'സോഫോക്ലിസിന്റെ സന്തതികള്‍'- മനോജ് വെള്ളനാട് എഴുതിയ കഥ

'ഭൂമിയിലെ ഏറ്റവും ഇറോട്ടിക്കായ സംഗതി ഏതെന്നറിയാമോ അശോകന്‍ സാറിന്...?'
'സോഫോക്ലിസിന്റെ സന്തതികള്‍'- മനോജ് വെള്ളനാട് എഴുതിയ കഥ

'Dark, dark! The horror of darkness, like a shroud,
Wraps me and bears me on through mist and cloud'*
 
'ഭൂമിയിലെ ഏറ്റവും ഇറോട്ടിക്കായ സംഗതി ഏതെന്നറിയാമോ അശോകന്‍ സാറിന്...?'

പൊതി തുറന്ന് ഭക്ഷണം രണ്ടു പിഞ്ഞാണങ്ങളിലേക്ക് പകരുന്നതിനിടയില്‍ മാതു ചോദിച്ചു. സന്ദര്‍ഭത്തിനൊട്ടും യോജിക്കാത്തൊരു ചോദ്യം കേട്ടപ്പോള്‍ അശോകനൊന്നു പതറി. 

'ഞാന്‍ രാത്രിയില്‍ അധികം കഴിക്കാറില്ല.' 

മാതുവിന്റെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ അയാള്‍ പറഞ്ഞു.

ദ്രവിച്ചു തുടങ്ങിയ പ്ലൈവുഡിന്റെ ടീപ്പോയിലാണ് ഭക്ഷണം വിളമ്പുന്നത്. തറയിലിരുന്നാണ് കഴിപ്പ്. ടീപ്പോയിലിരുന്ന അരയാലിന്റെ ബോണ്‍സായി അശോകന്‍ തറയിലേക്കെടുത്തു വച്ചു. പഴകിദ്രവിച്ച ആ ചെറിയ വീട്ടിലെ വൃത്തിയുള്ള ഏക വസ്തു ആ ബോണ്‍സായി വൃക്ഷമായിരുന്നു. 

'പൊറോട്ട വേണോങ്കി രാവിലത്തേക്ക് ചൂടാക്കിയെടുക്കാം. കറി തീര്‍ത്തേക്കണം. ഇവിടെ ഫ്രിഡ്‌ജൊന്നുമില്ല.'

മാതുവും ചമ്രം പണിഞ്ഞിരുന്നുകൊണ്ട് തുടര്‍ന്നു:

'ഞാന്‍ ചോദിച്ചേനുത്തരം പറഞ്ഞില്ലല്ലോ.'

'എനിക്കറിയില്ല.'

അശോകന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

'ഏ..! ഇത്രയും ലോകപരിചയമുള്ള അശോകന്‍ സാറിനറിയാത്ത കാര്യമാണോ അത്. എന്നാലിതു പറ, ഏറ്റവും സേഫായ സെക്‌സ് ഏതാണ്?'

'ഇതല്ലാതെ വേറൊന്നും പറയാനില്ലേ നിനക്ക്...?'

അശോകന്‍ മനസ്സിലെ ഈര്‍ഷ്യ പുറത്തു കാണിക്കാതെ ശബ്ദം താഴ്ത്തി ചോദിച്ചു.

'ഇതിനല്ലേ സാറിത്രടം വരെ വന്നത്. അല്ലേ? അല്ലാതെ എന്നോട് പ്രേമം മൂത്ത് വന്നതാണെന്ന് വിചാരിക്കാന്‍ മാത്രം മണ്ടിയൊന്നുമല്ല ഞാന്‍. ഉത്തരം അറിയില്ലേല്‍ ഞാന്‍ തന്നെ പറയാം. ഏറ്റവും സേഫായ സെക്‌സ്, ഫോണ്‍ സെക്‌സാണ്. അതാവുമ്പൊ പ്രഗ്‌നന്‍സിയുടെ റിസ്‌കില്ല. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ പകരില്ല. ഗുളിക വേണ്ട, ടെന്‍ഷന്‍ വേണ്ട. സാറിപ്പോ ചെയ്ത പോലെ കിലോമീറ്ററുകള്‍ യാത്രചെയ്ത് സമയവും കാശും പാഴാക്കണ്ടാ. എന്നാല്‍, ആനന്ദത്തിനൊട്ടു കുറവുമില്ല. എന്തുകൊണ്ടാ കുറവില്ലാത്തത്? അവിടെയാണ് ആദ്യ ചോദ്യത്തിന്റെ പ്രസക്തി. ഭാവന. ഇമാജിനേഷന്‍ ഈസ് ദി മോസ്റ്റ് ഇറോട്ടിക് തിംഗ് ഇന്‍ ദ് വേള്‍ഡ്. കറക്റ്റല്ലേ? അതാണല്ലോ എന്റെ...'

അകത്തെ മുറിയില്‍നിന്നും അമ്മയുടെ ഞരക്കം കേട്ടപ്പോള്‍ മാതു പറഞ്ഞുവന്നത് പെട്ടെന്ന് നിര്‍ത്തി. ഞരക്കം പതിയെ നേര്‍ത്ത കരച്ചിലായി മാറി. രണ്ടുപേരും കഴിക്കുന്നത് നിര്‍ത്തി പരസ്പരം നോക്കി. കരച്ചില്‍ പതിയെ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി. കഴിപ്പ് തുടര്‍ന്നുകൊണ്ട് മാതു പറഞ്ഞു:

'മോഷന്‍ പോയതായിരിക്കും. എന്തായാലും കഴിച്ചിട്ടു നോക്കാം...'

'അമ്മയ്ക്കുള്ള ഫുഡോ?'

'അമ്മയ്ക്ക് പൊറോട്ടേന്നും പറ്റില്ല. മൂക്കിലൊരു ട്യൂബിട്ടൊണ്ട്. അതുവഴി കഞ്ഞിയും പാലുമൊക്കെയേ പറ്റൂ.'

മാതു കഴിക്കുന്നതിന്റെ വേഗത കൂട്ടിക്കൊണ്ട് പറഞ്ഞു.

'മാറ്റമുണ്ടോ?' അശോകനും കഴിപ്പ് വേഗത്തിലാക്കി.

'ഞാനമ്മയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലേ. അമ്മയ്ക്ക് പെട്ടെന്നുണ്ടായൊരു സ്‌ട്രോക്കായിരുന്നു. പമ്പില്‍ വച്ച് ഒരു ദിവസം പെട്ടെന്ന് ബോധംകെട്ടു വീണു. മാസം അഞ്ചാറായി. ഇപ്പൊ ജീവനുണ്ടെന്നേയുള്ളൂ. എന്നെപ്പോലും തിരിച്ചറിയൂല്ലാ. ഒന്നുകില്‍ എല്ലാം ശരിയാവും, അല്ലെങ്കിലുടനെ ചാവുമെന്നൊക്കെയാണവര്‍ പറഞ്ഞത്. ഈ കിടപ്പില്‍ കൊവിഡ് വരെ പിടിച്ചു. എന്നിട്ടും ചത്തില്ല...' 

മാതു വിളറിയൊരു ചിരിയോടെ നെടുവീര്‍പ്പെട്ടു.

'അപ്പൊ, ചാവട്ടെയെന്നാണോ?' 

'കൊന്നാലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.' 

മാതു കഴിച്ചെഴുന്നേറ്റുകൊണ്ട് തുടര്‍ന്നു:

'ആവുന്ന കാലത്ത് ഒരുപാട് സഹിച്ചതാണെന്നേ... ചാവാന്‍ കിടക്കുമ്പൊഴും ഇങ്ങനെ പുറവും പൊട്ടി മലത്തിലും കുളിച്ച് നരകിക്കണതിലും ഭേദമാണതെന്ന് വിചാരിച്ചിട്ടാ. പക്ഷേ, ധൈര്യമില്ല.'

മാതു കഴിച്ച പാത്രങ്ങളെടുക്കുമ്പോള്‍ അശോകന്‍ തടഞ്ഞു:

'പാത്രം ഞാന്‍ കഴുകിക്കോളാം. നീ അങ്ങോട്ട് ചെല്ല്.'

2
മുനിഞ്ഞു കത്തുന്ന ബള്‍ബിന്റെ വെട്ടത്തില്‍ കിടപ്പുമുറിക്കാകെ നരച്ച മഞ്ഞനിറമായിരുന്നു. വിഷാദത്തിന്റെ ഈര്‍പ്പം കലര്‍ന്ന മഞ്ഞ. മാതുവിന്റെ അമ്മ കിടക്കുന്ന മുറിക്കും ഏതാണ്ടിതേ നിറം തന്നെ. പഴയ സാരികൊണ്ടുണ്ടാക്കിയ വാതില്‍മറ കാറ്റത്തു നീങ്ങുമ്പോള്‍ അശോകനത് ശ്രദ്ധിച്ചിരുന്നു. മാതു മടിച്ചു മടിച്ചു അശോകന്‍ കിടന്ന കട്ടിലിന്റെ അറ്റത്ത് വന്നിരുന്നു. കട്ടിലിന് കുറുകേ വലിച്ചുകെട്ടിയ അയയിലെ വാരിവലിച്ചിട്ട വസ്ത്രങ്ങളിലേക്ക് നോക്കി കിടക്കുമ്പൊ അശോകന്‍ പറഞ്ഞു:

'ഞാനെന്റെ അമ്മയെ സംരക്ഷിച്ചിട്ടില്ല. സംരക്ഷിച്ചില്ലേലും രക്ഷിച്ചിട്ടുണ്ട്. അതും രണ്ടുവട്ടം. ആദ്യം, അച്ഛനില്‍നിന്ന്. പിന്നെ...'

ഒന്നു നെടുവീര്‍പ്പെട്ടുകൊണ്ടയാള്‍ തുടര്‍ന്നു:

'എന്നില്‍നിന്നു തന്നെ...'

അശോകന്‍ പറയുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മാതു മനസ്സുകൊണ്ടൊരു സംഭോഗത്തിന് തന്നെത്തന്നെ തയ്യാറാക്കുകയായിരുന്നു. ഫോണ്‍ സെക്‌സിനു വിളിക്കുന്ന ഉപഭോക്താക്കളെ പലതും പറഞ്ഞു മൂപ്പിക്കുമ്പോള്‍ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ മാതു ഒരിക്കല്‍പോലും അതിന്റെ ഭാഗമായിട്ടില്ല. അവിടെ, വിളിക്കുന്നവര്‍ക്കെല്ലാം ഒരേ ആവശ്യം. ഒരേ സംഭാഷണങ്ങള്‍. ഒരേതരം മൂളലുകള്‍. എല്ലാം ഒരു എക്കോ ചേമ്പറില്‍ പെട്ടതുപോലെ.

