'കുളെ'- മൃദുല്‍ വി.എം. എഴുതിയ കഥ

'എനിക്ക് പെണ്ണിനെ ഇണ്ടാക്കി താടാ...' എന്നലറുന്ന ചേട്ടനെ സ്വപ്നം കണ്ടാണ് സജീവന്‍ ഉറക്കം ഞെട്ടി എണീറ്റോടിയത്
'കുളെ'- മൃദുല്‍ വി.എം. എഴുതിയ കഥ

1. ആലോചന 

തന്നെ കട്ടിലോടെ പൊക്കിയെടുത്ത്, ഇരുട്ടില്‍ കോടയുടെ മറ മായാത്ത കാരക്കുഴിച്ചാലിന്റെ തണുപ്പിലേക്ക് വലിച്ചെറിഞ്ഞ്:

'എനിക്ക് പെണ്ണിനെ ഇണ്ടാക്കി താടാ...' എന്നലറുന്ന ചേട്ടനെ സ്വപ്നം കണ്ടാണ് സജീവന്‍ ഉറക്കം ഞെട്ടി എണീറ്റോടിയത്.

മുപ്പത്തിയെട്ടിലേക്കു നരച്ച, വിളറിയ, ശോഷിച്ചതെങ്കിലും മുറുകിയ മുഖത്തോടെ മുറിയുടെ മൂലയില്‍ അയാള്‍ പതുങ്ങിയിരിക്കുന്നുണ്ടെന്ന് അവനു തോന്നി.

ഭയത്തിന്റെ പാടകള്‍ തട്ടി തട്ടി കിതച്ചു കളഞ്ഞുകൊണ്ട് അടുക്കളപ്പടിയില്‍ വന്നിരിക്കുന്ന മകനെ സത്യഭാമ സഹതാപത്തോടെ നോക്കി. ഇതിപ്പോ പതിവാണ്.
 
'ഓന്‍ നിന്റെ ഏട്ടനാന്ന്. നിന്നെ ഒന്നും ചെയ്യൂല...'

അവരുടെ ചിതറിയ ഒച്ചയില്‍ സജീവനു വിറ കേറി.

'എന്ത് നാശം പിടിച്ച പ്രേതാ... ന്ന് നിങ്ങളെ മോന്‍..! ചത്താല് ചത്ത ആളുകളപ്പോലെ ജീവിക്കണം...'

അവന്‍ കാവിയടിച്ച സിമന്റ് പടിയില്‍ ഊക്കോടെ ഒന്നു ചവിട്ടി. അന്നേരം കണിയാന്‍ ഗേറ്റ് കടന്നുപോയി.

ബ്രോക്കര്‍ ഇറയത്തിരുന്നു സംസാരിക്കുന്നതു കേട്ടപ്പോള്‍ അവന് പിന്നേം വിറ കൂടി അകത്തേക്കു നടന്നു.
 
പതിന്നാലാം വയസ്സില്‍ കപ്പണക്കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ച തന്റെ കുഞ്ഞിനോട്, ഇരുപത്തിനാല് കൊല്ലം കഴിഞ്ഞിട്ടും ചൂടാറാത്തൊരലിവും വാത്സല്യവും സത്യഭാമയിലുണ്ടായി.

തന്റെ കുഞ്ഞിനോട്, അവന്റെ അച്ഛനും അനിയനും ഒരുകാലത്തും നീതി കാട്ടില്ലെന്ന് എന്നെത്തേയും പോലെ സത്യഭാമ വേവലാതിപ്പെട്ടു. പക്ഷേ, പതിവില്ലാത്ത ചില തീരുമാനങ്ങള്‍ ഇറയത്തുനിന്നും കേട്ട് അവരെണീറ്റ് നോക്കി. 

'നായരേ, ഈ കാര്യത്തില്‍ കണിയാന്‍ പറഞ്ഞപോലെ... പെണ്ണ് തന്നെ ആവണം എന്നേ ഉള്ളൂ. അയിന് കളറും ക്ലാസ്സും ഒന്നും വേണ്ട. ഒരു ചടങ്ങിന്... നമ്മളൊരാളെ കണ്ട്പിടിക്കുന്നു. കല്യാണം അങ്ങ് നടത്തുന്നു...'

മണി തന്റെ മൊബൈല്‍ സ്‌ക്രീന്‍ കെടുത്തിവെച്ച് രാഘവന്‍ നായരെ നോക്കി. ചവിട്ടിത്തുള്ളി വന്ന സജീവന്റെ മുഖം പതിയെ തെളിഞ്ഞ് വന്നു. അതുവരെ കനത്തു പിടിച്ചിരുന്ന അച്ഛന്റെ മുഖത്ത് അയവ് വന്നു തുടങ്ങിയിരിക്കുന്നു.

അല്ലെങ്കിലും സ്വന്തം ജാതിക്കാര്‍ എന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പെണ്ണു കാണല്‍ പരിസരങ്ങളില്‍നിന്നു പൊന്തിവരുന്ന അവജ്ഞയുടെ പൊള്ളലുകള്‍ കൊറേ കിട്ടിയിരിക്കുന്നു. പത്തു തോറ്റ് വീട്ടിലിരിക്കുന്നവള്‍ക്കുപോലും ഇക്കാര്യത്തില്‍ വലിയ ഡിമാന്‍ഡ് ആണ്.

