍ന്ന ചോദ്യത്തോടെ വാതില്‍പ്പാളികള്‍ മലര്‍ക്കെ തുറന്ന് അഞ്ഞയെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു. വീട്ടില്‍നിന്നും പോരുമ്പോള്‍ കൊണ്ടുപോന്ന പഴഞ്ചന്‍ ഘടികാരത്തിന്റ ശബ്ദം മാത്രമേ ഉള്ളില്‍ കേള്‍ക്കാനുള്ളൂ. കയറുമ്പോള്‍ത്തന്നെ കണ്ണില്‍പ്പെടുന്ന അച്ഛന്റെ ചിത്രം, ഇടതും വലതുമായി അവളുടേയും എന്റേയും അമ്മമാരും.

അകംവെളിച്ചം തട്ടി മാത്രം വളരുന്ന കുറെയേറെ ചെടികളുണ്ട് ഉള്ളില്‍. രവിയേട്ടന്റെ ഛായാചിത്രത്തിനു ചുറ്റും ചുവന്ന ഇലകളുള്ള ചെടി, ബുക് ഷെല്‍ഫിനു ചുറ്റുമുള്ള വയലറ്റ് നിറമുള്ള ചെടി.
പാതിവായിച്ച ഒരു മനഃശാസ്ത്ര പുസ്തകം ടീപ്പോയില്‍ കമിഴ്ത്തി വച്ചിരിക്കുന്നു. 

''നീ വെറുതെ വന്നതാണോ?''

എനിക്കു മുന്നിലേക്ക് ചായ നീട്ടുമ്പോള്‍ അവള്‍ ചോദിച്ചു. മറുപടി പറയാനാഞ്ഞനേരം കോപ്പയെ വട്ടംപിടിച്ച വെളുത്ത വിരലുകള്‍ കണ്ടു. ഒരിക്കലും പൊള്ളാത്ത അഞ്ഞയുടെ വിരലുകള്‍.

ചെറുപ്പത്തിലേ പിടികൂടിയ വൈധവ്യം തളര്‍ത്തിയതായി തോന്നിയിട്ടില്ല. ഉച്ചത്തിലാണ് അവള്‍ കോളേജില്‍ ക്ലാസ്സുകള്‍ ചെയ്തിരുന്നത്. സന്മാര്‍ഗ്ഗികളായ കുട്ടികളെ സൃഷ്ടിക്കുന്നതിനു വേണ്ടി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഒരു പരിശീലനക്ലാസ്സില്‍ കേട്ടിരുന്നിട്ടുണ്ട്. പറയുന്നതിലേക്ക് നമ്മെ വലിച്ചിടുന്ന മന്ത്രവാദിനി. 

മറ്റെന്തിലേക്കോ സംഭാഷണം വഴുതാനൊരുങ്ങിയപ്പോള്‍ ഞാന്‍ ഇടപെട്ടു. 

''അല്ല അഞ്ഞ. വെറുതെ വന്നതല്ല.''

അവളുടെ നിസ്സംഗതയ്ക്ക് ഒരുടവ് തട്ടി. എന്നെ സൂക്ഷ്മമായി നോക്കി പറഞ്ഞു.

''നീയാ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടു. ഒരു അദ്ധ്യാപകനല്ലേ ഡ്രസ്സിങ് ശ്രദ്ധിക്കണ്ടേ. ആള്‍ക്കാരെന്തു വിചാരിക്കും.''

തോളെല്ലുകള്‍ ഇടിഞ്ഞുതൂങ്ങിയ ശേഷമാണ് കുപ്പായങ്ങള്‍ ഇങ്ങനെ അയയാന്‍ തുടങ്ങിയത്. ശരിക്കും മണിമുഴക്കി നില്‍ക്കുമ്പോള്‍, അവളെ ശുണ്ഠി പിടിപ്പിക്കാതിരിക്കാന്‍, കുടുക്കുകള്‍ കൃത്യമായി ധരിക്കണമെന്നും കൈകള്‍ വൃത്തിയായി മടക്കിവയ്ക്കണമെന്നും കരുതിയതാണ്.

പക്ഷേ, ഓര്‍ക്കുന്നത് പ്രവൃത്തിയിലേക്കെത്താന്‍ ഈയിടെയായി തീരെ വൈകിപ്പോകുന്നു.

''ഇനി പറയൂ.''

ഉടുപ്പ് ശരിയാക്കിക്കഴിഞ്ഞപ്പോള്‍ അഞ്ഞ പറഞ്ഞു. ഞാന്‍ സംഭാഷണമാരംഭിച്ചു.

''അഞ്ഞാ നിനക്കറിയാമല്ലോ നമ്മുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് സാന്മാര്‍ഗ്ഗിക ജീവിതത്തിന്റെ പ്രാധാന്യം പഠിപ്പിച്ചുകൊടുക്കുക എന്റെ കടമയാണ്. ഒരു ക്ലബ്ബ് തന്നെയുണ്ട്. അതുകൊണ്ടുതന്നെ നാട്ടിലെ ഒട്ടുമിക്ക ആളുകള്‍ക്കും വലിയ ബഹുമാനമാണ്. ചില സാംസ്‌കാരിക സമ്മേളനങ്ങളില്‍ പ്രസംഗിക്കാനും കവിത ചൊല്ലാനുമൊക്കെ വിളിക്കാറുണ്ട്.''

''കാണുന്നുണ്ട്. കുഞ്ഞുകോളം വാര്‍ത്തകളില്‍. ഞാനത് സുഹൃത്തുക്കളേയും കാട്ടാറുണ്ട്.''

''ഉം പക്ഷേ, ഇപ്പോള്‍ വല്ലാത്ത ഒരു പ്രശ്‌നത്തില്‍പ്പെട്ടിരിക്കുകയാണ് അഞ്ഞാ.''

''സീരിയസ്ലി?''

''യെസ്.''

അവള്‍ അപ്പോള്‍ത്തന്നെ പിന്നിലേക്ക് ചാഞ്ഞ് മേശമേല്‍നിന്ന് ഒരു പേനയും കടലാസും കയ്യിലെടുത്തു.

''നിക്ക് നോട്ട് ചെയ്യട്ടെ.''

