'ചതുരമുല്ല'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

മീനപ്പകലിലെ വെയിലിന്റേത് തിള ശമിക്കാത്ത പ്രകൃതമാണ്. എങ്കിലും ചിലപ്പോള്‍ തിളയൊന്നടങ്ങും. ഒരു മേഘം ആകാശം മുറിച്ച് സഞ്ചരിക്കുമ്പോഴാണത്
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

മീനപ്പകലിലെ വെയിലിന്റേത് തിള ശമിക്കാത്ത പ്രകൃതമാണ്. എങ്കിലും ചിലപ്പോള്‍ തിളയൊന്നടങ്ങും. ഒരു മേഘം ആകാശം മുറിച്ച് സഞ്ചരിക്കുമ്പോഴാണത്. മേഘങ്ങളൊഴിച്ചാല്‍ ഉച്ചനേരങ്ങളിലെ ഗഗനചാരികള്‍ ഒറ്റപ്പെട്ട ചില കാക്കകളാണ്. അവ പറക്കുന്നതായല്ല, വെയിലിന്റെ പുഴയ്ക്കു കുറുകെ നീന്തുന്നതായാണ് തോന്നുക. ഭൗമേതര യാത്രയ്ക്കു പുറപ്പെട്ട ആത്മാക്കളാണവ എന്ന കാര്യത്തില്‍ പി.കെ.എന്‍. കുട്ടി എന്ന പി.കെ. നാരായണന്‍കുട്ടിക്ക് സംശയമൊന്നും ഇല്ലായിരുന്നു. വെയില്‍പ്പുഴ നീന്തി മറുകര താണ്ടുന്നതോടെ ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മയും അവയില്‍നിന്ന് മാഞ്ഞുപോകുമെന്നും അയാള്‍ വിശ്വസിച്ചു.
നാരായണന്‍കുട്ടിക്ക് ഇത്തരം വിചാരങ്ങളൊക്കെയുണ്ടാകുന്നത് വീടിനു പിന്നിലെ പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ പകല്‍ മുഴുവന്‍ തനിച്ചിരിക്കുമ്പോഴാണ്.

തളിര്‍ത്ത് പൂവിട്ടു നില്‍ക്കുന്ന ഒരു പനിനീര്‍ ചാമ്പയായിരുന്നു അത്. ചാമ്പയുടെ ചുവട്ടിലെ തണല്‍ വൃത്തത്തില്‍ പിങ്ക് നിറമുള്ള പൂമ്പൊടി സദാ ഉതിര്‍ന്നുകൊണ്ടിരുന്നു. സമയം പോക്കാനുള്ള ഇരിപ്പായിരുന്നു അതെങ്കിലും നാരായണന്‍കുട്ടിയുടെ ശരീരഭാഷയില്‍ ഒരു ജാഗ്രത പ്രകടമായിരുന്നു. ശ്വാസമെടുക്കുന്നതില്‍ അയാള്‍ പുലര്‍ത്തിയ ശ്രദ്ധയായിരുന്നു അതിനു കാരണം. വാര്‍ദ്ധക്യത്തില്‍ കൂട്ടുവന്ന ആസ്തമ ശ്വാസത്തിന്റെ കാര്യത്തില്‍ ധൂര്‍ത്തു കാണിക്കാന്‍ അയാളെ അനുവദിച്ചിരുന്നില്ല. ഓരോ തവണയും അയാള്‍ അളന്നുമുറിച്ചു മാത്രം ശ്വസിച്ചു.

''ഇവിടെ ഇങ്ങനെ ഇരിക്കണത് ഒരാശ്വാസമാണ്...'', പനിനീര്‍ ചാമ്പയുടെ ചുവട്ടിലിട്ട കസേരയില്‍ തന്നെ സുരക്ഷിതമായി ഇരുത്തുമ്പോള്‍ നാരായണന്‍കുട്ടി മേരിയോട് പറഞ്ഞു.

നാരായണന്‍കുട്ടിയേയും ഭാര്യ സേതുലക്ഷ്മിയേയും പരിചരിക്കുന്നതിനുവേണ്ടി ദില്ലിയിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന അവരുടെ ഏക മകന്‍ അരവിന്ദ് നാരായണന്‍ ഏര്‍പ്പാടാക്കിയ ഹോംനഴ്സ് ആയിരുന്നു മേരി. ദില്ലിയിലെ അത്യുഷ്ണവും അതിശൈത്യവും വാര്‍ദ്ധക്യത്തിന്റെ വ്യാധികള്‍ അലട്ടിയിരുന്ന നാരായണന്‍കുട്ടിക്കും സേതുലക്ഷ്മിക്കും ഒട്ടും ഹിതകരമായിരുന്നില്ല. പോരാത്തതിന് മാരകമാംവിധത്തില്‍ മലിനമായിക്കൊണ്ടിരിക്കുന്ന അവിടത്തെ വായുവും. അങ്ങനെയാണ് അവര്‍ മകനോടൊപ്പമുള്ള വാസം മതിയാക്കി നാട്ടിലേക്കു പോന്നത്.

നാരായണന്‍കുട്ടിയെ അലട്ടിയ വ്യാധി ആസ്തമയായിരുന്നുവെങ്കില്‍ സേതുലക്ഷ്മിക്ക് അത് വാതവും മറവിരോഗവുമായിരുന്നു. ശോഷിച്ച് വളഞ്ഞ കൈകാലുകളും ശൂന്യനോട്ടവുമായി അവര്‍ വീല്‍ച്ചെയറില്‍ വീടിന്റെ അകത്തങ്ങളില്‍ മാത്രം ചലിച്ചു.

നാരായണന്‍കുട്ടിക്ക് നടക്കാനും ഇരിക്കാനുമൊന്നും പരസഹായം ആവശ്യമുണ്ടായിരുന്നില്ല. ഇടയ്ക്കുണ്ടായ ഒരു വീഴ്ചയില്‍ ഇടുപ്പിനു ചതവുപറ്റിയതോടെയാണ് അയാള്‍ക്ക് പരാശ്രയം വേണമെന്നായത്. എക്‌സ്റേ പരിശോധിച്ചതിനുശേഷം ഡോക്ടര്‍ പറഞ്ഞ കാര്യം നാരായണന്‍കുട്ടി ഇടയ്ക്കിടെ ഓര്‍ക്കും: ''പൊട്ടലില്ല, ഭാഗ്യം. ഈ പ്രായത്തില്‍ വീണ് എല്ലൊടിഞ്ഞാലത്തെ കാര്യം പറയേണ്ടല്ലോ.''

പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ പകല്‍ മുഴുവന്‍ ചെലവഴിക്കുക എന്ന പതിവുശീലം ഉപേക്ഷിക്കാന്‍ നാരായണന്‍കുട്ടി പക്ഷേ, തയ്യാറായില്ല. അതിനുവേണ്ടി അയാള്‍ മേരിയെ പ്രത്യേകം ചട്ടംകെട്ടി. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാലുടന്‍ മേരി നാരായണന്‍കുട്ടിയെ താങ്ങിപ്പിടിച്ച് പനിനീര്‍ ചാമ്പയുടെ ചുവട്ടിലേക്ക് ആനയിച്ചു. വാര്‍ദ്ധക്യം വഴക്കമില്ലാത്തതാക്കി തീര്‍ത്ത ശരീരമായിരുന്നു അയാളുടേത്. എങ്കിലും മേരിയുടെ കൈകള്‍ക്കുള്ളില്‍ അത് അനുസരണയോടെ നിന്നു. മേരിയെ വിഷമിപ്പിച്ചത് അയാളുടെ എല്ലുകളായിരുന്നു. എഴുപതു വര്‍ഷത്തിന്റെ മൂപ്പുള്ള, ഉരുക്കുദണ്ഡുകള്‍പോലെയുള്ള അവ തരുണാസ്ഥി ചമഞ്ഞ് തന്റെ ഉടലില്‍ അമരുന്നത് അവളില്‍ മനംപിരട്ടലുണ്ടാക്കി.

''ഇവിടെ ഇങ്ങനെ ഇരിക്കുമ്പോള്‍ ഓരോരോ കാറ്റുകള്‍ തന്നിഷ്ടത്തിന് വരികയും പോവുകയും ചെയ്യുന്നതു കാണാം'' -കസേരയില്‍ സ്വസ്ഥമായി ഇരിപ്പുറപ്പിച്ചുകൊണ്ട് നാരായണന്‍കുട്ടി തുടര്‍ന്നു: ''നിയന്ത്രണമില്ലാത്ത വായുവിന്റെ സഞ്ചാരങ്ങള്‍ അളന്നുമുറിച്ചു മാത്രം ശ്വസിക്കാന്‍ വിധിക്കപ്പെട്ട എന്റെയുള്ളില്‍ വല്ലാത്ത ഒരു കൊതി നിറയ്ക്കുമെന്നു പറയേണ്ടതില്ലല്ലോ. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോള്‍ എന്നെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം ആ കൂറ്റന്‍ പൊങ്ങല്യത്തില്‍ കൂടുകൂട്ടിയിട്ടുള്ള പരുന്തുകളുടെ സാമീപ്യമാണ്. പകല്‍ മുഴുവന്‍ വെയിലിന്റെ ചില്ലു പ്രതലങ്ങളിലൂടെ ഒഴുകിനടക്കുന്ന അവ ചിലപ്പോള്‍ താണുപറന്ന ഈ ചാമ്പയ്ക്കു മുകളില്‍ വന്നിരിക്കും. തലചെരിച്ച് കൊതിയോടെ എന്നെ ഉറ്റുനോക്കും. വേനലും വറുതീമല്ലേ, മുഴുപ്പട്ടിണിയായിരിക്കും. പത്തെഴുപതു വര്‍ഷം പഴക്കമുള്ള, കുശുത്തു തുടങ്ങിയ എന്റെയീ തടി അവയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടാവും. ഒടുവില്‍ ജീവനുള്ള ശരീരമാണെന്നു കണ്ട് നിരാശയോടെ അവ തിരിച്ചു പറക്കുമ്പോള്‍ മരണത്തെ ജയിച്ചതിന്റെ പൊള്ളയായ ഒരു സന്തോഷം എന്റെയുള്ളില്‍ നിറയും.''

അയാള്‍ പറഞ്ഞതത്രയും മേരി നിശബ്ദയായി കേട്ടുനിന്നു. മറിച്ചൊന്നും പറയേണ്ടതില്ലെന്ന് തന്റെ തൊഴില്‍ പരിചയം അവളെ പഠിപ്പിച്ചിരുന്നു.

പ്രഭാതത്തിലെ വെയില്‍ നേര്‍പ്പിച്ച വീഞ്ഞിന്റെ നിറത്തില്‍ അപ്പോള്‍ ഭൂമിയിലെമ്പാടും പരക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ ഒരു തുണ്ട് മേരിയുടെ മുഖത്തും വീണു. അവളുടെ ചുണ്ടുകള്‍ ആ വെയിലില്‍ കുതിര്‍ന്നു ചുവക്കുന്നത് നാരായണന്‍കുട്ടി കണ്ടു.

***
''ഏകാകിയുടെ ഓര്‍മ്മകള്‍ പിശുക്കന്റെ ധനംപോലെയാണ്'', നാരായണന്‍കുട്ടി മേരിയോടു പറഞ്ഞു: ''ആരുമായും പങ്കുവയ്ക്കപ്പെടാതെ അതങ്ങനെ കിടക്കും. ഒടുവില്‍ ഉടമയോടൊപ്പം മണ്‍മറഞ്ഞുപോകും.''

പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ ഊണുകഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നു നാരായണന്‍കുട്ടി. ഊണ് പേരിനു മാത്രമാണ്. അധികം കഴിക്കുന്ന ഒരുരുള മതി ശ്വാസത്തെ പ്രകോപിപ്പിക്കാന്‍.

മരത്തലപ്പുകള്‍ക്കുമേല്‍ വീതുളി മൂര്‍ച്ചയോടെ വെയില്‍. പനിനീര്‍ ചാമ്പയുടെ കറുത്തനിഴല്‍ കീറി ഒട്ടിക്കപ്പെട്ട ഒരു ചിത്രംപോലെ മണല്‍വിരിച്ച മുറ്റത്ത് പതിഞ്ഞുകിടന്നു. അന്തരീക്ഷം ലഘുവാക്കാന്‍ ഉദ്ദേശിക്കപ്പെട്ടുകൊണ്ട് ഒരു കാറ്റു വീശി. എവിടെയോ ഒരു കാക്ക കരഞ്ഞു.

''എങ്കിലും കുതറി പുറത്തുചാടുന്ന ചില ഓര്‍മ്മകളുണ്ട്'', നാരായണന്‍കുട്ടി തുടര്‍ന്നു: ''ആരെങ്കിലുമായി പങ്കുവയ്ക്കപ്പെട്ടാല്‍ മാത്രം അടങ്ങുന്നവ. അത്തരത്തില്‍ ഒന്നാണിത്. മേരി കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?''

''ഉണ്ട്'' -മേരി പറഞ്ഞു.

