'ഒരു ബ്ലാക്ക് & വൈറ്റ് പ്രസവ കഥ'- ചന്ദ്രന്‍ മുട്ടത്ത് എഴുതിയ കഥ

By ചന്ദ്രന്‍ മുട്ടത്ത്  |   Published: 05th November 2022 05:46 PM  |  

Last Updated: 05th November 2022 05:46 PM  |   A+A-   |  

story

 

ഴ തിമര്‍ത്തു പെയ്യുന്ന ഒരു കര്‍ക്കിടക രാത്രി. വയല്‍വരമ്പില്‍ മഞ്ഞത്തവളകള്‍ പരസ്പരം കെട്ടിമറിഞ്ഞ് മഴവെള്ളത്തില്‍ മുങ്ങാംകുഴിയിട്ടു. പടിഞ്ഞാറ്റക്കകത്ത് മൂന്ന് തൂശനിലയിട്ട് മുത്തശ്ശി കാളാകൂളികള്‍ക്ക് മദ്യവും മാംസവും 1വീതു വിളമ്പി. കഴുക്കോലില്‍ തൂക്കിയിട്ട റാന്തല്‍വിളക്കിനു ചുറ്റും മഴപ്പാറ്റകള്‍ നൃത്തച്ചുവടു വെച്ചു.

കൊട്ടിലകത്തെ തഴപ്പായയില്‍ മലര്‍ന്ന് കിടന്ന് ജാനുപ്പെണ്ണ് പ്രസവവേദനയില്‍ പല്ലുഞെരിച്ച് മുക്കിയും മൂളിയും പരവേശം കാട്ടി. 2പേറ്റിച്ചിയെ കൂട്ടി വരാനായി കേളുവമ്മാവന്‍ ജീപ്പ് ടോര്‍ച്ച് നീട്ടിയടിച്ച് മുറ്റത്തേക്കിറങ്ങി. വയല്‍വരമ്പിലൂടെ മാനായിക്കുന്ന് കയറി പേറ്റിച്ചിയുടെ വീടിനു മുന്നില്‍ അമ്മാവന്‍ നനഞ്ഞു വിറച്ച് നിന്നു. പഴകിദ്രവിച്ച വാതിലില്‍ മുട്ടി 'നാണിയമ്മേ' എന്ന് അമ്മാവന്‍ മൂന്നു തവണ നീട്ടിവിളിച്ചു.

അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു വെളുത്ത പൂച്ചക്കുട്ടിയേയും മാറോടണച്ച് നാണിയമ്മ പതുക്കെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.

'ആരാ?'

പുറത്തെ കൂരാക്കൂരിരുട്ടില്‍ ഒരു പാറാവുകാരനെപ്പോലെ ടോര്‍ച്ച് കത്തിച്ചുപിടിച്ചു നില്‍ക്കുന്ന അമ്മാവനെ നോക്കി നാണിയമ്മ ചോദിച്ചു.

'ഞാന്‍ കേളുക്കുറുപ്പ്, ഏച്ചിക്കുളങ്ങര കാവിനടുത്ത്ന്ന് വരികയാ. എന്റെ മരുമോള്‍ക്ക് ഈറ്റുവേദന കലശലായിട്ട്ണ്ട്. നിങ്ങ അവിടം വരെ വന്ന ഓളെ ഒന്നു നോക്കണം.'

ടോര്‍ച്ചു വെളിച്ചത്തില്‍ നാണിയമ്മയെ നോക്കി കേളുവമ്മാവന്‍ സൗമ്യമായി പറഞ്ഞു.

'കുറച്ചേരം നിങ്ങ ആട നിക്ക്, ഞാന്‍ അകത്ത്‌നിന്നും ചില മരുന്നും സാധനങ്ങളും എടുത്തിറ്റ് വരാം.'

നാണിയമ്മ കയ്യിലുണ്ടായിരുന്ന പൂച്ചയെ താഴെയിറക്കി അകത്തേക്ക് പോകവെ പറഞ്ഞു.

പഴയൊരു തുണിസഞ്ചിയും തൂക്കി നാണിയമ്മ വീട്ടിനു പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോള്‍ മുന്നിലും പിന്നിലും മുട്ടിയുരുമ്മി പൂച്ച ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു.

'ഓ മതി നിന്റെ കരച്ചിലും ബിളിച്ചലും, നിന്നേം കൂടെ കൂട്ട്ന്ന് ണ്ട്.'

പൂച്ചയുടെ രോമാവൃതമായ ദേഹത്ത് പതുക്കെ തലോടിക്കൊണ്ട് നാണിയമ്മ പറഞ്ഞു.

മക്കളും സഹോദരങ്ങളുമില്ലാത്ത നാണിയമ്മയ്ക്ക് രാത്രിയും പകലും ഏക തുണ വെളുമ്പി പൂച്ച മാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണം കഴിച്ചെങ്കിലും നാണിയമ്മയ്ക്ക് മക്കളുണ്ടായില്ല. ഒരു രാത്രി കുട്ടികളാവാത്ത പ്രശ്‌നത്തെച്ചൊല്ലി നാണിയമ്മയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. കലഹമടങ്ങിയപ്പോള്‍ നാണിയമ്മ ഭര്‍ത്താവിന് അത്താഴം വിളമ്പി മുന്നില്‍ വെച്ചു. പക്ഷേ, ആഹാരം കഴിക്കാന്‍ കൂട്ടാക്കാതെ അയാള്‍ വീട്ടില്‍നിന്നും എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി.