ഞാന്‍ തുടര്‍ന്നു:

''ഇപ്പോള്‍ ഈ ക്ലാസ്സുകള്‍ക്കിടയില്‍, പ്രസംഗങ്ങള്‍ക്കിടയില്‍, കവിതകള്‍ക്കിടയില്‍ പഴയതു പലതും ഓര്‍മ്മവരുന്നു. ഒരു ഇരുപതു വയസ്സിനു മുന്‍പുള്ളത്.''

''ഓ.''

അതുപറഞ്ഞു അവളൊന്ന് നിശ്വസിച്ചു. പുരികം ചെറുതായൊന്നു വളച്ചു. പിന്നെ തുടര്‍ന്നു:

''അങ്ങനെ എനിക്കറിയാത്ത ഷോക്കിങ് ആയ ഒന്നും നിന്റെ ജീവിതത്തില്‍ ഇല്ലാലോ?''

''ഇത് ഷോക്കിങ്ങല്ല. മറ്റു ചിലത്. ഓര്‍ക്കുമ്പോള്‍ത്തന്നെ ജാള്യത തോന്നുന്നത്. ഒരു ''ഛെ'' അറിയാതെ ഉള്ളില്‍നിന്നു പൊട്ടിപ്പോകുന്നത്. ആ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ സംഭാഷണം പെട്ടെന്ന് നിലയ്ക്കും. പിന്നെ വാക്കുകള്‍ കിട്ടാതെ, എങ്ങനെയെങ്കിലും ഒന്ന് നിര്‍ത്തിയാല്‍ മതിയെന്നാകും.''

അഞ്ഞ വലിയ മാറിടം കുലുക്കി ചിരിക്കുവാന്‍ തുടങ്ങി. ചിരിക്കുമ്പോള്‍ മാത്രം ആ മുഖത്തു പ്രത്യക്ഷപ്പെടുന്ന രണ്ട് എല്ലുകളുണ്ട്. കണ്ണുകള്‍ തീരെ ചെറുതാക്കിയാണ് അവ വെളിപ്പെടുക. ചിരിയവസാനിക്കാന്‍ ഞാന്‍ കാത്തിരുന്നു.

''നിന്റെ കയ്യില്‍ മാത്രമേ പരിഹാരം കാണുകയുള്ളൂവെന്നു തോന്നുന്നു. നീ ഇരുപതു വയസ്സിനടുത്തുള്ള കുട്ടികളെ പഠിപ്പിക്കുന്നതല്ലേ?''

''ശരി. പറയൂ കേള്‍ക്കട്ടെ.''

''പ്രധാനമായും മൂന്നു സംഭവങ്ങളാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരാറുള്ളത്. ഓര്‍മ്മവരുന്ന ദിവസങ്ങളില്‍ കാണുന്നതെന്തും, അതുമായി ബന്ധപ്പെട്ടതാണെന്ന് തോന്നും. സ്വപ്നങ്ങള്‍ പോലും.''

''ആദ്യത്തെ സംഭവം?'' 

അവള്‍ കടലാസും പേനയും തയ്യാറാക്കി. ഞാന്‍ മുന്നിലേക്ക് കയറിയിരുന്നു.

''ആദ്യത്തേത് ഇതാണ്: അമുദേച്ചിയെ ഓര്‍മ്മയുണ്ടോ? നിന്നെക്കാളുമൊക്കെ ഒരുപാട് മുതിര്‍ന്ന സ്ത്രീയായിരുന്നു അവര്‍. പത്താംതരത്തില്‍ പഠിക്കുമ്പോള്‍ ഞാനും പ്രവിയും അവരുടെ അടുത്ത് കണക്ക് പഠിക്കാന്‍ പോയിട്ടുണ്ട്. അന്ന് നമ്മുടെ നാട്ടില്‍ നൈറ്റി ഉപയോഗിക്കുന്ന അപൂര്‍വ്വം സ്ത്രീകളില്‍ ഒരാളാണ്. വെയില്‍ തിളങ്ങുന്ന ഉമ്മറത്ത് അവരതണിഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ നെഞ്ചിടിക്കാന്‍ തുടങ്ങും. ഞാന്‍ ആദ്യമായി സ്വയംഭോഗം ചെയ്തിട്ട് അല്പനാളുകളേ ആയിട്ടുള്ളൂ. പ്രവി നല്‍കിയ സിനിമാ മാസികയിലെ ചിത്രങ്ങള്‍ കണ്ട്. പിന്നീടുള്ള ചിന്തകളില്‍ അമുദേച്ചിയും കയറിയിരിക്കാന്‍ തുടങ്ങി. ഹോ നോക്ക്! പറയുമ്പോള്‍ രോമം എഴുന്നു നില്‍ക്കുന്നു. ഉറക്കത്തിലേക്ക് വീഴുംമുന്‍പ് അവരെപ്പോലെയൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഞങ്ങളുടെ ആദ്യരാത്രി ഒരു പ്രത്യേക നിമിഷത്തിലെത്തുമ്പോള്‍ വല്ലാത്ത ഒരു ആശയക്കുഴപ്പം. വസ്ത്രങ്ങള്‍ മാറ്റണമോ വേണ്ടയോ എന്ന്. അതിലൊരു തീരുമാനമാകും മുന്നേ ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. എത്ര രാത്രികളില്‍ അവരെ സ്വപ്നത്തില്‍ കണ്ട് വസ്ത്രങ്ങള്‍ നനഞ്ഞുവെന്നോ?''

