'ചാട്ടവാര്‍'- പി. മുരളീധരന്‍ എഴുതിയ കഥ

വൈകിട്ട് അഞ്ചര മണിയായിക്കാണണം. പുതുതായി ചാര്‍ജ്ജെടുത്ത അച്ചന്‍ പീറ്റര്‍ വള്ളക്കാലേലുമൊത്ത് ഒരു വെഞ്ചെരിപ്പിന് പോയി വന്നതാണ് കപ്യാര്‍ കുഞ്ഞുവറീത്
'ചാട്ടവാര്‍'- പി. മുരളീധരന്‍ എഴുതിയ കഥ

വൈകിട്ട് അഞ്ചര മണിയായിക്കാണണം. പുതുതായി ചാര്‍ജ്ജെടുത്ത അച്ചന്‍ പീറ്റര്‍ വള്ളക്കാലേലുമൊത്ത് ഒരു വെഞ്ചെരിപ്പിന് പോയി വന്നതാണ് കപ്യാര്‍ കുഞ്ഞുവറീത്. വന്നുകയറിയിട്ട് കുറച്ചുനേരമായെങ്കിലും ആ 45കാരന്റെ ശ്വാസോച്ഛ്വാസം ഇനിയും ശരിയായിട്ടില്ല. നല്ല ആരോഗ്യമുള്ളവര്‍ക്കും കടുപ്പമാണ് കാഞ്ഞിരപ്പള്ളിക്കടുത്ത് കൂട്ടമറ്റത്തുള്ള തിരുക്കുടുംബ ദേവാലയത്തിലേക്കുള്ള കയറ്റം. വറീതിനെപ്പോലെ ഒരു കാലിന് അല്പം സ്വാധീനക്കുറവു കൂടിയുണ്ടെങ്കില്‍ പിന്നെ പറയേണ്ടതുമില്ല. പക്ഷേ, കുന്നുകയറി പള്ളിമുറ്റത്തെത്തിയാലുണ്ടാവുന്ന അനുഭവം ഒന്നുവേറെയാണ്. കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന ദിവ്യാന്തരീക്ഷം. താഴെ, നട്ടുച്ചയ്ക്കും കോടമഞ്ഞ് മേയുന്ന നീലക്കുന്നിന്‍തലപ്പുകള്‍. മേഘങ്ങള്‍ കൈതൊടാവുന്ന അകലത്തില്‍ ഒഴുകിനടക്കുന്നതും വിസ്മയകരമായ ബൈബിള്‍ ചിത്രങ്ങള്‍ ആകാശത്ത് വരച്ചിടുന്നതും ആര്‍ക്കും കാണാം. തിരുസന്നിധിയിലെത്തിയപോലെ വിശ്രാന്തി പകരുന്ന ആത്മീയാനുഭവം. കര്‍ത്താവിന് സ്തുതിയായിരിക്കട്ടെ, ഇപ്പോഴും എപ്പോഴും!

പീറ്ററച്ചന്‍ ചാര്‍ജ്ജെടുത്തിട്ട് ആഴ്ച രണ്ടു തികയുന്നേയുള്ളൂ. മാത്യൂസ് കുന്നത്തറയച്ചന്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണ്. ആ ഒഴിവിലാണ് കൊച്ചച്ചന്റെ വരവ്. കുട്ടനാട്ടിലെ കാശും പ്രതാപവുമുള്ള ഏതോ വലിയ തറവാട്ടിലെ അംഗമാണെന്ന് വറീത് കേട്ടിരുന്നു. ഇരുപത്തെട്ടു വയസ്സ് കഴിഞ്ഞെങ്കിലും കാഴ്ചയില്‍ പത്തിരുപതു വയസ്സേ തോന്നൂ. ഇരുണ്ട നിറവും ചുരുണ്ട മുടിയും. വല്ല്യ തടിയൊന്നുമില്ല. 

ളോഹയിട്ടു നില്‍ക്കുമ്പോള്‍ നല്ല പൊക്കം തോന്നും. മുഖത്ത് എന്തിന്റേയോ നിഴല്‍ മായാതെ കെടക്കുന്നു. എപ്പോഴും മൗനമാണ്. എഴുതിക്കൊണ്ടുവരുന്ന തമാശകള്‍ ഏല്‍ക്കില്ലെങ്കിലും (അതെങ്ങനെ ഏല്‍ക്കും? ഒപ്പീസു ചൊല്ലുമ്പോലാണോ കളി പറയുന്നത്?) പ്രസംഗിച്ചു തുടങ്ങിയാല്‍ ആരും വാപൊളിച്ചിരുന്നു പോവും. അത്രയ്ക്കാണ് അറിവും ദൈവഭക്തിയും. 

കയറിവന്ന പടിക്കെട്ടിന്റെ ചുവട്ടില്‍ ആരംഭിച്ച് പടിഞ്ഞാറേയ്ക്ക് നീണ്ടുകിടക്കുന്ന ജീപ്പു റോഡിലേക്ക് നോക്കിയിരിക്കെ കുഞ്ഞുവറീത് കമ്പിളി തട്ടിക്കുടഞ്ഞ് ഒന്നുകൂടി പുതച്ചു. 'അച്ചന് ടൗണില്‍ താമസിക്കാന്‍ സൗകര്യമൊണ്ടെങ്കിലും ഇവിടെത്തന്നെ താമസിക്കാനാ ഇഷ്ടം. കുശിനിക്കാരി ഉച്ചയാവുമ്പം ജോലി തീര്‍ത്ത് വീട്ടിപ്പോവും. രാത്രി ഇച്ചിരെ വെള്ളമനത്തിക്കൊടുക്കാന്‍ ആരേലും വേണ്ടേ? പെണ്ണും പെടക്കോഴിയുമില്ലാത്ത എനിക്ക് ഒറ്റയ്ക്ക് കുടുമ്മത്തിരുന്നിട്ട് പ്രത്യേകിച്ച് കാര്യോമില്ല. അച്ചനാണേല്‍ വിളിച്ചില്ലെങ്കില്‍ ആഹാരംപോലും മറന്നുകളേം. ദയാപരനായ കര്‍ത്താവേ, അച്ചന്റെ മനസ്സില്‍ തറച്ചിരിക്കുന്ന ദു:ഖത്തിന്റെ കാരമുള്ള് നീക്കം ചെയ്യേണമേ. ആ തങ്കപ്പെട്ട മനുഷേനെ ഇനിയും കഷ്ടപ്പെടുത്തരുതേ...'

കുഞ്ഞുവറീത് പ്രാര്‍ത്ഥന ചൊല്ലി കുരിശുവരച്ച് കണ്ണടച്ചു. കണ്ണുതുറക്കുമ്പോള്‍ ഇരുട്ടുവീണു തുടങ്ങി. മഴ ചെറുതായി ചാറാനും. അങ്ങു താഴെ പടിക്കെട്ടിന്റെ ചുവട്ടില്‍ ഒരു നരച്ച തല പ്രത്യക്ഷപ്പെട്ടു. പടികയറുന്ന മുറയ്ക്ക് ആ തല വലുതായി വന്നു. നരച്ച സ്വെറ്ററും ചുവന്ന മഫ്‌ലറും. കയ്യില്‍ വലിയൊരു പെട്ടിയുണ്ട്. കുടയെടുക്കാന്‍ മറന്നുപോയെന്നു തോന്നുന്നു. നല്ല തങ്കത്തിന്റെ നിറം. നീണ്ട് അഗ്രം കൂര്‍ത്ത മൂക്ക്. കസവുമുണ്ട്, തുകല്‍ച്ചെരിപ്പ്. കഴുത്തില്‍ തടിയന്‍ സ്വര്‍ണ്ണമാല. കുത്തനെ പടി കയറുന്നതുകൊണ്ട് നടപ്പിന്റെ ഗാംഭീര്യം അറിയാന്‍ പറ്റില്ലെങ്കിലും കുഞ്ഞുവറീതിനെന്നല്ല, ആര്‍ക്കും വ്യക്തമായി മനസ്സിലാവും, കയറിവരുന്നത് ഒരു ഉഗ്രപ്രതാപിയാണെന്ന്.

