'പ്രപഞ്ചവും മനുഷ്യനും'- വത്സലന്‍ വാതുശ്ശേരി എഴുതിയ കഥ

ഒരു ഘോഷയാത്രയ്ക്ക് വഴിയൊരുക്കാനെന്നപോലെ ഇടനാഴിയുടെ ഓരത്തേക്ക് ചേര്‍ന്നുനിന്ന് രാജീവന്‍ അയാളുടെ വരവ് കൗതുകപൂര്‍വ്വം വീക്ഷിച്ചു
'പ്രപഞ്ചവും മനുഷ്യനും'- വത്സലന്‍ വാതുശ്ശേരി എഴുതിയ കഥ

രു ഘോഷയാത്രയ്ക്ക് വഴിയൊരുക്കാനെന്നപോലെ ഇടനാഴിയുടെ ഓരത്തേക്ക് ചേര്‍ന്നുനിന്ന് രാജീവന്‍ അയാളുടെ വരവ് കൗതുകപൂര്‍വ്വം വീക്ഷിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു സംഘം താഴെനിന്ന് അയാളെ രാജകീയമായി ആനയിച്ചുകൊണ്ടുവരികയായിരുന്നു. ലിഫ്റ്റില്‍ നിന്നിറങ്ങി ഇടനാഴിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആ പരിവാരങ്ങള്‍ക്ക് നടുവിലായിരുന്നിട്ടും അലക്ഷ്യമായ ഒരു നോട്ടത്തിനിടയിലൂടെ അയാള്‍ തന്നെ കണ്ടുവെന്നു രാജീവനു മനസ്സിലായി. ഏതോ പൂര്‍വ്വസ്മരണയിലേക്ക് കാല്‍വഴുതിപ്പോയതുപോലെ അയാളുടെ കാല്‍വെയ്പുകള്‍ക്ക് പെട്ടെന്ന് സ്പീഡ് കുറഞ്ഞതും രാജീവന്‍ ശ്രദ്ധിച്ചു. ഒരു നിമിഷത്തിന്റെ ചെറിയൊരു അംശം മാത്രം നീണ്ട സ്ലോമോഷന്‍. പിന്നെ സ്വാഭാവികമായ ശരീരഭാഷയിലേയ്ക്ക് അതിവേഗം തിരിച്ചെത്തി അയാള്‍ സെമിനാര്‍ ഹാള്‍ ലക്ഷ്യം വെച്ച് നടന്നു.

എല്ലാവരും അദ്ദേഹം എന്ന് ആദരിക്കുന്ന ഒരാളെ അയാള്‍ എന്നു വിശേഷിപ്പിക്കാന്‍ പാടുണ്ടോ എന്നറിയില്ല. അയാള്‍ ഇപ്പോള്‍ പഴയ രമേശന്‍ അല്ല, പ്രൊഫ. രമേഷ് ബാബു ആണ്. കേന്ദ്ര സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ എന്ന നിലയില്‍ രാജ്യം മുഴുവന്‍ ബഹുമാനിക്കപ്പെടുന്ന ആള്‍.

പ്രൊഫ. രമേഷ് ബാബു നടന്നുമറഞ്ഞ ഇടനാഴിയുടെ വിജനതയിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ രാജീവന്‍ കാണുന്നത് മുപ്പത്തെട്ടു വര്‍ഷം പഴക്കമുള്ള ഒരു വോളിബോള്‍ കോര്‍ട്ടിന്റെ ആളൊഴിഞ്ഞ ഗാലറിയാണ്. ആ ഗാലറിയിലിരുന്ന് സഖാവ് ലെനിനേയും മാവോയേയും പറ്റി വാചാലനാവുന്ന രമേശനെയാണ്. അയാള്‍ കൈവശം വെച്ചിരുന്ന ചെ ഗുവേരയെപ്പറ്റിയുള്ള പുസ്തകമാണ്. ആ രമേശനില്‍നിന്നാണ് ഈ രമേശന്‍ വരുന്നത് എന്നു വിശ്വസിക്കാന്‍ വളരെ പ്രയാസം തോന്നുന്നു. മെലിഞ്ഞു നീണ്ട, വെയിലേറ്റ് കരിവാളിച്ച പഴയ രൂപവുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത തരത്തില്‍ കാലം അയാളുടെ രൂപത്തെ മാറ്റിപ്പണിതിരിക്കുന്നു. തടിച്ച ശരീരം. കുടവയര്‍. പാതിയും നരച്ച അല്പം നീണ്ട മുടി ചീകാതെ പിന്നിലേക്ക് കോതിയിട്ടിരിക്കുന്നു. പാന്റ്‌സിലേക്ക് ഇന്‍സേര്‍ട്ട് ചെയ്ത വിലയേറിയ ബ്രാന്റഡ് ഷര്‍ട്ട്. പോളീഷിന്റെ തിളക്കംകൊണ്ട് മിന്നല്‍വെളിച്ചം പരത്തുന്ന ഷൂസ്. ക്ലീന്‍ ഷേവ് മുഖം. സ്വര്‍ണ്ണഫ്രെയിമുള്ള ഒരു കണ്ണടയും. ഒറ്റ നോട്ടത്തില്‍ത്തന്നെ ഒരു പ്രൊഫസറുടെ പരിവേഷമുണ്ട്.

തന്റെ രൂപം അയാള്‍ക്കു മനസ്സിലാകാത്തതും കാലം വരച്ച ഈ മാറ്റങ്ങള്‍ കൊണ്ടുതന്നെ എന്ന് രാജീവന്‍ സ്വയം പറഞ്ഞു. അനുസരണയില്ലാതെ ചിതറിനില്‍ക്കുന്ന മുക്കാലും നരച്ച തലമുടിയും കനത്ത താടിയും. കൗമാരമുഖത്തിന്റെ എണ്ണമിനുപ്പും കണ്ണുകളുടെ തിളക്കവുമൊക്കെ മാഞ്ഞ് പണ്ടേതന്നെ ഒരു വൃദ്ധന്റെ ലുക്ക് വന്നു കഴിഞ്ഞതാണ്. അയാള്‍ക്കെന്നല്ല ആര്‍ക്കും തന്റെ ഇപ്പോഴത്തെ രൂപത്തില്‍നിന്നു പഴയ രാജീവനെ ഓര്‍മ്മിച്ചെടുക്കുക പ്രയാസമായിരിക്കും.

