'കുരിപ്പുമാട്'- കെ.എന്‍. പ്രശാന്ത് എഴുതിയ കഥ

എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ ആ കല്‍ക്കെട്ടിനു മുന്നില്‍നിന്നു
'കുരിപ്പുമാട്'- കെ.എന്‍. പ്രശാന്ത് എഴുതിയ കഥ

ത്യം പറഞ്ഞാല്‍ മഗേശനെ കാണാന്‍ അല്ല ഞങ്ങളന്ന് പോയത്. കായലില്‍നിന്നും കക്ക വാരി ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് നോവല്‍ എഴുതണമെന്ന ആഗ്രഹവുമായി ആ ദിവസം മുഴുവന്‍ കായല്‍ പരിസരത്തും കടപ്പുറത്തും ഞാനും അഭിയും അലഞ്ഞുനടക്കുകയായിരുന്നു. അതിനിടയില്‍ അവന് പൊടുന്നനെ മഗേശനെ ഓര്‍മ്മവന്നു. കക്കവാരലും മീന്‍പിടുത്തവും അല്പം കൂടോത്രവുമൊക്കെ അറിയാവുന്ന അവനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് ആവേശമായി. എന്തുതന്നെ ആയാലും അവനെ കാണണം എന്നു ഞങ്ങള്‍ ഉറപ്പിച്ചു. ഇടയിലക്കാട്ടില്‍നിന്നും കടപ്പുറത്തേക്ക് പാലം വരുന്നതിനു മുന്‍പ് അഭി അവന്റെ വീട്ടിലൊക്കെ പോയിട്ടുണ്ടെന്നു പറഞ്ഞു. അന്നവര്‍ കൈക്കോട്ട് കടവ് സ്‌കൂളില്‍ പ്ലസ്ടൂവിനു പഠിക്കുകയായിരുന്നു. ആ വീട് കടവിനടുത്തുള്ള കള്ളുഷാപ്പിന്റെ പരിസരത്ത് എവിടെയോ ആണെന്നു മാത്രമേ അവന് ഓര്‍മ്മയുള്ളൂ. ഊഹത്തിനൊപ്പം നടന്നുചെന്ന സ്ഥലത്ത് ഷാപ്പു നില്‍ക്കുന്നതുകണ്ട് എനിക്ക് സമാധാനമായി. പക്ഷേ, പിന്നീടങ്ങോട്ടുള്ള വഴി ഒരു കൂറ്റന്‍ മതില്‍ അടച്ചിരിക്കുന്നു.

എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ ആ കല്‍ക്കെട്ടിനു മുന്നില്‍നിന്നു. ഷാപ്പില്‍ ചെന്നു ചോദിച്ചാല്‍ അവനേയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും കക്കവാരലുകാരേയോ കണ്ടുപിടിക്കാം എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ അകത്തേക്ക് കയറി. ആദ്യ രണ്ടു കുപ്പികള്‍ കാലിയായപ്പോള്‍ തൊട്ടടുത്ത ഇരിപ്പിടത്തില്‍ ലോകത്തിന്റെ പോക്കിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് തനിച്ചിരുന്ന് കുടിക്കുന്ന മധ്യവയസ്‌കനോട് ഞാന്‍ സൗഹൃദഭാവത്തില്‍ തലയാട്ടി. അയാള്‍ സ്വപ്നം വിട്ടുണര്‍ന്ന് എന്നെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. അഭി അയാള്‍ക്കടുത്തേക്ക് നീങ്ങിയിരുന്ന് മഗേശനെ അറിയുമോ എന്നു ചോദിച്ചു. കുറച്ചുനേരം അവനെ സൂക്ഷിച്ചുനോക്കിയ ശേഷം അയാള്‍ ഷാപ്പുടമായായ തടിച്ച വൃദ്ധന്റെ സഹായം തേടി. 

''ഏയ് ചെറിയമ്പ്വോട്ടാ ആരി ഈ ബാഗത്ത് എളേക്ക1 വാര്ന്ന മഗേശന്‍?''

മുന്നില്‍ വീണ ചോദ്യവുമെടുത്ത് വൃദ്ധന്‍ പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

''എളേക്ക വാര്ന്നവര് കൊറേയിണ്ട്. ഈ ചാവിന്റെ സൂക്കേട്വന്നേനുശേഷം എത്രയാളാ ഒയന്നത്2? ഓറ്ക്കെല്ലം ജീവിക്കണ്ടേ? അപ്പോ കൊറേ ആള് എളേക്ക വാരാനും കൊറേ ആള് ലോട്ടറി വിക്കാനും കീഞ്ഞു3. പുതിയ പിള്ളറെ പേര് പറഞ്ഞാ എനക്ക്ത തിരിയൂല. ഈ പറഞ്ഞോന്റെ അച്ഛന്റെ പേര് അറിയോ?''

അഭിക്ക് അത് അറിയില്ലായിരുന്നു. അവന്‍ ആ വീട്ടിലേക്ക് പോയ വഴി ഓര്‍മ്മയില്‍നിന്നും പറഞ്ഞുകൊടുത്തു. ഷാപ്പ്കാരന്‍ നല്ല എരിവുള്ളതെന്നു തോന്നുന്ന ഞണ്ട് കറിയുമായി ഞങ്ങളുടെ മേശയ്ക്ക് അരികിലേക്ക് വന്നു. 

''ഓ എന്നാ കൈതക്കാട് കൊളനീലെ ഏതെങ്കിലും ചെക്കനാരിക്കും. അവരൊന്നും ഇപ്പം ഈട ഇല്ലപ്പാ. റിസോര്‍ട്ട്വന്നപ്പോ അയ്റ്റങ്ങോ എല്ലം വിറ്റ് ബത്ക്കി4. അയിലൊന്നു രണ്ടെണ്ണം കടപ്പൊറത്ത് ഇണ്ട്ന്ന് കേട്ടിനി. കടല് കേറി കേറിവെര്വല്ലേ. കൊറഞ്ഞ വെലക്ക് സ്ഥലം കിട്ടും. കന്ന്വീട് കടപ്പൊറത്ത് പണ്ട് നൂറാന്ന് പൊര. ഇപ്പോ രണ്ട് വീട് തേച്ചും5 ഇല്ല! കോളനി നിന്ന സ്ഥലത്താന്ന് ഇപ്പോ പടന്നക്കാരെ റിസോട്ട്.''

മതിലിലേക്ക് ചൂണ്ടി പറഞ്ഞ ശേഷം അയാള്‍ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി. പ്രതീക്ഷ നശിച്ചതുപോലെ അഭി കള്ളുകുപ്പി തൊണ്ടയിലേക്ക് കമിഴ്ത്തി. കടപ്പുറത്തേക്ക് പോകാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ എന്തോ ആലോചിച്ച് അവന്‍ കായലില്‍ വെയില്‍ തിളങ്ങുന്നതും നോക്കി ഇരുന്നു.

''ഇതാ, ഈ നേരെ എറങ്ങുന്നത് പഴയ കടവിലേക്കാന്ന്. അയിന്റെ അക്കരെയാന്ന് കടപ്പൊറം. വണ്ടീലാന്നോങ്കില് എടയിലക്കാട്ടിലൂട പാലം കേറീറ്റ് പോണം. പൊഴേലേ പോവാനാന്നോങ്കില്വാടകക്ക് ഫൈബര്‍ തോണി ഇണ്ട്.''

ഞാന്‍ പറഞ്ഞത് കേട്ടിട്ടാകണം കുടിച്ച് പുറത്തേക്കിറങ്ങുന്ന ഒരാളില്‍നിന്നും കാശ് വാങ്ങിക്കൊണ്ട് ഷാപ്പുകാരന്‍ പറഞ്ഞു. എന്തുവേണം എന്നാലോചിച്ച് ഞങ്ങള്‍ കള്ളുകുടിച്ചു. ഞണ്ടുകറിയുടെ എരിവ് തലച്ചോറ് വരെ എത്തുന്നതായിരുന്നു. അത് ശമിപ്പിക്കാനായി വീണ്ടും വീണ്ടും കുപ്പികള്‍ വന്നു. വെയിലിന്റെ മൂപ്പ് കുറഞ്ഞപ്പോള്‍ കള്ളു കുടിച്ചതിന്റേയും ആഹാരം കഴിച്ചതിന്റേയും കാശിനൊപ്പം തോണിയുടെ വാടകയും കൊടുത്ത് ഞങ്ങള്‍ കടവിലേക്ക് നടന്നു.

''ഏറ്റത്തിന്റെ സമയാന്ന്. നല്ലോണം തൊഴയാന്‍ അറിയ്വോങ്കിലേ തോണിയെട്ക്കണ്ടൂട്ടാ'' വൃദ്ധന്‍ പിറകില്‍നിന്നും വിളിച്ചുപറയുന്നത് കേട്ടെങ്കിലും ജലയാത്രയുടെ ആവേശത്തില്‍ ഞങ്ങള്‍ കടവില്‍ കെട്ടിയിട്ട ഒരു വള്ളം അഴിച്ചെടുത്ത് തുഴഞ്ഞു. എന്റെ പരിചയക്കുറവ്കൊണ്ട് ആദ്യമൊക്കെ തോണി ഉലഞ്ഞുകൊണ്ടിരുന്നു. കണ്ടങ്കാളിയിലെ അത്യാവശ്യം ഭൂസ്വത്തുള്ള കുടുംബത്തിലെ ആളാണ് അഭി എന്ന് അറിയാമെങ്കിലും അവന്റെ വീട്ടുകാര്‍ക്ക് കാനം കൈപ്പാട്ടില്‍ ഏക്കറു കണക്കിന് പാടങ്ങള്‍ ഉണ്ടെന്നും അതിലൂടെ തുഴഞ്ഞുപോകാന്‍ സ്വന്തമായി തോണിയുണ്ടെന്നും അപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്. സത്യത്തില്‍ വണ്ടിയില്‍ പോകാം എന്ന് അഭി പലവട്ടം പറഞ്ഞതാണ്. തോണിയില്‍ പോകണം എന്നത് എന്റെ നിര്‍ബ്ബന്ധം ആയിരുന്നു. എഴുത്തിന്റെ സ്വാഭാവികതയ്ക്ക് അതു ഗുണം ചെയ്യും എന്നു ഞാന്‍ തെറ്റിദ്ധരിച്ചു.

ഷാപ്പുകാരന്‍ പറഞ്ഞതുപോലെ വേലിയേറ്റമായിരുന്നു. സാമാന്യം കരുത്തുള്ള ഓളങ്ങള്‍ വന്നു തല്ലിയപ്പോള്‍ തോണി ചെറുതായി ഉലഞ്ഞു. അപ്പോഴൊക്കെ പേടിയോടെ ഞാന്‍ തോണിക്കകത്തേക്ക് മാത്രം നോക്കി തുഴഞ്ഞു. പണ്ട് അമ്മയുടെ കൂടെ ഭാരത് ബീഡിക്കമ്പനിയില്‍ പണിയെടുത്ത ഒരു ചേച്ചിയുടെ വീട്ടുകൂടലിന് കവ്വായികടവില്‍നിന്നും കടപ്പുറം വരെ പോയതും തിരിച്ചു വന്നതും മാത്രമാണ് എനിക്ക് ആകെ ഉള്ള കായല്‍ അനുഭവം. പക്ഷേ, ഞാനത് വെളിയില്‍ കാട്ടിയില്ല. അറിഞ്ഞാല്‍ അഭി കളിയാക്കും. പലപ്പോഴായി അവന്റെ വായില്‍നിന്ന് അതു കേട്ടിട്ടുള്ളതുമാണ്.

''ഈ ചെറിയ അനുബവം വെച്ചിറ്റാ നീ കഥ എഴ്താന്‍ പോന്നത്! എഴ്ത്ത്കാരന്‍ അനുബവിച്ചത്വായിക്ക്ന്നോനേം അനുബവിപ്പിക്കലാന്ന് സാഹിത്യം അല്ലാതെ വേവാത്ത ഭാവന വെറ്തേ തിര്കി കേറ്റലല്ല!''