ജാതിയും ജാതകവും ഇല്ലവും നോക്കി ഏറെക്കുറെ ഉറപ്പിച്ചെന്നു തോന്നിയ എല്ലാ ആലോചനകളും മുടങ്ങിപ്പോവുകയും ചെയ്തിരുന്നല്ലോ. ഇതിപ്പോ ജാതി മാറ്റി പിടിക്കാനാണ് ബ്രോക്കറും പറയുന്നത്.

അവനതില്‍ തല കുലുക്കി. അവന്റെ കുലുക്കം കണ്ട്, രാഘവന്‍ നായര്‍ നോക്കി.

'നിന്റെ അല്ല... നിന്റെ മൂത്തവന്റെ...'

അയാളുടെ കനത്ത ശബ്ദം സജീവനെ ഞെട്ടിക്കുകയും സത്യഭാമയെ കോരിത്തരിപ്പിക്കുകയും ചെയ്തു.

'ഒരു മണിയാണി വരെയൊക്കെ... നോക്കാം. അല്ലെ മണി..?'

അയാളൊന്ന് ശബ്ദം കുറച്ചു. മണി ചിരിച്ചു.

'ആത്മാക്കളുടെ ജാതീം ജാതകോം നോക്കില്ലെങ്കിലും പ്രായം നോക്കണ്ടേ നായരെ. പ്രായക്കൂടുതല്‍ പാടില്ല. അപകടമരണത്തില്‍പ്പെട്ട ആത്മാക്കള്‍ പാടില്ല. പിന്നേം കൊറച്ചു കാര്യങ്ങള്‍ ഇണ്ട്. അതു വേണ്ടാന്ന് വെച്ചാലും ഇതില്‍ കൊറച്ച് റിസ്‌ക് ഇണ്ട്. ഇതു നിങ്ങടെ ആളുകളുടെ പരിപാടി അല്ലല്ലോ... ന്നാലും ഞാന്‍ നോക്കാം.'

മൂന്നുപേരും ഒന്നും മിണ്ടാതെ മണിയെ കേട്ടിരുന്നു.

ഇത്രേം കാലം തന്റെ കല്യാണം മുടക്കിയ ചേട്ടനെ ഒരു കല്യാണം കഴിപ്പിച്ചു മൂലക്കിരുത്തുന്ന ഏര്‍പ്പാട് സജീവനേയും വല്ലാതങ്ങു സന്തോഷിപ്പിച്ചു. അങ്ങേര്‍ക്ക് മോക്ഷം കിട്ടാന്‍ ഇതിലും നല്ല വഴി വേറെ ഇല്ല. അവനു ചിരി വന്നു. 

എല്ലാം സമ്മതിച്ച്, മോശമല്ലാത്ത ഒരു തുക അഡ്വാന്‍സും വാങ്ങി മണി പോയിട്ടും കുറച്ചുനേരം അവനാ നില്‍പ്പ് നിന്നു.

ഒഴിയാബാധയായിരുന്നു ചേട്ടന്‍.

ഒഴിപ്പിച്ചിട്ടും ഒഴിപ്പിച്ചിട്ടും അയാള്‍ പിടിച്ചുനിന്നു. തനിക്കു മുന്നേ വളര്‍ന്നു. ഇരുട്ടിലും ഇടവഴിയിലും ഒരകലം വിട്ട് നടന്ന്, രാത്രിയില്‍ കൂടെ കിടന്ന് നല്ല സ്വപ്നങ്ങളെയെല്ലാം പായിച്ചു വിട്ടു. കൊറേക്കാലം അയാള്‍ മാത്രമായി സ്വപ്നത്തില്‍. അതിന്റെ വിടുതലിലേക്കുള്ള ഓര്‍മ്മ പോലും അവനെ തുള്ളിച്ചു.

ആറേഴു ദിവസം കഴിഞ്ഞാണ് മണി ബീനയുടെ ആലോചനയുമായി കയറിവന്നത്. മുറുക്കമുള്ള നോട്ടം പിന്നെയും കടുപ്പിച്ച് രാഘവന്‍ നായര്‍ അതു വേണ്ടെന്നു മുറിച്ചു.

കടുപ്പിച്ചാല്‍ നായരെ പിന്തിരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

അതുകൊണ്ട് നമുക്കു വേറെയും നോക്കാമെന്നു പറഞ്ഞ് മണിയൊഴിഞ്ഞു.

നെല്ലിക്കട്ടയില്‍നിന്നു കൊണ്ടുവന്ന പുഷ്പജയുടെ ആലോചന രണ്ടു വീട്ടുകാര്‍ക്കും സമ്മതമായിരുന്നു.

ഏറെക്കുറേ അതുറപ്പിച്ചെന്ന നിലയിലാണ് പെണ്‍കുട്ടിക്ക് പ്രായക്കൂടുതലുണ്ടെന്നറിഞ്ഞത്. നല്ല തറവാട്ടുകാര്‍ ആയതുകൊണ്ട് രാഘവന്‍ നായര്‍ക്ക് അതു വിട്ടുകളയാന്‍ ഒട്ടും മനസ്സുണ്ടായിരുന്നില്ല. 

