'ഹൃദയ താരകം'- വി.ആര്‍. സുധീഷ് എഴുതിയ കഥ

മരിച്ചുപോയ ഒരു പെണ്‍കുട്ടി എന്നെ ഓര്‍ക്കുന്നതുപോലെ ഈയിടെയായി സ്വപ്നത്തില്‍ തോന്നാറുണ്ട്. അവ്യക്തമായി അവള്‍ എന്തൊക്കെയോ എന്നോട് സംസാരിക്കുന്നുണ്ട്
'ഹൃദയ താരകം'- വി.ആര്‍. സുധീഷ് എഴുതിയ കഥ

രിച്ചുപോയ ഒരു പെണ്‍കുട്ടി എന്നെ ഓര്‍ക്കുന്നതുപോലെ ഈയിടെയായി സ്വപ്നത്തില്‍ തോന്നാറുണ്ട്. അവ്യക്തമായി അവള്‍ എന്തൊക്കെയോ എന്നോട് സംസാരിക്കുന്നുണ്ട്. അവളുടെ ആത്മഗതങ്ങള്‍ മായികമായി എന്നെ ബാധിക്കുന്നതുപോലെ. അവളുടെ വിചാരങ്ങള്‍ എന്നില്‍ കനപ്പെടുന്നതുപോലെ!

അവള്‍ എന്റെ ആരൊക്കെയോ ആയിരുന്നു.

ഞാന്‍ ഓര്‍ക്കുകയാണ്. എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ എനിക്കൊരു കത്ത് തന്നിട്ട് വഴിക്ക് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു. ഇന്‍ലന്‍ഡിലെഴുതിയ കത്തിലെ വിലാസം എനിക്ക് അപരിചിതമായിരുന്നു. ദൂരെ ഏതോ സ്ഥലത്തുള്ള ഒരു സ്ത്രീക്കായിരുന്നു ആ കത്ത്. ആ സ്ഥലത്താണ് അച്ഛന്‍ അന്ന് ബാങ്കില്‍ ജോലി ചെയ്തിരുന്നത്. എന്തോ സംശയം തോന്നിയ ഞാന്‍ പതുക്കെ ആ ഇന്‍ലന്‍ഡിന്റെ ഒട്ടിച്ച ഭാഗം അടര്‍ത്തി കത്ത് വായിച്ചുനോക്കി. ആ സ്ത്രീയെ കടുത്ത ഭാഷയില്‍ ചീത്തപറഞ്ഞുകൊണ്ടായിരുന്നു അമ്മയുടെ കത്ത്. അച്ഛനുമായി അവര്‍ക്ക് രഹസ്യബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നുമൊക്കെ പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കിയ ആ കത്ത് വായിച്ച് ഞാന്‍ പകച്ചുപോയി. കൂടുതല്‍ കുഴപ്പങ്ങളൊന്നും വരുത്തേണ്ടെന്ന് വിചാരിച്ച് ഞാന്‍ കത്ത് കീറി നുറുക്കി തോട്ടിലെറിഞ്ഞു. അമ്മ അതേപ്പറ്റി പിന്നീടൊന്നും ചോദിക്കുകയുണ്ടായില്ല.

റിട്ടയര്‍ ചെയ്ത് അച്ഛന്‍ വീട്ടിലേക്ക് വന്നതില്‍പ്പിന്നെ അങ്ങനെയൊരു കാര്യം പറഞ്ഞ് അമ്മ കലഹമുണ്ടാക്കുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. അമ്മയുടെ വെറുതെയുള്ള സംശയമായിരുന്നു എന്നു ബോധ്യം വന്നു. ഒരിക്കല്‍ പോസ്റ്റ്മാന്‍ എന്റെ കയ്യില്‍ തന്ന ഒരു കത്ത് അച്ഛനുള്ളതായിരുന്നു. പോസ്റ്റ് കാര്‍ഡാണ്. വെറുതെ നോക്കിയതാണ്. ഒരു കുട്ടിയുടെ കൈപ്പട. അന്നൊരിക്കല്‍ അമ്മ പോസ്റ്റ് ചെയ്യാന്‍ തന്ന ഇന്‍ലന്‍ഡിന് തേടിച്ചെല്ലേണ്ടുന്ന സ്ഥലത്തു നിന്നാണ്.

