'മറുപാതി'- കരുണാകരന്‍ എഴുതിയ കഥ

അത്രയും വര്‍ഷത്തെ ഒപ്പമുള്ള ജീവിതത്തില്‍ എപ്പോഴെങ്കിലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത കഥയാണ് ആ യുവാവ് പറഞ്ഞതെങ്കിലും ഉമ, താന്‍ ആദ്യമായി കാണുന്ന ഗിരീശന്റെ ചെങ്ങാതിയെ, കേള്‍ക്കാന്‍ തീര്‍ച്ചയാക്കി
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

''അല്ലയോ യതിവര്യ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ അതോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിനില്‍ക്കൂ, മാറിനില്‍ക്കൂ എന്ന് പറയുന്നത്. ശരീരത്തെ ഉദ്ദേശിച്ചാണെങ്കില്‍ എല്ലാ ശരീരങ്ങളും അന്നമയങ്ങള്‍തന്നെ. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കില്‍ ആത്മാവ് ചൈതന്യമാത്രനാണല്ലോ.''

ശ്രീശങ്കരാചാര്യരുടെ 'മനീഷാപഞ്ചകം' ഒന്നാം ശ്ലോകത്തിന് ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനം.

***
അത്രയും വര്‍ഷത്തെ ഒപ്പമുള്ള ജീവിതത്തില്‍ എപ്പോഴെങ്കിലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത കഥയാണ് ആ യുവാവ് പറഞ്ഞതെങ്കിലും ഉമ, താന്‍ ആദ്യമായി കാണുന്ന ഗിരീശന്റെ ചെങ്ങാതിയെ, യുവാക്കളെ വിശ്വസിക്കുക എന്ന ഉറപ്പോടെ തുടര്‍ന്നും കേള്‍ക്കാന്‍ തീര്‍ച്ചയാക്കി. മൂന്നു നായ്ക്കുഞ്ഞുങ്ങളുമായി ഒരു വൈകുന്നേരം ഗിരീശന്‍, അക്കാലത്ത് അവര്‍ പാര്‍ത്തിരുന്ന വീട്ടിലേക്കു ചെന്നത് യുവാവ് പറയുമ്പോള്‍, മറ്റൊരു കാലത്തും മറ്റൊരു പട്ടണത്തിലുമായിരുന്നിട്ടും  അതേപോലെതന്നെ അവള്‍ കണ്ടു. തന്റെ മടിയിലേക്ക് മൂന്നു ഇളം ജീവനുകളെ ഗിരീശന്‍ വെച്ചു എന്നുവരെ തോന്നി.  

ഉമ വിശ്വസിക്കില്ല, യുവാവ് അവളോട് പറഞ്ഞു: ''ഞാന്‍ പുറത്തുപോകാന്‍ നില്‍ക്കുകയായിരുന്നു; അപ്പോഴാണ്  ഗിരീശന്‍ മൂന്ന്  നായ്ക്കുഞ്ഞുങ്ങളുമായി വന്നത്. ആ ദിവസം കണ്ണുകള്‍ കീറിയതുപോലെ മൂന്നെണ്ണം.''
ഗിരീശന്‍ മരിച്ചതിന്റെ ഏഴാം നാള്‍ ഉച്ചകഴിയുമ്പോഴാണ് അയാള്‍, ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സുള്ള ആ യുവാവ് ഉമയെ അന്വേഷിച്ച് അവളുടെ വീട്ടില്‍ വന്നത്. 

കഴിഞ്ഞ ഏഴു ദിവസങ്ങളിലും തനിക്കൊപ്പം കൂട്ടിരിക്കാന്‍ വന്ന അയല്‍ക്കാരിയോട് പലതും ഓര്‍ത്തും പറഞ്ഞും ഇരിക്കുമ്പോള്‍. 

മുറ്റത്തുതന്നെ നിന്ന യുവാവ് അവള്‍ക്ക് തന്നെ പരിചയപ്പെടുത്തി.