ഇരിട്ടി മുതല്‍ ഇങ്ങോട്ട് സുള്ള്യ വരെ മണിയുടെ പെണ്ണന്വേഷണം പടര്‍ന്നു. അയാള്‍ ഒറ്റയ്ക്കും ആളെ വച്ചും ശ്രമം തുടര്‍ന്നിരുന്നു.

എന്നിട്ടും രാജീവനു ചേര്‍ന്ന നായര്, നമ്പ്യാര്, മേനോന്‍, നമ്പൂരി, മണിയാണി... കുട്ടികളില്‍ ഒരാള് പോലും ചേര്‍ച്ചയൊപ്പിച്ചു കിട്ടിയില്ല. 

'കര്‍ക്കടകത്തിലേക്ക് നീട്ടിക്കൊണ്ട് പോണ്ടാ' ന്ന് കണിയാന്‍ പിന്നെയുമൊരു വരവില്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍, സത്യഭാമയാണ് മുന്‍പ് മടക്കിയ ആലോചന നിവര്‍ത്തിയത്. അച്ഛനും മകനും അതു കേട്ടതായേ ഭാവിച്ചില്ല.
 
ഒന്നു രണ്ടു ദിവസം അവരതും പറഞ്ഞ് അരിയിട്ടു, കറിക്കരിഞ്ഞു, നിലം തുടച്ചു, അലക്കി, ഭര്‍ത്താവിന്റെ ഷര്‍ട്ട് തേച്ചു, മാറാലയടിച്ചു...

അങ്ങനെ രാഘവന്‍ നായര്‍ കേള്‍ക്കേയും കേള്‍ക്കാതേയും ബീനയുടെ ആലോചനയെ പൊതിഞ്ഞു വളര്‍ത്തി വലുതാക്കി.

അച്ഛനെപ്പോലെ സജീവനും അതിലൊട്ടും താല്പര്യം കാണിച്ചില്ല. ആലോചന പിന്നെയും മൂന്നു ദിവസം പുകഞ്ഞു. 

മകന്റെ ആത്മാവിനു ചേര്‍ന്ന ഒരാത്മാവിനെ കിട്ടാനുള്ള പ്രയാസം മനസ്സിലായിട്ടാണോ, ജീവിച്ചിരിക്കുന്ന മകന്റെ ഭാവി ജീവിതമോര്‍ത്താണോ, സത്യഭാമയുടെ സംവാദങ്ങളെ ഭയന്നാണോ എന്തോ...

ബീനയുടെ ആത്മാവിനെ മൂത്തമകന്‍ രാജീവന്റെ ആത്മാവോട് ചേര്‍ത്തുവെയ്ക്കാന്‍ രാഘവന്‍ നായര്‍ തയ്യാറായി. അല്ലെങ്കിലും പുരോഗമനപരമായ ആശയങ്ങളെ വല്ലാതങ്ങു തള്ളി കളയേണ്ടല്ലോ എന്നും കരുതിയിരിക്കാം!

മറ്റാരും അറിയരുത്. അതീവ രഹസ്യമായിരിക്കണം, എന്നുമാത്രം അയാള്‍ നിര്‍ബ്ബന്ധം പിടിച്ചു.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

2. നിശ്ചയം 

ഉച്ചവെയിലില്‍ ബീനയുടെ വീട് പൊള്ളിക്കൊണ്ടിരുന്നു. ആസ്ബറ്റോസിന്റെ ഷീറ്റ് നിഴലു കൊടുക്കുന്ന മിറ്റത്ത് ഒരു ഫൈബര്‍ ടേബിളിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന് രണ്ടു വീട്ടുകാരും ഒരു തീരുമാനത്തിലെത്തി.

ആ ഉറപ്പിക്കലിന്റെ തൃപ്തിയില്‍ സജീവന്‍ അച്ഛനേയും അമ്മാവനേയും നോക്കി വെറുതെ ഇരുന്നു.

സത്യഭാമ, സരോജിനിയുടെ കൂടെ പോയിരുന്ന തിണ്ണയില്‍ മെലിഞ്ഞൊരു കറുത്ത പൂച്ച കരയാതെ കിടക്കുന്നുണ്ടായിരുന്നു. സരോജിനി സത്യഭാമയെ നോക്കി ചിരിച്ചുകൊണ്ട് അതിനെ തൊട്ടപ്പോള്‍ അത് കാലുകള്‍ പൊക്കി, മൂ... എന്നൊരൊച്ചയില്‍ വാലനക്കി.

'പുദുമ, നെല്ലിവീട്ടില്‍ രാഘവന്‍ നായര്‍ സത്യഭാമ എന്നിവരുടെ മകനും; പള്ളം, മധുരംവീട്ടില്‍ രാഘവന്‍ നായരുടെ മരുമകനുമായ രാജീവന്‍ നായരും ഇരിയ കരിങ്കുട്ടികോളനിയില്‍ മുന്ദന്‍, സരോജിനി എന്നിവരുടെ മകള്‍ ബീനയും തമ്മിലുള്ള പ്രേതവിവാഹം ഈ വരുന്ന മേടം 9, ഏപ്രില്‍ മാസം 22ാം തീയതി വധൂഗൃഹത്തില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു...'