പ്രൊഫ. രമേഷ് ബാബുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഹാളില്‍ കയറണോ എന്നു തെല്ലു നേരം സന്ദേഹിച്ചു നിന്നശേഷം വേണ്ട എന്നു സ്വയം വിലക്കിക്കൊണ്ട് രാജീവന്‍ സ്റ്റെയര്‍ക്കേസിലൂടെ താഴെ നിലയിലേയ്ക്ക് നടന്നു. ഒഴിഞ്ഞുമാറാന്‍ ആഗ്രഹിച്ചുവെങ്കിലും നടന്നെത്തിയത് മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു പിന്നില്‍ ആസ്ബറ്റോസ്‌കൊണ്ട് മേല്‍ക്കൂരയിട്ട പ്രീഡിഗ്രി കെട്ടിടത്തിന്റെ അങ്കണത്തിലാണ്. കോളേജിലെ കവി സുഹൃത്തായ രവീന്ദ്രനോടൊപ്പം വെളുത്തുമെലിഞ്ഞ ഒരു നവയുവാവ് കാത്തുനില്‍ക്കുന്നു. രമേശന്‍. ഒരു കവിതാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതില്‍ അഭിനന്ദിക്കാന്‍ എന്ന വ്യാഖ്യാനത്തോടെയായിരുന്നു അയാളുടെ ആ വരവ്. അന്ന് അയാള്‍ക്കു പ്രായം ഇരുപത്തിയൊന്ന്. തനിക്ക് പതിനാറും.

രണ്ടു ദിവസങ്ങള്‍ക്കുശേഷം കോളേജില്‍നിന്നു മടങ്ങുന്ന നേരത്ത് പിന്നിലൂടെ ഒരു കൈ വന്ന് തോളത്ത് തൊട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ സൗമ്യമെങ്കിലും ഗംഭീരമായ ഒരു ഭാവത്തില്‍ നില്‍ക്കുന്നു രമേശന്‍. 

കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണെങ്കിലും രമേശന്‍ ക്ലാസ്സില്‍ കയറാറില്ല എന്ന് അതിനകംതന്നെ മനസ്സിലായിരുന്നു. ആ സമയം മുഴുവന്‍ വോളിബോള്‍ കോര്‍ട്ടിന്റെ വിജനമായ ഗാലറിയിലിരുന്നു പുസ്തകം വായിക്കുകയായിരിക്കും ആള്‍.

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ രമേശനും ഒപ്പം നടന്നു. എന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഭാവമാണ് എപ്പോഴും ആ മുഖത്ത്. അതിനു യോജിക്കുന്ന മട്ടില്‍ മന്ദമായ താളത്തില്‍ അയാള്‍ പറയാന്‍ തുടങ്ങി:

'രാജീവാ, രാജീവന്‍ സ്‌കൂളില്‍ ഒന്നാമനായി പഠിച്ചു. ഇവിടെയും ഒന്നാമനായി പഠിക്കുന്നു. കവിതയെഴുതുന്നു. രാജീവന്റെ ഈ മിടുക്കും ബുദ്ധിയും കൊണ്ട് ഈ ലോകത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?'

പഠിച്ച് മികച്ച നിലയില്‍ വിജയിച്ച് ഒരു എന്‍ജിനീയറാകണമെന്നും നല്ലൊരു ജോലി സമ്പാദിക്കണമെന്നുമൊക്കെയാണ് അച്ഛന്‍ ഇടയ്ക്കിടെ ഉപദേശിക്കാറുള്ളത്. തല്‍ക്കാലം അതു തന്നെയാണ് പ്ലാനും. അതിനപ്പുറം ജീവിതത്തില്‍ വല്ലതും ചെയ്യാനുണ്ടോ എന്ന് ആലോചിച്ചിട്ടില്ല. നമ്മള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചാല്‍ അതുകൊണ്ടുള്ള പ്രയോജനം ലോകത്തിനും കിട്ടും എന്നതിനപ്പുറം ലോകത്തിനുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കേണ്ടിയും വന്നിട്ടില്ല.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'നമ്മള്‍ ഒരു ഉദ്യോഗസ്ഥനായാല്‍ നമ്മള്‍ മാത്രമാണ് രക്ഷപ്പെടുന്നത്. അതിന് ഒരു ശരാശരി ബുദ്ധിയൊക്കെ മതി. രാജീവനെപ്പോലെ ബ്രില്ല്യന്റായ ഒരാള്‍ അതില്‍ ഒതുങ്ങിനില്‍ക്കാന്‍ പാടുണ്ടോ? ലോകത്തിനുവേണ്ടി വല്ലതുമൊക്കെ ചെയ്യാന്‍ കഴിയണം. പലതരം ചൂഷണങ്ങള്‍ കാരണം ഒരുതരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത എത്രയോ ജീവിതങ്ങളുണ്ട് നമ്മുടെ ചുറ്റിലും. തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസികള്‍. അവര്‍ക്കും രക്ഷപ്പെടണ്ടേ? അവര്‍ക്കുവേണ്ടി നമ്മളെന്തെങ്കിലും ചെയ്യണ്ടേ?'

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയായ അച്ഛനും അച്ഛനോടൊപ്പം സമരത്തിനു പോകാറുള്ള ചങ്ങാതിമാരും വീട്ടിലിരുന്ന് ഇതൊക്കെത്തന്നെയാണല്ലോ പണ്ടുമുതലേ പറയാറുള്ളത് എന്നോര്‍ത്തു. പക്ഷേ, അതിനും രമേശന്റെ കയ്യില്‍ വീറുള്ള പ്രത്യുത്തരമുണ്ട്.

