'എ.കെ.ജിയും ജോറയും സിസിടിവിയും'- ഡി. ധനസുമോദ് എഴുതിയ കഥ

വാച്ചിലേക്ക് ജോര്‍ജ് പോള്‍ വീണ്ടും നോക്കി. അഞ്ച് മണിയാകാന്‍ ഇനിയും അന്‍പത് മിനിറ്റ് ബാക്കിയുണ്ട്. ലാപ്‌ടോപ് ബാഗില്‍ ഒന്നുകൂടി അമര്‍ത്തിനോക്കി
'എ.കെ.ജിയും ജോറയും സിസിടിവിയും'- ഡി. ധനസുമോദ് എഴുതിയ കഥ

വാച്ചിലേക്ക് ജോര്‍ജ് പോള്‍ വീണ്ടും നോക്കി. അഞ്ച് മണിയാകാന്‍ ഇനിയും അന്‍പത് മിനിറ്റ് ബാക്കിയുണ്ട്. ലാപ്‌ടോപ് ബാഗില്‍ ഒന്നുകൂടി അമര്‍ത്തിനോക്കി. കുഴപ്പമില്ല, ഓള്‍ഡ് മങ്കിന്റെ റം ബോട്ടില്‍ അവിടെത്തന്നെയുണ്ട്. മേശയ്ക്കുള്ളില്‍ ലാപ്‌ടോപ് സുരക്ഷിതമാക്കിയ ശേഷമാണ് മദ്യക്കുപ്പി ബാഗില്‍ തിരുകിവച്ചത്. ഡല്‍ഹിയിലെ പഹാഡ്ഗഞ്ചിലെ ഓഫീസില്‍നിന്നും അഞ്ച് മണിയോടെ ഓടിയിറങ്ങണമെന്നും പട്ടേല്‍ നഗറിലെ വീട്ടിലേക്കു നാല്‍പ്പത് മിനിറ്റുകൊണ്ട് എത്തണമെന്നും അയാള്‍ ഉള്ളാലെ കൊതിച്ചു. മദ്യക്കുപ്പി ബാഗില്‍ ഉള്ളതിനാല്‍ ഡല്‍ഹി മെട്രോയില്‍ തടയും. ഓട്ടോറിക്ഷ പിടിച്ചു പോകാമെന്നും കണക്കുകൂട്ടി.

പഞ്ചിങ് ടൈമിനായി കാത്തിരിക്കുന്ന ജീവനക്കാരന്‍ ആയിരുന്നില്ല ഇതുവരെ ജോര്‍ജ് പോള്‍. പക്ഷേ, ഇന്ന് വീട്ടില്‍ ആറുമണിക്കെങ്കിലും എത്തണം. ഉച്ചകഴിഞ്ഞപ്പോള്‍ സൗമിത്ര വീട്ടില്‍നിന്നു ഇറങ്ങിയതാണ്. സൗമിത്ര ബംഗാളിയാണെങ്കിലും ഉത്തരേന്ത്യന്‍ വിവാഹങ്ങളോടുള്ള ഭ്രമം അവള്‍ക്ക് 25 വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. ഷേര്‍വാണിയും തലപ്പാവും മാലയും ധരിച്ചു വെള്ളക്കുതിരയില്‍ പോകുന്ന മണവാളന്റെ ഒപ്പം ഡാന്‍സ് കളിക്കാന്‍ ഏറെ ഇഷ്ടമാണ്. ഭാര്യ വിവാഹങ്ങള്‍ക്കു പോകുമ്പോഴാണ് വീട്ടിലിരുന്നു മദ്യപിക്കാനുള്ള അപൂര്‍വ്വ അവസരം. വൈകിട്ട് നാല് മണിയോടെ തുടങ്ങുന്ന ഈ കല്യാണ ചടങ്ങുകള്‍ നേരം പുലരുമ്പോഴായിരിക്കും അവസാനിക്കുക.

