'വിരലടയാളം'- രാജ് നായര്‍ എഴുതിയ കഥ

കതകു പൂട്ടി ആദ്യപടിയില്‍ ചന്തിയും രണ്ടാമത്തെ പടിയില്‍ ചെരുപ്പുകള്‍പോലെ തേഞ്ഞു പോകാത്ത തൊണ്ണൂറ്റിയഞ്ച് വര്‍ഷം പഴക്കമുള്ള കാല്‍പ്പാദങ്ങളും അമര്‍ത്തി ഓട്ടോറിക്ഷ കാത്ത് ഹമീദ് ഇരുന്നു
'വിരലടയാളം'- രാജ് നായര്‍ എഴുതിയ കഥ

തകു പൂട്ടി ആദ്യപടിയില്‍ ചന്തിയും രണ്ടാമത്തെ പടിയില്‍ ചെരുപ്പുകള്‍പോലെ തേഞ്ഞു പോകാത്ത തൊണ്ണൂറ്റിയഞ്ച് വര്‍ഷം പഴക്കമുള്ള കാല്‍പ്പാദങ്ങളും അമര്‍ത്തി ഓട്ടോറിക്ഷ കാത്ത് ഹമീദ് ഇരുന്നു.
പുരയിടം ചുരുങ്ങി വെറും ഒരു മുറ്റമായി വീടിനെ തിന്നാന്‍ വരുന്നു. ചുറ്റുപാടും ഉള്ള വന്മരങ്ങളെല്ലാം കാശുള്ളവര്‍ വെട്ടിക്കൊണ്ടുപോയി. വമ്പന്‍ വേരുകള്‍ പിഴുതിടത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ അടിച്ചിറക്കി പണിത മുട്ടന്‍ കെട്ടിടങ്ങള്‍ ചുറ്റിനും തല ഉയര്‍ത്തി നില്‍ക്കുന്നു.

ജനിച്ച ഓലമേഞ്ഞ വീട് അറബിപ്പണംകൊണ്ട് വളര്‍ന്ന് ഓടിട്ട വീടായി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഏകമകള്‍ ആയിഷ അമേരിക്കന്‍ പണംകൊണ്ട് വീടിന് കോണ്‍ക്രീറ്റ് ഫേസ്‌ലിഫ്റ്റ് നല്‍കി. 

മുന്‍വശത്തുനിന്നു നോക്കിയാല്‍ ഓട് പാകിയ പഴമയുടെ കൂര കാണില്ല. വിദേശ പുതപ്പ് മൂടി ഹോണ്ടാ കാര്‍ ചാര്‍ത്തിക്കെട്ടിയ കൂരയില്‍ ഉറങ്ങുന്നു.

കാശുള്ള നാട്ടുകാര്‍ കാത്തിരിക്കുകയാണ്. ഹമീദിനോടൊപ്പം ഈ വീടും മരിക്കും. അടക്കം കഴിഞ്ഞാല്‍ ആയിഷ വീട് വില്‍ക്കും. കാശുംകൊണ്ട് അവള്‍ വീണ്ടും സാന്‍ ഹോസേയിലേയ്ക്ക് പറന്നുപോകും. അതോടുകൂടി ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകംപോലെ ഹമീദിന്റെ ജീവിതം വിസ്മരിക്കപ്പെടും. അയാള്‍ ജനിച്ച് വളര്‍ന്ന് മരിച്ച വീടിരുന്നിടത്ത് ചുറ്റിനും ഉള്ളതിനെ വെല്ലുന്ന തരം മറ്റൊരു കൂറ്റന്‍ കെട്ടിടം ഉയര്‍ന്നുവരും.

നടക്കാനോ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ വെളിക്കിറങ്ങാനോ ഉറങ്ങാനോ ഹമീദിന് ബുദ്ധിമുട്ടില്ല. അവിശ്വസനീയമാംവിധം ഓര്‍മ്മക്കുറവ് എന്ന ദീനം തീരെ ഇല്ല. കൂട്ടുകാര്‍ ഇരുട്ട് കേറിയ ഓര്‍മ്മകളില്‍ തപ്പിത്തടയുമ്പോള്‍ ഹമീദ് മണി മണിപോലെ എല്ലാം ഓര്‍ത്തെടുത്ത് അവരെ കൊഞ്ഞനം കാട്ടും.

തേച്ചലക്കിയ വെളുത്ത നീളന്‍ ഷര്‍ട്ട്, പച്ചക്കരയന്‍ വെള്ളമുണ്ട്. താടിമീശകള്‍ വടിച്ച വസൂരിക്കല കുത്തിയ മുഖത്തിന് ചേരുംവിധം തലനിറയെ പറ്റെ വെട്ടിനിറുത്തിയ വെളുത്ത തലമുടി. അഞ്ചടിയഞ്ചിഞ്ച് ഉയരം. ചിരിച്ചാല്‍ വാ നിറയെ പല്ലുകള്‍. കുറെ നാളുകള്‍ക്ക് മുന്‍പ് രണ്ട് കണ്ണുകളിലും പാടനീക്കല്‍ ശസ്ത്രക്രിയ നടത്തി; അതില്‍പ്പിന്നെ വേണ്ടാത്തതും കാണുന്ന ഹമീദിന്റെ കണ്ണുകള്‍ക്ക് നല്ല കാഴ്ചയും പ്രകാശവും.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കൂട്ടുകാരുടെ ഇടയില്‍ 'ഐ ഫോണ്‍' ഉപയോഗിക്കുന്ന ഏക വ്യക്തിയാണ് ഹമീദ്. ബാക്കിയുള്ളവര്‍ 'ആന്‍ഡ്രോ യ്ഡ്'കാരാണ്. ഫാദേഴ്‌സ് ഡേയ്ക്ക് ആമസോണ്‍ വഴി ആയിഷ അയച്ചുകൊടുത്ത മുന്തിയ ഫോണ്‍. കൂട്ടുകാരെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ചു വീണ്ടും വീണ്ടും തോല്‍ക്കുമ്പോള്‍ ഹമീദ് ജയിച്ചു മുന്നേറി. കൊച്ചുമകള്‍ ഫേസ് ടൈം വഴി ട്യൂഷന്‍ നല്‍കി. ഹമീദ് ഇന്റര്‍നെറ്റ് മുഖേന സാദ്ധ്യമാകുന്ന വിദ്യകെളല്ലാം പഠിച്ചെടുത്തു കഴിഞ്ഞു. വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഇവയിലെല്ലാം സജീവ സാന്നിദ്ധ്യം. കപടതയുണ്ട് എന്ന കാരണത്താലും നാട് നന്നാക്കാന്‍ താല്പര്യം ഇല്ലാത്തതിനാലും ഹമീദിന് ട്വീറ്റിങ്ങില്‍ വിശ്വാസം ഇല്ല.

എന്നും രാവിലെ ഫോണില്‍ ഫോട്ടോകള്‍ പൊന്തിവരും. പുന്നമട 2010 കൊച്ചി 2015 സാന്‍ ഹോസേ 2020 അങ്ങനെ പല തലക്കെട്ടുകളില്‍. ഇംഗ്ലീഷ് പാട്ടുകളുടെ അകമ്പടിയോ ടെ ഫോട്ടോകള്‍ ഒരു സിനിമപോലെ കട്ടിലില്‍ ഇരുന്ന് ഹമീദ് കാണും. കണ്ടതാണെങ്കിലും വീണ്ടും കാണും മകള്‍ മരുമകന്‍ കൊച്ചുമകളുടെ അമേരിക്കന്‍ കറുമ്പന്‍ ബോയ്ഫ്രണ്ട് ടെസ്‌ല കാര്‍ വീരാളി എന്ന ജാക്ക് റസ്സല്‍ നായ്.

