'ഒസ്യത്ത്'- വി. പ്രവീണ എഴുതിയ കഥ

By വി. പ്രവീണ  |   Published: 27th November 2022 02:59 PM  |  

Last Updated: 27th November 2022 02:59 PM  |   A+A-   |  

story

 

 

1
ജീവിതം കൊണ്ട് ഞെട്ടിക്കുന്നവര്‍ ഇങ്ങനെ മരണം കൊണ്ടും ഞെട്ടിക്കുന്നത് എന്തൊരു ഗതികേടാ... ജീവിച്ചിരുന്ന കാലത്ത് ചില മരണങ്ങളുടെ കാര്യത്തില്‍ ഞാനും ഇങ്ങനൊക്കെ ചിന്തിച്ചിട്ടുണ്ട്. അതേപോ ലെ ഞെട്ടിച്ചുകൊണ്ടായിരിക്കും ഞാനും ഈ ലോകം വിടുന്നതെന്ന് അന്നൊന്നും ഓര്‍ത്തിരുന്നില്ല. പുതുക്കാട്ടയ്യത്ത് ഓനാന്‍ മകന്‍ ഔസേപ്പെന്ന ഞാന്‍ സത്യത്തില്‍ എന്തൊരു ചെയ്ത്താ ഈ ചെയ്തത്. അടച്ച പെട്ടി കല്ലറയിലേക്ക് താങ്ങിയെടുക്കാന്‍ കുടുംബക്കാരൊക്കെ അടുത്തേക്ക് വന്നുകഴിഞ്ഞു. ശവപ്പെട്ടിയുടെ ഇടതുവശത്ത് ഇരിക്കുന്ന ചട്ടയുടുത്ത സ്ത്രീയാണ് എന്റെ ഭാര്യ സാറ. തൊട്ടടുത്തിരിക്കുന്നത് ഞങ്ങക്ക് ആകെക്കൂടെയുള്ള സന്തതി റോയിക്കുട്ടി. റോയിക്കുട്ടിയുടെ കെട്ട്യോള് റൂബിയും മക്കള്‍ ആബേലും തെരേസയുമാണ് പിന്നില്‍. പെട്ടി താങ്ങിപ്പൊക്കിക്കഴിഞ്ഞു. തങ്ങളെ ആര് താങ്ങുമെന്ന മട്ടിലതാ സാറയും റോയിക്കുട്ടിയും. എന്റെ അവശേഷിച്ച ശരീരത്തില്‍ പട്ടക്കാരന്‍ കുരിശാകൃതിയില്‍ പൂഴി തൂകുകയാണ്.
മക്കളില്‍ അപ്പന്‍ കൃപ ചെയ്തതുപോലെ
ഭക്തരില്‍ ദൈവം കൃപ ചെയ്യും.

ഒടുവിലെ പ്രാര്‍ത്ഥന കേട്ട് പതംപറഞ്ഞ് വാവിട്ടു നിലവിളിക്കുന്ന റോയിക്കുട്ടിക്ക് മേല് കുഴഞ്ഞ മട്ടാണ്. ദേ അവനിപ്പോ വീഴും. ഇല്ല ഭാഗ്യം. മറിഞ്ഞുവീഴുന്നതിനു മുന്നേ ആരാണ്ടൊക്കെയോ ചേര്‍ന്ന് താങ്ങി. ശവം കല്ലറയിലേക്ക് നടന്നുതുടങ്ങി. വെച്ചോണ്ടിരിക്കാന്‍ പാകത്തിനല്ല ശരീരം. മരിച്ചുകൂടാത്ത സമയമൊന്നുമല്ലായിരുന്നു. പക്ഷേ, ഞാന്‍ ഇങ്ങനെ മരിക്കേണ്ട ആളൊന്നും ആയിരുന്നില്ലെന്നാണ് എല്ലാരും പറഞ്ഞുവെക്കുന്നത്. കല്ലറമൂടിക്കഴിഞ്ഞു. പള്ളി വികാരി ഈപ്പന്‍ മത്തായിയും ഇടവക അംഗങ്ങളെപ്പോലെ മരണം ഉണ്ടാക്കിയ അങ്കലാപ്പില്‍ തന്നെയാ. ആ മുഖത്തൂന്ന് അത് വായിച്ചെടുക്കാം. എണ്‍പതുകാരനും തികഞ്ഞ ആരോഗ്യവാനുമായ എന്റെ മരണത്തെപ്പറ്റിത്തന്നെയാണ് ചുറ്റും കൂടി നില്‍ക്കുന്നവര് ഇപ്പോ അച്ചനോട് പറഞ്ഞോണ്ടിരിക്കുന്നതും. നാട്ടുകാരുടെ കാര്യമല്ലേ. അവര്‍ക്ക് പറഞ്ഞൂടാത്തതായി വല്ലോം ഉണ്ടോ. പക്ഷേ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ യോജിച്ച പ്രായത്തില്‍ അല്ലാതായിപ്പോയി മരിപ്പ്. അന്യന്റെ മരണത്തിലേക്ക് മറ്റുള്ളവര്‍ക്ക് ആര്‍ത്തിയോടെ പാഞ്ഞുചെല്ലാന്‍ പ്രായവും ഒരു ഘടകമാണല്ലോ. ഈപ്പന്‍ മത്തായി ഇടവകപ്പള്ളിയില്‍ വികാരിയായി എത്തിയിട്ട് കഷ്ടിച്ചൊരു മാസം തികയുന്നതേയുള്ളൂ. അയാളോട് ചോദിച്ചറിയാന്‍ ചെന്നിട്ട് കാര്യമൊന്നുമില്ല. പിന്നാരോട് ചോദിക്കാന്‍. മറുപടി പറയേണ്ടവന്‍ അടച്ച തടിപ്പെട്ടിക്കുള്ളില്‍ മണ്‍കുഴിയില്‍ അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞു.

ഞങ്ങടെ കുടുംബക്കാരൊഴികെയുള്ളവരൊക്കെ പള്ളിയുടെ ഒതുക്കുകള്‍ ഇറങ്ങി വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പള്ളി മിനാരത്തിലെ പ്രാവുകളുടെ കുറുകലിപ്പോ നന്നായി കേള്‍ക്കാം. അതിനൊപ്പം കലര്‍ന്നു കേള്‍ക്കുന്നത് സാറയുടെ തേങ്ങലാണ്... എല്ലാരും കരുതുന്നപോലെതന്നെ ദൈവഭയം ഉള്ളവനായിരുന്നു ഞാന്‍. അടിപറ്റിയ വറ്റ് വലിയ വിരുന്നൊരുക്കാനുള്ള വകയായി പരുവപ്പെട്ടപോലെയായിരുന്നു എന്റെ ജീവിതം. എന്തൊരു മായാജാലമായിരുന്നു.