എന്നാല്‍, പരിചയപ്പെട്ടിട്ടു മാസങ്ങളായെങ്കിലും അശോകന്‍ മാതുവിനോട് ആ രീതിയില്‍ സംസാരിച്ചിട്ടേയില്ല. മാന്യനായ ഒരു ജാരനെപ്പോലെ നല്ലൊരു സുഹൃത്തായിരിക്കാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്ന് മാതു കുസൃതിയോടെ ഓര്‍ക്കും. മാതു ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അശോകന്‍. വര്‍ഷങ്ങളായി വടക്കേയിന്ത്യയില്‍ ജീവിച്ച, നാട്ടില്‍ സ്വന്തക്കാരാരുമില്ലാത്ത ഒരു മധ്യവയസ്‌കന്‍. ധാരാളം കാശ്. അല്പം പ്രായക്കൂടുതലുണ്ടെങ്കിലും തന്നെപ്പോലൊരാള്‍ക്ക് കാമുകനോ പങ്കാളിയോ ആവാന്‍ യോഗ്യന്‍ തന്നെ.

അയാളിപ്പോള്‍ മാതുവിനൊപ്പം അവളുടെ കട്ടിലിലാണ്. മാതു ആലോചിക്കുകയായിരുന്നു, ഇങ്ങനൊരു സാഹചര്യത്തില്‍ അടുത്ത നിമിഷങ്ങളില്‍ ആര്‍ക്കും പ്രവചിക്കാവുന്നതു പോലെയൊക്കെയേ ഇവിടേയും സംഭവിക്കൂ. അതിനിപ്പോ അധികം നാടകീയമാകേണ്ടതുണ്ടോ? കൂടെ കയറി കിടക്കാം. കിടന്നിട്ടോ? കെട്ടിപ്പിടിക്കാം. ആദ്യം താന്‍ അശോകനെ കെട്ടിപ്പിടിക്കണോ, അതോ അയാള്‍ തന്നിലേക്ക് മെല്ലെ ചരിഞ്ഞ്, ഒരുമ്മയോടെ, വൈകാരികമായി ചേര്‍ത്തണയ്ക്കുന്നതു വരെ കാത്തിരിക്കണോ?

'ഒന്നും മിണ്ടാനില്ലെങ്കില്‍, ഞാനൊരു കഥ പറയട്ടെ?'

നീണ്ടുനിന്ന നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അശോകന്‍ ചോദിച്ചു. ചോദ്യം കേട്ടിട്ടോ തന്റെ ചിന്തകളോര്‍ത്തിട്ടോ മാതുവിനു ചിരി വന്നു. 

'പിന്നെന്താ ആവാല്ലോ. കഥകള്‍ എനിക്കിഷ്ടമാണ്. പറയാനും കേള്‍ക്കാനും. സാറ് പറ.'

മാതു പിന്നെയും ചിരിച്ചു. അശോകന്‍ പക്ഷേ, ഒന്നും മിണ്ടിയില്ല. മുറിയില്‍ വീണ്ടും മൂകത നിറയുന്നത് ശ്രദ്ധിച്ച് മാതു പെട്ടെന്ന് ചോദിച്ചു:

'മാഷിന്റെ അമ്മയുടെ പേരെന്തായിരുന്നു?'

'ഭാഗ്യവതി.'

'ശരിക്കും!' മാതു അത്ഭുതത്തോടെ ചോദിച്ചു.

'ഏയ്... പേരില്‍ മാത്രേയുള്ളൂ, പേരിലെന്തിരിക്കുന്നു. എന്റെ പേര് തന്നെ കണ്ടില്ലേ.'

'ഹോ! വീണ്ടും ശോകം. സത്യത്തില്‍ ഞാനതല്ല ഉദ്ദേശിച്ചത്. എന്റെ... ആ... അതുപോട്ടെ... നമുക്കീ ഡെസ്പ് ഫ്‌ലാഷ്ബാക്കൊന്നും വേണ്ട മാഷേ. ഇതൊക്കെ പറയാനാണെങ്കില്‍ ഫോണിലൂടെയും ആവായിരുന്നല്ലോ. പാസ്റ്റിലോ ഫ്യൂച്ചറിലോ അല്ലാ, ലീവ് ഇന്‍ ദ് പ്രസന്റ് അതാണെന്റെ പോളിസി. ഈ നിമിഷം അടിച്ചുപൊളിക്കുക. ബാക്കിയൊക്കെ അതിന്റെ വഴിക്ക്. ഈ നിമിഷം ആനന്ദകരമാക്കാനാണല്ലോ ഇത്രയും ദൂരമൊക്കെ താണ്ടി അശോകന്‍ മാഷും ഇവിടെ വരെ വന്നത്...'

സംസാരിച്ചുകൊണ്ട് മാതു അശോകനു നേരെ തിരിഞ്ഞുകിടന്ന്, കൈ കൊണ്ടയാളെ ചുറ്റിപ്പുണരാനൊരുങ്ങി. പെട്ടെന്ന് എന്തോ ഓര്‍ത്ത് ഭയന്നിട്ടെന്നപോലെ അശോകന്‍ കട്ടിലില്‍ എണീറ്റിരുന്നു. മാതുവിന്റെ മുഖവും പരിഭ്രമം കൊണ്ടു മങ്ങി. അവള്‍ തിരിഞ്ഞ് നേരെ കിടന്നു. അശോകന്‍ കട്ടിലില്‍ നിന്നെണീറ്റു.
 
'ഡു യു സ്‌മോക്ക്? വലിക്കുമോ?' 

ബാഗിന്റെ സിബ് തുറന്നൊരു സിഗരറ്റ് പാക്കെറ്റെടുത്തുകൊണ്ട് അശോകന്‍ ചോദിച്ചു.

'ഇതുവരെയില്ല. ഇന്നു വേണേലാവാം. ഒന്നു തുടങ്ങിവയ്ക്കാല്ലോ...' മാതുവും ചിരിയോടെ എണീറ്റിരുന്നു.

'എന്നാ വേണ്ട. തുടങ്ങണ്ടാ. അത്ര ഹെല്‍ത്തി ശീലമൊന്നുമല്ലാ.'

അശോകന്‍ സിഗരറ്റുമായി ഹാളിലേക്ക് നടന്നു. ടീപ്പോയിലിരുന്ന അരയാലിന്റെ ബോണ്‍സായി മരത്തിലേക്ക് പുകയൂതിവിട്ടുകൊണ്ടയാള്‍ ചുമരും ചാരി തറയിലിരുന്നു.

'എന്നെ പെട്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിയോ?'

'എനിക്കറിയില്ല' മാതു പറഞ്ഞു.

'അതെന്താ..?' അശോകന്‍ കൗതുകത്തോടെ ചോദിച്ചു.

'പ്രതീക്ഷിച്ചില്ല. പക്ഷേ, ഞെട്ടിയുമില്ല.'

മാതു അരയാലെടുത്ത് തന്റെ മടിയില്‍ വച്ചു. അതിന്റെ ഇലകളിലൂടെ തലോടി.

'മുന്‍പാരെങ്കിലും ഇതുപോലെ ഞെട്ടിച്ചിട്ടുണ്ടോ? അതുകൊണ്ടാണോ?'

മാതു മരത്തെ ദേഹത്തോട് ചേര്‍ത്തുപിടിച്ച് മിണ്ടാതിരുന്നു. അശോകനവളെ പുകമറയ്ക്കുള്ളിലൂടെ നോക്കി. അല്പനേരം കഴിഞ്ഞപ്പൊ മാതു പറഞ്ഞു,

'ഒരിക്കലൊരാള്‍ വന്നിട്ടുണ്ട്. അമ്മയെ ചികിത്സിച്ച ഡോക്ടര്‍. അമ്മയുടെ രോഗവിവരങ്ങള്‍ പറയാന്‍ എനിക്കയാള്‍ നമ്പര്‍ തന്നിരുന്നു. ഇടയ്ക്കിടെ വിവരം തിരക്കാന്‍ മെസ്സേജയക്കുമായിരുന്നു. പിന്നെയത് വഴിമാറി മറ്റു പലതിലേക്കും പോയി.'

ഹാളിനകം സിഗരറ്റ് പുക നിറഞ്ഞു കൂടുതല്‍ നരച്ചു. പറഞ്ഞുവന്നത് ഇടയ്‌ക്കൊന്ന് നിര്‍ത്തിയ ശേഷം മാതു തുടര്‍ന്നു:

'ഞാന്‍ നേരത്തെ ചോദിച്ച ചോദ്യങ്ങളില്ലേ, അതൊക്കെ എന്നെ പഠിപ്പിച്ചത് ഡോക്ടറാണ്. എനിക്ക് താല്പര്യമുണ്ടെങ്കില്‍ അതൊരു വരുമാനമാര്‍ഗ്ഗമാക്കുന്നതിലും തെറ്റില്ലാന്ന് ഉപദേശിച്ചതും. ഡോക്ടര്‍ പറഞ്ഞു, നമ്മള്‍ ആവശ്യക്കാരനൊരു സര്‍വ്വീസ് കൊടുക്കുന്നു; കാശു വാങ്ങുന്നു. ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റൊന്നും ചെയ്യാതിരുന്നാ സേഫ് ബിസിനസാണെന്നൊക്കെ. ആലോചിച്ചപ്പൊ തരക്കേടില്ലെന്നെനിക്കും തോന്നി. അതിനുവേണ്ടി എനിക്കൊരു ഫേക്ക് പ്രൊഫൈലും മൊബൈല്‍ നമ്പരും വരെ എടുത്തുതന്നു. നല്ല മനുഷ്യനാണ്. ഒരിക്കല്‍ ഒരു വൈകുന്നേരം അപ്രതീക്ഷിതമായി ഇവിടെ വന്നു. ഇന്നു നിങ്ങള്‍ വന്നപോലെ. അന്നു ഞങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. പിന്നെയും ഇടയ്ക്കിടയ്‌ക്കൊക്കെ വരുമായിരുന്നു. അവസാനം വന്നപ്പോള്‍ ഇവിടെ വെച്ചിട്ടു പോയതാണീ ആല്‍മരം. ഏതോ മെഡിക്കല്‍ റെപ്പ് കൊടുത്തതാണ്.'

