'ശ്രീനാരായണ ഗുരുവിന്റെ കത്ത്'- രാജേഷ് കെ. നാരായണന്‍ എഴുതിയ കഥ

By രാജേഷ് കെ. നാരായണന്‍  |   Published: 15th July 2022 04:15 PM  |  

Last Updated: 15th July 2022 04:17 PM  |   A+A-   |  

story

 

ശ്രീനാരായണഗുരു എഴുതിയ ഒരു കത്ത് എന്റെ തറവാട്ടു വീട്ടിലുണ്ടെന്ന് ഞാന്‍ അറിയുന്നത് തമിഴ്‌നാട്ടിലെ തേനിക്കും കമ്പത്തിനും ഇടയിലുള്ള നായ്ക്കാരപ്പട്ടിയെന്ന ഗ്രാമത്തില്‍വെച്ചാണ്. ഞാനും അശ്വിനും ഗൗതമും തങ്കവേലുവിനെ കാണാനായിട്ടാണ് അവിടെ എത്തിയത്. പല വഴികളും നോക്കിയിട്ടും കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമൊന്നും കാണാതെ ഇരിക്കുമ്പോഴാണ്, തങ്കവേലുവെന്ന തമിഴന്‍ ഞങ്ങള്‍ക്കു മുന്നില്‍ എത്തപ്പെടുന്നത്. നായ്ക്കാരപ്പട്ടിയെക്കുറിച്ചും അവിടെയുള്ള കോവിലിലെ വിശേഷപ്പെട്ട പൂജയെക്കുറിച്ചും തങ്കവേലുവില്‍നിന്നും അറിഞ്ഞതോടെ കുമളികമ്പംതേനി വഴിയുള്ള മധുര ബസില്‍ ഞങ്ങള്‍ കയറി. 

ജല്ലിക്കെട്ട് കഴിഞ്ഞതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു ഞങ്ങളുടെ യാത്ര. 

ബസിലെ തമിഴന്മാരുടെയെല്ലാം സംസാരം ജല്ലിക്കെട്ടിനെക്കുറിച്ചും കാളകളുടെ കുത്തേറ്റ് ആശുപത്രിയിലായവരെക്കുറിച്ചുമായിരുന്നു.

'എവന്മാര്‍ക്കൊക്കെ ഭ്രാന്താണോടേ? കാളയുടെ കുത്ത് വാങ്ങാഞ്ഞിട്ട്?' അശ്വിന്‍ അടക്കത്തില്‍ ചോദിച്ചു.

'എഡ്യൂക്കേഷന്റെ കുറവാ' ഗൗതം ന്യായീകരിച്ചു.

ജല്ലിക്കെട്ടിലെ പൊടി പാറിയ മത്സരച്ചൂടിലൂടെ ബസ് തമിഴ് ഗ്രാമവഴികളെ കടന്നുപോയി.

തങ്കവേലു നായ്ക്കാരപ്പട്ടിയിലെ ടീ കടയില്‍ ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

ടീ കടയിലെ ടീ മാസ്റ്ററാണ് ബാക്കി കാര്യങ്ങള്‍ പറഞ്ഞത്.

'ആയിരത്തൊന്ന് രൂപ, അതും ഒറ്റരൂപാ തുട്ട് ദക്ഷിണയായി വെച്ചാ മതി. നിധി എവിടെ ഉണ്ടെങ്കിലും കാണിച്ചുതരും.'

ഇതൊക്കെ ഇപ്പഴത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ? അതും ബിടെക് പഠിച്ച ഞങ്ങളെപ്പോലെ മോഡേണ്‍ ആയ ചെറുപ്പക്കാര്? പക്ഷേ, വിശ്വസിച്ചുവെന്നതാണ് സത്യം. അല്ലെങ്കിലും, കൈ നനയാതെ എങ്ങനെ മീന്‍ പിടിക്കാമെന്നതല്ലേ എല്ലാവരുടേം നോട്ടം. ആ കൂട്ടത്തില്‍ത്തന്നെ ഞങ്ങളും, കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ലോട്ടറി നടത്താമെങ്കില്‍ നമുക്കു നിധിയിലും വിശ്വസിക്കാമെന്ന് ഗൗതം പറഞ്ഞതോടെ എന്തായാലും ഒന്നു ശ്രമിച്ചു നോക്കാമെന്നായി; അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തപ്പെടുന്നത്.

നായ്ക്കാരപ്പട്ടി ഒരു ഉറക്കം തൂങ്ങി ഗ്രാമം ആയിരുന്നു. സന്ധ്യക്ക് മുന്‍പെ ആകെയുള്ള മൂന്ന് നാല് ചെറിയ കടകളും അടച്ചുകഴിഞ്ഞു. ആളുകളൊക്കെ വീടുകള്‍ക്കകത്ത് കയറി ടി.വി കാണുകയോ അല്ലെങ്കില്‍ പരസ്പരം ശബ്ദമുയര്‍ത്തി വഴക്ക് കൂടുകയോ ചെയ്തുകൊണ്ടിരുന്നു.

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളം വെച്ചിരിക്കുന്ന കല്‍ത്തൊട്ടിക്കരുകില്‍ ഞങ്ങളെ ഇരുത്തിയിട്ട് തങ്കവേലു അടുത്തുള്ള ചെടിപടര്‍പ്പുകള്‍ക്കിടയിലൂടെ അപ്രത്യക്ഷനായിട്ട് നേരം ഏറെയായി. 
പകലാരോ ഒഴിച്ചുപോയ വെള്ളം, വെയില്‍ ചൂടില്‍ തിളച്ചത്, ഇപ്പോഴും ചൂടാറാതെ കിടക്കുന്നു.
ഇരുട്ടിലൂടെ മുന്നോട്ട് പോകാമെന്ന് ഒട്ടേറെ നേരത്തിനു ശേഷം ഞങ്ങള്‍ തീരുമാനിച്ചു. മുന്നോട്ട് നടന്നുതുടങ്ങിയ നേരത്താണ് അരണ്ടവെളിച്ചമുള്ള ഒരിടം അകലെ കണ്ടത്; മണ്ണ് പൊത്തിയുണ്ടാക്കിയ ഒരു ചെറിയ കുടിലായിരുന്നു. വാതില്‍പ്പടി മാത്രമാണ് അതിന് ഉള്ളത്. അകത്തേക്ക് എത്തിനോക്കിയപ്പോള്‍ വയസ്സായ ഒരാള്‍ എന്തൊക്കെയോ പ്രവൃത്തികളിലേര്‍പ്പെട്ട് ഇരിക്കുന്നു. 

ഇയാളായിരിക്കുമോ തങ്കവേലു പറഞ്ഞ മന്ത്രവാദി. ഞങ്ങളെ കണ്ടിട്ടും അയാളൊന്നും ചോദിച്ചില്ല. തങ്കവേലുവിനെക്കുറിച്ച് അങ്ങോട്ട് ചോദിച്ചെങ്കിലും അതിനും മറുപടിയുണ്ടായില്ല.

ആ നേരത്താണ് ഭിത്തിയിലെ ചെറിയ കണ്ണാടി ഞാന്‍ ശ്രദ്ധിച്ചത്, കണ്ണാടിയുടെ മദ്ധ്യത്തില്‍ രസം ചുരണ്ടിക്കളഞ്ഞ് 1 'ഒം ശാന്തി' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അതിനു മുന്നിലെ ചെറിയ തട്ടില്‍ കത്തുന്ന തിരി, ആ വെളിച്ചമാണ് മുറിക്കകത്താകെയുള്ളത്.

'നിധി തേടി വന്നതാണോ?' എന്ന് ഏറെ നേരത്തിനുശേഷം അയാള്‍ ചോദിച്ചതോടെ, ഞങ്ങള്‍ മൂന്നു പേരും ഉഷാറായി.

അതെയെന്ന എന്റെ ശബ്ദം കുറച്ച് ഉച്ചത്തിലായിപ്പോയി.

ആലോചനയിലിരുന്നിട്ട് വൃദ്ധന്‍ പറഞ്ഞു: 

'കുട്ടിച്ചാത്തന്റെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഒരു കുടുംബത്തെ സഹായിക്കാന്‍ ഗുരു ഒരു കത്ത് കൊടുത്തിരുന്നു. ആ കത്തിനെക്കുറിച്ചൊന്ന് അന്വേഷിക്ക്.' 

വൃദ്ധന്‍ എന്നെ നോക്കിയാണത് പറഞ്ഞത്.

ഏത് ഗുരു?

ആരുടെ ഗുരു? എന്ന സംശയത്തോടെ ഗൗതമും അശ്വിനും എന്നെ നോക്കി.
അപ്പഴേക്കും പുറത്ത് തങ്കവേലുവിന്റെ ശബ്ദം കേട്ടു.

'വാങ്കോ...' 

വൃദ്ധന്റെ ചെറിയ മണ്‍കുടിലില്‍ നിന്നിറങ്ങിയതും തങ്കവേലു ഇരുട്ടില്‍നിന്നും ഞങ്ങളെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ പറഞ്ഞു:

'പൈത്യക്കാരനാ... ഇങ്കെ ചുമ്മാ ചുറ്റും. ഇവിടം വിട്ടാ പിന്നെ ഒരുപാട് നാള്‍ കഴിഞ്ഞേ വരൂ, അന്ത കണ്ണാടിക്ക് മുന്നില് തിരികത്തിച്ച് കരയും. പൈത്യം പിടിച്ച മനിതന്‍, കിളി, പറവ, മാട്, നായ എല്ലാത്തുക്കും തണ്ണി ഊത്തരുതും ശാപ്പാടു നല്‍കറുതും പൈത്യക്കാരനുടെ സന്തോഷം.'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

തങ്കവേലു മലയാളവും തമിഴും കൂട്ടിക്കലര്‍ത്തി പറഞ്ഞ് അവസാനിപ്പിച്ചപ്പഴേക്കും ഞങ്ങള്‍ മലചുറ്റി ഒരു ഇടിഞ്ഞുപൊളിഞ്ഞ കല്‍ക്കൂമ്പാരത്തിന് അടുത്തെത്തിയിരുന്നു. വൃദ്ധന്റെ വര്‍ത്തമാനമൊക്കെ അപ്പഴേക്കും മറന്നിരുന്നു. പൂജ നടത്തി നിധി കിട്ടി ജീവിതം ആഘോഷമാക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞങ്ങള്‍.
പൂജയും നിവേദ്യവുമൊക്കെ നടത്തി ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അത്ഭുതങ്ങളൊന്നും നടന്നില്ല, നിധിയന്വേഷണത്തിന്റെ ഭാഗമായി പതിനായിരം രൂപയോളം പോയതിന്റെ മനോവിഷമത്തില്‍ ഇരിക്കുമ്പോഴാണ്, ശ്രീനാരായണഗുരു എഴുതിയ ഒരു കത്ത് എന്റെ തറവാട്ട് വീട്ടിലുണ്ടെന്നും ആ കത്ത് കണ്ടെത്തിയാലതിനു വന്‍ വില കിട്ടുമെന്നും സുമേഷളിയന്‍ എന്നു നാട്ടുകാര് മൊത്തം വിളിക്കുന്ന ചെത്തുകാരന്‍ സുമേഷ് പറഞ്ഞത്.