പിണക്കം മാറി എപ്പോഴെങ്കിലും ഭര്‍ത്താവ് തിരിച്ചുവരുമെന്ന് നാണിയമ്മയ്ക്ക് ആദ്യമാദ്യം പ്രതീക്ഷയുണ്ടായിരുന്നു. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലും അയാള്‍ തിരിച്ചു വരാതായപ്പോള്‍ എല്ലാ ആഗ്രഹങ്ങളും മനസ്സില്‍ കുഴിച്ചുമൂടി നാണിയമ്മ സ്വയം തന്നിലേക്കൊതുങ്ങി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഒരു ദിവസം അല്പം ദൂരെയുള്ള ഒരു വീട്ടില്‍നിന്നും നാണിയമ്മ പ്രസവമെടുത്ത് തിരിച്ചു വരികയായിരുന്നു.

വഴിയരികിലുള്ള കുഴിയില്‍ അവശനിലയില്‍ കിടന്ന ഒരു പൂച്ചയുടെ ദയനീയമായ കരച്ചില്‍ നാണിയമ്മ കേട്ടു.

മിന്നിത്തിളങ്ങുന്ന നീലക്കണ്ണുകളും ദേഹം നിറയെയുള്ള വെള്ളിരോമങ്ങളും കണ്ടപ്പോള്‍ നാണിയമ്മയ്ക്ക് അതിനെ വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ മനസ്സു വന്നില്ല.

മേലാകെ ചെളിപുരണ്ട പൂച്ചയെ വാരിയെടുത്ത് മടിയിലിരുത്തി സ്‌നേഹത്തോടെ നാണിയമ്മ വിളിച്ചു:

'വെളുമ്പി... മോളെ വെളുമ്പീ...'

അസാധാരണമായ ആ വിളികേട്ട് പൂച്ച ഒന്നു ഞരങ്ങി. പിന്നെ പതുക്കെ ഒന്നു കരഞ്ഞു.

ആരോരുമില്ലാത്ത തനിക്ക് ദൈവം തന്ന മകളാണ് വെളുമ്പിയെന്ന് നാണിയമ്മ അയല്‍ക്കാരോടെല്ലാം പറഞ്ഞുനടന്നു. പുറത്തെവിടെ പോകുമ്പോഴും നാണിയമ്മ വെളുമ്പിയേയും കൂടെ കൂട്ടും. ആഹാരം കഴിക്കാനും ഉറങ്ങാനുമെല്ലാം നാണിയമ്മയ്ക്ക് വെളുമ്പിയെ കൂടാതെ വയ്യെന്നായി.

ജീവിതത്തില്‍ നൂറുകണക്കിന് അമ്മമാരുടെ പ്രസവമെടുക്കുമ്പോഴെല്ലാം ഒരമ്മയാകാനുള്ള മോഹം നാണിയമ്മയുടെ മനസ്സിലുദിക്കാറുണ്ട്.

ഓരോ അമ്മയുടേയും പ്രസവവേദന തന്റെ കൂടി വേദനയായി നാണിയമ്മയ്ക്ക് തോന്നി.

പ്രസവിച്ച ഓരോ അമ്മമാരും കുഞ്ഞിനു മുലയൂട്ടുമ്പോള്‍, തന്റെ മുലഞെട്ടുകളും പാല്‍ ചുരത്തി ത്രസിച്ചു നില്‍ക്കുന്നതുപോലെ നാണിയമ്മയ്ക്ക് അനുഭവപ്പെടും. ഇത്തരം വൈകാരികമായ അസ്വസ്ഥതകള്‍ തീര്‍ക്കാന്‍ ആരും കാണാതെ കുഞ്ഞിനു മുലയൂട്ടി നാണിയമ്മ സ്വയം സംതൃപ്തി തേടും.

കേളുവമ്മാവന്റെ ടോര്‍ച്ചു വെട്ടം മല്ലക്കര തോട്ടുപാലത്തിനു മുകളിലെത്തിയപ്പോള്‍ തൊട്ടടുത്ത പൊന്തക്കാട്ടില്‍നിന്നും കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരിയിട്ടു. ഒച്ചകേട്ട് വെളുമ്പി പേടിച്ചു കരഞ്ഞു.
'വീടെത്താറായോ, എനീം തോനെ പോകാനുണ്ടോ?'

ഒന്നും മിണ്ടാതെ മുന്നില്‍ നടന്നുപോകുന്ന കേളുവമ്മാവനോട് നാണിയമ്മ ചോദിച്ചു.

ദൂരെ വയല്‍ക്കരയില്‍ കത്തിച്ചുവെച്ച റാന്തല്‍ വെളിച്ചത്തിലേക്ക് കൈചൂണ്ടി കേളുവമ്മാവന്‍ പറഞ്ഞു:

'ആ വെളിച്ചം കാണുന്നതാ വീട്.'

മഴവെള്ളം കുത്തിയൊലിച്ചിറങ്ങിക്കൊണ്ടിരുന്ന പാടവരമ്പ് കയറി കേളുവമ്മാവന്‍ നാണിയമ്മയേയും കൂട്ടി വീട്ടിനകത്തേക്ക് കയറി.

