'ഒരേ നിറമുള്ള രണ്ടു വാക്കുകള്‍'- അഖില കെ.എസ്. എഴുതിയ കഥ

കണ്ണടച്ചാല്‍ തല പിളര്‍ക്കുന്നൊരു മുഴക്കം കേള്‍ക്കുന്നുവെന്നും ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും വേവലാതിപ്പെട്ട ഡോ. ഹന്‍സ് ഗീരാസിനൊപ്പം ഈ ആഴ്ച തന്നെ രണ്ടാംതവണയാണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തുന്നത്
'ഒരേ നിറമുള്ള രണ്ടു വാക്കുകള്‍'- അഖില കെ.എസ്. എഴുതിയ കഥ

ണ്ണടച്ചാല്‍ തല പിളര്‍ക്കുന്നൊരു മുഴക്കം കേള്‍ക്കുന്നുവെന്നും ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും വേവലാതിപ്പെട്ട ഡോ. ഹന്‍സ് ഗീരാസിനൊപ്പം ഈ ആഴ്ച തന്നെ രണ്ടാംതവണയാണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തുന്നത്.

മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ഞാന്‍. അദ്ദേഹം എന്റെ പ്രൊഫസറാണ്. മനുഷ്യശരീരത്തിലെ പ്രതിരോധ ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ലോകം അദ്ദേഹത്തിന്റെ വാക്കുകളെ ശ്രദ്ധിക്കുന്നു. പുള്ളിയുടെ വിദ്യാര്‍ത്ഥി വൃന്ദത്തില്‍ ഞാന്‍ താരതമ്യേന പുതിയ ആളാണ്. പക്ഷേ, ഇവിടെ ചേര്‍ന്ന അന്നുമുതല്‍, അല്ല, അതിനു മുന്‍പുള്ള മെയിലിടപാടുകള്‍ മുതല്‍ അദ്ദേഹമെന്നോട് വളരെ സവിശേഷമായ ഒരു വാത്സല്യം കാണിച്ചിരുന്നു. വെറും ആറു മാസങ്ങള്‍ക്കുള്ളില്‍, സ്റ്റുഡന്റ്‌സ് ഹോസ്റ്റലില്‍നിന്ന് പ്രൊഫസ്സറിന്റെ വീട്ടിലെ ഒഴിഞ്ഞുകിടന്ന മുകള്‍ മുറിയിലേക്ക് താമസം മാറുന്നത് വരെയെത്തി കാര്യങ്ങള്‍.

താമസം മാറി മൂന്നാഴ്ചയ്ക്കുള്ളില്‍ അദ്ദേഹമെന്നോട് 'സെക്‌സ് ചെയ്താലോ' എന്നു വളരെ സ്വാഭാവികമായി, എന്നാല്‍ താഴ്മയോടെ തിരക്കി. പെട്ടെന്നു കേട്ടപ്പോള്‍ പകയ്ക്കുകയും അല്പമൊന്ന് ഭയക്കുകയും ചെയ്‌തെങ്കിലും അതേ സ്വാഭാവികതയോടെ തന്നെ ആ ആവശ്യം നിരസിക്കാന്‍ എനിക്കായി. 
അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചില്ലെങ്കിലും ആണും ആണും തമ്മില്‍ അങ്ങനൊരു ബന്ധം സൂക്ഷിക്കുന്നത് തെറ്റായ കാര്യമൊന്നുമല്ല എന്ന ചിന്ത മനസ്സിലുറച്ചതിന് കൂന്‍ മേയറിന് നന്ദി പറയണം. കൂന്‍, ലാബിലെ എന്റെ സഹപ്രവര്‍ത്തകനാണ്. ഏറ്റവും സരസന്‍, ഉപകാരി, ധാരാളം സംസാരിക്കുന്നവന്‍. കൂടുതലും സുഹൃത്തുക്കളെക്കുറിച്ചാണ് പറയുക. അതില്‍ത്തന്നെ ചുവന്ന തലമുടിയുള്ള ഗാന്‍ഡോള്‍ഫിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയും. ചിലപ്പോഴൊക്കെ അയാളുമൊത്ത് ആംസ്റ്റര്‍ഡാമില്‍ അവധിക്കാലം ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ കാട്ടിത്തരും. സര്‍വ്വവും തകര്‍ന്ന മുഖഭാവത്തോടെ കൂന്‍ എത്തിയ ഒരു ദിവസത്തെക്കുറിച്ച് വ്യക്തമായോര്‍ക്കുന്നു. ഒരുപാടുനേരം കഴിഞ്ഞാണ് ഗാന്‍ഡോള്‍ഫിനു സംഭവിച്ച അപകടത്തെപ്പറ്റി ഒന്നു സൂചിപ്പിക്കാനെങ്കിലുമുള്ള മാനസികാവസ്ഥയിലേക്ക് അയാളെത്തിയത്. ഗാന്‍ഡോള്‍ഫ് അതി സൂക്ഷ്മ നിരീക്ഷണത്തിലായ രണ്ടാഴ്ചക്കാലം അയാള്‍ മര്യാദക്കൊരു കോഫിപോലും കുടിച്ച് ഞാന്‍ കണ്ടില്ല. അയാള്‍ക്ക് സുഹൃത്തിനോടുള്ള ആത്മാര്‍ത്ഥതയില്‍ അതിശയപ്പെടുന്നതിനപ്പുറം മറ്റൊരു സംശയവും ഒരു ടിപ്പിക്കല്‍ മലയാളിയെന്ന നിലയില്‍, എന്റെ മനസ്സിലേക്കെത്തിയതുമില്ല. 
അവിടെയെനിക്ക് തെറ്റുപറ്റി. 

ഗാന്‍ഡോള്‍ഫ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ആയതിന്റെ പിറ്റേന്ന്, കുറെ നാളുകള്‍ക്കു ശേഷം സാധാരണ മാനസികനിലയില്‍ ചിരിച്ചുകണ്ട കൂന്‍ മേയര്‍ക്കൊപ്പം ഒരു കോഫി കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. കപ്പിന്റെ പിടിയില്‍ വിരലുകള്‍കൊണ്ട് ചെറുതായി താളം പിടിച്ച്, കവിളുകള്‍ കൂടുതല്‍ ചുവപ്പിച്ചുകൊണ്ട് അയാള്‍ പറയാന്‍ തുടങ്ങുമ്പോള്‍ പ്രണയത്തെക്കുറിച്ചായിരിക്കും എന്നുള്ള ഊഹം ശരിയായിരുന്നു. കാമുകന്മാരുടെ ഭാവം ലോകമെമ്പാടും ഒന്നുതന്നെയാണെന്നു തോന്നുന്നു. എന്നാല്‍, എന്റെ മുന്‍വിധികള്‍ അപ്പാടെ തെറ്റിച്ചുകൊണ്ട് അപ്പോഴും കൂന്‍ പറഞ്ഞത് ഗാന്‍ഡോള്‍ഫിനെക്കുറിച്ചായിരുന്നു.