കുഴിമാടത്തിലേക്കുള്ള ഈ പോക്ക് ചെകുത്താന്‍ കൂടിയ നേരത്ത് പറ്റിപ്പോയൊരു തോന്നലായിട്ടേ എല്ലാരും കാണൂ. ദേണ്ടേ, സാറയും മരുമകളും കൊച്ചുമക്കളും കയറിയ കാറ് റൂബിയുടെ ഒടയാമ്മുറ്റത്തെ തറവാടുവീട്ടിലക്ക് പോവുകയാണ്. അവര് തല്‍ക്കാലം കുറച്ചുദിവസം അവിടെ നില്‍ക്കുമായിരിക്കും. പിന്നങ്ങോട്ട് എന്താ എങ്ങനാ എന്നൊക്കെ എത്തുംപിടീം കിട്ടാന്‍ കുറച്ചു ദിവസമെടുക്കും. സെമിത്തേരിയിലെ മരണത്തിരക്കില്‍ മണ്ണോടമര്‍ന്ന തൊട്ടാവാടിച്ചെടികള്‍ ഇലനിവര്‍ത്തുന്നത് നോക്കിയിരിക്കാന്‍ നല്ല രസമുണ്ട്. ഉള്‍വലിഞ്ഞ മനുഷ്യമ്മാരെപ്പോലെതന്നെയാ ആ ചെടിപ്പടര്‍പ്പും. കുമ്പസാരിക്കാന്‍ ആരോ വന്നിട്ട് ഈപ്പന്‍ മത്തായി അകത്തേക്ക് കയറിപ്പോയി. എല്ലാരേം പറഞ്ഞയച്ചിട്ട് റോയിക്കുട്ടി മാത്രം കല്ലറയ്ക്കരികത്ത് നില്‍പ്പുണ്ട്. റൂബിയുടെ ആങ്ങളക്കൊച്ചന്‍ കൂട്ടുനില്‍ക്കാമെന്നു പറഞ്ഞതാ. പക്ഷേ, റോയിക്ക് കുറച്ചുനേരം തനിച്ചിരിക്കണം എന്നൊരു തോന്നല്‍. ഇരുട്ടുന്നേന് മുന്നേ ഒടയാമ്മുറ്റത്തൂന്ന് വണ്ടി വല്ലോം വന്ന് അവനെ കൂട്ടിക്കൊണ്ടുപോകുമായിരിക്കും. അതുവരെ അവിടെ ഇരുന്ന് അപ്പനോട് 
ചോദിക്കാന്‍ ബാക്കിവെച്ച ചോദ്യങ്ങളൊക്കെ ചോദിക്കാന്‍ അവനൊരു തോന്നലുണ്ടാകും. അവന്‍ പണ്ടും അങ്ങനാ. അതും ഇതും ചോദിച്ചും പറഞ്ഞും എന്റെ പിന്നാലെ നടക്കും. പള്ളിമുറ്റത്തിപ്പോള്‍ പൗലോസ് മാത്രമേയുള്ളൂ. ഏതാണ്ടൊരുമാതിരി ഏനക്കേടുംകൊണ്ട് അവിടേം ഇവിടേം കുറേ നേരമായി അവന്‍ നിന്നുതിരിയുന്നു. മേലനങ്ങാന്‍ മടിയുള്ള പാവത്താനാ. എന്തോ പിറുപിറുക്കുന്നുണ്ട്. കര്‍ത്താവിനോടാണ്. നീട്ടിയൊരു കുരിശും വരച്ചിട്ട് പൗലോസ് മരിപ്പിനു വന്നവര്‍ക്ക് ഇരിക്കാന്‍ നിരത്തിയിട്ട കസേരകള്‍ അടുക്കിവെക്കുകയാണ്.

മലയടിപ്പള്ളിയില്‍ ആണ്ടുനേര്‍ച്ച കൂടാന്‍ പോകണമെന്ന് റോയിക്കുട്ടിയോട് ഞാന്‍ തന്നാ പറഞ്ഞത്. കാത്തുവെക്കാനുള്ള മൊതല് വീടിനുള്ളിലെത്തിയതില്‍പ്പിന്നെ അങ്ങനൊരു പോക്ക് പതിവില്ലാത്തതാ. വീടുംപൂട്ടി ഇറങ്ങാന്‍ നേരത്ത് ഉള്‍വിളി. കാത്തുവെച്ചതൊക്കെ ആരേലും കട്ടോണ്ടു പോകുമെന്നൊരു പേടി. അതിനെ മറികടക്കാന്‍ പറ്റാഞ്ഞിട്ട് തിരികെ അകത്തോട്ട് കേറി. കതകടച്ച് കുറച്ചുനേരം കിടന്നു. വെട്ടം വീണാപ്പിന്നെ അയ്യത്തൊന്ന് ഇറങ്ങി നടക്കുന്ന പതിവുണ്ട്. വെള്ളിയാഴ്ചച്ചന്തയ്ക്ക് വാങ്ങിവച്ച പേരത്തൈ അടുക്കള വശത്ത് ഇരിക്കുന്ന കാര്യം എനിക്കപ്പോ ഓര്‍മ്മവന്നു. പുറത്തിറങ്ങി കതക് വലിച്ചടച്ചേച്ച് ഞാന്‍ പേരത്തൈയും കൂന്താലിയും എടുത്ത് കിഴക്കു വശത്തോട്ട് നടന്നു. ശീമപ്ലാവിന്റെ മൂട്ടീന്ന് മാറി വെട്ടം കിട്ടുന്നിടത്ത് നടാനായിരുന്നു. അന്നേരം പൗലോസ് ശീമപ്ലാവിന്റെ കൊമ്പത്ത് അള്ളിപ്പിടിച്ച് ഇരിപ്പുണ്ടെന്നും എന്നെ കണ്ടിട്ട് അവനിറങ്ങി എരിത്തിലിന്റെ പുറകില്‍ പതുങ്ങുമെന്നും ആരറിഞ്ഞു. അന്നവിടെ നടന്നത് എന്താന്ന് പൗലോസ് കാണാനിടയുണ്ടായിരുന്നു. പക്ഷേ, പാതിവെന്ത എന്റെ ശരീരം പോലെ അവനും കാണേണ്ട കാഴ്ച പാതിയേ കണ്ടുള്ളൂ. അതിന്റെ വേവലാതിയാ ഇപ്പോള്‍ അവന്റെ മുഖത്ത് എഴുതിവെച്ചിരിക്കുന്നത്. താങ്ങാന്‍ പറ്റാത്ത ഏനക്കേടുംകൊണ്ട് അവന്‍ പള്ളിമുറ്റത്ത് നിന്ന് ചുറ്റിത്തിരിയുന്നത് കണ്ടിട്ട് എനിക്കുപോലും ഒരു പൊറുതികേട്.

