'പന്നിത്താര'- ഗ്രേസി എഴുതിയ കഥ

ദേ,കെണറ്റില് പന്നി വീണൂന്നും പറഞ്ഞ് തൊട്ടീം കൊടോം താഴെയിട്ട് ഇച്ചേയീടെ കുതിപ്പ് കണ്ടോ?
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ദേ,കെണറ്റില് പന്നി വീണൂന്നും പറഞ്ഞ് തൊട്ടീം കൊടോം താഴെയിട്ട് ഇച്ചേയീടെ കുതിപ്പ് കണ്ടോ? അവള്‍ക്ക് മുമ്പേ അവള്‍ടെ മൊലകള് ഇരട്ടപെറ്റ മാന്‍കുട്ടികളെപ്പോലെ  തുള്ളിക്കുതിച്ചോടണതു കണ്ടാല് ആരടേം ശ്വാസം വിലങ്ങും. ഒരുത്തന്റെ കൂടെ ഓടിപ്പോയതാണന്നോ ഒന്ന് പെറ്റതാണന്നോ ഒള്ള വിചാരം അവള്‍ക്കൂല്ല അവള്‍ടെ മൊലകള്‍ക്കൂല്ല! അയലോക്കത്തെ ചേട്ടന്റെ ഫോണീന്ന് ഫോറസ്റ്റ്കാരെ വിളിക്കാനൊള്ള ഓട്ടമാ. ഓട്ടത്തിനെടേല് അഴിഞ്ഞ്വീണ മുടിയാണെങ്കിലോ! കറുത്ത് ചുരുണ്ട്  പുറംനിറഞ്ഞ് അരകവിഞ്ഞ് ചന്തിയില്‍വീണ് തലതല്ലി ചിരിക്കുകേം! വെറുതെയല്ലാട്ടോ പത്താംക്ലാസ്സിലാരുന്നപ്പോ അവളെ ഭാരതമാതാവാകാന്‍ തെരഞ്ഞെടുത്തത്! കാലത്തേ  സ്‌കൂളിപ്പോണ പതിവ് ബസിലാരുന്നു അന്ന് മടക്കോം. കണ്ടക്ടറ് ടിക്കറ്റ്  മുറിക്കുമ്പോ അവളോട് ചേര്‍ന്ന്നിന്ന് മൊഖത്തൊക്കെ ചായമൊണ്ടല്ലോ, ഇന്നെന്താര്ന്ന് കൊച്ചിന്റെ വേഷംന്ന് രഹസ്യായിട്ട് ചോദിക്കണത് ഞാങ്കേട്ടതാ. ഭാരതമാതാവാരുന്നൂന്ന് പറഞ്ഞപ്പൊ അയാള് പറഞ്ഞതെന്താന്നോ? ഭാരതത്തിന്റെ മാതാവാകാനൊള്ള പരുവോന്നും ആയിട്ടില്ല. എന്റെ കൊച്ചിന്റെ മാതാവാകണകാര്യമൊന്ന് ആലോചിച്ച് നോക്കെന്ന്. അവള് പൊട്ടിച്ചിരിച്ച നേരത്ത് തന്നെ ഏത് പിശാശിന്റെ കളിയാണോ  ബസ് സഡന്‍ബ്രേക്കിട്ടു. എല്ലാരും കാറ്റ് പിടിച്ചതുപോലെ ചാഞ്ഞും ചരിഞ്ഞും വീഴണ തെരക്കിലായപ്പോ അയാള് അവള്‍ടെ ചുണ്ട് വലിച്ച് കുടിക്കണത് ഈ കണ്ണോണ്ട് ഞാങ്കണ്ടതല്ലെ? കണ്ടക്ടര്‍ടെ പണസഞ്ചീം ടിക്കറ്റുബുക്കുമൊക്കെ കൈവിട്ടല്ലേ അയാള് അവള്‍ടെ ഇളമാന്‍ കുട്ടികളെ പിടിച്ചെടുത്തത്! എന്തതിശയമേ! അപ്പഴത്തേപ്പോലെ ചുവന്ന് ചോരച്ച് ഞാനവളെ ഒരിക്കലും കണ്ടിട്ടില്ല! ആ ചോരക്കുതിപ്പ് തടുക്കാമ്പറ്റാണ്ട് വന്നപ്പഴല്ലേ അവള് പത്താംക്ലാസ്സ് തെകയ്ക്കും മുമ്പ് അയാള്‍ടെ കൂടെ ഓടിപ്പോയത്. അന്നവള്‍ക്ക് പതിനാറ് വയസ്സാ. പ്രായപൂര്‍ത്തിയാവാത്തതോണ്ട് അപ്പന്‍ കേസിന് പോവണ്ടതാരുന്നു. അപ്പന്റെ അനങ്ങാപ്പാറനയം കണ്ട് അയലോക്കത്തെ ചേട്ടന്‍ പൊലീസ് സ്റ്റേഷനില് പോയതാ. നിങ്ങടെ  ആരാ ഈ പെങ്കൊച്ച് എന്ന് ഒരു പൊലീസുകാരന്‍ ചോദിച്ചപ്പോ ആരുവല്ലെന്നല്ലേ പറയാമ്പറ്റൂ? അതു ശരി! അപ്പോ കാത്ത്സൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി അല്ലേ? എന്ന് പൊലീസ്‌കാരന്‍ ചിരിച്ചു. അന്നേരം ബാക്കിയൊള്ളോരെല്ലാംകൂടി മേശപ്പൊറത്ത്  താളമിട്ടെന്ന് പറഞ്ഞതും ചേട്ടന്റെ കണ്ണ്രണ്ടും നെറഞ്ഞു. കണ്ണീര് തൊടച്ച് കൊടുത്ത് പോട്ടേ! ചേട്ടന് ഞാനില്ലേന്ന് ചോദിക്കണംന്ന് ഞാന്‍ എന്തോരം ആശിച്ചൂന്നോ! പക്ഷേ, ചേട്ടനത് മനസ്സിലാവണ്ടേ? എന്നെ ഒന്ന് നോക്കാമ്പോലും ചേട്ടന്‍ മെനക്കെട്ടില്ല. എന്റെ കുറ്റിച്ചൂല് പോലത്തെ ചെമ്പന്‍മുടീം വാണ്വരണ വെള്ളയ്ക്കപോലത്തെ മൊലേം ചുരുങ്ങിപ്പോയ അരക്കൂടും ഒക്കെ എന്നെ അന്ന് എന്തുമാതിരി വെറുപ്പിച്ചെന്നോ! യാത്രപോലും പറയാതെയല്ലേ ചേട്ടന്‍ അവള് ഓടിപ്പോയ അകലത്തേയ്ക്ക് നോക്കിക്കൊണ്ട് കണ്ണ് തൊടയ്ക്കാതെയങ്ങ് നടന്ന് പോയത്! പിന്നെ രണ്ട് കൊല്ലം കഴിഞ്ഞപ്പഴ് ഉളുപ്പൊന്നുമില്ലാതെ ഒരുവയസ്സായ പെങ്കൊച്ചിനേംകൊണ്ട് അവള് തിരിച്ചു വന്നു. അവള് പോയതോ വന്നതോ അപ്പനറിഞ്ഞമട്ട് കാണിച്ചില്ല. അമ്മ പാവം നെഞ്ചത്തെ എല്ലിന്‍കൂട്ടില് നാലഞ്ചിടിയൊക്കെ കൊടുത്തു. അവള് പോലും കണ്ടമട്ട് നടിക്കാതിരുന്നപ്പോ അതങ്ങ് നിറുത്തുകേം ചെയ്തു.  ഈ അറുവാണിച്ചീനെ ഞാമ്പെറ്റല്ലോ കര്‍ത്താവേ!  ഇനി വരണത് വരണേടത്ത് വച്ച് കാണാംന്ന് പിറുപിറുത്തത് ഞാന്‍ കേട്ടമട്ടും നടിച്ചില്ല. എനിക്ക് പലപ്പോഴും തോന്നീട്ടൊണ്ട്, ഈ അമ്മയ്ക്കും അപ്പനും കൂടി ഇങ്ങനെയൊരുത്തി എങ്ങനേണ്ടായീന്ന്! അപ്പന്റെ കുണ്ടിലാണ്ട കണ്ണും കൂര്‍ത്ത കവിളെല്ലും ഊശാന്താടിയും കാണുമ്പഴ് കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദാ ഇങ്ങനെത്തന്നെയാരൂന്നൂന്ന് ആര്‍ക്കും തോന്നും. അമ്മയാണങ്കിലോ? ഒണങ്ങിയ വേര് പോലൊരു പെണ്ണുമ്പിള്ള! കൊറച്ച് നെറോണ്ടന്നൊള്ളത് സത്യമാ.  