'വത്താസിവാ'- രമേശന്‍ ബ്ലാത്തൂര് എഴുതിയ കഥ

മിസാക്കി വാതില്‍ തുറന്നു. അവളുടെ ചിരിക്കൊപ്പം മുറിയിലെ ചെറി ബ്ലോസ്സത്തിന്റെ മണവും പുറത്തേക്കൊഴുകി. മാസ്‌ക് മാറ്റിയപ്പോള്‍ അവളുടെ ഗന്ധം കൂടിയായി
'വത്താസിവാ'- രമേശന്‍ ബ്ലാത്തൂര് എഴുതിയ കഥ

മിസാക്കി വാതില്‍ തുറന്നു. അവളുടെ ചിരിക്കൊപ്പം മുറിയിലെ ചെറി ബ്ലോസ്സത്തിന്റെ മണവും പുറത്തേക്കൊഴുകി. മാസ്‌ക് മാറ്റിയപ്പോള്‍ അവളുടെ ഗന്ധം കൂടിയായി. അരക്കെട്ടില്‍നിന്നു ശരീരത്തെ മുന്നോട്ട് വളച്ച് കൈകള്‍ രണ്ടും കൂട്ടി തുടയില്‍വെച്ച് വണങ്ങി. ചുണ്ടുകള്‍, കാറ്റില്‍ പതിയെ തുറക്കുന്ന പനിനീര്‍പ്പൂവിന്റെ ഇതള്‍പോലെയനങ്ങി:

'ഒഹായോ ഗോസായ് മാസ്സ്.'1

കാവിലെ പള്ളിയറയ്ക്ക് മുന്നില്‍ അരിയും തിരിയും വെച്ച നാക്കില വാങ്ങാന്‍ നില്‍ക്കുന്നതാണ് മിസാക്കിയുടെ ഉപചാരം ഓരോ തവണ കാണുമ്പോഴും ഓര്‍ത്തുപോകുക. ഒജിഗി2യുടെ തുടര്‍ച്ചയില്‍ കൈകള്‍ വിതുര്‍ത്ത് പിറകിലോട്ട് ഒരേ താളത്തില്‍വെച്ച് മിസാക്കി എന്നെ കസേരക്കരികിലേക്ക് എത്തിച്ചു.

'കൃത്യനിഷ്ഠയുള്ളയാളെന്നറിയാം. എങ്കിലും ഇത്ര പുലര്‍ച്ചെ വരുമെന്നു കരുതിയില്ല.'

'സമയക്രമം തെയ്യത്തില്‍ പ്രധാനമാണ്. കോലക്കാരനും ചെണ്ടക്കാരനും ഒത്തുപോകുന്നത് അതുകൊണ്ടാ. ചെറുപ്പത്തിലേ അതു ശീലമായി. ഗവേഷണ പ്രബന്ധം തയ്യാറാക്കാനുള്ള ഓട്ടം അതു കുറച്ചുകൂടി ഉറപ്പിച്ചു.'

ഗൈഡ് സുനില്‍ മാഷിന്റെ നിഷ്ഠ, ചുവടു തെറ്റിക്കുമ്പോള്‍ അച്ഛന്‍ തരുന്ന അടിയുടെ ചൂടിനൊപ്പമുള്ളതുകൊണ്ടുള്ള ശീലമാണെന്ന് മിസാക്കിയോട് വിശദീകരിച്ചില്ല.

'നമ്മള്‍ എവിടെനിന്നാണ് ചെയ്യുക' ചായ കുടിച്ചുകൊണ്ട് മിസാക്കി ജാപ്പാനീസ് ഈണമുള്ള ഇംഗ്ലീഷില്‍ ചോദിച്ചു.

'തറയില്‍ ബെഡ്ഷീറ്റ് വിരിച്ച് കിടന്നാല്‍ പോരേ?'

മുറി കടലിന് അഭിമുഖമായതിനാല്‍ ഗ്ലാസ്സ് വിന്റോവിലൂടെ വെയില്‍ വെളിച്ചം ഉള്ളിലേക്ക് നന്നായി കിട്ടുന്നുണ്ട്. 

'കടലില്‍നിന്നുള്ള കാറ്റില്ലായിരുന്നെങ്കില്‍ ബാല്‍ക്കണിയായിരുന്നു നല്ലത്. റൂമിനുള്ളില്‍ ഏസിയുടെ ഈര്‍പ്പത്തില്‍...'

മിസാക്കി അതിനു മറുപടിയായി എ.സി ഓഫ് ചെയ്ത് ബാല്‍ക്കണിയിലേക്കുള്ള ഡോര്‍ തുറന്നു. 
കടല്‍ക്കാറ്റിനൊപ്പം മുറിയിലേയ്ക്ക് തെറിച്ചുവീണ വെയിലില്‍ മിസാക്കിയുടെ മുഖം കുറേക്കൂടി മഞ്ഞച്ചു. കാറ്റില്‍ പറന്ന മുടി മൂര്‍ധാവിലേക്ക് കെട്ടി.

'മിസാക്കീ, ദാ, മുടി ഇങ്ങനെ കെട്ടിയപ്പോള്‍, സ്വര്‍ണ്ണത്തില്‍ പണിത ബുദ്ധമുഖ ശില്പത്തെപ്പോലെ നിന്നെ തോന്നുന്നു.'

മറുപടി ചിരിയില്‍ ഒതുക്കി, മിസാക്കി തറയില്‍ ഷീറ്റ് വിരിച്ചു. സ്റ്റാന്റില്‍ ക്യാമറ ഉറപ്പിച്ച് ഷീറ്റിലേക്ക് ഫോക്കസ് ചെയ്തു.

'വിനീഷ്, വരയ്ക്കുമ്പോള്‍ ലെന്‍സ് മറയാതെ നോക്കുമല്ലോ.' ഷീറ്റില്‍ മുട്ടുകുത്തി ദ്രുതവേഗത്തില്‍ ശരീരത്ത വക്രാസനത്തില്‍ കൊണ്ടുവന്ന്, പിന്നെ സാവകാശം മലര്‍ന്ന് കിടന്നുകൊണ്ട് മിസാക്കി പറഞ്ഞു.