കുട്ടി 'മാമാ' എന്നു സംബോധന ചെയ്തുകൊണ്ട് അയച്ച കാര്‍ഡിലെ ചുരുക്കം ഇതാണ്:

'ഞാന്‍ അഞ്ചാം ക്ലാസ്സിലെത്തി. എനിക്ക് യൂണിഫോമും പുസ്തകവും വാങ്ങാന്‍ പൈസ വേണം. എത്രയും പെട്ടന്ന് മാമന്‍ അയച്ചുതരണം.' ഒരു പെണ്‍കുട്ടിയാണ് എഴുതിയിരിക്കുന്നത്. അമ്മ പറഞ്ഞിട്ടാണെന്നും കത്തിലുണ്ട്. അതു ഞാന്‍ കണ്ടതായി ഭാവിക്കാതെ കാര്‍ഡ് അച്ഛനു കൈമാറി. അതു വായിച്ച് തരിച്ചിരിക്കുന്ന അച്ഛനെ രഹസ്യമായി ഞാന്‍ നിരീക്ഷിച്ചു. ഞാനത് വായിച്ചിരിക്കുമോ എന്ന ആശങ്ക അച്ഛന്റെ മുഖത്തുണ്ടായിരുന്നു.

ആ പെണ്‍കുട്ടിക്ക് മണിയോര്‍ഡറായി പണമയച്ചതിന്റെ മടക്കരശീതിയും പോസ്റ്റ്മാന്‍ എന്റെ കയ്യിലാണ് കൊണ്ടുതന്നത്. അമ്മ അന്ന് പോസ്റ്റ് ചെയ്യാന്‍ തന്ന ഇന്‍ലന്‍ഡിലെ രഹസ്യബന്ധം ഞാന്‍ വീണ്ടുമോര്‍ത്തു. അങ്ങനെയൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നുതന്നെ മനസ്സ് പറഞ്ഞു. അവിടുത്തെ സഹപ്രവര്‍ത്തകരായ നാരായണേട്ടനും മാധവേട്ടനും ഇടയ്ക്ക് അച്ഛനെ കാണാന്‍ വരാറുണ്ട്. ശരിക്കും കുടുംബസുഹൃത്തുക്കളാണ്. അവരോടൊന്നും ഇക്കാര്യം ചോദിക്കാന്‍ പറ്റില്ല. അന്വേഷിച്ചറിയാനും സാഹചര്യമില്ല. അക്കാര്യം ഞാനങ്ങു വിട്ടുകളഞ്ഞു.

എന്റെ ഡിഗ്രി കാലത്താണ് അച്ഛന്‍ മരിക്കുന്നത്. പെട്ടെന്ന് ഹൃദയാഘാതം വന്ന് തീരുകയായിരുന്നു. അരികില്‍ ഞാനുണ്ടായിരുന്നു. അമ്മയുണ്ടായിരുന്നു. ഞാന്‍ പോവുകയാണ്, എല്ലാം നന്നായി നോക്കിക്കോളണം എന്നുമാത്രം പറഞ്ഞ് അച്ഛന്‍ കണ്ണടച്ചു. നാരായണേട്ടനും മാധവേട്ടനും അച്ഛന്‍ മരിച്ചതറിഞ്ഞ് വന്നിരുന്നു. ടെലഫോണ്‍ നമ്പറൊക്കെ തന്ന് ഇടയ്ക്ക് വിളിക്കണമെന്നു പറഞ്ഞ് അവര്‍ പോയി.

ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ എനിക്കു ജോലി കിട്ടി. ബി.എഡും എം.എഡും കഴിഞ്ഞ് കുറച്ചുകാലം പാരലല്‍ കോളേജില്‍ പഠിപ്പിച്ചു നടന്നു. അപ്പോഴാണ് പി.എസ്.സി വിളിച്ചത്. മലപ്പുറം ജില്ലയില്‍. ഞാന്‍ ലിസ്റ്റില്‍ കയറിപ്പറ്റി. നാട്ടിന്‍പുറത്തെ ധാരാളം കുട്ടികളുള്ള സ്‌കൂളില്‍ അങ്ങനെ അദ്ധ്യാപകനായി ചെന്നുകയറി. നിത്യേന പോയി വരണം. വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്. ഇനി എത്രയും പെട്ടന്നു കല്യാണം കഴിച്ചേ തീരൂ എന്ന് അമ്മ സമ്മര്‍ദ്ദം കൂട്ടിക്കൊണ്ടിരുന്നു. മൂന്നു വര്‍ഷം കൂടി കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നു ഞാന്‍. അമ്മയെ കേട്ടില്ലെന്നു നടിച്ച് ഞാന്‍ ഒരുവിധം പിടിച്ചുനിന്നു.

