'നാനാര്‍ത്ഥം'- ധന്യാരാജ് എഴുതിയ കഥ

എന്റെ അമ്മാവന്‍ ജെ.കെ. ജയദേവന്‍ അറിയപ്പെടുന്ന ഒരു ചരിത്രകാരനാണ്. ഒട്ടനവധി ചരിത്രഗ്രന്ഥങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്
'നാനാര്‍ത്ഥം'- ധന്യാരാജ് എഴുതിയ കഥ

ന്റെ അമ്മാവന്‍ ജെ.കെ. ജയദേവന്‍ അറിയപ്പെടുന്ന ഒരു ചരിത്രകാരനാണ്. ഒട്ടനവധി ചരിത്രഗ്രന്ഥങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. വായനക്കാര്‍ക്കിടയില്‍ ആമുഖം ആവശ്യമില്ലാത്ത ഒരു എഴുത്തുകാരനാണദ്ദേഹം. ഒരു ചരിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എത്രമാത്രമെന്ന് അക്കമിട്ട് എണ്ണിപ്പറയാന്‍ എന്റെ അറിവ് അപര്യാപ്തമാണ്. കാരണം അകലെനിന്നു മാത്രമേ ഞാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളെ നോക്കിക്കണ്ടിട്ടുള്ളൂ. അവയിലൂടെ ഞാന്‍ വഴിതെറ്റിയലഞ്ഞിട്ടില്ല. ചരിത്രം എനിക്ക് അത്ര താല്പര്യമുള്ള വിഷയമല്ലാത്തതാകാം കാരണം. 

എന്തൊക്കെപ്പറഞ്ഞാലും വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള ഒരാളാണ് അമ്മാവന്‍. എന്നാലും അതിലും അടുപ്പം അദ്ദേഹത്തിന്റെ ഭാര്യ ജലജ അമ്മായിയോടാണെന്നു പറയേണ്ടി വരും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അമ്മായിയിലൂടെയായിരുന്നു അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ പാലം പണിതത്. എന്റെ വിദ്യാഭ്യാസകാലത്ത് 'ചരിത്രകാരന്‍ ജെ.കെ. ജയദേവന്റെ അനന്തരവള്‍' എന്നതായിരുന്നു എന്റെ മേല്‍വിലാസം. തുടക്കത്തില്‍ അതെനിക്ക് അലങ്കാരമായിരുന്നെങ്കിലും ചില അവസരങ്ങളിലെങ്കിലും അതൊരു ഭാരമായി എന്നെ ശ്വാസം മുട്ടിച്ചു. ചില അദ്ധ്യാപകര്‍ അദ്ദേഹത്തിന്റെ ധൈഷണികമായ ഔന്നത്യവും അഗാധമായ അറിവും പരന്ന വായനയുമൊക്കെ എന്നിലും പ്രതീക്ഷിച്ചു നിരാശരായി. എന്നാല്‍, അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ രണ്ടുപേര്‍ക്കും അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. നല്ല വായനാശീലവും ബുദ്ധിസാമര്‍ത്ഥ്യവും മാത്രമല്ല, അദ്ദേഹത്തിന്റെ അന്തര്‍മുഖത്വം കൂടി അവര്‍ക്കു പകര്‍ന്നു കിട്ടിയിരുന്നു.

ജലജ അമ്മായിയായിരുന്നു എന്റെ കുട്ടിക്കാലത്തിന്റെ കൂട്ട്. ഞങ്ങള്‍ തമ്മില്‍ ഏറെ വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിലും സമപ്രായക്കാര്‍ക്കു മാത്രം സാധ്യമാകുന്ന മാനസികമായ ഒരു ഇഴയടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കോളേജ് അദ്ധ്യാപകനായ അമ്മാവന്‍ ജോലിക്കു പോയാലുടനെ അമ്മായി ഞങ്ങളുടെ ഉമ്മറത്ത് കൊച്ചുവര്‍ത്തമാനങ്ങളുമായി എത്താറുണ്ടായിരുന്നതാണ് ഓര്‍മ്മ. അമ്മാവന്റെ പുസ്തകങ്ങളോടോ സാഹിത്യ പ്രസിദ്ധീകരണങ്ങളോടോ വലിയ താല്പര്യം കാട്ടാതിരുന്ന അമ്മായി എന്റെ ചിത്രകഥാപുസ്തകങ്ങള്‍ ഒന്നൊഴിയാതെ എടുത്തുകൊണ്ടുപോയി വായിച്ചിരുന്നു. പക്ഷികളേയും മൃഗങ്ങളേയും കേന്ദ്രകഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകള്‍ പറയാനും അവര്‍ക്കു നല്ല കഴിവായിരുന്നു. യാദൃച്ഛികമായി എവിടെനിന്നോ കിട്ടിയ ഒരു സിനിമാവാരിക ഞങ്ങള്‍ ഇരുവരും തിരിച്ചും മറിച്ചും ഒരു വര്‍ഷം വായിച്ചതും ഞാനിടക്കിടെ ഓര്‍ക്കും. പ്രായത്തോടൊപ്പം പടിപടിയായി വളര്‍ന്നതായിരുന്നു അവരുമായുള്ള ചങ്ങാത്തം. എന്റെ വിവാഹശേഷം തമ്മില്‍ കാണുന്നതൊക്കെ കുറവായെങ്കിലും ഞാന്‍ വീട്ടിലെത്തുമ്പോഴൊക്കെ അമ്മായിയോട് മനസ്സ് തുറന്നു സംസാരിക്കാറുണ്ട്.

ആഴ്ചകള്‍ക്കു മുന്‍പ് ഒരു ദിവസം നേരില്‍ കണ്ടപ്പോള്‍ അമ്മായി എന്നോട് ഗൗരവമുള്ള എന്തോ ഒരു കാര്യം പറയാനുണ്ടെന്നു സൂചിപ്പിച്ചു. അവരുടെ മുഖത്തുനിന്നും പഴയ പ്രസരിപ്പും കുസൃതിയും കുടിയൊഴിഞ്ഞതുപോലെ തോന്നി. ശബ്ദത്തില്‍ പതിവില്ലാത്ത ഒരു ഉദ്വേഗം പതുങ്ങിനിന്നു.

'എന്താണ് അമ്മായീ പ്രശ്‌നം?' ഞാന്‍ ചോദിച്ചു.

അമ്മായി മറുപടിയൊന്നും പറയാതെ എന്നെ അവരുടെ കിടപ്പുമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.
 
'കത്തുകള്‍...' അടക്കിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. 

'ചില കത്തുകളാണ് പ്രശ്‌നം.'

