'ആധി'- അയ്മനം ജോണ്‍ എഴുതിയ കഥ

അഞ്ചു മണി കൂകുന്നത് കേട്ടിട്ട് അല്പനേരമേ ആയിരുന്നുള്ളൂ. പക്ഷേ, വീടിനു ചുറ്റും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. പറമ്പിലെമ്പാടും ചീവീടുകളും കോലാഹലം കൂട്ടി
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഴയും തണുപ്പുമൊക്കെയല്ലേ; കോഴികളെ നേരത്തെ വിളിച്ചു കൂട്ടില്‍ കയറ്റിയേക്കാം എന്ന് വിചാരിച്ചുകൊണ്ട് അടുക്കളവാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ പാറുവമ്മ കോഴികള്‍ നാലും പര്യമ്പുറത്തെ പനിനീര്‍ച്ചാമ്പയുടെ ചുവട് ചേര്‍ന്ന് തണുത്തുവിറച്ച് നില്‍ക്കുന്നതാണ് കണ്ടത്. നനഞ്ഞൊട്ടിയ ചിറകുകളോട് ചേര്‍ത്ത് കഴുത്ത് കൂടി ഇറുക്കിപ്പിടിച്ചിരുന്നതുകൊണ്ട് ഉള്ളതില്‍ പാതി മാത്രം വലിപ്പം തോന്നിയ അതുങ്ങളുടെ കാത്തുനില്‍പ്പ് കണ്ടിട്ട് പാവം തോന്നി - പാറുവമ്മ വേഗം ചെന്ന് കൂട് തുറന്നു കൊടുത്തു. സാധാരണ കൂട്ടില്‍ കയറാന്‍ മടി കാട്ടാറുള്ള കോഴികള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഉടനടി നടന്നുചെന്ന് അതിനുള്ളിലേക്ക് ചാടിക്കയറിയത് പാറുവമ്മയെ അല്പമൊന്ന് അമ്പരപ്പിച്ചു. കൂടടച്ച് കൊളുത്തിട്ട ശേഷം പാറുവമ്മ അടുക്കളയിലേക്ക് തിരികെച്ചെന്നു കയറുമ്പോഴേക്ക് അടുത്ത മഴ ചാറിത്തുടങ്ങി.

അഞ്ചു മണി കൂകുന്നത് കേട്ടിട്ട് അല്പനേരമേ ആയിരുന്നുള്ളൂ. പക്ഷേ, വീടിനു ചുറ്റും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. പറമ്പിലെമ്പാടും ചീവീടുകളും കോലാഹലം കൂട്ടി.

പതിവിലും നീണ്ടുപോയ ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റ് വരികയായിരുന്ന മേരി ടീച്ചര്‍ അതൊക്കെ ശ്രദ്ധിച്ചിട്ട് പാറുവമ്മയോട് പറഞ്ഞു:

''കോഴിയെ പിടിച്ചിട്ടെങ്കിപ്പിന്നെ പാറുവമ്മ പൊക്കോ. കഞ്ഞീടെ കാര്യം ഞാന്തന്നെ നോക്കിക്കോളാം. ഇന്നത്തെ പരുവം കണ്ടിട്ട് മഴ പെട്ടെന്നൊന്നും തോരുന്ന ലക്ഷണമില്ല. പാടത്ത് വെട്ടം മറയുന്നേന് മുന്നേ വീട് പറ്റിക്കോ. അതാ നല്ലത്.''

കേള്‍ക്കാന്‍ കൊതിച്ചിരുന്നതെന്തോ കേട്ടതുപോലെ തോന്നി പാറുവമ്മയ്ക്ക്. എന്നാല്‍, പാടത്തെ വെട്ടം മായുമോ എന്നായിരുന്നില്ല കെട്ടുവരമ്പിലൂടെ നീന്തേണ്ടിവരുമോ എന്നായിരുന്നു പാറുവമ്മയുടെ ഭീതി.
''വെള്ളോം നല്ല വരവാ ടീച്ചറെ. വരമ്പൊക്കെ മുങ്ങീട്ടില്ലെങ്കി ഭാഗ്യം. വെള്ളോം ചെളീം ആയാപ്പിന്നെ കാല് തെന്നാതെ നടക്കുന്ന കാര്യാ അതിലും കഷ്ടം'' -പാറുവമ്മ പറഞ്ഞു.