ശരിക്കും ഇപ്പോള്‍ അഞ്ഞ ഒരു അദ്ധ്യാപികയായി മാറിയിരിക്കുന്നു. കുറ്റം ഏറ്റുപറഞ്ഞ് മുന്നിലിരിക്കുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നവള്‍. പേപ്പറില്‍ കുറിക്കുന്നത് നിര്‍ത്തി ചോദിച്ചു:

''ഇതിലിപ്പോള്‍ എന്താ കുഴപ്പം? ഇതൊക്കെ എല്ലാപേര്‍ക്കും കൗമാരത്തില്‍ ഉണ്ടാകുന്ന ചാപല്യങ്ങളാണ്.''
ഞാന്‍ ഒന്നുകൂടി നേരെയിരുന്ന ശേഷം സംസാരം തുടര്‍ന്നു:

''അഞ്ഞാ ഞാനൊരു എന്‍ജിനീയറോ ഗുമസ്തനോ ആണെങ്കില്‍ അങ്ങനെ തോന്നില്ല. പക്ഷേ, മുന്നില്‍ നിരന്നിരിക്കുന്ന കൗമാരക്കാരായ കുട്ടികള്‍ എന്തുകൊണ്ടോ ഇതോര്‍മ്മിപ്പിക്കുന്നു. നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ അവരെ ഉപദേശിക്കുന്നയാളുടെ പൂര്‍വ്വകാലം. ഛെ! ഒന്നോ രണ്ടോ വട്ടം വസ്ത്രം മാറാന്‍ ഉള്ളിലേക്ക് പോയ അമുദേച്ചിക്ക് പിന്നാലെ ഞാന്‍ പമ്മിപ്പോയിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പോലും അവര്‍ കാഴ്ചക്കായി വാതില്‍ തുറന്നിട്ടില്ല. അതിനുള്ളില്‍ നടക്കുന്നതെന്തെന്ന് വെറുതെ സങ്കല്പിച്ചുണ്ടാക്കിയിട്ടുണ്ട്. പ്രവിയില്ലാത്ത ദിവസങ്ങളിലായിരുന്നു അത്.''

ഇപ്പോളവള്‍ കൂടുതല്‍ ജാഗ്രത്തായി. എന്തെങ്കിലും ഗൗരവത്തോടെ ചെയ്യും മുന്നേ പതിവുള്ളപോലെ ചെവികള്‍ക്ക് മുകളിലൂടെ വീണുകിടക്കുന്ന കോലന്‍ മുടി പിന്നിലേക്ക് വലിച്ച് കെട്ടി. പിന്നെ മുന്നോട്ടാഞ്ഞ് ചോദിച്ചു:

''നീ പിന്നാലെ പോയി പമ്മിനില്‍ക്കുന്നത് ആരെങ്കിലും കണ്ടിരുന്നുവെങ്കിലോ? പോട്ടെ അവര്‍ തന്നെ കണ്ടിരുന്നുവെങ്കിലോ? ചെറിയമ്മയോട് ഇത് പറഞ്ഞിരുന്നുവെങ്കിലോ? കിട്ടുന്ന തല്ല് സങ്കല്പിക്കാന്‍ പറ്റുമായിരുന്നുവോ? കുടുംബത്തിനുണ്ടാകുന്ന നാണക്കേട്...''

അഞ്ഞ മെല്ലെ ശകാരത്തിലേക്ക് കടക്കുകയാണ്. ഒക്കെയും കേട്ടിരുന്നു. അല്പനേരം നിര്‍ത്തിയ ശേഷം ചോദ്യങ്ങളിലേക്ക് വീണ്ടും കടന്നു.

''ആട്ടെ . പിന്നീടെപ്പോഴെങ്കിലും അവര്‍ കണ്ടുപിടിച്ചോ?''

''ഏയ് ഇല്ലില്ല. അവര്‍ക്കിതറിയില്ല. മാത്രവുമല്ല ഞാന്‍ കണക്കില്‍ മിടുക്കനായിരുന്നല്ലോ, അതിന്റെ വാത്സല്യവും ഉണ്ടായിരുന്നു. ഇപ്പോളും കാണുമ്പോള്‍ വലിയ സ്‌നേഹമാണ്.''

ഞാന്‍ പറഞ്ഞുനിര്‍ത്തിയ ശേഷം ചായ കുടിക്കാനൊരുങ്ങി. കയ്യുടെ വിറയലില്‍ അത് തുളുമ്പുമെന്ന് തോന്നിച്ചു.

''പ്രവിക്ക് അറിയാമായിരുന്നോ?''

ചുണ്ടോടടുപ്പിച്ച കപ്പ് താഴ്ത്തിയ ശേഷം ഞാന്‍ മറുപടി പറഞ്ഞു:

''ഒരിക്കല്‍ ഒരു കണക്ക് തെറ്റിച്ചു ചെയ്തപ്പോള്‍ അവരെന്നെ നന്നായി പിച്ചി. വല്ലാതെ സങ്കടം വന്നു. റബ്ബര്‍ പുരയിടം വഴി മടങ്ങുമ്പോള്‍ പ്രവിയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അന്നൊരിക്കല്‍ മാത്രം. അവനും അതുകേട്ട് മറന്നുവെന്നാണ് കരുതിയത്. പക്ഷേ, ബിരുദമൊക്കെ കഴിഞ്ഞ ശേഷം ഒരിക്കല്‍ ഞങ്ങള്‍ രണ്ടും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ അമുദേച്ചി വരുന്നുണ്ട്. കണ്ടു, സംസാരിച്ച് യാത്ര തുടരുമ്പോള്‍ എന്റെ തുടയില്‍ നുള്ളിക്കൊണ്ട് അവന്‍ അന്വേഷിക്കുകയാണ്. ആ പഴയ ആശയുണ്ടോന്ന്. അങ്ങനെയൊന്നും ഇല്ലായിരുന്നുവെന്ന് ഞാന്‍ നിഷേധിച്ചിട്ടും ആവര്‍ത്തിച്ചു ചോദിച്ചു.''

അവളില്‍നിന്നും ഒരു ദീര്‍ഘാനിശ്വാസമാണ് പുറത്തു വന്നത്.

പ്രവിയെക്കുറിച്ച് ഞാനോര്‍ത്തു. അച്ഛന്റെ അനുജന്റെ മകന്‍. എന്റെ അതേ പ്രായം. പ്രീഡിഗ്രിക്ക് ചേരും മുന്‍പു ഞങ്ങള്‍ രണ്ടുപേരും ഒരേ ക്ലാസ്സിലായിരുന്നു.

അഞ്ഞയുടെ നിഗമനം കേള്‍ക്കാമെന്ന പ്രതീക്ഷയോടെ ഞാന്‍ നിലത്തെ ചവിട്ടിയിലേക്ക് നോക്കിയിരുന്നു.
''മൂന്നു സംഭവങ്ങളും കേട്ട ശേഷം ഒരു അനലൈസ് ചെയ്യുന്നതാകും ഉചിതം. ആദ്യം നീയാ ചായ മുഴുവന്‍ കുടിക്കൂ. കാണുമ്പോള്‍ത്തന്നെ വല്ലാത്ത ക്ഷീണം തോന്നുന്നു.''