ഉച്ച കഴിഞ്ഞിരുന്നു. നോക്കെത്താ ദൂരം വരെ അലസമായി ഇളകുന്ന കായലിനെ കഥയില്‍ എങ്ങനെ വിവരിക്കും എന്നാലോചിച്ച് ഞാന്‍ തുഴഞ്ഞു. ആ സുന്ദര ജലാശയത്തിന്റെ ശരിയായ വലിപ്പം അറിയണമെങ്കില്‍ അതിനു നടുവില്‍ എത്തണം. അപ്പോള്‍ രണ്ടു കരയും വളരെ ദൂരെയാണ്. തെക്കുഭാഗത്ത് കുറച്ച് അകലെയായി കാണുന്ന ഇടയിലക്കാട് ദ്വീപിനരികിലൂടെ ഒരു പുരവഞ്ചി പതിയെ നീങ്ങുന്നു. ദ്വീപില്‍നിന്നും കടപ്പുറത്തേക്ക് മനുഷ്യനിര്‍മ്മിതിയുടെ അതിശയ മനോഹാരിതയായി പാലം. ധൃതിപിടിച്ചോടുന്ന മീന്‍പിടുത്തക്കാരുടെ തോണികള്‍. ദൂരെ ചെറിയ പൊട്ടുകള്‍പോലെ നേവിക്കാരുടെ പായവഞ്ചികള്‍. അതിനുമപ്പുറം ലോകത്തിനറ്റമായി ഏഴിമല. വടക്കുഭാഗത്ത് കാണുന്നത് ഒണ്ടേന്‍ മാടാണെന്ന് അഭി പറഞ്ഞു. അവിടെയാണ് വിദേശികള്‍ ഒക്കെ വന്നുപോകുന്ന റിസോട്ടായ സെലസ്റ്റിയല്‍ ഒപ്പറ. കവ്വായിക്കായലില്‍ ഇനിയും കുറേ ദ്വീപുകള്‍ ഉണ്ട്; ഒണ്ടേന്‍ മാടിനപ്പുറം വടക്കേക്കാടും തെക്കേക്കാടും ഇടയിലക്കാടിനപ്പുറം ഏഴിമല വരെ ചെറുതും വലുതുമായ ദ്വീപുകള്‍. എല്ലാം ജനവാസമുള്ളതല്ല. ചിലത് ഒണ്ടേന്‍ മാട് പോലെ ടൂറിസക്കാര്‍ പാട്ടത്തിനെടുത്ത് റിസോര്‍ട്ട് പണിയാനുള്ള തയ്യാറെടുപ്പിലാണ്. കണ്ടല്‍ക്കാടുകളുടെ വന്യതയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമിയുണ്ടായ കാലം മുതല്‍ വിജനമായി കിടക്കുന്ന ദ്വീപുകളെക്കുറിച്ച് കേട്ടപ്പോള്‍ അവ കാണണം എന്ന് എനിക്കു തോന്നി. പകുതി ദൂരം തുഴഞ്ഞപ്പോഴേക്കും ഞാനും തുഴയാന്‍ പഠിച്ചെന്ന് അവന്‍ പറഞ്ഞു. കക്കാവാരലുകാരായ മനുഷ്യരെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ തുഴഞ്ഞു.

തീരത്തോട് അടുക്കാറായപ്പോഴേക്ക് ജലനിരപ്പ് താഴാന്‍ തുടങ്ങിയിരുന്നു. വേലിയിറക്കമാണെന്ന് അഭി പറഞ്ഞു. കരയിലെ കുറ്റിയിലേക്ക് തോണി കെട്ടിവെക്കുന്നതിന് ചെളിയിലേക്ക് ഇറങ്ങേണ്ടിവന്നപ്പോള്‍ അവന്‍ ഒരു വലിയ തെറി പറഞ്ഞു. സ്വാഭാവികമായി പറഞ്ഞതാണെങ്കിലും എന്റെ എഴുത്തുമോഹത്തിനെ ആണോ അവന്‍ ചീത്തവിളിച്ചത് എന്നു ഞാന്‍ സംശയിച്ചു. നനഞ്ഞ ചെരിപ്പുകളുമായി ഞങ്ങള്‍ കരയിലേക്ക് കയറി. തീരം വിജനതയുടെ ഉച്ചമയക്കത്തിലായിരുന്നു. അവിടെ നിന്നാല്‍ കടലിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാം. കൃത്യമായ അകലത്തില്‍ നില്‍ക്കുന്ന തെങ്ങുകള്‍ കാറ്റില്‍ മൂളക്കത്തോടെ ഒരേ ദിശയിലേക്ക് ചായുന്നു. അതിനപ്പുറം പൂഴിപ്പരപ്പ്. പിന്നെ ഇളകിമറിയുന്ന കടല്‍. കടലേറ്റം കാരണം കായലിനും കടലിനുമിടയ്ക്ക് വളരെ ചെറിയ സ്ഥലം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ആ ഭാഗത്ത് വീടുകള്‍ നന്നേ കുറവായിരുന്നു. തെങ്ങുകളില്‍നിന്നും തെങ്ങുകളിലേക്ക് കയറിക്കയറി പോകുന്ന ഏകാകിയായ ഒരു തെങ്ങുകയറ്റക്കാരനെ മാത്രമേ പത്തുമുന്നൂറു മീറ്റര്‍ മുന്നോട്ട് നടന്നിട്ടും ഞങ്ങള്‍ കണ്ടുള്ളൂ. കായലിനടുത്തുകൂടി പുതുതായി പണിഞ്ഞതെന്നു തോന്നുന്ന കോണ്‍ക്രീറ്റ് റോഡിലൂടെ ഞങ്ങള്‍ നടന്നു. കടലിന്റെ ശബ്ദം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ചവോക്കു മരങ്ങളും കൈതക്കൂട്ടങ്ങളും കടന്നുപോകുമ്പോള്‍ അപൂര്‍വ്വമായി സ്വപ്നാടകരെപ്പോലുള്ള മനുഷ്യരേയും ഞങ്ങള്‍ കണ്ടു. അപ്പോഴാണ് അതുണ്ടായത്. അശരീരിപോലെ ആരോ അഭിയെ വിളിച്ചു:

''എടാ അബിലാഷേ.''

ഞങ്ങളെ ഞെട്ടിച്ച ആ വിളി കായലിലേക്ക് വീണുകിടക്കുന്ന തെങ്ങിന്‍ തടിയില്‍ കുത്തിയിരുന്ന് മീന്‍പിടിക്കുന്ന ഒരുത്തനില്‍നിന്നാണ് വന്നത് എന്നു മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. അവിടെനിന്നാല്‍ കണ്ടല്‍ക്കാടിനിടയിലിരിക്കുന്ന അവനെ കഷ്ടിച്ചേ കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. അടുത്തേക്ക് ചെന്നപ്പോള്‍ മൂങ്ങയുടേതുപോലെ തലമാത്രം പിന്നോട്ട് തിരിച്ച് അവന്‍ ഞങ്ങളെ നോക്കി. അഭി ഒരു നിമിഷം പകച്ച് നിന്നു.

''ഞാന്‍ മഗേശനാടാ.'' അഭിയുടെ അമ്പരപ്പ് കണ്ടിട്ടെന്നോണം അവന്‍ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ തിരഞ്ഞു ചെല്ലുമെന്ന് അറിയുന്നതുപോലെ ആയിരുന്നു അവന്റെ പെരുമാറ്റങ്ങള്‍. മെലിഞ്ഞ ദേഹവും പകുതിയും കഷണ്ടി കയറിയ തലയുമായി മുന്നില്‍ ഇരിക്കുന്നത് മഗേശന്‍ തന്നെയാണോ എന്ന് അഭി സംശയിക്കുന്നതായി തോന്നി.

''ഓ ആരോഗ്യെല്ലം പോയിടാ. ചാവിന്റെ സൂക്കേട് പിടിച്ച് കെടന്ന് പോയി. കൊറച്ച് നാള് എണീറ്റ് നടക്കാന്‍ കൂടി കൈഞ്ഞിറ്റ.'' അഭിയുടെ സംശയം മനസ്സിലാക്കിയിട്ടെന്നപോലെ അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരിക്കുന്ന തെങ്ങില്‍നിന്നും അവന്റെ മെലിഞ്ഞ ആ ശരീരം ഒരു കാറ്റു വന്നാല്‍ തെന്നി കായലിലേക്ക് വീഴുമെന്ന് തോന്നി. ഞങ്ങള്‍ അടുത്തു ചെന്നിട്ടും അവന്‍ അവിടെ നിന്നും ഒന്ന് അനങ്ങിയത് പോലുമില്ല. പലതും പറയുന്നതിനിടയിലും കയ്യിലെ ചൂണ്ടയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. അവനിരുന്ന തെങ്ങിനു ചുറ്റും കണ്ടല്‍ തെഴുത്തു വളര്‍ന്നുനിന്നു. വില്ലു വേരുകള്‍ വെള്ളത്തിലേക്ക് ആഴ്ത്തിയ ഒരു പ്രാന്തന്‍ കണ്ടല്‍ ആകാശത്തേക്ക് നീണ്ടു പോകുന്നു. അതിനിടയില്‍ ഒരു ജലപ്പക്ഷിയായി മഗേശന്‍ പഴയ സഹപാഠിയെ നോക്കിച്ചിരിച്ചു. ഓര്‍മ്മയില്‍നിന്നും അവന്റെ പഴയ രൂപം തിരഞ്ഞ്വാ പൊളിച്ച് അല്പനേരം നിന്ന ശേഷം അഭി എന്നെ കഥ എഴുതുന്ന ആളെന്ന് പരിചയപ്പെടുത്തി. മഗേശന്‍ സംശയത്തോടെ നോക്കി.

''പഠിക്ക്ന്ന കാലത്ത് എനക്ക് വെല്ല ആഗ്രഹം ഇണ്ടായിനി കഥ എഴ്താന്‍. നമ്മളെ ആയിറ്റിനവ ജീവന്‍ വായനശാലേലെ എല്ലാ പുസ്തകൂം വായിച്ച് കൈഞ്ഞപ്പോ ഞാന്‍ വിചാരിച്ചു ലോകത്തിലെ പുസ്തകെല്ലാം ഞാന്‍ വായിച്ചൂന്ന്. ഇനി എഴ്ത്വേ വേണ്ടൂന്ന്. ഇത്രേം വെല്ല്യ കായലിന് എന്തെല്ലം കഥയ്ണ്ട്! അതെല്ലം എഴ്തണം എന്ന ആവേശം കേറി കൊറേ എന്തെല്ലോ എഴ്താനും ശ്രമിച്ചു. ഉസ്‌കൂള്ന്ന് കഥാമത്സരത്തിനൊന്നും നമ്മള കൂട്ടൂല. അയ്ന് ഈ അഭിലാഷിനപ്പോലത്തെ മാഷമ്മാരെ മക്കള്ണ്ടല്ലാ. പിന്ന പിന്ന മനസ്സിലായി നമ്മ കഥ പറയുമ്പോ കേക്കാന്‍ ആള്ണ്ടാവലാന്ന് പ്രധാനം. ഒറ്റയ്ക്ക് പറയ്ന്ന കഥയിലൊന്നും ഒരു കഥയൂല്ലാന്ന്.''

അതു പറഞ്ഞതും ഇരുന്നിടത്തുനിന്നും ചാടി എഴുന്നേറ്റ് അവന്‍ കയ്യിലെ ചരട് വലിക്കാന്‍ തുടങ്ങി. അത് കായലിലേക്ക് വലിഞ്ഞു മുറുകി പൊട്ടാന്‍ പോകുന്നെന്നു തോന്നി. വെപ്രാളപ്പെട്ട് വലിച്ചു കയറ്റിയ അതിന്റെ അറ്റത്ത് ഒരു വലിയ മീന്‍ പിടഞ്ഞു. അസാമാന്യ വലിപ്പമുള്ള അത്തരം ഒന്നിനെ ഞാന്‍ ആദ്യമായാണ് ജീവനോടെ കണ്ടത്. കയ്യിലുണ്ടായിരുന്ന കയറെടുത്ത് മീനിന്റെ ചെകിള വഴി കെട്ടിയെടുത്തപ്പോള്‍ അതിന്റെ വലിപ്പം അവന്റെ അരയോളമുണ്ടായിരുന്നു. അത്രയും വലിയ മീന്‍ കായലില്‍ ഉണ്ടെന്നത് അവിശ്വസനീയമായിരുന്നു. ആ അതിശയത്തെ അപ്പോള്‍ തന്നെ ഫോട്ടോയാക്കാന്‍ അഭി ഫോണ്‍ പുറത്തെടുത്തു.

''ഇതാന്ന് നിങ്ങളെ കൊയപ്പം. എന്ത് കണ്ടാലും ഫോട്ടം എട്ക്കും. എഴ്ത്ത്കാര് ഇങ്ങന തൊട്ടതും വെച്ചതും ഫോട്ടം എട്ക്കറ്. ഈ മീന്‍ നിങ്ങളെ മനസ്സില് കെടന്ന് വളരണം. കഥയില്‍ ഇതൊരു തിമിംഗലമാവണം'' അവന്‍ പറഞ്ഞത് ഞങ്ങള്‍ക്കു മനസ്സിലായില്ലെന്ന് തിരിഞ്ഞപ്പോള്‍ അവന്‍ വീണ്ടും ഉച്ചത്തില്‍ ചിരിച്ചു. തീയില്‍ കിടന്നു ചിരിക്കുന്ന പൊട്ടന്‍ തെയ്യത്തിന്റെ ചിരി.