ടീച്ചര്‍ ഉറക്കത്തിലായിരുന്ന നേരത്ത് പാറുവമ്മ കടവ് വരെ പോയി വെള്ളപ്പൊക്കം കുറെ നേരം കണ്ടുനിന്നിട്ടു വന്നതാണ്. ഇളകിമറിയുന്ന കലക്കവെള്ളം അലക്കുകല്ലും മൂടി കടവിന്റെ ആദ്യ രണ്ടുപടികള്‍ മാത്രം ബാക്കിനിര്‍ത്തി പരന്നൊഴുകുകയായിരുന്നു. കയത്തിനു മുകളില്‍ വലിയൊരു ചുഴിയും രൂപപ്പെട്ടിരുന്നു. മുഴുത്ത മീനുകള്‍ ഏതൊക്കെയോ അതിനു ചുറ്റും കരണം മറിഞ്ഞു കളിച്ചു.

തിട്ടയോട് ചേര്‍ന്നു മുങ്ങിക്കിടന്ന ആറ്റുവഞ്ചിക്കാടിനിടയില്‍ ചപ്പുചവറുകളും പഴന്തുണികളും കാലിക്കുപ്പികളുമൊക്കെ വന്നടിഞ്ഞു കിടന്നിരുന്നു. പലതുമൊഴുകിപ്പോകുന്ന കൂട്ടത്തില്‍ ഒരു പൂവന്‍ കോഴിയുടെ ജഡവും കണ്ടു...

''മട്ട് കണ്ടിട്ട് നാളത്തേക്ക് ആറ് കവിയൂന്നാ തോന്നുന്നേ. പെണ്ണിന്റെയങ്ങൊക്കെ എന്താണോ സ്ഥിതി!'' എന്നു പറഞ്ഞുകൊണ്ട് പാറുവമ്മ അടുക്കളവാതിലിനു പിന്നില്‍ ചാരിവെച്ചിരുന്ന നരച്ച കുടയെടുത്ത് പോകാനൊരുങ്ങി. എന്നിട്ട് വാതില്‍പ്പടിമേല്‍ നിന്നുകൊണ്ട്: ''കഴിഞ്ഞ കൊല്ലത്തെപ്പോലെയൊന്നും വരുത്താതിരുന്നാ മതിയാരുന്നു ദേവിയെ'' എന്നുകൂടി പ്രാര്‍ത്ഥിച്ചിട്ടാണ് പുറത്തേക്കിറങ്ങിയത്.
സ്വന്തം ബുദ്ധിമുട്ടുകളോര്‍ത്തല്ല ആറ്റുവക്കിനോട് ചേര്‍ന്നു പാര്‍ക്കുന്ന മകള്‍ സരോജത്തേയും കുടുംബത്തേയുമോര്‍ത്താണ് പാറുവമ്മ പ്രാര്‍ത്ഥിച്ചതെന്നു ടീച്ചര്‍ മനസ്സിലാക്കി. മുറ്റത്തു നിന്നിരുന്ന തെങ്ങ് കാറ്റത്തു മറിഞ്ഞുവീണ് അവളുടെ വീടിനു കേടുപാടുകള്‍ സംഭവിച്ചതു കഴിഞ്ഞകൊല്ലം ഇതേ കാലത്തായിരുന്നു. അതിനും മുന്‍പത്തെ രണ്ടു പ്രളയകാലത്തും അവര്‍ക്കു ദുരിതാശ്വാസ ക്യാമ്പില്‍ പോയി കഴിഞ്ഞുകൂടേണ്ടിവന്നതുമാണ്. 

