'അക്കരപ്പിഴ'- വി. ജയദേവ് എഴുതിയ കഥ

സോമ അണ്ണനാണ് കൊട്ടേഷന്‍ പിടിച്ചിരുന്നത്. ആരാണ്, എന്താണ് എന്നെല്ലാം അണ്ണനു മാത്രമേ അറിയാമായിരുന്നുള്ളൂ. ഒന്ന് പെടുത്തേത്തുംവച്ച് വീണ്ടും ഒറങ്ങിത്തൊടങ്ങിയപ്പഴാണ് വിളി വന്നത്
'അക്കരപ്പിഴ'- വി. ജയദേവ് എഴുതിയ കഥ

സോമ അണ്ണനാണ് കൊട്ടേഷന്‍ പിടിച്ചിരുന്നത്. ആരാണ്, എന്താണ് എന്നെല്ലാം അണ്ണനു മാത്രമേ അറിയാമായിരുന്നുള്ളൂ. ഒന്ന് പെടുത്തേത്തുംവച്ച് വീണ്ടും ഒറങ്ങിത്തൊടങ്ങിയപ്പഴാണ് വിളി വന്നത്. ഒരു വല്ലാത്ത കരച്ചില് തന്നാണ് അണ്ണന്‍ വിളിക്ക്മ്പഴ് എന്ന് തോന്നീട്ട്ണ്ട്. അത് ഞാന്‍ സെറ്റ് ചെയ്‌തൊന്നും വച്ചേല്ല. എന്നാലും അണ്ണന്‍ വിളിക്കുമ്പ മാത്രാണ്. അതിന് ഒരു വല്ലാത്ത കരച്ചില്. വാരിക്കെടേക്കൂടി മൂര്‍ച്ച കേറ്റുമ്പഴത്തിന്ള്ള കരച്ചിലിനോട് സെയിം.

പെടുത്തേത്തുംവച്ചു വന്ന് ഒറങ്ങിത്തൊടങ്ങുകാരുന്നു. രണ്ടു കയ്യും എല്ലാങ്കൂടി കാലിന്റെടേല്ക്ക് കേറ്ന്ന്ണ്ടായിരുന്നില്ല. എന്ത് പണ്ടാറാണ്, ഈ മുതുപ്പാതിരക്ക് എന്ന് വിചാരിച്ചിരിക്കുമ്പഴ് കൃത്യ സമയത്തന്നെ അണ്ണന്‍.

'നീയെന്നാടുക്കുവടാ, ആന്റപ്പാ...?' ഇതറിയാനാരുന്നോ ഈ മുതുപാതിരാക്ക്. 

'അണ്ണാ, എന്നാ എടുക്കുവാനാ. ഇവിടെ കാല്‌ന്റെടേലോട്ട് കൈരണ്ടും കേറിപ്പോന്നില്ലണ്ണാ.'

'നിന്റ ആ ആമത്തിരി കേറിപ്പെര്ത്താര്ക്ക്ം, കഴുവേറീ.' 

അണ്ണന്‍ നല്ല ഫോമിലെന്നു തോന്നി. അതെന്നാ അങ്ങനെയല്ലാത്തത് എന്നൂടി ഓര്‍ക്ക്മ്പഴാണ്. കഴുവേറീന്ന് വിളിച്ചെങ്കി അപ്പഴ് നല്ല സ്‌നേഹത്തിത്തന്നാന്ന് കൂട്ടിക്കോണം.

'ആന്റപ്പാ, നാളെ വെള്പ്പിനേ എണ്ണീച്ചിങ്ങു പോന്നോണം.'

'എന്നാ കോള് അണ്ണാ..?'

'ഉണ്ടെറാ കഴിവേറീ. ഒര് പൂമ്പാറ്റേ കൊല്ലാന്ണ്ട്.'

ഒരു പൂമ്പാറ്റയെപ്പോയിട്ട് ഒരു കൂരാന വരെ ഞാനിത് വരെ കൊന്നോക്കിയിട്ടില്ല. എന്നിട്ടാണ്. അണ്ണന് വേറെന്തോ കോളാണ്. അല്ലെങ്കില് ഇങ്ങനെ മുതുരാവിനൊന്നും ആന്റപ്പാന്ന് വിളിക്കില്ല. രണ്ടു കയ്യും കൂടി കാലിന്റെടേലേക്ക് കേറുന്നില്ലെന്ന എടങ്ങേറില്‍ കെടന്ന എന്നെയാണ് ഏതോ ഒര് പൂമ്പാറ്റേക്കൊല്ലാനായിറ്റ് ഇന്നേരത്ത്. എന്റെ നല്ല ഒറക്കം അങ്ങ് പോയ്. രണ്ടു കയ്യും കാലുകളും കൂടി ഒര് നടയ്ക്ക് പോകില്ലെന്ന് ഒറപ്പായപ്പം അത് വിട്ട്കളഞ്ഞ്. അണ്ണന്‍ പറഞ്ഞതുപോലെ ആമത്തിരി ഒന്ന് പെര്ത്തിറ്റ്ണ്ട്. അത് പെട്‌ത്തേച്ചുംവച്ച് വന്ന്‌കെടന്നെയ്‌ന്റെയാണ്. അല്ലാണ്ട്, എന്ത് പെര്ന്നാള്ണ്ടായിട്ടാണ്.

