'ദര്‍ശനമാല'- വി. സുരേഷ്‌കുമാര്‍ എഴുതിയ കഥ

 വൈകുന്നേരം ആറുമണി കഴിഞ്ഞതും ആരെയൊക്കെയോ അടക്കം ചെയ്ത ആളൊഴിഞ്ഞ ഒരു ശവക്കല്ലറപോലെ പുസ്തകശാല ഇരുട്ടിലേക്ക് വീണു
'ദര്‍ശനമാല'- വി. സുരേഷ്‌കുമാര്‍ എഴുതിയ കഥ


 
'ജീവിച്ചതല്ല ജീവിതം, നാം ഓര്‍മ്മയില്‍ വയ്ക്കുന്നതും
മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി ഓര്‍മ്മയില്‍
സൂക്ഷിക്കുന്നതുമാണ് ശരിയായ ജീവിതം'

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ്
 
വൈകുന്നേരം ആറുമണി കഴിഞ്ഞതും ആരെയൊക്കെയോ അടക്കം ചെയ്ത ആളൊഴിഞ്ഞ ഒരു ശവക്കല്ലറപോലെ പുസ്തകശാല ഇരുട്ടിലേക്ക് വീണു.

പുസ്തകശാലയുടെ മുതലാളി രാജേന്ദ്ര പ്രസാദ് പതിവുപോലെ അന്നത്തെ വരുമാനത്തിലെ തുകയും എടുത്തു പുറത്തേക്കിറങ്ങി. 

ഇനി വരുന്ന രണ്ടു രണ്ടര മണിക്കൂര്‍ ഭൂമിയിലെ ഏറ്റവും ഏകാന്തവും വിഷാദഭരിതവുമായ ഒരു കൂടാരം ഈ പുസ്തകശാല ആണ്.

വായനക്കാര്‍ അധികം സ്പര്‍ശിക്കാത്തതും വായിക്കാത്തതും ആയ പുസ്തകങ്ങള്‍ കാരണങ്ങളൊന്നുമില്ലാതെ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തു മൃഗങ്ങളെപ്പോലെ ഒറ്റയ്ക്കിരുന്നു കരയും.

സാനു പുസ്തകശാലയുടെ ഉള്ളിലൂടെ നടന്നു മറിഞ്ഞുവീണതും തലതിരിഞ്ഞു നില്‍ക്കുന്നതുമായ എല്ലാ പുസ്തകങ്ങളേയും തൊട്ടു നേരെയാക്കി.

'പുസ്തകങ്ങളും മനുഷ്യരാണ്'

മനുഷ്യര്‍ ഇന്നേവരെ കണ്ടതില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഒരേ ഒരു സ്വപ്നം പുസ്തകങ്ങളില്‍ മാത്രമാണെന്ന് സാനു പിറുപിറുത്തു.

ജോലിയൊന്നും ചെയ്യാനില്ലാതെ, വെറുതെയിരിക്കുന്ന സായാഹ്നങ്ങളിലാണ് ഒരു എഴുത്തുകാരന്റെ ഭാവനപോലെ ഒരുപാട് വേദനകളും സന്തോഷങ്ങളും ഒന്നിച്ച് ഉള്ളിലേക്ക് ഇരച്ചു കയറിവരിക.

ഈയിടെയായി ഏഴുമണി കഴിയുന്നതോടെ നഗരത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന മിക്ക ബസുകളും ഓട്ടം നിര്‍ത്തും.

പകല്‍ മുഴുവന്‍ നഗരത്തിനുള്ളില്‍ വട്ടമിട്ടു പറക്കുന്ന മഞ്ഞ പൂമ്പാറ്റകള്‍പോലുള്ള ഓട്ടോറിക്ഷകളില്‍ ഭൂരിഭാഗവും ഇരുട്ട് വീഴുമ്പോഴേക്കും കാണാമറയത്താകും.

രാത്രിയിലെ നഗരം ഏതോ കാലത്ത് ഒരു വൃദ്ധന്‍ ഉണക്കാനിട്ട നിറംമങ്ങിയ തുണികള്‍ പോലെ ആര്‍ക്കും വേണ്ടാതായ ഒന്നായെന്ന് സാനു ഉറപ്പിച്ചു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കുറെ കാലങ്ങളായി രാത്രിയിലൊന്നും ആരും ഓട്ടോറിക്ഷകളില്‍ കയറാറില്ല... മനുഷ്യരെയൊന്നും രാത്രി കാണാറുമില്ല..!

ഒരു ദിവസം അവസാന ബസ് കിട്ടാതെ ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ അതിലെ ഡ്രൈവര്‍ പറഞ്ഞു:

ഏതെങ്കിലും തരത്തില്‍ മരിച്ചുപോയവര്‍ അല്ലാതെ ശരിക്കും ജീവനുള്ള ആരാണ് ഇപ്പോള്‍ ഈ നഗരത്തിലോ മറ്റു നഗരങ്ങളിലോ ജീവിക്കുന്നത്...?

തലങ്ങനേയും വിലങ്ങനേയും കുറെ കാറുകള്‍ ഓടുന്നതുകൊണ്ട് കാറിലുള്ള മനുഷ്യരെല്ലാം ജീവനുള്ളവര്‍ ആണെന്ന് നമ്മള് വെറുതെ തെറ്റിദ്ധരിക്കുകയാണ്!

ഇരുട്ടിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍നിന്നും ഡ്രൈവര്‍ നിര്‍ത്താതെ പറഞ്ഞുതുടങ്ങി.
സാനു ഓട്ടോയുടെ കണ്ണാടിയിലേക്ക് നോക്കി.

തലങ്ങനേയും വിലങ്ങനേയും വരുന്ന കാറുകളുടേയും ലോറികളുടേയും ക്രൂരമായ വെളിച്ചം തട്ടി ഡ്രൈവറുടെ മുഖം ചിന്നിച്ചിതറിയിരുന്നു.

പണ്ടൊക്കെ രാത്രിയിലെ നഗരം ഉത്സവപ്പറമ്പ് പോലെയാണ്.

നഗരത്തിലെ പഴയ ആള്‍ക്കാര്‍ക്കൊക്കെ അറിയാം.

കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ഇപ്പോഴത്തെ പൊലീസ് മൈതാനിയുടെ അതിരില്‍ ആകാശം മുട്ടുന്ന ഇരുമ്പു ലൈറ്റിനു പകരം അന്നൊരു പാലമരം ഉണ്ടായിരുന്നു.

തണുപ്പ് കാലം വരുന്നതോടെ അതൊരു പൂക്ക് അങ്ങ് പൂക്കും.

നാലഞ്ചു ദിവസം ആ മണം പൂര്‍ണ്ണ നിലാവെളിച്ചംപോലെ ഈ നഗരം മുഴുവന്‍ പടരും.

ആദ്യപൂക്കള്‍ കൊഴിയുമ്പോള്‍ വേറെ കുറെ പൂക്കള്‍ വിരിഞ്ഞു നിറയും.

നഗരം അങ്ങനെ ഒന്ന് ഒന്നര മാസം ചന്ദ്രോത്സവത്തിലാകും.

നഗരത്തില്‍നിന്നും വലിച്ചെടുത്ത വെള്ളത്തിന്റേയും വളത്തിന്റേയും നൂറ് ഇരട്ടി പ്രകാശവും ഊര്‍ജ്ജവും പാലപ്പൂക്കള്‍ നഗരത്തിനു നല്‍കി.

രാത്രിയോടെ പല നാടുകളില്‍നിന്നും സുന്ദരികളായ യക്ഷികള്‍ നഗരത്തിലേക്ക് വരും. അവരൊക്കെയും പൂത്ത മരത്തിനു കീഴില്‍ പുതിയ മണത്തോടെയും നിറത്തോടെയും നിരന്നു നില്‍ക്കും.

നഗരത്തിലെ നായകള്‍ വരെ ആ രാത്രികളില്‍ ഉന്മാദം കയറി തലങ്ങും വിലങ്ങും ഇണയെ തിരഞ്ഞ് ഓടും...
 
അപ്പോള്‍ മനുഷ്യരുടെ കാര്യം കൂടുതല്‍ പറയേണ്ടല്ലോ?

നമുക്കാണെങ്കില്‍ ഓട്ടത്തിന്റെ ഓട്ടം!