എല്ലാ ശകാരങ്ങള്‍ക്കും ശേഷം ഉണ്ടാകാറുള്ള അലിവോടെ അവള്‍ പറഞ്ഞു. ഞാന്‍ ചായ ഊതിയൂതി കുടിച്ചു. ചെറിയ ചൂടെങ്കിലും അന്നനാളിയെ അതു വല്ലാതെ പൊള്ളിക്കുന്നുണ്ട്.

അടുത്ത സംഭവം പറയുവാനാകാത്ത ഒരു അസ്വസ്ഥത മെല്ലെ പിടികൂടി. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം മടങ്ങിവരുവാന്‍ അഞ്ഞ വേണ്ടുവോളം സമയം തന്നു. ശ്വാസഗതി നേരെയായപ്പോള്‍ ഞാന്‍ തുടര്‍ന്നു:

''രണ്ടാമത്തേത് ഇതാണ്. നിനക്ക് ഓര്‍മ്മയുണ്ടോ അഞ്ഞാ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ് ബിരുദത്തിനു ചേര്‍ന്നത് പട്ടണത്തിലെ കോളേജിലാണ്. ആദ്യത്തെ വര്‍ഷം കഴിഞ്ഞപ്പോള്‍ പട്ടണത്തിലേക്കുള്ള നെടുങ്കന്‍ യാത്ര എന്നെ വലയ്ക്കുന്നുണ്ടെന്ന് അച്ഛനു തോന്നിക്കാണും. അതുകൊണ്ട് തന്നെ ഹോസ്റ്റലില്‍നിന്നു പഠിക്കാന്‍ അനുവദിച്ചു. മനസ്സില്ലാമനസ്സോടെ അമ്മയും സമ്മതം മൂളി. ആഴ്ചയൊടുക്കങ്ങളില്‍ മാത്രമാണ് വന്നുപോയിരുന്നത്.''

''എനിക്കോര്‍മ്മയുണ്ട് അതിനോടടുത്ത് തന്നെ ഞാന്‍ ഗസ്റ്റ് ലക്ചര്‍ ആയിത്തീര്‍ന്നതും. എല്ലാ മാസവും അച്ഛനും ചെറിയമ്മയും അറിയാതെ ഒരു ചെറിയ തുക നിനക്ക് ഞാന്‍ തന്നിരുന്നുവല്ലോ.''

അഞ്ഞ കടലാസ്സില്‍ കുത്തിക്കുറിക്കുന്നതിനിടെ മുഖമുയര്‍ത്താതെ പറഞ്ഞു:

''ആ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് അവീനെ പരിചയപ്പെടുന്നത്. ദൂരെ പശ്ചിമഘട്ടത്തിലെ ഒരു ഗ്രാമത്തില്‍നിന്നാണ് അവന്‍ വരുന്നത്. ഞങ്ങള്‍ ഒരേ മുറിയില്‍ താമസക്കാരായിരുന്നു. നീളന്‍ കൈകളും വിരലുകളുമുള്ള ഒരാള്‍. കറുപ്പ്. ഒരു ദിവസം വെളുപ്പിന് പഠിക്കാനായി എഴുന്നേറ്റപ്പോള്‍ കണ്ടത് നഗ്‌നനായി കിടന്നുറങ്ങുന്ന അവീനെയാണ്. ഉറക്കത്തില്‍ എപ്പോഴോ സ്ഥാനം തെറ്റിപ്പോയ അവന്റെ ഉടുവസ്ത്രമാണ് ഞാന്‍ ആദ്യം തിരഞ്ഞത്. അതു തിരയുമ്പോളും കണ്ണുകള്‍ ആ ദേഹത്ത് ഒഴുകിനടന്നു. വണ്ണം കുറഞ്ഞ അരക്കെട്ടില്‍നിന്നും മുളച്ച നീളം കൂടിയ കാലുകള്‍. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് വല്ലാത്ത തണുപ്പാണ്.''

ഞാന്‍ അല്പനേരം പിന്നെ ഒന്നും മിണ്ടിയില്ല.

''ഇത്രേയുള്ളോ?'' അവള്‍ ചോദിച്ചു.

''അല്ല. പിന്നെ പിന്നെ തരം കിട്ടുമ്പോളൊക്കെ ഞാനവന്റെ ശരീരത്തില്‍ സ്‌നേഹത്തോടെ സ്പര്‍ശിച്ചു. പിടച്ചുനില്‍ക്കുന്ന കൈഞരമ്പുകളില്‍ക്കൂടി ചൂണ്ടാണി വിരലോടിച്ചപ്പോള്‍ അവനും എനിക്കും ഒരുപോലത്തെ തരിപ്പ് . ഒരു മത്സരപരീക്ഷയില്‍ പങ്കെടുക്കുവാനായി ഒരിക്കല്‍ ഞങ്ങള്‍ മൈസൂര്‍ വരെ പോയി. അവിടെ ഒരു ഹോട്ടല്‍ മുറിയിലാണ് തങ്ങിയത്. ശരിക്കും തണുപ്പുള്ള രാത്രി. അയഞ്ഞുപോയ അവന്റെ ഞരമ്പുകളെ ഓരോന്നിനേയും ഞാന്‍ ഞെരുക്കി ഞെരുക്കിയുണര്‍ത്തി. വിരലുകള്‍ക്കിടയില്‍ അവ ആകാവുന്നത്ര ദൂരേക്ക് വളര്‍ന്നു. അവീന്‍ മുകളിലും ഞാന്‍ താഴെയുമായി ഏറെ നേരം രാത്രി നീണ്ടു.''

എന്റെ സംഭാഷണം പതിയെ മുറിയുവാന്‍ തുടങ്ങി. ശ്വാസനാളത്തെ മുറുക്കിക്കൊണ്ട് ഒരു ചുമ പുറത്തേക്ക് വന്നു. ഞാന്‍ ഇന്‍ഹയ്ലറിന്റെ സഹായം തേടി. അല്പനേരം വിശ്രമിച്ചു. സംസാരം തുടരാന്‍ അവള്‍ ആവശ്യപ്പെടുമെന്നാണ് കരുതിയത്. പക്ഷേ, ഒന്നും മിണ്ടിയില്ല. ഞാന്‍ ശേഷിക്കുന്ന ഭാഗത്തേക്ക് കടന്നു.

