'ജീവനം'- ധന്യാരാജ് എഴുതിയ കഥ

By ധന്യാരാജ്  |   Published: 06th January 2022 05:47 PM  |  

Last Updated: 06th January 2022 05:47 PM  |   A+A-   |  

STORY

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

 

മുന്‍പ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന രുക്മിണി എന്ന സ്ത്രീയുടെ വീട് അന്വേഷിച്ചു കണ്ടെത്താന്‍ ഹേമയ്ക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ ഒരു കുന്നിന്റെ മുകളിലായിരുന്നു വീട്. അവിടേക്കുള്ള വഴിയില്‍ ചെറിയ മണ്‍തിട്ടകളുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ ആളുകള്‍ ചവിട്ടിക്കയറിയ അടയാളങ്ങളും കാണാം. ഒരു കാലിനു സ്വാധീനക്കുറവുള്ള മുടന്തനായ ഒരു മനുഷ്യനും അവിടെ താമസിക്കുന്നുണ്ടെന്നു കേട്ടിരുന്നു. അയാളെങ്ങനെ കുന്നു കയറി അവിടെയെത്തിയെന്നു ഹേമ അതിശയിച്ചു.

മുറ്റത്തെങ്ങും ആരെയും കാണാനില്ലായിരുന്നു. ഹേമ അടഞ്ഞ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. തൊട്ടടുത്ത പറമ്പില്‍നിന്നും അലസമായി നടന്നുവന്ന ഒരു പൂച്ച പെട്ടെന്ന് ഒന്ന് ഞെട്ടിയിട്ട് വന്ന വഴിയിലൂടെ തിരിച്ചോടിപ്പോയി.

അപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. ഹേമ ജിജ്ഞാസയോടെ അവരെ സൂക്ഷിച്ചുനോക്കി. അവരുടെ രൂപം സത്യത്തില്‍ അവളെ നിരാശപ്പെടുത്തി. നന്നേ മെലിഞ്ഞ്, ഉയരം കുറഞ്ഞ്, തീര്‍ത്തും അനാകര്‍ഷകമായിരുന്നു അത്. അവരുടെ മുഖത്ത് ഉന്തിയ കവിളെല്ലുകള്‍ ഓര്‍മ്മത്തെറ്റുകള്‍പോലെ കാണപ്പെട്ടു. ജീവനില്ലാത്ത കണ്ണുകളില്‍ പക്ഷേ, ഒരു തീക്കനല്‍ കെടാതെ എരിയുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം. മുഷിഞ്ഞ ഒരു മാക്‌സിയാണ് വേഷം. അതിന്റെ ഒരു വശം കരിയും അഴുക്കും പറ്റി ഇരുണ്ടുപോയിരിക്കുന്നു. 

'രക്ഷ' എന്ന സ്ത്രീപക്ഷ മാസികയില്‍നിന്നാണെന്നും ഒരു ഫീച്ചറിനുവേണ്ടി അവരുടെ ജീവിതം പകര്‍ത്തുകയാണ് ഉദ്ദേശ്യമെന്നും ചുരുങ്ങിയ വാക്കുകളില്‍ ഹേമ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ നേരത്തെ ഫോണിലൂടെ സംസാരിച്ച് അവരുടെ അനുമതി വാങ്ങിയിരുന്നു. നാട്ടുകാരുടെ ക്രൂരമായ കയ്യേറ്റത്തിനിരയായ വീട്ടമ്മയേയും മധ്യവയസ്‌കനേയും കുറിച്ച് പത്രങ്ങളില്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് വന്ന ദിവസങ്ങളായിരുന്നു അത്. മാസികയുടെ അടുത്തയാഴ്ചത്തെ കവര്‍സ്റ്റോറി അതുതന്നെയാകട്ടെ എന്ന തീരുമാനമെടുക്കാന്‍ പിന്നെ താമസമുണ്ടായില്ല.

ഇപ്പോള്‍ രുക്മിണിയുടെ വീട്ടില്‍ ഒരു കസേരയില്‍ ഇരുന്ന് ഹേമ ചുറ്റുപാടും കണ്ണോടിച്ചു. കിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയും പൂജാമുറിയും ഒക്കെയായി ഒരു മുറി മാത്രമാണുള്ളത്. ചുവരിനോട് ചേര്‍ന്ന് വീതികുറഞ്ഞ ഒരു കട്ടില്‍ ഇട്ടിട്ടുണ്ട്. അതില്‍ ഒരു മധ്യവയസ്‌കന്‍ ക്ഷീണിതനായി കിടക്കുന്നു. അയാളുടെ ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ട്. നെറ്റിയിലെ വെളുത്ത ബാന്‍ഡേജില്‍ ചോരയുടെ കുങ്കുമനിറം പടര്‍ന്നിരിക്കുന്നതു കാണാം. അയാളാണ് രുക്മിണി പറയാന്‍ പോകുന്ന കഥയിലെ മറ്റൊരു കഥാപാത്രം.

അവരുടെ പിന്നില്‍ പാതി മറഞ്ഞുനില്‍ക്കുന്ന പത്തു-പന്ത്രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുടെ കണ്ണുകളില്‍ ഒരു കൗതുകഭാവം തെളിഞ്ഞുനില്‍ക്കുന്നു. അല്പം അകലെ മാറിനില്‍ക്കുന്ന മൂത്തകുട്ടിക്ക് രണ്ടു വയസ്സെങ്കിലും കൂടുതല്‍ തോന്നിക്കും. പക്ഷേ, അവന്റെ മുഖത്ത് ഒരു മരവിച്ച ഭാവമാണുള്ളത്.

കട്ടിലിനെതിര്‍വശത്തായി നിലത്ത് കരിപിടിച്ച ഏതാനും കലങ്ങളും പാത്രങ്ങളും അടുപ്പും ഉണ്ട്. മുറിയുടെ മറ്റൊരു മൂലയില്‍ ദൈവങ്ങളുടെ നിറംമങ്ങിയ ഏതാനും പടങ്ങളും ഒരു വിളക്കും വെച്ചിരിക്കുന്നു. തേയ്ക്കാത്ത ചുവരുകളില്‍ ആരുടെതെന്നു വ്യക്തമല്ലാത്ത ചില ഫോട്ടോകള്‍. ഭിത്തിയുടെ വിടവില്‍നിന്നും പുറത്തിറങ്ങിയ ഒരു പഴുതാര തിടുക്കത്തില്‍ മറ്റൊരു ദ്വാരത്തിലേക്കു കയറി അപ്രത്യക്ഷമായി. വീടിനോടു ചേര്‍ന്നു പിറകുവശത്തായി ഒരു ചായ്പ് കെട്ടിയുണ്ടാക്കിയിരിക്കുന്നു. കുളിമുറിയോ കക്കൂസോ ആയിരിക്കണം.

