ഇലവീഴാപൂഞ്ചിറ - നിധീഷ് ജി എഴുതിയ കഥ

ചിത്രീകരണം : സചീന്ദ്രന്‍ കാറടുക്ക
ചിത്രീകരണം : സചീന്ദ്രന്‍ കാറടുക്ക


    
  1
പഴവും കൂട്ടി പുട്ടു വിഴുങ്ങി, വര്‍ത്തമാനവും പറഞ്ഞിരുന്നിട്ട് പാത്രമൊന്ന് കഴുകിയെടുക്കുന്ന പാടാണ് പാട്. മഴക്കാലമായതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കില്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള ചോലയില്‍നിന്നും ഇരുപത് ലിറ്റര്‍ കന്നാസില്‍ ചുമന്നുകയറ്റുന്ന വെള്ളം കൊണ്ടുവേണം പാത്രം കഴുകലും പാചകവുമെല്ലാം. ആള്‍പ്പൊക്കം തിങ്ങിനിറഞ്ഞ ഈന്തുകള്‍ക്കിടയിലേക്ക് ചെറുകുപ്പി വെള്ളവുമായി കയറിയിരുന്നാല്‍ രാവിലത്തെ ഒരു വലിയ പ്രയാസം എളുപ്പത്തിലൊഴിയും. കുളി എന്ന ആചാരം നിരോധിച്ചിരിക്കുന്നതുകൊണ്ട് ആ ബുദ്ധിമുട്ടുമില്ല. പാത്രത്തില്‍ പറ്റിപ്പിടിച്ച പുട്ടിന്റെ തരികള്‍ ഞാന്‍ നനവിലൂടെ നഖംചേര്‍ത്ത് ചുരണ്ടിയടര്‍ത്തി. താഴെ, മായാപുരിയില്‍നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് കുത്തനെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു നാടപോലെ ചെറുകുന്നുകളെ ചുറ്റി വളഞ്ഞുപുളഞ്ഞു കിടക്കുന്നത് കാണാം. അതിലൂടെ ഒരു ബൈക്ക് ഒന്നാം ഗിയറില്‍ ഇരമ്പിയിരമ്പി കയറുന്നുണ്ട്. ഒരു കല്ലില്‍നിന്നും മറ്റൊരു കല്ലിലേക്ക് നൂറ് സിസി ബൈക്കിന്റെ ടയര്‍ പൊക്കിവെച്ച് ചാടിച്ചാടി വരുന്ന കളി റിപ്പീറ്ററിലെ ഡ്യൂട്ടിക്കാര്‍ക്ക് മാത്രമേ പറ്റൂ. കടുക്കനിട്ട കട്ട ഓഫ് റോഡ് റൈഡര്‍മാര്‍ വരെ മുട്ടുകുത്തിപ്പോകും.
''റോണിയേ, ദേ ചെയ്ഞ്ചുകാരന്‍ കേറിവരുന്നുണ്ട്. നീ വേഗമിറങ്ങാന്‍ നോക്ക്!'' ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള റോണി പ്രാതലൊക്കെ കഴിച്ച് നേരത്തേതന്നെ വേഷംമാറി ഇരിക്കുകയായിരുന്നു. സെന്‍ട്രി റിലീഫ് ബുക്ക് എഴുതി മുഴുമിപ്പിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്ന അവന്‍ റിപ്പീറ്റര്‍ ഷെഡ്ഡില്‍ നിന്നുമിറങ്ങി എനിക്കരികില്‍ വന്നുനിന്ന് താഴേക്ക് കണ്ണുകളെറിഞ്ഞു. മെല്ലെ കയറിവന്നുകൊണ്ടിരുന്ന ബൈക്ക് ഇപ്പോള്‍ അനക്കമറ്റതുപോലെയുണ്ട്. ശബ്ദമൊന്നും കേള്‍ക്കാനില്ല.
''പണിയായെന്ന് തോന്നുന്നല്ലോ സാറേ! വണ്ടി നിന്നല്ലോ. ജിത്തു ആദ്യമായിട്ടാ ഇവിടെ കേറുന്നേ. ആള് ഈ നാട്ടുകാരന്‍ തന്നെയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇതുപോലൊരു വഴി ഇവിടെ വേറെയുണ്ടോ? ഇനി ബൈക്കിന് വല്ല കേടും പറ്റിയാവോ? എത്രമണിക്ക് പോകാന്‍ പറ്റുമെന്റെ കര്‍ത്താവേ? ആശുപത്രിയിലിന്ന് മുടിഞ്ഞ തിരക്കുമായിരിക്കും!'' റോണി തലയില്‍ കൈവെച്ചു. 
''ഓ, നീയെന്നാത്തിനാ ടെന്‍ഷനടിക്കുന്നേ. അവനൊരു പൊലീസുകാരനല്ലേ? കേറിയിങ്ങ് പോന്നോളും. നീയിറങ്ങിക്കോന്നേ, ആളുവരുമെന്നുറപ്പായല്ലോ.''
''ഏയ് അതുവേണ്ട. അവനിവിടെ ഒന്നേന്ന് കേറുവല്ലേ. എല്ലാമൊന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിട്ട് പോയില്ലേല്‍ ശരിയാവത്തില്ല. ജിത്തു കേറിവന്നിട്ടേ ഞാനിറങ്ങുന്നുള്ളു.''
റോണി അത് പറഞ്ഞു തീര്‍ന്നയുടന്‍ ബൈക്ക് വീണ്ടും ഇരമ്പുന്നത് കേള്‍ക്കായി. ജിത്തു കയറ്റം പുനരാരംഭിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് അവന് സമാധാനമായത്. എട്ടാം മാസമെത്തി നില്‍ക്കുന്ന ഭാര്യയെ ഇന്ന് ചെക്കപ്പിന് കൊണ്ടുപോകേണ്ട ദിവസമാണ്. അതാണ് അവനിങ്ങനെ വെപ്രാളപ്പെട്ടുകൊണ്ടിരിക്കുന്നത്. ആ നേരം പിങ്കി, എന്റെ കാലുകളിലേക്ക് ചേര്‍ന്നുവന്ന് പഞ്ഞിപോലെ വെളുത്തുമിനുത്ത ദേഹമിട്ടുരസി. രണ്ടു കുഞ്ഞുങ്ങളും അവള്‍ക്കൊപ്പമുണ്ടായിരുന്നു. ഞാന്‍ താഴേക്കിരുന്ന് അവളുടെ നെറുകയില്‍ മെല്ലെ തലോടി. 
ഒരു ലാബിന്റെ ഒത്ത ലക്ഷണങ്ങളുണ്ടെങ്കിലും സങ്കരയിനമാണ് പിങ്കി. എങ്ങനെയോ പൂഞ്ചിറയില്‍ എത്തിപ്പെട്ടതാണ്. അടിവാരത്തുള്ള കുടിലുകള്‍തോറും ചിലപ്പോഴൊക്കെ അവള്‍ക്ക് ഒരു രാത്രിസഞ്ചാരമുണ്ട്. അങ്ങനെ അടുത്തിടെ ആറു കുഞ്ഞുങ്ങളെ പെറ്റിട്ടു. ഇപ്പോള്‍ രണ്ട് പെണ്‍കിടാങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. മറ്റുള്ളവ പരുന്തുകള്‍ക്ക് തീറ്റയായിട്ടുണ്ടാകും. ഇലവീഴാപൂഞ്ചിറ വയര്‍ലെസ് റിപ്പീറ്റര്‍ സ്റ്റേഷനിലെ കാവല്‍ജോലിക്കും സാധനസാമഗ്രികളുടെ സംരക്ഷണച്ചുമതലയ്ക്കും നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ക്ക് ഒരു വലിയ പിന്‍ബലമാണ് പിങ്കി. അവള്‍ സ്വയം നിശ്ചയിച്ചിട്ടുള്ള ഒരു നിയന്ത്രണരേഖയ്ക്കിപ്പുറം അപരിചിതര്‍ ആരു കടന്നുവന്നാലും ഒരു പ്രത്യേക രീതിയില്‍ കുരച്ച് സിഗ്‌നല്‍ തരും. പക്കാ അലര്‍ട്ടായ കാവല്‍ക്കാരി.