തലേക്കെട്ട് വലിച്ച് തോളത്തിട്ട് അള്‍ത്താരയ്ക്കു നേരെ ഒരു കസേര വലിച്ചിട്ട് പൗലോസ് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ. കുറച്ചങ്ങോട്ട് മാറി വല്യപ്പാപ്പന്റെ അതായത് എന്റപ്പന്റെ കല്ലറയ്ക്കു മുകളില്‍ കയറി പാവമെന്റെ റോയിക്കുട്ടിയും അതേ ഇരിപ്പിലാണ്. സത്യം കല്ലറ കയറിവരുമെന്ന് അവനാഗ്രഹിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല. മരണപ്പെട്ടവനെ പരലോകത്തേക്ക് വിശുദ്ധനാക്കി യാത്രയയച്ച പുകച്ചുരുള്‍ അന്തരീക്ഷത്തില്‍ വലയം തീര്‍ത്ത് അവിടെത്തന്നെ തങ്ങിനില്‍ക്കുന്നത് എനിക്കു കാണാം. റോയിക്കുട്ടി പരലോകത്തേക്കും പൗലോസ് കര്‍ത്താവിങ്കലേക്കും പങ്കുവെക്കാന്‍ ഒരുമ്പെടുന്ന കാര്യങ്ങളിലെ തെറ്റ് തിരുത്തി വസ്തുനിഷ്ഠമാക്കാന്‍ കാത്തുനിന്ന കൃത്യവാനായ ആത്മാവിന്റെ രൂപം. എനിക്കു മാത്രം വെളിപ്പെടുന്ന ധൂപവലയങ്ങളില്‍ ആ രൂപം ഞാന്‍ കാണുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

2
അപ്പനും അപ്പനു മുന്‍പേ പോയവരും ഉറങ്ങുന്ന മണ്ണല്ലേ ഇത്. ഉള്ളിലെ ദെണ്ണം നിങ്ങളോടല്ലാതെ ആരോട് പറയാനാ. അപ്പന്‍ ഈ ചെയ്ത ചെയ്ത്ത് വല്ലാത്ത ചതിയല്ലിയോ. ഞാനിനി എന്തോ ചെയ്യും. അമ്മച്ചിയും പെണ്ണുമ്പിള്ളയും മക്കളും... അവരെ ഞാനെങ്ങനെ പോറ്റും. ഓര്‍മ്മയുള്ള കാലംതൊട്ട് ഞാന്‍ കാണുന്നതാ അപ്പന്റെ പെടാപ്പാടൊക്കെ. മഴക്കാലത്ത് ചോരുന്ന കൂരയില്‍ അപ്പനും ഞാനും അമ്മച്ചിയും കൂടി കുടചൂടി ഇരുന്നിട്ടുണ്ട്. റോയിയേ, മക്കള് വിഷമിക്കണ്ടടാ... കഷ്ടപ്പാടൊക്കെ മാറുമെന്നു പറഞ്ഞ് അന്നപ്പനെന്നെ ചേര്‍ത്തുപിടിച്ചതൊന്നും ഞാനൊരു കാലത്തും മറന്നിട്ടില്ല. അപ്പനൊരിക്കലും വെറുതേയിരുന്നിട്ടില്ല. മുഴുപട്ടിണി വന്നുകൂടിയപ്പോഴും കയ്യിലുണ്ടാരുന്ന മുതല് വിറ്റു തുലച്ചിട്ടുമില്ല. അപ്പനെന്തൊരു പോരാളിയായിരുന്നു. കണ്ടവരുടെ പറമ്പിലെ കുപ്പ പെറുക്കി വിറ്റിട്ടാ അപ്പനെന്നെ പോറ്റിയത്. അടുക്കിക്കൂട്ടിയ ആക്രി തലച്ചുമടെടുത്ത് അപ്പന്‍ അങ്ങാടിയിലോട്ട് വേച്ച് നടക്കുന്നത് ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്. പാതിരായ്ക്ക് അമ്മച്ചീം ഞാനും കിടക്കുന്ന മുറീല് അപ്പന്‍ വന്നു കയറുമ്പോ കുളിച്ചാലും മാറാത്ത ഉളുമ്പുമണവും കൂടെ കയറിപ്പോരാറുണ്ടായിരുന്നു. അന്യര് കയ്യൊഴിയാന്‍ വച്ചതൊക്കെ തന്റേതാക്കി മാറ്റിയ പാങ്ങിന് അപ്പനൊപ്പം പൊറുതി കൂടിയതാണ് ആ മണം. കുപ്പ പെറുക്കി വിറ്റാ അപ്പന്‍ വളര്‍ന്നതും ഞങ്ങളുടെ വിശപ്പ് തളര്‍ന്നതും. അപ്പന്റെ ജീവിതം കണ്ട് ഈശോപോലും അതിശയിച്ചിട്ടുണ്ടാവും.

അഴുക്കും വിഴുപ്പും അടുക്കിക്കൂട്ടി അപ്പന്‍ മുക്കിലൊരു കടയിട്ടു. വെട്ടംവീഴും മുന്‍പേ ചാക്കും തൂക്കി ഇറങ്ങും. മുക്കിലെ കടയെല്ലാം പൂട്ടിയാലും അപ്പന്റെ കടയില്‍ വെട്ടം അണയാറില്ലായിരുന്നു. നല്ല പ്രായം മുഴുവനും അപ്പനങ്ങനെ ചോരനീരാക്കി. അതുകൊണ്ടെന്താ അപ്പന്റെ കയ്യില്‍ നാല് ചുള വന്നു. കാലണപോലും കളയാതെ കൂട്ടിവെച്ച് അപ്പന്‍ കാശുകാരനായി. ഒന്നും ചെയ്യാന്‍ പറ്റാത്ത തരത്തില്‍ അപ്പന്‍ വളര്‍ന്നപ്പോ നാട്ടുകാര് അപ്പനെ ആക്രീ ആക്രീന്ന് നീട്ടിവിളിച്ച് മനക്കുത്ത് തീര്‍ത്തു. ഞങ്ങടെ കഷ്ടപ്പാട് മാറി. പൈസേം പത്രാസും ആയപ്പോഴും എല്ലാരും അപ്പനെ ആക്രീന്നു തന്നെ വിളിച്ചു. അപ്പനത് ഔസേപ്പെന്ന് തിരുത്താനൊന്നും പോയില്ല. അപ്പന്‍ വളര്‍ന്നതില്‍ അസൂയ ഇല്ലാത്തത് ആര്‍ക്കാ. ചോരുന്ന കൂര പൊളിച്ച് അപ്പന്‍ ഒന്നാന്തരമൊരു വീട് കെട്ടിപ്പൊക്കി. ജീപ്പ് വാങ്ങി. നാട്ടിലെ പ്രമാണിയായി. അമ്മച്ചി കനത്ത സ്വര്‍ണ്ണമാല കഴുത്തിലിട്ട് ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് പോയിത്തുടങ്ങി.

