'യൂഫോ, ഫൈവ് ജി, നാനോ, ബുള്ളറ്റ്'- അമല്‍ എഴുതിയ കഥ

പാതിരാത്രി. സഹപാഠി അല്‍ത്താഫിന്റെ വീട്ടിലിരുന്ന് ഇന്ത്യാ ഇംഗ്ലണ്ട് മൂന്നാം T-ട്വന്റി മാച്ച് കണ്ടിട്ട് ആല്‍ത്തറമുക്കിലൂടെ വരുകയായിരുന്നു ജിജേഷ് മോന്‍
'യൂഫോ, ഫൈവ് ജി, നാനോ, ബുള്ളറ്റ്'- അമല്‍ എഴുതിയ കഥ

യൂഫോ UFO 

പാതിരാത്രി. സഹപാഠി അല്‍ത്താഫിന്റെ വീട്ടിലിരുന്ന് ഇന്ത്യാ ഇംഗ്ലണ്ട് മൂന്നാം T-ട്വന്റി മാച്ച് കണ്ടിട്ട് ആല്‍ത്തറമുക്കിലൂടെ വരുകയായിരുന്നു ജിജേഷ് മോന്‍. ഹെഡ്‌സെറ്റില്‍ പാട്ടൊക്കെ കേട്ട് കെഫോണില്‍ പബ്ജി കളിച്ച് സ്വയംമറന്നാണ് നടപ്പ്. കൃഷ്ണന്റെ അമ്പലത്തിന് വശത്തൂടെ നടന്ന് മാടന്‍കാവിന്റെ അടുത്തെ ഊടുവഴിയിലൂടെയുള്ള കുറുക്ക് വഴി കയറി വീടെത്തുകയാണ് ജിജേഷ് മോന്റെ ലക്ഷ്യം. അപ്പോഴാണ് ആകാശത്ത് മഞ്ഞമഞ്ഞാ മഞ്ഞവെളിച്ചം തെളിഞ്ഞത്. പിറകെ ലേസര്‍ ഷോപോലെ പല ഫ്‌ലൂറസെന്റ് നിറവെട്ടങ്ങള്‍ ചുറ്റും പിണഞ്ഞിറങ്ങി. ഒന്നാന്തരം പറക്കും തളിക താഴ്ന്നിറങ്ങി വരുന്നത് കണ്ട് ജിജേഷ് മോന്റെ ഉള്ളുലഞ്ഞു. വീഡിയോ പിടിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്‍ 'UFO- യൂഫോ'ന്ന് പിറുപിറുത്ത് അന്തംവിട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒരരയാലിലയെപ്പോലും അടര്‍ത്താതെ പറക്കുംതളിക പതിയെ ആല്‍ത്തറമുക്കിലിറങ്ങി. വാതില്‍ തുറന്ന് അന്യഗ്രഹജീവികള്‍ പുറത്തേയ്ക്ക് വന്നു. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നപോലെ തന്നെ. ഉയരം കുറവ്. തൂവെള്ള നിറം. ഉണ്ടക്കണ്ണ്. ഹെല്‍മറ്റ് ധരിച്ചപോലുള്ള തല. അതീന്ന് രണ്ട് ആന്റിനകള്‍. എല്ലാവരും ജിജേഷ് മോനെ കെട്ടിപ്പിടിച്ച് ഉപചാര ഉമ്മ നല്‍കി പേര് പറഞ്ഞു പരിചയപ്പെടുത്തി. അന്യഗ്രഹജീവികള്‍ ആയാല്‍ ഇങ്ങനെ വേണം. വെടിക്കെട്ട് അന്യഗ്രഹജീവി. മച്ചാ മച്ചാ കമ്പനി. ജിജേഷ് മോന് അന്യഗ്രഹജീവികളെ വലിയ ഇഷ്ടമായി. ഫോണിലെ പബ്ജി ശ്രദ്ധിച്ച ഒരു അന്യഗ്രഹജീവി ഉടന്‍ ആല്‍ത്തറയിലെ വായുവില്‍ പടുകൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുത്തി കളി അങ്ങോട്ടാക്കാന്‍ ഉത്സാഹിച്ചു. അന്യഗ്രഹജീവികളും ജിജേഷ് മോനും രണ്ട് റൗണ്ട് പബ്ജി കളിച്ചടുക്കി ആല്‍ത്തറയാകെ വെടിയും പുകയുംകൊണ്ട് മൂടി. നല്ല രസമായിരുന്നു. അന്നേരം പേടകം ലേസര്‍ പ്രകാശങ്ങള്‍ മിന്നിച്ച് പോകാനുള്ള സമയമായെന്ന് സിഗ്‌നല്‍ മുഴക്കി. കെട്ടിപ്പിടിച്ച് യാത്രയൊക്കെ പറഞ്ഞ് അന്യഗ്രഹജീവികള്‍ പേടകവാതിലിലേക്ക് നീങ്ങി. ഒന്ന് തിരിഞ്ഞ് ജിജേഷ് മോന്റെ ഹെഡ്‌സെറ്റും സ്മാര്‍ട്ട് വാച്ചും സ്മാര്‍ട്ട് ഫോണും ഒക്കെ നോക്കി. പിന്നെ ആന്റിന കുലുക്കി ചോദിച്ചു: 'നീ വലിയ ഗാഡ്ജറ്റ് പ്രേമി ആണോ?' 

'പിന്നല്ലേ ഭയങ്കര ഗാഡ്ജറ്റ് പ്രേമിയാ' അവന്‍ പറഞ്ഞു.

'എന്നാലേത് ഗാഡ്ജറ്റ് വേണോ ചോദിച്ചോ. സമ്മാനമായി തരാം.' അന്യഗ്രഹജീവികള്‍ പേടകത്തിലേക്ക് കയറി. വാഗ്ദാനം കേട്ട് ജിജേഷ് മോന്റെ ഉള്ളം തുടിച്ചു.

'ടൈം മെഷീന്‍... ഒരു ടൈം ട്രാവല്‍ മെഷീന്‍ തന്നാമതി.' 

'ടൈം മെഷീന്‍ ഗാഡ്ജറ്റോ?' സൂചി കുത്താനുള്ള ഓഫറില്‍ ജിജേഷ് മോന്‍ തൂമ്പാ കയറ്റുന്നത് കണ്ട് അന്യഗ്രഹജീവികള്‍ അത്ഭുതം കൂറി.

'വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം' ജിജേഷ് മോന്‍ മുഖം കറുപ്പിച്ചു. ഭൂമിയില്‍ വന്നിറങ്ങിപ്പോയില്ലേ. യൂഫോകളുടെ പേര് കളയണ്ടെന്നു വെച്ച് അന്യഗ്രഹജീവികള്‍ ഉടന്‍ തന്നെ ആകര്‍ഷകമായൊരു ടൈം മെഷീന്‍ വരുത്തി ജിജേഷ് മോന് സമ്മാനിച്ചു. ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുന്ന ജിജേഷ് മോന് നേരെ ആന്റിനകള്‍ വീശി അന്യഗ്രഹജീവികള്‍ ഭൂമിയോട് എന്നെന്നേക്കുമായി വിടചൊല്ലി. 

യൂഫോ പറന്നകന്നു. 

 ****** 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പേടകവും പേറി, കെഫോണും യൂസേര്‍സ് മാന്വലെന്ന ഉപയോക്തൃ സഹായകഗ്രന്ഥവും ചികഞ്ഞുനോക്കി മേല്‍പ്പറഞ്ഞ ഇരുട്ട് നിറഞ്ഞ ഊടുവഴി, കുറുക്കുവഴി കയറി സ്വയം മറന്ന് ആടിപ്പാടി ഓടിയ ജിജേഷ് മോന്‍ ഇത്തിരി ദൂരെയൊരമ്പലത്തിലെ ഉത്സവത്തിനു പോയി രുഗ്മിണീസ്വയംവരം കഥകളിയും കണ്ട് തപ്പിത്തടഞ്ഞ് വരികയായിരുന്ന ശിങ്കാരവേലനപ്പൂപ്പന്റെ മേല്‍ച്ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നാലുകാലും പറിച്ച് കയ്യാലമേലെ മണ്ണു തിന്ന ശിങ്കാരവേലനപ്പൂപ്പന്‍ കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ പലപല ഇലക്ട്രോണിക് വെട്ടങ്ങളില്‍ ഇളിച്ചു നില്‍ക്കുന്ന ജിജേഷ് മോനെ കണ്ടു. പുതിയ പിള്ളാരെ ആരെക്കണ്ടാലും ശിങ്കാരവേലനപ്പൂപ്പന്‍ സ്ഥിരം എടുത്തലക്കുന്ന വാചകങ്ങള്‍ കട്ടിക്ക് പുറത്ത് ചാടി: 'അയ്യോ എല്ലാം നശിപ്പിക്കാനുണ്ടായ ഇപ്പോഴത്തെ തലമുറ. ഹോ, ഇതുപോലെ മനുഷ്യനെ തുലയ്ക്കുന്ന കാലം ഉണ്ടായിട്ടേ ഇല്ല. പണ്ടത്തെ കാലമല്ലായിരുന്നോ കാലം.'

അതു കേട്ടതും ജിജേഷ് മോന് വിറഞ്ഞുകയറി. അവന്‍ ചീറിക്കൊണ്ട് ഓടിച്ചെന്ന് ശിങ്കാരവേലനപ്പൂപ്പനെ താങ്ങിക്കൂട്ടിയെടുത്ത് ടൈം മെഷീനകത്താക്കി കതകടച്ചു. 'യ്യോ ഈ ലോകം മുടിക്കാനുണ്ടായ കാലനെന്നെ കൊല്ലുന്നേ'ന്ന് കരയുന്ന അപ്പൂപ്പനെ നോക്കി ജിജേഷ് മോന്‍ ടൈം മഷീന്‍ സ്‌ക്രീന്‍ സെറ്റ് ചെയ്തു. 

വര്‍ഷം: എ.ഡി 1800.

സ്ഥലം: ഇതേ സ്ഥലം.

ടൈം ട്രാവല്‍ ദൈര്‍ഘ്യം : രണ്ട് മിനിറ്റ്.

എന്റെര്‍...

ഭൂം...

ശിങ്കാരവേലനപ്പൂപ്പനേയും പേറി ടൈം ട്രാവല്‍ മെഷീന്‍ അപ്രത്യക്ഷമായി...

 *******
കിറുകൃത്യം രണ്ടാം മിനിറ്റില്‍ ടൈം ട്രാവല്‍ പൂര്‍ത്തിയാക്കി യന്ത്രം മടങ്ങിയെത്തി വാതില്‍ തുറന്നു.

'എന്നെ കുന്തത്തില്‍ കോര്‍ക്കല്ലേ, ഞാനിനി ഈവഴി വരൂലേ...' തലമുടിയൊക്കെ വലിച്ചുപിഴുത്, ഉടുമുണ്ടൊക്കെ പറിച്ചുകീറി, കവിളൊക്കെ അടിച്ചുകലക്കിയ നിലയില്‍ ശിങ്കാരവേലനപ്പൂപ്പന്‍ നിലവിളിയോടെ പുറത്തേയ്ക്ക് തെറിച്ചുവീണു. ജിജേഷ് മോനെ കണ്ടപ്പോള്‍ മോങ്ങല്‍ നിര്‍ത്തി ആശ്വാസത്തോടെ അപ്പൂപ്പന്‍ എണീറ്റിരുന്ന് നെഞ്ചത്തെ മെതിയടിപ്പാട് തുടച്ചുകൊണ്ട് കിതച്ചു: 'ഏത് അന്യഗ്രഹത്തിലോട്ടാടാ എന്നെ നീ കയറ്റിവിട്ടത്?'

'അന്യഗ്രഹമൊന്നുമല്ല, നമ്മളീ നില്‍ക്കുന്ന ഇതേ ഇടത്തോട്ടാ അപ്പൂപ്പന്‍ പോയത്.' ജിജേഷ് മോന്‍ ശിങ്കാരവേലനപ്പൂപ്പനു നേരെ കൈനീട്ടി.

'പൊന്നുമോനേ നല്ല കാലത്തിനു നീ തിരിച്ചുവിളിച്ച സമയം കൊള്ളാം. രണ്ട് സെക്കന്റ് താമസിച്ചിരുന്നെങ്കി മുണ്ടുടുത്ത് ഇതുവഴി വന്നതിന് ആ കാലമാടന്മാര് എന്റെ തല വെട്ടി എറിഞ്ഞേനെ.' ജിജേഷ് മോന്റെ തോളില്‍ കയ്യിട്ട് നേരെ നില്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ശിങ്കാരവേലനപ്പൂപ്പന്‍ പറഞ്ഞു. 

