1
ഒരുറക്കം കഴിഞ്ഞിരിക്കണം. എന്തോ ശബ്ദംകേട്ടു ഞെട്ടിയുണര്‍ന്നു. ഉറക്കച്ചടവില്‍നിന്ന് പതിയെ പതിയെ ബോധാവസ്ഥയിലേക്കു വന്നപ്പോള്‍ ആദ്യം നോക്കിയത് കൂട്ടുകാരനെയാണ്. ട്രെയിനിന്റെ വാതില്‍ക്കല്‍നിന്ന് അവന്‍ സിഗററ്റ് വലിക്കുന്നു. ട്രെയിനില്‍ ഒരു മഴപോലെ ഇരമ്പിയെത്തിയ തിരക്ക് ഇപ്പോള്‍ ഒഴിഞ്ഞുപോയിരിക്കുന്നു. ഏത് സ്‌റ്റേഷനതിര്‍ത്തിയിലൂടെയാണ് ട്രെയിന്‍ പോകുന്നതെന്നറിയാന്‍ പുറത്തേക്കു നോക്കിയെങ്കിലും സ്ഥലമേതെന്നു മനസ്സിലായില്ല.
കടുത്ത മൂത്രശങ്ക തോന്നിയപ്പോള്‍ എഴുന്നേറ്റു ടോയ്‌ലറ്റിലേക്കു നടന്നു. ട്രെയിനില്‍ കയറുമ്പോഴെല്ലാം ഉണ്ടാകാറുള്ള പതിവ് ആവേശത്തോടെ ആദ്യം നോക്കിയത് ടോയ്‌ലറ്റിലെ ചുമരുകളിലേക്കാണ്. ഒരു നല്ല തെറി അവിടെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുന്‍പുള്ള പല യാത്രകളില്‍ പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരോടുള്ള അമര്‍ഷങ്ങള്‍ വടിവൊത്ത അക്ഷരങ്ങളില്‍ ടോയ്‌ലറ്റിലെ ചുമരുകളില്‍ വായിച്ചിട്ടുണ്ട്. അശ്ലീല കഥകള്‍ ചിലര്‍ വൈകാരികമായ ഭാഷയില്‍ എഴുതിയിട്ടുണ്ടാകും. മൂത്രത്തുള്ളികള്‍ ടോയ്‌ലെറ്റിന്റെ ദ്വാരത്തിലൂടെ റെയില്‍പാളത്തിലേക്കു വീഴുന്ന രസകരമായ കാഴ്ച ഞാന്‍ നോക്കിനിന്നു. മലയാളത്തില്‍ ഒരുവാക്കുപോലും എഴുതിവെച്ചിട്ടില്ലാത്ത ആ ടോയ്‌ലറ്റില്‍നിന്ന് പുറത്തിറങ്ങാന്‍ മനസ്സ് അനുവദിച്ചില്ല. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും പേനയെടുത്തു. എന്ത് എഴുതണമെന്ന് ആലോചിച്ചു. ആലോചനകള്‍ക്കൊടുവില്‍ പിന്നെ ചുമരില്‍ ഇങ്ങനെ എഴുതി:
'മാത്താ നീ കുടിയനാകുന്നു. ഒരിക്കലും നീ നന്നാവില്ല. മദ്യമാണ് നിന്റെ മിത്രം. നീ മണ്ണില്‍നിന്നു വന്നു, കുടിച്ച്, കുടിച്ച് നീ മണ്ണിലേക്കു തന്നെ വൈകാതെ മടങ്ങും. ലോകം നിന്നെ വെറുക്കുന്നു.' കുറച്ചുനേരം ആ വാക്കുകളിലേക്കു തന്നെ നോക്കിനിന്നു. എന്തോ ആലോചിച്ച് ആ അക്ഷരങ്ങള്‍ക്കു മേലെ പിന്നെയും പിന്നെയും കുത്തിവരച്ച് കൂടുതല്‍ നിറം കൊടുത്ത് ശക്തമാക്കി.
തൃപ്തിവന്നപ്പോള്‍ പേന ഭദ്രമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചു.
ഒന്ന് തീര്‍ച്ചപ്പെടുത്തി, ഇനി മൂത്രശങ്ക തീര്‍ക്കാന്‍ വരുന്നത് മറ്റൊരു ടോയ്‌ലറ്റിലാകണം. അവിടെയും എഴുതണം. മാത്തനെക്കുറിച്ച്... അവന്റെ ബാക്കി ജീവിതം...
വാതിക്കല്‍നിന്ന് കൂട്ടുകാരന്‍ സിഗററ്റ് പുക പുറത്തേക്കു തള്ളി അപ്പോഴും അവസാനമില്ലാത്ത ആലോചനകളിലായിരുന്നു.
2
ചായ, കാപ്പി, മിനറല്‍ വാട്ടര്‍, ചിപ്‌സ് വില്‍പനക്കാര്‍ ഉറക്കെ വിളിച്ചുകൂവി കടന്നുപോയി. ലോട്ടറി വില്‍പനക്കാരായ അന്ധന്മാര്‍ നിരനിരയായി വന്നുകൊണ്ടിരുന്നു. ഏതെടുത്താലും പത്തുരൂപ മാത്രമുള്ള പുസ്തകങ്ങളുമായി ഒരു പുസ്തക വില്പനക്കാരനെത്തി. പലരും പുസ്തകങ്ങളെല്ലാം തുറന്നുനോക്കി താല്പര്യക്കുറവോടെ വില്‍പനക്കാരന്‍ പുസ്തകങ്ങള്‍ വെച്ചിരുന്ന സീറ്റുകളുടെ അരികില്‍ തന്നെ അവ ഭദ്രമായി തിരികെ വെച്ചു.
ഹര്‍മ്മോണിയവുമായി ഒരു സ്ത്രീയും കുഞ്ഞും തമിഴ് കലര്‍ന്ന മലയാളത്തില്‍ 'ഇസ്രയേലിന്‍ നാഥനായി വാഴും ദൈവം' എന്ന ഭക്തിഗാനവുമായെത്തിയെങ്കിലും ആരും അവര്‍ക്ക് ഒരു നാണയത്തുട്ടുപോലും നല്‍കിയില്ല.
വില്‍പനക്കാരുടെ തിരക്കൊഴിഞ്ഞപ്പോള്‍ സീറ്റില്‍ ചെന്നിരുന്നു. ട്രെയിന്‍ ഏതോ സ്‌റ്റേഷന്‍ പിടിക്കാനുള്ള ശ്രമത്തിലാണെന്നു മനസ്സിലാക്കിയ യാത്രക്കാര്‍ ഇരിപ്പിടങ്ങളില്‍നിന്നെഴുന്നേറ്റു തുടങ്ങി. കുതിപ്പുകള്‍ അവസാനിപ്പിച്ച് കിതയ്ക്കലുകളോടെ ട്രെയിന്‍ സ്‌റ്റേഷനിലേക്കു കയറി.
അധികംപേര്‍ ഇറങ്ങിയെങ്കിലും കയറിയവര്‍ കുറവായിരുന്നു. അരികിലിരിക്കാന്‍ ആരും വരരുതേ എന്ന പ്രാര്‍ത്ഥനയോടെ, ആരും വന്നില്ലെങ്കില്‍ അല്പം കഴിയുമ്പോള്‍ കാല് നിവര്‍ത്തി ഒന്നു കിടക്കണമെന്ന ചിന്തയോടെ ഞാനിരുന്നു.
ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് അല്പം കഴിഞ്ഞപ്പോള്‍ മനോഹരമായ ബുള്‍ഗാന്‍ താടിയുള്ള, കാഴ്ചയില്‍ അന്‍പതിനടുത്തു പ്രായമുള്ള ഒരാള്‍ കയ്യില്‍ വിലകൂടിയ പുതിയ മോഡല്‍ സ്യൂട്ട്‌കെയ്‌സുമായി പാന്റും കോട്ടും ടൈയുമണിഞ്ഞ് സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ ഭാവാദികളോടെ അരികില്‍ വന്നിരുന്നു. ഇരുന്ന മാത്രയില്‍ എന്നെ നോക്കി ചിരിച്ചെങ്കിലും ഞാന്‍ അയാളെ ഗൗനിച്ചതേയില്ല.