വളരെ പതുക്കെ അമ്മാവന്‍, രാഘവന്‍ നായര്‍ അതു വായിച്ചു. നല്ലൊരു കാറ്റടിച്ചിട്ടും കെടാതെ അവര്‍ക്കിടയില്‍ ചെറിയൊരു നിലവിളക്ക് അനങ്ങിയനങ്ങി കത്തിക്കൊണ്ടിരുന്നു. 

ഇടക്കുഴിയില്‍ കരിഞ്ചാമുണ്ഡി തെയ്യമുള്ള ദിവസം മുന്ദനാണ് ആലോചിച്ചു പറഞ്ഞത്. അന്ന് കോളനിയില്‍ വയ്യാതെ കിടക്കുന്ന ആളുകള്‍ വരെ വണ്ടി പിടിച്ച് തെയ്യത്തിനു പോകും. കല്യാണം രഹസ്യമായി നടക്കും.

ഇടക്കുഴിയമ്മയാണ് മുന്ദന്റേയും കുടുംബത്തിന്റേയും ധര്‍മ്മദൈവം.

പെട്ടെന്നൊരു നിമിഷം അയാള്‍ നിശബ്ദനായി തെയ്യത്തെ വിളിച്ചു.

പതിമൂന്നാം വയസ്സില്‍, പ്ലാന്റേഷനിലെ പറങ്കിമാവിന്റെ കൊമ്പില്‍ തൂങ്ങിയ ബീനയെ അയാളോര്‍ത്തു.
'ബീനക്ക് ഒരാലോചന വന്നിരുന്നു. കെഴക്ക് അമ്പിലാടീന്ന്...

എല്ലാം ഒറപ്പിച്ചതായിരുന്നു. 

അവിടെ പെട്ടന്നൊരു മരണം നടന്നോണ്ട് അതു പിന്നെ ഒന്നും ആയില്ല. ഇവക്ക് ഇപ്പോ പ്രായം മുപ്പത്തിയൊന്നായില്ലെ...

ജീവനോടെ ഇണ്ടെങ്കില്‍, ഞങ്ങ ഇത്രേം വൈക്കൂലല്ലോ...'

സരോജിനി സത്യഭാമ കേള്‍ക്കാന്‍ മാത്രം പറഞ്ഞു.

ബീന ഒന്‍പതില്‍ പഠിക്കുമ്പോഴെടുത്ത ഒരു ക്ലാസ്സ് ഫോട്ടോയില്‍, അവളെ കാണിച്ചുകൊടുത്തു. കറുത്തു ഭംഗിയുള്ള, ചുരുണ്ട ചുരുണ്ട മുടിയുള്ള ബീന. സത്യഭാമ അവളെ കണക്കുകൂട്ടി. ഫോട്ടോയില്‍ ഒന്നു തൊട്ട് തെളിഞ്ഞ ചിരിയോടെ ചുണ്ടില്‍ വെച്ചു.

നാരങ്ങ വെള്ളവും മിച്ചറും ബാക്കിവെച്ച്, ഇരുപത്തിരണ്ടിനു കാണാം എന്ന് ഉറപ്പിച്ച് അവരിറങ്ങി. മുന്ദന്‍ അന്നുതന്നെ, കൃഷ്ണനെ വിളിച്ച് രണ്ട് ആള്‍രൂപങ്ങളുണ്ടാക്കാന്‍ ഏര്‍പ്പാടാക്കി. ചെക്കനും പെണ്ണിനുമുള്ള ഉടുപ്പ് സരോജിനി തന്നെ സ്റ്റിച്ചു ചെയ്യാമെന്നു പറഞ്ഞു. അവള്‍ക്കതില്‍ സന്തോഷമുണ്ട്. മിറ്റത്ത് അമ്പിളിപ്പൂക്കള്‍ ഇടവിട്ട് പൂത്തു തുടങ്ങിയത് സരോജിനിയെ സന്തോഷിപ്പിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍, തൂങ്ങിക്കിടക്കുമ്പോഴും ബീനയുടെ മുടിയില്‍ വിടാതെ പറ്റിപ്പിടിച്ച പൂക്കളെ ഓര്‍മ്മവന്നപ്പോള്‍ സരോജിനി കണ്ണ് നിറച്ചുകൊണ്ട്, കാറ് പോയ ദിക്കിലേക്ക് നോക്കിനിന്നു.

'കല്യാണം നല്ലോണം അടുത്തു... അല്ലേ'

എന്നും പറഞ്ഞ് കൊറേ നാളുകള്‍ക്കുശേഷം മുന്ദന്‍ അവളെ തൊട്ടു.

'ഓക്ക് സമ്മതുണ്ടോന്ന് ചോയ്ച്ചില്ലല്ലോ നമ്മോ!'