ഞങ്ങള്‍, ഞാനും ഗിരീശനും കുറച്ചു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. യുവാവ് അവളെ നോക്കി പറഞ്ഞു: എന്നെ പക്ഷേ, ഉമ കണ്ടിട്ടില്ല.

ഉമ അയാളെ കണ്ടിട്ടുണ്ടായിരുന്നില്ല. 

എന്നാല്‍, ഇരുപതോ ഇരുപത്തഞ്ചോ വയസ്സിന് അന്തരമുള്ള ഗിരീശനും ഈ ചെറുപ്പക്കാരനും ഇടയിലെ ചെങ്ങാത്തം ഒരുവേള അവളെ  അത്ഭുതപ്പെടുത്തി. ഒപ്പം, അപരിചിതമായ ഒരു കാലത്തിന്റെ കേട്ടുകേള്‍വിയിലേക്ക് പ്രവേശിച്ചതായും തോന്നി. മാത്രമല്ല, വര്‍ത്തമാനത്തിനിടയ്ക്ക്  അയാള്‍ തന്റെ പേര്, എത്രയോ മുന്‍പ് പരിചയമുള്ളതുപോലെ പറയുന്നതും ഉമയ്ക്ക് അത്ഭുതമായി.

ഇല്ല, മുന്‍പ് കണ്ടിട്ടില്ല, ഉമ പറഞ്ഞു. മാത്രമല്ല, അങ്ങനെയൊരു ചെങ്ങാതിയെപ്പറ്റി ഗിരീശന്‍ എപ്പോഴെങ്കിലും പറഞ്ഞതായും അവള്‍ക്ക് ഓര്‍മ്മവന്നില്ല. ഉമ തന്റെ സന്ദര്‍ശകനെ വീട്ടിലേയ്ക്ക്  ക്ഷണിച്ചു.

അന്ന് രാവിലെയാണ് ഗിരീശന്റെ വേര്‍പാടിനെപ്പറ്റി കേട്ടതെന്നും അപ്പോള്‍ത്തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നുവെന്നും യുവാവ്  ഉമയോട്  പറഞ്ഞു. അയാളുടെ നാട്, ദൂരം, യാത്രയ്‌ക്കെടുത്ത സമയം അതെല്ലാം പറഞ്ഞ്, ഉമയെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ രാത്രി താന്‍ ഇവിടെ വീട്ടില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു: ഇത്രയും വൈകിയതിനാല്‍ ഇനി തിരിച്ചുപോകാന്‍  വാഹനങ്ങളും കാണില്ല. അതുകൊണ്ടാണ്. 

താന്‍ പറഞ്ഞത് ഒരപേക്ഷപോലെ എന്നറിയിക്കാനാവും കൈകള്‍ കൂപ്പിയാണ് അത്രയും അയാള്‍ പറഞ്ഞത്. 

ഉമയ്ക്ക് സമ്മതമാണെങ്കില്‍.  യുവാവ്  അവളെ നോക്കി പുഞ്ചിരിച്ചു.
തീര്‍ച്ചയായും - ഉമ പറഞ്ഞു. 

ഉമ തന്റെ അയല്‍ക്കാരിയെ നോക്കി.  ഇപ്പോള്‍ അയല്‍ക്കാരിയും  യുവാവിനെ നോക്കി പുഞ്ചിരിച്ചു. യുവാവ് അവളെയും നോക്കി കൈകള്‍ കൂപ്പി. ദൂരത്തെപ്പറ്റിയൊ യാത്രയെപ്പറ്റിയൊ എന്തോ പറഞ്ഞു. 