അയാള്‍ എന്നെത്തന്നെ നോക്കുകയായിരുന്നു. പെട്ടെന്ന് അയാള്‍ സ്യൂട്ട്‌കെയ്‌സ് തുറന്ന് ഒരു ലഘുലേഖ എനിക്കു നീട്ടി. വാങ്ങാനുള്ള എന്റെ മടികണ്ട് അയാള്‍ പറഞ്ഞു:
'ഒന്നു വാങ്ങൂ, എന്നിട്ട് വായിച്ചുനോക്കൂ.'
ഞാനത് വാങ്ങി താല്പര്യക്കുറവോടെ വായിച്ചു. വായന കഴിഞ്ഞപ്പോള്‍ അയാളെക്കുറിച്ചുള്ള പൂര്‍ണ്ണരൂപം എനിക്കു കിട്ടിക്കഴിഞ്ഞിരുന്നു. ഞാന്‍ ആ ലഘുലേഖ അയാള്‍ക്ക് തിരികെ കൊടുത്തു.
'താങ്കള്‍ ഇതു മനസ്സിരുത്തി വായിച്ചുവോ?' അയാള്‍ ചോദിച്ചു.
'ഒന്നു ഓടിച്ചുനോക്കി' ചിരിയോടെ പറഞ്ഞു. 'വിഷയം മനസ്സിലായി.'
തെല്ലു മൗനത്തിനുശേഷം അയാള്‍ പറഞ്ഞു:
'എല്ലാം വായിച്ചെങ്കില്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ? ദൈവം ഉണ്ടെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?'
ദൈവവിശ്വാസത്തെക്കുറിച്ച് ആരോടും സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അയാള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അസ്വസ്ഥതയോടെ മുരണ്ടു.
'ഓ, തീര്‍ച്ചയായും ദൈവമുണ്ട്. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടായിരിക്കും. അതിനെ ദൈവമെന്നു വിളിക്കുന്നവര്‍ക്ക് അങ്ങനെ വിളിക്കാം.'
അയാള്‍ ചിരിയോടെ പറഞ്ഞു:
'ഓ, താങ്കള്‍ അതു സമ്മതിച്ചുവല്ലോ, പിന്നെ ഒരു കാര്യം. ഈ ദൈവമെന്ന സ്രഷ്ടാവിനോടു മനുഷ്യര്‍ക്ക് വല്ല ബാധ്യതകളുമുണ്ടോ?'
ഇയാള്‍ എന്നെ വിടാനുള്ള ഭാവമില്ലല്ലോ? വാക്കുകള്‍കൊണ്ട് എന്നെ ചുറ്റുകയാണ്. ഓരോ വാക്കും സൂക്ഷിച്ചു പറയണം. എന്റെ ഉത്തരം ഇനി മറ്റൊരു ചോദ്യമായി അയാളുടെ നാവിന്‍തുമ്പിന്റെ ഇരയാകരുത്. കോളേജില്‍ പഠിക്കുമ്പോള്‍ ചോദ്യശരങ്ങളുമായി ഡിബേറ്റുകളില്‍ തകര്‍ത്തുനടന്ന എന്നിലെ വിപ്ലവചിന്തകള്‍ ഉണര്‍ന്നു.
'സ്രഷ്ടാവായ ദൈവത്തോട് മനുഷ്യനു കടപ്പാടുണ്ട്. ദൈവത്തെ മനുഷ്യര്‍ സ്തുതിക്കണം. മഹത്വപ്പെടുത്തണം. നന്മ ചെയ്യണം. പാപങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. മതങ്ങള്‍ അതാണ് പഠിപ്പിക്കുന്നത്. പക്ഷേ, ഒന്നുണ്ട് അതെല്ലാം വെറുതെ പറയാനെ സാധിക്കൂ. ഈ കാലത്ത് അങ്ങനെയുള്ളവരെ മഷിയിട്ടു നോക്കിയാല്‍പോലും കാണാന്‍ കഴിയില്ല. എല്ലാം കച്ചവടമായി.'
'മനുഷ്യരെല്ലാം പാപികളാണെന്നാണോ താങ്കള്‍ പറയുന്നത്?' അയാള്‍ ഇടയ്ക്കുകയറി.
ഓ, ഇതെന്തു പരീക്ഷണം. കൂട്ടുകാരന്‍ വന്ന് അരികിലിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു.
അയാള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചിരിയോടെ പറഞ്ഞു:
'ദൈവം ഒരിക്കല്‍കൂടി മനുഷ്യപുത്രനായി ജനിച്ചാല്‍ ദൈവത്തിനുപോലും ദൈവമായി ജീവിക്കാന്‍ കഴിയില്ല. പാപത്തിന്റെ കുഴിയില്‍ ആരും വീണുപോകുന്ന ലോകമാണിത്. ധനവാന്റെ സുവിശേഷം കേള്‍ക്കാനേ മനുഷ്യരുള്ളൂ. ഒരുനേരത്തെ ഭക്ഷണംപോലുമില്ലാത്തവനൊന്നും പറഞ്ഞിട്ടുള്ളതല്ല ഈ ലോകം. പണം, പണമാണ് എല്ലാം. ബന്ധങ്ങളെ താങ്ങിനിര്‍ത്തുന്നതും അതാണ്.'
അയാള്‍ ഇടയ്ക്കുകയറി.
'അപ്പോള്‍ എല്ലാ മനുഷ്യരും പാപിയും അശുദ്ധനുമാണെന്നാണോ താങ്കളുടെ അഭിപ്രായം?'
ഞാന്‍ അമര്‍ഷത്തോടെ പറഞ്ഞു:
'പാപിയും അശുദ്ധനുമല്ലാത്തവന്‍ മനുഷ്യനല്ല മാഷേ.'
എന്റെ മറുപടികേട്ട് അയാള്‍ പതിയെ ചിരിച്ചു.
ആ ചിരി എനിക്കിഷ്ടമായില്ല. അയാള്‍ എന്നെ പരിഹസിക്കുകയാണെന്നു തോന്നി.
ഞാന്‍ ഗൗരവഭാവത്തില്‍ പറഞ്ഞു: 'പാപം ചെയ്യാത്ത മനുഷ്യര്‍ ആരുണ്ട്? നമ്മുടെ തെറ്റുകളെപ്പറ്റി പശ്ചാത്തപിച്ച്, ആവോളം നന്മ ചെയ്ത് നമ്മുടെ മതത്തിന്റെ ആചാരങ്ങള്‍ സത്യമായി അനുഷ്ഠിച്ച്, പിന്നീട് പാപം ചെയ്യാതെ
ദൈവത്തെ ആരാധിച്ചാല്‍ നമ്മള്‍ ചെയ്ത പാപങ്ങളില്‍നിന്നു മോചിതനാകും. അതാണ് എന്റെ വിശ്വാസപ്രമാണം.'
അയാള്‍ ഇടയ്ക്കുകയറി.