സരോജിനി അയാളെ നോക്കാതെ പറഞ്ഞു. ആ കുറ്റബോധം അയാളെയും നിശബ്ദനാക്കി. വലിയ ആളുകളുമായുള്ള ഈ കല്യാണം വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കു പിന്നെയും തോന്നി. മണിയോടുള്ള കടപ്പാടിന്റെ പുറത്താണ്. 

സരോജിനിയെണീറ്റ് അകത്തേക്കു പോയി. കല്യാണപ്പുടവ മുറിച്ചുണ്ടാക്കാന്‍, തന്റെ ഷെല്‍ഫ് തുറന്നു.
മെറൂണില്‍ ചന്ദനനിറമുള്ള പുതിയതെന്നു തോന്നിക്കുന്ന ഒരു സാരി അവള്‍ ബീനയുടെ പുടവയ്ക്കായി മാറ്റിവെച്ചു.

3. (പ്രേത) കല്യാണം 

ഇരുട്ടില്‍, ബീനയുടെ വീട് മാത്രം വെളിച്ചം വച്ച്, ചെറുക്കന്റെ വീട്ടുകാരെ കാത്തിരുന്നു. കരിങ്കുട്ടി മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാള്‍ കടന്ന് കോളനിയിലേക്കുള്ള കട്ട് റോഡ് തുടങ്ങുന്നിടത്ത് ഒരു പ്രകാശം കുറഞ്ഞ വലിയ ബള്‍ബ് കത്തുന്നുണ്ട്. അതുവഴി കാര്‍ പതുക്കെ തിരിച്ചു കല്യാണ വീട്ടിലേക്ക് കയറി. മിറ്റത്ത് തന്നെ മുന്ദനും മകന്‍ ബിനീഷും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വണ്ടിയിറങ്ങി രാഘവന്‍ നായര്‍ പയ്യനെ നോക്കി. അവന്‍ ഒന്നു ചിരിച്ചു. അയാള്‍ സജീവനോടും സത്യഭാമയോടും നടക്കാന്‍ പറഞ്ഞ് കാറിനടുത്തുതന്നെ നിന്നു. അളിയനോട് കണ്ണുകൊണ്ടും കൈകൊണ്ടും മിണ്ടി. ഡോര്‍ ലോക്ക് ചെയ്ത് അവര്‍ വീട്ടിലേയ്ക്ക് നടന്നു.

മിറ്റത്ത് മഞ്ഞ മല്ലികപ്പൂമാലകള്‍ തൂക്കിയിട്ട, മൂന്നു തൂണുള്ള പന്തല്‍ പുതുതായി കെട്ടിയിട്ടുണ്ടായിരുന്നു.
അതിനു താഴെയായി ഒരു കട്ടില്‍ അലങ്കരിച്ചുവെച്ചിരിക്കുന്നു. അതിന്റെ മേലെ ഒരു മണ്ഡപമുണ്ടാക്കി ബീനയെ അതില്‍ ഇരുത്തിയിരിക്കുന്നു! 

പുല്ലും മണ്ണും കൊണ്ടുള്ള ആള്‍രൂപമാണ്. അതില്‍ സരോജിനി ഭംഗിയായി സാരിയുടുപ്പിച്ച്, പൊട്ടുതൊട്ട് അമ്പിളിപ്പൂക്കള്‍ ചൂടിച്ച് കല്യാണപ്പെണ്ണാക്കി മാറ്റിയിരുന്നു. സത്യഭാമ അമ്പരപ്പോടെ അതിലേക്കു നോക്കിനിന്നു. നാഴിയില്‍ സങ്കല്പത്തിനു മാത്രം കതിരും നിറയും. നിലവിളക്ക് ബീനയെ മഞ്ഞവെളിച്ചത്തിലിരുത്തി.

'മോനാണ്, പോണ്ടിച്ചേരിയില്‍ പീജിക്ക് പഠിക്കിന്ന്...'

മുന്ദന്‍ ബിനീഷിനെ ഭവ്യതയോടെ ചൂണ്ടിക്കാണിച്ചു. സജീവനത് ശ്രദ്ധിക്കാതെ കയ്യിലെ പ്ലാസ്റ്റിക് പൊതിയില്‍നിന്ന് രാജീവനെ പുറത്തെടുത്തു. വെള്ള മുണ്ടും ഷര്‍ട്ടും ധരിപ്പിച്ച രാജീവനെ അവന്‍ അക്ഷമയോടെ ഉയര്‍ത്തിക്കാട്ടി. മുന്ദന്‍ അരുതെന്നു പറഞ്ഞ്, അതു വാങ്ങി ബിനീഷിന്റെ കയ്യില്‍ കൊടുത്തു.

'ഇയാളാണ്, വരനെ മണ്ഡപത്തിലേക്ക് കൊണ്ടുപോകേണ്ടത്...'

മകനെ തൊട്ട് അയാള്‍ പറഞ്ഞു. രാഘവന്‍ നായര്‍ ഒന്നും മിണ്ടാതെ തലയാട്ടി. 

'ഞങ്ങളുടെ ആളുകള്‍ ചെയ്യുന്ന ചടങ്ങല്ലല്ലോ... അതുകൊണ്ട് നിങ്ങള്‍ എങ്ങനേന്ന് നോക്കി ചെയ്‌തോ...'