'പ്രശ്‌നമില്ല, ഇവിടിരുന്നാണ് വരയ്ക്കുക.' മിസാക്കിയുടെ തലയ്ക്കല്‍ ചമ്രം പടഞ്ഞിരുന്ന് ഈര്‍ക്കിലും ചായില്യവും പുറത്തെടുത്ത് വെച്ചു. ഞാന്‍ കെട്ടിയ വീരന്‍ കോലത്തിന്റെ മുഖത്തെഴുത്ത് സമയത്ത് മേലേക്കാവില്‍വെച്ച് എടുത്ത ഫോട്ടോ ഇമേജ് മിസാക്കി ഫോണ്‍ സ്‌ക്രീനില്‍ കാണിച്ചു. ഇരട്ടച്ചുരുളിട്ടെഴുത്ത്. അതുമതിയെന്ന് മിസാക്കി കണ്ണുകളില്‍ ഇഷ്ടം കാണിച്ചു. നരികുറിച്ചെഴുത്താണ് ഞാന്‍ വരക്കാന്‍ വിചാരിച്ചിരുന്നത്.

'പെണ്‍ തെയ്യത്തിന്റേത് അല്ലെ വേണ്ടത്?'

'പുരുഷക്കോലം മതി. പെണ്‍മുഖവും ആണെഴുത്തും നല്ല ചേര്‍ച്ചയായിരിക്കും. കൃഷ്ണമണി ചുഴറ്റി മുകളിലേക്ക് എറിഞ്ഞ് മിസാക്കി ചിരിച്ചു: 'നാരീശ്വരം!'

എത്ര വേഗമാണ് ഇവള്‍ എല്ലാം പഠിച്ചെടുക്കുന്നത്! രണ്ടുമാസംകൊണ്ട് തെയ്യത്തെക്കുറിച്ച് മിസാക്കി ഏതാണ്ടെല്ലാം മനസ്സിലാക്കിയിരിക്കുന്നു.

വെളുത്ത മുഖത്ത് ചായില്യമിട്ടപ്പോഴേക്ക് തന്നെ മുഖം ചുവന്നു തിളങ്ങി. ഈര്‍ക്കലികൊണ്ട് തേള്‍മണി കണ്ണിനു ചുറ്റും കരിയിട്ടെഴുതുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ മിസാക്കി പറഞ്ഞു: 

'ഞാനുറങ്ങാതിരിക്കണമെങ്കില്‍ കഥ പറയൂ. ഈ മുഖവരയില്‍ എന്നിലാവേശിച്ചുറയേണ്ടേ കോലത്തിന്റെ കഥ.'

വീരന്റെ തോറ്റം പറയണോ കണ്ട നാര്‍കേളന്‍ വേണമോയെന്ന സംശയം എനിക്കുണ്ടായില്ല. കേളനോട് ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. മേലോടത്ത് ചക്കിക്ക് പൂമ്പുനത്തുനിന്നും കിട്ടിയ കുട്ടി. കുന്നുരുവിലെ വയലും പറമ്പും കൃഷിചെയ്ത് വിളവ് കൂട്ടിയ കേളന്‍. വയനാട്ടിലെ പൂമ്പുനം വെട്ടിത്തെളിക്കാന്‍ പോയി നാല് കാടും വെട്ടി തീയിട്ട് നെല്ലിമരത്തില്‍ കേറി അവിടെയുള്ള പാമ്പിനേയും കൊണ്ട് തീയിലേക്ക് വീണ് മരിച്ച് വയനാട്ട് കുലവന്‍ ദൈവൈക്കരുവാക്കിയ കേളന്‍...

കേളന്റെ തോറ്റം മിസാക്കിയോട് പറയുമ്പോള്‍ ഉള്ളില്‍ പതഞ്ഞ് നിന്നത് അച്ഛച്ഛന്‍ ചിണ്ടപ്പെരുണാന്‍ തീയില്‍ വെന്ത മണമാണ്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

തായക്കുണ്ടത്തില്‍ പൊനം കൊത്താന്‍ പോയതായിരുന്നു. പന്ത്രണ്ടു കൊല്ലമായിട്ട് കിളയറിയാതെ മൂത്ത് കിടന്ന മണ്ണില്‍ കാരമുള്‍ക്കാടും വള്ളീം പടര്‍ന്നത് പെണ്ണുങ്ങള്‍ കൊത്തിയൊതുക്കി. വാല്യക്കാര് പറമ്പിനു ചുറ്റിലും ചെത്തിക്കോരി തടം വെച്ചു. ഓലച്ചൂട്ടെടുത്ത് കോര്‍ക്കിലക്കാട്ടിന് തീ കൊടുത്തു. പടിഞ്ഞാറന്‍ കാറ്റ് തീയിലേക്ക് പാഞ്ഞ് കയറി ആളിച്ചപ്പോള്‍ തടത്തിനു പുറത്തെ പറമ്പിലേക്ക് തീ കേറി. പച്ചത്തോലുമായി തീ കെടുത്താന്‍ ചിണ്ടപ്പെരുണാന്‍ പറമ്പിലേക്ക് ഓടി. പുകയിലും തീയിലും ചിണ്ടന്‍ കത്തിത്തീരുന്നത് കൂടെയുള്ളോര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

കണ്ടനാര്‍ കേളന്‍ തീയില്‍ വീണപ്പോള്‍ വയനാട്ട് കുലവന്‍ വന്ന് കേളനെ എടുത്ത് ദൈവക്കരുവാക്കി. 'തീയോട് മറുത്ത് കോലം കെട്ടി പതം വന്ന അച്ഛനെ തീ തന്നെ തിന്നു' എന്ന് കഥയവസാനിപ്പിക്കും അമ്മമ്മ.
'പുംപുനം ചുട്ട കരിംപുനത്തില്‍ കാട്ടില്‍ കരികരം മുകളിലേറി...' പുരികം വരച്ച്, നടുനിവര്‍ത്തി ഞാന്‍ പതിഞ്ഞ താളത്തില്‍ പാടി.

