'കാറല്‍ മാക്‌സ് ചരിതം'- പ്രിയ ജോസഫ് എഴുതിയ കഥ

നേശ്ശേരി പേരമ്മേടെ മകന്‍ ജോസ് ചേട്ടനും കാറല്‍മാക്‌സും എന്റെ അമ്മയുടെ സൈ്വര്യം കെടുത്തിയിരുന്നത് വീട്ടിലേയ്ക്ക് അടിക്കടിയുള്ള വരവോടെയാണ്, മാസത്തില്‍ രണ്ടുതവണയെങ്കിലും ഉറപ്പായിട്ടും വരും
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

നേശ്ശേരി പേരമ്മേടെ മകന്‍ ജോസ് ചേട്ടനും കാറല്‍മാക്‌സും എന്റെ അമ്മയുടെ സൈ്വര്യം കെടുത്തിയിരുന്നത് വീട്ടിലേയ്ക്ക് അടിക്കടിയുള്ള വരവോടെയാണ്, മാസത്തില്‍ രണ്ടുതവണയെങ്കിലും ഉറപ്പായിട്ടും വരും.

''തങ്കേ''ന്ന് ഉറക്കെ അലറിവിളിച്ചാണ് മുന്‍വശത്തെ വാതിലില്‍ക്കൂടി ജോസ് ചേട്ടന്‍ അകത്തേയ്ക്ക് വരുന്നത്. മുന്‍വശത്തെ കതക് അടച്ചാണ് കിടക്കുന്നതെങ്കില്‍ ഈ അലര്‍ച്ച പുറകുവശത്തുനിന്നുയരും. 

മുന്‍വശമായാലും പുറകുവശമായാലും തങ്കേന്നുള്ള അലര്‍ച്ചയ്ക്കു മാത്രം ഒരു മാറ്റവുമില്ല.

കോളിംഗ് ബെല്‍ അടിക്കുക, കറണ്ടില്ലെങ്കില്‍ വാതിലില്‍ മുട്ടുക, എല്ലാവരും ചെയ്യുന്നതുപോലെ ചെരിപ്പൂരി പുറത്തുവയ്ക്കുക- എവിടെ! ഇങ്ങനെയുള്ള മര്യാദകളൊന്നും തന്നെ ജോസ് ചേട്ടന്‍ പാലിച്ചിരുന്നില്ല, ഇനി അകത്ത് വന്നാലോ, എല്ലാ മുറികളിലൂടെയും കയറിയിറങ്ങി നടപ്പാണ്.

വീട് മുഴുവന്‍ ഇളക്കിമറിച്ചിട്ട്, അമ്മയുടെ കയ്യില്‍നിന്നു് കാശും അരിസാമാനങ്ങളും പഴയ ഉടുപ്പുകളും വാങ്ങി ജോസ് ചേട്ടന്‍ പോകുമ്പോള്‍ അമ്മയൊഴികെ ബാക്കിയെല്ലാവരും ആശ്വാസത്തോടെ ദീര്‍ഘനിശ്വാസം വിടും. ഒരു മിനിറ്റ്‌പോലും സഹിക്കാന്‍ വയ്യാത്ത ജോസ് ചേട്ടനെയോര്‍ത്ത് അമ്മ മാത്രം സങ്കടപ്പെടും. ജോസ് ചേട്ടന്‍ വന്നുപോയിക്കഴിഞ്ഞാല്‍ പിന്നൊരു രണ്ട് മൂന്ന് ദിവസത്തേയ്ക്ക് എനിക്ക് അമ്മയെ നഷ്ടപ്പെടും.

തങ്ക എന്ന സ്ത്രീയെ എന്റെ അമ്മ ആക്കുന്ന ചില ഘടകങ്ങളുണ്ട്. രാവിലെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിവരുന്ന ഞാന്‍ യൂണിഫോം ഷര്‍ട്ടിന്റെ താഴെ പെറ്റിക്കോട്ട് ഇട്ടിട്ടുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുക, മുടി നീളത്തില്‍ ഇറുക്കിപ്പിന്നി വേദനിക്കുന്ന വിധത്തില്‍ രണ്ടുവശത്തും മടക്കിക്കെട്ടിവയ്ക്കുക, കണക്കുപരീക്ഷയുടെ കൃത്യസമയം എഴുതിവാങ്ങിവച്ചിട്ട് ആ സമയത്ത് തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുക...

ഈ പറഞ്ഞതെല്ലാം കൃത്യമായി പാലിക്കുന്ന എന്റെ അമ്മ ജോസ് ചേട്ടന്റെ വരവോടെ അപ്രത്യക്ഷയാകും. പകരം ഒന്നിലും താല്പര്യമില്ലാത്ത തങ്ക എന്ന വെറും സ്ത്രീ പ്രത്യക്ഷപ്പെടും. അവര്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ആല്‍ബം പുറത്തെടുത്ത് നോക്കിക്കൊണ്ടിരിക്കും; രാവിലെ ഞാന്‍ സ്‌കൂളിലേക്ക് പോകുമ്പോഴും വൈകുന്നേരം തിരിച്ചുവരുമ്പോഴും തലവേദന എന്നു പറഞ്ഞ് അവരുടെ മുറി അടഞ്ഞുകിടക്കും. ചാരിക്കിടക്കുന്ന വാതില്‍ പതിയെ തുറന്നു കട്ടിലില്‍ കയറി അവരെ കെട്ടിപ്പിടിച്ചു ഞാന്‍ എന്റെ അമ്മയെ പുറത്തുകൊണ്ടുവരാന്‍ നോക്കും; എത്ര ശ്രമിച്ചാലും കാര്യങ്ങള്‍ പഴയ ചിട്ടവട്ടങ്ങളിലക്ക് തിരിച്ചെത്താന്‍ രണ്ടുമൂന്ന് ദിവസം പിടിക്കും.

ഇപ്പോള്‍ ഈ നിമിഷം; ഞാന്‍ റെമി സിസ്റ്റര്‍ ക്ലാസ്സ് ടീച്ചറായുള്ള 2-ബിയില്‍ പഠിക്കുന്ന എട്ട് വയസ്സുകാരിയാണ്; അന്നും പതിവ് ബഹളത്തോടെ ജോസ് ചേട്ടന്‍ വീട്ടില്‍ വന്ന ഒരു ദിവസമായിരുന്നു.
പത്താംക്ലാസ്സില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് കിട്ടിയ കുട്ടിയെന്നും മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ട് പഠനം പൂര്‍ത്തിയാക്കാത്ത ആളെന്നും ഇപ്പോഴേതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊലയാളി സ്‌ക്വാഡിലാണെന്നു സംശയം പറഞ്ഞ് നേശ്ശേരി പേരമ്മ പതം പറഞ്ഞു കരയുന്ന ആളുമാണ് സ്വീകരണമുറിയില്‍ നില്‍ക്കുന്നത്.