'കത്തുകളോ?' ഞാന്‍ അതിശയിച്ചു. ഇമെയിലും വാട്‌സാപ്പും ഫേസ്ബുക്കുമൊക്കെ വ്യാപകമായ ഇക്കാലത്ത് ആരാണ് കത്തുകളെഴുതാന്‍ മെനക്കെടുന്നത് എന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് ആദ്യം വന്നത്. ഇനി അഥവാ കത്തുകള്‍ വരുന്നുണ്ടെങ്കില്‍ അത് അമ്മാവന്റെ എഴുത്തുമേഖലയുമായി ബന്ധപ്പെട്ടവയായിരിക്കുമെന്ന് ഞാന്‍ കരുതി. മുന്‍കാലങ്ങളില്‍ നട്ടുച്ചനേരത്ത് പോസ്റ്റ്മാന്‍ ഓരോ കെട്ട് എഴുത്തുകളുമായി അമ്മാവന്റെ വീട്ടുപടിക്കല്‍ വന്ന് സൈക്കിള്‍ ബെല്‍ അടിക്കാറുണ്ടായിരുന്ന കാഴ്ച ഞാന്‍ ഓര്‍ത്തു. ഒരുകാലത്ത് അമ്മാവന്‍ അക്ഷമയോടെ കാത്തിരുന്ന ആ എഴുത്തുകുത്തുകളൊക്കെ ഇപ്പോള്‍ അദ്ദേഹത്തിനു ബാധ്യതയായി മാറിയെന്നാണോ? ഞാന്‍ ആശയക്കുഴപ്പത്തിലായി.

'അമ്മാവനിപ്പോള്‍ കത്തുകള്‍ വരുന്നതിലൊന്നും താല്പര്യമില്ലേ?' ഞാന്‍ ചോദിച്ചു.

'കത്തുകള്‍ വരുന്നത് നിന്റെ അമ്മാവനല്ല. എനിക്കാണ്.' അമ്മായി പറഞ്ഞു.

എനിക്ക് തമാശ തോന്നി. വാര്‍ദ്ധക്യത്തിലേക്കു പ്രവേശിച്ച അമ്മായിക്ക് ആരാകും കത്തുകള്‍ എഴുതുന്നത്? അമ്മാവന്റെ എഴുത്തുജീവിതവുമായി അമ്മായിക്ക് ബന്ധമൊന്നുമില്ലതാനും. അതൊരിക്കലും അവര്‍ക്കു താല്പര്യമുള്ള മേഖലയായിരുന്നില്ലെന്നുറപ്പ്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

'കുറേനാളായി ഈ പ്രശ്‌നം എന്റെ സമാധാനം കെടുത്തിയിട്ട്.' അമ്മായി ഇരുണ്ട മുഖത്തോടെ പറഞ്ഞു.
 
'എന്തുചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. അങ്ങനെയാണ് ആ എഴുത്തുകളെപ്പറ്റി നിന്നോട് പറയാമെന്നു വിചാരിച്ചത്.'

അമ്മായിയുടെ ശബ്ദത്തിലെ രഹസ്യാത്മകത വീണ്ടും എന്നെ കുഴക്കി. കത്തുകളൊന്നും അമ്മാവനുള്ളതല്ലെങ്കിലും കത്തുകളുടെ പ്രതിപാദ്യ വിഷയം അമ്മാവനും അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതവുമാണെന്നും അമ്മായി സൂചിപ്പിച്ചു.

കത്തുകളൊക്കെ അയക്കുന്നത് ഒരു സ്ത്രീ ആണെന്നും അവര്‍ക്ക് അമ്മാവനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും എന്റെ തുടര്‍ന്നുള്ള ചോദ്യങ്ങളുടെ മറുപടിയായി അമ്മായി പറഞ്ഞു. അമ്മാവന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീയാണ് കത്തുകളുടെ ഉടമസ്ഥ എന്ന അറിവ് അവിശ്വസനീയമായി എനിക്കു തോന്നി. ഇതിനു വിശ്വാസ്യതയുടെ ഒരംശമെങ്കിലും കിട്ടുന്നതിനായി കത്തുകള്‍ നേരിട്ട് കാട്ടിത്തരാന്‍ ഞാന്‍ അമ്മായിയോടാവശ്യപ്പെട്ടു. ഒരു നിമിഷം സംശയിച്ചു നിന്നതിനുശേഷം അമ്മായി കിടപ്പുമുറിയിലെ പഴയ തടിയലമാര തുറന്ന് ഒരു തടിച്ച ഡയറി പുറത്തെടുത്തു. അതിന്റെ ആദ്യ പേജില്‍ അടുക്കിവച്ചിരുന്ന എഴുത്തുകള്‍ എനിക്കു കൈമാറുമ്പോള്‍ അമ്മായിയുടെ മുഖം പലതരം വികാരങ്ങളാല്‍ വിക്ഷുബ്ധമായിരിക്കുന്നതു ഞാന്‍ കണ്ടു.

ഞാന്‍ ജിജ്ഞാസയോടെ കത്തുകളിലൂടെ സഞ്ചരിച്ചു. മധുമതിയെന്ന് സ്വയം പരിചയപ്പെടുത്തിയിരിക്കുന്ന സ്ത്രീയാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. എല്ലാ കത്തുകളും തവിട്ടുനിറമുള്ള കവറിനകത്താക്കി പോസ്റ്റു ചെയ്തവയായിരുന്നു. ആദ്യ എഴുത്ത് ഉദ്ദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണെഴുതിയത്. പിന്നീട് ഓരോ മാസത്തെ ഇടവേളയില്‍ നാല് എഴുത്തുകളും അയച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും പുതിയ കത്തുവരാന്‍ സമയമാകുന്നതേയുള്ളൂ.

ആദ്യത്തെ കത്ത് സാമാന്യം നീണ്ടതാണ്. ഒരു സ്ത്രീയുടേതെന്നു തോന്നിപ്പിക്കുന്ന വടിവൊത്ത അക്ഷരങ്ങളില്‍ അവരുടേയും അമ്മാവന്റേയും കഴിഞ്ഞകാല ജീവിതത്തെപ്പറ്റി തുറന്നെഴുതിയിരിക്കുന്നു.

'ഇങ്ങനെയൊരു കത്ത് എഴുതണമോയെന്ന് പലവട്ടം ആലോചിച്ചു. പിന്നീട് എഴുതാതിരിക്കുന്നത് അവനവനോട് തന്നെ ചെയ്യുന്ന നീതികേടായിരിക്കും എന്ന തിരിച്ചറിവില്‍ എഴുതാന്‍ തന്നെ തീരുമാനിച്ചു' എന്ന് കത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്.

