'ശ്രീനാരായണ ഗുരുകുലം'- രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

അഞ്ചാംക്ലാസ്സ് മുതല്‍ ഡിഗ്രി വരെയുള്ള പരീക്ഷകളില്‍ എന്നെ ജയിപ്പിച്ചത് എസ്.എന്‍. കോളേജിലെ ട്യൂഷനാണ്
'ശ്രീനാരായണ ഗുരുകുലം'- രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

ണ്ടുപണ്ട്, സ്വാശ്രയ കോളേജുകള്‍ക്കും സ്വയംഭരണ കോളേജുകള്‍ക്കും മുന്‍പ്, കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കും കല്പിത സര്‍വ്വകലാശാലകള്‍ക്കും മുന്‍പ്, വലിയൊരു തെങ്ങിന്‍പറമ്പിന്റെ ഒരറ്റത്ത് ശ്രീനാരായണ ഗുരുകുലം നിന്നിരുന്നു. വഴിവക്കത്തെ തെങ്ങിന്മേല്‍ രണ്ടാള്‍ ഉയരത്തില്‍, കറുപ്പില്‍ മഞ്ഞ അക്ഷരത്തില്‍ 'എസ്.എന്‍. ഗുരുകുലം: ട്യൂട്ടോറിയല്‍ ആന്‍ഡ് പാരലല്‍ കോളേജ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡ് തറഞ്ഞിരുന്നു. നിലത്ത് മണ്ണുള്ള നാല് ഓലഷെഡ്ഡുകള്‍ തലങ്ങും വിലങ്ങും കിടന്നിരുന്നു.

അഞ്ചാംക്ലാസ്സ് മുതല്‍ ഡിഗ്രി വരെയുള്ള പരീക്ഷകളില്‍ എന്നെ ജയിപ്പിച്ചത് എസ്.എന്‍. കോളേജിലെ ട്യൂഷനാണ്. കോളേജ് ഉടമസ്ഥന്‍ മന്മഥന്‍സാറിന്റെ വിഷയം കെമിസ്ട്രി ആയിരുന്നെങ്കിലും അവിടുത്തെ താരമൂല്യമുള്ള രണ്ട് അദ്ധ്യാപകരും ഭാഷക്കാരായിരുന്നു: ഇംഗ്ലീഷ് പഠിപ്പിച്ച പപ്പന്‍സാറും മലയാളം പഠിപ്പിച്ച സുകുമാരന്‍സാറും. ചായംപോയ ബ്ലാക്ക്‌ബോര്‍ഡില്‍നിന്ന് പിണഞ്ഞും പുളഞ്ഞും നീണ്ടുവന്ന ശാസ്ത്രഗണിത സമവാക്യങ്ങളുടെ മരണക്കുരുക്കുകളില്‍ പ്രജ്ഞയറ്റ് കിടന്ന ഞങ്ങളെ ഔഷധജലം തളിച്ച് ഉയിര്‍പ്പിച്ചത് ഇംഗ്ലീഷ്മലയാളം ക്ലാസ്സുകളാണ്. മിടുക്കന്മാരും മിടുക്കികളും മാത്രം പഠിക്കുന്ന കോളേജുകളിലെ കുട്ടികള്‍പോലും എസ്.എന്നില്‍ വന്നത് പപ്പന്‍സുകുമാരന്മാരുടെ ട്യൂഷനുവേണ്ടി ആയിരുന്നു.

പത്തുവയസ്സിന്റെ മൂപ്പ് കണക്കിലെടുത്താല്‍ ആദ്യം പറയേണ്ടത് സുകുമാരന്‍സാറിനെക്കുറിച്ചാണ്. എന്നാല്‍, പപ്പന്‍സാറിന്റെ ചിരകാല ആരാധകനെന്ന നിലയില്‍ എന്റെ നാക്കില്‍ അദ്ദേഹത്തിന്റെ പേരേ ആദ്യം വരൂ. സുന്ദരമായ മുഖവും കറുത്ത കട്ടിമീശയും തുളച്ചുകയറുന്ന നോട്ടവും ഉടയാത്ത വെളുത്ത പോളിസ്റ്റര്‍ ഷര്‍ട്ടും മുണ്ടും തിടുക്കമില്ലാത്ത നടപ്പും ചേര്‍ന്ന ആ രൂപം ഇന്നും ഓര്‍മ്മയിലുണ്ട്. മന്ത്രോച്ചാരണത്തിന്റെ ശബ്ദത്തിലും ഭാവത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍.