വാതില്‍ക്കല്‍നിന്നു ഞാനയാളെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു.

അവിടിവിടെ കരിപറ്റിയ ചവിണ്ട നിറത്തിലുള്ള മുഷിഞ്ഞ വെള്ളമുണ്ടാണ് അയാളിട്ടിരുന്നത്. ഷര്‍ട്ടിന്റെ ഇടതുസ്ലീവിലെ തുന്നല്‍ വിട്ടിരിക്കുന്നതു ഞാന്‍ കണ്ടു. മൊരിപിടിച്ചും ഉപ്പൂറ്റി വിണ്ടുകീറിയുമിരിക്കുന്നതുമായ പാദങ്ങളില്‍ ഇട്ടിരിക്കുന്ന റബ്ബര്‍ ചെരിപ്പ് വല്ലാതെ തേഞ്ഞും ചെളിപിടിച്ചതുമായിരുന്നു.

അയാള്‍ ഡൈനിംഗ് ടേബിളില്‍ അമ്മ ഗ്ലാസ് ജഗ്ഗില്‍ എടുത്തുവച്ചിരിക്കുന്ന വെള്ളം എടുത്ത് വായിലേയ്ക്ക് ഒരൊറ്റ കമഴ്ത്ത്, വായ നിറഞ്ഞ്, ഷര്‍ട്ട് നനച്ച് വെള്ളം താഴോട്ടൊഴുകി.

''ഗ്ലാസ് എടുത്ത് വെള്ളം കുടിച്ചാലെന്താ'' എന്ന് അമ്മ ദേഷ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, ദേഷ്യപ്പെട്ടില്ല.

അപ്പുറത്ത് ബൗളില്‍ വച്ചിരിക്കുന്ന പഴങ്ങള്‍ ഒരു മയവുമില്ലാതെ ഉരിഞ്ഞെടുത്ത് അയാള്‍ കഴിച്ചുതുടങ്ങി. കഴിക്കുന്ന മുറയ്ക്ക് പഴത്തൊലി വെള്ളലേസിന്റെ വിരിപ്പിട്ട മേശയിലേയ്ക്ക് മര്യാദയില്ലാതേയും അലക്ഷ്യമായും ഇട്ടുകൊണ്ടിരുന്നു. വായ് തുറന്ന് ചവയ്ക്കരുത്, പന്നിയെപ്പോലെ ശബ്ദമുണ്ടാക്കി കഴിക്കരുത്, കൂനിയിരിക്കാതെ നിവര്‍ന്നിരുന്ന് ആഹാരം കഴിക്കണം എന്നെന്നോട് കര്‍ശനമായി പറയുന്ന അമ്മ ഇതെങ്ങനെയായിരിക്കും കൈകാര്യം ചെയ്യുന്നതെന്നോര്‍ത്ത് ഞാന്‍ ശ്വാസമടക്കി പിടിച്ച് മേശപ്പുറത്തു കിടക്കുന്ന പഴത്തൊലികളേയും അമ്മയേയും ജോസ് ചേട്ടനേയും മാറി മാറി നോക്കി...

''ജോസ് ചേട്ടനാ പഴത്തൊലി മേശയില്‍ വിതറാതെ പ്ലേറ്റിലിട്ടാലെന്താ'' എന്ന് അമ്മ അസഹിഷ്ണുത കാണിക്കുമെന്നു വിചാരിച്ചെങ്കിലും അതുണ്ടായില്ല; പകരം പഴത്തൊലികളെല്ലാം അമ്മ തന്നെ പെറുക്കിയെടുത്ത് പ്ലേറ്റിലേയ്ക്കിട്ടു. എന്നിട്ട് സോഫാ ചൂണ്ടി അമ്മ പറഞ്ഞു:

''ജോസ് ചേട്ടാ അങ്ങോട്ടിരിക്ക്.''

അമ്മ പുതുതായി വാങ്ങിയ, എന്നെ ഇരിക്കാന്‍ സമ്മതിക്കാത്ത ആ സോഫായില്‍ അഴുക്ക് പുരണ്ടിരിക്കുന്നതുപോലെയാണ് അയാളവിടെ ഇരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു തോന്നിയത്.
അമ്മയുടെ ആല്‍ബത്തിലുള്ള ആളേയല്ല ഇയാള്‍. കറുത്ത പേജുകളുടെ ഇടയില്‍ കരകരാന്ന് ശബ്ദം കേള്‍പ്പിക്കുന്ന നേര്‍ത്ത വെള്ളപ്പേപ്പറുള്ള ആ ആല്‍ബത്തില്‍ എനിക്കേറ്റവും ഇഷ്ടമുള്ള രണ്ട് ഫോട്ടോകളാണുള്ളത്. അമ്മയുടെ കയ്യില്‍ സ്വര്‍ണ്ണമുടിയുള്ള ഒരു പാവ. ജോസ് ചേട്ടന്റെ കയ്യില്‍ ഒരു ചുവന്ന കാറ്, ജീവിതത്തിലാദ്യമായിട്ട് സ്റ്റുഡിയോ കണ്ടതിന്റെ അമ്പരപ്പില്‍ ക്യാമറയെ നോക്കി അന്തംവിട്ടിരിക്കുന്ന രണ്ട് കൊച്ചുപിള്ളേര്! ചിരീന്ന് പറയുന്ന സാധനമില്ല രണ്ടുപേരുടേയും മുഖത്ത്.

പിന്നെ വേറെ ഒരു ഫോട്ടോയുള്ളത് ജോസ് ചേട്ടന്‍ കോളേജിലും അമ്മ ഒന്‍പതിലും പഠിക്കുന്ന സമയത്തെടുത്തതാണ്. അതിലാണെങ്കില്‍ ചിരി മാത്രമേ ഉള്ളൂ. ആരോ പറഞ്ഞ തമാശ കേട്ടിട്ടെന്നവണ്ണം അമ്മ തല പിറകോട്ടിട്ട് ചിരിക്കുന്നു. ചിരിക്കുന്ന അമ്മയെ തലചെരിച്ച് വാത്സല്യത്തോടെ നോക്കുന്ന ജോസ് ചേട്ടന്‍. അമ്മയുടെ തോളത്തു വച്ചിരിക്കുന്ന ജോസ്  ചേട്ടന്റെ കയ്യില്‍പ്പോലും അമ്മയോടുള്ള വാത്സല്യം തെളിഞ്ഞു കാണാമായിരുന്നു. നെറ്റിയിലേക്ക് അലസമായി വീണുകിടക്കുന്ന നേര്‍ത്ത കോലന്‍ മുടിയില്‍ അതിസുന്ദരനായിരുന്നു അയാള്‍.