'അപ്പുപ്പന് പബ്ജി കളിക്കാന്‍ അറിയാമോ?' ജിജേഷ് മോന്‍ ചോദിച്ചു.

'ഇല്ല മോനേ, എന്തിനാ?'

'അല്ല, ഞാനൊന്ന് എ.ഡി 2075 വരെ പോയിട്ട് പെട്ടെന്നു വരാം. ഭാവിയില്‍ കിക്കിടിലം ഗാഡ്ജറ്റുകളാവും ഉണ്ടാവുക. അപ്പോ എന്റെ കയ്യില്‍ ഇതൊക്കെ കണ്ടാ അന്നുള്ളവര് പുച്ഛിക്കും. അതുകൊണ്ട് അപ്പൂപ്പന്‍ ഈ മൊബൈലും ഹെഡ്‌സെറ്റുമൊക്കെ ഒരു രണ്ട് മിനിറ്റ് നേരത്തേയ്ക്ക് ഒന്നു നോക്കാമോ, ബോറടിക്കാതെ പബ്ജി കളിച്ചോണ്ട് നിന്നോ.' ജിജേഷ് മോന്‍ ടൈം ട്രാവല്‍ മെഷീനില്‍ എ.ഡി 2075 സെറ്റ് ചെയ്തുകൊണ്ട് പറഞ്ഞു. അത് കേട്ട് ശിങ്കാരവേലനപ്പൂപ്പന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. 

'എന്താ ചിരിക്കുന്നത്?' ജിജേഷ് മോന്‍ ചോദിച്ചു.

'അല്ല, എ.ഡി 1800ല്‍ നിന്നു ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തിരിച്ചെത്തുകയെങ്കിലും ചെയ്തു. എ.ഡി 2075ലെ നിന്റെ അവസ്ഥയോര്‍ത്ത് ചിരിച്ചുപോയതാ...' ചെക്കന്‍ തന്നെപ്പിടിച്ച് ഈ കുന്ത്രാണ്ടത്തിനകത്തിട്ട് വല്ല ബി.സി അയ്യായിരാമാണ്ടിലേക്ക് അയച്ചാലോ എന്നോര്‍ത്ത് ഇത്തിരി അകലം പാലിച്ചുനിന്ന് ശിങ്കാരവേലനപ്പൂപ്പന്‍ പറഞ്ഞു. 

'ഈ നിമിഷത്തില്‍ സന്തോഷ സമാധാനത്തോടെ ജീവിക്കിനെടാ മറവന്മാരേ'ന്ന് ഉള്ളില്‍ ചിരിച്ച്, ടൈം മെഷീന്‍ എങ്ങോട്ട് പോകാനും തയ്യാറായി ഇരുവര്‍ക്കുമിടയില്‍ തിളങ്ങിവളര്‍ന്നു വിളങ്ങിത്തിങ്ങി നിന്നു.

ഫൈവ്ജി 5G

പഞ്ചപാവം കുഞ്ഞ അണ്ണന്റെ മോന്‍ സുര ഒരപ്പാവിച്ചെറുക്കനാണ്. കൂലിപ്പണിക്കാരനായ അച്ഛനപ്പോല തന്ന ആരേം 'ച്ചി പ്പോ'ന്നൊര് വാക്ക് പറയാത അടങ്ങി ഒതുങ്ങി പോണ ചെറ്ക്കന്‍. സുരേരമ്മ ചെല്ലമ്മ. തൊഴിലൊറപ്പിനു പോവും. അല്ലാത്തപ്പ ചില്ലറ അടുക്കളവേല. അച്ചും കൊച്ചും അടങ്ങി ജീവിക്കണ വെറും പാവോണ് ചെല്ലമ്മേം. സുരക്ക് പണി ആയിറ്റില്ല. പത്തി പഠിക്കണേ ഒള്ള്. സുര വല്ലപ്പഴാ ഒര് മൂട്ടിപ്പഞ്ഞി വച്ച സീററ്റ് വലിക്കും. സിസറ്. അതും ഒളിച്ചാ പാത്താ. അതല്ലാത ഒര് ദുശീലോം ഇല്ല. ഒരു ദിവസം ആരേം ശല്യപ്പെടുത്തണ്ടന്ന് വച്ച് ദൂര കൊക്കുറുഞ്ചി മലേര ഉച്ച്രാണാംകൊമ്പത്ത് പോയിരുന്ന് ഒര് സിസറ് കത്തിച്ചപ്പം അവിടേന്നും അന്നുവര കണ്ടിറ്റ്ല്ലാത്ത രണ്ട് പേര് സൈക്കളി ഇരിക്കണ്. വെളിനാട്ട് പയലുകളാവും. 

'ഫ്രീ ഫ്രീ. വരീന്‍ വരീന്‍ ചുമ്മാ വലിക്കീന്‍. ഫ്രീയോട് ഫ്രീ.'

വരണോരേം പോണോരേം ഒക്ക അവുമ്മാര് വിളിച്ച് ഈരണ്ട് കഞ്ചാവ് ബീഡി വച്ച് ചുമ്മാ കൊടുക്കണ കണ്ട് സുരേം അടുത്തോട്ട് ചെന്ന്. ഓസിനു കിട്ടിയാ ആസറ്റും കുടിക്കണ എല്ലാരുങ്കുട ഇടിച്ച് കേറിയ കൂട്ടത്തി സുരക്കും കിട്ടി രണ്ട് ബീഡി. സംശയിച്ച് നിന്നപ്പ അവന്മാര് ബീഡി പൊക്കി വിളിച്ചുപറഞ്ഞ്:
'എടേ, ധൈര്യമായിറ്റ് വലിച്ചോ. ഭയങ്കര ഔഷധഗുണങ്ങളുള്ള സാധനോണ്. പല രാജ്യങ്ങളും ലീഗലാക്കി വരണേണ്. യൂത്തിന് ഇതില്ലാത ഇനി ജീവിതമില്ല. ലോകത്തിന്റെ ഭാവി ഇനി ഇവനാണ്.'

ഒന്ന് കൊക്കുറുഞ്ചി മലേ വച്ച് തന്ന വലിച്ച്. ഒന്ന് രാത്രി തോട്ടി കുളിക്കാമ്പോയപ്പഴും. നീലപ്പൊക ഉയര്‍ന്ന് ചുറ്റും വ്യാപിച്ച് മാഞ്ഞുപോയി. ആദ്യോന്നും ഒന്നും തോന്നീല. പയ്യപ്പയ്യപ്പയ്യപ്പയ്യ ഒര് രസമൊക്ക കിട്ടിത്തൊടങ്ങി. ലോകം മൊത്തം ഒറ്റ ബീഡിത്തുമ്പ. 'കൊള്ളാല്ല സാനം', നക്ഷത്രങ്ങള പിടിച്ച് നീര്‍ക്കോലികക്ക് തിന്നാങ്കൊട്ത്ത്‌കൊണ്ട് സുര കക്കളംവെട്ടി ചിരിച്ച്. 'ഇന്നി നിന്നേക്ക ആക്ക് വേണം' എന്നുമ്പറഞ്ഞ് കയീ ഇരുന്ന സിസറ് മൊത്തം സുര തോട്ടി ഒഴുക്കി. 

വെച്ചിര്ന്ന കണക്ക് പിറ്റന്ന് കൊക്കുറുഞ്ചി മലേലോട്ട് വെച്ചടിച്ച്. രണ്ട് വെളിനാട്ട് പയലുകളും ബൈക്ക്കളിലാണ് ഇന്ന് ഇരിപ്പ്. ചുറ്റും ഇന്നലത്തക്കാട്ടിലും ആളും പേരും. വന്നോമ്മാരിക്കക്ക ഒര് കഞ്ചാവ് ബീഡി വച്ചേ ചുമ്മാ കൊടുത്തും ഒള്ള്. കൂടാത 'നാളത്തൊട്ട് ഫ്രീ ബീഡി ഇല്ല. ഇരുപത് രൂപ കൊണ്ട് വരണം' എന്ന് ഓര്‍മ്മിപ്പിക്കേം ചെയ്ത്. അവമ്മാര ഒടുക്കത്ത ജാഡ. നിന്റേക്ക ഓഞ്ഞ ബീഡി നാളത്തൊട്ട് നമ്മക്ക് വേണ്ടങ്കിലാന്ന് കെറുവിച്ച് സുര കിട്ടിയ ബീഡീങ്കൊണ്ട് വീട് പറ്റി. വലിച്ചപ്പ ഇന്നലത്തക്കാട്ടിലും പിടിത്തം ഒള്ള ബീഡി. ഇന്നലത്തക്കാട്ടിലും രസം. ലോകമായ ലോകം മൊത്തം മൂക്കീന്ന് കുമുകുമാ പൊങ്ങി വ്യാപിച്ച് മറയണ നീലപ്പൊഹ. ഓ ഇര്വത് രൂവ തന്നല്ല്, പോട്ട് പുല്ല്.'

കുടുക്ക പൊട്ടിച്ച പൈസേങ്കൊണ്ട് പിറ്റന്ന് മലകേറി ചെന്നപ്പം അവന്മാര് ജിപ്‌സീലാണ് ഇരുപ്പ്. ചുറ്റും ഇന്നലത്തക്കാട്ടിലും തെരക്ക്. ഒരു ബീഡി വാങ്ങിച്ചപ്പ അവന്മാര് ഇളിച്ച്: 'നാളത്തൊട്ട് ബീഡി വേണോങ്കി അമ്പത് രൂപേം തരണം ഒര് പാട്ടുമ്പാടണം.' 

എങ്ങന ദേഷ്യം വന്നന്നാ? എന്നാപ്പിന്ന ഇന്ന് നാലഞ്ച് ബീഡി വാങ്ങിച്ച് സ്റ്റോക്ക് ചെയ്യണ അല്ലീ ലാഭം. പൈസ എല്ലാങ്കൂട നുള്ളിപ്പറക്കി നീട്ടിയപ്പ അവന്മാര് നിന്റെ വേല കയ്യിലിരിക്കട്ടന്നുമ്പറഞ്ഞ് മുഖത്തോട്ട് പൊക ഊതി. അവമ്മാരുട തോന്നിയ സകല കലിപ്പും ബീഡി വലിച്ചപ്പ മാറി. കരിനീലപ്പൊക ഉയര്‍ന്നു ചുറ്റും വ്യാപിച്ച് മാഞ്ഞുപോയി. ഈരേഴ്പരബ്രമ്മോം ഒറ്റ ബീഡിത്തുമ്പ. കുറ്റം പറയാനില്ല, ഇന്നലത്തക്കാട്ടിലും കിണ്ണം സാനം. തലേം നല്ല വര്‍ക്കായി. അവന്മാര സൊബാവം വച്ച് നാളപ്പറയും മറ്റന്നാ നൂറ് രൂപ കൊണ്ട് വരാന്‍. അപ്പ നാള ഒരു മാസത്ത ബീഡി വാങ്ങി സ്റ്റോക്ക് ചെയ്യണ ആവും ബുദ്ധി. 

ഒരോളത്തിന് പാതിരാക്ക് എറങ്ങി നടന്ന്. മണിയണ്ണന്റെയ ഷീറ്റ് പൊരേക്കേറി ഒണക്കി ചുക്കാക്കിയ ഒര് കെട്ട് എടുത്ത് ചാക്കിലാക്കി നടന്ന്. വെളുക്കവെളുക്ക പോത്തങ്കോട്ടെത്തി. പത്ത് പതിന്നാല് കിലോ ഒണ്ടാര്ന്ന്. കിലോക്ക് നൂറ്റിനാപ്പത് വച്ച് കിട്ടി. കൊക്കുറുഞ്ചി മലേച്ചെന്നപ്പ അമ്പ് വിട്ടാ കടക്കാത്തത്തറ ആള്. മൊത്തം പൈസക്കും ഇന്നത്ത വിലക്ക് സാധനം ചോദിച്ചപ്പ അവമ്മാര് ചിരിച്ച്: 'നീ കൊള്ളാല, നമ്മള് മനസി കണ്ടത് നീ മാനത്ത് കണ്ട്. ചില്ലറ വില്‍പ്പന നമ്മള് ഇന്നത്തോട നിര്‍ത്തേണ്. നാളത്തൊട്ട് ആയിരം രൂപക്ക് ഒരാഴ്ചക്കൊള്ള ബീഡി. അയ്യായിരം രൂപക്ക് ഒരു മാസത്തക്കൊള്ളത്. കത്തിച്ച് മണത്താത്തന്ന സൊര്‍ഗ്ഗം കാണിക്കണ മുറ്റ് ഐറ്റോണ്.'