'അപ്പോള്‍ ചെയ്തുപോയ തെറ്റുകള്‍ക്കു ശിക്ഷ അനുഭവിക്കേണ്ടേ? തെറ്റിനെക്കുറിച്ച് ദുഃഖിച്ചിട്ടു കുറേ നന്മകള്‍ ചെയ്യാം എന്നു പറഞ്ഞാല്‍ ദൈവം നമ്മളെ വെറുതേ വിടുമോ? കുറ്റത്തിനു ശിക്ഷാവിധിയില്ലേ? ദൈവത്തിന്റെ കല്പനകള്‍ മനുഷ്യര്‍ പാലിക്കുന്നുണ്ടോ? അവര്‍ കിടക്കയില്‍ മയങ്ങുമ്പോള്‍, ഗാഢനിദ്രയിലമരുമ്പോള്‍ ഒരു സ്വപ്നത്തില്‍, ഒരു നിശാദര്‍ശനത്തില്‍ അവരുടെ ചെവികള്‍ തുറന്ന് എത്ര മുന്നറിയിപ്പുകളാണ് ദൈവം നല്‍കുന്നത്. മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കാനും ദുഷ്പ്രവര്‍ത്തികളില്‍നിന്നു പിന്‍തിരിപ്പിക്കാനും വേണ്ടിയാണത്. എന്നിട്ടും ശരി എന്തെന്നു പരിശോധിക്കാതെ യഥാര്‍ത്ഥ നന്മ വിവേചിച്ചറിയാതെ അവര്‍ കുടിച്ച് കൂത്താടിയും അന്യന്റെ വസ്തുകള്‍ മോഹിച്ചും ജീവിക്കുകയാണ്. എന്താ ഞാന്‍ പറഞ്ഞത് സത്യമല്ലേ?'
എനിക്ക് ഉത്തരം മുട്ടി. അയാളുമായുള്ള സംസാരം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
'പ്രയോജനമില്ലാത്ത ഈ തര്‍ക്കംകൊണ്ട് ആര്‍ക്കെന്തു നേട്ടം? താങ്കള്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ജീവിതാനുഭവങ്ങളില്‍നിന്നു സ്വായത്തമാക്കേണ്ടതാണ്. ഞാന്‍ മറ്റുള്ളവരെ സഹോദരങ്ങളായി ഗണിക്കുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ആരെയും മനഃപൂര്‍വ്വം വേദനിപ്പിക്കാറില്ല. ആരുടേയും സമ്പാദ്യം തട്ടിയെടുക്കാറില്ല. ആരെയും വഞ്ചിക്കാറുമില്ല. അതിനാല്‍ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാനാണ് എനിക്കു താല്പര്യം.'
ട്രെയിനിന്റെ ജനാലയിലൂടെ ചോളം നിറഞ്ഞുനിന്ന പാടങ്ങളിലേക്ക് എന്റെ കണ്ണുകള്‍ നീണ്ടുപോയി.
3
ട്രെയിന്‍ ഏതോ ഗ്രാമത്തിനരികിലൂടെയാണു പായുന്നത്. ഉഴുതിട്ട വയലുകള്‍ കാണുന്നുണ്ട്. തരിശിട്ടിരുന്ന വയലുകള്‍ വെയിലേറ്റു വിണ്ടുകിടക്കുന്നുണ്ടായിരുന്നു. ഒരു മനുഷ്യന്റെ കാല്‍പെട്ടുപോകത്തക്കവണ്ണം വലുതായിരുന്നു ആ വിള്ളലുകള്‍. കംപാര്‍ട്ടുമെന്റില്‍ ആരൊക്കെയോ തിന്നു ബാക്കിയിട്ടുപോയ മധുരപലഹാരങ്ങള്‍ക്കു മുകളിലൂടെ ഈച്ചപ്പറ്റങ്ങള്‍ മൂളിപ്പറന്നു. ശല്യപ്പെടുത്തുന്ന ആ ഹുങ്കാരം എന്നെ അലോസരപ്പെടുത്തി. കയ്യിലിരുന്ന മാസികകൊണ്ട് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും അവ വിട്ടുമാറിയില്ല. എന്റെ അസ്വസ്ഥത അയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.
അയാള്‍ ചോദിച്ചു:
'എന്താ പേര്?'
'മാര്‍ട്ടിന്‍.'
ഞാന്‍ തിരിച്ചു ചോദിച്ചു: 'താങ്കളുടെ പേര്?'
'നൈനാന്‍ കെ. കുരുവിള.'
അയാളുടെ അടുത്ത ചോദ്യം:
'മാര്‍ട്ടിന്‍ എവിടേക്കു പോകുന്നു?'
ആ ചോദ്യത്തിന് ഉത്തരം നല്‍കണമോ വേണ്ടയോയെന്ന് ഞാന്‍ പലയാവര്‍ത്തി ചിന്തിച്ചുവെങ്കിലും ഒടുവില്‍ മറുപടി പറയാന്‍ തന്നെ തീരുമാനിച്ചു.
'മദ്യപാന ശീലം മാറ്റുന്ന ഒരു മദ്യവിമുക്തി കേന്ദ്രമുണ്ട് ഒറീസയില്‍. പരിചയത്തിലുള്ള ഒരു പള്ളീലച്ചനാ നടത്തുന്നത്. അവിടേക്കുള്ള യാത്രയിലാണ്.'
'ഈ മാര്‍ട്ടിന്‍ ഇത്ര വലിയ മദ്യപാനിയാണോ?' അതും പറഞ്ഞ് അയാള്‍ ചിരിച്ചു.
'എനിക്കല്ല മാത്തനാ.'
'മാത്തനോ? അതാരാ?'
ഞാന്‍ ട്രെയിനിന്റെ വാതിലിലേക്കു കൈചൂണ്ടി പറഞ്ഞു: 'ദേ, ആ നില്‍ക്കുന്നതാണ് മാത്തന്‍.' അവന്‍ അപ്പോഴും സിഗററ്റ് വലിക്കുകയായിരുന്നു. അയാള്‍ പിന്തിരിഞ്ഞുനോക്കി മാത്തനെ ശ്രദ്ധിച്ചശേഷം എന്റെ നേരെ തിരിഞ്ഞു.
'എന്തേ മാത്തനെ മദ്യവിമുക്തി കേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. എന്താണ് മാത്തന്റെ മദ്യപാനം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍?'
അയാളുടെ രണ്ടും ചോദ്യങ്ങളും ഒരുമിച്ചായിരുന്നു. ഞാന്‍ ചിന്തിച്ചു. ഇനി ഇയാളോട് മാത്തന്റെ ജീവിതം മുഴുവന്‍ പറയണം. മെനക്കേടായി. ഓരോരോ പ്രശ്‌നങ്ങളെ.
അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.
അസാധാരണ വേഗതയില്‍, അത്യുച്ചത്തില്‍ ചൂളംവിളിച്ച്, പാളങ്ങള്‍ ഇളക്കിമറിച്ച് യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ ആ ട്രെയിന്‍ ഓരോ ദേശങ്ങളേയും കീഴടക്കി പാഞ്ഞുകൊണ്ടിരുന്നു.
4
ഞാന്‍ പതിയെ പറഞ്ഞുതുടങ്ങി:
'മാത്തനും ഞാനും സഹപാഠിയും ചെറുപ്പം മുതലേയുള്ള കൂട്ടുകാരുമാണ്. മാത്തനായിരുന്നു ക്ലാസ്സില്‍ എന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്. പഠനത്തിനുശേഷം അവന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി. കുതിച്ചുകയറ്റമായിരുന്നു പിന്നെ അവന്. ഞങ്ങളുടെ നഗരത്തിലെ പ്രശസ്തമായ പല ഫ്‌ലാറ്റുകളും പണികഴിപ്പിച്ചത് അവന്റെ കമ്പനിയാണ്.'
'എന്നിട്ടെന്തു പറ്റി?' അയാള്‍ എന്നെ മിഴിച്ചുനോക്കി.
'ഇനി എന്തുപറ്റാന്‍? പണം കൂടിയപ്പോള്‍ മാത്തന് ആര്‍ത്തിയും കൂടി. അവന്‍ കൂടുതല്‍ പണക്കാരനാകാന്‍ റിയല്‍ എസ്‌റ്റേറ്റിലേക്കു തിരിഞ്ഞു. ഒരോ കയറ്റത്തിനും ഒരോയിറക്കമുണ്ടെന്നു പറയുന്നതുപോലെയായിരുന്നു പിന്നെ കാര്യങ്ങള്‍. മുഴുവന്‍ പണവും മുടക്കി വാങ്ങിക്കൂട്ടിയ സ്ഥലങ്ങള്‍ മറിച്ചുവില്‍ക്കാനാകാതെ മാത്തന്‍ കടക്കെണിയിലായി.