'തല്‍ക്കാലത്തേക്ക് കുറച്ച് അപ്പക്കഷണങ്ങള് കിട്ടിയതുകൊണ്ട് കര്‍ഷകരുടേയും തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ മാറുമോ? ഇവിടെ നിലനില്‍ക്കുന്ന ഈ ജീര്‍ണ്ണിച്ച വ്യവസ്ഥയുണ്ടല്ലോ. അതാണ് പ്രശ്‌നം. ആ വ്യവസ്ഥയാണ് മാറേണ്ടത്. നമ്മള് മാറ്റേണ്ടത്.'

ജീര്‍ണ്ണിച്ച വ്യവസ്ഥയെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്നു കൃത്യമായി പിടിയില്ലാത്തതുകൊണ്ട് അയാള്‍ പറയുന്നതൊക്കെ കേട്ടുനടക്കുക മാത്രം ചെയ്തു.

പഠിക്കാനും പഠിച്ച് ഒരു ജോലി നേടാനും ഏതു ശരാശരിക്കാരനും പറ്റും. എന്നാല്‍, ലോകം മാറ്റിമറിക്കുക അസാധാരണ ബുദ്ധിമാന്മാര്‍ക്കു മാത്രം കഴിയുന്ന കാര്യമാണ് എന്ന് രമേശന്‍ സിദ്ധാന്തം തുടര്‍ന്നു.

രാജീവന്‍ കാറല്‍ മാര്‍ക്‌സിനെപ്പറ്റി കേട്ടിട്ടില്ലേ. ലോകം കണ്ട എക്കാലത്തേയും ഏറ്റവും വലിയ ബുദ്ധിമാന്മാരില്‍ ഒരാള്‍. റഷ്യന്‍ വിപ്ലവം മുതല്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ വിപ്ലവങ്ങളും മാര്‍ക്‌സിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഉണ്ടായിട്ടുള്ളത്. ഏതെങ്കിലുമൊരു കോളേജില്‍ പഠിച്ച് കുറെ മാര്‍ക്കു വാങ്ങി വെറുമൊരു ഉദ്യോഗസ്ഥനായി ജീവിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ മാര്‍ക്‌സിന് ഇങ്ങനെ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമായിരുന്നോ? ഇങ്ങനെ കുറെ ആളുകള്‍ സ്വന്തം ഭാവിയെപ്പറ്റി മാത്രം ആലോചിക്കതെ ഇറങ്ങിത്തിരിച്ചതുകൊണ്ടല്ലേ ലോകം ഇന്നു കാണുന്ന ലോകമായി വികസിച്ചത്. ലെനിന്‍, മാവോ, ചെഗുവേര, ഫിഡല്‍ കാസ്‌ട്രോ, ചാരു മജുംദാര്‍, കുന്നിക്കല്‍ നാരായണന്‍, കെ. വേണു...

ബസ് സ്റ്റോപ്പില്‍ എത്തുന്നതിനു മുന്‍പായി കയ്യില്‍ ഒരു കഷണം പേപ്പറില്‍ പൊതിഞ്ഞു വച്ചിരുന്ന ഒരു പുസ്തകം ആ പേപ്പര്‍ നീക്കം ചെയ്ത് രമേശന്‍ തനിക്കു നേരെ നീട്ടി.

പുസ്തകത്തിന്റെ പുറംചട്ടയില്‍ ഇങ്ങനെ വായിച്ചു: 

പ്രപഞ്ചവും മനുഷ്യനും

'രാജീവന്‍ സയന്‍സ് പഠിക്കുന്ന ആളല്ലേ. ഇതൊന്നു വായിച്ചുനോക്ക്. എസ്സേ കോമ്പറ്റീഷനൊക്കെ പോകുമ്പോള്‍ ഉപകാരപ്പെടും.' 

പുസ്തകം വാങ്ങി തോള്‍ സഞ്ചിയില്‍ നിക്ഷേപിച്ചു. വീട്ടിലെത്തി അപ്പോള്‍ത്തന്നെ വായനയും തുടങ്ങി.

പ്രപഞ്ചോല്പത്തി മുതല്‍ കമ്യൂണിസം വരെയുള്ള പരിണാമങ്ങള്‍ വിവരിക്കുന്ന പുസ്തകം ഒറ്റ ആവേശത്തില്‍ വായിച്ചുതീര്‍ത്തു.

'പുസ്തകം വായിച്ചോ?'എന്ന ഉപചാരത്തോടെയാണ് പിന്നെ രമേശന്‍ പ്രത്യക്ഷപ്പെട്ടത്. 

പുസ്തകം തിരികെ നീട്ടുന്നേരം രമേശന്‍ പറഞ്ഞു: 'അത് രാജീവന്‍തന്നെ വെച്ചാ മതി. ആര്‍ക്കെങ്കിലും കൊടുക്കാം.'

'വെറും ഇരുപത്തിരണ്ടു വയസ്സിലാണ് കെ. വേണു ഈ പുസ്തകം എഴുതിയത്. അറിയാമോ, 
എം.എസ്സിക്ക് ഉയര്‍ന്ന വിജയം നേടിയ ആളാണ് ഈ വേണു. അങ്ങേര്‍ക്കും ഒരു കോളേജ് അദ്ധ്യാപകനൊക്കെ ആയി അങ്ങ് ജീവിച്ചാല്‍ മതിയായിരുന്നു. എന്നിട്ടോ? കഴിഞ്ഞ പത്തു പതിനൊന്നു കൊല്ലമായി വേണു കഴിയുന്നത് ജയിലിലും ഒളിവിലുമാണ്.'

പിന്നീട് കാണുമ്പോള്‍ ചുരുട്ടി റോള്‍പോലെയാക്കിയ ഒരു ചെറിയ പത്രക്കെട്ട് രമേശന്റെ കയ്യില്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരു കോപ്പിയെടുത്ത് നീട്ടിയിട്ട് അയാള്‍ പറഞ്ഞു:

'ഇതും ഒന്നു വായിച്ചുനോക്ക്. രാജീവനെപ്പോലെ ബുദ്ധിയുള്ള കുട്ടികള്‍ വായിച്ചിരിക്കേണ്ടതാണ്.'