അമ്മാവനുമൊത്തുള്ള അവരുടെ ജീവിതത്തിന്റെ വിവരണമാണ് രണ്ടും മൂന്നും കത്തുകളിലുള്ളതെന്ന് അക്ഷരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി. ഞെട്ടലിനോടൊപ്പം ഒരു അവിശ്വാസവും എനിക്ക് അനുഭവപ്പെട്ടു. നമ്മുടെ അമ്മാവനെത്തന്നെയാണോ അവര്‍ ഉദ്ദേശിച്ചത്? തികഞ്ഞ സാത്വികനും അടിമുടി മാന്യനുമായി സമൂഹമധ്യത്തില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന് ഇങ്ങനെയൊരു മുഖമോ? അസാധ്യം! ഏതു മനുഷ്യനും ജീവിതത്തിലെ ഏതെങ്കിലുമൊരു നിമിഷത്തില്‍ പിഴവുകള്‍ സംഭവിക്കാമല്ലോ. അത്തരത്തിലുള്ള എന്തെങ്കിലും സാഹചര്യമാകാം അദ്ദേഹത്തെ ഈ സ്ത്രീയുമായുള്ള ബന്ധത്തിനു പ്രേരിപ്പിച്ചതെന്നു ഞാന്‍ സമാധാനിക്കുന്നതിനിടയിലാണ് മൂന്നാമത്തെ കത്തിലെ ചില വരികള്‍ എന്റെ കണ്ണില്‍പ്പെടുന്നത്. മധുമതി എഴുതിയിരിക്കുന്നു:

'വാസ്തവത്തില്‍ ആരുടെ ജീവിതത്തില്‍നിന്നുമാണ് അദ്ദേഹം എന്നിലേക്ക് വന്നത്? അദ്ദേഹത്തിന്റെ ഭാര്യ ജലജയുടേതോ? അതോ ഹേമാപാര്‍വ്വതിയുടേയോ? മീനാക്ഷിയുടേയോ? വൈജയന്തിയുടേയോ?'

ഇതില്‍ ഹേമാപാര്‍വ്വതിയെ മാത്രമേ തനിക്ക് നേരിട്ട് പരിചയമുള്ളൂവെന്നും അവരില്‍ അദ്ദേഹത്തിന് ഒരു മകനുമുണ്ടെന്നും മധുമതിയുടെ വെളിപ്പെടുത്തല്‍ തുടരുന്നു. ഈ മകന്‍ എല്ലാക്കാലവും അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നുവത്രെ. അമ്മാവന്റെ ഓര്‍മ്മകളിലെ വൈജയന്തിയേയും മീനാക്ഷിയേയും കത്തിന്റെ അവസാന ഭാഗങ്ങളില്‍ മധുമതി പകര്‍ത്തുന്നുമുണ്ട്. വൈജയന്തി സദാ പ്രസരിപ്പാര്‍ന്നവളാണെങ്കില്‍ മീനാക്ഷി ഒരു ദിവാസ്വപ്നം പോലെ മനോഹരിയായിരുന്നുവത്രെ. ഇതിലെ 'ദിവാസ്വപ്നം പോലെ' എന്ന പ്രയോഗം എന്റെ മനസ്സിലുടക്കി. ആരുടെയെങ്കിലും ദിവാസ്വപ്നമാണോ ഈ കഥകളെല്ലാം എന്ന സംശയം എന്നെ അലട്ടി. മധുമതി, ഹേമാപാര്‍വ്വതി, മീനാക്ഷി, വൈജയന്തി എന്നീ പേരുകളെല്ലാം തന്നെ വളരെ കാല്പനികത നിറഞ്ഞവയാണെന്ന് എനിക്കു തോന്നി. ഏതോ കഥയിലേയോ നോവലിലേയോ കഥാപാത്രങ്ങളാണെന്നു തോന്നിപ്പിക്കുന്നവ. പ്രത്യേകിച്ചും മധുമതി എന്ന പേര്. അത് അത്യപൂര്‍വ്വമായതുമാണ്. ഇനി ഇതൊക്കെ വാസ്തവമാണെങ്കില്‍ അമ്മാവന്‍ പേരുകളുടെ അടിസ്ഥാനത്തിലാണോ സ്ത്രീകളെ ഇഷ്ടപ്പെട്ടത്?

'ആ സ്ത്രീ എഴുതിയതൊക്കെ സത്യമാകണമെന്നുണ്ടോ?' ഞാന്‍ അമ്മായിയോട് ചോദിച്ചു. 

'ഇതൊക്കെ ശരിക്കും സംഭവിച്ചതാണെന്നതിന് തെളിവുകളെന്തെങ്കിലുമുണ്ടോ?'

'അവര്‍ പറഞ്ഞതൊക്കെ സത്യം തന്നെ.' അമ്മായി ഉറപ്പിച്ചു പറഞ്ഞു. 

'എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങളാണ്.' അമ്മായി തുടര്‍ന്നു.

'ഓര്‍ത്തുനോക്കൂ, മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഓരോ കാലത്തും നിന്റെ അമ്മാവന്‍ ഏത് സ്ഥലത്ത്, ഏത് കോളേജിലാണ് പഠിപ്പിച്ചിരുന്നതെന്ന് അവര്‍ക്കെങ്ങനെയറിയാം? കത്തില്‍ പറഞ്ഞിരിക്കുന്ന വര്‍ഷങ്ങളും സംഭവങ്ങളുമൊക്കെ വാസ്തവമാണ്; എനിക്കറിയാം. ഒന്നിലും ഒരു ഓര്‍മ്മപ്പിശകും സംഭവിച്ചിട്ടില്ല.'

എല്ലാം വാസ്തവമാെണന്നു സാക്ഷ്യപ്പെടുത്താനായി അമ്മായിയും കഴിഞ്ഞതൊക്കെ ഇത്ര കൃത്യമായി ഓര്‍ത്തുവച്ചിരിക്കുന്നോ എന്നു ഞാന്‍ അതിശയിച്ചു. അമ്മാവന്‍ റിട്ടയര്‍ ചെയ്തിട്ടു തന്നെ പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞു. 

സമൂഹത്തില്‍ അഭിവന്ദ്യനായ ഒരു മനുഷ്യനെപ്പറ്റി ആ സ്ത്രീ ജീവിത സായന്തനത്തില്‍ ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. എന്റെ കയ്യിലിരിക്കുന്ന എഴുത്തുകളിലേക്ക് ആശയക്കുഴപ്പത്തോടെ ഒന്നുകൂടി നോക്കിയപ്പോള്‍ ആദ്യത്തെ കത്തില്‍ ഇങ്ങനെയൊരു വാചകം എന്റെ കണ്ണില്‍പ്പെട്ടു.

'വേണമെങ്കില്‍ എനിക്ക് ഇത്തരത്തിലുള്ള ഒരു തുറന്നുപറച്ചില്‍ നടത്താതിരിക്കാമായിരുന്നു. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും ഇപ്പോഴും കുറ്റബോധം അലട്ടുന്നതിനാല്‍...'

ഞാന്‍ അസ്വസ്ഥതയോടെ കത്തുകള്‍ ഡയറിയില്‍ത്തന്നെ വച്ചിട്ട് അമ്മായിയെ നോക്കി. അപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒരു കനലെരിയുന്നതു ഞാന്‍ കണ്ടു.

'നിനക്കിപ്പോള്‍ അമ്മാവന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലായല്ലോ?' അമര്‍ഷത്തോടെ അവര്‍ പറഞ്ഞു.

'ഒരു ചെറിയ സംശയത്തിനുപോലും ഇടനല്‍കാതെ വിദഗ്ദ്ധമായി അദ്ദേഹമെന്നെ വഞ്ചിക്കുകയായിരുന്നു, ഇക്കാലമത്രയും.'

