'ബാരാ ഇമിലി'- പി.കെ. സുധി എഴുതിയ കഥ

ചെറുപ്രായത്തില്‍ പുറപ്പെട്ടുപോയ ഞാന്‍ പത്തുനാല്‍പ്പതാണ്ടുകളായി യു.പിയിലെ സത്‌നാംപൂരിലാണ് താമസിക്കുന്നത്
'ബാരാ ഇമിലി'- പി.കെ. സുധി എഴുതിയ കഥ

ചെറുപ്രായത്തില്‍ പുറപ്പെട്ടുപോയ ഞാന്‍ പത്തുനാല്‍പ്പതാണ്ടുകളായി യു.പിയിലെ സത്‌നാംപൂരിലാണ് താമസിക്കുന്നത്.

സത്‌നാം ചെറിയൊരു ഗ്രാമമാണ്. ഒരങ്ങാടിയും പത്തുമുപ്പത് കുടിലുകളും അലഞ്ഞുതിരിയുന്ന എരുമകളും പന്നികളും കുറച്ച് ഗ്രാമീണരും മാത്രം. രാവിലേയും വൈകുന്നേരവും ഝാന്‍സി ലളിത്പൂര്‍ പാസ്സഞ്ചര്‍ റേല്‍ഗാഡികള്‍ നിര്‍ത്തുന്ന സത്‌നാംപൂര്‍ സ്‌റ്റേഷനും ഒരു ഗരീബീസ്ഥാനാണ്. ലളിത്പൂരിനും ഝാന്‍സിക്കുമിടയില്‍ ഇതുമാതിരി കൊണംപിടിക്കാത്ത കുറെ സ്‌റ്റേഷനുകളുണ്ട്. 

രാജ്യതലസ്ഥാനത്തിലേയ്ക്കുള്ള തീവണ്ടികള്‍ എന്റെ സത്‌നാമിലൂടെയാണ് പായുന്നത്. സ്പീഡ് ട്രെയിനിലിരുന്ന് ആര്‍ക്കും ഞങ്ങളുടെ സ്‌റ്റേഷന്റെ നാലു ബോര്‍ഡുകള്‍ വായിച്ചെടുക്കാന്‍ സാധിക്കില്ല. മിന്നിക്കളയും. രാത്രിയിലാണെങ്കില്‍ അവിടെങ്ങും വെട്ടവും വെളിച്ചവുമില്ല. പക്ഷേ, ശ്രദ്ധിച്ചാല്‍ മതി. എന്റെ ഗാവ് തിരിച്ചറിയാം. ശ്രദ്ധയോടെ താല്പര്യപൂര്‍വ്വം നോക്കിയിരിക്കണം. കൊല്ലത്തുനിന്നും വരുമ്പോഴെപ്പഴും ഞാനങ്ങനെ ചെയ്യാറുണ്ട്. സ്‌റ്റേഷന്റെ തുടക്കത്തിലും ഒടുക്കത്തിലും വാളന്‍പുളിമരക്കൂട്ടത്തെ കാണാം. റേല്‍പ്പാതയുടെ ഇടത്തും വലത്തും കൃത്യം പന്ത്രണ്ടുവീതം പുളിമരങ്ങള്‍ വീശിപ്പരന്നുണ്ട്. ഈ പന്തീരുനാലു നാല്‍പ്പത്തിയെട്ടു ഇമിലികളാണ് ഈ ഗ്രാമത്തിന്റെ സാക്ഷാല്‍പ്പേരായ ബാരാ ഇമിലിക്ക് നിദാനമായിരുന്നത്. യൂപ്പീലെ ഇമിലിയുടെ കായ ഒരുമാതിരി ഉണങ്ങിച്ചൊട്ടിയതാണ്. നമ്മുടെ നാട്ടുപുളി മാതിരി എഴുന്നേറ്റു പിടുത്തോം ഉഷാറുമില്ല. നമ്മുടെ വാളന്‍പുളിയല്ലേ പുളി! അതു കണ്ടാല്‍ മതി വായില്‍ വെള്ളമൂറും. 