ഒരു ചെറുപുഞ്ചിരി അല്ലെങ്കില്‍ രണ്ടുതുള്ളി കണ്ണുനീര്‍ അതു മറച്ചും തുടച്ചും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയിലൂടെ ഹമീദ് കായല് വരെ നടക്കാന്‍ പോകും.

ഏറ്റവും വല്യസുഖം സ്വസ്ഥത തന്നെയാണ്. ഹമീദ് കയ്യില്‍ ഇറുകിയിരിക്കുന്ന ഫോണുമായിട്ട് സൊറ പറയും. ചിലപ്പോള്‍ ഫോണ്‍ ഉത്തരങ്ങള്‍ കണ്ടെത്തും. ശെടാ ഞാന്‍ മനസ്സില്‍ ഉദ്ദേശിക്കുന്നതുവരെ ഫോണ്‍ തിരിച്ചറിയുന്നു. ഹമീദ് ചുണ്ടടച്ച് ഊറിച്ചിരിക്കും.

മരുഭൂമിയില്‍ ഇരുന്നുകൊണ്ട് അവിടേക്കു ഇനി തിരികെ പോകുന്നില്ല എന്ന ഉറച്ച തീരുമാനം എടുത്ത കാലം. മറ്റൊരു യുഗം മറ്റൊരു ജന്മം എന്നൊക്കെ ഹമീദിനു തോന്നും ആ കാലത്തെപ്പറ്റി ആലോചിക്കുമ്പോള്‍.
പിന്നെ മകളുടെ നിക്കാഹ് ഉറപ്പിച്ച കാലം.

അവ രണ്ടും ഒരുപാട് സ്വസ്ഥത നല്‍കിയ കാലങ്ങള്‍.

കോളേജില്‍ പഠിക്കുന്ന കാലത്ത് മകള്‍ ആയിഷ ഇത്തിരി ഇളക്കക്കാരിയായിരുന്നു. അവള്‍ മറ്റു മതത്തില്‍നിന്നുള്ള ആരെയെങ്കിലും തന്നെത്താന്‍ കണ്ടെത്തും എന്ന് ഹമീദിന്റെ മരിച്ചുപോയ ബീവി അക്കാലങ്ങളില്‍ തുരുതുരെ എയ്‌റോഗ്രാം വഴി അറിയിച്ചുകൊണ്ടിരുന്നു. ചുറ്റുവട്ടം മുഴുവന്‍ കാശുള്ള നസ്രാണികള്‍ ആയിരുന്നു. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല.

ജാതിയും പൊക്കവും നിറവും ഒക്കെ ചേര്‍ന്നു. അമേരിക്കയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഐ.റ്റി മിടുക്കന് ആയിഷയെ പെരുത്ത് പിടിച്ചു. അവള്‍ക്ക് തിരിച്ചും. പെണ്ണിന് ഏകദേശം ചെറുക്കന്റെ ചെവിയോളം പൊക്കം. പെണ്ണിത്തിരി വെളുത്തിട്ടു ചെറുക്കനേക്കാളും. പക്ഷേ, രണ്ടാളും ഫോട്ടോയില്‍ കണ്ടാല്‍ കറുത്തിട്ടാണ് താനും. ഫോട്ടോ കണ്ടവര്‍ അന്ന് പല രീതിയില്‍ വ്യാഖ്യാനിച്ചു. ചിലര്‍ക്ക് അവന്റെ ശരീരം തടിച്ചത് മറ്റു ചിലര്‍ക്ക് അവനു തടി പോരാ. ചിലര്‍ക്ക് അവളുടെ കവിള്‍ തുടുത്തതു പോരാ. മറ്റു ചിലര്‍ക്ക് അവനു ചേരാത്ത സുന്ദരി.

എന്നിട്ടും അന്ന് എന്തൊരു സ്വസ്ഥതയായിരുന്നുമോളുടെ നിക്കാഹ് ഉറപ്പിച്ച കാലം.

ദീര്‍ഘനിശ്വാസത്തോടൊപ്പം ഏമ്പക്കം പോക്കിരിത്തരം കാട്ടി. ഹമീദ് 'ഐ വാച്ചില്‍' തൊട്ടു. ഒന്‍പതര മണി.

'ഹമീദുബാപ്പോ അയ്യോ കുടുങ്ങിപ്പോയകൊണ്ടാ', ഓടിയെത്തിയ ഓട്ടോയുടെ എന്‍ജിന്‍ നിറുത്തി ചാടിയിറങ്ങി മഞ്ഞ വിയര്‍പ്പ് കുതിര്‍ന്ന വെള്ളത്തുണി മാസ്‌ക് കറുത്ത താടിരോമങ്ങളില്‍ കുടുക്കി നിറുത്തി ദിനേശന്‍ ചിരിച്ചുകാട്ടി.

'ഓ പോട്ടെ, നീ വന്നല്ലാ', ഹമീദ് പോക്കറ്റില്‍ തിരുകി വെച്ചിരുന്ന കറുത്ത മാസ്‌ക് ചെവികളില്‍ കോര്‍ത്തു മൂക്കും വായും മൂടി. പ്രാതലിന്റെ മണമുള്ള രണ്ട് ദീര്‍ഘനിശ്വാസങ്ങള്‍ കറുത്ത തുണിയില്‍ ഉടക്കിനിന്നു.
മാസ്‌കിട്ട് നടപ്പു തുടങ്ങിയതില്‍പ്പിന്നെ അവനവന്‍ വായ്‌നാറ്റം അനുഭവിച്ചറിയാം, ഹമീദ് മനസ്സില്‍ കുലുങ്ങിച്ചിരിച്ചു.

കുറെ നാളുകളായി ഫോണില്‍ കൂടിയല്ലാതെ ഹമീദ് ആരോടും സംസാരിക്കാറില്ല. മാസ്‌ക്കിട്ടാല്‍ ശ്വാസവും സംസാരവും ഒരുമിച്ച് ഹമീദിന് ഒരു ബുദ്ധിമുട്ട്  അതുമാത്രം ദീനം.

ഒറ്റാലില്‍ അകപ്പെട്ടപോലെ വീട്, ചുറ്റും ഒരുപാട് നിലകളുള്ള കെട്ടിടങ്ങളാല്‍ വേലികെട്ടിയ തന്റെ പുരയിടം. അതില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടു കോണ്‍ക്രീറ്റ് മതിലുകള്‍ക്കിടയിലൂടെ ഇടുങ്ങിയ വഴി. ദിനേശന്‍ അതിവിദഗ്ദ്ധമായി ഓട്ടോ തെളിച്ചപ്പോള്‍ മതിലുകളില്‍ തട്ടി പടപടാശബ്ദം ഇരട്ടിച്ചു.

കുഞ്ഞുന്നാളില്‍ ഉമ്മയുടെ അരിപ്പത്തിരിയും ആടിന്റെ തലച്ചോറിട്ട് വെച്ച സ്റ്റൂവും വെട്ടിയിറക്കി ഒറ്റ ഓട്ടമാണ്. മൂന്നു കൂട്ടുകാര്‍ കൈകോര്‍ത്തു പിടിച്ചാല്‍ കിട്ടാത്ത വയറുള്ള മാവിന്റെ വലത്തോട്ട് ചാടി മാവിനൊരു വലം വെച്ച് നാല് കവുങ്ങുകളില്‍ തൊട്ട് എണ്ണം പഠിച്ചു ചെളിവാരിയ മുറിവിലുണര്‍ന്ന ദീര്‍ഘചതുരത്തിലെ തോട്ടില്‍ ചാടി പതച്ചു നനഞ്ഞ നിക്കറിന്റെ ഭാരം വകവെയ്ക്കാതെ ഒന്നു രണ്ട് മൂന്ന് എന്ന് കുതികാല്‍ ചവിട്ടി കായലിലേക്ക് ഒരൊറ്റ ചാട്ടം.