വായ്പയെടുത്ത ബാങ്കുകളില്‍നിന്നു ജപ്തിയായി. അങ്ങനെ അവന്‍ സ്വന്തം ജീവിതത്തെ പ്രാകി നാല്‍പതാം വയസ്സില്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു.'
ഞാനൊരു നെടുവീര്‍പ്പിട്ടു. അയാള്‍ ഞെട്ടലോടെ എന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.
'എന്തു പറയാനാ ഇപ്പോള്‍ മാത്തന്‍ ഏതു നേരവും മൂകനായി എവിടെയെങ്കിലും കൂനിക്കൂടിയിരിക്കും. മദ്യം മാത്രമാണ് അവനെ മോഹിപ്പിക്കുന്നത്. ഊണില്ല, ഉറക്കമില്ല. കുടിതന്നെ കുടി. അവന്‍ പണികഴിപ്പിച്ച ഫ്‌ലാറ്റുകളുടെ മുന്നിലൂടെ കടന്നുപോകാനുള്ള കരുത്തുപോലും അവനിപ്പോഴില്ല.'
'കൊള്ളാല്ലോ ഈ മാത്തന്‍. എന്നിട്ട്?'
ആവേശത്തോടെ ഞാന്‍ തുടര്‍ന്നു:
'ഓ അവന്റെ അമ്മേം, അപ്പനും എന്നും വന്ന് കരച്ചിലാ. ആ കരച്ചിലിലെ ആഴം തിരിച്ചറിഞ്ഞ ഞങ്ങളുടെ ഇടവകവികാരിയുടെ സുഹൃത്തായ ഗബ്രീയലച്ചനാണ് ഒറീസയിലെ ഈ ലഹരിമോചന കേന്ദ്രം നടത്തുന്നത്. 30 ദിവസത്തെ ചികിത്സയുണ്ട്. 30 ദിവസം കൂടെ ഒരാളും നില്‍ക്കണം. അവന്റെ അപ്പനും അമ്മയ്ക്കും വയസ്സായി. എനിക്ക് അവനെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. ഒടുവില്‍ ഒരു വഴി കണ്ടു. അതാണ് പുനരധിവാസ കേന്ദ്രത്തിലേക്കുള്ള ഈ വഴി.' ഒന്നുനിര്‍ത്തി ഞാന്‍ പറഞ്ഞു: 'ഞാന്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ െ്രെഡവറാ. മാത്തനെ കൊണ്ടാക്കന്‍ ഒരു അഞ്ചുദിവസം അവധി ചോദിച്ചതിന് ഉടമയില്‍നിന്നു കേള്‍ക്കാത്ത ചീത്തയില്ല. തിരിച്ചുവരുമ്പോള്‍ പണിയുണ്ടാകോന്ന് ദൈവത്തിനു മാത്രമറിയാം.'
അയാള്‍ എന്തോ ആലോചിച്ചു. അയാളില്‍ ഒരു അദ്ധ്യാപകന്റെ ഭാവാദികള്‍ വിരിഞ്ഞത് പെട്ടെന്നാണ്.
'ശാസ്ത്രീയമായി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണ് മദ്യാസക്തി അഥവാ ആല്‍ക്കഹോള്‍ ഡിപ്പന്റഡ് സിന്‍ഡ്രോം. ഇത് രണ്ടുതരത്തിലുണ്ട്. സാധാരണ രീതിയിലുള്ള ആല്‍ക്കഹോളിസവും സെക്കന്‍ഡറി ആല്‍ക്കഹോളിസവും.'
അയാളെക്കുറിച്ചുള്ള മതിപ്പിന്റെ ഗ്രാഫ് എന്നില്‍ ഉയരാന്‍ തുടങ്ങി. ദൈവവിശ്വാസത്തെക്കുറിച്ച് മാത്രമല്ല, മദ്യാസക്തിയെക്കുറിച്ചും ഇയാള്‍ക്ക് അറിവുണ്ട്.
അയാള്‍ അല്പം ആലോചിച്ചശേഷം തുടര്‍ന്നു:
'ഒരാള്‍ മറ്റു കാരണങ്ങളൊന്നും കൂടാതെ മദ്യാസക്തനായി തീരുന്നതാണ് സാധാരണ ആല്‍ക്കഹോളിസം. മാനിയ, ഡിപ്രഷന്‍, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ മദ്യാസക്തിക്കു കാരണമാകുന്നതാണ് സെക്കന്‍ഡറി ആല്‍ക്കഹോളിസം.'
അയാളുടെ വാക്കുകള്‍ എന്നെ ഉന്മേഷവാനാക്കി. അയാള്‍ പറഞ്ഞതെല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു.
'ഇതു തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ് മദ്യ വിമുക്തി ചികിത്സ പരാജയപ്പെടുന്നത്.' അയാള്‍ക്ക് അപ്പോള്‍ അദ്ധ്യാപകന്റെ രൂപംമാറി ഒരു ഡോക്ടറുടെ മുഖഛായയായിരുന്നു.
ഞാന്‍ തലയാട്ടി.
ട്രെയിന്‍ ഇപ്പോള്‍ ഒരു പാലം കടക്കുകയാണ്. വലിയ ചൂളമടി ശബ്ദം കാതുകളിലേക്ക് അലച്ചെത്തി.
'ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ സാധാരണ ആല്‍ക്കഹോളിസത്തിനു നല്‍കുന്ന കൗണ്‍സലിംഗും മരുന്നുകളും മാത്രം പോര മാത്തനു നല്‍കാന്‍. മാത്തനു വിഷാദത്തില്‍നിന്നുണ്ടായ മദ്യാസക്തിയാണ്. വ്യക്തമായ രോഗനിര്‍ണ്ണയം നടത്തി ശാസ്ത്രീയമായി ചികിത്സിച്ചാലേ മദ്യാസക്തിയില്‍നിന്നും മോചിതനാക്കാന്‍ കഴിയൂ. ഒറീസയിലെ മദ്യവിമുക്തികേന്ദ്രത്തില്‍ അതിന് അവസരമുണ്ടാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.'
ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത പരന്നു. ഇപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍ അങ്ങിങ്ങായി മാത്രമാണ് ആളുകള്‍ ഉള്ളത്. അവരില്‍ പലരും മൊബൈലില്‍ പാട്ടുകേള്‍ക്കുകയോ മാഗസിനുകളില്‍ മുഖം പൂഴ്ത്തുകയോ ഉറങ്ങുകയോ ആയിരുന്നു. നൈനാന്റെ ശബ്ദം വീണ്ടും:
'ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ? അറിയാവുന്ന കാര്യമാണെങ്കില്‍ പറയാം.'
എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞാലോയെന്ന് ഞാന്‍ ആലോചിച്ചു. പറയാം, അതിനുമൊരു പ്രതിവിധി ഇയാള്‍ പറഞ്ഞുതന്നാലോ? ഞാന്‍ സ്വരംതാഴ്ത്തി പറഞ്ഞു:
'സത്യം പറയാലോ െ്രെഡവറാണെങ്കിലും ഒരു ഉത്സാഹവുമില്ലാത്ത വ്യക്തിയാണ് ഞാന്‍. ഭയങ്കര ക്ഷീണമാണ് എന്റെ പ്രശ്‌നം. ക്ഷീണം മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ധാരാളം ടോണിക്കുകള്‍ കഴിച്ചു. ഒരു മാറ്റവുമില്ല. രക്തപരിശോധനയില്‍ കുഴപ്പമില്ല. എപ്പോഴും കിടക്കണമെന്ന തോന്നലാണ് എനിക്ക്. ഓ, മടുത്തു. ഈ ജീവിതം തന്നെ മടുത്തു.'