സുകുമാരന്‍സാര്‍ കറുത്ത് മെലിഞ്ഞയാളായിരുന്നു. സ്വന്തം തൊലിപോലെതന്നെ പരുപരുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും മാത്രമേ ധരിക്കൂ. ആരോടോ കലഹിക്കുന്നതുപോലെ ഉച്ചത്തില്‍ സംസാരിച്ചാണ് ക്ലാസ്സെടുക്കുക. നീണ്ടുവളഞ്ഞ ശരീരം കഠിനമായ ക്ഷോഭംകൊണ്ട് മുന്‍പോട്ടും പിറകോട്ടും ആടും.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സാഹിത്യത്തിലെ ആധുനികതയുടെ വക്താവായിരുന്നു പപ്പന്‍സാര്‍. ലോകസാഹിത്യത്തില്‍നിന്നുള്ള ഏറ്റവും പുതിയ എഴുത്തുമായി ബന്ധപ്പെടുത്തിയാണ് ഷേക്‌സ്പിയര്‍ കവിതപോലും അദ്ദേഹം പഠിപ്പിച്ചിരുന്നത്. പുരോഗമന സാഹിത്യം മുതല്‍ പിറകോട്ട് കിടക്കുന്ന ഭാവുകത്വത്തെ മുഴുവന്‍ കുറഞ്ഞ വാക്കുകള്‍കൊണ്ട് അറുത്തുമാറ്റിയിട്ടാണ് പുതുമയുടെ നാമ്പുകള്‍ അദ്ദേഹം ഞങ്ങളില്‍ മുളപ്പിച്ചത്. വെര്‍ജീനിയാ വുള്‍ഫിന്റെ ആത്മഹത്യയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ മനോഹരമായ വിവരണം കേട്ടുകഴിഞ്ഞ് മാസങ്ങളോളം മരിക്കാന്‍ കൊതിച്ച് നടന്നിരുന്നത് ഓര്‍മ്മിക്കുന്നു.

മറിച്ച്, കാവ്യസംസ്‌കാരത്തില്‍ ആര്‍ഷനും രാഷ്ട്രീയത്തില്‍ ഗാന്ധിയനും ആയിരുന്നു സുകുമാരന്‍സാര്‍. രാഷ്ട്രീയസാംസ്‌കാരിക മേഖലകളിലെ പുത്തന്‍ പ്രവണതകളെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പരിഹാസത്തോടൊപ്പം കോപവും കലരും.

എല്ലാംകൊണ്ടും വ്യത്യസ്തരായ രണ്ട് സാറന്മാരും തമ്മില്‍ രണ്ട് സാദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് ശ്രീനാരായണഗുരുഭക്തി ആയിരുന്നു. പാരമ്പര്യത്തേയും ആത്മീയതയേയുംപറ്റി സുകുമാരന്‍സാറും പാരമ്പര്യനിരാസത്തേയും ശാരീരികതയേയുംപറ്റി പപ്പന്‍സാറും സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒടുക്കം എപ്പോഴും ഗുരുദേവനിലേ ചെന്നെത്തൂ.

