'ഗോലി'- പി. മോഹനചന്ദ്രന്‍ എഴുതിയ കഥ

കാലത്തിന്റെ വിരലുകള്‍ കല്ലറയുടെ മകുടത്തില്‍ സ്പര്‍ശിക്കുന്നത് അയാളറിഞ്ഞു. കന്യകയുടെ ഉറവപോലെ പൂഴി മുഖത്തും തലയിലും സ്‌നാനം ചെയ്തു
'ഗോലി'- പി. മോഹനചന്ദ്രന്‍ എഴുതിയ കഥ

കാലത്തിന്റെ വിരലുകള്‍ കല്ലറയുടെ മകുടത്തില്‍ സ്പര്‍ശിക്കുന്നത് അയാളറിഞ്ഞു. കന്യകയുടെ ഉറവപോലെ പൂഴി മുഖത്തും തലയിലും സ്‌നാനം ചെയ്തു. രാത്രിവെളിച്ചത്തിന്റെ അമരപദം വിവര്‍ണ്ണമായി. പശച്ചിമിഴ് പിടിച്ച ഉടലിന്റെ തേയ്മാനത്തിലേക്ക് പ്രാണന്‍ പിച്ചവെച്ചു. വിമുക്തിയുടെ ഭൂതലത്തിലേക്ക് അയാള്‍ വീണ്ടും വിവരിക്കപ്പെടുകയായി. പരപീഡയുടെ ഉപമകള്‍ കൊണ്ട് ഉര്‍വ്വരമായ അന്ധകാരം പിറവിയിലേക്ക് പിന്‍വലിയാന്‍ തുടങ്ങുന്നു. സീനായ് മലമുകളില്‍നിന്നു കര്‍ത്താവ് വിളിച്ചു. നീ ഉയര്‍ത്തപ്പെട്ടിരിക്കുന്നു, കുഞ്ഞാടേ വീണ്ടെടുക്കപ്പെട്ടിരിക്കുന്നതായി സ്വയം സമര്‍ത്ഥിക്കുക. ശേഷം ശത്രുവിനെ തെരഞ്ഞുപിടിച്ച് അവനോട് ക്ഷമിക്കുക. വീണ്ടുമൊരു മരണത്തിനു ശേഷിയില്ലെന്നറിയുക. ദൈവം ആരുടേയും മരണം സൃഷ്ടിച്ചിട്ടില്ല. ജീവിതം ഹ്രസ്വവും ദു:ഖമയവുമാണ്. വസന്തപുഷ്പങ്ങളുടെ ഭൂമികയിലേക്ക് വേഷപ്രച്ഛന്നനാവുക. ഹനിക്കപ്പെട്ട ജന്മമായതുകൊണ്ടാണ് ഉയിര്‍പ്പുണ്ടായത്. പക്ഷേ, ഒന്നും മറവിക്കു ഭിക്ഷയാകരുത്.

ഇത്രയും ബലിഷ്ഠമായിരുന്നോ തന്റെ കൈകള്‍, കാല്‍പ്പാദങ്ങള്‍ തുടങ്ങിയ സന്ദേഹങ്ങളോടെ അയാള്‍ വലതുകരംകൊണ്ട് മുഖം തടവി. എല്ലാം പഴയതുപോലെ. നീണ്ടതല്ലാത്ത താടിരോമങ്ങള്‍, കഴുത്തിനിരുവശവും തൂങ്ങി ചിതലിച്ച നീളന്‍മുടി. പരുത്തിത്തുണിയുടെ കാലുറയും മേലുടുപ്പും. ക്ഷാരനിറമുള്ള കമ്പിളിപ്പുതപ്പ്. ദൈവമേ, ഒരു മാറ്റവും നീയെനിക്ക് സമ്മാനിച്ചില്ലല്ലോ! അയാള്‍ക്ക് സ്വന്തം മുഖം കാണാന്‍ കൊതിയായി. നീതിമാനായ പിതാവേ, നിന്റെ സമക്ഷത്തില്‍ ഞാന്‍ ഉത്ഭവം കൊണ്ടിരിക്കുന്നു. കര്‍മ്മപഥങ്ങളുടെ തുടര്‍ച്ചയിലേക്ക് എനിക്കു വഴിതരിക.

സെമിത്തേരിയില്‍ പരന്നുകിടക്കുന്ന കുടീരങ്ങള്‍ ഭേദിച്ച് അതിര്‍ത്തി മതിലോളം ചെന്നു തിരിഞ്ഞുനോക്കി. തന്നെപ്പോലെ മറ്റാരെങ്കിലും പിന്‍പറ്റുന്നതിന്റെ സൂചനകള്‍ പരതിയെങ്കിലും നിഷ്ഫലമായി. അനന്തമായ കാളിമ. അന്തിക്കൂരാപ്പിന്റെ മേലാപ്പില്‍ അഭയഹസ്തങ്ങളുടെ തണുത്ത തലോടല്‍. ചുറ്റുമതില്‍ കവച്ച്കടന്ന് അയാള്‍ ചില്ലകള്‍ വളര്‍ന്നുപന്തലിച്ച കാട്ടുമരങ്ങള്‍ക്കിടയിലേക്ക് നൂണ്ടു. ശീതം തിമര്‍ക്കുന്ന മഴക്കാടുകള്‍ക്കിടയില്‍ പിണഞ്ഞ് പെരുത്ത വേരുകളിലൊന്നില്‍ അല്പനേരമിരിക്കാന്‍ അയാള്‍ക്കു തോന്നി. കാട്ടുചോലകള്‍ക്കിടയിലൂടെ പള്ളിമിനാരവും മരക്കുരിശും കാണാം. ആകാശം പുറംതള്ളിയ ഒരു നീലമേഘം, കുരിശിനു മുകളില്‍ ജീവനില്ലാതെ കിടന്നു. വിരാമത്തിന്റെ സുദീര്‍ഘമായ ഇടവേളയില്‍ ഛേദിച്ചുപോയ ഓര്‍മ്മകളത്രയും തേനീച്ചകളെപ്പോലെ കൂടണയാന്‍ തുടങ്ങി. പരിചിതമായ മുഖങ്ങള്‍ ഉരുവംകൊള്ളുന്നു. ശപിക്കപ്പെട്ട ഒരു പകലറുതിയില്‍ കല്‍ക്കുരിശിന്റെ നിറമുള്ള കരിങ്കല്‍ ചീള് തന്റെ ശിരസ്സിനു മീതെ ഊക്കോടെ വീഴ്ത്തിയ ഒരു മുഖം മനസ്സിനെ തീ പിടിപ്പിക്കുന്നു. അന്യമായിത്തീര്‍ന്ന നഗരവും ചത്വരങ്ങളും ആര്‍ഭാടത്തിന്റെ ആള്‍ക്കൂട്ടവും ആത്മാവ് മരിച്ച അനാഥജന്മങ്ങളുടെ കരികാള ജീവിതവും ഓര്‍മ്മകളില്‍ വിഭൂതമാകുന്നു. ദാഹവും വിശപ്പും അയാളുടെ കണ്ണുകളെ നാലുപാടും വിന്യസിപ്പിച്ചു. ആകാശം മറച്ച അത്തിമരത്തിന്റെ ചില്ലകള്‍ അയാളെ ഗൗനിച്ചതേയില്ല. അത്തിമരം പറഞ്ഞു: എന്റെ ചാര്‍ത്തുകളില്‍ നിനക്ക് വിശപ്പകറ്റാന്‍ പഴങ്ങള്‍ അവശേഷിക്കുന്നില്ല. ശപിക്കാന്‍ നോക്കാതെ ഏതെങ്കിലും പെരുവഴിയുടെ പരിണയത്തിലേക്ക് മടങ്ങുക. മനുഷ്യര്‍ക്ക് സ്‌തോത്രം ചൊല്ലാന്‍ ഞങ്ങള്‍ നിയുക്തരല്ല. ഒരുപക്ഷേ, നിനക്കുവേണ്ടി എവിടെയോ നിര്‍ലജ്ജം കാത്തുകിടക്കുന്നുണ്ടാകും. കരുണയും സ്‌നേഹവും നിന്റെ യാത്രകളെ അനുഗ്രഹിക്കട്ടെ.