മിസാക്കി എഴുന്നേറ്റ് ക്യാമറ സ്‌ക്രീനില്‍ തെളിഞ്ഞ ഇരട്ടച്ചുരുളിട്ടെഴുത്ത് മുഖം സൂം ചെയ്തു. പീഠത്തിലിരുന്ന് വാല്‍ക്കണ്ണാടി നോക്കി തൃപ്തി കാട്ടുന്ന കണ്ടനാര്‍ കേളനെപ്പോലെ ഇടംവലം മുഖം തിരിച്ച് തെളിഞ്ഞു.

'അപൂര്‍ണ്ണമാണ്.' മിസാക്കിയുടെ മുഖത്തിന്റെ ഫോട്ടോകള്‍ ഫോണില്‍ എടുത്തു കാണിച്ചുകൊണ്ട് കുറ്റബോധത്തില്‍നിന്നും രക്ഷപ്പെടാന്‍ ഞാന്‍ പറഞ്ഞു: 'കരിന്താടിമീശ കെട്ടാതെ കണ്ടനാര്‍ കോലമുഖമാവില്ല.'

'ഒന്നുകൂടി' അയഞ്ഞ മേല്‍ക്കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിച്ച് ഫോണില്‍ വിഷ്ണുമൂര്‍ത്തിയുടെ കൊടുംപിരിയത്തെ തൊട്ട് മിസാക്കി പറഞ്ഞു: 'എന്റെ വയറില്‍ ഇതെഴുതി തരുമേ?'

'പറ്റില്ല' അവളുടെ കൂടെ കുറേക്കാലമായി നടക്കുന്നതിന്റെ സ്വാതന്ത്ര്യത്തോടെ പറഞ്ഞു: 'ഒന്നാമതായി ഇത് കോലത്തിന് മുഖത്തെഴുതാന്‍ മാത്രമുള്ള അനുഷ്ഠാനംശമാണ്, വെറും ബോഡി ആര്‍ട്ടല്ല. രണ്ടാമതായി വയറ്റില്‍ മാങ്കെണ്ണെഴുതാന്‍ രണ്ടു കണ്ണുകളുമില്ല.'

കടല്‍ക്കാറ്റില്‍ മിസാക്കിയുടെ കുടുക്കഴിഞ്ഞ നൈറ്റി ചിത്രശലഭത്തെപ്പോലെ ചിറകിട്ടടിച്ചു.

'ഒരു കണ്ണുണ്ടല്ലോ' പൊക്കിളില്‍ നോക്കി നൈറ്റി ഊരി കട്ടിലില്‍ വെച്ച് സാവധാനം മിസാക്കി ഷീറ്റില്‍ ഇരുന്നു. 'നടന്ന വഴികളില്‍നിന്ന് എപ്പോഴെങ്കിലും' പുതിയ വഴിയിലേക്ക് തിരിയുന്നിടത്തേ കല തളിര്‍ക്കുകയുള്ളൂ. ആവര്‍ത്തനംകൊണ്ട് നിങ്ങള്‍ എന്താണ് അനുഭവിക്കുന്നത്!'

'മിസാക്കി, ആത്മാവ്‌കൊണ്ട് മാത്രം ആരാണ് ജീവിക്കുന്നത്. എന്റെ ആഹാരംകൂടിയാണ് ഈ എഴുത്ത്.'

'വിനീഷ്, താങ്കള്‍ ഈ പ്രസ്താവനയിലൂടെ താങ്കളെത്തന്നെ നിരാകരിക്കുകയാണ് ചെയ്തത്. ഭക്ഷണമാണോ ആത്മീയതയാണോ എന്നു സ്വയം തീരുമാനത്തിലെത്തൂ. രണ്ടു മുഖം കാണിക്കുന്നതെന്തിനാണ്. നിങ്ങള്‍ മലയാളികള്‍ക്ക് എന്തൊക്കെയോ കുഴപ്പമുണ്ട്.'

'നീ പറഞ്ഞതു ശരിതന്നെ; എന്തോ ദര്‍ശനപരമായ അവ്യക്തത ഞങ്ങള്‍ക്കുണ്ട്.'

കഴിഞ്ഞാഴ്ച സന്ധ്യയ്ക്ക് വീട്ടില്‍വെച്ച് ഉണ്ടായ അനുഭവമായിരിക്കും മിസാക്കിയെ ഇങ്ങനെ തോന്നിപ്പിച്ചത്.

ഇറയത്തിരുന്ന് പിറ്റേന്നു കെട്ടാനുള്ള കോലത്തിന്റെ ചെന്നിപ്പത്തിയും കൈവളയുമൊക്കെ തുടച്ചുവെക്കുന്നതില്‍ ശ്രദ്ധയായതിനാല്‍ അവര്‍ വരമ്പിലൂടെ നടന്നുവരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മിസാക്കിക്ക് ചമയങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന നന്ദന വിളിച്ചു പറഞ്ഞു:

'ഏട്ടാ കുറേ ആള്‍ക്കാര് വരുന്നു.'

അപ്പോഴേയ്ക്ക് അവര്‍ മുറ്റത്തെത്തി. ഇരുട്ട് നിഴല്‍ വീഴ്ത്തിയ രൂപങ്ങള്‍ മുറ്റത്ത് കൂട്ടംകൂടി നിന്നു.

മാസ്‌ക് മാറ്റി നിര്‍മല്‍ മുന്നിലേക്ക് വന്നു. എഫ്.ബിയില്‍ പോസ്റ്റിട്ടതിനെതിരെ ഉറഞ്ഞ അനൂപും മാസ്‌ക് മാറ്റി.