അവധിദിവസങ്ങളില്‍ ടൂറിസ്റ്റുകള്‍ ഒരുപാടുണ്ടാകും. താഴെ മായാപുരിയില്‍നിന്നും കാഞ്ഞാര്‍ ഭാഗത്തുനിന്നും ജീപ്പ് സര്‍വ്വീസുകള്‍ ഉണ്ട്. കോളേജ് പിള്ളേര്‍ ഒറ്റയ്ക്കും ഇരട്ടയ്ക്കുമൊക്കെയായി ബൈക്കുകളില്‍ താഴെവരെ വന്നിട്ട് പിന്നെ നടന്നുകയറും. പ്രണയികളുടെ പുല്‍മേടാണ് പൂഞ്ചിറ. റിപ്പീറ്റര്‍ ഷെഡ്ഡിന് തൊട്ടു മുകളിലുള്ള പാറപ്പുറത്ത് കയറിനിന്നാല്‍ മഞ്ഞുപാളികള്‍ക്കു താഴെ മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും തൊടുപുഴ ടൗണും ദൂരെ മൂലമറ്റം പവര്‍സ്റ്റേഷനുമൊക്കെ കാണാം. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ രാത്രികാലങ്ങളില്‍ നെടുമ്പാശ്ശേരിയില്‍നിന്നും വിമാനം പറന്നുയരുന്നതും ദൃശ്യമാകും. മേഘങ്ങള്‍ ചിലപ്പോള്‍ പരവതാനികളായി കയ്യെത്തും ദൂരത്ത് വന്നുനിന്ന് പ്രലോഭിപ്പിക്കും. ഒറ്റച്ചാട്ടത്തിന് അവയിലൊന്നിന്റെ പുറത്തുകയറി ആകാശം ചുറ്റി വരാന്‍ തോന്നും. പിങ്കിയുടെ പാല്‍ നിറഞ്ഞുതുളുമ്പുന്ന മുലകളിലേക്ക് കുഞ്ഞുങ്ങള്‍ എത്തിപ്പിടിക്കുന്നത് കണ്ടുകൊണ്ട് റോണിയോടൊപ്പം ഞാന്‍ ഷെഡ്ഡിലേക്ക് കയറി.
ടൗണിനടുത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ ഒരു യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ഇപ്പോള്‍ വയര്‍ലെസ് സെറ്റ് നിറയെ. ടൈഗറിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ തുടരെ മുഴങ്ങുന്നുണ്ട്. ജില്ലാ പൊലീസിന്റെ സകലമാന വയര്‍ലെസ് വിനിമയസിഗ്‌നലുകളുടേയും നിയന്ത്രണം സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തിയഞ്ഞൂറോളം അടി ഉയരമുള്ള കുന്നിന്‍മുകളിലെ ഈ ചെറിയ ഷെഡ്ഡില്‍നിന്നുമാണ്. പൊലീസ് ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എനിക്കാണ് ഇന്നലെത്തുടങ്ങി മൂന്നു ദിവസത്തേക്ക് ഇതിന്റെ സാങ്കേതികച്ചുമതല. മൂന്നുദിവസം കൂടുമ്പോള്‍ ഡ്യൂട്ടിമാറും. ഇടുങ്ങിയ ഒറ്റമുറിയില്‍ മൂന്ന് റിപ്പീറ്റുകള്‍, ബാറ്ററികള്‍, ജനറേറ്റര്‍, രണ്ട് കട്ടിലുകള്‍, ഒരു മേശ, പാചകത്തിനുള്ള സാമഗ്രികള്‍ എന്നിവ തിങ്ങിനിറഞ്ഞു കിടക്കുകയാണ്. പുല്ല് വെട്ടാനുള്ള വാളും കത്രികയും മണ്‍വെട്ടിയുമുണ്ട്. ഗാര്‍ഡുകളുടെ വകയായ രണ്ട് റൈഫിളുകള്‍ ഈര്‍പ്പമടിക്കാത്തവിധം തുണിയില്‍ പൊതിഞ്ഞ് ഒരു മൂലയ്ക്ക് ചാരിവെച്ചിരിക്കുന്നു. ഷെഡ്ഡിന് പുറത്ത് അഞ്ച് വിരലുകളും നിവര്‍ത്തി ആകാശത്തെ തൊടാന്‍ വെമ്പുന്ന കരങ്ങള്‍പോലെ നാല് ഏരിയലുകള്‍ കുന്നിന്റെ പല ഭാഗങ്ങളിലായി നില്‍പ്പുണ്ട്. അവയാണ് ശബ്ദസിഗ്‌നലുകളെ ആഗിരണം ചെയ്ത് വിവര്‍ത്തനത്തിനായി ഏതുനേരവും റിപ്പീറ്ററിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമുയരത്തിലേക്ക് നീണ്ടുനിന്ന മിന്നല്‍ രക്ഷാചാലകത്തിന്റെ അഗ്രത്തില്‍ സൂര്യന്‍ ആ നേരം വെള്ളിനിറത്തില്‍ തിളങ്ങി.


    
2
ഹെല്‍മെറ്റെടുത്ത് ജിത്തു ഒരു വിളറിയ ചിരിയുതിര്‍ത്തു.  അവനാകെ വിയര്‍ത്തുകുളിച്ചിരുന്നു. ചുമലിലൂടെ ഇടാവുന്ന വലിയ ബാഗ് ഭാരം കൊണ്ട് പിന്നിലേക്ക് വലിഞ്ഞുനിന്നു. ബൈക്കിന്റെ സൈഡ് ഹാന്‍ഡിലില്‍ തൂക്കിയിട്ടിരുന്ന ബിഗ്ഷോപ്പര്‍ ഇടയ്ക്ക് പൊട്ടിവീണിട്ടുണ്ടെന്ന് വ്യക്തം. ആകെ ചെളിപുരണ്ട അതിന്റെ വള്ളികള്‍ കൂട്ടിക്കെട്ടി വെച്ചിരുന്നു. ഞാന്‍ അതിലേക്ക് നോക്കുന്നതു കണ്ട് അവന്‍ പരുങ്ങി.
''വഴി ഇത്ര മാരകമായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല സാറേ. പലവട്ടം വീഴേണ്ടതായിരുന്നു. സഞ്ചി പൊട്ടി പഞ്ചസാരയും എണ്ണയും പഴവുമെല്ലാം വഴിയില്‍ പോയി. എന്നാ പറയാനാ, കപ്പയും ബീഫും പിന്നൊരു തേങ്ങയും കൂടിയേ ബാക്കി കാണൂ. ഹൊ, കൈകളാണേല്‍ മരവിച്ച പോലായി.''
ജിത്തു കൈകള്‍ കുടഞ്ഞുകൊണ്ട് ബൈക്കില്‍നിന്നുമിറങ്ങി കിതപ്പാറ്റി. കുറേക്കാലം കൂടിയിരുന്ന് കണ്ടതിന്റെ ആഹ്ലാദത്തില്‍ റോണി അവനെ ആശ്ലേഷിക്കവേ, വണ്ടിയില്‍നിന്നും ഞാന്‍ ബിഗ് ഷോപ്പര്‍ അഴിച്ചെടുത്തു.