ഉമ്മയുടെ അരിപ്പത്തിരിയുടേയും ആടിന്റെ തലച്ചോറിട്ട സ്റ്റൂവിന്റേയും മണമുള്ള കുഞ്ഞുന്നാളിലെ ഞായറാഴ്ചകള്‍. ഓലമേഞ്ഞ വീട്ടിലെ ഏതു ജനാല തുറന്നാലും അന്നു കായല്‍ കാണാമായിരുന്നു. തിളങ്ങുന്ന വെള്ളത്തിനടിയില്‍ ആരോ തലയില്‍ ചുമന്നുകൊണ്ടുപോകുന്നപോലെ അങ്ങിങ്ങായി ആഫ്രിക്കന്‍ പായല്‍ക്കൂട്ടങ്ങള്‍. മുങ്ങാംകുഴിയിട്ട് പൊങ്ങിവരുമ്പോള്‍ ആഫ്രിക്കന്‍ തൊപ്പി തലയില്‍.
ഇപ്പോള്‍ കായല്‍ത്തിട്ടകള്‍ പലരുടെ വക. തെങ്ങുകള്‍ മിക്കതും വെട്ടിക്കളഞ്ഞു. പച്ചപ്പായല്‍ കണ്ണെത്താദൂരത്തേക്ക് മെത്ത വിരിച്ചിട്ടപോലെ അതിനടിയില്‍ വെള്ളം ഇല്ല എന്ന അനുഭൂതിയുണര്‍ത്തുന്നു. പായലകത്തിയാല്‍ എണ്ണ പടര്‍ന്ന കറുത്ത വെള്ളം അതില്‍ ചാടിക്കുളിച്ചാല്‍ കുളിച്ചവന്‍ പിറ്റേന്ന് ആശുപത്രിയില്‍ എത്തും. ബലൂണുകള്‍പോലെ എണ്ണ കുടിച്ച് ചത്തു മലര്‍ന്ന മീനുകളുടെ പടം ഹമീദ് ഇന്‍സ്റ്റാഗ്രാമില്‍ ഇടും. അതുകണ്ട് ഒരുപാട് പേര്‍ അവരുടെ ചുവന്ന ഹൃദയം നല്‍കും. വീര്‍ത്ത ഉണങ്ങാനിട്ടിരിക്കുന്ന ഭീമന്‍ മീനുകളെപ്പോലെ ഹൗസ് ബോട്ടുകള്‍ സഞ്ചാരികള്‍ക്ക് വിനോദം പകരാന്‍ ആവാതെ നിരനിരയായി കിടക്കുന്നു. സ്രാങ്കും കുക്കും പഴയ കുട്ടനാടന്‍ പണികള്‍ തേടിപ്പോയി.
കണ്ടറിവില്ലാത്ത പുതിയതരം ചെടികളും ചെറുമരങ്ങളും മണ്ണ് മറച്ചു വിരിച്ചിട്ട കോണ്‍ക്രീറ്റ് കാര്‍പ്പെറ്റുകള്‍ക്കിടയിലൂടെ തളിര്‍ത്തുനില്‍ക്കുന്നു. അവയൊക്കെ കണ്ട് കണ്ട് ദിനേശന്റെ ഓട്ടോറിക്ഷാ പെട്രോള്‍ പുകമണം പരത്തി ഓടി.

ചുവപ്പും പച്ചയും കാക്കിയും യൂണിഫോമുകളിട്ട് വിയര്‍ത്തൊലിക്കുന്ന തലയില്‍ തൊപ്പിവച്ച് ഓരോ എമണ്ടന്‍ ഗെയിറ്റിനു മുന്‍പിലും സെക്യൂരിറ്റി ഭടന്മാര്‍ എത്തിനോക്കി. പണ്ട് പണ്ട് ചൂതുകളിയില്‍ തോല്‍ക്കുന്നവന്‍ കാതില്‍ ഇട്ടിരുന്നപോലെ അവരെല്ലാം മാസ്‌ക് ഒരു കാതില്‍ തൂക്കിയിട്ട് ചിരി മറന്നു നിന്നു. ആരെങ്കിലും നടന്നടുത്താല്‍ വാളും പരിചയും എന്നപോലെ മാസ്‌ക് മുഖത്തേക്ക് വലിച്ചുകെട്ടി വടി കയ്യിലേന്തി തയ്യാറെടുക്കും വയറസ്സിനെ തടയാന്‍.

ഏതു വണ്ടിയില്‍ ആര് പോയാലും അവര്‍ സൂക്ഷിച്ചു നോക്കും.

ആശുപത്രിയിലേക്കാണോ?  പിഴച്ച കാലത്തിന്റെ ഒരു പകിട്ട്.

'പതിനെട്ട് കൂട്ടം പലവ്യഞ്ജനങ്ങളാ കിട്ടാന്‍ പോണെ. അമ്മിണിച്ചേച്ചിയേംകൊണ്ട് ഞാനാ ഓട്ടം പോയെ, അയലത്തെ പണിക്കരേട്ടന്റെ പേരിലൊള്ള കിറ്റ് അവര് കൊടുത്തില്ല അതിന് ആളു തന്നെ ചെല്ലണം അങ്ങനാ നിയമം', തലതിരിക്കാതെ ദിനേശന്‍ പറഞ്ഞു.

'ആ അയാക്ക് ചാകാന്‍ പേടിയാ.'

'അത് ബാപ്പോ ആര്‍ക്കാ ചാകാന്‍ പേടിയില്ലാത്തത്?'

'എന്നേക്കാ ഇരുപത് വയസ്സിന് എളേതാ ആ പണിക്കര്.'

'പക്ഷേ, ഇല്ലാത്ത ദീനമില്ല പണിക്കരേട്ടന്... ഇപ്പം പ്രായം നോക്കി അല്ലല്ലോ ചാകല്.'

രണ്ടാളും മുഖത്തൊട്ടിയിരുന്ന മാസ്‌കുകള്‍ മൂക്കിലേക്ക് അമര്‍ത്തിവച്ചു.

രണ്ട് ആംബുലന്‍സുകള്‍ ഒരേസമയം രണ്ട് ദിക്കുകളില്‍നിന്നു പാഞ്ഞുവന്ന് ദിനേശന്റെ ഓട്ടോയെ ഒന്നു ഞെരുക്കി. ചൂട് കാറ്റിന്റെ നഗ്‌നത ഓട്ടോച്ചില്ലില്‍ തട്ടി ദിനേശന്റെ മുഖത്ത് ഉമ്മ വെച്ച് കാക്കിക്കുപ്പായത്തിനുള്ളില്‍ കയറി വിയര്‍പ്പ് ഇത്തിരി കൂട്ടി പുറകില്‍ ഇരിക്കുന്ന ഹമീദിന്റെ മുഖത്ത് തട്ടി കായലിനു മുകളില്‍ തങ്ങിനിന്നു ചുമച്ചു.

ചുമ എന്ന ശബ്ദം എല്ലാവരേയും എന്നപോലെ ഹമീദിനേയും ഞെട്ടിക്കാന്‍ ശ്രമിച്ചു.
'നീയാണോ ചൊമച്ചേ?', ഹമീദ് അറിയാതെ ചോദിച്ചുപോയി.

'ഏയ് എനിക്ക് ചൊമയൊന്നുമില്ല.'

'പിന്നാരാ ചൊമച്ചേ?'