അയാള്‍ പടികയറി മുകളിലെത്തിയപ്പോള്‍ കപ്യാര്‍ അറിയാതെ എണീറ്റുപോയി. അടുത്തുചെന്ന് കയ്യിലെ പെട്ടി വാങ്ങിയിട്ട് വറീത് ചോദിച്ചു: 'ആരാ, എവിടുന്നാ?' വന്നയാള്‍ ഒന്നും മിണ്ടാതെ മുന്നോട്ടുനടന്ന് പടവുകള്‍ കയറി മുകളിലത്തെ പടിയിലിരുന്നു. കപ്യാര്‍ ആഗതനെ അടിമുടി നോക്കി. പത്തെഴുപതു വയസ്സുണ്ടാവും. നല്ല ആരോഗ്യം. ഈ പടികള്‍ മുഴുവന്‍ കയറിയിട്ടും കിതപ്പൊന്നുമില്ല. 'അല്ല, വന്ന കാര്യം' എന്നു പറഞ്ഞ് സങ്കോചത്തോടെ കപ്യാര്‍ മുരടനക്കിയപ്പോള്‍ രൂക്ഷമായി അയാള്‍ തിരിഞ്ഞു നോക്കി. 'കപ്യാരാന്നോ? കൊറച്ചു വെള്ളമെടുത്തോണ്ടുവാ' എന്നു പറഞ്ഞ് അയാള്‍ പെട്ടിതുറന്നു മുറുക്കാന്‍ ചെല്ലമെടുത്തു പുറത്തിറങ്ങി. വാസനച്ചുണ്ണാമ്പും കൂട്ടി മുറുക്കുന്നതിനിടെ 'എന്നാല്‍ കപ്യാര് ചെല്ല്, പെട്ടന്നാവട്ടെ' എന്നു കല്പിക്കുമ്പോള്‍ അനുസരിക്കാനേ അയാള്‍ക്കായുള്ളൂ.

കുഞ്ഞുവറീതില്‍നിന്ന് വെള്ളം നിറച്ച മൊന്ത വാങ്ങി വായ കുലുക്കുഴിഞ്ഞ് കാര്‍ക്കിച്ച് ഓര്‍ക്കിഡ് തൈകള്‍ക്കു മേലേ തുപ്പിയ അയാള്‍ മുഖം നന്നായി കഴുകി മേല്‍മുണ്ടു കൊണ്ട് മുഖം തുടച്ചു. 'ഇനി പറ, പേരെന്നതാ?' ചോദ്യം കേള്‍ക്കാത്ത താമസം കപ്യാര്‍ ഭവ്യതയോടെ പേരു പറഞ്ഞു. ഒപ്പം 'സാറ് വന്ന കാര്യം പറഞ്ഞില്ല' എന്ന് ഓര്‍മ്മിപ്പിച്ചു. കപ്യാരുടെ മുഖത്തുനോക്കാതെ അയാള്‍ തെല്ലു പതുക്കെ പറഞ്ഞു:
 
'അച്ചനെയൊന്നു കാണണം. ഒന്നു കുമ്പസാരിക്കാനാ.' കുഞ്ഞുവറീതിന്റെ കണ്ണുതള്ളിപ്പോയി. 'ഈ തണുത്ത സന്ധ്യയ്ക്ക് ഇത്രയും ദൂരെനിന്നും കുമ്പസാരിക്കാന്‍ മാത്രമായി ഒരു കാരണവരോ?' ഞെട്ടലൊന്നു മാറിയപ്പോള്‍ കപ്യാര്‍ വീണ്ടും ചോദിച്ചു: 'ആരു വന്നെന്ന് പറയണം?'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ഇത്തവണ ചോദ്യം അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. കുറച്ചുനേരത്തെ അസ്വസ്ഥമായ മൗനത്തിനുശേഷം വൃദ്ധന്‍ പറഞ്ഞു: 'കുട്ടനാട് മാമ്പുഴക്കരി വള്ളക്കാലേല്‍ പുന്നൂസ് തര്യന്‍...' കപ്യാര്‍ക്ക് പെട്ടെന്നു കാര്യം പിടികിട്ടി. അയാളോടി അകത്തുപോയി കൊച്ചച്ചനെ വിളിച്ചു. 'അച്ചന്റെ നാട്ടീന്ന് ഒരു മൂപ്പീന്ന് കുമ്പസാരിക്കാന്‍ വന്നേക്കുവാ. വള്ളക്കാലേല്‍ പുന്നൂസ്...'

പള്ളിമുറിയില്‍ ഇയ്യോബിന്റെ പുസ്തകം വായിക്കുകയായിരുന്ന അച്ചന്‍ വന്നയാളിന്റെ പേരു കേട്ടതും ഒന്നു കിടുങ്ങിയോ? അയാളുടെ കണ്ണുകളില്‍ എന്തോ അസ്വസ്ഥത മിന്നിമറയുന്നതുപോലെ കപ്യാര്‍ക്ക് തോന്നി. 'അച്ചനു സുഖമില്ലെങ്കി വേണ്ട. പിന്നൊരിക്കല്‍ വരാന്‍ പറയട്ടെ?' അപ്പോഴേയ്ക്കും അച്ചനെണീറ്റു, ഒന്നും പറയാതെ മുറിക്കുള്ളില്‍ നടപ്പു തുടങ്ങി. ഒടുവില്‍ തെല്ല് ഇടര്‍ച്ചയുള്ള ശബ്ദത്തില്‍ കപ്യാരോടു പറഞ്ഞു: 'പള്ളീല്‍ കേറി ഇരിക്കാന്‍ പറ. ഞാനൊന്ന് വേഷം മാറി വരട്ടെ. പത്തു മിനിട്ട്!' കുഞ്ഞുവറീത് പള്ളിക്കകത്ത് വിളക്കുകള്‍ തെളിയിച്ച ശേഷം പുന്നൂസിനെ വിളിച്ചു.

ളോഹ ധരിച്ച് കഴുത്തില്‍ ഉറാലയിട്ട് അച്ചന്‍ കുമ്പസാരക്കൂട്ടിലേക്ക് കയറുമ്പോള്‍ പുറത്ത് മുട്ടുകുത്തിനില്‍ക്കുകയായിരുന്നു പുന്നൂസ്. പീറ്റര്‍ മാതാവിന്റെ രൂപത്തിലേക്ക് നോക്കി. ദിവ്യമായ പുഞ്ചിരി വഴിയുന്ന മുഖം. മാതാവിന് റാഹേലമ്മയുടെ ഛായയുണ്ടോ? പീറ്റര്‍ അതു മറക്കാന്‍ ശ്രമിച്ചുകൊണ്ട് ആസനസ്ഥനായി. കര്‍ത്താവിനു സ്തുതിയും പാപപരിഹാര പ്രാര്‍ത്ഥനയും നടത്തിയ ശേഷം അച്ചന്‍ പറഞ്ഞു: 'പരിഹാരമില്ലാത്ത പാപമില്ല, പശ്ചാത്താപത്തേക്കാള്‍ വലിയ പ്രായശ്ചിത്തമില്ല. സര്‍വ്വശക്തനായ കര്‍ത്താവറിയാതെ ഒരിലപോലും കൊഴിയുന്നില്ലെന്നാണല്ലോ. മനസ്സിനെ അലട്ടുന്ന ദു:ഖവും പാപവും എന്തുതന്നെയായാലും കുമ്പസാരിച്ചാല്‍ മനസൗഖ്യം വീണ്ടുകിട്ടും. എല്ലാം തുറന്നുപറയൂ...'
അയാളൊന്നു കാറി ശബ്ദശുദ്ധി വരുത്തിയിട്ട് തുടങ്ങി: 'എനിക്ക് കൊറച്ചധികം പറയാനൊണ്ട്. അതെന്നാന്നുവെച്ചാല്, ആണ്ടുകുമ്പസാരം നടത്തീട്ടുതന്നെ പത്തിരുപത്തെട്ടു വര്‍ഷമായി. ദൈവനെഷേധിയായിട്ടാ ജീവിച്ചോണ്ടിരുന്നത്... കൊറച്ചധികം പറയാനൊണ്ട്. അച്ചന് തെരക്കില്ലെങ്കില്‍...'
'മുഴുവന്‍ പറയണം. എനിക്ക് തിരക്കില്ല' നിസ്സംഗമായ ശബ്ദത്തില്‍ അച്ചന്‍ പറഞ്ഞു.