'നിനക്കറിയുമോ, പിണങ്ങുമ്പോള്‍ അവനൊരു മുഖം വീര്‍പ്പിക്കലുണ്ട്, അതവഗണിച്ചു തിരിഞ്ഞു നടന്നാല്‍ ലോകത്തെവിടെ പോയൊളിച്ചാലും എനിക്ക് സ്വസ്ഥമായിരിക്കാന്‍ പറ്റില്ല. അത്രയും പാവമാണവന്‍.'

കൂന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യത്തെ പകപ്പ് മാറിക്കഴിഞ്ഞപ്പോള്‍ പുതിയ അറിവുകളുമായി ഞാന്‍ പൊരുത്തപ്പെട്ടു. പിന്നീടയാള്‍ വീട്ടുകാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞത് ഒരുപക്ഷേ, എന്നോടായിരിക്കും.
അതുകൊണ്ടുതന്നെ ഡിന്നറിനുശേഷം കയ്യിലൊരു ഗ്ലാസ്സ് വീഞ്ഞുമായി ടിവിക്കു മുന്നില്‍ ചടഞ്ഞിരുന്ന ആ നിമിഷം എനിക്കു ഞെട്ടേണ്ടിവന്നില്ല. മാത്രമല്ല, ഏറ്റവും മാന്യമായിട്ടാണ് പ്രൊഫസ്സര്‍ അതു ചോദിച്ചതും.
പക്ഷേ, സ്വാഭാവിക പ്രതിരോധമെന്ന നിലയില്‍, അടുത്ത ഒരാഴ്ചയോളം കുളിക്കാന്‍ കയറുമ്പോള്‍പോലും കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്നു കുറ്റിയിടാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ചാരിത്ര്യസംരക്ഷണത്തിനായി ഒരു പാവം യുവാവ് എത്ര ബദ്ധപ്പെടേണ്ടിവരുന്നു എന്നാലോചിച്ച് ചിലപ്പോഴൊക്കെ സ്വയം രസിക്കുകയും ചെയ്തു. പക്ഷേ, അരുതാത്തതായി ഒരു നോട്ടമോ വാക്കോ പിന്നീടുണ്ടായില്ല. പ്രൊഫസര്‍ പഴയതുപോലെ ലാബിലും പേപ്പര്‍ ഡിസ്‌കഷനുകളിലും കണിശമായി പെരുമാറുകയും അല്ലാത്തപ്പോള്‍ തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കുകയും ചെയ്തു. 

അപ്പോഴേക്കും അവിടം എനിക്ക് ഏറെ പ്രിയപ്പെട്ടതായിക്കഴിഞ്ഞിരുന്നു. കരിങ്കല്‍ വിരിച്ച വൃത്തിയുള്ള നടപ്പാതകളും ഏറ്റവും കലാപരമായി പണികഴിക്കപ്പെട്ട ചാരുബഞ്ചുകളും നിറയെ പിങ്ക്‌നിറ പൂക്കള്‍ പൂത്ത മരങ്ങളുമുള്ള ഒരു തെരുവിന്റെ ഓരത്ത് ചരിഞ്ഞ മേല്‍ക്കൂരയുമായി, മുറ്റത്ത് ചുളിയാതെ വിരിക്കപ്പെട്ട പച്ചനിറപ്പായയും വശങ്ങളില്‍ നിരത്തപ്പെട്ട പൂച്ചെടികളുമായി കാണപ്പെടുന്ന ആ വീടുമായി ഞാന്‍ പ്രണയത്തിലാണ്ടുപോയിരുന്നു. അതുകൊണ്ടു കൂടെയാണ് തിരികെ ഹോസ്റ്റലിലേക്ക് പോകുന്നതിനെപ്പറ്റിയുള്ള ആലോചനപോലും മറ്റൊരു പ്രതിസന്ധി ഘട്ടം വരുമ്പോഴാകട്ടെ എന്ന മട്ടില്‍ മാറ്റിവയ്ക്കപ്പെട്ടത്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

'പ്രൊഫസ്സര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു വ്യക്തിയാണ്. നീ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കണമെന്ന് എനിക്കു തോന്നുന്നു വിജയ്.'

പ്രൊഫസ്സര്‍ എന്നെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ച കാര്യം പറഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകയും ഏറ്റവും അടുത്ത സുഹൃത്തുമായ ഓസ്ല റൈഡര്‍ പറഞ്ഞത് ഓര്‍ക്കുന്നു.

'ഡിവോഴ്‌സ്ഡ് ആണോ?'

'കൂടുതലറിയില്ല. ആണെന്നു തോന്നുന്നു. പക്ഷേ, പേഴ്‌സണല്‍ കാര്യങ്ങള്‍ ചോദിക്കുന്നത് ആള്‍ക്കിഷ്ടമല്ല.
 
ചിലപ്പൊ ഷൗട്ട് ചെയ്യാറുണ്ട്. അതുകൊണ്ട് അധികമൊന്നും ചോദിക്കണ്ട'

എന്നൊരു ഉപദേശം കൂടി അവള്‍ തന്നിരുന്നു.

പക്ഷേ, ഒന്നും ചോദിക്കാതെ തന്നെ ചിലതൊക്കെ മുന്നില്‍ തെളിഞ്ഞുവന്നു.

ഒരു വൈകുന്നേരം മസാല ചേര്‍ത്ത ചിക്കന്‍, ഫ്രൈ ചെയ്‌തെടുക്കുന്ന സാഹസത്തിനിടയില്‍ പ്രൊഫസ്സര്‍ ബ്രേക്ക് ഫാസ്റ്റ് ടേബിളിനരികില്‍ വന്നുനിന്ന് അവിടിരുന്ന ചെറി ടുമാറ്റോകള്‍ എടുത്ത് പൂക്കളുടെ ആകൃതിയില്‍ മുറിച്ചുതുടങ്ങി. അതങ്ങനെ പതിവുള്ളതായിരുന്നില്ല. അദ്ദേഹം ഇന്ത്യന്‍ ഭക്ഷണശൈലിയുടെ ആരാധകനായിരുന്നതുകൊണ്ട് പാചകം പൂര്‍ണ്ണമായും ഞാനേറ്റെടുത്തിരുന്നു.
 
മസാലയില്‍ കുളിപ്പിച്ച ചിക്കനില്‍നിന്നു മുഖം തിരിച്ചു ഞാന്‍ നോട്ടമെയ്യുമ്പോഴേക്കും ചോദ്യം വന്നുകഴിഞ്ഞിരുന്നു.

'ആകെയൊരു സുഖം തോന്നുന്നില്ല. ഒരു ഡ്രൈവിനു പോയാലോ?'

കൊറോണക്കാലത്തിനു മുന്‍പുള്ള ഞങ്ങളുടെ സായാഹ്നങ്ങള്‍ പലപ്പോഴും പുറത്ത് തന്നെയായിരുന്നു. സാധാരണഗതിയില്‍, രണ്ടു സൈക്കിളുകളിലായി സ്ട്രീറ്റ് ഫുഡിലെ വ്യത്യസ്തമായ രുചികള്‍ തേടി അലയുകയാണ് പതിവ്. അല്ലെങ്കില്‍ ഡാഗ് സ്ട്രാന്‍ഡ് ബീച്ചില്‍ സായാഹ്ന സൂര്യനെ നോക്കിയിരിക്കും. ഞാന്‍ പഴയ മലയാളം പാട്ടുകള്‍ പാടും. പ്രത്യേകത തോന്നുന്ന ചില വാക്കുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വളരെ താല്പര്യത്തോടെ ചോദിക്കാറുണ്ട്. 