എന്നാലും ആ പൂമ്പാറ്റ ഇന്ന് കെടത്തിയൊറക്കില്ലാന്ന് തോന്നിപ്പിച്ചു. കണ്ണടക്കുമ്പോഴത്തേക്കിന് ഒരു പൂമ്പാറ്റ കണ്ണോക്കില്‍ പറന്നുകളിക്കുന്നുണ്ടായിരുന്നു. ഈ പൂമ്പാറ്റേന എങ്ങനാണ് കൊല്ലുക എന്നൊന്നും അറിയില്ലാര്ന്നു. ഓരോ ചെറകും മുറിച്ച്കളഞ്ഞേച്ചാണോ അല്ലേ. അതിന ശ്വാസം മുട്ടിച്ചാരിക്കും എള്പ്പം. അതൊക്കെ അണ്ണന് അറിയാമ്പാട്ള്ളതല്ലേ. എന്ന്ട്ടാണ്, എന്റട്ത്ത്. വെറുതേ പറഞ്ഞതാരിക്കുമോ. അണ്ണന്റെ ഒക്കച്ചങ്ങായികളായ പുല്ലന്‍ ഡൈനാമിറ്റിനോടോ ഷാഫ്റ്റ് പീങ്കിരിയോടോ പറയേണ്ടത് മാറിപ്പോയതാണോ എന്നും സംശയിച്ചു. 

അതാവില്ല. ആന്റപ്പാന്ന് തന്നല്ലോ വിളിച്ചത്. ആമത്തിരിട കാര്യം ഓര്‍ത്ത് പറയേം ചെയ്ത്. ഒരിക്കപ്പെട്ക്കാന്നിക്ക്മ്പളാണ് അണ്ണന്‍ അത് കാണ്ന്നത്. ഈ ആമത്തിരീം കൊണ്ട് നടന്നാ മതിയോ ആന്റപ്പാന്ന് അന്നേ ചോയ്ച്ച്. ഇപ്പം എടയ്ക്കിടെ ആമത്തിരീടെ കാര്യം പറയുവാ. ഇന്നാള് ഇരുട്ടുട്ത്തുംവന്ന സിക്‌സറ് സരസമ്മോടും പറേന്നത് കേട്ട്. ഏതായാലും രാവില എണ്ണീച്ച് പോയോക്കാം, ഇനിയതവാ, അണ്ണന്‍ ബിരിയാണി കൊടക്ക്ന്ന്‌ണ്ടെങ്കിലോ. ബിരിയാണീന്ന് കേട്ടപ്പം ഒള്ള ഒറക്കം കൂടി പോയിക്കിട്ടി. 
അതോണ്ട് എന്നാ പറ്റീന്നാ. കണ്ണുംമിഴിച്ച് നോക്കിയപ്പം നേരം ബാര്‍ സോപ്പിട്ടത്‌പോലെ നല്ലോണം വെള്ത്തങ്ങിരിക്കുന്നു. ഫോണില്‍ നോക്കിയപ്പഴ് അണ്ണന്റ രണ്ട് മിസ് കോളും. പിന്നെ കെടക്കപ്പായില് ഒര് നിമിഷം അമാന്തിച്ചില്ല.

ചെന്ന് നോക്ക്മ്പഴ്ണ്ട് ഡയിനാമിറ്റും പീങ്കിരിയും ഒരേ മുടിഞ്ഞ ആലോചനേലാണ്. അണ്ണന് എന്നാ പറ്റീന്ന് ചോയ്ച്ചപ്പഴ് രണ്ട്ം കൂടി എന്റ മേത്തോട്ട് ഒര് ചാട്ടം. 

'എവടപ്പോയിക്കെടക്കാര്ന്നടാ, ആന്റപ്പാ. അണ്ണന്‍ വിളിച്ച് തൊണ്ടേല് കപ്പല് കീറി.'

'അയിന് അണ്ണനേടപ്പോയി?'

'ആങ്. അണ്ണന്‍ പൂമ്പാറ്റേപ്പിടിക്കാമ്പോയി.'

'എന്നോട് വെരാമ്പറഞ്ഞിറ്റ്.'

'അയിന് നീയേത് മറ്റേടത്ത് പോയിക്കെടക്കേന്. കപ്പല് കീറിയ തൊണ്ണേമായിറ്റാ അണ്ണന്‍ പോയേക്ക്ന്ന്.' പീങ്കിരി കാറി.

'ഇന്ന് നിന്റെ ഫസ്റ്റ് നെയിറ്റാന്ന്.' ഡയിനാമിറ്റ് ഊത്ത ഒലിപ്പിച്ച് പറഞ്ഞ്.

'അയെന്നാ ഡയിനാ അങ്ങന പറഞ്ഞാല്?' 

'ഹും. ഒന്ന്മറിയാത്ത പയല്. എടാ, ഇന്നാന്ന് നീ ആദ്യായിറ്റ് ഒര് പൂമ്പാറ്റേക്കൊല്ലാമ്പോന്ന്.'

'അതെങ്ങനാന്ന് സത്തായിറ്റും അറിഞ്ഞൂടാത്തേന്ന്.'

'ഞങ്ങള് ഇക്കണ്ട നേരത്തറേം ആലോയിച്ചിറ്റ് ഡിസൈന്‍ ആക്കിട്ട്ണ്ട്. അണ്ണന്‍ വന്നാ, അയ് മാതിരി ചെയ്താമതി. നെന്‍ക്ക് മുട്ട് വെറ ഇണ്ടോടാന്റപ്പാ.'