'കെര്‍പ്പക്കാരത്തി ഏടായുള്ളത്.' നാണിയമ്മ നനഞ്ഞ കുടമടക്കി ഒരു മൂലയില്‍ ഒതുക്കി വെച്ചുകൊണ്ട് ചോദിച്ചു. ജാനുപ്പെണ്ണ് കിടക്കുന്ന മുറിയിലേക്ക് മുത്തശ്ശി വഴികാണിച്ചു കൊടുത്തു.

'മുറിയിലുള്ളവരെല്ലാം പുറത്തേക്കിറങ്ങിയാട്ടെ. ഈറ്റുനോവെടുക്കുന്നോള്‍ക്ക് ഒന്ന് 3വഴുക്കിടണം.'

പഴയൊരു തുണിസഞ്ചിയില്‍നിന്നും എണ്ണക്കുപ്പി പുറത്തേയ്‌ക്കെടുത്ത് അതിന്റെ അടപ്പ് പതുക്കെ തിരിച്ചൂരിക്കൊണ്ട് നാണിയമ്മ എല്ലാവരും കേള്‍ക്കാനായി പറഞ്ഞു.

കുപ്പിയില്‍നിന്നും അല്പം എണ്ണ ഇടതു കൈവെള്ളയിലൊഴിച്ച് പേറ്റിച്ചി രണ്ടു കൈകൊണ്ടും ശക്തിയായി കൂട്ടി തിരുമ്മി. ജാനുപ്പെണ്ണിന്റെ മേല്‍വസ്ത്രം മാറ്റി വയറിലും മുന്നറയിലും സ്പര്‍ശിക്കത്തക്ക വിധത്തില്‍ എണ്ണതേച്ച് നന്നായിട്ടൊന്നുഴിഞ്ഞു.

'ഇനി ലക്ഷണം നോക്കി 4പാടുതിരിയണം. അതിനു ശ്രദ്ധയോടെ വയറിനു മീതേ കുറെശ്ശെയായി എണ്ണ തൂവിത്തരണം.'

നാണിയമ്മ സഹായിയായി നിന്ന പാറുവമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കി. കുറേനേരം അടിവയറ്റില്‍ എണ്ണയിട്ട് പതുക്കെ പതുക്കെ കയ്യുഴിഞ്ഞ്, തിരിച്ചും മറിച്ചും നാണിയമ്മ ഗര്‍ഭസ്ഥ ശിശുവിന്റെ തല കീഴ്‌പോട്ടാക്കി നിര്‍ത്തി.

'തിരിഞ്ഞും മറിഞ്ഞും കളിക്കാതെ അനങ്ങാതങ്ങനെ കിടന്നോണം. കുഞ്ഞിന്റെ തല 5ഗര്‍ഭമോത്തിന് നേരെ ശരിയാക്കി നിര്‍ത്തിയിട്ടുണ്ട്. ഈറ്റുവേദന മൂത്ത് മൂത്താവുമ്പം നീ പെറ്റോളും.'

ജാനുപ്പെണ്ണിന്റെ കരഞ്ഞുകലങ്ങിയ കണ്ണിലേക്കും വയറിലേക്കും കണ്ണ് പായ്ച്ച് നാണിയമ്മ പറഞ്ഞു.

അപൂര്‍വ്വവും രഹസ്യവുമായ ചില ഒറ്റമൂലി പച്ചമരുന്നുകള്‍ ഇടിച്ചു പിഴിഞ്ഞെടുത്ത ചാറ് നാണിയമ്മ വെറ്റിലയില്‍ തേച്ച് പിടിപ്പിച്ച് ജാനുപ്പെണ്ണിന്റെ വായില്‍ വെച്ച് കൊടുത്തു. ഇരട്ടി മധുരവും ശര്‍ക്കരയും ചേര്‍ന്ന തളിര്‍വെറ്റില മരുന്ന് അവള്‍ വായിലിട്ട് മെല്ലെ നുണഞ്ഞു. കീവയറിനകത്തുനിന്നും ഇടക്കിടെ വന്ന ശക്തമായ വേദനയില്‍ അവള്‍ 'അമ്മേ' എന്നു കരഞ്ഞു നിലവിളിച്ചു.

'മൂന്നു മാസം തൊട്ട് രക്തശുദ്ധിക്കും പോഷകക്കുറവിനും വേണ്ടി ചെറൂള, തഴുതാമ, മുരിങ്ങയില, കുറുന്തോട്ടി, ജീരകം എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ചെറുപഞ്ച മൂലകഷായവും പറഞ്ഞുതന്ന ഭക്ഷണവും മുറതെറ്റാതെ നീ നന്നായി കഴിച്ചതിനാല്‍ പ്രസവത്തിനു യാതൊരുവിധ ഊനവും തട്ടില്ല. തറവാട്ടിനകത്തെ ധര്‍മ്മദൈവങ്ങളെ നന്നായി മനസ്സില്‍ ധ്യാനിക്കുക.'

കയ്യില്‍ ചുരുട്ടിയെടുത്ത മുറുക്കാന്‍ വായിലിട്ടുകൊണ്ട് ജാനുപ്പെണ്ണിനെ നോക്കി നാണിയമ്മ പറഞ്ഞു.

'നാലാം മാസം തൊട്ട് മരക്കിഴങ്ങും ചക്കക്കുരുവും പപ്പായയും മുതിരയും ഗോതമ്പും 6ചെത്തുപിടിക്കാന്‍' പറഞ്ഞത് അതുപോലെ അനുസരിച്ചിട്ടുണ്ടെങ്കില്‍ പ്രസവസമയത്ത് വായുപിത്ത കബ ദോഷങ്ങളൊന്നും വരാനിടയില്ല.'

പേറ്റിച്ചി തുപ്പല്‍ കോളാമ്പിയിലേക്ക് മുറുക്കാന്‍ ചണ്ടി കാര്‍ക്കിച്ച് തുപ്പി മുത്തശ്ശിയെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

നാഴിക വിനാഴിക കഴിയുവോളം അകത്തും പുറത്തുമായി ബന്ധുമിത്രങ്ങള്‍ ജാനുപ്പെണ്ണിന്റെ സുഖപ്രസവത്തിനായി ക്ഷമയോടെ കാത്തുനിന്നു. ചുറ്റിലും കൂരാക്കൂരിരുട്ട് മുഖം മൂടിയണിഞ്ഞ് കണ്ണുരുട്ടി വട്ടംപിടിച്ച് നിന്നു. ശക്തമായ കാറ്റില്‍ മുറ്റത്ത് ചെറുമരച്ചില്ലകള്‍ ഒടിഞ്ഞുവീണു. ഭൂമി തൊട്ടറിഞ്ഞപ്പോഴുണ്ടായ പെട്ടെന്നുള്ള ഒരു ഞെട്ടലില്‍ ജാനുപ്പെണ്ണിന്റേയും പിഞ്ചുകുഞ്ഞിന്റേയും ഒരുമിച്ചുള്ളൊരു കരച്ചില്‍ വീട്ടിനകത്തുള്ളവരെല്ലാം കേട്ടു.

അമ്മയും കുഞ്ഞും തമ്മിലുള്ള രക്തബന്ധത്തിന്റെ അടയാളമായ പൊക്കിള്‍ക്കൊടി മുറിക്കാന്‍ നാണിയമ്മ അരയില്‍ തിരുകിയ പേനാക്കത്തിയെടുത്തു. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ നെറ്റിപ്പുറത്ത് നീട്ടിവലിച്ച് ചേര്‍ത്തുനിര്‍ത്തി പേറ്റിച്ചി ചില മന്ത്രങ്ങളുരുവിട്ടു.

വഴുവഴുത്ത പൊക്കിള്‍ക്കൊടിയുടെ മുകളറ്റം ചകരിക്കണ്ണികൊണ്ട് നന്നായി ചുറ്റിയുറപ്പിച്ച് മുറുക്കിക്കെട്ടി. അമ്മദൈവത്തെ മനസ്സില്‍ ധ്യാനിച്ച് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തിയപ്പോള്‍ കുഞ്ഞ് തൊള്ളതുറന്ന് നിര്‍ത്താതെ കരഞ്ഞു. ഇടത്തും വലത്തുമായി മുറിഞ്ഞുവീണ പൊക്കിള്‍ക്കൊടിയില്‍നിന്നും ഒഴുകിയൊലിച്ചു വീണ ചുടുചോര ബന്ധങ്ങളുടെ പുതിയ ചരിത്രവഴി വരച്ചിട്ടു. 

വെളുത്ത തുണിപ്പൊതിക്കുള്ളില്‍ ചുരുട്ടിയെടുത്ത ചോരക്കുഞ്ഞിനെ പേറ്റിച്ചി പാതി തുറന്ന വാതില്‍ വിടവിലൂടെ ജാനുപ്പെണ്ണിന്റെ കെട്ട്യോന്‍ ചിണ്ടനെ കാണിച്ചു. ചിണ്ടന്റെ കരുവാളിച്ച് ചുളിഞ്ഞ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. പേറ്റിച്ചി ചിണ്ടന്റെ ചെവിയില്‍ അടക്കം പറഞ്ഞു:

'ആണ്‍കുഞ്ഞ്.'

ചിണ്ടന്റെ കൂര മുറ്റത്ത് നാലഞ്ചു പിള്ളേര്‍ ഒത്തുകൂടി തെങ്ങിന്‍മടലടിച്ച്:

'ഗോവിന്ദാ ഗോവിന്ദാ, ഹര ഗോവിന്ദാ...'

വിളികളുയര്‍ത്തി. ചിണ്ടന്റെ ഭാര്യ പ്രസവിച്ച വിവരം നാട്ടുകൂട്ടമറിഞ്ഞു. ആകാശത്ത് പെട്ടെന്നുണ്ടായ മിന്നല്‍ക്കീറിനൊപ്പം വലിയൊരു ശബ്ദത്തോടെ വെള്ളിടി മുഴങ്ങി. കാറ്റിനൊപ്പം ശക്തമായി മഴ വീണ്ടും കനത്തു പെയ്തു.