''തകര്‍ന്ന ജനാലകളുള്ള ഹോസ്റ്റല്‍ മുറി ഒരിക്കല്‍പോലും രതിക്ക് ചേര്‍ന്ന ഇടമല്ല. എങ്കിലും എല്ലാപേരും വീട്ടിലേക്ക് പോകുന്ന ആഴ്ചയന്ത്യങ്ങളില്‍ രാത്രി വൈകിയും ഞങ്ങള്‍ പുണര്‍ന്നുകിടന്നു. 

നിനക്കോര്‍മ്മയുണ്ടാകുമല്ലോ, മൂന്നാംവര്‍ഷം ഞാന്‍ വളരെക്കുറച്ചു മാത്രമേ വീട്ടിലേക്ക് വന്നിരുന്നുള്ളൂ.''
''ഞാന്‍ ഓര്‍ക്കുന്നില്ല.''

എന്റെ സംഭാഷണത്തിലുള്ള താല്പര്യം കുറഞ്ഞതുപോലെ അഞ്ഞ പറഞ്ഞു.

''അഞ്ഞാ നീ പറയണം സ്ത്രീ പുരുഷ ബന്ധത്തിന്റേയും കുടുംബജീവിതത്തിന്റേയും മഹത്വം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകനായ ഞാന്‍, മറ്റൊരു പുരുഷനുമായി ഇത്തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കുട്ടികള്‍ അറിഞ്ഞാല്‍. ഹോ! ചിന്തിക്കാന്‍ വയ്യ. സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഈ ഓര്‍മ്മയിങ്ങ് തികട്ടിവരികയാണ്.''

അഞ്ഞ ഇപ്പോള്‍ കുറിപ്പെടുക്കുന്നത് നിര്‍ത്തി. വലതുകൈ നെറ്റിയിലേക്ക് ഊന്നിവച്ച് എന്നോട് സംസാരിക്കാന്‍ തുടങ്ങി:

''ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍നിന്ന് ഓരോ കൊല്ലവും കുട്ടികള്‍ പിരിഞ്ഞുപോകുമ്പോള്‍ ഇത്തരം കുമ്പസാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ക്ക് പിരിയാനുള്ള മടി. ചിലര്‍ക്ക് ചെയ്തതിലെ കുറ്റബോധം. ഞങ്ങള്‍ കൗണ്‍സില്‍ ചെയ്താണ് അയക്കാറുള്ളത്. ഇപ്പോളാണല്ലോ ഇത്തരം ബന്ധങ്ങള്‍ക്ക് അല്പമെങ്കിലും അംഗീകാരം ലഭിക്കുക. പക്ഷേ, ഈ ബന്ധം സംഭവിക്കുന്നത് എത്ര കൊല്ലം മുന്‍പാണ്. അച്ഛന്‍ നിന്നെയങ്ങനെ തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ല. ചെറിയമ്മ നേരെ തിരിച്ചും. ഒന്നെനിക്ക് ഉറപ്പാണ്, ഈ സംഭവം നമ്മുടെ വീട്ടില്‍ അറിഞ്ഞിരുന്നുവെങ്കില്‍ രണ്ടുപേരും നിന്നെ പൊതിരെ തല്ലിയേനെ.''

ഞാനപ്പോള്‍ പൂര്‍വ്വകാലത്തില്‍ ഒരു കുറ്റവാളിയായി പരിണമിച്ചു. ഇക്കുറി അവളാണ് കൂടുതല്‍ നേരം നിശബ്ദയായത്. വിറച്ചുവിറച്ചായി എന്റെ സംഭാഷണം.

''എന്നെ മനസ്സിലാകുന്ന നിനക്ക് പോലും ഇത് പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കാന്‍ വയ്യ. അപ്പോള്‍ മാറ്റാരെങ്കിലും അറിഞ്ഞാല്‍ എനിക്കോര്‍ക്കാന്‍ പോലും വയ്യ.''

''ഇത് അനിതയ്ക്ക് അറിയാമോ?''

''ഇല്ല. അതിനുശേഷം ഒരിക്കല്‍പ്പോലും എനിക്ക് മറ്റൊരു പുരുഷനോടും അടുപ്പം തോന്നിയിട്ടില്ല. ആ ബന്ധം ബിരുദം കഴിഞ്ഞതോടെ അവസാനിക്കുകയും ചെയ്തു.''

അഞ്ഞ ഒന്നിളകിയിരുന്നു. പിന്നെ ഉറക്കെ സംസാരിക്കാന്‍ ആരംഭിച്ചു:

''രണ്ടു സംഭവങ്ങളും കേട്ട ശേഷം തോന്നുന്ന ഒരു കാര്യമുണ്ട്. നിന്റേയും അനിതയുടേയും ഫാമിലി ലൈഫ് രഹസ്യമായ പരാജയമാണെന്നത് എനിക്കറിയാം. അതിന്റെ ഓരോ കാരണങ്ങള്‍ അന്വേഷിച്ച് നിന്റെ മനസ്സ് സഞ്ചരിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മയിലുള്ള ഇത്തരം സംഭവങ്ങളിലേക്ക് എത്തിച്ചേരുന്നതുമാകാം.''

''പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല അഞ്ഞാ. അങ്ങനെയെങ്കില്‍ പ്രണയത്തേയോ രതിയേയോ ഒക്കെ കുറിച്ച് മാത്രമല്ലെ ചിന്തയുണ്ടാകൂ. അത് നിനക്ക് മൂന്നാമത്തെ സംഭവം കൂടി കേള്‍ക്കുമ്പോള്‍ ബോധ്യമാകും.''

''നില്‍ക്കൂ, ഞാനല്പം വെള്ളം കുടിക്കട്ടെ.''

വെള്ളം കുടിക്കുവാനായി അവള്‍ ഉള്ളിലേക്ക് പോയി. മടങ്ങിവരാനെടുത്ത നേരം ഞാന്‍ അടുത്ത സംഭവത്തിലേക്ക് കടക്കാനുള്ള ആശ്വാസ സമയമായെടുത്തു. ഹൃദയം ദ്രുതമായ മിടിപ്പ് അവസാനിപ്പിച്ചപ്പോള്‍ അവളെത്തി.

