'വാക്കണ്ട'- കരുണാകരന്‍ എഴുതിയ കഥ

മുന്‍പ് ആറു പ്രാവശ്യവും ചെയ്തപോലെ ഇപ്പോഴും അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഓര്‍മ്മയിലും മറവിയിലും മുങ്ങിത്താഴുന്ന പുഞ്ചിരി കുറച്ചു നിമിഷം കൂടി തുടര്‍ന്നു 
'വാക്കണ്ട'- കരുണാകരന്‍ എഴുതിയ കഥ

In times of crisis the wise build bridges, 
while the foolish build barriers 

King TÇhalla- movie Black Panther 

ന്ന് ഈ ഒരൊറ്റ ദിവസത്തില്‍ ഇത് ഏഴാമത്തെ തവണയായിരുന്നു അമ്മച്ഛനെ ബാല്‍ക്കണിയില്‍നിന്നും ഇരിപ്പുമുറിയിലേക്കു തന്നെ ഞാന്‍ കൂട്ടിക്കൊണ്ടുവരുന്നത്. ആ ഏഴു തവണയും അമ്മച്ഛന്‍ ബാല്‍ക്കണിയില്‍നിന്നും കാണാന്‍ കിട്ടുന്ന 'വക്കാണ്ട'യെ നോക്കി നില്‍ക്കുകയായിരുന്നു. അങ്ങനെ ഞാനും നോക്കിനില്‍ക്കാറുള്ളതുപോലെ. അമ്മച്ഛനെ ഇരിപ്പുമുറിയിലെ സോഫയില്‍ കൊണ്ടുവന്ന് ഇരുത്തി ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു.
 
'ഇനി ഇന്ന് അമ്മച്ഛന്‍ അവിടെ ബാല്‍ക്കണിയില്‍ പോയി നില്‍ക്കുന്നില്ല' ഞാന്‍ അമ്മച്ഛനോട് പറഞ്ഞു. 'വക്കാണ്ടയിലിപ്പോള്‍ രാത്രിയുമായി.'

മുന്‍പ് ആറു പ്രാവശ്യവും ചെയ്തപോലെ ഇപ്പോഴും അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഓര്‍മ്മയിലും മറവിയിലും മുങ്ങിത്താഴുന്ന പുഞ്ചിരി കുറച്ചു നിമിഷം കൂടി തുടര്‍ന്നു, പിന്നെ കുറച്ചു നിമിഷം ടെലിവിഷനിലേക്ക് നോക്കി വെറുതെ ഇരുന്നു, പിന്നെ അമ്മച്ഛന്‍ അതേപോലെ സോഫയില്‍ ടെലിവിഷനിലേക്കും നോക്കി ചെരിഞ്ഞുകിടന്നു. 

അമ്മച്ഛന് ആദ്യമായി 'വക്കാണ്ട' കാണിച്ചുകൊടുത്തത് ഞാനാണ്. അതു പക്ഷേ, അമേരിക്കന്‍ കോമിക് ബുക്കില്‍ ഉള്ളതായിരുന്നില്ല. ആഫ്രിക്കന്‍ രാജ്യവുമായിരുന്നില്ല. പകരം, ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചു ദൂരെയായി കാണാന്‍ കിട്ടുന്ന മരങ്ങളുടെ ഇരുട്ടും ഇരുട്ടിനെ ചുറ്റുന്ന പക്ഷികളും പക്ഷികളെ പെരുപ്പിക്കുന്ന അമ്പിളിയമ്മാവനും ഇവയ്‌ക്കൊക്കെയുമായി ഉള്ള ഒരേയൊരു മേഘവുമുള്ള രാജ്യമായിരുന്നു, അത്. അങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടേയും പ്രിയപ്പെട്ട രാജ്യം ഞങ്ങള് തന്നെ കണ്ടുപിടിച്ചത്. 

'വക്കാണ്ട ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യമാണ്' ഞാന്‍ അമ്മച്ഛനു പറഞ്ഞുകൊടുത്തിരുന്നു: 'അവിടെ കറുത്തവര്‍ മാത്രമാണ് താമസിക്കുന്നത്. അവരുടെ അതിശക്തനും ബുദ്ധിമാനും പ്രജാവത്സനുമായ രാജാവാണ് ടി ച്ചെല്ല. കറുത്ത് സുന്ദരനായ രാജാവ്, ബ്ലാക്ക് പാന്തര്‍.'