'അച്ചനറിയാമല്ലോ. ഞങ്ങടെ വള്ളക്കാലേല്‍ കുടുംബത്തിന്റത്രേം നെലേം വെലേമുള്ള തറവാടുകള്‍ നാട്ടില്‍ കൊറവാരിക്കും. പാരമ്പര്യമായിട്ട് ഞങ്ങള്‍ക്ക് നെല്‍ക്കൃഷിയാ. ഇപ്പഴുമൊണ്ട് അത്യാവശ്യം കൊഴപ്പമില്ലാതെ കുടുംബം നടത്താനുള്ള കൃഷി. എന്റെ ഭാര്യ റാഹേലമ്മ. അവള് ചങ്ങനാശ്ശേരീലെ വല്ല്യ തറവാട്ടുകാരിയാരുന്നു. ഞങ്ങള് കല്ല്യാണം കഴിക്കുമ്പം എനിക്ക് 22, അവള്‍ക്ക് 16. ഞങ്ങള്‍ക്ക് അഞ്ചു മക്കളാ, മൂന്നു പെണ്ണും രണ്ടാണും. ഏറ്റവും ഇളയവനും തൊട്ടു മേളിലെ ജാന്‍സിയും തമ്മിലുള്ള പ്രായവ്യത്യാസം അച്ചനറിയാമായിരിക്കും, 18 വയസ്സ്. ഇയാളെന്നാ പ്രാന്ത് പറയുവാന്ന് അച്ചനാലോചിക്കുവാരിക്കും. അച്ചോ, ഇതു മുഴുവന്‍ കേട്ടോ. കാര്യമൊണ്ട്!' പുന്നൂസ് ഒന്നു ചുമച്ചു.

'റാഹേലിന്റെ ഗര്‍ഭോം പ്രസവോം എനിക്ക് വല്ല്യ സന്തോഷമാരുന്നു. അച്ചനറിയത്തില്ല, വൈകി മക്കള്‍ ജനിക്കുമ്പോള്‍ തന്തയ്ക്കും തള്ളയ്ക്കും കിട്ടുന്ന അധിക സന്തോഷം. അറിവില്ലാത്ത പ്രായത്തില്‍ അച്ചനുമമ്മേം ആവുമ്പം മക്കളെ ശരിക്കും സ്‌നേഹിക്കാന്‍ നമുക്കു പറ്റത്തില്ല. എന്നുവെച്ചാ, അതിനുള്ള വിവരോമില്ല, സമയോമില്ല. 46ാം വയസ്സില്‍ അപ്പനായപ്പോ ലോട്ടറിയടിച്ചപോലെ തോന്നി. എന്റെ മൂത്ത രണ്ടു പെണ്‍മക്കളേം കെട്ടിച്ചതിനും അപ്പാപ്പനായതിനും ശേഷം ദാ വരുന്നു രാജകുമാരന്‍!' അയാളുടെ ശബ്ദത്തില്‍ നേരിയ നനവുള്ളതുപോലെ അച്ചനു തോന്നി.

മേല്‍മുണ്ടുകൊണ്ട് മൂക്കുതുടച്ച ശേഷം പുന്നൂസ് തുടര്‍ന്നു: 'അതുവരെ ഞാന്‍ ജീവിച്ചത് രാജാവിനെപ്പോലെയാ. ആവശ്യത്തിനു പണം, പദവി, അന്തസ്സ്, നല്ല ആരോഗ്യം, വിളിപ്പുറത്ത് ബന്ധുക്കള്‍. പക്ഷേ, ഒന്നുരണ്ടു മാസം കൊണ്ട് ഞാന്‍ മാനംകെട്ടവനായി. എന്റെ അപ്പാപ്പന്‍ പത്രോസിന്റെ സ്മരണയില്‍ പീറ്ററെന്ന് പേരിട്ട കൊച്ചിന് കറുത്ത നിറവും ചുരുണ്ട മുടിയും. എന്റെ കൈക്കാരന്‍ ശങ്കരന്റേതുപോലെ' ശബ്ദം വിറയാര്‍ന്ന് നിലച്ചു, പുന്നൂസ് നിശ്ശബ്ദനായി, ഏതോ ഓര്‍മ്മകളില്‍ മുങ്ങി. കൂട്ടിനുള്ളില്‍നിന്നും ആരോ പല്ലിറുമ്മുന്നപോലത്തെ ഒച്ച കേട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, താന്‍ കുമ്പസാരത്തിലാണെന്ന കാര്യം അയാള്‍ മറന്നുപോയേനെ.

'ഞാനൊരഹങ്കാരിയാ. ആരെന്തുപറഞ്ഞാലും എനിക്കിഷ്ടമുള്ളതേ ചെയ്യത്തുള്ളൂ. അതിനി കര്‍ത്താവ് പൊന്നുതമ്പുരാന്‍ പറഞ്ഞാലും അങ്ങനെയാ. പക്ഷേ, പതുക്കെപ്പതുക്കെ എന്റെ അഹങ്കാരമൊക്കെ പൊളിഞ്ഞു. ക്ലബ്ബും പള്ളിക്കമ്മിറ്റീം പോയിട്ട് കല്യാണത്തിനും ശവമടക്കിനും പോലും പോവാന്‍ പറ്റാതായി. എന്നെ കാണുമ്പോ നാട്ടുകാരൊക്ക അടക്കം പറഞ്ഞു ചിരിക്കുന്ന പോലെ. എന്റെ സ്വഭാവോം പതുക്കെ മാറി. പെട്ടെന്ന് ദേഷ്യം വരും. 'എടീ'ന്നുപോലും വിളിക്കാതിരുന്ന റാഹേലിനെ ഞാന്‍ പച്ചയ്ക്ക് തെറി വിളിച്ചുതുടങ്ങി. എന്റപ്പന്‍ തര്യന്‍ കുടിച്ചുകുടിച്ചാ മരിച്ചത്. അതുകൊണ്ട് മദ്യം പോയിട്ട് വീഞ്ഞുപോലും ഞാന്‍ കുടിക്കത്തില്ല, അത് എനിക്ക് പറ്റത്തുമില്ല. അല്ലെങ്കില്‍ കള്ളുകുടിച്ചെങ്കിലും സമാധാനിക്കാമായിരുന്നു.'
'പീറ്ററെ കാണുമ്പം എന്റെ കാലീന്ന് കലിയെളകും. അപ്പോള്‍ കിട്ടുന്നതെടുത്ത് അവനെ തല്ലും, എറിയും. പലതവണ അവനോട് അലറിയിട്ടുണ്ട്, എന്റെ കണ്‍വെട്ടത്ത് വരരുതെന്ന്. അവന്‍ വരത്തുമില്ല. പക്ഷേ, അറിയാതെങ്ങാനും എന്റെ മുന്നില്‍ വന്നുപെട്ടാല്‍ അവന്‍ നില്‍ക്കുന്ന ഒരു നില്‍പ്പുണ്ട്. പേടിച്ചുവിറച്ച്, വെള്ളത്തേല്‍ വീണ കറമ്പനെലിയെപ്പോലെ... ഓ, ആ കാഴ്ച മനസ്സീന്ന് പോണില്ല' പുന്നൂസിന്റെ വാക്കുകള്‍ക്ക് വേഗം കൂടി. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആകാശവാണിയില്‍ കമന്ററി പറയുന്ന വേഗത്തില്‍ അയാള്‍ ശ്വാസംവിടാതെ പറഞ്ഞു തുടങ്ങിയപ്പോള്‍ അച്ചന്‍ ഒരു ജഗ്ഗു വെള്ളം ഒറ്റയിറക്കിനു കുടിച്ചുതീര്‍ത്തു, ബാക്കി കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു.