അണ്ണന്‍ ബിരിയാണി കൊടുക്കുന്നുണ്ടോ എന്ന് അപ്പോഴും ഒറപ്പില്ലാര്ന്നു. പൂമ്പാറ്റേപ്പിടിക്കാമ്പോയ്‌ട്ടേയ്ള്ള്. എന്നാല്‍, അണ്ണന്‍ വരുന്നതുവരെള്ള സമയം എനിക്ക് പെരളീം വേവലാതീം ആര്ന്നു. ഡയിനായും പീങ്കിരിയും വീണ്ടും ആലോചനകളിലേക്കു തിരിച്ചുപോയിരിക്കുന്നു. ഓരോ കരിയില അനങ്ങുമ്പോഴേക്കും ഓര്‍ക്കും അണ്ണന്‍ തന്നെന്ന്. എന്നാല്‍ അല്ല. ഓരോ കൂലാന്‍ വിളി ഒയരുമ്പോഴ്ം ഓര്‍ക്കും അണ്ണനെത്തിക്കഴിഞ്ഞെന്ന്. എന്നിട്ടും അണ്ണനും വന്നില്ല. അണ്ണന്റെ ഫോണീന്നുള്ള അലറിക്കരച്ചിലും വന്നില്ല. 
 മനുഷനെ ആധിപിടിപ്പിക്കാന്‍ തന്നേണ്. അല്ലെങ്കില് ഇത് ഇന്നല പാതിരാക്ക് തന്നെ വിളിച്ച് പറയേണ്ടഇണ്ടാര്ന്ന. ഇന്ന് രാവില വരുമ്പോ, ആന്റപ്പാ ഇതിനക്കൊണ്ട് കല്ലെട്പ്പിക്ക്, ചെറക് മുറിച്ചെടക്ക്, അയ്‌നറ കവ്ത്ത് കണ്ടിക്ക് എന്നു പറഞ്ഞാപ്പോരാര്ന്ന. അണ്ണന്‍ പറഞ്ഞാ എന്ത്ം അന്‌സരിക്ക്ം. അണ്ണന്‍ പറയാത്തതേ കൊഴപ്പൂണ്ടാരുന്നുള്ളൂ. എന്നിട്ടാണ്, ആദി പിടിച്ച് മന്ഷന്റെ നല്ല ജീവനങ്ങ് തീരാമ്പോയാണ്.

'അണ്ണന്‍ വെര്‌ന്നേക്ക്ം മുപ്പട്ട് പൂമ്പാറ്റേന്റ സസ്‌പെന്‍സ് മാറ്റ്' എന്നു പല തവണ പറഞ്ഞിട്ട്ം ഡയിനക്കും പീങ്കിരിക്കും ഒര് കൂസലൂല്ലേര്ന്ന്. നീ പോടാ ആന്റപ്പാ എന്ന ഒരു സ്ഥിരം വഷള് ചിരിയായിരുന്നു ഡയിനക്ക്. പീങ്കിരി എന്തോ പറാന്‍ തൊടങ്ങീപ്പം ഡയിന കണ്ണ് കാണിച്ച് അത് വെലക്കി. എന്തിനാ കണ്ണ് കാണിച്ചേന്ന് ചോയ്‌ച്ചേന് ഡയിന എന്നോട് കാറി. 'കണ്ണല്ലാണ്ട് പിന്ന കണ്ണയെട്ത്ത് കാണിക്കാമ്പറ്റോടാ.'

'അണ്ണന്‍ വെര്ന്നവരേ എനക്ക് പെടാപെടാണ്ടെ ഇരിക്കാമ്പറ്റൂല. എന്താന്ന്ച്ചാ പറഞ്ഞ് തൊലക്ക്ണിണ്ടാ, പീങ്കിരി.'

'എന്നാ പറഞ്ഞൂടറാ. അല്ലെങ്ക്‌ല് ചെക്കഞ്ചെലപ്പ പൊട്ടിത്തെറിച്ചോവ്ം.'

'വളരെ സീക്രട്ടാണ്ട്ടാ. അണ്ണമ്പെര്മ്പ അറിഞ്ഞാവം നടിക്കര്ത്.' പീങ്കിരിക്ക് അപ്പോഴ്ം ചെറിയ പേടീണ്ടാര്ന്ന്. അണ്ണന്‍ ആള് വിചാരിക്ക്ന്ന പോലല്ല, എടഞ്ഞാല് തനി ഒറ്റയാന്‍ കൊമ്പനാണ്.

'എന്നാല്ം പറഞ്ഞോടാ. ഓനെത്തര നേരാന്ന് കാത്തിരിക്ക്ന്ന്.'

എന്നാലും അവരിരുവരും ഒരക്ഷരംപോലും പറയില്ലെന്നു തന്നെ അറിയാമായിരുന്നു. കാരണം അണ്ണന അത്ര പേടിയാര്ന്ന്. 

ഡയിന പറഞ്ഞു: 'എന്നാ ഞാമ്പറയാടേ.'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അണ്ണന്റെ മനസ്സാക്ഷിയുടെ കൊളുത്ത് ഡയിനയുടെ കയ്യിലാണ്. ഡയിന എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അണ്ണന്‍ അറിഞ്ഞിട്ടുതന്നെ. ചെറ്ക്കന ഒന്ന് കറക്കിയേച്ചുംവച്ച് പറഞ്ഞാ മതീന്നന്നെ അണ്ണന്‍ പറഞ്ഞിട്ട്ണ്ടാവ്ംന്ന് ആരിക്കാണറിയാത്തത്. എന്നിട്ട്ം കണ്ടത്, അവമ്മാരുടെ മറ്റേടത്തെ കളിയാണ്. 