''ഞങ്ങള്‍ക്ക് ഇപ്പോള്‍ ആകെയുള്ളത് നാലു സെന്റ് സ്ഥലവും ഈ കൂരയുമാ'' രുക്മിണി ചുമരുചാരി നിന്നുകൊണ്ട് പറഞ്ഞു. ഹേമ അവരുടെ സംസാരം റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.

''കല്യാണത്തിന് എന്റെ വീട്ടുകാര്‍ തന്ന പൊന്നും പണവുമൊക്കെ അയാള്‍ കുടിച്ചു നശിപ്പിച്ചു-എന്റെ ഭര്‍ത്താവ്. അയാള്‍ ഒരു ചുമട്ടു തൊഴിലാളിയായിരുന്നു. അയാളുടെ വീട്ടിലെല്ലാവരും കുടിക്കുമായിരുന്നു. വെള്ളം കുടിക്കുന്നതുപോലെയായിരുന്നു അയാള്‍ക്ക് മദ്യം. അയാള്‍ കുടിച്ചു കുടിച്ചു മരിച്ചു.'' അവര്‍ നിര്‍വ്വികാരയായി തുടര്‍ന്നു:

''സ്വസ്ഥതയില്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടേത്. മിക്ക ദിവസങ്ങളിലും രാത്രിയില്‍ അയാള്‍ എന്നെയും പിള്ളേരേയും ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. അയാള്‍ വരുന്ന സമയമാകുമ്പോള്‍ കുട്ടികള്‍ എന്റെ പിന്നിലൊളിച്ചുനില്‍ക്കും. ഇളയവന്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ ഒരു ദിവസം തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ ഉപദ്രവിക്കാനും അയാള്‍ ശ്രമിച്ചിട്ടുണ്ട്'' -രുക്മിണി പറഞ്ഞു. അപ്പോള്‍ ഇളയ കുട്ടിയുടെ മുഖത്തു ഭയം നിഴലിക്കുന്നത് കണ്ടു. മൂത്ത കുട്ടിക്ക് അപ്പോഴും ഭാവവ്യത്യാസമുണ്ടായില്ല. 

''അയാള്‍ക്ക് എപ്പോഴും കൂട്ടുകാരുണ്ടായിരുന്നു. എന്നാല്‍, വീട്ടിലേക്ക് ഒരുത്തനേയും വിളിച്ചുകൊണ്ടുവരുന്ന പതിവില്ല. അപ്പുറത്തെ ഒഴിഞ്ഞ പറമ്പിലോ കലുങ്കിലോ ചെന്നിരുന്നു കുടിക്കും. അതായിരുന്നു സ്ഥിരം പരിപാടി'' -അവര്‍ പറഞ്ഞു.

''ചീട്ടുകളീം കള്ളുകുടീം. അതിലെ ചിലരുടെ വീട്ടില്‍ത്തന്നെ കള്ളവാറ്റുമുണ്ടായിരുന്നു. അവന്മാരെ പൊലീസ് പൊക്കി.''

രുക്മിണി പിന്നീട് കുറച്ചുസമയത്തേക്ക് ഒന്നും മിണ്ടിയില്ല. അവരുടെ മനസ്സ് ഏതൊക്കെയോ ഓര്‍മ്മകളില്‍ ഉടക്കിനില്‍ക്കുകയാണെന്നു തോന്നി.

''രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു ദിവസം അയാള്‍ എന്റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. പകുതി മയക്കത്തിലായിരുന്ന ഞാന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പ്രാണവേദനയോടെ പുറത്തേക്കോടി. അയാള്‍ എന്നെ കൊല്ലാന്‍ പോകുകയാണെന്നുതന്നെ ഞാന്‍ വിചാരിച്ചു. പാതിബോധത്തോടെയുള്ള ഓട്ടത്തിനിടയില്‍ മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ഞാന്‍ വീണുപോയി. അടിത്തട്ടിലെ പാറയിലെവിടെയോ തലയിടിച്ച് ഞാന്‍ കുറേസമയം ബോധരഹിതയായിക്കിടന്നു. വേനല്‍ക്കാലമായിരുന്നു. മുങ്ങിമരിക്കാനുള്ള വെള്ളമൊന്നും കിണറ്റില്‍ ഉണ്ടായിരുന്നില്ല. ഓര്‍മ്മ വന്നപ്പോള്‍ എങ്ങും നിശബ്ദതയായിരുന്നു. ജലത്തിന്റെ നടുവിലെ മഹാനിശബ്ദത. ഓളങ്ങളായിളകുന്ന ശൂന്യത. ജലജീവികളുടെ ചെറുഅനക്കങ്ങള്‍... ഇപ്പോഴും ജീവിതം എന്നു കേള്‍ക്കുമ്പോള്‍ കിണറ്റിനടിയിലെ നിമിഷങ്ങള്‍ ഓര്‍ക്കും. കിണറ്റിലേക്കു പതിക്കുമ്പോള്‍ തോന്നിയതുപോലെ ജീവിതം ഒരു വലിയ താഴ്ചയാണെന്നു തോന്നും'' -രുക്മിണി ഒന്നു നിര്‍ത്തി.

''എന്നിട്ടും ഞാന്‍ മരിച്ചില്ല.'' അവര്‍ തെല്ലു നിരാശയോടെ തുടര്‍ന്നു.

''എന്റെ കുഞ്ഞിനും ഒന്നും സംഭവിച്ചില്ല. ആരൊക്കെയോ ചേര്‍ന്ന് എന്നെ രക്ഷിച്ചുകളഞ്ഞു.''