'ഇനിയിതു നടക്കില്ല, വിനീഷേ, നിനക്ക് തെയ്യം കെട്ടല് വെറും ജോലിയായിരിക്കും. പക്ഷേങ്കില് ഞാള് ദക്ഷിണ തന്ന് തൊഴുത് കുറി വാങ്ങുന്നത് വിനീഷാണെന്ന് വിചാരിച്ചല്ല. അത് നീ മറന്നുപോയി.'

'വരുമാനം ഉണ്ടാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടല്ലോ നിര്‍മലേ. അതിന് ഉറക്കൊഴിഞ്ഞ് തീയോട് മല്ലിട്ട് മൂത്രംപോലുമൊഴിക്കാതെ കോലം കെട്ടിയാടണമെന്നില്ല.'

'കണ്ട തേവടശ്ശി പെണ്ണുങ്ങളേയും കൂട്ടി തെയ്യം പഠിപ്പിക്കാണെന്നും പറഞ്ഞു നടക്ക്ന്ന നിനക്ക് വല്ല വ്രതോം ചിട്ടീം ഉണ്ടാ. നമ്മളെ തീരുമാനം പറയാം. ഈ കാവില് ഇനി നിന്റെ തെയ്യം വേണ്ട.'

ഞാന്‍ തിളച്ചുവന്ന ദേഷ്യം അടക്കി നിര്‍മലിനെ നോക്കി. അവന്‍ ബി.ടെക്ക് കഴിഞ്ഞ ശേഷം വേറെ പണിയൊന്നുമാകാത്തതിനാല്‍ അയാളുടെ അച്ഛന്റെ മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുകയാണ്. നിര്‍മലിന്റെ അച്ഛന്‍ ഫല്‍ഗുനേട്ടന്‍ പറഞ്ഞതാണ് അപ്പോള്‍ ഞാനോര്‍ത്തത്:

'വിനീഷേ, ങ്ങള് ഒന്നിച്ചു പഠിച്ചതല്ലേ, ഓന്റെ ഇപ്പഴത്തെ കൂട്ട്‌കെട്ടെല്ലാം വിട്ട് സൂപ്പര്‍ മാര്‍ക്കറ്റ് മര്യാദയ്ക്ക് നടത്താന്‍ നീ ഓനോട് പറ. ഗള്‍ഫില് പത്തിരുപതു കൊല്ലം നെയിച്ചുണ്ടാക്കിയതെല്ലാം കൂടി എട്ത്ത് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ്. ഇതേ പോക്കാണെങ്കില്‍ ഉടന്‍ പൂട്ടിപ്പോകും.'

'അതെ, ചില ചിട്ടേം ആചാരോം ഇല്ലേ ഈനെല്ലാം. പാര്‍ട്ടി പ്രവര്‍ത്തനോം തെയ്യവും ഒന്നിച്ചു കൊണ്ടുപോകാന്ന് നീ ഇനി വിചാരിക്കണ്ട.' 

അനൂപ് ഒച്ചകൂട്ടി മുന്നോട്ട് വന്നു.

'അതൊക്കെ എനിക്ക് നേരാംവണ്ണം അറിയുന്നോണ്ടല്ലേ അനൂപേ പതിനെട്ടാം വയസ്സില് പുതിയോതി കെട്ടി ഞാന്‍ പട്ടും വളയും വാങ്ങിയത്' എന്റെ ശബ്ദവും കനത്തു. 'പിന്നെ, ഇതൊന്നും പറയേണ്ടത് നിങ്ങളുമല്ല, നിങ്ങളോട് ഞാന്‍ മറുപടി പറയുകയും വേണ്ട. എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില് കാവ് കമ്മറ്റീല് പറ.'

അവര്‍ പോയപ്പോള്‍ മിസാക്കിയോട് സംഗതികള്‍ വിശദമാക്കി. മിസാക്കിയെ നിര്‍മല്‍ വിശേഷിപ്പിച്ച വാക്ക് ഒഴികെ.

'വരയൂ' മിസാക്കി ചിരിച്ചു. 'മനസ്സ് ഇവിടെയല്ലെന്നു തോന്നുന്നു.'

തിരയിളക്കമില്ലാത്ത തടാകത്തില്‍ ഒറ്റയാമ്പല്‍പോലെ വിരിയില്‍ മിസാക്കി മലര്‍ന്നു കിടക്കുകയാണ്. അവളുടെ ഒട്ടിയ വയര്‍ മുഖമായി. കുഴിഞ്ഞ പൊക്കിള്‍ക്കുഴിയിലെ ഇരുട്ടു കൃഷ്ണമണിയായി എന്നെ നോക്കി.

വരയാന്‍ തുടങ്ങിയപ്പോള്‍ സഹശയനത്തിലെ ഉറങ്ങുന്ന സുന്ദരികള്‍ മനസ്സിലേക്ക് വന്നു.

പുസ്തകത്തിന്റെ കവര്‍ കണ്ടാണ് പത്താം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്കാലത്ത് നവകേരള വായനശാലയില്‍നിന്നു സഹശയനം എടുത്തത്. രജിസ്റ്ററില്‍ പുസ്തകം ചേര്‍ക്കുമ്പോള്‍ രാമകൃഷ്‌ണേട്ടന്റെ മുഖത്ത് ഒരു കള്ളച്ചിരി, ഇരുണ്ട വെളിച്ചത്തിലും കാണാമായിരുന്നു. നോവല്‍ വായിച്ചു തുടങ്ങിയപ്പോഴാണ് ആ ചിരിയുടെ അര്‍ത്ഥം ശരിക്കും മനസ്സിലായത്. പിന്നെ കുറേക്കാലം ഉറങ്ങുന്ന സുന്ദരികളുടെ ഭവനത്തില്‍ തന്നെയായിരുന്നു. ചെറിയ ഇളം ചുവപ്പുനിറമുള്ള മുലക്കണ്ണുകളാണ്. വേണമെങ്കില്‍ മുലകളിലുമ്മവെക്കാം. സത്രക്കാരി പറഞ്ഞതു മറന്നിട്ടില്ല. അവളെ ഉണര്‍ത്താന്‍ ശ്രമിക്കരുത് കേട്ടോ, നിങ്ങള്‍ വിചാരിച്ചാല്‍ ഉണര്‍ത്താന്‍ കഴിയുമെന്നല്ല. എന്തുചെയ്താലും അവളുണരുകയില്ല.