പാലക്കാട്ട് ചെത്താന്‍ പോകുന്ന സുമേഷിന് ഈ വിവരം കിട്ടിയത് അവിടെ നിന്നെങ്ങാണ്ടാ. 

ഇതു കേട്ടതും ഞാനും അശ്വിനും ഗൗതമും അമ്പരപ്പോടെ പരസ്പരം നോക്കി.

നായ്ക്കാരപ്പട്ടിയിലെ രാത്രിയില്‍ ആ വൃദ്ധന്‍ പറഞ്ഞ വാചകമായിരുന്നു ഞങ്ങള്‍ മൂന്ന് പേരുടേം മനസ്സില്‍.
'ആര്‍ക്ക് എഴുതിയ കത്താ...?'

'എന്താ കത്തില്...'

കേട്ടുകൊണ്ടിരുന്ന അശ്വിനും ഗൗതമും ചോദിച്ചു.

'ദേ, യിവന്റെ മുത്തച്ഛനാ ഗുരുദേവന്‍ കത്ത് കൊടുത്തത്. അതും നേരിട്ട്. ആര്‍ക്കാന്ന് വെച്ചാ... കുട്ടിച്ചാത്തന്.' 
ഛെ, ഇയാളിത് ചൊറിഞ്ഞ് കേറുവാണല്ലോന്ന് കരുതി സുമേഷിന്റെ നേര്‍ക്ക് ചെറഞ്ഞ് നോക്കുമ്പൊ, ഗൗതമും അശ്വിനും വാ പൊത്തി ചിരിച്ചു.

അത്രേം നേരം തോട്ടിറമ്പിലെ വെള്ളക്കെട്ടിലൂറി വന്ന കുമിളകളെ നോക്കി അഭിമാനത്തോടെ ചിരിച്ചോണ്ടിരുന്നയെനിക്ക് നാറ്റക്കേസ്സായി തോന്നിയിത്. സുമേഷ് ആളെ വടിയാക്കാന്‍ മിടുക്കനാ. ഇനിയിത് മതി ഇവന്മാര്‍ക്കെന്നെ കളിയാക്കി കൊല്ലാന്‍.

നാലു പേരും ഒരു ബോണ്‍ജിയര്‍ പൈന്റും... ടച്ചിംങ്ങ്‌സായി അശ്വിന്റെ വീട്ടിന്നെടുത്ത കൊഴുവ പീര പറ്റിച്ചത് അതായിരുന്നു ഇന്നത്തെ കൂടലിന്റെ ഇന്ധനം, തോട്ടിറമ്പിലെ മരോട്ടിച്ചുവട്ടിലെ സ്ഥിരം സങ്കേതത്തിലായിരുന്നു ഞങ്ങള്‍ നാലുപേരും.

ഒരു പൈന്റടിച്ചാലും പുളിങ്കുറ്റി പോലിരിക്കുന്ന സുമേഷിന്ന് ഒന്നര പെഗ്ഗില് മറിഞ്ഞുവല്ലോന്ന് ചിന്തിക്കുമ്പോഴേക്ക്...

'എന്നാടാ ഇളിക്കുന്നെ...' സുമേഷ് ദേഷ്യത്തോടെ ചോദിച്ചു. 

'നിനക്കൊന്നും ഗുരുവിനെ അറിയത്തില്ല. വഴീടെ സൈഡില് സിമന്റിട്ടുണ്ടാക്കി മഞ്ഞേമടിച്ച് വെച്ചേക്കണ പ്രതിമേനേം കണ്ടോണ്ട് ഗുരുവിനെ അളക്കരുത്; ഞാമ്പറഞ്ഞേക്കാം.'

'സുമേഷളിയന്‍ കാര്യം പറാന്ന്.'

അശ്വിന്‍, കിട്ടിയ ഇരയെ വിടാതെ പിടിച്ചു.

'ഒള്ളതാടാ, നൂറ് വര്‍ഷത്തിന് മുന്‍പാ, കൃത്യം വര്‍ഷം പറഞ്ഞാ 1921ലാ സംഭവം, ശിവഗിരീല് വെച്ചാ ഗുരു കത്ത് ഇവന്റെ അപ്പൂപ്പന് കൊടുക്കുന്നെ... കുട്ടിച്ചാത്തനുള്ള കത്ത്, ഇവന്റെ അപ്പൂപ്പന് കൊടുത്ത് അടിയില് നാരായണഗുരു എന്നെഴുതി ഒപ്പും വെച്ചിട്ടുണ്ട്.'

'സുമേഷളിയന് ഇതൊക്കെ എവിടുന്ന് കിട്ടീതാ?' 

ഗൗതം കാലിയായ പൈന്റ് കുപ്പി നേരിട്ട് വായിലേക്ക് ഇറ്റിച്ചു; രണ്ട് തുള്ളി പടപടാന്ന് വീണു. ഒരു തുള്ളി കുപ്പീടെ വക്കില് വന്നു വിതുമ്പിനിന്നു. 

'പാലക്കാട്ട് ഞങ്ങള് താമസിക്കുന്ന കെട്ടിടത്തില് രാത്രീന്നോ പകലെന്നോ നിശ്ചയമില്ലാതെ വന്നുകേറണ ഒരു സിദ്ധനുണ്ട്, അങ്ങേരാ പറഞ്ഞത്. ആള് നിസ്സാരക്കാരനല്ലാ, ഒറ്റയൊരു ക്ഷേത്രത്തിലേ മൂപ്പര് പോകത്തൊള്ളൂ, എവിടാ, ചേര്‍ത്തലയിലൊള്ള കളവങ്കോട് ക്ഷേത്രത്തില്... എന്നതാ കാര്യം...?' 

ഞങ്ങളാരും മറുപടി പറയില്ലെന്ന് അറിയാവുന്നതുകൊണ്ട് സുമേഷളിയന്‍ തന്നെ പറഞ്ഞു: 

'അവിടെ ഗുരു പ്രതിഷ്ഠിച്ചത്, കണ്ണാടിയാ... ക്ഷേത്രമെന്നാ അതാണെന്നാ സിദ്ധന്‍ പറയുന്നെ...'

അശ്വിനും ഗൗതമും പെട്ടെന്ന് ഗൗരവത്തിലായി.

നായ്ക്കരപ്പട്ടിയിലെ മണ്‍കുടിലിന്റെ ഭിത്തിയിലെ കണ്ണാടിയും അതിനു മുന്നിലെ തിരിയുടെ വെളിച്ചവും ഞങ്ങളോര്‍ത്തു, ഇത്രയും നേരവും ഞങ്ങള്‍ക്കു മുന്‍പില്‍ തമാശയുടെ കലക്കവെള്ളമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവിശ്വസനീയതയുടെ തെളിനീര് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. 

'ഞാന്‍ പറയുന്നത് ഒള്ളതാ... നീ തറവാട്ടിപ്പോയൊന്ന് തപ്പ്, കിട്ടിയാ... എന്റെ പൊന്നുമോനെ നിന്റെ യോഗം തെളിയും' സുമേഷളിയന്‍ എന്റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. 

'ഗുരുവിന്റെ റിക്ഷേം കിടന്ന കട്ടിലും വായിച്ച പുസ്തകങ്ങളുമൊക്കെ അമൂല്യ നിധിയാ, ആ നേരത്ത് ഗുരു എഴുതിയ കത്ത് കിട്ടിയാലുണ്ടല്ലോ പൊളിക്കും. ഒന്നാമത് ചോമ്മാര്‍ക്ക് ഈയടുത്ത കാലത്തൊന്നും ഗുരുവിന്റെ മേലൊരു പിടുത്തം ഉണ്ടാക്കാന്‍ പറ്റീട്ടില്ല; ഗുരുവിന്റെ കത്ത് കിട്ടിയാ കേരളമൊന്ന് ഒലയും... ഞാന്‍ പറയാനുള്ളത് പറഞ്ഞു.'

ചെത്തുകാരനാണല്ലോന്ന് കരുതി നീയൊന്നും എന്നെ കൊച്ചാക്കണ്ട, തെങ്ങിന്റെ തലക്ക് മേടി മനുഷ്യന്റെ തലയ്ക്ക് പിടിക്കണ ദ്രാവകം ഉണ്ടാക്കുന്നവനാ ചെത്തുകാരന്‍, ചെത്തരുത് കുടിക്കരുതെന്നൊക്കെ ഗുരു പറഞ്ഞെങ്കിലും ഗുരുവിന്റെ ആള്‍ക്കാരൊക്കെ; അന്നും ഇപ്പഴും ചെത്തുകാരും വില്‍പ്പനക്കാരുമാണെന്ന കാര്യം മറക്കണ്ട... എന്നുവെച്ചാ 'തളപ്പു കയര്‍ അവകാശവും ഏണി അവകാശവും' രാജാവ് കല്പിച്ചു തന്നിട്ടുള്ളവര്‍സുമേഷളിയന്‍ ഈഴവ ചരിത്രത്തില്‍ മുങ്ങാങ്കുഴിയിട്ടു.

സുമേഷളിയന്‍ പോയിക്കഴിഞ്ഞ് കുറെ നേരം കൂടി ഞാനും അശ്വിനും ഗൗതമും തോടിന്റെ കരയില്‍ ഇരുന്നു.
ആരുമൊന്നും പറഞ്ഞില്ല.

പക്ഷേ, മൂന്ന് പേരുടേയും മനസ്സിനകത്ത് നായ്ക്കരപ്പട്ടിയില്‍ വെച്ച് ആ വയസ്സന്‍ പറഞ്ഞ കാര്യവും ഇപ്പോള്‍ സുമേഷളിയന്‍ പറഞ്ഞതും ആയിരുന്നു.

'അന്ന്, ഗുരുവെന്നു പറഞ്ഞത് നിങ്ങടെ ആളെക്കുറിച്ചാണെന്ന് നിനക്ക് മനസ്സിലായില്ലായിരുന്നോ?' ഗൗതം ചോദിച്ചു.

ഞാനൊന്നും പറഞ്ഞില്ല, സുമേഷളിയന്‍ പറഞ്ഞതുവെച്ച് നോക്കുമ്പൊ ആ വയസ്സനായിരിക്കും പാലക്കാട്ട് വെച്ച് സുമേഷളിയനോട് ഇതൊക്കെ പറഞ്ഞ സിദ്ധന്‍. 

'അയാള് ചുറ്റിക്കറങ്ങി നടക്കുന്നയാളാണന്നല്ലേ തങ്കവേലു പറഞ്ഞത്.'

'നമ്മുടെ നിധി പൂജ ഫലിച്ചൂന്ന് അര്‍ത്ഥം.' 

'ആ കത്തായിരിക്കും നമ്മുടെ നിധി...' 

ഞങ്ങള്‍ മൂന്ന് പേരും പലവഴി ചിന്തിച്ചും പറഞ്ഞും ഗുരു എഴുതിയ കത്ത് കണ്ടുപിടിക്കുക എന്ന തീരുമാനത്തിലെത്തി.