വീട്ടില്‍നിന്നും വരന്‍ യാത്ര തിരിക്കുന്നതോടെ അറിയാതെ ചുവടുകള്‍ വച്ചുപോകുന്ന ഡോളക്കിന്റെ മേളമുയര്‍ന്നു തുടങ്ങും. 47 വയസ്സുകാരിയായ സൗമിത്ര കൈകള്‍ മുകളിലേക്ക് എറിഞ്ഞ് പഞ്ചാബി ഡാന്‍സിന് ചുവടുവയ്ക്കുമ്പോള്‍ കൗമാരക്കാരിയായി ജോര്‍ജിനു തോന്നും. റോഡില്‍ നൃത്തം ചെയ്യാനായി പല വിവാഹങ്ങളും അങ്ങോട്ട് പറഞ്ഞു വിളിപ്പിക്കുന്നതാണെന്നു അയാള്‍ കളി പറയാറുണ്ട്. ഒന്നാംവര്‍ഷ ഡിഗ്രിക്കാരന്‍ ആയപ്പോള്‍ മുതല്‍ മകന്‍ അഭിജിത് വൈകിട്ട് ഏഴു മണിക്കാണ് വീട്ടിലെത്തുക. പതിനേഴിന്റെ പടി ചവിട്ടിയതോടെ മകനിലെ നിയന്ത്രണത്തിന്റെ ഭാരവും എടുത്തുകളഞ്ഞു. അടുത്ത ഡിസംബര്‍ 28ന് ഇന്ത്യന്‍ പൗരനായി മാറും. ക്രിസ്തുമസിനും ന്യു ഇയറിനും ഇടയില്‍ ജന്മദിനം വരുന്ന എല്ലാവരും ക്രിസ്തുമസ് കുട്ടിയാണ്. ഈ ദിവസങ്ങളില്‍ പിറന്നവരുടെ മുഖത്ത് ഒരു പ്രത്യേകം കാരുണ്യം കവിഞ്ഞൊഴുകുന്നതായി ജോര്‍ജിനു തോന്നിയിട്ടുണ്ട്. ഈ കാരുണ്യം കൊണ്ടാകാം വല്ലപ്പോഴും അമ്മയറിയാതെ മദ്യപിക്കുന്ന അച്ഛനെ അവന്‍ ഒറ്റിക്കൊടുത്തിട്ടില്ല. മലയോര കര്‍ഷകരുടെ അപ്പന്മാര്‍ക്ക് മക്കള്‍ സഹായിയും സുഹൃത്തും ദേഷ്യവും സങ്കടവും ഇറക്കിവയ്ക്കാനുള്ള അത്താണിയും കൂടിയാണ്. ആണായാലും പെണ്ണായാലും മലയോരത്ത് താമസിക്കുന്നവര്‍ വേഗം പക്വതയുടെ കുന്ന് കയറുന്നവരാണ്.

ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും മൂലധനമാക്കി കേരള എക്‌സ്പ്രസില്‍ ഡല്‍ഹിക്കു വണ്ടി കയറിയതാണ് ജോര്‍ജ്. കോട്ടയത്ത് നിന്നു കിഴക്കന്‍ കണ്ണൂരെത്തി കാട് വെട്ടിത്തെളിച്ചു നാടുണ്ടാക്കിയ പോളച്ചന്റെ മകന് ആദ്യ ഡല്‍ഹി യാത്രയില്‍ ഒരാശങ്കയും ഉണ്ടായിരുന്നില്ല. പല ജോലികളും പല വീടുകളും മാറിമാറി താമസിച്ചാണ് ഒടുവില്‍ പട്ടേല്‍ നഗറിലെ വീടിന്റെ മുകളില്‍ ഛത്തില്‍ താമസം തുടങ്ങിയത്. രണ്ടുനില വീടിന്റെ മുകളിലെ ഒറ്റമുറിയാണ് ഛത്ത്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍ പോകുന്ന വിവരം എല്ലാവരേക്കാളും മുന്‍പേ അറിഞ്ഞത് മലയാളി സ്‌റ്റെനോഗ്രാഫര്‍മാര്‍ ആയിരുന്നു. ആ പരമ്പരയില്‍ വേഗം സ്‌റ്റെനോഗ്രാഫര്‍ ആയി ജോലി കിട്ടിയശേഷമാണ് വാടകവീട് തേടിയിറങ്ങിയത്. സത്യം പറഞ്ഞാല്‍ ഇരുപതുകാരനായ ചെറുപ്പക്കാരനെ ഛത്തില്‍ താമസിപ്പിക്കാന്‍ അഭയ് മുഖര്‍ജിക്ക് താല്പര്യമുണ്ടായിരുന്നില്ല. പെണ്‍മക്കളായ അതിഥി, സൗമിത്ര എന്നിവര്‍ അടങ്ങുന്ന കുടുംബത്തോടുകൂടി താമസിക്കുന്നത് കൊണ്ടായിരുന്നില്ല, മറിച്ച് ചുണ്ടിലെ കറുത്തനിറം കാരണം പുകവലിക്കാരനാണോ എന്ന സംശയമായിരുന്നു കാരണം. ചാര്‍മിനാര്‍ സിഗരറ്റ് ആരെങ്കിലും വലിക്കാന്‍ തുടങ്ങിയാല്‍ അടുത്ത് നില്‍ക്കുന്ന അഭയ്ക്ക് ചുമ തുടങ്ങും.