രണ്ടാമത്തേത്, പ്രതിയോഗികളോടുള്ള സമീപനമായിരുന്നു. വായിച്ചും ചിന്തിച്ചും ദീര്‍ഘകാലംകൊണ്ട് രൂപപ്പെടുത്തിയെടുത്ത സ്വന്തം അഭിപ്രായങ്ങളെ രണ്ട് സാറന്മാരും മതരാഷ്ട്രത്തലവന്മാരുടെ തീവ്രതയോടെ പ്രതിരോധിച്ചു. വലിയ വലിയ എഴുത്തുകാരെയും രാഷ്ട്രീയക്കാരേയും മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ട് വെട്ടിക്കീറി ചുടുന്നത് അവരുടെ ലെക്ചറിന്റെ അവിഭാജ്യഘടകമായിരുന്നു. അത്രതന്നെ കോപത്തോടെയും അക്ഷമയോടെയുമാണ് രണ്ടുപേരും ക്ലാസ്സിലിരുന്ന് വികൃതികാണിക്കുന്ന കുട്ടികളേയും കൈകാര്യം ചെയ്തത്. കോളേജിലെ വലിയ ചട്ടമ്പിമാര്‍ പോലും ക്ലാസ്സില്‍ എഴുന്നേറ്റുനിന്ന് മെഴുകുപ്രതിമപോലെ ഉരുകിയൊലിക്കുന്നത് ഞങ്ങള്‍ എത്രയോ തവണ കണ്ടിരിക്കുന്നു. സുകുമാരന്‍സാറിന്റെ തേജോവധം നാടുമുഴുവന്‍ കേള്‍ക്കുന്ന ഒച്ചയില്‍ ആണെങ്കില്‍ പപ്പന്‍സാറിന്റേത് ജ്വലിക്കുന്ന കണ്ണുകളോടെയും അമര്‍ത്തിയ ശബ്ദത്തിലും ആണെന്ന ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരുടേയും കയ്യില്‍നിന്ന് വീണുകിട്ടിയ ശകാരപദങ്ങളും പരിഹാസപ്രയോഗങ്ങളും പെറുക്കിയെടുത്ത് ഓര്‍മ്മയില്‍ സൂക്ഷിച്ച ഞാനൊക്കെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ അവയെ ആയുധരൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നു!

സിനിമാതാരങ്ങള്‍ക്ക് ഫാന്‍സ് അസ്സോസിയേഷനുകള്‍ ഉള്ളതുപോലെ എസ്.എന്നിലെ വിദ്യാര്‍ത്ഥിസമൂഹം പപ്പന്‍സുകുമാരന്‍ ഫാന്‍സ് അസ്സോസിയേഷനുകളായി നെടുകെ പിളര്‍ന്നിരുന്നു. രണ്ട് ഫാന്‍സും അതത് താരങ്ങളുടെ സംഭാഷണശകലങ്ങള്‍ ഓര്‍ത്തുവെയ്ക്കുകയും അവരെപ്പറ്റി അതിശയോക്തി കലര്‍ത്തി പെരുപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുകയും എതിരാളികളെ നിന്ദിക്കുകയും ചെയ്തുപോന്നു. ആരാധകരുടെ ഈ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം രണ്ട് സാറന്മാരും തമ്മില്‍ ഉണ്ടായിരുന്ന ശത്രുതയില്‍നിന്നാണ് എന്നാണറിവ്. സൈദ്ധാന്തികമായി വിരുദ്ധ ധ്രുവങ്ങളിലുള്ള നിലപാടല്ലാതെ അവര്‍ തമ്മില്‍ വ്യക്തിപരമായ എന്തെങ്കിലും വിരോധം ഉണ്ടായിരുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. എങ്കിലും, ക്ലാസ്സില്‍നിന്ന് ക്ലാസ്സിലേക്കുള്ള നടപ്പില്‍ നേര്‍ക്കുനേരെ വന്നാല്‍ രണ്ടുപേരും എതിര്‍ദിശകളിലേക്ക് മുഖംതിരിച്ച് കടന്നുപോകുന്നത് ഞങ്ങളെല്ലാം കണ്ടിട്ടുണ്ട്. ക്ലാസ്സെടുക്കുമ്പോള്‍ പേരുപറയാതെ പരസ്പരം പരിഹസിക്കുന്നതും രണ്ടുപേരുടേയും പതിവായിരുന്നു.