അതാരിക്കും ഇച്ചേയിക്ക് കിട്ടീത്. പക്ഷേങ്കീ ഈ മാലാഖമൊഖം എങ്ങനെ കിട്ടിയോ എന്തോ! പതിനാറ് തലമൊറവരെയൊള്ളവര്ടെ ജീനുകള് മനുഷ്യമ്മാരിലൊണ്ടാവൂന്നാണ് സയന്‍സ് ടീച്ചറ് പറഞ്ഞത്. എന്തായിട്ടെന്താ? കൈ പിടിച്ച് കൂടെ നടക്കണത് പിശാശല്ലേ? ദേ, ഇപ്പത്തന്നെ തുള്ളിക്കുതിച്ച് പോയിട്ട് നേരം എത്രയായീന്നോ! നിന്റെ  കെണറ്റിലെ പന്നീനെ ഞാനൊന്ന് കാണട്ടേന്ന് ചേട്ടന്‍ പറഞ്ഞിട്ടൊണ്ടാവും. രണ്ടും കൂടി നേരെ ചേട്ടന്റെ തോട്ടത്തിലെ മോട്ടര്‍പ്പെരേലേയ്ക്ക് പോയിട്ടുമൊണ്ടാവും. ചേട്ടന്റെ വീട്ടിലാരുമില്ലാത്തപ്പഴാണെങ്കില് കെടപ്പ്മുറീലേയ്ക്കാ അവള്‍ടെ ഓട്ടം. പാവം! ചേട്ടന്റെ ഭാര്യ! ആദ്യത്തെ പേറിന് വീട്ടില് പോയേക്കുവല്ലേ! പെറ്റെണീറ്റ് വരുമ്പോ ഒരാങ്കൊച്ച് കൂടെ ഒണ്ടായാമതിയാരുന്നു. എന്തൊക്കെ പറഞ്ഞാലും അപ്പമ്മാരുടെ മൊഖത്ത് നോക്കി രണ്ട് വര്‍ത്താനം പറയാന്‍ ആണ്‍പിള്ളേരുടെ നട്ടെല്ലിനാ ബലം. പെണ്ണുങ്ങള്‍ടെ നട്ടെല്ലിന് വാരിയെല്ലിന്റെ ബലല്ലേ ഒള്ളൂ?

അകത്ത്ന്ന് ഇച്ചേയീടെ കൊച്ച് ഒന്ന് കരഞ്ഞെന്ന് തോന്നണു. ചെലപ്പോ ഒറക്കത്തിലാരിക്കും. അമ്മ അതിനെ എടുക്കണതൊന്നും ഞാങ്കണ്ടിട്ടില്ല. വെറുതെ കൊറേനേരം മൊഖത്തേയ്ക്ക് നോക്കിയങ്ങനെ ഇരിക്കും. പിന്നെ ഒരു നീണ്ടശ്വാസം വലിച്ചെടുത്ത് അങ്ങ് നടന്ന് പോവുകേം ചെയ്യും. കൊച്ച് പിന്നേം കരയണൊണ്ട്. അതിന് വെശക്കണൊണ്ടാവും. വെശക്കുമ്പോ അത് മടമടാന്ന് കൊറച്ച് നേരം മൊലകുടിക്കണത് കാണാം. അങ്ങനെയിരിക്കുമ്പോ മൊലേന്ന് വാവിട്ട് ചുറ്റുമൊക്കെ ഒന്ന് നോക്കും. പാല് പൂക്കുറ്റിപോലെ ചെതറിത്തെറിക്കണത് കണ്ടാല് അതിശയം തോന്നും. അപ്പോ അമ്മേം മോളുംകൂടി  ഒരു ചിരിയൊണ്ട്. കര്‍ത്താവേ! അത് ഇച്ചേയീടെ വഴിതന്നെ പോവൂന്നാ തോന്നണേ!