ചെറിയൊരു നിശ്ശബ്ദതയ്ക്കുശേഷം പുന്നൂസ് പുനരാരംഭിച്ചു: 'ആ ദിവസം എനിക്കൊരിക്കലും മറക്കാന്‍ പറ്റുകേല. രാവിലെ ആലപ്പുഴയ്ക്ക് പോവാന്‍ ബോട്ടു കിട്ടീല. എറങ്ങാന്‍ താമസിച്ചുപോയി. ദേഷ്യത്തില്‍ തിരിച്ചുവരുമ്പം അവന്‍ പൂമൊഖത്ത് കെടന്ന് ഒറക്കമാ. അവനന്ന് നാലഞ്ചു വയസ്സു കാണും. 

ഞാനടുത്തുവന്നു നോക്കി. എന്നാ ചിരിയാരുന്നെന്നോ! ഒരു നിമിഷം അവനെ എടുക്കാന്‍ കൈ തരിച്ചതാ! പക്ഷേ, പെട്ടെന്ന് എനിക്കെന്തോ കലിയെരട്ടിച്ചു. കയ്യിലിരുന്ന കൊടേടെ കമ്പി വേറേ, പിടി വേറേ, ശീല വേറേ ആവുംവരെ പൊതിരെ തല്ലി.' കിഴക്കന്‍മാനത്ത് വലിയ ശബ്ദത്തില്‍ ഇടിവെട്ടിയപ്പോള്‍ ഒരു നിമിഷം പുന്നൂസ് പകച്ചു. ശക്തിയായി വീശിത്തുടങ്ങിയ കാറ്റ് മുറ്റത്തു വീണുകിടന്ന ചെമ്പകപ്പൂക്കള്‍ പള്ളിക്കകത്തേക്ക് അടിച്ചുകയറ്റി. ചൊരുക്കുന്ന മണം എങ്ങും നിറഞ്ഞു.

അച്ചന്‍ കപ്യാരെ വിളിച്ചു: 'കുഞ്ഞുവറീതേ, ആ വാതിലൊന്നടയ്ക്ക്. ഈ നടക്കുന്നതൊരു ദിവ്യ കൂദാശയാണെന്നറിയത്തില്ല്യോ?' അച്ചന്റെ വാക്കുകളില്‍ പതിവില്ലാത്ത ഈര്‍ഷ്യ പതിഞ്ഞുകിടന്നു. വറീത് പാഞ്ഞെത്തി വാതിലുകളടച്ചു, ശബ്ദമുണ്ടാക്കാതെ കുശിനിയിലേക്ക് നൂണ്ടു.

'അച്ചനോര്‍മ്മയൊണ്ടോ എന്നറിയത്തില്ല. മഴ നനയുന്ന പോത്തിനെപ്പോലെ അടി മുഴുവന്‍ കൊണ്ടിട്ടും അവന്റെ കണ്ണീന്ന് ഒരു തുള്ളി വെള്ളം വന്നില്ല. ഒരിത്തിരി കരച്ചില്‍. ങേ ഹേ. അതുമില്ല. ആ നരുന്ത് ചെക്കന്റെ കാറ്റുപിടിക്കാത്ത നില്‍പ്പ് എന്നെ മാനം കെടുത്തി. എന്റെ കാലീന്ന് ഒരു തരിപ്പ് മേലോട്ട് കയറി, ഞാന്‍ മുറ്റത്തിറങ്ങി പുളിമരത്തിന്റെ ഒരു കമ്പൊടിച്ചു കേറിവന്നു ഭ്രാന്തനെപ്പോലെ അവനെ തല്ലാന്‍ തുടങ്ങി. അച്ചോ, വീട്ടില്‍ അന്ന് വേറെ ആരുമില്ലാരുന്നു. റാഹേല്‍ പതിവുപോലെ പിടിച്ചുമാറ്റാന്‍ വന്നില്ല... എന്നോട് പ്രതികാരം ചെയ്യാന്‍. ഒരു കളീല് ആരെങ്കിലും തോക്കണമല്ലോ. ഞാന്‍ കമ്പു ദൂരെക്കളഞ്ഞ് പുറത്തേക്ക് പോയി. രാത്രിയോടെ തിരിച്ചുവന്നപ്പോള്‍ അവനെ എങ്ങും കാണാനില്ല, അവളൊന്നും പറഞ്ഞുമില്ല. അവനെവിടാന്ന് ചോദിക്കാന്‍ ഞാന്‍ വേറേ തന്തയ്ക്ക് ജനിക്കണം! നാലഞ്ചുമാസം കഴിഞ്ഞാണറിഞ്ഞത്, ചെറുക്കനെ അങ്ങ് മിസോറാമിലെങ്ങാണ്ടുള്ള അവളുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയെന്ന്. ജെറോമച്ചന്‍. ഇപ്പം അദ്ദ്യം മെത്രാനാണെന്ന് പറേന്ന കേട്ടു...'

സഹിക്കാനാവാത്ത പരവേശം തോന്നി അച്ചന്‍ കുമ്പസാരക്കൂട്ടിനു പുറത്തിറങ്ങി. തല്ലുകൊണ്ട് ശരീരമാസകലം വേദനിക്കുന്നപോലെ. 'രണ്ടു മിനിട്ടിരുന്നാട്ടെ, ഞാനിതാ വരുന്നു' എന്നു പറഞ്ഞ് അയാള്‍ പള്ളിക്കു വടക്കുഭാഗത്തുള്ള കാറ്റാടി മരച്ചോട്ടില്‍ പോയിനിന്നു. തൊട്ടാല്‍ കരി പറ്റുന്നത്രയ്ക്ക് ഇരുട്ടാണ്. മാനത്ത് ഒരു നക്ഷത്രംപോലും കാണ്മാനില്ല. അയാള്‍ കൈകാലുകളും മുതുകും ധൃതിയില്‍ ഉഴിഞ്ഞുകൊണ്ടിരുന്നു, അപ്പോള്‍ അയാളെ ആരോ പൊതിരെ തല്ലിയെന്നോണ്ണം. തടവുന്തോറും പുകച്ചില്‍ കൂടിവന്നു.