'ബ്ലാക്ക് പാന്തര്‍' അമ്മച്ഛനും ആ പേര് പറഞ്ഞു. 

ഇതിനും കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ടെലിവിഷനില്‍ 'ബ്ലാക്ക് പാന്തര്‍' കാണാന്‍ അമ്മച്ഛനെ ഞാന്‍ കൂടെ ഇരുത്തിയത്. തന്റെ തന്നെ ഓര്‍മ്മകളില്‍ അമ്മച്ഛന്‍ മുങ്ങിപ്പൊന്തുന്ന ദിവസങ്ങളിലെ ഒരു രാത്രി. ഞാനാകട്ടെ, ഇതിനിടെ ആ സിനിമ ഒരു പത്തു പ്രാവശ്യമെങ്കിലും കണ്ടിരുന്നു. ചിലപ്പോള്‍ ഞാന്‍ 'വക്കാണ്ട'യിലെ താമസക്കാരിപോലുമായിരുന്നു. 'വക്കാണ്ട'യിലെ ഓരോ കഥാപാത്രത്തേയും ഞാന്‍ അമ്മച്ഛനു പരിചയപ്പെടുത്തി. ആ രാജ്യത്തിലെ രാജാവിന്റെ അനിയത്തിയുടെ പേര് മാത്രം അമ്മച്ഛന്‍ ഓര്‍മ്മിച്ചു. ചിലപ്പോള്‍ എന്നെ ആ പേരില്‍ തെറ്റി വിളിച്ചു. പക്ഷേ, 'വക്കാണ്ട'യിലെ രാജാവായി അഭിനയിച്ച ചാദ് വിക് ബോസ്മാന്‍, എന്റെ പ്രിയപ്പെട്ട നടന്‍ ഇതിനിടയില്‍ മരിച്ചുപോയത് ഞാന്‍ അമ്മച്ഛനോടു പറഞ്ഞില്ല. അതിനു പകരം 'വക്കാണ്ട'യിലെ മനുഷ്യരേയും അവരുടെ നൃത്തത്തെപ്പറ്റിയും അവിടത്തെ മഹതികളായ വൃക്ഷങ്ങളെപ്പറ്റിയും അവരുടെ ടെക്‌നോളജിയെപ്പറ്റിയും ഉള്ളതും ഇല്ലാത്തതും ഉണ്ടാക്കി വാതോരാതെ ഞാന്‍ അമ്മച്ഛനോടു സംസാരിച്ചു. പക്ഷേ, അന്നും പിന്നെയും അമ്മച്ഛന്‍ ആ സിനിമ മുഴുവന്‍ കണ്ടില്ല. എന്നാല്‍, ഒരു സന്ധ്യയ്ക്ക്, അങ്ങനെ ബാല്‍ക്കണിയില്‍ അമ്മച്ഛനൊപ്പം നില്‍ക്കുമ്പോള്‍, ദൂരെ കാണാന്‍ കിട്ടുന്ന ചെറിയ കാട് പോലുള്ള സ്ഥലവും അതിനു നടുവില്‍ മാനത്തോളം ഉയര്‍ന്നുനില്‍ക്കുന്ന മരവും നോക്കി, 'ആ കാണുന്നതാണ് വക്കാണ്ട' എന്നു ഞാന്‍ അമ്മച്ഛനോട് പറഞ്ഞപ്പോള്‍ അമ്മച്ഛന്‍ കണ്ണിമവെട്ടാതെ കുറച്ചുനേരം അവിടേക്കുതന്നെ നോക്കിനിന്നു. ഭൂമിയില്‍ ഒരിക്കലും ഇല്ലാതിരുന്ന, എന്നാല്‍ ആറു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന, അഞ്ചു ഭാഷകള്‍ സംസാരിക്കാനറിയുന്ന, അവിടത്തെ ആളുകള്‍ക്കൊപ്പമായിരുന്നു ആ ദിവസങ്ങളില്‍ എന്റെയും പാര്‍പ്പ് എന്നതിനാല്‍ അപ്പോള്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന 'വക്കാണ്ട' എന്റെയും പ്രിയപ്പെട്ട രാജ്യമായി. ഇല്ലാത്ത ഒരു രാജ്യത്തിന്റെ ശരിക്കുമൊരു നിഴല്‍.