''ഫസ്റ്റിലേ കേറുമ്പോ ഇത്രയല്ലേ പറ്റിയുള്ളു? കപ്പയും ബീഫൂം പോകാതെ കിട്ടിയല്ലോ ഭാഗ്യം. ഈ വഴിയില്‍ ബൈക്കിന് പോകാവുന്ന, അത്ര ഈസിയായിട്ട് കാണാമ്പറ്റാത്ത ഒരു ചാലൊണ്ട്. മിനിമം രണ്ടു തവണയെങ്കിലും കേറിയിറങ്ങിയാലേ അത് തെളിഞ്ഞു കിട്ടത്തൊള്ളു.  അതുവരെ ഇച്ചിരെ കഷ്ടപ്പാട് സഹിക്കണം. വാ, അകത്തേക്ക് പോകാം.'' ഞാന്‍ പറഞ്ഞു.
ഈന്തുകളെ വിറപ്പിച്ചുകൊണ്ട് അപ്പോള്‍ കാറ്റുവീശി. ഒരു പരുന്ത് മേഘങ്ങള്‍ക്ക് താഴെവന്ന് ചിറകുകള്‍ അനക്കാതെ അല്പനേരം നിശ്ചലമായി നിന്നിട്ട് വേഗത്തില്‍ മുകളിലേക്ക് പറന്നുപോയി. വടക്കുഭാഗത്തുനിന്നും കാറ്റിനൊപ്പം കോടയും കയറിവരാന്‍ തുടങ്ങി.
''റോണിയേ, വേഗമിറങ്ങാന്‍ നോക്കിക്കോ. കോടയിളകുന്നുണ്ട്.''
ഡ്യൂട്ടി സംബന്ധമായ വിവരങ്ങള്‍ റോണി തിരക്കിട്ട് കൈമാറുന്നതിനിടയില്‍ കൂജയില്‍നിന്നും പകര്‍ന്ന വെള്ളം ജിത്തു ആര്‍ത്തിയോടെ കുടിച്ചു. റോണി പറയുന്നതിലായിരുന്നില്ല, സെറ്റിലൂടെ മുഴങ്ങുന്ന സന്ദേശങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. മര്‍ഡര്‍ നടന്ന സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയമായിരുന്നു അത്. കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ റോണി തന്റെ ബാഗെടുത്ത് പിന്നിലേക്കിട്ട്, പുറത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അല്പം മുന്നോട്ട് നീങ്ങിയ വണ്ടി ബ്രേക്ക് ചെയ്ത്, പിന്നിലേക്ക് തിരിഞ്ഞുനോക്കി അയാള്‍ പറഞ്ഞു:
''വൈകിട്ട് മിന്നലുണ്ടേ, സൂക്ഷിച്ചോണം.''
''ഉവ്വ്.'' ജിത്തു തലയാട്ടി.  അദൃശ്യമായ ചാലിലൂടെ പാറകളെ വെട്ടിച്ച് റോണിയുടെ ബൈക്ക് മായാപുരിയിലേക്കുള്ള ഇറക്കമിറങ്ങുന്നത് കണ്ടുനില്‍ക്കേ, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജിത്തു ഫോണെടുത്ത് ധൃതിയില്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങി. പതഞ്ഞുവന്ന ചിരി ഞാന്‍ അടക്കിയില്ല.
''ആ ബെസ്റ്റ്! എന്റെ ഭായ്, ഇവിടെ നിന്നോണ്ട് എത്ര വിളിച്ചാലും രക്ഷയില്ല. ദേ, ആ പാറപ്പുറത്ത് ഒരു മാര്‍ക്കുണ്ട്. അവിടെ നിന്നൊന്ന് ശ്രമിച്ചുനോക്ക്. അല്ലേല്‍ ഷെഡ്ഡിനാത്ത് ആ കട്ടില് കിടക്കുന്നേന്റെ സൈഡിലത്തെ ജനാലയ്ക്കടുത്ത് ഒരു സ്പോട്ടുണ്ട്. രണ്ടേ രണ്ടിടത്തേയൊള്ളു പൊടിക്ക് റേഞ്ച്. ഭാഗ്യമൊണ്ടേല്‍ കോള്‍ കിട്ടും.''
അതുകേട്ട് ജിത്തുവിന്റെ മുഖം വിവര്‍ണ്ണമായി. ആകെത്തളര്‍ന്ന് അവന്‍ പാറപ്പുറത്തേക്ക് നടന്നു. ഗൗരവമായ ഏതോ പ്രശ്നത്തിലാണവനെന്ന് മനസ്സിലായെങ്കിലും ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ ഞാന്‍ ഷെഡ്ഡിലേക്ക് കയറി, ബീഫ് പാത്രത്തിലേക്കിട്ട് കഴുകാനാരംഭിച്ചു. ചോറ് വേവുനോക്കി വാര്‍ക്കാനിറക്കി, ചീനച്ചട്ടിയില്‍ ഉള്ളി വഴറ്റാന്‍ സ്റ്റൗവിലേക്ക് വെച്ച സമയത്താണ് അവന്‍ തിരികെയെത്തിയത്. ആകെ സമ്മര്‍ദ്ദത്തിലകപ്പെട്ട ഭാവം.
''കോള്‍ കിട്ടിയാരുന്നോ ഭായ് ?''
''ഇല്ല.'' ജിത്തു നിരാശയോടെ തലതാഴ്ത്തി.
''എങ്കിലിനി ഫോണാ ജനലരികില്‍ വെച്ചിട്ട് ഈ ഡ്രസ്സൊക്കെയൊന്ന് മാറിക്കേ. അപ്പഴത്തേക്കും റേഞ്ച് വരുവോന്ന് നോക്കാം. പാചകമൊക്കെ അറിയാലോ അല്ലേ?''
''ഇല്ല. ഇതുവരെ അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല.'' വിളറിച്ചിരിച്ചുകൊണ്ട് ജിത്തു പറഞ്ഞു.
''നന്നായി, എനിക്കുമറിയത്തില്ല. പിന്നെ ഇതൊക്കെ ഒരുഡായിപ്പ് പരിപാടിയല്ലേ. എന്നതൊക്കെയോ ചേര്‍ത്ത് എന്തെല്ലാമോ ഉണ്ടാക്കുന്നു. പക്ഷേ, ഇവിടെ ആര് എന്നാ ഉണ്ടാക്കിയാലും മുടിഞ്ഞ ടേസ്റ്റാ കേട്ടോ. ജിത്തു വിഷമിക്കണ്ട. നമുക്ക് സമയവും ചാന്‍സുമുണ്ട്. വശമാക്കാന്‍ വലിയ പാടൊന്നുമില്ലെന്നേ. വിശപ്പ് മൂത്തുമൂത്ത് വരുമ്പോ ഉള്ളീ കിടക്കുന്ന പാചകകല ഉണര്‍ന്നിങ്ങുപോരും.''
വേഷം മാറുന്നതിനിടയില്‍ ജനലിനരികില്‍ നിന്നുകൊണ്ട് ജിത്തു വീണ്ടും കോള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും, തീര്‍ത്തും പ്രതീക്ഷയറ്റവനായി കിടക്കയിലിരുന്നു. സമയം പിന്നിടുംതോറും അവന്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരിക്കുന്നതായി എനിക്ക് മനസ്സിലായി.
''ജിത്തു മാരീഡാണോ?''