നാട്ടുകാര്‍ക്ക് അപ്പനോട് അസൂയയും കൂടി. പൈസേടെ കാര്യത്തില്‍ അപ്പന്‍ ആരേം വിശ്വസിച്ചില്ല. അപ്പന്റെ ബാങ്ക് വീടായിരുന്നു. സമ്പാദിച്ചതൊക്കെ മുറിയില്‍ വെച്ച് പൂട്ടി അപ്പന്‍ അതിനു കാവലിരുന്നു. റോയിയേ നമക്കൊന്ന് മലയടിപ്പള്ളിയില്‍ ആണ്ടുനേര്‍ച്ച കൂടണമെന്ന് അപ്പന്‍ പറഞ്ഞപ്പോ ഞാന്‍ ഞെട്ടി. ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാനയ്ക്ക് പോവാന്‍പോലും മടിയുള്ള അപ്പനിത് എന്തോ പറ്റിയെന്ന് ഞാന്‍ അതിശയിച്ചു. അപ്പനീ വയ്യാത്ത കാലും വെച്ച് മലകയറുമോ എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ അനങ്ങിയില്ല.

എല്ലാം റെഡിയാക്കി പിറ്റേന്ന് പുലര്‍ച്ചെ വണ്ടിയില്‍ കയറാന്‍ നേരത്ത് അപ്പന്‍ പറയുവാ ഞാന്‍ വരുന്നില്ലെന്ന്. വീടടച്ചിട്ട് പോവാനുള്ള മടിയാണെന്ന്. എനിക്കും അമ്മച്ചിക്കും മനസ്സിലായി. എന്നാ നിങ്ങള് പോയിട്ട് വാ ഞാനിവിടെ ഇരുന്നോളാം എന്നു പറഞ്ഞ് തിരികെക്കയറിയ അമ്മച്ചിയെ ഉന്തിത്തള്ളി വണ്ടിയില്‍ കയറ്റി അപ്പന്‍ അകത്തുകയറി കതകടച്ചു. അമ്മച്ചിക്കും എനിക്കും ചിരിയാ വന്നത്. ഇങ്ങേരെപ്പോലൊരു പൂതം എന്നും പറഞ്ഞ് അമ്മച്ചി ചിരിച്ചപ്പോ ഞങ്ങളും കൂടെച്ചിരിച്ചു. അങ്ങോട്ടുള്ള യാത്രയില്‍ അമ്മച്ചി എന്റെ മക്കളോട് വലിയപ്പച്ചന്‍ കടന്നുപോയ കഷ്ടപ്പാടുകള്‍ ഓരോന്ന് പറയുന്നുണ്ടായിരുന്നു. അതുകേട്ടിട്ട് എന്റെ പിള്ളേരുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ണാടിയില്‍ കണ്ടു. പള്ളിയിലേക്കുള്ള മലകയറുന്നതിനിടയിലാ ഫോണ്‍ വന്നത്. അപ്പനൊന്നു വീണതാണെന്നേ വിളിച്ചയാള് പറഞ്ഞുള്ളൂ. വണ്ടി പറത്തി ഇങ്ങ് വന്നപ്പോഴേക്ക് വീടിരുന്നിടത്ത് കരിയും പുകയും മാത്രം. മോര്‍ച്ചറീല്‍ അപ്പനെ കിടത്തിയിടത്തോട്ട് ഞാന്‍ പോയില്ല. മരിച്ച അപ്പനെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ പാകത്തിനൊന്നും തീ ബാക്കിവെച്ചതുമില്ല.

3
സത്യത്തില്‍ ഞാനിവിടെ ചുറ്റിപ്പറ്റി നിന്നത് അച്ചനെ കണ്ടൊന്ന് കുമ്പസാരിക്കാന്‍ തന്നെയാ. ചെയ്യാത്ത കുറ്റത്തിന്റെ ഭാരം കൊണ്ടെനിക്ക് നിവര്‍ന്നിരിക്കാന്‍ പറ്റുന്നില്ലീശോയേ. മറശീല വിരിച്ചിട്ട് അച്ചനിപ്പോ ആരുടേയോ രഹസ്യം കേട്ടോണ്ടിരിക്കുവേ. ഞാനിനി അച്ചനോടൊന്നും പറയാന്‍ നില്‍ക്കുന്നില്ല. ഉള്ളതൊക്കെ കര്‍ത്താവെ നീയൊന്ന് കേള്‍ക്കണം. എനിക്ക് പറയാനുള്ളത് കുറച്ച് കനപ്പെട്ടൊരു കാര്യമാണ്. ആകയാല്‍ വേണ്ടപോലെ കേക്കണം. ഈ രഹസ്യത്തോട് നീതി കാട്ടണം... കര്‍ത്താവ് മനുഷ്യരെപ്പോലെ ചിന്തിക്കുന്ന ആളാണെങ്കില്‍ പൗലോസേ നീയിപ്പോ കുടിച്ചിട്ടുണ്ടോ എന്നായിരിക്കും എന്നോട് ചോദിക്കുന്നത്. കര്‍ത്താവാണേ എന്റെ രണ്ട് പിള്ളേരേ പെറ്റ പെണ്ണുമ്പിള്ളയാണേ ഞാനിന്നെന്നല്ല രണ്ട് ദിവസമായി ഒരു തുള്ളി തൊട്ടിട്ടില്ല... എല്ലാം പറഞ്ഞിട്ട് ഇന്നെനിക്കൊന്ന് നീതിമാനെപ്പോലെ കിടന്നുറങ്ങണം... ഈശോയേ ഞാനാകെ അങ്കലാപ്പിലാ. മനുഷ്യരില്‍ ചെകുത്താനും ദൈവവുമുണ്ട്. പക്ഷേ, ഇതു രണ്ടുമല്ലാത്ത ഒരുത്തനാ ഞാന്‍. എന്നുവെച്ചാ വേണമെങ്കില്‍ ദൈവവുമാകാം ചെകുത്താനുമാകാം... കുരിശീന്ന് ഇറങ്ങിവന്ന ഒടേതമ്പുരാനാ ഞാനിപ്പോ. എന്റെ തലേലൊരു മുള്‍ക്കിരീടം ഇരിപ്പുണ്ട്. അലക്കും മുന്‍പ് കാരമിട്ട് പതപ്പിക്കുന്ന പരിപാടി നിര്‍ത്തി ഞാന്‍ നേരിട്ടങ്ങ് പറഞ്ഞു തുടങ്ങാന്‍ പോകുവാ. എന്താന്നു വെച്ചാ എനിക്കിത് താങ്ങാന്‍ മേലായീശോയേ.