നാരായണന്‍കുട്ടി പറഞ്ഞുതുടങ്ങി:

ശൈത്യകാലത്തെ ഒരു മധ്യാഹ്നമായിരുന്നു. വെയില്‍ ഒരു പിടികിട്ടാപ്പുള്ളിയെപ്പോലെ ഒളിവില്‍ പോയിട്ട് അന്നേയ്ക്ക് രണ്ടാഴ്ച കഴിഞ്ഞിരുന്നു. മഞ്ഞ് ഒരു പൊലീസുകാരന്റെ കൂര്‍ത്ത നോട്ടവുമായി എല്ലായിടത്തും റോന്തുചുറ്റി.

അജീന്ദര്‍ കൗര്‍ എന്ന എഴുപതു വയസ്സുള്ള റിട്ടയേഡ് കേണലിന്റെ വിധവ അവരുടെ കോഠിയുടെ താഴത്തെ നിലയില്‍ ഉച്ചഭക്ഷണത്തിനൊരുങ്ങുകയായിരുന്നു. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള അമ്മയും അവര്‍ക്കൊപ്പം പാര്‍ത്തിരുന്നു. ചൂടു ചപ്പാത്തിയില്‍ നറുനെയ്യ് പുരളുന്നതിന്റെ സ്‌നിഗ്ദ്ധഗന്ധം മുകള്‍നിലയില്‍ കമ്പിളിക്കുള്ളില്‍ ഉച്ചമയങ്ങുകയായിരുന്ന എന്നെയും സേതുലക്ഷ്മിയേയും തേടി പടികള്‍ കയറി. ഞാനും ഭാര്യയും മുകള്‍നിലയില്‍ അജീന്ദര്‍ കൗറിന്റെ വാടകക്കാരായിരുന്നു. കേന്ദ്ര സര്‍വ്വീസില്‍ ഒരു ഗ്രൂപ്പ് ബി ഓഫീസറായി ഞാന്‍ ജോലിക്കു ചേര്‍ന്ന ആദ്യവര്‍ഷങ്ങളായിരുന്നു അത്.

''ആന്റീ'' ഇടയ്ക്ക് ഞാന്‍ അജീന്ദര്‍ കൗറിനോട് ചോദിക്കും: ''കൊഴുപ്പുള്ള സാധനങ്ങള്‍ കുറച്ചു കൂടെ?''
ആറടി പൊക്കത്തില്‍ സ്ഥൂലഗാത്രകളായിരുന്നു അജീന്ദര്‍ കൗറും അവരുടെ അമ്മയും. ഒരു കൈക്കുമ്പിള്‍ നിറയാന്‍ പോന്ന ഗുളികകള്‍ ഇരുവരും ദിനേന കഴിച്ചുപോന്നു.

''ബേട്ടാ'', അജീന്ദര്‍ കൗര്‍ പറയും: ''ഇഷ്ടമുള്ളത് വേണ്ടെന്നു വയ്ക്കാനാണെങ്കില്‍ പിന്നെ ഈ മരുന്നുകളെന്തിനാ?

മാംജിയെ നോക്ക്, ദിവസം രണ്ട് ലഡ്ഡുവെങ്കിലും കഴിച്ചിരിക്കും.''

അജീന്ദര്‍ കൗറിന്റെ അമ്മയെ ഞാനും 'മാംജി' എന്നുതന്നെയാണ് വിളിച്ചിരുന്നത്. മാംജിയുടെ ഒരേയൊരു മകളായിരുന്നു അജീന്ദര്‍ കൗര്‍. അവര്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. മൂന്നുപേരും ഭാര്യമാരും മക്കളുമൊത്ത് കാനഡയില്‍.

''വൊ തൊ ഝോട് ദോ, അതുവിട്'', അജീന്ദര്‍ കൗര്‍ വിഷയം മാറ്റും: ''നിന്റെ ഭാര്യയ്ക്ക് വിശേഷം വല്ലതുമായോ?'

മധുവിധു കഴിഞ്ഞിട്ടില്ലാതിരുന്ന ഞാന്‍ അപ്പോള്‍ ലജ്ജാലുവാകും.

''വെറുതെ വച്ചു താമസിപ്പിക്കരുത്, പറഞ്ഞേക്കാം.''

ശൈത്യകാലം അവസാനിക്കും മുന്‍പുള്ള, വെയില്‍ നിര്‍ഭയമായി അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു മധ്യാഹ്നത്തില്‍ ഞാനും സേതുലക്ഷ്മിയും വിശേഷം അറിയിക്കാന്‍ അജീന്ദര്‍ കൗറിന്റെ മുന്നിലെത്തി. ആളുകള്‍ വീടുകള്‍ക്കു പുറത്തേയ്‌ക്കൊഴുകി വെയിലിന്റെ രജതപ്രസരം ഏറ്റു വാങ്ങുകയും ആകാശം അതിന്റെ നീലനിറം വീണ്ടെടുക്കുകയും വിറങ്ങലിച്ചു നിന്നിരുന്ന മരങ്ങളില്‍ പച്ചനിറം തുടിച്ചുണരുകയും ചെയ്ത ഒരു മധ്യാഹ്നമായിരുന്നു അത്. മുറ്റത്ത് അടുത്തടുത്തായി ഇട്ട കസേരകളിലിരുന്ന് മാംജിയുമൊത്ത് വെയില്‍ കായുകയായിരുന്നു രജീന്ദര്‍ കൗര്‍. അവര്‍ക്കു മുകളില്‍ ഇലകള്‍ കൊഴിച്ച ഒരു തണല്‍വാക തീക്കനല്‍ നിറത്തില്‍ പൂത്തുനിന്നു.

വിശേഷം അറിഞ്ഞ അജീന്ദര്‍ കൗര്‍ ഹിന്ദിയും പഞ്ചാബിയും അറിയാത്ത സേതുലക്ഷ്മിയോട് സംസാരിക്കാന്‍ നിന്നില്ല. പകരം അവര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് അവളെ ഊഷ്മളമായി പുണര്‍ന്നു. എന്തുകൊണ്ടോ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

മാംജി സേതുലക്ഷ്മിയെ അടുത്തേയ്ക്കു വിളിച്ചു. സ്വെറ്ററിന്റെ കീശയില്‍നിന്ന് നൂറു രൂപയുടെ നോട്ട് പരതിയെടുത്ത് അവളുടെ തലയ്ക്കു ചുറ്റും ഉഴിഞ്ഞ് കൈകളില്‍ വച്ചുകൊടുത്തു:

''നീ കുഞ്ഞുമായി മടങ്ങിവരുമ്പോള്‍ ഞാനുണ്ടാവുമോ എന്നറിയില്ല. അവന് മധുരം വാങ്ങി നല്‍കണം.''