''അല്ല,''
''ഉം, സത്യം പറഞ്ഞാ പൂഞ്ചിറയില്‍ വന്ന് ഡ്യൂട്ടി ചെയ്യുന്ന മൂന്ന് ദിവസങ്ങളാ ആകെ ഒന്ന് സ്വസ്ഥമായിരിക്കാന്‍ പറ്റുന്നെ. ഈ ഫോണ്‍കോളുകള്‍ ഇല്ലാതിരിക്കുന്നേന്റെ ഒരാശ്വാസമൊണ്ടല്ലോ. എന്റെ പൊന്നേ, അതിനേക്കാള്‍ വലിയൊരു സമാധാനമില്ല. പക്ഷേ, ചിലപ്പോ ഒരു അത്യാവശ്യ കോള്‍ ചെയ്യാന്‍ പറ്റാണ്ട് നമ്മള്‍ വട്ടുപിടിക്കും. ഭായ് എന്തോ പ്രശ്‌നത്തിലാണെന്ന് മനസ്സിലായി. ഒറ്റയ്ക്ക് ഇങ്ങനെ ഉള്ളിലിട്ടുരുക്കി വല്ല വീര്‍പ്പുമുട്ടലുമുണ്ടാകുന്നുണ്ടേല്‍ ഒന്ന് ഷെയറ് ചെയ്യുന്നത് നല്ലതാ. ഒരു പൊലീസുകാരന്റെ പ്രശ്‌നം മറ്റൊരു പൊലീസുകാരനേ മനസ്സിലാക്കാന്‍ പറ്റൂ.''
ജിത്തു എന്റെ മുഖത്തേക്ക് നോക്കി. പിന്നെ ജനാലയ്ക്കരികില്‍ ചെന്നുനിന്ന് നട്ടുച്ചയ്ക്കും കനത്തു വരുന്ന കോടമഞ്ഞിലേക്ക് മിഴികളെറിഞ്ഞു. പല വര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ അപ്പോള്‍ കൂട്ടത്തോടെ പുല്‍ക്കൂട്ടങ്ങളില്‍നിന്നും പറന്നുവന്നു. കടുംമഞ്ഞനിറത്തില്‍ ചിറകുകളില്‍ ചുവന്ന ചിത്രപ്പണികളുള്ള ഒരെണ്ണം ജനാലക്കമ്പിയില്‍ വന്നിരുന്നു. 
''രാവിലെ മുതല്‍ ഞാന്‍ വല്ലാതെ വിഷമിക്കുവാ സാറേ. ഭീകരമായ ടെന്‍ഷന്‍. ഒരു സമാധാനവുമില്ല.''
ശലഭം ജനാലയില്‍നിന്നും ഷെഡ്ഡിനുള്ളിലേക്ക് പറന്നുകയറി. 


    3
''വിജി എന്റെ തൊട്ടയല്‍പക്കമാണ് സാറേ. അവള്‍ക്ക് പതിനാറ് വയസ്സുള്ളപ്പഴാരുന്നു അപ്പനുമമ്മയും ഒരു ബസപകടത്തില്‍ മരിച്ചുപോയത്. പിന്നെ അവള്‍ പഠിപ്പൊക്കെ നിര്‍ത്തി അനിയത്തിക്ക് വേണ്ടിയായി ജീവിതം. സ്‌കൂളി പഠിക്കുമ്പോ മുതല്‍ ഞാനവളുടെ പിന്നാലെയുണ്ട്. പല രീതിയില്‍ ഉള്ളിലുള്ളത് അറിയിച്ചതുമാ. പക്ഷേ, എന്റെ നേര്‍ക്ക് ഒന്നു നോക്കീട്ട് പോലുമില്ല. ആരുടെയോ സഹായത്താല്‍ ആ സമയത്ത് ഒരു ചെരിപ്പുകമ്പനിയിലവള്‍ക്ക് പണികിട്ടി. അനിയത്തിയെ പഠിപ്പിച്ച്, അവള്‍ക്കും ജോലിയൊക്കെ ആയപ്പോ ഇഷ്ടപ്പെട്ട ഒരുത്തനുമായി കല്യാണവും നടത്തിക്കൊടുത്തു. അവനാണേല്‍ വീട്ടുകാരുമായി പെണങ്ങി ഇവരുടെ വീട്ടില്‍ തന്നെയായിരുന്നു താമസം. അനിയന്റെ സ്വഭാവം അത്ര വെടിപ്പല്ലെന്ന് പിന്നെയാണവള്‍ക്ക് മനസ്സിലായത്. കൂടുതല്‍ കുഴപ്പങ്ങളുണ്ടാവാതിരിക്കാന്‍ കൂടെപ്പിറപ്പിനോട് മറ്റെന്തോ കാരണം പറഞ്ഞ് അവള്‍ ഒറ്റയ്ക്ക് ഒരു വാടകവീടെടുത്ത് മാറി.''
''അതെന്തായാലും നന്നായി.'' ഞാന്‍ പറഞ്ഞു.
കുക്കറിലിരുന്ന പോത്ത് അപ്പോള്‍ തുടരെ വിസിലുകള്‍ മുഴക്കി. ഞാനതിലേക്ക് ശ്രദ്ധ കൊടുക്കുന്നതിനിടെ ജിത്തു തുടര്‍ന്നു:
''അങ്ങനിരിക്കെ ഒരു ദിവസം എന്റെ ഫോണിലേക്ക് വിജിയുടെ കോള്‍ വന്നു. എന്റെ നമ്പര്‍ അവള്‍ടടുത്ത് ഉണ്ടെന്ന കാര്യം പോലും എനിക്കാദ്യത്തെ അറിവായിരുന്നു. ''എനിക്ക് മറ്റാരും ഇല്ല'' എന്നു മാത്രമേ അവള്‍ പറഞ്ഞുള്ളു. ആദ്യം ഞെട്ടലാ ഉണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം. എന്നാ പറയണമെന്നറിയില്ലാരുന്നു. ഒന്നും മിണ്ടാന്‍ പറ്റിയില്ല. പിന്നെ ഞങ്ങള്‍ നേരില്‍ കണ്ടു. എല്ലാ കാര്യങ്ങളും അവളപ്പോഴാണ് പറയുന്നത്. എനിക്കോ അവള്‍ക്കോ വേറെ ആരോടും ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒന്നിച്ചങ്ങ് ജീവിക്കാന്‍ തീരുമാനിച്ചു. വരുന്ന പതിന്നാലാം തീയതി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് കല്യാണം നടത്താന്‍ എല്ലാം സെറ്റാക്കി വെച്ചേക്കുവാരുന്നു.''
''പൂഞ്ചിറ... കണ്‍ട്രോള്‍...'' വര്‍ത്തമാനത്തെ മുറിച്ചുകൊണ്ട് അപ്പോള്‍ സെറ്റില്‍ എനിക്കുള്ള വിളിവന്നു.
''പൂഞ്ചിറ ആന്‍സറിംഗ് സര്‍ ഓവര്‍...''
ഏരിയല്‍ മാറ്റിക്കൊടുക്കുവാന്‍ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ഒരു നിര്‍ദ്ദേശമായിരുന്നു അത്. ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന ചെറിയ 'മെഷി'ന് അതോടെ ശമനമായി. കൊലപാതകം നടന്ന സ്ഥലത്ത് ഇപ്പോള്‍ മിനിസ്റ്ററും ഐ.ജി.യും എത്തിയിട്ടുണ്ട്. കമ്യൂണിക്കേഷന്‍ ക്ലിയറാണെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തിയ ശേഷം, ബീഫ് മസാല ചേര്‍ത്ത് ഇരുന്നുവേവാന്‍ അടച്ചുവെച്ച് ഞാന്‍ ജിത്തുവുമായി പുറത്തേക്കിറങ്ങി. കോട മാറി തെളിഞ്ഞ്, പാറപ്പുറത്ത് വീണ്ടും വെയില്‍ വീഴാന്‍ തുടങ്ങിയിരുന്നു. സന്ദര്‍ശകര്‍ ആരും തന്നെയില്ല.
''എന്നിട്ടു പിന്നെ...?'' പറഞ്ഞുനിര്‍ത്തിയതിന്റെ തുടര്‍ച്ചയ്ക്കായി ഞാന്‍ ജിത്തുവിനെ നോക്കി. 