കുറച്ചു മുന്നേ കുഴിമാടത്തിലേക്ക് ഇറങ്ങിപ്പോയ ഔസേപ്പില്ലേ... അങ്ങേരെപ്പറ്റിയാ എനിക്ക് പറയാനുള്ളത്. ഈശോയ്ക്കറിയാല്ലോ ഔസേപ്പച്ചായനെ ഞാന്‍ ഇന്നും ഇന്നലേം കാണാന്‍ തുടങ്ങിയതല്ല. പുള്ളിക്കാരന്‍ വിയര്‍ത്തും വിറച്ചും ജീവിക്കാന്‍ പെടാപ്പാട് പെടുന്ന കാലം മുതലറിയാം. മരിച്ചവരെ ദുഷിപ്പിക്കുന്നത് പാപമല്ലേ എന്നാരിക്കും ഈശോയിപ്പോ എന്നോട് ചോദിക്കാന്‍ പോകുന്നത്. പക്ഷേ, ഒടേതമ്പുരാന് എന്നാത്തിനാ ഈ മുന്‍വിധി. പറഞ്ഞു തുടങ്ങുമ്പോ ഴേ കേറി വിധിക്കുന്നത് ശരിയാണോന്ന് കര്‍ത്താവൊന്ന് ഓര്‍ത്തു നോക്കിക്കേ... ഞാനീ നാട്ടില്‍ വരുത്തനാണ്. നാടങ്ങ് മലയാറ്റൂരാണ്. ഞങ്ങടപ്പച്ചന് പാറപ്പണിയായിരുന്നു. അങ്ങേര് ഒരു ഏനക്കേടൊപ്പിച്ച് നാട്ടില്‍ നില്‍ക്കക്കള്ളി ഇല്ലാതെയായപ്പോ ഉള്ള മുതലും വിറ്റുപെറുക്കി ഞങ്ങളിങ്ങ് പോന്നു. എന്റെ മൂത്തതുങ്ങള് രണ്ടുപേരും ദീനംവന്ന് ചത്തു. കൊടല് ചീഞ്ഞ് അപ്പനും പോയി. അമ്മച്ചി വീട്ടുവേലയ്ക്ക് പോയിത്തുടങ്ങി. ഞാനന്ന് കൊച്ചനാണ്. അന്നീ ഔസേപ്പിന്റെ സ്ഥിതി അത്ര നല്ലതൊന്നുമല്ല. അയാടെ കയ്യില്‍ ഓഹരി കിട്ടിയ പത്തിരുപത് സെന്റ് സ്ഥലം ഉണ്ടായിരുന്നു. ദാരിദ്ര്യം കൊണ്ട് പിഞ്ഞിക്കീറിയപ്പോഴും അയാളാ പറമ്പ് വിറ്റില്ല. കീറച്ചാക്കും തോളത്തിട്ട് അയാള് വഴിനീളെ നടക്കും. കണ്ടവര് വലിച്ചെറിഞ്ഞ കുപ്പിയും കൂടും പെറുക്കും. അതു കൊണ്ടുപോയി വില്‍ക്കും. അങ്ങേര്‍ക്ക് ആകെയൊരു കൊച്ചനേ ഉള്ളൂ. എന്റെ പ്രായത്തിലും താഴെയുള്ള ഒരെണ്ണം. ഇല്ലായ്മ മാറിക്കിട്ടാന്‍ അങ്ങേര് അവന്‍ വലുതാവുന്നതും കാത്തിരുന്നതൊന്നുമില്ല. പെടാപ്പാടായിരുന്നു. ഔസേപ്പ് അദ്ധ്വാനിച്ചു. ആ അദ്ധ്വാനത്തിന്റെ ഫലം കിട്ടി. അങ്ങേര് പണക്കാരനായി. 

അയാക്കടെ ഈ സൗഭാഗ്യങ്ങളൊക്കെ കണ്ട് കണ്ണ് തള്ളാത്തവരുണ്ടോ. എന്തിരവനൊന്ന് മുടിഞ്ഞുകാണണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ലാരുന്നു ഈ നാട്ടില്‍. നാട്ടിലെമ്മാതിരി കഥകളായിരുന്നെന്നോ. കഷ്ടപ്പാട് വന്ന് കൊങ്ങായ്ക്ക് പിടിച്ചു ഞെരിക്കുമ്പോ ഈ കഥകളൊക്കെ കേള്‍ക്കുമ്പോ എനിക്ക് ദേഷ്യം വരും. ഈ തന്തേടെ തലയിലെഴുതിയതിന്റെ ഒരു പങ്ക് എന്റെ കൈവെള്ളേലെങ്കിലും എഴുതിക്കൂടായിരുന്നോ എന്നു ഞാന്‍ പല തവണ ചോദിച്ചിട്ടുള്ളത് കര്‍ത്താവ് കേട്ടിട്ടുള്ളതല്ലേ. ജീവിക്കാന്‍ വേണ്ടി പല പണീം ചെയ്തു. പക്ഷേങ്കി ചിലോരടെ കഷ്ടപ്പാട് അങ്ങനൊന്നും തീരുകേല്ല. ഉള്ളതുകൊണ്ട് തികയാതെ വന്നപ്പോ പിടിച്ചുപറിച്ചേ പറ്റൂ എന്നു ഞാനെന്നോ മനസ്സില്‍ കുറിച്ചിട്ടതാ. മലയാറ്റൂര്ന്ന് ഈ മുരുപ്പും പ്രദേശത്ത് വന്നേപ്പിന്നെ ഞാന്‍ കണ്ട അത്ഭുതമായിരുന്നു ഔസേപ്പ്. അങ്ങേരടെ വീടിനകത്ത് എനിക്ക് അല്ലലില്ലാതെ ജീവിക്കാനുള്ള വകയുണ്ടെന്ന് എനിക്കങ്ങ് തോന്നി. അയാളുടെ വിധിയുടെ പങ്ക് പറ്റണമെന്ന് ഒരു പൂതി. ഒരിക്കലും കട്ടിട്ടില്ലാത്ത ഞാന്‍ ആ വീട്ടില്‍ കയറി ഉള്ളതെല്ലാം എടുത്ത് നാടുവിടുന്നത് സ്വപ്നം കണ്ടു. തക്കം നോക്കിയിരുന്നു.