നഗ്‌നമായ കാലടികളെ പെരുവഴി വാത്സല്യത്തോടെ ചുംബിച്ചു. അന്തിവെട്ടത്തിന്റെ ആലിംഗനത്തില്‍ അശരണഭീതി ഒഴിഞ്ഞുപോയിരുന്നു. ഇരുട്ടിന്റെ കുഴവുറഞ്ഞ നഗ്‌നമായ തരിശുകള്‍. മനുഷ്യഗ്രഹങ്ങള്‍ തുലോം കുറവ്. മനസ്സില്‍ പതിഞ്ഞുകിടക്കാത്ത ഏതോ പാരിടം. അയാളുടെ കാല്‍പ്പാദങ്ങളെ പെരുവഴിയുടെ തുടര്‍ച്ചയിലേക്ക് കയപ്പെടുത്തി. വഴിയുടെ മുട്ടുകളില്‍ ദഹനബലിയുടെ അടയാളങ്ങള്‍ കാണാമായിരുന്നു. അതിവേഗം പടര്‍ന്നിറങ്ങിയ ഇരുട്ട് അയാളെ ശുദ്ധീകരിച്ചു. ക്രമേണ, ഭവനങ്ങള്‍ ദൃശ്യമായി. സഞ്ചാരികളോ വാഹനങ്ങളോ കാണാനുണ്ടായിരുന്നില്ല. വിളറിയ വെളിച്ചത്തിലെ ഭവനങ്ങള്‍ പരുഷമായ ധ്യാനത്തില്‍ വിളംബരപ്പെട്ടിരുന്നു. പാപികള്‍ സംഘം ചേരുമ്പോള്‍ അഗ്‌നിജ്വലിക്കുമെന്ന ഉപമ അയാളോര്‍ത്തു. അവിടവിടെ വൃക്ഷങ്ങള്‍ വിത്തുപൊഴിക്കുന്നതും അതു വീഴുമ്പോഴുള്ള ഗള ശബ്ദവും അയാളുടെ സഞ്ചാരത്തിന്റെ വേഗത കൂട്ടി. മനസ്സ് തീക്ഷ്ണമായ യൗവ്വനത്തിന്റെ ആവേഗത്തില്‍ കുതിക്കുകയാണ്. ഒപ്പം വിശപ്പും ദാഹവും ഉടലിന്റെ പീഡയായി അയാളെ നോവിക്കാനും തുടങ്ങിയിരുന്നു. മതില്‍ക്കെട്ടില്ലാത്തതും ചങ്ങലപ്പൂട്ടില്ലാത്തതുമായ ഏതെങ്കിലും ഭവനം കണ്‍മുന്‍പില്‍ തെളിയാന്‍ കാത്ത് അയാള്‍ സഞ്ചാരം തുടര്‍ന്നു.

കാത്തിരുന്നതുപോലെ തുറസ്സായ മണ്‍പുറ്റിനു പിന്നില്‍ ചലനസാന്ദ്രമായ ഒരു ഭവനം ദൃശ്യമായി. പടുതകെട്ടിയ ഭവനത്തില്‍ വെളിച്ചം തീക്ഷ്ണമായി ജ്വലിക്കുന്നുണ്ടായിരുന്നു. അയാളുടെ കാലുകള്‍ അങ്ങോട്ട് നീണ്ടു. പടുതയുടെ കീഴെ ഒരു മരപ്പണിക്കാരന്‍ വഞ്ചിയുടെ നിര്‍മ്മിതിയിലായിരുന്നു. ആരോ ഒരാള്‍ തന്റെ ഭവനത്തിന്റെ ചുറ്റളവില്‍ കടന്നുവന്നിരിക്കുന്നുവെന്ന അറിവ് പണിക്കാരന്റെ പണിയുടെ താളം തെറ്റിച്ചു. കണ്ണും കാതും തുറന്നുപിടിച്ച് അയാള്‍ പടുതയ്ക്ക് പുറത്തെ ഇരുട്ടില്‍ നിശ്ചലനായി നില്‍ക്കുന്ന മനുഷ്യരൂപത്തെ ആവാഹിച്ചു. വെളിച്ചത്തിലേക്ക് വരിക എന്നു പറഞ്ഞുകൊണ്ട് മരപ്പണിക്കാരന്‍ മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണട തുടച്ച് തന്റെ നയനങ്ങളെ മിനുക്കി. ഇരുട്ടില്‍നിന്നും മണ്‍തരികള്‍ വീഴുമ്പോലെ ഒരു ശബ്ദം വൃദ്ധന്‍ കേട്ടു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

വിശപ്പും ദാഹവുമുണ്ട്. എന്തെങ്കിലും ആഹരിക്കാന്‍ തന്നാല്‍ ഈ സാധു ധന്യനായി. വെളിച്ചത്തിലേക്ക് പ്രവേശിക്കാന്‍ പറഞ്ഞ്, പണിക്കാരന്‍ പണിയായുധങ്ങള്‍ നിലത്തിട്ട് ആഗതനിലേക്ക് പ്രവേശിച്ചു.
 
എവിടെയോ കണ്ട മുഖം എന്ന ആത്മഗതത്തോടെ പണിക്കാരന്‍ ആഗതനോട് മരബഞ്ച് ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു. തന്റെ മുന്നില്‍ ഇരിക്കുന്ന യുവാവിന്റെ തിളങ്ങുന്ന കണ്ണുകളെ നേരിട്ട് പണിക്കാരന്‍ തിരക്കി.
'പരിചിതമായ മുഖം. കുഞ്ഞെവിടുന്നാ. എവിടേക്കാണ് യാത്ര?'

'പട്ടണം വരെ.'

'ഈ ദൂരമത്രയും നടന്നുവെന്നോ. നീ ശരിക്കും ആരാണ്? കണ്ടിട്ട് ഞങ്ങടെ കര്‍ത്താവായ യേശുവിന്റെ മുഖം. പ്രപഞ്ചം ചുമക്കുന്ന ഈശോ. എന്നതാ നാമം?'

'ജെ. ക്രിസ്തു.'

'എവിടെയാ ജന്മം?'

'ഹേര്‍മലയില്‍നിന്ന്.'

പിന്നീടൊന്നും തന്നെ ചോദിക്കാന്‍ പണിക്കാരനു തോന്നിയില്ല. അയാളില്‍ അപ്പോള്‍ ദിവ്യമായ കുര്‍ബ്ബാനയും അള്‍ത്താരയും തെളിഞ്ഞു. ആ ദൃശ്യത്തില്‍ ക്രൂശിതന്റെ ദൈന്യത. 'ദൈവമേ, പരീക്ഷിക്കുകയാണോ?'
മടിക്കുത്തില്‍നിന്നു ബീഡി എടുത്ത് ചുണ്ടില്‍ വെച്ചപ്പോള്‍ത്തന്നെ തുമ്പില്‍ തീ ചുവന്നു. ഉള്ളില്‍ ഭയം വിയര്‍പ്പായി നെറ്റിയില്‍ പൊടിഞ്ഞെങ്കിലും ക്രിസ്തുവില്‍ തറച്ചുനിന്ന കണ്ണുകളെ ഇളക്കിയില്ല. അയാള്‍ മിനുസപ്പെടുത്തിക്കൊണ്ടിരുന്ന ചെറുവഞ്ചിയുടെ ചുറ്റും നടന്നുകൊണ്ട് ക്രിസ്തു ചോദിച്ചു:
'എന്തിനാണ് ഈ ചെറുവഞ്ചി?'

'സംഭാരവെള്ളമാ കുഞ്ഞേ. വേനലില്‍ ഈ കവലയിലെ ഓലമേഞ്ഞ തട്ടിനു താഴെ സ്ഥാപിക്കും. ദേശവാസികള്‍ അതില്‍ സംഭാരം നിറയ്ക്കും. ലേവ്യരും ദാഹികളും അനാഥരും വിധവകളും വന്നു കുടിച്ചുതീര്‍ക്കും.'