'ഹേയ്, അങ്ങനെയാവില്ല.' ഞാന്‍ പറഞ്ഞുനോക്കി.

'ഇതില്‍ എന്തെങ്കിലും ചതിയുണ്ടാകും.'

'ഇത് ചതിയല്ല.' അമ്മായി പറഞ്ഞു.

'ഇത് എല്ലാ തെളിവുകളോടും കൂടിയ സത്യമാണ്. നിന്റെ അമ്മാവന്‍ ചെയ്തതാണ് ചതി. ഇനിയും ഇക്കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.' അമ്മായി വാശിയോടെ പറഞ്ഞു.
'ഇതിനെപ്പറ്റി ഞാന്‍ എല്ലാവരോടും പറയും. നിന്റെ അമ്മാവന്റെ തനിനിറം ലോകമറിയട്ടെ.'

ഡയറിത്താളില്‍ വിശ്രമിക്കുന്ന കത്തുകള്‍ വലിയൊരു പ്രഹേളികയായി എനിക്കു തോന്നി. അവയിലേക്കു പ്രവേശിക്കാന്‍ ഇനിയും വായനകള്‍ വേണ്ടിവരുമെന്നും. അമ്മായിയുടെ പേരും മേല്‍വിലാസവും എഴുതിയ തവിട്ടുനിറത്തിലെ കവറുകളിലെ തപാല്‍മുദ്ര പരിശോധിച്ചപ്പോള്‍ അവ പോസ്റ്റ് ചെയ്തിരിക്കുന്നത് തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍നിന്നാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അമ്പരന്നുപോയി. എന്റെ മനസ്സിലേക്ക് ആദ്യത്തെ കരട് പാറിവീണു. വീട്ടിലേക്കു മടങ്ങുമ്പോള്‍ ഞാനാ എഴുത്തുകള്‍ എന്റെ പഴ്‌സില്‍ മടക്കിവെച്ചു. ചെറിയൊരു വൈമനസ്യത്തോടെ അമ്മായി അതിനുള്ള അനുവാദം തന്നു. 

വീട്ടിലെത്തിയയുടന്‍തന്നെ ഒരു കുറ്റാന്വേഷകയുടെ ജിജ്ഞാസയോടെ ഞാനാ എഴുത്തുകള്‍ സമഗ്രമായൊരു വായനയ്ക്ക് വിധേയമാക്കി. രണ്ടും മൂന്നും വായനകളില്‍ തെളിഞ്ഞുകിട്ടാതിരുന്ന വസ്തുതകളിലൊരെണ്ണം നാലാം വായനയില്‍ ചുരുള്‍ നിവര്‍ത്താന്‍ തുടങ്ങി. അത് കത്തെഴുതിയ സ്ത്രീയുടെ അനുഭവകഥകളെപ്പറ്റി ആയിരുന്നില്ല; മറിച്ച്, അതെഴുതിയ കയ്യക്ഷരത്തെ സംബന്ധിച്ചായിരുന്നു. ഇടതുവശത്തേക്ക് നേരിയ ചെരിവുള്ള ആ അക്ഷരങ്ങള്‍ എവിടെയോ കണ്ടു പരിചയമുള്ളതാണല്ലോ എന്ന ചിന്തയാണ് അപ്പോള്‍ മനസ്സിലേക്ക് വന്നത്. തുടര്‍ന്നുള്ള ആലോചനയില്‍ അമ്മായിയുടെ കൈപ്പടയുമായി ഇവയ്ക്കു സാദൃശ്യമുണ്ടോയെന്ന് എനിക്കു സംശയമായി. ഈ സംശയത്തെ സ്ഥിരീകരിക്കാനുതകുന്ന തെളിവുകളിലൊരെണ്ണം കണ്ടെടുക്കാനായി ഞാന്‍ പഴയ പുസ്തകങ്ങളിലും മാസികകളിലും തിരഞ്ഞു നിരാശപ്പെട്ടു. അപ്പോഴാണ് അമ്മായി പണ്ട് എല്ലാ വര്‍ഷവും മുടങ്ങാതെ അയച്ചിരുന്ന ജന്മദിനാശംസ കാര്‍ഡുകളെപ്പറ്റി ഞാന്‍ ഓര്‍ത്തത്. തൊട്ടയല്‍പക്കത്തു താമസിക്കുന്ന അമ്മായി പണ്ട് എന്റെ എല്ലാ പിറന്നാളുകള്‍ക്കും ആശംസ കാര്‍ഡുകള്‍ തപാലില്‍ അയച്ചിരുന്നു. കണ്ണഞ്ചിക്കുന്ന നിറത്തിലുള്ള കവറുകളിലാക്കി അയച്ചിരുന്ന ആ കാര്‍ഡുകളുടെ അകവശത്ത് സ്‌കെച്ച് പേനയില്‍ 'എന്റെ സൗമ്യമോള്‍ക്ക്, സ്‌നേഹത്തോടെ ജലജയമ്മായി.' എന്ന് എഴുതിയിട്ടുണ്ടാകും. എന്റെ നെഞ്ചില്‍ ഒരു ഭാരം വിങ്ങി. അസ്വസ്ഥതയോടെ ഞാന്‍ അലമാരയുടെ അടിത്തട്ടിലും മേശവലിപ്പുകളിലും ആ കാര്‍ഡുകള്‍ക്കുവേണ്ടി തിരയാന്‍ ആരംഭിച്ചു. മണിക്കൂറുകള്‍ക്കു ശേഷമാണ് പൊടിപിടിച്ച തുണിസഞ്ചി കണ്ടെടുക്കാനായത്. അതിനുള്ളിലായിരുന്നു കഴിഞ്ഞുപോയ പിറന്നാളുകളുടെ തിരുശേഷിപ്പുകള്‍.

ആകെ പൊടിയില്‍ മൂടിയിരുന്നെങ്കിലും കാര്‍ഡുകളുടെ കടുംനിറത്തിനും തിളക്കത്തിനും മങ്ങലേറ്റിരുന്നില്ല. ഇടത്തോട്ട് ചെരിഞ്ഞ വടിവൊത്ത അക്ഷരങ്ങളിലെ സ്‌നേഹം തീപ്പൊരിപോലെ മനസ്സില്‍ പൊള്ളിത്തുടങ്ങി. ഞാന്‍ പഴ്‌സില്‍ സൂക്ഷിച്ച കത്തുകള്‍ നിവര്‍ത്തിയിട്ട് കയ്യക്ഷരങ്ങള്‍ താരതമ്യം ചെയ്തു. അതിശയകരമാംവിധം സാമ്യം പുലര്‍ത്തുന്നവയാണ് ആ രണ്ടു കൈപ്പടകളുമെന്ന് ഞാന്‍ അവിശ്വസനീയതയോടെ തിരിച്ചറിഞ്ഞു. കത്തുകളില്‍ കൈപ്പട വ്യത്യാസപ്പെടുത്തിയെഴുതാന്‍ മനഃപൂര്‍വ്വം ശ്രമിച്ചിട്ടുണ്ടെങ്കിലും.

'അമ്മായീ...'