പിന്നെയുള്ള എല്ലാ സന്ധ്യകളിലും അങ്ങനെ അവിടേയ്ക്കുതന്നെ നോക്കിനില്‍ക്കുക ഞങ്ങളുടെ പതിവായി. അവിടെ പുതിയതായി പ്രത്യക്ഷപ്പെടുന്ന എന്തും ഞാന്‍ 'വക്കാണ്ട'യുടേതാക്കി. അമ്മച്ഛനും 'വക്കാണ്ട' ഇഷ്ടപ്പെട്ടു. എന്നാല്‍, ഇരുപത്തിയൊന്നാം നിലയിലുള്ള ഞങ്ങളുടെ ബാല്‍ക്കണിയില്‍, ഞാനറിയാതെ, അമ്മച്ഛന്‍ അങ്ങനെ ഒറ്റയ്ക്കു വന്നു നില്‍ക്കുന്നത് എന്നെ എപ്പോഴും പേടിപ്പിച്ചു. കാരണം, അമ്മച്ഛന്‍ ചിലപ്പോള്‍ അവിടെനിന്നും താഴേക്കാണ് നോക്കുന്നത്, ഭൂമിക്കടിയിലേക്ക് താണുതാണ് പോകുന്ന ഒരു കുഴിയാണ് കാണുന്നത്...

അതുപക്ഷേ, 'വക്കാണ്ട'യായിരുന്നില്ല. 

ഇന്നാകട്ടെ, ഇതിനൊക്കെ മുന്‍പ്, അമ്മച്ഛന്‍ എന്നോട് പറഞ്ഞത്, അമ്മച്ഛന്റെ പഴയ പൊലീസ് യൂണിഫോം എടുത്ത് കൊടുക്കാനാണ്. 

ആ സമയം എന്നെ, എന്റെ അമ്മയുടെ പേരാണ് അമ്മച്ഛന്‍ വിളിച്ചത്. 

അമ്മയുടെ മുറിയില്‍ പഴയ ചില രേഖകളും ഫോട്ടോ ആല്‍ബവും അമ്മയുടെ ആദ്യത്തെ വാച്ചും പഴയ വസ്ത്രങ്ങളും വെച്ചിരുന്ന പെട്ടിക്കടിയില്‍ അമ്മച്ഛന്റെ പൊലീസ് യൂണിഫോം അമ്മ ഭംഗിയായി മടക്കിവെച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. 

'എന്തിനാ അമ്മച്ഛാ ഇപ്പോള്‍ അതെടുക്കുന്നത്?' ഞാന്‍ അമ്മച്ഛനോട് ചോദിച്ചു. 

'സ്‌റ്റേഷനില്‍ പോവാനാണോ?' 

അതിനു മറുപടിയായി അമ്മച്ഛന്‍ എന്റെ നേരെ തന്റെ കൈകള്‍ രണ്ടും നീട്ടി. എന്നെത്തന്നെ നോക്കി വെറുതെ ഇരുന്നു. എണ്‍പത്തിയെട്ട് വയസ്സുള്ള അമ്മച്ഛന്റെ മെലിഞ്ഞതും ജര വന്നതും ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്നതും എപ്പോഴും വിറയ്ക്കുന്നതുമായ കൈകള്‍ ഞാന്‍ പതുക്കെ പിടിച്ചു താഴ്ത്തി. 'യൂണിഫോം അല്ലേ, ഇപ്പോള്‍ കൊണ്ടുവരാം' എന്നു പറഞ്ഞ് അതെടുക്കാനെന്ന ഭാവത്തില്‍ അമ്മയുടെ കിടപ്പുമുറിയിലേക്ക് പോയി. എനിക്കറിയാം, ആ നിമിഷം തന്നെ അങ്ങനെയൊരു യൂണിഫോം എടുക്കാതെ ഞാന്‍ തിരിച്ചുവന്നാലും, അമ്മച്ഛന്‍ താന്‍ ചോദിച്ചത് എന്താണെന്ന് ഇതിനകം മറന്നുകാണുമെന്ന്.