''ഞാനൊരു പിക്കറ്റ് ഡ്യൂട്ടിയിലാരുന്നു ഇതുവരെ. കഴിഞ്ഞ രണ്ടുദിവസമായി എന്നാന്നറിയാമ്മേല, അവള്‍ ഫോണെടുക്കുന്നില്ല. റിംഗുണ്ടായിരുന്നു. ഒരുപാട് തവണ ശ്രമിച്ചു, കുറേക്കഴിഞ്ഞപ്പോള്‍ സ്വിച്ചോഫായി. ഡ്യൂട്ടി കഴിഞ്ഞ് നേരിട്ടുപോയി അന്വേഷിക്കാമെന്ന് സമാധാനപ്പെട്ടിരിക്കുമ്പഴാ ഉടനെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പറയുന്നെ. ഇനി മൂന്നുദിവസം കഴിയാതെ ഒന്നും നടക്കില്ലല്ലോ. റേഞ്ചുമില്ല. നെഞ്ചിനുള്ളില്‍ ആകെയൊരു പെരുപെരുപ്പ്. സകല സമാധാനവും പോയി.'' ജിത്തു തലതാഴ്ത്തി, കിതച്ചു.
''എന്റെ പൊന്നെടാവേ, ഇതാണോ വലിയ പ്രശ്‌നം? എന്തേലും പ്രധാന കാര്യം കൊണ്ടായിരിക്കും അവള്‍ ഫോണെടുക്കാത്തത്. സത്യത്തി സന്തോഷിക്കേണ്ട അവസരമല്ലേ. കൊല്ലങ്ങളായിട്ട് മനസ്സി കൊണ്ടുനടക്കുന്ന പെണ്ണിനെത്തന്നെ അവസാനം കിട്ടിയില്ലേ? ബാക്കിയുള്ള പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളല്ലെന്നേ. മൂന്ന് ദിവസത്തേക്ക് ഒന്ന് ക്ഷമിക്ക്. ഇവിടുന്നിറങ്ങുക, നേരേ പോയി കാര്യങ്ങള്‍ നടത്തുക. അത്രേയുള്ളു. അതിനിടയ്ക്ക് കോള്‍ കിട്ടുവോന്ന് നമുക്ക് നോക്കാം. അല്ലെങ്കി റോണിയോട് നാളെത്തന്നെ തിരിച്ചുകേറിവരാന്‍ പറയാം. ഇങ്ങനൊരു കാര്യം പറഞ്ഞാ അവന്‍ വന്നോളും.
അതുകേള്‍ക്കേ, ജിത്തു അല്പം സമാധാനപ്പെട്ടു. ഉള്ളുകൊണ്ട് ഒരു തീരുമാനത്തിലെത്തിയതുപോലെ അവനില്‍നിന്നും ദീര്‍ഘനിശ്വാസമുതിര്‍ന്നു. അകലെ ഒരു നിഴല്‍പോലെ ദൃശ്യമായിരുന്ന ഇല്ലിക്കല്‍ കല്ല് ഇപ്പോള്‍ വ്യക്തമായി കാണാം. മുടയഴിച്ചിട്ട് മലര്‍ന്നുകിടക്കുന്ന ഇല്ലിക്കല്‍പ്പെണ്ണിന്റെ കൂര്‍ത്തുനില്‍ക്കുന്ന മുലകളുടെ പ്രലോഭനത്തില്‍നിന്നും സൂര്യന്‍ ഇടയ്ക്കിടെ മേഘങ്ങളിലേക്ക് മുഖം മറയ്ക്കുന്നത് ഞാന്‍ ജിത്തുവിന് കാട്ടിക്കൊടുത്തു.  
''ഇവിടമൊക്കെ പാണ്ഡവര് വനവാസക്കാലം കഴിച്ചുകൂട്ടിയ ഏരിയ ആയിരുന്നെന്നാണ് ഐതിഹ്യം. പാഞ്ചാലിക്ക് കുളിക്കാന്‍ വേണ്ടി ഇലകള്‍ വീഴാത്ത ഒരു ചിറ ഇവിടെ ഉണ്ടാക്കിയെന്നും മരങ്ങള്‍ ഒക്കെ അതോടെ അപ്രത്യക്ഷമായെന്നുമൊക്കെ പറയുന്നു. എന്നതായാലും കുടിക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്റെ കാര്യത്തിലാ നമുക്കിപ്പോ ഏറ്റവും വലിയ ബുദ്ധിമുട്ട്. പിന്നെ പണ്ടാരടങ്ങിയ മിന്നലും. പൊലീസുകാരുടെ പ്രയാസങ്ങള്‍ പ്രയാസങ്ങളല്ലല്ലോ. എവിടെക്കെടന്ന് ചത്താല്‍ ആര്‍ക്കെന്നാ?'' ജിത്തുവിനെ അപ്പോഴത്തെ ചിന്തയില്‍നിന്നും വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ് ഞാനത്രയും പറഞ്ഞത്. ഞങ്ങള്‍ക്കരികിലേക്ക് അപ്പോള്‍ പിങ്കി കുഞ്ഞുങ്ങളുമായി നടന്നുവന്നു. ചെറുതുകള്‍ ഇടയ്ക്കിടെ പരസ്പരം കെട്ടിമറിഞ്ഞും അരിപ്പല്ലുകള്‍കൊണ്ട് കടിച്ച് ബഹളമുണ്ടാക്കിയും കളിക്കുന്നത് ജിത്തു കൗതുകത്തോടെ നോക്കി. പുല്‍ച്ചൂല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മലയീന്തിന്റെ പഴുത്തകായ് പൊട്ടിച്ചെടുത്ത് ഞാന്‍ വിരല്‍കൊണ്ട് ഞെരടി.
''ഒരു പൊലീസുകാരന്‍ നൂറുകൂട്ടം പ്രശ്‌നങ്ങളല്ലേ ദിവസവും ഡീല് ചെയ്യുന്നത്. ഒന്ന് തീരുമ്പോ മറ്റൊന്ന്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും സോള്‍വ് ചെയ്തും അവനോന്റെ പ്രശ്‌നങ്ങളങ്ങ് മറക്കും. മറക്കുമെന്നല്ല, ഓര്‍ക്കാനിട കിട്ടത്തില്ല. ടെലി കമ്യൂണിക്കേഷനിലുള്ളവരുടേയും സ്ഥിതി വ്യത്യസ്തമല്ല. അംഗസംഖ്യ കുറവായതുകൊണ്ട് പണിയൊഴിഞ്ഞ നേരമില്ല. വീട്ടിലുള്ളോര് വല്ലോം കഴിച്ചോ, അസുഖം വന്നിട്ട് മരുന്ന് വാങ്ങിയാരുന്നോ, പിള്ളേര് സ്‌കൂളീ പോയോ, അവര്‍ക്ക് പൊസ്തകങ്ങളുണ്ടോ, കെട്ടിയോള് ഹാപ്പിയാണോ... ആ ആര്‍ക്കറിയാം? പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഒത്തിരി റിപ്പോര്‍ട്ടുകളൊക്കെ ഇപ്പോ വരുന്നുണ്ട്. കൂടെ പുതിയ പുതിയ കോഴ്സുകളും. ഇടയ്ക്കൊക്കെ കുടുംബവുമായി സമാധാനത്തോടെ ചെലവഴിക്കാന്‍ അവസരം കിട്ടിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളാ ഇതൊക്കെ. അത് പറ്റാതിരുന്നതുകൊണ്ടാണ് ഒന്നും രണ്ടും പറഞ്ഞ് കാര്യങ്ങള്‍ വഷളായി ഞങ്ങള്‍ ഡിവോഴ്സ് വരെയെത്തിയത്. കേസ് നടന്നോണ്ടിരിക്കുവാ. മോള്‍ക്ക് എന്റെ കൂടെ നില്‍ക്കാനാരുന്നു താല്പര്യം. അത് സമ്മതിക്കാതിരിക്കാന്‍ ഇപ്പോ പെമ്പ്രന്നോത്തി എനിക്കെതിരെ പോക്സോ കേസ് ഫയല്‍ ചെയ്യാന്‍ പോകുവാ. നടക്കട്ടെ, എവിടെവരെ പോകുമെന്ന് നോക്കാം.''