എല്ലാംകൊണ്ടും ആരാധ്യനായ പപ്പന്‍സാറിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ഒരു കരടായി കിടക്കുന്നതും സുകുമാരന്‍സാറിനെ പരിഹസിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞിരുന്ന ചില വാചകങ്ങളാണ്. സുന്ദരന്മാരായ മനുഷ്യര്‍ തങ്ങള്‍ക്ക് ഉള്ളതും മറ്റുള്ളവര്‍ക്ക് ഇല്ലാത്തതുമായ ശരീരസൗന്ദര്യത്തെക്കുറിച്ച് ആത്മവിശ്വാസവും അഭിമാനവും പുലര്‍ത്തുക എന്നത് ലോകനിയമമായിരിക്കാം. അബോധപൂര്‍വ്വമായ ഈ ബോധ്യം നിമിത്തം ആയിരിക്കാം സുന്ദരനായ പപ്പന്‍സാറിന്റെ വാക്കുകളില്‍ സുകുമാരന്‍സാറിന്റെ ഭംഗിക്കുറവിനെപ്പറ്റിയുള്ള ഒളിയമ്പുകള്‍ നിറഞ്ഞിരുന്നു. 'ഒരു നൃത്തത്തെ നര്‍ത്തകന്റെ ശരീരത്തില്‍നിന്ന് വേര്‍പെടുത്തിക്കാണാന്‍ കഴിയാത്തതുപോലെ ഒരു അദ്ധ്യാപകന്റെ ലെക്ചറിനെ അയാളുടെ ശരീരത്തില്‍നിന്ന് വേര്‍പെടുത്തി വിലയിരുത്താന്‍ കഴിയില്ല' എന്നൊക്കെയാണ് അദ്ദേഹം ഈ വിമര്‍ശനത്തെ ന്യായീകരിച്ചിരുന്നത്. ആദ്യം കേട്ടപ്പോള്‍ രസിച്ചെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ അതൊരു തരംതാണ പ്രസ്താവനയായിപ്പോയി എന്ന് എനിക്കു തോന്നി. ആശയപരമായിത്തന്നെ എതിരാളിയെ മലര്‍ത്തിയടിക്കാന്‍ കഴിവുള്ള പപ്പന്‍സാറിനെപ്പോലെ ഒരാള്‍ എന്തിന് ശരീരത്തെ പരിഹസിക്കാന്‍ തുനിയണം?

പഠിപ്പും തൊഴിലില്ലായ്മയും കഴിഞ്ഞ് ഞാന്‍ ഗള്‍ഫ്‌വാസിയായി. അക്കാലത്ത് വല്ലപ്പോഴും നാട്ടില്‍നിന്ന് വരുന്ന വാര്‍ത്തകളില്‍നിന്നാണ് അറിഞ്ഞത്, പപ്പന്‍സാറും സുകുമാരന്‍സാറും ശത്രുതയൊക്കെ മറന്ന്, ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറി എന്ന്. പപ്പന്‍ ഫാന്‍ ആയിരുന്ന എനിക്കും സുകുമാരന്‍ ഫാന്‍ ആയിരുന്ന എന്റെ അന്നത്തെ റൂംമേറ്റ് വാസവനും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയ സംഭവവികാസമായിരുന്നു അത്. ദീര്‍ഘകാലം യുദ്ധംചെയ്ത രണ്ട് രാജാക്കന്മാര്‍ പെട്ടെന്നൊരു ദിവസം സന്ധിചെയ്തപ്പോള്‍ പിരിച്ചുവിട്ട സേനകളിലെ ഭടന്മാരെപ്പോലെ ഞങ്ങള്‍ അനാഥരായിത്തീര്‍ന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നലില്‍നിന്ന് മോചനം നേടാനായി രണ്ട് സാറന്മാരേയും വിമര്‍ശിച്ചു, തള്ളിപ്പറഞ്ഞു.