ഈ സംഭവം നടന്ന് മൂന്നാമത്തെ ദിവസം ഞാനും അശ്വിനും ഗൗതമും പുറപ്പെട്ടു. 

സത്യത്തില്‍ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ചുമ്മാ തറവാട്ടിപ്പോകാം, കിട്ടിയാ കിട്ടി ബിടെക്കിന്റെ മൂന്നും എട്ടും പന്ത്രണ്ടും സപ്ലികൊണ്ട് സമ്പന്നന്മാരായ ഞങ്ങള്‍ക്കെന്ത് നോക്കാനെന്നായിരുന്നു ആ ദിവസങ്ങളിലെ ചിന്ത.

എന്തും പിടിക്കും, വഴിയേ പോണതും ആകാശത്തി പറക്കണതും അതായിരുന്നു അവസ്ഥ. നിധിയന്വേഷണവും സ്വര്‍ണ്ണ ചേനയും നക്ഷത്ര ആമയും നോട്ടിരട്ടിപ്പും വരെ മനസ്സില്‍ കൊണ്ടു നടക്കുന്നതിനിടയില്‍ വീണുകിട്ടിയ ശ്രീനാരായണഗുരുവിന്റെ കത്ത്, എന്ന ഒറ്റ വാചകത്തില്‍ അനന്തസാദ്ധ്യതകളുടെ ആകാശം മുന്നില്‍, വിശാലമായി കിടന്നു. 

ആനയടി മുക്കിലെ ചായക്കടയില്‍നിന്ന് പഫ്‌സും ചായയും കഴിച്ച് ഇറങ്ങുമ്പൊ അശ്വിന്‍ ചോദിച്ചത്, ഇനിയെത്ര ദൂരം കൂടെയുണ്ടെന്നാ.

അടിച്ച പെട്രോള് ഇനി ചുവപ്പിന് താഴെയേയുള്ളൂ.

'ഒരഞ്ച് കിലോമീറ്ററെ ഉള്ളെടാ...' 

ആള്‍ട്ടോയുടെ ഗിയറ് മാറ്റുമ്പോഴുള്ള ശബ്ദം കേട്ട്, ചായക്കടയുടെ മുറ്റത്ത് മയങ്ങിക്കിടന്ന പട്ടിയൊന്ന് മുരണ്ടു.
ഗൗതം ചിരിച്ചു.

'കുട്ടിച്ചാത്തനനുഗ്രഹിച്ചാ ഇവന്റെ ഗിയര്‍ ബോക്‌സൊന്ന് പണിയിക്കണം.'

'ഗിയര്‍ ബോക്‌സല്ല, വണ്ടി തന്നെ നമ്മള് മാറ്റും...' 

പാതി തമാശയായി പറഞ്ഞെങ്കിലും മനസ്സിലൊരു ന്യൂ രജിസ്‌ട്രേഷന്‍ കാറ് ഉണ്ടായിരുന്നെന്നുള്ളത് സത്യമാണ്. 

സുമേഷളിയനുമായി തോട്ടിറമ്പിലിരുന്ന് സംസാരിച്ച് പിരിയുമ്പൊ, തോട്ടിലെറിഞ്ഞ ബോണ്‍ജിയറിന്റെ കുപ്പീല്‍ പകുതിയോളം തോട്ടുവെള്ളം കയറി മുങ്ങിത്താണ് പൊന്തിയൊഴുകുമ്പൊലെ മനസ്സില്‍ കേറിയതാണീ കത്ത്. അന്നുതന്നെ ശ്രീനാരായണഗുരുവിന്റെ കത്തിനെക്കുറിച്ചുള്ള അന്വേഷണം ഞങ്ങള്‍ തുടങ്ങി. 

വായനശാലയില്‍ ചെന്ന് പുസ്തകമെടുക്കണമെന്ന് പറഞ്ഞപ്പൊ പോളേട്ടന്‍ സംശയത്തോടെയാ നോക്കിയത്. 
'മെമ്പര്‍ഷിപ്പില്ലാത്തവര്‍ക്ക് പുസ്തകം തരാന്‍ പറ്റില്ല, വേണമെങ്കി ഇവിടിരുന്ന് വായിച്ചോ... ഏതാ പുസ്തകം?'
നാരായണഗുരുവിന്റെ ജീവചരിത്രം എന്നു കേട്ടതും വീണ്ടും പോളേട്ടന്‍ ഞെട്ടി.

'നാരായണഗുരുവിന്റെ...'

'ജീവചരിത്രം' ഗൗതം സംശയമില്ലാതെ പറഞ്ഞു.

'മൂന്ന് പേര്‍ക്കും' പോളേട്ടന്‍ സംശയിച്ചു.

'ആ.' 

ഞാന്‍ ഉറപ്പിച്ചു പറഞ്ഞതും പോളേട്ടന്‍ ഒന്ന് തറപ്പിച്ച് നോക്കി.

ആത്മകഥ, ജീവചരിത്രം എന്ന് എഴുതിയ അടര്‍ന്നുപോയ ചില്ലുപാളിയുള്ള അലമാരയുടെ പൂട്ട് തുറന്നു. ഒട്ടേറെ പരതിയിട്ട് പറഞ്ഞു:

'സാനു മാഷിന്റേമൊണ്ട്, മൂര്‍ക്കോത്ത് കുമാരന്റേമൊണ്ട്.'

'ഞങ്ങള് ചോദിച്ചത് നാരായണഗുരുവിന്റെയാ'ണെന്ന് അശ്വിന്‍ പറഞ്ഞതും പോളേട്ടന്‍ അലമാരക്കതകടച്ചുകൊണ്ട്:

'പറഞ്ഞിട്ട് കാര്യമില്ല ഒഴുകേണ്ട വെള്ളം കെട്ടിനിര്‍ത്തിയാ ഇങ്ങനെ തന്നെയാ സ്ഥിതി.' 

എന്നു സ്വയം പറഞ്ഞതും അശ്വിന് അബദ്ധം പറ്റിയെന്നു മനസ്സിലായി, അവന്‍ എന്നെ നോക്കി. എനിക്ക് കത്തി.

'സാനു മാഷ് വേണ്ട. മൂര്‍ക്കോത്തിന്റെ മതി.'

അലമാരക്കതക് വീണ്ടും പോളേട്ടന്‍ തുറന്നു.

മൂര്‍ക്കോത്ത് കുമാരനെഴുതിയ ഗുരുവിന്റെ ജീവചരിത്രം ഞങ്ങള് മൂന്നു പേരും വായിക്കാന്‍ തുടങ്ങി. നിധി കുഴിച്ചു പോകുന്ന മനസ്സും കണ്ണുമായിരുന്നാന്നേരത്ത്.

പോളേട്ടന് സംശയം വിട്ടുമാറാതെ നിന്നു.

'നിങ്ങള് എസ്സെന്‍ഡിപീടെ പുതിയ യൂണീറ്റൊണ്ടാക്കാനുള്ള പരിപാടിയാണോ?'

'ഏയ്... അതിനിവിടെ ബോസ് ചേട്ടനും അജി ചേട്ടനുമൊക്കെയില്ലേ? 

ഞങ്ങള് വെറുതെയൊന്ന് വായിച്ച് നോക്കുന്നതാ.' 

പോളേട്ടന് തൃപ്തി വന്നില്ല. എവിടെയോ ഒരു ദഹനമില്ലായ്മ. 

'ഗുരുവിനെ തൊടാതിരിക്കുന്നതാ നല്ലത്...' 

പിന്നേം എന്തോ കൂടി പറയാന്‍ തുടങ്ങീട്ട് പോളേട്ടന്‍ നിര്‍ത്തി.

മൂര്‍ക്കോത്തിന്റെ പുസ്തകത്തിന്റെ പകുതിയെത്തുന്നതിനു മുന്‍പെ പോളേട്ടന്‍ വായനശാലയടച്ചു.
'എന്നാ പിന്നെ നാളെ വായിച്ചിട്ട് കൊണ്ടുവാന്ന്' പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തതോടെ ഞങ്ങളും ഇറങ്ങി. 
പുസ്തകം ആരു കൊണ്ടുപോകും എന്നായി പിന്നെ തര്‍ക്കം, ഞാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പൊ രാത്രി തന്നെ വായിച്ച് വിവരം എത്ര വൈകിയാലും വിളിച്ചുപറയണമെന്നു പറഞ്ഞ് ഗൗതമും അശ്വിനും പോയി.
ഒന്നരമണി കഴിഞ്ഞപ്പൊ വായിച്ചുതീര്‍ത്ത്, ഗുരുസ്വാമികള്‍ കുട്ടിചാത്തനെഴുതിയ കത്തിനെക്കുറിച്ച് ഒരു വരിപോലും മൂര്‍ക്കോത്തിന്റെ പുസ്തകത്തിലില്ലെന്ന്, വോയ്‌സ് മെസ്സേജിട്ട് ഞാനും കിടന്നു.

പുലര്‍ച്ചെ തന്നെ ഗൗതമിന്റെ വിളിവന്നു.

'കുമാരനാശാനെഴുതീട്ടൊണ്ട് ഗുരുവിന്റെ ജീവചരിത്രം.'

എം.എ. മലയാളം കഴിഞ്ഞ് കന്യാസ്ത്രീകള്‍ നടത്തുന്ന നേഴ്‌സിങ്ങ് കോളേജില് ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചേച്ചിയാ പറഞ്ഞതെന്ന് അവന്‍ പറഞ്ഞതും 'എങ്കിലതി കാണാതിരിക്കില്ല' എന്നു ഞാനും പറഞ്ഞു.

'ഗുരുവും കുമാരനാശാനും ക്ലോസ്സായിരുന്നു' ഗൗതം വീണ്ടും ചിരിച്ചോണ്ട് പറഞ്ഞു.

'ചേച്ചീം ഞാനും പറയുന്ന കേട്ട് അച്ഛന്‍ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം കൊണ്ടുവന്നു തന്നിട്ട്, നമ്മളിതാ വായിക്കേണ്ടതെന്നു പറഞ്ഞു. തട്ടിന്‍ പുറത്തെങ്ങാണ്ട് കിടന്നതാ.' 

അവന്‍ പറയുന്നത് കേട്ടപ്പൊ എനിക്കും ചിരിവന്നു. മിക്കവാറും അശ്വിനു കിട്ടാമ്പോണത് അയ്യന്‍കാളീടെ ജീവചരിത്രമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പൊ ഗൗതമും ചിരിച്ചു. 

കുമാരനാശാനെഴുതിയ ഗുരുവിന്റെ ജീവചരിത്രം കിട്ടാന്‍ കുറെ ബുദ്ധിമുട്ടി, പലയിടത്തും കറങ്ങി അവസാനമാണ് നാരായണന്‍ സാറിന്റെ വീട്ടിച്ചെന്നത്. 

ചോദിച്ചപ്പൊ, അവിടെയിപ്പൊ താമസിക്കുന്ന സാറിന്റെ പെങ്ങടെ മോന്‍ പുസ്തകമൊന്നും ഇവിടില്ലെന്നു പറഞ്ഞു.