എന്റെ സംസാരം കേട്ട് നൈനാന്‍ ചിരിച്ചു.
'എനിക്കു കേട്ടിട്ട് ഭയമാകുന്നു. ക്ഷീണം ഒരു െ്രെഡവര്‍ക്കു ചേര്‍ന്നതല്ലാട്ടോ? ശരിക്കും മാത്തനേക്കാള്‍ ചികിത്സ വേണ്ടത് മാര്‍ട്ടിനാണല്ലോ. ശാരീരികമോ മാനസികമോ ആയ പല പ്രശ്‌നങ്ങളുടേയും ലക്ഷണമാണ് ക്ഷീണം. പ്രമേഹം, വിളര്‍ച്ച, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ക്ഷീണം അനുഭവപ്പെടാം. പക്ഷേ...'
അയാള്‍ ഒന്നുനിര്‍ത്തിയശേഷം തുടര്‍ന്നു:
'രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നു പറയുമ്പോള്‍ ഹീമോഗ്ലോബിന്‍, തൈറോയ്ഡ്, രക്തത്തിലെ പഞ്ചസാര എന്നീ ഘടകങ്ങളെല്ലാം നോര്‍മലാണെന്നു മനസ്സിലാക്കാം. ദീര്‍ഘകാല ക്ഷീണരോഗം എന്ന ഒരവസ്ഥയെക്കുറിച്ച് വൈദ്യശാസ്ത്രം പറയുന്നുണ്ട്. ക്ഷീണമുണ്ടാകാന്‍ മറ്റു കാരണങ്ങളില്ലാതിരിക്കുകയും എത്ര വിശ്രമിച്ചാലും ക്ഷീണം മാറാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. പകല്‍ സമയത്തുപോലും ഉറക്കം തൂങ്ങും. എപ്പോഴും കിടക്കാന്‍ തോന്നുക, ആവര്‍ത്തിച്ച് കോട്ടുവായിടുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്. നല്ലൊരു ഡോക്ടറെ കണ്ടാല്‍ രോഗം മാറ്റാം.'
അയാളുടെ ഓരോ വാക്കും വരണ്ടുകിടന്ന എന്റെ ഹൃദയഭൂമികയില്‍ ഒരു മഴയായി മാറി.
എന്റെ അനുജനെ ബാധിച്ചിട്ടുള്ള വിട്ടുമാറാത്ത തലചുറ്റലിനെക്കുറിച്ചുകൂടി അയാളോട് ചോദിച്ചാലോയെന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നാണ് നൈനാന്‍ എന്നോടു ചോദിച്ചത്. താങ്കള്‍ക്ക് ഇനി വല്ലതും അറിയേണ്ടതുണ്ടോയെന്ന്.
'എനിക്കൊരു അനുജനുണ്ട്. അവന്റെ പ്രശ്‌നം എന്തെന്നാല്‍ മണിക്കൂറുകള്‍ ഇടവിട്ട് അവന് തലചുറ്റും. ഇതു ഞരമ്പുരോഗമാണെന്നു പലരും പറയുന്നു. സെമിനാരിയില്‍ അച്ചന്‍പട്ടത്തിനു പഠിക്കാന്‍ പോയതാ. വിശ്വാസപ്രമാണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും പറഞ്ഞ് മതിലുചാടി.'
അയാളുടെ വാക്കുകള്‍ക്കായി ആകാംക്ഷയോടെ ഞാന്‍ കാത്തിരുന്നു. അയാള്‍ സംസാരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ഒന്നും ചോദിക്കാനുണ്ടാവുകയില്ലെന്ന് എനിക്കു വ്യക്തമായി. ധൈര്യമറ്റ എന്നെ നോക്കി അയാള്‍ പുഞ്ചിരിച്ചു. സൈന്യമധ്യത്തില്‍ രാജാവിനെപ്പോലെയും വിലപിക്കുന്നവനെ ആശ്വസിപ്പിക്കുന്നവനെപ്പോലെയുമായിരുന്നു എനിക്ക് അയാള്‍. അയാളുടെ ജ്ഞാനവചസ്സുകള്‍ക്കുവേണ്ടി ഞാന്‍ കാത്തിരുന്നു.
'തലകറക്കം സാധാരണയായി രണ്ടുതരത്തിലാണുണ്ടാകുന്നത്. ഒന്ന് ഏതെങ്കിലും അസുഖത്തെത്തുടര്‍ന്നുണ്ടാകുന്ന തലകറക്കം. മറ്റൊന്ന് സാധാരണ ആര്‍ക്കുമുണ്ടാകുന്ന തലകറക്കം. മനുഷ്യശരീരത്തിന് ഒരു ബാലന്‍സുണ്ട്. അത് നിലനിര്‍ത്തുന്നത് വെസ്റ്റ്ബുലാര്‍ അപ്പാരറ്റസ് ആണ്. ചെവികള്‍ക്കുള്ളിലെ അര്‍ധവൃത്താകൃതിക്കുഴലുകളുമായി ബന്ധപ്പെട്ട് മസ്തിഷ്‌കത്തിലേക്ക് എത്തിച്ചേരുന്ന ഞെരമ്പാണിത്. ഈ വെസ്റ്റബുലാര്‍ അപ്പാരറ്റസിനു പരിചിതമല്ലാത്ത ചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ തലകറക്കം ഉണ്ടാകും.'
എന്റെ കണ്ണുകള്‍ അയാളോടുള്ള ആദരവുകൊണ്ട് വികസിച്ചു. അയാള്‍ തുടര്‍ന്നു:
'തലയുടെ സ്ഥിരമല്ലാത്ത ഏതു ചലനവും തലകറക്കത്തിനു കാരണമാകും. കട്ടിലിനടിയില്‍ കുനിഞ്ഞുനോക്കുമ്പോള്‍ തലകറക്കമുണ്ടാകുന്നത് വെസ്റ്റ്ബുലാര്‍ അപ്പാരറ്റസിന്റെ അപരിചിതത്വം കൊണ്ടാണ്. ഇത് ആര്‍ക്കും ഉണ്ടാകാവുന്നതാണ്. ടെന്‍ഷനടിക്കേണ്ട യാതൊരു കാരണവുമില്ല. അനിയനെ നല്ലൊരു ഡോക്ടറെ കാട്ട്. അപ്പനേയും അമ്മയേയും പറഞ്ഞു മനസ്സിലാക്ക്. മാര്‍ട്ടിന് ഇനി വല്ലതും ചോദിക്കാനുണ്ടോ?'
ഇല്ലെന്നയര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
5
ഞങ്ങളുടെ കണ്ണുകള്‍ ട്രെയിനിന്റെ ജനാലയിലൂടെ രണ്ട് വഴികളിലേക്ക് തിരിഞ്ഞു.
കുറച്ചുകഴിഞ്ഞാണ് ഞാന്‍ ഓര്‍ത്തത്. അയാള്‍ക്ക് എന്താണ് ജോലിയെന്നു ചോദിച്ചില്ലല്ലോന്ന്.
'ചോദിക്കാന്‍ വിട്ടു. താങ്കള്‍ക്ക് എന്താണ് ജോലി?'