ഒരു ഗ്ലാസ്സ് വെള്ളം എനിക്കു നേരെ നീട്ടി. വലിയ കത്തികൊണ്ട് ആപ്പിളിന്റെ പകുതി മുറിച്ചുതന്നു. ഞാനത് കഴിക്കാതെ ടീപോയിലേക്ക് വച്ചു.

അന്നേരം അഞ്ഞ പേനയും ബുക്കും കയ്യിലെടുത്ത് പറഞ്ഞോളൂ എന്ന ഭാവത്തില്‍ കാലുകള്‍ കയറ്റി സോഫയില്‍ ഇരുന്നു. എനിക്കപ്പോള്‍ ഗാന്ധിയെയാണ് ഓര്‍മ്മവന്നത്. 

''മൂന്നാമത്തെ സംഭവം ഇങ്ങനെയാണ്. ഞാന്‍ മുന്‍പ് പറഞ്ഞത് രണ്ടും മറ്റു ആളുകള്‍ കൂടി ഉള്‍പ്പെട്ട കഥകളാണെങ്കില്‍ ഇത് എന്റേത് മാത്രമാണ്. ഒരു ശീലത്തെക്കുറിച്ച്.''

അഞ്ഞ അപ്പോളെന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി. ഒരു നിമിഷം അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു കേള്‍ക്കുവാന്‍ പാകപ്പെട്ടു എന്നു തോന്നിയപ്പോള്‍ വിശദീകരിച്ചു:

''അഞ്ഞാ ഞാന്‍ ഒരു കള്ളനായിരുന്നു. വെറുതെ നിര്‍ദ്ദോഷമായ നുണകള്‍ പറഞ്ഞു വഴക്കിലോ അടിയിലോ നിന്നു രക്ഷപ്പെടുന്ന ആളല്ല. നല്ല ഒന്നാംതരം മോഷ്ടാവ്. ആദ്യം ഞാനതിന്റെ ആനന്ദം കണ്ടെത്തുന്നത് വളര്‍ത്തുമീനുകളെ മോഷ്ടിച്ചിട്ടാണ്. നിനക്കോര്‍മ്മയുണ്ടോ, നമ്മുടെ സ്‌കൂളില്‍നിന്നു വരുന്ന വഴിക്ക് നിറയെ തത്തമ്മകളും പ്രാവുകളുമുണ്ടായിരുന്ന ഒരു വീട്. അവിടെ ഞാന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി വിഹരിച്ചു. ആദ്യത്തെ കൗതുകം, വര്‍ണ്ണമീനുകള്‍. പതിയെ ഓരോന്നിനെയായി ഞാന്‍ വീട്ടിലേക്ക് കടത്തിക്കൊണ്ടുവന്നു.
അച്ഛനും അമ്മയും ചോദിച്ചപ്പോളൊക്കെ ആ വീട്ടുകാര്‍ സമ്മാനമായി തന്നതാണെന്ന് പറയുകയും ചെയ്തു. അവര്‍ക്ക് സംശയം തോന്നുംവരേയ്ക്കും ഞാനത് തുടര്‍ന്നു. അവിടേക്ക് പോകാതായതോടെ തൊട്ടടുത്ത് തന്നെ മറ്റെന്തെങ്കിലും മോഷ്ടിക്കണമെന്നെനിക്ക് തോന്നി. സ്‌കൂളില്‍നിന്നും ഒരു അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത് ആയിടയ്ക്കാണ്. അപ്പോള്‍ നമ്മള്‍ മറ്റു വീടുകളില്‍ പോയി പാര്‍ക്കേണ്ടതായി വരുമല്ലോ.
 
അങ്ങനെ ഒരു വീട്ടില്‍ ഞാനും പാര്‍ത്തു. ഒരു രാത്രി അവിടെനിന്നു മടങ്ങുമ്പോള്‍ അനവധി കൗതുകവസ്തുക്കള്‍ എന്റെ ബാഗിലുണ്ടായിരുന്നു. പിന്നീടവര്‍ ആ വസ്തുക്കള്‍ അന്വേഷിച്ച് ക്യാമ്പ് അധികൃതരുടെ അടുത്തും അവിടെനിന്നും അച്ഛന്‍ വരേയ്ക്കുമെത്തി. മറ്റു വീടുകളില്‍നിന്നു മോഷണം നടത്തുമ്പോള്‍ ഉണ്ടാകുന്ന പിരിമുറുക്കം നമ്മുടെ വീട്ടില്‍ ഉണ്ടാകില്ലല്ലോ. അങ്ങനെ സ്വന്തം വീട്ടില്‍നിന്നും കക്കാന്‍ തുടങ്ങി. കാണാതായാല്‍ അച്ഛനും അമ്മയും ആദ്യം അന്വേഷിക്കുന്നത് പണമായതുകൊണ്ട് അതുതന്നെയാണ് കട്ടെടുത്തതും. മോഷ്ടിച്ചെടുത്ത പണം രഹസ്യമായി സൂക്ഷിച്ചിരുന്ന സങ്കേതം അമ്മ കണ്ടെത്തിയെന്ന് തോന്നിയപ്പോള്‍ ആ പ്രവൃത്തിയും അവസാനിപ്പിച്ചു.''

''ഇതെല്ലാം വെറും കൗതുകങ്ങളല്ലേ മോനേ. നമ്മള്‍ കുഞ്ഞുകുട്ടികള്‍ ആകുമ്പോള്‍ കൗതുകം തോന്നുന്ന ഓരോന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കും.''