എന്തൊരു ഭംഗിയാണ് രണ്ടുപേരെയും കാണാന്‍! എന്തൊരു പ്രകാശമാണ് ആ ഫോട്ടോയ്ക്ക്!

അതേ ആല്‍ബത്തില്‍ത്തന്നെയാണ് അമ്മ ജോസ് ചേട്ടന് മൂന്നാം റാങ്ക് കിട്ടിയപ്പോള്‍ പത്രത്തില്‍ വന്ന ഫോട്ടോസും വാര്‍ത്തകളും വെട്ടിവച്ചിരിക്കുന്നത്.

ആ ഫോട്ടോയിലുള്ള ആളെയാണ് സോഫായില്‍ ഇരിക്കുന്ന മനുഷ്യനില്‍ ഞാന്‍ തിരഞ്ഞത്. പക്ഷേ, ഫോട്ടോയിലെ ഒരംശംപോലും അയാളിലുണ്ടായിരുന്നില്ല.

അപ്പച്ചന്റെ ഒരേയൊരു പെങ്ങളുടെ ഒരേയൊരു മകനാണ് ജോസ് ചേട്ടന്‍. എല്ലാവരും നേശ്ശേരി പേരമ്മ എന്നു പറയുന്ന ഈ പെങ്ങളുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതുകൊണ്ട് എന്റെ അമ്മയുടെ വീട്ടില്‍ താമസിച്ചാണ് പത്താംക്ലാസ്സ് വരെ ജോസ് ചേട്ടന്‍ സ്‌കൂളില്‍ പോയിരുന്നത്. ആദികുര്‍ബ്ബാനയും സ്ഥൈര്യലേപനവും കല്യാണവും അപ്പച്ചനാണ് അപ്പന്റെ സ്ഥാനത്തുനിന്നു നടത്തിക്കൊടുത്തത്.

പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന ജോസ് ചേട്ടന്‍ പത്തില്‍ റാങ്ക് കിട്ടി കോളേജില്‍ ചേര്‍ന്നപ്പോഴും മദ്രാസ്സില്‍ മെഡിസിനു കിട്ടിയപ്പോഴും അപ്പച്ചനാണ് പഠനച്ചെലവ് മുഴുവന്‍ വഹിച്ചത്. ഇതൊക്കെ പറയുമ്പോള്‍ ഇപ്പോഴും അമ്മയുടെ കണ്ണ് അഭിമാനംകൊണ്ട് തിളങ്ങും.

തറവാട്ടിലെന്തു പരിപാടിയുണ്ടെങ്കിലും രണ്ടു ദിവസം മുന്‍പേ നേശ്ശേരി പേരമ്മ ഉറപ്പായിട്ടും വരും. ജോസ് ചേട്ടന്‍ വരാറില്ലെങ്കിലും പേരമ്മ ചിലപ്പോഴൊക്കെ ജോസ് ചേട്ടന്റെ രണ്ടു പെണ്‍മക്കളെ കൂട്ടത്തില്‍ കൂട്ടാറുണ്ട്.
മേമയുടെ കല്യാണത്തിന് രണ്ടു ദിവസം മുന്‍പേ തറവാട്ടിലേക്ക് പോകാന്‍ റെഡിയായി കല്യാണത്തിനിടാനുള്ള ഡ്രസ്സുകളും മറ്റും എടുത്തുവച്ച് പെട്ടിയടക്കുമ്പോള്‍ അമ്മ പറഞ്ഞു: ''അവിടെ ചെന്ന് പേരമ്മയോട് ജോസ് ചേട്ടനെക്കുറിച്ചൊന്നും ചോദിച്ചേക്കല്ല്. എന്നിട്ടുവേണം പേരമ്മയ്ക്ക് കാറല്‍മാക്‌സ് പുരാണം തുടങ്ങാന്‍.

പിന്നേ ഞാന്‍ ചോദിച്ചിട്ടല്ലേ പേരമ്മ പറയുന്നത് എന്നു ഞാന്‍ മനസ്സിലോര്‍ത്തു. കഴിഞ്ഞ കുടുംബയോഗത്തിനും അവിരാന്‍ ചിറ്റപ്പന്റെ മരിച്ച കുര്‍ബ്ബാനയ്ക്കും റോയി ചാച്ചന്റെ പെരവാസ്‌തോലിക്കും ആരുമൊന്നും ചോദിക്കാതെ തന്നെ പേരമ്മ കാറല്‍മാക്‌സ് പുരാണം തുടങ്ങിയത് അമ്മയ്ക്കറിയാവുന്നതാണ്.
എല്ലാവരും അവരവരുടെ വണ്ടിയില്‍ വരുമ്പോള്‍ പേരമ്മ മാത്രം വിയര്‍ത്തുകുളിച്ച് ബസില്‍ കയറി തറവാട്ടിലെത്തി. അറ്റം വളഞ്ഞ പിടിയുള്ള ഒരു കറുത്തകുട കക്ഷത്തിലും ഒരു വലിയ സഞ്ചി കയ്യിലും പിടിച്ച് പേരമ്മ നടയിറങ്ങി വരുന്നത് ഞങ്ങള്‍ കുട്ടികള്‍ കളിയെല്ലാം നിര്‍ത്തി നോക്കിനിന്നു.

പേരമ്മ വരുമ്പോഴെ അമ്മച്ചി വേഗം കൈപിടിച്ച് അകത്തെ മുറിയിലേയ്ക്ക് കൊണ്ടുപോകുന്നത് എന്തിനാണെന്നു ഞങ്ങള്‍ക്കെല്ലാം അറിയായിരുന്നു.

തിരിച്ചിറങ്ങി വന്നപ്പോള്‍ പേരമ്മ നേരത്തെ ഇട്ടിരുന്ന ചവിണ്ട വെള്ളമുണ്ട് മാറി അമ്മച്ചിയുടെ നല്ല വെള്ളനിറത്തിലുള്ള മുണ്ടും ചട്ടയും ധരിച്ചിരുന്നു, അമ്മച്ചിയുടെ കട്ട് വര്‍ക്ക് ചെയ്ത നേര്യത് ഞൊറിഞ്ഞ് കല്ലുവച്ച ബ്രോച്ച് കുത്തിയിരുന്നു. കാതില്‍ അമ്മച്ചിയുടെ ഏഴുകല്ലിന്റെ കമ്മലും  കഴുത്തില്‍ സ്വര്‍ണ്ണത്തിന്റെ കയറുപിരിയന്‍ മാലയും ഇട്ടിരുന്നു. ബസിറങ്ങി വന്ന പേരമ്മ ഏതിലേ പോയി എന്ന് അത്ഭുതപ്പെടുന്നതുപോലുള്ള, വീടിനും അവിടെയുള്ള ആള്‍ക്കാര്‍ക്കും ചേരുന്ന രീതിയിലുള്ള വേഷപ്പകര്‍ച്ചയാണ് അവിടെ നടന്നത്.