എന്നാല്‍, രണ്ട് അതികായന്മാരുടെ ആ സൗഹൃദം ഏറെ നാള്‍ നീണ്ടുനിന്നില്ല. പപ്പന്‍സാറിന് കാന്‍സര്‍ ബാധിച്ചു. ജോലിസംബന്ധമായ ചില പ്രശ്‌നങ്ങള്‍ നിമിത്തം എനിക്ക് കുറെ നാള്‍ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന കാലമായിരുന്നു അത്. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍പ്പോലും സാറിനെ ചെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല എന്ന് പിന്നീട് അറിഞ്ഞു. രോഗത്തിന്റേയോ അതോ ചികിത്സയുടേയോ ആക്രമണമേറ്റ് ശരീരം കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ അദ്ദേഹം ദൂരെ ഭാര്യയുടെ നാട്ടിലേക്ക് താമസം മാറ്റി. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തേടിച്ചെന്നപ്പോള്‍ കാണാന്‍ വിസമ്മതിച്ചു. സൗന്ദര്യം നഷ്ടപ്പെട്ട ശരീരം ആരും കാണാതിരിക്കാന്‍വേണ്ടി 'ഒരുമാതിരി സിനിമാനടികളെപ്പോലെ' ഒളിവില്‍ ജീവിച്ച് മരിച്ചു എന്നാണ് 
ഒരു സുഹൃത്ത് പറഞ്ഞത്.

സുകുമാരന്‍സാറിനും കാന്‍സര്‍ ആയിരുന്നു. ഉടഞ്ഞുപോയ പഴയൊരു പ്രണയത്തിന്റെ പേരില്‍ അവിവാഹിതനായി ജീവിച്ച സാറിനെ അവസാന കാലത്ത് പരിചരിച്ചതെല്ലാം ശിഷ്യന്മാരാണ്. വീട്ടിലും ആശുപത്രിയിലും എല്ലാസമയത്തും സന്ദര്‍ശകരുടെ തിരക്കായിരുന്നു. പഴയ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും മുതല്‍ പഴയ കാമുകിവരെ എല്ലാവരും കാണാന്‍ വന്നു. അദ്ധ്യാപനത്തിലും പൊതുപ്രവര്‍ത്തനത്തിലുംകൂടി അദ്ദേഹം സമ്പാദിച്ച അസംഖ്യം ശത്രുക്കള്‍പോലും അനുഗ്രഹം വാങ്ങിക്കാന്‍ വന്നു. സാര്‍ എല്ലാവരേയും ഉത്സാഹമായി സ്വീകരിച്ചു. ആദ്യമാസങ്ങളില്‍ ഇരുന്നും പിന്നെ കിടന്നും വാതോരാതെ സംസാരിച്ചു, ഓര്‍മ്മകള്‍ പങ്കുവെച്ചു, ചിരിച്ചു. സ്വച്ഛന്ദമൃത്യുവായി ശരശയ്യയില്‍ കിടന്ന ഭീഷ്മരെപ്പോലെ അവസാനംവരെ ഉപദേശങ്ങള്‍ കൊടുത്തു. 

നാട്ടില്‍ അവധിക്കു വന്ന സമയത്ത് ഞാന്‍ സാറിനെ കാണാന്‍ പോയി. ലോഷന്റെ രൂക്ഷമായ മണമുള്ള ആശുപത്രിമുറിയിലേക്ക് ഞാന്‍ കയറിച്ചെല്ലുമ്പോള്‍ സാര്‍ ചരിഞ്ഞുകിടന്നുകൊണ്ട് സംസാരിക്കുകയായിരുന്നു. 'ങാ' എന്ന മൂളല്‍മാത്രംകൊണ്ട് എന്റെ ഹാജര്‍ രേഖപ്പെടുത്തിയിട്ട് സാര്‍ സംസാരത്തിലേക്ക് മടങ്ങി. പണ്ടേ മെലിഞ്ഞ ശരീരം ഉണക്കച്ചുള്ളിപോലെ ചുരുങ്ങിയിരുന്നു. എന്നിട്ടും, അതില്‍നിന്ന് അദൃശ്യമായ ഒരു ചൈതന്യം പ്രസരിക്കുന്നതായി എനിക്ക് തോന്നി. സന്ദര്‍ശകര്‍ മാറിമാറി വന്നപ്പോഴും സാര്‍ പ്രഭാഷണം തുടര്‍ന്നു. ശരീരവും മരണവും ആയിരുന്നു വിഷയം. കാളിദാസനേയും ഗാന്ധിയേയും രമണമഹര്‍ഷിയേയും പിന്നിട്ട സംസാരം പണ്ടത്തെപ്പോലെ ശ്രീനാരായണഗുരുവില്‍ എത്തിച്ചേര്‍ന്നു.