കാര്‍ഡുകള്‍ക്കു മീതെ വിരലോടിച്ചുകൊണ്ട് ഞാന്‍ വിഷമത്തോടെ ചോദിച്ചു:

'എന്തിനുവേണ്ടിയാണ് ഈ നാടകങ്ങള്‍?'

എന്റെ കുട്ടിക്കാലത്ത് ഞാനും അമ്മായിയും ഊഴമിട്ടു വായിക്കാറുണ്ടായിരുന്ന ബാലപ്രസിദ്ധീകരണങ്ങളിലെ സമസ്യപോലെയുണ്ട് ഇതെന്ന് എനിക്കു തോന്നി. വളഞ്ഞുപുളഞ്ഞു കിടക്കുന്ന ദുരൂഹമായ പാതകളുടെ മറുവശത്ത് അമ്മായി നില്‍ക്കുന്നു. ഏതു വഴിയിലൂടെ സഞ്ചരിച്ചാലാണ് അവരിലേക്ക് എത്താനാവുക?
അടുത്ത ദിവസം അമ്മായിയുടെ നാലോ അഞ്ചോ ഫോണ്‍വിളികള്‍ എന്നെ തേടിയെത്തി. എന്റെ കയ്യിലിരിക്കുന്ന എഴുത്തുകള്‍ അവരുടെ സ്വസ്ഥത കെടുത്തുന്നുവെന്നു തോന്നി. പിറ്റേന്നു ഞാന്‍ അമ്മായിയുടെ വീട്ടിലെത്തി. 

'ആ എഴുത്തുകള്‍ എവിടെ?' എന്നെ കണ്ടപ്പോള്‍തന്നെ അമ്മായി ഉദ്വേഗത്തോടെ തിരക്കി. ഞാന്‍ പഴ്‌സില്‍നിന്നും കത്തുകള്‍ പുറത്തെടുത്തു. ഒപ്പം അമ്മായി അയച്ച പഴയ ജന്മദിനാശംസ കാര്‍ഡുകളും. അമ്മായിയുടെ മുഖം പെട്ടെന്നു വിവര്‍ണ്ണമാകുന്നത് കണ്ടു. അവരുടെ നോട്ടം എന്റെ മുഖത്തേയ്ക്കും കാര്‍ഡുകളിലേക്കും മാറിമാറി സഞ്ചരിച്ചു. ബാലമാസികയിലെ സമസ്യയുടെ മുന്നില്‍ ചിന്താധീനയായിരിക്കുന്ന കുട്ടിയുടെ ഓര്‍മ്മ വീണ്ടും എന്നെ അലട്ടി.   

'എന്തിനാണ് അമ്മായി ഈ കത്തുകളൊക്കെ എഴുതിയത്?' കുറച്ചു സമയത്തിനുശേഷം ഞാന്‍ അവരുടെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ടു ചോദിച്ചു. അമ്മായി നിസ്സംഗമായ മുഖത്തോടെ അതു നിഷേധിക്കാനൊരുങ്ങി. 

'എന്തിനാണ് അമ്മാവനോട് ഇത്രമാത്രം ദേഷ്യം?' ഞാന്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും ചോദിച്ചു. ഇത്തവണ അമ്മായി നിശ്ശബ്ദയായി നിന്നു.

അമ്മായി എന്തെങ്കിലും ഒരു മറുപടി നല്‍കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ക്ഷമയോടെ കാത്തുനിന്നു. അവരുടെ മൗനം സാവധാനം ഒരു കരച്ചിലിനു വഴിമാറുന്നതു കണ്ടു. ആശ്വാസവാക്കുകളൊന്നുമില്ലാതെ ഞാന്‍ അവരെ നോക്കിനിന്നു

'അമ്മായി എന്തിനാണ് അമ്മാവനുമായി പിണങ്ങിയത്?' കുറച്ചു സമയത്തിനു ശേഷം ഞാന്‍ ചോദിച്ചു.

'പിണങ്ങിയതോ?' അമ്മായി അമ്പരപ്പോടെ എന്നെ നോക്കി.

'പിണക്കങ്ങളേയില്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടേത്.'

ഒരു നിമിഷത്തിനു ശേഷം അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇണക്കങ്ങളും.'

ഞാന്‍ സംശയത്തോടെ അവരെ നോക്കി. അമ്മായി വിശദീകരിക്കുന്ന മട്ടില്‍ തുടര്‍ന്നു:

'പതിനേഴാമത്തെ വയസ്സിലാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. വിവാഹദിവസം അദ്ദേഹമെന്നോട് മിണ്ടിയതേയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ, അളന്നു മുറിച്ച ഏതാനും വാക്കുകള്‍ മാത്രം. അദ്ദേഹത്തിനെന്നെ ഇഷ്ടമല്ലാത്തതിനാലാകും എന്നു ഞാന്‍ കരുതി. അദ്ദേഹം ഒരു ചരിത്രകാരനായിരുന്നു. ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. ഒരു ചരിത്ര ഗവേഷകന്‍. എഴുത്തുകാരായ സുഹൃത്തുക്കള്‍ക്കിടയില്‍ അദ്ദേഹം ജെ.കെ. എന്നറിയപ്പെട്ടു.

'ജെ.കെ. വീട്ടിലുണ്ടോ?' ഞങ്ങളുടെ ലാന്‍ഡ് ഫോണിലൂടെ പല പുരുഷശബ്ദങ്ങളും എന്നോട് ചോദിച്ചുകൊണ്ടിരുന്നു; അപൂര്‍വ്വം ചില സ്ത്രീ ശബ്ദങ്ങളും. 'ഉണ്ട്.' ഞാന്‍ ഭവ്യതയോടെ അറിയിച്ചു. പഠനത്തിനും ഗവേഷണത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് ജെ.കെ. ഒരു ദിവസം ഒരു സുഹൃത്തിനോട് ഫോണിലൂടെ പറയുന്നത് കേട്ടു. അതിനിടയില്‍ ഒരു കല്യാണത്തെപ്പറ്റി ചിന്തിച്ചതേയില്ലായിരുന്നുവത്രെ. പക്ഷേ, അച്ഛന്റെ വാക്കുകളെ ധിക്കരിക്കാനുള്ള ഇച്ഛാശക്തി ഇല്ലാതിരുന്നതിനാല്‍... എനിക്കു കാര്യങ്ങളൊക്കെ സാവധാനം വ്യക്തമാകാന്‍ തുടങ്ങി. ഞാന്‍ പത്താം ക്ലാസ്സുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. അതിനുശേഷം അദ്ദേഹമായിരുന്നു എന്റെ പാഠപുസ്തകം.' അമ്മായി ഒരു നിമിഷം നിറുത്തി.