''ഈന നീ വിക്ക്വാ?'' അഭിയുടെ ചോദ്യം കേട്ടപ്പോള്‍ ചിരി നിന്നു.

''ചെല്ലപ്പം വിക്കും ചെല്ലപ്പം കറിവെക്കും. ഒന്നിനും ഒരൊറപ്പും പറയാന്‍ പറ്റൂല അബിലാഷേ. ഇന്ന് ഏതായാലും നമ്മക്കീന നല്ല മസാല പൊരട്ടി ചുടാ. നിങ്ങൊവന്നതല്ലേ. വൈന്നേരം നല്ല ചെമ്പല്ലിയും ചോറും തിന്നിറ്റ് പോവ എന്തേ?'' അവന്‍ അഭിയെ നോക്കി.

''അയ്യോ അത്രവരെ നിക്കാനൊന്നും സമയൂല്ലടാ. ഏഴ് മണിക്ക് മുന്നേ വീട്ടിലെത്തണം.''
അഭി പറഞ്ഞു. 

''നീയെല്ലം എന്ത് കഥ എയ്ത്ന്ന് എന്റെ അബിലാഷേ? പകലിന് എന്ത് കഥയില്ലത്ടാ? രാത്രിക്കല്ലേ കഥ? ഞാന്‍ ചെലപ്പോ രാത്രി വീട്ടിലേക്ക് പോവേ ചെയ്യൂല. കായലിന്റെ കരേല് ചൂണ്ടലും പിടിച്ച് ഇങ്ങന ഇരിക്കും. അപ്പോ ഈ ലോകം പകല്ന്ന് രാത്രിയും രാത്രീന്ന് പകലും ആവും. പകല് എല്ലാട്ത്തും ഒര് പോലല്ലേ, രാത്രി അങ്ങന്യ? നീ രാത്രി കടല്‍ കണ്ടിനാ? നല്ല പൂ പോല്ത്തെ നിലാവില്ലപ്പോ ഉള്ള കടല്. ഹോ! ജീവിതത്തില് ഒരിക്കലെങ്കിലും നിങ്ങ അത് കാണണം. ശരിക്കും മദം പിടിച്ച് തുള്ളുന്ന ഒരു സുന്ദരി. ആ കടലല്ല അമാവാസീലെ കടല്. അന്ന് അത് ശാന്തയായി കിടക്കും ഒരു ചെറിയ തെരപോലും ഇണ്ടാവൂല. ലോകം മുഴ്വനും ചത്തൊടുങ്ങീന്ന് തോന്നും. ഇനി ഞാന്‍ പറയാന്‍ പോന്ന കഥ നടന്നത് അങ്ങനൊരു രാത്രീലാന്ന്.''
ഞങ്ങള്‍ നടന്ന് മഗേശന്റെ വീടിനു മുന്നിലെത്തിയിരുന്നു. ചെറിയ വൃത്തിയുള്ള വീട്. മുറ്റം നിറയെ പഴയ പെയിന്റ് പാട്ടകളിലും മണ്‍ചട്ടികളിലും ചെടികള്‍ പൂത്തുനില്‍ക്കുന്നു. അവന്‍ ഭാര്യയെ വിളിച്ച് മീന്‍ പാചകം ചെയ്യേണ്ടവിധം പറഞ്ഞുകൊടുത്ത ശേഷം തിരികെ വന്നു. കടല്‍ തൊട്ടടുത്താണ്. ഞങ്ങള്‍ കടപ്പുറത്തേക്ക് നടന്നു.

''അന്ന് രാത്രി എന്താ ഉണ്ടായത്?''

അവന്‍ കഥ പറയാത്തതില്‍ ഞാന്‍ അസ്വസ്ഥനായി.

വെയില്‍ മങ്ങാന്‍ തുടങ്ങിയപ്പോള്‍ കടലു കാണാന്‍ വന്ന ചുരുക്കം ആളുകള്‍ തിരയിലിറങ്ങിയും സെല്‍ഫിയെടുത്തും നടക്കുന്നു. കാറ്റാടി മരങ്ങള്‍ നിരനിരയായി വളര്‍ന്നുനില്‍ക്കുന്നതിനടുത്ത് വീണുകിടന്ന തെങ്ങോലയ്ക്കു മുകളില്‍ അവന്‍ ഇരുന്നു. ഞങ്ങള്‍ കൂടെ ഇരുന്ന ശേഷം തിരകളിലേക്ക് നോക്കി അവന്‍ പറയാന്‍ തുടങ്ങി.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അമാവാസി 

ആദ്യത്തെ അടച്ചുപൂട്ടലിന്റെ സമയം നിങ്ങള്‍ക്ക് ഓര്‍മ്മകാണും അന്നുവരെ പുളച്ച് മദിച്ച മനുഷ്യരെല്ലാം പുറത്തിറങ്ങാതെ ഗുഹയ്ക്കകത്ത് കിടന്ന കാലം. പ്രാണവായു ഇല്ലാതേയും ജീവിക്കാം പക്ഷേ, മീന്‍ പിടിക്കാതെ പറ്റില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്. എല്ലാ മനുഷ്യര്‍ക്കും അങ്ങനെ ചെയ്യാതിരിക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ടാകും അതാണ് അവരെ മുന്നോട്ട് കൊണ്ടുപോകുന്നത്. മീന്‍ പിടിത്തക്കാരുടെ കഥകള്‍ ഒക്കെ എഴുതിയ ആ വലിയ എഴുത്തുകാരനെക്കുറിച്ച് കേട്ടിട്ടില്ലേ? കഥകള്‍ എഴുതാന്‍ കഴിയാതായപ്പോള്‍ സ്വന്തം അച്ഛന്‍ ആത്മഹത്യ ചെയ്ത തോക്ക് കൊണ്ട് തലയിലൊരു വെടി. അതാണ് യഥാര്‍ത്ഥ കലാകാരന്‍. പണ്ട് അയാളുടെ കഥകള്‍ വായിച്ച ആവേശത്തില്‍ കവ്വായിക്കായലിലൂടെ മീന്‍ പിടിക്കാന്‍ പോകുന്ന ഒരാളുടെ കഥ ഞാനും എഴുതിയിരുന്നു. മീന്‍ കിട്ടാത്ത രാത്രികളില്‍ ഒരു മീന്‍ കൊത്തിച്ചാത്തനായി രൂപം മാറി കായലിന്റെ അടിത്തട്ടുവരെ പോയി മീനുകളെ കൊത്തിവരുന്ന മനുഷ്യനെക്കുറിച്ചുള്ള കഥ. സത്യത്തില്‍ അത് കഥയല്ല. എന്റെ അച്ഛന്റെ അച്ഛന്‍ മണ്ണടിയന്‍ പിറ്ക്കിന്റെ ജീവിതമാണ്. പിറ്ക്ക് എന്ന പേര് കേട്ട് നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകും. പണ്ട് ഞങ്ങളുടെ തൊണ്ടച്ചമേമാര്‍ക്ക്6 ഇഷ്ടപ്പെട്ട പേര് ഇടാന്‍പോലും അവകാശം ഉണ്ടായിരുന്നില്ലെന്ന് അറിയാമോ? എന്റെ പേര് കേള്‍ക്കുമ്പോഴും ഇതെന്ത് പേരെന്ന് സംശയത്തോടെ നോക്കുന്നവരേയും ചിരിക്കുന്നവരേയും കണ്ടിട്ടുണ്ട്. ജീവിതം മുഴുവന്‍ ഞാനാ ചിരി കാണണം. സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോ ഹെഡ്മാഷ് അച്ഛനോട് എന്റെപേര് ചോദിച്ചു:

''മഗേഷ്.''

അക്ഷരങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെന്നു തെറ്റിദ്ധരിക്കുന്ന അച്ഛന്‍ പറഞ്ഞു:

''എന്ത്?''

അച്ഛന്‍ ഉദ്ദേശിച്ചത് ''മഹേഷ്'' ആണെന്നു മനസ്സിലായിട്ടും അയാള്‍ പുരികങ്ങള്‍ വില്ലുപോലെ വളച്ച് ചുണ്ട് കോട്ടിക്കൊണ്ട് ചോദിച്ചു:

''മഗേശന്‍'' അച്ഛന്‍ അപകര്‍ഷതയോടെ ഒരിക്കല്‍ക്കൂടി പറഞ്ഞു. വെളിച്ചമില്ലാത്ത ആ മുഖം പരിഭ്രമംകൊണ്ട് ചൂളുന്നത് ആദ്യമായി ഞാന്‍ കണ്ടു. മാഷ് ചിരിച്ചുകൊണ്ട് രജിസ്റ്ററില്‍ എന്റെ പേരെഴുതി. അച്ഛനും അദ്ദേഹത്തിന്റെ മുന്‍ തലമുറകള്‍ക്കും വേണ്ടി പഠിക്കും എന്നു ഞാന്‍ അന്നു തീരുമാനിച്ചതാണ്. ഞാന്‍ ആര്‍ത്തിയോടെ പഠിച്ചു. കിട്ടുന്നതൊക്കെ വായിച്ചു. പക്ഷേ, നീന്തുന്നതിന്റെ എത്രയോ ഇരട്ടിയായിരുന്നു ഒഴുക്കിന്റെ വേഗം. പ്ലസ്റ്റു കഴിഞ്ഞപ്പോ എനിക്ക് ശരിക്കും മടുത്തു.

ക്ഷമിക്കണം, എനിക്കിവിടെ മിണ്ടാന്‍ മനുഷ്യജീവികള്‍ കുറവാണ്. അതുകൊണ്ട് ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ കുറച്ച് അധികം സംസാരിച്ചുപോകുന്നു. പറഞ്ഞുവന്നത് അന്നത്തെ രാത്രിയുടെ കഥയാണ്. സത്യത്തില്‍ ഇരുട്ട് മാത്രമേ രാത്രിയുടേത് ആയിട്ടുണ്ടായിരുന്നുള്ളൂ. നേരം പുലരാന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ ബാക്കി കാണും. കുറച്ച് അപ്പുറത്തു മാറി ഒരു കോരുവലയും കയ്യില്‍ പിടിച്ച് ഞാന്‍ വെറുതേ ഇരിക്കുകയായിരുന്നു. പകല്‍ ഒന്നുരണ്ടു വട്ടം പുറത്ത് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കോസ്റ്റല്‍ പൊലീസുകാരുടെ ബോട്ട് കായലിലൂടെ റോന്തുചുറ്റുന്നുണ്ടായിരുന്നത് കൊണ്ട് ഒന്നും നടന്നില്ല. കായലിനോട് മിണ്ടിയും പറഞ്ഞും ഞാന്‍ പുലരുന്നതും കാത്ത് ഇരുന്നു. പെട്ടെന്ന് ആകാശത്തില്‍നിന്നും എന്തോ കത്തിയെരിഞ്ഞ് ശീല്‍ക്കാരത്തോടെ വെള്ളത്തിലേക്ക് വീണു. ഇരുട്ട് മാത്രമുള്ള മാനത്തുനിന്നും എന്താണ് വീണത് എന്ന് എനിക്ക് മനസ്സിലായില്ല. ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണതെന്ന് ഞാന്‍ പേടിച്ചു. ഇലകള്‍പോലും അനങ്ങാത്ത കാലത്തിന്റെ ആ നിശ്ചലതയിലേക്ക് പെട്ടെന്ന് എന്തോ ഒന്ന് അണച്ചുകൊണ്ട് കായലില്‍നിന്നും കയറിവന്നു. പട്ടിയെപ്പോലെയുള്ള കിതപ്പ് കേട്ടപ്പോ അത് നീര്‍നായ ആണെന്നു ഞാന്‍ ഉറപ്പിച്ചു. നീര്‍നായയുടെ വിളയാട്ട കഥകള്‍ ഒരുപാട് കേട്ടാണ് ഞാന്‍ വളര്‍ന്നത്. പക്ഷേ, നീര്‍നായയേക്കാള്‍ വലിപ്പം ആ രൂപത്തിനുണ്ടായിരുന്നു. അടുത്തേക്ക് ചെന്ന് വെളിച്ചം തെളിച്ചപ്പോള്‍ നമ്മുടെ ഒക്കെ പ്രായമുള്ള ഒരു മനുഷ്യന്‍! നിലത്ത് കിടന്ന് ഇഴയുമ്പോഴും മരിക്കാന്‍ പോകുന്നതുപോലെ കണ്ണുകള്‍ തുറിച്ച് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്ന ആ മുഖം ഭയാനകമായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവന്റെ ബോധം മറഞ്ഞുപോയി. എന്തുവേണമെന്നറിയാതെ ഞാന്‍ ആ ഇരുട്ടില്‍നിന്നു.