'പുണ്യപ്രവൃത്തി' ക്രിസ്തു പറഞ്ഞു.

പ്രതിഫലമാഗ്രഹിച്ചല്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ഭവനത്തിനകത്തേയ്ക്ക് അപ്രത്യക്ഷനായി. മടങ്ങിവരുമ്പോള്‍ ഒരു താലത്തില്‍ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും കുപ്പിയില്‍ വീഞ്ഞും കരുതിയിരുന്നു. ആര്‍ത്തിയോടെ ക്രിസ്തു ഭക്ഷിക്കുന്നതു കണ്ട് മരപ്പണിക്കാരന്‍ ഒരു ബീഡി കൂടി ചുണ്ടില്‍വെച്ചു. ഇത്തവണയും ബീഡി തനിയെ കത്തി.

'അപ്പാപ്പന്റെ പേരെന്താണ്?' ക്രിസ്തു ചോദിച്ചു.

'ഡാനിയേല്‍ കുരിശുംപടി.'

'തനിച്ചാണോ ഇവിടെ?'

'കെട്ടിയോളു ചത്തു. ഒരു മകനുണ്ടായിരുന്നത് പിഴച്ചും പോയി.'

'അതെങ്ങനെ?'

'അവനൊരു ചൂതാട്ടകാരനായിപ്പോയി മോനേ. ഗോവയിലും ഈ നഗരത്തിലുമായി പാറി നടക്കുന്നു. കണ്ടിട്ട് നാലഞ്ചു വര്‍ഷങ്ങളാവുന്നു. ആരെയോ കൊന്നിട്ട് ഒളിവിരിക്കാന്‍ വന്നപ്പോള്‍ കണ്ടതാണ്. ഈ ഭവനവും പറമ്പും വിറ്റ് പണം വേണമെന്നു പറഞ്ഞ് കലഹിച്ചാണ് പോയത്. ഏതാണ്ട് കുഞ്ഞിന്റെ പ്രായം വരും. മുപ്പത്തിനാലോ മുപ്പത്തിയഞ്ചോ!'

'എന്നതാണ് മകന്റെ പേര്?'

'ഫ്രെഡി ഡാനിയേല്‍ കുരിശുംപടി.'

ഫ്രെഡി എന്ന നാമം ക്രിസ്തുവിന്റെ മനസ്സിലേക്ക് കാരമുള്ളുപോലെ തുളഞ്ഞുകയറി. കുരിശുമലയുടെ തുംഗത്തില്‍ വേട്ടക്കാരന്റെ മുഖം. ആറാം മണിക്കൂറിന്റെ അനന്തമായ മുള്‍വഴിയിലെ പ്രചണ്ഡഭേരികള്‍ കാതുകളെ നടുക്കുന്നു. പാതാളപാശങ്ങളില്‍ എലോയ് എന്ന വിളിയുടെ മാറ്റൊലികള്‍.

ഭക്ഷണം കഴിച്ച് കൈകഴുകി വന്നപ്പോള്‍ ക്രിസ്തുവിന്റെ മുഖത്ത് പടര്‍ന്ന വിഷാദം ഡാനിയേല്‍ ശ്രദ്ധിച്ചെങ്കിലും അതു കണ്ടതായി ഭാവിച്ചില്ല. അയാള്‍ വഞ്ചിയുടെ മിനുക്ക് പണിയിലേക്ക് കടന്നുകൊണ്ട് ക്രിസ്തുവിനോട് ചോദിച്ചു:

'യാത്ര തുടരുകയല്ലേ? പട്ടണത്തില്‍ ധാരാളം സത്രങ്ങളുണ്ട്. അന്തിയുറങ്ങാനുപകരിക്കും. ക്രിസ്തു അതിനു മറുപടി പറയാതെ, ഡാനിയേലിന്റെ ഭവനത്തിന്റെ ചുമരില്‍ നിറഞ്ഞുനിന്ന മരക്കുരിശിലേക്കും താഴത്തെ മെഴുകുതിരിത്തട്ടില്‍ മാറാല പൊതിഞ്ഞ സ്ഫടിക ഭരണിയിലേക്കും നോക്കി. സ്ഫടിക ഭരണിയില്‍ നിറച്ച പല വര്‍ണ്ണങ്ങളിലുള്ള ഗോലികള്‍ ക്രിസ്തുവിനെ ആകര്‍ഷിച്ചു.

'എവിടെനിന്നാണ് ഇത്രയധികം ഗോലികള്‍?' ക്രിസ്തു ചോദിച്ചു.

'അതൊക്കെ ഫ്രെഡിയുടെ സമ്പാദ്യങ്ങളാ, അവന്‍ വിദഗ്ദ്ധനായ ഗോലി കളിക്കാരനായിരുന്നു. അവന്റെ കുട്ടിക്കാലം അതിലൂടെ ഞാന്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്നു.'

'അതില്‍ കുറച്ച് എനിക്കു തരുന്നതില്‍ വിരോധമുണ്ടോ?' ക്രിസ്തു ചോദിച്ചു.

'വിരോധമോ? എത്ര വേണം?'

'പന്ത്രണ്ട്. എല്ലാ നിറങ്ങളിലും.'

ഭവനത്തിനുള്ളില്‍നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക്ക് ഡബ്ബയുമായി ഡാനിയേല്‍ വന്ന് ഭരണിയില്‍നിന്നു പലനിറങ്ങളിലെ ഗോലികള്‍ എണ്ണി ഡബ്ബയിലാക്കി ക്രിസ്തുവിനു നീട്ടി. ക്രിസ്തു അതു കാലുറയുടെ കീശയിലേയ്ക്ക് തിരുകി.

ഇടയ്ക്ക് ഡാനിയേല്‍ ചോദിച്ചു: 'എന്താണ് പന്ത്രണ്ടിന്റെ കണക്ക്.'

'തിരുവത്താഴത്തിന് പന്ത്രണ്ട് പേരുണ്ടായിരുന്നു.'

'തെറ്റി. പതിമൂന്ന്. മറിയത്തെ മറന്നുപോയോ?'

'അങ്ങനെയെങ്കില്‍ അങ്ങനെ.'

ഇരുട്ടിന്റെ അനന്തരാശിയിലെവിടെയോ കുറുക്കന്‍ ഓരിയിടുന്നത് ശ്രദ്ധിച്ചുകൊണ്ട് ഡാനിയേല്‍ ചോദിച്ചു:

'കുഞ്ഞേ, നീ സത്യത്തില്‍ ആരാണ്? ക്രിസ്തു എന്ന നാമം ഒരു മനുഷ്യനു സാധാരണമല്ല. പ്രത്യേകിച്ച് ചെറുപ്പക്കാരന്.'

പുഞ്ചിരിയോടെ, ഡാനിയേലിനു നന്ദി പറഞ്ഞ് ക്രിസ്തു ഇരുട്ടിലേക്കിറങ്ങി ഇരുട്ട് കവര്‍ന്നെടുത്ത രൂപത്തെ ഓര്‍ത്തുകൊണ്ട് ഡാനിയേല്‍ ഭവനത്തിനുള്ളില്‍ കടന്ന്, അലമാരയില്‍നിന്നു കറുത്ത നിറമുള്ള മദ്യം ഗ്ലാസ്സില്‍ പകര്‍ന്നു വായിലേക്ക് കമിഴ്ത്തി. ഉടല്‍ വിറയലോടെ കിതപ്പാറ്റി. രണ്ടാവര്‍ത്തി കഴിഞ്ഞ് അയാള്‍ ബീഡി വലിച്ചൂരി ചുണ്ടില്‍ തിരുകി. ഇത്തവണ തീ പിടിപ്പിക്കാന്‍ തീപ്പെട്ടി വേണ്ടിവന്നു. അയാളുടെ മനസ്സിലൂടെ കരകളില്ലാത്ത നദി പ്രവഹിക്കാന്‍ തുടങ്ങി.