പകല്‍ അവസാനിച്ചിരുന്നു. മുറ്റത്തേയ്ക്ക് ഇരുട്ട് ഇറങ്ങുകയായിരുന്നു. അതുവരെയും അവിടെയുണ്ടായിരുന്ന നിഴലുകള്‍ പതുക്കെ വീശുന്ന കാറ്റില്‍ കാണാതാവുകയായിരുന്നു.  ഉമ ഇരിപ്പുമുറിയിലെ ലൈറ്റ് തെളിയിച്ച് അയാളോട്, അവിടെ സോഫയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു. 

പിന്നീട്, അത്താഴവും കഴിഞ്ഞ്, തങ്ങളുടെ അതിഥിക്കുമൊപ്പം ഇരിക്കുമ്പോഴാണ്   അക്കാലത്ത് തങ്ങള്‍ രണ്ടു പേരും താമസിച്ചിരുന്ന വീട്ടിലേക്കു മൂന്നു നായ്ക്കുഞ്ഞുങ്ങളുമായി വന്ന ഗിരീശനെപ്പറ്റി യുവാവ് ഉമയോട് പറഞ്ഞത്. ഞാനാദ്യം വിശ്വസിച്ചില്ല. യുവാവ് പറഞ്ഞു. ഗിരീശന് അങ്ങനെയൊരു ഇഷ്ടം മൃഗങ്ങളോട് ഉള്ളതുതന്നെ എനിക്ക് അറിയുന്നുമുണ്ടായിരുന്നില്ല. 

ദീര്‍ഘമായ ഓര്‍മ്മനാശത്തിന്റെ കാലത്തിനൊപ്പമുള്ള വാര്‍ധക്യവും തന്നോടൊപ്പമുള്ള പാര്‍പ്പും കൃത്യം ഏഴു ദിവസം മുന്‍പ്, ഒരു പകലോടെ അവസാനിപ്പിച്ച തന്റെ ഭര്‍ത്താവിന്റെ വേര്‍പാട്  ഇപ്പോള്‍ ദുഃഖമാണോ ആശ്വാസമാണോ നല്‍കുന്നത് എന്നറിയാതെ, അതുവരെയും താന്‍ കേള്‍ക്കാത്തതോ കാണാത്തതോ ആയ ഒരു ദിവസത്തിലേക്ക് പ്രവേശിച്ചതുപോലെ, ഉമ യുവാവിനെത്തന്നെ ശ്രദ്ധിച്ചു. 

എന്നിട്ട്, നായ്ക്കുഞ്ഞുങ്ങളുമായി ഗിരീശന്‍ നേരെ  എന്റെ അരികിലേക്ക് വന്നു; നായ്ക്കുഞ്ഞുങ്ങളെ എന്റെ കൈകളില്‍ വെച്ചു. യുവാവ് തന്റെ കൈകള്‍ മടിയില്‍ മലര്‍ത്തിവെച്ചു. അതുവരെയും ഒരു ജീവിയേയും ഞാന്‍ കൈകൊണ്ട് തൊട്ടിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍, ഈ മൂന്ന് കുഞ്ഞുജീവികളുടെ സ്പര്‍ശത്തോടെ എന്റെ ഉള്ളില്‍  എന്തിനെന്നറിയാത്ത ഒരു സങ്കടം നിറഞ്ഞു.

അത്രയും പറഞ്ഞ്  മടിയില്‍ മലര്‍ത്തിവെച്ച കൈകളിലേക്കുതന്നെ അല്പനേരം നോക്കി യുവാവ് നിശബ്ദനായി. 