മേമയുടെ സ്തുതി വാങ്ങിക്കാന്‍ പേരമ്മ മുന്നോട്ടു വന്നപ്പോള്‍ വല്ല്യമമ്മിയുടെ ദീവാച്ചി എന്റെ ചെവിയില്‍ പറഞ്ഞു: ''പേരമ്മ കുത്തിയിരിക്കുന്ന ബ്രോച്ച് കണ്ടോ? അതമ്മച്ചിക്ക് എന്റമ്മ ക്രിസ്തുമസിനു കൊടുത്തതാ. പൂക്കൂടയുടെ ആകൃതിയില്‍ വെള്ളയും മജന്തയും നിറത്തിലുള്ള കല്ല് പിടിപ്പിച്ച ഒരു ബ്രോച്ചായിരുന്നു അത്.
പേരമ്മ ഇട്ടിരുന്ന വെള്ളയില്‍ പിങ്ക് പൂക്കള്‍ കട്ട് വര്‍ക്ക് ചെയ്ത നേര്യത് എന്റെ അമ്മ അമ്മച്ചിക്ക് സമ്മാനം കൊടുത്തതാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാനത് ദീവാച്ചിയോട് പറഞ്ഞില്ല.

പേരമ്മയും ആന്റിമാരും നടുമുറിയിലെ വലിയ കട്ടിലില്‍ നിരന്നു കിടന്നും തളത്തിലെ തറയില്‍ വട്ടത്തിലിരുന്നും അടുക്കള വരാന്തയിലെ അരഭിത്തിയിലിരുന്നും ജാഗ്രതയോടെ ശബ്ദം താഴ്ത്തി ഞങ്ങള്‍ കുട്ടികള്‍ കേള്‍ക്കാതെ സംസാരിച്ചു.

എത്ര രഹസ്യമായി സംസാരിച്ചാലും പേരമ്മ തിളച്ചുമറിഞ്ഞ് ആവിയാക്കി വിടുന്ന കാറല്‍മാക്‌സ് അവിടെയെല്ലായിടത്തും പറ്റിപ്പിടിച്ചിരിപ്പുണ്ടാവും.

''ആ കാറല്‍മാക്‌സ് ഒറ്റയൊരുത്തനാ എന്റെ ജോസിനെ കൊണ്ടോയി ചീത്താക്കീത്...
ഒരു കോഴിയെ കൊല്ലാമ്പോലും പേടിയായിരുന്നവനാ...''

''പത്താംക്ലാസ്സുവരെ അല്‍ത്താര ബാലനായിരുന്നില്ലേ എന്റെ ജോസ്. ആ ചെകുത്താനാ അവനെ കൊണ്ടോയി കുഴീല്‍ ചാടിച്ചെ...''

കിതപ്പും കരച്ചിലുംകൊണ്ട് പേരമ്മയ്ക്ക് തുടരാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്വതവേ വെളുത്തമുഖം ചുവന്നു തുടുത്ത് ചാമ്പങ്ങാ പോലെയാകുന്നത് ഞങ്ങളെല്ലാവരും സങ്കടത്തോടെ നോക്കിനിന്നു.

''ഇതാരാണീ കാറല്‍മാക്‌സ്?''

''എന്താണയാള്‍ ചെയ്തത്?''

''ജോസ് ചേട്ടനെങ്ങനെയാ ചീത്ത കൂട്ടുകെട്ടില്‍പ്പെട്ടത്?''

ഞങ്ങള് പിള്ളേര്‍ക്ക് സംശയമടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അടുക്കള വശത്തുള്ള പേരയ്ക്കാമാവിന്റെ ചുവട്ടിലിരുന്ന് കാറ്റത്ത് വീണ മാങ്ങാ പെറുക്കുമ്പോള്‍ കാറല്‍മാക്‌സും ഞങ്ങളുടെ കൂടെ മാങ്ങാ പെറുക്കാന്‍ കൂടി. പശുവിനെ കുളിപ്പിക്കുന്നത് കാണാന്‍ താഴത്തെ കിണറ്റുകരയുടെ തിട്ടയില്‍ നിരന്നിരുന്നപ്പോള്‍ കാറല്‍മാക്‌സ് എന്റേയും ദീവാച്ചിയുടേയും ഇടയില്‍ കയറിയിരുന്നു. പാഷന്‍ ഫ്രൂട്ടിന്റെ ബലമുള്ള വള്ളികളില്‍ തൂങ്ങിക്കിടന്ന് ഊഞ്ഞാലാടിയപ്പോള്‍ ഇച്ചാച്ചന്റെ മാര്‍ട്ടി ഏറ്റവും ഉയരത്തില്‍ ആട്ടിവിട്ടത് കാറല്‍മാക്‌സിനെയാണ്. അപ്പച്ചന്‍ രാത്രി കിടക്കുന്നതിനുമുന്‍പ് കുടിക്കുന്ന അരിഷ്ടം മേമയുടെ കല്യാണത്തലേന്ന് ഞങ്ങളാദ്യമായി ആരും കാണാതെ രുചിച്ചു നോക്കിയ ദിവസവും ഞങ്ങള്‍ കാറല്‍മാക്‌സിനെ കൂട്ടത്തില്‍ കൂട്ടാന്‍ മറന്നില്ല.

''ഈ പേരമ്മ എപ്പഴും പറയുന്ന ദുഷ്ടന്‍ കാറല്‍മാക്‌സില്ലേ, അത് നമ്മുടെ അപ്പച്ചനോട് എപ്പഴും വന്നു വഴക്കുണ്ടാക്കുന്ന കുന്നേല്‍ പേരപ്പന്റെ മോനാ.''

ഇച്ചാച്ചന്റെ മാര്‍ട്ടി പറഞ്ഞു:

''ഒന്നു പോടാ. കുന്നേ പേരപ്പന്റെ മോനൊന്നുവല്ല കാറല്‍മാക്‌സ്. നമ്മടെ ജോസ് ചേട്ടന്റെ കൂടെ ഒന്നാം ക്ലാസ്സ് തൊട്ട് ഒരുമിച്ച് പഠിച്ചതാ, അവര്‍ വല്ല്യ കൂട്ടായിരുന്നു.'' അറിവാളത്തി ദീവാച്ചി പറഞ്ഞാല്‍ പിന്നെ ആര്‍ക്കും എതിരില്ല.

അരിഷ്ടം രുചി നോക്കാന്‍ കിട്ടിയ സന്തോഷത്തില്‍ ഇച്ചാച്ചന്റെ മാര്‍ട്ടി പറഞ്ഞ പൊട്ടത്തരം കേട്ട് ഞങ്ങളെല്ലാവരും ഉറക്കെയുറക്കെ ചിരിച്ചു.