തീരത്ത് കെട്ടിവച്ചിരിക്കുന്ന തോണി തള്ളി കായലിലേക്ക് ഇറക്കി ഒരുവിധം അവനെ വലിച്ചു കയറ്റിയ ശേഷം കോസ്റ്റല്‍ പൊലീസുകാരുടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു. മരിച്ചുപോയവര്‍ ചൂണ്ടക്കോലുകളുമായി കായല്‍ക്കരയില്‍ ഇരിക്കുന്ന അസമയത്ത് കയറിച്ചെന്നു വിളിച്ചതിനു പാറാവുനിന്ന പൊലീസുകാരന്‍ എന്റെ കരണം അടിച്ചുപൊളിച്ചു. കാര്യം അറിയിച്ചപ്പോള്‍ മുഖാവരണം ഇല്ലാത്തതിന് അയാള്‍ എന്റെ നേരെ തോക്കു ചൂണ്ടി. ഉറക്കപ്രാന്ത് കയറി അയാള്‍ വെടിവയ്ക്കും എന്നു ഞാന്‍ ഭയന്നു. തോണിയില്‍ കിടക്കുന്നവനെ ഞാന്‍ എവിടെയോ വച്ച് തല്ലിക്കൊന്നതാണെന്നു പറഞ്ഞ് എന്നെ ചവിട്ടി ലോക്കപ്പില്‍ ഇട്ട ശേഷം ദേഹമാസകലം അണുനാശിനി തേച്ച് പിടിപ്പിച്ച് അയാള്‍ വീണ്ടും നിന്നുകൊണ്ട് ഉറങ്ങാന്‍ തുടങ്ങി. അവന്‍ തോണിയില്‍ കിടന്നു മരിച്ചുപോയാല്‍ എന്റെ കാര്യം എന്താകും എന്നാലോചിച്ച് എനിക്ക് പേടിയായി. ഫോണിനായി ഞാന്‍ അരയില്‍ തപ്പി. പക്ഷേ, അത് അവിടെ ഇല്ലായിരുന്നു. അവനെ വലിച്ചുകയറ്റുന്നതിനിടയില്‍    കായലില്‍ വീണു പോയിട്ടുണ്ടാവും എന്നു ഞാനുറപ്പിച്ചു. പുലരുമ്പോള്‍ ആരോരുമില്ലാതാകാന്‍ പോകുന്ന എന്റെ ഭാര്യയെ ഓര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ ലോക്കപ്പില്‍ കുത്തിയിരുന്നു.

ആരോ വന്ന് കമ്പി അഴികളില്‍ തട്ടിയപ്പോഴാണ് അതുവരെ ഞാന്‍ ചത്തതുപോലെ ഉറങ്ങുകയായിരുന്നു എന്നു മനസ്സിലായത്. അപ്പോള്‍ പകല്‍ വെളിച്ചത്തില്‍ ഞാന്‍ അവനെ കണ്ടു. സ്റ്റേഷന്റെ ഒരു മൂലയില്‍ ഇരുന്ന് ആരോ കൊടുത്ത ചായയും ബണ്ണും ആര്‍ത്തിയോടെ തിന്നുന്ന അവനെ തന്നെയാണോ ഞാന്‍ ഇന്നലെ രാത്രി എടുത്തുകൊണ്ടു വന്നത്? അതോ ഞാന്‍ വേറെ വല്ല തെറ്റും ചെയ്ത് ലോക്കപ്പില്‍ കയറിയതാണോ?
അന്ന് ഉച്ചയ്ക്ക് മുന്‍പ് ഞങ്ങളെ ബഹിരാകാശ സഞ്ചാരികളെപ്പോലെ വേഷമിടീച്ച് ഏതോ ഒരു കുന്നിന്‍ മുകളിലെ ഏകാന്ത കേന്ദ്രത്തിലേക്ക് മാറ്റി. കരഞ്ഞു പറഞ്ഞിട്ടും വീട്ടില്‍ ചെന്ന് സവിതയെ കാര്യം അറിയിക്കാനോ പൊലീസുകാരുടെ ഫോണ്‍ ഉപയോഗിക്കാനോ അവര്‍ സമ്മതിച്ചില്ല. എന്റെ തൊട്ടടുത്ത് എന്തോ വലിയ കുറ്റം ചെയ്തത് പോലെ താഴോട്ട് നോക്കി ഇരുന്ന അവന്‍ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍ എന്നെ തുറിച്ചുനോക്കാന്‍ തുടങ്ങി.

''എന്റൊപ്പരം ഇണ്ടായോനൊടുത്തു? നിങ്ങ ഓന കൊന്ന്വാ?''

എന്റെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചോദിച്ചു. അവന്റെ ശബ്ദം വളരെ ദൂരെനിന്നും വരുന്നതുപോലെ തോന്നി. ഒന്നുകില്‍ അവന് ഭ്രാന്താണ് അല്ലെങ്കില്‍ ഇന്നലെ രാത്രി അവന്‍ നന്നായി പേടിച്ചിട്ടുണ്ട് എന്നു ഞാന്‍ ഉറപ്പിച്ചു. എനിക്ക് അവനോട് സഹതാപം തോന്നി. അവന്‍ ദേഷ്യം പിടിച്ച ഒരു പൂച്ചയെപ്പോലെ എന്നെ നോക്കി മുരണ്ടുകൊണ്ടിരുന്നു. മുറിയിലെത്തിയപ്പോള്‍ എന്നോട് ദേഷ്യമല്ല ഒരുതരം ഭയമാണ് അവനുള്ളതെന്ന് എനിക്ക് മനസ്സിലായി. ദേഹോപദ്രവം ഏല്പിക്കാനോ കടുത്ത വാക്കുകള്‍ പറയാനോ അറച്ചുനില്‍ക്കുന്നതുപോലെ അവന്‍ ആ മുറിയില്‍ വെരുകിനെപ്പോലെ നടന്നു. പകല്‍ മുഴുവന്‍ അവന്‍ എന്നെ തുറിച്ചുനോക്കി സ്വന്തം കട്ടിലില്‍ ഇരുന്നു. കുറേ നേരം അവന്റെ നോട്ടത്തില്‍ തറച്ച് ഇരുന്നെങ്കിലും ക്ഷമ നശിച്ചപ്പോള്‍ അവന്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നു കരുതി ഞാന്‍ കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ അവന്‍ ജനലിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നത് കണ്ടു. 

''നിങ്ങക്ക് എന്നക്കുറിച്ച് എന്തോ തെറ്റ്ദ്ധാരണ ഇണ്ട്. ഞാന്‍ നിങ്ങള ജീവിതത്തില് ആദ്യായിറ്റാന്ന് കാണ്ന്നത്. നിങ്ങളാരാന്ന് പോലും എനക്ക് അറീല. പിന്നെങ്ങന നിങ്ങളെ ഒപ്പരം ഇണ്ടായ ആള ഞാന്‍ കൊല്ലും? അങ്ങന കൊല്ലാനാന്നോങ്കില് എന്ക്ക് നിങ്ങളേം കോന്നൂടെ?''

ഒരേ അപകടത്തില്‍പ്പെട്ടവനോടുള്ള സഹതാപത്തോടെ ഞാന്‍ ചോദിച്ചു. അവന്‍ ഒന്നും മിണ്ടാതെ സ്വന്തം കാല്‍പ്പാദത്തിലേക്ക് നോക്കി കട്ടിലില്‍ ഇരുന്നു. അന്ന് ഉച്ചയായപ്പോള്‍ അവന്റെ ഭാര്യ അവന് മാറാന്‍ കുപ്പായങ്ങളുമായി വന്നു. അവര്‍ ഉദ്യോഗസ്ഥര്‍ കൈവശം കൊടുത്തു വിട്ട ഭക്ഷണത്തില്‍ പാതി അവന്‍ എനിക്കു തന്നു. അവന് എന്നെക്കുറിച്ചുള്ള ഭയം മാറി എന്നു തോന്നി. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. അന്നു വൈകുന്നേരം ആ ഭീകരരാത്രിയുടെ കഥ അവന്‍ എന്നോട് പറഞ്ഞു.

ഒളിച്ചോട്ടം 

ആ ദിവസം പകല്‍ മുഴുവന്‍ അവനും ശരത്ത് എന്ന കൂട്ടുകാരനും രണ്ട് ഫോണുകളുടെ അറ്റത്തിരുന്ന് പല പരിപാടികളും ആസൂത്രണം ചെയ്തു. വിമാനങ്ങള്‍ ഒന്നൊന്നായി പറക്കാതായപ്പോള്‍ വരുമാനവുമില്ലാതെ നിന്നുപോയ ടൂറിംഗ് കമ്പനിയോടൊപ്പം മറ്റു പലതും വിട്ടെറിഞ്ഞ് കിട്ടിയതും പെറുക്കി മസ്‌കറ്റില്‍നിന്നും ഓടിയതാണ് ശരത്ത്. നാട്ടിലെത്തി അടച്ചുപൂട്ടി ഇരിക്കാന്‍ തുടങ്ങിയതിന്റെ നാലാം ദിവസം, പണ്ട്യ യു.പി സ്‌കൂളില്‍ കൂടെ പഠിച്ച, ഇപ്പോള്‍ പെയിന്റ് പണിയും ചില്ലറ കൂലിപ്പണികളും ചെയ്ത് ജീവിക്കുന്ന പ്രജിത്തിനെ വിളിച്ച് അവന്‍ കരഞ്ഞു.

''എടാ പ്രജിത്തേ എനക്ക് പറ്റ്ന്നില്ലടാ ഈ മൈറ്റിലെ ഒറ്റക്കിരിപ്പ്. നിനക്കറിയ്വാ? മസ്‌കറ്റിലെ എന്റെ കമ്പിനീലെ ഒരു സ്റ്റാഫും രണ്ട് ദെവസത്തില് അധികം ഒര് സ്ഥലത്ത് നിന്നിറ്റ്ണ്ടാവില്ല. പിന്നല്ലേ അയ്ന്റെ സി.ഇ.ഒ ആയ ഞാന്‍! ഒന്നിക്കില് ഞാന്‍ ഈ മുറീല് തൂങ്ങും അല്ലെങ്കില്‍ ഏട്ത്തേക്കെങ്കിലും എറങ്ങി ഓടും.'' പറഞ്ഞുനിര്‍ത്തിയതിനു ശേഷം അവന്‍ കരയുകയാണെന്ന് പ്രജിത്തിനു തോന്നി. ലോക്ക് ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ തന്റെ അവസ്ഥ അതിലും എത്രയോ മോശമാണെന്ന് അവന്‍ നെടുവീര്‍പ്പിട്ടു. കൂട്ടുകാരനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ നില്‍ക്കുമ്പോള്‍ ഫോണിനപ്പുറത്ത് അവന്റെ നിലവിളി വീണ്ടും കേട്ടു.

''ഈ മട്പ്പ്ന്ന് രക്ഷപ്പെടാന്‍ ഒരു വയി ഇണ്ട്. പക്ഷേ, റിസ്‌കാന്ന്. ആളറിഞ്ഞാ പൊലീസ് പിടിക്ക്ന്നത് മാത്രല്ല, ടീവീല് റൂട്ട് മാപ്പും വരും. നമ്മളെ പോട്ടച്ചാലിലെ ദാസന്‍ മാഷെ മോനില്ലേ?സൂര്‍ ദാസ ഓന്റെ യൂടൂബ് വീഡിയോയിലാന്ന് ഞാന്‍ ആദ്യായിറ്റ് ആ സ്ഥലം കണ്ടത്. സെലസ്റ്റിയല്‍ ഓപ്പറ. ഇന്നല ഓന്‍ വിളിച്ചപ്പോ പറഞ്ഞു ആട ലോക്ക്ഡൗണൊന്നും ഇല്ല എന്ന്. എന്തും കിട്ടുത്രേ. കവ്വായിക്കായലിലെ ഒണ്ടേന്‍ മാട് ദ്വീപിലാന്നത്. ദ്വീപിന് ചുറ്റും രണ്ടാളെ ഒയരത്തില് കണ്ടല്‍ക്കാടിന്റെ മതില്ണ്ട്. മുന്‍പില് ഗേയിറ്റും. അത് അടച്ചാ പിന്ന അയിന്റെ ഉള്ള് ആരി കാണ്ന്ന്? നീ ഈ സീക്രട്ട് ഐലന്റ്ന്നെല്ലം കേട്ടിനാ? ആമസോണ്‍ കാട്ടിലെല്ലം ഉള്ള പരിപാടിയാന്ന്. പൊഴേരെനട്ക്ക് ഒരു ദ്വീപ്. ആട നമ്മക്ക് ഇഷ്ടുല്ലത് എന്തും കിട്ടും. പൈസ ചാടിയാ7 മതി. ദാസ് പറഞ്ഞത് ആട ഒരു പൊലീസും കേറൂലാന്നാ. നമ്മക്ക് അങ്ങോട്ട് വിട്ടാലോ? ഫുള്‍ ചെലവ് എന്റെ വക.''