അമ്മാവന്‍ അപ്പറഞ്ഞതു കേട്ട് സജീവന്‍ അയാളുടെ അടുത്തുപോയി നിന്നു. നേര്‍ത്ത നൂല് പോലൊരു സ്വര്‍ണ്ണമാല കീശയില്‍നിന്നെടുത്ത് അയാള്‍ക്കു കൊടുത്തു. അയാളതു ചുരുട്ടിപ്പിടിച്ചു. ബിനീഷ് രാജീവനേയും കൊണ്ട് ഒരു വട്ടം മണ്ഡപം ചുറ്റിവന്ന്, അവനെ ബീനയുടെ അടുത്തിരുത്തി. സരോജിനിയും സത്യഭാമയും അതു നിറഞ്ഞു കണ്ടു. മുന്ദന്‍ എല്ലാവരോടുമായി പറഞ്ഞു:

'എല്ലാരും ഒന്നു തെക്കോട്ടു തിരിഞ്ഞു കണ്ണടച്ചു നിക്കണം. അവര് വരുന്ന സമയാണ്... അവര് വന്നാ വെളക്ക് കെടും... നമ്മളവരെ മനസ്സ്‌കൊണ്ട് ആവാഹിക്കും...'

പരസ്പരം ഒന്നു നോക്കി രാഘവന്‍ നായരും അളിയനും കുറച്ച് മാറി തെക്കോട്ട് നോക്കി. സജീവനും സത്യഭാമയും അതുപോലെ തിരിഞ്ഞു നിന്നു. എല്ലാവരും കണ്ണടക്കും മുന്‍പേ, കറന്റും പോയി വിളക്കും കെട്ടു. ഒരു കുളിര് എല്ലാവരേയും കടന്നുപോയി. 

'അവര് വന്നു...'  ഇരുട്ട് ബിനീഷിന്റെ ഒച്ച മൂടിയിരുന്നു.

അതൊരു മുഴക്കംപോലെ സജീവനെ ഭയപ്പെടുത്തി. സരോജിനി എവിടേയും തപ്പിത്തടയാതെ പോയി എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചം കൊണ്ടുവന്നു തിണ്ണയില്‍ വെച്ചു.

കെട്ടുപോയ വിളക്ക് പിന്നേം കത്തിച്ചു. 

'ചടങ്ങ് തൊടങ്ങാ. വൈകണ്ട. അമ്മയാണ് താലി കെട്ടേണ്ടത്...' ബിനീഷ് തിരിഞ്ഞു നോക്കി ഓര്‍മ്മിപ്പിച്ചു.

'എന്തിനാന്ന് സ്ത്രീകളെ ബുദ്ധിമുട്ടിലാക്ക്ന്ന്... നമ്മക്ക് ചെയ്താ പോരെ?'

അമ്മാവന്‍ സജീവന്റെ തോളില്‍ തട്ടി പറഞ്ഞു. അവനും അതിനു തലയാട്ടി.

'ചടങ്ങ് അങ്ങനെയാന്ന്...

അത് തെറ്റിച്ചൂട...'

മുന്ദന്‍ അപേക്ഷയോടെ ഒന്ന് അല്പം കുനിഞ്ഞു. സത്യഭാമ മുന്നോട്ടു വന്ന്, ചേട്ടന്റെ കയ്യില്‍നിന്നു മാല വാങ്ങി. കുനിഞ്ഞ് ബീനയുടെ കഴുത്തില്‍ കെട്ടി. സ്വര്‍ണ്ണനൂലിന്റെ അറ്റത്ത് ഒരു കക്കത്താലി കനമില്ലാതെ ഇളകിക്കിടന്നു. അന്നേരം ആള്‍രൂപത്തില്‍നിന്ന് ഒരാള്‍ തന്നെ സ്‌നേഹത്തോടെ തൊട്ടതായി അവര്‍ക്കു തോന്നി. അവര്‍ക്കു കരച്ചില്‍ വന്നു. ബീനയെ ഒന്നു തൊട്ട് സത്യഭാമ സരോജിനിയുടെ അടുത്തുപോയി നിന്നു കണ്ണു തുടച്ചു. സരോജിനിയപ്പോള്‍ തന്റെ അരയില്‍ ചെരുതിവെച്ചൊരു മാല പുറത്തെടുത്തു. പതുക്കെ നടന്നുപോയി രാജീവന്റെ കഴുത്തിലിട്ടു. അതൊരു തടിപ്പുള്ള സ്വര്‍ണ്ണമാലയായിരുന്നു. 

മുന്ദനും രാഘവന്‍ നായരും ചേര്‍ന്ന് വധൂവരന്മാര്‍ക്ക് കക്ക മാലകളും തെച്ചിമാലകളുമിട്ട് അവരേയും കൊണ്ട് ഒരു വട്ടം മണ്ഡപം ചുറ്റി.