ഒരിക്കല്‍, 'പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ' എന്ന പാട്ട് മനപ്പൂര്‍വ്വമായിത്തന്നെ ഞാന്‍ പാടിക്കൊടുക്കുകയും അതിലെ വരികളുടെ അര്‍ത്ഥം ചോദിക്കാതെ തന്നെ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. പുള്ളിയന്ന് ഉറക്കെ ചിരിച്ചുകൊണ്ട് ഇതുകേട്ട് ചിരിക്കാത്ത ഒരു ഭര്‍ത്താവും ലോകത്തുണ്ടാവില്ലെന്നു സത്യം ചെയ്തു. എന്നാല്‍, സ്വന്തം കഥ പറയാന്‍ ഇത്ര നല്ലൊരു സന്ദര്‍ഭം ഉണ്ടാക്കിക്കൊടുത്തിട്ടും ആള്‍ അതേപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ല. പകരം, 'എനിക്കിപ്പോള്‍ മാര്‍ലോണ്‍ ബ്രാന്‍ഡോയെ ഓര്‍മ്മവരുന്നു' വെന്നു പറഞ്ഞു. 

'നിനക്കിഷ്ടമാണോ അയാളെ?'

ഉവ്വെന്നു തലകുലുക്കിക്കൊടുത്തു. പ്രൊഫസ്സറിന്റെ മുഖത്ത് ഗൂഢമായൊരു ചിരി ചുഴികുത്തി.
'നല്ല നടനാണെന്നതിനേക്കാള്‍ അയാളൊരു ധീരനായിരുന്നെന്നു ഞാന്‍ പറയും. സ്വയമൊരു ബൈസെക്ഷ്വല്‍ ആണെന്നു ലജ്ജയില്ലാതെ വിളിച്ചുപറഞ്ഞ മഹാന്‍.'

പ്രൊഫസ്സറുടെ നോട്ടം കടലിലൂടെ ഇഴഞ്ഞ് എന്റെ മുഖത്തെത്തിയപ്പോള്‍ ഞാനൊന്നൊതുങ്ങിയിരുന്നു. പുള്ളി വീണ്ടുമെന്തോ കുഴഞ്ഞ ആഗ്രഹം ചോദിക്കാനൊരുങ്ങുകയാണെന്നു തോന്നിയപ്പോള്‍ ദേഹവും മുഖവും മൂടിപ്പുതയ്ക്കാനൊരു ഷാള്‍ കിട്ടിയിരുന്നെങ്കില്‍ എന്നുപോലും ആഗ്രഹിച്ചുപോയി. എന്നാല്‍, പ്രൊഫസ്സര്‍ പിന്നീട് ബ്രാന്‍ഡോയുടെ ഡച്ച് വേരുകളെക്കുറിച്ചാണ് പറഞ്ഞത്.

'ഞങ്ങള്‍ സ്‌നേഹവും സ്വാതന്ത്ര്യവും ഒരുപോലെ ഇഷ്ടപ്പെടുന്നു. അതാരില്‍നിന്നാണോ കിട്ടുന്നത് അവരെ ചേര്‍ത്തുനിര്‍ത്തും. മനസ്സിലായോ? നിങ്ങളത് മനസ്സിലാക്കാന്‍ ഇനിയെത്ര വര്‍ഷമെടുക്കും?'

ആ വൈകുന്നേര യാത്ര സ്വാതന്ത്ര്യത്തിന്റെ അവസാന വീക്കെന്‍ഡിലായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. കൊറോണ പടര്‍ന്നുപിടിക്കുകയും നിയന്ത്രണങ്ങള്‍ കടുക്കുകയും ചെയ്തതോടെ ഞങ്ങളുടെ കറക്കവും അവസാനിച്ചു. മാസ്‌കിടാന്‍ പ്രൊഫസര്‍ക്ക് മടിയായതു കാരണം പുറത്തധികം ഇറങ്ങാതെയായി. യാത്രകള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാത്രമായി. അവിടെപ്പോലും തന്റെ സ്‌പെഷ്യല്‍ ക്യാബിനുള്ളിലായി അദ്ദേഹം ഒതുങ്ങിക്കൂടി. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ലാബിലേക്കുപോലും വന്നിരുന്നുള്ളൂ. 

അതുകൊണ്ടുതന്നെ പെട്ടെന്നുള്ള ആ ചോദ്യം എന്നെ തെല്ലമ്പരപ്പിക്കുകയും കൂടുതല്‍ സന്തോഷിപ്പിക്കുകയും ചെയ്തു. പതിവില്‍നിന്നു വ്യത്യസ്തമായി ടില്‍ബര്‍ഗിലേക്കാണ് പോകാന്‍ പോകുന്നതെന്ന് ഒരു സൂചനകൂടി തന്നതും പുതുമയായി തോന്നി. 

ചിക്കന്‍ ഫ്രൈ ഓവനില്‍നിന്നു പുറത്തിറക്കി വച്ചതിനുശേഷം ഞങ്ങള്‍ പുറപ്പെട്ടു. ഇരുവശങ്ങളിലും അസംഖ്യം വിന്‍ഡ് മില്ലുകള്‍ അച്ചടക്കമുള്ള കാവല്‍ക്കാരെപ്പോലെ തലയുയര്‍ത്തിപ്പിടിച്ച് നിരന്നുനിന്നിരുന്ന പരിചിതമായ ഇടങ്ങളിലൂടെ കുറേയോടിക്കഴിഞ്ഞ ശേഷം, പുതിയൊരു റോഡിലേക്ക് കാര്‍ തിരിഞ്ഞു കയറുമ്പോള്‍ അദ്ദേഹം പതിവിലുമേറെ നിശബ്ദനായതായി എനിക്കു തോന്നി. ഞങ്ങള്‍ താമസിക്കുന്നയിടത്തുനിന്നും കുറച്ചു വ്യത്യസ്തമായ ഒരു സ്ഥലമായിരുന്നു അത്. നാഗരികതയുടേയും സമ്പന്നതയുടേയും അടയാളങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു. മുറ്റത്തും ഉള്ളിലും ഒരുപാട് ലൈറ്റുകള്‍ തെളിഞ്ഞുനിന്ന ഒരു വീടിനു മുന്നിലായി കാര്‍ നിന്നു. പ്രൊഫസ്സര്‍ മൗനത്തില്‍ തന്നെയായിരുന്നു. എന്തെങ്കിലും ചോദിക്കുന്നത് അവിവേകമായിപ്പോകുമെന്നു ഭയം തോന്നിയതു കാരണം ഞാനും ഒന്നും മിണ്ടാതെ അവിടേക്ക് നോക്കിയിരുന്നു. 