പറയുന്തോറും മാതു ആ അരയാലിനെ കൂടുതല്‍ ചേര്‍ത്തുപിടിക്കുന്നതായി അശോകനു തോന്നി. അവള്‍ അതിന്റെ ഇലകള്‍ക്കിടയിലേക്ക് മുഖം പൂഴ്ത്തി കുനിഞ്ഞിരുന്നു. ദൂരെയേതോ പട്ടി ഓരിയിടുന്നുണ്ടായിരുന്നു. ആകാശത്ത് നത്ത് ചിലച്ചു. അകത്ത് അമ്മയുടെ ഞരക്കംപോലുള്ള കരച്ചില്‍ ഇടയ്ക്ക് കേട്ടു. മാതു കരയുകയായിരിക്കുമെന്ന് കരുതി അശോകന്‍ പുകയുതിര്‍ത്തു കൊണ്ടിരുന്നു.
 
 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

3
'നിങ്ങളുടെ അമ്മയ്‌ക്കെന്ത് പറ്റിയതായിരുന്നു?'

മാതു ചോദിച്ചു. അശോകനൊന്നും മിണ്ടാത്തത് കണ്ട് മാതു ഇലകള്‍ക്കിടയില്‍നിന്നും മുഖമുയര്‍ത്തി.
'നിങ്ങള്‍ നേരത്തെ അമ്മയെപ്പറ്റി എന്തോ പറയുകയായിരുന്നല്ലോ. ആരില്‍നിന്നോ രക്ഷിച്ച കാര്യം. അതാ ചോദിച്ചത്.'

'രാത്രിയില്‍ നത്ത് ചിലക്കുന്നത് മരണമറിയിക്കാനാണെന്ന് പണ്ടമ്മ പറയുമായിരുന്നു' അശോകന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

'എന്റേയും... പക്ഷേ, അതെല്ലാ രാത്രിയും ചെലക്കാറുണ്ട്' മാതു ചിരിച്ചു.

'ഒരിക്കലിങ്ങനെ നത്തുകള്‍ നിര്‍ത്താതെ ചിലച്ച ഒരു രാത്രിയില്‍ ഞാനുണര്‍ന്നു...' 

അശോകന്‍ തന്റെ കഥ പറഞ്ഞുതുടങ്ങി.

'ഒറ്റമുറി വീടായിരുന്നു ഞങ്ങളുടേത്. എനിക്കന്ന് ആറോ ഏഴോ വയസ്സ് കാണും. കണ്ണുതുറന്നപ്പോഴാണ് കേട്ട ശബ്ദം മനുഷ്യരുടേതാണെന്നു മനസ്സിലായത്. മുറിയുടെ ഒരറ്റത്ത് അമ്മയും അച്ഛനും കിടന്നുരുളുകയായിരുന്നു. ഞാനനങ്ങാതെ ആ കാഴ്ച കണ്ടുകിടന്നു. കണ്ടു എന്നു പറഞ്ഞാല്‍, രണ്ടു നിഴലുകള്‍ മാത്രം. കുറേ കഴിഞ്ഞപ്പോ ഒരു നിഴലെഴുന്നേറ്റ് അഴിഞ്ഞ കൈലിയുമുടുത്ത് പുറത്തേയ്ക്ക് പോയി. എന്റെ അച്ഛന് മുടന്തുണ്ടായിരുന്നു. ഒരു കാല്‍പ്പാദം ജന്മനാ മടങ്ങിയിട്ടായിരുന്നു. ആ നടന്നുപോയ രൂപത്തിന് പക്ഷേ, മുടന്തില്ലായിരുന്നു. അതെന്താണെന്നാലോചിച്ച് ഞാനന്തംവിട്ടു കിടന്നു. അല്പം കഴിഞ്ഞപ്പൊ മുടന്തുള്ളയാള്‍ അകത്തേക്ക് വന്നു. അമ്മയുടെ അടുത്തു കിടന്നു. അവരുറങ്ങി. ഞാന്‍ മാത്രം ഉറങ്ങിയില്ല. പിന്നെ ഞാനുറങ്ങിയിട്ടേയില്ല. മിക്ക ദിവസങ്ങളിലും രാത്രിയായാല്‍ പലരും നിഴലുപോലെ വരും. നിഴലുപോലെ കിടന്നുരുളും. നിഴലുപോലെ പോകും. മുടന്തുള്ളൊരു നിഴല്‍ ആ സമയങ്ങളില്‍ ഇരുട്ടിലെവിടെയോ ഒളിച്ചിരിക്കും.'

അകത്തുനിന്നും അമ്മയുടെ വലിഞ്ഞുമുറുകിയ ചുമ കേട്ടപ്പോള്‍ അശോകന്‍ നിര്‍ത്തി. മാതു അയാളെ തന്നെ നോക്കിയിരിക്കുവായിരുന്നു.

'സിഗററ്റിന്റെ പുകയടിച്ചിട്ടാവും' മാതു പറഞ്ഞു.

'ഓ... ഞാനതോര്‍ത്തില്ല.'

അശോകന്‍ എരിഞ്ഞുതീരാറായ കുറ്റി തറയില്‍ കുത്തിക്കെടുത്തി.

'ഏയ്. അതു സാരമില്ല. നിങ്ങള്‍ വലിച്ചോ...'

'വരുന്ന നിഴലുകള്‍ക്കെല്ലാം ചാരായത്തിന്റേയും മുറുക്കാന്റേയും വല്ലാത്തൊരു ഗന്ധമായിരുന്നു...'

അശോകന്‍ കഥ തുടര്‍ന്നു:

'ഒരിക്കല്‍ അച്ഛന്റെ മുറുക്കാന്‍ കടയില്‍ ചെന്ന്, മീന്‍ വാങ്ങാന്‍ കാശു വല്ലതുമുണ്ടെങ്കില്‍ വാങ്ങിവരാന്‍ അമ്മയെന്നെ പറഞ്ഞുവിട്ടു.'

'മീനില്ലാതെ നെനക്കും നിന്റെ തള്ളയ്ക്കും ചോറെറങ്ങൂലെങ്കി തിന്നെണ്ടെടാ...' 

എന്നെ നോക്കി അച്ഛന്‍ അലറി. ആ അലര്‍ച്ച ശീലമായതിനാല്‍ ഞാന്‍ അനങ്ങാതെ അവിടെ തന്നെ നിന്നു. വേറെയും ആരൊക്കെയോ അവിടെ ഉണ്ടായിരുന്നു. അതിലൊരാള്‍ അടുത്തേക്ക് വന്ന് ഒരു മുഷിഞ്ഞ നോട്ടെടുത്ത് എന്റെ കയ്യില്‍ തിരുകിയിട്ട്, പോയി എന്താന്നുവച്ചാ വാങ്ങാന്‍ പറഞ്ഞു. അച്ഛനയാളോടെന്തോ മുറുമുറുത്തു. ഞാനൊന്നും മനസ്സിലാവാതെ നില്‍ക്കുമ്പോള്‍ 'പോവാനല്ലേടാ നായേ പറഞ്ഞത്...' എന്നും പറഞ്ഞ് ആ മുടന്തനെന്റെ നേരെ ഒരു വലിയ കല്ലെടുത്തെറിഞ്ഞു. കല്ലെനിക്ക് 
കൊണ്ടില്ലെങ്കിലും ഞാന്‍ സങ്കടംകൊണ്ടു നീറി. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. ഓട്ടത്തിനിടയില്‍ ആ മുഷിഞ്ഞ നോട്ടു ഞാനെവിടെയോ വലിച്ചെറിഞ്ഞു. തിരിച്ചു ചെന്നപ്പൊ അമ്മ ചോദിച്ചു:

'എന്തിനാടാ മോങ്ങുന്നത്? അയാളൊന്നും തന്നില്ലീ? തന്നില്ലെങ്കി തിന്നണ്ടാ. അതിന് പട്ടിയെപ്പോലെ മോങ്ങണതെന്തിന്?'

എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാന്‍ കയ്യില്‍ തടഞ്ഞൊരു കല്ലെടുത്ത് അവരെ ഒറ്റയേറ്. കൃത്യം മുതുകത്ത് തന്നെ കൊണ്ടു. മുറിഞ്ഞ് ചോരയൊലിച്ചു. അവരെന്നെ ദേഷ്യം തീരും വരെ പ്രാകി. രാത്രിയാവും വരെ ഞാനൊരു പാലത്തിന്റടിയില്‍ പോയിരുന്നു കരഞ്ഞു.

ഞാന്‍ സ്‌കൂളിലൊക്കെ പോകുമായിരുന്നു. പഠിക്കാനൊന്നുമല്ല. ആ നശിച്ച വീട്ടില്‍നിന്നു മാറിനിക്കാന്‍ വേണ്ടി മാത്രം. പകലും രാത്രിയും അവിടെ വഴക്കാണ്. മനുഷ്യന്മാരവിടെ പരസ്പരം കാണുന്നതുതന്നെ വഴക്കുണ്ടാക്കാന്‍ മാത്രമായിരുന്നു. നിഴലുകള്‍ കെട്ടിമറിയാനും. ഞാനെല്ലാറ്റിനേം വെറുത്തു. മനുഷ്യരേയും നിഴലുകളേയും വെറുത്തു. ഒരിക്കല്‍, ഞാനാറിലോ ഏഴിലോ പഠിക്കുന്ന കാലത്താണ്, എന്നത്തേയും പോലെ ഞാനുറങ്ങിയെന്ന് അവര്‍ കരുതിയ രാത്രി. മുടന്തന്റെ കുറുകിയ നിഴല്‍ അമ്മയോട് ദേഷ്യത്തില്‍ മുരളുന്നതു കേട്ടു,

'എന്ത് കോപ്പാന്നുവച്ചാ ചെയ്ത് കളഞ്ഞോണം ശവത്തിനെ... ഓരോന്നുണ്ടാക്കി വച്ചോളും. നാണം കെടുത്തിയാ വെട്ടിയരിഞ്ഞ് പൊട്ടക്കിണറ്റിലിടും ഞാനെല്ലാറ്റിനേം...'

അമ്മയും ഒച്ചയെടുത്തു:

'നിങ്ങക്ക് ചാരായം മോന്താന്‍ നക്കാപ്പിച്ചയ്ക്ക് നാട്ടിക്കിടക്കണ പട്ടിയേം പൂച്ചയേം വരെ വിളിച്ചോണ്ട് വരുമ്പ ഓര്‍ക്കണോരുന്ന്... ഞാനേ, രക്തോട്ടമുള്ള പെണ്ണാണെന്ന്...'