അന്നു വിചാരിച്ചിരുന്നില്ല ഇങ്ങനെയൊന്ന്. അല്ലെങ്കിലും കാലത്തിന് മനുഷ്യന്‍ സ്വപ്നത്തില്‍ കാണുന്നതിനെക്കാള്‍ അപ്രതീക്ഷ അനുഭവങ്ങള്‍ നല്‍കി നിരീക്ഷകനായി മാറിനില്‍ക്കുന്ന വിസ്മയ സ്വഭാവമുണ്ട്.

കൊടും പിരിയം എഴുതിയപ്പോള്‍ മിസാക്കിയുടെ വയറിനരികിലേക്ക് തേള്‍ വാല്‍വളഞ്ഞുനിന്നു. അവള്‍ അനങ്ങിയപ്പോള്‍ പൊക്കിള്‍ കണ്ണ് ഒന്നു മിഴിച്ചു. രൗദ്രഭാവം നിറഞ്ഞു. കരിന്താടി മീശപോലെ അതിനു താഴെ നീല രോമങ്ങള്‍ തിളങ്ങി.

കടല്‍ വരവിളി നടത്തി പതിഞ്ഞ താളത്തില്‍ പിന്‍വാങ്ങി. 

നനഞ്ഞ ദേഹത്തെ നിറങ്ങള്‍ ടവ്വല്‍കൊണ്ട് തുടച്ചെടുത്ത് മിസാക്കി ബാത്തുറൂമിലേക്ക് കയറി.

'സുനില്‍ മാഷിനടുത്തേക്ക് ഞാനും വരുന്നു. ഞാന്‍ വേഗം കുളിച്ചു വരാം.'

പ്രൊഫസറെ ഞാന്‍ മാഷ് എന്ന് വിളിക്കുന്നത് കേട്ട് മിസാക്കിയും അതു ശീലമാക്കിയതാണ്.

മിസാക്കി കുളിച്ചുവന്നു വേഷം മാറി. കടല്‍ നോക്കി നില്‍ക്കുന്ന എന്നെ വിളിച്ച് മുറി പൂട്ടി പുറത്തിറങ്ങി.

'കൊന്നിച്ചിവ'3 മുറ്റത്ത് പൂച്ചട്ടിയില്‍ വളമിടുകയായിരുന്ന സുനില്‍ മാഷ് മിസാക്കിയുടെ ശരീരവളയലിനെ അനുകരിച്ച് കുനിഞ്ഞു നരച്ച മീശക്കിടയിലൂടെ ഒരു കള്ളച്ചിരി നല്‍കി. 'സി.പി. ഫോണില്‍ വിളിക്കുമ്പോള്‍ പറയാറുള്ളതാ, ഹലോ എന്നതിന് ഇവരുടെ നാട്ടുകാരുടെ പ്രയോഗം. നമുക്കൊരിക്കലും വേണ്ടിവരില്ലെന്നു വിചാരിച്ചു മാറ്റിവെക്കുന്നവ അപ്രതീക്ഷിതമായി എത്ര അര്‍ത്ഥവത്തായാണ് ഉപകാരപ്പെടുന്നതെന്നു നോക്കിയേ.'

സി.പി, ഒക്കിനാവില്‍ അമേരിക്കന്‍ നേവല്‍ എയര്‍ ബേസില്‍ ലൈബ്രറി അഡ്മിനിസ്റ്ററാണ്. സമാധാന ഉടമ്പടി പ്രകാരം ഒക്കിനാവോയെ അമേരിക്ക ജപ്പാനു തിരിച്ചുനല്‍കിയെങ്കിലും പതിന്നാല് പട്ടാളത്താവളങ്ങള്‍ അമേരിക്കയുടെ കയ്യിലുണ്ട്. അങ്ങനെയാണ് സി.പി. അവിടെയെത്തുന്നത്. ദ്വീപിലെ കൊട്ടാരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സകാരിമൊമോയിറ, സി.പിയുടെ ചങ്ങാതിയാവുന്നത് അവിടെ വെച്ചാണ്. സകാരിയുടെ മകളാണ് മിസാക്കി. തറവാട്ട് കാവില്‍ തെയ്യത്തിന് എന്തു തിരക്കുണ്ടെങ്കിലും സി.പി വരും. ഒരു വട്ടം വന്നപ്പോള്‍ സകാരിയും മിസാക്കിയും തെയ്യം കാണാന്‍ വന്നു. അങ്ങനെയാണ് മിസാക്കി തെയ്യപ്പിരാന്തത്തിയായത്. ഗവേഷണത്തിനു സഹായിയായി വിനീഷിനെ സുനില്‍ മാഷ് മിസാക്കിക്ക് നല്‍കി.

'നിനക്ക് ഡോക്ടറേറ്റ് കിട്ടിയതിന് ഉണ്ടായ അക്കാദമിയുടെ അനുമോദനച്ചടങ്ങ് ആകെ അലങ്കോലമായി അല്ലേ?' റോസാച്ചെടിയില്‍നിന്നും ഒരു പുഴുവിനെ പെറുക്കിയെടുത്ത് പറമ്പിലേക്കെറിഞ്ഞ് സുനില്‍ മാഷ് ചിരിച്ചു: 'എടോ, പുഴുക്കുത്ത് എല്ലാറ്റിലും ഉണ്ടാവും. നമ്മളെത്ര ശ്രദ്ധിച്ചാലും ഒഴിവാക്കാനാവാത്ത ദുരന്തങ്ങള്‍. എഫ്.ബിയില്‍ നിന്റെ പോസ്റ്റും തുടര്‍ന്നുള്ള കുഴപ്പങ്ങളും അറിഞ്ഞിരുന്നു.'