പിറ്റേ ദിവസം പ്രഭാതത്തില്‍ തെങ്ങുകയറ്റക്കാരന്‍ ചാത്തുവേട്ടനെത്തി. വീട്ടുമുറ്റത്തുള്ള പീറ്റ തെങ്ങില്‍ക്കയറി അയാള്‍ ആറെട്ട് പച്ചോലയും നാലഞ്ച് ഇളനീരും കൊത്തിയിട്ടു. അയല്‍വീടുകളില്‍നിന്നും സ്ത്രീകളും കുട്ട്യോളും ചിണ്ടന്റെ വീട്ടിലെത്തി. വന്നവര്‍ വന്നവര്‍ പെറ്റോളേയും കുഞ്ഞിനേയും കണ്ട് കുശലം പറഞ്ഞു.

ചാത്തുവേട്ടനും ചിണ്ടനും ചേര്‍ന്ന് തെങ്ങോലകള്‍ ഓരോന്നായെടുത്ത് ചപ്പില തീക്കൂട്ടി വാട്ടി മെടഞ്ഞു. ഓലയും അരിങ്ങണ്ണന്‍ മുളച്ചീളുകളും വട്ടത്തില്‍ കൈകോര്‍ത്ത് വരിനിന്നപ്പോള്‍ 'റ' എന്ന ചിഹ്നരൂപത്തിലൊരു മറപ്പുരയുണ്ടായി. കൊത്തോലകളന്യോന്യം ചേര്‍ത്ത് നിര്‍ത്തി പിരിച്ചുകെട്ടി ചിണ്ടേട്ടന്‍ മറപ്പുരയ്‌ക്കൊരു മുന്‍വാതിലും തൂക്കിയിട്ടു.

മുലക്കച്ചകെട്ടി, വലതുകയ്യില്‍ അരിവാളുമെടുത്ത് ജാനുപ്പെണ്ണ് വെളിപാടു കിട്ടിയ ഒരു തെയ്യത്തെ പോലെ വീടിനു പുറത്തേക്കിറങ്ങി.

മറപ്പുരക്കുള്ളിലെ തെങ്ങോലമടലിലും വാഴക്കയ്യിലും തീര്‍ത്ത പീഠത്തിന്‍മേല്‍ അവള്‍ അമര്‍ന്നിരുന്നു.

ചെമ്മണ്ണും ചെളിയും പറ്റാതിരിക്കാന്‍ പ്ലാപ്പലകമേല്‍ കാലു രണ്ടും ഉയര്‍ത്തിവെച്ചു. അത്തും കസ്തൂരിമഞ്ഞളും അരച്ചെടുത്ത വെണ്ണചാന്ത് ജാനുപ്പെണ്ണിന്റെ മേലാസകലം തേച്ചുപിടിപ്പിച്ചു. ചെമ്പുവട്ടയില്‍നിന്നും ചെറുചൂടുവെള്ളം മരമഗ്ഗില്‍ കോരിയെടുത്ത് സഹായിയായ പാറുവമ്മ ജാനുപ്പെണ്ണിന്റെ മുന്നറയിലേക്ക് പലതവണ വീശിയടിച്ചു. അപ്പോഴെല്ലാം വല്ലാത്തൊരു നീറ്റലും പുകച്ചിലും ഉള്ളിലുയര്‍ന്നുവന്നെങ്കിലും അവള്‍ അതൊന്നും പുറത്തുകാണിക്കാതെ ശ്വാസമടക്കിപ്പിടിച്ചിരുന്നു.
മറപ്പുരയ്ക്ക് ചുറ്റിലും മഞ്ഞുപുകപോലെ ആവിപരന്നു. ഈ സമയം, വെളിയില്‍നിന്നും ചില അടക്കിച്ചിരിയും പതിഞ്ഞ സംസാരവും കേട്ട് മറപ്പുരയ്ക്കുള്ളില്‍നിന്നും പാറുവമ്മ പതുക്കെ പുറത്തേക്കിറങ്ങി.
പത്ത് പന്ത്രണ്ട് വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ മറപ്പുരയുടെ ഓലപ്പഴുതിലൂടെ ജാനുപ്പെണ്ണ് കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്ന കാഴ്ച പാറുവമ്മ കണ്ടു. 'എന്താ രണ്ടുപേര്‍ക്കും ഈടപ്പണി.'

പാറുവമ്മ കുട്ടികളോട് അല്പം ദേഷ്യത്തോടെ ചോദിച്ചു.

'ഉം. ഒന്നൂല്ല. ഞങ്ങ. വെറുതെ...'

രണ്ടുപേരില്‍ അല്പം കറുത്തുതടിച്ചവന്‍ മറുപടി പറഞ്ഞു.

'പെറ്റോള് കുളിക്കുന്നത് ഒളിഞ്ഞുനോക്ക്ന്നാ. ചുട്ടവെള്ളം മേക്ക് പോരേണ്ടേങ്കില് രണ്ടും ബേഗം പൊയ്‌ക്കോ ഈട്ന്ന്. പണ്ടെല്ലാം കൊപ്പരക്കാന്ന്പ്പാ പാല്. ഇപ്പോ ഇളനീരിനും ബന്നാ...' പാറുവമ്മ കുട്ടികളെ ആട്ടിപായ്ച്ച് വീണ്ടും മറപ്പുരയ്ക്കുള്ളില്‍ കയറി.