അവര്‍ പിന്നെയും പറഞ്ഞുതുടങ്ങി:

''ഇളയവന് മൂന്നുനാലു വയസ്സായപ്പോഴേയ്ക്കും അയാള്‍ക്ക് സുഖമില്ലാതെയായി. മഞ്ഞപ്പിത്തമായിരുന്നു. കരള്‍ മുഴുവനും ദ്രവിച്ചുപോയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇക്കണക്കിനു പോയാല്‍ ഇനി ഏറെക്കാലമില്ല- ഡോക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അപ്പോഴും അയാള്‍ കുടിച്ചു. പിന്നീട് അയാള്‍ക്ക് എപ്പോഴും ക്ഷീണമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയിട്ട് കാര്യമില്ലായിരുന്നു. അയാള്‍ പണിക്കു പോകാതെയായി. ഉമ്മറത്ത് ഒരു കട്ടിലിട്ട് മിക്ക സമയത്തും അതില്‍ കിടക്കും. ഈ ദിവസങ്ങളിലാണ് അയാള്‍ കുടിനിര്‍ത്തിയത്. രോഗബാധിതനായി കിടക്കുമ്പോള്‍ കുട്ടികള്‍ക്ക് അയാളുടെ അടുത്തേക്ക് പോകാന്‍ പേടിയില്ലാതെയായി. കെണിവെച്ച് പിടിച്ച ഒരു വന്യമൃഗത്തിന്റെ കൂട്ടിനടുത്തേക്കു പോകുന്നതു പോലെ ധൈര്യം സംഭരിച്ച് അവര്‍ അയാളുടെ കിടയ്ക്കക്കരികിലേക്കു പോയി അയാളെ ജിജ്ഞാസയോടെ നോക്കി. ആദ്യമായി അവര്‍ അയാളെ നേര്‍ക്കുനേര്‍ കണ്ടു-അതും അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍.

അയാള്‍ അസുഖം ബാധിച്ച് മൂന്നു മാസം കിടന്നു. ഇക്കാലത്ത് അയാള്‍ പുറത്തേക്ക് ഇറങ്ങുന്നതു തന്നെ അപൂര്‍വ്വമായിരുന്നു. ഒരു ദിവസം അയാള്‍ എന്നോട് പറഞ്ഞു:

''ഡീ, ഞാനൊന്ന് ടൗണില്‍ പോയിട്ടു വരാം. കുറെ നാളായി വെളിയിലോട്ടൊക്കെ ഒന്നിറങ്ങിയിട്ട്.''
ആ യാത്ര അപകടമാണെന്ന് എന്റെ മനസ്സു പറഞ്ഞു.

''കൂട്ടുകാരെ കാണുമ്പോള്‍ വീണ്ടും കുടിച്ചേക്കരുത്.'' ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

''ഇല്ലെടീ'' എന്റെ തോളില്‍ കൈവച്ച് അയാള്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ പറഞ്ഞു:

''ഞാന്‍ കുടി നിര്‍ത്തി.''

ഏറെനേരം കഴിയും മുന്‍പേ അയാള്‍ മടങ്ങിവന്നു. പറഞ്ഞതുപോലെ അയാള്‍ കുടിച്ചിട്ടില്ലായിരുന്നു. അന്ന് അയാള്‍ ജീവിതത്തിലാദ്യമായി കുട്ടികള്‍ക്കുവേണ്ടി ബിസ്‌കറ്റും മധുരപലഹാരങ്ങളും വാങ്ങിക്കൊണ്ടു വന്നിരുന്നു. അയാള്‍ ആദ്യമായി അവരെ സ്‌നേഹത്തോടെ അടുത്തേക്കു വിളിക്കുന്നതും ഓമനിക്കുന്നതും ഞാന്‍ കണ്ടു. കുട്ടികള്‍ ലജ്ജയോടേയും സംശയത്തോടേയും അയാളെ അഭിമുഖീകരിച്ചു. തനിക്കു പറ്റിയ പിഴവുകളെപ്പറ്റിപ്പറഞ്ഞ് അന്നു രാത്രി അയാള്‍ ഖേദിക്കുകയും എന്നോടു മാപ്പു പറയുകയും ചെയ്തു. എനിക്ക് വല്ലാത്ത വിഷമം തോന്നി. അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച് ഞാന്‍ കുറെ സമയം കരഞ്ഞു'' -രുക്മിണി ഒരു നിമിഷം നിര്‍ത്തി.

''അതും അയാളുടെ അഭിനയമാണെന്ന് എനിക്കന്നേരം അറിയില്ലായിരുന്നു'' -അവര്‍ ഭാവഭേദമില്ലാതെ തുടര്‍ന്നു:

''പിറ്റേന്നു കാലത്ത് അയാള്‍ തൂങ്ങിമരിച്ചു.'' അവര്‍ ദൂരേക്ക് കൈചൂണ്ടി.

''ദാ... ആ അടുക്കളച്ചായ്പില്‍.'' അവര്‍ കുറച്ചുസമയം നിശബ്ദയായി നിന്നു.

''അയാളുടെ മരണശേഷം വല്ലാത്തൊരു ശൂന്യതാബോധം എന്നെ അലട്ടാന്‍ തുടങ്ങി. മനസ്സാകെ മരവിച്ചുപോയതുപോലെ.'' 

അവര്‍ തുടര്‍ന്നു:

''എനിക്ക് ജീവിതത്തെ ഭയമായിരുന്നു. മരണത്തെ അതിനേക്കാളേറെ. പിന്നെ ഞാനെന്തു ചെയ്യും?'' അവര്‍ ആരോടെന്നില്ലാതെ ചോദിച്ചു.

''പിന്നീട് കുറെ ദിവസങ്ങള്‍ ഒന്നും ചെയ്യാതെ വീട്ടില്‍ത്തന്നെയിരുന്നു. അപ്പോഴേയ്ക്കും ഞാനും പിള്ളേരും പട്ടിണിയുടെ വക്കിലെത്തിയിരുന്നു. പിന്നെ പല ജോലിക്കും പോയി. കശുവണ്ടി ഫാക്ടറിയില്‍, ഇഷ്ടികച്ചൂളയില്‍, ബേക്കറിയില്‍... ഒന്നും ശരിയായില്ല. അവസാനം ലോട്ടറി വില്‍പ്പനക്കാരിയായി. ആ ഭാഗ്യപരീക്ഷണം മാത്രം ഒരുവിധം വിജയിച്ചു. തട്ടിമുട്ടി ജീവിച്ചു പോകാമെന്നായി. അപ്പോഴാണ് പകര്‍ച്ചവ്യാധി വന്നത്. അടച്ചിടലിനു മുന്‍പേ തന്നെ വരാനിരിക്കുന്ന ദുരിതകാലത്തെപ്പറ്റി എനിക്കു സൂചനകള്‍ കിട്ടിയിരുന്നു. പതിവുകാര്‍പോലും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാതെ മുഖം തിരിച്ചു കടന്നുപോയി.