ജോലി സംബന്ധമായി മൂന്ന് ആഴ്ചത്തെ ട്രെയിനിംഗിനായി മറ്റൊരു പട്ടണത്തിലേക്ക് അമ്മ പോയ ദിവസം അമ്മച്ഛന്റെ കിടപ്പ് മുറിയിലേക്ക് ഞാനും എന്റെ കട്ടില്‍ മാറ്റി ഇട്ടിരുന്നു. മുറിയിലെ ജനലിനു താഴെ തെക്കോട്ട് തലവെച്ച് അമ്മച്ഛനും അതിനു നേരെ എതിരായി അന്നുമുതല്‍ ഞാനും കിടന്നു. വാസ്തവത്തില്‍, ഏതു രാത്രിയിലും പുറത്തേയ്ക്ക് നടക്കാനാഗ്രഹിക്കുന്ന അമ്മച്ഛന്റെ രാത്രി പൊലീസായി, അമ്മയ്ക്കു ശേഷം ഞാന്‍ മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമ്മച്ഛനടക്കം ഈ വീട്ടില്‍ രണ്ടു പൊലീസുകാരാണ് താമസിക്കുന്നത് എന്നു ഞാന്‍ അമ്മയോട് അന്നു രാത്രി കളിയും പറഞ്ഞിരുന്നു. 

'പുതിയ പൊലീസിനെയാണ് അമ്മച്ഛനു കൂടുതല്‍ ഇഷ്ടം' ഞാന്‍ അമ്മയോട് പറഞ്ഞു. 

'അതെനിക്കറിയാം' അമ്മ ചിരിച്ചു. 'എങ്കിലും സൂക്ഷിക്കണേ, മുന്തിയ പൊലീസായിരുന്നു ആള്‍. ഏതു രാത്രിയിലേക്കും ഒറ്റക്കിറങ്ങാന്‍ ഒരു മടിയും കാണിക്കില്ല.'

അമ്മച്ഛനെ നാട്ടിലെ ഞങ്ങളുടെ വീട്ടില്‍നിന്നും ഇവിടെ പട്ടണത്തിലെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന ദിവസം അമ്മ എന്നോട് അമ്മച്ഛന്റെ മുങ്ങിപ്പൊന്തുന്ന ഓര്‍മ്മയെപ്പറ്റിയാണ് ഏറെ സമയവും പറഞ്ഞത്. അതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അമ്മ പറഞ്ഞു. 

'അച്ഛന്‍ ഇപ്പോള്‍ പലപ്പോഴും തന്റെ ആ പഴയ കഥയിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ്. ചിലപ്പോള്‍ ഒരേയൊരു കഥയിലെ ജയില്‍പ്പുള്ളിയുടെ പിറകെയുള്ള ഓട്ടത്തിലുമാണ്. ചിലപ്പോള്‍ എനിക്കു സങ്കടം തോന്നും, വായില്‍ വിരലുകളിട്ട് വിസില്‍ വിളിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍.' 

അമ്മ പതുക്കെ കരയാന്‍ തുടങ്ങിയിരുന്നു. 

അല്ലെങ്കില്‍ ആ ദിവസം വരെയും അമ്മച്ഛന്‍ നാട്ടിലെ ഞങ്ങളുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അമ്മച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. അമ്മച്ഛനെ അവിടെനിന്നും കൂട്ടിക്കൊണ്ടുവരാന്‍ അമ്മയും ഞാനും പോയപ്പോള്‍ അവിടത്തെ അയല്‍ക്കാരോട് അമ്മ പറഞ്ഞതും അതാണ്.