'അതെന്റെ മകളുടെ വീടാണ്.'

ഞാന്‍ അത്ഭുതത്തോടെ നോക്കി. പ്രൊഫസ്സറിനൊരു മകളുണ്ടെന്നത് പുതിയ അറിവായിരുന്നു.
'ഇന്ന് അവള്‍ അവളുടെ പാര്‍ട്ണറെ വിവാഹം കഴിച്ചു.'

തുടര്‍ന്നു കുറച്ചധികം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന വിധത്തില്‍ എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും അത്തരമൊരു വാക് ചാതുര്യം കൈവശമില്ലാത്തതിനാല്‍ ഞാന്‍ മൗനം തുടര്‍ന്നു.

'എനിക്കവളെ കാണണമെന്നും രണ്ടുപേരേയും അനുഗ്രഹിക്കണമെന്നുമുണ്ട്. പക്ഷേ, അകത്തേക്ക് കയറാന്‍ അനുവാദമില്ല.'

അദ്ദേഹം മുഖം അമര്‍ത്തിത്തുടച്ചു. എന്നിട്ട് രണ്ടു കൈകളും നെറ്റിക്കു മുകളില്‍ വച്ച് അല്പ സമയം കണ്ണടച്ചിരുന്നു.

തിരികെ വരുമ്പോഴും ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. ആകാംക്ഷയുണ്ടായിരുന്നെങ്കില്‍പ്പോലും ഒന്നും ചോദിക്കാന്‍ എനിക്കു ധൈര്യം വന്നില്ല. പ്രൊഫസറുടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ചിക്കന്‍ ഫ്രൈ ഞാന്‍ ഒറ്റയ്ക്കിരുന്നു കഴിക്കേണ്ടിവന്നു.

അന്നു രാത്രിയാണ് അദ്ദേഹത്തിന് ആദ്യമായി വയ്യായ്ക തോന്നിയത്. എന്റെ മൊബൈലിലേക്ക് സന്ദേശം അയക്കാന്‍ വേണ്ടിയുള്ള സാവകാശം കിട്ടിയത് ഭാഗ്യമെന്നു പറയണം. ഞാന്‍ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണുപോയിരുന്നു. കിടക്കയ്ക്കും ടോയ്‌ലറ്റിനുമിടയിലെ സ്ഥലത്ത് കമിഴ്ന്നു കിടക്കുകയായിരുന്നു. ഹോസ്പിറ്റലില്‍നിന്നു വണ്ടിയെത്തുന്നതിനിടയില്‍ എനിക്കദ്ദേഹത്തെ താങ്ങിയെടുത്ത് ബെഡില്‍ കിടത്താനും ഇടയ്ക്ക് കണ്ണു തുറന്നപ്പോള്‍ അല്പം വെള്ളം കൊടുക്കാനുമായതും ഭാഗ്യമെന്നേ പറയേണ്ടൂ. പിന്നീട് ഡോക്ടറും അതുതന്നെ പറഞ്ഞു.
 
'ഒരു മുഴക്കംപോലെ.' 

സംസാരിക്കാറായപ്പോള്‍ ചെവി വട്ടം പിടിച്ചുകൊണ്ട് പ്രൊഫസര്‍ എന്നെ നോക്കി. എന്നിട്ട് എനിക്കെന്തെങ്കിലും മറുപടി പറയാനാകുന്നതിനു മുന്‍പുതന്നെ ചുരുണ്ട്, കാല്‍മുട്ടുകള്‍ കൈകള്‍ക്കിടയില്‍ തിരുകി ഞരങ്ങി. 

'ആ തോക്ക് താഴെയിട്.'

'തോക്കോ?' ഞാന്‍ നിസ്സഹായതയോടെ നോക്കി.

ശരിക്കും ഞാന്‍ പേടിച്ചുപോയി. പക്ഷേ, ഡോക്ടര്‍ അതു നിസ്സാരമായി തള്ളിക്കളഞ്ഞു. 

'ഏയ്, ഒരു കുഴപ്പവുമില്ല. ഒന്നുറങ്ങിക്കഴിയുമ്പോ ശരിയാവും.'

മൂന്നു ദിവസത്തേക്കുള്ള മരുന്നുകളുമായി ഞങ്ങള്‍ തിരികെപ്പോന്നു. അന്നു മുഴുവന്‍ പ്രൊഫസ്സര്‍ ഉറങ്ങി. രാത്രിയെഴുന്നേറ്റപ്പോള്‍ കുറച്ച് വെജിറ്റബിള്‍ സൂപ്പും ഗുളികകളും ഞാന്‍ നിര്‍ബ്ബന്ധിച്ചു കഴിപ്പിച്ചു. വീണ്ടുമുറങ്ങി. 

പിറ്റേന്ന് അദ്ദേഹമുണരുന്നതും നോക്കി ഏറ്റവും ആശങ്കയോടെയാണ് ഞാന്‍ സ്വീകരണ മുറിയിലിരുന്നത്. അന്ന് ലാബില്‍ പോകാന്‍ പറ്റില്ലെന്ന് ഉറപ്പായതു കാരണം ഡ്രസ്സ് മാറാന്‍ പോലും മിനക്കെട്ടില്ല. 
പക്ഷേ, പ്രൊഫസ്സര്‍ എന്നത്തേയുംപോലെ ഒരുങ്ങിയാണ് മുറിക്ക് പുറത്തേക്കിറങ്ങിയത്. 

സോഫയില്‍ ചുളുങ്ങിക്കൂടിയിരിക്കുന്ന എന്നെ കണ്ടപ്പോള്‍
'എന്താ നീ റെഡിയാവാത്തത്? സമയമായല്ലോ' എന്നു പുരികമുയര്‍ത്തുകപോലും ചെയ്തു. 

ഞാന്‍ വളരെ വേഗം റെഡിയാവുകയും ഞങ്ങള്‍ ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയും ചെയ്തു. തലേന്നത്തെ കാര്യങ്ങള്‍ മറന്നുപോയിരിക്കുമോ എന്നു സംശയിച്ചിരിക്കുന്ന സമയത്തുതന്നെ പുള്ളി കോട്ടിന്റെ പോക്കറ്റില്‍ കയ്യിട്ട് ഗുളികയെടുത്ത് കഴിക്കുന്നതും കണ്ടു.

അന്നേദിവസം അദ്ദേഹം വലിയ ഉത്സാഹത്തിലായിരുന്നു. ഓസ്ലയുടെ, തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ മാറിമാറി കൊടുത്തുകൊണ്ടിരുന്ന, ഒരു റിസര്‍ച്ച് പേപ്പറിനു പ്രസിദ്ധീകരണാനുമതി കൊടുത്തതുള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തലേദിവസത്തെ കാര്യങ്ങള്‍ മറ്റാരോടും പറയാന്‍ എനിക്കു തോന്നിയില്ല. സ്വയം ദുര്‍ബ്ബലനായി മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കേണ്ടിവരുന്നതാണ് പ്രൊഫസ്സര്‍ ഏറ്റവും വെറുക്കുന്ന കാര്യമെങ്കില്‍ ഞാനായിട്ട് അതിനു വഴിവയ്ക്കാന്‍ പാടില്ലല്ലോ. 