മുരിങ്ങുമ്മേ ജങ്ഷനില്‍ റോയിക്കുട്ടീടെ റബ്ബറ് കടയില്‍ ഞാന്‍ വല്ലപ്പോഴും പോയിരിക്കാറുണ്ട്. കയറിച്ചെന്നാ വലിക്കാനും കുടിക്കാനും വല്ലോം തരാതെ അവനെന്നെ പറഞ്ഞയക്കുകേല. അവര് കുടുംബത്തോടെ മലയടിപ്പള്ളിയില്‍ പോകുന്ന കാര്യം ഞാന്‍ റോയിക്കുട്ടി പറഞ്ഞാ അറിഞ്ഞത്. അതുകേട്ടപ്പോ മലയാറ്റൂര് പള്ളീല് പെരുന്നാളിനു പൊട്ടുന്ന അമിട്ടെല്ലാം കൂടി എന്റെ മനസ്സിലങ്ങ് പൂത്തുവിരിഞ്ഞു. നാളും തീയതീം ഓര്‍ത്തുവെച്ച് ഞാനെന്റെ വിധിനാള് കുറിച്ചിട്ടു. മുണ്ടിന്റെ കുത്തില്‍ ഒരു കവറില്‍ ഒന്ന് രണ്ട് സ്പാനറും ഉളിയും അല്ലറചില്ലറ ആയുധങ്ങളുമായി പുലര്‍ച്ചെ മതില് ചാടി ഞാനവരടെ അയ്യത്ത് ഇറങ്ങി. പടിഞ്ഞാറുവശത്തെ ശീമപ്ലാവിന്റെ കൊമ്പില്‍ കയറി ഒറ്റയിരുപ്പ്. വെട്ടം വീണാല്‍ പടകളെല്ലാം കൂടി മലയടിക്ക് പോകുമല്ലോ. അഞ്ചര മണിയായപ്പോ റോയിക്കുട്ടീടെ വണ്ടി ഇറങ്ങിപ്പോയി. വല്ല പാല്‍ക്കാരോ പത്രക്കാരോ വരാനുണ്ടെങ്കില്‍ വന്നുപോട്ടേന്നു കരുതി ഞാന്‍ കുറച്ചുനേരം കൂടി കാത്തിരുന്നു. പക്ഷേ, എന്റെ കണക്കുകൂട്ടല് തെറ്റി. നേരം കുറച്ചൊന്നു നീങ്ങിയപ്പോ അടുക്കളക്കതക് തുറന്ന് ഔസേപ്പച്ചായന്‍ പുറത്തിറങ്ങി.

എരിത്തിലിന്റെ മൂലേന്ന് ഒരു പേരത്തൈയും കൂന്താലിയും എടുത്ത് ഞാനിരുന്ന ശീമപ്ലാവിന്റെ നേരെ അങ്ങേര് ഒരു വരവ്. ആന്തല്‍ ഇളകിയെങ്കിലും ഞാന്‍ അവിടെത്തന്നെ അള്ളിപ്പിടിച്ച് ഇരുന്നു. പ്ലാവിന്റെ മൂട്ടീന്ന് സ്വല്പമൊന്ന് കിഴക്കോട്ട് മാറി കിളവന്‍ കുഴികുത്താന്‍ തുടങ്ങിയപ്പോ ഞാന്‍ പതുക്കെ ഇറങ്ങി എരിത്തിലിന്റെ പുറകില്‍ പമ്മി. മേല് തരിച്ച് മേലാതായപ്പോ കണ്ണ് രണ്ടും ഇറുക്കിച്ചിമ്മി അവിടിരുന്നു. കുറച്ചു കഴിഞ്ഞ് ഔസേപ്പ് കൂന്താലി കൊണ്ടുവന്ന് എരുത്തിലില്‍ ഇടുന്ന ശബ്ദം കേട്ടു. അടുക്കള വഴി അയാള് അകത്തു കയറിയപ്പോ വല്ല വഴിക്കും ചാടി പുറത്തിറങ്ങാന്‍ ഞാന്‍ ഒരുമ്പെട്ടതാ. പക്ഷേ, എനിക്ക് നേരം തികയുന്നേനു മുന്‍പേ അയാള് വീണ്ടും ഇറങ്ങി എരിത്തിലില്‍ കയറി. മൂക്കില്‍ മണ്ണെണ്ണച്ചൂര് അടിച്ചുകയറിയപ്പോ ഞാന്‍ കിളിവാതിലിലൂടെ എത്തിനോക്കി. വലിയൊരു കന്നാസ് പൊക്കി തലവഴി മടമടാന്ന് മണ്ണെണ്ണ ഒഴിക്കുവാണ് തന്ത. കര്‍ത്താവേ നേരായിട്ടും ഞാന്‍ മരവിച്ചുപോയി. എന്താ ചെയ്യേണ്ടതെന്ന് എനിക്കൊരു നില കെട്ടിയില്ല. കന്നാസും എടുത്ത് അയാള്‍ അകത്തു കയറി വീണ്ടും വാതില്‍ അടച്ചു. ആ തക്കം നോക്കി ഞാന്‍ പുറത്തേക്ക് ഇറങ്ങി ഓടാന്‍ നോക്കി. ഓടിച്ചെന്ന് ഞാന്‍ ഗേറ്റ് തുറക്കാന്‍ നോക്കുമ്പോ പുറകിലൊരു ഒച്ച. തിരിഞ്ഞു നോക്കുമ്പോ കരിയും പുകയും ഒക്കെയായി വീട് നിന്നുകത്തുന്നു. ആന്തല്‌കൊണ്ട് 
ഞാനോടിച്ചെന്ന് ആ ശീമപ്ലാവിന്റെ 
പിന്നില്‍ മറഞ്ഞുനിന്നു. പിന്നെ ആളുകളോടി വന്നപ്പം ഞാന്‍ ഒന്നും അറിയാത്തപോലെ ആ തിരക്കില്‍ നിന്നുതിരിഞ്ഞു. പക്ഷേ, അന്നേരം കൂടെക്കൂടിയ വിറയല് ഇപ്പോഴും മാറുന്നില്ല കര്‍ത്താവേ. തിരുരൂപം തൊട്ട് ഞാന്‍ സത്യം ചെയ്യാം അങ്ങേരീ ചെയ്തുകൂട്ടിയതില്‍ എനിക്കൊരു പങ്കുമില്ല.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