'ആന്റപ്പാ, നീയറിയ്ം നമ്മട കുരുത്തോല ബേബിന്റ ചെക്കന്‍. എന്തോ കൊമ്പത്ത പണീംമറ്റ്ആണ്. ചെറ്ക്കന ഒര് ഒര്‌മ്പെട്ടോള് കേറിയങ്ങ് കൊള്ത്തി. ഓളേം നീയറിയ്ം. ആ കുറിക്ക് ചേര്‍ക്കാന്നടക്കണ. എന്താ പീങ്കിരി ഓളട പേര്. എന്താന്ന്, ആ പിടികിട്ടിപ്പോയി. കര്‍മീലി. അവളപ്പനപ്പൂപ്പമ്മാരായിറ്റ് ഇങ്ങട്ട് കൂടിയോരാണ്.'

'ഞാനറീം. കര്‍മീലി, ആ പാടത്തിന്റ കരേല...' ഞാന്‍ പറഞ്ഞു.

'അറിയാന്ന് മാത്രേ ഇള്ളല്ല്. പൊന്നോ. കേറി കണ്ണ്ം മറ്റ്ം കാണിച്ചില്ലല്ല. നെന്റെയൊക്ക പൊടിപ്രായത്തില് തോന്നണ ഓരോ ഏനക്കേടാണ്.'

അതിനു ഞാന്‍ മറുപടി പറഞ്ഞില്ല. ഞാന്‍ കര്‍മീലിയെ വിചാരിച്ച് നോക്കേര്ന്ന്. 

'നീയങ്ങനെ ഓള മനതാരില് ഓര്‍ക്കണ്ട. ഓളിപ്പങ്ങെത്ത്ം.'

എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. എന്നുവച്ചാല്‍, എന്താണ് അര്‍ത്ഥം എന്നു വിചാരിച്ചു. അപ്പോഴ് അണ്ണന്റ പൂമ്പാറ്റ? സംശയം ശരിതന്നെയാര്ന്നു.

'ഓളന്ന പൂമ്പാറ്റ. അയ്‌ന അണ്ണനിങ്ങ് പൊക്ക്ംന്ന് ഒറപ്പന്നെ. വീട്ടൊഴിഞ്ഞ് പോവിന്നോന്നും മറ്റും നേരത്തന്നെ ചോദ്യോം പറച്ചില്ം കുമ്പസാരോക്ക ഒണ്ടായതാ. എന്നാ പെണ്ണ് വാശിക്കന്നെ. അണ്ണന് വാശീഷ്ടല്ലാന്ന് അറിയാലാ.'

'ഇന്ന് നെന്റെ കന്നിച്ചെയ്ത്താണ്.' പീങ്കിരിക്ക് ആ പരിസരവര്‍ണ്ണന നന്നേ ഇഷ്ടപ്പെട്ടിര്ന്നു. 

'എന്നോച്ചാല്?'

'നീയാണ് അയിന തട്ടാമ്പോണേയ്. അല്ലായെന്ത്?'

 എനിക്കു ചെറിയ തോതിലല്ല, നല്ല പോലന്നെ പേടീം വെറിയും വെര്ന്നുണ്ടാര്ന്നു. ആദ്യായിറ്റ് അത് ചെയ്യ്മ്പഴത്തെ പ്രകാരോം പടുതീം അറിഞ്ഞിട്ട്ല്ല ഇതുവരെ. 

'ഞാഞ്ചെയ്യൂല്ല. എനക്ക് പറ്റൂല്ല മേത്ത് ചോരേം ഉളുത്തേം പെരളാനായിട്ട്.'

ഡയിനയും പീങ്കിരിയും വലിയ വായിലേ ചിരിച്ചാര്ന്നു. 

'എനിയെത്ര ഉളുത്തേം പുളുത്തേം പൊരളാന്ള്ളതാന്ന് ആന്റപ്പാ നിന്റ ആമത്തിരീല്ം മറ്റ്ം.'

അധികം കാത്തിരിക്കേണ്ടിവന്നില്ല. സോമ അണ്ണന്‍ വന്നാര്ന്നു. കൂടെ കര്‍മീലിമ്ണ്ട്.
 
'എടാ ആന്റപ്പാ.. പൂമ്പാറ്റ കൊള്ളാമോടാ?'

'ഈയ്‌ന കൊല്ലാമ്പോണേയ്ണാ?'

'വേണ്ടറാ ഇതൊന്ന്ം ഭൂമിക്ക് മേള്ള്.' അണ്ണന്‍ ഡയിനയെ നോക്കുന്നുണ്ടാര്ന്നു. ഡയിന കണ്ണു കാണിച്ചു. എല്ലം പറഞ്ഞിട്ട്ട്ട്‌ണ്ടെന്ന് തന്നെ. 

'എന്നാ പറേടാ, ഈ പൂമ്പാറ്റേ വെറ്‌തേ വിടാവോടാ. എന്തെങ്ക്‌ല്ം കൊടത്ത് സെറ്റിലാക്കാന്ന് പറഞ്ഞായേണ്. എന്നാ അത് പോര. എല്ലിമ്മപ്പിടിച്ചന്ന്. ആ കുരുത്തോല സൈമണ്ം ഒരേ പിടപ്പാണ്. പിന്നെ ബേബി എന്തോ ചെയ്യും. അയിനല്ലെ നമ്മളൊക്ക ഇവിട്ന്ന് പറഞ്ഞാര്ന്നു. എന്നാ ഓക്കെന്ന് ആ നാറി ബേബിം പറഞ്ഞ്. അവനൊക്ക അങ്ങ് പൊറത്തൂന്ന് വന്ന തുരുമ്പ്ം പിടിച്ചേച്ചാ ഇപ്പള്ം.'