അവധിക്കു നാട്ടില്‍ വന്ന ഞാന്‍ മകന്‍ ജനിച്ച വിവരം അറിയിക്കാന്‍ അജീന്ദര്‍ കൗറിനെ വിളിക്കുമ്പോള്‍ അപ്പുറത്തെ അപരിചിതമായ പുരുഷശബ്ദം തണുത്തിരുന്നു: ''അമ്മ പോയി, ഇന്നലെ.''

മനുഷ്യന്‍ അവന്റെ ഓര്‍മ്മകളല്ലെങ്കില്‍ പിന്നെ മറ്റെന്താണ് മേരീ.

***
വെയില്‍ ഓളം വെട്ടിക്കിടന്ന ഒരുച്ചയ്ക്ക് പനിനീര്‍ ചാമ്പയുടെ ചുവട്ടിലിരുന്ന് മയക്കത്തിലാണ്ടു പോകുമ്പോള്‍ നാരായണന്‍കുട്ടി ഒരു കാഴ്ച കണ്ടു.

പറമ്പിന്റെ കിഴക്കേ അതിരില്‍ പാടത്തേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന പ്ലാത്തിമാവിന്റെ ചുവട്ടില്‍ താനും മകന്‍ അരവിന്ദും. അരവിന്ദിന് ഇന്നത്തെ പ്രായമൊന്നുമില്ല. നന്നെ ചെറിയ കുട്ടിയാണ്. തന്റെ വിരലില്‍ തൂങ്ങിയാണ് നില്‍പ്പ്. രണ്ടാളും കൂടി മാങ്ങ പറിക്കാന്‍ ഇറങ്ങിയതാണ്. മകരക്കൊയ്ത്തു കഴിഞ്ഞ പാടം വൈക്കോല്‍ക്കുറ്റികളുടെ തവിട്ടുനിറവും പേറി തരിശു കിടന്നു.

പ്ലാത്തിമാവിന്റെ ചുവട്ടില്‍ വന്നിട്ട് കാലം കുറെയായല്ലോ എന്ന് നാരായണന്‍കുട്ടി ഓര്‍ത്തു. ചുവട് എന്നു പറയാന്‍ പറ്റില്ല. നിവര്‍ന്നു നില്‍ക്കുന്നതിനല്ലേ ചുവടുണ്ടാവൂ. വാര്‍ദ്ധക്യം ബാധിച്ച മാവ് ഇപ്പോള്‍ പാടത്തേക്ക് ചരിഞ്ഞുവീണ അവസ്ഥയിലാണ്. തൊലി വിണ്ടുകീറി അടര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇത്തിള്‍ക്കണ്ണിയും മറ്റു പരാദ സസ്യങ്ങളും ഭയലേശമെന്യേ മാവിനെ പൊതിഞ്ഞിരിക്കുന്നു.

തന്റെ ചെറുപ്പകാലത്തെ ഓര്‍മ്മയില്‍ മാവ് നെട്ടനെ ഉയര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഒരു ബലിഷ്ഠ വൃക്ഷമാണ്. മാവിനെ എന്നാണ് വാര്‍ദ്ധക്യം ബാധിച്ചത്? എന്തുകൊണ്ടാണ് താന്‍ ഇതുവരെ അത് അറിയാതെ പോയത്?
മാവിന് ഇപ്പോള്‍ എത്ര പ്രായമായിട്ടുണ്ടാവും? ആരായിരിക്കും ഈ മാവ് നട്ടുപിടിപ്പിച്ചിട്ടുണ്ടാവുക? മുത്തച്ഛനോ അതോ മുതുമുത്തച്ഛനോ? അല്ലെങ്കില്‍ മുതുമുത്തച്ഛന്റെ അച്ഛനായിരിക്കുമോ? മുത്തച്ഛനെ ഓര്‍മ്മയുണ്ട്. പക്ഷേ, മുതുമുത്തച്ഛന്‍ ആരായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിന്റെ പേര്? മുതുമുത്തച്ഛന്റെ അച്ഛന്‍ ആരായിരുന്നു? അദ്ദേഹത്തിനും ഒരു പേര് ഉണ്ടായിരുന്നിരിക്കുമല്ലോ.

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അയാള്‍ മാവിന്റെ തായ്ത്തടിയില്‍ ചാരി അല്പനേരമിരുന്നു. ഒപ്പം മകനും.
വെയില്‍ ഉറുപ്പിക വട്ടത്തില്‍ അവര്‍ക്കുമേല്‍ പുള്ളികള്‍ തീര്‍ത്തു. പൂര്‍വ്വാഹ്നത്തിന്റെ നീറ്റുന്ന ഉഷ്ണം അവരുടെ തൊലിപ്പുറങ്ങളെ സജലങ്ങളാക്കി.

''മോനേ'', നാരായണന്‍കുട്ടി മകനോട് ചോദിച്ചു: ''മുത്തച്ഛനെ നിനക്ക് ഓര്‍മ്മയുണ്ടോ?''

''ഉം...'' നിഷേധിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ് ചോദിച്ചതെന്നവണ്ണം അവന്‍ ബാല്യത്തിന്റെ സ്‌ത്രൈണതയോടെ മൂളി.

''ഇല്ല, നിനക്ക് ഓര്‍മ്മയുണ്ടാകാന്‍ വഴിയില്ല'' -അയാള്‍ പറഞ്ഞു: ''നിനക്ക് ഒരു വയസ്സു പൂര്‍ത്തിയാകും മുന്‍പ് അച്ഛന്‍ പോയി.''

മാവ് കാര്യമായി കായ്ച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. അവിടവിടെ ഏതാനും മാങ്ങകള്‍. മൂന്നുനാലെണ്ണം അയാള്‍ കയ്യെത്തിച്ച് പറിച്ചെടുത്തു. ചരിഞ്ഞുവീണ മാവില്‍ തോട്ടിയുടെ ആവശ്യമുണ്ടായില്ല.

മാവിനെ പ്രദക്ഷിണം വച്ച് അതിന്റെ തലയ്ക്കല്‍ എത്തിയപ്പോള്‍ അച്ഛനും മകനും അദ്ഭുതപ്പെട്ടു.

വീണുകിടപ്പാണെങ്കിലും മാവ് സമൃദ്ധമായി തളിരിട്ടിരിക്കുന്നു.

ഉലയില്‍ പഴുത്ത ഓടിന്റെ നിറത്തില്‍ വെയില്‍ കുടിച്ച് തുടുത്ത മാന്തളിരുകള്‍.

ഇപ്പോള്‍ മാവിനെ കണ്ടാല്‍ വീണുകിടപ്പാണെന്നോ വാര്‍ദ്ധക്യമാണെന്നോ ആരും പറയില്ല.