ആ പത്രം വാങ്ങി ശീര്‍ഷകം വായിച്ചു: കോമ്രേഡ് പത്രം തോള്‍സഞ്ചിയിലെ പുസ്തകങ്ങള്‍ക്കിടയിലേക്കു തിരുകുമ്പോള്‍ രമേശന്‍ ഓര്‍മ്മിപ്പിച്ചു: 'തല്‍ക്കാലം ആരും കാണണ്ട.'

വേറാരും കാണാന്‍ പാടില്ലാത്ത നിഗൂഢതയുള്ള എന്തോ ഒന്നാണെന്ന് ലേശം പരിഭ്രമമുണ്ടായി. അതുകൊണ്ട് വീട്ടില്‍ ചെന്നിരുന്ന് അച്ഛന്റേയും അമ്മയുടേയും കണ്ണില്‍പ്പെടാതെ മറഞ്ഞിരുന്ന് വായിച്ചു. വിപ്ലവം, പ്രതിരോധം, വിമോചനം എന്നൊക്കെ വായിച്ച് ആവേശം കൊള്ളാനും തുടങ്ങി.

അടുത്ത ദിവസം പ്രത്യക്ഷപ്പെടുമ്പോള്‍ രമേശന്റെ കൂടെ സയന്‍സ് ഗ്രൂപ്പിലെ അനീശനും ഉണ്ട്. നല്ലപോലെ പ്രസംഗിക്കാന്‍ കഴിയുന്ന, എന്നാല്‍, വളരെ പ്രയാസപ്പെട്ടു മാത്രം പുഞ്ചിരിക്കാന്‍ കഴിയുന്ന അനീശന്‍ അവന്‍ പഠിച്ചിരുന്ന സ്‌കൂളിലെ സ്‌കൂള്‍ ലീഡറായിരുന്നു. വിപ്ലവ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ചുമതലക്കാരനാണ് രമേശനെന്നു പറഞ്ഞുതന്നത് അനീശനാണ്.

ദിവസങ്ങള്‍ കടന്നുപോകെ വഴിയിലും വോളിബോള്‍ ഗാലറിയിലും വെച്ചുള്ള സ്റ്റഡി ക്ലാസ്സുകള്‍ സയാഹ്നത്തിനുശേഷം വീട്ടിലേക്കും നീണ്ടു. രമേശന്റെ അച്ഛനെ കുട്ടിക്കാലം മുതലേ തനിക്കു പരിചയമുണ്ടെന്ന് അച്ഛന്‍ ഓര്‍ത്തു. നാട്ടില്‍ മാനിക്കപ്പെടുന്ന ഒരു കുലീനകുടുംബമാണ്. ആ കുടുംബത്തിലെ കുട്ടി വീട്ടില്‍ വരുന്നത് ഒരു അന്തസ്സായി അച്ഛനും കരുതി.

ഹൈദരാബാദില്‍ കേന്ദ്ര ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥനാണ് രമേശന്റെ അച്ഛന്‍. ബാല്യത്തില്‍ കുടുംബത്തോടൊപ്പം കല്‍ക്കത്തയിലായിരുന്നു രമേശനും. ഏഴാംക്ലാസ്സ് വരെ പഠിച്ചതും അവിടെത്തന്നെ. അച്ഛന് ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ആയ സമയത്താണ് ഇനി അലയാന്‍ വയ്യ എന്ന നിശ്ചയത്തോടെ കുടുംബത്തെ നാട്ടിലേക്കു പറിച്ചുനട്ട് അദ്ദേഹം ഹൈദരാബാദിലേക്കു പോയത്.

ആവേശകരമായ വാര്‍ത്തയുമായാണ് ഒരു ദിവസം രമേശന്‍ എത്തിയത്. പിറ്റേ ദിവസം പറവൂരില്‍ കെ. വേണു പ്രസംഗിക്കുന്നുണ്ട്. രഹസ്യയോഗമാണ്. എത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ ആളാണെങ്കിലും രാജീവനും വരാം. 

പ്രസ്ഥാനത്തിന്റെ നേതാവായ വേണു അപ്പോഴേയ്ക്കും ഒരു ആദര്‍ശരൂപമായി മനസ്സില്‍ സ്ഥാനം നേടിയിരുന്നു. ഗവണ്‍മെന്റിന്റേയും പൊലീസിന്റേയും നോട്ടപ്പുള്ളിയായ വേണു ഒളിവില്‍ കഴിയുകയാണ്. എങ്കിലും പാര്‍ട്ടിയുടെ രഹസ്യയോഗങ്ങളില്‍ പങ്കെടുക്കും. പ്രസംഗിക്കും. വേണു എത്തിയിട്ടുണ്ടെന്നറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഏതോ നിഗൂഢപാതയിലൂടെ വേണു അപ്രത്യക്ഷനായി കഴിഞ്ഞിട്ടുണ്ടാവും. ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ വേണു ഏതാനും ദിവസം മുന്‍പ് കൊടുങ്ങല്ലൂരില്‍ ഒരു വായനശാലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രം പത്രത്തില്‍പോലും വന്നു. എന്നിട്ടും പൊലീസിനു വേണുവിനെ പിടിക്കാന്‍ കഴിഞ്ഞില്ല. പറവൂര്‍ക്കുള്ള ബസ് യാത്രക്കിടയില്‍ വേണുവിനെപ്പറ്റിയുള്ള സാഹസിക കഥകള്‍ പലതും രമേശന്‍ ഇങ്ങനെ വിവരിച്ചുകൊണ്ടിരുന്നു. 