പക്ഷേ, അന്നേ ദിവസം രാത്രിയില്‍ വീണ്ടും പ്രശ്‌നമുണ്ടായി. ഇത്തവണ അദ്ദേഹം എന്റെ മുറിയിലേക്കു പാഞ്ഞുവരികയും 'തലയിലെന്തോ മുഴങ്ങുന്നു. അത് വെടിയൊച്ചയാണ്' എന്നൊക്കെ പറഞ്ഞ് ഉറക്കെ വിലപിക്കുകയും ചെയ്തു. 

രണ്ടുദിവസം മുന്‍പിലത്തെ രാത്രി അതേപോലെ ആവര്‍ത്തിച്ചു. ഞാന്‍ ഡോക്ടറോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും 'നാളേയ്ക്ക് ശരിയായിക്കൊള്ളും' എന്ന ഒറ്റ ഉത്തരംകൊണ്ട് അയാള്‍ അതിനെയെല്ലാം തള്ളിക്കളയുകയും ചെയ്തു. കേരളത്തിലെ ആശുപത്രികളേയും ഡോക്ടര്‍മാരേയും ഞാന്‍ മനസ്സുകൊണ്ട് നമിച്ചു. എന്തുതന്നെ വന്നാലും ഇത്ര ഉത്തരവാദിത്വമില്ലാതെ അവര്‍ പെരുമാറില്ലെന്ന് ഉറപ്പാണ്. 
ഞങ്ങള്‍ വീട്ടിലേക്ക് തന്നെ തിരികെപ്പോന്നു.

ഡോക്ടര്‍ എന്തു പറഞ്ഞാലും കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്ന് എനിക്കുറപ്പായിരുന്നു. വല്ലാത്ത ഭയം തോന്നി. ഇദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍? അത് സംബന്ധിച്ച് ഒരന്വേഷണം വന്നാല്‍ എന്താണ് ഞാന്‍ മറുപടി പറയുക? പ്രൊഫസ്സറുടെ വ്യക്തിപരമായ ഒരു കാര്യവും എനിക്കറിയില്ല. 

ഞാന്‍ ഓസ്ലയെ വിളിച്ചു. അവള്‍ വേഗം തന്നെ വന്നു. കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ തന്നെ മനസ്സിലെ തിക്കുമുട്ടല്‍ കുറഞ്ഞു. ഓസ്ല എല്ലാം ശ്രദ്ധയോടെ കേട്ടു. അവള്‍ അനാവശ്യമായ പരിഭ്രമമോ ഉല്‍ക്കണ്ഠയോ കാണിക്കാത്തത് കൂടുതല്‍ ആശ്വാസമായി. സമചിത്തതയോടെ കേള്‍ക്കാനും ചിന്തിക്കാനും കഴിയുന്ന ആളെത്തന്നെയായിരുന്നു അപ്പോള്‍ എനിക്കാവശ്യം. 

'മുന്നോട്ടാലോചിക്ക്.' ഒരു കാല്‍ മറ്റേതിനു മുകളിലേക്കു കയറ്റിവെച്ച് അവള്‍ നിവര്‍ന്നിരുന്നു. 'പ്രൊഫസ്സറുടെ മകളോട് കാര്യങ്ങള്‍ പറയുന്നതാണ് നല്ലതെന്നു തോന്നുന്നില്ലേ? എന്താണെന്നു വച്ചാല്‍... നമുക്കു വേറാരെയും അറിയില്ലല്ലോ.'

'എനിക്കവരെയും അറിയില്ലല്ലോ.'

'വീടറിയാമല്ലോ.'

'വീട്... വഴി... ഏകദേശമൊക്കെ അറിയാമെന്നു തോന്നുന്നു.'

പ്രൊഫസ്സര്‍ നല്ല ഉറക്കത്തിലായിരുന്നു. മുറിക്കുള്ളിലെ ചൂട് പാകത്തിനു ക്രമീകരിക്കുകയും പെട്ടെന്നെടുക്കാന്‍ പാകത്തിനു വെള്ളവും സാന്‍ഡ്‌വിച്ചും മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിട്ട് ഞങ്ങള്‍ വീടു പൂട്ടിയിറങ്ങി. 

ഓസ്ലയുടെ കാറിലാണ് ഞങ്ങള്‍ പോയത്. ഇടയ്ക്ക് രണ്ടിടത്ത്, വഴി തിരിയേണ്ടതു സംബന്ധിച്ച് ഒരു ആശയക്കുഴപ്പമുണ്ടായെന്നതൊഴിച്ചാല്‍ എന്റെ ഓര്‍മ്മ ഒട്ടും പിഴച്ചില്ലായെന്നുതന്നെ പറയണം. 
ആ തെരുവ് രാത്രിക്കാഴ്ചയെക്കാള്‍ കൂടുതല്‍ സുന്ദരമായി മുന്നിലൂടെ ഇഴഞ്ഞ് നിവര്‍ന്നുനിന്നു. 

ഓര്‍മ്മത്തെറ്റു സംഭവിച്ച രണ്ടു വഴിപോക്കരെപ്പോലെ ആ വീടിനു മുന്നില്‍ ഞങ്ങള്‍ കുഴങ്ങി നിന്നു. 

ആരാണെന്നു പറഞ്ഞാണ് പരിചയപ്പെടുത്തുക! ആരോടാണെന്നു വച്ചാണ് പരിചയപ്പെടുക!

മുന്‍വാതില്‍ തുറക്കപ്പെട്ടിരുന്നു. പ്രൊഫസ്സറുടേതുപോലെ സ്വര്‍ണ്ണത്തലമുടിയും ചുവന്ന മുഖവും പ്രതീക്ഷിച്ചുനിന്ന ഞങ്ങള്‍ക്കു മുന്‍പില്‍ തനി ഇന്ത്യന്‍ മുഖവും ശരീരവുമായി ഒരു യുവതി നെറ്റി ചുളിപ്പിച്ചുനിന്നു. എന്നിട്ട് ഒട്ടും സമയം കളയാതെ:

'ആരാണ്?' എന്ന് ഒഴുക്കുള്ള ഡച്ച് ഭാഷയില്‍ ചോദിച്ചു.

ചില വാക്കുകള്‍ കേട്ടാല്‍ മനസ്സിലാകും എന്നല്ലാതെ, തൊണ്ടക്കുഴി കനപ്പിച്ചുകൊണ്ട് പുറത്തേക്ക് ചാടുന്ന ഡച്ച് ഒട്ടും വഴങ്ങാത്ത ഞാന്‍ നിസ്സഹായതയോടെ ഓസ്ലയെ നോക്കി. അന്ധാളിപ്പോടെ എന്റെ നേരെ ഒന്നു പാളിനോക്കിയതിനുശേഷം ഞങ്ങള്‍ പ്രൊഫസ്സറിന്റെ ഗവേഷണ വിദ്യാര്‍ത്ഥികളാണെന്നുള്ള വിവരമായിരിക്കണം അവള്‍ ഡച്ചില്‍ത്തന്നെ തിരികെ പറഞ്ഞു:

'മാസ്‌കുകള്‍ മാറ്റൂ. മുഖം കാണട്ടെ.' അവര്‍ കൈ പൊക്കി ആംഗ്യം കാട്ടിക്കൊണ്ടു പറഞ്ഞു. ഞങ്ങള്‍ മാസ്‌കുകള്‍ മാറ്റി ജീന്‍സിന്റെ പോക്കറ്റില്‍ തിരുകിവച്ചു. 