നിനക്ക് ഇവരെ എവിടെനിന്ന് കിട്ടി എന്ന് ഞാന്‍ ഗിരീശനോടു ചോദിച്ചു. തെരുവില്‍നിന്നോ നായ്ക്കുട്ടികളെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കടയില്‍നിന്നോ എന്നാകും അവന്‍ ഉത്തരം പറയുക എന്നാണ് ഞാന്‍ വിചാരിച്ചത്. പകരം ഗിരീശന്‍  ആകാശത്തേയ്ക്കാണ് നോക്കിയത്. എന്റെ കൈകളിലേക്ക് ഒന്നിനു പിറകെ ഒന്നായി ഈ മൂന്ന് നായ്ക്കുഞ്ഞുങ്ങള്‍ മാനത്തുനിന്നും പൂക്കള്‍ പോലെ വന്നുവീഴുകയായിരുന്നുവെന്നുകൂടി അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരിയടക്കാന്‍ പറ്റിയില്ല. ഞാന്‍ പൊട്ടിച്ചിരിച്ചു. നിന്റെ പുതിയ കഥയ്ക്ക് പറ്റും എന്ന് പറഞ്ഞു. 

അഗ്രഹാരത്തിലേക്ക് കഴുതയുമായി വരുന്ന ബ്രാഹ്മിന്‍ പ്രൊഫസറെപ്പറ്റിയുള്ള ചലച്ചിത്രമില്ലെ,  അതാണ് അല്ലെങ്കില്‍ ഗിരീശനും മൃഗങ്ങളും തമ്മിലുള്ള ബന്ധം.  യുവാവ്  ഉമയേയും അയല്‍ക്കാരിയേയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: അവനറിയാതെ പാലിക്കുന്ന അയിത്തം എന്ന് പറഞ്ഞ് ഞാന്‍ ഗിരീശനെ കളിയാക്കാറുമുണ്ട്.

അഗ്രഹാരത്തിലെ കഴുത, അതാണ് ആ ചലച്ചിത്രം. ഒരുപക്ഷേ, ഉമ കണ്ടിരിക്കും. യുവാവ് അവളെ നോക്കി. അവളുടെ അയല്‍ക്കാരിയേയും നോക്കി. 

ഉമ പക്ഷേ,  ആ ചലച്ചിത്രം കണ്ടിട്ടുണ്ടായിരുന്നില്ല. 

എന്നാല്‍, മൃഗങ്ങളുമായി ഉണ്ടായിരുന്ന ഒരകല്‍ച്ച ഗിരീശന് സ്വാഭാവികമാകാം എന്ന് യുവാവ് പറയുന്ന കഥ കേട്ടിരിക്കുമ്പോള്‍ത്തന്നെ ഉമയ്ക്ക് തോന്നി. അതിരാവിലെ  കുളിച്ച് ഈറനായി  നാട്ടിലെ ശിവക്ഷേത്രത്തിനു പുറത്തെ കാളക്കൂറ്റന്റെ കല്‍പ്രതിമയ്ക്കരികില്‍ ചെന്നു നില്‍ക്കലായിരുന്നു തന്റെ ആദ്യത്തെ ജോലി എന്ന് ഗിരീശന്‍ അവളോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു. താന്‍ ചെയ്ത ജോലികളെപ്പറ്റി പറയുമ്പോള്‍. അതുവഴി വരുന്ന തെരുവ് നായകളേയും പൂച്ചകളേയും ആട്ടിയോടിക്കുക, അതായിരുന്നു എന്റെ ജോലി, ഗിരീശന്‍ പറഞ്ഞു: കുട്ടിക്കാലത്ത് ഞാന്‍ ഭക്തിയോടെ ചെയ്ത പ്രവൃത്തിയും അതായിരുന്നു. 

ഇതൊന്നും പക്ഷേ, ഗിരീശന്‍ എന്നോട് പറഞ്ഞിട്ടില്ല. ഉമ യുവാവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുമ്പോള്‍ ഗിരീശനും  ഞാനും പ്രാര്‍ത്ഥിക്കുന്നതുതന്നെ നിര്‍ത്തിയിരുന്നു.
എനിക്കറിയാം, യുവാവ്  പറഞ്ഞു. വീണ്ടും തന്റെ മലര്‍ത്തിവെച്ച കൈകളിലേക്ക് നോക്കി. ഈശ്വരനെ ഉപേക്ഷിച്ചവരെ ഓര്‍ക്കാന്‍ എന്നപോലെ. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും, യുവാവ് ഉമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: പത്ത് കഥകളെങ്കിലും അക്കാലത്ത് ഗിരീശന്‍  നായകളെപ്പറ്റി എഴുതിയിട്ടുണ്ടാകും. എല്ലാം നായ്ക്കളെ കുറിച്ചുള്ള വാഴ്ത്തുകഥകളുമായിരുന്നു. 