പട്ടണപ്രാന്തത്തിലെ ഒരു തെരുവില്‍ ക്രിസ്തുവിന്റെ യാത്രയുടെ വേഗം നിലച്ചു. ഇരുട്ടിലാണ്ട ഭവനങ്ങളുടെ നീണ്ടനിരകള്‍. വിളക്കുകാലുകളിലെ ക്ഷയിച്ച വെളിച്ചത്തില്‍ പരിചിതമായ ഒരു വഴിയുടെ തിരിച്ചറിവ് അയാളെ കൃതാര്‍ത്ഥനാക്കി. എല്ലാ ഭവനങ്ങളുടേയും അതിര്‍ത്തി മതിലുകളില്‍ വിന്യസിച്ചുകിടന്ന വെളിച്ചത്തിലൂടെ നടക്കവേ, ഒരു ഭവനത്തിന്റെ ഉള്ളറയിലെ ജാലകം മരണത്തിന്റെ ചൂളപോലെ തുറക്കപ്പെട്ടു. ചമരിയുടെ ഇലകള്‍ കൊഴിഞ്ഞുവീണ മുറ്റത്തേയ്ക്ക് ക്രിസ്തുവിന്റെ പാദങ്ങള്‍ നീണ്ടു. മുറ്റത്തുനിന്നും തിണ്ണയിലേക്ക് കടക്കവേ കസ്തൂരിഗന്ധം പടര്‍ന്ന ശീതക്കാറ്റ് അയാള്‍ക്കു ചുറ്റും നൃത്തം ചെയ്തു. ഉത്ഥാനത്തിന്റെ ഉടമ്പടിയുടെ ആദിപാദം ഇവിടെ തുടങ്ങുന്നു എന്നു പ്രവചിച്ചുകൊണ്ട് അയാള്‍ ആകാശത്തെ ദിവ്യനക്ഷത്രത്തെ നോക്കി.

പവിത്രമായ പ്രാണസ്പന്ദനത്തിനു കാതോര്‍ത്ത് ക്രിസ്തു വരാന്തയില്‍ കാത്തുനിന്നു. മേരിയുടെ ഭവനം തന്നെയോ എന്ന സംശയം ദൂരീകരിക്കാന്‍ അയാള്‍ പാതിചാരിയ വാതിലിലൂടെ അകം ചുമരിലേക്കു നോക്കി. ചുമരിലെ വെള്ളി കെട്ടിയ കുരിശിന്റെ സാക്ഷ്യം സാധൂകരിച്ച് അയാളോര്‍ത്തത് പ്രാണബലിയുടെ തലേന്ന് മേരി ചൊല്ലിയ വാക്കുകളായിരുന്നു. നീയാണ് എന്റെ അഭയശിലയും ദുര്‍ഗ്ഗവും; എന്റെ ദൈവമേ, എന്നുമെന്നും കാത്തോളണമേ!

കാല്‍വരിയില്‍നിന്നു മേഘം പിളര്‍ന്നിറങ്ങി വന്ന ഒരു നക്ഷത്രത്തിന്റെ പിന്‍വെട്ടം, മേരിയുടെ തുറന്നിട്ട വാതായാനം കടന്നു കിടക്കറയില്‍ ചിലമ്പിവീണു. രത്‌നപൂരിതമായ പ്രകാശത്തില്‍ അവളുടെ കണ്‍പീലികള്‍ മയില്‍പീലിപോലെ വിടര്‍ന്നു. ജീവന്റെ വചനം നിറഞ്ഞ ഗതകാല സ്മരണകള്‍ അവളുടെ ജിജ്ഞാസയെ ത്രസിപ്പിച്ചു. അജകവാടത്തില്‍ അവന്‍ പ്രത്യക്ഷമാകുന്ന നിമിഷങ്ങളുടെ ദൈര്‍ഘ്യം അവളുടെ കണ്ണുകളെ നനച്ചു. പാതിരാവിന്റെ ധ്യാനപര്‍ണ്ണത്തില്‍ ഇമചിമ്മാതെ കാത്തിരുന്ന സമാഗമത്തിന്റെ മധുരം അവളുടെ തുടുത്ത ചുണ്ടുകളെ ചുവപ്പിച്ചു. ആനന്ദവും പരിതാപവും കനപ്പെട്ട മനസ്സിന്റെ ഗദ്ഗദം അവനു കേള്‍ക്കാമായിരുന്നു. ആത്മാവിന്റെ അനന്തപഥങ്ങളിലേക്ക് നീണ്ടുപോയ അവളുടെ കണ്ണുകളിലെ ജീവജലം വിരലുകൊണ്ട് വറ്റിച്ച് ക്രിസ്തു അവളുടെ കണ്‍പീലികള്‍ തഴുകി. പരിണയത്തിന്റെ പരാഗങ്ങള്‍ ചിറകുവിടര്‍ത്തി അവിടമാകെ പറന്നു. അവന്റെ ബലിഷ്ഠമായ കരങ്ങള്‍ക്കുള്ളില്‍ അവള്‍ വീണ്ടും ശുദ്ധീകരിക്കപ്പെട്ടു. കരുതിവെച്ചിരുന്ന സുഗന്ധചിമിഴില്‍നിന്നു തൈലം പകര്‍ന്ന് അവള്‍ ക്രിസ്തുവിന്റെ പാദാന്തികം തഴുകി. പാപശുദ്ധിക്ക് യാചിച്ചുകൊണ്ട് അവള്‍ അവന്റെ ദയാപരമായ കണ്ണിലേക്ക് നോക്കിപ്പറഞ്ഞു. ക്രൂശിക്കപ്പെട്ട ദൈവപുത്രാ: പരിക്ഷീണനും ധര്‍മ്മസങ്കടങ്ങളുടെ ഉടയോനുമായിരുന്നിട്ടും എന്റെ ഭവനത്തില്‍ ദിവ്യപ്പെടാന്‍ തോന്നിയല്ലോ! ധ്യാനവും മനനവും കഴിഞ്ഞ് അവന്‍ അവളുടെ കാതുകളില്‍ ദിവ്യവചനങ്ങളുടെ തുടര്‍ച്ച ചൊല്ലി. നിന്റെ വിലാപങ്ങളുടെ രാത്രികള്‍ എന്റെ ഉയിര്‍പ്പിനു വേഗം കൂട്ടി.

നീ ദിവ്യപ്പെടുമെന്നും എന്റെ ആത്മദു:ഖങ്ങളുടെ പങ്കുകാരനാകുമെന്നും അറിയാമായിരുന്നു. വിശുദ്ധ നക്ഷത്രമേ, എന്നെ മറന്നില്ലല്ലോ! എന്റെ ബാക്കി ജന്മം പാപപുണ്യങ്ങളുടെ അഗ്‌നിയില്‍ എരിഞ്ഞടങ്ങട്ടെ. അവളുടെ അധരത്തില്‍ വിരല്‍തൊട്ടുകൊണ്ട് ക്രിസ്തു പറഞ്ഞു. നീ എന്നും വിശുദ്ധയായിരുന്നു മേരീ; ദുര്‍ദേവതകളുടെ ഇരിപ്പിടം നിന്നില്‍നിന്നു കടന്നുപോയിരിക്കുന്നു. അഭിസാരിക എന്ന പിന്‍വിളിയുടെ ഭൂതകാലം ഏതെങ്കിലും കല്ലറയില്‍ ഉറവയാകട്ടെ. നിന്റെ കസ്തൂരി ഗന്ധത്തിന്റെ നിര്‍വ്വേദത്തില്‍ ഈ വിശുദ്ധ ഭവനം ഞാന്‍ കാണട്ടെ.

അവന്റെ കണ്ണുകള്‍ തെരയുന്നതാരെയാണെന്ന് മേരിക്കു ദിവ്യപ്പെട്ടു. അവള്‍ അവന്റെ ഏകാഗ്രതയെ വിഫലപ്പെടുത്തി.

'എങ്ങനെയായിരുന്നു അന്ത്യം. ഫ്രെഡി നിന്നെ...'

അവനെന്നെ പട്ടണത്തില്‍നിന്നകലെയുള്ള മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്‌നേഹമായിരുന്നു അപ്പോളവന്. സ്‌നേഹം എന്റെ രക്തമാണെന്നറിയുമല്ലോ!