പണ്ടിവിടെ മൂന്ന് തടിയലമാരകളില് നിറയെ പുസ്തകമാരുന്നല്ലോയെന്ന് ഗൗതം ചോദിച്ചപ്പൊ പറയുവാ:
'മട്ടാഞ്ചേരീന്ന് വന്ന ആന്റിക്ക് കാര്‍ക്ക് അലമാരകള്‍ വിറ്റെന്ന്.'

'അപ്പൊ, പുസ്തകങ്ങളോ?'

'മട്ടാഞ്ചേരിക്കാര് അലമാരകളേ എടുത്തൊള്ളൂ, ആകുന്ന പറഞ്ഞിട്ടും പുസ്തകം കൊണ്ടു പോയില്ല, ഇംഗ്ലീഷാണെങ്കി എടുത്തോളാന്ന്. അമ്മാവന്‍ എല്‍.പി സ്‌കൂളിലെ വാദ്ധ്യാരല്ലായിരുന്നോ ഇംഗ്ലീഷ് അറിയത്തില്ലല്ലോ. അതുകൊണ്ടായിരിക്കും ചുമ്മാ ഒരു വെലേം കിട്ടാത്ത മലയാളം പുസ്തകം വാങ്ങിച്ച് കൂട്ടീത്, മനുഷ്യരെന്തെങ്കിലും വാങ്ങിക്കുകാണേല് മറിച്ചു വില്‍പ്പന സാദ്ധ്യതയുള്ളത് വാങ്ങണം. ഇത് വെറുതെ...'

മുറ്റം കടന്നു തിരിച്ചുപോരുമ്പോഴും അവിവാഹിതനായിരുന്ന നാരായണന്‍ സാറിന്റെ പിടിപ്പുകേടിനെപ്പറ്റി മരുമകന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ക്കു മൂന്നു പേര്‍ക്കും പ്രതീക്ഷ കുമാരനാശാനിലായി.

ഗുരു കുട്ടിച്ചാത്തന് കത്തെഴുതിയ കാര്യം കുമാരനാശാനറിയാതിരിക്കില്ല.

കത്ത് കൊടുത്തത് എന്റെ അപ്പൂപ്പന്റെ കയ്യിലാണെന്ന കാര്യം ജീവചരിത്രത്തിലുണ്ടെങ്കി എല്ലാം സ്മൂത്തായി.
'എടാ കത്ത് കിട്ടാതെ ഇതുകൊണ്ടൊന്നും ഒരു കാര്യോമില്ല.'

'നൂറ് വര്‍ഷം മുന്‍പത്തെ കത്താ അത് മറക്കരുത്.'

'ശ്ശെടാ നീയിങ്ങനെ നെഗറ്റീവ് ആയാലോ. എന്തിലും പ്രതീക്ഷ വെക്കണം.'

'ഇതേ സെന്റെന്‍സാ പൂപ്പാറേല് വെച്ചും നീ പറഞ്ഞത്.' 

ഗൗതമിത് പറഞ്ഞതോടെ അശ്വിന്‍ നിശബ്ദനായി.

റൈസ്പുള്ളറിനു വില പറയാന്‍ വേണ്ടി പൂപ്പാറയിലെ ലോഡ്ജില്‍ ചെന്ന ദിവസത്തെ കാര്യമായിരുന്നു ഗൗതം ഓര്‍മ്മിപ്പിച്ചത്.

മൂന്ന് തെലുങ്കന്മാര്, മേശക്കടീ വെച്ച കാന്തവും ഒരു പുട്ട് കൂറ്റീം കൊണ്ട് ഒരു ലക്ഷം ഉണ്ടാക്കാനിറങ്ങിയതാണെന്ന് മനസ്സിലായപ്പൊ നൈസ്സായിട്ടവിടുന്ന് ഊരി.

ഇമ്മാതിരി പരിപാടി അവസാനിപ്പിക്കാമെന്ന് ഗൗതം പറഞ്ഞപ്പൊ അശ്വിന്‍ പറഞ്ഞ വാചകമാണ്, ഏതിലും പ്രതീക്ഷ വെയ്ക്കണമെന്നത്.

അന്നത്തെ പൂപ്പാറ പോക്കിന് അശ്വിന്റെ വെല്ല്യമ്മേടെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഒരുമിച്ച് കിട്ടീതായിരുന്നു മൂലധനം. വെല്ല്യമ്മ ഇപ്പഴും പെന്‍ഷന്‍ കാശിന്റെ കണക്ക് കൂട്ടി നോക്കീട്ട്, പിണറായിക്കങ്ങനെ കണക്ക് തെറ്റാറില്ലല്ലോന്ന് സംശയിക്കാറുണ്ട്. 

ആള്‍ട്ടോ ഒരു കിലുക്കത്തോടെ റോഡിന് വട്ടം നിന്നു.

'ഛെ... പഞ്ചറായീന്നാ തോന്നുന്നെ.'

ഗൗതം കാറീന്നെറങ്ങി.

ചെളിക്കണ്ടത്തിന് നടുവിലൂടെയുള്ള റോഡ്, പാടത്ത് കര്‍ഷക സമിതിയുടെ ബോര്‍ഡ്.
'പഞ്ചറൊന്നുമല്ലെടാ' ടയറിലടിച്ച് നോക്കി അശ്വിന്‍ പറഞ്ഞു.

'വണ്ടിക്കെന്തോ കുഴപ്പമുണ്ട് ഒരു മിസ്സിങ്ങ്.'

'നിനക്ക് ചുമ്മാ തോന്നുന്നതാ.'

'ഇനി എന്തോരം ഉണ്ടെടാ?'

'ദേ ആ വളവ് തിരിഞ്ഞാ തറവാടാ.'

വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കിയപ്പൊ ഒരു കുഴപ്പോമില്ല.

ഗൗതം ഒരു പൊട്ടച്ചിരി ചിരിച്ചു.

ഞാനിരുന്ന പൊറകിലെ സീറ്റില് മൂര്‍ക്കോത്ത് കുമാരന്‍, കുമാരനാശാന്‍, കോട്ട് കോയിക്കല്‍ വേലായുധന്‍, ആര്‍ട്ടിസ്റ്റ് മാധവന്‍, പി.കെ. ബാലകൃഷ്ണന്‍, എം.കെ. സാനു, കെ.പി. അപ്പന്‍ തുടങ്ങിയവര്‍ എഴുതിയ നാരായണഗുരുവിന്റെ ജീവിതവും ജീവചരിത്രവുമായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിരുന്നു. ഒരുപാടൊക്കെ വായിച്ചു. 

ചിലപ്പോഴൊക്കെ ഗൗതമിന്റെ നോട്ടത്തിനു മുന്‍പില്‍ ചൂളി, നിന്റെയൊക്കെ അപ്പനപ്പൂപ്പന്മാരുടേം അമ്മൂമ്മയുടേം അവസ്ഥയിതായിരുന്നില്ലേയെന്ന ചിന്ത അവന്റെ മനസ്സില്‍ ഉണ്ടെന്നു തോന്നി. 
ആ ക്ഷീണം ഞാന്‍ മാറ്റിയത് അശ്വിന്റെ നേരെ നോക്കിയ നോട്ടം കൊണ്ടായിരുന്നു. 

ചരിത്രം പലപ്പോഴും ക്രൂരമാണെന്നു മനസ്സിലും ചിലപ്പോഴൊക്കെ പാതി തമാശയായും പറഞ്ഞു, ഇപ്പോഴും മനസ്സിലതുണ്ട്. പക്ഷേ, കിട്ടാന്‍ പോകുന്ന അമൂല്യ നിധിയുടേം അതുവഴിയുണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടത്തിന്റേം മുന്നില് ബാക്കിയൊക്കെ മറന്നു. അല്ലെങ്കില്‍ മറന്നതായി ഭാവിച്ചു. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ എല്ലാവരും. 

ചെങ്കല്ല് വെട്ടിയുണ്ടാക്കിയ വഴിക്കിരുപുറവും ചെങ്കല്ല്‌കൊണ്ട് തന്നെയുള്ള മതിലായിരുന്നു. വഴിയില്‍ മുഴുവനും കാട്ടപ്പേം പായലും കമ്യൂണിസ്റ്റ് പച്ചേം. കരിയിലകളുടെ ദ്രവിച്ച കറുപ്പ് ചെങ്കല്ലിന്റെ നിറത്തോടു ചേര്‍ന്നു സവിശേഷമായൊരു പ്രതലം വഴിയിലൊരുക്കിയിട്ടുണ്ട്.

മുറ്റത്തെ വലിയ ആഞ്ഞിലിയില്‍നിന്നു വീണ ആഞ്ഞിലി ചക്കയിലെ കുരുക്കള്‍, മുറ്റത്താകമാനം പല വലിപ്പത്തിലും രൂപത്തിലും മുളച്ചു നിന്നിരുന്നു.

തലേരാത്രിയിലെ മഴ ആഞ്ഞിലിക്കാടിനു മുകളില്‍ നനവു വറ്റാതെ വെയിലില്‍ തിളങ്ങി, വരാന്തയുടെ വലിയ നീളം, നാട്ടിലെ പഴയ യു.പി സ്‌കൂളിനെ ഓര്‍മ്മിപ്പിച്ചെന്ന് ഗൗതം പറഞ്ഞത് ഇഷ്ടമായെങ്കിലും പുറത്തു കാണിച്ചില്ല. 

അശ്വിനാണെങ്കില്‍ അതു കേട്ട മട്ടുമില്ല. 

വരാന്തയുടെ ഓരത്ത് അടുക്കി കെട്ടിവെച്ചിരിക്കുന്ന കാര്‍ട്ടണ്‍ ബോക്‌സുകള്‍ ദ്രവിച്ച് അടര്‍ന്ന് കിടക്കുന്നു. ആരെങ്കിലും അങ്ങോട്ട് വന്നിട്ട് മാസങ്ങളായിട്ടുണ്ടാകുമെന്ന് അവിടം കണ്ടാ തോന്നും.

കാറില്‍നിന്നിറങ്ങി ഗൗതമും അശ്വിനും ചുറ്റുമൊന്ന് നോക്കി.

കാര്‍ട്ടണ്‍ ബോക്‌സില്‍ മണപ്പിച്ചിട്ട് ഗൗതം പറഞ്ഞു:

'നല്ല കഞ്ചാവ് ലേഹ്യത്തിന്റെ മണം.'

'പോടാ... ആയുര്‍വ്വേദ മരുന്നിന്റെ ബോക്‌സാ, മരുന്നൊന്നും കാണത്തില്ല. വെറുതെ കിടക്കുവാണല്ലോന്ന് വിചാരിച്ച് മൂത്തമ്മാവന്‍ ഒരു ആയുര്‍വ്വേദ കടക്കാര്‍ക്ക് സ്‌റ്റോറായി കൊടുത്തതാ, ഇളേ അമ്മാവനും വല്യമ്മേടെ മക്കളും ചേര്‍ന്നു കേസ് കൊടുത്തു. തര്‍ക്കത്തി കെടക്കണ വസ്തുവില്‍ അവകാശം ഒരാള്‍ക്കായിട്ടില്ലെന്ന് കോടതി വിധിച്ചു.'

'നമ്മളകത്ത് കേറിയാ പണിയാകുമോ?'