വെള്ളപ്പൊക്കം വന്നാല്‍ പിള്ളേരുടേതിനേക്കാള്‍ കഷ്ടമാണ് മരുമകന്‍ ശശിക്കുട്ടന്റെ പ്രകൃതമെന്നും പാറുവമ്മ പരാതി പറയാറുണ്ട്. ഒഴുക്കത്ത് നീന്തലും വലവീശലുമൊക്കെയായി പകലന്തിയോളം വെള്ളത്തീന്ന് കേറാതെ നടക്കുമത്രേ ശശിക്കുട്ടന്‍. അതും ഒറ്റയ്ക്കല്ല, എട്ടും പൊട്ടും തിരിയാത്ത കൊച്ചിനേം കൂടെക്കൂട്ടിക്കൊണ്ട്! ഇനി അതല്ല, കൂട്ടുകാരും കൂടി കൂടിടാനും ഏറുചൂണ്ട എറിയാനുമൊക്കെയാണ് പോകുന്നതെങ്കില്‍ രാത്രി ഏതെങ്കിലും നേരത്തായിരിക്കും തിരികെ വന്നുകയറുക. അതൊക്കെക്കൂടിയോര്‍ത്തുള്ള ആധിയും അങ്കലാപ്പും ഓരോ മഴക്കാലത്തും പാറുവമ്മയെ പിടികൂടുന്നതിനും ടീച്ചര്‍ സാക്ഷിയാണ്. മകളും കുടുംബവുമല്ലാതെ ഉറ്റവരെന്നു പറയാന്‍ മാറ്റാരുമില്ലാത്ത പാറുവമ്മയെ അതിനൊക്കെയാര്‍ക്ക് പഴിക്കാന്‍ കഴിയും? എന്നേ ടീച്ചറിന് അതേപ്പറ്റിയൊക്കെ തോന്നിയിട്ടുമുള്ളൂ. എന്നിരിക്കിലും - ''ചെറുപ്പക്കാരല്ലേ പാറുവമ്മേ. അവര് കൊറച്ച് കളിച്ചും രസിച്ചുമൊക്കെ നടക്കട്ടെന്നേ'' എന്നു പറഞ്ഞ് ടീച്ചര്‍ ശശിക്കുട്ടനേയും പിന്തുണച്ചു പോന്നു; വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ആറിന്റെ മറ്റൊരു ശാഖയ്ക്ക് കുറുകെയുള്ള പാലത്തില്‍നിന്നുകൊണ്ട് പാറുവമ്മ അതിനടിയിലെ വെള്ളപ്പരപ്പിന്റെ വിസ്താരം കൂടുതല്‍ ആശങ്കയോടെ നോക്കിനിന്നു. പത്തു പന്ത്രണ്ടു കിലോമീറ്ററിനപ്പുറത്തു വെച്ച് മകളുടെ വീടിനെ വലംവെച്ചു കടന്നുപോരുന്ന ശാഖ അതായിരുന്നത് തന്നെ അതിനു കാരണം. ടീച്ചറുടെ പുരയിടത്തില്‍നിന്നു കണ്ട പുഴയൊഴുക്കിനെക്കാള്‍ ആക്കം കൂടിയ ഒഴുക്ക് പാലത്തിനടിയില്‍ കണ്ടതിനാല്‍ പാറുവമ്മ പാലം കടന്ന് മുന്നോട്ട് നടന്നത് ഏറിയ ഖിന്നതയോടെയുമായിരുന്നു.