ഇരുട്ടില്‍ ആരെങ്കിലും പതുങ്ങിയിരുന്ന് ഇതൊക്കെ കാണുന്നുണ്ടോ എന്ന്, കൂര്‍പ്പിച്ചു നോക്കുന്ന അച്ഛനെ സജീവന്‍ സമാധാനിപ്പിക്കാനെന്നവണ്ണം കണ്ണടച്ച് കാണിച്ചു. ആരുമില്ല, നമ്മളേയുള്ളൂ. ബാക്കി വീടുകളൊക്കെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ആത്മാവില്ലാതിരിക്കുകയാണ്. 

പെട്ടെന്ന് കറന്റ് വന്നു.

ചടങ്ങുകള്‍ തീര്‍ന്നപ്പോള്‍ ഒന്നു ശ്വാസം വിട്ട് രാഘവന്‍ നായര്‍ അളിയനേയും കൂട്ടി കസേരയില്‍ ഇരുന്നു.
 
ഇനി തന്റെ കല്യാണം മുടക്കാന്‍ ചേട്ടന്‍ വരില്ലെന്ന സമാധാനത്തോടെ സജീവനും കസേര വലിച്ചിട്ടിരുന്നു.

സത്യഭാമ സരോജിനിയോട് മിണ്ടുന്നതിനിടയില്‍ ബിനീഷ്... ഫൈബര്‍ ടേബിള്‍ പുറത്തേക്ക് കൊണ്ടുവന്ന്... തോര്‍ത്തു നനച്ചു തുടച്ചു.

അപ്പോള്‍ മാത്രം, എന്തോ ഒരു പന്തികേട് മണത്ത് രാഘവന്‍ നായര്‍ എണീറ്റു. മുന്ദനും ബിനീഷും ഇലയിടുകയാണ്... 

സജീവന്‍ അമ്മാവനെ നോക്കി. അയാള്‍ പരുങ്ങലോടെ തലയാട്ടി. അന്നേരം ചോറും കറികളും വേഗം വേഗമെടുത്ത് സരോജിനി തിണ്ണയില്‍ വച്ചു.

'എന്നാ പിന്നെ വൈകണ്ട...

ഇരുന്നോളുന്‍...'

സത്യഭാമ പടിയുടെ തുമ്പില്‍ നീല ബക്കറ്റില്‍ വച്ച 
വെള്ളത്തില്‍ കൈ കഴുകി ഇരുന്നു. ഭര്‍ത്താവും ചേട്ടനും മകനും അനങ്ങാതെ നിക്കുന്നത് കണ്ടപ്പോഴാണ് അവര്‍ക്കാകെ അങ്കലാപ്പുണ്ടായത്. എണീക്കണോ വേണ്ടയോ എന്ന്!

'കഴിക്കാന്‍ നിക്കുന്നില്ല... ഞങ്ങള്‍ എറങ്ങലായി, പോയിട്ട് ഒരു ഫങ്ങ്ഷന്‍ കൂടി ഇണ്ട്. ആടേം കൂടി ഒന്നു കേറണം. നമ്മളെ ഒരു അടുത്ത ബന്ധൂന്റെ ആണ്...'

അമ്മാവന്‍ പറഞ്ഞപ്പോ, സജീവന്‍ അതെ... എന്നും പറഞ്ഞിറങ്ങി. പക്ഷേ, മിറ്റം കടക്കും മുന്‍പ് ബിനീഷ് അവനെ വിളിച്ചു നിര്‍ത്തിച്ചു.

'ഇതാണ് പ്രധാന ചടങ്ങ്...

പ്രേത ഊട്ട്. അവര്‍ക്ക് വീത് വച്ച് നിങ്ങളും കഴിക്കണം. അല്ലാതെ ചടങ്ങ് പൂര്‍ണ്ണമാവില്ല...'

ബിനീഷിനെ അവഗണിച്ചുകൊണ്ട് സജീവന്‍ അച്ഛനേയും അമ്മാനേയും വിളിച്ചു.

'അത് ബാക്കി നിങ്ങള് ചെയ്താ മതി. അച്ഛന്‍ വാ... ചടങ്ങ് കൈഞ്ഞു...'

മുന്ദന്‍ ഒന്നൂടെ അപേക്ഷിച്ചു, കഴിക്കാന്‍. ബിനീഷ് അതിന്റെ മേലെ ഒച്ചയെടുത്ത് പറഞ്ഞു.

'ചടങ്ങ് തീര്‍ക്കാന്‍ പറ്റില്ലെങ്കില്‍, നിങ്ങള് കെട്ടിയ താലി പൊട്ടിച്ച് നിങ്ങക്ക് പോകാം... എന്റെ പെങ്ങക്ക് നിങ്ങളെ മോനെത്തന്നെ വേണന്നില്ല...'

പതിവ് വിറയില്‍ സജീവനു നിലതെറ്റി. അവന്‍ തിളപ്പോടെ ബിനീഷിനെ തല്ലാന്‍ കുതിച്ചു.

രാഘവന്‍ നായര്‍ മകനെ തടഞ്ഞു. അയാള്‍ എന്തു ചെയ്യണം എന്നറിയാതെ നിന്നു.

പെട്ടന്നയാള്‍ ഇറയത്ത് തളികയില്‍ വച്ച, കാട്ടുവാഴപ്പഴത്തില്‍ കണ്ണുവെച്ചു.

അതിന്റെ വാസനയില്‍ അയാള്‍ തെളിഞ്ഞു. 