'കായലല്ല അപ്പം ആംബുലന്‍സായിരിക്കും', മൗനം മുറിക്കാന്‍ ഹമീദ് ഒരു തമാശ പറഞ്ഞു നോക്കി.

ദിനേശന്‍ മാസ്‌ക് പൊക്കി മൂക്ക് ചൊറിഞ്ഞുകൊണ്ട് ചോദിച്ചു: 'അടുത്ത വേവ് ഇനി ആരെയൊക്കെ കൊണ്ടുപോവുകോ?'

'എന്നെപ്പോലെ വേവ് പാകമായവരെ', ഹമീദും മൂക്ക് ചൊറിഞ്ഞു.

തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണത്തെ പറ്റിച്ചതോടെ തന്റെ മകന്‍ ഇനി മരിക്കില്ല എന്നങ്ങ് ആ ഉമ്മ സങ്കല്പിച്ചിരിക്കണം. അവര്‍ ഒരിക്കലും ഹമീദിനെ ചേര്‍ത്തുപിടിച്ച് വേവലാതിപ്പെട്ടിട്ടില്ല. മൂന്നാംവയസ്സില്‍ കോളറപോലെ ഒരു ദീനം ഹമീദിന് പിടിപെട്ടു ചോര വരെ തൂറി. പത്താംവയസ്സില്‍ ഡിഫ്തീരിയ പിടിപെട്ടു ശ്വാസം അടഞ്ഞു പുളഞ്ഞു. അതിനിടയില്‍ വസൂരി. അപ്പോഴൊന്നും അവര്‍ പേടിച്ചില്ല. വെള്ളം ഇറ്റിച്ചും അല്ലാതേയും മഞ്ഞളും ഇഞ്ചിയും പയറും മറ്റുമിട്ട് പൊടിയരിക്കഞ്ഞി പ്ലാവിലക്കുമ്പിളില്‍ കോരിക്കൊടുത്തു വാദ്യന്മാര്‍ എഴുതിക്കൊടുത്ത കാടും പടലും ചതച്ചു ശരീരത്തൊക്കെ പുരട്ടി അതില്‍ ചിലതൊക്കെ വേവിച്ചും കൊടുത്തു. കരഞ്ഞില്ല പ്രാര്‍ത്ഥിച്ചുമില്ല. തന്റെ മോന്‍ ചാകില്ല അതുമാത്രം ഉരുവിട്ടു.

പ്രസവവേദന നേരത്തെ എത്തി. വെള്ളപ്പൊക്കത്തിന് മാറ്റുരയ്ക്കാന്‍ എന്നവണ്ണം മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. വള്ളത്തില്‍നിന്നു മഴവെള്ളം കോരിക്കളയാന്‍ വേണ്ടി മാത്രം കള്ളടിച്ചു പിമ്പിരിയായിരുന്നെങ്കിലും പീലിച്ചന്‍ കൂടെക്കേറി. ഹമീദിന്റെ ഉമ്മായുടെ മഴയില്‍ കുതിരുന്ന വെളുത്ത കാലുകള്‍ വള്ളത്തിന്റെ ഇരുപടികളിലും കവച്ചു കേറ്റി അവര്‍ ചാഞ്ഞു കിടന്നു. കൊടുംമഴ ഉമ്മയുടെ വെള്ളമുണ്ടിലെ ചോര കരിമേഘങ്ങളെപ്പോലെ വിടര്‍ത്തി. ആ കാലുകള്‍ക്ക് കീഴെ ഇടയ്ക്കിടയ്ക്ക് കണ്ണ് വെട്ടിച്ച് ഉമ്മയുടെ സൗന്ദര്യം നോക്കി കീറിയ പാളകൊണ്ട് പീലിച്ചന്‍ വള്ളത്തിനുള്ളിലെ മഴവെള്ളത്തില്‍ തുഴഞ്ഞു.

തോടിറങ്ങി കായലുകടന്ന് വീണ്ടും തോട്ടില്‍ കയറി വേണം ആലപ്പുഴ ബോട്ടുജെട്ടിക്ക് അടുത്തുള്ള ക്യാപ്റ്റന്‍ ഡോക്ടറുടെ ആശുപത്രിയില്‍ എത്താന്‍. എങ്ങനെ പോയാലും മുക്കാമണിക്കൂര്‍ എങ്കിലും തുഴയണം മാനം നീലിച്ച വെയില്‍ പൊള്ളിക്കുന്ന നല്ല കാലങ്ങളില്‍. അതല്ല അവസ്ഥ അന്ന്  കൊടും മഴ! തോട്ടിലേക്ക് എത്തിനോക്കുന്ന കാറ്റ് വലിച്ചോണ്ട് വരുന്ന കായലിലെ ഭീകര ഓളങ്ങള്‍. ഇടിയും മിന്നലും പാടില്ലാത്ത മഴക്കാലം എന്നിട്ടും എവിടെനിന്നോ ആഘോഷം കൂട്ടാന്‍ എന്നപോലെ അവയെത്തി. മിന്നലില്‍ ഇടയ്ക്കിടയ്ക്ക് മിന്നുന്ന ഹമീദിന്റെ ഉമ്മായുടെ സൗന്ദര്യം കള്ളു കേറി കലങ്ങിയ പീലിച്ചന്റെ കണ്ണുകളില്‍ ഇരട്ടിച്ചു. മഴ മടുത്ത വേമ്പനാട്ട് കായലിനു ഭ്രാന്ത് പിടിച്ചു. അവളും ഒരമ്മയാണ്. കാറ്റും കോളും ചങ്കില്‍ കേറിയ ഊന്നക്കാരന്‍ അതോര്‍ത്ത് നടുങ്ങി.

വയറ്റാടി തോറ്റിടത്ത് മറ്റു നിര്‍വ്വാഹങ്ങള്‍ ഇല്ലായിരുന്നു. 'കുഞ്ഞ് അല്ലെങ്കില്‍ ഉമ്മ താമസിച്ചാല്‍ രണ്ടാളും' എന്നു പറഞ്ഞ് വയറ്റാട്ടി കരഞ്ഞോണ്ട് മഴയുടെ ഇരുട്ടിലേക്ക് ഓടിപ്പോയിരുന്നു. ഉമ്മയെങ്കിലും രക്ഷപ്പെടണമെങ്കില്‍ ആശുപത്രി ശരണം.

കൊടുങ്കാറ്റ് വീശുന്ന കായലിന്റെ തുറന്ന വായിലേക്ക് വള്ളം ഒലിച്ചിറങ്ങി. പിടിച്ചാല്‍ കിട്ടാത്ത പോക്കിരിക്കാറ്റ്! നിലയില്ലാത്ത കയം. ഊന്നിയ നീളന്‍ മുളങ്കമ്പ് വഴുതി ഇരുട്ടില്‍ ആണ്ടുപോയപ്പോള്‍ തുഴയെടുത്തു മൂന്നാളും തുഴഞ്ഞു. പീലിച്ചന്‍ വള്ളത്തിന്റെ പള്ളയില്‍ നിറയുന്ന മഴവെള്ളം കൊയ്‌തെറിഞ്ഞുകൊണ്ടേയിരുന്നു.
വള്ളം ഉലഞ്ഞാടി. വള്ളത്തിന്റെ ചുണ്ട്. പൊങ്ങി പിന്നെ താണു. കായലിന്റെ തിരകളില്‍ വീണു. മരണം മുന്നില്‍ കണ്ടപ്പോള്‍ ഹമീദിന്റെ ഉമ്മ വേദന മറന്നു. ഇടതു കോണില്‍നിന്ന് ഒരു മുടിഞ്ഞ കാറ്റ് വീശി. വള്ളത്തില്‍ ഇരിക്കുന്നവരുടെ ശരീരം കാറ്റ് തടഞ്ഞുവെച്ചു. വള്ളത്തിന് പിടിവിട്ട് ഇല്ലാത്ത കാലിടറി. വലതുവശത്തേയ്ക്ക് എല്ലാവരും മറിഞ്ഞുവീണു. ഭൂമിയിലെ ഇരുട്ടിനേക്കാള്‍ ഭയാനകം വെള്ളത്തിനടിയില്‍. നിറഞ്ഞ വയറുമായി ഉമ്മാ പൊങ്ങിവന്നു. വള്ളത്തിന്റെ കറുത്ത അടിവയര്‍ മീനെണ്ണയില്‍ വഴുതി. അവര്‍ പതച്ചുകിടന്നു. തന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ ആ ഉമ്മ തയ്യാറല്ലായിരുന്നു.