''ഇതെന്താണച്ഛാ ഇങ്ങനെ?'' -മകന്‍ ചോദിച്ചു.

''പിതൃക്കള്‍ക്കുമുണ്ടാവില്ലേ മോനേ മാനാഭിമാനങ്ങള്‍'' -അയാള്‍ പറഞ്ഞു.

***
നാരായണന്‍കുട്ടിയുടെ വീട്ടില്‍ മനുഷ്യരല്ലാത്ത രണ്ട് ആണ്‍പിറപ്പുകളെ കൂടി മേരിക്ക് പരിപാലിക്കേണ്ടതുണ്ടായിരുന്നു. വിക്രമന്‍ എന്നു പേരുള്ള പൂവന്‍കോഴിയും ശങ്കരന്‍ എന്നു പേരുള്ള ലാബ്രഡോര്‍ നായയുമായിരുന്നു അത്. അയലത്തെങ്ങും ഒരു ഇണയോ തുണയോ ഇല്ലാത്ത, യൗവ്വനം നട്ടുച്ചയില്‍ കത്തിനില്‍ക്കുന്ന രണ്ട് ഋഷ്യശൃംഗന്മാരായിരുന്നു അവര്‍.

ശങ്കരന്‍ തുടലഴിഞ്ഞാലുടന്‍ വീടിനു മുന്നിലെ പാടത്തിനപ്പുറമുള്ള ആറ്റിലേയ്ക്കു കുതിക്കും. മതിയാകുന്നതുവരെ നീന്തിത്തുടിച്ച് തിരിച്ചുവരും. പ്രിയ ഭോജ്യമായ കോഴിയിറച്ചിയും ചോറും കഴിച്ച് കുറച്ചു നേരം ധ്യാന ബുദ്ധനെപ്പോലെ ഇരിക്കും. പിന്നെ കിടന്നുറങ്ങും.

വിക്രമന്‍ ഗോതമ്പു പ്രിയനാണ്. രാവിലത്തെ തീറ്റയെടുത്തു കഴിഞ്ഞാലുടന്‍ അവന്‍ അയല്‍പക്കത്തേയ്ക്ക് ഒറ്റ ഓട്ടമാണ്. അവിടെ അവന്റെ കൂട്ടുകാരന്‍, ഭാര്യ വരച്ചവരയില്‍ നിറുത്തിയിരിക്കുന്ന റിട്ടയേഡ് ഡി.വൈ.എസ്.പി അലക്സ് സ്‌കറിയ മുറ്റത്തെ നെല്ലിമരത്തിനു ചുവട്ടില്‍ കസേരയിട്ട് അവനേയും കാത്ത് ഇരിക്കുന്നുണ്ടാവും. എരിവും പുളിയുമുള്ള പൊലീസ് കഥകള്‍ മതിയാവോളം കേട്ട് ചേക്കേറാന്‍ മാത്രമേ അവന്‍ മടങ്ങൂ. മടങ്ങിയെത്തുമ്പോള്‍ ഗോതമ്പുമായി മേരി കാത്തുനിന്നുകൊള്ളണം. അല്ലാത്തപക്ഷം അവന്‍ ഒരു പോരുകോഴിയെപ്പോലെ അവളുടെ കാല്‍പ്പാദങ്ങളില്‍ കൊത്തി മുറിവേല്പിക്കും.

''മനുഷ്യന്‍ ഉടമയായി ഉണ്ടാകുന്നതുകൊണ്ടുള്ള ഒരു ഗുണം വളര്‍ത്തുമൃഗങ്ങളുടെ വികാരങ്ങളൊന്നും തിരിച്ചറിയപ്പെടാതെ പോവുകയില്ല എന്നതാണ്.'' നാരായണന്‍കുട്ടി ഇടയ്ക്ക് മേരിയോടു പറയും: ''അവ നിറവേറപ്പെടുന്നില്ലെങ്കില്‍ക്കൂടി.''

വിക്രമന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിട്ടയേഡ് ഡി.വൈ.എസ്.പി അലക്സ് സ്‌കറിയയുടെ പൊലീസ് കഥകള്‍ കേള്‍ക്കാന്‍ പോകാറില്ല എന്ന കാര്യം നാരായണന്‍കുട്ടി ശ്രദ്ധിച്ചു.

പറമ്പിലെ തണലില്‍ തൂവല്‍ കോതിമിനുക്കി, ഇടയ്ക്കിടെ കൂവി, അല്പമൊന്നുറങ്ങി അവന്‍ പകല്‍ ചെലവിട്ടു.

''എന്തുപറ്റി?'' നാരായണന്‍കുട്ടി സംഭാഷണ ചതുരനായ അവനോടു ചോദിച്ചു: ''നിങ്ങള്‍ തമ്മില്‍ തെറ്റിയോ?''

''ആണുങ്ങളാവുമ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് തെറ്റും'' വിക്രമന്‍ പറഞ്ഞു: ''ഇവിടെ അതല്ല കാര്യം.''

''പിന്നെ.''

''അയാള്‍ടെ പെമ്പ്രന്നോര്‍ രണ്ടാഴ്ച മുന്‍പല്ലേ യു.കെയില്‍നിന്നു വന്നേ, മോള്‍ടെ പ്രസവമെടുക്കാന്‍ പോയിട്ട്.''

''അതിന്?''

''ഇപ്പോ രണ്ടാളും മാസ്‌കും വച്ച് ഇരിപ്പാ, തീണ്ടാപ്പാടകലെ.''

''അതിനു നിനക്കെന്താ? നിനക്ക് അയാളുടെ എരിവും പുളിയുമുള്ള കഥ കേട്ടാല്‍ പോരേ?''

''കഥ, മുഖത്ത്ന്ന് കേക്കണം. നിങ്ങള് പറഞ്ഞ എരീം പുളീമൊക്കെ അപ്പൊഴാ വരണെ. ഇതിപ്പോ കണ്ണു മാത്രമേ പുറത്തുള്ളു.''

''അപ്പോ, കഥയെ വായിക്കാനുള്ള സങ്കേതത്തിലാക്കിയ ഞങ്ങള്‍ മനുഷ്യര്ടെ കാര്യമോ?''

''അത്തരം സങ്കേതങ്ങളൊന്നും വശമുള്ളവരല്ല ഞങ്ങള്‍. എങ്കിലും എനിക്കു തോന്നുന്നത് എഴുതിവെച്ച വാക്ക് ഒരു താക്കോല്‍ മാത്രമായിരിക്കുമെന്നാണ്. അതുകൊണ്ടു തുറക്കാവുന്ന ശബ്ദങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമായിരിക്കും അതിന്റെ ഭാവം പൊലിമയാര്‍ന്നു വരിക. അതിനാല്‍ത്തന്നെ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയുമാണത്.''