'എല്ലാം ഓര്‍മ്മയുണ്ടായിരുന്ന സമയത്താണ് ഇങ്ങനെയൊരു തീരുമാനം അച്ഛന്‍ എടുത്തത്. ഞങ്ങള്‍ എതിരൊന്നും പറഞ്ഞില്ല. ഇപ്പോള്‍ അച്ഛന്‍ പതുക്കെ എല്ലാം മറക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് ഞങ്ങള്‍ കൂട്ടിക്കൊണ്ടുപോവുകയാണ്. ഇനി അച്ഛന്‍ ഞങ്ങളുടെ കൂടെ നില്‍ക്കട്ടെ.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പക്ഷേ, അമ്മച്ഛന്റെ മറവിയില്‍ അമ്മ പറഞ്ഞ ആ പഴയ കഥ പല വാമൊഴിയിലുമായി എപ്പോഴും പൊന്തിക്കിടന്നു. നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പത്തെ കഥയാണ് അത്. തന്നെ കൊല്ലാമായിരുന്നിട്ടും കൊല്ലാതെ, ജീവിതത്തിലേക്കുതന്നെ പറഞ്ഞുവിടുന്ന ഒരു യുവാവിനെപ്പറ്റിയുള്ള അമ്മച്ഛന്റെ ഓര്‍മ്മയാണ്, ആ കഥ. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് ആ യുവാവിനു തന്നെ ഇപ്പോള്‍ എഴുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു. അമ്മച്ഛന്‍ പക്ഷേ, മിക്ക ദിവസങ്ങളിലും എന്നപോലെ, നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പത്തെ ആ കഥയിലെ പൊലീസുകാരനായിത്തന്നെ വന്നുപെട്ടുകൊണ്ടുമിരുന്നു. 

അക്കാലത്തൊരിക്കല്‍, നേരം പുലരുന്നതിനും മുന്‍പ്, വളരെ ദൂരെയുള്ള വിചാരണ കോടതിയിലേക്ക് നാല് പൊലീസുകാര്‍ കൊണ്ടുപോയ മൂന്നു തടവുപുള്ളികളില്‍ രണ്ടു പേര്, പൊലീസ് പിടിയില്‍നിന്നും രക്ഷപ്പെടാന്‍ നടത്തിയ ഓട്ടത്തിന്റെ ഓര്‍മ്മയാണ്, അല്ലെങ്കില്‍, ഇപ്പോള്‍ എല്ലാ ദിവസവും എന്നപോലെ അമ്മച്ഛനെ സന്ദര്‍ശിക്കുന്നത്. ആ കഥയാകട്ടെ, ആദ്യം അമ്മയില്‍നിന്നും പിന്നെ എത്രയോ പ്രാവശ്യം അമ്മയില്‍നിന്നും അമ്മച്ഛനില്‍നിന്നും ഞാന്‍ കേട്ടതുമാണ്. ഒരുപക്ഷേ, എനിക്കത് എന്റെ തന്നെ വയസ്സുള്ള ഒരു കഥ പോലുമാണ്. ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ എന്നുമോര്‍ക്കാന്‍ ഒരു കഥയേ ഉള്ളൂ എന്ന മട്ടില്‍ അതേ കഥ ഞാനും ചിലപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. മാത്രമല്ല, അന്ന് അമ്മച്ഛനെ കൊല്ലാതെ വിട്ട ആ തടവുപുള്ളിയെ കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ടായിരുന്നു. ഞങ്ങള്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന അയാളെ, അന്നത്തെ ആ സമ്മേളനത്തിനു ശേഷം, ഞാന്‍ നേരിട്ടു പരിചയപ്പെടുകയായിരുന്നു.

അന്ന് അതേ കഥയുടെ മറ്റൊരു വരിയില്‍ ഞാനാണ് എത്തിയത് എന്നു പറയണം...

'സാറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും എനിക്കു നല്ല പരിചയമാണ്', ഞാന്‍ അമ്മച്ഛന്റെ കഥയിലെ തടവുപുള്ളിയോടു പറഞ്ഞു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ക്കും ഇടയില്‍ നില്‍ക്കുകയായിരുന്ന അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. നരച്ചതും ക്ഷീണവുമുള്ള മുഖത്ത് ഇപ്പോഴും ഒരു തടവുപുള്ളി അതേപോലെ കഴിയുന്നുണ്ടാവുമോ എന്ന് ഒരു വേള, ഞാന്‍ അത്ഭുതപ്പെട്ടു. അയാള്‍ പോവാന്‍ ഒരുങ്ങുകയായിരുന്നു, തന്റെ ചുമലിലെ കറുത്ത ക്യാന്‍വാസ് കൊണ്ടുള്ള ബാഗില്‍ ആരോ സമ്മാനിച്ച ഒരു പുസ്തകം എടുത്ത് വെയ്ക്കുകയായിരുന്നു, ഞാന്‍ കുറച്ചു കൂടി ധൃതിയില്‍ വീണ്ടും പറഞ്ഞു: 

'സാറിനെപ്പറ്റി എന്റെ അമ്മയും അമ്മയുടെ അച്ഛനും കുറെയേറെ പറഞ്ഞിട്ടുണ്ട്.' 