താക്കോല്‍ വാങ്ങാന്‍ ചെന്നപ്പോഴാണ് അഭയ്യുടെ വീട്ടില്‍ മാര്‍ക്‌സിനൊപ്പം എ.കെ.ജിയുടെ ചിത്രവും ചില്ലിട്ടു വച്ചിരിക്കുന്നത് കണ്ടത്. എ.കെ.ജിയാണ് സത്യത്തില്‍ ആ വീടിന്റ വാതില്‍ ജോര്‍ജിനായി തുറന്നുനല്‍കിയത്. ചുണ്ടിന്റെ ചെറുകോണില്‍ പാതിയെത്തിയ പുഞ്ചിരിയുണ്ടെങ്കിലും ഗൗരവം നിറഞ്ഞ ആ ചിത്രത്തില്‍ നോക്കിനിന്നപ്പോള്‍ ആ നിമിഷം തന്നെ ജോര്‍ജിനെ അഭയ് മനസ്സിലേക്ക് സ്വീകരിച്ച് ഒരു കസേര ഇട്ടു നല്‍കിയിരുന്നു. പുഞ്ചിരിയാണോ ഗൗരവമാണോ എന്നു തിരിച്ചറിയാനാവാത്ത മൊണാലിസ ചിത്രംപോലെ ഇന്ത്യന്‍ കോഫീ ഹൗസിലെ കാഷ്യറുടെ തലയ്ക്ക് മീതെ തൂക്കിയ എ.കെ.ജി ചിത്രമാണ് ഓര്‍മ്മ വരുന്നത്. കുടിയിറക്കപ്പെട്ട് അമരാവതി ആനക്കാട്ടില്‍ തള്ളിയ മനുഷ്യര്‍ക്കുവേണ്ടി പന്ത്രണ്ട് ദിവസം പട്ടിണി സമരം നടത്തിയ നേതാവെന്ന പരിമിതമായ അറിവ് മാത്രമാണുണ്ടായിരുന്നത്. തെക്കന്‍ കണ്ണൂര്‍ ചുകചുകപ്പാണെങ്കിലും മലകയറുമ്പോള്‍ ചുവപ്പിന്റെ നിറം നേര്‍ത്തുവരും. എ.കെ.ജിയെക്കുറിച്ചും ഇ.എം.എസ്സിനെക്കുറിച്ചും ജോര്‍ജുപോളിന് ആ ബംഗാളിയാണ് പറഞ്ഞു കൊടുത്തത്. അന്നവര്‍ സഖാക്കളായിക്കൊണ്ടിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ വിവാഹത്തിനുള്ള അറിയിപ്പ് പോലെ താളമുയര്‍ന്നു തുടങ്ങി. ഇരുവരും ആ വീട്ടിലേക്കു നടന്നു. ചുവട് വയ്ക്കുന്ന മകള്‍ സൗമിത്രയെ അഭയ് ചൂണ്ടിക്കാട്ടി.

ഒരു കല്യാണത്തലേന്നുള്ള രാത്രിയിലാണ് സൗമിത്രയെ ആദ്യമായി കണ്ടതെന്ന് ഓര്‍ത്തിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന പ്ലഗ്ഗില്‍നിന്നും ഫോണ്‍ ഊരി ഏതോ ഒരു മേനോന്‍ ആണെന്നു പറഞ്ഞു ബാബു ഫോണ്‍ കൈമാറി. ജാതിവാലുള്ള പേരുകളെ ബാബുവിന് ഒരുതരം ഇഷ്ടക്കേടായിരുന്നു.