അതിനിടെയാണ് ആറ്റുതീരം ചേര്‍ന്നുള്ള വഴിയിലൂടെ എതിരെ വരികയായിരുന്ന പഴയ തൊഴിലുറപ്പ് കൂട്ടുകാരികള്‍ ഒരു ദുര്‍വര്‍ത്തമാനം കൂടി പാറുവമ്മയെ അറിയിക്കുന്നത്. കുറച്ചു മുന്‍പ് മനയ്ക്കലെ കടവില്‍ ഒരു ശവം വന്നടിഞ്ഞു കിടന്നുവത്രെ. പരിസരവാസികള്‍ക്കൊപ്പം ചേര്‍ന്ന് അവരത് നേരിട്ട് കണ്ടിട്ട് വരികയുമായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയില്‍ മാത്രം കാണുവാന്‍ കഴിഞ്ഞ ജഡം ചുരുണ്ട മുടിയോടുകൂടി കറുത്ത് കരുത്തനായ ഒരു ചെറുപ്പക്കാരന്റേതാണെന്നു മാത്രമേ കണ്ടവര്‍ക്കൊക്കെ ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കുത്തൊഴുക്കില്‍പ്പെട്ട് മൃതദേഹം വീണ്ടും ഒഴുകിപ്പോകാത്തവിധം കരയ്ക്കടിപ്പിച്ചിട്ടിട്ട് വിവരം പൊലീസില്‍ അറിയിക്കാന്‍ അവിടെക്കൂടിയ കുറെപ്പേര്‍ ചേര്‍ന്നു ശ്രമിച്ചതാണ്. പക്ഷേ, കഴുക്കോലുകൊണ്ടു വലിച്ചടുപ്പിക്കാന്‍ നടത്തിയ ഉദ്യമം വിപരീതഫലത്തില്‍ കലാശിച്ചുവെന്നു മാത്രം. ഇല്ലിക്കാട്ടില്‍ തടഞ്ഞു കിടന്നിരുന്ന ജഡം ഇളക്കം തട്ടിയപ്പോള്‍ തടസ്സം നീങ്ങി പിന്നെയും ഒഴുക്കില്‍പ്പെട്ട് മുന്നോട്ടു പോകുകയായിരുന്നു.

വലിയ ഉദ്വേഗത്തോടെ അതത്രയും കേട്ടുനിന്ന പാറുവമ്മ കൂട്ടുകാരികള്‍ മുന്നോട്ട് നടന്ന ശേഷവും കുറെ നേരം കൂടി നിന്ന നില്‍പ്പ് തന്നെ നിന്നുപോയി. അതുകഴിഞ്ഞ്, വന്ന വഴിയെ തന്നെ തിടുക്കത്തില്‍ തിരികെ നടക്കുകയും ചെയ്തു.

ടീച്ചറുടെ വീട്ടില്‍ മടങ്ങിയെത്തിയ പാറുവമ്മ വലിയ സങ്കോചത്തോടെയായിരുന്നു ഡോര്‍ ബെല്ലടിച്ചത്. വാതില്‍ തുറന്ന മേരി ടീച്ചര്‍ പാറുവമ്മയെ കണ്ട് ആശ്ചര്യപ്പെടുകയുമുണ്ടായി.

''ഒന്നൂല്ല ടീച്ചറെ. അപ്പറത്തെ ആറ്റിക്കൂടെ വല്യ വെള്ളം വരവാ. കണ്ടിട്ട് പേടിവരുന്നു. ടീച്ചറെനിക്ക് പെണ്ണിനെയൊന്നു വിളിച്ചുതരുവോ?''

''അതിനെന്താ പാറുവമ്മേ, അകത്തോട്ടു കേറി വാ'' പാറുവമ്മയുടെ പരിഭ്രാന്തി മനസ്സിലാക്കിയ ടീച്ചര്‍ സാന്ത്വനസ്വരത്തില്‍ പറഞ്ഞു. എന്നിട്ട് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഫോണെടുത്ത്, സരോജത്തിന്റെ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം സ്പീക്കര്‍ ഓണാക്കി പാറുവമ്മയെ ഏല്പിച്ചു. പാറുവമ്മ പതിവുപോലെ അത് കയ്യില്‍ അകത്തിപ്പിടിച്ചുകൊണ്ട് മകളുടെ ശബ്ദം കേള്‍ക്കാന്‍ കാത്തു.

സരോജം വിളി കേട്ട പാടെ പാറുവമ്മ പതറിയ ശബ്ദത്തില്‍ ചോദിച്ചു:

''അവനെന്തിയേടീ പെണ്ണേ, ശശിക്കുട്ടന്‍, അവനെ വിളിക്ക്.''

''എന്താ അമ്മേ, എന്നാ പറ്റി?''

''എനിക്കൊന്നും പറ്റീട്ടില്ല. നീ അവനെ വിളിക്ക്.''