ഒരു മുട്ടന്‍ തെറിയോടെ മുടന്തന്‍ നിഴല്‍ തന്റെ മുക്കാല്‍ കാലുകൊണ്ടമ്മയുടെ വയറ്റിലൊറ്റ ചവിട്ട്. മെത്ത പായയില്‍ ഉറക്കം നടിച്ചു കിടക്കുവായിരുന്ന ഞാന്‍ 'അയ്യോ' എന്നും വിളിച്ചുകൊണ്ടെഴുന്നേറ്റു പോയി. മുടന്തന്റെ കണ്ണുകള്‍ എന്നെ തീക്ഷ്ണമായി നോക്കി. ഞാന്‍ പേടിച്ചു വിറച്ചുനിന്നു. അയാളൊന്ന് കാര്‍ക്കിച്ചു തുപ്പിയിട്ട് മുടന്തി മുടന്തിയിറങ്ങിപ്പോയി. അടിവയറ്റില്‍ അള്ളിപ്പിടിച്ച് ആ സ്ത്രീ അമറിക്കൊണ്ടിരുന്നു. എന്തുചെയ്യണമെന്നറിയാതെ അമാന്തിച്ച് നിന്നിട്ട് ഞാനും ഇരുട്ടത്തേക്കിറങ്ങി നടന്നു. പറമ്പിലെ പൊട്ടക്കിണറ്റില്‍ പോയി ചാടി ചാവണമെന്ന് തീരുമാനിച്ച് ഞാന്‍ ആവുന്നത്ര വേഗതയില്‍ നടന്നു. പക്ഷേ, നടന്നുനടന്നെന്റെ ധൈര്യമൊക്കെ ചോര്‍ന്നു. അച്ഛന്‍ അമ്മയെ വെട്ടിയരിഞ്ഞു തള്ളുമെന്നു പറഞ്ഞ കിണറ്റിന്റെ പൊടിഞ്ഞ ഭിത്തിയില്‍ ചാരി ഞാന്‍ വെളുക്കും വരെയിരുന്നു. അന്നെനിക്ക് കരച്ചില്‍ വന്നില്ല.

ഞാനെട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു രാത്രി. അകത്ത് നിഴലുകളുടെ സീല്‍ക്കാരം. ഞാനെണീറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു. ഇരുട്ടില്‍ മുറ്റത്തിന്റെ അതിരില്‍ ബീഡിപ്പുകയൂതിയിരിക്കുന്ന മുടന്തന്റെ നിഴല്‍ ഞാന്‍ കണ്ടു. അധികമൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കയ്യില്‍ തടഞ്ഞൊരു മണ്‍വെട്ടിയുടെ കാലുകൊണ്ടയാളെ ഞാന്‍ തലയ്ക്കടിച്ചു വീഴ്ത്തി. എന്നിട്ട് വലിച്ചിഴച്ച് പൊട്ടക്കിണറ്റില്‍ കൊണ്ട് തള്ളി. കിണറ്റിന്റെ പൊളിഞ്ഞ ഭിത്തി കൂടി ഞാനയാളുടെ മേലെ പൊളിച്ചിട്ടു.

ഒന്നു നിര്‍ത്തിയിട്ട് അശോകന്‍ പുതിയൊരു സിഗരറ്റിനു തീകൊളുത്തി. മാതു കാലു കഴച്ചിട്ടെന്നപോലെ നീട്ടിയിട്ടിരുന്നു.
 
4
ഒന്‍പതില്‍ തോറ്റേപ്പിന്നെ ഞാനും സ്‌കൂളില്‍ പോക്ക് നിര്‍ത്തി, പണിക്കു പോയി തുടങ്ങി. പ്രത്യേക പണിയെന്നൊന്നും ഇല്ല. എല്ലാ പണിക്കും പോവും. ആരോടും ചിരിക്കാതെ, കരയാതെ, മിണ്ടാതെ ശരീരംകൊണ്ടും മനസ്സുകൊണ്ടും ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നു. എന്താണെന്നറിയില്ല, രാത്രിയില്‍ വീട്ടിലെ നിഴലാട്ടങ്ങള്‍ പതിയെപ്പതിയെ ഇല്ലാതായി. പക്ഷേ, എന്റെ ഉറക്കം മാത്രം തിരികെ വന്നില്ല. ഉറങ്ങാതെ കിടക്കുമ്പോള്‍ മുറിയുടെ അങ്ങേ വശത്ത് നിഴലുകള്‍ കിടന്നുരുളുന്നത് ഞാന്‍ വെറുതെ സങ്കല്പിച്ചു നോക്കും. ചാരായത്തിന്റേയും മുറുക്കാന്റേയും ചൂര് കിട്ടുന്നുണ്ടോന്ന് മണപ്പിച്ചു നോക്കും. 

അങ്ങനെയിരിക്കെ, നത്തുകള്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ഞാനുമൊരു നിഴലായി അമ്മയുടെ പായയിലേക്ക് പടര്‍ന്നു. അവരെതിര്‍ത്തില്ല. അതോ എതിര്‍ത്തോ? എന്തോ. അതൊന്നും എനിക്കോര്‍മ്മയില്ല. ഉറക്കപ്പായയില്‍ കിടന്ന് ഓര്‍മ്മവച്ച നാള്‍ മുതല്‍ ഞാന്‍ കണ്ട അതേ നിഴല്‍ക്കൂത്തുകള്‍.
കുറച്ചുനാള്‍ കഴിഞ്ഞ് ഒരു വൈകുന്നേരം പതിവില്ലാതെ അമ്മയെന്നോട് സംസാരിക്കാന്‍ വന്നു. മാസങ്ങളോ വര്‍ഷങ്ങളോ ആയിട്ടുണ്ടാവും ഞങ്ങള്‍ വാക്കുകള്‍കൊണ്ട് സംസാരിച്ചിട്ട്. വീടിനുള്ളില്‍ മനുഷ്യര്‍ സംസാരിക്കുമെന്ന് തന്നെ ഞങ്ങള്‍ മറന്നുപോയിരുന്നു. എന്നെ കണ്ടയുടനെ അവര്‍ പറഞ്ഞു:
'എനിക്കൊരു കുപ്പി വിഷം വാങ്ങിത്തന്നു കൊന്നൂടേടാ മഹാപാപീ. എന്തൊരു നാശം പിടിച്ച ജന്മമാടാ നിന്റേത്...' പറഞ്ഞുകൊണ്ടവര്‍ പൊട്ടിക്കരഞ്ഞു. അത്രയും നിസ്സഹായയായി അവര്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. അത്രയും ദയനീയമായി അവരെ മുന്‍പെങ്ങും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിസംഗനായി അവരെ നോക്കിയിരുന്നു. എന്തുപറ്റിയെന്നു ചോദിക്കാനെനിക്ക് നാക്കു പൊന്തുന്നില്ലായിരുന്നു. എന്തിനാണ് കരയുന്നതെന്ന് ചോദിക്കാന്‍പോലും അടുപ്പമില്ലാത്തത്രയും അകലെയാണ് അവരെനിക്കെന്ന്, ഞാന്‍ തിരിച്ചറിയുകയായിരുന്നു. പെട്ടെന്നവര്‍ കരച്ചില്‍ നിര്‍ത്തി എണീറ്റുപോയി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അടിവയര്‍ താങ്ങിപ്പിടിച്ചുകൊണ്ട് തളര്‍ന്നുനിന്ന് അവരെന്നെ നോക്കി. അതുകണ്ട നിമിഷം എന്റെ തലയിലാരോ മണ്‍വെട്ടി കൊണ്ടടിച്ചപോലെ തോന്നി. ബോധം മറയുന്നപോലെ. ജീവിതത്തില്‍ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. അല്ല, കുറ്റബോധമെന്നൊന്നും കുറച്ചുകാണാന്‍ പറ്റാത്തത്രയും ഭീകരമായ മറ്റെന്തോ വികാരങ്ങള്‍. എനിക്കവരെ ഒന്നുകൂടി നോക്കാന്‍പോലും ത്രാണിയില്ലായിരുന്നു. വേരറ്റ് നിലംപതിക്കുംപോലെ. പൊട്ടക്കിണറ്റിന്റെ ആഴത്തിലേക്ക് വീഴും പോലെ.
ഞാനെണീറ്റ് നടന്നു. അതോ ഓടിയോ? അതും എനിക്കോര്‍മ്മയില്ല. ശരീരവും മനസ്സും ആകെ മരവിച്ചിരിക്കുവായിരിക്കുന്നു. ഞാന്‍ കരയുന്നുണ്ടായിരുന്നില്ല. എവിടുന്നോ 
ട്രെയിനിന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. പാളത്തില്‍ പോയി കിടന്നു. ഇപ്പോള്‍ മരിക്കുമെന്ന പ്രതീക്ഷയുടെ ലഹരിയില്‍ ഞാനെന്നെ തന്നെ മറന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എണീറ്റ് നടന്നു. പിന്നെയും ചാവാനുള്ള ധൈര്യമൊക്കെ ചോര്‍ന്നു.

5
അകത്ത് അമ്മയുടെ കരച്ചില്‍ ഉച്ചസ്ഥായിയിലായപ്പൊഴാണ് മാതു അശോകന്റെ കഥയില്‍ നിന്നുണര്‍ന്നത്. അവള്‍ വേറേതോ ലോകത്തെന്നപോലെ എണീറ്റകത്തേയ്ക്ക് പോയി. അശോകന്‍ മറ്റൊരു സിഗരറ്റിനു തീ കൊളുത്തി.

'നീ പമ്പില്‍ പോവുമ്പോ അമ്മയെ ആര് നോക്കും?' 

മാതു തിരിച്ചു വന്നപ്പോള്‍ അശോകന്‍ ചോദിച്ചു.

'ആര് നോക്കാന്‍. ആരും നോക്കൂല്ല. മെനക്കെട്ട പണിയല്ലേ. അയലോക്കക്കാരൊക്കെ വല്ലപ്പഴും വരുമായിരുന്നു. കൊറോണ പിടിച്ചേപ്പിന്നെ ആരുമില്ല.'
 
'നിനക്ക് വേറെ ബന്ധുക്കളാരുമില്ലേ..?'
 
'ഞാന്‍ കാണുന്നവരൊക്കെ എന്റെ ബന്ധുക്കള്‍ തന്നെ. ഇപ്പൊ നിങ്ങളും...'

മാതു വീണ്ടും അരയാലിന്റെ ബോണ്‍സായി എടുത്തു മടിയില്‍ വച്ചു. അതിന്റെ ഇലകളില്‍ മുഖമുരസി.