റേഷന്‍ ഷാപ്പ് വഴി കിട്ടിയ കിറ്റും പിള്ളേരുടെ കരച്ചിലും ഭാര്യയുടെ പരാതികളും പേരിനു പോലും ഒരു തുള്ളി കിട്ടാത്ത മദ്യവും ഒക്കെ ചേര്‍ന്ന ഒരു ചലച്ചിത്രം പ്രജിത്തിന്റെ തലയില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പതിയെ വീടിന്റെ മുന്നിലെ വയലിലേക്ക് ഇറങ്ങി. കള കയറിയ വയലുകളുടെ നടുവരമ്പിലേക്ക് കയറുമ്പോഴും ഫോണിനറ്റത്ത് ശരത്ത് ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 

''പോവ. വേണോങ്കില് ഇപ്പെന്നെ. ഞാന്‍ കൂലോത്തെ പടിഞ്ഞാറേ പടിപ്പൊരേല് ഇണ്ടാവും.'' വല്ലാത്ത ഒരു ഉറപ്പോടെയാണ് പ്രജിത്ത് അത് പറഞ്ഞത്. അതിന്റെ ഊക്കില്‍ വയലില്‍ തീറ്റ തേടി നടക്കുകയായിരുന്ന ഒരു കൂട്ടം കൊറ്റികള്‍ പേടിച്ച് പറന്നുപോയി. അപ്പോള്‍ വീട്ടില്‍നിന്നും അയാളുടെ ഭാര്യ എന്തോ വിളിച്ചു ചോദിച്ചു. കാണുന്നവര്‍ക്ക് ''ഇപ്പോള്‍ വരാം'' എന്നാണ് പറഞ്ഞതെന്നു തോന്നുന്ന തരത്തിലുള്ള ഒരു ആംഗ്യം കാണിച്ച് പ്രജിത്ത് വയലുകള്‍ക്കതിരായി നില്‍ക്കുന്ന തെങ്ങിന്‍ പറമ്പിലൂടെ നടന്നു. അമ്പലപ്പറമ്പിലേക്ക് കയറുമ്പോള്‍ അടച്ചിട്ട അനേകം മുറികളില്‍നിന്നു മനുഷ്യര്‍ തന്നെ കുറ്റവാളിയെപ്പോലെ നോക്കുന്നുണ്ടെന്ന് അവന് തോന്നി.

വിശാലമായ അമ്പലപ്പറമ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പടിപ്പുരയുടെ മൂലയില്‍ കൂട്ടുകാരനേയും കാത്ത് അവന്‍ ഇരുന്നു. ഇരുട്ട് പരന്നുതുടങ്ങിയപ്പോള്‍ ശരത്ത് അവിടെയെത്തി. ഓടിയതിനാലാവണം അവന്‍ കിതച്ചു. ആരോ അവനെ പിന്‍തുടരുന്നുണ്ടെന്ന് പ്രിജിത്ത് ഭയന്നു. ആയിറ്റി കടവില്‍ എത്തണമെങ്കില്‍ ഒന്നൊന്നര കിലോമീര്‍ നടക്കണം. ഇരുട്ടിന്റെ മറപറ്റിയും ജീപ്പില്‍ കറങ്ങുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചും കടവില്‍ എത്തുമ്പോഴേക്കും രണ്ടുപേരും ക്ഷീണിച്ചുപോയിരുന്നു.

''അല്ലാ എടേലക്കാട്ടിലേക്ക് ബണ്ടും അത് കയിഞ്ഞ് കടപ്പൊറത്തേക്ക് പാലവും ഇല്ലപ്പോനമ്മ എന്തിന് തോണീല് പോന്ന്?''

പഴയ ജെട്ടിയുടെ കൈവരിയില്‍ ഇരിക്കുമ്പോള്‍ പ്രജിത്തിന് സംശയം വന്നു.

''അതൊരു ചോദ്യാണ്.'' ഇത്ര അടുത്തുള്ള സ്ഥലങ്ങളെക്കുറിച്ചുപോലും യാതോരു പരിചയവും ഇല്ലാത്ത പ്രജിത്തിനെ കളിയാക്കുന്നതുപോലെ ശരത്ത് പറഞ്ഞു.

''എടാ അതിലേ പോയാല് ഇടയിലക്കാട് ദ്വീപിലും വലിയപറമ്പ് കടപ്പുറത്തും മാത്രമേ എത്തൂ. അവിടെയൊക്കെ പാകിസ്താന്‍ അതിര്‍ത്തിയെക്കാളും ബന്തവസ്സും ബാരിക്കേടും കെട്ടി മറച്ചിറ്റുണ്ട്. മാത്രല്ല, ആട പോയാലും ഈ ദ്വീപില് പോണോങ്കില് തോണ്യോ ബോട്ടോ വേണം.'' അവന്‍ കടവിലൂടെ ആരെങ്കിലും കെട്ടിവച്ച തോണിയുണ്ടോ എന്നു നോക്കി നടന്നു. നിയന്ത്രണം തുടങ്ങിയ അന്നു മുതല്‍ കയറ്റിവച്ചതെന്നു തോന്നുന്ന കുറച്ച് തോണികള്‍ തെങ്ങോല പുതച്ച് തീരത്ത് കമിഴ്ന്നു കിടക്കുന്നു. നിരാശനായി അവന്‍ പ്രജിത്തിന്റെ അടുത്ത് വന്നിരുന്ന് ബാഗില്‍നിന്നും ബ്ലൂ ലേബലിന്റെ കുപ്പിയും രണ്ടു ഗ്ലാസുകളും പുറത്തെടുത്തു. അതു കണ്ട സന്തോഷത്തില്‍ തന്റെ കണ്ണുനിറയുന്നത് പ്രജിത്ത് അറിഞ്ഞു. നിറഞ്ഞ ഗ്ലാസുകള്‍ ചുണ്ടോട് ചേര്‍ക്കുമ്പോള്‍ ഇരുട്ടില്‍ മൂന്നാമതൊരാള്‍ ഉള്ളതായി അവര്‍ക്കു തോന്നി. കായലില്‍ ഒരു നിഴല്‍ ഇളകുന്നുണ്ടോ? ശരത്ത് ഫോണിലെ വെളിച്ചം തെളിച്ചപ്പോള്‍ അത് ഒരു തോണിയും തുഴച്ചിലുകാരനും ആകുന്നത് കണ്ട് അവര്‍ സന്തോഷിച്ചു. ഇരൂള്‍ മരം പോലെ ഉറച്ച ഒരു വൃദ്ധന്‍. അയാളുടെ ചുരുണ്ടു ബലമുള്ള മുടികള്‍ നരച്ചു തുടങ്ങിയതേ ഉള്ളൂ. അവരുടെ കയ്യിലെ ഗ്ലാസില്‍ നോക്കി അയാള്‍ ചിരിച്ചു. ഗ്ലാസ് നിറച്ച് കൊടുക്കും മുന്‍പ് അയാള്‍ അതിനകത്തെ ലഹരി കുടിച്ചുതീര്‍ത്തെന്ന് അവര്‍ക്കു തോന്നി. നാലാമത്തെ ഗ്ലാസും തീര്‍ന്നപ്പോള്‍ ദ്വീപിലെത്തിക്കുമോ എന്ന് അവര്‍ വൃദ്ധനോട് ചോദിച്ചു. ഒരു തലയാട്ടലിലൂടെ അയാള്‍ അതിനു സമ്മതിച്ചു.

തോണി നീങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍ വലിയ ഒരു ജലജീവി അതിനൊപ്പം സഞ്ചരിക്കുന്നതു പോലെ കായല്‍ ഇളകി. വലിയ തിരകള്‍ പലവട്ടം കടന്നുപോയി. പെട്ടെന്ന് അവരെ ഞെട്ടിച്ചു കൊണ്ട് അത് ആകാശത്തിനു നേര്‍ക്ക് കുതിച്ച് കായലിലേക്ക് ഊളിയിട്ടു.

''അതെന്ത്ന്ന്?''

അവര്‍ രണ്ടു പേരും ഒരുമിച്ച് ചോദിച്ചു. തോണിക്കാരന്‍ അത് കേട്ടതായി ഭാവിച്ചില്ല എന്നു മാത്രമല്ല, ദ്വീപിലെത്തും വരെ അയാള്‍ ഒരക്ഷരം മിണ്ടിയതുമില്ല. ഇരുട്ടില്‍ അയാള്‍ ഇരുന്ന ഇടം ശൂന്യമാണെന്ന് അവര്‍ക്ക് തോന്നി. കാറ്റ് വരുന്നതുപോലും അയാള്‍ക്കകത്തു കൂടിയാണ്. ഓളങ്ങള്‍ കരയിലേക്ക് തല്ലുന്ന ശബ്ദത്തിനൊപ്പം മനുഷ്യരുടെ സംസാരംപോലെ എന്തോ ഉയര്‍ന്നു കേള്‍ക്കുന്നു. എന്നോ കരയിലുറച്ചതുപോലെ വെളിച്ചമായി നില്‍ക്കുന്ന വീടുകളില്‍നിന്നും ശബ്ദങ്ങള്‍ ചങ്ങല പൊട്ടിച്ച് കായലില്‍ ചാടിയതാകാനേ വഴിയുള്ളൂ. ദൂരെ ഇരുട്ടു പുതച്ചുനില്‍ക്കുന്ന തുരുത്ത് കണ്ടുതുടങ്ങിയതു മുതല്‍ തോണിക്കാരന്‍ അതിനു നേര്‍ക്ക് തുഴയാന്‍ തുടങ്ങി. തിരിച്ചു കിട്ടാന്‍ പോകുന്ന സ്വാതന്ത്ര്യത്തിന്റെ ആവേശത്തില്‍ ആയിരുന്നു ശരത്ത്. ഭാര്യയും മക്കളും തന്നെയും കാത്ത് ഇരിപ്പുണ്ടാകും എന്ന വിഷമവുമായി പ്രജിത്ത് വള്ളപ്പടിമേല്‍ ഇരുന്നു. ഒന്നുവിളിച്ചു പറയാന്‍ കൂടി പറ്റാത്തതില്‍ അവന് കുറ്റബോധം തോന്നി. തുരുത്തിനടുത്ത് എത്തിയപ്പോള്‍ ശരത്ത് തോണിയില്‍ എഴുന്നേറ്റ്‌നിന്ന് കൂവി. തണുത്ത കാറ്റില്‍ അവന്റെ കുപ്പായം കൊടിക്കൂറപോലെ പാറി. അവന്റെ കൂവലിന്മറുകൂവലെന്നപോലെ ദൂരെനിന്ന് കുറുക്കന്മാരുടെ ഓരികള്‍പോലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഒരു കൂട്ടം മനുഷ്യര്‍ മുങ്ങിമരിക്കുന്നതിനു മുന്‍പുള്ള കൂട്ടനിലവിളികള്‍പോലെ ഭയാനകമായിരുന്നു അത്. 

''മുങ്ങിച്ചാവാനാന്ന് പൂത്യെങ്കില് നിര്‍ക്കത്തുള്ളിക്കോ. മുങ്ങാതെ ചാവണോങ്കില് അടങ്ങീര്ന്നോ.''

പറഞ്ഞത് തോണിക്കാരന്‍ അല്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അയാളെ ഒരു ഊമയെന്ന് അവര്‍ തെറ്റ്ദ്ധരിച്ചത്‌കൊണ്ട് മാത്രമല്ല. തുഴച്ചിലുകാരനേക്കാള്‍ പ്രായക്കുറവുള്ള ആ ശബ്ദം തങ്ങളിരിക്കുന്നതിനു പിറകില്‍ നിന്നാണ് വന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഓലച്ചൂട്ട് എരിഞ്ഞുകത്താന്‍ തുടങ്ങിയത് അവര്‍ ഞെട്ടലോടെ കണ്ടു. തോണിയിലേക്ക് കയറുമ്പോഴോ അത്രയും ദൂരം തുഴയുമ്പോഴോ അവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പാണ്. അവരുടെ പേടികണ്ട് ചൂട്ട് പിടിച്ചയാള്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി. 
''അച്ഛന്‍ വെറ്തേ പിള്ളറ പേടിപ്പിക്കല്ലപ്പാ.''