പണ്ടിതൊരു ഇമിലിക്കാടായിരുന്നിട്ടുണ്ടാവാം. ഞാന്‍ കുടിയേറിയ കാലത്തുതന്നെ ബാരാഇമിലി എന്ന പഴയ പേര് ഏതാണ്ട് മാഞ്ഞിരുന്നു. തീരെ വയസ്സന്മാര്‍ മാത്രമേ അതോര്‍ത്തു പറഞ്ഞിരുന്നുള്ളൂ. ഭൂരിപക്ഷത്തിനും അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അക്കാലത്ത് അങ്ങാടിയില്‍ സെയ്‌നി മൂപ്പരുടെ (കെ.എം. സെയ്‌നിയെ എനിക്ക് അന്നുമിന്നും സെയ്‌നിമൂപ്പരെന്നേ വിളിക്കാന്‍ തോന്നിയിട്ടുള്ളൂ) ബംഗ്ലാവിന്റെ ചുവരില്‍ ദണ്ഡിയാത്രയുടെ ഒരു ചിത്രമുണ്ടായിരുന്നു. ബാപ്പുജിയും സംഘവും ഉപ്പു കുറുക്കാന്‍ പോകുന്ന പടത്തിന് ഉപ്പു സത്യാഗ്രഹത്തോളം പഴക്കമുണ്ട്. ഇന്നാട്ടില്‍ പലതരം വര്‍ണ്ണക്കല്ലുകള്‍ കിട്ടും. നിറക്കല്ലാല്‍ കോറിയിട്ട അതിലാണ് ബാപ്പുവിനു പിന്നാലെ നാലാമതായി നില്‍ക്കുന്ന ഞങ്ങളുടെ ഗാവിലെ പ്രസിദ്ധനായ ആസാദി പോരാളിയായ സത്‌നാംസിംഗുള്ളത്. ബാരാ ഇമിലിയിലെ തീവണ്ടിയാപ്പീസ് ധാരാളം എരുമകളുടെ ഉടമസ്ഥനായ ഈ ത്യാഗിയുടെ പേരിലാക്കിയത് ഏതാണ്ട് അന്‍പതുകളുടെ അവസാനത്തിലാണ്. അതോടെ നാടും സത്‌നാംപൂറായി.

ഇവിടെമ്പൊടും ചരിത്രം പെറ്റുകിടക്കുന്നതായി ഒറ്റനോട്ടത്തിലറിയാം. സ്തൂപങ്ങള്‍, സ്തംഭങ്ങള്‍, പൊളിഞ്ഞുപോയ സ്മാരകങ്ങള്‍... ആരുടേതെന്നറിയാത്ത ഒരു ചെറിയ കോട്ടയുടെ അവശിഷ്ടങ്ങളും ശേഷിപ്പുകളുടെ കൂട്ടത്തിലുണ്ട്. ചുരുക്കത്തില്‍ നിഗൂഢമായ ചിലതൊക്കെ സത്‌നാമിലും ചുറ്റുവട്ടങ്ങളിലും ചിതറിക്കിടന്നിരുന്നു. നാട്ടിലെത്തിയ സഞ്ചാരികളെ ഇവയെല്ലാം കൊണ്ടുനടന്നു കാണിച്ചായിരുന്നു ഞാന്‍ പണ്ടു കാലക്ഷേപം നടത്തിയിരുന്നത്. അന്നേറ്റവും ഒടുവിലായിരുന്നു സഫര്‍ക്കര്‍നേ വാലാസിനെ ഞാനീ ചുവര്‍ചിത്രത്തിന്നരുകിലേയ്ക്ക് തെളിച്ചിരുന്നത്. 

സൈനിമൂപ്പരുടെ ചുവരിലെ ആ ചിത്രം കാട്ടിക്കൊണ്ടായിരുന്നു ഞാന്‍ ആസാദി പേരാട്ടത്തില്‍ ബാരാ ഇമിലിക്കും സത്‌നാംസിംഗിനുമുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ക്ലാസ്സെടുത്തിരുന്നത്. അപ്പോഴേയ്ക്കും സായാഹ്ന വണ്ടിക്ക് ഏതാണ്ട് നേരമാകും. സഞ്ചാരികള്‍ ലളിത്പൂരിന്, ബാക്കിയുള്ളവര്‍ ഝാന്‍സിക്കു മടങ്ങും.
 
ഒരിക്കല്‍ ഗ്രാമം കാണാന്‍ വന്നവരിലൊരാള്‍ ഏറെ ക്ഷമയോടെയാണ് എന്നോടത് പറഞ്ഞത്. 

ടീക്ക് ഹേ ബേട്ടാ. ആ ശ്രീമന്‍ സത്‌നാംസിംഗ് ആയിരിക്കാം. പക്ഷേ, അദ്ദേഹം ബാപ്പുവിനൊപ്പം ഉപ്പു കുറുക്കാന്‍ നടന്നിട്ടുണ്ടോ? അക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അതീ ചുറ്റുവട്ടത്തെ ഗ്രാമങ്ങളിലെ ഒരു രീതിയാണ്. ദണ്ഡിയാത്രയുടെ ഇതുമാതിരിയുള്ള ചിത്രങ്ങള്‍ ഈ ലളിത്പൂര്‍ തഹസീലില്‍ പലയിടത്തുമുണ്ട്. ചെന്നു നോക്കിക്കോളൂ. അവിടെല്ലാം ബാപ്പുവിന്റെ പിന്നാലെ നാലാമത്തേയോ അഞ്ചാമത്തേയോ ആളായി ചിത്രീകരിക്കപ്പെട്ടത് അതാത് ഗ്രാമത്തിലെ പ്രമാണിമാരെയാണ്. 