വള്ളം ഒന്ന് കറങ്ങി ആരുടേയോ തലയിലടിച്ചു. പീലിച്ചന്‍ മുങ്ങാംകുഴിയിട്ടു. കൂടെ ഊന്നക്കാരനും കമഴ്ന്നുകിടന്ന വള്ളത്തിനടിയില്‍ കയറി. അവര്‍ ചേര്‍ന്നു വള്ളം പൊക്കി മലര്‍ത്തിയിട്ടു.
 
തിരകള്‍ക്കിടയില്‍നിന്ന് ഉമ്മയെ വലിച്ചുകയറ്റി. അപ്പോള്‍ ഉമ്മയ്ക്ക് തിട്ടമായി തന്റെ ജനിക്കാത്ത കുഞ്ഞിന്റെ ബാപ്പയുടെ തലയാണ് വള്ളത്തേല്‍ അടിച്ചത്.

ക്യാപ്റ്റന്‍ ഡോക്ടറുടെ ആശുപത്രിയില്‍ ബാപ്പയില്ലാത്ത ഹമീദ് പിറന്നുവീണു. ഒന്നും അറിയാത്തവനെപ്പോലെ എന്നു പറഞ്ഞാല്‍ അതിശയോക്തി. ഹമീദ് കണ്ണ് ഇറുക്കിയടച്ച് സുഖമായി ഉമ്മയുടെ വലത്തെ മുലയ്ക്ക് ചാരെ ഉറങ്ങിക്കിടന്നു. വെളിയില്‍ കൊടുംമഴ ആര്‍ത്തലച്ചു.

അടക്കിപ്പിടിച്ച ഒരു ചുമ ഹമീദിനെ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ത്തി.

'എടാ കള്ളാ ആരാടാ ചൊമച്ചെ?'

'ആ ഞാനല്ല', ദിനേശന്‍ ഗിയറുകള്‍ മാറ്റുന്നതിനിടയില്‍ കള്ളം പറഞ്ഞു.

അടഞ്ഞുകിടക്കുന്ന കടകളില്‍ നോക്കി നോക്കി ഓട്ടോ ഓടി. റേഷന്‍ കടയുടെ മുന്‍പില്‍ ആള്‍ക്കൂട്ടം, അതു നിയന്ത്രിക്കാന്‍ ഒരു മനുഷ്യന്‍ പാടുപെടുന്നു. ദിനേശന്‍ വിദഗ്ദ്ധമായി തിരക്കൊഴിഞ്ഞ മൂലയില്‍ ഓട്ടോ പാര്‍ക്ക് ചെയ്തു.

'ഒരുപാടാളാ, പ്രായംനോക്കി കിറ്റ് കൊടുക്കുവാണെ ബാപ്പയ്ക്ക് നേരത്തെ മേടിച്ചോണ്ട് പോരാം.'
'ഓ അതൊന്നും വേണ്ട ഞാന്‍ ക്യൂവില്‍നിന്നു മേടിച്ചോളാം.'

'അപ്പം ഞാന്‍ കാത്ത് കെടക്കണോ അതോ പോയേച്ചും വരണോ?'

'നീയെങ്ങും പോവണ്ട ഞാന്‍ എക്‌സ്ട്രാ തരാം.'

'വൈറസ്സും കൊണ്ട് നടക്കുന്ന മനുഷന്മാര് കൂടുന്ന സ്ഥലത്ത് ക്യൂ നില്‍ക്കാന്‍ എന്തിന്റെ കേടാ ഈ ഹമീദ് ബാപ്പായ്ക്ക്?'

'എന്താ നീ പറഞ്ഞേ?'

'ഒരു മണിക്കൂര്‍ എങ്കിലും എടുക്കും എന്നു പറയുവാരുന്നു.'

സ്ത്രീകളുടെ നീണ്ടനിര അതിനിടയില്‍ രണ്ടുമൂന്ന് പുരുഷന്മാര്‍.

കുടുംബത്തിലെ സ്ത്രീകള്‍ക്കാണ് കൊവിഡ് പ്രമാണിച്ചുള്ള പലവ്യഞ്ജനങ്ങള്‍ക്കും അധികാരം. പുരുഷന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഗവണ്‍മെന്റ് നിശ്ചയിച്ചു.

'ക്ഷമ എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയാംമേല ഇപ്പഴത്തെ പിള്ളാര്‍ക്ക്. അപേക്ഷകള് പൂരിപ്പിച്ചും ഇങ്ങനെ കാത്ത് നിന്നുവാ ഞാന്‍ എന്റെ നല്ലകാലം വേസ്റ്റാക്കിയത്.'

ആരൊക്കെയാണ് മാസ്‌കിനടിയില്‍? ഹമീദ് തെളിഞ്ഞ കണ്ണുകളുടെ മുനയിറക്കി നോക്കി. ചില സ്ത്രീകള്‍ക്ക് അതു പിടിച്ചില്ല.

മിക്കവരും മാസ്‌കിന്റെ മുന്‍പില്‍ മൊബൈല്‍ കണ്ണാടിപോലെ പിടിച്ച് പതുങ്ങിയ സ്വരത്തില്‍ സംസാരിക്കുകയാണ്.

കണ്ണുകള്‍ മാത്രം നോക്കി ചുണ്ടുകളുടെ വിന്യാസം അറിയാന്‍ കഴിയുന്നില്ല. അവള്‍ തന്നെ നോക്കി ചെറുചിരി ചിരിക്കുകയാണോ? അതോ ചുണ്ടുകള്‍ ചുരുട്ടി എന്നോടൊന്നും ചോദിക്കരുത് എന്റടുത്തേക്ക് വരരുത് എന്ന മെസ്സേജ് നല്‍കുകയാണോ?

അടുത്തേക്ക് വരുക എന്നത് വൈറസിന് ഇഷ്ടമായിരിക്കും പക്ഷേ, മനുഷ്യന്‍ കാലടികള്‍ പുറകോട്ട് വയ്ക്കും.
തലമുടിയുടെ ആകൃതിയും പ്രകൃതിയും ഷര്‍ട്ടും മുണ്ടും പാന്റും സാരിയും കയ്യില്‍ ഞാന്നു കിടക്കുന്ന ബാഗും മറ്റും നോക്കി വേണം ആള്‍ക്കാരെ ഐഡന്റിഫൈ ചെയ്യാന്‍  ഹമീദ് തയ്യാറെടുത്തു.
കള്ളന്മാര്‍ മുഖംമൂടി ധരിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം മനസ്സിലാക്കിയ ഹമീദ് വിടര്‍ത്തി ചിരിച്ചു. ചിരിച്ചത് എത്ര പേര്‍ക്ക് മനസ്സിലായി എന്നു ചിന്തിക്കേം മറുചിരി കിട്ടി. നീണ്ട് തടിച്ച മൂക്ക് മറ്റേതോ വികൃതരൂപമുള്ള അവയവംപോലെ മാസ്‌കിന്റെ മുകളിലൂടെ തൂക്കിയിട്ട ആന്റണി സേവ്യര്‍ പാലത്തിങ്കല്‍.
നിങ്ങക്കിതിന്റെ വല്ല ആവശ്യം ഉണ്ടോ എന്ന് അന്യോന്യം അവര്‍ മനസ്സില്‍ ചോദിച്ചു:

'മോളും കുടുംബോം?'