അവന്റെ തോള്‍ ബാഗില്‍ മദ്യവും ചൂതാട്ടത്തിന്റെ സാമഗ്രികളുമുണ്ടായിരുന്നു. പക്ഷേ, അവന്‍ മലമുകളിലെത്തി ദു:ഖകരമായ ജീവിതത്തിന്റെ പരിണാമങ്ങള്‍ എന്നോട് പറഞ്ഞു. അനന്തരം മദ്യക്കുപ്പി തുറന്ന് രണ്ട് ഗ്ലാസ്സുകളിലായി പകര്‍ന്നു. പകലന്തിയോളം ഞങ്ങളവിടെ മേ ഫെയര്‍ ഹോട്ടലിലെ മാര്‍ഗരറ്റിന്റെ അവസാന നാളുകളെപ്പറ്റി സംസാരിച്ചു. അവള്‍ മരിക്കാറായെന്നും ഒരുവശം തളര്‍ന്നതിനാല്‍ രക്ഷപ്പെടാനാവില്ലെന്നും വിധിയെഴുതി. പക്ഷേ, അവര്‍ ജീവിതത്തിലേക്ക് മടങ്ങിയേക്കുമെന്നു ഞാന്‍ പ്രവചിച്ചു. അവള്‍ മരിച്ചാല്‍ ആ ഹോട്ടല്‍ തന്റെ അധീനതയിലാകുമെന്നും സഹായിക്കണമെന്നും പറഞ്ഞു. ഞാന്‍ ഹോട്ടലിലെ ബാര്‍ മാനേജര്‍ മാത്രമാണെന്നും എന്റെ സഹായം പ്രതീക്ഷിക്കരുതെന്നും അവനെ അറിയിച്ചു. തുടര്‍ന്ന്, നീയും നിന്റെ മകളുമായി ചര്‍ച്ചാവിഷയം. അഭിസാരികയുടെ മകള്‍ അതേ ജനുസ്സില്‍ത്തന്നെ തുടരണമെന്നും മേരിയും നീയുമായുള്ള ബന്ധം അതിനു വിലങ്ങാകരുതെന്നും അവന്‍ ഗൗരവത്തോടെ പറഞ്ഞു. ഹെലനെ ഗോവയ്ക്ക് കൊണ്ടുപോയി തന്റെ മണവാട്ടി ആക്കാനാണ് പദ്ധതിയെന്നു പറഞ്ഞപ്പോള്‍, ഞാന്‍ ക്ഷോഭത്തോടെ പ്രതികരിച്ചു. അവള്‍ എനിക്ക് മകളെപ്പോലെയാണ്. പതിനാറു വയസ്സു തികയാത്ത പിഞ്ചിനെ എങ്ങനെ നിനക്ക്?'

അവന്‍ മദ്യലഹരിയുടെ പടുകുഴിയിലായിരുന്നു. മേരിയെ എന്നില്‍നിന്നകറ്റി. മകളേയും എന്നില്‍നിന്നകറ്റാനാണ് പദ്ധതിയെങ്കില്‍ ക്രിസ്തു, നിനക്കിനി ഈ ലോകം വിധിച്ചിട്ടില്ല.

തമാശപോലെ ഞാനതു കേട്ടു. ഞങ്ങള്‍ പാറമേല്‍ തളര്‍ന്നുറങ്ങി. കണ്ണുകള്‍ തുറക്കുമ്പോള്‍ ഒരു കനത്ത പാറയുമായി അവന്‍ എന്റെ തലയ്ക്കു മീതെ നില്‍ക്കുന്നതാണ് കണ്ടത്. എഴുന്നേല്‍ക്കാന്‍ തുനിയവേ പാറ എന്റെ തലയില്‍ പതിച്ചിരുന്നു. പിന്നീടൊന്നും എനിക്കോര്‍മ്മയില്ല.

ഞാനാണ് നിന്റെ അന്ത്യവിധിയുടെ ഹേതു. എന്റെ ആത്മാവിന്റെ ഉടമ നീയാണെന്ന് ആദ്യ ദര്‍ശനത്തില്‍ത്തന്നെ ദൈവം എന്നോട് പറഞ്ഞു. എന്റെ ഭവനം നിനക്കായി മാത്രം സുഗന്ധമാക്കാന്‍ സമര്‍പ്പിക്കപ്പെട്ടു.

'എന്റെ അന്ത്യത്തിനുശേഷം അവന്‍ വന്നുവോ?' ക്രിസ്തു ചോദിച്ചു.

ഒരിക്കല്‍. അന്നു ഞാന്‍ ഭവനത്തിലുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായ അവന്റെ വരവ് ഹെലനെ പരിതാപിയാക്കി. അവന്റെ കൂര്‍ത്ത നോട്ടം പണ്ടേ അവള്‍ക്ക് അസഹനീയമായിരുന്നു. പഠനമുറിയിലിരുന്നു പഠിക്കുകയായിരുന്നു അവള്‍. അവനെ കണ്ടപ്പോള്‍ത്തന്നെ, അടുക്കളയില്‍നിന്നു കത്തിയെടുത്ത് കരുതിവെച്ചു. എന്റെ അഭാവം അവനെ ഉന്മത്തനാക്കിയിരിക്കണം. അവന്‍ ഹെലനോട് പറഞ്ഞു. ഞാനിവിടെ വന്നതും നിന്നെ കണ്ടതും മേരി അറിയണ്ട. നമുക്ക് ഗോവയ്ക്കു പോകാം. ധാരാളം പണം സമ്പാദിച്ച് രാജ്ഞിയെപ്പോലെ വാഴാം. വേശ്യയുടെ മകള്‍ എന്ന പേരില്‍ അവിടെ നീ അറിയപ്പെടില്ല. ഒരുപക്ഷേ, ഞാന്‍ തന്നെ നിന്നെ സ്വന്തമാക്കാനും മതി. നിന്നെ കാണുമ്പോഴൊക്കെ എന്റെ സിരകള്‍ തിളയ്ക്കുമായിരുന്നു. നീ എന്റെ സ്വപ്നരാത്രികളുടെ തോഴിയാണ്. നമുക്കിടയിലെ പ്രായത്തിന്റെ വിടവ്, ആദ്യ ചുംബനം കൊണ്ട് ഞാന്‍ മായ്ച് കളയാം. അവന്‍ അവളുടെ മാറിടത്തിലേക്ക് കൈ കടത്തി ചുംബനത്തിനു മുതിരവെ, അവള്‍ കരുതിയിരുന്ന കറിക്കത്തി വീശി അവനെ മുറിപ്പെടുത്തി. മുറിവില്‍നിന്നൊലിച്ചിറങ്ങിയ ചോര വകവെക്കാതെ അവന്‍ അവളെ പൂണ്ടടക്കം പിടിച്ച് കട്ടിലിലേക്ക് മലര്‍ത്തി. അവളുടെ കുരുന്നു ശരീരം അവന്റെ പാപത്തിന്റെ നേദ്യമായി.

മടങ്ങിവരുമ്പോള്‍ ഭവനം മരണക്കയത്തിലായിരുന്നു. പഠനമുറിയില്‍ വാക്കുകളില്ലാതെ വിതുമ്പുകയായിരുന്നു അവള്‍. തറയില്‍ ചിതറിക്കിടന്ന സിഗററ്റുകുറ്റികള്‍ ഫ്രെഡിയെ ഓര്‍മ്മിപ്പിച്ചു. ആ നിമിഷം ഞാന്‍ തകര്‍ന്നുപോയി. ദിവസങ്ങളോളം അവള്‍ പഠനമുറിയില്‍നിന്നു പുറത്തിറങ്ങാതെ വാതിലടച്ചിരുന്നു. കര്‍മ്മഫലങ്ങളുടെ ശവദാഹിയായ കാലം എന്നെ നിരാകരിച്ചല്ലോ എന്നോര്‍ത്തു കരയാനേ എനിക്കായുള്ളൂ. അവളെ സാന്ത്വനിപ്പിക്കാനും കണ്ണീര്‍ തുടക്കാനും ഞാന്‍ അശക്തയായിരുന്നു. ഒരുനാള്‍ പുറത്തുപോയി മടങ്ങിവരുമ്പോള്‍ കിടപ്പുമുറിയിലെ ഫാനില്‍ അവള്‍ ഒടുങ്ങിയിരുന്നു. പരപീഡയില്‍നിന്നുള്ള മോചനം.