''നറുക്കെടുപ്പ് നാളെയാണ്... നാളെയാണ്...'' ശൂന്യമായിത്തുടങ്ങിയ നിരത്തിലേക്കു നോക്കി ഞാന്‍ വാശിയോടെ ഉച്ചത്തില്‍ പറഞ്ഞു. നാളെകള്‍ ഇന്നത്തോടെ അവസാനിക്കുന്നുവെന്നു ഭയപ്പെട്ട മനുഷ്യര്‍ ഒരു ശബ്ദത്തിനും ചെവികൊടുക്കാതെ മുഖാവരണങ്ങള്‍ക്കുള്ളില്‍ മൂകരായി നടന്നുപോയി. ആളൊഴിഞ്ഞ റോഡില്‍ ഞാന്‍ തനിച്ചായി. ഭാഗ്യക്കുറികള്‍ വാങ്ങാന്‍ ആരുമില്ലായിരുന്നു. വില്‍ക്കാത്ത ഭാഗ്യങ്ങളെ നോക്കി നിന്നപ്പോള്‍ ഞാന്‍ എന്റെ നിര്‍ഭാഗ്യത്തെ ശപിച്ചു. പിന്നെ അടച്ചിടല്‍ വന്നു. അധികം വൈകാതെ സര്‍ക്കാര്‍ ലോട്ടറി വില്‍പ്പന നിര്‍ത്തി വയ്ക്കുകയും ചെയ്തു.

ജീവിക്കാനായി വേറെ വഴികള്‍ തേടാതെ നിവൃത്തിയില്ലെന്നായി. എന്തുചെയ്യണമെന്ന് ഒരെത്തും പിടിയുമില്ലായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ മസാലക്കൂട്ടുകള്‍ വില്‍ക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെട്ടത് ഓര്‍മ്മിച്ചു. മുളകും മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ത്തന്നെ കഴുകിയുണക്കി പൊടിച്ചെടുത്തു. അതൊക്കെ ചെറിയ പാക്കറ്റുകളിലാക്കാന്‍ മക്കളും സഹായിച്ചു. അതു കൂടാതെ ഏലം, ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക് ഇവയും മസാലക്കൂട്ടുകളാക്കി വില്‍പ്പന നടത്തി. അങ്ങനെ ഒരുവിധം കഴിഞ്ഞുകൂടാനുള്ള വരുമാനം കണ്ടെത്തി. വീടുകള്‍ തോറും കയറിയിറങ്ങി വില്‍ക്കണമായിരുന്നു. 

ഒരു ദിവസം വൈകുന്നേരത്തോടെ അന്നത്തെ ജോലികഴിഞ്ഞു മടങ്ങിവരികയായിരുന്നു ഞാന്‍. റോഡരികില്‍, ഞാന്‍ പതിവായി ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കടയുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ നിന്നു. അപ്പോള്‍ അടച്ചിട്ട കടയുടെ പടവുകളില്‍ ചിന്താകുലനായിരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. കടയുടെ മുകള്‍നിലയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിയിരുന്ന വികലാംഗനാണ് അയാളെന്നു ഞാന്‍ തിരിച്ചറിഞ്ഞു. 

എന്നെ കണ്ടപ്പോള്‍ അയാള്‍ പെട്ടെന്ന് ചിന്തയില്‍നിന്നുണര്‍ന്ന് എന്റെയടുത്തേക്കു വന്നു.

''കടയൊക്കെ അടച്ചുവല്ലേ?'' ഞാന്‍ കുശലം ചോദിച്ചു. അയാള്‍ വിഷാദഭാവത്തോടെ ചിരിച്ചു.

''ഒരു പഴയ കടം ബാക്കിയുണ്ടായിരുന്നു'' -അയാള്‍ പറഞ്ഞു.

''അതിപ്പോള്‍ തീര്‍ക്കണം.''

''എന്ത്?'' എനിക്ക് ഓര്‍മ്മ വന്നില്ല.

അയാള്‍ കീശയുടെ പോക്കറ്റില്‍നിന്നും ഒരു അന്‍പതു രൂപാ നോട്ട് എന്റെ നേരെ നീട്ടി. പെട്ടെന്നു ഞാനോര്‍മ്മിച്ചു. കുറച്ചുമാസങ്ങള്‍ക്കു മുന്‍പ് ഒരുദിവസം കടയില്‍ മുടിവെട്ടാനെത്തിയ ആള്‍ക്കു ബാക്കി നല്‍കാനുള്ള ചില്ലറയ്ക്കായി അയാളെന്നെ സമീപിച്ചിരുന്നു. അന്നു ഞാന്‍ കൊടുത്ത കാശാണ് അത്. മുടിവെട്ടലിന്റെ ഇടവേളകളില്‍ അയാളുടെ അലസമായ നോട്ടങ്ങള്‍ താഴേയ്ക്കു നീണ്ടുവരാറുള്ളത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ പരസ്പരം പ്രയാസങ്ങള്‍ പങ്കു വയ്ക്കാറുണ്ടായിരുന്നു. 

ഞങ്ങള്‍ കുറച്ചുസമയം സംസാരിച്ചു നിന്നു. അയാളുടെ ജീവിതവും ഇക്കാലത്ത് വഴിമുട്ടിയിരുന്നു. അക്കാരണത്താല്‍ അയാളിപ്പോള്‍ സ്വന്തം കുടുംബത്തില്‍നിന്നുതന്നെ പുറന്തള്ളപ്പെടുകയും ചെയ്തു. അപ്പോള്‍ എന്താണ് ബന്ധങ്ങളുടെ പ്രസക്തി? ഞാന്‍ ചിന്തിച്ചു. അന്‍പതു രൂപയുടെ കടത്തില്‍ ഒതുങ്ങുന്നതല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധമെന്ന് ആ നിമിഷത്തില്‍ എനിക്കു തോന്നി.

''ഇനി എങ്ങനെ ജീവിക്കും? വേറെ എന്തെങ്കിലും തൊഴിലറിയാമോ?'' -ഞാന്‍ ചോദിച്ചു. അയാള്‍ കൈമലര്‍ത്തി. വികലാംഗനായ അയാള്‍ക്ക് പറ്റുന്ന ഒരു ജോലി കണ്ടെത്തുക ദുഷ്‌കരമായിരുന്നു. ഞാന്‍ അയാള്‍ക്ക് കുറച്ചു പണം കൊടുക്കാനൊരുങ്ങി. അയാള്‍ വാങ്ങിയില്ല. 

ഞാന്‍ അയാളെ നിര്‍ബ്ബന്ധിച്ച് എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അതിന് എന്നെ പ്രേരിപ്പിച്ച വികാരമെന്തായിരിക്കാം? സഹതാപമോ? സ്‌നേഹമോ? സ്‌നേഹമെങ്കില്‍ എന്തുതരം സ്‌നേഹം? എനിക്ക് ഉത്തരം കണ്ടെത്താനായില്ല. അയാളും ഞാനും സ്‌നേഹത്തിന്റെ കളികളില്‍ തോറ്റുപോയവരായിരുന്നു'' -രുക്മിണിയുടെ വാക്കുകള്‍ നേര്‍ത്തുവന്നു.