ആ യുവതിയുടെ കണ്ണുകള്‍ അല്പനേരം എന്റെ മുഖത്തു തറഞ്ഞുനിന്നു. പിന്നെയവര്‍ സ്വീകരണ മുറിയിലെ ഇരിപ്പിടത്തിലേക്ക് കൈ ചൂണ്ടി കാണിച്ചുകൊണ്ട് അകത്തേക്ക് നടന്നു. ഞാനും ഓസ്ലയും ഇരുന്നതിനു ശേഷം ഞങ്ങള്‍ക്കു നേരെ എതിര്‍വശത്തായി അവരും ഇരുന്നു.

'ആദ്യം തന്നെ പറയട്ടെ, ബയോളജിക്കല്‍ ഫാദര്‍ ആണെങ്കിലും അയാളുമായി എനിക്ക് ബന്ധമൊന്നുമില്ല.

അയാള്‍ തന്നെയാണോ നിങ്ങളെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചത്?'

ഇത്തവണ ഇംഗ്ലീഷില്‍ത്തന്നെയായിരുന്നു സംസാരം. അതും എന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ.
'അല്ല, അങ്ങനല്ല...'

ഓസ്ല പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാതെ അവര്‍ എന്റെ നേരെ വിരല്‍ ചൂണ്ടി.

'നിങ്ങള്‍ ഇന്ത്യയില്‍നിന്നാണോ?'
 
'അതെ.'

'നിങ്ങള്‍ അയാള്‍ക്കൊപ്പമാണോ താമസം?'

'അതെ.'

'ഞാനൂഹിച്ചു.'

ഞാനമ്പരന്നു. ഓസ്ലയും മനസ്സിലാവാത്ത മട്ടില്‍ എന്നെ നോക്കി. 

'ഇന്ത്യന്‍ മുഖവും ഇന്ത്യന്‍ ഭക്ഷണവും അയാള്‍ക്കെപ്പോഴും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ചോദിച്ചതാണ്.'
 
ആ സ്ത്രീ നിസ്സാരമട്ടില്‍ പറഞ്ഞു. പിന്നെ ഓസ്ലയുടെ നേരെ നോക്കി. 

'എന്താണ് പറയാന്‍ വന്നത്?'

'പ്രൊഫസ്സറിനു നല്ല സുഖമില്ല' ഓസ്ല കരുതലോടെ പറഞ്ഞു. 

'അത് പുതിയ കാര്യമല്ല. എനിക്കതില്‍ ഒന്നും ചെയ്യാനുമില്ല. മറ്റെന്തെങ്കിലും പറയാനുണ്ടോ?' അവര്‍ ഇരിപ്പിടത്തിലൊന്ന് അമര്‍ന്നു ചാരിയിരുന്നിട്ട് വീണ്ടുമെന്റെ നേരെ നോക്കി. 'നിന്നെ അയാള്‍ പുതിയ പാര്‍ട്ണറാക്കിയോ?'

ഞാന്‍ വിളറിപ്പോയി. നെറ്റി ചുളിപ്പിച്ചുകൊണ്ട് ഓസ്ല അവരുടെ നേരെ ഈര്‍ഷ്യയോടെ നോക്കിയപ്പോള്‍ അവര്‍ ഉറക്കെ ചിരിച്ചു. 

'വിഷമിക്കണ്ട. അയാള്‍ക്കങ്ങനത്തെ ചില കൗതുകങ്ങളൊക്കെയുണ്ട്. ഒന്നു സൂക്ഷിക്കുന്നത് നല്ലതാ.'
ഇനിയവിടെയിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകണം ഓസ്ല എന്റെ നേരെ കണ്ണു കാണിച്ചു. അതാണ് നല്ലതെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു. എങ്കിലും പ്രയോജനപ്പെടുന്ന ഒരുത്തരമെങ്കിലും കിട്ടിയാല്‍ കിട്ടട്ടെ എന്ന മട്ടില്‍ ഞാന്‍ അല്പം ഉറക്കെ ചോദിച്ചു:

'അദ്ദേഹം ചില സന്ദര്‍ഭങ്ങളില്‍ 'തോക്ക് താഴെയിടൂ' എന്നു പറഞ്ഞു വിലപിക്കുന്നു. അതെന്തു കൊണ്ടാണെന്ന്...'

'ഹോ! ഹോ!' ആ സ്ത്രീ തലയില്‍ കൈവെച്ച് ഉറക്കെ ചിരിച്ചു. 'ഭാര്യയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പറയുന്നതാവും.

കാര്യമാക്കണ്ട. ഓ! എന്നാലും ഇത്രേം വലിയ തമാശ ഞാനിതുവരെ കേട്ടിട്ടില്ല.'

'നിങ്ങളുടെ അമ്മ ഇന്ത്യക്കാരിയാണോ?'

അരുതാത്തതെന്തോ കേട്ടതുപോലെ അവര്‍ ചിരി നിര്‍ത്തി. പിന്നെ ഞങ്ങളുടെ രണ്ടുപേരുടേയും മുഖത്ത് മാറിമാറി നോക്കിയതിനുശേഷം, കാര്‍പ്പെറ്റില്‍ കിടന്ന പേപ്പര്‍ കഷണം കുനിഞ്ഞെടുത്ത് കയ്യിലിട്ട് ചുരുട്ടി.
'ആണെന്നു തോന്നുന്നു.' അവര്‍ ഉദാസീന ഭാവത്തില്‍ പറഞ്ഞു. 'ആര്‍ക്കറിയാം! എനിക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിനെ തോക്കിന്‍ മുനയില്‍ ഒരു രാത്രി മുഴുവന്‍ നിര്‍ത്തി, അയാളുടെ സമ്പാദ്യവുംകൊണ്ടു ഓടിപ്പോയ പിഴച്ചവളാണ് ആ സ്ത്രീ. മുഖം ചുളിക്കണ്ട. നിങ്ങളുടെ അദ്ധ്യാപകന്‍ തന്നെ പില്‍ക്കാലത്തു പറഞ്ഞുതന്നതാണ്. പക്ഷേ, ഞാന്‍ വിചാരിക്കുന്നത്...'

അവര്‍ എന്റെ നേരെ സൂക്ഷ്മമായി നോക്കി.

'ഇന്ത്യക്കാര്‍ പൊതുവെ സാധുക്കളല്ലേ? ഇപ്പൊഴും തൊലി വെളുത്തവര്‍ക്കുവേണ്ടി നടുമുറിയെ പണിയാനിഷ്ടമുള്ളവര്‍? അതിലൊരാള്‍ അങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ എത്രമാത്രം സഹിച്ചിരുന്നിരിക്കണം!' 