അന്നൊക്കെ രാത്രിയില്‍ ഇവിടെ വരുന്നവരുടേയും പോകുന്നവരുടേയും മാത്രം ഓട്ടം കൊണ്ട് ഞാന്‍ എന്റെ ഒരു സ്വപ്നം പൂര്‍ത്തിയാക്കി. സ്വന്തമായൊരു വീട്..!

നോക്കൂ, ഭൂമിയില്‍ ഒരാളുടെ പ്രയത്‌നംകൊണ്ട് എത്ര പേരാണ് ജീവിച്ചുപോകുന്നത്...

ചിലരുടെ മോശം തീരുമാനങ്ങള്‍ കൊണ്ട് എത്രപേരാണ് അങ്ങനെതന്നെ ഇല്ലാതാകുന്നതും അല്ലേ..!

രാത്രി മുതല്‍ പുലരുംവരെ നിര്‍ത്താതെ ഓടും പകല് കുറെ നേരം കിടന്നുറങ്ങും. പിന്നെ വല്ല വയലും പുഴയും തേടി വെറുതെ കറങ്ങി നടക്കും. അങ്ങനെയായിരുന്നു അന്നത്തെ എന്റെ രീതി.

ഏതൊക്കെ മോഡല്‍ പണികള്‍... എന്തൊക്കെ തരം മനുഷ്യര്‍...

മനുഷ്യരെപ്പോലെ ഇത്രയും ദുരൂഹതയുള്ള മറ്റൊരു ജീവിയും ഭൂമിയില്‍ ഉണ്ടാകില്ല.

വെളിച്ചമുള്ള നേരം വരെയേ മനുഷ്യരുള്ളൂ, അതുകഴിഞ്ഞാല്‍പ്പിന്നെ പലതും മൃഗങ്ങളാണ്!

ഒരു റേഡിയോ നിലയംപോലെ ഡ്രൈവര്‍ നിര്‍ത്താതെ സംസാരിക്കുന്നത് സാനു കേട്ടിരുന്നു.

എപ്പോഴും റെയില്‍പാളത്തില്‍ കിടന്നു മാത്രം പണിയെടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളുടെ രാത്രി സഞ്ചാരം എന്റെ ഓട്ടോയില്‍ ആയിരുന്നു.

പകല്‍നേരങ്ങളില്‍ കോട്ടും ടൈയും അണിഞ്ഞ് ആരുടേയും മുഖത്തുപോലും നോക്കാതെ കാറില്‍ മാത്രം പോയിരുന്ന അയാളെ ഞാന്‍ രാത്രിഞ്ചരന്‍ എന്നാണ് വിളിച്ചത്.

തീവണ്ടി ഇല്ലാത്ത ഗ്യാപ്പില്‍ പുലര്‍ച്ചെ ഒരു മണിക്കും രണ്ടിനും ഇടയില്‍ സൗത്ത് സ്റ്റേഷന്റെ കാടുപിടിച്ച ഭാഗത്തേക്ക് രാത്രിഞ്ചരന്‍ പോകും.

ഒരു രാത്രിയില്‍ പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അയാള്‍ പറഞ്ഞു:

ഞാന്‍ മറ്റന്നാള്‍ മുതല്‍ ഈ നഗരം വിടുകയാണ്.

നാളെ രാത്രി നമുക്ക് വളപട്ടണത്തേക്ക് പോകാം.

അവിടെ നദിക്ക് കുറുകെ ഒരു തീവണ്ടിപ്പാളം ഉണ്ട്.

 അത്രയും സുന്ദരിയായ ഒരുവളേയും കൂട്ടി പിറ്റേന്ന് രാത്രിഞ്ചരന്‍ എന്നെ പാലമരത്തിനരികില്‍ കാത്തുനിന്നു.
ഞാന്‍ അയാളേയും അവളേയും കൂട്ടി വളപട്ടണത്തിലേക്ക് പോയി.

വളരെ ദൂരെ റോഡില്‍നിന്നും നോക്കുമ്പോള്‍, നദിക്കു മുകളില്‍ സുന്ദരിയായ ഒരു പെണ്ണിന്റെ നീളന്‍ മുടിനാരുകള്‍ കൂട്ടിക്കെട്ടിയതുപോലുള്ള റെയില്‍പ്പാളം കണ്ടു.

താഴെ വെള്ളത്തിന്റെ ആഴത്തില്‍ ഇടയ്ക്കിടെ പോവുകയും വരികയും ചെയ്യുന്ന തോണികള്‍.

 ഓട്ടോയില്‍നിന്നും പുറത്തേക്കിറങ്ങി അവര്‍ നിലാവിലൂടെ നടന്നു.

വെടിക്കെട്ട് കാണാന്‍ നില്‍ക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും.

എന്നിട്ട് അവര്‍ രണ്ടുപേരും റെയില്‍പ്പാളത്തില്‍ കിടന്നോ? സാനുവിന് ആകാംക്ഷയായി.

പാളത്തില്‍ അല്ല, പാളത്തിനരികില്‍ പുഴയിലേക്ക് കെട്ടിയ സിമന്റ് കൈവരിയിലേക്ക് അയാള്‍ അവളുടെ തുണിയൊക്കെ അഴിച്ചു ചാരി ഇരുത്തി.

പിന്നെ മെല്ലെ മെല്ലെ അയാള്‍ അവളുടെ ശരീരത്തിലേക്ക് തോണിക്കാരന്‍ തന്റെ തുഴ താഴ്ത്തുന്നതുപോലെ ചേര്‍ത്തു നിര്‍ത്തി. 

അപ്പോഴേക്കും ഭയവും ഭാവനയും സുഖവും സാഹസികതയും ഒരുമിച്ചു വന്ന് എന്റെ നെഞ്ചില്‍ മേളം തീര്‍ത്തു തുടങ്ങി.

ഇതും പറഞ്ഞു ഓട്ടോ ഡ്രൈവര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുംപോലെ ചിരിച്ചു.

അതൊരു മരണക്കളി... ആയിരുന്നു!

വള്ളംകളി മത്സരത്തിലെ പ്രധാന തുഴക്കാരനെപ്പോലെ രാത്രിഞ്ചരന്‍ കൈകാലുകള്‍ വീറോടെ വായുവില്‍ വീശിയെറിഞ്ഞു.

പിന്നീടുള്ള രണ്ടു ദിവസം ഞാന്‍ വിറയും പനിയും പിടിച്ചു രാവും പകലും പുറത്തിറങ്ങാതെ കിടന്നു.

ഒരു നഗരത്തിലെ രാത്രി എന്നു പറയുന്നത് ആ നഗരത്തെ അറിയുന്നവര്‍ക്കു മാത്രം നീക്കിവെച്ചതാണ്; അല്ലാത്തവര്‍ക്ക് അതൊരു ഇരുട്ടില്‍ പൂണ്ട് കിടക്കുന്ന നിശബ്ദ ജീവി മാത്രം ആകും.

ഈ നഗരം അന്ന് രാവും പകലും സര്‍ക്കസും മായാജാലവും ഒരിക്കലും തീരാത്ത പാര്‍ട്ടി സമ്മേളനങ്ങളും നടക്കാറുള്ള വലിയ മൈതാനവും.

കുറെ ദൂരെയായി കടല് പോലെ കിടക്കുന്ന തടാകവും ചേര്‍ന്നത് ആയിരുന്നു  ഡ്രൈവര്‍ ഒരു കൈ അകലേക്ക്, ആകാശത്തിലേക്ക് ചൂണ്ടി പറഞ്ഞു.

സാനു ഇറങ്ങേണ്ടുന്ന സ്ഥലമെത്തിയതും ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

തിരിച്ചു പോകുമ്പോള്‍ ഡ്രൈവര്‍ ആരോടാണ് ബാക്കി കഥകള്‍ പറയുക എന്ന് ആലോചിച്ചു സാനു ഇരുട്ടിലൂടെ നടക്കവേ ഓട്ടോറിക്ഷ ശരവേഗതയോടെ തിരിച്ചുവന്ന് സാനുവിന് അരികില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഉച്ചത്തില്‍ പറഞ്ഞു:

ഇതിനിടയില്‍ പ്രധാനപ്പെട്ട ഒന്നു പറയാന്‍ വിട്ടുപോയി.

കഴിഞ്ഞ പ്രളയത്തില്‍ എന്റെ ആ സ്വപ്നവീട് ഒലിച്ചുപോയി...!