ഇപ്പോഴും അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. 

'ഇവിടെ പഠിക്കുകയാണോ?' അയാള്‍ ചോദിച്ചു. 

ഒരുപക്ഷേ, എന്തെങ്കിലും ചോദിക്കാമെന്നു കരുതിയാവണം അങ്ങനെ ചോദിച്ചത് എന്നു ഞാന്‍ വിചാരിച്ചു. ആ സമയം അയാള്‍ക്ക് ഞാന്‍ എന്നെ പരിചയപ്പെടുത്തി: 

'സാര്‍ നക്‌സലൈറ്റ് വിപ്ലവകാരിയായിരുന്ന കാലത്ത് ഒരിക്കല്‍ കൊല്ലാതെ വിട്ട ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രന്‍ തമ്പിയുടെ മകളുടെ മകളാണ് ഞാന്‍.'

എന്നെ കേട്ടുകൊണ്ട് നില്‍ക്കേ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നു. 

അയാളും ഇപ്പോള്‍ അതേ കഥയുടെ വേറൊരു വാമൊഴിയില്‍ എത്തിയിരിക്കുന്നു എന്നു ഞാന്‍ വിചാരിച്ചു. അടുത്ത നിമിഷം, എന്റെ പേര് എന്താണെന്നോ എവിടെയാണ് വീടെന്നോ എന്താണ് പഠിക്കുന്നത് എന്നോ ചോദിക്കുമെന്നു ഞാന്‍ വിചാരിച്ചു. എങ്കില്‍, അതിനൊക്കെ മറുപടി പറഞ്ഞുകൊണ്ട്, അതേ കഥയുടെ മറ്റൊരോര്‍മ്മ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍, പക്ഷേ, എന്നെ നോക്കി വീണ്ടും ഒന്നുകൂടി പുഞ്ചിരിക്കുക മാത്രം ചെയ്തു. അവിടെനിന്നും പോകാനായി, തിരിഞ്ഞുനിന്ന് ചുറ്റും ഉണ്ടായിരുന്ന ചിലരോട് യാത്ര പറയാന്‍ തുടങ്ങി. ഞാന്‍ കേട്ട കഥയിലെ ആളേ അല്ല എന്നു തോന്നിക്കുന്നപോലെ. അല്ലെങ്കില്‍ അയാളുടെ തന്നെ മറ്റൊരു ജന്മത്തിലെ ആരെയോ ആണ് ഞാന്‍ അയാളെ ഓര്‍മ്മിപ്പിച്ചത് എന്നപോലെ. എന്നാല്‍, ഹാളില്‍നിന്നും ഇറങ്ങുന്നതിനു തൊട്ടു മുന്‍പ്, ചുറ്റുമുള്ള ആളുകളുടെ ഇടയില്‍നിന്ന്, അയാള്‍ എന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കി, 'അമ്മച്ഛനോട് ഞാന്‍ അന്വേഷിച്ചതായി പറയണം' എന്നു പറഞ്ഞു. ഇപ്പോഴും അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നെ നോക്കി ചെറുതായി കൈ വീശി. അറിയാതെ, രണ്ടോ മൂന്നോ അടി ഞാന്‍ മുമ്പോട്ട് ചെന്നു.