ഹെലന്റെ പഠനമുറിയുടെ പാതിയോളം ചെന്ന്, അവള്‍ ക്രിസ്തുവിനു കാണിച്ചുകൊടുത്തത് ഫാനില്‍ പാതി കുടുങ്ങിക്കിടക്കുന്ന ചണക്കയറായിരുന്നു. അവളുടെ ജീവന്റെ സാക്ഷ്യം. ക്രിസ്തു പറഞ്ഞു. അവള്‍ എനിക്കു മകളായിരുന്നു. ദൈവത്തിങ്കല്‍ അവള്‍ പ്രസരിക്കട്ടെ. യഹോവയെ സ്‌നേഹിച്ചാല്‍ ജീവനാണ് പ്രതിഫലം. ചരശക്തിയുടെ സാന്ദ്രീകരണത്തില്‍ വിഫലമായി പോയ പ്രാണന്റെ സമ്മാനം എനിക്കു കാണാം. മകളെ രക്ഷിക്കാന്‍ കഴിയാത്ത മാതാവിനു കര്‍ത്താവും കുര്‍ബ്ബാനയുമെന്തിന്? മേരിയുടെ വിതുമ്പലിനു മുന്നില്‍ ക്രിസ്തു കുറച്ചുനേരമാലോചിച്ചുനിന്നു. ഫ്രെഡിയുടെ ചുവന്ന ഉരുളന്‍ കണ്ണുകള്‍ മനസ്സിലേക്കു വന്നു. ക്രിസ്തു ഹെലന്റെ മുറിയില്‍ കടന്ന് ഫാനില്‍ കുടുങ്ങിക്കിടന്ന ചണക്കയറ് വലിച്ചൂരി കാലുറയുടെ കീശയില്‍ത്തിരുകി. അനന്തരം പുസ്തകങ്ങള്‍ക്കിടയില്‍ അവശേഷിച്ച സൈനൈഡ് ഗുളികയെടുത്ത് ഗോലിയോടൊപ്പം ഡപ്പയിലിട്ടു. അവനെ ന്യായപ്രമാണം ചെയ്യാതെ ഹെലന്റെ ആത്മാവിനു ശരണശാന്തിയില്ല. അയാള്‍ മേരിയുടെ അറയില്‍നിന്നിറങ്ങി ചുമരിലെ വെള്ളിക്കുരിശിലേക്കു നോക്കി. മേഘത്താല്‍ ഒളിപാര്‍ക്കുന്ന ദൈവത്തെ വെളിപ്പെടുത്താനാവില്ലെന്ന മോശയുടെ വചനം ക്രിസ്തു അപ്പോളോര്‍ത്തു. 

മൗനമുദ്രിതമായ ഇരുട്ടിന്റെ കയങ്ങളിലേക്ക് മേരിയുടെ ദു:ഖഭരിതമായ ഭൂതകാലം ഉരച്ഛേദം ചെയ്തു. അവളുടെ പിഞ്ചിയ വാക്കുകള്‍ക്ക് വിറയലുണ്ടായിരുന്നു. എന്റെ ഭര്‍ത്താവാണ് ആദ്യമായി എന്നെ ഒരു മലഞ്ചരക്ക് വ്യാപാരിക്കു വിറ്റത്. ഉടലിന്റെ ശാദ്വലതയില്‍ വ്യാപാരി തിമിര്‍ത്താടി. എനിക്ക് എന്നെ കൈമോശം വന്നു. ആ വെള്ളിയാഴ്ചയുടെ കളങ്കം ജീവിതം പിളര്‍ത്തിയതുപോലെ എനിക്കു തോന്നി. വ്യാപാരിയുടെ നിലവറയിലെ നിരവധി കാര്‍ട്ടണ്‍ ബോക്‌സുകളില്‍നിന്ന് ഒരെണ്ണമെടുത്ത് ഭര്‍ത്താവ് മടങ്ങുമ്പോള്‍ അയാളുടെ ചുണ്ടില്‍ ഏതോ ചെന്തമിഴ്ഗാനം തുളുമ്പി. ആ പണം കൊണ്ടാണ് ഞാനീ ഭവനം വാങ്ങിയത്. പിന്നീടയാള്‍ എന്റെ ഭവനത്തിലേക്ക് വരാന്‍ തുടങ്ങി. ഭര്‍ത്താവ് പുറത്തുപോയി ഭക്ഷണവും മദ്യവും വാങ്ങി വരും. മകള്‍ പഠനമുറിയില്‍ വാതിലടച്ചിരിക്കും. ഇടയ്‌ക്കെപ്പോഴോ ഫ്രെഡിയെ കണ്ടുമുട്ടി. അവന്റെ മേ ഫെയര്‍ ഹോട്ടലിലെ പന്ത്രണ്ടാം നമ്പര്‍ മുറിയില്‍ എനിക്കുവേണ്ടി കമ്പളം വിരിച്ച് അവന്‍ കാത്തിരിക്കും. ചൂതുകളിയില്‍നിന്നു കിട്ടിയ പണമെല്ലാം ഭര്‍ത്താവ് നേരിട്ട് വാങ്ങും. ആ ദിവസങ്ങളിലെപ്പോഴോ ആണ് നിന്നെ ഹോട്ടലിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടിയത്. അരുളപ്പാടുപോലെ നീ എന്റെ മുന്നിലുദിച്ചു. എന്റെ കണ്ണുകളില്‍ കര്‍ത്താവിന്റെ കരുണാമയമായ മുഖം പതിഞ്ഞു. പാപിയോട് പൊറുക്കണമേ എന്നു ഞാന്‍ ഉരുവിടുന്നതു നീ കേട്ടു. നീ ആദ്യമായി എന്നോട് പറഞ്ഞു. നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധയായിരിക്കുന്നു. എന്നും നീ അങ്ങനെയായിരുന്നു.

എന്റെ ഭര്‍ത്താവ് അതുവരെ സമ്പാദിച്ച ധനവുമായി അപ്രത്യക്ഷനായി. അച്ഛനെവിടെയെന്ന മകളുടെ ചോദ്യത്തിനു ഞാന്‍ മറുപടി കൊടുത്തില്ല. വരും എന്നുമാത്രം പറഞ്ഞു. അയാള്‍ ഫ്രെഡിയുടെ ഗോവയിലെ വെപ്പാട്ടിയോടൊപ്പമാണെന്ന് ആരോ പറഞ്ഞറിഞ്ഞു. പിന്നീട് ഞാന്‍ ഭവനത്തിന്റെ ഏകാന്തതയില്‍ ധ്യാനം കൂടിയിരുന്നു. കടാക്ഷത്തിനു കാത്തിരുന്ന ഒരു രാത്രി നീ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. നീ മൗനിയും ദു:ഖിതനുമായിരുന്നു. ഹെലനെ ചേര്‍ത്തുനിര്‍ത്തി നീ മകളേ എന്നു വിളിച്ചു. അവള്‍ സങ്കടംകൊണ്ട് പൊട്ടിക്കരഞ്ഞു. നീ വരുന്ന ഓരോ രാവുകളും എനിക്കു ശരണപഥം തുറന്നു. അനുരാഗത്തിന്റെ ശൈലസാനുക്കളില്‍ നമ്മള്‍ മഞ്ഞുപാളികള്‍ പോലെ പറന്നുനടന്നു. നിന്റെ ഗന്ധം എന്റെ ശയനമുറിയില്‍ ദീപനാളംപോലെ തിളങ്ങി. ഫ്രെഡിയെ ഞാന്‍ ഗൗനിക്കാതെയായി. സമ്പന്നരേയും യുവാക്കളേയും ഞാന്‍ പിന്‍തിരിപ്പിച്ചു. നിന്റെ പൂജയ്ക്ക് എന്റെ ഉടലും പ്രാണനും പരിശുദ്ധമായിരിക്കാന്‍ കൊതിച്ചു. അപ്പോഴും നീ മേ ഫെയര്‍ ഹോട്ടലിലെ മദ്യം വിളമ്പുകാരനായിരുന്നു.