അതെനിക്ക് വലിയ ഷോക്കായിപ്പോയി. പത്തിലെ പബ്ലിക് പരീക്ഷയ്ക്കും ചരിത്രത്തിനു നല്ല മാര്‍ക്കുണ്ടായിരുന്ന ഞാന്‍ സയ്‌നിമൂപ്പരുടെ ആ കൂര വിലയ്ക്ക് വാങ്ങിയതിനു ശേഷം ആ ചിത്രച്ചുവര് ഇടിച്ചുകളഞ്ഞു. എനിക്ക് ഒരിക്കലും മാറാത്ത ഒരു സംശയമുണ്ടായിരുന്നത് ആ എരുമക്കാരന്‍ ഈ നാട്ടിലെ അമീര്‍മാരെ, സര്‍പഞ്ചിനെ, സെമീന്ദാറെയെക്കെ വെട്ടിച്ച് എങ്ങനെയാണ് ചുവരില്‍ കയറിയതെന്നാണ്?

നാലുകായി മുടക്കണം. അങ്ങനെ നാട്ടുചരിത്രകാരന്മാരുടെ വരയ്ക്കും കുറിക്കും വിഷയമായി തീര്‍ന്നാല്‍ കാര്യങ്ങളെല്ലാം മാറി. ഏത് എരുമക്കാരനും ചരിത്രപുരുഷനായി ബാപ്പുവിനൊപ്പം സെല്‍ഫിയെടുക്കാം. 
ങാ. അതാണ് ചരിത്രമെഴുത്ത്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

2
കൊല്ലത്തൂന്ന് ഇരുപത്തിയൊന്നാം വയസ്സില്‍ ഓടിപ്പോന്നവനാണ് ഞാനെന്നു മനസ്സിലായല്ലോ. ഞങ്ങളുടെ വീട് അണ്ടിയാപ്പീസിനടുത്തായിരുന്നു. അവിടെന്നും പാര്‍ട്ടി വഴക്കുകളായിരുന്നു. നാലും മൂന്നും പറഞ്ഞതു മൂത്ത് ആഴ്ചയ്ക്ക് ഒന്നെങ്കിലും അടിപിടി കുറഞ്ഞത് നടന്നിരിക്കും. പിന്നെ പന്തലുകെട്ടും. നേതാക്കമ്മാരെ പ്രതിഷേധ, വിശദീകരണ, പ്രസംഗങ്ങളും കൊറേ നാളത്തേയ്ക്ക് കാണും. സഹാക്കമ്മാരെ മേത്തുള്ള വച്ചുകെട്ടും മുറിവും ഉണങ്ങിയാല്‍ അടുത്ത അടി വൈകാതെ നടക്കും. 

ഞാനന്ന് തെളച്ച് നടക്കണ കാലമായിരുന്നു. ആര്‍.എസ്.പ്പീടെ യൂണിയന്‍ മീറ്റിങ്ങിനിടയിലാണ് അമ്മച്ചിക്ക് എന്നെ പെറാനുള്ള വേദന വന്നതുതന്നെ. ഞങ്ങള് ആര്‍.എസ്.പ്പിക്കാരെ കൊടി ഒരെടെത്തും കെട്ടാന്‍ എടത്തന്മാരും വലത്തമ്മാരും സമ്മതിക്കൂല്ലായിരുന്നു. ഞാനന്നേ വലിയ വാശിക്കാരനായിരുന്നു. 

എനിക്കവമ്മാര് കുറിയിട്ടതായി ഒരു ബന്ധു രഹസ്യമായി വന്നറിയിച്ചു. അമ്മച്ചി ഏങ്ങലടി തുടങ്ങി. അന്നു രാത്രിയില്‍ ഒരു കാറു വന്നു. എന്റെ പാര്‍ട്ടിക്കാരെന്നെ കൊല്ലത്താക്കി. ബംഗാളിച്ചെന്നെറങ്ങണം. 

ബാക്കിയെല്ലാം അവിടത്തെ സഹാക്കന്മാര്‍ നോക്കിക്കോളുമെന്നും പറഞ്ഞു. ഒള്ള ഉയിരും കയ്യിലെടുത്ത് ഞാനേതോ തീവണ്ടീയില്‍ കേറിക്കെടന്നു. 

സംഗതികളൊക്കെ ഒന്നമങ്ങി ഏഴെട്ടാണ്ട് കഴിഞ്ഞാണ് പിന്നെ കൊല്ലത്തോട്ട് പോയത്. നാട്ടിച്ചെന്നപ്പം അറിഞ്ഞത് അന്നെന്നെക്കിട്ടാത്തോണ്ട് തിരിച്ചുവന്ന കാറിനെ മൂന്നുദെവസമാണ് അവമ്മാരന്ന് കസ്റ്റഡില്‍ വെച്ചിരുന്നെതെന്നാണ്. കേട്ടപാടേ ഒരു രോമാഞ്ചം വന്നു. അടുത്തതു കേട്ടതോടെ ദാ രോമാഞ്ചം അതങ്ങ് അണഞ്ഞു. മൂന്നു ഇടതു പാര്‍ട്ടികളും അന്നേരത്ത് ഒരേ മുന്നണിയിലായെന്ന്. പരസ്പരം കൊല്ലാന്‍ നടന്നവര്‍ ഒന്നായിരിക്കുന്നു! സത്യത്തില്‍ ഞാന്‍ കിടുങ്ങിപ്പോയി. 