മേമയുടെ കല്യാണം കഴിഞ്ഞു പോകുമ്പോള്‍ അപ്പച്ചന്‍ എല്ലാവര്‍ക്കും വാഴക്കുലയും ചക്കയും ചേനയും കപ്പയും ഞാവല്‍പ്പഴങ്ങളും ആനിക്കാവിളയും തന്നുവിട്ടു. ഞങ്ങളുടെ വണ്ടിയില്‍ അപ്പച്ചന്‍ വച്ചുതന്നിരുന്നത് അവകാശപ്പൊതികളായിരുന്നു.

പേരമ്മയ്ക്കുള്ളത് ഔദാര്യപൊതികളും.

പേരമ്മയെ ബസ്സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് അമ്മ പറഞ്ഞപ്പോള്‍ അപ്പ തറപ്പിച്ചൊരു നോട്ടം നോക്കി.

''എന്നിട്ടുവേണം പൊലീസ് വീട്ടിലെത്താന്‍.''

അമ്മ അതു കേള്‍ക്കാതെ, കാലു വലിച്ചുനീട്ടി നടന്ന പേരമ്മയോട് പറഞ്ഞു:

''പേരമ്മ് ഇങ്ങ് കേറിക്കേ, ഞാന്‍ വീട്ടിലിറക്കാം.''

ചില വിശിഷ്ടാതിഥികള്‍ വരുമ്പോഴല്ലാതെ ബാക്കിയെല്ലാ സമയത്തും പേരമ്മയുടെ കൂടെ തറവാട്ടില്‍ വരുന്ന ജോസ് ചേട്ടന്റെ പെണ്‍മക്കളോട് എല്ലാവരും സ്‌നേഹത്തില്‍ത്തന്നെയാ പെരുമാറിയിരുന്നത്. തലശ്ശേരി പിതാവിന്റെ കൈ മുത്താന്‍ ഞങ്ങള്‍ പിള്ളേരെല്ലാം വരിവരിയായി പോയപ്പോഴും ജോണി പേരപ്പന്റെ കൂടെ മുഖ്യമന്ത്രി കാപ്പികുടിക്കാന്‍ വീട്ടില്‍ വന്നപ്പോഴും ആ രണ്ടു പെണ്‍കുട്ടികളും വേറെ ആരോ ആയി മാറി. എന്റെ പഴയ നീലയുടുപ്പും ദീവാച്ചിയുടെ വെള്ള ഫ്രില്ല് വച്ച ഫ്രോക്കുമിട്ട് മിടുക്കികളായിട്ടാണ് അവരു നിന്നിരുന്നതെങ്കിലും ''ജോസിന്റെ പിള്ളേരാ'' എന്ന ആ രണ്ട് വാക്ക് അവരെ വക്ക് പൊട്ടിയ ഉപയോഗശൂന്യമായ ചില്ലുപാത്രങ്ങളാക്കി മാറ്റി. ജോസ് ചേട്ടന്റെ അസാന്നിദ്ധ്യത്തിലും അവര്‍ ജോസ് ചേട്ടനായി മാറുന്നതു ഞാന്‍ കണ്ടു.

അന്നവരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ പേരമ്മ കരച്ചില്‍ തുടങ്ങി.

''ഈയെമ്മസ്സും ഗൗരിയമ്മേം പാര്‍ട്ടിക്ക് സ്ഥലം കൊടുത്തിട്ടുണ്ടേല്‍ അവര്‍ക്കതിനുള്ള മെച്ചോണ്ടായിട്ടുണ്ടേ.''

''എന്റെ ജോസ് അവന്റെ വീതം മുഴുവന്‍ പാര്‍ട്ടിക്കെഴുതിക്കൊടുത്തിട്ട് അവനെന്നാ കിട്ടി? അവനീ ചെയ്തുകൂട്ടുന്നതിന്റെയൊക്കെ ഉത്തിരിപ്പുകടം ആര് തീര്‍ക്കും എന്റെ മാതാവേ.''

''പേരമ്മ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ. ദൈവത്തിനു നിരക്കാത്തതൊന്നും ജോസ് ചേട്ടന്‍ ചെയ്യില്ലാന്ന് എനിക്കുറപ്പുണ്ട്.''

അമ്മയുടെ സ്വരത്തിലെ ഉറപ്പും ദൃഢതയും ഒരു തരിപോലും പേരമ്മയെ തൊട്ടില്ലെന്നു മാത്രമല്ല, കഴുത്തില്‍ ഇഴപിരിഞ്ഞുകിടക്കുന്ന വെന്തിങ്ങയും സ്വര്‍ണ്ണമാലയും ഒരുമിച്ച് കൂട്ടിപ്പിടിച്ച് പേരമ്മ പതിവ് വായ്ത്താരി തുടങ്ങി:

''എന്റെ ജോസ് എന്നാമിടുക്കനായിരുന്നു.

ആ ദുഷ്ടനാ എന്റെ കൊച്ചിനെ വഴിതെറ്റിച്ചേ...''

ജോസ് ചേട്ടനെക്കുറിച്ചുള്ള അമ്മയുടെ ഉറപ്പ് ഞങ്ങള്‍ കുട്ടികളേയും തൊടാത്തതുകൊണ്ട്  എല്ലാമാസവും കൂടുന്ന കുടുംബയോഗത്തില്‍ ഞങ്ങള്‍ കുട്ടികള്‍ പല പല നിഗമനങ്ങള്‍ ആധികാരികമായി നടത്തി.
ജോസ് ചേട്ടന്റെ എളിയിലാണ് കത്തി സൂക്ഷിക്കുന്നത് എന്നു പറയുന്നവര്‍ ഒരു ടീം. അല്ല ഷൂസിന്റെ സൈഡിലാണ് കത്തിയെന്ന് പറയുന്നവര്‍ വേറെ ഒരു ടീം. കത്തിയുടെ മൂര്‍ച്ച എനിക്ക് വല്യപേടിയായിരുന്നതുകൊണ്ടും വെടിയുണ്ട പാഞ്ഞുവന്ന് ടപ്പേന്ന് മരിക്കുന്നതിനാണ് കൂടുതല്‍ സ്‌റ്റൈല്‍ എന്നുറച്ചു വിശ്വസിച്ചിരുന്നതുകൊണ്ടും ജോസ് ചേട്ടന്‍ തോക്കാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞ ടീമിലായിരുന്നു ഞാന്‍.

''പാവങ്ങളെ ഉപദ്രവിക്കുന്ന ദുഷ്ടന്മാരെയാ ജോസ് ചേട്ടന്‍ കൊല്ലുന്നത്.''

-മാര്‍ട്ടി പറഞ്ഞു.