ക്രിസ്തുവിന്റെ വിടര്‍ന്ന മാറിലേക്ക് ചാഞ്ഞ് മേരി കിതപ്പാറ്റി. അവളുടെ കണ്‍കോണില്‍ തിടംവെച്ച അഗ്‌നിജലം മൊത്തി അയാള്‍ പറഞ്ഞു. എല്ലാ ദു:ഖങ്ങള്‍ക്കും മീതെ ദൈവത്തിന്റെ പകര്‍ന്നാട്ടം കാണുവാന്‍ ശക്തി വേണം. പുലര്‍ച്ചയ്ക്കു മുന്‍പ് മറ്റൊരു സന്ദര്‍ശനം ബാക്കിയുണ്ട്. ശത്രുവിനോട് ക്ഷമിച്ചു എന്നു പറയാനാണ് ദൈവകല്പന. അതൊരു നിയോഗമാണ്. നിന്റെ മനസ്സിന്റെ ദേവാലയത്തിനു മുന്നില്‍ ഞാന്‍ സാധുവായ ഭിക്ഷു മാത്രമാണ്. രക്ഷകനാണോ എന്നറിയില്ല. ഞാന്‍ ഈ രാത്രിയുടെ അന്നമാണ്. നീ നിന്റെ കിടപ്പറയില്‍ കടന്നു വെന്തിങ്ങയില്‍ വിരല്‍ തൊടുക. സ്മൃതിപരമ്പരകളുടെ ഭാരം കുടഞ്ഞുകളഞ്ഞ് ഗന്ധകമെരിയുന്ന അഗ്‌നി തടാകത്തെക്കുറിച്ചോര്‍ക്കുക. നസ്രത്തില്‍ ഞാന്‍ എന്നുമുണ്ടായിരുന്നു മേരി... നീയും...

അനന്തരം അയാള്‍ അവളുടെ അധരങ്ങളില്‍ ചുംബിച്ച് ഇരുട്ടിലേക്ക് നിഷ്‌ക്രമിച്ചു. അന്ധകാരത്തിന്റെ ഗാഢവും നിശ്ചലവുമായ നിപതം. മേ ഫെയര്‍ ഹോട്ടലിലെ പന്ത്രണ്ടാം നമ്പര്‍ മുറി, ക്രിസ്തുവിന്റെ പാദത്താല്‍ തുറക്കപ്പെട്ടു. അരണ്ടവെളിച്ചത്തില്‍ അണിഞ്ഞൊരുങ്ങിയ തണുത്ത മുറി. പട്ടുമെത്തയില്‍ ബര്‍മുഡയിലും ടീഷര്‍ട്ടിലും ഫ്രെഡിയുടെ ഗാഢമായ നിദ്ര. തീന്‍മേശയില്‍ മൂടിയടക്കാത്ത മദ്യക്കുപ്പിയും ബാക്കിവന്ന ഭക്ഷണപ്പാത്രവും. ക്രിസ്തു ഒരു നിമിഷം, തന്റെ കണ്ണുകളെ അവനിലേയ്ക്ക് ചന്നം പിടിച്ചു. കാരത്തോലിന്റെ നിറമുള്ള കവിളില്‍ ചുവന്നുവീര്‍ത്ത ഒരു മഞ്ഞക്കുരു. പാപങ്ങളുടെ ഉരുവായ മണ്ണിനാല്‍ മെനഞ്ഞെടുക്കപ്പെട്ട ആമോസിന്റെ മുഖംപോലെ, നവീകരണത്തിന്റെ സ്‌നാനം നിഷേധിച്ച തിന്മയുടെ ഉടയോന്‍. ക്രിസ്തു അവന്റെ കിടക്കയ്ക്ക് ചുറ്റും രണ്ടുതവണ വലംവച്ചു. ഉണര്‍വ്വ് വരെ കാത്തിരിക്കാനും പുലര്‍ച്ചയിലേയ്ക്ക് വെളിപ്പെടുവാനും അയാള്‍ ആഗ്രഹിക്കുന്നില്ല.

ഫ്രെഡിയുടെ ഇരുകൈകളും രണ്ട് ദിശകളിലേക്ക് നീണ്ട് മലച്ചിട്ടാണ്. സ്‌നേഹത്തോടെ, വാത്സല്യത്തോടെ, ക്രിസ്തു അവന്റെ കൈത്തണ്ടയില്‍, കാലുറയില്‍ കരുതിയിരുന്ന ചണക്കയറെടുത്ത് ബലവത്തായി കെട്ടി. അവനുണരുന്നില്ല. ചണകയറിന്റെ തുമ്പ് കട്ടിലിന്റെ നീണ്ട കാലില്‍ സസൂക്ഷ്മം ബന്ധിച്ചു. അടുത്ത ചണക്കയറുകൊണ്ട് ഇടതുകരവും ബന്ധിച്ച് കുടുക്കിയപ്പോള്‍, ഫ്രെഡി മെല്ലെ കണ്ണുകള്‍ തുറന്നു. ഉറക്കപ്പീളയില്‍ എല്ലാം പുകപോലെ കണ്ട് കിടന്നപ്പോള്‍, ക്രിസ്തു അവസാനത്തെ ചണക്കയറുകൊണ്ട് ഇരുകാലുകളും കുരുക്കിട്ട് കെട്ടി. അപ്പോഴേക്കും അവന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു കഴിഞ്ഞിരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'ആരാണ് നീ' എന്ന ആക്രോശത്തോടെ ഫ്രെഡി തന്റെ ബന്ധനം തിരിച്ചറിഞ്ഞ് മെത്തയില്‍ പുളഞ്ഞു. അവന്റെ കണ്ണുകളില്‍ ക്രിസ്തുവിന്റെ രൂപം തെളിഞ്ഞപ്പോള്‍ നാവില്‍നിന്നു രണ്ടക്ഷരം പുറത്തേയ്ക്ക് തെറിച്ചു.

'ക്രിസ്തു.'

'അതേടാ ഞാന്‍ തന്നെ. നിന്റെ ചങ്ങാതിയായ ക്രിസ്തു.'

'അവിശ്വസനീയമായ വേഷപ്പകര്‍ച്ച. എങ്ങനെ നീ...'

'നിന്റെ പാപത്തിനോട് ക്ഷമിക്കാന്‍ വന്നതാണ്. ഒപ്പം ന്യായവിധി കൂടിയുണ്ട്. അതു പൂര്‍ണ്ണമാക്കാന്‍ എനിക്ക് ഉത്ഥാനം ചെയ്യേണ്ടിവന്നു.'

'നീ മരിച്ചവനല്ലേ? അന്നാ മലമുകളില്‍...'

'അതു മരണമായിരുന്നില്ല ഫ്രെഡി. നീണ്ട ഉറക്കമായിരുന്നു. നീയിപ്പോള്‍ അതുപോലെ ഉറങ്ങാന്‍ തുടങ്ങും.'
'അവിശ്വസനീയം. എന്റെ ബന്ധനം മാറ്റൂ. നമുക്കു സഹോദരന്മാരെപ്പോലെ സംസാരിക്കാം.'

ക്രിസ്തുവിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വെളിപ്പെട്ടു. അടുത്ത നിമിഷം, മദ്യക്കുപ്പിയുടെ കഴുത്ത് മെല്ലെ വായിലേക്ക് തിരുകി ഒരു കവിളിറക്കാനാവശ്യപ്പെട്ടു. അവന്‍ അതനുസരിച്ചു.

'കാല്‍വരി നിനക്കോര്‍മ്മയുണ്ടോ?'

'എന്നോട് ക്ഷമിച്ചതിനു ശേഷം വീണ്ടും കുറ്റവിചാരണയോ?' ഫ്രെഡി ചോദിച്ചു.

'എന്നെ നീ എന്തിനു വകവരുത്തി?'