സാനു കുറേനേരം റോഡില്‍ അനങ്ങാതെ നിന്നു.

ശേഷം സ്വന്തം കഥ ആലോചിച്ചു.

ഈ നഗരത്തില്‍ എത്തിയിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഡ്രൈവറുടെ കഥകള്‍ അതിനും മുന്നേയുള്ള ഇരുപത് വര്‍ഷങ്ങളില്‍ നടന്നതായിരിക്കും.

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു വൈകുന്നേരം നാടുവിടാനായി നഗരത്തിലേക്ക് ബസ് കയറിയതും റെയില്‍വേ സ്റ്റേഷന്‍ പോകേണ്ടവര്‍ ഇവിടെ ഇറങ്ങിക്കോ എന്ന് ക്ലീനര്‍ ഒച്ചയിട്ടതും ബസില്‍നിന്നും ചാടി ഇറങ്ങിയതും സാനു ഓര്‍ത്തു.

കല്‍ക്കത്തയിലേക്ക് പോകാനായിരുന്നു പ്ലാന്‍.

അതുവഴി തിരിച്ചു ബോംബെയിലേക്ക് മാറ്റിയത് സതീശന്‍ മാഷായിരുന്നു.

പാരലല്‍ കോളേജിലെ ഹിസ്റ്ററി മാഷായിരുന്നു സതീശന്‍ മാഷ്.

നാട് വിടുന്ന കാര്യം മറ്റാരോടും പറയാനില്ലാത്തതിനാല്‍ മാഷോട് പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും മാഷ്‌ക്ക് അറിയാമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ മാഷായിരുന്നു വീട്ടിലേയും നാട്ടിലേയും എല്ലാ ദുരന്തത്തിന്റേയും കാരണക്കാരന്‍.

നാട്ടിലെ രണ്ടു മലകളെ തുരന്ന് തമ്മില്‍ ബന്ധിപ്പിക്കുന്നൊരു റോഡ് അതായിരുന്നു അയാളുടെ സ്വപ്നം.

റോഡ് കുന്നിന്‍ചെരിവിലെ വീട്ടിനു മുന്നിലൂടെ പോയതും വീട് ഏതു നിമിഷവും അടര്‍ന്നു വീഴുന്ന സ്ഥിതിയിലായി.

അമ്മ പല പ്രാവശ്യം ദുരന്തം പറയാന്‍ പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ പോയി.

'ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി നാടിന്റെ കാര്യങ്ങള്‍ ഒന്നും എനിക്ക് മാറ്റിവെക്കാന്‍ കഴിയില്ല..!' അയാള്‍ ഒട്ടും ദയയില്ലാതെ പറഞ്ഞു.

കുന്ന് ഇടിക്കാന്‍ ഒരുമിച്ചു രണ്ടും മൂന്നും ജെ.സി.ബികള്‍ വന്ന ദിവസം അമ്മ മരണപ്പെട്ടു.

'എനിക്ക് നക്‌സലൈറ്റ് ആകണം. തിരിച്ചുവന്ന് ആ നായിന്റെ മോനെ കൊല്ലണം!' ഞാന്‍ എന്റെ പ്രതികാരം മാഷോട് പറഞ്ഞു.

അങ്ങനെയെങ്കില്‍ നീ ഒരിക്കലും നക്‌സലൈറ്റ് ആകരുത്, അവരെയൊന്നും ഒരുകാലത്തും ഫുള്ളായി വിശ്വസിക്കാന്‍ കഴിയില്ല. അവരുടെ പലതും വെറും ബഡായി ആണ്...

നീ നേരെ ബോംബെയിലേക്ക് വിട്ടോ... അധോലോകം ആണ് ഇതിന് ഏറ്റവും നല്ലത്.

മാഷ് ബോംബെ അധോലോകത്തിന്റെ കഥകള്‍ പറഞ്ഞു.

ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍ എന്നൊക്കെ കേട്ടിട്ടില്ലേ...

ഇല്ല...

ഹാജി മസ്താന്റെയൊക്കെ ജീവിതം വലിയൊരു ചരിത്രമാണ്.

ബോംബേ തുറമുഖം അന്ന് ബ്രിട്ടീഷുകാരുടെ കയ്യിലാണ്.

തുറമുഖം വഴി ഇന്ത്യക്കാര്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സകല സാധനത്തിനും ലോകത്ത് എവിടെയും ഇല്ലാത്ത നികുതി ഇംഗ്ലീഷുകാര്‍ ഈടാക്കി. ഒരു തരം പകല്‍ കൊള്ള!

മസ്താന്‍ അന്ന് അവിടെയൊരു സാധാ ചുമട്ട് തൊഴിലാളി ആയിരുന്നു.

ആദ്യം ഒറ്റയ്ക്കും പിന്നെ തൊഴിലാളികളെ സംഘടിപ്പിച്ചും ഈ കരിനിയമത്തിനെതിരെ മസ്താന്‍ പോരാടി.

സമരം കൊണ്ടുമാത്രം ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താന്‍ പറ്റില്ല എന്നു മനസ്സിലാക്കിയ മസ്താന്‍ കൂടെയുള്ളവരെ കൂട്ടി നികുതി അടയ്ക്കാതെ സാധനങ്ങള്‍ പോര്‍ട്ടില്‍നിന്നും പുറത്തേക്ക് കടത്തി ബ്രിട്ടീഷ് സാമ്രാജ്യത്തെ നേര്‍ക്കു നേരെ വെല്ലുവിളിച്ചു...

ഒരര്‍ത്ഥത്തില്‍ അദ്ദേഹവും സ്വാതന്ത്ര്യത്തിനുവേണ്ടി വെള്ളക്കാര്‍ക്ക് എതിരെ പോരാടിയ ഒരു സേനാനി തന്നെയാണ്!

കരിനിയമത്തിനെതിരേയും കരി നികുതിക്ക് എതിരേയും.

മസ്താന്റെ സത്യസന്ധത... അതിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത് ഹരിശ്ചന്ദ്രന്‍ മാത്രം ആയിരുന്നു!
പില്‍ക്കാലം ഇതുപോലുള്ള പലരുടേയും ചെറുതും വലുതുമായ പോരാട്ടഫലമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു.

ശേഷം ബോംബെ അധോലോകം രണ്ടു ചേരികളായി. ഒന്ന് ദേശവിരുദ്ധരുടെ ചേരി; മറ്റൊന്ന് തികഞ്ഞ ദേശസ്‌നേഹികളുടേയും.

ഹാജി മസ്താനൊക്കെ നാടിനേയും നാട്ടുകാരേയും സ്‌നേഹിച്ച ഒരു ചേരിയുടെ നായകനായിരുന്നു.

നീയും അധോലോകത്തു ചേരുമ്പോള്‍ ഈ ഒരു ദേശസ്‌നേഹ ലൈന്‍ മാത്രം നോക്കിയാല്‍ മതി!

മൈതാനം മുറിച്ചു കടന്നുവേണം റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍.

ഇടയില്‍ ഒരു പുസ്തകോത്സവം നടക്കുന്നു.

ആദ്യമായിട്ടാണ് പുസ്തകങ്ങളുടെ ഉത്സവം കാണുന്നത്.

ബോംബെയിലേക്കുള്ള വണ്ടി രാത്രിയില്‍ ആയതിനാല്‍ സമയം ഇഷ്ടംപോലെ ബാക്കിയുണ്ട്.

പുസ്തകങ്ങളുടെ മണം എന്നു പിന്നീട് അനവധി തവണ പല പ്രമുഖരും പറഞ്ഞുകേട്ട അനുഭവം അന്ന് ആ കൂടാരത്തില്‍ കയറിയപ്പോള്‍ ആദ്യമായി അറിഞ്ഞു.

സ്ഥാപനത്തിന്റെ വൃദ്ധനായ ഉടമയും ജീവനക്കാരനായ മധ്യവയസ്‌കനും കാണാതെ ഒരു സുന്ദരിയുടെ പുസ്തകം മുഖത്തോടു ചേര്‍ത്തു.

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം!

മഴ പെയ്യുന്നു.

ഒരറ്റത്തുനിന്നും മഴയും മറ്റൊരു ഭാഗത്തുനിന്നും കാറ്റും വന്നു തുടങ്ങി.