'നമ്മക്കതിനെന്നാ ബേബിച്ചനോട് ഒര് കടപ്പാട്. പറഞ്ഞോര്മ്പ അയാളും വരത്തനല്ലായോ?'

'എന്നാല്ം ഇങ്ങോട്ട് കൂടീവരല്ല ആന്റപ്പാ.'

'അതൊക്ക ആരിക്കറയാനാണ്. ചൊറിഞ്ഞ് ചെല്ല്മ്പ എന്നാരിക്കും.' എനിക്ക് ആരുടേയും ഭാഗം പിടിക്കണമെന്നില്ലായിരുന്നു. രണ്ടു കേറി മൂത്ത് എല്ലേപ്പിടിച്ചേച്ചുംവച്ച് കഴിഞ്ഞിട്ട് പിന്ന മൂക്കേപ്പഞ്ഞി വെപ്പിച്ചിട്ട് എന്നാത്തിനാണ്.

'ഒന്നൂല്ലടാ കഴുവേറി. നമ്മക്ക് ഇത്തിരി പുത്തന്‍ തടയും. പിന്ന ഒര് പൂമ്പാറ്റേം.' പിന്നണിയില്‍ ഡയിനയുടേയും പീങ്കിരിയുടേയും അട്ടഹാസവും അശ്ലീലവും മൂത്തു. 

'എന്നാല്ം കൊട്ടേഷങ്കാരാണേല്ം അണ്ണാ നമ്മക്ക്ംല്ലേ നേര്ം നെറീം.'

'എനി നമ്മളായിറ്റ് അതൊന്ന്ം നോക്കീറ്റ് ഒര് കാര്യേല്ല. ആന്റപ്പാ... ഈ പൂമ്പാറ്റേട കാര്യാ ഞാനിന്നലപ്പറഞ്ഞേക്കണത്.'

'എന്നിട്ടന്ന ചെക്കന്‍ തൂറീം പെട്ത്തും തൊടേല് ഒലിപ്പിച്ച്ം നിക്ക്ന്ന്.' ഡയിനയ്ക്ക് എന്നക്കണ്ടപ്പോ മൊതല്ള്ള എനക്കേടാണിന്ന്. 

'ആന്റപ്പാ...' അണ്ണന്‍ വാത്സല്യത്തോടെ വിളിച്ചു. 'എടാ, നിന്റേം കന്നിച്ചെയ്ത്ത് ചെയ്‌തേച്ച് പൊട്ടിച്ചളയണ്ടേ. നിന്റ കയ്യൊന്ന് തെളിയിച്ച് തരാനാരിക്ക്ം എന്റടുത്ത് കൊണ്ടിട്ടേച്ചും പോയത്, നിന്റെ തള്ള.'

'എന്നേക്കൊണ്ടെങ്ങും മേല.' കര്‍മീലി കൈകാല്‍കെട്ടിലും മൂടിക്കെട്ടിയ വായിലും നിന്ന് എരിപിരി കൊള്ളുമ്പോഴത്തേക്കിന് എന്റെ കൈകാലുകള്‍ വിറച്ചു.

'എന്ന് പറഞ്ഞാ ഒക്ക്‌കേല, ആന്റപ്പാ. നീയ്ം നിന്റ കന്നി പൊട്ടിക്കണം. ചോരേന്റ കൊതീം മതീം മാറണം. കണ്ടറപ്പും തൊട്ടറപ്പും മാറണം. അല്ലാണ്ട് നീയിങ്ങനെ പച്ചക്കറി പോല ഈ ദുനിയാവിലെങ്ങന കയ്യും. 
പെട്ക്കാന്ം പിടിക്കാന്ം മാത്രല്ല നെന്റ ആമത്തിരി. അയിനക്കൊണ്ട് വേറേമ്പണീണ്ട്.'

'പറ്റൂല, പറ്റൂല.' ഞാന്‍ തീര്‍ത്തുപറഞ്ഞു. 

'ഇങ്ങന ഒര് പൂമ്പാറ്റേക്കണ്ടിട്ട്ം?' ഡയിന, പീങ്കിരി, അണ്ണന്‍ എന്നിവരുടെ അതിശയം സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. 

'എടാ, നീയിങ്ങനെ ആണ്ങ്ങളപ്പറയിപ്പിക്കല്ല്. നീ മുഴിവനായി പറ്റ്ല്ലാങ്കില് നീയൊന്ന് തൊടങ്ങിത്താടാ. ഇന്ന് നിന്റ കന്നിപൊട്ടീരാന്ന് ഞാനിവരോട് പറഞ്ഞേച്ചുംപോയി.'

ഞാന്‍ കര്‍മീലിയുടെ ദേഹത്ത് ഒന്നു തൊട്ടതേയുള്ളൂ. ആ ഉടലിന്റെ പെടച്ചിലും പൊള്ളിച്ചേം എനിക്ക് മനസ്സിലായിര്ന്നു. ഞാന്‍ തീയില്‍ നിന്നെന്നപോലെ കൈകള്‍ പിന്‍വലിച്ചു. വരാന്‍ പോകുന്ന കാര്യങ്ങളെന്തായിരിക്കുമെന്ന് ഊഹിച്ചു കണ്ണുകള്‍ മുറുക്കിയടക്കാന്‍ ശ്രമിച്ചു. 