എന്നെത്തട്ടാന്‍ നടന്നവമ്മാരും നമ്മളെ പാര്‍ട്ടിക്കാരും തോളികയ്യിട്ട് നടക്കണത് കണ്ട് എനിക്ക് വല്ലാതായി. ഞാന്‍ മനസ്സീന്നേ പാര്‍ട്ടിക്കാര്യങ്ങളങ്ങ് വിട്ടുകളഞ്ഞു. അതീപ്പിന്നെ ഞാന്‍ രാഷ്ട്രീയം തൊട്ടിട്ടില്ല. ഞാന്‍ ശരിക്കുമൊരു വടക്കേയിന്ത്യക്കാരനായി. 

പെറന്ന നാടിന് അണ്ടികരിഞ്ഞ മണമാണെങ്കില്‍ പോറ്റുനാട്ടിന് ഏരുമയുടെ നാറ്റമാണ്.

3
സത്‌നാംപൂറില്‍... പേരിലെ ഈ രണ്ടാം ഭാഗം എനിക്ക് തീരെയിഷ്ടമില്ലാത്തതിനാല്‍ ഞാന്‍ സത്‌നാമെന്നേ ആരോടും പറയാറുള്ളൂ. നമ്മക്കും ചെല പേരുകള്‍ മാറ്റിക്കളയാനുള്ള അവകാശമുണ്ടല്ലോ! 
തീരെ പുരാതനമായ സത്‌നാമില്‍ കുറെ ഇടിഞ്ഞുപൊളിഞ്ഞ ബുദ്ധകേന്ദ്രങ്ങളുണ്ടായിരുന്നതായി മുന്‍പു പറഞ്ഞല്ലോ. ഈ ബുദ്ധന്മാരെ സത്‌നാംകാര്‍ ആരുമങ്ങനെ ഗൗനിക്കാറില്ലായിരുന്നു. അതൊക്കെ മന്ദിറുകളാവണമായിരുന്നു! ധുമ്‌നേ വാലാകളെ ചുറ്റിക്കറക്കി നമ്മുടെ ഇമിലികളുടെ അടുത്തെത്തിച്ചിരുന്നു. മരങ്ങളുടെ സ്വാധീനത്തെക്കുറിച്ചും അവരോട് പറഞ്ഞിട്ടുണ്ട്. മുഗളന്മാരും രജപുത്രരും വെട്ടും കൊലയും. അങ്ങനെ ഈ ദിക്കിലെ ചരിത്രം വിശദീകരിച്ച് മടുത്തപ്പോള്‍ എനിക്ക് പുതിയ ഐഡിയ വന്നു. ഒന്നാമാണ്ടില്‍ സ്‌റ്റേഷന്റെ ഇരുവശത്തുമുള്ള പന്ത്രണ്ടേ ഗുണം നാല് അങ്ങനെ നാല്‍പ്പത്തിയെട്ട് ഇമിലി മരങ്ങളിലും ഓരോ ചുവന്ന നൂല് കെട്ടി മനഃമറിഞ്ഞു പ്രാര്‍ത്ഥിക്കുക. അടുത്തയാണ്ട് ഇതേ ഭക്തന്‍ തന്നെ ഓരോ മരത്തിലും ഈരണ്ടു നൂലുകള്‍ വീതം ചുറ്റണം. പിന്നെത്തെയാണ്ടില്‍ മൂന്ന്... അങ്ങനെ പന്ത്രണ്ടു തികയ്ക്കണം. ആഗ്രഹിച്ചതു നടന്നിരിക്കും. 

ഞാന്‍ തന്നെ ചരടുകെട്ടി ആചാരത്തിനു തുടക്കമിട്ടു. തദ്ദേശീയ ആദിവാസികളാണ് ആദ്യം വീണത്. സംശയിച്ചാണെങ്കിലും പടിപ്പും പത്രാസുകാരും അതേ വഴിക്കു നീങ്ങിത്തുടങ്ങി. ഭക്തശിരോമണികള്‍ എന്റെ കയ്യില്‍നിന്നുതന്നെ പറഞ്ഞ കാശിനു ചരടും വാങ്ങിച്ചിരുന്നു. 

ചോദിക്കാനും പറയാനും ആളില്ലാത്തതില്‍ തീരെ പൊടിഞ്ഞ ചില ബുദ്ധന്മാരെ ഒരു പരുവത്തില്‍ ഞാന്‍ നമ്മുടെ ഭഗവാന്മാരും ഭഗവതികളുമാക്കി രൂപമാറ്റം വരുത്തി. രായ്ക്കുരാമാനം പെയിന്റടിച്ച് ഒരു മൂലയ്ക്കുണ്ടായിരുന്ന കല്‍ത്തറയെ ഏതാണ്ടൊരു ജാറപ്പരുവത്തിലെത്തിച്ചു. ചന്ദനത്തിരീം കത്തിച്ചു. 