മഴയും കാറ്റും തീവ്രമായ ആഗ്രഹങ്ങളോടെ മൈതാനത്തിന്റെ നടുക്ക് വന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും നൃത്തം ചെയ്യുന്നതുപോലെ തോന്നി!

മൈതാനത്തുള്ള ആള്‍ക്കാരൊക്കെ നാലുഭാഗത്തേക്ക് ചിതറിയോടി.

കുറച്ചു നേരത്തിനു ശേഷം മഴയും കാറ്റും കാമുകികാമുകരെപ്പോലെ ആരുടേയും അനുവാദം ചോദിക്കാതെ പുസ്തകക്കൂടാരത്തിലേക്കും കയറി.

പുസ്തകങ്ങള്‍ മഴ നനഞ്ഞതോടെ പരിഭ്രാന്തിയിലായ വൃദ്ധനും ജീവനക്കാരനും അവയൊക്കെ വാരി പെട്ടിയിലും കൊട്ടയിലും നിറയ്ക്കാന്‍ തുടങ്ങി.

മാധവിക്കുട്ടിയും നനയാന്‍ തുടങ്ങിയതോടെ ഞാനും അവരോടൊപ്പം ചേര്‍ന്നു.

പുസ്തകങ്ങളുടെ കൂടെയുള്ള ഇരുപത് വര്‍ഷങ്ങള്‍ അങ്ങനെ ആയിരുന്നു തുടങ്ങിയത്.

ഇപ്പോഴത്തെ മുതലാളി രാജേന്ദ്ര പ്രസാദിന്റെ അച്ഛന്‍ 
കേശവചന്ദ്ര പ്രസാദ് ആയിരുന്നു അന്ന് ബുക്ക് സ്റ്റോറിന്റെ ഉടമ.

രണ്ടായിരത്തിലെ സെപ്തംബര്‍ മാസത്തിലെ കാലം തെറ്റി പിറന്ന ആ മഴയോടെ ബുക്‌സ് എക്‌സിബിഷന്‍ അവസാനിക്കുകയും ഫോര്‍ട്ട് റോഡിലെ ഷോപ്പില്‍ സാനു എന്ന ഞാന്‍ അവരുടെ അഞ്ചാമത്തെ ജീവനക്കാരനായി മാറുകയും ചെയ്തു.

ലൈബ്രറികള്‍ തങ്ങള്‍ക്കു കിട്ടിയ ഗ്രാന്‍ഡ് തുക വിനിയോഗിക്കാന്‍ കൂട്ടത്തോടെ പുസ്തകശാലയിലേക്ക് വന്നുതുടങ്ങുന്ന സമയം.

ലൈബ്രറികള്‍ എടുത്തുവെച്ച പുസ്തകങ്ങള്‍ നാലുപേര്‍ നാലുഭാഗത്തിരുന്നു എഴുതിക്കൂട്ടി.

ബില്ല് ചെയ്തതിനു ശേഷം ഓരോ പുസ്തകത്തിലും എല്‍.ബി.എസ് എന്ന ഷോപ്പിന്റെ പേരുള്ള വട്ട സീല്‍ അടിച്ചു പതിപ്പിക്കുക, ശേഷം മുഴുവന്‍ പുസ്തകങ്ങളും കയറിട്ട് തലങ്ങനേയും വിലങ്ങനേയും അമര്‍ത്തിക്കെട്ടുക.

രണ്ടു മൂന്നു ദിവസങ്ങള്‍കൊണ്ട് കയറു വലിച്ചുകെട്ടി ചെറുവിരലും കൈ വെള്ളയുടേയും ഭാഗങ്ങളിലും വലിയ പൊക്കിളകളായി.

പാത്തുമ്മയുടെ ആടിലും ഗൗരിയിലും കെട്ടുകള്‍ വീണു മുറുകാതിരിക്കാന്‍ അവയെ തടിച്ച പുസ്തകങ്ങളുടെ ഇടയിലേക്ക് ചേര്‍ത്തു.

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ കെട്ടില്‍ വന്നു കയറുമ്പോഴൊക്കെ ഞാന്‍ കൊണ്ടുപോകുന്നവരെ കൂടി സൂക്ഷിച്ചു നോക്കി.

വായിക്കാന്‍ തന്നെ ആണല്ലോ... അല്ലാതെ പൊടിയും കരിയും പിടിച്ചു മൂലയ്ക്ക് തള്ളാന്‍ ആയിരിക്കില്ലല്ലോ...?

മാക്‌സിം ഗോര്‍ക്കിയുടെ അമ്മ പുസ്തകക്കൂട്ടത്തില്‍ വരുമ്പോഴെക്കെ എനിക്ക് കരച്ചില്‍ വന്നു.

ഞാന്‍ ആരും കാണാതെ അമ്മയെ കണ്ണില്‍ തൊട്ട് ചുംബിച്ചു.

രണ്ടായിരത്തി പത്തു കഴിഞ്ഞതോടെ നഗരത്തില്‍ കെട്ടിലും മട്ടിലും വലിയ പുതുമകളോടെ അനേകം പുസ്തകശാലകള്‍ ഉണ്ടായി.

കേശവചന്ദ്രന്‍ മുതലാളി മരണപ്പെട്ടു.

മകന്‍ രാജേന്ദ്ര പ്രസാദ് പുതിയ ഉടമസ്ഥന്‍ ആയി.

എല്‍.ബി.എസിലെ പലരും കൂടുതല്‍ ശമ്പളത്തോടേയും അനുകൂല്യങ്ങളോടേയും നഗരത്തിലെ പുതിയ ബുക്‌സ് സ്റ്റോറുകളിലേക്ക് പോയി.

രണ്ടായിരത്തി ഇരുപത് ആയതോടെ എല്‍.ബി.എസ് ആര്‍ക്കും വേണ്ടാത്ത ഒരു ചരിത്ര മ്യൂസിയംപോലെ നഗരത്തില്‍ ഒറ്റപ്പെട്ടു.

കൊറോണ വന്നതും നഗരത്തിലേക്കുള്ള ആള്‍ക്കാരുടെ വരവിലും പോക്കിലും പിന്നെയും വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കി.

ബുക്സ്റ്റാളില്‍ ഇപ്പോള്‍ വല്ലപ്പോഴും വരാറുള്ള രാജേന്ദ്ര പ്രസാദ് ഒഴിച്ചാല്‍ ഞാന്‍ മുഴുവന്‍ സമയവും ഒറ്റയ്ക്കാണ്.

ഒരു ദിവസം പതിവില്ലാതെ നട്ടുച്ചയ്ക്ക് ഷോപ്പിലേക്ക് കയറിവന്ന് രാജേന്ദ്ര പ്രസാദ് വലിയ ശബ്ദത്തോടെ ചോദിച്ചു:

നീയെന്താണ് ഇത് വിട്ടുപോകാത്തത്...?

നിന്നെ ആലോചിച്ച് മാത്രം എനിക്ക് ഇതാര്‍ക്കും വില്‍ക്കാനും തോന്നുന്നില്ല.

ഇനി മുതല്‍ അങ്ങനെ ശമ്പളം എന്നൊന്നും ഉണ്ടാകില്ല.

വാടകയും കറന്റ് ബില്ലും ഒക്കെ കഴിച്ചാല്‍ പിന്നെ... നിനക്കറിയാല്ലോ...?

സാനു ഒന്നും പറയാതെ ചിരിച്ചു,

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ ഓര്‍മ്മകള്‍ മാത്രം മതി എനിക്ക് ഇനിയും ഇരുപത് വര്‍ഷങ്ങള്‍ ജീവിക്കാന്‍...!

ബോംബെയില്‍ പോയി ഒരു കൊള്ളക്കാരനായി ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ ഒരിക്കലും സ്വപ്നം കാണാത്ത വഴിയിലൂടെ നടത്തിച്ചത് ഈ ബുക്സ്റ്റാളും ഇവിടുത്തെ പുസ്തകങ്ങളും ആണ്.

അന്ന് ആ മഴയില്‍ പുസ്തകങ്ങളെ ആദ്യമായി തൊട്ടത് മുതല്‍ ഞാന്‍ ഞാനല്ലാതായി കഴിഞ്ഞിരുന്നു.