അപ്പനുമമ്മയും ബന്ധുക്കളുമെല്ലാമുള്ളപ്പോള്‍ മിസോറാമിലേക്ക് വലിച്ചെറിയപ്പെട്ട അഞ്ചു വയസ്സുകാരന്റെ ദീനചിത്രം പീറ്ററിന്റെ മുന്നില്‍ തെളിഞ്ഞുവന്നു. അവനറിയില്ലായിരുന്നു എന്തിനാണ് സ്വന്തം അപ്പന്‍ തന്നെ ഇത്രയും വെറുത്തതെന്ന്, എന്തിനാണ് തന്റെ പേരില്‍ ദിവസവും അമ്മച്ചിയെ തെറി പറഞ്ഞതെന്ന്, എന്തിനാണ് തന്റേയും ഒപ്പം ഒരു കുടുംബത്തിന്റേയും സ്വൈരം തകര്‍ത്തതെന്തിനെന്ന്.

കൊച്ചു പീറ്ററിനു ജീവിതം തുടരുവാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു. അമ്മച്ചിയുടേയും ആരും കാണാത്തപ്പോള്‍ അവനെ ഓമനിച്ചിരുന്ന മൂത്ത ചേച്ചി ബിന്‍സിയുടേയും ശബ്ദമെങ്കിലും കേള്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പനെ പേടിച്ച് അവരാരും വിളിച്ചില്ല. ഓരോ ദിവസവും എടുക്കാന്‍ പറ്റാത്ത ചുമടുകളായി മാറിക്കൊണ്ടിരിക്കെ രണ്ടു തവണ അവനൊളിച്ചോടാന്‍ ശ്രമിച്ചെങ്കിലും തോറ്റുപോയി. ഒടുവില്‍, എട്ടാം വയസ്സില്‍, ഒരു മഴക്കാലത്ത് കാണുന്നതെല്ലാം തട്ടിത്തകര്‍ത്ത് കുതിച്ചുപായുന്ന നദിയില്‍ ചാടി ജീവിതമവസാനിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും തോറ്റെങ്കിലും അത് അവനു ജീവിതത്തിലേക്കും ദൈവത്തിലേക്കുമുള്ള വഴി തുറന്നു. ജെറോമച്ചന്‍ അവനെ മനസ്സിലാക്കാനും സ്‌നേഹിക്കാനും തുടങ്ങി. ഉണങ്ങാമുറിവുകളുള്ളവര്‍ക്ക് നസ്രായനായ യേശുവിന്റെ തിരുമുറിവുകളാണ് അഭയം എന്ന് അച്ചന്‍ പീറ്ററെ ബോധ്യപ്പെടുത്തി. പത്താംതരം കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ സെമിനാരിയില്‍ അച്ചന്‍പട്ടത്തിനു പഠിക്കാന്‍ ചേര്‍ന്നു. എങ്കിലും രണ്ടുമൂന്നു തവണ അയാള്‍ക്ക് വിഷാദരോഗത്തിനു ചികിത്സ തേടേണ്ടിവന്നു പഠനകാലത്ത്.

അഗസ്തിനോസ് പുണ്യാളന്റെ കുമ്പസാരങ്ങളും ഇയ്യോബിന്റെ പുസ്തകവുമായിരുന്നു പീറ്ററിനെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ഒരാള്‍ പാപത്തിന്റെ വഴിയിലൂടെ ഏറെ സഞ്ചരിച്ച ശേഷം സത്യമാര്‍ഗ്ഗത്തിലേക്ക് വന്നയാള്‍. മറ്റേയാളാകട്ടെ, ആരും തളര്‍ന്നുപോവുന്ന പീഡന, പരീക്ഷണങ്ങളുടെ പരമ്പരയുണ്ടായിട്ടും കര്‍ത്താവായ ദൈവത്തെ മുറുകെപ്പിടിച്ചയാള്‍. എങ്കിലും ഇരുവരും ഏതൊക്കെയോ തലങ്ങളില്‍ സഹോദരങ്ങളാണെന്നും അവര്‍ തനിക്കുവേണ്ടി കര്‍ത്താവിനോട് മാധ്യസ്ഥം പറയുമെന്നും പീറ്ററിനു തോന്നും. പാപങ്ങള്‍ പൊറുത്തുകൊടുത്ത് അവരെ കൈക്കൊണ്ട ദൈവം തന്റെ മേലും കൃപ ചൊരിയുമെന്ന് അയാള്‍ക്കുറപ്പായിരുന്നു.

പക്ഷേ, മിസോറാമില്‍നിന്നും കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയ ദിവസം അയാള്‍ക്ക് മനസ്സിലായി, അന്ന് വള്ളക്കാലേല്‍ തറവാട്ടിന്റെ പൂമുഖത്ത് കിടന്ന് പുന്നൂസിന്റെ കൈത്തരിപ്പു തീരുംവരെ തല്ലുകൊണ്ട ആ അഞ്ചു വയസ്സുകാരന്‍ ഇപ്പോഴും ചോരയുണങ്ങാത്ത മുറിവുകളും അസഹ്യമായ വേദനയുമായി മനസ്സിന്റെ അകത്തളങ്ങളില്‍ കരയാന്‍ വെമ്പി നടക്കുന്നുണ്ടെന്ന്. എന്നെങ്കിലും പുന്നൂസിനെ നേരിട്ടു കണ്ടാല്‍ ചിലതു ചോദിക്കണമെന്ന് അയാളാഗ്രഹിച്ചിരുന്നു. എന്തു ചോദ്യവും ചോദിക്കാന്‍ വള്ളക്കാലേല്‍ പുന്നൂസ് ഇതാ കണ്‍മുന്നിലിരിക്കുന്നു. പൊന്നുതമ്പുരാന്റെ ഓരോ കളികളേ!

പീറ്റര്‍ തിരിച്ചെത്തി കുമ്പസാരക്കൂട്ടില്‍ കയറുമ്പോള്‍ പുന്നൂസ് അവിടന്നനങ്ങിയിട്ടില്ല. വരാന്തയില്‍ തിരിച്ചെത്തിയ കുഞ്ഞുവറീത് കണ്ണുകളാല്‍ ആരാഞ്ഞു, എന്താ പ്രശ്‌നമെന്ന്. അച്ചനൊന്നു ചിരിച്ചുകാട്ടി പുന്നൂസിനോട് പറഞ്ഞു: 'എന്നാല്‍ ബാക്കികൂടി അങ്ങ് പറഞ്ഞാട്ടെ.' അച്ചന്‍ വീണ്ടും കൈകള്‍ കൂട്ടിത്തിരുമ്മാന്‍ തുടങ്ങി.

'പിന്നെ എന്തിനെന്നില്ലാത്ത വാശിയാരുന്നു. എല്ലാരോടും വഴക്കടിച്ചു, തല്ലുണ്ടാക്കി. ശങ്കരനെ പറഞ്ഞുവിട്ടു, അവനെ ആള്‍ക്കാരെ വിട്ട് തല്ലിച്ചു, അവന്റെ പെണ്ണിനെ വ്യഭിചരിച്ചു. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ പിന്നെ ആണാന്നും പറഞ്ഞ് നടന്നിട്ടെന്താ കാര്യം? എന്റച്ചോ, അതിലും വലിയൊരു വൃത്തികേട് ഞാന്‍ ചെയ്തു. ശങ്കരന്റെ മോള് സുഷമയെ ഓര്‍മ്മയുണ്ടോ? അച്ചന്‍ ചെലപ്പം മറന്നുകാണും. പീറ്ററിനെക്കാള്‍ ഏഴെട്ടു വയസ്സിനു മൂത്തതാ. ഒരു ദെവസം പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞുവരുമ്പം ബോട്ടുജെട്ടീല്‍ വെച്ച് അവളുടെ പാവാടേം ബ്ലൗസും വലിച്ചുകീറി വിടീച്ചു. ആ പോഴത്തി നേരേ വീട്ടിപ്പോയി കെട്ടിത്തൂങ്ങി ചത്തു. ഞാനീ വേലത്തരമൊക്കെ അന്നന്ന് റാഹേലിനോടു പറയുമാരുന്നു. അവളൊന്നും വെളീല്‍ കാണിക്കത്തില്ലെങ്കിലും എനിക്കറിയാം, അവള് വേദനിക്കുമെന്ന്. അതാരുന്നച്ചോ എന്റെ സന്തോഷം.'