അത്, മാഷേ, ബാക്കിയെല്ലാവര്‍ക്കും പ്രസിഡന്റ് പൊന്നാടയണിക്കുകയും എനിക്കു മാത്രം കയ്യിലേക്ക് എറിഞ്ഞുതരികയും എന്നുവെച്ചാല്‍... എത്രയോ കാലമായി വണങ്ങി വളഞ്ഞുപോയ നട്ടെല്ലിനെ ഇക്കാലത്തെങ്കിലും ഒന്നു നിവര്‍ത്തിയില്ലെങ്കില്‍ പിന്നെ...'

'നീ ചെയ്തതു തന്നെ ശരി' പൈപ്പില്‍നിന്നു മുഖം കഴുകി മാഷ് വരാന്തയിലേക്ക് കയറി ഉള്ളിലേക്ക് ക്ഷണിച്ചു.

'വിനീഷേ, നീ കിച്ചണില്‍ കയറി ചായക്കുള്ള വെള്ളം വെക്ക്. വിയര്‍പ്പുണ്ട്. ഞാന്‍ ഒന്ന് മേല് കഴുകട്ടെ.'

ചായയുണ്ടാക്കാനുള്ള അവകാശം മിസാക്കി ഏറ്റെടുത്തു. മാഷ് കബോര്‍ഡ് തുറന്ന് ഒരു ബോക്‌സ് വലിച്ചെടുത്ത് ഡൈനിംഗ് ടേബിളില്‍ വച്ചു.

'മിസാക്കിയുടെ രീതിയില്‍ ആയ്‌ക്കോട്ടെ ഇന്നത്തെ ചായ.' പെട്ടിയുടെ മേല്‍ഭാഗം തുറന്ന് വെള്ള കൂജയും നാല് കറുത്ത കോപ്പകളും പുറത്തെടുത്തുവെച്ച് മാഷ് പറഞ്ഞു: 'പി.സി കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ തന്നതാണ്. ഇതുവരെ ഉപയോഗിച്ചിട്ടില്ല. തുടക്കത്തിനു പറ്റിയ ആളെത്തന്നെ കിട്ടി.' ചായക്കോപ്പയുടെ പ്രതലത്തില്‍ പച്ചിലകള്‍ ചിത്രമായി തളിര്‍ത്തു നിന്നിരുന്നു.

'ചനൊയു ആയിരുന്നെങ്കില്‍ ഞാന്‍ ഫുദസൊദോ അണിഞ്ഞു വരുമായിരുന്നു.'

കൂജയിലേക്ക് ചൂട് വെള്ളമൊഴിച്ച് ചായപ്പൊടി ഇളക്കി മിസാക്കി ചിരിച്ചു. 'ഒരു കോപ്പയില്‍നിന്നുതന്നെ ഓരോരുത്തരായി കഴിക്കണമെന്നാണ്. എന്റെ വേഷം ജീന്‍സായതിനാല്‍ ആചാരത്തില്‍ അല്പം വെള്ളം ചേര്‍ക്കാം.'

'മിസാക്കീ, നിന്റെ വിവരശേഖരണം പൂര്‍ത്തിയായില്ലേ. എപ്പഴാ തിരിച്ചു പോകുന്നത്?'

'വിനീഷിന്റെ ബാലി തെയ്യം കൂടി കാണണം. ബാലിയെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് വേണ്ട ചില ഇന്റര്‍വ്യൂകള്‍ കൂടി വേണം. പിന്നെ വിനീഷ് കെട്ടുന്ന ബാലിക്കോലവും അതിന്റെ ചടങ്ങുകളും. 
അതുകഴിഞ്ഞു പോകണം. പക്ഷേ, എനിക്ക് നിങ്ങളെയൊക്കെ വിട്ടുപോകാന്‍ തോന്നുന്നില്ല' മിസാക്കിയുടെ കണ്ണുകള്‍ എന്നെത്തന്നെ നോക്കി എന്തോ പറയാനാഞ്ഞു. അവള്‍ ചായക്കോപ്പ ചുണ്ടിലേക്ക് വെച്ചപ്പോള്‍ പിങ്ക് ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ കറുപ്പ് പ്രതലത്തില്‍ വരച്ചുചേര്‍ത്ത പന്നല്‍ച്ചെടിയുടെമേല്‍ വിരിഞ്ഞ പൂവായി തിളങ്ങി.

'മാഷേ, ഏതായാലും ഞാന്‍ കോലം കെട്ടല്‍ നിര്‍ത്തുകയാ. എതിര്‍പ്പിന്റെ അസ്വസ്ഥമായ ഒരു കൂട്ടത്തിനു മുന്നില്‍ പരകായം ഇനി വയ്യ. ഏറ്റുപോയ ബാലി കോലമുണ്ട്. അതുകൂടി കഴിഞ്ഞ് ഞാന്‍ മുടിയഴിക്കും' മിസാക്കിയില്‍നിന്നും കണ്ണ് എടുത്ത് മാഷിനോട് പറഞ്ഞു.

'എന്ത് അസംബന്ധമാണ് നീ പറയുന്നത്. നിന്റെ ജീവനെ മുറിച്ചുകളയാനോ. അതൊന്നും പറ്റില്ല.'

'ഇവിടുന്നു പൊട്ടിപ്പോയ ഒന്നിനെ ഉപേക്ഷിക്കുന്നതിനു പകരം അതേപടി ചേര്‍ത്തുവെച്ചുകൂടെ.'

കപ്പിലൂടെ വിരലോടിച്ച് മിസാക്കി ഗൗരവക്കാരിയായി. ഉടഞ്ഞുപോയ പാത്രത്തിനെ ചേര്‍ത്തുവെക്കല്‍ ഞങ്ങളുടെ ഒരു രീതിയാ. വിനീഷിന് ഒക്കിനാവ് കള്‍ച്ചറല്‍ സെന്ററില്‍ പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റായി ഒരു ജോലിക്ക് അപേക്ഷ കൊടുക്കാവുന്നതേയുള്ളൂ. തെയ്യത്തിന്റെ ഡെമോണ്‍സ്‌ട്രേഷന്‍. മാഷേ,നല്ല തെയ്യം കാണാന്‍ നിങ്ങള്‍ ഞങ്ങടെ നാട്ടില്‍ വരേണ്ടിവരും പിന്നെ.' 