'അവര്‍ക്കെല്ലാം കൊവിഡ് വന്നു അവര് അമേരിക്കേലല്ലെ. മോള് ആശുപത്രീന്ന് വീട്ടില്‍ എല്ലാര്‍ക്കും കൊണ്ടെക്കൊടുത്തു', ഹമീദ് ചിരിക്കുകയാണെന്ന് മാസ്‌ക് പറഞ്ഞു.

'ആയിഷ നഴ്‌സാണല്ലോ ഞാന്‍ മറന്നു.'

'അവിടെ നമ്മുടെ നാട്ടിലെപ്പോലെ പറഞ്ഞാക്കേക്കാത്തവരൊത്തിരിയാ വിവരംകെട്ട ഒരുപാട് സായിപ്പന്മാരൊണ്ട്.'

'യ്യോ വിശ്വസിക്കത്തില്ല ഞാന്‍ പോയപ്പം നേരില്‍ കണ്ടറിഞ്ഞതല്ലേ.'

'കൊള്ളാം ഞാനതെത്ര കണ്ടതാ മണ്ടന്‍ സായിപ്പ്...', ആന്റണി സേവ്യര്‍ പാലത്തിങ്കല്‍ ഒരു സിനിമപോലെ അമേരിക്കന്‍ സായിപ്പ് തന്നോട് ഇംഗ്ലീഷില്‍ ചോദിച്ച് ബുദ്ധിമുട്ടിച്ച അവസരങ്ങള്‍ ഓര്‍ത്തു. മാസ്‌ക് ജാള്യത മറയ്ക്കും. ആന്റണി സേവ്യര്‍ പാലത്തിങ്കല്‍ സന്തോഷിച്ചു.

'അല്ല ഹമീദേ എന്തിനാ ഈ വെളീലിറങ്ങി നടക്കുന്നേ? എന്തേലും വന്നാ ആശുപത്രിക്കാരുപോലും ഓക്‌സിജന്‍ തരത്തില്ല പ്രായം നോക്കിയാ ചികിത്സ.'

'എനിക്കെന്തിനാടോ ഇനി ഓക്‌സിജന്‍? ഞാനെത്രയോ കാലമായി ഫ്രീയായിട്ട് മൂക്കി കേറ്റി പറത്തിവിടുകയല്ലേ തീര്‍ന്നാ തീര്‍ന്നു എനിക്കതല്ല വേവലാതി എന്റെ ചുറ്റുവട്ടത്ത് മിച്ചം മരങ്ങളൊന്നുമില്ല ഓക്‌സിജന്‍ ഒണ്ടാക്കാന്‍' തലതിരിച്ച് മാസ്‌ക് താടിയിലേക്ക് വലിച്ചിട്ട് ഹമീദ് ഒന്നുരണ്ട് ദീര്‍ഘശ്വാസം വിട്ടു.

'ഓ ഈ ക്യൂ നില്‍ക്കുന്നത്... അത് സര്‍ക്കാര് ഫ്രീ തരുന്ന സാധനം മേടിക്കാതിരിക്കുക എന്നുവെച്ചാ മോശവല്ലെ അത് ജനാധിപത്യത്തിനു ചേരാത്ത ശീലം.'

'ഒന്നും ഫ്രീ അല്ല ബാപ്പോ, ഖജനാവ് മനുഷ്യന്‍ പണിയെടുത്തു ഒണ്ടായതാ.'

ദിനേശന്റെ അറിവിനെ പുരികം ഉയര്‍ത്തി ഹമീദ് അംഗീകരിച്ചു.

'സത്യം പറയാം ഇന്നലെ ബെന്യാമിന്‍ പലവ്യഞ്ജനങ്ങളുടെ പടമെടുത്ത് ഫേസ്ബുക്കില്‍ ഇട്ടു. അപ്പം തീരുമാനിച്ചു ഞാനും കിറ്റ് വാങ്ങും പടമെടുത്ത് ഫേസ്ബുക്കില്‍ ഇടും', ഹമീദിന്റെ മാസ്‌ക് വിടര്‍ന്നു.
ഒരു മീറ്റര്‍ കഷ്ടി ദൂരം പാലിച്ച് റേഷന്‍ കടയുടെ മുന്നില്‍ പത്തോളം പേര്‍ നില്‍ക്കുന്നുക്യൂ. കടയില്‍നിന്നു നാലാമത് നില്‍ക്കുന്ന ആള്‍ ഇടയ്ക്കിടയ്ക്ക് നിലത്ത് കുത്തിയിരിക്കുന്നു.

'എടാ അത് മനോഹരനല്ലേ?'

'അതെ.'

'അയാള്‍ക്ക് വന്നതല്ലേ.'

'ആദ്യ വേവില്‍ ആദ്യം വന്നയാളാ.'

'ചാംപ്യന്‍', ഹമീദ് ഇരുകൈകളിലെ തള്ളവിരലുകള്‍ ഉയര്‍ത്തി തംസ് അപ്പ് പറഞ്ഞു.

'ഓ അല്ല വയറസ് കേറിയതില്‍പ്പിന്നെ ആകെ തളര്‍ന്നുപോയി. അങ്ങ് ക്ഷീണവാ പോരാത്തതിന് അങ്ങേരുടെ ഭാര്യേം വയറസ്സ് കൊണ്ടുപോയി', എന്നു പറഞ്ഞതോടെ തൊണ്ടയ്ക്ക് ചുമ ഒളിച്ചുവെയ്ക്കാന്‍ കഴിയാതെ ദിനേശന്‍ കുഴങ്ങി.

എല്ലാ കണ്ണുകളും ദിനേശനെ നോക്കി.

'എടാ കള്ളാ ആംബുലന്‍സും കായലുമൊന്നുമല്ലായിരുന്നു ചുമച്ചത്', ഹമീദ് ചിരിച്ചുകൊണ്ടാണ് ഇതു പറഞ്ഞതെന്ന് മുഖം മറച്ച സമൂഹത്തിനു മനസ്സിലായി.

ആരും പ്രതികരിക്കാതെ വന്ന കാര്യത്തിലേക്ക് ഓരോരുത്തരും ശ്രദ്ധ തിരിച്ചു എന്നിട്ട് ക്യൂ എന്ന ശരീരത്തിനു യോജിക്കാത്ത ശീലത്തിലേക്ക് കാലുമാറ്റി വച്ച് മനസ്സില്‍ കേറിയ ആ ചെറിയ 'ശങ്ക' (ചുമയുടെ ശബ്ദം) മറച്ചു.
ക്യൂ ചെറുതായി വരുന്നു. വെറുതെ ചുമയ്ക്കുകയും മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും വലിച്ചെടുക്കാവുന്നതെല്ലാം വായിലേക്ക് വരുത്തി കാര്‍ക്കിച്ചു തുപ്പുന്ന ശീലമുള്ള റേഷന്‍ കടക്കാരന്‍ തോമ വാ മാസ്‌ക്കാല്‍ മൂടിക്കെട്ടി ശീലം വീഴുങ്ങി ഇരിക്കുന്നു.