'പതിനേഴാമത്തെ വയസ്സിലാണ് ഞാന്‍ ജെ.കെയുടെ ജീവിതത്തിലെത്തിയത്.' അമ്മായി ആവര്‍ത്തിച്ചു. 'എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍പോലും പിന്നീട് മറ്റൊരാള്‍ കടന്നുവന്നിട്ടില്ല. എന്നാല്‍, അദ്ദേഹം എന്നെ പരിഗണിച്ചതേയില്ല. ജെ.കെയ്ക്ക് ആരോടും സ്‌നേഹമില്ലായിരുന്നു എന്നു പറഞ്ഞുകൂടാ. അദ്ദേഹം പുസ്തകങ്ങളെ ഭ്രാന്തമായി സ്‌നേഹിച്ചു. അദ്ദേഹത്തിന്റെ വായനാമുറിയിലെ അലമാരകളില്‍ നിറയെ പുസ്തകങ്ങളായിരുന്നു. വായിക്കാനെടുക്കുന്നതിനു മുന്‍പേ ജെ.കെ. അവയെ തൊട്ടും തലോടിയും ഏറെ സമയം ചെലവഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ പേജുകള്‍ തുറന്നു പുസ്തകങ്ങളുടെ ഗന്ധം ഉള്ളിലേക്കാവാഹിച്ചുകൊണ്ട് അദ്ദേഹം നിര്‍വൃതിയിലാണ്ടു നില്‍ക്കുന്നതും കാണാമായിരുന്നു. ഒരുപക്ഷേ, അവയായിരുന്നിരിക്കണം ജെ.കെയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. പുസ്തകങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിനു സ്വാര്‍ത്ഥതപോലും ഉണ്ടായിരുന്നു. അപൂര്‍വ്വമായ ചില പുസ്തകങ്ങള്‍ അന്വേഷിച്ചുവരുന്ന ചങ്ങാതിമാര്‍ക്ക് അവ കൊടുക്കാന്‍ അദ്ദേഹം എപ്പോഴും മടികാട്ടി. ചിലപ്പോള്‍ ഗത്യന്തരമില്ലാതെ പുസ്തകങ്ങള്‍ കൈമാറേണ്ടിവന്നപ്പോഴൊക്കെ അവ തിരിച്ചുകിട്ടുന്നതുവരെ ജെ.കെ. അസ്വസ്ഥനായി. നിധികാക്കുന്ന ഭൂതത്തെപ്പോലെ അദ്ദേഹം അവയ്ക്ക് കാവലിരുന്നു എന്നു വേണമെങ്കില്‍ പറയാം. തിരികെ കിട്ടുന്ന പുസ്തകങ്ങളെ വേവലാതിയോടെ ജെ.കെ. ആദ്യാവസാനം പരിശോധിച്ചു. പേജുകളില്‍ പുതുതായുണ്ടായ ചുളിവുകള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ പ്രതിബിംബിച്ചു. പുസ്തകത്താളുകളിലെ ചെറിയ മഷിയടയാളങ്ങള്‍പോലും ജെ.കെയ്ക്ക് നെഞ്ചില്‍ കത്തികൊണ്ട് കീറിവരഞ്ഞ മുറിവടയാളങ്ങളായി തോന്നി. ഒരിക്കല്‍ ജെ.കെ. ഉറ്റ സുഹൃത്തിനോട് ഇക്കാര്യത്തില്‍ വഴക്കിടുകപോലും ഉണ്ടായി. ആ പുസ്തകംഅത് ഏതായിരുന്നെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. 

'ഈ പുസ്തകം അത്രയ്ക്കിഷ്ടമാണെങ്കില്‍ ഇതിന്റെ മറ്റൊരു കോപ്പികൂടി വാങ്ങിയാല്‍ പോരെ?' സുഹൃത്ത് ചോദിച്ചു. 

'അത് പറ്റില്ല.' അപ്പോള്‍ ജെ.കെ. പറഞ്ഞു: 'ഒന്നിനു പകരമാകില്ല മറ്റൊന്ന്. ഞാനിത് ഇരുപതാമത്തെ വയസ്സില്‍ ആദ്യമായി വായിച്ചപ്പോഴുള്ള ഓര്‍മ്മകള്‍ ഈ താളുകളിലേയുള്ളൂ. പുതിയ കോപ്പിയില്‍ അതു കാണുമോ? ഓരോ പുസ്തകത്തിനും ഓരോ ഭാവമാണ്.' തൊട്ടടുത്ത മുറിയില്‍ ചായഗ്ലാസ്സുകള്‍ നിരത്തുന്നതിനിടയിലാണ് ഞാന്‍ ഇതു കേട്ടത്. 'ഭാവം' എന്നു കേട്ടപ്പോള്‍ എനിക്കു സിനിമാഭിനയമാണ് ഓര്‍മ്മവന്നത്. അല്ലാതെ പുസ്തകത്തിന് എന്തു ഭാവം? എനിക്കു മനസ്സിലായിരുന്നില്ല; ഇപ്പോഴും. ജെ.കെ. പുസ്തകങ്ങളെ എത്രമാത്രം സ്‌നേഹിച്ചോ, അത്രമാത്രം ഞാന്‍ അവയെ വെറുത്തു.' അമ്മായി അസന്തുഷ്ടി നിറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. 

'കാരണം ആ പുസ്തകങ്ങളാണ് അദ്ദേഹത്തെ എന്നില്‍നിന്നും അകറ്റിയതെന്നു ഞാന്‍ കരുതി.'

ഞാനൊന്നും മിണ്ടിയില്ല. എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലായിരുന്നു. അമ്മായി തുടര്‍ന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

'അദ്ദേഹവും ഞാനും മാത്രമായി എത്രയോ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. എത്രയോ പകലുകളും രാത്രികളും... ആലോചിച്ചു നോക്കൂ, സംസാരിക്കുകയാണെങ്കില്‍ എന്തൊക്കെ കാര്യങ്ങളെപ്പറ്റി പറയാമായിരുന്നു! ജെ.കെയ്ക്ക് എന്നോടു സംസാരിക്കാന്‍ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. എന്നാല്‍, ആദ്യകാഴ്ചയില്‍ത്തന്നെ ജെ.കെ. എന്നില്‍ കൗതുകമുണര്‍ത്തി. എപ്പോഴായിരിക്കും അദ്ദേഹം എന്നോട് മനസ്സു തുറക്കുകയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍, അതൊരിക്കലും ഉണ്ടായില്ല. പഠനത്തില്‍ ഞാന്‍ ശരാശരിക്കാരിയായ ഒരു കുട്ടിയായിരുന്നു. ജെ.കെയെ പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ അതിലും താഴെയായി എന്നു പറയേണ്ടിവരും. അദ്ദേഹം എങ്ങനെയുള്ള മനുഷ്യനാണെന്ന് എനിക്കു മനസ്സിലായതേയില്ല. ഒരു ദിവസം ഇക്കാര്യത്തെപ്പറ്റി ഞാന്‍ ജെ.കെയോട് സൂചിപ്പിച്ചു. അദ്ദേഹം കുറച്ചുസമയം എന്തോ ചിന്തിച്ചിരുന്നിട്ട് ആശ്വസിപ്പിക്കുന്ന മട്ടില്‍ സഹതാപത്തോടെ പറഞ്ഞു:

'ജലജേ, നീ കാര്യങ്ങളെ കുറച്ചുകൂടി ലളിതമായി കണ്ടുനോക്കൂ' എന്ന്. ജീവിതത്തെ ഒരിക്കല്‍പോലും ലളിതമായി കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് ഇതു പറയുന്നതെന്നോര്‍ക്കണം. 