കയ്യെണ്ണിയും ഇടംപിരി വലംപിരിയുമിട്ട് തിളപ്പിച്ചാറ്റി അരിച്ചെടുത്ത എണ്ണ ജാനുപ്പെണ്ണിന്റെ നീണ്ട മുടിയില്‍ പാറുവമ്മ നന്നായി തേച്ചുപിടിപ്പിച്ചു. അല്പനേരം കഴിഞ്ഞ് നീലകുറുന്തോട്ടി ചതച്ച് പിഴിഞ്ഞെടുത്ത താളിതേച്ച് ജാനുപ്പെണ്ണ് മുടി നന്നായി കഴുകി തോര്‍ത്തി. വണ്ണാത്തി നല്‍കിയ ചെറിയ മാറ്റു തുണി കോണകമാക്കി അതിന്റെ രണ്ടറ്റവും വെള്ളി അരഞ്ഞാണ നൂലില്‍ മുറുക്കി കെട്ടി. ഉടുത്ത മുണ്ടിനുമീതേ പത്താംനമ്പര്‍ മുണ്ട് ചുറ്റി അരിവാളുമെടുത്ത് ജാനുപ്പെണ്ണ് മറപ്പുരയില്‍നിന്നും നീരാട്ട് കഴിഞ്ഞ് പുറത്തേക്കിറങ്ങി.

അടുക്കളപ്പടിമേലെ തീക്കനല്‍ കോരിയിട്ട് ജാനുപ്പെണ്ണിനെ മുത്തശ്ശി വീട്ടിനകത്തേക്ക് വരവേറ്റു.

'മൂതേവി പുറത്തുപോട്ടെ. ശീപോതി വിളങ്ങി അകംകയറട്ടെ' എന്ന് മൂന്നുതവണ ചൊല്ലി മുത്തശ്ശി തൊഴുതു പ്രാര്‍ത്ഥിച്ചു.

പടിമുകളിലിട്ട തീക്കനലില്‍ കത്തിമുനകൊണ്ട് കൊത്തി ജാനുപ്പെണ്ണ് വലതുകാല്‍ വെച്ച് മുറിക്കകത്ത് കയറി. ഈറന്‍മുടി പല പ്രാവശ്യം കൈവിരലില്‍ തച്ചുണക്കി.

മുടിയില്‍ കുന്തിരിക്കപുകയിട്ട് വാസന വരുത്തി. ചെറുമങ്ങണം കമഴ്ത്തി വെളിച്ചെണ്ണ തിരികത്തിച്ച് തയ്യാറാക്കിയ കണ്‍മഷി ചൂണ്ടുവിരലില്‍ തൊട്ട് ചാലിച്ച് അത് പുരികക്കൊടിയിലും കണ്ണിലുമിട്ടു.

അരിപ്പിട്ടും കടലക്കറിയും തിളപ്പിച്ചാറ്റിയ പശുവിന്‍പാലും രാവിലത്തെ 7ബാര്‍ണ്ണയായി ജാനു പെണ്ണിനു നല്‍കി.

ചായ കഴിഞ്ഞ് വെറ്റില നൂറുതേച്ച് മുറുക്കിത്തുപ്പി അവള്‍ നീട്ടിവിരിച്ചിട്ട കൈതോലപ്പായയില്‍ അല്പനേരം വിശ്രമിച്ചു. ഇതിനിടയില്‍ നാണിയമ്മ തിളപ്പിച്ചാറ്റിയ ജീരകവെള്ളം തിരശ്ശീല തുണിയില്‍ ചാലിച്ച് കുഞ്ഞിന്റെ ഇളം ചുണ്ടില്‍ ഇറ്റിച്ചുകൊടുത്തു.

'ചിരവിയെടുത്ത തേങ്ങയുടെ കൂടെ കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ സമംചേര്‍ത്ത് ചതച്ചരച്ച് സേവിക്കണം. നാല് ദിവസം വരെ എരിവ് കുറവുള്ള ഭക്ഷണം മാത്രം കഴിക്കണം. വയറിന്റെ വേദന കുറയ്ക്കാനായി വെളുത്തുള്ളി വേവിച്ച് പശുവിന്‍ നെയ്യില്‍ ശര്‍ക്കര ചേര്‍ത്ത് കൊടുക്കണം. ഒരാഴ്ചയോളം ചോറിനു കറിയായി തീരെ നെയ്യില്ലാത്ത മത്സ്യം കൊടുക്കുന്നതാകും നല്ലത്. പതിനഞ്ചാം ദിവസം മുതല്‍ അയമോദകവും കുരുമുളകും ചേര്‍ത്തു തയ്യാറാക്കുന്ന ചൂട്ടാച്ചി മീന്‍കറി കഴിക്കുന്നത് നഷ്ടപ്പെട്ട ഓജസ്സും തേജസ്സും വീണ്ടെടുക്കുന്നതിനു സഹായിക്കും. ദിവസവും നാല്‍പ്പാമരമിട്ട ഇളം ചൂടുവെള്ളത്തില്‍ കുളിക്കണം. കുറുന്തോട്ടി, ചെമ്പരത്തി എന്നിവ താളിതേച്ച് ദിവസേന തല കഴുകിയാല്‍ കൊഴിഞ്ഞുപോയ മുടി വീണ്ടും കിളിര്‍ത്ത് വളരും.'