വൃദ്ധന്‍ ആദ്യമായി സംസാരിച്ചു. അയാള്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ അച്ഛന്‍ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ അവര്‍ക്ക് ഭയത്തോടൊപ്പം കൗതുകവും തോന്നി. ചൂട്ട് ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ അതു പിടിച്ചുനില്‍ക്കുന്ന ആളുടെ മുഖം അവര്‍ വ്യക്തമായി കണ്ടു. കരിമ്പാറപോലെ അനേകം വടുക്കളുടെ ഓര്‍മ്മകള്‍ അവിടെ ഉറഞ്ഞുനിന്നു. മൂക്കിനറ്റത്ത് പണ്ടെങ്ങോ അഴുകി അറ്റുപോയതുപോലെ ഒരു ദ്വാരം. തീയുടെ ഇളക്കത്തിനനുസരിച്ച് ആ മുഖം ഭയാനകമാകുന്നത് അവര്‍ കണ്ടു. ഇരുട്ടു മുതലാക്കി ഭയപ്പെടുത്തി പണം തട്ടാനുള്ള അടവാണ് അതൊക്കെ എന്ന സംശയം ശരത്തില്‍ ബലപ്പെടാന്‍ തുടങ്ങി.
''അച്ഛനാ? നിങ്ങളെ കൊച്ചുമോനാവണ്ട പ്രായം ഇണ്ടാ ഇയാക്ക്?''

അവന്‍ വൃദ്ധന്റെ നേര്‍ക്ക് കൈ ചൂണ്ടി ചോദിച്ചു.

''എന്താക്കണ്ടത് യശ്മാനരേ. എന്ന പെറ്റ കൊല്ലം അച്ചന് കുരിപ്പ്8 പ്ടിച്ചു. ദീനം വന്ന് ചാവാതെ രക്ഷപ്പെട്ട മല്ലന്മ്മാറ് വന്ന് സൂക്കേട് വന്ന കൈതക്കാട്ടിലെ അടിയാന്മാരെയെല്ലാം വെല്ല്യ ഓടത്തില് കേറ്റി കൊണ്ടോയി. പിന്ന ഞമ്മളാരും ഓറക്കണ്ടിറ്റില്ല. ഞാന് വല്തായി ഈ കായലില് തോണി തൊയഞ്ഞ് മീന് പ്ടിക്കാന്‍ തൊടങ്ങ്യപ്പോ ഒര് ദെവസം എന്റെ തോണീരെ അറ്റത്ത് ഇതേപോലെ എന്റച്ചന്‍ വന്നിര്ന്ന്. അന്ന് ഞാന്‍ പേടിച്ച പേടിക്കല്! പക്കേ ഓറ് ഒര് പാവം. ഉറ്മ്പിനപ്പോലും ഓര്‍ക്ക് നൊമ്പലപ്പെട്ത്താനാവൂല9.''
 
തോണി തുഴയുന്ന അപരിഷ്‌കൃതനായ ആ വയസ്സന് ഭ്രാന്താണോ? അതോ അയാള്‍ പണം തട്ടാന്‍ വേണ്ടി കളിക്കുന്ന നാടകമാണോ ഇതൊക്കെ? പേടിയും അമ്പരപ്പും ചേര്‍ന്ന് സ്വബോധം നഷ്ടുപ്പെടുമെന്ന് അവര്‍ക്കു തോന്നി. തോണിയിലേക്ക് കയറുമ്പോള്‍ മറ്റേയാള്‍ അതില്‍ ഉണ്ടായിരുന്നോ എന്ന് അപ്പോള്‍ അവര്‍ക്കു സംശയം തോന്നി. അവര്‍ ഫോണിലെ വെളിച്ചം അയാള്‍ക്കുനേരെ പിടിച്ചു. ചിരിച്ചുകൊണ്ട് ആ മനുഷ്യന്‍ പതിയെ വീശാന്‍ തുടങ്ങിയ കാറ്റിലുണ്ടാകുന്ന അലകളിലേക്ക് വെളിച്ചം വീഴുന്നതും നോക്കി ചിലമ്പിച്ച ശബ്ദത്തില്‍ പാടാന്‍ തുടങ്ങി.

''മലമ്മലച്ചോമഴ പെയ്യുമ്പം ആയ്റ്റി-
പ്പൊഴേലച്ചോ വെള്ളം മറീന്ന്
ചെമ്പല്ലീം പൂമീനും ഓടന്‍ തൊളപ്പനും
ചെമ്മീനും ഇര്മീനും ചന്തുള്ളനോങ്ങലും
പൊളപൊളക്ക്ന്ന് വല മുറിക്ക്ന്ന്
അടിയാത്തിപെണ്ണിന്റെ നെറ്റി വെയര്‍ക്ക്ന്ന്
അടിയാത്തന്‍ ചെക്കന്റെ വട്ടി പയിക്ക്ന്ന്
മഴയത്ത് രണ്ടാളും കെട്ടിമറിയ്ന്ന്
അവരല്ലോ പൂമീ ഉയ്ത് മറിച്ചോര്
അതിലല്ലോ മൊളപൊട്ടി ലോകം പൊടിഞ്ഞത്''

''മലക്ക് മഴപെയ്യന്ന്ണ്ട്''

പാട്ടിന്റെ ഇടയില്‍ കയറി വൃദ്ധന്‍ പറഞ്ഞു. മുറിഞ്ഞ പാട്ടില്‍നിന്നും പാട്ടുകാരന്റെ പിറുപിറുക്കല്‍ കേട്ടു. വൃദ്ധന്‍ എന്തിനാണ് അത് പറഞ്ഞത് എന്ന് അവര്‍ക്ക് മനസ്സിലായില്ല. എന്തെങ്കിലും ചോദിക്കും മുന്‍പ് തോണി കരയിലെ മണ്‍തിട്ടിലേക്ക് ഇടിച്ചുനിന്നു. അത്രയും നേരം സഹിച്ച അസംബന്ധങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ പോകുന്നു എന്ന സന്തോഷത്തിനോടൊപ്പം കാരണമറിയാത്ത ഒരു ഭയം ചുറ്റും കലങ്ങുന്നത് അറിഞ്ഞെങ്കിലും അവര്‍ പരസ്പരം മിണ്ടിയില്ല. കുറുക്കന്മാരുടെ ഓരിയിടലും ആക്രോശവും ഇപ്പോഴും കേള്‍ക്കുന്നുണ്ടോ? അവര്‍ക്ക് സംശയം തോന്നി. ഏതോ വിദൂരഗുഹയില്‍നിന്നോ ഭൂമിക്കടിയിലായ ഒരു ഗ്രാമത്തില്‍നിന്നോ എന്ന പോലെ കരച്ചിലും അട്ടഹാസങ്ങളും ആര്‍പ്പുവിളികളും. ചൂട്ട് കയ്യില്‍ പിടിച്ച ആള്‍ കരയിലേക്ക് ചാടിയിറങ്ങി. സ്വന്തം വീട്ടിലെത്തിയതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. അയാള്‍ ചൂട്ട് വീശി വെളിച്ചമുണ്ടാക്കിയപ്പോള്‍ വൃദ്ധന്‍ മണ്ണിലേക്കിറങ്ങി തീരത്തേക്ക് കയറിയ തോണി തിരികെ തള്ളി അതിലേക്ക് അനായാസം ചാടിക്കയറി.

വളരെ ദൂരത്തുനിന്നുതന്നെ ദ്വീപിലെ വെളിച്ചം കണ്ടല്‍മരങ്ങള്‍ക്കിടയിലൂടെ പൊടിഞ്ഞു വരുന്നത് അവര്‍ക്ക് കാണാമായിരുന്നു എന്ന് പ്രജിത്ത് എന്നോട് പറഞ്ഞു. ശരത്ത് വ്‌ലോഗില്‍ കണ്ടതുപോലെ കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു ആ തുരുത്ത്. പക്ഷേ, അതിനൊരു പ്രവേശന കവാടമൊന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ പിന്‍ഭാഗത്തായിരിക്കും അവര്‍ ചെന്നിറങ്ങിയത്. നടക്കാന്‍ തുടങ്ങിയതും പതിയെ വീശാന്‍ തുടങ്ങിയ കാറ്റില്‍ ഭീമാകാരമായ ഒരു മൃഗത്തിന്റെ മുരള്‍ച്ചയോടെ മരങ്ങള്‍ ഉലയാന്‍ തുടങ്ങി. കണ്ടല്‍ മതിലിനുള്ളില്‍നിന്നും വെളിച്ചം മരച്ചില്ലകളിലൂടെയും വേരുകള്‍ക്കിടയിലൂടെയും അപ്പോഴും ഒഴുകിവരുന്നുണ്ടായിരുന്നെങ്കിലും അതിശയകരമാംവിധം അത് വെള്ളത്തില്‍ വീണ് ചിതറിയില്ല. കരയുടെ അതിര്‍ത്തിയില്‍ വച്ച് വെളിച്ചത്തെ ഇരുട്ട് മുക്കുന്നതുപോലെ അവര്‍ക്ക് തോന്നി. അയാള്‍ ചൂട്ടുമായി മുന്നില്‍ നടക്കുമ്പോള്‍ അറിയാതെ തങ്ങളുടെ ശരീരങ്ങള്‍ പിറകേ പോകുന്നെന്ന് ഞെട്ടലോടെ അവര്‍ക്ക് മനസ്സിലായി.

''നമ്മക്ക് തിരിച്ച് പോയാലോ?'' പ്രജിത്ത് കരയുകയായിരുന്നു. അവര്‍ തോണിയിലേക്ക് പോകാനായി തിരിച്ചു നടക്കാനൊരുങ്ങി. പക്ഷേ, അവിടം അങ്ങനെയൊരു തോണിയുടെ ഓര്‍മ്മ പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. കാറ്റില്‍ ഓളങ്ങള്‍ ഇളകുന്ന ശബ്ദത്തിനൊപ്പം ഓരിയും ആര്‍പ്പുവിളികളും വീണ്ടുമുയരുന്നു.

''പേടീണ്ടായശ്മാനരേ?''

അയാള്‍ തിരിഞ്ഞുനിന്ന് ചോദിച്ചു. കാറ്റില്‍ ചൂട്ട് വെളിച്ചം ആളിക്കത്തി. അത് അയാളുടെ മുഖത്തെ കൂടുതല്‍ ഭയാനകമാക്കി. പേടികൊണ്ട് അവര്‍ക്ക് രോമാഞ്ചം ഉണ്ടായി. റിസോര്‍ട്ടില്‍ എത്തും വരെ ക്ഷമിക്കാമെന്നും എത്തിയിട്ട് മനുഷ്യരെ കളിയാക്കുന്ന അയാള്‍ക്ക് കാണിച്ചു കൊടുക്കാമെന്നും തീരുമാനിച്ച് അവര്‍ ഫോണില്‍ വെളിച്ചമുണ്ടാക്കി. പെട്ടെന്ന് അത് പ്രവര്‍ത്തിക്കാതായി.

ചൂട്ട് വീശുന്നതിനിടെ അയാള്‍ തിരിഞ്ഞു നോക്കി ചിരിച്ചു.

''യന്ത്റം ബേണ്ട യശ്മാനരേ.''

സിഗ്‌നല്‍ പിടിച്ച് പൊലീസുകാര്‍ വരാതിരിക്കാന്‍ റിസോര്‍ട്ടുകാര്‍ വല്ല ജാമറും വച്ചിട്ടുണ്ടാകും എന്ന് ശരത്ത് പറഞ്ഞു. അവിടേക്ക് ഇറങ്ങിപ്പുറപ്പെടാന്‍ തീരുമാനിച്ച നിമിഷത്തെ പ്രാകിക്കൊണ്ട് അവര്‍ മുന്നോട്ടുനടന്നു.
കണ്ടല്‍ വേരുകള്‍ക്കിടയിലൂടെ ഇടുങ്ങിയ വഴിയിലേക്ക് കയറിയപ്പോള്‍ ദ്വീപിനകത്ത് ഉണ്ടെന്ന് കരുതിയ വെളിച്ചം അണഞ്ഞു പോയതായി അവര്‍ക്ക് തോന്നി. അതോ അത് വെറും തോന്നല്‍ ആയിരുന്നോ? അപ്പോള്‍ അങ്ങേക്കരയില്‍നിന്നും ഭൂമിയെ ആകെ ഉലച്ചുകൊണ്ട് വലിയ കാറ്റുവരുന്നത് കേട്ടു. അത് ദ്വീപിനെ തൊട്ടപ്പോള്‍ ഭ്രാന്തെടുത്തതുപോലെ കണ്ടല്‍ക്കാട് ഇളകിമറിഞ്ഞു. കെട്ടുപോയ ചൂട്ട് കത്തിക്കാന്‍ അയാള്‍ ആഞ്ഞുവീശാന്‍ തുടങ്ങി. തീപ്പൊരി ഇരുട്ടിനെ തുളച്ചുകീറിക്കൊണ്ടിരുന്നു. പുകഞ്ഞതല്ലാതെ അത് കത്തിയതേയില്ല. ഇരുട്ടിലേക്ക് ചെല്ലുംതോറും ഓരിയിടലും അട്ടഹാസങ്ങളും അടുത്തടുത്ത് വരുന്നതായും ഇരുട്ടില്‍ അനേകം ശരീരങ്ങള്‍ ഇളകുന്നതായും അവര്‍ക്ക് തോന്നി. കായലിനക്കരെനിന്നും കാറ്റ് വീണ്ടും മൂളിവരുന്നത് അവര്‍ കേട്ടു. അത് തുരുത്തിനെ തൊട്ടപ്പോള്‍ അയാളുടെ കയ്യിലെ ചൂട്ട് ആളിക്കത്താന്‍ തുടങ്ങി. അതിന്റെ വെളിച്ചത്തില്‍ കണ്ടലുകള്‍ക്കിടയില്‍ എല്ലും തോലുമായ അനേകം മനുഷ്യര്‍ നില്‍പ്പുണ്ടെന്ന് അവര്‍ കണ്ടു. ശരീരമാസകലം വ്രണങ്ങളും ചോരയും ചലവും അറ്റുപോയ അവയവങ്ങളുമായി അനേകം മനുഷ്യര്‍ ചൂട്ടുവെളിച്ചത്തില്‍നിന്നും അവരെ നോക്കി നിലവിളിച്ചു. കാറ്റിനൊപ്പം ചൂട്ട് വീണ്ടും കെട്ടു. ഇരുട്ടില്‍ ആ രൂപങ്ങള്‍ മാഞ്ഞുപോയെങ്കിലും കണ്ടല്‍ക്കാട്ടിലെ ഓരോ ഇലയും ഓരോ വായാണെന്നതു പോലെയുള്ള നിലവിളികള്‍ നിലച്ചില്ല. പേടിയുടെ ചുഴിയില്‍പ്പെട്ട് അനങ്ങാന്‍പോലും പറ്റാതെ അവര്‍ ആ അന്ധകാരത്തില്‍നിന്നു.