'ശെരി സമ്മയിച്ച്, എന്നുഎന്നും കേറി എറങ്ങി നടക്കണ്ടല്ല. നമ്മക്കും അത് തന്ന നല്ലത്', എല്ലാരും കയ്യടിച്ചപ്പ സുരേം കയ്യടിച്ച്. അവന്മാര് പറഞ്ഞപോല കത്തിച്ചാ ഒടന്‍ കിക്കാവും. അതക്ക ശരി തന്നെ, പഷേ, ബീഡി ശൂന്നുമ്പറഞ്ഞ് തീരും. എന്തര് സ്പീഡ്. വലിച്ചോളാന്‍ ആര്‍ത്തികേറി ഒടന്‍ അടുത്തത് കത്തിക്കും. എന്തിര് പറയാന്‍, ബീഡീങ്കൊണ്ട് കൂര പറ്റി മൂന്നിന്റെന്ന് എല്ലാം തീര്‍ന്ന്. ബീഡിയില്ലാത ഒര് നിമിഷം പറ്റൂലന്നായി തലപ്പ്രാന്തെട്ത്ത് സുര അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം ആയി. കയ്യിക്കിട്ടിയ തലങ്ങിണി വലിച്ച് കീറി പഞ്ഞി പറത്താന്‍ നോക്കിയപ്പം ഉള്ളില് ചവിരി ആണ്. പിന്നത് വാരി വിതറി. നോക്കിയപ്പം ഒര് താക്കോല് താഴ വീണ്. 

കട്ടിലിന്റെ അടീ ഒളിച്ച് വച്ച പഞ്ചപാവം കുഞ്ഞ അണ്ണന്റെ. റങ്ക് പെട്ടി കുത്തിത്തൊറന്ന് പാവപ്പെട്ടോന്‍ കെളയ്ക്കാമ്പോയി കിട്ടിയേന്ന് മിച്ചം പിടിച്ച് കൊണ്ട് പതുക്കി വച്ചിര്ന്ന പൈസ മൊത്തോം സുര എടുത്ത്. ചെന്നപ്പ നാട് മൊത്തം കൊക്കുറുഞ്ചി മലേര കീഴ ഒണ്ട്. പിള്ളരും കെളവന്മാരും പെണ്ണുങ്ങളും എല്ലാം. സംഭവം അവന്മാര് ഇന്ന് ഹെലികോപ്റ്ററിലാണ് വന്നെറങ്ങിയത്. ഭയങ്കര ഓളം. എല്ലാം അടങ്ങിയപ്പം അയ്യായിരം എണ്ണി നീട്ടി ഒര് മാസത്തെക്കൊള്ള ബീഡി ചോദിച്ച്. പൈസ വാങ്ങി പെട്ടീ വെച്ചിറ്റ് അവന്മാര് പാതി സാധനേ കൊടുത്തോള്ള്. ചുണ്ടി വച്ച് തീപ്പട്ടി എട്ക്കുമ്മുമ്പ് കിളി പറക്കണ വെടിച്ചില്ല് ഐറ്റോണ്. അപ്പ അളവിത്തിരി കൊറഞ്ഞെന്നക്ക ഇരിക്കുമ്പോലും. പിന്ന പ്രതീക്ഷിച്ച പോലെ തന്ന അവമാര് തനിക്കൊണം എടുത്ത്: 'ഇപ്പത്തരണേലും ഹൈലെവല് സാധനം വരാമ്പോവേണ്. കത്തിക്കേ വലിക്കേ ഒന്നുമ്മേണ്ട, ബീഡി എടുത്ത് നോക്കിയാ മതി, ഏഴാം സൊര്‍ഗ്ഗം കാണും. പക്ഷേ, ഇന്നിത്തൊട്ട് ഒര് വര്‍ഷത്തേക്കൊള്ള സാധനം ഒരു ലക്ഷം രൂപ. ആറ് മാസത്തക്ക് അമ്പതിനായിരം. അതീക്കൊറച്ച് കച്ചോടം ഇല്ല. എട് പൈസ...'

'പൊന്ന് മോലാളിമാരേ എനിക്ക് വേലേം കൂലീം ഒന്നുമില്ല. പഠിച്ചോണ്ട് ഇരിക്കണേ ഒള്ള്. നൂറ് രുവ പോലും എന്റെ ഇല്ല' സുരേര കണ്ണ് നിറഞ്ഞ്. 

'ഒര് പവന് ഇപ്പ എത്ര രുവ?', തലയോട്ടീര പടമുള്ള ഒര് കറുത്ത ലേസെടുത്ത് സുരക്ക് നേരെ നീട്ടി അതിലൊരുത്തന്‍ മറ്റവനോട് ചോദിച്ച്. 

'പവന് നാപ്പതിനായിരം...', മറ്റവന്‍ ഒര് ചുരുട്ട് ബീഡി കാണിച്ച് ഇളിച്ച്.

നല്ല ഇരുട്ടായപ്പം തലയോട്ടീര പടമുള്ള കറുത്ത ലേസും മൊഹത്ത് കെട്ടി തലേല് തോര്‍ത്തും ചുറ്റി സുര അടുക്കള വഴി അകത്ത് കേറി. ചെല്ലമ്മ മുരിങ്ങ എല അരിഞ്ഞ് തോരന്‍ വച്ചോണ്ടിരിക്കേയിരുന്ന്. പെറക്കക്കുടച്ചെന്ന് രണ്ട് കാതിലേം പൊട്ട് കമ്മല്‍കള് വലിച്ച് പറിച്ചെടുത്ത്. കഴുത്തില മാല പറിച്ചപ്പം ചെല്ലമ്മ ഉയിരു വെപ്രാളപ്പെട്ട് കുറുക്ക് വിളിച്ച്. സുര ഊക്കിനു തള്ളിയപ്പ അമ്മിക്കല്ലി തല ഇടിച്ച് താഴ വീണ്. പിന്ന അനങ്ങീല. വിളി കേട്ട് ഓടി വന്ന പഞ്ചപാവം കുഞ്ഞ അണ്ണന്റെ ഉച്ചി നോക്കി കയ്യിക്കിട്ടിയ കെഴങ്ങ് ഇളക്കണ തുടുപ്പ് എടുത്ത് അടിച്ച് പറ്റിച്ച് കൊടുത്ത്. എന്നിറ്റ് സുര എറങ്ങി ഓടി. മാലേം കമ്മലും ഇരിക്കണ കൈവെള്ള പൂട്ടി സുര നിര്‍ത്താത ഓടി. ഇരട്ടി സ്പീഡി രാത്രി മുഴുവന്‍ ഓടി...