പിന്നെയും പുന്നൂസ് സംസാരിച്ചുകൊണ്ടിരുന്നു. നാടുവിട്ടുപോവും മുന്‍പ് ശങ്കരന്‍ തന്നെ വന്നു കണ്ടതും എന്തെങ്കിലും സഹായം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആട്ടിയിറക്കിയതും ക്ലബ്ബില്‍ തനിക്കെതിരെ മത്സരിച്ചു ജയിച്ച ഉലഹന്നാനെ വള്ളംകളിയില്‍ വളഞ്ഞ വഴിയില്‍ തോല്‍പ്പിച്ചതുമൊക്കെ. അച്ചനാകട്ടെ, കൊച്ചുപീറ്ററിന്റെ വേദനകളില്‍ കുടുങ്ങിക്കിടന്നു.

'ഇത്രയൊക്കെ വെഷമമുണ്ടായിട്ടും ഒരിക്കല്‍പോലും ഞാന്‍ റാഹേലിനെ തല്ലിയിട്ടില്ല, അവള്‍ക്കൊരു കൊറവും വരുത്തീട്ടില്ല' എന്ന് അഭിമാനത്തോടെ പുന്നൂസ് പറയുമ്പോഴാണ് അച്ചന്‍ കുമ്പസാരത്തിലേക്ക് തിരിച്ചുവന്നത്. 'എന്നുംവെച്ച് ഞാനവളെ വെഷമിപ്പിച്ചിട്ടില്ല എന്നല്ല. പെണ്ണായി ജനിച്ചാല്‍ കൊറച്ചൊക്കെ സഹിച്ചല്ലേ തീരൂ അച്ചോ. എട്ടുപത്തു വര്‍ഷം മുന്‍പ് ജാന്‍സിയുടെ എളേ കൊച്ചിന്റെ മാമ്മോദീസേടന്ന് നമ്മുടെ ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളീല്‍ വെച്ചാരുന്നു അവളുടെ മരണം. ആ കൊച്ചിനും ഏതാണ്ട് പീറ്ററിന്റെ ഛായ തോന്നും, അതാ രസം. ബോഡി വീട്ടിക്കൊണ്ടുവരുമ്പം ഞാന്‍ പൂമൊഖത്തൊണ്ടാരുന്നു. ഞാന്‍ പള്ളീല്‍ കേറത്തില്ലല്ലോ. കല്ലറേലെറക്കും മുന്‍പ് അന്ത്യചുംബനംപോലും ഞാന്‍ കൊടുത്തില്ല. എനിക്കതു പറ്റത്തില്ലാരുന്നു. അവളെ തൊടുന്നതേ എനിക്കറപ്പാരുന്നു...'

തൊട്ടരികത്തെവിടെയോ കൂറ്റനൊരു ഇടിമുഴങ്ങി. കൂറ്റന്‍ പാറകള്‍ താഴേയ്ക്കുരുളുംപോലെ ഘോരമായ ശബ്ദം ചെവികളില്‍ വന്നുനിറഞ്ഞു. അള്‍ത്താരയിലെ മെഴുതിരികള്‍ കെട്ടു. പെട്ടെന്ന് ഒരമിട്ടുപൊട്ടുന്ന ശബ്ദത്തോടെ പള്ളിയിലും പരിസരത്തുമുള്ള വൈദ്യുതിബന്ധം മുറിഞ്ഞു. മരക്കൊമ്പുകള്‍ പൊടുപൊടെ പൊട്ടുന്നതും വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും കേട്ട് കുഞ്ഞുവറീത് നിലവിളിയോടെ കുരിശുവരച്ചു. 

വെപ്രാളത്തിനിടയില്‍ ടോര്‍ച്ച് കണ്ടുപിടിക്കാന്‍ അയാള്‍ക്കായില്ല. കാല്‍വരിക്കുന്നിന്‍ മുകളിലെ കൊച്ചുപള്ളി കുറ്റാക്കുറ്റിരുട്ടില്‍ കൊടുങ്കാറ്റിലും പേമാരിയിലും തളര്‍ന്ന് വിവശമായി നില്‍ക്കുമ്പോള്‍ അകത്ത് കുമ്പസാരക്കൂട്ടിനുള്ളില്‍ കണ്ണുകള്‍ മുറുക്കിയടച്ച് റാഹേലമ്മയെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു പീറ്ററച്ചന്‍. ആരോടോ കണക്കുതീര്‍ക്കുംപോലെ പ്രകൃതി ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു. ജനലുകളും വാതിലുകളും ശക്തിയില്‍ തനിയെ തുറന്നടഞ്ഞ് വെടിക്കെട്ടിന്റെ പ്രതീതിയായിരുന്നു പള്ളിക്കകത്ത്. ഇടയ്ക്ക് ചില മിന്നലുകള്‍ വര്‍ണ്ണച്ചില്ലുകളിലൂടെ കടന്നുവന്ന് ഭീതിദമായ ചിത്രങ്ങള്‍ ചുമരില്‍ വരച്ചു.

കുഞ്ഞുവറീത് റാന്തല്‍ വെളിച്ചവുമായി കുമ്പസാരക്കൂട്ടിനടുത്തെത്തുമ്പോള്‍ ഇരുവരും ഇരുന്നിടത്തുനിന്നും അനങ്ങിയിട്ടില്ല. 'അച്ചോ, ഇന്നിനി കറന്റു വരത്തില്ല. ബാക്കി നാളെയാക്കാം, അല്യോ? പുന്നൂസ് സാറിന് എന്തായാലും ഇന്നിനി പോകാന്‍ പറ്റത്തില്ല. നേരം വെളുത്തേച്ചാവാം ബാക്കി' എന്ന് സ്‌നേഹഭാവത്തില്‍ അയാള്‍ പറഞ്ഞു. പക്ഷേ, അച്ചന്‍ വിലക്കി. 'ഒന്നും നാളത്തേയ്ക്ക് മാറ്റിവെക്കരുത്. കര്‍ത്താവിന്റെ മനസ്സിലെന്താണെന്ന് ആരു കണ്ടു...' അയാള്‍ ആടുന്ന മെഴുതിരിവെട്ടത്തില്‍ മിഴി പതിപ്പിച്ച് പറഞ്ഞു: 'കുമ്പസാരം തുടര്‍ന്നാട്ടെ. എനിക്കതു മുഴുവന്‍ കേള്‍ക്കണം...'