''ചേട്ടന്‍ പട്ടിയെ കുളിപ്പിക്കുകാ അമ്മേ. അമ്മ കാര്യം പറ.''

''നിന്നോട് അവനെ വിളിക്കാനല്ലേടീ പറഞ്ഞെ. അതു തന്നെയാ കാര്യം.''

''ഓ. ഈ അമ്മേടെ കാര്യം...'' എന്നു പറഞ്ഞുകൊണ്ട് സരോജം ശശിക്കുട്ടനെ ഉറക്കെ വിളിച്ചു.

''ദേ. ഇങ്ങോട്ടൊന്നു വന്നേ. അമ്മ വിളിക്കുന്നു.''

''അമ്മയോ? അതെന്തിനാ?'' ശശിക്കുട്ടന്റെ ശബ്ദം അകലെനിന്നു കേള്‍ക്കാമായിരുന്നു.

അല്പനേരം കഴിഞ്ഞതും ശശിക്കുട്ടന്‍ ലൈനിലെത്തി.

''എന്താ അമ്മേ... എന്നാ വിശേഷം?'' ശശിക്കുട്ടന്‍ ആകാംക്ഷയോടെ ചോദിച്ചു.

''ഒരു വിശേഷോമില്ല. നിങ്ങടെ വിശേഷം അറിയാന്‍ വിളിച്ചതാ'' പാറുവമ്മയ്ക്ക് സ്വരത്തില്‍ ലാഘവത്വം കൈവന്നിരുന്നു.

''അതു കൊള്ളാം. ഞാന്‍ വിചാരിച്ചു ഇന്നാളത്തെപ്പോലെ പാടത്ത് മട വീഴുകോ മറ്റോ ചെയ്‌തെന്ന്. എല്ലാടത്തും മഴേം വെള്ളോമൊക്കെയല്ലേ.''

''ങ്ങാ... മഴേം വെള്ളോമൊക്കെയായിട്ട് മര്യാദയ്ക്ക് നടന്നോണോന്ന് പറയാന്തന്നെ വിളിച്ചതാ. എന്തിയേ കൊച്ചന്‍?''

''അവനാണ്ട്... മിറ്റത്ത് വെള്ളത്തില്‍ കളിക്കുന്നു.''

''വെള്ളത്തിലോ? മിറ്റത്തൊക്കെ വെള്ളം കേറിക്കഴിഞ്ഞോ ഇത്ര പെട്ടെന്ന്?''

''പിന്നില്ലാതെ. അവന്റെ മുട്ടറ്റമുണ്ട് വെള്ളം.''

''എന്നിട്ടാണോ കളിക്കാന്‍ വീട്ടിരിക്കുന്നെ. അവളെന്തിയേ, അവടെ കയ്യിക്കോടുത്തേ.''

ഫോണ്‍ കൈമാറുന്നതിനിടയില്‍ ശശിക്കുട്ടന്‍ ഉറക്കെ ചിരിക്കുന്നത് കേള്‍ക്കാമായിരുന്നു.

''കൊച്ചിനെ വേഗം വിളിച്ച് അകത്തു കേറ്റടീ'' ശകാര ശബ്ദമുയര്‍ത്തി പാറുവമ്മ പറഞ്ഞു.

''അതും ചേട്ടനോട് തന്നെ പറഞ്ഞാപ്പോരാരുന്നോ. അതു കൊള്ളാം. ചാടിക്കാന്‍ തോന്നുമ്പം ഞാന്‍. അല്ലാത്തപ്പം ശശിക്കുട്ടന്‍'' -സരോജവും കയര്‍ത്തു.

''എന്നാപ്പിന്നെ ഞാനൊന്നും പറഞ്ഞില്ലെടീ കേമീ... സൂക്ഷിച്ചാ ദുക്കിക്കണ്ട. അതു മാത്രം ഓര്‍ത്താ മതി. ഞാന്‍ വക്കുകാ. ടീച്ചറിവിടെ കേട്ടോണ്ട് നിപ്പൊണ്ട് കേട്ടോ.''