യോഗസ്ഥലത്തെത്തുമ്പോള്‍ പത്തുമുപ്പതാളുകള്‍ ഒരു മരണവീട്ടിലെന്നപോലെ നിശബ്ദത പാലിച്ചു നിക്കുന്നുണ്ട്. ആരും ആരോടും ഒന്നും മിണ്ടുന്നില്ല. ആറടി പൊക്കക്കാരനായ ഒരാള്‍ മാത്രം അല്പം മാറിനിന്നുതന്നെ സംശയഭാവത്തില്‍ തുറിച്ചുനോക്കുന്നത് രാജീവന്‍ കണ്ടു. മീശ പോലും മുളക്കാത്ത ഈ ചെക്കന്‍ ഇവിടെന്തിനു വന്നു എന്നാവാം ആ സീനിയറുടെ തുറിച്ചു നോട്ടത്തിന്റെ അര്‍ത്ഥമെന്ന് ഊഹിക്കുകയും ചെയ്തു.

വളരെ നേരം കാത്തുനിന്നിട്ടും യോഗം ആരംഭിക്കുന്ന ലക്ഷണമില്ല. മാത്രമല്ല, സംസാരിക്കാനുള്ള ആരും തന്നെ എത്തിയിട്ടില്ല. എത്തിയവര്‍ തന്നെ ഓരോരുത്തരായി മാഞ്ഞു പോകുകയും ചെയ്യുന്നു.

നാടകീയമായ ഒരു നീക്കത്തില്‍ അടുത്തു വന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ രമേശന്‍ അറിയിച്ചു: പോകാം കോമ്രേഡ്. യോഗം നടക്കില്ല.

യോഗസ്ഥലത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ എത്തിയതിനുശേഷം മാത്രമാണ് രമേശന്‍ അതിന്റെ കാരണം വ്യക്തമാക്കിയത്: 'അവിടെ നില്‍ക്കുന്നത് രഹസ്യ പൊലീസുകാരാണ്.'

പുറത്തു കടക്കാന്‍ എളുപ്പമല്ലാത്ത ഒരു വലയ്ക്കകത്തേയ്ക്കാണ് പ്രവേശിച്ചിരിക്കുന്നത് എന്നു പൊടുന്നനെ ഒരു ബോധോദയമുണ്ടായി.

'പക്ഷേ, ഇതുകൊണ്ടൊന്നും വിരണ്ടുപോകുന്നതല്ല നമ്മുടെ പ്രസ്ഥാനം. താല്‍ക്കാലികമായ പരാജയങ്ങളുണ്ടാവാം. എന്നാലും അന്തിമവിജയം നമ്മുടേതുതന്നെ ആയിരിക്കും.'

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി മോഹനേട്ടന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഒരു ദിവസം നേരം പുലര്‍ന്നുവരുന്ന നേരത്ത് വലിയ പരിഭ്രമത്തോടെ അദ്ദേഹം അച്ഛനെ തേടി വീട്ടിലെത്തി.

'നമ്മള് കാണണ പോലല്ല ചെക്കന്റെ പോക്ക്. നേരെ തല തിരിഞ്ഞാ... നമ്മള് വേണ്ടാന്ന് വച്ചപ്പോ കുറെയെണ്ണങ്ങള് വന്നേക്കുന്നു, സായുധ വിപ്ലവം നടത്താന്‍.'

അതുകേട്ട് പകച്ച് കണ്ണുമിഴിച്ചുനിന്ന അച്ഛനോട് മോഹനേട്ടന്‍ പറഞ്ഞു: 'മനസ്സിലായില്ലേ. നിങ്ങടെ മോനിപ്പോ ഒരു നക്‌സലൈറ്റാ.'

നക്‌സലൈറ്റ് എന്നു പത്രത്തില്‍ വായിച്ച അറിവേ അന്നുവരെ അച്ഛന് ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് കൗമാരം കടന്നിട്ടില്ലാത്ത, ലോകമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങുക മാത്രം ചെയ്യുന്ന ചെക്കന്‍ നക്‌സലൈറ്റോ എന്ന് അച്ഛന്‍ കിടുങ്ങിനിന്നു.

'ആ മാളികേലെ സുകുമാരന്റെ മോന്‍ രമേശനാണ് ഈ പിള്ളേരെയൊക്കെ വഴി തെറ്റിക്കണത്. അച്ഛന്‍ നാട്ടിലില്ലാത്തതുകൊണ്ടാണ് അവനിങ്ങനെ ആയിപ്പോയതെന്നു പറയാം. എന്നാല്, നിങ്ങടെ കണ്‍വെട്ടത്ത് നിക്കണ ചെക്കന്‍ ഇങ്ങനെയൊക്കെ ചെയ്താലോ?'

'കോഴിക്കോട് ഒരു ഡോക്ടറെ ഇവന്മാരൊക്കെക്കൂടി ജനകീയ വിചാരണനടത്തി നാണം കെടുത്തി വിട്ടു. ജനകീയ കോടതിയാണുപോലും... നമ്മടെ സര്‍ക്കാര് എപ്പോ വരുന്നോ അപ്പോ തൊടങ്ങും അവമ്മാര്‌ടെ ഓരോ എളക്കങ്ങള്. സര്‍ക്കാരിനു ചുമ്മാ നോക്കിയിരിക്കന്‍ പറ്റ്വോ. അതു കൊണ്ട് ചെക്കനോട് അടങ്ങിയൊതുങ്ങി ഇരുന്നോളാന്‍ പറ.'

എന്നാല്‍, അപ്പോഴും അച്ഛന് അതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മോഹനേട്ടന് ആളു മാറിപ്പോയതാണെന്നുതന്നെ അച്ഛന്‍ കരുതി. വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതനായത് രണ്ടു പൊലീസുകാരെ ഒരു ദിവസം വീട്ടുമുറ്റത്ത് കണ്ടപ്പോഴാണ്. അച്ഛന്റെ ജീവിതത്തില്‍ ആദ്യമായാണ് സ്വന്തം വീട്ടുമുറ്റത്ത് പൊലീസുകാര്‍ വന്നു നില്‍ക്കുന്നത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്ന ആമുഖത്തോടെ അവര്‍ തന്നെയും കൂട്ടി മടങ്ങുമ്പോള്‍ അച്ഛന്‍ നരകം നേരില്‍ കണ്ടതു പോലെ ചോര മരവിച്ചു നില്‍ക്കുകയായിരുന്നു.