ദിനേശനെ സമാധാനിപ്പിക്കാന്‍ ഹമീദ് ഒരു അമേരിക്കന്‍ കഥ ഓര്‍ത്തു പറഞ്ഞു:

'ഞാന്‍ രണ്ടാംതവണ മോടെ വീട്ടി പോയപ്പോള്‍ നടന്നതാ.'

'ബാപ്പോ ഒരു നിമിഷം ഓട്ടോയില് ബോട്ടിലൊണ്ട് ഞാനിത്തിരി വെള്ളം കുടിച്ചേച്ചുവരാം', ദിനേശന്‍ ചുമ അടക്കിപ്പിടിച്ച് ഓടിപ്പോയി.

പൊട്ടിയ ഒരു മഞ്ഞ പച്ച ചുവപ്പ് നിറത്തില്‍ ഒരു പട്ടം എവിടെനിന്നോ പറന്നെത്തി ക്യൂ മുറിച്ച് നിലത്ത് മണ്ണില്‍ വീണു.

കഥയ്ക്ക് ഒരു കുത്തിട്ട് പട്ടത്തെപ്പറ്റി ഹമീദ് ആലോചിച്ചു.

ഒരു പട്ടത്തിന് മനസ്സ് എന്നൊന്നുണ്ടോ?

ഇല്ല.

ഉണ്ട്.

വായു കാറ്റായി മാറണം. 

കെട്ടിയ ചരട് മുറുകിയിരിക്കണം.

പട്ടക്കാരന്‍ മിടുക്കനായിരിക്കണം.

ഗുരുത്വാകര്‍ഷണം നല്ലതും ചീത്തയും ആവാം.

ഇതെല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സ് എന്ന ഉരുവിടം പട്ടത്തിനും ഉണ്ടാവണം.
മനസ്സിനെ ജീവനുമായി ബന്ധപ്പെട്ട് മാത്രമേ മനുഷ്യനു കാണാന്‍ സാധിക്കൂ. അത് മനുഷ്യമനസ്സിന്റെ ഒരു കുഴപ്പം  ഡിഫക്റ്റ്  മാത്രമായി കണ്ടാല്‍ ജീവനില്ലാത്ത വസ്തുക്കളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം.

അപ്പോഴേക്കും ദിനേശന്‍ കഥ കേള്‍ക്കാന്‍ കയ്യില്‍ രണ്ട് പ്ലാസ്റ്റിക്ക് കുപ്പികളില്‍ വെള്ളവുമായി തിരിച്ചെത്തി.
മാസ്‌ക് പൊക്കി ഹമീദും ഇത്തിരി വെള്ളം കുടിച്ചു. വിയര്‍ക്കുന്ന തൊലിയിലേയ്ക്ക് പൊള്ളുന്ന വെയില്‍ സൂര്യന്റെ സൂചികളിറക്കി.

'രണ്ടാമത്തെ സാനോസെ പോക്കിലാ ഞാന്‍ സുന്ദരമായ ഒരു മരണം കണ്ടത്. മോടെ അയല്‍പക്കക്കാരിയുടെ അമ്മ മദാമ്മ മരിക്കാന്‍ കിടക്കുന്നു; പോയി കാണാം എന്നു മോള് പറഞ്ഞപ്പോള്‍ 'ഇല്ല' എന്നാ ഞാന്‍ ആദ്യം പറഞ്ഞത്.

നല്ല വേഷമൊക്കെ ധരിച്ച് മോളും മാപ്പിളയും കൊച്ചവളും നിര്‍ബ്ബന്ധിച്ചു. ഞാനും നല്ല വേഷവും ഷൂവും മറ്റും ധരിച്ച് മദാമ്മ മരിക്കുന്നത് കാണാന്‍ പോയി.

മദാമ്മ നല്ല കാലത്ത് ഒരു ജഡ്ജി ആയിരുന്നു. എഴുപതോ മറ്റോ കഴിഞ്ഞപ്പോ പെട്ടെന്ന് ഡിമെന്‍ഷ്യ പിടിപെട്ടു. അതോടുകൂടി ജഡ്ജി സ്വഭാവങ്ങള്‍ പതുക്കെ മറന്നു. സാധാരണയില്‍ സാധാരണക്കാരിയായി കുട്ടികളെപ്പോലെ ചിലപ്പോള്‍ കെഞ്ചും; ഒരു ഗ്ലാസ്സ് വൈന്‍ കുടിക്കാന്‍. അവസാനം പാലിയേറ്റീവ് കെയര്‍ ഫെസിലിറ്റിയില്‍ എത്രയും സുഖമുള്ള ശാന്തമരണം കാത്ത് മദാമ്മ. ഈവക കഥകളൊക്കെ പറഞ്ഞ് ഞങ്ങള്‍ മോടെ ഒച്ചയില്ലാത്ത ചുവന്ന ടെസ്‌ല കാറില്‍ യാത്ര പോയി.

തരക്കേടില്ലാത്ത ഒരു ഹോട്ടലുപോലൊരു കെട്ടിടം. കേറിച്ചെല്ലുമ്പോള്‍ ഹോട്ടലിലെപ്പോലെ ഒരു റിസപ്ഷന്‍. മനോഹരിയായ വലിയ ചിരിതൂകിയ ചെറുപ്പക്കാരി മദാമ്മ ഞങ്ങളെ സ്വീകരിച്ചു മുറിയുടെ നമ്പരും പോകേണ്ട വഴിയും വരച്ചുകാട്ടി.

അപ്പോള്‍ അതാ വാലാട്ടി വളരെ ഗൗരവത്തോടെ ആരോ വിളിച്ചിട്ടെന്നപോലെ രണ്ടുമൂന്ന് നല്ലയിനം കൊഴുത്ത നായ്ക്കള്‍ കടുത്ത പച്ചനിറത്തിലെ കാര്‍പ്പെറ്റ് ഇട്ട ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മന്ദം മന്ദം നടക്കുന്നു. മിക്ക മുറികളുടേയും വാതിലുകള്‍ തുറന്നു കിടന്നിരുന്നു. അകത്ത് ആശുപത്രി കട്ടില്‍, കസേരകള്‍, സോഫകള്‍. കട്ടിലിനരുകില്‍ നടുവിലത്തെ മരങ്ങളും പുഷ്പങ്ങളും നിറഞ്ഞ കോര്‍ട്ട്യാര്‍ഡ് കാണത്തക്കരീതിയില്‍ വലിയ ചില്ലു ജാലകം. 

ഗോര്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു നായ. ആരോ എന്തോ ഓര്‍ഡര്‍ ചെയ്തത് കൊടുക്കാന്‍ പോകുന്നു അല്ലെങ്കില്‍ പനിനോക്കാന്‍ പോകുന്ന ഒരു നഴ്‌സിന്റെ ലാഘവത്തോടെ നായ ആ മുറിയിലേക്ക് കയറിപ്പോയി. ഞാന്‍ ഒന്നു നിന്നു. അറിയണമല്ലോ എന്താണ് നായുടെ ഉദ്ദേശ്യം. അതിശയിച്ചു പോയി. പിന്‍കാലുകള്‍ മടക്കി കട്ടിലില്‍ കിടക്കുന്ന ആളെ തല ഉയര്‍ത്തി നോക്കി ആ നായ ഇരുന്നു. കട്ടിലില്‍ കിടന്നിരുന്ന വൃദ്ധന്‍ വാ തുറന്ന് വെച്ച് ഉറങ്ങുകയായിരുന്നു. ശരി പിന്നെ വരാം എന്നു പറഞ്ഞപോലെ നായ തിരികെ ഇറങ്ങി നടന്നു രണ്ട് മുറികള്‍ക്കപ്പുറം മറ്റൊരു മുറിയിലേക്ക് വീണ്ടും കയറി. അവിടെ കട്ടിലില്‍ അവശയായ ഒരു പടുവൃദ്ധയായിരുന്നു. നായ എത്തിയത് അവര്‍ എങ്ങനെയോ അറിഞ്ഞു, അവരുടെ മെത്തയില്‍ അമര്‍ന്നിരിക്കുന്ന ഇടതുകൈവിരലുകള്‍ ചെറുതായൊന്ന് ചലിച്ചു. നായ വളരെ വിദഗ്ദ്ധമായി തന്റെ നഖങ്ങള്‍ അവരെ നോവിക്കാത്ത തരത്തില്‍ കുതിച്ച് ചാടി അവരുടെ അടുത്ത് കയറിക്കൂടി പതുക്കെ താടിയെല്ല് അവരുടെ നെഞ്ചില്‍ അമര്‍ത്തി കിടന്നു കണ്ണുകള്‍ അടച്ചു.