കഥകളോ? ഗിരീശന്‍ കഥകള്‍ എഴുതിയിരുന്നുവെന്നോ?

ഉമയുടെ ഒച്ച അവളറിയാതെ ഇടറി. 

കഥകള്‍ എഴുതുന്ന, കഥകള്‍ പറയുന്ന, അല്ലെങ്കില്‍ പുസ്തകമെങ്കിലും വായിക്കുന്ന ഗിരീശനെ അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗിരീശന്‍ കഥകള്‍ എഴുതിയിരുന്നുവെന്ന വിചാരം തന്നെ ഇപ്പോള്‍ അവളെ ചൊടിപ്പിച്ചു.

ഇയാള്‍ക്ക് ആളെ തെറ്റിയിട്ടൊന്നുമില്ലല്ലോ, ഉമ പാതി തന്നോടും ബാക്കി പാതി തന്റെ യുവാവായ അതിഥിയോടുമായി ചോദിച്ചു: എനിക്ക് നല്ല സംശയമുണ്ട്,  നിനക്ക് വീട് തെറ്റിയതാണോ?
യുവാവ് ഒരു നിമിഷം അവളെത്തന്നെ നോക്കി. മുറ്റത്തെ രാത്രിവെളിച്ചത്തില്‍ അയാളുടെ കണ്ണുകളിലെ തിളങ്ങുന്ന നനവ് ഉമയും ഒരുനിമിഷം കണ്ടു. 

ഒട്ടുമില്ല. അതുവരെയും ഇല്ലാത്ത ഒരു ശാന്തത കൈവരിക്കുന്നതുപോലെ അയാള്‍ പറഞ്ഞു: എനിക്കറിയാം, ഉമയ്ക്ക് അങ്ങനെയൊരു ആളെത്തന്നെ പരിചയമുണ്ടാവില്ല എന്ന്. ഗിരീശന്‍ പറഞ്ഞിട്ടും ഉണ്ടാവില്ല. എന്നാല്‍, അതിലെ ഒരു കഥയില്‍ നായ്ക്കുഞ്ഞുങ്ങളുടെ ചെറിയ കണ്ണുകളെക്കുറിച്ച് ഗിരീശന്‍ എഴുതിയ വരി, ഈശ്വരന്റെ മറവിയെപ്പറ്റി പറഞ്ഞത്, പിന്നീട് ഏത് മൃഗങ്ങളെ കാണുമ്പോഴും എനിക്ക് ഓര്‍മ്മവരുമായിരുന്നു. ഇപ്പോഴും എനിക്കത് തെറ്റാതെ പറയാന്‍ പറ്റും...

എന്നാലിപ്പോള്‍ അയാളില്‍നിന്ന് അങ്ങനെയൊരു വരിയോ ഉപമയോ കേള്‍ക്കേണ്ട എന്നുതന്നെ ഉമയ്ക്ക് തോന്നി. പകരം, എത്ര വര്‍ഷമാണ് നിങ്ങള്‍ ഒരുമിച്ച് താമസിച്ചത് എന്ന് അവള്‍ തന്റെ ഭര്‍ത്താവിന്റെ യുവസുഹൃത്തിനോട്  ചോദിച്ചു. 

ഒന്‍പത് വര്‍ഷം, യുവാവ് പറഞ്ഞു.