ഞങ്ങള്‍ മൂന്നു പേരുള്ള ഈ ഫ്‌ലാറ്റില്‍നിന്ന് അമ്മ മറ്റൊരു പട്ടണത്തിലേക്ക് പോയ ദിവസം രാത്രി അമ്മച്ഛനും ഞാനും മാത്രമായപ്പോള്‍ ഞാനീ തടവുചാട്ടത്തിന്റെ കഥ, ഒരു കഥപോലെ തന്നെ, വീണ്ടും ഓര്‍ത്തു. ഏതോ ഒരു നാട്ടുമ്പുറത്തെ ചരല്‍നിലത്ത്, തന്റെ നെഞ്ചത്ത് കയറി ഇരുന്നുകൊണ്ട്, എല്ലാ ശക്തിയുമുപയോഗിച്ച് കഴുത്തില്‍ കൈകള്‍ അമര്‍ത്തി തന്നെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന യുവാവിനെ, അന്ന് നിലാവില്‍ അമ്മച്ഛന്‍ കണ്ടതുപോലെ കാണാന്‍, ഇപ്പോള്‍ ഞാനും കണ്ണുകള്‍ തുറിച്ചുവെച്ചു. അതിനും മുന്‍പുണ്ടായ തടവുപുള്ളിയുടേയും പൊലീസിന്റേയും ഒരാള്‍ക്ക് പിറകെ ഒരാള്‍ എന്ന ഓട്ടം കണ്ടു. ചുറ്റുമുള്ള ഇരുട്ടിലും വിജനതയിലും വീണുചിതറുന്ന വിസില്‍ വിളികള്‍ കേട്ടു. ഒടുവില്‍, അതേ മല്‍പ്പിടുത്തത്തില്‍, ഒരു പൊലീസുകാരനെ കൊല്ലാനായി തനിക്കു കിട്ടിയ നിയോഗം ഉപേക്ഷിച്ച് താന്‍ കീഴടങ്ങുകയാണ് എന്ന് അതേ പൊലീസുകാരനോട് പറയുന്ന യുവാവിനെ, അമ്മയും അമ്മച്ഛനും പലതവണ പറഞ്ഞുകേട്ട്, കേട്ടുകേട്ടു തിളങ്ങുന്ന അതേ നിലവില്‍, ഇപ്പോള്‍ ഞാനും കണ്ടു... ഇതേ കഥയാണല്ലോ, ഇപ്പോള്‍ നീണ്ടുനില്‍ക്കുന്ന ഒരു ദുഃസ്വപ്നമായി, ഒരുപക്ഷെ, മരണഭയം തന്നെയായി അമ്മച്ഛനെ മറവികളുടെ കാലത്തും വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നത് എന്നോര്‍ത്തു. തൊട്ടുപിറകെ, ഞങ്ങള്‍ മൂന്നു പേരുടെ കൂടെ ഇപ്പോഴും അമ്മച്ഛന്‍ ഉണ്ടല്ലോ എന്ന സന്തോഷം കൊണ്ടോ അതോ അമ്മ ഇവിടെനിന്നും താമസം മാറ്റിയതുപോലും അമ്മച്ഛന്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് ഓര്‍ത്തതുകൊണ്ടോ ആ സമയം എനിക്കു കരച്ചിലാണ് വന്നത്. അമ്മച്ഛനെ കാണാന്‍ ഞാന്‍ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ, അതേ ദുഃസ്വപ്നത്തില്‍നിന്നും രക്ഷപ്പെടാനാകും, കട്ടിലിന്റെ അടിയില്‍നിന്നും വലിച്ചെടുത്ത പെട്ടി നിലത്ത് തുറന്നുവെച്ച്, വായില്‍ വിരലുകളിട്ട് വിസില്‍ വിളിക്കാന്‍ മറന്നതുപോലെ ഇരിക്കുന്ന അമ്മച്ഛനെ കണ്ടു.
ഇപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. 

ഇന്നു സന്ധ്യയ്ക്ക് അമ്മച്ഛനൊപ്പം ബാല്‍ക്കണിയില്‍ ചെന്നുനിന്ന് ഞങ്ങളുടെ രണ്ടു പേരുടേയും സ്വന്തം 'വക്കാണ്ട'യിലെ കാട്ടിലെ ഏറ്റവും ഉയരമുള്ള വൃക്ഷം കണ്ട്, അതിനു ചുറ്റുമുള്ള മഞ്ഞനിറമുള്ള മാനത്തുനിന്നും പുറത്തെ വെളുപ്പിലേക്ക് പറന്നുപോകുന്ന പക്ഷികളെ കണ്ട്, അമ്മച്ഛനെ ഇരിപ്പുമുറിയിലെ സോഫയില്‍ കൊണ്ടുവന്നിരുത്തുമ്പോള്‍, ഇപ്പോള്‍ പാതി ഗൗരവത്തോടേയും പാതി തമാശയായിട്ടും ഞാന്‍ പറഞ്ഞു: 