പെറ്റോളുടെ ദിനചര്യകളെക്കുറിച്ച് നാണിയമ്മ ഓര്‍മ്മപ്പെടുത്തി.

അത്താഴം കഴിച്ച് അല്പനേരം വിശ്രമിച്ചതിനുശേഷം നാണിയമ്മ കുളിച്ച് ഈറന്‍ മാറ്റി മാറ്റുടുത്തു.

8'കലശാടല്‍' ചടങ്ങ് നടത്തുന്നതിനായി കുഞ്ഞിനെ എണ്ണതേച്ച് ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ചു.

പ്രസവമുറിയുടെ ഒരു മൂലയില്‍ നിലവിളക്ക് കത്തിച്ചുവെച്ചു.

അരിയും അവിലും മലരും നിറനാഴിനെല്ലും ഇളനീരും തുളസിക്കതിരും കൊടിയിലയില്‍ വെച്ച് പ്രാര്‍ത്ഥിച്ചു. കിഴക്കോട്ട് മുഖം തിരിഞ്ഞ് നാണിയമ്മ കാല്‍നീട്ടിയിരുന്നു. തല മേല്‍ഭാഗത്താക്കി മുത്തശ്ശി കുഞ്ഞിനെ നാണിയമ്മയുടെ മടിയില്‍ കിടത്തി. വിളക്കിലരിയെറിഞ്ഞ് കുടുംബക്കാരെല്ലാം തൊഴുതുനിന്നു. 

തുളസിക്കതിരില്‍ മുക്കിയ ഇളനീര്‍വെള്ളം മൂന്നുപ്രാവശ്യം കുഞ്ഞിന്റെ ചുണ്ടിലേക്ക് പകര്‍ന്ന് പേറ്റിച്ചി മന്ത്രം ചൊല്ലി:

'ഹരി മുന്നമേ മൂലദേവ
പൊന്നിന്‍ നിറമൊത്ത ഭൂമിദേവി
എന്നപ്പൊഴുതാനേ, അച്ചുതനേ
ഹരിയാനാ, ശ്രീയാനാ, ലോകാനാ,
പുരുഷാനാ ഗുണവാന്‍ ധനവാനാ
അഞ്ചുരണ്ടേഴായക്കോടിതോരു
ബലവും വീര്യവും വാണാലും
വര്‍ദ്ധനയും, നീണാളും ദീര്‍ഘായുസ്സുമുണ്ടായിരിക്കാം.

ഞാന്‍ ആടിയകലശത്തിനും,
ചൂടിയ പുഷ്പത്തിനും, വാട്ടം വരുത്തല്ല.'

കുഞ്ഞിനെ കയ്യേല്‍പ്പിക്കുന്ന ചടങ്ങിനായി പേറ്റിച്ചി ജാനുപ്പെണ്ണിനെ അരികില്‍ വിളിച്ചു.

പേറ്റിച്ചിയുടെ അഭിമുഖമായി
ജാനുപ്പെണ്ണ്
ഒരു പലകമേലിരുന്നു.

'നിന്റെ കുഞ്ഞ് പൊട്ടനും ചട്ടനുമല്ല. കുരുടനും ചെവിടനുമല്ല. ഓന്റെ കൃഷ്ണമണി അങ്ങുമിങ്ങും അനങ്ങ്ന്ന് ണ്ട്. കിണ്ണം കൊട്ടുമ്പം ഞെട്ട്ന്ന്ണ്ട്. കുഞ്ഞ് കാണുന്നതും കേക്ക്ന്നതും ഇനി മുതല്‍ നല്ലതാകണം. അങ്ങനെയുള്ള ശീലം വളര്‍ത്തണം. അച്ഛനേയും അമ്മയേയും കുടുംബക്കാരേയും പറയിപ്പിക്കാതെ നോക്കണം. വളര്‍ത്തും നോക്കും നന്നായാല് ഓന് അര്‍ജുനന്റെ അറിവുണ്ടാകും. വസുദേവരുടെ ബുദ്ധിയുണ്ടാകും. ഭീമസേനന്റെ വിലസ്സുണ്ടാകും. കാമദേവന്റെ അഴകുണ്ടാകും.'

കുഞ്ഞിന്റെ ചെവിയില്‍ മൂന്നുതവണ മന്ത്രിച്ചൂതി പേറ്റിച്ചി ഉപദേശവാക്കുകള്‍ ചൊല്ലി. ഇരുന്ന പലകമേല്‍നിന്നും എഴുന്നേറ്റ് എല്ലാവരേയും സാക്ഷിനിര്‍ത്തി പേറ്റിച്ചി കുഞ്ഞിനെ ജാനുപ്പെണ്ണിന് കയ്യേല്പിച്ചു. നാണിയമ്മയുടെ നിറകണ്ണില്‍നിന്നും നാലഞ്ചുതുള്ളി കണ്ണുനീര്‍ കുഞ്ഞിന്റെ ഇളംമേനിയിലേക്ക് വീണത് ജാനുപ്പെണ്ണ് കണ്ടു. അവള്‍ നാണിയമ്മയുടെ കാല്‍തൊട്ട് വന്ദിച്ചു. നാണിയമ്മയ്ക്ക് മുണ്ടും പണവും മുത്തശ്ശി ദക്ഷിണ നല്‍കി.