എന്നാല്‍ പിന്നീട്, കഥയിലെ ആ മൂന്നു നായ്ക്കുഞ്ഞുങ്ങള്‍ വലുതായി, വലിയ നായകളായി, അവയുമൊത്ത് ഏഴു ദിവസം, അതെ, ആ പേര് ഗിരീശന്‍ തന്നെ പറഞ്ഞതത്രെ, ഒരു ചണ്ഡാലന്റെ വേഷഭൂഷാദികളോടെ, തങ്ങള്‍ അക്കാലത്ത്  പാര്‍ത്തിരുന്ന ക്ഷേത്രനഗരിയില്‍ അലഞ്ഞുതിരിഞ്ഞ ഗിരീശനെപ്പറ്റി യുവാവ് പറഞ്ഞപ്പോള്‍,  ഗിരീശനൊപ്പം താന്‍ കഴിഞ്ഞ  അത്രയും വര്‍ഷങ്ങള്‍ വലിയൊരു അജ്ഞതയുടെ കൂടി കാലമായിരുന്നു എന്ന് ഉമയ്ക്കു തോന്നി. അതവളെ വിഷമിപ്പിച്ചു.  താന്‍ കാണാത്ത പട്ടണം, പട്ടണം സംസാരിച്ച ഭാഷ, പട്ടണത്തിലെ തെരുവുകള്‍, പട്ടണത്തിലെ  ക്ഷേത്രങ്ങള്‍, പട്ടണത്തിലെ ആളുകള്‍, പട്ടണത്തിലെ ഒച്ചകള്‍, പട്ടണത്തില്‍ ഒരിക്കല്‍ ചെങ്ങാതിമാരായി കഴിഞ്ഞ രണ്ട് യുവാക്കള്‍, ഇതൊക്കെ കഴിഞ്ഞുപോയ ഒരു കാലം പോലെ,  ഇപ്പോള്‍ തന്റെ അതിഥി  വിവരിക്കാന്‍ തുടങ്ങിയതോടെ താന്‍ മറ്റൊരാളുടെ  പേക്കിനാവിനകത്തുതന്നെയാണ് എന്നും ഉമയ്ക്ക് തോന്നി. 

ഉമ കരയാന്‍ തുടങ്ങി...

അവള്‍ക്ക് കൂട്ടിരിക്കാന്‍ വന്ന അയല്‍ക്കാരി  ഉമയുടെ അരികില്‍ നിലത്ത് ഇരുന്നു. അവളെ തന്നോടു ചേര്‍ത്തുപിടിച്ചു. കരയരുത് കരയരുത് എന്ന് പതുക്കെ അവളോട് പറഞ്ഞുകൊണ്ടിരുന്നു, പിന്നെ, അവിടെനിന്ന് ഉമയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. 