മതസൗഹാര്‍ദ്ദത്തിനും അങ്ങനെ വഴിയായി. ഇവിടെ തന്ത്രീം മന്ത്രീമെല്ലാം ഞാന്‍ തന്നെയായിരുന്നു. അങ്ങനെ കാണിക്കയും ബക്ഷീഷും വേറെ പോയില്ല. ബുദ്ധന്മാര്‍, ഹിന്ദു സംസ്‌കാരം, മുഗള അധിനിവേശം, ആസാദി ആന്തോളന്‍ അങ്ങനെ പണ്ട് വായിച്ചതും പഠിച്ചതുമായ ഹിന്ദുസ്ഥാനിലെ സര്‍വ്വചരിത്രവും ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ അഗ്രേസിയും ഹിന്ദിയും മലയാളവും തമിഴും കൂട്ടിക്കെട്ടിയങ്ങ് ഇട്ടുകൊടുത്തു. 

കാലംപോയപ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞും പണിഞ്ഞും സെയ്‌നി മൂപ്പരുടെ വീട്... എനിക്കാണിപ്പോള്‍ സത്‌നാമില്‍ ഏറ്റവും കൂടുതല്‍ എരുമകളുള്ളത്. ബുദ്ധിപൂര്‍വ്വം നീങ്ങുക. കാറ്റുള്ളപ്പോള്‍ തൂറ്റുക. പയ്യെ തിന്നാല്‍ പനയും തിന്നാം. ഇരുന്നുണ്ടാല്‍ കുന്നും തലയും അങ്ങനെയൊക്കെയാണ് അമ്മച്ചി കൊച്ചിലേ പറഞ്ഞുതന്നിട്ടുള്ളത്. എന്റെ തലമുടിയില്‍ തടവിക്കൊണ്ടമ്മച്ചി അതൊക്കെ പറഞ്ഞ സമയവും സന്ദര്‍ഭങ്ങളും എനിക്കോര്‍മ്മയുണ്ട്. 

കറുത്തു പൊള്ളിയ അവരെ കയ്യീന്ന് അണ്ടിക്കറയുടെ വാട മൂക്കിലടിച്ചത് ഇന്നെലയായിരുന്നെന്നു തോന്നും. 

4
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ കൊല്ലത്ത് ചെന്നിറങ്ങിയത് ഒരോണക്കാലത്താണ്. അതറിയാതെ പറ്റിപ്പോയതാണ്. സത്‌നാമില്‍ മഴയൊന്നമങ്ങിയപ്പോള്‍ എനിക്ക് നാട്ടിപ്പോവാന്‍ മുട്ടി. അന്നമ്മച്ചി ജീവിച്ചിരിപ്പൊള്ള കാലമായിരുന്നു. ഓണമാണെന്ന് കൊല്ലത്തെറങ്ങിയപ്പഴാണ് മനസ്സിലായത്. പിന്നെ ചിന്നക്കടേന്ന് അമ്മച്ചിക്ക് ഒരു മുഴുവന്‍ ചാപ്പാണം പൊയില വാങ്ങിച്ച് അതും തൂക്കിപ്പിടിച്ച് വീട്ടിലോട്ട് പോയി. 

കൊല്ലത്തെ ഓരോ കാര്യങ്ങള് കേക്കുമ്പോഴും കാണുമ്പോഴും അന്നുമിന്നും എനിക്ക് നാട്ടിനിക്കാനേ തോന്നൂല്ല. വലിയ മിണ്ടലും പറച്ചിലും പ്രസംഗങ്ങളുമില്ലാത്ത ഹിന്ദിനാട് തന്നെ നമക്കു നല്ലതെന്ന് പെറ്റനാട്ടിലെത്തുമ്പോ തോന്നിപ്പോവും.
 
തിരുവോണത്തിന് മുക്കില് വെച്ച് എന്നെക്കണ്ടപ്പഴ് പാസ്‌കരന്‍ സാറ് അടുത്ത് വന്നു. ചെലരെ കാണുമ്പോ തന്നെയറിയാം. ഇപ്പമെന്തോ സംഭവിക്കുമെന്ന്. പത്തുപന്ത്രണ്ടായല്ല് നിന്നെ ഇവിടെയൊക്കെ കണ്ടിട്ട്. നീയിപ്പം എവിടേന്ന്? പള്ളിക്കൂടവും ക്ലാസ്സുകളിലെ ചോദ്യോത്തരങ്ങളും എനിക്ക് ഓര്‍മ്മവന്നു. ഞാന്‍ സത്‌നാംപൂറെന്നു മുഴുവനും പറഞ്ഞു. ആ പൂറൊന്നു കടുപ്പിക്കാനും മറന്നില്ല.