ചോരയും ചലവും ചതിയും പാപവും നിറഞ്ഞ അഴുക്കുചാലില്‍ വീണു മരിക്കുമായിരുന്ന ഞാനിന്നു ലോകത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരുടേയും വായനക്കാരുടേയും ഇടയിലെ വലിയൊരു പാലം ആയിരിക്കുന്നു!

ഉന്മാദംകൊണ്ട് സാനുവിന് ഉച്ചത്തില്‍ ചിരിക്കാന്‍ തോന്നി.

ജീവിതചിന്തകളും ആല്‍ക്കമിസ്റ്റും കിഴവനും കടലും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും അഗ്‌നിച്ചിറകുകളും ചിദംബരസ്മരണയും കൊടുത്തു എത്രപേരെ ഞാന്‍ ജീവിതത്തിലേക്ക് രക്ഷപ്പെടുത്തുകയും ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്..!

കണ്ണടച്ച് നീയെന്താണ് കരയുകയാണോ... ചിരിക്കുകയാണോ?

ചിന്തിക്കുകയാണ്...

ഈയിടെയായി നിന്റെ ചിന്ത കുറച്ചു കൂടുന്നുണ്ട്. ഇത്രയും പറഞ്ഞ് രാജേന്ദ്ര പ്രസാദ് പുസ്തക ശാലയില്‍നിന്നും പുറത്തേക്ക് ഇറങ്ങി.

എല്ലാ എഴുത്തുകാരുടേയും പുസ്തകങ്ങളുടെ ഏറ്റവും ഒറിജിനല്‍ കോപ്പി ഈ പുസ്തകശാലയില്‍ മാത്രം ആണ് ലഭിക്കുന്നത്.

അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ നല്ല വായനക്കാര്‍ ഇവിടേക്ക് വരും...

സാനു ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അയാളുടെ കാര്‍ എത്തേണ്ടിടത്ത് എത്തിയിരുന്നു.

സമയം ഏഴുമണി കഴിഞ്ഞിരുന്നു.

സാനു രാജേന്ദ്ര പ്രസാദ് ഇരിക്കാറുള്ള കസേരയില്‍ ചെന്നിരുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ എന്തൊക്കെ അനുഭവങ്ങളിലൂടെ ഞാനും ഈ ബുക്‌സ് സ്റ്റാളും കടന്നുപോയിരിക്കുന്നു.

ഒരാളും വിശ്വസിക്കാത്ത ഒരുപാട് കഥകളും അനുഭവങ്ങളും ഓര്‍മ്മകളും എനിക്കും വായനക്കാരോട് പറയാനുണ്ട്.

ശരിക്കും നടന്നതും എന്നാല്‍ മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നാവുന്നതും ആയ അനുഭവങ്ങള്‍ സാനു ഒരു കടലാസിലേക്ക് എഴുതാന്‍ തീരുമാനിച്ചു.

അനുഭവം ഒന്ന്

എന്‍. പ്രഭാകരന്‍ മാഷ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒരു നോവല്‍ എഴുതി തുടങ്ങിയപ്പോള്‍ എഴുതിത്തീര്‍ത്ത ഓരോ അധ്യായത്തിന്റേയും കയ്യെഴുത്തു പ്രതി മറ്റാരേയും കാണിക്കാതെ, ഒരു കറുത്ത ചട്ടയുള്ള പുസ്തകത്തില്‍ ഒളിപ്പിച്ച് എനിക്കു വായിക്കുവാനായി ബുക്‌സ് സ്റ്റാളിലേക്ക് കൊണ്ടുവരും.
അടുപ്പിച്ച് അവധി ദിനങ്ങള്‍ ഉള്ള ചില ആഴ്ചകളില്‍ ഇങ്ങനെ രണ്ടും മൂന്നു ദിവസം വരെയും മാഷ് തലശ്ശേരിയില്‍നിന്നും എന്നെ കാണാന്‍ മാത്രം വരാറുണ്ടായിരുന്നു.

എഴുതിയ ഭാഗം വായിച്ചു കഴിയുന്നത് വരെയും അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി കയ്യില്‍ ഒരു വെള്ള പേപ്പറും പേനയും പിടിച്ചു നില്‍ക്കും.

എന്റെ വായനയുടെ ഭാവത്തിനനുസരിച്ച് മാഷ് പേപ്പറില്‍ ഒരു രേഖ വരച്ചു തുടങ്ങും.

ഞാന്‍ വായിച്ചു കഴിഞ്ഞ് ഇന്ന ഭാഗം നന്നായി എന്നു പറഞ്ഞ ഭാഗങ്ങളിലെ മാഷ് വരച്ച രേഖ വളരെ മുകളിലേക്കും ഈ ഭാഗങ്ങള്‍ ഒന്നുകൂടി മാറ്റി പിടിക്കുന്നത് നന്നാവും എന്നു പറയുന്ന സ്ഥലങ്ങളില്‍ മാഷ് വരയ്ക്കുന്ന രേഖ വളരെ താഴെയും ആയിരുന്നു.

അവസാന അധ്യായം എത്തുമ്പോഴേക്കും ഞാന്‍ വായിക്കുകയും അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി രേഖ വരയ്ക്കുകയും മാത്രമായി.

വായിച്ചു കഴിഞ്ഞയുടനെ എന്നോട് ഒന്നും സംസാരിക്കാതെ നോവല്‍ ഭാഗങ്ങളും വരച്ച രേഖകളും കൊണ്ട് തിടുക്കത്തില്‍ അടുത്ത ബസില്‍ കയറി പോകും.

രേഖകള്‍ മുഴുവന്‍ മുകളിലേക്ക് പോകുന്ന ദിവസങ്ങളില്‍ മാത്രം ചെറിയ ചിരിയോടെ 'വാ നമുക്കൊരു ചായ കഴിക്കാം' എന്നും പറഞ്ഞ് എന്റെ കയ്യും പിടിച്ചു നടക്കും.

ഒരു വൈകുന്നേരം അടുത്തൊന്നും ആരും ഇല്ലാഞ്ഞിട്ടും അതുവരെയും വരച്ച രേഖകള്‍ അടങ്ങിയ പേപ്പര്‍ ഉയര്‍ത്തി മാഷ് സന്തോഷത്തോടെ എന്റെ ചെവിയില്‍ പറഞ്ഞു:

നോവല്‍ പൂര്‍ത്തിയായി.

'തീയൂര്‍ രേഖകള്‍'
 
അനുഭവം രണ്ട്

വൈകുന്നേരം പതിവുപോലെ ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു.

തട്ടുകടയിലെ റേഡിയോയില്‍നിന്നും ഉച്ചത്തില്‍ പാട്ട് മുഴങ്ങുന്നു.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം.

ഒടുവില്‍ നീയെത്തുമ്പോള്‍...

പാട്ട് അങ്ങനെ ചൂട് വെള്ളത്തില്‍ ഇട്ട ചായ ഇലകള്‍ അലിഞ്ഞുചേരുംപോലെ നല്ല നിറത്തോടെയും മണത്തോടെയും ചുറ്റോടു ചുറ്റും നിറയുന്നു.

ഇതിനിടയില്‍ രണ്ടു കോളേജ് പിള്ളേര് ആ പാട്ട് പാടിയ ആളെക്കുറിച്ച് ഒന്നും രണ്ടും പറഞ്ഞു തര്‍ക്കിക്കുകയാണ്.

ഒരാള്‍ പറയുന്നത് അതിന്റെ ഏറ്റവും മികച്ച ആലാപനം ബാബുക്കയുടേതാണ് എന്നും മറ്റേ ആളുടെ അഭിപ്രായം യേശുദാസ് ആണെന്നും ആയിരുന്നു.

ഞാന്‍ അവരുടെ അരികിലേക്ക് ചെന്നു ചോദിച്ചു:

പാടിയത് ആരോ ആയിക്കോട്ടെ പക്ഷേ, ഇത്രയും മികച്ച രീതിയില്‍ ഈ പാട്ട് കംപോസ് ചെയ്തത് ആരാണെന്നു നിങ്ങള്‍ക്ക് അറിയ്യോ.

അവര്‍ വലിയൊരു അന്ധാളിപ്പോടെ എന്റെ മുഖത്തേക്ക് നോക്കി.

ആരാ..?

വി.ആര്‍. സുധീഷ് മാഷ്!

അദ്ദേഹം ഒരു എഴുത്തുകാരന്‍ അല്ലേ...