'പണ്ട് ജോലീലൊക്കെയുണ്ടായിരുന്നു. മടുത്തപ്പോള്‍ രാജിവെച്ചു. കുറച്ചധികം പൂര്‍വ്വിക സ്വത്തുണ്ട്. കുറച്ച് അതില്‍നിന്നു വിറ്റു. മരിക്കുമ്പോള്‍ സ്വത്തൊന്നും ബാക്കിവയ്ക്കരുത്. ഒരു കടവും. ജീവിതം ശരിക്കും അങ്ങോട്ട് ആഘോഷിക്കുക. യാത്രയാണ് അതിനുള്ള വഴി. അതാണ് എന്റെ ഇപ്പോഴത്തെ ജോലിയെന്നു വേണമെങ്കില്‍ പറയാം. യാത്രകളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. യാത്രയാണ് വിനോദം. ആ യാത്രയില്‍ കണ്ടുമുട്ടുന്നവരുമായി സംസാരിക്കുക, അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുക, അവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുക. അങ്ങനെ അവരാണ് എന്റെ ജീവിതയാത്രയെ മുന്നോട്ടു നയിക്കുന്നത്. താങ്കള്‍ക്കു ഞാന്‍ വായിക്കാന്‍ തന്നത് ദൈവവിശ്വാസത്തെക്കുറിച്ചുള്ള ലഘുലേഖയായിരുന്നു. തന്റെ മുഖം കണ്ടപ്പോള്‍ താനൊരു ദൈവവിശ്വാസിയല്ലെന്നു തോന്നി. മറ്റൊരാളെ കാണുമ്പോള്‍ ഞാന്‍ വായിക്കാന്‍ നല്‍കുന്നത് പണം സമ്പാദ്യത്തിനുള്ള കുറുക്കുവഴികള്‍ എന്ന ലഘുലേഖയായിരിക്കാം. ചിലര്‍ക്കു നല്‍കുന്നത് ദാമ്പത്യവിജയത്തിനുള്ള സൂത്രങ്ങള്‍ എന്നതും. അങ്ങനെ, അങ്ങനെ ആ പട്ടിക നീളുന്നു. കുറച്ച് മുഖലക്ഷണമൊക്കെ അറിയാമെന്നു കരുതിക്കോ? അപരിചിതരായവരെ പരിചയപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഈ ട്രെയിന്‍ യാത്ര.'
ഞങ്ങള്‍ക്കിടയില്‍ കുറച്ചുനേരം നിശ്ശബ്ദത പരന്നു. അല്പംകഴിഞ്ഞ് നൈനാന്‍ പറഞ്ഞു: 'അതേ, കൂട്ടുകാരനെ ഒന്നു പരിചയപ്പെടുത്തൂ.'
ഞാനുടനെ പറഞ്ഞു: 'ഓ, അവന് അപരിചിതരെ പരിചയപ്പെടുന്നത് ഇഷ്ടമല്ല. ആള് പ്രത്യേക ടൈപ്പാ. പിന്നെ...'
ഞാനത് പറഞ്ഞുമുഴുപ്പിക്കുന്നതിനു മുന്‍പേ നൈനാന്‍ വാതില്‍ക്കലേക്ക് നോക്കി ഉറക്കെ വിളിച്ചു:
'ഹേയ് കൂട്ടുകാരാ. പൂയ്... ഒന്നു ഇവിടെ വരാമോ?'
അതു കേട്ടതും അവന്‍ കുറച്ചുനേരം സംശയഭാവത്തില്‍ നോക്കിയശേഷം കയ്യിലിരുന്ന
സിഗററ്റ് പുറത്തേക്ക് എറിഞ്ഞുകളഞ്ഞ് വാതിക്കല്‍നിന്നു ഞങ്ങള്‍ക്കരികിലേക്കു വന്നു. എന്നെയും നൈനാനേയും അവന്‍ മാറിമാറി നോക്കി.
നൈനാന്‍ അവനെ നോക്കി ചിരിച്ചശേഷം പറഞ്ഞു:
'ഞാന്‍ നൈനാന്‍. ഒരു യാത്രാപ്രേമിയാണ്. കുട്ടുകാരനെക്കുറിച്ച് ആള് വിശദമായി പറഞ്ഞു. എല്ലാം ഒ.കെയാകും. പ്രാര്‍ത്ഥിക്കുക. പ്രതീക്ഷ കൈവിടരുത്.'
അതിനുശേഷം നൈനാന്‍ എന്നോടായി പറഞ്ഞു:
'ആ പിന്നെ യേശുവിനെക്കുറിച്ച് നിനക്ക് കുറേ തെറ്റിദ്ധാരണകളുണ്ട്. യേശു മനുഷ്യനായി വന്ന ദൈവപുത്രനാണ്. ദൈവപുത്രനായതിന്നാല്‍ അവന്‍ ദൈവമാണ്. ദൈവപുത്രനായ യേശു ഒരു മതം സ്ഥാപിക്കാന്‍ വന്നവനല്ല. പാപിയായി തീര്‍ന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തെ ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് അവന്‍. അങ്ങനെ മാനവജാതിയുടെ
പാപപരിഹാരത്തിനായി അവന്‍ ക്രൂശില്‍ മരിച്ചു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഒന്നോര്‍ക്കുക, നമ്മള്‍ക്ക് ഗ്രഹിക്കാനാകാത്തവിധം ദൈവം മഹോന്നതനാണ്.'
ട്രെയിന്‍ അടുത്ത സ്‌റ്റേഷനെ വാരിപ്പുണര്‍ന്നു. പിന്നെയും കുറേ യാത്രക്കാര്‍ ഇരമ്പിക്കയറി.
കാലിയായി കിടന്ന സീറ്റുകളില്‍ ഈച്ചക്കൂട്ടങ്ങളെപ്പോലെ അവര്‍ പറന്നിരുന്നു. ഭാഗ്യം, ഞങ്ങള്‍ക്കരികില്‍ വന്നിരുന്ന രണ്ടു മധ്യവയസ്‌കര്‍ ഇരുന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.
ശബ്ദകോലാഹലങ്ങള്‍ അടങ്ങി രംഗമൊന്ന് ശാന്തമായപ്പോള്‍ നൈനാന്‍ പറഞ്ഞു:
'യേശുക്രിസ്തു ഇനിയും വരും. തന്റെ ജനതയെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകും. മരിച്ചവര്‍ ഉയിര്‍ക്കും. ഈ ഭൂമിയെ പാപത്തിന്റെ ശാപത്തില്‍നിന്നും മോചിതമാക്കും.'
ഒന്നുനിര്‍ത്തി നൈനാന്‍ തുടര്‍ന്നു: 'ആ, ഈ സീറ്റില്‍ ഇരിക്കൂ മാത്തന്‍. എന്താണ് അന്യനെപ്പോലെ നില്‍ക്കുന്നത്.'
6
നൈനാന്റെ ആ ക്ഷണം കേട്ട് ഞാന്‍ വെട്ടിവിയര്‍ത്തു.
കൂട്ടുകാരന്റെ മുഖത്തെ ഞെട്ടല്‍ കണ്ട് നൈനാന്‍ ആ ക്ഷണം വീണ്ടും ആവര്‍ത്തിച്ചു.
അവന്റെ മുഖം കോപംകൊണ്ട് ചുവന്നു. അവന്‍ രൂക്ഷമായി എന്നെ നോക്കി. പിന്നെ നൈനാനോടായി പറഞ്ഞു:
'മാത്തനോ? ഞാനോ... ഇവന്‍ നിങ്ങളെ വിദഗ്ദ്ധമായി പറ്റിച്ചിരിക്കുന്നു. കള്ളന്‍... എന്റെ മാഷെ എന്റെ പേര് മാര്‍ട്ടിന്‍...
ഇവന്‍' എന്റെ നേരെ നോക്കി അവന്‍ അലറി... 'ഇവനാ മാത്തന്‍...'
നൈനാന്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റാതെ, വികസിച്ച കണ്ണുകളോടെ എന്നെ തുറിച്ചുനോക്കി. ഞാന്‍ വിളറിയ ചിരിചിരിച്ചു. ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത പരന്നു. ട്രെയിനിന്റെ ചൂളമടികള്‍ മാത്രം ഉച്ചത്തില്‍ മുഴങ്ങി.
മാര്‍ട്ടിന്‍ പെട്ടെന്ന് നൈനാനെ നോക്കി ചോദിച്ചു:
'താങ്കള്‍ ഒരു സുവിശേഷ പ്രാസംഗികനാണോ?'
നൈനാന്‍ ചിരിച്ചു.
'അല്ലയല്ല. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യന്‍ മാത്രം.'