കിടപ്പുമുറിയില്‍,  രാത്രി തീരുന്നതുവരെയും ഉറങ്ങാതെ, ഗിരീശനെക്കുറിച്ചും തന്നെക്കുറിച്ചും ഓര്‍മ്മവരുന്നതെല്ലാം ഓര്‍ത്ത് ഉമ കിടന്നു. അവര്‍ ജോലിചെയ്തിരുന്ന സര്‍ക്കാര്‍ ആപ്പീസിലെ മടുപ്പിക്കുന്ന ദിവസങ്ങളെ അതേപോലെ വിട്ട് തന്റെ ജോലിയില്‍ മാത്രം മനസ്സുറപ്പിച്ച് കഴിഞ്ഞിരുന്ന ഗിരീശനെ ഇഷ്ടമുള്ളത്രയും നേരം അവള്‍ കണ്ടു. അക്കാലത്ത്  ഒരു ദിവസം വിധവയായിരുന്ന തന്റെ അരികിലേക്ക് വന്ന് ഉമേ, താന്‍ എന്നെ വിവാഹം കഴിക്കുമോ എന്ന്, ഷര്‍ട്ടിന്റെ കീശയില്‍ നിന്ന്, ഇതിനകം വാടാന്‍ തുടങ്ങിയ റോസാപ്പൂ നല്‍കിക്കൊണ്ട് ഗിരീശന്‍, ഒരു യുവാവിനെപ്പോലെയൊ കാമുകനെപ്പോലെയോ ചോദിച്ചത് ഇപ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം അവള്‍ അവള്‍ക്കുവേണ്ടി ഒന്നുകൂടി കേട്ടു. ഗിരീശന്റെ കയ്യില്‍നിന്നും റോസാപ്പൂ വാങ്ങി ഇതെത്ര വര്‍ഷം പഴക്കമുള്ള പൂവാണ് എന്ന് അവള്‍  ചോദിച്ചപ്പോള്‍ ഇത് എന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ വാങ്ങിയതാണ് എന്ന്  ഗിരീശന്‍ മറുപടി പറഞ്ഞത് ഇപ്പോള്‍ വീണ്ടും രണ്ടോ മൂന്നോ പ്രാവശ്യം അവള്‍  കണ്ടു. ആദ്യമായി ഗിരീശനെ ഉമ്മവെച്ച നേരം ഏതെന്ന് ഓര്‍ത്തു. പിന്നെ, എല്ലാറ്റിനുമൊടുക്കം,  ഇതിനൊക്കെ മുന്‍പേ നടന്നതുതന്നെ എന്ന് തീര്‍ച്ചയായ കാഴ്ചയിലും അവള്‍ എത്തി: ഏറെ മുഷിഞ്ഞും നാറിയുമുള്ള ഒരു ചണ്ഡാളന്റെ വേഷത്തില്‍ മൂന്നു തെരുവു നായകളുമായി അതുവരെയും കാണാത്ത ഒരു പട്ടണത്തില്‍ ഗിരീശന്‍ അലയുന്നു. തന്റെ മുന്‍പില്‍ വന്നുപെട്ട മനുഷ്യരോടും തെരുവുമൃഗങ്ങളോടും അവരുടെ ജാതി ചോദിച്ച്, അവരുടെ പിറവിദിനം ചോദിച്ച്... 

ഇപ്പോള്‍, അതേ കാഴ്ചയില്‍, അതേ നഗരത്തില്‍, അതേ തെരുവുകളില്‍ ഗിരീശന്റെ കൂടെ അവളെക്കൂടി കണ്ടതോടെ ഉമ, ആ രാത്രി, രണ്ടാമത്തെ തവണയും കരഞ്ഞു...

പിറ്റേന്ന് പുലര്‍ച്ചെ ഉമ ഇരിപ്പുമുറിയിലേക്ക് ചെല്ലുമ്പോള്‍ അവളെ കാത്തിരിക്കുന്നതുപോലെ അവളുടെ തലേന്നത്തെ അതിഥി അവിടെ സോഫയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ യുവാവ് എഴുന്നേറ്റു നിന്നു. അവള്‍ ഉണരുന്നതു കാത്തിരിക്കുകയായിരുന്നുവെന്നും യാത്ര പറയാന്‍ നില്‍ക്കുകയായിരുന്നുവെന്നും പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ തന്റെ ഈ സന്ദര്‍ശനം അവള്‍ക്ക് അലോസരമുണ്ടാക്കിയെങ്കില്‍ മാപ്പ് പറയുന്നുവെന്ന് പറഞ്ഞു. യുവാവ് ഉമയെ നോക്കി പുഞ്ചിരിച്ചു. പിന്നെ, അവളോട്, തന്റെ അപ്പോഴത്തെ ഒരാവശ്യം പറഞ്ഞു: നോക്കൂ, എനിക്ക് ഈ ഷര്‍ട്ട് ഒന്ന് മാറ്റണം, ഇത് വല്ലാതെ മുഷിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇതേ വേഷത്തില്‍ ഈ  രാജ്യം മുഴുവന്‍ അലയുകയായിരുന്നുവെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഉമക്ക് വിരോധമില്ലെങ്കില്‍ എനിക്ക് ഗിരീശന്റെ ഒരു ഷര്‍ട്ട് തരുമോ? 