അപ്പോള്‍ മധ്യവയസ്‌കന്‍ അവരോട് എന്തോ പറയാനൊരുങ്ങി. അയാള്‍ സാവധാനം കട്ടിലില്‍ എഴുന്നേറ്റിരുന്നു.

''സഹദേവന്‍ എന്നല്ലേ നിങ്ങളുടെ പേര്?'' ഹേമ ചോദിച്ചു. അയാള്‍ തലയാട്ടി.

''എന്തിനാണ് നിങ്ങള്‍ വീടുപേക്ഷിച്ച് ഇറങ്ങിയത്?'' 

ഒരു നിമിഷത്തെ മൗനത്തിനുശേഷം സഹദേവന്‍ സംസാരിച്ചു തുടങ്ങി. കാഴ്ചയിലെ ദൗര്‍ബ്ബല്യമൊന്നും അയാളുടെ സംസാരത്തിനില്ല. നല്ല ഗാംഭീര്യമുള്ള, പരുക്കന്‍ ശബ്ദമായിരുന്നു അയാളുടേത്.

''ഞങ്ങള്‍ നാലു മക്കളായിരുന്നു. മൂത്ത രണ്ടു സഹോദരിമാരും എന്റെ അനിയനും ഞാനും. ചെറുപ്പത്തിലേ പോളിയോ വന്ന് ഒരു കാലിനു സ്വാധീനക്കുറവുണ്ടായി. ചട്ടുകാലന്‍ എന്നു സഹപാഠികളൊക്കെ കളിയാക്കാന്‍ തുടങ്ങിയതോടെ ചെറിയ ക്ലാസ്സില്‍ത്തന്നെ പഠിത്തം നിര്‍ത്തി. ഉപദേശിക്കാനോ നേര്‍വഴിക്കു നടത്താനോ വീട്ടില്‍ ആരുമില്ലായിരുന്നു. മുതിര്‍ന്നപ്പോള്‍ ഞാന്‍ തന്നെ കണ്ടെത്തിയതാണ് ബാര്‍ബര്‍ പണി. എങ്ങനെയൊക്കെയോ കുറച്ചു കാശുണ്ടാക്കി പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ടൗണില്‍ ഒരു ബാര്‍ബര്‍ഷോപ്പ് തുടങ്ങി. പെണ്ണ് കെട്ടാത്തതുകൊണ്ട് അനിയന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. അനിയന് രണ്ട് പെണ്‍മക്കളാണ്. കടയിലെ വരുമാനമൊക്കെ അവര്‍ക്കായി ചെലവിട്ടു. എനിക്കുവേണ്ടി എന്തെങ്കിലും മാറ്റിവയ്ക്കണമെന്ന ചിന്ത ഒരിക്കലുമുണ്ടായിരുന്നില്ല.

മൂത്ത സഹോദരി വീട് വച്ചിരിക്കുന്നത് തൊട്ടടുത്ത പറമ്പിലാണെങ്കിലും ഞാനങ്ങോട്ടു പോകാറേയുണ്ടായിരുന്നില്ല. അനിയന്റെ കുടുംബം മൂത്ത ചേച്ചിയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അച്ഛന്റെ സ്വത്തു ഭാഗം വച്ചപ്പോള്‍ ചേച്ചിക്കു കിട്ടിയ പത്തു സെന്റ് വസ്തുവിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു എല്ലാത്തിനും കാരണം. 

ബാര്‍ബര്‍ഷോപ്പിലെ വരുമാനംകൊണ്ട് വലിയ അല്ലലില്ലാതെ ജീവിച്ചുവരികയായിരുന്നു. മഹാമാരി വന്നതോടെ സകലതും തകിടം മറിഞ്ഞു. ബാര്‍ബര്‍ഷോപ്പൊക്കെ അടച്ചുപൂട്ടേണ്ടിവന്നു. ആഴ്ചകളോളം വീട്ടില്‍ത്തന്നെ ഇരിപ്പായി. റോഡിലോട്ടുപോലും ഇറങ്ങാന്‍ വയ്യാതെയായി. കടുത്ത വിഷാദവും മടുപ്പും നിരാശയും എന്നെ വന്നു മൂടി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ അകാരണമായ ഒരു സങ്കടം എന്റെ തൊണ്ടയില്‍ വിങ്ങിത്തുടങ്ങും. ജീവിതത്തിലാദ്യമായി സമയം ഒരു വലിയ ബാധ്യതയായി മാറി. അനിയന്റെ ഭാര്യയും മക്കളും ടി.വിയുടെ മുന്നിലായിരുന്നു. അനിയന്‍ പതിവുപോലെ പറമ്പില്‍ കൃഷിപ്പണിക്കിറങ്ങി. അവനും ഞാനും എക്കാലത്തും രണ്ടു ലോകങ്ങളിലായിരുന്നു ജീവിച്ചത്. അവന്റെ ദിനചര്യകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പെട്ടെന്ന് തൊഴില്‍രഹിതനായ ഞാന്‍ എന്തുചെയ്യണമെന്നറിയാതെ അന്ധാളിപ്പിലായി.

പിന്നീട് പരിചയമുള്ള ചില വീടുകളിലൊക്കെ പോയി മുടിവെട്ടാന്‍ തുടങ്ങി. പുതിയ സാഹചര്യങ്ങളിലെ മനുഷ്യരും പുതിയവരാണെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. മുഖത്ത് ഷേവിങ്ങ് ക്രീം തേയ്ക്കുമ്പോഴും വെളുത്ത തുണി പുതപ്പിക്കുമ്പോഴും മുടി മുറിക്കുമ്പോഴുമൊക്കെ ആളുകള്‍ പേടിച്ചുനോക്കാന്‍ തുടങ്ങി. 

''എല്ലാവര്‍ക്കും ഒരേ കത്രികയും ബ്ലേഡുമാണോ?'' പലരും ജാഗ്രതയോടെ ചോദിച്ചു. ആളുകള്‍ക്ക് എല്ലാത്തിനേയും സംശയമാണെന്നു തോന്നി. പരിചയക്കാരുടെ അവിശ്വാസവും അകല്‍ച്ചയും വേദനിപ്പിക്കുന്നതായിരുന്നു. കാര്യമായ ജോലിയൊന്നുമില്ലാതെ വീണ്ടും വീട്ടിലിരുപ്പായി. 

മടുപ്പു സഹിക്കവയ്യാതെ ഒരു ദിവസം റോഡിലേക്കിറങ്ങിയതായിരുന്നു. ആളൊഴിഞ്ഞ നിരത്തില്‍ രണ്ടു പൊലീസുകാര്‍ റോന്തുചുറ്റുന്നുണ്ട്. 