ഇന്നാളൊരിക്കല്‍ ജോസ് ചേട്ടന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കയ്യില്‍ ചോരക്കറ കണ്ടു എന്ന് മാര്‍ട്ടി പറഞ്ഞപ്പോള്‍ അതു നുണയാണെന്ന് റാണി മേമയുടെ ജോപ്പന്‍ പറഞ്ഞു. കൊലയാളി സ്‌ക്വാഡില്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിശീലനമുണ്ടത്രേ. മര്‍മ്മസ്ഥാനം നോക്കി കുത്താന്‍ പഠിപ്പിക്കുന്നതുകൊണ്ട് ചോര ഒരു തുള്ളിപോലും വരില്ലാത്രേ.

കൂടുതല്‍ സമയവും മാര്‍ട്ടി വിഡ്ഢിത്തമേ പറയാറുള്ളൂ എങ്കിലും ജോസ് ചേട്ടന്‍ കൊല്ലുന്നത് ദുഷ്ടന്മാരെയാണ് എന്നു കേട്ടപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം കുറച്ച് ആശ്വാസം തോന്നി.
പക്ഷേ, അപ്പോഴും ജോസ് ചേട്ടനെക്കൊണ്ട് ആ 
ചെകുത്താന്‍ ഇതൊക്കെ എങ്ങനെയാണ് ചെയ്യിക്കുന്നത് എന്നുള്ള ഞങ്ങള് പിള്ളേര് സെറ്റിന്റെ സംശയം ബാക്കി.

കത്തിയെടുത്ത് കയ്യില്‍ തന്നിട്ട് എതിര്‍ക്കുന്നവരെയൊക്കെ തലങ്ങും വിലങ്ങും കുത്താന്‍ പറയുന്ന ക്രൂരനായിരുന്നു എനിക്കാ പിശാച്, കറുത്ത നീളന്‍കോട്ടും തലയില്‍ കറുത്ത കൂന്തന്‍ തൊപ്പിയും കറുത്ത നീളന്‍ താടിയും വച്ച്
''എനിക്ക് കുട്ടികളെ വേണം, കൊല്ലാനറപ്പില്ലാത്ത കുട്ടികളെ വേണം ഹഹഹ'' ക്രൂരമായി അട്ടഹസിക്കുന്ന ജോസ് ചേട്ടന്റെ കൂട്ടുകാരന്‍ കാറല്‍മാക്‌സിനെ ഞാന്‍ സങ്കല്പിച്ചുനോക്കി.

''എന്റെ കുടുംബത്തിലെ കുട്ടികളെ വെറുതേ വിടാന്‍ ദയ കാണിക്കണം; പ്ലീസ് പ്ലീസ്'' ആ രാക്ഷസന്റെ മുന്നില്‍ നിലത്തു മുട്ടുകുത്തി നിന്നു കൈകൂപ്പി കരഞ്ഞു യാചിക്കുന്ന നേശ്ശേരി പേരമ്മയേം ഞാന്‍ സങ്കല്പിച്ചു.

ആ താടിക്കാരന്‍ ചെകുത്താന്‍ പറയുന്നതും കേട്ട് നടന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നതോ പോട്ടെ, ശുദ്ധീകരണസ്ഥലത്തുപോലും പ്രവേശനം കിട്ടില്ല എന്നു കേട്ടു ഞാന്‍ പേടിച്ചുവിറച്ചു. രാത്രി കുരിശുവരക്കുന്ന സമയത്ത്
''മരിച്ചുകഴിഞ്ഞാല്‍ എന്റെ ജോസ് നിത്യാഗ്‌നിക്ക് നടുവിലായിരിക്കും''

എന്നു പറഞ്ഞ് നേശ്ശേരി പേരമ്മ മാതാവിന്റെ രൂപത്തിനു മുന്നില്‍ മുട്ടുകുത്തിനിന്നു കരയുന്നത് ഞങ്ങള്‍ കുട്ടികളെല്ലാം വിഷമത്തോടെ നോക്കിയിരുന്നു. തീയുടെ ചൂട് തട്ടി രാത്രി ഞാന്‍ ഉറക്കത്തില്‍നിന്നു വെപ്രാളപ്പെട്ടെഴുന്നേറ്റു.

ഞങ്ങളുടെ കുടുംബത്തില്‍നിന്ന് ഇനിയൊരാളും അയാളുടെ പിടിയില്‍ പെടാതിരിക്കാനായി ഉറപ്പുള്ള ഒരു മാനിഫെസ്റ്റോ പേരമ്മ ഞങ്ങള്‍ക്കെല്ലാം വിതരണം ചെയ്തു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് കിടക്കയുടെ നാലുവശത്തും കുരിശു വരയ്ക്കാന്‍ തുടങ്ങീതുപോലും അതിന്റെ ഭാഗമായിട്ടാണ്. കറുത്ത ചരടിലായി മുന്നിലും പുറകിലുമുള്ള പ്ലാസ്റ്റിക് ചതുരത്തില്‍ പുണ്യാളന്മാര്‍ കയറിയിരിക്കുന്ന വെന്തിങ്ങ കഴുത്തിലിട്ടാല്‍ ജോസ് ചേട്ടനെ കൊണ്ടുപോയ പൈശാചിക ശക്തി ഞങ്ങളെ തൊടില്ല എന്ന് പേരമ്മ പറഞ്ഞപ്പോള്‍ ഞാനും ദീവാച്ചിയും വിശ്വസിച്ചില്ല. പത്താംക്ലാസ്സ് വരെ അള്‍ത്താര ബാലനായി നമസ്‌കാരങ്ങളും കൊന്തയും കുമ്പസാരവും മുടക്കാത്ത ജോസ് ചേട്ടന്‍ ഒരു കൂട്ടുകാരന്‍ വന്നു വിളിച്ചപ്പോഴേക്കും അതെല്ലാം ഉപേക്ഷിച്ച് പാട്ടും പാടി കൂടെ പോയില്ലേ, അപ്പോള്‍ പിന്നെ നമ്മളീ മുന്‍കരുതലുകളെടുക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ എന്നു ഞങ്ങള്‍ സംശയാലുക്കളായി.

അതു ഞാന്‍ അമ്മയോടു ചോദിച്ചു. നല്ല പിച്ചു കിട്ടി അതിനു മറുപടിയായിട്ട്.

കയ്യിലൊരു തോക്കും വീര പരിവേഷവും കൊടുത്ത് ഞാന്‍ മനസ്സില്‍ വച്ചിരുന്ന ആളാണ് ഒരു വീരത്വവുമില്ലാതെ ഇപ്പോള്‍ എന്റെ അമ്മയുടെ സോഫായില്‍ ഇരിക്കുന്നത്.

''മോളിങ്ങുവന്നേ,'' പോകണോ വേണ്ടയോന്ന് സംശയിച്ച് ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.