'അതു നല്ല ആശയമാണ്' മാഷ് തെളിച്ചത്തോടെ പറഞ്ഞു: 'വിനീഷേ, മിസാക്കി നമ്മുടെ കൂടെ ഇങ്ങനെ വിനയത്തോടെ ഇരിക്കുന്നു എന്നേയുള്ളൂ. ചെറിയ പുളളിക്കാരിയൊന്നുമല്ല. ഒക്കിനാവോയിലെ പഴയ ഷോഹാഷി രാജാവിന്റെ താവഴിക്കാരിയാ. അതിന്റെ സ്വാധീനമൊക്കെ അവിടെയുണ്ടാകും. നിങ്ങള്‍ സംസാരിച്ചിരിക്ക്, എനിക്കും പുറത്തു പോകണം ഞാന്‍ വേഷം ഒന്നു മാറ്റട്ടെ.'

മിസാക്കി ഈ ദിവസങ്ങള്‍ക്കിടയില്‍ ഒന്നും അക്കാര്യം പറഞ്ഞിരുന്നില്ല. അവളുടെ അമ്മ ജപ്പാനീസ് സാംസ്‌കാരിക വകുപ്പിലാണെന്നേ പറഞ്ഞുള്ളൂ.

മിസാക്കിയുടെ കയ്യില്‍ ഞാന്‍ തൊട്ടു. മിസാക്കി കാലിലെ ചുണ്ടുവിരലില്‍ ഉയര്‍ന്നുനിന്ന് എന്റെ മുഖം കയ്യിലെടുത്ത് ചായയുടെ മണമുള്ള ചുണ്ടുകള്‍കൊണ്ട് എന്നെ അമര്‍ത്തി ചുംബിച്ച് ചോദിച്ചു.

'വത്താസിവ അനാത്താനി നാന്‍ ദേസ് കാ?'4

നെഞ്ചില്‍ അമ്പ് കുത്തിക്കീറിനെ വരച്ച്, കാക്കരുവും തലപ്പാളിയും കെട്ടി പീഠത്തിലിരുന്നു. ബാലിയെ വര വിളിച്ചു. തോറ്റം കേട്ടുകേട്ട് ബാലി ഉള്ളില്‍ നിറഞ്ഞു. കാവിന്റെ വടക്ക് മേലേരിയില്‍ തിളങ്ങി. മേലേരിക്ക് മുന്നില്‍ ഇരുത്തി ബാക്കിച്ചമയങ്ങള്‍ ഗോപാലകൃഷ്ണനും രവിയും മുറുക്കിക്കെട്ടി. ചെണ്ടയുണര്‍ന്നപ്പോള്‍, പെരുമ്പറ കേട്ട് കിഷ്‌കിന്ധയിലെ സിംഹാസനത്തിലിരിക്കുംപോലെ തോന്നി.

കൊവിഡ് നിയമപ്രകാരം ചടങ്ങ് മാത്രമായി നടത്തുന്നതിനാല്‍ കാവില്‍ ആള്‍ക്കൂട്ടമില്ല. കമ്മിറ്റിക്കാരും അഞ്ചുപത്താളുകളും മാത്രം. കൂട്ടം കൂടി ചുറ്റിലും നിന്നു വായ്ത്താരിയിട്ടു ഉറയിക്കാന്‍ ചെറുപ്പക്കാരുടെ ആവേശമില്ല.

മേലേരിയിലേക്ക് തുള്ളി കനല്‍ പായിക്കുമ്പോള്‍ തീ തിളക്കത്തില്‍ കണ്ടു, നിര്‍മല്‍ പകയോടെ നോക്കിനില്‍ക്കുന്നത്.

മേലേരി കയ്യേറ്റം നടത്തി കിഴക്കോട്ട് തിരിഞ്ഞ് പീഠത്തിലിരുന്നു. നിര്‍മലും കൂടെയുള്ളവരും വീഡിയോ പിടിക്കുന്ന മിസാക്കിക്കടുത്ത് ചെന്നു വളഞ്ഞുനിന്ന് എന്തോ പറയുന്നു. കിരീടവും നഖങ്ങളും രാമകൃഷ്ണന്‍ അണിയിച്ചു. നെടു ബാലിയന്‍ എന്നില്‍ തിളച്ചു.

നിര്‍മല്‍, മിസാക്കിയുടെ കയ്യില്‍നിന്നു ക്യാമറ പിടിച്ചുവാങ്ങുകയാണ്. കാടുകുത്തി മറിയുന്ന ഒരു കൊമ്പന്‍ എന്റെ ഉള്ളില്‍ അലറി. 'ഹരി വര്‍ധിക്ക...' മനസ്സേകാഗ്രമാക്കി വര വിളി നടത്തി കൈതാങ്ങികളുടെ തോറ്റത്തിനു ചെവികൊടുത്തു.

'ഓന പിടിച്ചത് മതിയായില്ലേ നിനക്ക്. ഇനി ഇവിടുന്നും പിടിക്കണാണേ' ക്യാമറ തിരിച്ചു തരൂ എന്ന് അപേക്ഷിക്കുന്ന മിസാക്കിയെ നോക്കി അനൂപ് ഒച്ചയെടുത്തത് തോറ്റത്തിനും മേലെ ഉയര്‍ന്നു കേട്ടു. അവന്റെ ഒളിയമ്പ് നെഞ്ചില്‍ കൊണ്ടു. ക്യാമറയ്ക്കുള്ള പിടിവലിയില്‍ മിസാക്കി കരച്ചിലോടെ താഴെ വീണു.