'വയറു കൂടുന്നതിനുള്ള ചികിത്സയും പ്രയോഗങ്ങളും ഇവള്‍ക്കൊന്ന് പറഞ്ഞുകൊടുക്കണം' മുത്തശ്ശി നാണിയമ്മയോട് പറഞ്ഞു.

'ആദ്യം വയറിനകത്തെ കന്മഷവും മാലിന്യങ്ങളുമെല്ലാം ഒഴിവാക്കി ഗര്‍ഭപാത്രം ഒന്ന് ഒതുക്കിയെടുക്കണം. കുളിക്കുന്നതിനു മുന്‍പ് വെന്ത വെളിച്ചെണ്ണയെടുത്ത് വയറിനുമീതേ മുകളില്‍നിന്നും താഴോട്ടേക്ക് വൃത്താകൃതിയില്‍ തടവി ഉഴിയണം. ഇങ്ങനെ തടവിയെടുത്താല്‍ പൊന്നുംവിളക്കുംപോലെ നടുവും വയറും കൂടിവരും. നട്ടെല്ലിനും വാരിയെല്ലിനുമെല്ലാം എണ്ണയും കൈച്ചൂടും നല്‍കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടുന്ന ലേഹ്യവും മറ്റു മരുന്നുകളും നാട്ടുവൈദ്യന്മാരില്‍നിന്നും വാങ്ങി കഴിക്കണം.'

പ്രസവാനന്തര ശുശ്രൂഷയെക്കുറിച്ച് മുത്തശ്ശിക്കു വിവരം നല്‍കിയ ശേഷം വെളുമ്പിയേയും മാറിലൊതുക്കി നാണിയമ്മ വീട്ടുപടി കടന്ന് മുറ്റത്തേയ്ക്കിറങ്ങി.

'നേരം വെളുക്കാറായിരിക്കുന്നു.' പക്ഷികളുടെ ഒന്നിച്ചുള്ള ചിലമ്പല്‍ ശബ്ദം കേട്ട് മുത്തശ്ശി പറഞ്ഞു.

കേളുവമ്മാവന്‍ ടോര്‍ച്ച് തെളിച്ച് മുന്നില്‍ നടന്നു.

'മുന്നില്‍ വെള്ളക്കെട്ടും ചെറുകുഴികളുമുണ്ട്. സൂക്ഷിച്ച് നടക്കണം.'

തോട്ടുവക്കിലൂടെ നടന്നുപോകവെ കേളുവമ്മാവന്‍ നാണിയമ്മയെ ഓര്‍മ്മപ്പെടുത്തി.

നാണിയമ്മ ഒന്നും മിണ്ടിയില്ല. 

വീട്ടുവളപ്പിലെ കയ്യാലപ്പുറത്തെത്തിയപ്പോള്‍ കേളുവമ്മാവന്‍ മുന്നില്‍ ടോര്‍ച്ച് വെളിച്ചം തെളിച്ച് നിശ്ശബ്ദനായി. ഇരുട്ടും വെളിച്ചത്തിനുമിടയിലൂടെ പെട്ടെന്ന് ആ കാഴ്ച കണ്ട് നാണിയമ്മ ആര്‍ത്തു കരഞ്ഞു. മുറ്റത്തുള്ള വലിയ തെങ്ങ് വീട്ടിനു മീതേ കടപുഴകി വീണിരിക്കുന്നു. മണ്‍കട്ടയിലും നെയ്പുല്ലിലും തീര്‍ത്ത മേല്‍ക്കൂര മുഴുവനായും തകര്‍ന്നു നിലംപൊത്തിയ കാഴ്ച കേളുവമ്മാവന്റെ ടോര്‍ച്ച് വെട്ടത്തില്‍ വിവിധ ചിത്രങ്ങള്‍ തീര്‍ത്തു. വീടിന്റെ ചേറ്റുകല്ലില്‍ തലവെച്ച് നാണിയമ്മ വിതുമ്പിക്കൊണ്ടിരുന്നു. ചുറ്റിലുമുള്ള വേലിപ്പടര്‍പ്പുകളില്‍നിന്നും ചീവീടുകള്‍ ഒത്തു കരഞ്ഞപ്പോള്‍, നാണിയമ്മയ്ക്കും വെളുമ്പിക്കും മഴ നനയാതിരിക്കാന്‍ കേളുവമ്മാവന്‍ കുട നിവര്‍ത്തി നിന്നു. 

കുറിപ്പുകള്‍

1. വീത് മരിച്ചവര്‍ക്ക് നല്‍കുന്ന ഭക്ഷണം
2. പേറ്റിച്ചി പ്രസവമെടുക്കുന്ന സ്ത്രീ
3. വഴുക്കിടണം എണ്ണ തേയ്ക്കണം
4. പാടുതിരിയല്‍ കുഞ്ഞിന്റെ തല കീഴ്‌പോട്ടാക്കല്‍
5. ഗര്‍ഭമോത്തിന് ഗര്‍ഭമുഖത്തിന്
6. ചെത്തുപിടിക്കല്‍ ഭക്ഷണത്തില്‍നിന്നും ഒഴിവാക്കല്‍
7. ബാര്‍ണ്ണ ഭക്ഷണം.
8. കലശാടല്‍ കുഞ്ഞിനുള്ള നീരൂട്ട്‌