ജെ.കെ. എനിക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലേ? എന്റെ അസാന്നിധ്യംപോലും അദ്ദേഹത്തെ ബാധിക്കില്ലേ? ആദ്യപ്രണയത്തില്‍പ്പെട്ട കൗമാരക്കാരിയുടെ ബാലിശതയോടെ ഞാന്‍ ഉത്തരത്തിനായി തെരഞ്ഞു. ഒരു ദിവസം അദ്ദേഹത്തിനുള്ള ഭക്ഷണമൊക്കെ ഊണ്‍മേശമേല്‍ തയ്യാറാക്കി വെച്ചിട്ട് ഞാന്‍ പകല്‍ മുഴുവനും വീട്ടില്‍നിന്നും മാറിനിന്നു. ജെ.കെ. ദിവസം മുഴുവനും എഴുത്തിലും വായനയിലും മുഴുകി കഴിച്ചുകൂട്ടി. എന്നെ ജെ.കെ. അന്വേഷിച്ചതേയില്ല. ഒരു പുസ്തകത്തിന്റെ വിലപോലുമില്ലേ എനിക്ക്? എന്റെ മനസ്സ് ഇടിഞ്ഞുതാണു.

പിറ്റേ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകം അലമാരയില്‍നിന്നും എടുത്തുമാറ്റി. അപ്പോള്‍ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനാകുന്നതു ഞാന്‍ കണ്ടു. ഊണും ഉറക്കവും ഉപേക്ഷിച്ച് ജെ.കെ. പുസ്തകത്തിനായി തിരഞ്ഞു. ആ പുസ്തകം എടുത്തുകൊണ്ടു പോകാനിടയുള്ള ചങ്ങാതിമാരെപ്പറ്റി ചിന്തിച്ച് അദ്ദേഹം ആശങ്കപ്പെട്ടു. ജെ.കെ. ഒരിക്കല്‍പ്പോലും എന്നെ സംശയിച്ചില്ല. ദിവസങ്ങള്‍ക്കുശേഷം പുസ്തകം തിരിച്ചുകിട്ടിയപ്പോള്‍ അദ്ദേഹം അളവറ്റു സന്തോഷിക്കുന്നതും ഞാന്‍ കണ്ടു. എനിക്കു കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.

വര്‍ഷങ്ങള്‍ കടന്നുപോയി. ജെ.കെ. ഒരിക്കലും ഞാനാഗ്രഹിച്ചതുപോലെ ഒരു നല്ല സുഹൃത്തോ കാമുകനോ ആയില്ല. ഒരു നല്ല ഭര്‍ത്താവായി എന്നും പറയാന്‍ കഴിയില്ല. പക്ഷേ, ഉറപ്പായും അദ്ദേഹം ഒരു നല്ല അച്ഛനായിരുന്നു. ഞങ്ങളുടെ പെണ്‍മക്കള്‍ രണ്ടുപേര്‍ക്കും ജെ.കെയോടായിരുന്നു ഏറെയടുപ്പം. മുതിര്‍ന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ വഴി പിന്തുടര്‍ന്ന് വായനയുടെ ലോകത്തിലെത്തിച്ചേര്‍ന്നു. അതോടെ അവരുടെ സംഭാഷണങ്ങളില്‍നിന്നും പുറന്തള്ളപ്പെടുന്നതുപോലെ എനിക്കു തോന്നി. അത് എന്നെ കൂടുതല്‍ അസ്വസ്ഥയാക്കി. 

'എപ്പോള്‍ മുതലാണ് അച്ഛന്‍ നിങ്ങളെ പരിഗണിക്കാന്‍ തുടങ്ങിയത്?' ഞാന്‍ മക്കളോട് ചോദിച്ചു.

'നിങ്ങള്‍ മുതിര്‍ന്നു പുസ്തകങ്ങളുമായി ചങ്ങാത്തത്തിലായതിനുശേഷം മാത്രം. അതുവരെ അദ്ദേഹം നിങ്ങളേയും അവഗണിച്ചിട്ടേയുള്ളൂ.' 

കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരുടെ കരച്ചില്‍ ഞങ്ങളുടെ വീടിന്റെ നിശ്ശബ്ദതയെ തകര്‍ത്തുകൊണ്ട് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കാറുണ്ടായിരുന്നത് ഞാന്‍ ഓര്‍മ്മിച്ചു. എഴുത്തിനും ഏകാന്തതയ്ക്കുമിടയിലെ രസച്ചരട് മുറിഞ്ഞതിന്റെ അസഹ്യതയോടെ ജെ.കെ. അപ്പോഴൊക്കെ കയര്‍ക്കുമായിരുന്നു. 

'എന്തൊരു കരച്ചിലാണ് ഈ കുട്ടിയുടേത്  രാത്രിയെന്നും പകലെന്നുമില്ലാതെ...'

നിശ്ശബ്ദതയുമായി സന്ധിസംഭാഷണം നടത്താനായിരുന്നു ജെ.കെയ്ക്ക് എന്നും താല്പര്യം. ചിലപ്പോള്‍ ഉച്ചസമയങ്ങളില്‍ കല്‍ക്കണ്ടം മാത്രം വായിലിട്ടുകൊണ്ട് ജെ.കെ. മണിക്കൂറുകളോളം മുറിയടച്ചിരുന്നു. അദ്ദേഹത്തിനു ഭക്ഷണം നിര്‍ബ്ബന്ധമല്ലായിരുന്നു. പുകവലിയോ മദ്യപാനമോ ഉണ്ടായിരുന്നില്ല. സ്ഥലംമാറ്റം കിട്ടുന്നതിനനുസരിച്ച് ജെ.കെ. അകലെയുള്ള പല കോളേജുകളിലും പഠിപ്പിച്ചു. അവിടത്തെ വാടകവീടുകളില്‍നിന്നും അദ്ദേഹം ഇടക്കൊക്കെ എന്നെ ഫോണില്‍ വിളിച്ചു. മിക്കവാറും ഒരേ മട്ടില്‍ ആവര്‍ത്തിക്കുന്നവയായിരുന്നു സംഭാഷണങ്ങള്‍. ജെ.കെ. വീട്ടില്‍ എത്തുന്ന അവധി ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാനായി എഴുത്തുകാരായ സുഹൃത്തുക്കള്‍ വരാറുണ്ടായിരുന്നു  കൂടുതലും ആണുങ്ങള്‍. ചില സ്ത്രീകളും ഇടക്കൊക്കെ അദ്ദേഹത്തെ അന്വേഷിച്ചെത്തി. കോളേജ് അദ്ധ്യാപികമാരും ഗവേഷണ വിദ്യാര്‍ത്ഥിനികളും പത്രപ്രവര്‍ത്തകകളുമായിരുന്നു അവരില്‍ ഏറിയ പങ്കും. ഞാന്‍ വീട്ടുജോലികളില്‍ മുഴുകുമ്പോള്‍ ഉമ്മറത്ത് അദ്ദേഹത്തിന്റേയും ചങ്ങാതിമാരുടേയും ഉച്ചത്തിലുള്ള സംസാരവും ചിരികളും ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു. പുരുഷന്മാരുടെ ലോകം  ഞാന്‍ അസൂയയോടെ ഓര്‍ത്തു  അപൂര്‍വ്വം ചില സ്ത്രീകളുടേയും.