നമ്മുടെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ചെന്നിറങ്ങിയപ്പം... പാസ്‌കരന്‍ സാറിന്റെ ചളിച്ച വര്‍ത്താനം... ഞാനത് കപ്പലണ്ടിമുക്കിലെ പള്ളിക്കൊടത്തി പഠിക്കണ കാലം മൊതല് കേക്കാന്‍ തൊടങ്ങിയതാണ്. 

എനിക്ക് ദേഷ്യം വന്നു. എവമ്മാര് എന്തരറിഞ്ഞിട്ടാണീ പറേണത്? ഞാനാണ് സത്‌നയിലെ ഏക മലയാളി. ചുറ്റുവട്ടങ്ങളിലെ ബാജാറുകളിലും ലളിത്പൂര്‍ തഹസീലിലും കേരള ആദ്മിയായി മറ്റാരുമില്ല. അതെനിക്ക് ഒറപ്പിച്ചു പറയാമ്പറ്റും. അതിനുള്ള പണി ഞാനെടുത്തിട്ടുണ്ട്. അക്കാര്യം കണ്ടുപിടിച്ചതെങ്ങനെയെന്നു പറയാം. ലളിത്പൂര്‍, മഡാവാര വിര്‍ധ, ബാര്‍, താന്‍ബേഹാട്ട് അങ്ങനെ അന്നന്നുപോയി തിരിച്ചുവരാവുന്ന വലിയ ദൂരമില്ലാത്ത സ്ഥലങ്ങളിലേയ്ക്ക് നല്ല ഒണക്കുകാലങ്ങളില്‍ മറ്റു പണികളൊന്നുമില്ലാത്ത ഞാന്‍ പോകുമായിരുന്നു. ബാബുജി, ബഡാസാബ് എന്നൊക്കെയെന്നെ വിളിക്കുന്ന നാലഞ്ച് ബത്മാഷുകളെ എരുമകളെ നോക്കാന്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ വീട്ടിലെ കാര്യങ്ങളെല്ലാം അവന്മാര് നടത്തിക്കോളും. 

ഞാനങ്ങനെ വളരെ ഫ്രീയായി തിരക്കുള്ള അങ്ങാടികളിലൂടെ കൊറെ മുഴുത്ത മലയാളപ്പള്ളുകളും വിളിച്ച് നടക്കും. ആരുമത് കേട്ടിട്ട് ഒന്നു തിരിഞ്ഞുപോലും നിന്നിട്ടില്ല. അവിടെങ്ങും മലയാളികളില്ല എന്ന ഗവേഷണം പൂര്‍ത്തിയാക്കിയതങ്ങനെയാണ്. ഒരിക്കെ വിര്‍ധയിലെ ചൗഹാരയില്‍ വച്ച് ഒരു പട്ടി മാത്രം. അതു കൊറെ കൊരച്ച്, മുടിയും ചെനപ്പിച്ച്, ഇപ്പം നിന്നെ തിന്നുകളുയുമെടാ ഡാഷേ... അങ്ങനെ നിര്‍ത്താതെ പട്ടിത്തെറികളും വിളിച്ച് കൂടെ വന്നു. എവന്‍ ചിന്നക്കടേ കെടന്ന് പുഴുവരിച്ചു ചത്ത വല്ല ടിപ്പുവോ കൈസറോ മണിയന്‍പട്ടിയോ ആണെണ് എനിക്കങ്ങനെ തീര്‍ച്ചവന്നു. പിന്നെ മൂന്നു തമിഴന്മാര് നമ്മുടെ പള്ള് കേട്ട് ചിരിച്ചിട്ടുണ്ട്. 

അതു കണ്ടുപിടിച്ച നമ്മളോടാണീ പുണ്ണാക്കന്‍ പാസ്‌കരന്‍ സാറിന്റെ ഒരു അവിഞ്ഞ കൊണകോഷ്ടം! ആരിക്കാണ് കലിവരാത്തത്? ഒരു പാടാണ്ടു കൂടിക്കിട്ടിയ തിരുവോണമാണല്ലോന്നു കരുതി ഞാനൊന്നും പറഞ്ഞില്ല. ചതയത്തിനു മുന്‍പ് തന്നെ ഞാന്‍ തിരിച്ച് സത്‌നാമിനു വണ്ടികയറി. ഇരുന്നൂറ്റിയമ്പ് പിരിവ് കൊടുത്തിട്ടും ചതയഘോഷയാത്ര കാണാനും നിന്നില്ല. വന്നുവന്നവിടെ നിക്കാന്‍ തോന്നൂല്ല.