ഒരു കയ്യടി ശബ്ദം കേട്ട് രാജീവന്‍ സെമിനാര്‍ ഹാളിനു നേര്‍ക്കു മുഖമുയര്‍ത്തി. അവിടെ പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. വകുപ്പു മേധാവിയുടെ സ്വാഗതഭാഷണം ഹാളില്‍ ഒതുങ്ങി നില്‍ക്കാതെ വരാന്തയിലേക്കും കടന്നുവരുന്നുണ്ട്. പ്രൊഫ. രമേഷ് ബാബുവിന്റെ സമ്പന്നമായ അക്കാദമിക് കരിയറാണ് ഇപ്പോള്‍ അവര്‍ സദസ്സിനുവേണ്ടി വിസ്തരിച്ചുകൊണ്ടിരിക്കുന്നത്: കേരളമാണ് സ്വദേശമെങ്കിലും അദ്ദേഹം പഠിച്ചത് ഹൈദരാബാദിലും ഡല്‍ഹിയിലുമാണ്. ഡല്‍ഹിയില്‍ത്തന്നെ കോളേജ് അദ്ധ്യാപകനായി അദ്ധ്യാപന ജീവിതത്തിനു തുടക്കം. ജോലിയിലിരുന്നുകൊണ്ട് എം.ഫിലും പിഎച്ച്.ഡിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി ചേര്‍ന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് പ്രൊഫസറായി. നാലഞ്ചു സര്‍വ്വകലാശാലകളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍. പുസ്തകങ്ങള്‍...

ആ വിവരണങ്ങള്‍ക്കിടയിലൂടെ രാജീവന്‍ കാന്റീന്‍ ലക്ഷ്യംവെച്ച് നടന്നു. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ചായയും ബിസ്‌കറ്റും എത്തിക്കാനുള്ള ചുമതലയും തനിക്കുണ്ട്. 

റോഡിലേയ്ക്ക് പടര്‍ന്നു ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കു ചുവട്ടില്‍വെച്ച് വീണ്ടും രമേശന്‍ തിരിച്ചു വന്നു.

വയനാട്ടിലെ കേണിച്ചിറയില്‍ നടന്ന ഒരു ആക്ഷനാണ് എല്ലാം മാറ്റിമറിച്ചത്. സംഭവം നടന്നത് വയനാട്ടിലാണെങ്കിലും പ്രവര്‍ത്തകരെ തിരഞ്ഞ് പൊലീസ് എത്താത്ത ഒരു നാടുമില്ല. പലരും ഒളിവില്‍ പോയി. ഒളിവില്‍ പോകാന്‍ ഇടമില്ലാത്തവര്‍ ആത്മഹത്യയെക്കുറിച്ച് കവിതയെഴുതി.

ഹൈദരാബാദിലെത്തിയ ഒരു ഊമക്കത്തില്‍ വിറച്ച് രമേശന്റെ അച്ഛന്‍ സുകുമാരന്‍ ഒരു രാത്രി നേരത്ത് നാട്ടില്‍ അവതരിച്ചു. പഠിക്കാന്‍വിട്ട ചെറുക്കന്‍ പഠിപ്പ് സൈഡാക്കിയിട്ട് സമപ്രായക്കാരെ വിപ്ലവം പഠിപ്പിക്കാന്‍ നടക്കുകയാണ്. പണ്ടേ പൊലീസിന്റെ നോട്ടപ്പുള്ളി. ഇപ്പോഴാകട്ടെ, ഏതോ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ജോലി കിട്ടുന്നതു പോയിട്ട് പഠിപ്പ് പൂര്‍ത്തിയാക്കാന്‍തന്നെ കഴിയുമെന്നു തോന്നുന്നില്ല. പൊലീസ് പിടികൂടാന്‍ എത്തുന്നതിനു മുന്‍പ് ആ ഒറ്റ രാത്രി കൊണ്ടുതന്നെ അച്ഛന്‍ രമേശനെ ഹൈദരാബാദിലേക്ക് കടത്തി. കേരളത്തിന്റെ എല്ലാ ഐഡന്റിറ്റിയും മായ്ചുകളഞ്ഞ് അച്ഛന്‍ രമേശന് ഒരു ആന്ധ്രാ മേല്‍വിലാസം ഉണ്ടാക്കിയെടുത്തു. പിന്നെയുള്ളതെല്ലാം ഗൂഗിള്‍ ചരിത്രം.

രമേശന്‍ പെയ്തുതോര്‍ന്നെങ്കിലും മരം പിന്നെയും പെയ്ത്തു തുടര്‍ന്നു. ഉത്തരേന്ത്യയില്‍നിന്ന് ഏതെങ്കിലും വി.ഐ.പി കേരളത്തില്‍ എത്തിയാല്‍ മതി, വീട്ടു മുന്നില്‍ പൊലീസ് ജീപ്പ് എത്തും. അദ്ദേഹം കേരളം വിടുംവരെ ലോക്കപ്പില്‍ കഴിയാം. ആദ്യമൊക്കെ വലിയ അപമാനമായി തോന്നിയിരുന്നു. പിന്നീട് ഒരു പുഴുവിന്റെ അവസ്ഥയുമായി തന്മയീഭവിച്ച് അതൊക്കെ അതിജീവിക്കാനുള്ള പ്രാപ്തി നേടി.

ലോകത്തിന്റെ തിരിച്ചില്‍ കണ്ട് നെഞ്ച് പിളര്‍ന്ന് അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി മോഹനേട്ടനെ കണ്ട് വിലപിച്ചു:

'നമ്മുടെ ഭരണമല്ലേ. ഈ കെണിയില്‍നിന്ന് അവനെ ഒന്നു രക്ഷിച്ചു തന്നൂടെ?'