''മുടന്തി മുടന്തി ഇതെങ്ങോട്ടാ?'' ഒരു പൊലീസുകാരന്‍ പരിഹസിച്ചു.

''രോഗം വരുത്തി വച്ചിട്ടേ അടങ്ങൂ എന്നാണോ?''
''ബാര്‍ബര്‍ഷോപ്പില്‍ പോകണം'' -ഞാന്‍ ദയനീയമായി പറഞ്ഞു.

''അതിനു ബാര്‍ബര്‍ഷോപ്പൊക്കെ ഇപ്പോള്‍ അടച്ചിരിക്കുകയാണല്ലോ?''

രണ്ടാമത്തെ ആള്‍ പറഞ്ഞു.

''ചേട്ടന്‍ തര്‍ക്കിക്കാതെ വേഗം വീട്ടീപ്പോകാന്‍ നോക്ക്.'' ആദ്യത്തെ ആള്‍ സ്വരം കടുപ്പിച്ചു.

ബാര്‍ബര്‍ഷോപ്പ് തുറക്കുന്നില്ലെങ്കിലും എനിക്ക് കട ഒന്നു കാണുകയെങ്കിലും വേണമായിരുന്നു. കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ ഞാന്‍ നിരാശയോടെ വീട്ടിലേക്കു മടങ്ങി.

പരിചിതമായ മുറിക്കുള്ളില്‍ ശ്വാസംമുട്ടുന്നതുപോലെ തോന്നി. അപ്പോള്‍ തുറന്നിട്ട ജനാലയിലൂടെ അപ്പുറത്തെ വീട്ടില്‍നിന്നും മൂത്ത ചേച്ചിയുടെ നോട്ടം എന്റെ കണ്ണുകളിലേക്കു പാറിവീണു. പതിവുപോലെ മുഖം തിരിക്കാനോ ജനാലയടയ്ക്കാനോ എനിക്കു തോന്നിയില്ല. ചേച്ചി വര്‍ഷങ്ങളായി പുറത്തിറങ്ങാതെ വീട്ടിനകത്തുതന്നെ കഴിച്ചുകൂട്ടുകയായിരുന്നു. അവര്‍ക്ക് ആമവാതമായിരുന്നു രോഗം. അവരുടെ ദേഹമാസകലം നീരുവന്നു വീര്‍ത്തിരുന്നു. കാല്‍മുട്ടുകള്‍ക്കും കാല്‍വണ്ണകള്‍ക്കും അസഹ്യമായ വേദനയാണ്. അവര്‍ കാലങ്ങളായി ഏതൊക്കെയോ ആയുര്‍വ്വേദമരുന്നു കഴിക്കുന്നുണ്ട് എന്നു കേട്ടിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ പുറത്തിറങ്ങാതെ ആ ഒറ്റമുറിക്കുള്ളില്‍ ചേച്ചി എങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഞാന്‍ ഇതിനു മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ല. അങ്ങനെ ചിന്തിക്കാനുള്ള ഒരു സാഹചര്യം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നു പറയാം. അവരുടെ ജീവിതത്തിന്റെ മടുപ്പും ഏകാന്തതയും നെഞ്ചില്‍ വിങ്ങിത്തുടങ്ങിയപ്പോഴാണ് ഞാന്‍ അവരെ കാണാന്‍ ചെന്നത്.

പലതരം എണ്ണകളുടേയും കുഴമ്പിന്റേയും ഗന്ധമായിരുന്നു ചേച്ചിയുടെ മുറിക്ക്. 

''എത്ര കാലമായി ചേച്ചിയെ കണ്ടിട്ട്.'' ഞാന്‍ വിഷമത്തോടെ പറഞ്ഞു. ചേച്ചി കണ്ണു തുടച്ചു. ഏറെക്കാലം മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ മരണാനന്തരച്ചടങ്ങില്‍ മുഖം കാണിച്ചെന്നു വരുത്തി പോയതായിരുന്നു ഞാന്‍. പിന്നീട് ഒരുതവണപോലും അങ്ങോട്ടെത്തിനോക്കിയിട്ടില്ല. അതിനുശേഷം എത്ര വര്‍ഷമായി? പതിനഞ്ചോ? ഇരുപതോ? എനിക്ക് ഓര്‍ത്തെടുക്കാനായില്ല. ചേച്ചിയുടെ മൂന്നു മക്കളുടേയും കല്യാണം കഴിഞ്ഞതും അവര്‍ക്ക് കുട്ടികളുണ്ടായതും മൂത്ത മകന്റെ ഭാര്യ പിണങ്ങിപ്പോയതുമൊക്കെ ആരൊക്കെയോ പറഞ്ഞ് ഞാനറിഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ ഹ്രസ്വമായ സംസാരത്തില്‍ കടന്നുവന്നു. ഇരുപതു വര്‍ഷങ്ങളെ ഇരുപതു മിനിട്ടിലേക്കു ചുരുക്കി. ചേച്ചി പറഞ്ഞു:

''ഞാന്‍ നിന്നെ എന്നും കാണാറുണ്ടായിരുന്നു. നീ പുറത്തേക്കു പോകുന്നതും വരുന്നതുമൊക്കെ. ഇപ്പോള്‍ നീ വീട്ടില്‍ത്തന്നെയാണോ?''

ഞാന്‍ അതെയെന്നു തലയാട്ടി. ഞാന്‍ ചേച്ചിയുടെ രോഗവിവരമാരാഞ്ഞു. അവരുടെ ദേഹത്ത് അപ്പോഴും നീരുണ്ടായിരുന്നു. കാല്‍മുട്ടുകള്‍ ചുവന്നുവീങ്ങിയിരുന്നു. 

''ഭക്ഷണത്തോടൊന്നും ഇപ്പോള്‍ ഒരു താല്പര്യവുമില്ല'' -അവര്‍ പറഞ്ഞു.

''കടുത്ത പഥ്യമാണ്. ഇറച്ചിയും മീനുമൊന്നും കഴിച്ചുകൂടാ.''

ചേച്ചി ചികിത്സയുടെ കാര്യങ്ങള്‍ വിവരിച്ചു.
''ഇനി നീ വീട്ടില്‍ ചെല്ലുമ്പോള്‍ നല്ല പുകിലായിരിക്കും'' -ഇറങ്ങാന്‍ നേരം ചേച്ചി പറഞ്ഞു.

''അനിയന്‍ രാഘവന്‍ വലിയ വാശിക്കാരനാണല്ലോ. അല്ലെങ്കിലും ഇളയതുങ്ങള്‍ക്ക് വാശി കൂടുതലാ'' -അവര്‍ പറഞ്ഞു. 