'ഏയ്... ആരറിയാനാ?'

'അറിഞ്ഞാലും കൊഴപ്പമൊന്നുമില്ല, എനിക്കും കൂടി അവകാശപ്പെട്ടതല്ലേ?' 

ഒരു വലിയ കൊട്ടാരത്തിന്റേം സ്വത്തുവകകളുടേം അനന്തരാവകാശിയെന്ന തോന്നല്‍ ആ നേരത്ത് എന്റെ മുഖത്തുണ്ടായിരുന്നു.

'എങ്ങനെ അകത്ത് കയറും.'

'വാ...'

വടക്ക് വശത്ത് കൂടിചുറ്റി ഞങ്ങള്‍ പുറകുവശത്തെത്തി, വീണ്ടും കറങ്ങി തെക്ക് വശത്തെത്തി.
അശ്വിന്‍ പറഞ്ഞു: 

'മുന്നിലെ വാതില്‍ തുറക്കണ്ട പൊറകിലെ കിണറിനപ്പുറത്തൊരു വാതില് കണ്ടില്ലേ, അതു തുറന്നാ മതി.' 
തിരികെ പുറകോട്ട് ചെല്ലുമ്പൊ കിണറിനപ്പുറത്തെ വാതില്‍ പകുതി തുറന്നു കിടക്കുന്നു.

'നമ്മളങ്ങോട്ട് പോകുമ്പൊ തുറന്നിട്ടില്ലായിരുന്നല്ലോ?'

ഗൗതമും അശ്വിനും ഒരുമിച്ചാ പറഞ്ഞത്.

'നിങ്ങള് ശ്രദ്ധിച്ചായിരുന്നോ?'

'പിന്നെ...'

ഗൗതം എന്നെ നോക്കി ഞാനൊന്നാലോചിച്ചു.

'വാതില്‍ അടഞ്ഞ് കിടന്നിരുന്നു എന്നുള്ളത് നമ്മുടെ തോന്നലാ. മനസ്സില് വീടിനകത്ത് കയറാനെന്ത് വഴിയെന്ന ചിന്തയല്ലായിരുന്നോ? അതുകൊണ്ടുതന്നെ തുറന്ന് കിടന്ന വാതില്‍ നമ്മള് കണ്ടില്ല. അടഞ്ഞതായി തോന്നി.' 

അങ്ങനെ പറഞ്ഞെങ്കിലും അവന്മാര് അതു വിശ്വസിച്ചതായി തോന്നിയില്ല. എന്തായാലും അകത്ത് കയറാന്‍ തീരുമാനിച്ചു.

കിണറിന്റെ സൈഡില്‍ അടുക്കള, അടുക്കളയ്ക്കപ്പുറം പത്തായപ്പുര, അതിന്റെ ചെറുവാതിലാണ് തുറന്ന് കിടക്കുന്നത്.

'പണ്ട്കാലത്ത് ഇതുവഴിയാണ് പാടത്തുന്ന് കൊയ്ത്, പുഴുങ്ങി, ഉണക്കി എടുക്കുന്ന നെല്ല് അകത്തേക്ക് കയറ്റിയിട്ടിരുന്നത്. മുത്തിയമ്മ അകത്ത്‌നിന്ന് നെല്ല് വാങ്ങും. തീണ്ടലും തൊടീലുമുള്ള കാലമായിരുന്നതുകൊണ്ട് ഇവിടെനിന്നാ പണിക്കാര് കൊട്ടയിലെ ഉണങ്ങിയ നെല്ല് പൊക്കി കൊടുക്കാറ്, അമ്മ പറഞ്ഞ് കേട്ടിട്ടുള്ളതാ.'

പറഞ്ഞുകഴിഞ്ഞപ്പഴാ കൊണ്ടത് അശ്വിനാണല്ലോന്ന് വിചാരിച്ചത്.

ഗൗതമിന്റെ മുഖത്തൊരു പുച്ഛം തെളിഞ്ഞിട്ടുണ്ടോ? 

അവന്‍ നില്‍ക്കുന്നത് മുകളിലെ പടിയിലാ. അശ്വിന്‍ താഴത്തെ പടിയിലും.

നടുവില്‍ നില്‍ക്കുന്നയെനിക്ക് അവരുടെ മുഖഭാവം കാണാനൊക്കുന്നില്ല.

പത്തായമിരുന്നിടമിപ്പൊ ശൂന്യമാണ്. മൂത്തമ്മാവന്റെ ഇളയമകളുടെ മോന്റെ എറണാകുളത്തെ ഫ്‌ലാറ്റിന്റെ സ്വീകരണമുറിയിലെ തറയിലാണിപ്പോള്‍ പത്തായത്തിന്റെ പലകകള്‍.

ഊണ് മുറി, നടു മുറി, അപ്പൂപ്പന്റെ മുറി, കിഴക്കേ മുറി, പടിഞ്ഞാറെ മുറി, കൊച്ചു മുറി, പൂജാമുറി, തായ് മുറി ഇത്രയുമാണ് എത്ര വര്‍ഷം പഴക്കമുണ്ടെന്നറിയാത്ത വീടിന്റെ ഭൂമിശാസ്ത്രം.
ഇതിലെന്റെ പ്രതീക്ഷ കിഴക്കേ മുറിയിലാണ്.

അവിടെയാണ് എല്ലാ ലൊട്ടുലൊടുക്കുകളും മറ്റു സാധനങ്ങളും ഇട്ടിരിക്കുന്നത്. മുന്‍പവിടെ പഞ്ചാംഗങ്ങളും പഴയ ആധാരക്കെട്ടുകളും പൊടിഞ്ഞ് തീരാറായ പുസ്തകങ്ങളും കണ്ടിട്ടൊണ്ട്.

അപ്പൂപ്പന്‍ കടലാസ്സുകളൊന്നും കളയില്ലായിരുന്നെന്ന് അമ്മ പറഞ്ഞുള്ള അറിവും വെച്ച് നോക്കുമ്പൊ ഈ കത്തും അവിടെ കാണണം.

തിരച്ചിലാരംഭിച്ചത് അശ്വിനാണ്. പഴയ പത്രങ്ങള്‍, അവയില്‍ പലതും പൊടിഞ്ഞ് നിവര്‍ത്താന്‍പോലും പറ്റാത്തത് ആയിരുന്നു. ഏതോ കാലത്തെ കൃഷിപ്പണിയുടെ കണക്കുകള്‍, ക്ഷേത്രത്തിലെ പഴയ ഉത്സവ പിരിവിന്റെ രജിസ്റ്ററ്, പത്രമാസികകള്‍, നിറം മങ്ങിയ പുറംചട്ട കീറിയ ഡയറികള്‍... അശ്വിനിതെല്ലാം വാരിവലിച്ചെടുത്ത് വിതറിക്കൊണ്ടിരുന്നു.

ഗുരുദേവനെ സംബന്ധിച്ച പുസ്തകങ്ങളോ വേറെന്തെങ്കിലുമോ കണ്ടാല്‍ മാറ്റിവെക്കണമെന്ന് ഞാന്‍ പറഞ്ഞു. ആകെ കിട്ടിയത് കൗമുദി വാരികയും ആയിരത്തി തൊള്ളായിരത്തി അറുപതിലെ കലണ്ടറുമാണ്. പാതിരാത്രി കഴിഞ്ഞപ്പഴേയ്ക്കും തിരച്ചിലേതാണ്ട് തീര്‍ന്ന മട്ടായി. കത്തിച്ചുവെച്ചിരുന്ന വിളക്കിലെ മണ്ണെണ്ണയും തീര്‍ന്നു.
ഗൗതമും അശ്വിനും എന്നെ നോക്കി.

അടുത്ത മുറികളില്‍ ഉപയോഗശൂന്യമായ കട്ടിലുകളും കാലൊടിഞ്ഞ മേശകളും പിന്നെ ചില ചാക്കുകെട്ടുകളും മാത്രം അവശേഷിച്ചു.

പാതി അടര്‍ന്ന് വീഴാറായ ഒരു കട്ടിലിന്റെ കാല്‍ നിവര്‍ത്തി കിടക്കാനൊരിടം ഗൗതം അപ്പഴേക്കും കണ്ടെത്തിയിരുന്നു.

അശ്വിന്‍ അവസാന ശ്രമമെന്നതുപോലെ ചാക്കുകെട്ടുകളിലൊന്നിന്റെ കെട്ടഴിച്ചു. ആരോ വാരിക്കുത്തി നിറച്ച പഴകിയ കടലാസ്സുകളുടെ കൂമ്പാരം മുറിക്കകത്ത് കുമിഞ്ഞു, പഴകിയ കടലാസുകളിലെ പൊടിയടിച്ച് ഞാന്‍ തുമ്മാന്‍ തുടങ്ങി. ഗൗതം ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തില്‍ എന്തോ പറഞ്ഞു.

ഞാന്‍ തുമ്മിക്കൊണ്ടേയിരുന്നു.

അശ്വിന്‍ ആ പേപ്പര്‍ കൂട്ടത്തില്‍നിന്നും എന്തോ കണ്ടെടുത്തതുപോലെ എന്നെ നോക്കി. മങ്ങിപ്പോയ കടലാസ്സിലെ മഷിയിലെഴുതിയ നാലുവരിയായിരുന്നത്. 

2 'നല്ലതു മന്യനല്ലലും ചേര്‍പ്പൊരു
തൊഴിലാത്മ വിരോധിയോര്‍ത്തിടേണം
പരനു പരം പരിതാപമേകിടുന്നൊ
രെരി നരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു...'

ഇത്രയും നേരത്തേ തിരച്ചിലുകൊണ്ട് ആകെ കിട്ടിയ പിടിവള്ളിയാണീ നാലു വരിയെന്ന് ഞങ്ങള്‍ക്കു തോന്നി.
ഞാനും അശ്വിനും പലവട്ടമത് വായിച്ചു.

ഞങ്ങളുടേതായ രീതിയിലതിനെ വ്യാഖ്യാനിച്ചു.

ആരായിരിക്കും ഇതെഴുതിയത്?

കയ്യെഴുത്ത് ഗുരുവിന്റേതല്ലെന്ന് വ്യക്തമാണ്.

ലിപികള്‍ പുതിയതാണ്. 

എന്തായാലും ഈ നീലമഷിയിലെഴുതിയ വരികള്‍ കിട്ടിയതോടെ ആഴക്കിണറ്റിലെവിടെയോ വെള്ളമുണ്ടെന്ന പ്രതീക്ഷപോലെയായി ഞങ്ങളുടെ മാനസികാവസ്ഥ.

പിന്നീടുള്ള തിരച്ചിലിന് പറയത്തക്ക പ്രയോജനങ്ങളൊന്നുമുണ്ടായില്ല രസീതുകള്‍, ചിട്ടി കണക്കുകള്‍, ചില കത്തുകള്‍, ബാങ്കിന്റെ രേഖകള്‍ അങ്ങനെ പോയി പേപ്പര്‍ കൂമ്പാരത്തിലെ ശേഷിപ്പുകള്‍.