''ഞാന്‍ പറയട്ടെ. നിനക്കോര്‍മ്മയുണ്ടാകും അച്ഛന്‍ എപ്പോളും നിധിപോലെ സൂക്ഷിച്ചിരുന്ന ഒരു ഫൗണ്ടന്‍ പേന. ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അതുകൊണ്ട് എഴുതിയിരുന്നതായി നമ്മളോട് ഇടയ്ക്കിടെ പറയും.
ജ്യോതിബസു കേരളത്തില്‍ അതിഥിയായെത്തിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ ഒരു സ്ഥലത്തെക്കുറിച്ച് വിവരിച്ചുകൊടുക്കുകയും അതില്‍ സന്തുഷ്ടനായ അദ്ദേഹം പേന സമ്മാനിക്കുകയുമായിരുന്നു. എപ്പോളും ആ കീശയില്‍ തിളങ്ങിനിന്ന പേന. അതും ഞാനൊരിക്കല്‍ മോഷ്ടിച്ചു. അന്ന് അച്ഛന്‍ അമ്മയെ ഏറെ വഴക്കുപറഞ്ഞു. അമ്മ നിന്നെ വഴക്കുപറയുക മാത്രമല്ല, തല്ലുകയും ചെയ്തു. നീയാണ് അത് കോളേജില്‍ കൊണ്ടുപോയി നശിപ്പിച്ചതെന്ന് പറഞ്ഞ്. 'ഞാനല്ല ചെറിയമ്മേ'' എന്ന് നീ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തല്ലിയതിന്റെ വിഷമം മാറ്റാന്‍ അന്നു രാത്രി അമ്മ നിനക്കൊപ്പമാണുറങ്ങിയത്.''

അഞ്ഞയിപ്പോള്‍ എഴുത്തു നിര്‍ത്തി. കടലാസ്സില്‍നിന്നു തലവെട്ടിച്ച് എന്നെ നോക്കാതെ മറ്റെന്തോ ഓര്‍ത്തു. അവളെ മടക്കിക്കൊണ്ടുവരാനെന്നപോലെ ഞാന്‍ പറഞ്ഞു:

''അഞ്ഞാ കുട്ടികളോട് ഞാന്‍ എപ്പോളും പറയും നിങ്ങള്‍ മറ്റുള്ളവരുടെ സാധനങ്ങള്‍ കട്ടെടുക്കരുതെന്ന്. അപ്പോള്‍ ഉള്ളിലിരുന്നൊരാള്‍ കള്ളാ കള്ളായെന്നു വിളിക്കും. മോഷ്ടിച്ച സാധനങ്ങള്‍ നിരത്തിവച്ചു നില്‍ക്കുന്ന അവസ്ഥ. ഹോ അതാലോചിക്കുമ്പോള്‍ വല്ലാത്ത പരിഭ്രമം. ഞാനൊരു കള്ളനായിരുന്നുവെന്ന് ആളുകള്‍ അറിഞ്ഞാല്‍. ചിന്തിക്കാന്‍ വയ്യ.''

ഞാന്‍ കസേരയിലേക്ക് ചാഞ്ഞിരുന്നു. കെട്ടിവച്ചിട്ടും അവളുടെ കോലന്‍ മുടികളില്‍ ചിലത് ഊര്‍ന്ന് ചെവിക്കു മുകളിലേക്ക് വീണിട്ടുണ്ട്. ഒന്നുകൂടി അവയെ മാടിയൊതുക്കി അഞ്ഞയെന്നോട് തലയുയര്‍ത്താതെ സംസാരിച്ചു:

''ഒരു കള്ളനായി നീ പിടിക്കപ്പെടരുത് എന്ന് ഏറ്റവും ആഗ്രഹിക്കുന്ന ഒരാളാണ് ഈ ചേച്ചി. അന്ന് നീയാണ് ആ പേനയെടുത്ത് മാറ്റിയതെന്ന് എനിക്ക് അറിയാമായിരുന്നു. അതു മാത്രമല്ല, എന്റെ അനുജന്‍ നല്ലൊരു മോഷ്ടാവായിരുന്നുവെന്ന് തന്നെ അറിയാം. വര്‍ണ്ണമീനുകളുടെ ടാങ്കില്‍ കൈമുക്കി അവയെ പിടിക്കുന്നത് നീയറിയാതെ തൊട്ടു പിന്നില്‍നിന്നും ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്റെ കീശയില്‍നിന്നും കാശ് മോഷ്ടിക്കുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്കുറപ്പായിരുന്നു പേന കട്ടതും നീ തന്നെയാണെന്ന്. പക്ഷേ, ഞാനാരോടും പറഞ്ഞില്ല. കള്ളന്‍!''

അതു പറഞ്ഞുകൊണ്ട് അവള്‍ മുഖത്തെ എല്ലുകള്‍ തെളിച്ചു ചിരിച്ചു:

''നോക്ക്, നമുക്ക് ഇതെക്കുറിച്ച് വിശദമായി സംസാരിക്കാം. അതിനു മുന്‍പ് ഒരു ചോദ്യം. നീയെന്തെങ്കിലും കഴിച്ചോ?''

''ഇല്ല. വിശപ്പില്ല. ഈയിടെയായി അങ്ങനെയാണ്.''

അവളെന്റെ അടുത്തേക്ക് വന്നു. നെറുകില്‍ വിരലോടിച്ചു. ആ ഇടുപ്പിനെ പുണര്‍ന്നുനിന്ന് തല തുവര്‍ത്തുന്ന ബാല്യം എനിക്കോര്‍മ്മ വന്നു.

''കാര്യമില്ലാത്തത് ഓരോന്നോര്‍ത്ത് വിശപ്പുകെട്ടു. അല്ലേ? നീ ഡയബറ്റിക് ആണ്, മറക്കണ്ട. ചേച്ചി ഭക്ഷണമുണ്ടാക്കാം, എന്നിട്ട് നമുക്ക് സംസാരിക്കാം.''

സമ്മതമെന്നപോലെ ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, നട്ടെല്ലിന്റെ ആ ബലക്ഷയം. വേദന.

ബുദ്ധിമുട്ട് കണ്ടിട്ടാകണം കുഞ്ഞുനാളിലെ അതേ ലാഘവത്തോടെ അവളെന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

ഇപ്പോള്‍ മിടിപ്പുകള്‍ ഏതാണ്ട് ശാന്തമായി. ഉള്ളിലുള്ള ഒരു രഹസ്യമോ സംശയമോ അവസാനിച്ചപോലെ.
 
ഞാന്‍ അടഞ്ഞുകിടന്ന മുന്‍വാതില്‍ സാക്ഷയിട്ടുവെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.

വാതില്‍ക്കല്‍നിന്നും മടങ്ങുമ്പോള്‍ സംസാരിച്ചുകൊണ്ട് അടുക്കളവരേയ്ക്കും അവളെ അനുഗമിച്ചു. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒപ്പമെത്താന്‍ കഴിഞ്ഞില്ല.