'ഗുരുദേവന് അവസാനം പ്രോസ്റ്റേറ്റ് കാന്‍സറായിരുന്നു.' സാര്‍ പറഞ്ഞു  'വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇടയ്ക്കിടയ്ക്ക് നിലവിളിക്കും. ദിവ്യപുരുഷനായ ഗുരുനാഥന്‍ ഇങ്ങനെ സാധാരണ മനുഷ്യരെപ്പോലെ കിടന്ന് കരയുന്നതു കണ്ട് ശിഷ്യന്മാര്‍ അന്ധാളിച്ചു. അവരുടെ ഭാവം ഗുരുവിന് മനസ്സിലായി. അദ്ദേഹം ഒരു കവുങ്ങിന്‍പാള കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പാള വന്നപ്പോള്‍ രണ്ടുപേരോട് അതിന്റെ രണ്ടുവശത്ത് പിടിച്ച് ശക്തിയായി വലിക്കാന്‍ പറഞ്ഞു. പാള വലിയ ശബ്ദത്തോടെ രണ്ടായി കീറി.'

'ഇത്രയേ ഉള്ളൂ ശരീരത്തിന്റേയും കാര്യം, ഗുരു പറഞ്ഞു. വേദനിച്ചാല്‍ അത് ഒച്ചവെയ്ക്കും. അക്കാര്യത്തില്‍ ജ്ഞാനിയും അജ്ഞാനിയും എന്ന വ്യത്യാസമൊന്നും ഇല്ല.'

ഞാന്‍ ചെന്നുകണ്ട് ഏതാനും ആഴ്ചയ്ക്കുള്ളില്‍ സുകുമാരന്‍സാര്‍ മരിച്ചു. പണ്ട് എസ്.എന്‍. കോളേജ് നിന്നിരുന്ന തെങ്ങിന്‍പറമ്പിന്റെ സ്ഥാനത്ത് ഇപ്പോള്‍ നാലുനിലയുള്ള ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂം നില്‍ക്കുന്നു. ഞാന്‍ അതിലേ പോകുമ്പോള്‍ കണ്ണാടിക്കൂടുകളില്‍ നില്‍ക്കുന്ന സുന്ദരിപ്രതിമകള്‍ എന്നെ നോക്കി പുഞ്ചിരിക്കും. പുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിച്ച, മിനുത്ത ശരീരമുള്ള പ്രതിമകള്‍.

അപ്പോള്‍, എന്റെ മനസ്സ് എസ്.എന്‍. കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൂപ്പുകുത്തും. ചെറുതും വലുതുമായ സംഭവങ്ങളിലൂടെ ഒഴുകിനടന്ന് അവസാനം സുകുമാരന്‍സാറിന്റെ മരണക്കിടക്കയ്ക്കരികില്‍ ചെന്ന് നില്‍ക്കും. സാറിന്റെ ആ കിടപ്പും സംസാരവും അന്ന് പറഞ്ഞ കാര്യങ്ങളും പഴയതിലും വ്യക്തതയോടെ തെളിഞ്ഞുവരും. പണ്ടെന്നോ താന്‍ അടിയറവ് പറയിച്ചുകഴിഞ്ഞ പ്രതിയോഗിയെ എന്നപോലെ മരണത്തെ നോക്കി അദ്ദേഹം ചിരിച്ച ആ കരുവാളിച്ച പുഞ്ചിരി ചിന്തയില്‍ ഏറെനേരം എരിഞ്ഞുനില്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com