ഈ മനുഷ്യന്മാര്‍ക്ക് പേരില്ലേ, ജാതി മാത്രമേ ഒള്ളോ എന്നോ മറ്റോ ഉള്ള അവന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. കെ.പി.എ. മേനോന്‍ എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറിന്റെ ഉടമ അയല്‍ക്കാരനാണെങ്കിലും അയാളുടെ ശരിക്കുള്ള പേര് ആദ്യമൊന്നും അറിയില്ലായിരുന്നു. മേനോന്റെ മുന്നിലെ എയുടെ പൂര്‍ണ്ണരൂപം അയ്യപ്പന്‍ എന്നറിഞ്ഞത് രണ്ടു വര്‍ഷം മുന്‍പ് മാത്രമാണ്. മേനോന്‍ എന്ന മുന്തിയ ജാതിവാലിനൊപ്പം തലയെടുപ്പില്ലാത്ത അയ്യപ്പന്‍ എന്ന പേര് അപകര്‍ഷബോധം ഉണ്ടാക്കിയ നാളുകളില്‍ കെ.പി.എ. മേനോനായി സ്വയം നാമകരണം നടത്തുകയായിരുന്നു. സി.സി. മേനോന്‍ എന്നാണ് കോളനിയില്‍ അങ്ങേരെ വിളിക്കുന്നത്. ഓരോ വീടുകളിലും നടക്കുന്ന സന്തോഷം അറിഞ്ഞില്ലെങ്കിലും അസ്വസ്ഥതയും വഴക്കും മേനോന്റെ കണ്ണില്‍പ്പെട്ടിരിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ ഫ്‌ലാറ്റിലേക്ക് പ്രത്യേക ജാഗ്രതയുണ്ട്. പട്ടാളത്തില്‍നിന്നും വിരമിച്ച ഇദ്ദേഹം എല്ലാവരോടും കെ.പി.എ. മേനോന്‍ എന്നോ മേനോന്‍ സാറെന്നോ സ്വയം പരിചയപ്പെടുത്തുന്നെങ്കിലും ട്രൂ കോളറില്‍ ഏതോ വിദ്വാന്‍ സിസി ടിവി മേനോന്‍ എന്നാണ് സേവ് ചെയ്തിരിക്കുന്നത്.

ബഹ്‌റിനിലെ ജോയിയുടെ വീട്ടില്‍ ആരൊക്കെ വരുന്നുണ്ടെന്നു പറയാനാണ് മേനോന്‍ സാധാരണ ജോര്‍ജിനെ വിളിക്കാറുള്ളത്. ജോയിയുടെ മകള്‍ വീട്ടില്‍ നിക്കറും ടീഷര്‍ട്ടും ഇട്ടു നടക്കുന്നതില്‍ മേനോന്‍ കലികാലത്തില്‍ കുറ്റം കണ്ടെത്തും. സ്ലിറ്റുള്ള ചുരിദാറും ലെഗ്ഗിന്‍സും ആയിരുന്നു അഞ്ച് വര്‍ഷം മുന്‍പ് സംസ്‌കാരത്തെ നശിപ്പിക്കുന്ന വസ്ത്രങ്ങള്‍. എത്ര തടുത്തിട്ടും പേരക്കുട്ടികള്‍ ഇവയൊക്കെ എടുത്ത് അണിഞ്ഞതോടെ കരിമ്പട്ടികയുടെ അയയില്‍നിന്നും ഈ രണ്ടു വസ്ത്രങ്ങള്‍ എടുത്തുമാറ്റി. ജോയിയുടെ ഭാര്യ ഉഷയെക്കുറിച്ചുള്ള വിവരം കേള്‍ക്കാനായി ഫോണ്‍ ശബ്ദം കുറച്ചു ചെവിയില്‍ ചേര്‍ത്തുവച്ചു. കുട്ടിയുടെ പോക്ക് ഇത്തിരി പന്തിയല്ല എന്നു പറഞ്ഞുതുടങ്ങിയതോടെ ജോര്‍ജിന്റെ ഉത്സാഹം നഷ്ടപ്പെട്ടു. ജോയിയുടെ മകള്‍ ജോമോളാണോ എന്ന അലസമായ ചോദ്യത്തിന്, തന്റെ മോന്‍ അഭിജിത്തിന്റെ കാര്യമാണെന്നായിരുന്നു മറുപടി. പെട്ടെന്ന് കാത് കൂടുതല്‍ കൂര്‍പ്പിച്ചു. സൗമിത്ര ഇറങ്ങിയതിനു പിന്നാലെ ഒരാണും മൂന്നു പെണ്‍കുട്ടികളും ജോര്‍ജിന്റെ വീട്ടിലെത്തി. അരമണിക്കൂര്‍ മുന്‍പ് രണ്ടു പെണ്‍കുട്ടികളും ആണ്‍കുട്ടിയും ഇറങ്ങി. അഭിജിത്തും ഒരു പെണ്‍കുട്ടിയും മാത്രം വീട്ടിലാണ്. മേനോന്‍ വേറെ എന്തൊക്കെയോ പറയുന്നുണ്ട്... താന്‍ അഭിജിത്തിനെ വഴക്കിടരുതെന്ന് ഉപദേശിച്ചു നന്നാക്കാമെന്നൊക്കെ പറയുന്നത് ഇടയ്ക്കു കേള്‍ക്കാം. മകനും കൂട്ടുകാരിയും വീട്ടിലിരിക്കുന്നതിനെക്കുറിച്ചു അറിഞ്ഞപ്പോള്‍ തിരക്കും ആവേശവും സിരയില്‍നിന്നു ചോര്‍ന്നുപോയി. കസേരയില്‍ ചാഞ്ഞിരുന്നു.