'എന്നാ നീയൊന്ന് കാണ്എങ്കില്ം ചെയ്യടാ, ആന്റപ്പാ...' കര്‍മീലി വല്ലാതെ കുതറുന്നുണ്ടായിരുന്നു. ഞാന്‍ അവക്കടെ പിടച്ചില്‍ പിടിച്ചുനിര്‍ത്താമെന്നു വിചാരിച്ചു അവളുടെ ചുമലില്‍ കൈവെച്ചു. എന്നാല്‍, പെണ്ണിന്റ കുതറിച്ചേല് കൈ രണ്ടും നീണ്ട് അവക്കടെ കഴുത്തിലങ്ങ് കുരുങ്ങിപ്പോയി. അവക്കട നാവും കണ്ണും എല്ലാം തുറിച്ചാവന്നു.
 
'ആ മതി, ആന്റപ്പാ..നീ തൊടങ്ങിവച്ചല്ല്. ബാക്കി ഞാനായിക്കോളാം.'

ഞാന്‍ എന്തോ തുടങ്ങിവയ്ക്കുയായിരുന്നെന്ന് ഞെട്ടലോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഞാന്‍ അവളുടെ പെടച്ചില് മാറ്റാനായി ഒന്ന് തൊട്ടതേയ്ള്ളൂ എന്നായിരുന്നു എന്റെ വിചാരം.

'എടാ, ഡയിനാ, പീങ്കിരി.' അണ്ണന്‍ വിളിച്ചു.'ചെറ്ക്കന്‍ ചൊമലില് തൊട്ടപ്പത്തന്ന ദാണ്ടെ അവക്കടെ കാറ്റ് മൂക്കാലും പോയി കേട്ടാ. നല്ല കൈപ്പ്ണ്യണ്ട് ആന്റപ്പന്. ഓന്നാള നോക്കി കഴ്ത്തറക്ക്ം, ഡയിനേ.'

ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. ഞാനൊന്നു തൊട്ടതേയുള്ളൂ എന്നു പല പ്രാവശ്യം പറഞ്ഞു. ഓരോ തവണയും ഡയിനയും പീങ്കിരിയും മാറിമാറി ചിരിച്ചു. 

അണ്ണന്‍ പൊട്ടക്കൊളത്തില് അവക്കടെ മേത്ത് ചവിട്ടിനിന്ന് മൂന്നാല് പ്രാവശ്യം കവിള്‍കൊണ്ടു. കുറേ കുമിളകള് നെറഞ്ഞ് പൊങ്ങി. അധികം വൈകാതെ അവിടനിന്ന് തിരിക്കുമ്പോഴത്തേക്കിനും കര്‍മീലി കമ്‌ഴ്ന്ന് കെടന്ന് നീന്ത്‌കേര്ന്നു. വായില്‍ ബാക്കിയിരുന്ന വെള്ളം അണ്ണന്‍ കാട്ടിലേക്കു നീട്ടിത്തുപ്പി.

ഓരോ കൊട്ടേഷന്‍ തീരുമ്പോഴും ഓരോ നേര്‍ച്ചയ്ണ്ടായിര്ന്നു. ഡയിനയും പീങ്കിരിയും ഉത്സാഹക്കമ്മിറ്റിയായി നിറഞ്ഞുതുള്ളി എത്തിക്കഴിഞ്ഞിരുന്നു, ആദ്യത്തെ റൗണ്ട് കഴിഞ്ഞില്ല, വാറ്റിന്റെ മണം അവിടെ പൊങ്ങാത്ത ഇടമില്ലായിരുന്നു, രണ്ടെണ്ണം വായിലേക്ക് ഒറ്റ വലിക്കു കമഴ്ത്തി അണ്ണന്‍ പറഞ്ഞു.

'ആന്റപ്പന്റ തൊടക്കം ബെസ്റ്റേര്ന്നു. ബാക്കി കൊറച്ച് ശ്വാസോണ്ടായിര്‌ന്നോണ്ട് ചാടിച്ചത്താന്നേ പോസ്റ്റോര്‍ട്ടത്തില് വെര്ള്ള്. ആന്റപ്പാ, പറ. ഇതിന്റ ആദ്യത്തെയല്ല. നീ പണ്ടേ കന്നി പൊട്ടിച്ചിര്ന്ന്. പറ.'

'എന്താ അണ്ണമ്പറേന്ന്. ഞാനിന്ന്ം ചെയ്തില്ല, പണ്ടൂല്ല.'

'അത് കള.'

'അല്ല. നേര്.'

'അത് വിട്ടളാ. ഞാമ്പേറെ ഒന്ന് പറയാ. ന്ങ്ങളാര്ം ഇതേരെ ചെയ്തിട്ട്ണ്ടാവില്ല, അത് ബെറ്റ്.'

താന്‍ ചെയ്യാത്തതായും ലോകത്ത് ഒന്നുമില്ലെന്ന ഡയിനയുടേയും പീങ്കിരിയുടേയും വിശ്വാസത്തെ അട്ടിമറിക്കുന്നതായിരുന്നു അത്. അണ്ണന്‍ എന്തുപറഞ്ഞാലും അതു തങ്ങള്‍ ചെയ്തിട്ടുണ്ടെന്നു തര്‍ക്കിക്കാന്‍ ഇരുവരും അപ്പോഴേക്കും തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

അണ്ണന്‍ വെടിപൊട്ടിക്കുന്നതുപോലെ ചോദിച്ചു. 'മൊലപ്പാലൊയ്ച്ച് വാറ്റടിച്ചിണ്ടറാ. ഞാമ്പലോട്ടം ചെയ്യിറ്റ്ണ്ട്.'
ആ ചോദ്യം ഡയിനയ്ക്കും പീങ്കിരിക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു. എന്തും ചെയ്തിട്ടുണ്ട് എന്നു തര്‍ക്കിക്കാനിര്ന്നവര്ക്ക് അതുവരെ കുടിച്ചേത്രയും ആവിയായി പോയിരുന്നു.