എഴുത്തുകാരനും ആണ് പക്ഷേ, സംഗീതം ഇല്ലാത്തപ്പോഴുള്ള ഇടവേളകളില്‍ ചെയ്യുന്ന ഒന്ന് മാത്രം ആണ് മാഷ്‌ക്ക് ഈ എഴുത്തും സാഹിത്യവും.

ഞാനും മാഷും തമ്മില്‍ അത്രയും അടുത്ത പരിചയം ഉണ്ട്!
 
അനുഭവം മൂന്ന്

ടി.വി. കൊച്ചുബാവ തൃശൂരില്‍നിന്നും ഒരു കാറും പിടിച്ച് എന്നെ കാണാന്‍ വന്ന സംഭവം ഉണ്ടായിരുന്നു.

ബുക്‌സ് സ്റ്റാളിന്റെ മുന്നില്‍ കാറ് നിര്‍ത്തി കൊച്ചുബാവ ഇറങ്ങിയതും ചുറ്റോടു ചുറ്റും ആള്‍ക്കാര്‍ നിറയുന്നു.

ഹിന്ദി സിനിമയിലെ ഏതോ വലിയ നടന്‍ ആണെന്നാണ് നാട്ടുകാര് ആദ്യം വിചാരിച്ചത്.

അത്രയും ഉയരവും നിറവും ആയിരുന്നു കൊച്ചുബാവക്ക്.

തിടുക്കത്തോടെ ബുക്‌സിലേക്ക് വന്ന് അദ്ദേഹം എന്നെ അന്വേഷിച്ചു.

ഞാന്‍ ഗോഡൗണില്‍ ആയിരുന്നു.

അദ്ദേഹം ഗോഡൗണിലേക്ക് വന്നു
ഞാന്‍ കൊച്ചുബാവ... എന്റെ മണ്ണും പൊടിയും നിറഞ്ഞ കൈ യാതൊരു കൂസലും ഇല്ലാതെ പിടിച്ചുകുലുക്കി.
വൃദ്ധസദനം ഒക്കെ എങ്ങനെ ഇപ്പോഴും പോകുന്നുണ്ടോ.

ഞാന്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നതിനു മുന്നേ കൊച്ചുബാവ പറഞ്ഞു:

ഞാന്‍ ഇപ്പോള്‍ ഇങ്ങനെ തിടുക്കപ്പെട്ട് വന്നത് നിന്നോട് ഒരു സഹായം ചോദിക്കാന്‍ ആണ്.

തൃശൂര്‍ കറന്റ് ബുക്‌സ്എന്റെ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരം ഇറക്കുന്നുണ്ട്... ഇത് മുഴുവന്‍ അതിലെ കഥകളുടെ കോപ്പിയാണ്.

സാനു ഒരു ഉപകാരം ചെയ്യണം, ഇതിനൊരു അവതാരിക എഴുതി തരണം!

തിരിച്ചു ബുക്‌സ് സ്റ്റാളിലെത്തി ഞാന്‍ ഈ കാര്യം രാജേന്ദ്ര പ്രസാദിനോട് പറഞ്ഞു.

1999 നവംബര്‍ 24നു മരണപ്പെട്ടുപോയ ഒരാള്‍ എങ്ങനെയാടോ നിന്നെ വന്നു കാണുക..?

എഴുത്തുകാര്‍ മരണപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയുംപോലെ ശരീരം മാത്രമാണ് ഉപേക്ഷിക്കുക...

എന്നാല്‍, ഓരോ എഴുത്തുകാരന്റേയും ആത്മാവ് അവര്‍ എഴുതിയ പുസ്തകങ്ങള്‍ ആണ്...

മരണപ്പെട്ടുപോയ എഴുത്തുകാര്‍ എല്ലാവരും പുസ്തകശാലകളില്‍ ഉണ്ടാകും.

ചിലര്‍ക്കു മാത്രം അവരെ കാണാം.

സമയം ഏഴുമണി കഴിഞ്ഞതും സാനു ഓഫറിലുള്ള പുസ്തകങ്ങളുടേയും മാഗസിന്റേയും റാക്കുകള്‍ വരാന്തയില്‍നിന്നും ഉള്ളിലേക്ക് മെല്ലെ തള്ളിക്കയറ്റി.

എല്ലാ അവധി ദിനങ്ങളിലും രാജേന്ദ്ര പ്രസാദിന്റെ മകന്‍ ശിവപ്രസാദ് ബുക്‌സ് സ്റ്റാളില്‍ വന്നിരിക്കും.
അച്ഛനെപ്പോലെയല്ല അവന്‍ പുസ്തകങ്ങള്‍ വായിക്കും.

അവന്റെ ആശയം ആയിരുന്നു ഓരോ ദിനങ്ങളിലും ഓരോ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍ നല്‍കുക എന്നത്.

ഡിഗ്രി കഴിഞ്ഞയുടനെ ഞാന്‍ ഇവിടേക്ക് വരും, നമുക്കീ ബുക്‌സ് ഷോപ്പ് ഉഗ്രന്‍ സംഭവം ആക്കണം.

രാവിലെ വന്നപ്പോള്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ പറഞ്ഞു തന്നാണ് പോയത്.

നാളെ കവിതയെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്ക് ഉള്ളതാണ്.

ഓരോ വായനക്കാരനും അവരുടെ ഓര്‍മ്മയിലെ കവിതകളിലെ നാലുവരികള്‍.

എഴുത്തുകാരന്റെ പേരും വായിച്ച വര്‍ഷവും ഒരു പേപ്പറില്‍ എഴുതി ബോക്‌സില്‍ നിക്ഷേപിക്കണം.

അതില്‍ വിജയിക്കുന്ന മൂന്നു പേര്‍ക്ക് നമുക്ക് ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണ കൃതികള്‍ സമ്മാനമായി നല്‍കാം.

ശിവപ്രസാദ് പറഞ്ഞതുപോലെ സാനു പേരെഴുതി കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ഒരുക്കി.

'തെറ്റുകളെല്ലാം
 ഞാനേറ്റു കൊള്ളാം
 തെറ്റിദ്ധരിക്കരുതെങ്കിലും നീ
 നിന്നിലുപരിയായില്ലതൊന്നും
 മണ്ണിലെനിക്കെന്റെ ജീവിതത്തില്‍...*'

എല്ലാം എഴുതിയും വരച്ചും പൂര്‍ത്തിയാക്കി വെളിച്ചം കെടുത്തി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണ് സാനു അയാളെ കാണുന്നത്.

ഇതിനിടയില്‍ എപ്പോഴാണ് ഇയാള്‍ ഉള്ളില്‍ കയറിയത്...?

അത്രയൊന്നും തടിയും വണ്ണവും ഇല്ലാത്ത ആളെ മുണ്ടുടുത്തു നില്‍ക്കുന്ന ഫഹദ് ഫാസിലിനെപ്പോലെ തോന്നിച്ചിരുന്നു.

ഷോപ്പ് അടയ്ക്കാന്‍ നേരം വരുന്നവര്‍ രണ്ടു തരക്കാര്‍ ആണ്.

ഒന്ന് ഏറ്റവും വേണ്ടപ്പെട്ട പുസ്തകത്തിനായി വന്ന് അതും അതിനു തൊട്ട് മുട്ടിയ രണ്ടോ മൂന്നോ പുസ്തകങ്ങള്‍ കൂടി തിടുക്കത്തോടെ വാങ്ങുന്നവര്‍.

രണ്ടാമത്തെ തരം ആള്‍ക്കാര്‍ ഷോപ്പ് പൂട്ടുന്നത് വരെയും കാര്യമായിട്ട് എന്തോ പരതിയെടുക്കും പോലെ നിന്ന് അവസാനം ഒന്നും മേടിക്കാതെ ഇറങ്ങിപ്പോകുന്നവരും ആണ്.

ഇയാള്‍ രണ്ടാമത്തെ തരക്കാരന്‍ ആണെന്ന് സാനുവിന് ഉറപ്പായി.

നിങ്ങള്‍ക്ക് ഏതു പുസ്തകം ആണ് വേണ്ടത്... സാനു ചോദിച്ചു.

അങ്ങനെയൊന്നുമില്ല... കവിതകള്‍ എവിടെയാണ്...

സാനു അയാളെ കവിതയുടെ ഭാഗത്തേക്ക് കൊണ്ടുപോയി.