അച്ഛന്‍ ഓഫീസില്‍നിന്നെത്താന്‍ അഭിജിത്തിന്റെ കണക്ക് കൂട്ടലില്‍ ഇനിയും രണ്ടര മണിക്കൂര്‍ കൂടിയെടുക്കും. അമ്മയുടെ വരവിന് ഒരു രാവിന്റെ മറയുണ്ട്. മകനെക്കുറിച്ചുള്ള വാര്‍ത്തയാണ് കേട്ടതെങ്കിലും ആ ഇരുപ്പില്‍ അപ്പന്‍ പോളച്ചനെയാണ് ജോര്‍ജിന് ഓര്‍മ്മവന്നത്. ചാരായ ഷാപ്പില്‍നിന്നും ആടിയാടി എത്തിയ പോളച്ചന്‍ വേലിക്കരുകിലെ ശീമക്കൊന്ന പത്തലില്‍ പിടിച്ചു, കാലുകള്‍ പിണച്ചുനിന്ന് നിന്ന് 'ജോറാ...' എന്നു നീട്ടിവിളിച്ചു. ഷോര്‍ട്ട് ഹാന്‍ഡ് പഠിച്ച നോട്ട് താഴെവച്ച് അപ്പന്റെ അടുത്തു ചെന്നു. 'ത്രേസ്യയോട് സംസാരിക്കണമെങ്കില്‍ വഴിയില്‍ വേണ്ട, നമ്മുടെ വീട്ടില്‍ കൊണ്ടുവന്നു വര്‍ത്തമാനം പറ. സന്ധ്യവരെ ഇരുന്നു വര്‍ത്തമാനം പറഞ്ഞോ ആരും ശല്യപ്പെടുത്തില്ല. നിന്റെ വീടല്ലേ.' ഒട്ടും നാവ് കുഴയാതെയാണ് അപ്പന്‍ പറഞ്ഞത്. കൂടെ ടൈപ്പ് പഠിക്കുന്ന ത്രേസ്യയോട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ചെറിയ വലിയ ഇഷ്ടമുണ്ട്. എപ്പോഴോ വഴിയില്‍ വച്ച് സംസാരിച്ച കാര്യം ചാരായഷാപ്പില്‍ വച്ച് ആരോ ചോര്‍ത്തി അപ്പന്റെ കാതിലും എത്തിച്ചിട്ടുണ്ട്. ഇല്ലപ്പാ എന്നു പറഞ്ഞതും എന്റെ മോനെ എനിക്കു വിശ്വാസമാണ്, നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കരുതെന്നു വീണ്ടും അപ്പന്‍. പഠിക്കാന്‍ ഇരിക്കുമ്പോഴും മുന്നിലെ അക്ഷരങ്ങളെക്കാള്‍ അപ്പന്റെ വാക്കുകള്‍ അദ്ഭുതത്തോടെ പുസ്തകത്തില്‍ തെളിഞ്ഞുനിന്നു.

'തിരക്ക് കൂട്ടിയ ആള്‍ക്ക് ഇപ്പോള്‍ പോകണ്ടേ, മണി അഞ്ചായി' ബാഗും തൂക്കി യാത്ര പറഞ്ഞുകൊണ്ട് ബാബു ഇറങ്ങി. പതിവുപോലെ വലിയ ഓഫീസില്‍ ജോര്‍ജ് ഒറ്റയ്ക്കായി. ജോലിക്കൂടുതല്‍ കൊണ്ടുവരാന്‍ വൈകുമെന്നും എട്ടരയോടെ ചിക്കനും ചപ്പാത്തിയുമായി എത്തുമെന്നും അഭിജിത്തിനോട് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. മദ്യക്കുപ്പി മേശയില്‍ വച്ചു പൂട്ടി. ലാപ്‌ടോപ്പ് തിരികെ ബാഗില്‍ വച്ചു. മഞ്ഞുകാലമായതിനാല്‍ ഡല്‍ഹിയില്‍ സൂര്യന്‍ നേരത്തെ മടങ്ങിപ്പോയിരുന്നു. കഴുത്തിലെ മഫ്‌ലര്‍ ഒന്നുകൂടി മുറുക്കി വേപ്പുമരങ്ങള്‍ക്കിടയിലൂടെ വളരെ സാവധാനം അയാള്‍ നടന്നു തുടങ്ങി... ദൂരെ എവിടെയോ ഡോളക്കിന്റെ താളമുയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com