അഭിമുഖ സംഭാഷണങ്ങളിലൊക്കെ ജെ.കെ. ഭാര്യയേയും മക്കളേയുംപറ്റി പ്രതിപാദിച്ചു. ജലജ വീട്ടുകാര്യങ്ങളൊക്കെ നോക്കുന്നതിനാലാണ് തനിക്ക് ഗ്രന്ഥരചനയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചില വാരികകളില്‍ എന്റേയും കുട്ടികളുടേയും പടം അച്ചടിച്ചുവരികയും ചെയ്തു. എനിക്ക് ആദ്യമായി വലിയ സന്തോഷം തോന്നി. എന്നാല്‍, അദ്ദേഹം തന്റെ വായനക്കാരെ തൃപ്തിപ്പെടുത്താനായി അങ്ങനെ പറഞ്ഞതായിരിക്കുമോ എന്ന സംശയം പിന്നീട് എന്നെ അലട്ടി.

സ്ത്രീകളുമായുള്ള ജെ.കെയുടെ ഫോണ്‍ സംഭാഷണങ്ങള്‍ നീണ്ടുപോകുമ്പോഴൊക്കെ ഞാന്‍ അസ്വസ്ഥയായി. അദ്ദേഹം പുരുഷന്മാരുമായി ഇടപഴകുമ്പോഴും ഞാന്‍ അസൂയാലുവായി. ഒരിക്കല്‍ ജെ.കെ. ഒരു സ്ത്രീയുമായി സംസാരിക്കുന്നത് ഞാന്‍ ഗൂഢമായ ഒരു താല്പര്യത്തോടെ കേട്ടുകൊണ്ടിരുന്നു. അവര്‍ ചര്‍ച്ചചെയ്ത വിഷയങ്ങളൊന്നും തന്നെ എനിക്കു പരിചിതമായിരുന്നില്ല. ജെ.കെയ്ക്കും ആ സ്ത്രീക്കുമിടയില്‍ നേര്‍ത്തൊരു സൗഹൃദം മാത്രമേയുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. അതിനപ്പുറമുള്ള അടുപ്പം അദ്ദേഹത്തിന് ഒരു സ്ത്രീയുമായും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ശരിക്കും അങ്ങനെയൊരുവള്‍ ഉണ്ടെങ്കിലോ? പെട്ടെന്നൊരു നിമിഷം ഞാന്‍ ചിന്തിച്ചു. ഒരു സ്ത്രീയല്ല, ഒന്നിലധികം സ്ത്രീകള്‍. എന്റെ ഭാവന ഉണര്‍ന്നു. ജെ.കെയുമൊത്തുള്ള രഹസ്യജീവിതത്തിന്റെ വിവരണങ്ങളുമായി അദ്ദേഹത്തിന്റെ ജീവിതത്തിലെ 'മറ്റൊരു സ്ത്രീ' എഴുതുന്ന കത്ത് ദിവസങ്ങള്‍ക്കകം എന്റെ ഡയറിയില്‍ ഞാന്‍ വരച്ചിട്ടു. മനസ്സില്‍നിന്നും വലിയൊരു ഭാരം ഇറങ്ങിപ്പോകുന്നതിന്റെ ലാഘവത്വം ഞാന്‍ അപ്പോള്‍ അനുഭവിച്ചു.

എന്റെ സങ്കല്പങ്ങള്‍ വീണ്ടും കാടുകേറിപ്പോയി. ജെ.കെ. എനിക്കു നിഷേധിച്ച സ്‌നേഹത്തിന്റെ, സ്വകാര്യ നിമിഷങ്ങളുടെ വര്‍ണ്ണനകളുമായി വീണ്ടും എഴുത്തുകള്‍ പിറവികൊണ്ടു. ആ സ്‌നേഹനിരാസത്തിലൂടെ ജെ.കെ. നിരാകരിച്ചത് എന്റെ ജീവിതത്തെത്തന്നെയാണെന്ന തിരിച്ചറിവ് എന്നില്‍ നഷ്ടബോധത്തോടൊപ്പം പകയും ഉണര്‍ത്തി. ജെ.കെയോടുള്ള ദേഷ്യത്തിനു ഞാന്‍ സൃഷ്ടിച്ച സ്ത്രീ കഥാപാത്രങ്ങള്‍ സത്യമല്ലെന്നാരു കണ്ടു? എന്നെ സംബന്ധിച്ച് അവ വാസ്തവമായിരുന്നു. മറ്റുള്ളവര്‍ക്കും അത് അങ്ങനെത്തന്നെയാവണം. ഞാനാ എഴുത്തുകള്‍ കവറുകളിലാക്കി തപാലിലയച്ചു. എന്റെ വിലാസത്തിലേക്ക് മാസങ്ങളുടെ ഇടവേളയില്‍ അവ എത്തിച്ചേര്‍ന്നു. ആ കത്തുകള്‍ നുണയല്ലെന്ന് എനിക്കു ലോകത്തെ ബോധ്യപ്പെടുത്തണമായിരുന്നു. അതിനാണ് ഞാനവ നിന്നെ കാണിച്ചത്.' അമ്മായി എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. ഇപ്പോള്‍ അവരുടെ വാക്കുകളില്‍ ദേഷ്യമോ സങ്കടമോ ഇല്ലായിരുന്നു; കുറ്റബോധവും. 

അമ്മായിയോടൊപ്പം ചെലവഴിച്ച നീണ്ട വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെയപ്പോള്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു. എത്രയെത്ര സംഭവങ്ങള്‍... രൂപഭാവങ്ങള്‍. അതില്‍ ഏതാണ് ശരിക്കുമുള്ള ജലജ അമ്മായി?

അപ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്നും അമ്മായിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. രണ്ടു മിനിറ്റോളം ഫോണില്‍ സംസാരിച്ചതിനുശേഷം അമ്മായി തിരിച്ചെത്തി 'ജെ.കെയാണ്.' അവര്‍ പറഞ്ഞു.
'ഇന്ന് ഉച്ചയാകുമ്പോഴേക്കും എത്തുമെന്നു പറഞ്ഞു. ഇന്നത്തെ പരിപാടി നേരത്തെ കഴിഞ്ഞുവത്രേ.' കയ്യിലിരുന്ന എഴുത്തുകള്‍ ഭദ്രമായി മടക്കി അലമാരയില്‍ വച്ചതിനുശേഷം എന്നെ അവഗണിച്ചുകൊണ്ട് അമ്മായി അടുക്കളയിലേക്കു നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com