പെങ്ങള്‍ പറഞ്ഞത് സത്യമായി. തിരിച്ചു ചെന്നപ്പോള്‍ അനിയനും ഭാര്യയും മുഖം കറുപ്പിച്ചു.
''നമ്മള്‍ക്ക് അവരുമായി ഒരു സഹകരണവുമില്ലെന്നു ചേട്ടനറിഞ്ഞുകൂടെ?'' അനിയന്‍ നേര്‍ക്കുനേര്‍ വഴക്കിനിറങ്ങി.

''ഇത്രയും കാലം ഇല്ലാതിരുന്ന ഒരു തോന്നല്‍ ചേട്ടന് ഇപ്പോഴെങ്ങനുണ്ടായി? ഒരു ഗതീം പരഗതീം ഇല്ലാത്ത സമയത്ത് ചെലവിനു തന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?''

''ഇത്രയും കാലം ചെയ്ത തെറ്റ് ഇപ്പോള്‍ തിരുത്തണമെന്ന് തോന്നി'' -ഞാന്‍ മറുപടി പറഞ്ഞു.

പിന്നീട് തര്‍ക്കവും വാക്കേറ്റവുമായി. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ പാതിരാവരെ നീണ്ടു. പിറ്റേന്നുകാലത്ത് അവിടെനിന്നും പടിയിറങ്ങി. ഇങ്ങനെയൊരു ദിവസം വന്നുചേരുമെന്നു നേരത്തേതന്നെ മനസ്സിലുറപ്പിച്ചിരുന്നതുകൊണ്ട് വലിയ വിഷമമൊന്നും തോന്നിയില്ല. അനിയനോ ഭാര്യയോ തടഞ്ഞില്ല. അവരും അതു പ്രതീക്ഷിച്ചിരുന്നെന്നു മനസ്സിലായി.

''വല്യച്ഛനെവിടെപ്പോകുന്നു?'' എന്ന് അനിയന്റെ പെണ്‍മക്കള്‍ മടിച്ചു മടിച്ചു ചോദിച്ചു.

അത്യാവശ്യ സാധനങ്ങള്‍ മാത്രം ഒരു ബാഗിലെടുത്ത് ബാര്‍ബര്‍ഷോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള ചിന്തകളൊന്നും തന്നെയുണ്ടായിരുന്നില്ല. കടയുടെ താഴെ പല ഓര്‍മ്മകളില്‍ മുഴുകി കുറെ സമയം വെറുതേയിരുന്നു. അപ്പോഴാണ് രുക്മിണിയെ കണ്ടത്.''

സഹദേവന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞുനിര്‍ത്തി. അയാളോട് പിന്നെയൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. ക്ഷീണം കൊണ്ടായിരിക്കണം അയാള്‍ വീണ്ടും കട്ടിലില്‍ വശം ചെരിഞ്ഞു കിടന്നു. അപ്പോഴാണ് ശ്രദ്ധിച്ചത് അയാളുടെ ഇടതു കാലിലും ബാന്‍ഡേജുകള്‍ ഒട്ടിച്ചിട്ടുണ്ട്. രുക്മിണിയുടെ കണ്ണുകള്‍ ചുവന്നുകലങ്ങിയിരിക്കുന്നതു കണ്ടു. കുട്ടികള്‍ രണ്ടുപേരും ഇതിനിടയില്‍ മുറ്റത്തേയ്ക്ക് ഇറങ്ങിപ്പോയിരുന്നു. രുക്മിണി പറഞ്ഞുതുടങ്ങി:

''സഹദേവന്‍ ചേട്ടന്‍ വന്നതിനുശേഷമുള്ള കുറച്ചു ദിവസങ്ങളിലാണ് ഞാനും പിള്ളേരും ഒറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടായത്. എന്നെ ജോലിയിലൊക്കെ സഹായിക്കും. കറിപൗഡറുകള്‍ കവറുകളിലാക്കാനും വില്‍ക്കാനുമൊക്കെ അദ്ദേഹത്തിനു വലിയ താല്പര്യമായിരുന്നു. ബാര്‍ബര്‍ഷോപ്പ് തുറക്കുന്നതുവരെ ഇനി ഇതാണ് തന്റെയും ജോലി എന്ന് പറയുമായിരുന്നു. സഹദേവന്‍ ചേട്ടനും സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നല്ലോ. അദ്ദേഹം ഇവിടെ താമസിക്കുന്നതില്‍ കുട്ടികള്‍ക്കും എതിര്‍പ്പില്ലായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ബാക്കിയായ കാശുകൊണ്ട് പിള്ളേര്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തു. അങ്ങനെ രണ്ടുപേര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് ഒക്കെ അതില്‍ കാണാമെന്നായി. ഇളയവന്‍ ''അച്ഛാ...'' എന്നു വിളിച്ച കാര്യം അദ്ദേഹം ഒരു ദിവസം വലിയ സന്തോഷത്തോടെ എന്നോടു പറഞ്ഞു. മൂത്തവന്‍ പക്ഷേ, അപ്പോഴും ഒരകലം പാലിച്ചു.

''അവന്‍ വലുതായി രുക്മിണീ...'' സഹദേവന്‍ ചേട്ടന്‍ പറഞ്ഞു.

''ഇതാണ് ലക്ഷണം.''

''പിന്നെ എന്താണ് സംഭവിച്ചത്?'' ഹേമ ആകാംക്ഷയോടെ ചോദിച്ചു.

''ആരാണ് ഇവിടെ വന്നു പ്രശ്‌നമുണ്ടാക്കിയത്? അവര്‍ നിങ്ങളെ ഉപദ്രവിച്ചോ?''

''ഒരു ദിവസം രാത്രിയില്‍ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു'' -രുക്മിണി പറഞ്ഞു.

''ഞങ്ങള്‍ നേരത്തെ അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. അവനെ ഇങ്ങോട്ട് ഇറക്കി വിടെടീ.'' ആരൊക്കെയോ ആക്രോശിക്കുന്നതു കേട്ടു.

''ഇന്ന് ചട്ടുകാലന്റെ കഥ കഴിക്കും.''