ആയിടയ്ക്കാണ് ഞങ്ങളുടെ സ്‌കൂളില്‍ മാത്‌സിന്റെ ഒഴിവില്‍ തൃശൂരില്‍നിന്നും ഒരു പുതിയ ടീച്ചര്‍ വന്നുചേര്‍ന്നത്. പേര് ദേവനന്ദ. നന്നായി പാടും. പഠിപ്പിക്കാനും മിടുക്കി. പെട്ടെന്നുതന്നെ കുട്ടികളെ അവര്‍ മൊത്തത്തിലങ്ങു കയ്യിലെടുത്തു.

ഇരുപത്താറിലേക്ക് കടക്കുന്ന എനിക്ക് ആ ഇരുപത്തിമൂന്നുകാരിയോട് കടുത്ത ഒരാകര്‍ഷണം തോന്നിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

ആരോടും പറഞ്ഞില്ല. അവരോട് നേരിട്ട് പറയാനുള്ള ധൈര്യവും വന്നില്ല. പലപ്പോഴും പാട്ടിനെക്കുറിച്ചും കവിതയെക്കുറിച്ചുമെല്ലാം സംസാരിക്കുകയുണ്ടായി. അവള്‍ എന്‍ഗേജ്ഡ് ആണോ എന്ന സംശയവും വന്നു. ഉള്ളറിയാനുള്ള എന്റെ ശ്രമങ്ങളെല്ലാം വിഫലമായി. അകത്തെ പ്രേമത്തിന്റെ കണിവെള്ളരിക്ക് അന്നന്ന് സ്വര്‍ണ്ണത്തുടിപ്പ് കൂടിവന്നു. ആലോചന തകര്‍ന്നു പോയാല്‍ പിന്നെ അവരെ അഭിമുഖീകരിക്കുക പ്രയാസമാകും. കമ്മിറ്റഡ് ആണോ എന്നു തുറന്നു ചോദിക്കാനുള്ള മനസ്സാണ് വേണ്ടത്. അതുണ്ടായില്ല.

അവസാനം മലയാളം അദ്ധ്യാപിക സുഷമയെ ഞാന്‍ ശരണം പ്രാപിച്ചു. സുഷമ കാര്യമേറ്റു. 

ഓണാവധിയായിരുന്നു. അവധി കഴിഞ്ഞു വന്നാല്‍ നേരിട്ടു പറയാമെന്ന് സുഷമ ഉറപ്പ് തന്നു.

ഉന്മേഷത്തോടെ ഓണാവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ എന്റെ മനസ്സ് നിറച്ച് സുഷമ പറഞ്ഞു:
'മാഷ് നേരിട്ട് സംസാരിക്ക്. ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒകെയാകും.'

സംസാരിച്ചു.

അമ്മയും ഞാനും ഒന്നിച്ചു പോയി പെണ്ണുകാണല്‍ നടത്തി. ഉറപ്പു കൊടുത്തു.

നിശ്ചയദിനം കണ്ടു. നാരായണേട്ടനേയും മാധവേട്ടനേയും നേരിട്ട് കണ്ട് നിശ്ചയത്തിനു വിളിക്കണമെന്ന് അമ്മ പറഞ്ഞു. നാരായാണേട്ടന്‍ തൃശൂരിലാണ്. മാധവേട്ടന്‍ ഇരിഞ്ഞാലക്കുടയും. ആദ്യം നാരായണേട്ടനെ കാണാന്‍ പോയി. അദ്ദേഹത്തിനു വലിയ സന്തോഷമായി. അച്ഛന്റെ ഓരോരോ തമാശകള്‍. അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. നിശ്ചയത്തിന് എന്തായാലും വരണമെന്ന് ഞാന്‍ ക്ഷണിച്ചു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'പെണ്‍കുട്ടി എവിടുന്നാ?'

'ഇവിടെ തൃശൂരിന്നാ.'

'തൃശൂര്‍ എവിടുന്നാ?'

ഞാന്‍ വീടും വിലാസവും പറഞ്ഞു.

കുറച്ചുനേരം അദ്ദേഹം മിണ്ടാതിരുന്നു. എന്തോ ആലോചിക്കുന്നതുപോലെ.