'ഇതിനു ഞാനൊരു പേരിട്ടിട്ടുണ്ട്. കേട്ടാല്‍ നിങ്ങളെന്നെ കളിയാക്കും. അതുകൊണ്ട് പറയുന്നില്ല.'
മാതു വിഷമത്തോടെ ചിരിക്കാന്‍ ശ്രമിച്ചു.

'എനിക്കുമുണ്ടായിരുന്നു ഇങ്ങനത്തെ മൂന്നാലെണ്ണം. പലയിനങ്ങളില്‍. ഗ്ലാഡീസാന്റിക്ക് ഇതൊക്കെ വാങ്ങി വീടിന്റെ മൂലകളില്‍ വയ്ക്കുന്നതും പരിചരിക്കുന്നതും ഒരു ഹോബിയായിരുന്നു.' 

അശോകന്‍ കണ്ണുകളടച്ച്, ആ കാഴ്ചകള്‍ കണ്‍മുന്‍പിലിതാ കാണുന്നെന്നപോലെ പറഞ്ഞു:

'അതാരാ ഗ്ലാഡീസാന്റി?'

മാതു ആകാംക്ഷയോടെ ചോദിച്ചു:

'ഗ്ലാഡീസാന്റി യൂപ്പിയില്‍ ജഡ്ജിയായിരുന്നു. മലയാളി.'

6
ഒരു പുകയെടുക്കാന്‍, പറഞ്ഞുവന്നതിടയ്ക്ക് നിര്‍ത്തിയിട്ട് അശോകന്‍ തുടര്‍ന്നു:

'ഞാനിടയ്ക്കാലോചിക്കും, എന്റെ ജീവിതം സിനിമാക്കഥകളേക്കാള്‍ വിചിത്രമാണെന്ന്. ശരിക്കും എന്റേതൊരു ജീവിതമാണോ എന്റെ തന്നെ തോന്നലാണോ എന്നുതന്നെ ഞാന്‍ സംശയിക്കാറുണ്ട്. അന്നു പുറപ്പെട്ടുപോയ ഞാന്‍ മരവിച്ച ശരീരവും മനസ്സുമായി ഏതോ ട്രെയിനില്‍ എവിടെയോ ചെന്നിറങ്ങി. രണ്ടാംദിവസമാണ് അത് അലഹബാദാണെന്നു മനസ്സിലായത്. കടുത്ത തണുപ്പായിരുന്നു അന്ന്. കയ്യില്‍ കാശില്ല. ഭാഷയും അറിയില്ല. എന്തു ചെയ്യണമെന്നറിയില്ല. റെയില്‍വേ സ്‌റ്റേഷനിലെ പൈപ്പീന്ന് വെള്ളവും കുടിച്ച് അവിടെത്തന്നെ കിടന്നുറങ്ങും. മൂന്നാംദിവസം മൂന്നാല് പൊലീസുകാരു വന്നു പിടിച്ചോണ്ടുപോയി. അവരെന്തൊക്കെയോ ചോദിച്ചു. ഞാനെന്തൊക്കെയോ പറഞ്ഞു. ഒടുവിലാര്‍ക്കോ മനസ്സിലായി ഞാന്‍ പറയുന്നത് മലയാളമാണെന്ന്...'

അങ്ങനെയവരെന്നെ ഗ്ലാഡീസ് ജഡ്ജിന്റെ വീട്ടില്‍ കൊണ്ടുപോയി. പൊലീസ്, ജഡ്ജി, കോടതി, എല്ലാം കൂടി കേട്ടപ്പോ ഞാനാകെ വിറച്ചു. ജീപ്പിലിരിക്കുമ്പോള്‍ ഞാന്‍ ചെയ്ത കുറ്റങ്ങളൊക്കെ ഒന്നിനു പിറകെ ഒന്നായി മനസ്സില്‍ തികട്ടി വന്നുകൊണ്ടിരുന്നു. ചെയ്തതൊക്കെ തുറന്നുപറഞ്ഞാല്‍ അവരെന്നെ ജയിലിലാക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഗ്ലാഡീസാന്റി എന്നെ അടുത്തേക്ക് വിളിച്ച് ആദ്യം ചോദിച്ചത്: 'എത്ര ദിവസമായി വല്ലതും കഴിച്ചിട്ടെ'ന്നായിരുന്നു. ഞാനൊന്നും പറഞ്ഞില്ല. അവര്‍ എനിക്കും കൂടെ വന്ന പൊലീസുകാര്‍ക്കും കഴിക്കാന്‍ ഭക്ഷണം തന്നു. കഴിക്കുന്നതിനിടയില്‍ അവരെന്നോട് കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ പരീക്ഷയില്‍ തോറ്റപ്പോ നാടുവിട്ടതാണെന്നു കള്ളം പറഞ്ഞു. അവരത് വിശ്വസിച്ചു. പക്ഷേയത് കോടതിയൊന്നുമായിരുന്നില്ല. ഞാനാരാണ്, എന്തുപറ്റിയതാണെന്നൊക്കെ ചോദിച്ച് മനസ്സിലാക്കാന്‍ പൊലീസുകാര്‍ കൊണ്ടുവന്നതായിരുന്നു. ഗ്ലാഡീസാന്റി ജോലിയൊക്കെ രാജിവച്ചു വീട്ടിലിരിക്കുന്ന സമയമാണ്. അവര്‍ക്കെന്നോട് എന്തോ കരുണ തോന്നി. നാട്ടില്‍ തിരികെപ്പോകാന്‍ സഹായിക്കാമെന്നു പറഞ്ഞു. ഞാന്‍ വേണ്ടാന്നു തലകുലുക്കി. എന്നാലവിടെ നില്‍ക്കാമോ എന്നു ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. എനിക്ക് എവിടെയെങ്കിലും നിന്നാല്‍ മതി. എന്തു ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, ഒരു ജോലിക്കാരനെ അല്ലായിരുന്നു വേണ്ടത്.

ഗ്ലാഡീസാന്റിക്കും യൂപ്പിക്കാരന്‍ പര്‍വേഷ് അങ്കിളിനും മക്കളില്ലായിരുന്നു. അങ്ങനെ അവരൊരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി. അവന്റെ പേരു ഞാന്‍ മറന്നു. ഞാന്‍ കണ്ടിട്ടുമില്ല. കാര്യസ്ഥന്‍ ദില്‍ബാര്‍ ഞാനവിടെ ചെന്ന സമയത്ത് ഇടയ്ക്കിടെ ആ പേര് പറയുമായിരുന്നു. പര്‍വേഷ് അങ്കിള്‍ എന്നെ ആ പേരില്‍ മാറി വിളിക്കുമായിരുന്നു. പക്ഷേ, മറ്റാരും തന്നെ മനപ്പൂര്‍വ്വം ആ പേരവിടെ പറയാറില്ലാ. പിന്നെ ഞാനുമത് മറന്നു. 

ദില്‍ബാര്‍ പറഞ്ഞറിഞ്ഞതാണ്, അവനു പ്രായപൂര്‍ത്തിയായപ്പോള്‍ ഗ്ലാഡീസാന്റിയും അങ്കിളും അവനോട് ദത്തെടുത്തതാണെന്ന സത്യം പറഞ്ഞു. മനുഷ്യര്‍ക്ക് നീതിവാങ്ങിക്കൊടുക്കുന്ന വക്കീലും ജഡ്ജിയുമൊക്കെ അല്ലെ, അവനതറിയാതിരിക്കുന്നത് നീതികേടാണെന്ന് തോന്നിക്കാണും. പക്ഷേ, അതോടെ അയാളുടെ സ്വഭാവം ആകെ മാറി. ആരോടും മിണ്ടാതായി. മുറിയില്‍ അടച്ചിരിപ്പായി. ഒരു ദിവസം, തിരിച്ചുവിളിക്കരുതെന്ന് ഒരു കത്തുമെഴുതി വച്ച്, അവനവന്റെ സ്വന്തം അമ്മയുടെ അടുത്തേക്ക് തന്നെ പോയി.

അതോടെ പര്‍വേഷ് അങ്കിള്‍ മുഴുവന്‍ സമയ മദ്യപാനിയായി. ആന്റി വിഷാദരോഗിയായി. പതിയെ രണ്ടുപേരും ജോലിയെല്ലാം രാജിവച്ചു, വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. 

ഈ സംഭവമൊക്കെ നടന്നു കുറച്ചുനാള്‍ കഴിയുമ്പോഴാണ് എന്നെയും കൊണ്ട് ആ പൊലീസുകാരവിടെ ചെല്ലുന്നത്. അവരുടെയാ പേരറിയാത്ത ദത്തുപുത്രന്‍ ഇറങ്ങിപ്പോയ വിടവിലേക്കാണ്, ഒരു മകനായിട്ടാണ് അവരെന്നെ ക്ഷണിച്ചത്. എനിക്കതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. എന്നെപ്പോലൊരു പതിനാറുകാരനെ കാത്ത് അങ്ങ് ദൂരെ ഉത്തരേന്ത്യയില്‍, കാലം ഇങ്ങനെ പലതും കരുതിവച്ചിരിക്കുന്നുവെന്നത് സിനിമകളില്‍ കണ്ടാല്‍പോലും ഞാന്‍ വിശ്വസിക്കില്ലായിരുന്നു. പക്ഷേ, അതെന്റെ തന്നെ ജീവിതമായിരുന്നല്ലോ.
 
പരീക്ഷയില്‍ തോറ്റപ്പോള്‍ നാടുവിട്ടോടിയ ഒരു പാവം മലയാളി കുട്ടിയായി ഞാനവരുടെ കൂടെക്കൂടി.

പഴയതൊക്കെ മറന്ന്, മറ്റൊരാളായി ജീവിക്കാന്‍ ഞാന്‍ സ്വയം എന്നെ പരുവപ്പെടുത്തിയെടുത്തു. അവിടുത്തെ അന്തരീക്ഷം അതിനുതകുന്നതായിരുന്നു. ഞാന്‍ വേഗം ഹിന്ദി പഠിച്ചു. പിന്നെ ഇംഗ്ലീഷും. ദില്‍ബാറായിരുന്നു എന്റെ അദ്ധ്യാപകന്‍. എന്നെ സ്‌കൂളില്‍ ചേര്‍ക്കാമെന്ന് ഗ്ലാഡീസാന്റിയും പര്‍വേഷങ്കിളും പറഞ്ഞെങ്കിലും ഞാന്‍ തയ്യാറായില്ല. അവരെന്നെ നിര്‍ബ്ബന്ധിച്ചുമില്ല. പരീക്ഷയില്‍ തോറ്റ് നാടുവിട്ടു പോന്നൊരാള്‍ പിന്നെയും നാടുവിട്ടാലോ എന്നവര്‍ പേടിച്ചുകാണും.