'പറയടാ കഴുവേറിയളേ. മൊലപ്പാലൊയ്ച്ചിറ്റ് കയ്ച്ചിറ്റ്‌ണ്ടോന്?'

എല്ലാവരുടേയും മിണ്ടാട്ടം മുട്ടി. ജീവിതത്തില്‍ അങ്ങനെ സാഹസത്തിനൊന്നും അവസരം കിട്ടാതിരുന്ന ഞാനാണ് ആദ്യം ഞാനില്ല എന്ന് അവകാശപ്പെട്ടത്. അതു തന്നെ ഒട്ടൊക്ക ചളിപ്പോടെ ഡയിനയും പീങ്കിരിയും സമ്മതിച്ചു. സമ്മതിക്കേണ്ടിവന്നു. അണ്ണന്റട്ത്ത് അവര്ട മറിമായം നടക്കത്തില്ല. അങ്ങനെ പറയേണ്ടിവന്നതിലെ ഞെട്ടലിലായിരുന്നു അവര്‍.

'എന്നാ മുണ്ങ്ങാണ്ടെ തേടിപ്പിടിച്ചോണ്ട് വാടാ മൊലപ്പാല്.'

'അതിപ്പ എവടക്കിട്ടാനാണ്?' ഡയിനയ്ക്ക് മാത്രമേ ഇത്തരം ദശാസന്ധികളില്‍ അണ്ണനോട് അങ്ങനൊക്ക ചോയ്ക്കാന്ള്ള എരട്ടച്ചങ്ക്. 

'അതറിയാമ്പാടില്ലേടാ, മൈക്കുണാ ഇതേരെ?'

'അറിയാമ്മേ.'

'എന്നാത്തരക്കിക്കൊണ്ടാടാ. ആന്റപ്പന്ം ചെല്ല്. ഇന്നോതല് നീയ്ം മുയിര്‍ന്ന ആളന്നെ. ആര്ംഇനി ചെക്കന്‍ന്ന് വിളിക്കറ്.'

മൂന്നാളും മൂന്നുവഴിക്കു പിരിഞ്ഞപ്പോഴും അണ്ണന്‍ അടുത്ത കുപ്പിയുടെ കഴുത്തില്‍ ഇറുക്കിപ്പിടിച്ചു. അതു കണ്ടോണ്ടാണ് ഞാനെറങ്ങുന്നത്. എവിടെപ്പോയാലാണ് മുലപ്പാല്‍ കിട്ടുകയെന്നൊന്നും എന്റെ ബുദ്ധീല് അപ്പഴ് തോന്നിച്ചില്ല. ഒന്നും തോന്നിച്ചില്ല. കര്‍മിലിയുടെ കമ്‌ഴ്ന്ന് കെടന്ന്ള്ള ആ നിന്തലന്നാണ് എന്റെ മനസിലപ്പോഴും. അതിനു കാരണക്കാരന്‍ ഞാനാണെന്ന് അണ്ണന്‍ പറേന്ന്‌ണ്ടെങ്കിലും അതെന്ന ഒന്ന് ജോറാക്കാന്‍ വേണ്ടിയായിരുന്നൂന്ന് എനക്കല്ലാതെ വേറെ ആരിക്ക് അറിയാനാണ്. എന്നാല്ം എനീം നോക്കീങ്കണ്ട്ം നിക്കണംന്ന് എനിക്ക് തോന്നിപ്പോയിരുന്നു. 

കാടിനപ്പുറം ആദ്യം കണ്ട ഒന്നുരണ്ടു വീടുകള്‍ കടന്നും ഞാന്‍ പോയി. എനിക്ക് എങ്ങോട്ട് പോണംന്ന് അറിയാമ്മേലാര്ന്നു. പത്തു വീടെങ്കില്ം തെണ്ടിയെന്ന് അണ്ണനോട് പറയണമെന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില് കണ്ണ് തൊറന്നാലും അടച്ചാല്ംമൊക്ക ആ കര്‍മീലി കെടന്ന് നീന്ത്കന്നെ. ആരോട് പറയാനാണ്. അണ്ണന്റ കൂട വന്ന് പെട്ടേപ്പിന്നാണ് കുടിക്കാന്ം പെട്ക്കാന്ം വഴീണ്ടായിത്. അതും മറക്കാമ്പറ്റ്ന്നില്ല.

കാടിന്റെ പള്ളേല് ഒളിച്ചിര്ക്ക്ന്നപോലെ ഒര് വീട്ടിലേക്കു കയറി. ആര്മില്ലെന്നു വച്ചേച്ച് തിരിച്ചെറങ്ങ്മ്പഴാണ് അകത്ത്ന്ന് ഒര് ഒച്ചേം പെടച്ച്‌ല്ം. 

ഒരു തല പുറത്തേക്ക് വീടു നീട്ടിപ്പിട്ച്ചു.

'ആരേയ്ണ്?'

'ഒന്നൂല്ല. കൊറച്ച് വെള്ളംദാഹം തോന്നീര്ന്ന്.'

'ഒര് കെണറ് വെള്ളം മത്യാവോ?' അകത്തു തമാശക്കാരിയാണെന്നു തോന്നിച്ചു.
'അത്തരയൊന്ന്ം വേണ്ട.'