പീറ്ററിന്റെ ഇരുണ്ട മുഖത്ത് വെട്ടം പതിക്കുന്നതും അതൊരു വെങ്കലപ്രതിമപോലെ നിസ്സംഗമായി തന്നെ നോക്കുന്നതും പുന്നൂസ് മനസ്സില്‍ കണ്ടു. 'ഇനി അത്രയ്‌ക്കൊന്നും പറയാനില്ലച്ചോ. അത്രമേല്‍ പാപം ചെയ്ത എനിക്ക് പൊന്നുതമ്പുരാന്‍ വഴികാണിച്ചു തന്നു, എന്റെ മാനം വീണ്ടെടുത്തു തന്നു. അതെങ്ങനാന്നു വെച്ചാല്, ഇക്കഴിഞ്ഞ മേടത്തില്‍ വള്ളക്കാലേല്‍ കുടുംബത്തിന്റെ ഒരു കുടുംബയോഗം വിളിച്ചിരുന്നു. ഇടുക്കിയിലും കണ്ണൂരും വയനാട്ടിലും പത്തനംതിട്ടയിലുമൊക്കെയുള്ള പത്തോളം ശാഖകള്‍ പങ്കെടുത്തു. മനോരമേലൊക്കെ വല്ല്യ വാര്‍ത്തയായിരുന്നു. അച്ചന്‍ അന്ന് മിസോറാമിലായിരുന്നതുകൊണ്ട് അറിയാത്തതാ. അന്ന് പത്തനംതിട്ടേലെ കുര്യച്ചന്‍ ഒരു മൊതല് കൊണ്ടുവന്നു. ഒരു പത്തു നൂറ്റിരുപതുവര്‍ഷം പഴേ പടം. വര്‍ഷം 1854. അന്ന് കോട്ടയത്ത് ചീഫ് എന്‍ജിനീറാരുന്ന ഏതോ ഫുള്‍ട്ടന്‍ സായിപ്പും കൂടെ ഒരു ഒയരം കൊറഞ്ഞ അസിസ്റ്റന്റും നിക്കുന്ന പടം. വരപ്പിച്ചതാ. അതാരാരുന്നെന്നറിയാവോ... എന്റെ അപ്പാപ്പന്‍ പത്രോസിന്റെ അപ്പാപ്പന്‍ യോനാച്ചന്‍. തോമാശ്ലീഹാ മാമ്മോദീസാ മുക്കിയ നമ്പൂരിമാരെന്നൊക്കെ പറേന്നതു കേക്കാന്‍ സുഖമൊണ്ടെങ്കിലും കാശിനു കാശുതന്നെ വേണ്ടായോ... അതിനുള്ള അടിത്തറയിട്ടത് ഈ അപ്പാപ്പനായിരുന്നു.'

'കുടുംബചരിത്രം മുഴുവന്‍ പറയണമെന്നില്ല, കേട്ടോ' വ്യക്തമായ നീരസത്തോടെ അച്ചന്‍ പറഞ്ഞു. 'അച്ചന്‍ ക്ഷമിക്ക്. കഥ ദാ തീര്‍ന്നു. ഞാന്‍ അപ്പാപ്പന്റെ മുഖത്തേക്കു നോക്കി. എന്റെ പീറ്ററിന്റെ മുറിച്ച മുറി. അതേ മുഖം, കണ്ണുകള്‍, തലമുടി... കരുണാമയനായ കര്‍ത്താവ് എന്റെ കണ്ണു തുറന്നു തന്നതാ. റാഹേല്‍ എന്നെ വഞ്ചിച്ചിട്ടില്ല, ഞാന്‍ നാണംകെട്ട കെട്ടിയോനുമല്ല. പീറ്റര്‍ എന്റെ സ്വന്തം മോനാ. എന്റെ ചോര. എന്റെ പൊന്നുമോനെ, ഇതു നേരിട്ടു പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാ കുമ്പസാരിക്കാന്‍ വന്നത്...'

പെട്ടെന്ന് പുന്നൂസ് കരയാന്‍ തുടങ്ങി. കുഞ്ഞുങ്ങളെപ്പോലെ വാവിട്ടുള്ള കരച്ചില്‍. കുഞ്ഞുവറീത് ഓടിയെത്തി അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 'എന്റെ മോനെ, നിന്നെ ഞാനൊന്നു കണ്ടോട്ടെ. ഒന്നു കെട്ടിപ്പിടിച്ചോട്ടെ. പത്തിരുപത്തിമൂന്നു വര്‍ഷമായില്ലേടാ നിന്റെ മുഖം കണ്ടിട്ട്!' ചങ്കു ചിതറുന്ന ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് പുന്നൂസ് കുമ്പസാരക്കൂട്ടിലേക്കു ചെന്നു. പക്ഷേ, അവിടെ അച്ചനുണ്ടായിരുന്നില്ല. 

പുന്നൂസ് കുഞ്ഞുവറീതിനെ തിരക്കി കുശിനിയിലെത്തിയപ്പോള്‍ കഞ്ഞി തിളപ്പിക്കുകയായിരുന്നു അയാള്‍. ഇരുവരും കൂടി അച്ചന്റെ മുറിയിലെത്തിയപ്പോള്‍ പുറത്ത് ഒരു സീല്‍ക്കാരം കേള്‍ക്കായി. 'സാറ് പള്ളിയിലേക്ക് കേറിക്കോ. വല്ല ഇഴജന്തുക്കളുമാരിക്കും' എന്നു പറഞ്ഞ് കുഞ്ഞുവറീത് തെക്കുവശത്തെ വരാന്തയിലേക്കിറങ്ങി മുറ്റത്തേക്ക് ടോര്‍ച്ചടിച്ചു. പച്ചക്കറിത്തോട്ടത്തിന്റെ നടുക്ക് വലിയൊരു മണ്‍കൂന. അതിന്റെ മുകളില്‍നിന്നു സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ട് ആഞ്ഞാഞ്ഞടിക്കുകയാണ് അച്ചന്‍!

കപ്യാര്‍ക്ക് പേടിയായി. 'അച്ചോ, ഇതെന്നാ പണിയാ... കേറിവന്ന് തല തോര്‍ത്തച്ചോ!' പീറ്റര്‍ അതു കേട്ടതായി തോന്നിയില്ല. കുഞ്ഞുവറീത് ഒന്നുകൂടി വിളിച്ചപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി. ആരും പേടിച്ചുപോവുന്ന നോട്ടം. നനഞ്ഞൊട്ടിയ മുടിയും താടിയും ചോരക്കണ്ണുകളും ചോരയില്‍ കുതിര്‍ന്ന ളോഹയും. ഒരു നിമിഷം സ്തബ്ധനായിപ്പോയ വറീത് നിലവിളിച്ചുകൊണ്ട് പള്ളിയിലേക്കോടി. 'പുന്നൂസ് സാറേ'ന്ന് അലറിക്കൊണ്ട്. അവിടെ നന്നായി മുറുക്കി പുകയിലയുടെ ലഹരിയില്‍ കസേരയില്‍ ചാരി കണ്ണടച്ചിരിക്കുകയായിരുന്നു പുന്നൂസ്.

'സാറേ, അച്ചന് എന്നാ പറ്റിയെന്നറിയത്തില്ല. തനിയെ ചാട്ടവാറുകൊണ്ട് അടിക്കുവാ. കണ്ടിട്ട് പേടിയാവുന്നു സാറേ. ഓടിവായോ...'

അവര്‍ ചെല്ലുമ്പോള്‍ പീറ്റര്‍ അടി നിര്‍ത്തി, പുന്നൂസിനെ നോക്കി പുഞ്ചിരിച്ചു. പീറ്റര്‍ ളോഹ ഊരിക്കളഞ്ഞിരിക്കുന്നു, അയാളുടെ ദേഹമാകെ ചോരയിറ്റുന്ന മുറിവുകള്‍. പുന്നൂസ് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കവേ പീറ്റര്‍ കണ്ണുകള്‍ മേലേയ്ക്കുയര്‍ത്തി ഉറക്കെ പറയാന്‍ തുടങ്ങി: 'ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു: ഇനി ജീവിക്കുന്നതു ഞാനല്ല; ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു... ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ, എന്നെ സ്‌നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ... ഹാലേലുയാ! അപ്പാ, ഇറങ്ങി വാ. റാഹേലിന്റെ കണ്ണീരില്‍ കുളിക്കാം. തിരുമുറിവുകളുടെ സുഖമറിയാം. എന്റെ മുറിവുകള്‍ അപ്പനേയും ഈ ലോകത്തേയും സുഖപ്പെടുത്തട്ടെ! കര്‍ത്താവിനു സ്‌തോത്രം!' ഒന്നും മനസ്സിലാവാതെ വറീത് അന്തിച്ചു നില്‍ക്കുമ്പോള്‍ പീറ്റര്‍ പുന്നൂസിനെ പിടിച്ച് മഴയത്തിറക്കി.