4
മരിച്ചു മണ്ണടിയുന്ന കാലംവരെ മറ്റുള്ളവര്‍ക്ക് എന്നെപ്പറ്റി എന്താ പറയാനുള്ളതെന്നതിന് ചെവികൊടുക്കാത്ത ആളായിരുന്നു ഞാന്‍. ആ ഞാനിപ്പോ റോയിക്കുട്ടിയും പൗലോസും മരിപ്പിന് വന്ന ജനങ്ങളും പറയുന്നത് മൊത്തം കേട്ടു. മജ്ജയും മാംസവുമുള്ള ശരീരം തീയ്ക്ക് എറിഞ്ഞുകൊടുത്തു. പൊള്ളിക്കുടുന്ന ബാക്കിയൊക്കെക്കൂടി വെഞ്ചരിച്ച് പെട്ടിയിലാക്കി മണ്ണിനടിയിലാക്കുകയും ചെയ്തു. ഈ പ്രായത്തില്‍ ഞാനിതെന്തിനാ ചെയ്തതെന്ന് ആലോചിക്കുന്നുണ്ടാവും പലരും. മറവ് ചെയ്ത ശരീരം മാന്തിപ്പുറത്തെടുക്കുന്നപോലെയാ കഴിഞ്ഞ കാര്യങ്ങളിങ്ങനെ ചികഞ്ഞെടുക്കുന്നതും. അന്ന് ആ പേരത്തയ്യും കൊണ്ട് ആ പറമ്പിലൂടെ നടക്കുമ്പോ എന്റെ മനസ്സ് നിറച്ചും സന്തോഷമായിരുന്നു. റോയിക്കും മക്കള്‍ക്കും അവരുടെ മക്കള്‍ക്കും പഞ്ഞമില്ലാതെ കഴിഞ്ഞുകൂടാനുള്ളതൊക്കെ ഞാന്‍ സമ്പാദിച്ചുവെച്ചിട്ടുണ്ട്. പ്രായം കൊണ്ട് മുതിര്‍ന്നെങ്കിലും അദ്ധ്വാനിച്ച നാളുകളോര്‍ക്കുമ്പോ എനിക്ക് നല്ല ചെറുപ്പം തോന്നും. റോയി കുഞ്ഞായിരുന്നപ്പം എനിക്കവനെ താലോലിക്കാനോ അറിഞ്ഞൊന്ന് കെട്ടിപ്പിടിക്കാനോ പോലും പറ്റിയിരുന്നില്ല. ദുരിതം കയറി മേയുന്ന കാലത്ത് വിരക്തി കയറിയങ്ങ് ഭരിച്ചുകളയും. പക്ഷേ, അവന് കൊടുക്കാന്‍ പറ്റാത്ത ലാളനയൊക്കെ ഞാനവന്റെ രണ്ട് മക്കള്‍ക്കും കൊടുത്തു. കൊച്ചുങ്ങള്‍ക്ക് രണ്ടിനും ഞാനെന്നുവച്ചാ ജീവനാ. അതുങ്ങളു വളരുമ്പോ കയ്യെത്തി പറിച്ചോട്ടേന്നു കരുതിയാ ഞാന്‍ അയ്യം മുഴുവനും മരം നട്ടത്. അന്നാ പേരത്തൈ നടാന്‍ കുഴിമാന്താന്‍ തുടങ്ങുമ്പോഴും മനസ്സ് മൊത്തം ആ കുഞ്ഞുങ്ങളായിരുന്നു. അതുങ്ങള് വളരുന്നത് കാണാന്‍ ഞാനിനി എത്ര നാളുണ്ടെന്നോര്‍ത്ത് എനിക്കിച്ചിരി വിഷമവും തോന്നാതിരുന്നില്ല. കൊച്ചൊരു പേരത്തൈയല്ലേ. ഇളകിയ മണ്ണില്‍ കൈപ്പത്തിത്താഴ്ചയില്‍ ഒരു കുഴി എടുത്താല്‍ മതി. നാരുപോലത്തെ വേരങ്ങ് പടര്‍ന്നോളും. കൂന്താലി ഞാന്‍ കുത്തി. രണ്ടാമത്തെ താഴ്ചയില്‍ കൂന്താലിത്തുമ്പ് എന്തിലോ തട്ടി. കല്ലാണെന്ന് കരുതി മാന്തിയപ്പോ തടഞ്ഞതൊരു അടപ്പാണ്. തപ്പിച്ചെന്നപ്പം ഒത്തവലിപ്പമുള്ള ഒരു ചെമ്പുകുടം 
വാ തുറന്ന് കണ്‍മുന്നില്‍. വറുതികൊണ്ട് മൂടിയ പഴയകാലം വാപിളര്‍ത്തിയെന്നെ നോക്കുന്നപോലെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ ഞാന്‍ ഞെട്ടി. വെട്ടമടിച്ച് എന്റെ കണ്ണഞ്ചിപ്പോയി. മണ്ണുപുരണ്ട കൈകൊണ്ട് ഒരുപിടി വാരിയെടുത്തപ്പോ തനിത്തങ്കം. എനിക്ക് കര്‍ത്താവിനോടപ്പോ തോന്നിയ ദേഷ്യം.

എന്റപ്പന്‍ ഓനാന്‍ വലിയ സമ്പത്തിലേക്കാ ജനിച്ചുവീണത്. അപ്പന്റെ കൊച്ചുന്നാളില്‍ നാടിളക്കി വസൂരി വന്നു. അപ്പന്റമ്മേം അപ്പനേം കൂടെപ്പിറപ്പുകളേയും ആ മാറാവ്യാധി വിഴുങ്ങി. ശവങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ശവപ്പറമ്പില്‍ വിധി അപ്പനെ അനാഥക്കുഞ്ഞാക്കി. ജീവിതകാലത്ത് അപ്പനാ വിഷമം മറന്നിരുന്നില്ല. അപ്പന്‍ ചുറ്റിനുമുള്ളവരെയൊക്കെ ആര്‍ത്തിയോടെ സ്‌നേഹിച്ചു വളര്‍ന്നു. ഉണ്ടാരുന്ന മൊതലെല്ലാം കിടപ്പാടം ഇല്ലാത്തവര്‍ക്ക് എഴുതിക്കൊടുത്തു. ഇരുപത് സെന്റും അതില്‍ ഇടിഞ്ഞുവീഴാറായ ഒരു കൂരയും അപ്പനെനിക്ക് മാറ്റിവച്ചു. ദീനം വന്ന് കിടപ്പായപ്പോ എന്നെ വിളിച്ച് അടുക്കലിരുത്തിയിട്ട് ഒന്നേ പറഞ്ഞുള്ളൂ. പട്ടിണി കിടന്നാലും പുരയിടം വില്‍ക്കരുതെന്ന്. ഞാനതുകേട്ട് അപ്പന്റെ കയ്യേലൊന്ന് മുറുക്കിപ്പിടിച്ചു. അതെന്റെ വാക്കായിരുന്നു. അത് തെറ്റിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചിരുന്നു.

പിന്നെയങ്ങോട്ട് ഞാനനുഭവിച്ച കഷ്ടപ്പാട്... അത് തമ്പുരാനറിയാം. പൊരിവെയിലത്തും കുതിരുന്ന മഴയത്തും വിശപ്പറിഞ്ഞ് ഞാന്‍ അലഞ്ഞിട്ടുണ്ട്. ഞാനെന്റെ കൊച്ചന്റെ വിശപ്പകറ്റാന്‍ പെടാപ്പാട് 
പെട്ടിട്ടുണ്ട്. വയറ് നിറയ്ക്കാന്‍ വകയില്ലാഞ്ഞിട്ടാ കൊച്ചുങ്ങള് ഒന്നുമതീന്ന് സാറയും ഞാനും കൂടി തീരുമാനിച്ചത്. സാറ പെറ്റകാലത്ത് വയറുവറ്റി കൊച്ചിന് കൊടുക്കാന്‍ പാലില്ലാതായിട്ടുണ്ട്. എന്നിട്ടും ഞാനാ പുരയിടം വിറ്റില്ല. നില്‍ക്കക്കള്ളിയില്ലാത്ത നേരത്തും ഞാനെന്റെ അപ്പന്റെ കയ്യില്‍ മുറുകെപ്പിടിച്ച് കൊടുത്ത വാക്കോര്‍ക്കും.