ഇപ്പോള്‍ കണ്ടമാനം കവിത പുസ്തകങ്ങളും ഇറങ്ങുന്നുണ്ട് അല്ലേ...

ഓരോ പുതിയ കവിതാപുസ്തകവും അയാള്‍ അതിശയത്തോടെ തുറന്നു നോക്കി.

എന്നിട്ടും പഴയ കവിതകള്‍ തീരെ കുറവാണല്ലോ...

ഈ നഗരത്തില്‍നിന്നും പുറപ്പെടുന്ന അവസാനത്തെ ബസും പോയിരിക്കുന്നു. സാനു തലചൊറിഞ്ഞു പല്ലു ഞെരിച്ചു.

ഇടപ്പള്ളിയുടെ കവിതകള്‍ ഒന്നും പിന്നെ വന്നില്ലേ...?

അയാള്‍ സാനുവിന്റെ കണ്ണുകളിലേക്ക് നോക്കി.

സര്‍ എട്ടുമണിക്ക് ഷോപ്പ് അടക്കേണ്ടതാണ് ഇപ്പോള്‍ സമയം എട്ടരയും കഴിഞ്ഞിരിക്കുന്നു.

എനിക്ക് പോകാനുള്ള അവസാന ബസും പോയി.

അയ്യോ ക്ഷമിക്കണം, ഞാന്‍ കുറെ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു പുസ്തകശാലയില്‍ കയറുന്നത്; അതും നിങ്ങളെ കണ്ടത് കൊണ്ട് മാത്രം..!

അയാള്‍ ഇതും പറഞ്ഞു തിടുക്കത്തോടെ പുറത്തേക്കിറങ്ങി.

സാനു ലൈറ്റ് ഓഫ് ചെയ്ത് മൂന്നു ഭാഗത്തേയും ഷട്ടറുകള്‍ താഴ്ത്തി.

കല്‍ക്കരിക്ക് ചൂട് പിടിക്കുംപോലെ ആകാശത്തു ചന്ദ്രന്‍ തെളിഞ്ഞു തുടങ്ങിയിരുന്നു.

നിഴലും നിലാവും ഒന്നിച്ചു കെട്ടിമറിയുന്ന ഒരു ഇടവഴിയിലൂടെ സാനു നടന്നു
കുറെ ദൂരം നടന്നപ്പോള്‍ ആരോ പിന്നാലെ വരുന്നതായി സാനുവിനു തോന്നി.

തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍...

എനിക്ക് നാളെ രാവിലെയേ ഇവിടുന്നു തിരിച്ചു പോകാന്‍ പറ്റൂ.

ഈ നഗരത്തില്‍ എനിക്ക് അങ്ങനെ പരിചയക്കാരും തീരെയില്ല, നിങ്ങളുടേയും ബസ് പോയില്ലേ...

നമുക്കൊരു കാര്യം ചെയ്യാം രാത്രിയില്‍ ഈ നഗരത്തില്‍ കൂടാം.

അതൊരു നല്ല ആശയമായി സാനുവിനു തോന്നിയെങ്കിലും ആരാണെന്നും എന്താണെന്നും അറിയാത്ത ഒരാളുടെ കൂടെ രാത്രിയില്‍ കഴിയുക എന്നത് അപകടം പിടിച്ച ഒരേര്‍പ്പാട് ആണല്ലോ എന്നും ഉടനെ തോന്നി.
പോരാത്തതിന് അയാളുടെ മട്ടും ഭാവവും കാണുമ്പോള്‍ അപകടകരമായ ഒരു കള്ള ലക്ഷണം മുഖത്ത് എഴുതി പിടിപ്പിച്ചിട്ടും ഉണ്ട്.

പേടിക്കേണ്ട നമുക്കു മുറിയൊന്നും എടുക്കേണ്ട.

ഈ നഗരത്തിലോ അടുത്തോ എവിടെയെങ്കിലും വല്ല നദിയോ തടാകമോ ഉണ്ടോയെന്ന് അന്വേഷിക്കാം.

ഈ നദിക്കരയിലും തടാകക്കരയിലും രാത്രിയിലാണ് ഇരിക്കേണ്ടത്.

അത്രയും സൗന്ദര്യം, അനുഭൂതി ഭൂമിയില്‍ മറ്റൊന്നിലും ഇല്ല.

രാത്രി, നിലാവ്, കുന്ന്, തടാകം...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കുന്നിന്‍ചെരിവിലെ ആ തകര്‍ന്നുവീണ വീടും ചില സന്ധ്യകളും സാനുവിന്റെ ഉള്ളിലൂടെ പാഞ്ഞുപോയി.

അവര്‍ നടന്നുനടന്നു നടന്ന് റോഡില്‍ എത്തി.

എങ്ങുനിന്നോ ഒരു ഓട്ടോറിക്ഷ അവര്‍ക്ക് അരികിലേക്ക് വന്നു.

'എങ്ങോട്ട് പോകണം എങ്കിലും കേറിക്കോ... ദുനിയാവിന്റെ അറ്റത്തേക്കു വരെ ഞാന്‍ ഓട്ടോ ഓടിക്കും. 

അതിലും അപ്പുറം പോകണം എങ്കില്‍ അവിടുന്ന് പിന്നെ നിങ്ങള്‍ തനിച്ചുപോകണം അത്രയും വരെയേ ഈ വണ്ടിക്ക് പെര്‍മിറ്റുള്ളൂ!'

ഡ്രൈവര്‍ നല്ല സന്തോഷത്തില്‍ ആയിരുന്നു.

ഞങ്ങള്‍ക്ക് ഏതെങ്കിലും നദിയിലേക്കോ ജലാശയത്തിലേക്കോ പോകണം. അയാള്‍ ഇതും പറഞ്ഞു ഓട്ടോയിലേക്ക് ചാടിക്കയറി.

നഗരത്തിന് അടുത്തായി ഇപ്പോഴും ഒരു കുഞ്ഞുതടാകം ഉണ്ട്.

പണ്ട് അതൊരു വലിയ കടല്‍ ആയിരുന്നു. ആകാശം പൊട്ടി താഴേക്ക് വീണത്രയും വലുപ്പം തോന്നിപ്പിക്കുന്നത്.

ഉള്ളത് പറയാല്ലോ, എത്രയോ കാലം ആയി നിങ്ങളെപ്പോലുള്ള മനുഷ്യരെ കണ്ടിട്ട്. പണ്ടൊക്കെ പലതരം ആളുകളെ ഓരോ രാത്രിയിലും കാണും.

നിങ്ങളെ ഇതിനുമുന്നേ എവിടെയോ കണ്ടിട്ടുണ്ടല്ലോ.

സാനു ഓര്‍ത്തെടുക്കാന്‍ നോക്കി.

എന്റെ പഹയാ അന്നു ബസ് കിട്ടാഞ്ഞിട്ട് ഞാനല്ലേ നിങ്ങളെ വീട്ടില്‍ ആക്കിയത്. ഇത്ര പെട്ടെന്ന് മറന്നുപോയോ..!

തടാകക്കരയിലേക്ക് ഇനിയും കുറെ ദൂരമുണ്ടോ... വന്നയാള്‍ക്ക് ആകാംക്ഷ കൂടി.

ഇല്ല, നമ്മള് എത്താറായി.

അല്ല, രണ്ട് പിള്ളമാരോടും ഞാനൊന്നു ചോദിക്കട്ടെ.

ഈ രാത്രിയില്‍ അവിടേക്ക് പോകുന്നത് ചാകാനൊന്നും അല്ലല്ലോ അല്ലെ...

വഴിയില്‍ നിറയെ ക്യാമറയാണ് ഞാനാണ് കുടുങ്ങുക...

അല്ലേല്‍ത്തന്നെ രാവും പകലും ഓടിയിട്ടും പണിയും കൂലിയും ഇല്ലാത്ത അവസ്ഥയാണ്.

അയാള്‍ ഇതും പറഞ്ഞ് ഓട്ടോറിക്ഷയെ ഒരു ഇടറോഡിലേക്ക് ഇറക്കി.

ഈ തടാകവും നദിയുമൊന്നും ഭൂമിയില്‍ ഇനി അധിക കാലം ഉണ്ടാകില്ല.