പറഞ്ഞുനിര്‍ത്തിയപ്പോള്‍ പ്രജിത്തിന്റെ മുഖത്ത് ഭയം തിരയിളകുന്നത് കാണാമായിരുന്നു. ഇരുട്ടിത്തുടങ്ങിയിരുന്നു. ലൈറ്റിടാനായി ഞാന്‍ എഴുന്നേറ്റതും ഏതോ ഭീകരജീവിയാണ് മുന്നില്‍ എന്നപോലെ അവന്‍ പിന്നോട്ട് ചാടി ചുവരിനോട് ചേര്‍ന്നുനിന്ന് ഒച്ചയിട്ടു. എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ നിസ്സഹായനായി. പെട്ടെന്ന് അവന്‍ മുന്നോട്ട് വന്ന് എന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. ഒരു വന്യശബ്ദം അവന്റെ തൊണ്ടയില്‍നിന്നും വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ ബഹളം കേട്ട് ഉദ്യോഗസ്ഥര്‍ ഓടിയെത്തുമ്പോഴേക്കും ഒരുവിധത്തില്‍ ഞാന്‍ അവനില്‍നിന്നും രക്ഷപ്പെട്ടിരുന്നു. അപ്പോഴും അവന്‍ ചോദിച്ചുകൊണ്ടിരുന്നത് അവന്റെ കൂടെ വന്ന കൂട്ടുകാരന്‍ എവിടെയാണെന്നാണ്.

''നിന്റൊപ്പരം വന്നോന ഞാനെങ്ങന കാണ്ന്ന്?'' അവനെടുത്തതിനെക്കാള്‍ വലിയ ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.

''നീയാന്ന് നീയാന്ന് നമ്മള ആടക്കൊണ്ട് കീച്ചിനി. നീയാന്ന്'' ഭയവും ദേഷ്യവും ഭ്രാന്തും കലര്‍ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍ ആ നിമിഷത്തില്‍ അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ രാത്രി അവരെ തുരുത്ത് മാറ്റിവിട്ടത് എന്റെ മുഖച്ഛായയുള്ള എന്റെ അച്ഛനല്ലാതെ മറ്റാരുമല്ല. ചിലപ്പോള്‍ ആ തോണിയില്‍ ഉണ്ടായിരുന്നത് എന്റെ തൊണ്ടച്ചന്‍ പിറ്ക്കു് ആയിരിക്കും. മരിക്കുന്നതിന് മുന്‍പേ അടക്കപ്പെട്ട പാവം മനുഷ്യരില്‍ ഒരാള്‍. ഞാന്‍ പ്രജിത്തിനോട് ഒന്നും പറയാന്‍ പോയില്ല. പേടിയും പകയും നിറഞ്ഞ ആ മുഖത്തേക്ക് നോക്കി ചിരിക്കുക മാത്രം ചെയ്തു. അവന്‍ ലോകത്തുള്ള മുഴുവന്‍ തെറികളും വിളിച്ചുകൊണ്ടിരുന്നു. അവസാനം അവനെ ഉദ്യോഗസ്ഥര്‍ മറ്റൊരു മുറിയിലേക്ക് മാറ്റി.

മൂങ്ങ 

''ശരിക്കും അന്നവര്‍ക്ക് എന്താണ് പറ്റിയത്?'' മഗേശന്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ കയറി ഇടപെട്ടു. അതുകേട്ട് അവന്‍ ചിരിച്ചു. കടലിനു മുകളിലെ ആകാശം ചുവക്കുന്നു. ഞങ്ങള്‍ നടന്നു നടന്ന് കടപ്പുറത്തിന്റെ തെക്കേ അറ്റത്ത് എത്തിയിരിന്നു. ആ ഭാഗത്ത് കടലിനും കായലിനും ഇടയില്‍ കഷ്ടിച്ച് നൂറു മീറ്ററോളമേ കര ഉണ്ടായിരുന്നുള്ളൂ. അപ്പുറത്ത് അധികം അകലത്തിലല്ലാതെ ഏഴിമല തലയെടുപ്പോടെ നിന്നു. നടക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഞങ്ങള്‍ പരസ്പരം അദ്ഭുതപ്പെട്ടു.

''കടപ്പൊറത്ത് നടക്കുമ്പോ സമയവും കാലവും ഇല്ല'' -മഗേശന്‍ പറഞ്ഞു,
''ഇനിയാന്ന് കഥ'' ചക്രവാളത്തിനറ്റത്ത് നിര്‍ത്തിയിട്ടതെന്നു തോന്നുന്ന നീങ്ങുന്ന മീന്‍പിടുത്ത ബോട്ടുകളിലേക്ക് നോക്കി അവന്‍ പറഞ്ഞു.

''അവരന്ന് എറങ്ങിയത് ഒണ്ടേമ്മാടിലല്ല. അത് കായലിന്റെ വടക്കേപ്പൊറത്താന്ന്. കവ്വായിക്കായലില് ആള്‍പ്പാര്‍പ്പില്ലാത്തതും മന്ഷര് പോയാ ജീവനോടെ തിരിച്ചു വരാന്‍ പറ്റാത്തതുമായ ഒരു ദ്വീപുണ്ട്. കുരിപ്പുമാട്. പണ്ട് വസൂരി വന്ന് ചോരയും ചലവും പൊട്ടി ആണും പെണ്ണും കുഞ്ഞളും ചത്ത് വീണപ്പോ എല്ലാറ്റിനീം ഒറ്റ സ്തലത്ത് കൂട്ടീട്ട് കത്തിച്ച കതയൊക്കെ നിങ്ങ കേട്ടിറ്റ്ണ്ടാവും. പക്ഷേ, ചാവാത്ത അടിയാറ് മക്കളെക്കൊണ്ട് തള്ള്യ സ്ഥലത്തിനക്കുറിച്ച് കേട്ടിനാ? അതാന്ന് കുരിപ്പ് മാട്. സൂക്കേട് പകര്‍ത്താതിരിക്കാന്‍ യശ്മാന്മാര് കണ്ടെത്തിയ സാമൂഹികാകലം.'' അതു പറഞ്ഞ ശേഷം അവന്‍ കാറിത്തുപ്പി. ആകാശത്ത് പടര്‍ന്ന ചുവപ്പ് അവന്റെ കണ്ണിലേക്ക് കലരുന്നുണ്ടെന്ന് തോന്നി. പൈശാചികമായ ഒരാവേശത്തോടെ അവന്‍ തുടര്‍ന്നു:

''അന്ന് ചത്തുവീണതും ചാവാതെ കുരുത്തതുമായ എല്ലാ മനുഷ്യരും ആട പ്രേതമായി കൂടിയിട്ടുണ്ടെന്ന് എന്റച്ചനും അച്ഛന്റമ്മേം പറഞ്ഞ് കേട്ടിനി. ഉറക്കം വരാത്ത ചെല രാത്രികളില്‍ ഞാന്‍ തോണിയില്‍ അതുവഴി തുഴഞ്ഞുപോകാറുണ്ട്. കണ്ടല്‍മരങ്ങള്‍ ആദിവനമായി തെഴുത്തു പടര്‍ന്ന തുരുത്തിനടുത്തൂടി പോകാന്‍പോലും തോണിക്കാര്‍ക്ക് പേടിയാണ്. അടുക്കും തോറും ഒരു വല്ലാത്ത കാറ്റ് നമ്മളെ അങ്ങോട്ട് വലിച്ചുകൊണ്ടുപോകും. ദൂരെനിന്നും കേട്ടാല്‍ കുറുക്കന്മാരുടേത് എന്നു തോന്നിക്കുന്ന ഓരിയിടല്‍പോലുള്ള നിലവിളിയും ചിരിയും കരച്ചിലും ആര്‍പ്പും കലര്‍ന്ന ഒച്ചകള്‍ പാതാളത്തില്‍നിന്നും കേട്ടുകൊണ്ടിരിക്കും. പക്ഷേ, വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ അവരാരും നിങ്ങളെ ഉപദ്രവിക്കില്ല. കരയിലിറങ്ങിയാല്‍ തിരിച്ചുവരാനും കഴിയില്ല.'' മഗേശന്‍ തുടങ്ങിയ അതേ ആവേശത്തോടെ പറഞ്ഞുനിര്‍ത്തി.

''അപ്പോ അന്ന് ശരത്തിന് എന്തു പറ്റിക്കാണും?'' സര്‍വ്വജ്ഞാനിയോടെന്നപോലെ അഭി മഗേശനോട് ചോദിച്ചു. 

''ഒന്നുകില്‍ ദ്വീപില് എന്തങ്കിലും കണ്ട് പേടിച്ച് കായലിലേക്ക് ചാടിയപ്പോ അടിയോഴ്ക്കിലോ ചളീലോ പെട്ട് പോയ്റ്റ്ണ്ടാവും. അല്ലെങ്കില്...''

''അല്ലെങ്കില്?''

ഞാനും അഭിയും ഒരേ സ്വരത്തില്‍ ചോദിച്ചു. ഇരുട്ട് പടര്‍ന്നു തുടങ്ങിയെങ്കിലും കടപ്പുറത്ത് അപ്പോഴും നല്ല വെളിച്ചം ഉള്ളതുപോലെ തോന്നി. മഗേശന്‍ തിരിച്ചു നടക്കാം എന്ന് ആംഗ്യം കാട്ടി ഞങ്ങള്‍ വന്നയിടത്തേക്ക് നടന്നു.

''അത് പറഞ്ഞാല് ചെലപ്പോ നിങ്ങ വിശ്വസിക്കൂല. അതോണ്ടാ ഞാന്‍ പറയാതിര്ന്നത്. പണ്ട് ഒരു തോണിക്കാരനെ കാണാതായി. രാത്രീല് അയാളെ കുരിപ്പ് മാടിന്റെ ഭാഗത്ത് ആളുകള്‍ കണ്ടിരുന്നു. പകല്‍ അയാളുടെ ബന്ധുക്കള്‍ മാട്ടിലേക്ക് അന്വേഷിച്ചു ചെന്നു. ദ്വീപാകെ വിളിച്ചു നടന്നിട്ടും അവര്‍ക്ക് അയാളെ കണ്ടെത്താനായില്ല. കണ്ടല്‍വേരുകള്‍ പടര്‍ന്ന് അകത്തേക്ക് കടക്കാന്‍ തന്നെ ദുസ്സഹമായ തുരുത്തിലേക്ക് നുഴഞ്ഞുകയറി എല്ലായിടവും അവര്‍ തെരഞ്ഞു. അവസാനം നിരാശയോടെ മടങ്ങുമ്പോള്‍ പൂഴിയില്‍ പകുതിയും മൂടിയ തരത്തില്‍ അയാളുടെ ഉടുമുണ്ട് കണ്ടെത്തി. പൂഴി മാന്തി പുറത്തെടുത്തപ്പോള്‍ ശരീരം പകുതിയും ഏതോ മൃഗം കാര്‍ന്നു തിന്നപോലെ ഒരു അസ്ഥികൂടം! നിലവിളിച്ച് അവര്‍ തോണിയിലേക്ക് കയറാന്‍ ഓടിയെങ്കിലും അത് കായലിന്റെ നടുവിലൂടെ അനാഥമായി ഒഴുകുകയായിരുന്നു. ഒരുവിധം അവര്‍ വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. അങ്ങനെ എന്തെങ്കിലും ആ ചെക്കനും പറ്റീറ്റ്ണ്ടാവും. മറ്റവന്‍ കായിലിലേക്ക് ചാടിയത് കാരണം രക്ഷപ്പെട്ടു കാണും.'' മഗേശന്‍ നിസ്സംഗതയോടെ പറഞ്ഞു. 