യുവാവ് അവളെ നോക്കി ഒരു നിമിഷം എന്തോ ഓര്‍ത്ത് നിന്നു.  

ഒരുകാലത്ത് ഗിരീശനും ഞാനും തമ്മില്‍ ഷര്‍ട്ടുകള്‍ മാറി മാറി ഇടുമായിരുന്നു. യുവാവ് അവളോട് പറഞ്ഞു: ശരീരവും ആത്മാവും എന്ന്  അങ്ങനെ മാറുന്ന ഷര്‍ട്ടുകള്‍ക്ക്  ഞങ്ങള്‍ പേരിടുമായിരുന്നു..

ഉമ യുവാവിനെ നോക്കി ഹൃദ്യമായി ചിരിച്ചു. അപ്പോഴും, ഈ രണ്ട് ചെങ്ങാതിമാരും ഒരുമിച്ചു കഴിഞ്ഞ വര്‍ഷങ്ങള്‍, അവര്‍ തമ്മിലുള്ള പ്രായത്തിന്റെ അകലം, കലങ്ങുന്ന വാക്കുകളോടെയോ അക്കങ്ങളോടെയോ സഹായത്തില്‍ മനസ്സില്‍  പൂരിപ്പിക്കാന്‍ ശ്രമിച്ചു. അതേ വേഗതയില്‍ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

ഗിരീശന്റെ ഒരു പഴയ ഷര്‍ട്ടുമായി വീണ്ടും ഇരിപ്പുമുറിയിലേക്ക് വരുമ്പോള്‍ യുവാവ്  അയാളിട്ടിരുന്ന ഷര്‍ട്ട് ഊരി സോഫയില്‍ വെച്ചിരുന്നു. എന്നാല്‍, അവളുടെ കയ്യില്‍നിന്നും ഷര്‍ട്ട് വാങ്ങി വാസനിക്കാന്‍ എന്നപോലെ ഷര്‍ട്ട്  തന്റെ  മുഖത്തേയ്ക്ക് അയാള്‍  അടുപ്പിച്ചത് കണ്ടപ്പോള്‍ ഉമയ്ക്ക് ഗിരീശനെത്തന്നെ  കണ്ടതുപോലെ തോന്നി. 

ഓര്‍മ്മ നഷ്ടപ്പെട്ട കാലത്തുപോലും ഗിരീശന്‍ തെറ്റാതെ ചെയ്തിരുന്ന ഒരു പ്രവൃത്തിയും അതായിരുന്നു: ധരിക്കുന്നതിനും മുന്‍പ് ഷര്‍ട്ട് മൂക്കിനോടടുപ്പിച്ച് അര്‍ദ്ധനഗ്‌നനായി നില്‍ക്കുന്ന ഗിരീശന്‍ - അതായിരിക്കും ഒരുപക്ഷേ, ഇനി താന്‍ ഓര്‍ക്കുന്ന ഒരേയൊരു ഗിരീശന്‍ എന്ന് വിചാരിച്ചതും അവളുടെ കണ്ണുകള്‍ നിറഞ്ഞു. 
ഉമ തന്റെ അതിഥിയെ നോക്കി പുഞ്ചിരിച്ചു. 

പിന്നെ സോഫയില്‍നിന്നും അയാള്‍ ഊരിയിട്ട ഷര്‍ട്ട് എടുത്തു. പതുക്കെ, സമയം എടുത്ത് വൃത്തിയായി മടക്കി ഷര്‍ട്ട് അയാളുടെ കയ്യില്‍ വെച്ചുകൊടുത്തു. അവളെ സന്ദര്‍ശിച്ചതിന് അയാളോട് നന്ദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com