അക്കാലത്ത് ഞാന്‍ കൃത്യമായി ടിക്കറ്റ് എടുക്കുമായിരുന്നു. കയ്യില്‍ പൈസവന്ന കാലമല്ലേ! എന്തിന് പണ്ടത്തെ മാതിരി ദാരിദ്ര്യം കാണിക്കണം? വരവുംപോക്കും ഏസിയിലുമാക്കി. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

5
കൊറോണക്കാലത്ത് സത്‌നാമിലേയും കാര്യങ്ങള്‍ തകിടം മറിഞ്ഞു. നോക്കാനും പിടിക്കാനും ആരുമില്ലാതെ തൊട്ടടുത്ത ഗ്രാമത്തിലെ എണ്ണൂറില്‍ നാല്‍പ്പത്തിയഞ്ച് അലവലാതികള്‍ മരിച്ചു. എന്റെ നാല് എരുമക്കാര് ചത്തുപോയി. രണ്ടെരുമകള്‍ക്ക് നിര്‍ത്താത്ത ചുമപിടിച്ചു. പേടിത്തൂറികളായ കുറെയേറെ ഗ്രാമീണര്‍ നാടുവിട്ടുപോയി. ഞാനിത്രയും സങ്കടപ്പെട്ട് കുമ്പിട്ടിരുന്ന ഒരുകാലം മുന്‍പുണ്ടായിട്ടില്ല. വലിയ നിരാശയായിപ്പോയി. ടൂറിസ്റ്റുകള്‍ വരുന്നില്ല. ഝാസിലളിത് പാസ്സഞ്ചറും നിര്‍ത്തി. ഒന്നു നന്നായിട്ട് ഭാരതചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മനുഷ്യരോട് വര്‍ണ്ണിച്ചിട്ട് മാസങ്ങളായി. അതൊക്കെയിനി മറന്നുപോവുമോ? അങ്ങനൊരു പേടിയും വന്നു. മാത്രമല്ല, ഞാനെന്നും അമ്മച്ചിയെ, ഞങ്ങളുടെ പഴയ ഓടിട്ട വീട്. ആ മുറ്റത്ത് ഞങ്ങള്‍ ഒടപ്പിറവികള്‍ ഓടിക്കളിച്ചതും സ്വപ്നം കാണാനും തുടങ്ങിയെന്നേ! ഞാനങ്ങനെ വണ്ടികയറി. 

അഞ്ചെട്ടാണ്ടുകൂടി വന്നതാണ്. ഒരു കാര്യം ശ്രദ്ധിച്ചു. അവിടെ എനിക്ക് ഓഹരിയിട്ടിരുന്ന ആ അഞ്ച് സെന്റ് സ്ഥലം? വസ്തൂനും കൊറോണ വരുമോ മെച്ചിനാ? അതു ചത്തുപോവുമോ? അതിനെക്കുറിച്ചു ചോദിച്ചപ്പം അടുത്ത് താമസിച്ചിരുന്ന അളിയന്‍ അത്, ഇത് എന്നൊക്കെയല്ലാതെ കൃത്യമായി ഒന്നും പറഞ്ഞില്ല. കൊല്ലമൊരു വലിയ പട്ടണമാണ്. നെറയെ ആളുകളുമൊണ്ട്. പക്ഷേങ്കി എന്നെ തിരിച്ചറിയുന്നവര്‍? വായ്ക്ക് രുചിയായിട്ട് വര്‍ത്തമാനം പറയാനും ആരും നിന്നുതന്നില്ല.

ഞാന്‍ തിരിച്ചു കയറി. തീര്‍ത്തും ലോകം മാറിയിരിക്കുന്നു. തീവണ്ടി ഭോപ്പാലെത്തുന്നതിനു തൊട്ടുമുന്‍പുള്ള ഹബീഗ്ഗഞ്ച് സ്‌റ്റേഷന്‍ കടക്കുന്നത് നോക്കിയിരുന്നു. നേരം വെളുത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ. അവിടെയാണ് വാളത്തുംഗലിലെ ഞങ്ങളെ അപ്പച്ചീടെ മോളെ മോള്അവള് എനിക്കും മൊറയില്‍ മോളു പെണ്ണായിട്ട് വരുംനഴ്‌സായി ജോലി ചെയ്യുന്നത്. ആ സ്‌റ്റേഷന്‍ കണ്ടില്ല പകരം റാണി കമലാപതി... അത് തോന്നലാവും അടുപ്പിച്ചുള്ള യാത്രകളല്ലേ! പക്ഷേ, കൊല്ലത്തോട്ടു പോയപ്പം ഹബീഗ്ഗഞ്ച് അവിടുണ്ടായിരുന്നല്ലോ! എന്റെ വണ്ടി ലളിത്പൂരില്‍ നിര്‍ത്തുന്നതല്ല. അങ്ങനെ ഝാന്‍സിയിലിറങ്ങാന്‍ നേരത്ത് ഞാനൊന്നുകൂടി കുഴങ്ങി. ഒന്നല്ല. ഒരു നൂറുവട്ടം കുഴങ്ങി. സ്‌റ്റേഷനിലൊരിടത്തും ഝാന്‍സി എന്ന എഴുത്തില്ല. വീരാംഗന ലക്ഷ്മീഭായ് ആയി അതു പേരുമാറ്റിയിരിക്കുന്നു. 