ഗൗതമിന്റെ കൂര്‍ക്കംവലിയും ആഞ്ഞിലി മരത്തിലെ പഴം തിന്നാനെത്തിയ വവ്വാലുകളുടെ ചിറകടിയൊച്ചയും രാക്കിളികളുടെ കൂവലും മാത്രമായി രാത്രി വളര്‍ന്നുകൊണ്ടിരുന്നു.

അശ്വിനും ക്ഷീണിച്ചു.

അവന്‍ ഒരു മൂലയില്‍ ഭിത്തിയില്‍ ചാരി ഇരുന്ന് ഉറങ്ങാന്‍ തുടങ്ങി.

എനിക്ക് ഉറക്കം വന്നില്ല.

തുമ്മലിന്റെ ബാക്കിയെന്നോണം നെറ്റിക്കിരുപുറവും വേദനയാരംഭിച്ചിരുന്നു. 

രാത്രിയെപ്പെഴോ ഗൗതമിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്.

അശ്വിന്റെ കഴുത്തിനു കുത്തിപ്പിടിച്ചവനലറുന്നു:

'നിന്നെയൊക്കെ പാടത്തും പറമ്പത്തും കയറ്റിയെന്ന് കരുതി ഒപ്പത്തിനൊപ്പമായീന്ന് ധരിച്ചോടാ...'
'അത് ഞാന്‍.'

അശ്വിന്‍ എന്തോ പറയാന്‍ തുടങ്ങി.

'ഞാനൊ? അടിയനെന്ന് പറയെടാ.'

അടുത്ത നിമിഷം എന്നെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അശ്വിന്റെ മറുപടി:

'ശരി തമ്പ്രാനേ...'

ആ വാക്കുകളിലല്ല, അവന്റെ ശരീര ഭാഷയില്‍ വന്ന വ്യത്യാസമായിരുന്നു നിര്‍ണ്ണായകമായത്...
ചുറ്റും ചെളി മണ്ണിന്റെ ചൂരും ചേറിന്റെ ഗന്ധവും.

മറ്റൊരിടത്തുനിന്ന് ചന്ദനത്തിന്റേയും നെയ്യുടേയും ഗന്ധം.

'ചോന്റെ ധിക്കാരവും കൂടുന്നുണ്ട്
തലവരിയും മുലക്കരവും വേണ്ടെന്ന് വെച്ചതോടെ
സ്ഥാനമൂപ്പായി എന്നു കരുതുന്നുണ്ടോടാ?'

മനസ്സില്‍ തോന്നിയതല്ല മറുപടിയായി പുറത്തേക്ക് വന്നത്:

'മ്പ്രാന്‍ ക്ഷമിക്കണം... അടിയത്തങ്ങള്‍ക്ക് വേറൊരു വിചാരോമില്ല...'

കള്ളിന്റെ മണവും മാട്ട കലത്തിലെ ചുണ്ണാമ്പിന്റെ ഉളുമ്പും കാറ്റിലെവിടെനിന്നോ വീശിവരുന്നു.
ഗൗതമിപ്പോള്‍ ചമ്രംപടിഞ്ഞാണ് ഇരിക്കുന്നത്.

അശ്വിന്‍ ഒരുപാട് ദൂരെയാണ്. നില്‍ക്കുകയും അല്ല ഇരിക്കുകയുമല്ലെന്ന ഭാവത്തില് വായ് പൊത്തിയ വലതുകൈക്ക് താങ്ങായി ഇടതു കൈ കൊടുത്താണ് അവന്‍ നില്‍ക്കുന്നത്.

പാടത്തെ വിതയും കൊയ്ത്തും പാട്ടവരവും ചോദിച്ചും പറഞ്ഞും ഇടയ്ക്ക് മുറുക്കിയും കോളാമ്പി കാണാതെ നേരെ മുന്നിലേക്ക് നീട്ടി തുപ്പിയും ഗൗതം.

മുഖത്തേക്ക് പാറ്റിവീണ തുപ്പല്‍ തുടച്ച് അശ്വിനും ഞാനും നിന്നു.

'രാജാവിന്റെ എഴുന്നള്ളത്തുണ്ട് നീയൊക്കെ മുഖം കാണിക്കണമെങ്കി മുക്കൂട്ടും താഴത്തെ പാടത്തേക്ക് പോവുക.'

'ശരി തമ്പ്രാ.'

'അടിയന്‍.'

'നിന്റെ പെണ്ണിന് വയറ്റിലുണ്ടെന്ന് കേട്ടല്ലോടാ?'

അശ്വിന്‍ ഒന്നു ചൂളി സമ്മതം കാണിച്ചു.

ഗൗതമിന്റെ നോട്ടം എന്റെ നേര്‍ക്കായി.

ശൃംഗാരത്തിന്റെ പൂമ്പൊടിയാല്‍ നിറഞ്ഞ കദളിപ്പൂവിന്റെ ചിരിയോടെ അവന്‍ ചോദിച്ചു:
'നിന്റെയിളയവള് വയസ്സറിയിച്ചോടാ?'

'ഉവ്വ് മ്പ്രാ.'
'വാസന സോപ്പും ഇഞ്ചേം കൊടുത്ത് വിടണ്ട്... മനസ്സിലായല്ലോ...?'

'എന്തിനാണ് തലയാട്ടുന്നത്?'

എനിക്കിതെല്ലാം സ്വപ്നമാണെന്നറിയാമല്ലോ പിന്നെന്തിനാണിങ്ങനെ വിനീത വിധേയത്വം: 

ഗൗതം എന്റെ സുഹൃത്ത്. അശ്വിനും എന്റെ സുഹൃത്ത്. ഞങ്ങള്‍ക്കിടയില്‍ ജാതിയില്ലല്ലോ. ഒരു പാത്രത്തില്‍നിന്ന് കഴിക്കാറുണ്ട്, ഒരുമിച്ച് പഠിച്ചതാ. ഒരുമിച്ച് ഉറങ്ങീട്ടുണ്ട്.

എല്ലാം അറിയാം പക്ഷേ, ഒന്നുമറിയാത്തതുപോലെയാ പ്രവര്‍ത്തിച്ചുപോകുന്നത്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

പിന്നീട് നിശബ്ദതയായിരുന്നു, വായിച്ച് കൂട്ടിയ പുസ്തകങ്ങളില്‍നിന്നു കയറിക്കൂടിയ ചിന്തകളാണ് ഓരോരുത്തരുടേം അബോധത്തില്‍നിന്നു തികട്ടി വരുന്നതെന്നു വ്യക്തമായി. 

മനസ്സിലെ സങ്കല്പങ്ങള്‍ക്ക് നിറം വെയ്ക്കുന്നു, തൊടലും തീണ്ടലും അടിയാനും തമ്പ്രാനും കനലില്‍ പടരുന്നു, മനസ്സിന്റെ ചവറ്റുകൂനയിലെ പഴങ്കടലാസ്സിലത് തെളിയുന്നു.

ഇരുട്ടാ. ഇരുട്ടില് എല്ലാം പക്ഷേ, കാണാം, വെളിച്ചമില്ലെന്നേയുള്ളൂ...

പകലുപോലെയുള്ള ഇരുട്ട്. വീണ്ടും തിരച്ചില്‍ തുടങ്ങി.

പിന്നീട് ഓരോരുത്തരുടേം കയ്യിലേക്ക് ഓരോ കുറിപ്പുകള് കിട്ടി എന്റെ കയ്യില്‍ കിട്ടിയത്;
3 പ്രശ്‌നാരിയുടെ കൈപ്പടയാ.

1. ഏഴു കിണറ്റിലെ വെള്ളം 2. പശുക്കളുടെ ചാണകം 3. ഞണ്ട് 4. ഒരു തവള 5. പച്ചില പാമ്പ് 6. ബ്രാല്‍ മത്സ്യം 7. കുറെ അവില് 8. അടയപ്പം 9. നാളികേരം 10. പച്ചപ്പനയോല...

4 കണക്കുകള്‍ കൃത്യമാണ് പൂജകളും വെച്ചാരാധനയും കണിശത്തോടെ നടത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് അമ്മൂമ്മയുടെ പ്രേതം. ആ ബാധയകറ്റാനുള്ള വസ്തുവകകളാണ് പ്രശ്‌നാരിയുടെ കൈപ്പട ഗൗതം വായിച്ച് കൈമാറിയ മങ്ങിയ പത്രക്കടലാസില്‍.

5 ജാതിയില്‍ തൊട്ടടുത്തവരും വളരെ മാന്യന്മാരുമായ തീയ്യരെ നായന്മാരുടെ അടുത്ത് ചെല്ലാന്‍ അനുവദിക്കുകയില്ല. ചെന്നാല്‍ അവരെ വാളുകൊണ്ട് തുണ്ടമായി വെട്ടിയിടും എന്നുള്ള രീതിയില്‍ അത്രയ്ക്ക് ലക്കില്ലാത്തതാണ് ഇവിടത്തെ ജാതിയുടെ അഭിമാനം.

'ആഹാ' എന്നൊരു ശബ്ദത്തോടെ മറ്റൊരു പേപ്പറ് കയ്യിലേയ്ക്ക് വഴുതിവീണു അശ്വിന്‍ വായിച്ചതായിരുന്നത്. 
6 ശങ്കരന്‍ എന്ന പേരുള്ള യുവാവായ ഒരു പറയന്‍ അന്നു ഞങ്ങളുടെ കിഴക്കേ പറമ്പില്‍ പാര്‍ത്തിരുന്നു. അവിടുത്തെ കന്നുകാലിക്കാരനായ ഒരു ഈഴവനെ ചീത്ത പറഞ്ഞുവെന്ന് കന്നുകാലിക്കാരന്‍ അച്ഛന്റെയടുക്കല്‍ വന്നു പരാതി പറഞ്ഞു.

അച്ഛന്‍ ശങ്കരനെ കിഴക്കേ കളത്തില്‍ വരുത്തി നിര്‍ത്തി കന്നുകാലിക്കാരനുമായി കൂട്ടി ചോദിച്ചു. 

വിചാരണയുടെ ഫലം ശങ്കരന് അനുകൂലമായിരുന്നു. എങ്കിലും അച്ഛന്‍ കന്നുകാലിക്കാരനെക്കൊണ്ട് ശങ്കരനെ ഒരു കമുകില്‍ പിടിച്ചു കെട്ടിച്ചതിന്റെ ശേഷം കന്നുകാലിക്കാരനോട് അടുത്തുള്ള കാവില്‍നിന്നും ഒരു കുലഞ്ഞില്‍ വെട്ടിക്കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. 

ഇത്രയും വായിച്ചവസാനിപ്പിച്ച് ഞങ്ങള്‍ പരസ്പരം നോക്കിയതും ആരോ കൊണ്ടിട്ടതുപോലെ കുനുകുനാ എഴുതിയ പലവട്ടം മടക്കിയ ഒരു പേപ്പറ് കിട്ടി.

ആര്‍ക്ക് ആരെഴുതിയതാണെന്നറിയില്ല. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നത് വായിച്ചു, പഴയ ലിപിയാ, വെട്ടുതിരുത്തുകളൊന്നുമില്ല. 

എഴുത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. 

'...പുരപ്പുറത്തേക്ക് തുരുതുരാ കല്ലുകള്‍ വന്ന് വീഴുന്നു.