''എന്തായാലും ഒന്നുണ്ട്'' -വിക്രമന്‍ തുടര്‍ന്നു: ''ഭാര്യയുടെ മുഖത്തു നോക്കാന്‍ ധൈര്യമില്ലാതിരുന്ന ഡി.വൈ.എസ്.പിക്ക് മാസ്‌ക് വെച്ചതോടെ അതിനു കഴിയുന്നുണ്ട്.

ഇപ്പോള്‍ കണ്ണുമാത്രം തന്നെ ചതിക്കാതെ അയാള്‍ക്കു നോക്കിയാല്‍ മതി. നമ്മളെ വഞ്ചിക്കുന്നത് ആരാണെന്നാ. നമ്മുടെ ഇന്ദ്രിയങ്ങള് തന്നെയാ. ജീവിച്ചിരിക്കുമ്പോഴായാലും മരിച്ചു പോകുമ്പോഴായാലും.''

***
''കുതറിച്ചാടുന്ന മറ്റൊരോര്‍മ്മ ഖേരിയ മോഡ് എന്നയിടത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ ഞാന്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ഒന്നുരണ്ടു മനുഷ്യരെക്കുറിച്ചുള്ളതാണ്. തൊട്ടടുത്തുതന്നെയുള്ള ഒരു വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു അവര്‍. അവരില്‍ ഒരാളെ പാലുവാങ്ങാന്‍ പോകുന്ന വേളയിലാണ് ഞാന്‍ കണ്ടുമുട്ടിയിരുന്നത്'' -നാരായണന്‍കുട്ടി മേരിയോടു പറഞ്ഞു.

പനിനീര്‍ ചാമ്പയുടെ ചുവട്ടിലെ ഒരു സായാഹ്നമായിരുന്നു. ചൂടാറിയ വെയില്‍. പ്രസന്നമായ ആകാശം.
''ക്വാര്‍ട്ടേഴ്സില്‍ എല്ലാവരും പശുക്കറവയുള്ളിടത്ത് നേരിട്ടു ചെന്നാണ് പാല്‍ വാങ്ങിയിരുന്നത്. രണ്ടു നിരകളിലായി തൊട്ടുതൊട്ടു കിടന്ന പത്തു മുപ്പതോളം വീടുകളായിരുന്നു കറവക്കാരുടേത്. തൊഴുത്ത് അവരുടെ വീടിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

പാലു വാങ്ങാനുള്ളവരെല്ലാം എത്തിക്കഴിഞ്ഞു മാത്രമേ കറവക്കാര്‍ കറവ തുടങ്ങുമായിരുന്നുള്ളൂ. അതിനു മുന്‍പ് കക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ അവര്‍ എല്ലാവരും കാണ്‍കെ കമിഴ്ത്തി കാണിച്ചിരുന്നു. പാലില്‍ വെള്ളത്തിന്റെ തുള്ളിപോലും കലരുന്നില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്. കറവതീരുന്നതുവരെ എല്ലാവരും ഒരു വിശുദ്ധ കര്‍മ്മത്തിനു സാക്ഷിയാകുന്ന മട്ടില്‍ ധ്യാനമൂകരായി നില്‍ക്കുമായിരുന്നു. എന്റെ വിരലില്‍ തൂങ്ങി വന്നിരുന്ന അരവിന്ദ് സ്‌കൂളില്‍ ദേശീയഗാനം കേട്ടിട്ടെന്നതുപോലെ അപ്പോള്‍ അറ്റന്‍ഷനില്‍നിന്നിരുന്നത് എല്ലാവരിലും ചിരിയുണര്‍ത്തിയിരുന്നു. പാലു വാങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ കണ്ടുമുട്ടാറുണ്ടായിരുന്ന, വൃദ്ധസദനത്തിലെ അന്തേവാസിയായ മനുഷ്യന്‍ പത്തു ലിറ്ററെങ്കിലും കൊള്ളുന്ന ഒരു തൂക്കുപാത്രവുമായിട്ടായിരുന്നു എന്നും വന്നിരുന്നത്. വൃദ്ധസദനത്തിലേക്ക് ഒരു ദിവസം വേണ്ടുന്ന പാലിന്റെ അളവായിരിക്കും അത് എന്നു ഞാന്‍ കണക്കുകൂട്ടി. പാല്‍ നിറച്ച പാത്രം തൂക്കിപ്പിടിച്ചു നടന്നുപോകാന്‍ അയാള്‍ നന്നേ ക്ലേശിച്ചിരുന്നു. അയാള്‍ എന്നും ഹൃദ്യമായ ഒരു ചിരി എനിക്കു സമ്മാനിക്കുകയും ഞാന്‍ അത് തെറ്റാതെ മടക്കുകയും ചെയ്തുപോന്നു. ഞങ്ങള്‍ പക്ഷേ, ഒരിക്കല്‍പ്പോലും തമ്മില്‍ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ അയാളോട് സംസാരിക്കുമെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ജോലി സംബന്ധമായ ട്രെയിനിങ്ങും മറ്റുമായി വേറൊരിടത്തായിരുന്നതിനാല്‍ വലിയ ഒരിടവേള കഴിഞ്ഞാണ് പിന്നീട് ഞാന്‍ പാലു വാങ്ങാന്‍ പോയത്. അന്ന് എന്നെ കണ്ടതും അയാള്‍ ഓടിവന്ന് കൈകള്‍ രണ്ടും കവര്‍ന്നെടുത്തു. വളരെനേരം നിശബ്ദനായി നിന്നു. പതിവു ചിരി അന്ന് അയാള്‍ മറന്നതുപോലെ തോന്നി.

എനിക്കും എന്തുകൊണ്ടോ ചിരിക്കാന്‍ കഴിഞ്ഞില്ല. എന്തൊക്കെയോ ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നുവെങ്കിലും അയാളുടെ അപ്പോഴത്തെ ഭാവം എന്നെ അതില്‍നിന്നു വിലക്കി.

ഒരു ദിവസം അയാള്‍ പാലു വാങ്ങാന്‍ വരികയുണ്ടായില്ല. പിറ്റേന്ന് അയാള്‍ കൊണ്ടുവരാറുള്ള പത്തു ലിറ്ററിന്റെ തൂക്കുപാത്രവുമായി മറ്റൊരാളാണ് വന്നത്. അയാള്‍, ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയായിരുന്നു. അയാളോട് ഞാന്‍ സ്ഥിരം വരാറുണ്ടായിരുന്ന മറ്റെയാളെക്കുറിച്ച് അന്വേഷിച്ചു.

''ഉന്‍കാ മൗത് ഹോഗയാ, കല്‍''-അയാള്‍ പറഞ്ഞു.