അത്തിക്രാണം പിടിച്ച് ഓടിപ്പാഞ്ഞ് ചെന്നപ്പം കൊക്കുറുഞ്ചി മലേര ഏഴയലോക്കത്തോട്ട് ആരേം കേറ്റി വിടണില്ല. കൂട്ടംകൂടി നിക്കണോമ്മാരുട ചോദിച്ചപ്പം കൊക്കുറുഞ്ചി മല മറ്റേ രണ്ടവന്മാരുങ്കുട വാങ്ങിച്ചുപോലും. പുല്ല് പോലും കുരുക്കാത്ത കൊട്ടന്തറ വാങ്ങിച്ചിട്ട് എന്തേര് ചെയ്യാനാണന്ന് സുര കണ്ണ് തള്ളി. മലേ നെറയ കാലത്തിനൊത്ത ടവറ്കള് കേട്ടാമ്പോണ് പോലും. പിന്ന എങ്ങും 5ഏ വരും, മുടിഞ്ഞ സ്പീഡാവും എന്നക്ക പയ്യന്മാര് പറയണ കേട്ട്. കാത്ത് കെട്ടിക്കെടന്ന് മട്ത്തപ്പം രണ്ടവന്മാരുങ്കുട എറങ്ങിവന്ന്. കണ്ടാ ആളറിഞ്ഞൂട. കോട്ടും സൂട്ടും ടൈയും കൂളിങ്ങ്‌ളാസും മുടിഞ്ഞ ജാഡ. 

'പൊന്ന് സാറന്മാരേ ഒരു വര്‍ഷ പത്തക്കാ ആറു മാസത്തക്കാ ഒരു ദിവസത്തക്കാ എന്തരായാലും മതി, പെട്ടന്ന് താ, ഇല്ലങ്കി ഞാനിപ്പം ചാവും. താ താ...', അവന്മാരുടെ നേര്‍ക്ക് ചോരപ്പശ ഒട്ടിയ കൈവെള്ള തുറന്ന് നീട്ടി സുര കേണ്.

'നീയാ പഞ്ചപാവം കുഞ്ഞ അണ്ണന്റെ മോനല്ലേ സുര. അങ്ങേര് ചത്തല്ലേ', കമ്മലുകളി കാത് അറ്റ് ഇരുന്നതും മാലേ ചോര പറ്റി ഇരുന്നതും കുപ്പി വെള്ളത്തി കഴുവി വെടിപ്പാക്കിക്കൊണ്ട് അവന്മാര് അങ്ങോട്ട് ചോദിച്ചു. 
'അതൊന്നും എനിക്കറിഞ്ഞൂടാ... സാധനം താ...', സുര ചീറി. 

'ഒര് കാര്യം ചെയ്. പോയ് ആധാരം ഇഞ്ഞെടുത്തോണ്ട് വാ. ലൈഫ് ടൈം ആക്കിത്തരാം. ഇങ്ങോട്ട് വരലൊന്നും പിന്ന വേണ്ട. പുത്തന്‍ പുതിയ ഐറ്റങ്ങള്‍ വരുമ്പ ഹൈസ്പീഡി അപ്‌ഡേറ്റ് ചെയ്ത് ഓട്ടോമാറ്റിക്കായിറ്റ് അങ്ങെത്തിക്കോളും. പിന്ന ഫുള്‍ടൈം ലെഹരീലാറാടി നിലം തൊടാത നടക്കാം. കൊളുത്തേ വലിക്കേ ഒന്നുമ്മേണ്ട. അത്ര സ്പീഡാണ്... ലൈഫ് ടൈം എട്, അതാണ് ലാഭം...', അവന്മാര്‍ സ്വര്‍ണ്ണം കീശയിലിട്ടുകൊണ്ട് പറഞ്ഞു. 

ആധാരം തേടി സുര കൊക്കുറുഞ്ചി മലയടിവാരം വിട്ട് വീട്ടിലേക്കുള്ള വഴിയേ ഓടാന്‍ തുടങ്ങി.

NANO വെടിയുണ്ട

ഇന്ത്യയില്‍നിന്നും അനേകായിരം കിലോമീറ്ററുകള്‍ അകലെ മഞ്ഞുമൂടിയ ഒരിടം. മഞ്ഞ് കല്ലുമഴ പെയ്യുന്ന രാത്രി. തീക്ഷ്ണനിലാവ്. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നിളകുന്ന വെണ്‍മഞ്ഞുകുന്നുകള്‍. ഹിമപാതയോരത്തേക്ക് കുറച്ച് മഞ്ഞിടിഞ്ഞു. ഇ- ഷട്ടര്‍ ഒച്ചയുണ്ടാക്കാതെ ചുരുള്‍ നിവര്‍ത്തി. കട്ടിക്കണ്ണാടി വാതില്‍ വിടര്‍ന്നുമാറി. വാമറും ജാക്കറ്റും കമ്പിളിക്കോട്ടും കട്ടികൂടിയ രാത്രി ദൃശ്യക്കണ്ണടയും കനത്ത കയ്യുറകളും ബൂട്ടുകളും ധരിച്ച ഏജന്റ്-A പുറത്തിറങ്ങിയതിന് പിന്നാലേ ഇഷട്ടര്‍ ഒച്ചയുണ്ടാക്കാതെ പതിയെ അടഞ്ഞു. ഏജന്റ്-A  ജാക്കറ്റിനുള്ളില്‍നിന്ന് വലിയൊരു തോക്കെടുത്തു. പേക്കുഴലിനൊരു വശത്തുനിന്ന് ഉയര്‍ന്നുവന്ന ഡിജിറ്റല്‍ സ്‌ക്രീനില്‍ അയാള്‍ വിരലുരച്ചു. എന്തൊക്കെയോ കുത്തിക്കുറിച്ചു. സ്‌ക്രീന്‍ തോക്കിലേക്ക് തന്നെ മടക്കിയ ശേഷം നിശൂന്യ രാത്രിയാകാശത്തേക്ക് തൃപ്തിയോടെ അയാള്‍ തലയുയര്‍ത്തി നോക്കി. തെല്ലിട നിന്നു. തോക്ക് ആകാശത്തിന്റെ വിരിമാറിലേക്ക് ചൂണ്ടി. മഞ്ഞ് മഞ്ഞിനെ ചുംബിക്കുന്ന ഒച്ചയില്‍ നാലുതവണ ഏജന്റ്-A നിറയൊഴിച്ചു. 

ജമ്മു കശ്മീര്‍, പുല്‍വാമ, ഇന്ത്യ.