ഞങ്ങള്‍ നടുക്കത്തോടെ പരസ്പരം നോക്കി. സഹദേവന്‍ ചേട്ടന്‍ വാതില്‍ തുറക്കാനെഴുന്നേറ്റപ്പോള്‍ ഞാന്‍ തടഞ്ഞു. വാതിലില്‍ തുടരെ മുട്ടുന്നതു കേട്ടു. ബലമില്ലാത്ത തടിപ്പാളികള്‍ വല്ലാതെ കുലുങ്ങി. അപ്പോള്‍ കേട്ടാലറയ്ക്കുന്ന തെറികള്‍ ചുറ്റുപാടും മുഴങ്ങി. കുട്ടികള്‍ ഭീതിയോടെ എന്നെ വട്ടംചുറ്റിപ്പിടിച്ചു. വാതില്‍ ചവിട്ടിപ്പൊളിക്കുമെന്നായപ്പോള്‍ സഹദേവന്‍ ചേട്ടന്‍ തന്നെ പോയി വാതില്‍ തുറന്നു. ക്രുദ്ധരായ ഒരു കൂട്ടം ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് ഇരച്ചുകയറി വന്നു. 

''ആരാടീ ഇവന്‍?'' മുഖപരിചയമുള്ള ഒരുവന്‍ അലറി.

''ആരെ വേണമെങ്കിലും അകത്തു കയറ്റി താമസിപ്പിക്കാമെന്നു കരുതിയോ നീ?''

ഞാനെന്തോ മറുപടി പറയാനൊരുങ്ങിയപ്പോഴേയ്ക്കും ആരൊക്കെയോ സഹദേവന്‍ ചേട്ടനെ ചവിട്ടിവീഴ്ത്തി. ആള്‍ക്കൂട്ടം അദ്ദേഹത്തെ തലങ്ങും വിലങ്ങും അടിക്കുന്നതു കണ്ട് ഞങ്ങള്‍ ഉറക്കെ നിലവിളിച്ചു.

''ഞാന്‍ പൊലീസില്‍ പരാതി കൊടുക്കും'' -ഞാന്‍ ഒച്ചവച്ചു. 

അവര്‍ അദ്ദേഹത്തെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു.
''പരാതി കൊടുത്തിട്ട് നീ എന്തുചെയ്യാന്‍ പോകുന്നു?'' ഒരുത്തന്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.
''ഞങ്ങള്‍ ഇവിടൊക്കെത്തന്നെ കാണും.''

അപ്പോള്‍ സഹദേവന്‍ ചേട്ടന്‍ എഴുന്നേല്‍ക്കാന്‍ ശേഷിയില്ലാതെ നിലത്തുകിടന്ന് ഞരങ്ങുന്നതു കണ്ടു. അദ്ദേഹത്തിന്റെ നെറ്റിയിലേയും കാലിലേയും മുറിവുകളില്‍നിന്നു ചോരയൊലിക്കുന്നുണ്ടായിരുന്നു
പിറ്റേന്ന് സഹദേവന്‍ ചേട്ടനെ ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. നെറ്റിയിലെ മുറിവിന് അഞ്ചു സ്റ്റിച്ച് വേണ്ടിവന്നു. അന്നു രാത്രിയില്‍ വീടിന്റെ മേല്‍ക്കൂരയില്‍ തുരുതുരെ കല്ലുകള്‍ വന്നു വീണു. ആരുടെയൊക്കെയോ ചീത്തവിളികള്‍ ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി. പിന്നീടൊരു ദിവസവും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്തുള്ള മതിലിലും കവലയിലും വൃത്തികെട്ട പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അയല്‍ക്കാര്‍ ഞങ്ങളോടു സംസാരിക്കാതെയായി. അടുപ്പമുള്ളവരൊക്കെ മുഖം തിരിച്ചു. അയല്‍പ്പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ ഇളയമോന്‍ കരഞ്ഞുകൊണ്ടു തിരിച്ചുവന്നു. കുട്ടികളൊന്നും അവനെ കളിക്കാന്‍ കൂട്ടുന്നില്ലത്രെ. മൂത്തവനെ ഇക്കാര്യം അത്രയൊന്നും ബാധിച്ചില്ല. അവനു കൂട്ടുകാരൊന്നും ഇല്ലായിരുന്നു.''

പിന്നെ കുറച്ചു സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

''ചില പത്രങ്ങളിലൊക്കെ ഈ വാര്‍ത്ത വന്നിരുന്നു'' -രുക്മിണി പറഞ്ഞു.

''പൊലീസുകാരൊക്കെ വന്ന് അന്വേഷിച്ചിട്ടു പോയി. പിന്നീട് ഒരു വിവരവുമില്ല.''

''ഞാന്‍ നാളെ രാവിലെ പോകും'' -സഹദേവന്‍ പറഞ്ഞു.

''ഞാനിവിടേക്കു വന്നതോടെ ഇവരുടെ കാര്യം കൂടി കഷ്ടത്തിലായി. ഞാനിങ്ങോട്ടു വരാന്‍ പാടില്ലായിരുന്നു.''

''അദ്ദേഹം പോകുമെന്നു പറഞ്ഞാണിരിക്കുന്നത്'' -
രുക്മിണി ഒരു തേങ്ങലോടെ പറഞ്ഞു.

''വയ്യാത്ത മനുഷ്യന്‍ എവിടെപ്പോകും? എങ്ങനെ ജീവിക്കും? ആരെങ്കിലുമൊന്നു പറഞ്ഞു താ.''

''എവിടേക്കാണു പോകുന്നതെന്നൊന്നും തീരുമാനിച്ചിട്ടില്ല'' -സഹദേവന്‍ പറഞ്ഞു.

''മുന്‍കൂട്ടി തീരുമാനിച്ചിട്ടാണോ ഓരോ കാര്യങ്ങളും നടക്കുന്നത്?''

''ആകെയുള്ള ഈ നാല് സെന്റ് സ്ഥലവും വീടും വിട്ട് ഞങ്ങളെങ്ങനെ പോകും?'' -രുക്മിണി കരഞ്ഞുകൊണ്ട് പറഞ്ഞു. 

''അല്ലെങ്കില്‍ ഞങ്ങളും അദ്ദേഹത്തോടൊപ്പം പോയേനെ...''

ഹേമ യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. വെയില്‍ കത്തിമുനകള്‍പോലെ ദേഹത്ത് ആഴ്ന്നിറങ്ങി. ആരോ കല്ലുകള്‍ വാരിയെറിഞ്ഞതുപോലെ അവള്‍ക്കു തല വേദനിച്ചു. അടുത്ത പറമ്പില്‍നിന്നു വന്ന പൂച്ച ഇപ്പോഴും മുറ്റത്തിന്റെ ഓരം ചേര്‍ന്നിരിപ്പുണ്ടായിരുന്നു. ഇത്തവണ അപരിചിതത്വമില്ലാതെ അത് അവളെ അനുഗമിച്ചു. കുന്നിറങ്ങുമ്പോള്‍ ചുവടുകള്‍ ഇടറുന്നുണ്ടെന്ന് ഹേമയ്ക്കു തോന്നി.