നോക്കിയിരിക്കെ അവരുടെ മുഖം മുറുകി. 

'ആ തന്തക്കിഴവന് എന്തുതന്നെ സംഭവിച്ചാലും എനിക്കൊട്ടും സഹതാപം തോന്നില്ല. അയാളൊരു വൃത്തികെട്ട ഇഴജന്തുവാണ്.' 

ഞാന്‍ പകപ്പോടെ ഓസ്ലയെ നോക്കി. എഴുന്നേല്‍ക്കാമെന്ന് അവള്‍ കണ്ണു കാണിച്ചു. 

ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍, നീണ്ടുമെലിഞ്ഞ ഒരു യുവാവ് ധൃതിയില്‍ പുറത്തേയ്ക്ക് വന്നു. കറുത്ത മുടിയും കറുത്ത കണ്ണുകളും തവിട്ടു തൊലിയുമുള്ള അയാള്‍ ഞങ്ങളെക്കണ്ട് ഒന്നു പകച്ചു. പിന്നെ സാവധാനം നടന്നു ഞങ്ങളുടെ ആതിഥേയയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു. എന്നിട്ട് ഏറ്റവും പതിഞ്ഞ ശബ്ദത്തില്‍ എന്തോ ചോദിച്ചു. 

എന്നാല്‍, അവര്‍ വളരെ ഉച്ചത്തിലാണ് മറുപടി പറഞ്ഞത്. 'നിങ്ങളുടെ പഴയ പങ്കാളിയുടെ ആള്‍ക്കാരാണ്.'
പിന്നെയവര്‍ ഞങ്ങളുടെ നേരെ തിരിഞ്ഞു: 'നിങ്ങള്‍ വന്നയുടന്‍ ഇദ്ദേഹത്തെയായിരുന്നു കാണേണ്ടിയിരുന്നത്?'

ഓസ്ലയും ഞാനും പരസ്പരം നോക്കി. ഓസ്ല എഴുന്നേറ്റ് വലതുകൈ ആ സ്ത്രീയുടെ നേരെ നീട്ടിപ്പിടിച്ചു. 
'എന്താ സംസാരിക്കുന്നില്ലേ?' താല്പര്യമില്ലാത്തവണ്ണം ഓസ്ലയുടെ കയ്യിലൊന്നു തൊട്ടതിനു ശേഷം ആ സ്ത്രീ അവരുടെ ഭര്‍ത്താവിന്റെ വിഷാദനിറമുള്ള കണ്ണുകളിലേക്ക് നോക്കി. അയാള്‍ മറുപടി പറയാതെ മുഖം കുനിച്ചിരുന്നു. 

തിരികെ പ്രൊഫസ്സറുടെ വീടെത്തുന്നതുവരെ ഞാനും ഓസ്ലയും പെട്ടുപോയിരിക്കുന്ന സാഹചര്യത്തെ ഒന്നു വിശകലനം ചെയ്തുനോക്കി. 

'ആ സ്ത്രീ വല്ലാത്ത സ്വഭാവക്കാരിയാണ്. എല്ലാവരേയും ദുഷിച്ചുപറയാനാണ് അവര്‍ക്ക് താല്പര്യം.
 
മാനസികരോഗിയാണെന്നു തോന്നുന്നു.'

ഓസ്ല നീരസത്തോടെ പറഞ്ഞു.

അവര്‍ പറഞ്ഞതില്‍ പല ശരികളുണ്ടാകാമല്ലോ എന്നു വിചാരിച്ചിരുന്ന ഞാന്‍ മറുപടി പറഞ്ഞില്ല, ഓസ്ലയെ തിരുത്താനും ശ്രമിച്ചില്ല.

യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടപ്പോഴുള്ള അവസ്ഥയില്‍നിന്നു കാര്യമായ ഒരു മുന്നേറ്റവുമുണ്ടാക്കാനാവാതെ തിരികെയെത്തുമ്പോഴും പ്രൊഫസ്സര്‍ ഉറക്കം തന്നെയായിരുന്നു. എന്നാല്‍, ഇടയ്‌ക്കെഴുന്നേറ്റ് സാന്‍ഡ്‌വിച്ച് പാതിയും കഴിച്ചിരിക്കുന്നതായി കണ്ടു.

അന്നു രാത്രി മുഴുവന്‍ പ്രൊഫസ്സര്‍ മയക്കത്തില്‍ തന്നെയായിരുന്നു. ഇടയ്ക്ക് 'വേണ്ട, വേണ്ട' എന്നു ക്ഷീണിച്ചതെങ്കിലും ഉറക്കെയുള്ള ശബ്ദത്തില്‍ ആക്രോശിക്കുന്നത്, ഹാളിലെ സെറ്റിയില്‍ ചുരുണ്ടുകിടന്നു കേട്ട എനിക്കു പേടിതോന്നി. പ്രൊഫസ്സര്‍ ആ രാത്രി താണ്ടില്ലായെന്നു ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. എന്തുകൊണ്ടോ അമ്മയെ വിളിക്കണമെന്നു തോന്നി. ഫോണിലെ കോണ്ടാക്ട് ലിസ്റ്റിനിടയില്‍നിന്ന് രേണുക തമ്പി എന്ന പേര് വലിച്ചെടുത്ത് ഒരുനിമിഷം സംശയിച്ച ശേഷം പച്ച ബട്ടണില്‍ വിരല്‍ തൊട്ടു.
'പറയ് വിജയ്...'

അമ്മയുടെ അപരിചിതത്വം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ത്തന്നെ വാരിയെല്ലുകള്‍ക്കു കീഴെനിന്ന് കയ്പുകലര്‍ന്ന പുളിരസം തൊണ്ടയിലേക്ക് കുതിച്ചെത്തി. ഞാന്‍ ചുമച്ചു.

'എന്താ? നിനക്ക് കൊറോണ പിടിച്ചോ? അവിടെയൊക്കെ ഒരുവിധം നോര്‍മല്‍ ലൈഫ് ആയെന്നാണല്ലോ ഞാന്‍...'

'ഇല്ല.'

'പിന്നെന്താണ്? പെട്ടെന്നു പറയൂ. വിത്തിന്‍ ടു മിനിട്‌സ് എനിക്ക് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു മീറ്റിങ്ങില്‍ കേറണം.'

എനിക്ക് മടുത്തു. ഒന്നും പറയാതെ ഫോണ്‍ വച്ചിട്ട് വീണ്ടും സോഫയിലേക്ക് ചുരുണ്ടു. തിരികെ വിളിക്കില്ലെന്ന് ഉറപ്പായിരുന്നെങ്കിലും ഫോണ്‍ സൈലന്റ് മോഡിലല്ലായെന്ന് ഒരിക്കല്‍ക്കൂടി നോക്കി ഉറപ്പു വരുത്തി. 