പുലര്‍വേള. സേനാ ഔട്ട്‌പോസ്റ്റ്. കമാന്‍ഡിംഗ് ഓഫീസര്‍ ബല്‍ബീര്‍ സിംഗ് സൈനികരായ ശിവ്കുമാര്‍ ബറുവയോടും മുനീര്‍ മുഹമ്മദിനോടും സംസാരിച്ച് നില്‍ക്കുകയാണ്. പെട്ടെന്ന് തല ചിതറി ബല്‍ബീര്‍ സിംഗ് നിലത്തേക്ക് ചെരിഞ്ഞുവീണു. എന്തുപറ്റിയെന്നു മനസ്സിലാകും മുന്‍പ് ശിവ്കുമാര്‍ ബറുവയും മുനീര്‍ മുഹമ്മദും നിലം പതിച്ചു. പതറാതെ സംയമനം പാലിച്ച് സമീപ പ്രദേശങ്ങളെല്ലാം സൈന്യം അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ബല്‍ബീര്‍ സിംഗിന് സമീപത്ത് നിന്നിരുന്ന ജോണ്‍ മരുതനായകം നേരേ മുകളില്‍നിന്നാണ് വെടിയുണ്ട വന്നതെന്ന സംശയം പ്രകടിപ്പിച്ചു. പ്രഥമ പരിശോധന നടത്തിയ മിലിട്ടറി ഡോക്ടറും അങ്ങനെയൊരു നിഗമനമാണ് മുന്നോട്ട് വച്ചത്. ഏവരും ആകാശത്തേക്ക് മലര്‍ന്നു നോക്കി. പ്രഭാതകിരണങ്ങള്‍ അവരെ നോക്കി പുഞ്ചിരി തൂകി. 

തോക്കില്‍ മൂന്ന് ബീപ് ശബ്ദങ്ങള്‍ കേട്ട് ഏജന്റ്-A തെല്ല് പരിഭ്രാന്തിയോടെ സ്‌ക്രീന്‍ ഉയര്‍ത്തി നോക്കി. മൂന്ന് വെടിയുണ്ടകള്‍ കൃത്യമായി ലക്ഷ്യങ്ങള്‍ ഭേദിച്ചിരിക്കുന്നു. നാലാമത്തേതിനെപ്പറ്റിഎങ്ങനെയെന്തെവിടെഒരു വിവരവുമില്ല! കോപത്തോടെ ഏജന്റ്-A മഞ്ഞുനിലത്തെ ചവിട്ടിഞെരിച്ചു.

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ആര്, എന്ത്, എവിടെനിന്ന്, എങ്ങനെ എന്നൊന്നും ഒരു പിടിയും കിട്ടാതെ സൈനികവൃത്തങ്ങളും അന്വേഷണസംഘവുമെല്ലാം സമ്മര്‍ദ്ദത്തിന്റെ പരകോടിയില്‍ നില്‍ക്കവേ ദില്ലിയിലെ സൈനിക ആസ്ഥാനത്തേക്ക് ഒരു സാറ്റലൈറ്റ് വിളി വന്നു. 

'ഞാന്‍ ഏജന്റ്-A, ***നെ പ്രതിനിധീകരിച്ചാണ് സംസാരിക്കുന്നത്. ക്ഷമിക്കണം, നിങ്ങളുടെ മൂന്ന് വിലയേറിയ ജീവനുകള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെനിന്നും വെടിവച്ച് കവര്‍ന്നെടുത്തത് ഞാനാണ്', നിസ്സംഗത നിറഞ്ഞ അജ്ഞാതശബ്ദം കേട്ട് സൈനിക ആസ്ഥാനം ഇളകി മറിഞ്ഞു. 

'ഒരാളെ വെടിവെച്ച് വീഴ്ത്താനാകുന്ന പരമാവധി ദൂരം ഇന്നെത്രയാണ്?', അജ്ഞാതശബ്ദം ചോദിച്ചു. ആരുംതന്നെ ഉത്തരം പറഞ്ഞില്ല. 

'ഇസ്രായേലി പ്രതിരോധസംഘത്തിലെ ടോം ഗില്‍ 1800 മീറ്റര്‍ അകലെനിന്ന് ഒരാളെ വെടിവെച്ചു കൊന്നപ്പോ അതായിരുന്നു റെക്കോഡ്. 2009ല്‍ ബ്രിട്ടീഷ് സൈനികനായ ക്രെയ്ഗ് ഹാരിസണ്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് താലിബാന്‍കാരെ ഏകദേശം 2500 മീറ്റര്‍ ദൂരെനിന്ന് വെടിവെച്ച് വീഴ്ത്തി റിക്കോഡ് തിരുത്തി. മൂവായിരം മീറ്ററകലെ നിന്ന് ആളെ കൊല്ലാനാകുന്ന തോക്ക് നിര്‍മ്മിക്കാന്‍ എത്രയോ കമ്പനികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. ലോകം തോക്കിനു പിന്നാലേ പോയി. ഞങ്ങള്‍ ഉണ്ടയിലാണ് ശ്രദ്ധിച്ചത്. എത്ര മൈല്‍ അകലെയിരുന്ന് വേണമെങ്കിലും വെടിവച്ച് കൊല്ലാനാവുന്ന സ്വനിയന്ത്രിത നാനോ വെടിയുണ്ടകള്‍. തോക്കിലെ സ്‌ക്രീനില്‍ കൊല്ലേണ്ട ആളിന്റെ പേര് ടൈപ്പ് ചെയ്താല്‍ മതി. ഫെയ്‌സ്ബുക്കില്‍നിന്നോ മറ്റോ അവന്റെ സകല വ്യക്തിവിവരങ്ങളും ശേഖരിച്ച് അവനേത് രാജ്യത്ത് ഏത് പൊത്തില്‍ ഒളിച്ചിരുന്നാലും തേടിക്കണ്ടെത്തി തലച്ചോറ് ചിതറിക്കുന്ന ലോഹച്ചീള്. കൃത്രിമബുദ്ധിയും നാനോ കംപ്യൂട്ടിംഗും മൈക്രോ ക്യാമറയും GPSഉം തുടങ്ങി അനേകം നൂതന സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച അത്തരം ഉണ്ടകള്‍ ഞങ്ങളിതാ മെനഞ്ഞുകഴിഞ്ഞു. ഇതിന്റെ പ്രയോജനം പ്രതിരോധ ബജറ്റിനു വളരെയധികം തുക മാറ്റിവയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ലഭിക്കണമെന്നുണ്ട്. വളരെയധികം വിലയേറിയ ആദ്യ മൂന്ന് ഉണ്ടകള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചത് അതിനാലാണ്. നിങ്ങളുടെ ഫോറന്‍സിക് വിദഗ്ദ്ധരും പിന്നീട് ബാലിസ്റ്റിക് കേമന്മാരും തരുന്ന റിപ്പോര്‍ട്ട് വായിച്ചിട്ട് എന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ മതി. ഹഹഹഹ ഓരോ അരിമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേരെഴുതിയിട്ടുണ്ട് എന്നതുപോലെ ഓരോ വെടിയുണ്ടയിലും അതു കൊള്ളേ(ല്ല)ണ്ടവന്റെ. പേര് എഴുതപ്പെടാന്‍ പോകുകയാണ്.'