ഞാന്‍ ചെന്നശേഷം ആ വീട്ടിലെ സന്തോഷം തിരികെ വന്നുവെന്ന് ദില്‍ബാര്‍ പറയുമായിരുന്നു.
 
ഗ്ലാഡീസാന്റിക്ക് മലയാളം പറയാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷം വേറെയും. ഞങ്ങള്‍ തമ്മില്‍ മിക്കവാറും സമയങ്ങളിലും മലയാളത്തില്‍ മാത്രമേ സംസാരിക്കൂ. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പര്‍വേഷങ്കിള്‍ മരിച്ചു. പിന്നെ ഞാനും ഗ്ലാഡീസാന്റിയും ദില്‍ബാറും ഒരു പാചകക്കാരി ദീദിയും മാത്രമായി ആ വലിയ വീട്ടില്‍.

അശോകന്‍ പറഞ്ഞുവന്നത് പെട്ടെന്നു നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു:

'സോറി, നിനക്കീ ഡെസ്പ് ഫ്‌ലാഷ് ബാക്ക് കേള്‍ക്കുന്നതിഷ്ടമല്ലല്ലോ... കഥ നമുക്കിവിടെ നിര്‍ത്താം. ബാക്കി പിന്നൊരിക്കല്‍ പറയാം.'

7
മാതു ഒന്നും മിണ്ടിയില്ല. അവള്‍ പതിയെ എണീറ്റ് അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി. കാലിന്റെ പെരുപ്പ് മാറ്റാന്‍ അശോകന്‍ ഹാളിനകത്ത് വെറുതേ നടന്നു. പുറത്ത് കുറ്റാ കൂരിരുട്ട്. ഇരുട്ട് ഒരു ശവക്കച്ചപോലെ സകലതിനേയും മൂടിനില്‍ക്കുന്നു. ഇടയ്ക്ക് മുരളുന്നു. അയാള്‍ കതകു തുറന്നു പുറത്തിറങ്ങി. അല്പം മാറിനിന്ന് ഇരുട്ടിലേക്ക് മൂത്രമൊഴിച്ചു. തിരിച്ചു കയറുമ്പോള്‍ മാതു ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ അമ്മയുടെ മൂത്രവുമായി പുറത്തേക്ക് വന്നു.

'ഇവിടെ ടോയ്‌ലറ്റ് എവിടെയാണ്?' അശോകന്‍ ചോദിച്ചു.

'പുറകിലാണ്. വെള്ളം ബക്കറ്റിലെടുത്തോണ്ട് പോണം. കിണറ്റീന്ന് കോരണം' മാതു പറഞ്ഞു.

'അറിയാന്‍ വേണ്ടി ചോദിച്ചതാ. ഞാനേതായാലും ആ മൂലയില്‍ കാര്യം സാധിച്ചു.'

'ഒരുപാട് വൈകി. നീ പോയി ഉറങ്ങിക്കോ. എന്റെ ഉറക്കമെന്തായാലും പോയി.' 

മാതു തിരികെ വന്നപ്പോള്‍ അശോകന്‍ പറഞ്ഞു.

'എന്റെയുറക്കവും പോയി. സത്യം പറഞ്ഞാ, കഥയുടെ ബാക്കിയറിയാനുള്ള കൗതുകവുമുണ്ട്. മാഷ് നാട്ടിലേക്ക് തിരികെ വരാന്‍ കാരണമെന്താ? അതും ഈ കൊറോണയുടെ ഇടയില്‍. അമ്മയെ കണ്ടുപിടിക്കാനാണോ? എന്നിട്ട് കണ്ടോ?' 

മാതു വീണ്ടും കഥ കേള്‍ക്കാനുള്ള ഉത്സാഹത്തോടെ തറയിലിരുന്നു.

'അമ്മയെ കാണാനാണോന്നു ചോദിച്ചാല്‍, അതെ. ജീവനോടെയുണ്ടാവുമോയെന്ന് സംശയിച്ചാണ് വന്നത്. പക്ഷേ, ഉണ്ടായിരുന്നു. കുറേ കഷ്ടപ്പെട്ടു കണ്ടുപിടിക്കാന്‍. കണ്ടപ്പോള്‍ എനിക്കതിശയമായി. ഞാന്‍ പ്രതീക്ഷിച്ചതിലും ആരോഗ്യത്തോടെയിരിക്കുന്നു. തൊഴില്‍ ചെയ്ത് ജീവിക്കുന്നു.'

സംസാരം അവിടെ നിര്‍ത്തി അശോകന്‍ ഒരു സിഗരറ്റിന് കൂടി തീ പകര്‍ന്നു. എന്നിട്ട് ചോദിച്ചു:

'നിനക്ക് സ്‌മോക്ക് ചെയ്യണമെന്നു പറഞ്ഞത് കാര്യമായിട്ടാണോ?'

'അപ്പോഴങ്ങനെ തോന്നി. അത്രേള്ളൂ.'

'സായ ഇടയ്ക്കിടെ പറയുമായിരുന്നു, മരിക്കുന്നതിനു മുന്‍പ് ഭൂമിയിലെ എല്ലാ ലഹരിയും ഒരിക്കലെങ്കിലും ആസ്വദിക്കണമെന്ന്. അത്തരം കൗതുകം വല്ലതുമാണോന്നറിയാന്‍ ചോദിച്ചതാ.'

'ഏയ്, ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. നേരത്തെ പറഞ്ഞില്ലേ, ലീവ് ഇന്‍ ദ് പ്രസന്റ്. ഇപ്പോ തോന്നുന്നതിപ്പോ ചെയ്യുന്നു. അതിനപ്പുറം ചിന്തകളൊന്നുമില്ല' മാതു പറഞ്ഞു.

'ദില്‍ബാറിന്റെ മകളാണ് സായ. സായ സ്‌മോക്ക് ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. എന്തോ ഉത്തരവാദപ്പെട്ട ജോലി ചെയ്തു തീര്‍ക്കുന്നതുപോലെയാണ്.'

ആസ്വദിച്ച് ഉള്ളിലേക്ക് ഒരു പുകയെടുത്തുകൊണ്ട് അശോകന്‍ കണ്ണടച്ചിരുന്നു. മുഖത്തെ മിന്നിമായുന്ന ഭാവങ്ങളില്‍നിന്നും അയാള്‍ ഇഷ്ടമുള്ളതെന്തോ ഓര്‍ക്കുകയാണെന്ന് മാതുവിനു തോന്നി.

8
'ഞങ്ങളുടെ ആദ്യരാത്രി, ആകാശത്തേക്ക് തുറന്ന ടെറസില്‍ വേണമെന്നായിരുന്നു അവളുടെ ആദ്യ ഡിമാന്റ്. അവിടെ എന്റെയൊപ്പം ഒന്നിച്ചിരുന്ന് സിഗരറ്റു വലിക്കണമെന്നും. നല്ല രസമായിരുന്നു ആ രാത്രി. പക്ഷേ, ആ രാത്രിക്കപ്പുറം രസമൊക്കെ പോയി.'

അശോകന്‍ കണ്ണുതുറന്നു. ആ മുഖത്ത് ഇരുണ്ട നിഴല്‍ വീഴുന്നത് മാതുവിനു കാണാമായിരുന്നു.

'ശരിക്കും പ്രശ്‌നങ്ങള്‍ തുടങ്ങിയത് കട്ടിലില്‍നിന്നാണ്. അല്ലാ, എന്റെ തലയില്‍നിന്നാണ്. രാത്രിയില്‍ സായയെ കെട്ടിപ്പിടിക്കുമ്പോള്‍ എനിക്ക് അമ്മയെ ഓര്‍മ്മവരും. അരണ്ട വെട്ടത്തില്‍ നിഴലുകള്‍ കെട്ടിമറിയുന്നതിങ്ങനെ മനസ്സില്‍ തെളിഞ്ഞുവരും. ഞാന്‍ വേഗത്തില്‍ തല വെട്ടിച്ച് ചിന്തകളെ ചിതറിച്ച് കളയാന്‍ ശ്രമിക്കും. അപ്പോള്‍ നിറഞ്ഞവയര്‍ താങ്ങിപ്പിടിച്ചുനിന്നു ഛര്‍ദ്ദിക്കുന്ന ഒരു മെലിഞ്ഞ സ്ത്രീയെ ഞാന്‍ കാണും. അവരെന്നെ നശിച്ചജന്മമെന്നു പറഞ്ഞ് പ്രാകും.

പതിപ്പതിയെ ഞാനും സായയും ഒരുപാടകന്നതായി ഞങ്ങള്‍ക്കു തോന്നി. ഞാനവളോട് എന്നെ വിട്ടുപോകാന്‍ പറഞ്ഞു. അവളോടെന്നല്ല, ലോകത്തൊരു പെണ്ണിനോടും എനിക്കിതൊന്നും പറ്റില്ലാന്നു ഞാന്‍ പറഞ്ഞു. എന്റെ മാത്രം പ്രശ്‌നം. അവള്‍ കുറേ കരഞ്ഞു. അവളുടെ നിര്‍ബ്ബന്ധപ്രകാരം ഞങ്ങള്‍ ഡോക്ടര്‍മാരേയും സൈക്കോളജിസ്റ്റുകളേയും മാറി മാറി കണ്ടു. പക്ഷേ, കാര്യമുണ്ടായില്ല. ഞാന്‍ തുറന്നു കൊടുക്കാതെ ആര്‍ക്കും എന്റെ മനസ്സിലേക്ക് കടക്കാന്‍ കഴിയില്ലല്ലോ. 