ഞെട്ടിത്തരിച്ച് നിന്ന എന്നെ കൊച്ചുമോള്‍ തിരികെ നടന്നുവന്നു കൂട്ടിക്കൊണ്ട് പോകുന്നവരെ ഞാന്‍ ആ വാതിലിനരികില്‍ വാ പൊളിച്ച് നിന്നുപോയി!

ഞങ്ങള്‍ക്കു പോകേണ്ടുന്ന മുറിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ചെറിയ ആഘോഷം എന്നെനിക്ക് തോന്നി. പത്തു പേരോളം ആ മുറിയില്‍ ഉണ്ടായിരുന്നിരിക്കണം. ജഡ്ജിയുടെ മക്കളും അടുത്ത ബന്ധുക്കളും മാത്രം. ഞങ്ങള്‍ ഒന്നു പരുങ്ങി: അതുകണ്ട് അയല്‍പക്കക്കാരി  മൂത്തമകള്‍  കൈകാട്ടി ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. അവരുടെ ഇടത്തെ കൈവെള്ള അവരുടെ അമ്മയുടെ കൈപ്പത്തിയില്‍ അമര്‍ന്നിരുന്നു. കട്ടിലില്‍ അരയ്ക്ക് മുകളിലേയ്ക്ക് ശരീരം ഉയര്‍ത്തപ്പെട്ട നിലയില്‍ ജഡ്ജി മദാമ്മയുടെ മുഖം ഇടതുവശത്തേയ്ക്ക് ചെരിച്ചു വെച്ച് വാ അല്പം തുറന്ന് കണ്ണുകള്‍ പാതി അടച്ച് ശാന്തയായി കിടക്കുന്നു. അവരുടെ അവസാന നോട്ടം വലിയ ചില്ലു ജാലകത്തിലേക്കായിരുന്നിരിക്കണം. വെളിയില്‍ വളരെ താണനിലയില്‍ പന്തലിച്ചു കിടക്കുന്ന ഏതോ ഒരു മരത്തിന്റെ ചില്ല. ഇലകള്‍ തീരെയില്ലാത്ത ഒരു ചില്ല ചില്ലുഗ്ലാസ്സില്‍ തൊട്ടു തൊട്ടില്ല എന്നപോലെ.

ആ ചില്ലയില്‍ ഒരു പക്ഷി ഇരിക്കുന്നു.

മുറിയിലെ കസേരകളില്‍ ഇരുന്നും നിന്നും എല്ലാവരും ചായയോ കാപ്പിയോ കുടിക്കുന്നു. ചിലര്‍ ജഡ്ജി മദാമ്മയുടെ മുഖത്തേയ്ക്ക് ദൃഷ്ടി നട്ട് നിന്ന് ബിസ്‌കറ്റ് കടിക്കുന്നു. മുറിയുടെ ഒരു കോണില്‍ ഓട്ടോമാറ്റിക്ക് കെറ്റിലില്‍ തിളച്ച വെള്ളം, ഇന്‍സ്റ്റന്റ് കാപ്പിയുണ്ടാക്കുന്ന മെഷീന്‍, വെളുത്ത തടിയന്‍ ചൈന മഗുകള്‍, ബിസ്‌കറ്റുകള്‍, മുന്തിരിങ്ങ.

മുറിക്ക് കാപ്പിയുടെ മണം.

ചിരിച്ചുകൊണ്ട് മൂത്തമകള്‍  ആയിഷയുടെ അയല്‍ക്കാരി ആയിഷയോടായി പറഞ്ഞു: 'ഇതില്‍പ്പരം ഞാന്‍ എന്താണ് എന്റെ അമ്മയില്‍നിന്നു പ്രതീക്ഷിക്കേണ്ടത്. നോക്കൂ ആ പക്ഷിയെ. എന്റെ അമ്മ ദേ ഇപ്പം ചില്ലിനപ്പുറത്താണ്... അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പക്ഷി  ഹമ്മിങ് ബേഡ്..'

ചില്ല വിട്ട് പറന്നുപോകാന്‍ മടിക്കുന്ന ഹമ്മിങ് ബേഡ് വിരലിറുക്കി ഇരിക്കുന്നു...'

'ഇവിടാണെ നെലവിളീം ബഹളോം കൊണ്ട് ചാകുന്നവന്‍ പേടിച്ചുപോകും. ശാന്തമായിട്ട് ആര്‍ക്കും ചാകാം എന്ന് ആരും കൊതിക്കേണ്ട', ദിനേശന് കഥ ഇഷ്ടപ്പെട്ടു എന്ന് മാസ്‌ക് പറഞ്ഞു.

'ആ അടുത്തയാള്', തോമയുടെ ശബ്ദം.

ക്യൂവില്‍ ഹമീദിന്റെ ഊഴം.

മെഷീനില്‍ വിരലടയാളം പതിപ്പിക്കാന്‍ റേഷന്‍ കടക്കാരന്‍ തോമ ആജ്ഞാപിച്ചു. ഹമീദ് അനുസരിച്ചു. പക്ഷേ, ഒന്നും പതിയുന്നില്ല.

'കൈവെള്ള കാട്ട്', തോമ വീണ്ടും ആജ്ഞാപിച്ചു.

ഹമീദിന്റെ പഞ്ഞിപോലത്തെ വിരലുകള്‍ തന്റെ തടിച്ചു തഴമ്പിച്ച വിരലുകളാല്‍ തിരുമ്മിയിട്ട് തോമ പറഞ്ഞു: 'വിരലടയാളം എല്ലാം മാഞ്ഞുപോയി. മഷീനെ വെച്ചാ കാണത്തില്ല അതാ... വീട്ടി വേറാരേലുമൊണ്ടോ? ഒണ്ടേ പറഞ്ഞുവിട്... ആ അടുത്തയാള്.'

ഹമീദ് തിരിഞ്ഞു നടന്നു.

ദിനേശന്‍ ഓട്ടോ എടുക്കാന്‍ നടന്നുനീങ്ങി.

മണ്ണില്‍ പട്ടംവീണ് കിടന്നിടത്ത് പട്ടം ഇല്ല.

അവിടെ ആരുടേയോ കിറ്റില്‍നിന്നു വീണ എന്തോ കൊത്തിപ്പെറുക്കിക്കൊണ്ട് ഒരു ഹമ്മിങ് ബേഡ്. തന്നെ നോക്കിനില്‍ക്കുന്ന ഹമീദിന്റെ മാസ്‌കിനു മുന്നില്‍ നര്‍ത്തകിയെപ്പോലെ ഒരു മിനിറ്റോളം അവള്‍ ഹമ്മിങ് ബേഡ് പറന്നുനിന്നു. എന്നിട്ട് പട്ടം പറന്നെത്തിയ ദിക്കിലേക്ക് പാഞ്ഞങ്ങുപോയി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com