ഇരുട്ട് തെങ്ങിന്‍ തോപ്പിലെ ഒഴിഞ്ഞ ഇടങ്ങളെ പൂരിപ്പിക്കുന്നു. കടപ്പുറത്തെ കാഴ്ച കാണാന്‍ വന്ന ആളുകള്‍ തിരിച്ചുപോകുന്നതിനിടയിലൂടെ ഞങ്ങള്‍ കായല്‍ക്കരയിലേക്ക് നടന്നു. രാത്രിവന്നതും കടല്‍ക്കര പഴയതുപോലെ വിജനമായി. കടവിനടുത്ത് എത്തിയപ്പോള്‍ അവന്‍ ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മീന്‍ ചുട്ടത് എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, അഭി എത്രയും പെട്ടെന്ന് പോകണമെന്ന് വെപ്രാളപ്പെട്ടു. 

''ഇപ്പോ പൊറപ്പെട്ടാ പാതിരാത്രിക്ക് മുന്‍പ് വീട്ടിലെത്താ. പിന്നെ ഒരീസം നമ്മക്ക് വിശദമായിട്ട് കൂട.'' അവന്‍ പഴയ സഹപാഠിയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു. അതിനു മറുപടിയായും മഗേശന്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.

''പണ്ട് കൈക്കോട്ട് കടവ് ഉസ്‌കൂളില്‍ പഠിക്ക്മ്പോ ഇവര് കൊറേ ആള്‍ക്കാര് കടല് കാണാന്‍ വന്നു. എല്ലാരും കടപ്പൊറത്ത്ന്ന് തിമ്ര്‍ത്ത് കളിച്ചു. മോന്റെ കൂട്ട്കാര്‍ക്ക് ഭക്ഷണുണ്ടാക്കി എന്റമ്മ കാത്ത്‌നിന്നു. പക്ഷേ, അന്നും ഈ അഭിലാഷ് ഇതുപോലെ തെരക്ക് കളിച്ച് തിന്നാണ്ട് പോയി.'' മഗേശന്‍ ചിരിച്ചു. അഭി ഒന്നു ചമ്മിയതായി തോന്നി.

''അല്ല വരണം എന്നു സത്യായിട്ടും ഉണ്ട്. പക്ഷേ, ഇത്രയും വൈകിയ സ്ഥിതിക്ക്.'' ഞാന്‍ അഭിയെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി. യാത്ര പറഞ്ഞ് തോണിയിലേക്ക് കയറുമ്പോള്‍ മഗേശന്‍ തെക്ക് ഭാഗത്തേക്ക് ചൂണ്ടി.

''അതാ ആ കാണ്ന്നതാന്ന് കുരിപ്പ് മാട്.'' കുറച്ച് ദൂരത്താണെങ്കിലും ആ ഭാഗത്ത് കടപ്പുറവും ദ്വീപും തമ്മില്‍ വലിയ ദൂരമില്ലെന്നു തോന്നി.

''എന്നാ നമ്മക്ക് അതിലൂടെ പോകാം'' എനിക്ക് കഥയിലെ വന്യഭീകര സ്ഥലം ദൂരെ നിന്നെങ്കിലും കാണണമെന്ന് തോന്നി. 'ജസ്റ്റ് തൊഴഞ്ഞ് അയിന്റെ അരികത്തൂടെ പോയ്ക്കോ' തോണി നീങ്ങിത്തുടങ്ങിയപ്പോള്‍ മഗേശനും എന്റെ ആഗ്രഹത്തെ പ്രോ ത്സാഹിപ്പിച്ചു. ഞങ്ങള്‍ അതുവഴി പോകാം എന്നു തീരുമാനിച്ചു. മഗേശന്‍ കരയില്‍നിന്നും ഞങ്ങള്‍ക്കു നേരെ കൈ വീശി.

''എങ്ങന്ണ്ട് കഥ?'' മഗേശന്‍ നിഴല്‍ മാത്രമായിക്കഴിഞ്ഞപ്പോള്‍ അഭി ചോദിച്ചു.

''തള്ളാണെങ്കിലും ഓന്‍ പറയുമ്പോള്‍ അങ്ങനെ തോന്നൂല'' ഞാന്‍ ചിരിച്ചു. അഭിയുടെ ചിരി ഉച്ചത്തിലായി. അത് രണ്ടു കരയിലും ചെന്നു തട്ടി പ്രതിധ്വനിച്ചു. 

''ഓന്റച്ചന്റെ പ്രേതും, പകുതി തിന്ന അസ്ഥികൂടം ഹോ എങ്ങന സാധിക്ക്ന്നോമ്മ! പണ്ട് പഠിക്ക്ന്ന കാലത്തേ ഇതേ ബഡായിയാന്ന് വ്ടല്. ഏതായാലും ഓന്റെ തള്ളോണ്ട് നിനിക്ക് ഗുണം ഇണ്ടായീന്ന് പറയ. ഒര്ത്തന്റെ തള്ള് വേറൊര്ത്തന് കഥ'' അവന്‍ പുച്ഛിച്ച് കായലിലേക്ക് തുപ്പി. തോണി പതിയെ തുരുത്തിനരികിലേക്ക് പോയ്ക്കൊണ്ടിരുന്നു.

അങ്ങേക്കരയിലെ വീടുകളില്‍നിന്നും വെളിച്ചം കായലില്‍ വീണു ചിതറുന്നു. മീന്‍ പിടിത്തക്കാരുടെ തോണികള്‍ കായലിലൂടെ പല വേഗത്തില്‍ നീങ്ങുന്നു. അടുത്തു ചെല്ലുന്തോറും ആകാശവും ഭൂമിയും ആ ആദിമ വന്യതയെ മറച്ചുപിടിക്കുന്നതുപോലെ തോന്നി. ആ ഭാഗത്തെ കരയും തുരുത്തിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ഒരിടമായി കാടുപിടിച്ച് കിടന്നു. അടുക്കുന്തോറും കൂവലും നിലവിളിയും അടക്കിപ്പിടിച്ച ചിരിയും അട്ടഹാസങ്ങളും കേള്‍ക്കുന്നുണ്ടെന്ന് തോന്നി. ശരിയാണ് ശബ്ദങ്ങളുടെ വലിയ ഒരു ചെപ്പ് എവിടെയോ അമര്‍ത്തിവച്ചതുപോലെ അവ വിദൂരതയിലെവിടെയോ തട്ടിച്ചിതറുന്നു. 

''കരയിലേടെയോ കുറുക്കന്മാരുടെ തുരുത്ത്ണ്ട്. അതാന്ന് ഈ ഒച്ച. അല്ലാതെ കൂളി കൂക്കുന്നതൊന്ന്വല്ല.'' അതു പറയുമ്പോള്‍ അഭിയില്‍ പേടിയുടെ തരിമ്പുപോലും ഉണ്ടായിരുന്നില്ല.

ഞാനും അങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റു തോടുമ്പോള്‍ കുളിരുണ്ടാക്കുന്ന വിയര്‍പ്പായി പേടി എന്നില്‍ പൊടിഞ്ഞു. അഭി ദ്വീപിലേക്ക് തുഴയുന്നത് കണ്ടപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു.

''ആ മണ്ണില്‍ ഒന്നെറങ്ങീറ്റ് അപ്പോ തന്നെ വെരാ. വെറ്തെ ഒര് രസത്തിന്. നീ വീഡിയോ എട്ക്കണം ഇനി വരുമ്പോ മഗേശന് കാണിച്ച് കൊടുക്കാ'' മൊബൈല്‍ വെളിച്ചത്തിലേക്ക് നോക്കി അവന്‍ കണ്ണു ചിമ്മി.
ഉദിച്ചുവരുന്ന നിലാവ് തെങ്ങിന്‍തലപ്പുകളില്‍നിന്നും പതിയെ ഉയരുന്നുണ്ടെങ്കിലും തുരുത്തിനെ ഒരു പ്രത്യേക തരം ഇരുട്ട് മൂടിനിന്നു. അടുക്കുന്തോറും അതിനകത്ത് മാത്രമായി കാറ്റു വീശുന്നുണ്ടെന്ന് തോന്നി. മരങ്ങള്‍ പരസ്പരം ഉരഞ്ഞുണ്ടാകുന്ന ശബ്ദങ്ങള്‍ ഏതോ ഭീകരമൃഗം പല്ലിറുമ്മുന്നതുപോലെയായിരുന്നു. കരയിലെത്തിയപ്പോള്‍ കാറ്റിന്റെ ശക്തി ഞങ്ങളറിഞ്ഞു. അത് കരയിലേക്ക് വലിച്ചുകയറ്റാന്‍ മാത്രം കരുത്തുള്ളതായിരുന്നു. പക്ഷേ, അഭി പിന്നോട്ട് പോയില്ല. എങ്കിലും കരയിലേക്ക് കാലെടുത്തുവച്ചതും വലിയ നിലവിളിയോടെ അവന്‍ തിരികെ തോണിയിലേക്ക് കയറി. കണ്ടല്‍മരങ്ങള്‍ വിളറിപിടിച്ചതുപോലെ ആടിയുലഞ്ഞ് ഒച്ചയുണ്ടാക്കുന്നു. നിലാവ് തുരുത്തിലേക്ക് വീഴാതെ അതിനു മുകളില്‍ തങ്ങിനിന്നു. അവന്‍ ശക്തിയില്‍ തുഴയാന്‍ ശ്രമിക്കുന്നതിനിടെ അവനെ പേടിപ്പിച്ചത് എന്തെന്നറിയാന്‍ ഞാന്‍ മൊബൈല്‍ വെളിച്ചം തെളിച്ചു. കരയില്‍നിന്നും കായലിലേക്ക് തലകുത്തി വീണതുപോലെ ഒരു അസ്ഥികൂടമാണോ അത്? കായലിന്റെ സുതാര്യതയില്‍നിന്നും ഒരു തലയോട്ടി എന്നെ നോക്കി ചിരിച്ചോ? കായലും ഇരുട്ടും മൂടിവെക്കാന്‍ ശ്രമിച്ചിട്ടും അത് എന്നെ നോക്കി ചിരിക്കുകയാണോ?

അഭി ഭ്രാന്ത് പിടിച്ചതുപോലെ തുഴയുന്നുണ്ടായിരുന്നു. നിലാവ് മേഘപാളികളിലേക്ക് മറഞ്ഞിരുന്നു. ഇരുട്ടുമാത്രം ജലപ്പരപ്പിലൊഴുകി. എതിരെ ഒരു തോണി വരുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസമായി. അടുത്തെത്തിയപ്പോള്‍ തോണിക്കാരനും തുഴച്ചില്‍ നിര്‍ത്തി ഞങ്ങള്‍ക്കരികിലേക്ക് അടുപ്പിച്ചു. അയാള്‍ തീപ്പെട്ടിയെടുത്ത് ചുണ്ടിലെ ബീഡിക്ക് തീ കൊളുത്തിയപ്പോള്‍ അത് മഗേശനായി മാറുന്നത് ഞങ്ങള്‍ ആശ്വാസത്തോടെ കണ്ടു.

''പേടിച്ച്വാ?'' അവന്‍ ഇരുട്ടില്‍നിന്നും ചിരിച്ചു. അവന്റെ കണ്ണുകള്‍ രാത്രി മൃഗത്തിന്റേതുപോലെ തിളങ്ങുന്നെന്ന് എനിക്കു തോന്നി. അഭി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മരണത്തെ കണ്ടതുപോലെ ഞങ്ങള്‍ ആര്‍ത്തുവിളിക്കുന്നതിനു തൊട്ടുമുന്‍പ് ഒരു മൂങ്ങ ചിറകടിയൊച്ചയോടെ ഞങ്ങളുടെ തോണിയില്‍ വന്നിരുന്ന് തലകറക്കി ഞങ്ങളെ ചൂഴ്ന്നു നോക്കാന്‍ തുടങ്ങി.

അപ്പോള്‍ മഗേശന്റെ തോണി ആളില്ലാതെ കായലിലൂടെ ഒഴുകാന്‍ തുടങ്ങി.

****************
1. കക്ക 2. വിഷമിച്ചത് 3. ഇറങ്ങി 4. ഓടി 5. തികച്ചും 6. മുത്തശ്ശന്‍ (മൂലം-ദൊഡ്ഡഅജ്ജ (തുളു)) 7. എറിയുക 8. വസൂരി 9. വേദനിപ്പിക്കാന്‍ ആവില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com