സാധാരണ ജോസ് ചേട്ടന്‍ വരുമ്പോള്‍ താഴേയ്ക്ക് ഇറങ്ങിവരരുതെന്നാണ് അപ്പയുടെ ഓര്‍ഡര്‍. ജോസ് ചേട്ടന്‍ ചോദിക്കുമ്പോള്‍ പറയാനായി റ്റിയൂഷന്‍, സ്പെഷ്യല്‍ ക്ലാസ്സ്, ഡാന്‍സ് ക്ലാസ്സ് എന്നീ പതിവ് നുണകളെ അപ്പയെ പേടിച്ച് അമ്മ റ്റിപ്പ് റ്റോപ്പായിട്ട് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

പോയിരുന്നു പഠിക്ക് എന്ന് അമ്മ കണ്ണുരുട്ടാത്തതുകൊണ്ട് ഞാന്‍ മടിച്ച് മടിച്ച് അയാളുടെ അടുത്തേക്ക് നടന്നു.

തലമുറകള്‍ ചാടിക്കടന്ന് എന്റെ വല്ല്യവല്ല്യമ്മച്ചിയുടെ കണ്ണുകള്‍ എനിക്കു കിട്ടിയപ്പോള്‍ അമ്മയുടെ തലമുറയില്‍ അതു കിട്ടിയത് ജോസ് ചേട്ടനു മാത്രം. വെള്ളാരങ്കല്ലിന്റെ നിറമെന്ന് വീട്ടുകാരും കൂട്ടുകാരും പറയുന്ന നാലുകണ്ണുകളാണ് അവിടെ പരസ്പരം നോക്കിയത്.

''തങ്കേ ഒരോ തവണ ഇവളെ കാണുമ്പോഴും ഞാന്‍ വിചാരിക്കും നീയാ പ്രായത്തില്‍ ഇരുന്നപോലെ തന്നെ. നിന്റെ അതേ ചിരീം.''

ഇതു പറഞ്ഞിട്ട് ജോസ് ചേട്ടന്‍ കുനിഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ തന്നു. അയാള്‍ കാണാതെ ഞാന്‍ ആ ഉമ്മ തുടച്ചുകളഞ്ഞു.

അയാളുടെ കയ്യില്‍ ചോരക്കറയുണ്ടെന്ന് ഇച്ചാച്ചന്റെ മാര്‍ട്ടി പറഞ്ഞതോര്‍ത്ത് ഞാന്‍ ആ കയ്യിലേയ്ക്ക് രഹസ്യമായി സൂക്ഷിച്ചുനോക്കി, മാര്‍ട്ടി പറഞ്ഞത് സത്യമാണോ എന്നെനിക്കറിയണമെന്നുണ്ടായിരുന്നു; ജോസ് ചേട്ടന്‍ നോക്കാത്തപ്പോഴെല്ലാം ഞാന്‍ വീണ്ടും വീണ്ടും വിരലുകളിലേക്ക് സൂക്ഷിച്ചുനോക്കി. കയ്യിലെന്തോ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിരലുകളില്‍ ചെളി പിടിച്ചിരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. അതു ചോരയാവില്ല. വിരലൊന്ന് വിടര്‍ത്തിയിരുന്നെങ്കില്‍ അതു ചോരയാണോന്ന് നോക്കാമായിരുന്നു എന്നു വിചാരിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്രതീക്ഷിതമായി ജോസ് ചേട്ടന്‍ ചോദിച്ചു:

''ഏതു ക്ലാസ്സിലാ മോള്.''

''2 ബി.''

''സ്‌കൂളിലെന്തൊക്കെയുണ്ട് വിശേഷങ്ങള്‍. ഇന്നെന്നാ പഠിപ്പിച്ചേ?''

അമ്മയുടെ ഫോട്ടോയിലെ അതേ ചിരിയില്‍ ജോസ് ചേട്ടന്റെ കണ്ണുകള്‍ തിളങ്ങി.

സയന്‍സ് ക്ലാസ്സില്‍ റെമി സിസ്റ്റര്‍ ഹൈറ്റൈഡും ലോറ്റൈഡും പഠിപ്പിക്കുന്ന സമയത്ത് ക്ലാസ്സിലിരുന്ന് വര്‍ത്തമാനം പറഞ്ഞതിനു പുറത്തിറക്കിവിട്ട ദിവസമായിരുന്നു അത്. അക്കാര്യം പറയണോ വേണ്ടയോ എന്നൊരു ചിന്താക്കുഴപ്പത്തിലായി ഞാന്‍. അമ്മ രണ്ടു വശത്തും ഇറുക്കിക്കെട്ടിയിരിക്കുന്ന മുടിപിന്നല്‍ മുന്നോട്ടും പുറകോട്ടും എറിഞ്ഞുകൊണ്ട് ഞാന്‍ ജോസ് ചേട്ടനോട് ഹൈറ്റൈഡും ലോറ്റൈഡും തമ്മിലുള്ള വ്യത്യാസം വിവരിച്ചു.

സയന്‍സ് പഠിപ്പിക്കുന്ന റെമി സിസ്റ്ററിനെക്കാളും എനിക്കിഷ്ടം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആനി റോസിലിന്‍ സിസ്റ്ററിനെയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജോസ് ചേട്ടന്‍ ഉറക്കെ ചിരിച്ചുകൊണ്ട് അമ്മയെ നോക്കി പറഞ്ഞു: ''എന്റെ തങ്കേ ഇവള്‍ നിന്നെപ്പോലൊരു പരാതിപ്പെട്ടിതന്നെ.''
എന്നിട്ട് എന്റെ കവിളില്‍ തട്ടി.

''ഇത് എന്റെ കൊച്ചിന്.''

എന്നു പറഞ്ഞ് കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കുഞ്ഞു സ്റ്റിക്കര്‍ എനിക്കു നീട്ടി.

പേരമ്മ കഴുത്തിലിടാന്‍ തരുന്ന വെന്തിങ്ങയിലെ പുണ്യാളനെപ്പോലൊരു മുഖമായിരുന്നു സ്റ്റിക്കറില്‍.

പെട്ടെന്നെനിക്ക് റെമി സിസ്റ്റര്‍ ക്ലാസ്സീന്ന് ഇറക്കിവിട്ടത് ജോസ് ചേട്ടനോട് പറയണമെന്നു തോന്നി. ''ഇന്ന് ക്ലാസ്സിലിരുന്ന് ജോസഫ് ജോര്‍ജിനോട് വര്‍ത്താനം പറഞ്ഞതിന് റെമി സിസ്റ്ററെന്നെ ക്ലാസ്സിനു പുറത്തിറക്കി നിര്‍ത്തി, ആ പീരീഡ് മുഴുവന്‍ ഞാന്‍ പുറത്തായിരുന്നു.''