ഉറക്കം വരുന്നുണ്ടായിരുന്നില്ല. പ്രൊഫസ്സറുടെ മുറിയിലേക്ക് നടന്നു. കൈകള്‍ വയറിനു മുകളില്‍ പിണച്ചുവച്ച് ഇപ്പോഴദ്ദേഹം ശാന്തനായി ഉറങ്ങുന്നു. അദ്ദേഹത്തിന്റെ കഴുത്തിലെ ഞരമ്പുകള്‍ ക്രമാനുഗതമായി പിടയ്ക്കുന്നത് നോക്കിക്കൊണ്ട് അല്പനേരം ഞാനാ കിടക്കയിലിരുന്നു. പിന്നെ അതിനൊരറ്റത്തായി മലര്‍ന്നുകിടന്നു. ആ കിടപ്പില്‍ എന്റെ കണ്ണുകള്‍ മുറിയുടെ മേലാപ്പ് കടന്ന് ആകാശത്തോട്ടുയര്‍ന്നു. അവിടെയൊരു മേഘത്തിന്റെയുള്ളില്‍ ഞാനും പ്രൊഫസ്സറും! ഞങ്ങളപ്പോള്‍ മാത്രം ജനിച്ച കുട്ടികളെപ്പോലെയിരുന്നു. മറ്റൊരു മേഘത്തില്‍ കയറിവന്ന ഓസ്ല ഉച്ചത്തില്‍ ദേഷ്യപ്പെടുന്നതുവരെ ഇളംപൈതലായ ഞാന്‍ പ്രൊഫസ്സര്‍ക്കൊപ്പം കൈകാലുകളിളക്കി, ഇടയ്ക്കിടെ പെരുവിരല്‍ നുണഞ്ഞ്, കളിച്ചു കിടന്നു.

ഫോണ്‍ തുടര്‍ച്ചയായി ബെല്ലടിക്കുന്നതു കേട്ടാണ് പിടഞ്ഞെഴുന്നേറ്റത്. പ്രൊഫസ്സര്‍ ഉറക്കം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുറിയിലെ കിടക്കയില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റതിലെ പകപ്പ് മാറിക്കഴിഞ്ഞിട്ടേ ഫോണ്‍ കയ്യിലെടുത്തുള്ളൂ. 

'എത്ര നേരമായി വിളിക്കുന്നു.' സ്വപ്നത്തില്‍ കണ്ടതുപോലെ ഓസ്ല ഉച്ചത്തില്‍ ദേഷ്യപ്പെടുന്നു. 

'രാത്രി ശരിക്കുറങ്ങിയില്ല.'
 
'പ്രൊഫസ്സര്‍ക്കെങ്ങനെയുണ്ട്?'

'മയക്കത്തില്‍ തന്നെയാണ്.'

'ശരി. ഞങ്ങളങ്ങോട്ടു വരാം.' അവള്‍ കാള്‍ കട്ടാക്കി.

ഞങ്ങളെന്നു വച്ചാല്‍? അതുകൂടി പറയാന്‍ എത്രനേരം വേണം അവള്‍ക്ക്? ഫോണ്‍ കയ്യില്‍പ്പിടിച്ച് ഞാന്‍ മുഖം ചുളിച്ചുനിന്നു. ദേഷ്യം തോന്നി. അങ്ങനെ ദേഷ്യം തോന്നിയതില്‍ പെട്ടെന്നുതന്നെ സന്തോഷവും തോന്നി. ഓസ്ലയോട് ദേഷ്യം തോന്നാവുന്ന വിധത്തിലുള്ള അടുപ്പമായെന്നു തോന്നിത്തുടങ്ങിയിട്ട് കുറച്ചുനാളുകളായിരുന്നു. 

രണ്ടു ബ്രഡ് പീസുകളെടുത്ത് മൊരിയിച്ച്, ഒരു ബുള്‍സൈയും കൂട്ടി കഴിച്ചുതീരുമ്പോഴേക്കും ഓസ്ലയെത്തി. ഒപ്പമുള്ള ആളെക്കണ്ട് ഞാനതിശയിച്ചുപോയി. പ്രൊഫസറുടെ മകളുടെ ഭര്‍ത്താവായിരുന്നു അത്.
'ഇങ്ങനെ ഉറങ്ങിയാല്‍ കുഴപ്പമില്ലേ?' അകത്തേക്ക് കണ്ണയച്ചുകൊണ്ട്, നേര്‍ത്ത കരച്ചില്‍ ഛായയുള്ള സ്വരത്തില്‍ അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഓസ്ലയുടെ മുഖത്തു നോക്കി. 

'രാവിലെ യൂണിവേഴ്‌സിറ്റിയിലേക്ക് വന്നു. ഭാഗ്യത്തിനു ഞാന്‍ തന്നെയാണ് ആദ്യം കണ്ടത്.' അവള്‍ എന്റെ ചെവിക്ക് കീഴെ പിറുപിറുത്തു. 

'ഇന്നലെ സാന്‍ഡ്‌വിച്ച് കഴിച്ചിരുന്നു.' അത്ര ഉറപ്പില്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു. 

അയാള്‍ അത് ശ്രദ്ധിക്കാതെ പ്രൊഫസ്സര്‍ കിടക്കുന്ന മുറിയിലേക്ക് കയറിപ്പോയി. 

ഞാന്‍ പുറകെ പോകാനൊരുങ്ങിയെങ്കിലും ഓസ്ല എന്റെ ഉടുപ്പില്‍ പിടിച്ചു വലിച്ചു നിര്‍ത്തി. അല്പനേരം കഴിഞ്ഞിട്ടും അയാള്‍ പുറത്തു വരാതിരിക്കുകയും മുറിക്കുള്ളില്‍നിന്നു ശബ്ദമൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഓസ്ലയെ ചോദ്യഭാവത്തില്‍ നോക്കി. ഞങ്ങള്‍ ധൃതിയില്‍ പ്രൊഫസ്സര്‍ കിടക്കുന്നയിടത്തേക്ക് നടന്നു. 

അയാള്‍ പ്രൊഫസ്സര്‍ക്കരികില്‍ നിശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ കണ്ണുനിറച്ച് പുഞ്ചിരിച്ചുകൊണ്ട്, പ്രൊഫസ്സര്‍ മുഖം ചേര്‍ത്തുപിടിച്ചിരിക്കുന്ന ഇളം നീലനിറ തലയണ അയാള്‍ ചൂണ്ടിക്കാണിച്ചു. കുറെ നാളുകളായി ആ മുറിയില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും ആ തലയണ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരം സോഫ്റ്റായ ഒരു ചെറിയ ചതുരത്തലയണയായിരുന്നു അത്. ഏതോ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രം അതിന്റെ മധ്യത്തിലായി തുന്നിപ്പിടിപ്പിച്ചിരുന്നു. 

'ഞാന്‍ കൊടുത്ത സമ്മാനമാണ്.'

വിഷാദം കറുപ്പിച്ച കണ്ണുകളിളക്കി അയാള്‍ പ്രൊഫസറുടെ കൈകളില്‍ അരുമയോടെ തഴുകി. പിന്നെ ഒരു കുഞ്ഞിനോടെന്നവണ്ണം: 'ഇനി ഞാനുണ്ടല്ലോ, പേടിക്കാനില്ല' എന്നു പിറുപിറുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com