അയാള്‍ തലേന്ന് മരിച്ചുപോയെന്ന്.

വൃദ്ധസദനത്തിന്റെ മുറ്റത്ത് തലേന്ന് ഒരു ആംബുലന്‍സും പൊലീസ് വണ്ടിയും കണ്ടിരുന്ന കാര്യം അപ്പോള്‍ എനിക്ക് ഓര്‍മ്മവന്നു.

തുടര്‍ന്ന് അയാള്‍ ശബ്ദം താഴ്ത്തി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''ആത്മഹത്യയായിരുന്നു.''

അതില്‍ പിന്നീട് ഞാന്‍ അവിടെ പാലു വാങ്ങാന്‍ പോവുകയുണ്ടായിട്ടില്ല.

ക്വാര്‍ട്ടേഴ്സിനു പുറത്തെ റോഡിലൂടെ വൈകിട്ട് നടക്കാനിറങ്ങുന്ന സമയത്ത് വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയെ ഞാന്‍ കണ്ടുമുട്ടുമായിരുന്നു. ട്രാക്സ്യൂട്ടും ഷൂവുമൊക്കെ ധരിച്ച് അയാളും നടക്കാനിറങ്ങുന്നതായിരുന്നു. ആര്‍ക്കുവേണമെങ്കിലും എടുക്കാം എന്ന മട്ടില്‍ പ്രദര്‍ശിപ്പിച്ച ഒരു പുഞ്ചിരികൊണ്ട് മുഖം മറച്ച്, എന്റെ എതിര്‍ദിശയിലായിരുന്നു എന്നും അയാളുടെ നടത്തം. എന്നെങ്കിലുമൊരിക്കല്‍ ആ ചിരി അഴിഞ്ഞുവീഴുമെന്നും അപ്പോള്‍ അയാളുടെ ശരിക്കുള്ള മുഖം കാണാനാകുമെന്നും ഞാന്‍ പ്രതീക്ഷിച്ചുപോന്നു.

ഞായറാഴ്ചകളില്‍ അയാള്‍ നടക്കാന്‍ വരാറുണ്ടായിരുന്നില്ല.

സന്ദര്‍ശകരുടേയും അവരോടൊപ്പമുള്ള കുട്ടികളുടേയും സാന്നിധ്യംകൊണ്ട് വൃദ്ധസദനം ഒരു പിക്നിക് സ്‌പോട്ട് പോലെ പ്രസാദഭരിതമാകുന്ന ദിവസമായിരുന്നു ഞായറാഴ്ച.

വൃദ്ധസദനത്തിന്റെ മുറ്റത്ത് ആംബുലന്‍സും പൊലീസ് വണ്ടിയും ഒരിക്കല്‍ക്കൂടി കാണുകയുണ്ടായ ദിവസം ക്വാര്‍ട്ടേഴ്സിനു പുറത്തെ, അയാള്‍ ഏര്‍പ്പെടാറുണ്ടായിരുന്ന റോഡിലൂടെയുള്ള നടത്തം എന്നെന്നേയ്ക്കുമായി ഞാന്‍ ഉപേക്ഷിച്ചു.''

പനിനീര്‍ ചാമ്പയ്ക്കു മുകളില്‍ ആകാശം കറുത്തുതുടങ്ങിയിരുന്നു.

നിലാവ് തടവില്‍ കിടക്കുന്ന രണ്ടു കണ്ണുകളായിരുന്നു മേരിയുടേത്.

അവയില്‍ വെള്ളമൂറുന്നതും രണ്ടു നീലത്തുള്ളികള്‍ ഇറ്റുവീഴാന്‍ തുടങ്ങുന്നതും സന്ധ്യയുടെ ഇരുട്ടിലും നാരായണന്‍കുട്ടി കണ്ടു.

***
''ഇടുപ്പിന്റെ നീരും വേദനേം കൂടുന്നതല്ലാതെ കുറയണില്ലല്ലോ.'' ഒരു ദിവസം നാരായണന്‍കുട്ടി മേരിയോടു പറഞ്ഞു. അതില്‍ ഒട്ടും വാസ്തവമില്ലെന്ന് മേരിക്ക് അറിയാമായിരുന്നു. അയാളുടെ ശരീരത്തെ ഇപ്പോള്‍ സ്വന്തം കാലുകള്‍ താങ്ങുന്നുണ്ട്. രാവിലെ പനിനീര്‍ ചാമ്പയുടെ ചുവട്ടിലേക്ക് താങ്ങിപ്പിടിച്ചുകൊണ്ടു പോകുമ്പോള്‍ മേരിക്ക് മനസ്സിലാകുന്ന കാര്യമാണത്. താന്‍ ശുശ്രൂഷിക്കുന്നവരില്‍നിന്ന് അത്തരത്തില്‍ ഒരു കള്ളം മേരി പൊറുക്കാറില്ലാത്തതാണ്. എങ്കിലും നാരായണന്‍കുട്ടി അല്പം ദയ അര്‍ഹിക്കുന്നുണ്ടെന്ന് അവള്‍ കരുതി.

''ചതുരമുല്ല ഉപ്പും ചേര്‍ത്ത് അരച്ചിട്ടാല്‍ മതി'' -മേരി പറഞ്ഞു: ''നീരും വേദനേം പമ്പകടക്കും.''

''ഇത്രേം മരുന്നു കഴിച്ചിട്ട് കുറയാത്തിടത്തോ?'' നാരായണന്‍കുട്ടി ചോദിച്ചു.

''സാറിന് അറിയാഞ്ഞിട്ടാ. എന്റെ കെട്ട്യോന്‍ ഒന്നും രണ്ടും മാസം തുടര്‍ച്ചയായി വണ്ടിയോടിച്ചിട്ട് ചത്തുമരവിച്ച അരക്കെട്ടും മന്തുപോലെ നീരുവന്ന കാലുകളുമായിട്ടല്ലേ വരണെ. ഞാന്‍ ഇത് ഉപ്പും ചേര്‍ത്ത് അങ്ങ് അരച്ച് പെരട്ടിക്കൊടുക്കും. നേരത്തോടുനേരം കൊണ്ട് ആള്‍ നൂറേ നൂറേന്നാകും.''

''ഇവിടെങ്ങും ചതുരമുല്ല കാണാന്‍ പോലും കിട്ടണില്ല'' -മേരി തുടര്‍ന്നു: ''എന്റെ വീടിന്റെ ചുറ്റുമാണെങ്കില്‍ അതു കാടുപോലെ വളര്‍ന്നു നില്‍പ്പുണ്ടുതാനും. അടുത്താഴ്ച എനിക്ക് ഈ വീട്ടിലൊന്നു പോണം. അപ്പൊ പറിച്ചോണ്ടു വരാം.''