മാര്‍ട്ടിന്‍ എന്തോ ആലോചിച്ച ശേഷം പറഞ്ഞു:
'നിങ്ങള്‍ മതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും പറഞ്ഞത് ഈ മാത്തനോടാണല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിവരുന്നു. ഇവന്‍ പണ്ട് പള്ളീലച്ചനാകാന്‍ സെമിനാരിയില്‍ പോയവനാ. പിന്നീട് മതിലുചാടി പോരുകയായിരുന്നു.
വിശ്വാസപ്രമാണങ്ങള്‍ സെമിനാരിയില്‍ പാലിക്കപ്പെടുന്നില്ലെന്ന്. ഇപ്പോള്‍ ഏതുനേരവും തലകറക്കമാണെന്നും പറഞ്ഞ് വിശ്രമ ജീവിതത്തിലാ. ഇരമ്പുനാരായവും ഈയവും കൊണ്ട് ഇവന്റെ ജീവിതം വല്ല പാറയിലും ആലേഖനം ചെയ്യണം. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ സെമിനാരി ചാടിയതും തലകറക്കമുള്ളതും അനിയനാണെന്ന് ഇവന്‍ നുണയും പറയും. ദുഷ്ടന്‍.'
എന്നിലൂടെ അസ്വസ്ഥതയുടെ നിലയ്ക്കാത്ത വിദ്യുത്പ്രവാഹം പുളഞ്ഞുപോയി. അവന്റെ ഓരോ വാക്കിലും ഞാന്‍ വെന്തുരുകി. ദുഃഖാധിക്യത്താല്‍ കണ്ണുകള്‍ മങ്ങി.
അവന്‍ വാശിയോടെ പറഞ്ഞു: 'ഇവന്‍ കുടിച്ച മദ്യത്തിന്റെ അത്രയും ഞാന്‍ ആകെയുള്ള ജീവിതത്തില്‍ മുള്ളിയിട്ടു കൂടിയില്ല. അത്ര മദ്യം ഇവന്‍ കഴിക്കുന്നുണ്ട്. ആരും കാണാതെ ഇതൊക്കെ ചെയ്യാന്‍ ഇവനു നല്ല കഴിവാ. എനിക്കതില്ല. ഇപ്പോള്‍ മദ്യമില്ലാതെ ജീവിക്കാനാകാതെയായി. അച്ചനാകാന്‍ പോയി തിരിച്ചുവന്ന് നഗരത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി രക്ഷപ്പെട്ട കാലത്ത് ഇവന്റെ തലക്കനം കാണണമായിരുന്നു. കാറും ഓഫീസും ജീവനക്കാരും സ്‌കോച്ചും.
എന്തായിരുന്നു ബഹളം? അതിനിടയില്‍ ഷെയര്‍മാര്‍ക്കറ്റില്‍ കളിക്കാനിറങ്ങി. അവിടെ പണിപാളി. വീണ്ടും പെരുവഴിയില്‍. പണമുള്ളപ്പോള്‍ എന്നെ മറന്നവനാ. അവസരവാദി. ദരിദ്രനായപ്പോള്‍ സങ്കടം പറഞ്ഞ് തേടിവരാന്‍ തുടങ്ങി. ഞാനൊരു പാവം. ആകെ കുറേ സിഗററ്റ് വലിക്കുമെന്ന ദുശ്ശീലം മാത്രം.'
അവന്റെ ആ വാക്കുകള്‍ കേട്ട് നൈനാന്‍ ഉറക്കെച്ചിരിച്ചു. പിന്നെ എന്നെ നോക്കി പറഞ്ഞു:
'എന്നാലും എന്റെ മാത്താ നീ പുലിയാണട്ടോ?'
പിന്നീട് നൈനാന്റെ ചിരി മാര്‍ട്ടിന്‍ ഏറ്റെടുത്തപ്പോള്‍ ചെറുതായി ചെറുതായി ഭൂമിയിലേക്ക് താഴ്ന്നുപോവുകയാണെന്ന് ഞാനറിഞ്ഞു. അവന്റെ വാക്കുകള്‍ എന്നെ വിറകൊള്ളിച്ചു. അവന്റെ ശബ്ദവും മുഴക്കവും അവന്റെ വായില്‍നിന്നും പുറപ്പെട്ട ഗര്‍ജ്ജനവും പൊട്ടിച്ചിരിയും ആ കംപാര്‍ട്ടുമെന്റ് മുഴുവന്‍ വ്യാപിക്കുന്നതുപോലെ തോന്നി. എന്റെ ജീവിതത്തിലെ പുഴുക്കുത്ത് നിറഞ്ഞ സംഭവങ്ങള്‍ മുഴുവന്‍ മാന്തിയെടുത്ത് നൈനാനു മുന്നില്‍ ഊറ്റംകാണിച്ച് അവന്‍ ഉല്ലസിച്ചു. അവന്റെ വായില്‍നിന്നും എനിക്കെതിരെയുള്ള തീജ്വാലകള്‍ പിന്നെയും പുറപ്പെട്ടുകൊണ്ടിരുന്നു. അപ്പോള്‍ ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ മനുഷ്യനില്ലെന്നു തോന്നി. നൈനാന്‍ ഉച്ചതാഴ്ത്തി പറഞ്ഞു:
'ഓകെ. അപ്പോള്‍ അടുത്ത സ്‌റ്റേഷനില്‍ ഞാനിറങ്ങും. ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയാകട്ടെ. നമ്മുടെ യാത്രയുടെ ഓര്‍മ്മയ്ക്കായി എന്താ ഇപ്പോള്‍ നിങ്ങള്‍ക്കു തരിക?' അതും പറഞ്ഞ് അയാള്‍ ബാഗും
സൂട്ട്‌കെയ്‌സും തുറന്നു പരിശോധിച്ച ശേഷം രണ്ടു ശീതളപാനിയത്തിന്റെ പായ്ക്കറ്റ് തപ്പിയെടുത്ത് ഞങ്ങള്‍ക്കു നീട്ടി. 'ഇതിരിക്കട്ടെ. ഇതു കഴിക്കു എന്റെ ഒരു സന്തോഷത്തിന്... എങ്കില്‍ ശരി... മാത്തന്റെ പ്രശ്‌നങ്ങളെല്ലാം മാറൂട്ടോ. ഞാന്‍ പ്രാര്‍ത്ഥിക്കാം.'
ഒന്നുനിര്‍ത്തി നൈനാന്‍ അത്ര നേരത്തെ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടു.
'വാക്കുകള്‍ ഞാന്‍ ഉപസംഹരിക്കുകയാണ്. മാത്തന്‍ സമയം കിട്ടുമ്പോള്‍ ബൈബിളെടുത്ത് വായിക്കണം. അതു മനസ്സിനു ബലം കിട്ടാന്‍ സഹായിക്കും. ബൈബിളൊക്കെ എനിക്കു മനഃപാഠാ. ഞാന്‍ മാത്തനു വായിക്കാന്‍ ഒരു സുവിശേഷ ഭാഗം പറഞ്ഞുതരാം. നമ്മുടെ പ്രഭാഷകന്റെ പുസ്തകം. 20ാം അധ്യായം അങ്ങോട്ട് തുറക്കുക. എന്നിട്ട് വിശ്വാസത്തോടെ 24 മുതല്‍ 26 വരെയുള്ള വാക്കുകള്‍ വായിക്കുക. നമ്മുടെ രണ്ടുപേരുടേയും ജീവിതം അതിലുണ്ട്.'
ഞാന്‍ സമ്മതാര്‍ത്ഥത്തില്‍ തലയാട്ടി.
അതും പറഞ്ഞ് നൈനാന്‍ യാത്രപറഞ്ഞ് അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാനായി വാതിക്കല്‍ തിക്കുംത്തിരക്കും കൂട്ടുന്നവര്‍ക്കിടയിലേക്കു മറഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ എന്റെ നേരെ തിരിഞ്ഞു മുഴുത്തൊരു തെറി പറഞ്ഞു.