പുതിയ വേഗപാത ഇതിനുള്ളിലൂടെയാണ് പോകുന്നത്... അവിടെ കൂട്ടിയിട്ട ലോഡ് കണക്കിന് കല്ലും മണ്ണും കണ്ടില്ലേ, തടാകത്തിന്റെ അവശേഷിക്കുന്ന ബാക്കിയെക്കൂടി മൂടാനാണ്!

കൂട്ടിയിട്ട കല്ലിലും മണ്ണിലും പല ഭാഗത്തുനിന്നും വന്ന നൂറുകണക്കിനു പക്ഷികള്‍ ഒരു സമരത്തിലെന്നപോലെ നില്‍ക്കുന്നതിനിടയിലൂടെ അയാള്‍ ഓട്ടോ ഓടിച്ചു.

നമ്മുടെ നാട്ടിലേക്ക് പലതരം പക്ഷികള്‍ വിരുന്നിനു വരുന്ന സമയം കൂടിയാണ് ഇപ്പോള്‍. ഈ പക്ഷികളുടെ കഥകളൊക്കെ വിചിത്രങ്ങളും ആണ്.

പല രാജ്യങ്ങളില്‍നിന്നും വന്ന് ഒന്ന് രണ്ട് മാസം അവര്‍ ഇവിടെയും താമസിക്കും. കുറേക്കാലം പകല് പക്ഷികളുടെ പിന്നാലെ നടക്കലായിരിന്നു എന്റെ പ്രധാന വിനോദം...

വണ്ടി തിരിച്ചുപോയിട്ടും ഡ്രൈവറുടെ ഒച്ച ഒരു മരം കൊത്തി പക്ഷിയെപ്പോലെ നിര്‍ത്താതെ ശബ്ദിക്കുന്നതായി സാനുവിനു തോന്നി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു നിരപരാധിയുടെ മരവിപ്പില്‍ കിടക്കുന്ന ജലാശയ കരയിലൂടെ അവര്‍ കുറച്ചു ദൂരം നടന്നു.

ഭൂമിയിലെ സകലതും അവസാനിക്കാറായിട്ടും മനുഷ്യരുടെ ആര്‍ത്തിക്കും അഹങ്കാരത്തിനും മാത്രം ഒരു കുറവും വന്നില്ല അല്ലേ...

അയാള്‍ ദൂരേക്ക് നോക്കി പറഞ്ഞു.

രണ്ടുപേരും ഇരുട്ടില്‍ പൂണ്ടുകിടക്കുന്ന ആ നിശ്ചല ജലവിദൂരതയിലേക്ക് നോക്കിയിരിക്കവേ ജലത്തില്‍നിന്നും ഒരു ആമ്പല്‍ അതിന്റെ പൂമൊട്ട് മെല്ലെ തുറക്കുന്നത് കണ്ടു.

യുദ്ധം നടക്കുമ്പോഴും ജനിച്ചുവീഴുന്ന കുഞ്ഞ് പുഞ്ചിരിക്കും അല്ലേ...?

ലോകം മൊത്തം ദുരന്തം ആണെങ്കിലും ഈ ദൈവം ഇപ്പോഴും എന്തൊരു ശുഭാപ്തി വിശ്വാസിയാണ്..!

അയാള്‍ അതു പറഞ്ഞപ്പോള്‍ സാനുവിന് ഒരു വൈദ്യുതിക്കമ്പിയില്‍ തൊട്ടതുപോലുള്ള അനുഭവം ഉണ്ടായി.

ഭൂമിയിലെ ആര്‍ക്കും മറ്റുള്ളവരുടെ വിഷമങ്ങളിലൊന്നും താല്പര്യമില്ലാതായിട്ട് കാലം കുറെ കടന്നിരിക്കുന്നു.

ഇനി അങ്ങോട്ട് പക്ഷികള്‍ക്കും മനുഷ്യര്‍ക്കും ഏറ്റവും നല്ലത് ആകാശത്തിലെ ഒഴിഞ്ഞ കോണുകളില്‍ കൂടാരം പണിയുന്നതാകും..!

അയാള്‍ പിന്നെയും എന്തൊക്കെയോ പിറുപിറക്കുന്നു.

വീട് നഷ്ടപ്പെട്ട ആരോ ഒരാള്‍ ഉള്ളില്‍നിന്നും കരയുന്നതായി സാനുവിനു തോന്നി.

സാനു അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിലേക്ക് നോക്കി.

കുറെ നേരം നോക്കിയിരുന്നപ്പോള്‍ കൂടെ ഉള്ള ആളുടെ രൂപം വെള്ളത്തില്‍ തെളിഞ്ഞുവരുന്നു.

ചങ്ങമ്പുഴ അല്ലേ...! സാനു ചോദിച്ചു.

ചങ്ങമ്പുഴ മറുപടിയൊന്നും പറയാതെ ചിരിച്ചു...

അവര്‍ പരസ്പരം തോളോട് തോള്‍ ചേര്‍ന്നു തടാകക്കരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു.

പുലര്‍ച്ചെ കണ്ണ് തുറക്കുമ്പോള്‍ സാനു ഒറ്റയ്ക്കായിരുന്നു.

തോറ്റുപോകാനിടയുള്ള സമരം അവസാനിപ്പിച്ച പക്ഷികള്‍ ഒന്നൊന്നായി ആകാശത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നത് സാനു കണ്ടു.

ഒരു പക്ഷി മാത്രം കൂട്ടിയിട്ട കല്ലിലും മണ്ണിലും അനങ്ങാതെ നില്‍ക്കുന്നു.

സാനു തടാകക്കരയിലെ ഇരുട്ടിലൂടെ നടന്നു.

പക്ഷിയുടെ അരികില്‍ ആരോ ഒരാള്‍ നില്‍ക്കുന്നു.

പക്ഷികളോട് വര്‍ത്തമാനം പറയുന്ന ആള്‍ ചങ്ങമ്പുഴ ആയിരിക്കുമോ...?

സാനു ദൂരെനിന്നും അയാളുടെ വര്‍ത്തമാനം കേട്ടു.

'എന്റെ പക്ഷീ നിനക്ക് മറ്റുള്ളവരെപ്പോലെ ഇവിടംവിട്ടു പറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം, നിന്റെ കൂട്ടില്‍ വിരിയാറായൊരു മുട്ട ഇന്നലെ വന്നപ്പോഴേ ഞാന്‍ കണ്ടിരുന്നു!
നീ വണ്ടിയില്‍ കയറിയിരിക്ക് നമുക്ക് എന്റെ വാടക വീട്ടിലേക്ക് പോകാം മുട്ട വിരിഞ്ഞിറങ്ങും വരെ അവിടെ കൂടാം.'

അയാള്‍ ഇതും പറഞ്ഞ് പക്ഷിയേയും പക്ഷിക്കൂടിനേയും എടുത്ത് ഓട്ടോയിലേക്ക് കയറ്റി.

അണയാന്‍ പോകുന്ന പുലര്‍ നക്ഷത്രങ്ങളുടെ നേരിയ വെളിച്ചം ചുറ്റുപാടും ഉണ്ടായിരുന്നെങ്കിലും സാനു ആ പുലര്‍ച്ചയുടെ ഇരുട്ടില്‍ വഴിയറിയാതെ ഒറ്റപ്പെട്ടു.

ദൂരേയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ നേരിയ വെളിച്ചത്തിലൂടെ തട്ടിയും തടഞ്ഞും സാനു പുറത്തേക്ക് നടന്നു.

നടക്കുന്നതിനിടയിലും സാനു ആ ഓട്ടോഡ്രൈവറെക്കുറിച്ചു മാത്രം ആയിരുന്നു ചിന്തിച്ചത്.

ആ ഓട്ടോക്കാരന്റെ പേര് എന്തായിരുന്നു... ശരിക്കും അയാള്‍ ആരായിരുന്നു...?

സാനുവിനു എത്ര ആലോചിച്ചിട്ടും അയാളുടെ പേര് മാത്രം അല്ല, രൂപവും തീരെ തെളിഞ്ഞു കിട്ടിയില്ല.

അപ്പോഴേക്കും നഗരത്തില്‍ പകല്‍ തുടങ്ങിയതോടെ കാറുകളുടെ നീണ്ട നിര ആരംഭിച്ചിരുന്നു.

**************
പുസ്തകങ്ങളും മനുഷ്യരാണ്- എന്‍. ശശിധരന്‍

കവിത- ചങ്ങമ്പുഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com