ദേ, വരണൊണ്ടല്ലോ അവള്! കൊറേ പൊറകിലായിട്ടാ ചേട്ടന്റെ നടപ്പ്. അവര് തമ്മില് ഒരു ബന്ധോമില്ലാത്തപോലെ! മുടി കോര്‍ത്ത്വലിച്ച് കെട്ടിക്കൊണ്ടാ അവള്‍ടെ വരവ്. എപ്പവേണോങ്കിലും അഴിഞ്ഞ് ചെതറാമെന്ന മട്ടിലാ അവള് മുടി കെട്ടണത്.  മുടിയങ്ങനെ ചെതറിക്കെടക്കുമ്പഴ്  അവളൊക്കാണനെന്താ ഒരു ശേല്! എന്നിട്ടും ആ കണ്ടക്ടറ് അവളെ ഇങ്ങനെ  ഉപേക്ഷിച്ച് കളഞ്ഞല്ലോ! ഇനി ഇവളെങ്ങാനും അയാളെ വേണ്ടെന്ന് വച്ചതാണോ?

ചേട്ടന്‍ ആള്‍മറയില്ലാത്ത കെണറ്റിലേയ്ക്ക് നോക്കി ഇത് നല്ല കൊഴുത്ത പന്നിയാണല്ലോടീന്ന് അര്‍ത്ഥം വച്ച് ചിരിച്ചപ്പോ അവള്‍ടെ കൊഴഞ്ഞാട്ടം കണ്ടില്ലേ? രണ്ടിനുംകൂടി ഒരു ഉന്ത് കൊടുക്കാന്‍ തോന്നീതാ. അത് വല്യ അതിക്രമമായിപ്പോവൂല്ലോന്ന് വിചാരിച്ചിട്ടാ. എന്നാലും കര്‍ത്താവേ! അവിടന്ന് എന്നെ ഇങ്ങനെ ആരടേം കണ്ണീപ്പെടാത്ത ഒരുത്തിയായി ഈ ഭൂമീലേയ്ക്കയച്ചതെന്ത്? മഗ്ദലനമറിയത്തിന്റേം മാര്‍ത്തേടേമൊക്കെ സ്നേഹം അനുഭവിച്ച ഒരാളല്ലേ അവിടന്ന്? പെണ്ണിന്റെ മനസ്സറിയാത്ത ആളൊന്നുമല്ലല്ലോ? ഇനിയിപ്പോ ഈ കെട്ട കുടുമ്മത്ത് തന്നെയിരുന്ന് പൂക്കാതേം കായ്ക്കാതേം ചത്തുതൊലഞ്ഞ് ശവക്കോട്ടേലെത്താമെന്നല്ലാതെ വേറെ വഴിയൊന്നൂല്ല!

പറഞ്ഞും കേട്ടുമൊക്കെ കെണറ്റുങ്കരേല് ആള്‍ക്കാര് കൂടിയല്ലോ! നീയെന്തിനാടാ കൊച്ചനേ ഫോറസ്റ്റ്കാരെ വിളിച്ചതും പറഞ്ഞതുമൊക്കേന്ന് ചിലരൊക്കെ ചോദിക്കണൂണ്ട്. ഛേ! നമ്മക്ക്തന്നെ കുടുക്കിട്ട് വലിച്ച്കേറ്റി തല്ലിക്കൊന്ന് പങ്കിടാര്‍ന്നില്ലേ? കഷ്ടായീല്ലോന്ന് വേറെ ചെലരും. മൊബൈല് ഷര്‍ട്ടിന്റെ കീശേലേയ്ക്ക് തള്ളുമ്പോ ചേട്ടന്‍ ചോദ്യക്കാരെയൊക്കെ നോക്കി കുത്തണമട്ടിലൊരു ചിരിയങ്ങ് ചിരിച്ചു. അതേതെ! കഴിഞ്ഞ കൊല്ലം എന്റെ തോട്ടത്തിലെ കെണറ്റില് പന്നി വീണപ്പോ നമ്മളത് തന്നെയല്ലേ ചെയ്തത്? എന്നിട്ടെന്തായി? വെട്ടിപ്പങ്കിട്ട് തിന്നോര്തന്നെ ഒടുക്കം ഫോറസ്റ്റില് പരാതീം കൊടുത്തു. എനിക്കവടെ ചെല പിടിപാടൊക്കെ ഒള്ളതുകൊണ്ട് തടിയൂരീന്ന് പറഞ്ഞാമതീല്ലോ. ചോദ്യക്കാരടെ വായടഞ്ഞതും ദേ വരണൂ ഫോറസ്റ്റ്കാര്. അവരടെ വണ്ടിയാണേല് കള്ള്കുടിയനെപ്പോലെ ആടീം ഒലഞ്ഞും കെതച്ചും ചൊമച്ചും. ആദ്യം പൊറത്തെറങ്ങീത് മൂത്ത്നരച്ച ഒരാളാ. ആപ്പീസറാരിക്കും. നരയ്ക്കാന്‍ തൊടങ്ങിയ രണ്ടെണ്ണം വലേം എടുത്തോണ്ടാ വരവ്. മൂന്നാളും കെണറ്റിലേയ്ക്ക് കൊറച്ച് നേരം തുറിച്ച് നോക്കിയങ്ങനെ നിന്നു. ആള്‍മറ കെട്ടാത്തതെന്താന്ന് ദേഷ്യപ്പെട്ട് മൊഖംതിരിച്ച നരയന്‍ ഇച്ചേയീനെ കണ്ടതും പന്തംകണ്ട പെരുച്ചാഴിമാതിരിയല്ലേ നിക്കണത്! വലേംതാങ്ങി നിന്നവമ്മാരും പന്നീടെ കാര്യം മറന്ന്പോയി! ചേട്ടന്റെ മൊഖം നെറം മാറിത്തൊടങ്ങീപ്പഴത്തേയ്ക്കും പെരയ്ക്കാത്തൂന്ന് കൊച്ചിന്റെ കരച്ചില് അലറിപ്പൊളിച്ച് വന്നു. ഇച്ചേയി ചെന്ന് കൊച്ചിനെയെടുത്ത് തിണ്ണേലിരുന്ന് മൊലകൊടുക്കാന്തൊടങ്ങി. അതോടെ ഫോറസ്റ്റുകാര്‍ക്ക് പന്നീനെ ഓര്‍മ്മവരികേം ചെയ്തു. ഒരു ഉഷാറുമില്ലാതെ അവര് വല കെണറ്റിലേയ്ക്ക് എറക്കാന്തൊടങ്ങി. അപ്പഴാ വണ്ടീടെ ഡ്രൈവറ് വരണത്. കര്‍ത്താവേ! വെളുത്ത് മെലിഞ്ഞ് പൊടിമീശേം പൊക്കോമൊള്ള ഒരു ചേട്ടന്‍! ഞാനിമ്മിണി മുന്നോട്ട് കേറിനിന്നു. വല്ല കാര്യോമൊണ്ടായോ? അയള്‍ടെ കണ്ണിലും ഞാമ്പെട്ടില്ലന്നേ! നോട്ടം ചുറ്റിത്തിരിഞ്ഞ് ഇച്ചേയീല് ചെന്ന് മുട്ടി. അപ്പഴാ ആ നശൂലം പിടിച്ച കൊച്ച് മൊലേന്ന് വാവിട്ട് ചുറ്റും നോക്കീത്. തുറിച്ച് നിക്കണ മൊലേന്ന് പൂക്കുറ്റിപോലെ ചെതറണ പാല് കണ്ട് അയാള്‍ അന്തിച്ച് പോയില്ലേ? മിന്നല് പോലൊരു ചിരി അയാള്‍ടെ മൊഖത്തേയ്ക്കെറിഞ്ഞ് ഇച്ചേയി മൊല മറച്ചു. പിന്നെ കൊച്ചിനെ എടുത്ത് എളീല് വെച്ച് ആള്‍ക്കൂട്ടത്തിന്റെ പിന്നില് ചെന്ന് നിന്നു. അയാള് ഇച്ചേയീടെ അടുത്തേയ്ക്ക് ചെന്ന് ഒന്ന് ചിരിച്ചു. കര്‍ത്താവേ! ഇത്രേം ശേലൊള്ളൊരു ചിരി ഞാങ്കണ്ടിട്ടില്ല! അവര് കണ്ണില്‍ക്കണ്ണില് നോക്കിയങ്ങനെ നിക്കണത് കണ്ടപ്പോ എന്റെ ചങ്കിടിഞ്ഞു. ഞാന്‍ എന്നെത്തന്നെയൊന്ന് പിച്ചീം മാന്തീമൊക്കെ നോക്കി. ഞാനിനിയെങ്ങാനും ചത്ത്കെട്ട്പോയ ഒരുത്തിയാണോന്നായി