ഏജന്റ്-Aയുടെ വാക്കുകള്‍ സൈനിക ആസ്ഥാനത്തെ മുഖങ്ങളിലെല്ലാം പൊട്ടിച്ചിതറി. ആരും ഒരക്ഷരം ഉരിയാടാത്ത വിയര്‍പ്പ് നിമിഷങ്ങള്‍.

'പറയാന്‍ മറന്നു, നിങ്ങളുടെ ശത്രുരാജ്യങ്ങളെല്ലാം ചോദിച്ച കാശിന് ആദ്യ ഗഡുവായി രണ്ട് മില്യണ്‍ സെല്‍ഫ് ഗൈഡഡ് നാനോ ബുള്ളറ്റുകള്‍ക്ക് ഓര്‍ഡര്‍ തന്നു കഴിഞ്ഞു', ഏജന്റ്അ ശാന്തനായി പറഞ്ഞു. സൈനിക ആസ്ഥാനത്തെ മുഖങ്ങളിലെല്ലാം സമ്മിശ്ര വികാരങ്ങളുടെ ലോക മഹായുദ്ധം. ഏജന്റ്-A തലകളരിഞ്ഞു കൂട്ടിയ മഹാവിജയിയായി ചിരിച്ചു: 'ഒരു നിമിഷം ഭാവനയില്‍ കണ്ടു നോക്കൂ, നിങ്ങളുടെ അതിര്‍ത്തിയില്‍ പാറാവ് നില്‍ക്കുന്ന സൈനികര്‍ ഒന്നിനു പിറകെ ഒന്നായി ആകാശത്ത്‌നിന്ന് മഴപോലെ പെയ്തിറങ്ങുന്ന വെടിയുണ്ടകളേറ്റ് നിലം പൊത്തുന്ന ഹൃദയഭേദകവും ഇച്ഛാഭംഗവും നിറഞ്ഞ കാഴ്ച. എന്താണ് സംഭവിച്ചത്, ആര്, എങ്ങനെ, എവിടെനിന്നു വെടിവച്ചെന്നുപോലും കണ്ടെത്താനാവാതെ ഭ്രാന്തുപിടിച്ച മേലധികാരികളുടെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ. ക്ഷമിക്കണം, അങ്ങനെയൊന്നും സംഭവിക്കുമെന്നല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ മറിച്ച് ആലോചിക്കൂ, നിങ്ങളുടെ രാജ്യത്തിനകത്ത് സായുധപോരാട്ടം നടത്തുന്നവര്‍ ഒന്നൊന്നായി നിലംപൊത്തുന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാനാകാതെ ഇല്ലാതാകുന്നു. എതിര്‍ക്കാനാളില്ലാതെ നിങ്ങള്‍ മാത്രം അജയ്യരായി ഭരണം നടത്തുന്നതെപ്പറ്റി ചിന്തിക്കൂ. നിബന്ധനകള്‍ അനുസരിച്ചാല്‍ നിങ്ങളുടെ ശത്രുരാജ്യങ്ങളുടെ ഓര്‍ഡറുകള്‍ റദ്ദാക്കി ഈ സാങ്കേതികവിദ്യ ഒന്നടങ്കം നിങ്ങള്‍ക്ക് വില്‍ക്കാനും ഞങ്ങള്‍ക്ക് സാധിക്കും. എന്തായാലും ഞാന്‍ കുറച്ചുകഴിഞ്ഞു വിളിക്കാം.' 

വിളി മുറിച്ച് അയാള്‍ ബൂട്ട് ഉയര്‍ത്തി ചുറ്റും വന്നടിഞ്ഞ മഞ്ഞ് പതിയെ ചവിട്ടിച്ചതച്ചു നിരപ്പാക്കി. ശേഷം തോക്കിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ മറ്റൊരു രാജ്യത്തെ സൈനിക മേധാവികളുടേയും കാലാളുകളില്‍ ചിലരുടേയും പേര് കുത്തിക്കുറിച്ചു. സ്‌ക്രീന്‍ തോക്കിലേക്ക് തന്നെ മടക്കി. ആകാശത്തേക്ക് തോക്കുയര്‍ത്തി ഏജന്റ്-A നാലുതവണ നിറയൊഴിച്ചു. 

വാല്‍ക്കഷണം: 

ആധാരം എടുക്കാന്‍ വീട്ടിലേക്ക് വെപ്രാളപ്പെട്ടോടുകയായിരുന്ന സുര തലയ്ക്ക് മുകളിലൂടെ ഫൈവ്ജി വേഗത്തില്‍ ഒരു യൂഫോപ്പറക്കും തളിക പോകുന്നതും അന്നേരം കശ്മീര്‍ ലക്ഷ്യമാക്കി ആകാശത്തേക്ക് വച്ച, എന്നാല്‍ ഇടയ്ക്ക് വച്ചുണ്ടായ സോഫ്റ്റ്‌വെയര്‍ തകരാര്‍ കാരണം കേരളത്തിലേക്ക് ലക്ഷ്യം തെറ്റി വന്ന വെടിയുണ്ട തറച്ചുകയറി യൂഫോപ്പറക്കും തളികയ്ക്ക് തീ പിടിക്കുന്നതും ആകാശത്തൊരു തീവരയും പുകവാലും അവശേഷിപ്പിച്ച് മറയുന്നതുമൊക്കെ വല്ല ചൂട്ടുമാടനോ പന്തമോ റോക്കറ്റോ ആകുമെന്നും അല്ലെങ്കില്‍ മുന്‍പേ വലിച്ച ഔഷധബീഡിയുടെ ഓരോ ലീലാവിലാസങ്ങളല്ലാതെന്ത് എന്നുമൊക്കെ വിചാരിക്കുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com