'എന്റെ മോനെ, ഒന്നകത്ത് കേറ്. എന്നാ മഴയാ ഇത്!' അയാള്‍ ധൈര്യമഭിനയിച്ച് മകന്റെ കൈപിടിച്ചു. പീറ്റര്‍ ആ കൈകളെ നിര്‍ദ്ദാക്ഷിണ്യം തട്ടിമാറ്റി ആകാശത്തേക്ക് കണ്ണുകളയച്ച് ഭക്തിപൂര്‍വ്വം ഇങ്ങനെ നീട്ടിപ്പറഞ്ഞു: 'നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കില്‍ അവന്‍ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.' കുമ്പസാരം ചെയ്ത വള്ളക്കാലേല്‍ പുന്നൂസിന്റെ പാപങ്ങള്‍ കര്‍ത്താവ് പൊറുത്തിരിക്കുന്നു. എല്ലാ തിന്മയില്‍നിന്നും അങ്ങ് ശുദ്ധി നേടിയിരിക്കുന്നു, രക്ഷ നേടിയിരിക്കുന്നു. എന്റെ പിതാവേ...' പീറ്ററിന്റെ ഭക്തിനിര്‍ഭരമായ ഉച്ചത്തിലുള്ള വിളി ആ മഴയേയും തോല്‍പ്പിച്ച് അകലെയുള്ള മലയിലിടിച്ച് പ്രതിധ്വനിയായി ചിതറി.

കുഞ്ഞുവറീത് പുന്നൂസിനെ പിടിച്ച് വരാന്തയില്‍ കയറ്റിനിറുത്തി. പീറ്ററാകട്ടെ, കയ്യുയര്‍ത്തി നിന്ന് ജ്വരബാധിതനെപ്പോലെ എന്തൊക്കെയോ പറയുകയും പ്രാര്‍ത്ഥിക്കുകയും പല്ലിറുമ്മുകയുമൊക്കെ ചെയ്യുന്നുണ്ട്. 'ദയാപരനായ കര്‍ത്താവേ, അങ്ങയെപ്പോലെ ക്ഷമിക്കാനും മറ്റുള്ളവരോട് പൊറുക്കാനും ഈ ബലഹീനനു കഴിയുന്നില്ലല്ലോ. നിങ്ങള്‍ മോഹിച്ചിട്ടും കിട്ടുന്നില്ല, കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല, കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ട് കിട്ടുന്നില്ല. കിട്ടാത്ത സ്‌നേഹം യാചിച്ചാല്‍ കിട്ടുമോ? കുഞ്ഞുന്നാളില്‍ ചവിട്ടിയുടക്കപ്പെട്ട ഹൃദയവും മനസ്സും പിന്നെങ്കിലും പഴയതുപോലെയാവുമോ?' പെട്ടെന്ന് ഭാവം മാറിയ പീറ്റര്‍ വലംകയ്യാല്‍ തന്റെ മുഖത്ത് ആഞ്ഞിടിച്ചു. കവിള്‍ പൊട്ടി താടിയിലൂടെ ചോര താഴേയ്‌ക്കൊഴുകി. 'ഈ വേദന പില്‍ക്കാല പ്രാബല്യത്തോടെ ഇല്ലാതാക്കാന്‍ പറ്റുമോ?' പീറ്ററിന്റെ ശരീരം കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. 'കുഞ്ഞുവറീതേ, നീ അപ്പനേം കൊണ്ട് മാറിക്കോ! യേശുവേ, നീ എന്നെക്കൊണ്ട് കല്പനകള്‍ തെറ്റിക്കല്ലേ!' ഒരലര്‍ച്ചയോടെ അയാള്‍ തൊട്ടടുത്തുണ്ടായിരുന്ന പിക്കാക്‌സ് കുനിഞ്ഞെടുത്തു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കുഞ്ഞുവറീത് പിന്നൊന്നും ആലോചിച്ചില്ല. പുന്നൂസിനേയും കൊണ്ട് കുശിനിയോടു ചേര്‍ന്നുള്ള ബന്തവസ്സ് മുറിയില്‍ ഓടിക്കയറി അകത്തുനിന്നു വാതില്‍ പൂട്ടി. അകത്തെ അലമാരയും മേശയുമൊക്കെ പിടിച്ചുവെച്ച് വാതില്‍ കൂടുതല്‍ സുരക്ഷിതമാക്കി. അധികം വൈകും മുന്‍പ് പീറ്റര്‍ അവിടെത്തി, അയാള്‍ വാതിലില്‍ ശക്തിയായി മുട്ടുന്നതും ഇറങ്ങിച്ചെല്ലാന്‍ അലറുന്നതും അവര്‍ പേടിച്ചുവിറച്ച് കേട്ടിരുന്നു. കുറച്ചുനേരത്തെ ബഹളത്തിനും അക്രമത്തിനും ശേഷം പീറ്ററിന്റെ ശബ്ദമൊന്നും കേള്‍ക്കാതായെങ്കിലും വാതില്‍ തുറന്നു പുറത്തുവരാന്‍ ഇരുവര്‍ക്കും ധൈര്യമുണ്ടായില്ല.

നേരം പരപരാ വെളുത്തപ്പോള്‍ പുന്നൂസ് രണ്ടും കല്പിച്ചു 
പുറത്തിറങ്ങി. മഴ കഴുകി വൃത്തിയാക്കിയ മാനം. മുറ്റം നിറയെ ചിതറിക്കിടക്കുന്ന മരച്ചില്ലകളും ഇലപ്പടര്‍പ്പുകളും. പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി. താമസസ്ഥലത്തും പുറത്തുമൊന്നും പീറ്ററിനെ കാണാനുണ്ടായിരുന്നില്ല. റബ്ബര്‍ ഷീറ്റിനു മുകളില്‍ സുഖസുഷുപ്തിയിലായിരുന്ന കുഞ്ഞുവറീതിനെ വിളിച്ചുണര്‍ത്തി അയാള്‍ പരിസരം മുഴുവന്‍ മകനെ തിരഞ്ഞു.

ഒടുവില്‍ അവര്‍ പള്ളിക്കു പിന്നിലെ കയറ്റം കയറി നാലുപാടും നോക്കിയപ്പോള്‍ തൊട്ടടുത്ത കുന്ന് വ്യക്തമായി. ആ കുന്നിന്റെ നെറുകയില്‍ പുതുതായി നാട്ടിയ ഒരു കൂറ്റന്‍ മരക്കുരിശ്. അതില്‍ ശരീരം നിറയെ മുറിപ്പാടുകളുമായി ഒരാള്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. ഒരു നിലവിളിയോടെ പുന്നൂസ് വെട്ടിയിട്ട മരംപോലെ നിലംപതിച്ചു.

രാവിലെ പൊലീസെത്തി ജഡം അഴിച്ചിറക്കി. പുന്നൂസിനെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലാക്കി. പീറ്ററിന്റെ പോക്കറ്റില്‍നിന്നും പൊലീസിനു കിട്ടിയ കുറിപ്പില്‍ ചുവന്ന മഷിയില്‍ എഴുതിവെച്ചിരുന്നു:
'ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു: ഇനി ജീവിക്കുന്നതു ഞാനല്ല; ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു... ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ, എന്നെ സ്‌നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com