നാരായണന്‍കുട്ടിക്ക് മേരിയുടെ പശ്ചാത്തലമൊക്കെ അറിയാം. വിശദമായിത്തന്നെ അയാള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പീരുമേട്ടിലെ ഒരു മലഞ്ചെരുവിലാണ് വീട്. ഇത്തിരി കൃഷിസ്ഥലമൊക്കെയുണ്ട്. ഭര്‍ത്താവ് ട്രക്ക് ഡ്രൈവറാണ്. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ ഇടങ്ങളിലേയ്ക്കാണ് ഓട്ടം. പോയാല്‍ ഒന്നും രണ്ടും മാസങ്ങള്‍ കഴിഞ്ഞേ മടങ്ങിവരൂ. രണ്ടു പെണ്‍മക്കളാണ്. രണ്ടുപേരും മംഗലാപുരത്ത് നഴ്സിങ്ങിനു പഠിക്കുന്നു. ഭര്‍ത്താവിന്റെ മാത്രം വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായപ്പോഴാണ് മേരി ഹോംനഴ്സിന്റെ പണിക്കിറങ്ങിയത്.

നാരായണന്‍കുട്ടിയുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ച് മേരി സൃഷ്ടിച്ചു നല്‍കിയ ഒരു പശ്ചാത്തലമായിരുന്നു അത്. നാരായണന്‍കുട്ടിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നുവെങ്കില്‍ അയാളുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ച് മേരി മറ്റൊരു പശ്ചാത്തലം സൃഷ്ടിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നത് ഒരു വഞ്ചനയായി മേരിക്ക് തോന്നിയിട്ടില്ല. താന്‍ ശുശ്രൂഷിക്കുന്നവരുടെ സംതൃപ്തിക്കുവേണ്ടി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അവള്‍ അതിനെ കണ്ടിരുന്നത്. തൊഴിലില്‍ മേരി മറ്റുചില നിഷ്ഠകള്‍ കൂടി വച്ചുപുലര്‍ത്തിയിരുന്നു. ശുശ്രൂഷിക്കുന്ന ആളിന് തന്നോടോ തിരിച്ചോ മാനസികമോ ശാരീരികമോ ആയ അഭിനിവേശങ്ങള്‍ ഉടലെടുക്കുന്നു എന്നു തിരിച്ചറിയുന്ന നിമിഷം മേരി തൊഴില്‍ മതിയാക്കി സ്ഥലം വിടുമായിരുന്നു. ഒരു അനാഥമന്ദിരത്തില്‍ വളര്‍ന്ന് അവിടെത്തന്നെ ജീവിതം തുടരുന്ന ഒരാളെന്ന നിലയ്ക്ക് തന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള ഭാരങ്ങളായി മാറുമെന്ന് മേരിക്ക് അറിയാമായിരുന്നു. ശീലത്തിന്റെ അഭാവം എത്ര ഉത്തമമായ കാര്യത്തേയും ചിലപ്പോള്‍ അസഹനീയമാക്കുമല്ലോ.

''ഇപ്പോള്‍ വീട്ടില്‍ പോയിട്ടെന്തിനാ?'' നാരായണ്‍ കുട്ടി മേരിയോടു ചോദിച്ചു: ''ഭര്‍ത്താവോ മക്കളോ മറ്റോ വരുന്നുണ്ടോ?''

നാരായണന്‍കുട്ടിയുടെ ശബ്ദം ദുര്‍ബ്ബലമാകുന്നത് മേരി തിരിച്ചറിഞ്ഞു.

''പുള്ളിക്കാരന്‍ എപ്പോഴാ വരുന്നേന്ന് ആര്‍ക്കറിയാം. പോയാല്‍ പിന്നെ ചൊല്ലും വിളീം ഒന്നുമില്ല. പിള്ളേര് ഇനിയിപ്പം ഈ വര്‍ഷത്തെ പരീക്ഷയൊക്കെ കഴിഞ്ഞേ വരത്തൊള്ളൂ. പറമ്പില്‍ കൊറച്ച് കുരുമുളകും കുടമ്പുളീമൊക്കെയുണ്ട്; അതൊക്കെയൊന്നു പറിച്ചുകൂട്ടണം. വീടൊന്ന് അടിച്ചു തൊടച്ചിടണം. അത്രേയൊള്ളൂ. സാറിനൊള്ള ചതുരമുല്ലേം പറിച്ച് പിറ്റേന്നുതന്നെ ഞാനിങ്ങ് പോരും'' -മേരി പറഞ്ഞു.

***
''പോയിട്ടുവരാം'' -മേരി നാരായണന്‍കുട്ടിയോടു യാത്ര പറഞ്ഞു.

സേതുലക്ഷ്മിയോട് യാത്ര പറയാന്‍ മേരി തുനിഞ്ഞില്ല. ഓര്‍മ്മകളെ ജയിച്ച ഒരാളുടെ ശൂന്യനോട്ടത്തെ നേരിടാനുള്ള കെല്പ് അവള്‍ക്കില്ലായിരുന്നു.

പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ ഉദയസൂര്യന്റെ രശ്മികള്‍ പതിവുപോലെ തന്നെയും കാത്തുനില്‍ക്കുന്നത് നാരായണന്‍കുട്ടി ഉമ്മറത്തിട്ട കസേരയിലിരുന്നു കണ്ടു.

ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ മേരിയുടെ മനസ്സില്‍ സെയ്ന്റ് റാഫേല്‍സ് ഓര്‍ഫനേജിന്റെ കൂറ്റന്‍ ഗേറ്റും ചുറ്റുമതിലും തെളിഞ്ഞു. ഗേറ്റിനു വലതുവശത്തായി മതിലില്‍ എഴുതിവച്ചിരിക്കുന്ന വാക്യങ്ങള്‍ അവള്‍ക്ക് അപ്പോള്‍ ഓര്‍മ്മവന്നു.

''മുറിപ്പെടുത്തുന്നവനും പിന്നീട് സുഖപ്പെടുത്തുന്നവനുമാണ് ദൈവം.''

മുറിപ്പെടുത്തുക, എന്നിട്ട് സുഖപ്പെടുത്തുക. ദൈവത്തിന്റെ ഓരോരോ കഷ്ടപ്പാടുകളെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരിവന്നു. 

ഒരുപക്ഷേ, കഷ്ടപ്പാടല്ല, നേരമ്പോക്കിനായിരിക്കണം. നേരമ്പോക്ക് ഇന്നതേ ആകാവൂ എന്നില്ലല്ലോ; ദൈവത്തിനായാലും മനുഷ്യര്‍ക്കായാലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com