ജിത്തു അമ്പരപ്പോടെ എന്റെ മുഖത്തേക്ക് നോക്കി. എന്തോ ചോദിക്കാനാഞ്ഞ അവന്‍ വാക്കുകള്‍ കിട്ടാതെ പതറിനില്‍ക്കുന്നതു കണ്ട് എനിക്ക് ചിരിവന്നു.
''ജിത്തു ഭായ്... നമുക്ക് ഫുഡ്ഡടിച്ചാലോ?''


    4
ഉച്ചമയക്കം കഴിഞ്ഞുണരുമ്പോള്‍ ജിത്തു കിടക്കയില്‍ ചമ്രംപടിഞ്ഞിരിക്കുന്നുണ്ടായിരുന്നു.  കാറ്റത്തടഞ്ഞ ജനാലകള്‍ ഞാന്‍ തുറന്നിട്ടു. കറുകറുത്ത മേഘക്കൂട്ടങ്ങള്‍ പതിയെപ്പതിയെ നീങ്ങിവന്ന് ഇലവീഴാപൂഞ്ചിറയ്ക്ക് മേല്‍ വലിയ ഒരു മേലാപ്പ് തീര്‍ത്തിരുന്നു. മഴ പൊട്ടിവീഴാന്‍  തുടങ്ങി. മാനത്ത് ഒരു തീമരത്തിന്റെ ശിഖരങ്ങള്‍ പടര്‍ത്തി ആദ്യത്തെ മിന്നല്‍പ്പിണര്‍ പാഞ്ഞു. പിന്നാലെ ഷെഡ്ഡിനെ വിറപ്പിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടി. പെട്ടെന്നുതന്നെ ജനാലകള്‍ വലിച്ചടച്ച്, പ്ലഗ്ഗില്‍നിന്നും ചാര്‍ജ്ജറും ഫോണും വേര്‍പെടുത്തി ഞാന്‍ കിടക്കയില്‍ തിരികെ വന്നുകയറി. കാലുകള്‍ കട്ടിലിലേക്ക് ഉയര്‍ത്തിവെക്കുന്ന നേരത്താണ് അടുത്ത മിന്നല്‍ ഉണ്ടായത്. തീവ്രതയേറിയ ഒരു വെളിച്ചത്തുണ്ട് അകത്തേക്ക് വന്നുവീഴുന്നപോലെയാണത് സംഭവിച്ചത്. റിപ്പീറ്റര്‍ വെച്ചിരിക്കുന്നിടത്തുനിന്നും പുകയുയര്‍ന്നു. ഞങ്ങള്‍ ഒരേപോലെ കിടുങ്ങി. മേല്‍ക്കൂര പറന്നുപോകുംവിധം അസാമാന്യമായ വേഗതയില്‍ കാറ്റുവീശാനാരംഭിക്കുകയും അതോടെ കറന്റ് പോവുകയും ചെയ്തു.
''ആ ലൈറ്റ്നിംഗ് അറസ്റ്റ് വര്‍ക്കിംഗ് അല്ലേ?'' ജിത്തു ചോദിച്ചു.
''ഓ, എന്നാ അറസ്റ്റ്?  ഓരോ തവണ മിന്നലടിക്കുമ്പോഴും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് എങ്ങനെയൊക്കെയോ രക്ഷപ്പെടുന്നു. ലൈറ്റ്നിംഗ് സെന്‍സിറ്റീവ് ഏരിയയാണ് പൂഞ്ചിറ. പേടിപ്പിക്കാന്‍ പറയുവല്ല, ജീവന്‍ കയ്യില്‍ വെച്ചുള്ള ഒരു കളിയാ ഇത്. കഴിഞ്ഞ വേനല്‍മഴയ്ക്ക് രണ്ട് കോളേജ് പയ്യന്മാര്‍ തീര്‍ന്നതാ. മിന്നലിന്റെ സമയത്ത് അവര് ഷെഡ്ഡില്‍ വന്നുകയറി. താഴേക്കോടിയ കൂട്ടുകാര്‍ക്ക് എന്നതേലും സംഭവിച്ചു കാണുവോന്ന് ടെന്‍ഷനടിച്ചാ അവന്മാരിവിടിരുന്നത്. മിന്നല്‍ ഒരല്പം അടങ്ങിയപ്പോള്‍ ഇറങ്ങിയോടിയേച്ച്. പോകരുത് എന്ന് പരമാവധി പറഞ്ഞുനോക്കി, കേട്ടില്ല.''
''എന്നിട്ട്...?''
''എന്നിട്ടെന്നാ... തൊട്ടുതാഴത്തെ വളവില്‍ എത്തുന്നേന് മുന്നേ മിന്നലടിച്ചു. രണ്ടുപേരും സ്പോട്ടില്‍ കരിഞ്ഞുപോയി.''
അതുകേട്ട് മൗനത്തിലായ ജിത്തു മേലാസകലം പുതപ്പുകൊണ്ട് മൂടി കട്ടിലില്‍ കമിഴ്ന്നുകിടന്നു. സെറ്റില്‍ ഇപ്പോള്‍ അനക്കമൊന്നും കേള്‍ക്കാനില്ല. റിപ്പീറ്റര്‍ പുകഞ്ഞു തീര്‍ന്നിരിക്കും. മിന്നല്‍ ശമിക്കാതെ കേബിള്‍ മാറ്റിക്കൊടുക്കുന്നത് ബുദ്ധിയല്ല. പുറംലോകവുമായുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുകയാണ്. ഇടിമിന്നലും മഴയും നിര്‍ത്താതെ വീശുന്ന കാറ്റുമുള്ള മലയുടെ നെറുകയിലെ ഒറ്റമുറിക്കൂടാരത്തില്‍ ഞങ്ങള്‍ രണ്ട് മനുഷ്യജീവികള്‍ ജീവനും തെരുപ്പിടിച്ചിരുന്നു.
ഇരുട്ട് വീണുകഴിഞ്ഞും കാലാവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. വണ്ടി കയറിവരിക ദൂഷ്‌കരമായതിനാല്‍  സ്റ്റേഷനില്‍നിന്നും ആരുമെത്താനും സാധ്യതയില്ല. ജീവഭയംകൊണ്ട് കിടക്കയില്‍ നിന്നനങ്ങാതെ, ഒരു മെഴുകുതിരിപോലും കൊളുത്താതെ ഞങ്ങള്‍ കിടന്നു. ഭീകരമായി മൂളിക്കൊണ്ട് കാറ്റ് ഇടയ്ക്കിടെ ഷെഡ്ഡിനെ വട്ടം ചുറ്റിപ്പോയി. കാറ്റിന്റെയും ഇടിവെട്ടിന്റെയും ഇടവേളകളില്‍ താഴെ ചോലയില്‍ വെള്ളമൊഴുകുന്ന ശബ്ദത്തെ ചീവീടുകള്‍ കീഴടക്കാന്‍ നോക്കുന്നുണ്ടായിരുന്നു. എട്ടുമണിയോടടുത്തപ്പോള്‍ എല്ലാമൊന്ന് ശാന്തമായി. കാറ്റ് നിലച്ചു. മിന്നല്‍ കുറേക്കൂടി അകലേക്ക് മാറിയതുപോലെയായി. ഇടിയുടെ ശബ്ദം നേര്‍ത്തു. മഴ മാത്രം നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് കറന്റ്വന്നു. മഞ്ഞവെളിച്ചത്തിലേക്ക് കണ്ണുതിരുമ്മിക്കൊണ്ട് ഞാന്‍ എഴുന്നേറ്റു.