'എന്നാപ്പാളേംങ്കയറൂണ്ട്. കോരാനറിയോ?'

ഞാന്‍ അതിനു മറുപടി പറയാതെ പാള കിണറ്റിലിറക്കി വെള്ളം കോരി. ഒന്നോ രണ്ടോ പാള കുടിക്കാന്‍ തോന്നുന്നത്രയും ദാഹമുണ്ടായിരുന്നു എന്ന് നേരത്തേ തോന്നിയിരുന്നില്ല. പാളയിലെ വെള്ളത്തില്ം കര്‍മീലി നീന്ത്ന്നത്‌പോല തോന്നിയാര്ന്നു.

'വെള്ളംങ്കുടി മാത്തരല്ല. അവത്ത് എന്തോ ഇണ്ടല്ല്.'

'എന്തുണ്ടാവാനാണ്?'

'എന്തോ മനോവ്യാപാരണ്ട്. സംശല്ല?'

'അതെ ഇണ്ട്.' എനിക്കു തുറന്നുപറയാതിരിക്കാന്‍ പറ്റാത്ത അവസ്ഥാര്ന്നു.

ഞാന്‍ പിന്നെ തുറന്നങ്ങ് പറകേര്ന്ന്. 'കൊറച്ച് മൊലപ്പാല് തേടി വന്നേക്കണാണ്.'

'മൊലപ്പാലോ പുലിപ്പാലോ?'


'മൊലപ്പാലന്നെ.'

'എന്നാത്തിനാണ്?'

'എന്നാത്തിനാന്ന് അറീലാ.'

'അറിയാം. പക്ഷങ്കില് പാര്‍സല് തന്ന് വിടാമ്മാത്തരം ഇല്ല. കുഞ്ഞിക്ക് കുടിക്കാമ്പെച്ചതില് കൊറച്ച് ബാക്കീണ്ട്.'

'അയിന് കുഞ്ഞ് എവിടേര്ക്ക്ന്ന്?'

'അതൊക്കണ്ട്. ഈട്ന്ന് കുടിച്ചിറ്റ് പോവാണെങ്ക്‌ല് ഒന്നോ രണ്ടോ കവിള് കുടിച്ചേച്ചുംവച്ചുംപോ.'

അതിനായിരുന്നില്ല വന്നത്. അവിടെ അണ്ണന്‍ കാത്തിരിക്കുക തന്നെയാണ്. ഈ കൂട്ടിന്റെ വിശുദ്ധപാപം അറിയാനായി ഡയിനയും പീങ്കിരിയും ഇപ്പോള്‍ ഏതു വഴി താണ്ടുകയാണോന്ന് ഒര് നിശ്ചോമില്ലാര്ന്നു. 
'നാണിക്കാണ്ട്, കേറി വാ പയ്യനേ. വന്ന കാര്യം നടക്കട്ട്.'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

വീട്ടുകാരി കോലായിരുന്നുതന്നെ ബ്ലൗസിന്റെ കുടുക്കുകള്‍ അഴിച്ചു. ഒരു മുലയിലേക്ക് എന്റെ മുഖം പിടിച്ചു പൂഴ്ത്തി. ഞാനെന്നെങ്കിലും ഒരു മുലയെങ്കിലും നേരിട്ടു കുടിച്ച ഒരു ഓര്‍മ്മ എനിക്കുണ്ടായിരുന്നില്ല. ഞാനൊരു കുഞ്ഞിനെപ്പോലെ കിടന്നു. ഓരോ വിരലില്‍ ഓരോ കുത്തിക്കുറിക്കലുകള്‍ മാറത്തു നടത്തി.

വീട്ടുകാരി പറയുന്നത് അതിനിടയിലെപ്പോഴോ കേട്ടു. 'ഒര് കുഞ്ഞുണ്ടാര്ന്ന്. പൂമ്പാറ്റ. ഒത്തരി വളര്‍ന്നേന്ം ശേഷവും കുടിക്കാര്ന്ന്. അപ്പ നീ കെട്ടിപ്പേറിക്കൊണ്ടോവ്മ്പഴോന്ന് ചോയിക്ക്ം. അപ്പ അമ്മേങ്കൊണ്ട് പോവുംന്ന് പറയ്ം. ഇപ്പ വെര്ം. പൂവായ പൂവിലൊക്ക തേന്ം മണത്ത് തുള്ളിച്ചാടിക്കൊണ്ട്. ഈയിട കൊറച്ച് പത്രാസാന്ന്. ഏതോ ചെക്കമ്മാര് പൊന്നോലെ നോക്കാന്ന് പറഞ്ഞിറ്റ്ണ്ട്. പറയാന്‍ വരട്ട് എന്നാണ് പറഞ്ഞേക്കണത്. സത്യത്തീ ഓള്‌ണ്ടോണ്ടാണ് ഈട തീപ്പൊകയ്ന്ന്. ഓള് കുറിക്ക് ചേര്‍ക്കാന്നടക്കന്നോണ്ട്. ഓക്ക് കുടിക്കാമ്പേണ്ടീറ്റാണ്ന്റ മൊല ഒരിക്കല്ം വറ്റാത്തത്.'

ഒരു തുള്ളി മുലപ്പാല് എന്റെ നെറ്റിമ്മൂര്‍ധാവില് വന്നു വീണാര്ന്നു അപ്പഴ്. തലയിലേക്കു വെള്ളിടി പൊട്ടിയ കണക്ക്, ഞാന്‍ പച്ചയായ് നിന്നു കത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com