ഗതികേട് മൂക്കുന്ന നേരത്ത് ആരും കാണാതെ ഞാനാ പറമ്പത്തിരുന്ന് നെലവിളിച്ചിട്ടുണ്ട്. എന്റെ കണ്ണീര് കൊണ്ടാ പറമ്പ് നനഞ്ഞിട്ടുണ്ട്. നല്ലകാലം മുഴുവന്‍ ഞാന്‍ ചോരനീരാക്കി. ശരീരംകൊണ്ടും മനസ്സുകൊണ്ടും ഞാനൊരു സുഖവും അറിഞ്ഞിട്ടില്ല. കുപ്പിയിലാക്കി ഇരുട്ടത്ത് നുരയാന്‍ വെച്ച വീഞ്ഞുപോലായിരുന്നു എന്റെ ചെറുപ്പം. അതിന്റെ നീരിറങ്ങിയതോടെ സമ്പത്ത് വന്നു. ഞാനതൊരു ഭൂതത്തെപ്പോലെ കാത്തുവെച്ചു. മരിച്ചു മണ്ണടിയുമ്പോ അവനായി അപ്പന്‍ ബാക്കിവച്ച സമ്പത്ത് കണ്ടെന്റെ റോയിക്കുട്ടി കണ്ണീര് വീഴ്ത്തുന്നത് ഞാന്‍ സ്വപ്നം കണ്ട് ആനന്ദിച്ചിട്ടുണ്ട്. പക്ഷേങ്കില്‍, ഒരു കയ്യകലത്തില്‍ കുടത്തില്‍ അടച്ച തങ്കം കണ്ടപ്പോ എന്റെ ആര്‍ത്തിയൊക്കെ കെട്ടുപോയി. പണ്ടറിഞ്ഞ പരിഹാരമില്ലാത്ത വിശപ്പ് വീണ്ടും അടിവയറ്റിലടിഞ്ഞു. എന്നാത്തിനാ കര്‍ത്താവേ എന്നോടീ ചതി ചെയ്തതെന്നും ചോദിച്ച് എനിക്കു തലതല്ലി കരയാന്‍ തോന്നി. ഗതിപിടിക്കാത്ത കാലത്ത് ഈ മണ്ണിലിരുന്ന് വാവിട്ട് കരഞ്ഞതും അഴുക്ക് പെറുക്കി ചെറുപ്പം തുലച്ചതും ഞാനെങ്ങനെ മറക്കാനാ. ചോര വറ്റിയ കാലത്ത് എനിക്കിനി എന്നാത്തിനാ ഈ നിധിയെന്നോര്‍ത്ത് ഞാനാ മണ്ണില്‍ കാര്‍ക്കിച്ച് തുപ്പി. പിന്നെ എണീറ്റു നിന്ന് അതേ മണ്ണ് ആഴത്തില്‍ കുഴിച്ച് കുടം ഞാനതില്‍ ഇറക്കിവെച്ചു. അതിനും മുകളില്‍ മണ്ണിട്ട് ഞാനാ പേരത്തൈ അതില്‍ ഉറപ്പിച്ചു.

ഞാനകത്ത് കയറി അന്നോളമുള്ള എന്റെ സമ്പാദ്യം മുഴുവനും കട്ടിലില്‍ നിരത്തിവെച്ചു. അപ്പോഴും കണ്ണിലാ തങ്കത്തിന്റെ തിളക്കമായിരുന്നു. എന്നെ തോല്‍പ്പിച്ച വിധിയെ എന്റെ മോന്‍ തോല്‍പ്പിക്കണം എന്നൊരു ആശയേ എനിക്കപ്പോ തോന്നിയുള്ളൂ. മിണ്ടാനറിയാത്ത ദൈവം മണ്ണിനടിയില്‍ പൂഴ്ത്തി ഒളിപ്പിച്ച മഹാരഹസ്യം മധ്യസ്ഥരാരും ഇല്ലാതെ അവന്‍ കണ്ടുപിടിക്കണമെന്ന് ഞാന്‍ ആശിച്ചു. ഉള്ളില്‍ കിടന്ന് ആ ദുര വലിയൊരു പാമ്പിനെപ്പോലെ പുളച്ചു. വേച്ചുവേച്ച് ഞാന്‍ പുറത്തിറങ്ങി. പണ്ടത്തെ ഇല്ലായ്മയുടെ പഴുക്കമണം എന്നെ വേവായി പൊതിഞ്ഞു. എരിത്തിലില്‍ ഇരുന്ന കന്നാസെടുത്ത് മേത്ത് കമഴ്ത്തുമ്പോ വേവറിയുന്നവനെ കുളിര്‍പ്പിക്കുന്ന തണുത്ത മഴ പെട്ടെന്ന് പെയ്തതുപോലെയാ എനിക്കു തോന്നിയത്. ആ മഴയെന്നെ കഴുകിവെടിപ്പാക്കി.

ഞാന്‍ അകത്തുകയറി വാതിലടച്ചു. പണം അടുക്കിനിരത്തിയ കട്ടിലില്‍ കയറിക്കിടന്ന് ഞാന്‍ തീയുരച്ചു. ഇല്ലായ്മയുടെ കാലത്ത് കയ്യകലത്തിരുന്ന് കളിപ്പിച്ച പൊന്ന് ഇപ്പോഴും അവിടെയുണ്ട്. അന്ന് ഞാന്‍ കൊണ്ട വെയിലും ഞാന്‍ നനഞ്ഞ മഴയും എന്റെ മോനിപ്പോള്‍ അറിയുന്നുണ്ട്. കയ്യകലത്തുനിന്ന് അവനാ ഭാഗ്യം കുഴിച്ചെടുത്താലേ ഞാനറിഞ്ഞ തോല്‍വികള്‍ പരിഹരിക്കപ്പെടുകയുള്ളൂ... അപ്പനെ തോല്‍പ്പിച്ച പാഠം അവന്‍ പഠിക്കട്ടെ... അതുവരെ, മൈതാനത്തിന്റ അരികിലിരുന്ന്, ഞാനിന്നേവരെ ജീവിച്ച ജീവിതം ഞാനൊന്ന് കാണട്ടെ.