'അയ്യോ, ഇതിലൊക്കെ എന്തിനാന്ന് മുന്ദാ ഒരു കടുംപിടുത്തം...

കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതോണ്ടല്ലല്ലോ...'

അയാള്‍ സ്വന്തം വീട്ടിലെന്നപോലെ ഇറയത്തേയ്ക്ക് കയറി പഴമെടുത്ത് സജീവനും അളിയനും ചിരിയോടെ കൊടുത്തു. വലിയ ഒരെണ്ണം പതുക്കെ തൊലികളഞ്ഞു കഴിച്ചുതുടങ്ങി. സജീവന്‍ അമ്മാവനെ നോക്കി.
 
അയാള്‍ കഴിക്കുന്നുണ്ട്. 

സത്യഭാമ അന്നേരം കസേര വലിച്ചിട്ട് ടേബിളിലേക്ക് കൈകുത്തി ഇരുന്നു.
 
'സരോജിനീ... എനക്ക് എല ഇട്ടോ. അവര നോക്കണ്ട...

എന്റെ മോന്റെ കല്യാണല്ലേ. എനക് വെല്യ സന്തോഷായി...'

സജീവനും രണ്ട് രാഘവന്‍നായരും...

അതുകേട്ട് തരിച്ചുനിന്നു.

കറന്റ് പോയിരുന്നെങ്കില്‍ എന്ന് അവര്‍ക്കു തോന്നി. അവര് വല്ലാതെ വെളിച്ചത്തില്‍ കുളിച്ചു.

നനഞ്ഞ ഇലയില്‍ അച്ചാറും പയറുരിക്കും പച്ചടിയും വിളമ്പി.

ചോറും പുളിശ്ശേരിയും കോഴി വറവും പപ്പടവും വിളമ്പി. ബിനീഷന്നേരം രാജീവനും ബീനയ്ക്കും വീത് വെച്ചു വിളമ്പി. സത്യഭാമയ്‌ക്കൊപ്പം അവരും കഴിച്ചു.

'ഇതെങ്ങനെയാ സരോജിനീ, നീയീ പുളിശ്ശേരി വെക്കിന്ന്, എനക്കൊന്നും എങ്ങനെ വെച്ചാലും ഈ രുചി കിട്ടൂല. അമ്മ വെക്കും ഇങ്ങനെ...

ഉരിക്കില് നിങ്ങ തേങ്ങ പൂളി വറുക്കും ല്ലെ... നല്ലിണ്ട്...'

സരോജിനി ലജ്ജയോടെ അതൊക്കെ കേട്ടിരുന്നു. പരിപ്പ് പ്രഥമന്‍ പഴവും കൂട്ടി കഴിച്ചാണ് സത്യഭാമ എണീറ്റത്. ചിരിയോടെ ഒച്ചത്തില്‍ അവര്‍ കുലുക്കുഴിഞ്ഞു. സരോജിനി കൊടുത്ത പുതിയ തോര്‍ത്തുകൊണ്ട് മുഖം തുടച്ച് അവര്‍ യാത്ര പറഞ്ഞിറങ്ങി.

രാജീവനെ അവിടെ നിര്‍ത്തി വരാന്‍ സത്യഭാമയ്ക്ക് മനസ്സില്ലായിരുന്നു. പക്ഷേ, അങ്ങനെയാണ് ചടങ്ങ്.

ഇനി ബീനയുടെ വീട്ടിലേക്ക് വരേണ്ടതില്ല. പടി കടക്കുന്നതോടെ ബന്ധുത്വം മുറിയും. സജീവന്‍ മിറ്റത്തിന് അപ്പുറം നിന്നു കനപ്പിച്ചു വിളിച്ചപ്പോള്‍ കല്യാണവീട് വിട്ട് അവര് ഇറങ്ങി. സരോജിനിക്ക് അന്നേരം കരച്ചില്‍ വന്നു. 

'സരോജിനീ...

ആ അമ്പിളി പൂവിന്റെ ഏല്,

ഒന്ന് എനക്കും പൊട്ടിച്ചു തരുവോ...'

വലിച്ചടച്ച കാര്‍ഡോറിന്റെ ശബ്ദത്തിലേക്ക് ശ്രദ്ധിക്കാതെ സത്യഭാമ തിരിഞ്ഞുനിന്നു ചോദിച്ചപ്പോള്‍, അതുവരെ മണ്ണുടല്‍ പൊതിഞ്ഞ ആള്‍രൂപത്തില്‍ ചുരുങ്ങിയിരിക്കുകയായിരുന്ന ബീന, പിടഞ്ഞെണീറ്റ് ഏലുകള്‍ പോലെ തളിര്‍ത്ത വിരലുകള്‍ നീട്ടി അവരെ സ്‌നേഹത്തോടെ തൊടാനാഞ്ഞു...

കാറ്റ് ചെടികളെയാകെ ഉലച്ച്,

അവര്‍ക്ക് വട്ടം വെച്ച് നിന്നു. 

*കുളെ- തുളു ഭാഷയില്‍ ആത്മാവ്, പ്രേതം എന്നര്‍ത്ഥം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com