ഇനി പുറകിലേയ്ക്ക്‌ലളിത്പൂരിനുള്ള വണ്ടി പിടിക്കണം. വൈകുന്നേരത്തിനുള്ള പാസ്സഞ്ചര്‍ ട്രെയിനും കാത്തിരുന്നു. സാധാരണയായി പശുവും പുല്ലുകെട്ടുകളുംവരെ കയറുന്ന തീവണ്ടിയാണ്. ഇന്നതൊന്നുമില്ല. സൈക്കിളും പാല്‍പ്പാത്രങ്ങളുമുണ്ടായില്ല. വഴിക്ക് ഞാനൊരു കാര്യം മനസ്സിലാക്കി; മൗരാണിപൂര്‍, റാണിപ്പൂര്‍, പൃഥിപ്പൂര്‍ ആ സ്‌റ്റേഷനുകളെല്ലാം കൊല്ലത്തൊന്നു പോയി വന്നതിനിടയില്‍ പേരുമാറ്റിക്കളഞ്ഞിരിക്കുന്നു. 
ഈ പേരുമാറ്റക്കളി ഒരു കണക്കിനു നന്നായി. കൊല്ലത്തൂന്ന് ജാതീം മതോം തിരിയാത്ത ഷാജിയെന്ന നാമവുംകൊണ്ട് തെണ്ടിത്തിരിഞ്ഞ് ബംഗാളില്‍ ചെന്നുകയറാതെ സത്‌നാമിലെത്തിയപ്പോള്‍ ഞാന്‍ ഹരിചന്ദ്രപുരിയായി മാറിയതുകൊണ്ടാണ് ഗൊണം പിടിച്ചത്. ആധാറും ഹരിചന്ദ്രപുരിയുടെ പേരിലാണേ. പ്രായമേറുന്നതിനനുസരിച്ച് മനുഷ്യന്മാര്‍ പേരുമാറ്റുന്നത് നന്നാണ്. ഈ അറുപതു വയസ്സായ ഞാന്‍ ഒരു ഷാജിയോ സുരേന്ദ്രനെ സന്തോഷ് കുമാറോ ആയി നടന്നാലതിലൊരു ഗുമ്മില്ല. 

അന്നത്തെ യാത്രയുടെ ഒടുവില്‍ നല്ല തമാശയാണ് കണ്ണാല്‍ കണ്ടത്. കണക്കുകൂട്ടി ഇറങ്ങാന്‍ കാലെടുത്ത് വച്ചപ്പോള്‍ സത്‌നാംപൂറുമില്ല. അത് ഭാഗവത്പുരമായി മാറിയിരിക്കുന്നു. കഷ്ടം! ഇന്ദിരാ ഗാന്ധിയെ അന്നു സത്‌നാംസിംഗ് വെടിവച്ചപ്പോള്‍ പോലും പഴയ ബാരാ ഇമിലിയിലേയ്ക്ക് തിരിച്ചുപോകാത്ത ചരിത്രമുള്ള നാടായിരുന്നു ഞങ്ങളുടേത്.

മാന്തുക, മാറിടം, കടപ്പാക്കട, വാളത്തുംഗല്‍, കപ്പലണ്ടിമുക്ക്. ഓ. ചിന്നക്കട, ചെറിയ, വലിയകട അങ്ങനെ നാട്ടിലെ ഒരു മെനയുമില്ലാത്ത സ്ഥലപ്പേരുകള്‍! അതല്ലാം പെയിന്റടിച്ച് ഈ യൂപ്പീലെ മാതിരി പുതുപുത്തനാക്കണം. അപ്പോ കേരളവും പുതിയ രൂപത്തിലാവും. നാടു പുരോഗമിക്കും. എന്നാലേ നയാ ഇന്ത്യ ജനിക്കത്തൊള്ളൂ. 

ഇതൊക്കെ അവിടത്തന്നെ നിന്നു കറങ്ങാതെ കേരളത്തിനു പൊറത്തുവന്നാലേ അറിയത്തൊള്ളൂ.

പേരുകള്‍ മാറുന്നതിനെക്കുറിച്ചു പറഞ്ഞു നേരം കളഞ്ഞു. ഞാന്‍ ഫാമിലി കാര്യങ്ങളൊന്നും വെളിപ്പെടുത്തിയില്ല. സോറി. നമ്മള് മലയാളക്കാരും നമ്മടേത് നല്ല മുഴുത്ത വാളമ്പുളിയുമല്ലേ! ഇവിടത്തവന്മാരെക്കൂട്ട് ചുക്കിച്ചൊങ്ങിയ ഇമിലി മാതിരിയല്ലല്ലോ. 

എനിക്ക് സംബന്ധം മൂന്നായിരുന്നു. എല്ലാം ഹിന്ദിക്കാരികള്‍. അതൊക്കെ പറയാന്‍ നിന്നാലെളുപ്പം തീരത്തില്ല. പിന്നൊരിക്കലാവാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com