''വാ, ഇനി ഒരു കാപ്പിയിടാം. തൊണ്ട വരണ്ടുപോയി. റിപ്പീറ്ററില്‍ കുറച്ചൂടെ കഴിഞ്ഞിട്ട് കൈവെക്കാം.''
കമ്പിളിപ്പുതപ്പിനുള്ളില്‍നിന്നും ജിത്തു മെല്ലെ തലനീട്ടി. ഇപ്പോള്‍ പുകയൊന്നുമില്ല. കേബിള്‍ കരിഞ്ഞ മണമാണ് മുറി നിറയെ. സ്റ്റൗവിലേക്ക് വെള്ളം വെച്ച് കൈകള്‍ കൂട്ടിത്തിരുമ്മി. തണുപ്പേറി തുടങ്ങിയതിനാല്‍ ഹാംഗറില്‍നിന്നും ഞാന്‍ സ്വെറ്റര്‍ എടുത്തിട്ടു. മിന്നല്‍ അവസാനിച്ച മട്ടാണ്. ജിത്തു കിടക്കയില്‍നിന്നുമെഴുന്നേറ്റ് പുതപ്പോടുകൂടിത്തന്നെ റിപ്പീറ്ററിനരികിലെ കസേരയിലേക്കമര്‍ന്നു. രണ്ട് ഗ്ലാസ്സുകളിലേക്ക് കാപ്പിപ്പൊടിയും പഞ്ചസാരയുമിട്ട്, തിളയ്ക്കുന്ന വെള്ളം അതിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ ഒരു വലിയ തീഗോളം അകത്തേക്ക് പാഞ്ഞുവന്ന് കണ്ണുകളെ മഞ്ഞളിപ്പിച്ചു. പ്ലഗ് പോയിന്റുകളില്‍നിന്നും പൊട്ടല്‍ശബ്ദത്തോടുകൂടി തീ പറന്നു. ഒറ്റനിമിഷം കൊണ്ട് എല്ലാം ഇരുട്ടിലായി. കാതടപ്പിക്കുന്ന ഇടിയില്‍ ഷെഡ്ഡ് പൊട്ടിപ്പിളര്‍ന്നതായി തോന്നി. ''ജിത്തുവേ അനങ്ങാതെ അവിടെത്തന്നെയിരുന്നോ'' എന്നു പറഞ്ഞുകൊണ്ട്, ഞാന്‍ ഒരു മെഴുകുതിരി തപ്പിയെടുത്ത് കത്തിച്ചു. ആവിപാറുന്ന കാപ്പിഗ്ലാസ്സുകള്‍ രണ്ടുകൈകളിലേന്തി അടിവെച്ചടിവെച്ച് റിപ്പീറ്ററിനരികില്‍ച്ചെന്ന് ഒരെണ്ണം അവന് നീട്ടി. പുതപ്പിനുള്ളില്‍ ജിത്തു നിശ്ശബ്ദനായിരുന്നു.
''ജിത്തൂ...!'' സ്വരം താഴ്ത്തി ഞാന്‍ വിളിച്ചു.
കമ്പിളിക്കുള്ളില്‍നിന്നും അപ്പോള്‍ പുകയുയര്‍ന്നു. മാംസം കരിഞ്ഞ ഗന്ധം.
ഗ്ലാസ്സുകള്‍ താഴേക്കൂര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി. പൂഞ്ചിറയുടെ മറ്റെല്ലാ ഒച്ചകളെയും മറികടന്നുകൊണ്ട് അത് മലമടക്കുകളില്‍ പ്രതിധ്വനിച്ചു. പതഞ്ഞുയര്‍ന്ന ഭീതിയെ അടക്കിപ്പിടിച്ച് ഞാന്‍ വിരല്‍ നീട്ടി ജിത്തുവിനെ തൊട്ടു. ഒരു വൈദ്യുതി അസാമാന്യ ശക്തിയോടെ ഉള്ളിലേക്ക് ഇരച്ചുകയറി. അടുത്തെവിടെയോ പിങ്കിയുടെ കരച്ചില്‍ കേട്ടു. ദയനീയമായ ഒരു വിലാപം പോലെയായിരുന്നു അത്. കുഞ്ഞുങ്ങളും ഒരുപോലെ നിലവിളിച്ചു.
മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. ഫോണെടുത്ത് ഞാന്‍ പുറത്തേക്കോടി. പാറപ്പുറത്തെ മാര്‍ക്കില്‍ ചെന്നുനിന്ന് കണ്‍ട്രോള്‍ റൂമിലെ അഭിലാഷിനെ ഡയല്‍ ചെയ്തു. ഇല്ല, കോള്‍ പോകുന്നില്ല. പലരുടെയും നമ്പരുകള്‍ മാറിമാറി ശ്രമിച്ചു; രക്ഷയില്ല. റേഞ്ചുകിട്ടുവാനായി മുകളില്‍നിന്നും താഴേക്കും തിരിച്ചും പലവട്ടം ഓടി. വീണ്ടും മിന്നലടിച്ചപ്പോള്‍, പാറപ്പുറത്ത് കമിഴ്ന്നു കിടന്നു. തുള്ളികള്‍ കനത്തുകനത്ത് മൂര്‍ച്ചയേറിയ സൂചികളായി ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി. ആകാശം പൊട്ടിക്കീറി പല കഷ്ണങ്ങളാവുന്നത് കണ്ണുകളെ മൂടുന്ന ജലധാരയിലൂടെ അവ്യക്തമായി കണ്ടു. ഇടിക്കും മിന്നലിനുമുള്ള ഒരിടനേരത്ത് പാറയില്‍നിന്നും താഴേക്കോടി ഞാന്‍ വീണ്ടും ഷെഡ്ഡിനുള്ളില്‍ കയറി.
ജിത്തു അതേ ഇരിപ്പായിരുന്നു. ആശങ്കയുടെ സ്ഫുരണങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന നിസംഗമായ ആ ഭാവം. പരിചയപ്പെട്ടിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തം ജീവിതമപ്പാടെ തുറന്നുകാട്ടിയ ഒരു ചങ്ങാതി ഇതാ, എന്നെന്നേയ്ക്കുമായി അനക്കമറ്റിരിക്കുന്നു. പൊട്ടിയ ഗ്ലാസ്സിന്റെ മുനയുള്ള ഒരു കഷ്ണം എന്റെ കാലില്‍ തറഞ്ഞുകയറി. കത്തിത്തീരാറായ മെഴുകുതിരിയെടുത്ത് നിലത്തേക്കിരുന്നുകൊണ്ട് ചില്ല് വലിച്ചൂരിയപ്പോള്‍ ചോര എമ്പാടും ചീറ്റിത്തെറിച്ചു. ശരീരത്തില്‍നിന്നും ഇറ്റുവീണുകൊണ്ടിരുന്ന വെള്ളത്തില്‍ കലര്‍ന്ന് നിലമാകെ ചുവപ്പ് പടര്‍ന്നു. നേരം വൈകിയല്ലോ എന്നോര്‍ത്ത് രണ്ട് പ്ലേറ്റുകളെടുത്ത് ഞാന്‍ ചോറും ബീഫ് കറിയും വിളമ്പി. ജിത്തുവിനരികിലെത്തി പാത്രം നീട്ടിപ്പിടിച്ച് കുറേനേരം നിന്നു. അവനത് വാങ്ങാതിരുന്ന ദേഷ്യത്തില്‍, രണ്ടും വലിച്ച് ചുമരിലേക്കെറിഞ്ഞ് കിടക്കയിലേക്ക് ചെന്നുവീണു. കമിഴ്ന്നുകിടന്ന് കണ്ണുകള്‍ മുറുക്കിയടച്ചപ്പോള്‍ പല്ലുകള്‍ കൂട്ടിയിടിച്ച് ആസകലം വിറയ്ക്കാന്‍ തുടങ്ങി. പിങ്കിയുടെ കുഞ്ഞുങ്ങളുടെ രോദനം കാത് തുളച്ചുകൊണ്ടിരിക്കുമ്പോള്‍, ചങ്കിനുള്ളില്‍ തുള്ളിക്കൊണ്ടിരുന്ന തെയ്യക്കോലം പകുതിയില്‍ ആട്ടം നിര്‍ത്തി, മുടിയഴിച്ചു.