'ഭരണം നമ്മുടെയൊക്കെത്തന്നെ. പക്ഷേ, അവന്റെ ട്രാക്ക് വേറെ ആയിപ്പോയി... പൊലീസിന്റെ നോട്ടപ്പുള്ളിയായാപ്പിന്നെ എന്നും നോട്ടപ്പുള്ളിയാ. ഭരണം മാറിയാലും അതിലൊരു മാറ്റവുമില്ല.'

മോഹനേട്ടന്‍ ഒരു ഉപചാരം പറഞ്ഞതാണെങ്കിലും പറഞ്ഞതുപോലെ മാസങ്ങള്‍ക്കകം ഭരണം മാറി.

ഇടതുപക്ഷ സര്‍ക്കാര്‍ അകാലത്തില്‍ വീണു; കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി തിരിച്ചു വന്നു.
 
നോട്ടപ്പുള്ളിയുടെ ആചാരാനുഷ്ഠാനങ്ങള്‍ പണ്ടേക്കാള്‍ കടുത്തു. കേട്ടറിവുപോലുമില്ലാത്ത കുറ്റകൃത്യങ്ങളില്‍ പ്രതിയായി കോടതി സഞ്ചാരം. ബന്ധുജനങ്ങളില്‍നിന്നുള്ള ഭ്രഷ്ട്. ഒഴിഞ്ഞുമാറിപ്പോയ സൗഹൃദങ്ങള്‍. ഒപ്പം സംസാരിക്കുമ്പോള്‍പോലും ഇടംവലം നോക്കി പരിഭ്രമിക്കുന്ന കണ്ണുകള്‍. എത്ര തൂത്താലും തുടച്ചാലും പോകാത്ത നക്‌സലൈറ്റ് എന്ന പച്ചകുത്തല്‍. പഠിപ്പ് അവസാനിച്ചു. സ്ഥിരജോലി എന്ന സങ്കല്പം എന്നെന്നേയ്ക്കുമായി മാഞ്ഞുപോയി. ഒരു കൊല്ലത്തിനുള്ളില്‍ ഒരു ഹാര്‍ട്ട് അറ്റാക്കിലേക്ക് അച്ഛന്‍ രക്ഷപ്പെടുകയും ചെയ്തു.

പിന്നെ, അതിജീവനത്തിനുവേണ്ടിയുള്ള നിരന്തര പരീക്ഷണങ്ങളുടെ കാലം. ബസിലെ കിളിയായി, മീന്‍ കച്ചവടക്കാരനായി, ട്രാവല്‍ ഗൈഡായി, കടകളില്‍ സഹായിയായി, പുസ്തക വില്‍പ്പനക്കാരനായി, ലോഡ്ജിലെ റിസപ്ഷനിസ്റ്റായി, നാടകനടനായി, ഓട്ടോറിക്ഷക്കാരനായി, ഹോട്ടല്‍ തൊഴിലാളിയായി, അങ്ങനെ പലപല പരീക്ഷകള്‍... പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവിച്ചിരിക്കുന്നതിന് ഒരു സാധൂകരണവുമുണ്ട്.

ചായയുടെ കെറ്റില്‍ സെമിനാര്‍ ഹാളിന്റെ പിന്‍ഭാഗത്ത് ഇടനാഴിയില്‍ സജ്ജമാക്കിവെച്ചിരുന്ന മേശപ്പുറത്ത് എത്തിച്ച ശേഷം അല്പനേരം കൂടി ഇനിയെന്ത് എന്ന് രാജീവന്‍ മന്ദീഭവിച്ചു നിന്നു. വേണ്ട എന്ന വിലക്ക് മറികടന്ന് സെമിനാര്‍ ഹാളില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ മനസ്സ് സജ്ജമായിട്ടുണ്ട്. 

ഇപ്പോഴത്തെ രൂപത്തില്‍ രമേശന്‍ എന്തായാലും തന്നെ തിരിച്ചറിയില്ല എന്ന ഉറപ്പോടെ ഹാളില്‍ പ്രവേശിച്ച് അവസാന നിരയിലെ കസേരകള്‍ക്കു പിന്നിലായി നിന്നു. പ്രൊഫ. രമേഷ് ബാബു വളരെ ഊര്‍ജ്ജമെടുത്ത് ഒരു പ്രത്യേക താളക്രമത്തില്‍ പ്രഭാഷണം തുടരുകയാണ്. പഴയ പോലെ മാര്‍ക്‌സും ലെനിനും മാവോയും ഇല്ല. പകരം ഗ്രാംചി, അള്‍ത്തൂസര്‍, സിസെക്ക്...

സദസ്സിന്റെ പിന്‍നിരയില്‍ നില്‍ക്കുന്ന മനുഷ്യനെ കണ്ട് തടുക്കാനാവാത്ത പിന്‍വിളിയാലെന്ന പോലെ പ്രൊഫ. രമേഷ് ബാബു പെട്ടെന്നു പ്രഭാഷണം നിര്‍ത്തി തലതിരിച്ച് അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന അദ്ധ്യാപികയോട് സ്വകാര്യംപോലെ ചോദിക്കുന്നു: 'നല്ല പരിചയം തോന്നുന്നല്ലോ. അതാരാണ്?'

വേദിയില്‍ ഇരിക്കുകയായിരുന്ന അദ്ധ്യാപിക ഒരു രഹസ്യഭാഷണംപോലെ അത്രമേല്‍ പതുക്കെയാണ് പറഞ്ഞതെങ്കിലും അവര്‍ പറഞ്ഞത് തന്റെ ആറാം ഇന്ദ്രിയംകൊണ്ട് രാജീവനു കേള്‍ക്കാന്‍ കഴിഞ്ഞു.

'ടീച്ചിങ്ങ് സ്റ്റാഫ് അല്ല. നമ്മുടെ ഡിപ്പാര്‍ട്ടുമെന്റിലെ അറ്റന്റര്‍ ആണ്. രാജീവന്‍. സാറ് അറിയാന്‍ സാധ്യതയില്ല.'