''അഞ്ഞാ. നിനക്കിതറിയാമെന്ന് എനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതുകൊണ്ടുതന്നെ നിന്നോട് പറയണമെന്ന് കരുതിയതും.''

അവള്‍ അടുപ്പ് കത്തിച്ച് എന്തോ പാകം ചെയ്യാനൊരുങ്ങി. തീയാളുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം ഞാന്‍ സംഭാഷണം തുടര്‍ന്നു:

''ആദ്യത്തെ രണ്ടു സംഭവങ്ങളിലും എനിക്കൊരു പങ്കാളിയുണ്ടായിരുന്നു. ആദ്യം പ്രവി, പിന്നെ അവീന്‍. പ്രവി കുളങ്ങളില്‍ നീന്തുന്നത് ഞാന്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്. ഒരു മീനിന്റെ യാത്ര എനിക്ക് സാധ്യമാകുമായിരുന്നില്ല. കൈകാലുകള്‍ ഒരേ താളത്തില്‍ ചലിപ്പിക്കാന്‍ തലച്ചോര്‍ തയ്യാറാകാത്തപോലെ. നീന്താനുള്ള ഇഷ്ടം കണ്ടിട്ടാണ് ആ വെള്ളച്ചാട്ടത്തിലേക്ക് ഞാനവനെ കൂട്ടിക്കൊണ്ട് പോയത്. ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഓടിയാണ് ഞങ്ങള്‍ അവിടെത്തിയത്. ഓട്ടത്തില്‍ ഞാനായിരുന്നു മുന്‍പന്‍. ഇപ്പോളും ഓര്‍ക്കുമ്പോള്‍ കിതയ്ക്കുന്നു. പ്രവി അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു. ആ കയത്തിലേക്ക് ആവേശത്തോടെ ഒരിക്കല്‍ ഊളിയിട്ട ശേഷം അവന്‍ മടങ്ങിവന്നില്ല. എന്റെ നിലവിളി കേട്ട് ആളുകളെത്തുമ്പോള്‍...''

അപ്പോളവള്‍ അടുപ്പിന് മുന്നില്‍നിന്നും എന്നെ തിരിഞ്ഞുനോക്കി. പിന്നെ ഷെല്‍ഫ് തുറന്ന് വെളിച്ചെണ്ണ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു:

''നിന്റെ കോളേജ് സുഹൃത്ത് ഈ അവീനിനെക്കുറിച്ച് ചെറിയമ്മ പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് എന്തോ അപകടം പറ്റുകയായിരുന്നല്ലോ. റോഡില്‍ തലയിടിച്ചുവീണ് ഏറെ നേരം ആരും എടുക്കാനില്ലാതെ കിടന്നോ മറ്റോ.''
''അതേ. മരിക്കുന്നതിന്റെ തലേന്ന്, നാളുകള്‍ കൂടി ഞങ്ങള്‍ കണ്ടിരുന്നു.''

അവീനിന്റെ മരണം പൂര്‍ണ്ണമായും വിശദീകരിക്കാനാകാത്ത നിരാശയോടെ ഞാന്‍ പറഞ്ഞു. അഞ്ഞ ഒരു കാരറ്റിന്റെ മുറിച്ചെടുത്ത പകുതി നീട്ടി. മറുപകുതി എണ്ണയിലേക്ക് അരിഞ്ഞിട്ടു. ആപ്പിള്‍ മുറിഞ്ഞ അതേ കത്തി. അതിനു സാമാന്യത്തിലും വലിപ്പമുണ്ടെന്ന് തോന്നി.

''അഞ്ഞാ പക്ഷേ, ഈ മൂന്നാമത്തെ സംഭവം അത് ഞാന്‍ ഒറ്റയ്ക്ക് ചെയ്തതാണ്. അതിലും എനിക്കൊരു പങ്കാളിയുണ്ടെന്ന് ഇന്നാണ് മനസ്സിലാകുന്നത്. ഇതിനുമുന്‍പ് എനിക്ക് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതും ശരിയായി.''

ദീര്‍ഘകാലത്തിനു ശേഷമാണ് എനിക്കപ്പോള്‍ ഒരു ചിരി വന്നത്.

അവള്‍ എനിക്ക് നേരെ തിരിഞ്ഞുനിന്നു. മണിബന്ധം കൊണ്ട് കണ്ണട മുഖത്തേക്ക് ഇറുക്കിച്ചേര്‍ത്തു. കയ്യിലെ കത്തി കണ്ണില്‍ തുളച്ചുകയറുമോയെന്നു തോന്നി.

ഒരു സവാള ചെറുതായി നുറുക്കി രുചിച്ച ശേഷം അഞ്ഞ പറഞ്ഞു:

''നിന്റെയീ മുഖം കാണുമ്പോള്‍ ചേച്ചിക്ക് അറിയാം ഉള്ളിലെന്താണെന്ന്. ധൈര്യമായിരിക്കൂ, നമ്മള്‍ ഇതാരോടും പറയുവാന്‍ പോകുന്നില്ല. മറ്റാരെങ്കിലും അറിഞ്ഞാല്‍ പിന്നെ അച്ഛന്റെ പേരിനാണ് കളങ്കം. അല്ലേ?''

തലകുലുക്കി സമ്മതിച്ചുകൊണ്ട് ഞാന്‍ അഞ്ഞയുടെ അടുത്തേക്ക് ചെന്നു. കവിളിലേക്ക് തണുവിച്ച എന്റെ കൈകള്‍ ചേര്‍ത്ത്, അവളുടെ മുഖത്തെ എല്ലുകള്‍ പരതി. അത് കഴുത്തില്‍ ചേരുന്നയിടം വരേയ്ക്കും കൈത്തലങ്ങള്‍ വിറയോടെ സഞ്ചരിച്ചു. ജലശയ്യയിലേക്ക് ആണ്ടുപോയ പ്രവിയും തലച്ചോര്‍ ചിതറിയ അവീനും ആ കണ്ണുകളില്‍ തെളിഞ്ഞു. അപ്പോള്‍ ഞാനുലഞ്ഞു പോകുന്നവണ്ണം അവള്‍ ചിരിച്ചു. തെല്ലു ശബ്ദത്തോടെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com