5
നിര്‍ത്താതെയുള്ള ഹോണടി കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മഴയുടെ താണ്ഡവമവസാനിച്ച് ശാന്തമായ പൂഞ്ചിറ, പ്രഭാതമഞ്ഞിന്റെ ആലസ്യത്തില്‍ മെല്ലെ മുടിയിഴകളിളക്കി പ്രണയപൂര്‍വ്വം ചിരിച്ചു. ചെറുകിളികളുടെ ഒരു കൂട്ടം തലയ്ക്ക് മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നുപോയി. താഴെ രണ്ട് പൊലീസ് വാഹനങ്ങള്‍ കാണാം. അതില്‍നിന്നും സി.ഐ. പ്രദീപ് സാറും കുറേ പൊലീസുകാരും മുകളിലേക്ക് കയറിവന്നു. 
അവര്‍ ചോദിച്ചതിനൊന്നും ഞാന്‍ മറുപടി പറഞ്ഞില്ല. കുറച്ച് പുല്ല് വെട്ടിച്ചീകി നല്ല ഒരു ചൂലുണ്ടാക്കണമെന്ന് വെറുതെ ഓര്‍ത്തു.
ഷെഡ്ഡിനുള്ളിലേക്ക് കയറിയ ആള്‍ അതേപോലെ ഓടി തിരികെയിറങ്ങി. പിന്നാലെ ചെന്നവര്‍ ഉള്ളിലെ കാഴ്ച കണ്ട് വിറങ്ങലിച്ചു. മുഖത്തോടുമുഖം നോക്കി അവര്‍ പകച്ചുനിന്നു. ആരോ കമ്യൂണിക്കേഷന്‍ പുന:സ്ഥാപിച്ച് വേണ്ടുന്ന സന്ദേശങ്ങള്‍ കൈമാറി. മായാപുരിയില്‍ നിന്നും കയറിവരാന്‍ പറ്റുന്നിടംവരെ ആംബുലന്‍സ് വരാനേര്‍പ്പാട് ചെയ്തു. സി.ഐ പറഞ്ഞതനുസരിച്ച് പെട്ടെന്നുതന്നെ മഹസ്സറും ഇന്‍ക്വസ്റ്റുമെഴുതി, ചിത്രങ്ങളുമെടുത്തു. ശ്രദ്ധാപൂര്‍വ്വം ഒരു പായയില്‍ പൊതിഞ്ഞ് ജിത്തുവിനെ അവര്‍ വണ്ടിയിലേക്ക് കൊണ്ടുപോകുന്നത് ഞാന്‍ നിര്‍വ്വികാരനായി നോക്കിനിന്നു. കൂട്ടത്തില്‍നിന്നും സുഹൃത്തായ ജയകുമാര്‍ അടുത്തേക്ക് വന്നപ്പോള്‍ ഒരു വിളറിയ ചിരി കൈമാറി.
''സുധീറേ സോറി, നീ തല്‍ക്കാലം ഇവിടെത്തന്നെ നില്‍ക്കണം. ടൂറിസ്റ്റുകളൊക്കെ വരുന്ന സ്ഥലമല്ലേ. ആരും ഇല്ലാതിരുന്നാ ശരിയാവില്ല. ഞങ്ങള്‍ പോയിട്ട് വരാം. നിനക്ക് ചെയ്ഞ്ച് വരാന്‍ പറഞ്ഞിട്ടുണ്ട്. ടൗണില്‍ നടന്ന ഒരു കൊലപാതകക്കേസുമായി ജിത്തുവിന് ബന്ധമുണ്ടായിരുന്നതായി സംശയമുണ്ട്. രാത്രി നിന്നെയൊന്ന് കോണ്‍ടാക്റ്റ് ചെയ്യാന്‍ പല വഴിയും നോക്കിയിട്ട് നടന്നില്ല. എന്നതായാലും ഇത് മൊത്തത്തില്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായി. ഞങ്ങള്‍ ഉടനെ വന്നേക്കാം. നീ സമാധാനമായിരിക്ക്.''
ഞാനയാളെ തുറിച്ചുനോക്കി. ചുവന്നുവരുന്ന കണ്ണുകള്‍ കണ്ടിട്ടാവണം, ജയകുമാര്‍ ഭയന്നു. അയാള്‍ പെട്ടെന്നുതന്നെ വണ്ടിക്കരികിലേക്ക് തിരിഞ്ഞുനടന്നു.
കൊലപാതകമോ? ആര്? ജിത്തുവോ? ആരെയാണവന്‍ കൊന്നത്? എന്നോടവന്‍ പറഞ്ഞതൊക്കെ അപ്പോള്‍ നുണകളായിരുന്നോ? 
ഉള്ളില്‍ പതഞ്ഞ അനവധിയായ സംശയങ്ങളെ ഇഴകീറിക്കൊണ്ടിരിക്കേ, രണ്ടു വാഹനങ്ങളും ഒന്നിനു പിറകെ ഒന്നായി മലയിറങ്ങാന്‍ തുടങ്ങി. അതിലൊന്നില്‍ ജിത്തു ഭായ് ഉണ്ട്. ഇന്നലെ ബൈക്കിലേറി വന്ന അവന്റെ മുഖം ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. എന്നന്നേയ്ക്കുമായി മറവിയില്‍ മുങ്ങിപ്പോയതുപോലെ എത്രനോക്കിയിട്ടും ആ മുഖം തെളിഞ്ഞുകിട്ടിയില്ല. നിരാശയും സങ്കടവും കൊണ്ട് മുടിക്കുള്ളിലേക്ക് ഞാന്‍ വിരലുകള്‍ കടത്തിവലിച്ചു. അപ്പോള്‍ പിങ്കിയുടെ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടു. 
കരച്ചില്‍ കേട്ട ദിക്കിലേക്ക് തിരഞ്ഞുതിരഞ്ഞു ചെല്ലുമ്പോള്‍ ഈന്തുകള്‍ക്കിടയിലായി അതാ, അവളുടെ വെളുത്തശരീരം അനക്കമില്ലാതെ ചരിഞ്ഞുകിടക്കുന്നു.  കരിഞ്ഞുപോയ പഞ്ഞിത്തുണ്ടുകള്‍ അവിടമാകെ പാറിനടന്നു. കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ട് മുലകള്‍ കടിച്ചുവലിക്കുകയാണ്. ഷെഡ്ഡില്‍ പോയി ഒരു മണ്‍വെട്ടി എടുത്തുകൊണ്ടുവന്ന് അവള്‍ക്കരികിലായി ആഴത്തില്‍ ഞാനൊരു കുഴിവെട്ടി. പിങ്കിയെ അതിലേക്കിടുമ്പോള്‍ കുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്തി അമ്പരപ്പോടെ ചുറ്റും ഓടിനടന്നു. കാലുറപ്പിച്ചു നില്‍ക്കാന്‍ പറ്റുന്നില്ലെന്ന് തോന്നിയപ്പോള്‍ മണ്‍കൂനയിലേക്ക് ഞാന്‍ മുട്ടുകുത്തി. വേഗത്തില്‍ കയറിവന്ന കനമേറിയ കോടമഞ്ഞ് നിമിഷനേരം കൊണ്ട് പൂഞ്ചിറയെ പൊതിയുന്നതും എവിടെനിന്നോ അനുസ്യൂതം കരിയിലകള്‍ കൊഴിയുന്നതും മണ്ണില്‍ക്കിടന്നുകൊണ്ട് ഞാന്‍ കണ്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com