തിളച്ച ചോറിന് മേല് തീട്ടം.

നടവാതിലില്‍ വാഴത്തട, ശല്യം സഹിക്കാതായി, കഴിക്കാനും കിടക്കാനും പറ്റാതായി,

തെക്ക് ദിക്കില് ഒരു ദിവ്യനുണ്ടെന്ന് പറഞ്ഞത് മാര്‍ക്കം കൂടിയ മാപ്പിളയാ.

ആരെ കണ്ടാലും ചേര്‍ത്ത് നിര്‍ത്തും. ഒരുമിച്ച് ഭക്ഷണം കഴിക്കും.

വിദ്വാനാണോ ദിവ്യനാണോന്നറിയില്ല. സ്വാമിയെന്നാ എല്ലാവരും വിളിക്കുന്നത്.

ഈ ചാത്തനേറിനൊരു പരിഹാരം അദ്ദേഹം വിചാരിച്ചാലുണ്ടാകും. മാപ്പിള ഉപദേശിച്ചു.

മൂന്ന് നാളത്തെ യാത്രയുണ്ടായിരുന്നു.

ഇലച്ചോറുണ്ടും ക്ഷേത്രമുറ്റത്തു കേറാതെം കാട്ടുപൊന്തയിലും പാറമടകളിലും കിടന്നും വെട്ടുകല്ലു കുഴികളിലൊളിച്ചും പുലര്‍ച്ചയ്ക്ക് മുന്നെ ചന്ത കടന്നും ആളില്ലാ രാത്രികളില്‍ കടവ് നീന്തിയും വര്‍ക്കലയെത്തി. വീണ്ടും ഒന്നര മൈല്‍ നടന്ന് എത്തിയത് പന്നല്‍ച്ചെടി ഇരുകരകളിലും വളര്‍ന്ന് നില്‍ക്കുന്ന ആറ്റിന്‍ കരയില്, അതിനപ്പുറം വലിയ തുരപ്പ്. പാപനാശത്തുനിന്ന് വീശുന്ന കടല്‍ക്കാറ്റ്, തെങ്ങില്‍ തലപ്പുകളിലെല്ലാം കയറി മനം പോലെ കുതറിമറിയുന്നുണ്ട്.

താഴെത്തെ ഊറ്റില്‍നിന്ന് കാലും കയ്യും കഴുകി. തണുപ്പല്ല, ചൂടാ ഉറവയ്ക്ക്.

കഴുകീട്ടും കഴുകീട്ടും അഴുക്ക് പോണില്ല; തേച്ചും ഉരച്ചും മടുത്ത് തുരപ്പില്‍നിന്ന് വെട്ടുകല്ലിട വഴിയിലൂടെ തിരികെക്കയറി. തടയാനാരെങ്കിലും വരുമെന്ന് കരുതി, തിടുക്കപ്പെട്ട് കശുമാവിന്‍ പടര്‍പ്പില്‍ ഒതുങ്ങിയും മറഞ്ഞും മുന്നോട്ട് നടന്നു.

പല സസ്യലതാദികള്‍കൊണ്ട് ചുറ്റപ്പെട്ട കുന്നിന്‍ മുകളിലെത്തുമ്പോള്‍ ചുറ്റും ആളുണ്ട്, കാറ്റും ചുറ്റിപ്പറ്റി അവിടം വിടാതെ നില്‍ക്കുന്നു.

ആളൊഴിയാന്‍ കാത്തുനിന്നു, ആളൊഴിയുന്നില്ല... ഇടയില്‍ എപ്പഴോ അന്തേവാസികളിലൊരാള്‍ രണ്ടാളുകള്‍ വന്ന് സന്ദര്‍ശനം കാത്ത് നില്‍ക്കുന്നുവെന്നു പറഞ്ഞു. 

7 കാത്തുനില്‍ക്കുന്നതെന്തിന്? അവരെ കൂട്ടിക്കൊണ്ട് വരാമല്ലൊ എന്ന് സ്വാമി പറഞ്ഞു. 

സ്വാമി: 'എന്താ നമ്മെ കാണാന്‍ വന്നതായിരിക്കുമല്ലേ... കൊള്ളാം.'

'അല്ല സ്വാമീ ഒരു സങ്കടമുണര്‍ത്തിക്കാന്‍ വന്നതാണ്.'

സ്വാമി: 'നമ്മോടോ? സങ്കടമോ? എന്താണ് പറയാമല്ലോ?'

'വളരെ നാളായി അടിയത്തിന്റെ വീട്ടില്‍ കുട്ടിച്ചാത്തന്റെ ഉപദ്രവംകൊണ്ട് കിടക്കപ്പൊറുതിയില്ല സ്വാമീ, പലേ കര്‍മ്മങ്ങളും പ്രവര്‍ത്തിച്ചുനോക്കി, ഒരു മാറ്റവുമില്ല. സ്വാമി അടിയങ്ങളെ രക്ഷിക്കണം.'

സ്വാമി: 'ആരാണെന്നാ പറയുന്നത്? കുട്ടിച്ചാത്തനോ? കൊള്ളാമല്ലൊ... ആളിനെ നിങ്ങള്‍ കണ്ടുവോ?'

'കണ്ടു സ്വാമി; വളപ്പിന്റെ ഒരിരുണ്ട മൂലയ്ക്കല്‍ കരിക്കട്ടപോലെ നില്‍ക്കുന്നത്. അടിയങ്ങള്‍ കണ്ടു. എപ്പോഴും ഉപദ്രവമാണ്. ഇടതടവില്ലാതെ കല്ലെറിഞ്ഞ്‌കൊണ്ടിരിക്കും.'

സ്വാമി: 'അത് തരക്കേടില്ല ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെ അറിഞ്ഞു? നാം പറഞ്ഞാല്‍ കേള്‍ക്കുമോ?'

'ഉവ്വ് സ്വാമി, അവിടുന്ന് പറഞ്ഞാല്‍ കേള്‍ക്കും.'

സ്വാമി: 'ആവോ! കുട്ടി ചാത്തനും നാമും തമ്മില്‍ പരിചയമില്ല.'

ഇതു കേട്ടതും അവസാന പ്രതീക്ഷയറ്റതുപോലായി മുഖത്തെ മ്ലാനത കണ്ട്, 

സ്വാമി: 'ആട്ടെ, കുട്ടിച്ചാത്തന് നാമൊരു കത്ത് തന്നാല്‍ മതിയാകുമോ?'

'മതി.'

മുന്നിലിരുന്നു തന്നെ കത്ത് പറഞ്ഞുകൊടുത്തു:

ശ്രീകുട്ടിച്ചാത്തനറിവാന്‍,
ഈ കത്തുമായി വരുന്നവരുടെ വീട്ടില്‍ ഇനി മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്
എന്ന് നാരായണഗുരു
ഒപ്പ്. 

ആ കത്ത് വാങ്ങി തിരിച്ചു നടന്നു. കുട്ടിച്ചാത്തന്‍ വന്നാല്‍ കാണാന്‍ പാകത്തില് നടുപ്പുരയുടെ മുന്നിലെ പീഠത്തില്‍ തന്നെ കത്ത് വെച്ചു.

കത്ത് കണ്ടിട്ടാണോ? കത്ത് തന്ന സ്വാമിയെ പേടിച്ചിട്ടാണോ ഏറും ഉപദ്രവവും നിന്നു. 
കത്ത് കാണുമ്പൊ ഒരു ധൈര്യം.

കുട്ടിച്ചാത്തന്‍ പിന്നീടീ വഴി വന്നില്ല, കത്ത് കൊടുക്കാനും കഴിഞ്ഞില്ല;

വൈക്കത്തമ്പലത്തില്‍ കേറി തൊഴാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു കഴിഞ്ഞ് എല്ലാ അഷ്ടമിക്കും പോകും; അങ്ങനെ ഒരു അഷ്ടമി കൂടി ഉറക്കളച്ച് വന്ന ദിവസം രണ്ട് കണ്ണ് പൊട്ടന്മാര് വന്നു. ജന്മനാ അന്ധരല്ല, ഇല പച്ചയും വെയില്‍ തിളക്കോം അറിയാം. കണ്ണില്‍ ചുണ്ണാമ്പ് തേച്ച് കാഴ്ച കളഞ്ഞതാ, ആരാ കണ്ണില്‍ ചുണ്ണാമ്പ് തേച്ചതെന്ന് ചോദിച്ചപ്പൊ രണ്ടാളും ചിരിക്കുന്നു.

എന്തിനാ തേച്ചതെന്ന് ചോദിച്ചപ്പഴും ചിരി തന്നെ.

അന്ധന്മാര് ചിരിക്കുന്നത് കാണാനൊരു ചന്തമാ, എങ്ങോട്ടാ എത്തേണ്ടതെന്നറിയാത്ത ചിരി.

ഒരു കിണ്ടി വെള്ളം കൊടുത്തു.

അവരൊരുമിച്ചു കൈ കഴുകി ഭക്ഷണം കഴിച്ചു.

ഇറങ്ങാന്‍ നേരം അവരിലൊരാള്‍ ചോദിച്ചു:

'ഒരു കത്ത് ഇവിടെയുണ്ടല്ലോ. അതിനി ആവശ്യമില്ലാത്ത സ്ഥിതിക്ക് ഞങ്ങള്‍ക്ക് തന്നേക്കാമോ?'

'ഇവിടെ കത്തുണ്ടെന്ന് ആരാ പറഞ്ഞത്?'

അതിനും അവര്‍ മറുപടി പറഞ്ഞില്ല.

'അന്ധര്‍ക്ക് വായിക്കാന്‍ പറ്റില്ലല്ലോ? പിന്നെന്തിനാ കത്ത്?'

'ഞങ്ങള്‍ക്ക് കാഴ്ചയില്ലെങ്കിലും എല്ലാം കാണാം. നിങ്ങള്‍ക്ക് കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാന്‍ പറ്റുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം.'

'കണ്ണ് പൊട്ടന്മാര് ആളെ കളിയാക്കുകയാണോ'ന്ന് ചോദിച്ചപ്പൊ:

'ഗുരുവിന്റെ കത്ത് വായിച്ചിട്ടും നിങ്ങള്‍ക്കൊന്നും മനസ്സിലായില്ലല്ലോ'ന്ന് അവരും പറഞ്ഞു.

'അതിലെന്താണിത്ര മനസ്സിലാക്കാനുള്ളതെ'ന്ന് ചോദിച്ചതിന്:

'മനസ്സിലാക്കാനുള്ളത് മനസ്സിലാക്കാന്‍ മനസ്സില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ'യെന്നും പറഞ്ഞവര്‍ നടന്നു. പിന്നെയാ കത്ത് ഇവിടെ കാണാതായി. അവരല്ലാതെ വേറെയാര്‍ക്കും ആ കത്ത് വേണ്ടായിരുന്നതുകൊണ്ട് കണ്ണു പൊട്ടന്മാര്‍ കത്ത് കട്ടോണ്ടു പോയി എന്നു കരുതി. 

ആരായിരുന്നാ കാഴ്ചയില്ലാത്തവര്‍ എന്ന് പല ദിക്കിലും അന്വേഷിച്ചു.