എന്റെ സംശയം. ഈ കൊച്ചിന്റെ  തന്ത എന്ത്യേന്ന് ചോദിക്കണ കേട്ടപ്പഴാ എനിക്ക് ജീവനൊണ്ടന്ന്തന്നെ തോന്നീത്. ഓ! അയാള് ഞാന്‍ വയറ്റ്കണ്ണിയാരുന്നപ്പോത്തന്നെ ചത്തുപോയി. നല്ല സ്നേഹമൊള്ള ആളാരുന്നു. എന്റെ ഭാഗ്യദോഷംന്ന് ഇച്ചേയി സങ്കടപ്പെടണത് കണ്ട് അമ്പടി കള്ളീന്ന്! എന്റെ ഉള്ളിലൊരു ചൊഴലിക്കാറ്റ് ചീറി. അന്നേരം അവള്‍ടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ മൊഖത്ത് പച്ചഞരമ്പ് തെളിഞ്ഞ കൈയ് നീട്ടി അയാളൊന്ന് തലോടി. അയാളുടെ ഞരമ്പിന്റെ പച്ച അവളുടെ കീഴ്ച്ചുണ്ടില്‍ പൊരളണത് കണ്ട് എന്റെ കൈത്തണ്ടയിലെ കാടന്‍ രോമങ്ങള്‍ എഴുന്ന്നിന്നു. ന്ലാവെട്ടം പോലെ അവളുടെ ചിരി അയാള്‍ടെ ഉള്ളിലേക്കിറങ്ങുമ്പോള്‍ എന്റെ നോട്ടമൊന്ന് ചുറ്റിത്തിരിഞ്ഞ് വേഗം മടങ്ങിയെത്തി. എല്ലാരടേം കണ്ണ് വലയില്‍ കുടുങ്ങിയ പന്നിയിലാണ്. എനിക്കും അതൊന്ന് കാണണംന്നൊണ്ടാര്ന്ന്. പക്ഷേ, എനിക്കെന്റെ കാലൊന്നിളക്കാനോ അവര് രണ്ട്പേരില്‍ നിന്നും നോട്ടം അത്രേം നേരത്തേയ്ക്ക് അടര്‍ത്തിമാറ്റാനോ കഴിയണില്ലല്ലോ! കൊച്ചിനെ വീട്ടിലേല്പിച്ച് നീ എന്റെ കൂടെ പോരേന്ന് അയാള് പറയണത് കേട്ട് എന്റെ കണ്ണിലിരുട്ട് കേറി. പന്നി കരയിലെത്തിയതിന്റെ ബഹളത്തില് അവളെന്താണ് പറഞ്ഞതെന്ന് കേക്കാനും പറ്റീല്ല. ഏറെനേരം കഴിഞ്ഞ് കണ്ണില് വെളിച്ചം വന്ന്കേറിയപ്പോ പന്നീം വണ്ടീം ആളും കൂട്ടോമൊക്കെ ഏത്വഴി പോയോ?

നിന്നേടത്ത്തന്നെ കുന്തിച്ചിരുന്ന് മുഖം പൊത്തി അവനോന്റെ ഉള്ളിലേയ്ക്ക് നോക്കിയപ്പഴാ ചെല സത്യങ്ങള് തെളിഞ്ഞ് വരണത്. ആനത്താരപോലെ പന്നിത്താരയും ഒണ്ട്. പന്നികള് അവരടെ അപ്പനപ്പൂപ്പന്‍മാരുടെ കാലംതൊട്ട് ഈ വഴിയാണ് വെള്ളം കുടിക്കാന്‍ എവിടേയ്ക്കോ പോയിരുന്നത്. ആ ഓര്‍മ്മ അവരുടെ ചോരേന്ന് മാഞ്ഞട്ടില്ല. അതോണ്ടാണ് അവര് എടയ്ക്കെടയ്ക്കിങ്ങനെ ഓരോരോ കെണറ്റില് ചെന്ന് വീഴണത്! മനുഷ്യമ്മാരടേം ചോരേന്ന് ചെല ഓര്‍മ്മകള് മാഞ്ഞ്‌പോവൂല്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com