താരാ ദു:ഖമാണ് തോറ്റണ്ടത്. കണ്ണടച്ച് കേള്‍ക്കാനാവില്ല ആ തോറ്റം മിസാക്കിയുടെ കരച്ചില്‍ കേട്ടുകൊണ്ട് എങ്ങനെ കണ്ണടച്ചിരിക്കും. പീഠത്തില്‍നിന്ന് എഴുന്നേറ്റ് അലറിക്കൊണ്ട് തേങ്ങാക്കല്ലിനപ്പുറത്തേക്ക് ഉറഞ്ഞു ചാടി. ചെണ്ടയും കുറങ്കുഴലും ഉച്ചസ്ഥായിയിലായി. അനൂപിനെ നോക്കി അരുതെന്നു മുദ്രക്കൈ കാണിച്ചു.

അലര്‍ച്ചയോടെ പാഞ്ഞടുത്തപ്പോള്‍ നിര്‍മലും ചങ്ങാതിമാരും ഞെട്ടി പിറകോട്ട് മാറി.

'തുള്ളി പേടിപ്പിക്കുകയൊന്നും വേണ്ട. നീ നമുക്ക് ബാലിയൊന്നുമല്ല, വിനീഷ് തന്നെയാണ്. ഇവള് നിനക്ക് താരയായിരിക്കും. പക്ഷേ, തിരുമുറ്റത്ത് കേറാനൊക്കില്ല. ഇവള്‍ക്ക് തീണ്ടാരിയുണ്ടോ പുലയുണ്ടോയെന്ന് നമ്മള്‍ക്കറിയില്ലല്ലോ, നിന്റെ അമ്മ പറയട്ട് ഇവള്‍ക്ക് മാറ്റ് കൊടുത്തിനോന്ന്.'

നിര്‍മല്‍ മുന്നോട്ട് വന്നപ്പോള്‍ കൂടെയുള്ളവരും നെഞ്ചുവിരിച്ച് നിന്നു. കമ്മിറ്റിക്കാരില്‍ ചിലര്‍ വന്നു പിടിച്ചുമാറ്റാന്‍ നോക്കിയപ്പോള്‍ അവരുടെ നേരെ നിര്‍മല്‍ പത്തിവിടര്‍ത്തി 'ഇത് ഇവന് മാത്രമല്ല, നിങ്ങള്‍ക്കുമുള്ള താക്കീതാ. ഇവന്റെ തെയ്യം ഇനി വേണ്ട. ഇവിടെ മാത്രമല്ല. ഒരു കാവിലും അയ്‌നുള്ള ഏര്‍പ്പാടെല്ലാം ഞാള് ആക്കീറ്റണ്ട്.'

കാവ് കമ്മിറ്റിക്കാരും എന്തുചെയ്യണമെന്നറിയാത്ത മട്ടില്‍ നില്‍ക്കുകയാണ്.

വീണുകിടക്കുന്ന മിസാക്കിയെ കൈ നല്‍കി എഴുന്നേല്‍പ്പിച്ചു. തേങ്ങാക്കല്ലില്‍ കൊണ്ട് മുറിഞ്ഞ നെറ്റിയില്‍നിന്ന് ഉറ്റുന്ന ചോര മേലേരി വെളിച്ചത്തില്‍ തിളങ്ങി.

'എന്റെ മണ്ണുമ്മില്‍ വിച്ചോര്‍മന്‍ എനിക്കാധാരം. നോക്കുന്ന കാലത്ത് ഒരു ദീപം തിരിയെ കണ്ടെ മതിപോരും.'

താരയുടെ കയ്യ് പിടിച്ച് കൂടി നിന്നവരെ ആയുധംകൊണ്ട് അകലത്തേക്ക് നിര്‍ത്തി 'കിടാങ്ങളേ, ഈ കെട്ടകാലത്ത്, പ്രളയവും രോഗവും മൂര്‍ച്ഛിച്ച കാലത്ത്, ഒരു പുഷ്പത്തിലെ ദളങ്ങള്‍പോലെ, മാലയിലെ മുത്തുമണികള്‍പോലെ, ഒരാലയിലെ ഗോക്കളെപ്പോലെ, ഒന്നിന്റെ പുറത്ത് കൊമ്പും കുളമ്പും കൊള്ളാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയേണ്ടേ? എനിക്കുണ്ടായ അനുഭവം അറിയാലോ, ഞാനും സഹോദരന്‍ സുഗ്രീവനും പേരെടുത്ത സമയം നോക്കിയല്ലേ പുറംശത്രു വിജയം കൊയ്ത് നാടു മുടിച്ചത്...'

അതും പറഞ്ഞ് പന്തവെളിച്ചത്തിലൂടെ തിരുമുറ്റവും കിഴക്കേനടയും കടന്ന് വഴിയിലേക്കിറങ്ങി.

മലയന്മാര്‍ ചെണ്ടകൊട്ട് നിറുത്തിയിരുന്നെങ്കിലും എന്റെയുള്ളില്‍ നന്നായ് മുഴുങ്ങുന്നുണ്ടായിരുന്നു അത്.

'വത്താസിവ അനാത്താനി നാന്‍ ദേസ് കാ...' മിസക്കി അപ്പോള്‍ പറഞ്ഞത് തോറ്റംപാട്ടായ് തണുപ്പ് വീഴ്ത്തി. പുലര്‍ച്ചയുടെ കിഴക്കന്‍ മാനത്ത് തെളിഞ്ഞ ശുക്ര നക്ഷത്ര തിളക്കത്തിലേക്ക് മുഖമുയര്‍ത്തി മിസാക്കി പറഞ്ഞു: 'ഇപ്പോള്‍ എന്റെ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരം കിട്ടി.'

*******************************************

1 'ഒഹായോ ഗോസായ് മാസ്സ്.'- ​ഗുഡ് മോണിങ് പറയൽ
2 ഒജിഗി- ജപ്പാനിലെ വണങ്ങൾ ചടങ്ങ്
3 'കൊന്നിച്ചിവ'- ​ഗുഡ് ഈവനിങ് പറയൽ
4 'വത്താസിവ അനാത്താനി നാന്‍ ദേസ് കാ?'- ഞാൻ നിനക്കെന്താണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com