ഏതോ ഒരു അത്യാഹിതം സംഭവിച്ചിട്ടെന്നപോലെ പ്രൊഫ. രമേഷ് ബാബുവിന്റെ മുഖം വിളറി വെളുക്കുന്നതും ഭൂതകാലത്തിന്റെ വലിയൊരു തിരമാല വന്ന് അയാളെ ഏതെല്ലാമോ ആഴങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നതും രാജീവനു കാണാന്‍ കഴിഞ്ഞു. കൂടുതല്‍ പ്രയാസപ്പെടുത്തേണ്ടെന്നു നിശ്ചയിച്ച് സെമിനാര്‍ ഹാളില്‍നിന്നു പുറത്തു കടക്കുമ്പോള്‍ രമേശന്റെ വാക്കുകള്‍ ദിശതെറ്റി എവിടൊക്കെയോ ചെന്നുകയറുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്... ഞാന്‍ പറഞ്ഞുവന്നത്... മാര്‍ക്‌സില്‍നിന്ന് അള്‍ത്തൂസറില്‍ എത്തുമ്പോള്‍...

ഇന്നു ചെയ്തു പൂര്‍ത്തിയാക്കേണ്ട പണികള്‍ ഇനിയും ബാക്കിയാണല്ലോ എന്ന് രാജീവന് ഓര്‍മ്മ വന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒരറ്റത്തെ സ്റ്റെയര്‍കേസിനോട് ചേര്‍ന്നു കൂട്ടിയിട്ടിരിക്കുന്ന ഉപയോഗക്ഷമമല്ലാത്ത ഫര്‍ണീച്ചറുകള്‍ അവിടെ നിന്ന് നീക്കം ചെയ്യണം. ഒരു മണിയോടെ ലോറി എത്തും. ആ വക സാധനങ്ങളെല്ലാം ലോറിയില്‍ കയറ്റണം. ഒരു അറ്റന്റര്‍ വിരമിച്ചപ്പോള്‍ താല്‍ക്കാലികമായി വീണുകിട്ടിയ അവസരമാണ്. നിയമനം താല്‍ക്കാലികമായതിനാല്‍ ചെയ്യേണ്ട പണികള്‍ക്കു നിശ്ചിത സ്വഭാവമില്ല.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് നടക്കുന്നതിനിടയില്‍ ഒരു ജൂനിയര്‍ അദ്ധ്യാപകന്‍ പിറകേ വന്നു.

'രാജീവന്‍ ചേട്ടനെ വിളിക്കുന്നുണ്ട്'

അയാളോടൊപ്പം മടങ്ങുമ്പോള്‍ അകലെ നിന്നേ കണ്ടു, എല്ലാ പരിവാരങ്ങളേയും ഒഴിവാക്കി പ്രൊഫ. രമേഷ് ബാബു ഡിപ്പാര്‍ട്ടുമെന്റ് കെട്ടിടത്തിനു മുന്നിലെ കാര്‍ പോര്‍ച്ചില്‍ ഒറ്റയ്ക്ക് കാത്തു നില്‍ക്കുന്നു. വെളുത്തു തുടുത്ത ആ മുഖത്തിനടിയിലെങ്ങോ പഴയ രമേശന്‍ ഉണര്‍ന്നിരിക്കുന്നതും കാണാം.

വാക്കുകള്‍ വറ്റിപ്പോയ നാവുമായാണ് രമേശന്‍ നില്‍ക്കുന്നതെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. 

പുറത്തുകടക്കാന്‍ വഴിയറിയാതെ അയാളുടെ ഉള്ളില്‍ വാക്കുകള്‍ തിക്കിത്തിരക്കുന്നതും കാണാനാവുന്നു.
 
രമേശനോട് പറയണമെന്നു തോന്നി:

രമേശാ, നീ എന്റെ ജീവിതത്തിലേക്കു കടന്നുവന്നില്ലായിരുന്നെങ്കില്‍ വളരെ സാധാരണമായ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുക മാത്രമേ ഞാന്‍ ചെയ്യുമായിരുന്നുള്ളു. എന്നാല്‍, ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എത്ര സമ്പന്നമായ ജീവിതമാണ് ജീവിച്ചത് എന്നു ഞാന്‍ മനസ്സിലാക്കുന്നുണ്ട്. പത്തു വാല്യങ്ങളില്‍ ആത്മകഥ എഴുതാനുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ എനിക്കുണ്ട്. 

എങ്കിലും ഇത്രമാത്രം പറഞ്ഞു:

'എനിക്ക് ദു:ഖമോ നിരാശയോ ഇല്ല രമേശാ. ഏതെല്ലാം പദവികളില്‍ എത്തി എന്നതു വെച്ചല്ലല്ലോ, എങ്ങനെ ജീവിച്ചു എന്നതു വെച്ചല്ലേ ജീവിതത്തെ വിലയിരുത്തേണ്ടത്... രമേശന്‍ അന്നെന്നെ ഏല്പിച്ച പ്രപഞ്ചവും മനുഷ്യനും ഇപ്പോഴും എന്റെ കൈവശമുണ്ട്, കളഞ്ഞിട്ടില്ല. ആര്‍ക്കും കൈമാറിയിട്ടുമില്ല.'

സമയം ഒരു മണിയോട് അടുക്കുന്നു. ലോറി എത്താന്‍ നേരമായി. ലോറി വരുമ്പോഴേക്കും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് എത്തണം. സര്‍വ്വകലാശാലയിലാണെന്നേയുള്ളൂ. പണി കൂലിപ്പണിയാണ്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്കുള്ള ഗെയ്റ്റ് കടക്കുന്നതിനു മുന്‍പായി തിരിഞ്ഞുനോക്കി. രമേശന്‍ കാറില്‍ കയറാനാവാതെ ഇപ്പോഴും ഒരു ചിത്രത്തിലെന്നപോലെ നിശ്ചലനായി അതേ നില്‍പ്പ് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com