ഒരു തുരങ്കത്തിലേക്കു കയറിയതിനെത്തുടര്‍ന്ന് അല്പനേരം ട്രെയിന്‍ ഇരുട്ടിലായി.
സത്യത്തില്‍ എനിക്കു നല്ല ദാഹമുണ്ടായിരുന്നു. നൈനാന്‍ തന്ന ജ്യൂസ് ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു. പിന്നെ മാര്‍ട്ടിനും...
ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനെ ചുംബിച്ചു... ആളുകള്‍ ഇരച്ചുകയറി. ഞാന്‍ പതിയെ കണ്ണുകളടച്ചു.
7
പെട്ടെന്ന് ആരോ തോളില്‍ തട്ടിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല. കണ്‍പോളകളില്‍ കനത്ത ഭാരം. മുന്നില്‍ നില്‍ക്കുന്ന ടി.ടി.ആറിനെ മങ്ങലോടെ ഞാന്‍ കണ്ടു. മാര്‍ട്ടിന്‍ അപ്പോഴും മയക്കത്തിലാണ്. ഞാന്‍ വാച്ചിലേക്കു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എത്രയോ മണിക്കൂറുകള്‍ കടന്നുപോയിരിക്കുന്നു. ടിക്കറ്റെടുക്കാനായി ഞാന്‍ പോക്കറ്റില്‍ തപ്പി. പേഴ്‌സ് കാണുന്നില്ല. പതര്‍ച്ചയോടെ ഞാന്‍ മാര്‍ട്ടിനെ തട്ടിവിളിച്ചിട്ടും അവന്‍ ഉണര്‍ന്നില്ല.
ഞങ്ങള്‍ക്കരികില്‍ കാലിയായി കിടക്കുന്ന ഫ്രൂട്ടിയുടെ പായ്ക്കറ്റ് കണ്ടപ്പോള്‍ ഞാന്‍ നൈനാനെ ഓര്‍ത്തു.
ടി.ടി.ആര്‍. എന്നേയും മാര്‍ട്ടിനേയും കോളറിനു വലിച്ചുയര്‍ത്തി. ഹിന്ദിയില്‍ അയാള്‍ ഞങ്ങളെ മുഴുത്ത തെറിപറഞ്ഞു.
പെട്ടെന്ന് ട്രെയിന്‍ അടുത്ത സ്‌റ്റേഷനെ ചുംബിച്ചു. ടി.ടി.ആര്‍. പ്ലാറ്റ്‌ഫോമിലേക്ക് ഞങ്ങളെ തള്ളിയിട്ടു.
ആരൊക്കെയോ ട്രെയിനിലേക്ക് ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ മാര്‍ട്ടിന്‍ തളര്‍ന്നുകിടന്നു. ഒറിസയില്‍ തങ്ങുന്നതിനു പേഴ്‌സില്‍ കരുതിയ പണവും രണ്ട് എ.ടി.എം കാര്‍ഡുകളും പണം വേണ്ടിവന്നാല്‍ വില്‍ക്കാന്‍ പെങ്ങള്‍ തന്നുവിട്ട അവളുടെ വളയും മദ്യവിമുക്തികേന്ദ്രത്തിന്റെ മേല്‍വിലാസമെഴുതിയ കുറിപ്പും നഷ്ടമായിരിക്കുന്നു.
നൈനാന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു.
'ഇത് ജീവിതത്തില്‍ മറക്കാനാകാത്ത ഒരു യാത്രയാകട്ടെ.'
ഏതോ ഒരു സ്‌റ്റേഷന്‍, അപരിചിതരായ കുറേ മനുഷ്യര്‍. ഞാന്‍ മാര്‍ട്ടിനെ മയക്കത്തില്‍ നിന്നുണര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. അവന്‍ അവ്യക്തമായി എന്തോ പുലമ്പുന്നുണ്ടായിരുന്നു. അരയിലിരുന്ന മദ്യക്കുപ്പിയില്‍നിന്നു വെള്ളം ചേര്‍ക്കാതെ രണ്ടു കവിള്‍ ഞാന്‍ കുടിച്ചു. ബാക്കി ഞാന്‍ മാര്‍ട്ടിനു നീട്ടി.
അപ്പോള്‍ ആ റെയില്‍വേ സ്‌റ്റേഷനില്‍, അപരിചിതരില്‍നിന്നു ഭക്ഷണമോ
പാനീയങ്ങളോ വാങ്ങി കഴിക്കരുതെന്ന അനൗണ്‍സ്‌മെന്റുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും മാറിമാറി മുഴങ്ങുന്നുണ്ടായിരുന്നു. പോക്കറ്റില്‍നിന്നു മൊബൈലെടുത്ത് ഞാന്‍ സ്വിച്ച് ഓണാക്കി പെങ്ങള്‍ മേരിയെ വിളിച്ചു.
മറുവശത്ത്‌നിന്ന് അവളുടെ ആകാംക്ഷഭരിതമായ ശബ്ദം:
'എന്തായി, ഒറീസയിലെത്തിയോ?'
തിടുക്കത്തില്‍ ഞാന്‍ പറഞ്ഞു:
'ഇല്ലെടി. ഒരു കാര്യം അറിയാനാ. അതേ, നീ ആ ബൈബിള്‍ ഒന്നെടുത്തേ?'
'ബൈബിളോ? അതെന്ത് പറ്റി?' അവളില്‍ അത്ഭുതം.
'നീ ആദ്യം പറഞ്ഞത് കേള്‍ക്ക്.'
'ഇപ്പോള്‍ എടുക്കാം. എന്നാലും...' അവള്‍ തുടര്‍ന്ന് എന്തോ പിറുപിറുത്തു.
അല്പം കഴിഞ്ഞ് അവളുടെ ശബ്ദം: 'ആ, ബൈബിളെടുത്തു.'
'അതു തുറന്ന് പ്രഭാഷകന്റെ പുസ്തകം... 20ാം അധ്യായം... 24 മുതല്‍ 26 വരെയുള്ള വാക്യങ്ങള്‍ ഒന്നു വായിച്ചേ... വേഗം.'
അവള്‍ക്കൊന്നും മനസ്സിലായില്ല. അവള്‍ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു. പിന്നെ അവള്‍ ഒരു പ്രത്യേക താളത്തില്‍ വായിച്ചു:
'നുണ വികൃതമായ കറയാണ്...
അജ്ഞന്റെ അധരങ്ങളില്‍ അത് എപ്പോഴും കാണും...
കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്...
രണ്ടുപേരുടേയും വിധി നാശം തന്നെ...
നുണ പറയുന്ന പ്രവണത അപകീര്‍ത്തി വരുത്തുന്നു...
അപമാനം അവനെ അനുധാവനം ചെയ്യും...'
മേരിയുടെ ശബദം: 'വായിച്ചുകഴിഞ്ഞു. എന്തിനാ ഇപ്പോള്‍ ഇതു വായിപ്പിച്ചത്.'
മറ്റൊരു നുണപറയാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഞാന്‍ ഫോണ്‍ കട്ടുചെയ്തു.
പിന്നെ മാര്‍ട്ടിനെ മയക്കത്തില്‍നിന്നുണര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു...
'എഴുന്നേല്‍ക്കടാ... എഴുന്നേല്‍ക്കടാ... എഴുന്നേല്‍ക്കടാ...'
അപ്പോള്‍ അവിടെ സ്‌റ്റേഷനിലേക്ക് മറ്റൊരു ട്രെയിന്‍ വരുന്നതിന്റെ അനൗണ്‍സ്‌മെന്റ് ആവര്‍ത്തിച്ച്... ആവര്‍ത്തിച്ച് അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
മുന്നോട്ട് പോകുന്ന മറ്റൊരു ട്രെയിന്‍... ഇതാ മുന്നിലേക്കു വരുന്നു...
ആലോചിച്ച് കളയാന്‍ ഇനി സമയമില്ല...
ഈ കഥ കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