'ഹെലനെ സ്വന്തമാക്കാന്‍.'

'ഹെലനെ നീ എന്തിനു കൊന്നു?'

'അവള്‍ സ്വയം മരിച്ചതാണ്. അവള്‍ക്ക് മാതാവിന്റെ വഴിയിലൂടെ സഞ്ചരിക്കണമായിരുന്നു. പക്ഷേ, കര്‍ത്താവ് മടക്കിവിളിച്ചു.'

ഒരു കുതിപ്പിന് ക്രിസ്തു അവന്റെ മാറിലേക്ക് വീണ് കണ്ണുകളിലേക്ക് ക്രൂദ്ധനായി നോക്കി. അനന്തരം കാലുറയില്‍നിന്നും ഗോലികള്‍ നിറച്ച ഡബ്ബ തുറന്ന് അവന്റെ വായ ബലമായി വലിച്ചു തുറന്നു.

'ഇതെവിടെനിന്ന്?'

'നിന്റെ തിരുവത്താഴത്തിനു കരുതിവെച്ചത്.'

'നീ ക്രിസ്തുവല്ല. ഏതോ ചെകുത്താനാണ്. ക്രിസ്തുവിനു സ്‌നേഹിക്കാനേ അറിയൂ...'

'നീ കേട്ടിട്ടില്ലേ? വിധിദിനത്തില്‍ കര്‍ത്താവ് പ്രതികാരം ചെയ്യും. അവരുടെ ശരീരങ്ങളിലേക്ക് തീയും പുഴുക്കളും അയക്കും. വേദനയാല്‍ അവര്‍ നിത്യം വിലപിക്കും. അവിടുന്ന് ആത്മാവിനെ അയച്ചു. അതു നിനക്ക് മറ്റൊരു രൂപമായി കാണാന്‍ കഴിയുന്നു. ഡബ്ബയില്‍നിന്നു മൂന്നു ഗോലികളെടുത്ത് അവന്റെ തുറന്ന വായിലേക്ക് തിരുകിക്കയറ്റി, ക്രിസ്തു നെറ്റിയിലെ ഉപ്പ് തുടച്ചു. പിന്നാലെ ഒരു കവിള്‍ മദ്യം കൂടി ചെലുത്തിയപ്പോള്‍ തൊണ്ണ തടവി ഗോലികള്‍ ആമാശയത്തിലേക്കുരുണ്ടു. 

'തമാശനിര്‍ത്തു. നീയെന്താണ് ചെയ്യുന്നത്?'

'പാപങ്ങളുടെ മിച്ചഭോജനം.' പന്ത്രണ്ടാമത്തെ ഗോലിയും മദ്യത്തോടൊപ്പം തൊണ്ണയിലേക്ക് തള്ളിക്കയറ്റിയപ്പോള്‍, ഫ്രെഡിയുടെ ശക്തി പാതിയും ക്ഷയിച്ചിരുന്നു.

'മതി. ഞാന്‍ മരിക്കും' ഫ്രെഡി അലറിക്കരഞ്ഞു.

പതിമൂന്നാമത്തെ സൈനൈഡ് ചൂണ്ടുവിരലിനും തള്ളവിരലിനുമിടയില്‍ തിളങ്ങുന്നതു കണ്ട് ഫ്രെഡി കണ്ണുകളടച്ചു. ഹെലന്‍ നിനക്കായി ബാക്കിവച്ചത് എന്നു പറഞ്ഞുകൊണ്ട്, ക്രിസ്തു സൈനൈഡ് ഗോലി അവന്റെ വായിലേയ്ക്ക് അവസാനത്തേതായി നിക്ഷേപിച്ചു. ഫ്രെഡി കണ്ണുകള്‍ തുറക്കാന്‍ ആയാസപ്പെട്ടു.
ക്രിസ്തു പറഞ്ഞു. ആകാശത്ത് കിളിവാതിലുകള്‍ തുറക്കില്ല. പ്രാവുകള്‍ പറക്കുന്നില്ല. നിന്റെ ദ്രവ്യം മരണം മാത്രമാണ്. ഇഴകള്‍ പിഞ്ചിയ മരണം. ക്രിസ്തു അവനെ കെട്ടുകള്‍ അഴിച്ചു സ്വതന്ത്രനാക്കി. അപ്പോഴേക്കും ഫ്രെഡിയുടെ പാതാള യാത്ര തുടങ്ങിയിരുന്നു. 

'എന്നെ രക്ഷിക്കൂ... എനിക്കു ജീവിക്കണം.' 

'മരണപ്പെട്ടവരുടെ സ്പന്ദനം നീ കേള്‍ക്കുന്നുവോ?'

'മാപ്പ് തരണം. എന്റെ പ്രാണന്‍ ഛേദിക്കപ്പെടാന്‍ പോകുന്നു.'

'ഹെലന്‍ എന്ന പാവത്തിനെ നോവിച്ചതിന്റെ ശിക്ഷ ഇവിടെയവസാനിക്കുന്നു.'

'ഞാനവളെ രക്ഷിക്കുമായിരുന്നില്ലേ? മേരിയെ രക്ഷിച്ചതുപോലെ, അവളേയും. ബാക്കി പറയാന്‍ ഫ്രെഡിക്കായില്ല. അവന്റെ ഉടലില്‍ തണുപ്പിഴയാന്‍ തുടങ്ങിയിരുന്നു.

'നീ എന്റെ ഭവനത്തില്‍ പോയിരുന്നോ?'

'നിന്റെ പിതാവിന്റെ ഓര്‍മ്മക്കൂടില്‍നിന്നാണ് ഗോലികള്‍ കിട്ടിയത്. നിന്റെ അന്ത്യകൂദാശയ്ക്ക് ദൈവം കരുതിവെച്ചതാകും. ക്രമേണ മരണത്താല്‍ ഫ്രെഡിയുടെ ശരീരം പരിച്ഛേദിക്കപ്പെട്ടു. ആറാം മണിക്കൂറിന്റെ അന്ത്യപാദത്തില്‍ ക്രിസ്തു കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു. അല്പനേരം മാത്രം എന്റെ യാത്ര തീരുവാന്‍  യേശുവേ നിനക്ക് സ്‌തോത്രം. ക്രിസ്തു അതിവേഗം പുറത്തിറങ്ങി അപ്രത്യക്ഷനായി.

കല്ലറയുടെ മകുടം തുറന്നുതന്നെ കിടന്നിരുന്നു. രാപ്പക്ഷികളുടെ ചിലമ്പലുകളും ചിറകടിയും കേള്‍ക്കുന്നുണ്ട്. ജലത്താലും രക്തത്താലും ഞാന്‍ മടങ്ങുകയാണ്. ക്രിസ്തു ആത്മാവിങ്കലേക്ക് പറന്നു. അവിടെമാകെ സുഗന്ധതൈലത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു. സ്വര്‍ണ്ണതല്പംപോലെ മേരിയുടെ മുഖം. അന്ധകാരത്തില്‍ തെളിയുന്നു. സമയം ഇനിയും ബാക്കിയുണ്ട് മേരി പറഞ്ഞു.
എല്ലാം പൂര്‍ത്തിയായി.

നിനക്കിനി മേരിയായി ജീവിക്കാനാവില്ല. മറിയമായി പുനരവതരിക്കാം. മേരിയെന്ന അഭിസാരിക കര്‍ത്താവിന്റെ ഉപമയായിരുന്നു. ഭൂമിയുടെ ഉദരം തുറന്ന് ക്രിസ്തു അപ്രത്യക്ഷനായി.

പുലര്‍ച്ചയുടെ ജീവബിന്ദുക്കള്‍ ആകാശത്തിന്റെ അഭയം ഭേദിച്ച് അലയാന്‍ തുടങ്ങിയപ്പോള്‍ മറിയത്തിന്റെ കനംവെച്ച കണ്‍പീലികള്‍ വിടര്‍ന്നു. അപ്പോള്‍ അവളുടെ നഗ്‌നമായ മേനി ക്രിസ്തുവിന്റെ മേലങ്കിയാല്‍ പുതക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com