പാറുവമ്മ തിരികെ നല്‍കിയ ഫോണ്‍ ടീച്ചര്‍ ചിരിച്ചുകൊണ്ട് നിശ്ശബ്ദമാക്കി.

അതിനുശേഷമാണ്, അതുവരെ അകമേയിരുന്ന് വിങ്ങിയിരുന്ന വിശേഷവാര്‍ത്ത പാറുവമ്മ പുറത്തേക്കെടുത്ത് ടീച്ചറെ അറിയിച്ചത്.

''ടീച്ചററിഞ്ഞോ... അപ്പറത്തെ ആറ്റിക്കൂടെ ഒരു ശവമൊഴുകി വന്ന കാര്യം?''

''അയ്യോ... അതെപ്പഴാ?''

''കൊറച്ചു മുന്‍പാന്നാ കേട്ടത്. ഇന്നാളിവിടെ കാട് തെളിക്കാന്‍ ഞാന്‍ കൂട്ടിക്കൊണ്ട് വന്ന പണിക്കാര് പെണ്ണുങ്ങളില്ലേ. അവരാ എന്നോട് പറഞ്ഞെ'' -പാറുവമ്മ പറഞ്ഞു.

''ആരാ എന്താ എന്നൊന്നുമറിഞ്ഞില്ലേ?'' -ടീച്ചര്‍ ജിജ്ഞാസുവായി.

''ഇല്ല ടീച്ചറെ. കമന്നു കെടന്ന് ഒഴുകിപ്പോകുവാരുന്നെന്നാ പറഞ്ഞുകേട്ടത്. ഇച്ചിരെ പ്രായം ചെന്ന ആരാണ്ടാണെന്നാ പറേന്നെ.''

നുണ പറയുമ്പോള്‍ പതിവുള്ളതുപോലെ പാറുവമ്മ മുഖം വെട്ടിച്ചു പിടിച്ചുകൊണ്ടാണ് അതു പറഞ്ഞതെന്ന് ടീച്ചര്‍ ശ്രദ്ധിച്ചു.

അതുകൊണ്ടുതന്നെ അക്കാര്യം തുടര്‍ന്നു സംസാരിക്കാന്‍ താല്പര്യം കാട്ടാതെ:

''നാളത്തെ പത്രം വന്നാല്‍ അറിയാരിക്കും'' എന്നൊന്നു പറഞ്ഞുകൊണ്ട്, ടീച്ചര്‍ പാറുവമ്മയുടെ മുഖത്തുനിന്നു നോട്ടം മാറ്റി. എന്നിട്ട് പുറത്തേക്ക് കണ്ണയച്ചുകൊണ്ട് പറഞ്ഞു:

''ഓരോന്നു പറഞ്ഞുനിന്നാ ഇനീം നേരം വൈകും പാറുവമ്മേ. വേഗം പൊയ്ക്കോ. ഇപ്പം മഴയൊന്നു മാറി നിക്കുകാ.''

''അതു സാരമില്ല ടീച്ചറെ. എന്നെ ആരുമവിടെ നോക്കിയിരിക്കുന്നൂം മറ്റുമില്ലല്ലോ'' എന്നു പറഞ്ഞുകൊണ്ട്, വാതില്‍ക്കല്‍ ചാരിവെച്ചിരുന്ന കുടയെടുത്ത് പാറുവമ്മ സാവധാനം നടക്കാന്‍ തുടങ്ങി.

മഴ തോര്‍ന്ന അന്തരീക്ഷത്തില്‍ കരിന്തിരി കത്തുംപോലെ ഒരല്പം അന്തിവെളിച്ചം പുരണ്ടിരുന്നു...

കുട കൈവശമുള്ളപ്പോള്‍പോലും നനഞ്ഞുനടക്കാറുള്ള പാറുവമ്മ മഴ മാറി നിന്നിട്ടും കുട നിവര്‍ത്തിപ്പിടിച്ച് കൂനിക്കൂടി നടക്കുന്നതെന്തുകൊണ്ടാണെന്ന് ടീച്ചര്‍ അതിശയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com