അത്രയും പറഞ്ഞപ്പോഴേയ്ക്കും ക്ലാസ്സില്‍ വച്ച് തോന്നിയ നാണക്കേടും അപമാനവും എന്റെ കണ്ണുനിറച്ചു. ജോസ് ചേട്ടനെന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു,

''സാരല്ല മോളെ, ക്ലാസ്സില് മാത്രല്ല പഠിക്കാനുള്ളത്, ക്ലാസ്സിനു പുറത്തും കുറേ കാര്യങ്ങള് പഠിക്കാനുണ്ട്.''
ഇതുകേട്ട് നിന്ന അമ്മയ്ക്ക് എന്തുകൊണ്ടോ അതിഭയങ്കര ദേഷ്യം വന്നു. ''നിനക്ക് നാളെ സ്‌കൂളുള്ളതല്ലേ! നിന്റെ മുറില്‍ പോയിരുന്നാ ഹോം വര്‍ക്ക് ചെയ്‌തേ'' -അമ്മയുടെ സ്വരത്തിന് പതിവില്‍ കൂടുതല്‍ കട്ടിയുണ്ടായിരുന്നു.

അവിടെത്തന്നെ നില്‍ക്കണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയെ പേടിച്ച് ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു. കതക് ഒരു പാളി ചാരി അതിന്റെ പുറകില്‍ നിന്നു; ശ്വാസം പുറത്തേക്ക് വിട്ടാല്‍ ഞാന്‍ അവിടെ നില്‍ക്കുന്നത് അമ്മ മനസ്സിലാക്കിയാലോ എന്നു പേടിച്ച് ഞാന്‍ ശ്വാസമെടുക്കുന്നതേ നിര്‍ത്തി.
അമ്മ ജോസ് ചേട്ടനോട് എന്തൊക്കെയോ ശബ്ദം താഴ്ത്തി പറയുന്നതു കേട്ടു. ഇടയ്ക്കിടക്ക് അമ്മയുടെ ഒച്ച ഉയരുന്നുണ്ടായിരുന്നു.

''അങ്ങനെ വെറുതേ ആള്‍ക്കാരു പറയില്ലല്ലോ...''

''എന്റെ തങ്കേ ഞാനിന്നു വരെ... ഒരു മനുഷ്യനേയും... നീയും കൂടി ഇങ്ങനെ പറഞ്ഞാലോ.''

അമ്മയുടെ സ്വരം വീണ്ടുമുയര്‍ന്നു:

''എന്റടുത്ത് കള്ളം പറയരുത്...'' നിങ്ങളും നിങ്ങളുടെ ആള്‍ക്കാരും വല്ല്യ പരിശുദ്ധന്മാരല്ലേ...''

''നിന്നെപ്പോലെ ഞാനും പത്രത്തീന്നാ ആ വാര്‍ത്ത കണ്ടത്...''

ജോസ് ചേട്ടന്റെ ശബ്ദത്തിനു തളര്‍ച്ചയുള്ളതുപോലെ തോന്നി. ആ തളര്‍ച്ചയുടെ മീതെ ചവിട്ടിക്കയറി അമ്മയുടെ സ്വരത്തിലെ താക്കീത്:

''ഇനി മേലാല്‍... ഇവിടെ വരരുത്...'' ആഴത്തില്‍നിന്നുള്ള കടുപ്പം അമ്മയുടെ സ്വരത്തിലുണ്ടായിരുന്നു.
അമ്മയുടേയും ജോസ് ചേട്ടന്റേയും വാക്കുകള്‍ ഇടകലര്‍ന്നും മുറിഞ്ഞും പലതും എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കേട്ട കാര്യങ്ങളില്‍നിന്ന് എനിക്ക് വളരെ കുറച്ചുമാത്രമേ മനസ്സിലായുള്ളൂ. പക്ഷേ, എല്ലാറ്റിന്റേയും ആകെത്തുക ഇതായിരുന്നു: ഇനി മേലാല്‍ ജോസ് ചേട്ടന്‍ ഈ വീട്ടില്‍ വരരുത്.
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയുടെ മുറിയുടെ കതക് ആഞ്ഞടയുന്ന ശബ്ദവും അടക്കിയുള്ള കരച്ചിലും ഞാന്‍ കേട്ടു. അല്പനേരം കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ കതകടയുന്ന ശബ്ദം കേട്ടു. പുറത്ത് ചരലുകള്‍ ഞെരിയുന്നതും കേട്ടു.

ഞാനോടിപ്പോയി ജനാലയില്‍ പിടിച്ചു കയറിനിന്നു പുറത്തേക്കു നോക്കി, രണ്ട് പാളികളുള്ള മരത്തിന്റെ ജനലായിരുന്നു അത്. താഴത്തെ പാളിയടഞ്ഞും മുകളിലത്തെ പാളി തുറന്നുമാണ് കിടന്നിരുന്നത്.
ജോസ് ചേട്ടന്‍ പുറത്തേ ഗേറ്റിന്റെ അഴിയില്‍ പിടിച്ചുനില്‍ക്കുന്നു. മുണ്ടിന്റെ കുത്തഴിഞ്ഞത് ഒരു കൈകൊണ്ട് വാരിപ്പിടിച്ച് ആ കൈകൊണ്ട് തന്നെ കണ്ണു തുടയ്ക്കുന്നു. ഒരു കാലിലെ തേഞ്ഞ് തീരാറായ ചെരിപ്പ് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

ജനല്‍ക്കമ്പിയില്‍ പിടിച്ചിരുന്ന എന്റെ വിരലുകള്‍ വേദനിക്കുന്നതുവരെ എന്റെ കണ്ണുകള്‍ ജോസ് ചേട്ടനു ചുറ്റും, അയാളുടെ സങ്കടത്തിനു ചുറ്റും വളരെ സാവധാനം സഞ്ചരിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് ജോസ് ചേട്ടന്റെ കൂടെ ചേര്‍ന്നുനില്‍ക്കുന്ന ഒരു നിഴല്‍ എന്റെ കണ്ണില്‍പ്പെട്ടത്. തല നിറയെ വെളുത്ത മുടിയുള്ള, വെളുത്ത താടിയുള്ള കറുത്ത കോട്ടിട്ട ഒരാള്‍. ജനാലയ്ക്കലെ എന്റെ സാന്നിദ്ധ്യം അറിഞ്ഞിട്ടെന്നപോലെ അയാള്‍ തലപൊക്കി എന്നെ നോക്കി. ഒരൊറ്റ നോട്ടം!
എന്റെ കൂടെ വളര്‍ന്ന് വലുതായി ആ നോട്ടം.

പിന്നീടൊരിക്കലും ഞാന്‍ ജോസ് ചേട്ടനെ കണ്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com