'കളപ്പുരയിലെ ദാമോദരനാണോ കുട്ടിയുടെ അച്ഛന്‍?'

'അതെ... മരിച്ചുപോയി.'

'അമ്മയുടെ പേര് വിജയലക്ഷ്മി?'

'അതെ.'

നാരായണേട്ടന്‍ പെട്ടെന്ന് എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കുറച്ചുകഴിഞ്ഞ് മടങ്ങിവന്ന് നിശബ്ദനായി ഇരുന്നു.

ഞാന്‍ ഒരിക്കല്‍ക്കൂടി ക്ഷണിച്ച് യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ നാരായണേട്ടന്‍ പറഞ്ഞു:

'നില്‍ക്ക്.'

എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി ചോദ്യമായി.

'ഈ ബന്ധം വേണോ?'

ഞാന്‍ പരിഭ്രമിച്ചു നിന്നു.

'എന്തേ?'

'ഇതു വേണ്ട നടത്താന്‍ പാടില്ല.'

വാതില്‍പ്പടിയില്‍ നാരായണേട്ടന്റെ ഭാര്യ പ്രത്യക്ഷയായി. അവരും ദയനീയമായി എന്നെ നോക്കുന്നു.
അവര്‍ പറഞ്ഞു:

'വേണ്ട മോനേ... ഇത് ഒഴിവാക്കിക്കോ.'

എനിക്കൊന്നും മനസ്സിലായില്ല. അമര്‍ഷവും സങ്കടവും ഉള്ളില്‍ തികട്ടി. അപ്പോള്‍ നാരായണേട്ടന്‍ പറഞ്ഞു:

'അരുതാത്ത ബന്ധമാണിത്.'

'ജാതകം ചേര്‍ന്നതാണ്.'

'ജാതകക്കാര്യമല്ല. രക്തബന്ധത്തിന്റെ കാര്യമാ.'

ഞാന്‍ മിഴിച്ചുനിന്നപ്പോള്‍ നാരായണേട്ടന്‍ തുടര്‍ന്നു:

'നിന്റെ സ്വന്തം പെങ്ങളാണവള്‍. അച്ഛനിവിടുള്ള കാലത്തുണ്ടായ ബന്ധമാണ്. ഞങ്ങള്‍ കുറച്ചു പേര്‍ക്കേ അറിയൂ...'

എന്റെ തല ഇടിവെട്ടിപ്പോയി.

ഞാന്‍ തൂണില്‍ പിടിച്ചുനിന്നു. പിന്നീട് അവിടെ നിന്നില്ല. ഞാന്‍ ഇറങ്ങിനടന്നു.

'പെങ്ങളെ കല്യാണം കഴിക്കേണ്ട ദുര്‍വ്വിധി വേണ്ട മോനേ.'

പിന്നില്‍ ആ സ്ത്രീയുടെ ശബ്ദം കേട്ടു.

അമ്മയോട് ഒന്നും പറഞ്ഞില്ല.

ഈ കല്യാണം വേണ്ടെന്നു മാത്രം സൂചിപ്പിച്ചു. ആത്മഹത്യ വരെ ആലോചിച്ചതാണ്. സ്‌കൂളിലെ ജോലി ഉപേക്ഷിച്ചു.

ദേവനന്ദയ്ക്ക് ഒരു കത്തയച്ചു.

നാം ഒന്നിക്കില്ല. എന്റെ ദുര്‍വ്വിധി.

മാപ്പ്.

മറ്റൊന്നും സൂചിപ്പിച്ചില്ല. പിന്നീട് ആ പടി കയറിയിട്ടില്ല. ദേവനന്ദയെ പിന്നീട് കണ്ടതുമില്ല.
അവളോട് എല്ലാം തുറന്നു പറയാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ശരിക്കും പശ്ചാത്തപിക്കുന്നുണ്ട്. തൊണ്ടയില്‍ അര്‍ബ്ബുദം ബാധിച്ച് ദേവനന്ദ മരിച്ചെന്ന് സുഷമയാണ് വിളിച്ചുപറഞ്ഞത്. അവസാനമായി അവളെ, എന്റെ സഹോദരിയെ കാണാന്‍ ഞാന്‍ പോയില്ല. മരിച്ചുപോയ ആ പെണ്‍കുട്ടി എന്നെ ഓര്‍ക്കുന്നതുപോലെ ഈയിടെയായി സ്വപ്നത്തില്‍ തോന്നാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com