എന്നാല്‍, ഒരു ദിവസം സായ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങളെങ്ങനെയാണോ അങ്ങനെ തന്നെ മതിയെനിക്കെ'ന്ന്. ഞാന്‍ സങ്കടംകൊണ്ട് വിങ്ങി. സ്‌നേഹംകൊണ്ട് തുടുത്തു. ആ നിമിഷം അവളെ ഞാനെന്റെ ആത്മാവിനോളം ചേര്‍ത്തുപിടിച്ചു. സായ! എന്റെ സായ! ഇങ്ങനെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ ഞാന്‍ ഉറക്കെ കരയും. അപ്പോള്‍ ഞാനെന്റെ പഴയ വീട്ടിലെ ചാണകത്തറയില്‍ കിടന്നുറങ്ങുവാണെന്നും ആ ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നമാണോ ഇതെല്ലാം എന്നും സംശയത്തോടെ ഞാനെന്റെ ജീവിതത്തിലേക്ക് നോക്കും. സംശയത്തിനൊടുവില്‍ ഞാനാലോചിക്കും, എന്തോരം നല്ല മനുഷ്യരാണീ ഭൂമിയിലെന്ന്! എന്ത് സുന്ദരമാണീ ലോകമെന്ന്.

മാതു കൗതുകത്തോടെ അശോകനെ നോക്കിയിരുന്നു. അവള്‍ക്കയാളുടെ അടുത്തു ചെന്ന് ആ നെറ്റിയിലൊരുമ്മ കൊടുക്കാന്‍ തോന്നി. മാതു തന്റെ മുഖം വീണ്ടും അരയാലിന്റെ ഇലകള്‍ക്കിടയിലേക്കൊളിപ്പിച്ചു. 

'സെക്‌സ് ഇല്ലാതേയും മനുഷ്യര്‍ക്ക് പ്രണയിക്കാനാകുമെന്ന് എന്നെ പഠിപ്പിച്ചത് സായയാണ്.' 

9
'മാതുവിനറിയാമോ, ഈ ജീവിതത്തിനൊരു പ്രശ്‌നമുണ്ട്. അതെപ്പോഴും ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കും. ആര്‍ക്കും ഒരുപാട് കാലം ദു:ഖത്തോടെയോ സന്തോഷത്തോടെയോ ജീവിക്കാന്‍ കഴിയില്ല. ഒരു ലിമിറ്റെത്തുമ്പോ അതങ്ങിടപെടും. ഞങ്ങളെന്ത് സന്തോഷത്തിലായിരുന്നെന്നോ. പക്ഷേ, അതൊക്കെ തകരാന്‍ അധികസമയം വേണ്ടിവന്നില്ല.'

പര്‍വേഷ് അങ്കിളിന്റെ ശ്രാദ്ധത്തിന് എല്ലാ വര്‍ഷവും ഞങ്ങള്‍ വാരാണസിയില്‍ പോവുമായിരുന്നു. അവിടെ സായയുടെ അമ്മ വീട്ടില്‍ താമസിച്ചാണ് ചടങ്ങുകള്‍ ചെയ്യാറുള്ളത്. കൊറോണ പടര്‍ന്നുപിടിക്കുന്ന സമയമാണെങ്കിലും ശ്രാദ്ധം മുടക്കാന്‍ പറ്റില്ലാന്ന് ഗ്ലാഡീസാന്റിക്ക് നിര്‍ബ്ബന്ധമായിരുന്നു. പക്ഷേ, ആ നിര്‍ബ്ബന്ധം എല്ലാം തകര്‍ത്തു. അവിടെയെത്തി രണ്ടാംദിവസം ദില്‍ബാറിനു കൊറോണ പിടിപെട്ടു. പിന്നാലെ ഗ്ലാഡീസാന്റിയും. ആശുപത്രിയിലെങ്ങും സ്ഥലമില്ല. കുറേ ബുദ്ധിമുട്ടി, ഒരാശുപത്രിയില്‍ അവരെ അഡ്മിറ്റാക്കി. പക്ഷേ, ഗുണമൊന്നുമുണ്ടായില്ല. ആദ്യം മരിക്കുന്നത് ഗ്ലാഡീസാന്റിയാണ്. രണ്ടുദിവസം കഴിഞ്ഞ് ദില്‍ബാറും. അവരുടെ ശവംപോലും ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. പ്ലാസ്റ്റിക് കവറിലാക്കി ജീപ്പിലും ഉന്തുവണ്ടികളിലും കുത്തിനിറച്ച് ചിതയ്ക്കുള്ള വിറകു കഷ്ണങ്ങള്‍ കൊണ്ടുപോണപോലെ അവരെയും കൊണ്ടുപോയി.

ഞാനും രോഗിയായിരുന്നു. പക്ഷേ, സായ തളര്‍ന്നു വീണപ്പോഴാണ് ഞാന്‍ ശരിക്കും തകര്‍ന്നത്. അവളേയും കൊണ്ടു ഞാനാശുപത്രിയിലെത്തുമ്പോള്‍ കാണുന്നത് വാഹനങ്ങളുടെ നീണ്ട നിരയാണ്. വേഗം അവിടുന്ന് മറ്റൊരിടത്തേക്ക്. അവിടെയും അതേ അവസ്ഥ. ഒരിടത്തും കിടത്താനിടമില്ല. ഓക്‌സിജനില്ല. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും നിമിഷനേരംകൊണ്ട് നമ്മുടെ പുറകിലും വലിയൊരു നിര രൂപം കൊള്ളുന്നത് കാണാം. സായ ശ്വാസം കിട്ടാതെ വലിച്ച് വലിച്ച് വിയര്‍ത്തു തളര്‍ന്നു കിടന്നു. ആശുപത്രിയില്‍നിന്നു വെള്ളക്കോട്ടിട്ട ഒരാള്‍ ക്യൂവിലുള്ള ഓരോരോ വാഹനങ്ങളിലായി കയറിയിറങ്ങി പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് അയാള്‍, രോഗിക്ക് ജീവനുണ്ടോന്ന് നോക്കാനാണ് വരുന്നതെന്ന്. മുന്നിലെ ചില വണ്ടികളെ അയാള്‍ തിരിച്ച് ശ്മശാനത്തിലേക്ക് വിടുന്നതും കണ്ടു. ഓരോ വണ്ടിയില്‍ അയാള്‍ കയറുമ്പോഴും മുന്നില്‍നിന്നും ഒരാള്‍ ഒഴിഞ്ഞുപോകുന്നതും പ്രതീക്ഷിച്ച് ഞാന്‍ നോക്കിയിരുന്നു. അന്നു ജീവിതത്തിലാദ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. രക്ഷിക്കണേ എന്നല്ലാ, മുന്‍പിലുള്ളവരൊക്കെ മരിക്കണേയെന്ന്...
സത്യം! ഞാനെന്നല്ല, ആ നിമിഷം ആരായാലും അങ്ങനെ ചിന്തിച്ചുപോവും. മരണത്തിന്റെ, അതോ ജീവന്റേയോ ആ ക്യൂവില്‍പ്പെട്ടുപോയ എല്ലാ മനുഷ്യനും അതു തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക. ഒടുവില്‍ വെള്ള കോട്ടിട്ട ആള്‍ ഞങ്ങളുടെ വണ്ടിയിലും വന്നു. ഞാനയാളുടെ കാലുകള്‍ കൂട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ സായയെ രക്ഷിക്കണമെന്ന് യാചിച്ചു. പക്ഷേ, അയാള്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ശ്മശാനത്തിലേക്ക് പോകാന്‍ അയാള്‍ വണ്ടിക്കാരനോട് പറഞ്ഞു.'

അശോകന്റെ തൊണ്ടയിടറി. മാതുവിനു കരച്ചില്‍ വന്നു. അവള്‍ മുന്നോട്ട് വന്ന് അശോകനെ ചുറ്റിപ്പിടിച്ചു. അവളും ശബ്ദമില്ലാതെ കരഞ്ഞു. അയാളുടെ കഷണ്ടി കയറിയ നെറ്റിയില്‍ കരുതിവച്ച പോലെ ചുംബിച്ചു.

10
മാതു അശോകനടുത്ത്, അയാളോട് ചേര്‍ന്നിരുന്നു. ആരും ഒന്നും മിണ്ടിയില്ല. ഏറെ നേരം മുറിയില്‍ തളംകെട്ടിനിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് അശോകന്‍ തുടര്‍ന്നു:

'സായയുടെ കര്‍മ്മങ്ങളൊക്കെ ഞാന്‍ തന്നെ ചെയ്തു. ഒക്കെ കഴിഞ്ഞു ജീവിതത്തില്‍ ഇനിയൊന്നും ചെയ്യാനില്ലാതെ, പരിശൂന്യനായി ഞാന്‍ ഗംഗാതീരത്തിരുന്നു. ഞാനൊറ്റയ്ക്കായി. ശരിക്കും ഒറ്റയ്ക്കായിയെന്നു തിരിച്ചറിഞ്ഞ നിമിഷം. ലോകത്തിലെ അവസാന മനുഷ്യന്‍ ഞാനാണെന്നെനിക്കു തോന്നി. മരിക്കാനെനിക്ക് പണ്ടത്തെപ്പോലെ പേടിയൊന്നും ഇല്ലായിരുന്നു. പക്ഷേ, മരിക്കാന്‍പോലും തോന്നാത്ത തരം മരവിപ്പായിരുന്നു. ഞാന്‍ ഗംഗയിലേക്കിറങ്ങി നടന്നു. പലവട്ടം മുങ്ങിനിവര്‍ന്നു. ഓരോ വട്ടം നിവരുമ്പോഴും പാതി വെന്ത വികൃതമായ ശവശരീരങ്ങള്‍ എനിക്കു ചുറ്റും ഒഴുകിനടക്കുന്നത് കാണാം.'

അതു പറയുമ്പോള്‍ അശോകന്‍ കരഞ്ഞുപോകുമോയെന്ന് മാതു ഭയന്നു. പക്ഷേ, കരഞ്ഞില്ല.

'ഇങ്ങനെയൊക്കെ സംഭവിച്ചത് എവിടെയോ വായിച്ചതോര്‍മ്മയുണ്ട്. അതൊക്കെ അപ്പൊ ശരിക്കും നടന്നതാല്ലേ..?'

മാതു സങ്കടം കലര്‍ന്നൊരു കൗതുകത്തോടെ ചോദിച്ചു. അശോകനപ്പോള്‍ ചെറുതായൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു:

'ചിലതൊക്കെ അനുഭവിച്ചു കഴിഞ്ഞ് പിന്നീടാലോചിക്കുമ്പോള്‍, അനുഭവിച്ചവര്‍ക്കുപോലും അതൊക്കെ ശരിക്കും ഉള്ളതാണോ തോന്നലായിരുന്നോ എന്നു സംശയം തോന്നാറുണ്ട്. പിന്നെയാണോ പത്രത്തിലൊക്കെ വായിക്കുന്നവര്‍ക്ക്...'