'ആമചാടി തേവനും പാലക്കുഴ രാമന്‍ ഇളയതുമാണവരെന്ന് കുറെക്കഴിഞ്ഞാ പിടികിട്ടിയത്...'

കത്തിലെ അവസാന ഭാഗം വായിച്ചവസാനിപ്പിച്ചതും ഗൗതമും അശ്വിനും ആവേശത്തിലായി .

'ആമചാടി തേവനും പാലക്കുഴ രാമന്‍ ഇളയതും... അവരുടെ കയ്യിലാ കത്തുണ്ട്. അവരെ കണ്ടെത്തണം' ഗൗതം പറഞ്ഞു.

കാഴ്ചയില്ലാത്തവരായി അഭിനയിച്ച് വിലപ്പെട്ടയാ കത്ത് മോഷ്ടിച്ചവരെ എങ്ങനേം പിടികൂടണമെന്ന ചിന്തയിലായിരുന്നു ഞാന്‍.

ആള്‍ട്ടോ കാര്‍ അതിവേഗം മുന്നോട്ടെടുത്തു. കാട്ടപ്പയും ആഞ്ഞിലി തൈകളും ഞെരിഞ്ഞമര്‍ന്നു.

'നമുക്കവകാശപ്പെട്ടതാണാ കത്തെന്ന് പറയാനിപ്പോള്‍ നമ്മുടെ കയ്യിലീ തെളിവുണ്ടല്ലോ?'

'ആമചാടി തേവനും രാമന്‍ ഇളയതും ആരാണെന്ന് നമുക്ക് അന്വേഷിക്കണ്ടേ?'

'ആരായാല്‍ നമുക്കെന്താ?' 

'നമുക്ക് ശ്രീനാരായണഗുരു എഴുതിയ കത്ത് കിട്ടണം അതുകൊണ്ട് കിട്ടാവുന്നത്ര ബെനഫിറ്റുണ്ടാക്കണം, അതു ചിന്തിച്ചാമതി.'

ഇത്രയും പറഞ്ഞതും കാര്‍ ജംഗ്ഷനിലെ ഗുരുമന്ദിരത്തിന്റെ മുന്നില്‍നിന്നും തിരിഞ്ഞ് മുന്നോട്ട് പോയി. ചില്ലുകൂട്ടിലെ ഗുരുദേവ പ്രതിമയെ നോക്കി, ഞാനൊന്ന് തൊഴുതു, കത്ത് കിട്ടിയാല്‍ ഇതു പോലൊന്ന് വായനശാലയ്ക്ക് മുന്‍പില്‍ പണിയണമെന്ന് മനസ്സില്‍ തീരുമാനിച്ചെങ്കിലും ഞാനത് അശ്വിനോടും ഗൗതമിനോടും പറഞ്ഞില്ല.

ആമചാടി തേവനേയും രാമന്‍ ഇളയതിനേയും കുറിച്ചുള്ള അന്വേഷണം പലവഴിക്ക് നീണ്ടു. മുവാറ്റുപുഴയിലെ പാലക്കീഴ് എന്ന സ്ഥലത്തെ ജന്മിയായിരുന്ന ഇളയത്, ഭൂസ്വത്തുക്കളൊക്കെ ദാനം ചെയ്ത് തേക്കിന്‍കാട് മൈതാനത്ത് അനാഥനായി കിടന്നാണ് മരിച്ചതെന്നും തേവന്റെ അവസാനകാലം ആമചാടി തുരുത്തില്‍ ദുരിത പൂര്‍ണ്ണമായിരുന്നുവെന്നും അറിഞ്ഞെങ്കിലും അതൊന്നും ഞങ്ങള്‍ കാര്യമായിട്ടെടുത്തില്ല. ആ കത്ത് എന്ന നിധി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍. എല്ലാ അന്വേഷണങ്ങളും പരാജയപ്പെട്ടപ്പോഴാണ് അവസാന ശ്രമമെന്ന നിലയ്ക്ക് നായ്ക്കാരപ്പട്ടിയിലെ സിദ്ധനെ കാണാന്‍ പോയാലോ എന്ന ചിന്ത ഉണ്ടാകുന്നത്. അയാള്‍ക്ക് അറിയാന്‍ കഴിയും ഗുരു എഴുതിയ കത്തെവിടെയുണ്ടെന്ന്.

'നമുക്ക് കിട്ടുന്നതിലൊരു ശതമാനം മൂപ്പര്‍ക്കും കൊടുക്കാം; കാശ് കിട്ടിയാ കൂടെ നില്‍ക്കാത്തതാരാ?' ഗൗതം പറഞ്ഞു. 

ഞങ്ങള്‍ മൂന്നു പേരും വീണ്ടും നായ്ക്കാരപ്പട്ടിയില്‍ എത്തുമ്പോള്‍ രാത്രിയെത്തിയിരുന്നു; മുന്‍പ് വന്നിരുന്നതുകൊണ്ട് വഴി കണ്ടുപിടിക്കാനൊന്നും ബുദ്ധിമുട്ടുണ്ടായില്ല.

അന്നത്തേതുപോലെ തന്നെ ഇന്നും കടകള്‍ അടഞ്ഞ് കിടക്കുന്ന കവല. ചുരുണ്ടുകിടന്നുറങ്ങുന്ന നായകള്‍.
ആളുകളൊക്കെ വീടിനകത്ത്.

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളം വെച്ചിരിക്കുന്ന കല്‍ത്തൊട്ടി കടന്ന് ചെടി പടര്‍പ്പുകള്‍ക്കിടയിലൂടെ മുന്നോട്ട് ചെന്നു.

ഇരുട്ടിലാ മണ്‍കുടില്‍ കാണാനുണ്ട്.

അടപ്പില്ലാത്ത വാതില്‍പ്പടിയില്‍നിന്ന് അകത്തേക്ക് നോക്കി.

ആളനക്കമില്ല. ഒം ശാന്തി എന്നെഴുതിയ കണ്ണാടിക്ക് മുന്‍പില്‍ തിരി കത്തുന്നുണ്ട്.

ഞങ്ങള്‍ മൂന്നു പേരും മാറി മാറി വിളിച്ചു.

മറുപടിയൊന്നുമില്ല.

അകത്ത് ആരുമില്ലെന്ന് അറിഞ്ഞ് ഇനിയെന്ത് വേണമെന്ന ചിന്തയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, ആ കണ്ണാടിയില്‍ ഞങ്ങളുടെ പ്രതിബിംബം ഇല്ല.

മറ്റെല്ലാം കാണാന്‍ കഴിയുന്നുണ്ട്.

ഗൗതമിനോടും അശ്വിനോടും കണ്ണാടിയില്‍ നോക്കാന്‍ പറഞ്ഞു. അവര്‍ക്കും അവരെ കണ്ണാടിയില്‍ കാണാന്‍ കഴിയുന്നില്ല. എന്നാലോ കണ്ണാടിക്ക് മുന്നിലെ ബാക്കിയെല്ലാം കണ്ണാടിയില്‍ കാണാനും കഴിയുന്നുണ്ട്. അമ്പരപ്പോടെ പരസ്പരം നോക്കിയതും

'ഇതല്ലേ നിങ്ങള്‍ അന്വേഷിച്ച് നടന്ന കത്ത്?' എന്ന ചോദ്യം ഞങ്ങള്‍ക്കു പിന്നില്‍ നിന്നുണ്ടായി. 

തിരിഞ്ഞുനോക്കുമ്പോ നീട്ടിപ്പിടിച്ച കത്തുമായി വൃദ്ധന്‍ നില്‍ക്കുന്നു.

കത്ത് വാങ്ങി നിവര്‍ത്തി നോക്കി. പഴകിയ പേപ്പറില്‍ അക്ഷരങ്ങളെല്ലാം ഉണ്ടെങ്കിലും അവ വായിക്കാന്‍ കഴിയാതെ അക്ഷരമറിയാത്തവരെപ്പോലെയായി ഞങ്ങള്‍ മൂന്നു പേരും. 

കണ്ണാടിയില്‍ ഞങ്ങളില്ലാത്തതുപോലെ, ഞങ്ങളില്‍ അക്ഷരങ്ങളും ഇല്ലെന്ന് തിരിച്ചറിഞ്ഞതും ഇരുട്ടിലൂടെ തിരിച്ചു നടക്കാന്‍ തുടങ്ങി. കണ്ണാടിയില്‍നിന്നും പ്രതിഫലിക്കുന്ന തിരിയുടെ വെളിച്ചത്തില്‍ നല്ല സുഖമുള്ള നടപ്പായിരുന്നു അത്.

കുറിപ്പുകള്‍

1 ഒം ശാന്തി. ഓം ശാന്തി എന്ന് കണ്ണാടിയില്‍ രസം ചുരണ്ടി എഴുതാന്‍ ഗുരു ആവശ്യപ്പെട്ടെങ്കിലും എഴുതിയപ്പോള്‍ ഒം ശാന്തി എന്നായിപ്പോയി. അതും ശരിയാണെന്ന് പറഞ്ഞാണ് കളവങ്കോടം ക്ഷേത്രത്തില്‍ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്.

2 ശ്രീനാരായണഗുരുവിന്റെ വരികള്‍.

3 പ്രശ്‌നാരി  ബാധകൂടലുകള്‍ ഒഴിപ്പിക്കുന്ന പൂജാരി, ഡോക്ടര്‍ ഇ തേഴ്സ്റ്റണ്‍ രചിച്ച 'തെക്കേ ഇന്ത്യയുടെ ജാതി  വര്‍ഗ്ഗം' എന്ന ഗ്രന്ഥത്തില്‍നിന്നും.

4 ഈഴവരുടെ മതത്തെ സംബന്ധിച്ചും ജീവിതത്തെക്കുറിച്ചും റെ.എസ്. മറ്റിയര്‍ എഴുതിയ പുസ്തകത്തിലെ ഭൂതപ്രേതാരാധനയെക്കുറിച്ചുള്ള ഖണ്ഡികയില്‍നിന്നും.

5 ഇ.എഫ്. ബര്‍ട്ടന്‍ എഴുതിയ ലേഖനത്തില്‍നിന്നും.

6 ടി.കെ. മാധവന്‍  ജീവചരിത്രം. 

7 പി.കെ. ബാലകൃഷ്ണന്‍ രചിച്ച 'നാരായണഗുരു' എന്ന പുസ്തകത്തിലെ കുട്ടിച്ചാത്തനൊരു കത്ത് എന്ന ഭാഗത്തില്‍നിന്നും.

* ആമചാടി തേവന്‍, പാലക്കുഴ രാമന്‍ ഇളയത്. വൈക്കം സത്യാഗ്രഹ സമരത്തിലെ നായകര്‍. സവര്‍ണ്ണ മാടമ്പികള്‍ തേവന്റേയും ഇളയതിന്റേയും കണ്ണുകളില്‍ ചുണ്ണാമ്പ് കലക്കി ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി. ശ്രീനാരായണഗുരുവും ഗാന്ധിജിയും ഇവരെ ഇക്കാലത്ത് ബന്ധപ്പെട്ടിരുന്നു.