മാതു അശോകന്റെ ചുമലില്‍ തലവച്ചിരുന്നു. അശോകന്‍ തുടര്‍ന്നു:

'എത്രയോ നേരം ഞാനാ വെള്ളത്തില്‍ മരവിച്ചുനിന്നു. ഗംഗയില്‍നിന്നും കയറിയപ്പോള്‍ ഞാന്‍ രണ്ടുപേരെ പറ്റിയോര്‍ത്തു. അമ്മയെ. പിന്നെ ഗ്ലാഡീസാന്റിയുടെ ഓടിപ്പോയ ദത്തുപുത്രനേയും. അയാളെ കണ്ടെത്തി സ്വത്തുവകകളെല്ലാം ഏല്പിക്കണമെന്നു തോന്നി. പണ്ട് ദില്‍ബാര്‍ പറഞ്ഞുകേട്ട സ്ഥലത്തിന്റെ ഓര്‍മ്മ മാത്രം വച്ച് പേരറിയാത്ത അയാളേയും അന്വേഷിച്ച് ഞാന്‍ നടന്നു. ഗ്ലാഡീസാന്റിയുടെ പഴയ പൊലീസ് സുഹൃത്തുക്കള്‍ വഴി, ഒടുവിലൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അയാളുണ്ടെന്ന് അറിഞ്ഞു. ഏതോ ജാതിത്തര്‍ക്കത്തിനിടയില്‍ തലയ്ക്കടിയേറ്റ് മാസങ്ങളായി അയാള്‍ കോമയിലാണത്രേ. കണ്ടിട്ട് പ്രയോജനമുണ്ടെന്ന് തോന്നാത്തതുകൊണ്ട് നേരില്‍ പോയി കാണാന്‍ നിന്നില്ല.'

പറഞ്ഞുനിര്‍ത്തി അശോകന്‍ ദീര്‍ഘമായൊന്ന് നെടുവീര്‍പ്പെട്ടു. കാലിയായ സിഗരറ്റ് പാക്കറ്റ് അയാള്‍ കൈകൊണ്ട് ഞെരിച്ചു. കാലിപ്പാക്കറ്റ് അയാളെ അസ്വസ്ഥനാക്കി. ശരിക്കുമപ്പോള്‍ ഒരെണ്ണം അത്യാവശ്യമായിരുന്നു.

11
'നിനക്കിന്ന് ഫോണ്‍ വിളികളൊന്നുമില്ലേ. നേരത്തേ പറഞ്ഞപോലത്തെ.'
 
അശോകന്‍ മടിച്ചുമടിച്ചു ചോദിച്ചു. മാതു അയാളുടെ ചുമലില്‍നിന്നും തലയുയര്‍ത്തി നേരെയിരുന്നു.

'അറിയില്ല. വേറൊരു ഫോണിലാണ്. നോക്കിയില്ല.'

'ഊം...' അശോകനൊന്ന് മൂളി. അല്പനേരം ആരുമൊന്നും മിണ്ടിയില്ല. അകത്ത് അമ്മയുടെ നേര്‍ത്ത ഞരക്കം കേള്‍ക്കാം. മാതു മടിച്ചു മടിച്ചു പറഞ്ഞു:

'ശരിക്കും ഞാനിപ്പോള്‍ കണ്‍ഫ്യൂഷനിലാണ്. എന്നെപ്പറ്റി നിങ്ങളെന്താണ് വിചാരിക്കുന്നതെന്നോര്‍ത്ത്...'

അശോകന്‍ മാതുവിന്റെ നെറ്റിയിലൂടെ മുടിയിലേക്ക് തലോടി. അവള്‍ കണ്ണടച്ചിരുന്നു. അശോകന്‍ പറഞ്ഞു:
'ഞാനെന്ത് വിചാരിക്കാന്‍? ഞാനാരേയും ജഡ്ജ് ചെയ്യാറില്ല കുട്ടീ. മനുഷ്യരെപ്പറ്റിയുള്ള എന്റെ ജഡ്ജുമെന്റുകളെല്ലാം തെറ്റായിരുന്നു. ഞാനിപ്പോ എല്ലാരേയും മനസ്സിലാക്കാന്‍ ശ്രമിക്കാറേ ഉള്ളൂ. എനിക്ക് നിന്നെയും മനസ്സിലാവും...'

'ഊം' മാതു ഒന്ന് മൂളുക മാത്രം ചെയ്തു.

'മാഷിന്റെ അമ്മയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ മനസ്സിലായോ?'

മാതു ഏറെ നേരമായി ഉള്ളിലൊതുക്കിയിരുന്ന ചോദ്യം പെട്ടെന്ന് ചോദിച്ചു:

'അതെനിക്കറിയില്ല' അശോകന്‍ വേദനയോടെ മന്ദഹസിച്ചു. എന്നിട്ട് തുടര്‍ന്നു:

'ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാനവരെ കണ്ടെത്തിയത്. നാടും വേരുമൊക്കെ അവര്‍ പണ്ടേ ഉപേക്ഷിച്ചുപോയിരുന്നു. ജീവിച്ചിരിക്കാന്‍ എനിക്കു വേറെ ലക്ഷ്യങ്ങളൊന്നുമില്ലാത്തതുകൊണ്ടു മാത്രം ഞാനന്വേഷിച്ചു നടന്നു. കണ്ടെത്തിയ ശേഷം, ആദ്യം ഞാനവരെ ദൂരെനിന്നു വെറുതേ നോക്കി നിന്നു. ഒരുപാടു നേരം. എന്നുവച്ചാല്‍ മണിക്കൂറുകളോളം. അടുത്തേക്കു ചെല്ലാന്‍ ധൈര്യമില്ലായിരുന്നു സത്യത്തില്‍. ഒന്നുരണ്ടു ദിവസമങ്ങനെ കണ്ടു തീര്‍ത്തു. പിന്നെ ഞാന്‍ കാറുമായി അവര്‍ ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിലേക്ക് ചെന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഞാനെന്റെ അമ്മയെ അടുത്തു കണ്ടു. ആ ശബ്ദം വീണ്ടും കേട്ടു. കാലം അവരുടെ ശബ്ദത്തെപ്പോലും സൗമ്യമാക്കിയിരിക്കുന്നു. മുഖം പ്രസന്നമാക്കിയിരിക്കുന്നു. എന്തിന്, അവര്‍ ചിരിക്കാന്‍പോലും പഠിച്ചിരിക്കുന്നു. മാസ്‌ക് മാറ്റി ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞെങ്കിലെന്നെനിക്കു തോന്നി. അവരെന്നോട് 'എത്രയ്ക്കാ'ണെന്നു ചോദിച്ചു. പക്ഷേ, എന്റെ തൊണ്ടയില്‍നിന്നും വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല. എനിക്കൊന്നും പറയാനൊക്കുന്നില്ല. ശരിക്കും പരിഭ്രമംകൊണ്ട് എനിക്കു ശ്വാസം മുട്ടി. ഞാന്‍ പരിഭ്രാന്തിയോടെ എന്റെ മാസ്‌ക് വലിച്ചു മാറ്റി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ, പമ്പിന്റെ ഹോസ് ഒരു ചോദ്യചിഹ്നം കണക്കെ പിടിച്ച് എന്റെ അമ്മ ആശ്ചര്യത്തോടെ എന്നെയും നോക്കി നിന്നു. ഞാന്‍ വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചുപോയി...'
അതു പറയുമ്പോള്‍ അശോകന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. 

'പിറ്റേന്നും ഞാനവിടെ ചെന്നു. ദൂരെനിന്നും പമ്പിലേക്ക് നോക്കിനിന്നു. ഏറെ നേരം നിന്നിട്ടും അമ്മയെ മാത്രം കണ്ടില്ല. അടുത്ത ദിവസവും ഞാന്‍ ചെന്നു. കണ്ടില്ല. പിന്നെ പമ്പിലെ ഒരാളോട് അവരുടെ വിവരം തിരക്കി. രണ്ടു ദിവസം മുന്‍പ് ജോലിക്കിടയില്‍ പെട്ടെന്നു കുഴഞ്ഞുവീണെന്നും ഇപ്പോള്‍ ഐസിയുവിലാണെന്നും അയാള്‍ പറഞ്ഞു.'

വീണ്ടും ദൂരെയെവിടെയോ നത്തു ചിലയ്ക്കാന്‍ തുടങ്ങി. ഒരേ താളത്തില്‍ അതു മിനിട്ടുകളോളം നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. മാതുവും അശോകനും ആ നേരമത്രയും നിശ്ശബ്ദരായിരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

12
ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാതുവിനുറങ്ങാന്‍ കഴിഞ്ഞില്ല. തലയ്ക്കകം പല ചിന്തകളാല്‍ വിങ്ങിക്കൊണ്ടേയിരുന്നു. ഇടയ്‌ക്കെപ്പൊഴോ ചെറുതായൊന്ന് മയങ്ങിയപ്പോഴേക്കും എന്തോ സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. മാതു എഴുന്നേറ്റ് പുറത്തേയ്ക്ക് വന്നു. ഹാളിലെ തറയില്‍ വിരിച്ച പായയില്‍ അശോകനില്ല. അകത്തെ ഇരുട്ടിലൂടെ മാതു പുറത്തേക്കുള്ള വാതിലിലേക്ക് നോക്കി.

അപ്പോള്‍ അമ്മയുടെ മുറിയില്‍നിന്നും അടക്കിപ്പിടിച്ച ഒരു വിതുമ്പല്‍ നത്തിന്റെ ചിലമ്പല്‍ പോലെ മാതുവിന്റെ കാതുകളില്‍ വന്നുവീണു. അവള്‍ നടുക്കത്തോടെ വീണ്ടും കാതോര്‍ത്തൂ. അയ പൊട്ടി വീണ വസ്ത്രം കണക്കെ അവളൂര്‍ന്ന് തറയിലേക്കിരുന്നുപോയി. അരികിലിരുന്ന അരയാലിന്റെ ബോണ്‍സായ് മരത്തെ അവള്‍ ശരീരത്തോട് ചേര്‍ത്തു വാരിപ്പുണര്‍ന്നു. അതിന്റെ പടര്‍ന്ന ശിഖരങ്ങളിലേക്ക് ആഴത്തില്‍ മുഖമമര്‍ത്തി. ഇലകളിലൂടെ, ചില്ലകളിലൂടെ വേരുകളിലേക്ക് അവള്‍ ആര്‍ത്തലച്ചു പെയ്തു.

***
*സോഫോക്ലിസിന്റെ ഈഡിപ്പസ് നാടകത്തില്‍ ഈഡിപ്പസിന്റെ വിലാപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com