'ഇന്ന് ഏഴാമത്തെ തവണയാണ് അമ്മച്ഛന്‍ ഞാനറിയാതെ അവിടെ ബാല്‍ക്കണിയില്‍ പോയി നിന്നത്. അമ്മച്ഛന്‍ കേട്ടോളൂ. ഇനി അമ്മച്ഛനെ ഞാന്‍ അവിടെനിന്നും പിടിച്ചു കൊണ്ടുവരില്ല. അമ്മച്ഛന് എന്താണ് ചെയ്യാന്‍ തോന്നുന്നത് അത് അമ്മച്ഛന്‍ ചെയ്‌തോളൂ. ബാല്‍ക്കണിയില്‍നിന്ന് വക്കാണ്ടയിലേക്ക് പറക്കാനാണ് തോന്നുന്നതെങ്കില്‍ അതും ചെയ്‌തോളൂ. എനിക്കു വയ്യ അമ്മച്ഛന്റെ പിന്നാലെ ഇങ്ങനെ നടക്കാന്‍...'

ഇപ്പോള്‍ അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതുക്കെ തല താഴ്ത്തിയപ്പോള്‍, ഒരിക്കല്‍ അമ്മച്ഛനെ കൊല്ലാതെ വിട്ട യുവാവിനെ അയാളുടെ വാര്‍ദ്ധക്യത്തില്‍ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ നേരിട്ട അതേ പുഞ്ചിരി എനിക്കു വീണ്ടും ഓര്‍മ്മവന്നു: ഒരേ ഓര്‍മ്മ കനമുരുക്കുന്ന രണ്ടാളുകളുടെ ഒരൊറ്റ പുഞ്ചിരി. ഞാന്‍ വിചാരിച്ചു, അതായിരിക്കും ഇപ്പോള്‍ ഞാന്‍ കാണുന്നത്. എങ്കില്‍ അതൊന്നുകൂടി ഉറപ്പാക്കാന്‍ ഞാന്‍ അമ്മച്ഛന്റെ മുന്‍പില്‍ എന്റെ മുട്ടുകാലില്‍ ഇരുന്നു. പിന്നെ അമ്മച്ഛന്റെ തല പതുക്കെ ഉയര്‍ത്തി. 
കണ്ണുകള്‍ രണ്ടും മുറുക്കെ അടച്ചുപിടിച്ച അമ്മച്ഛന്റെ മുഖം ഇപ്പോള്‍ എന്നെ കൂടുതല്‍ സങ്കടപ്പെടുത്തി. 

'അമ്മച്ഛന്‍ കണ്ണ് തുറന്നേ, പ്ലീസ്', ഞാന്‍ പറഞ്ഞു: 'ഞാന്‍ അതൊക്കെ വെറുതെ പറഞ്ഞതല്ലേ. നമ്മുക്ക് അവിടെ ബാല്‍ക്കണിയില്‍ ചെന്നു നില്‍ക്കാം. വക്കാണ്ടയില്‍ ഈ രാത്രി മുതല്‍ ഷൂരിയാണ് രാജ്ഞി. ബ്ലാക്ക് പാന്തറിന്റെ അനിയത്തിയാണ് ഷൂരി. അമ്മച്ഛന് അവളെ അറിയാം. ചിലപ്പോള്‍ അമ്മച്ഛന്‍ ആ പേരാണ് എന്നെ വിളിക്കാറ്. ഓര്‍മ്മയില്ലേ. എഴുന്നേല്‍ക്ക്. അമ്മച്ഛന് അവളെ കാണണ്ടേ...'

അമ്മച്ഛന്റെ പൂട്ടിവെച്ച കണ്ണുകള്‍ക്കുള്ളില്‍ പീളക്കലര്‍പ്പുള്ള കൃഷ്ണമണികള്‍ പതുക്കെ ഇളകുമ്പോള്‍, ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചു ദൂരെയായി കാണാന്‍ കിട്ടുന്ന മരങ്ങളുടെ ഇരുട്ടും ഇരുട്ടിനെ ചുറ്റുന്ന പക്ഷികളും പക്ഷികളെ പെരുപ്പിക്കുന്ന അമ്പിളിയമ്മാവനും ഇവയ്‌ക്കൊക്കെയുമായി ഉള്ള ഒരേയൊരു മേഘവുമുള്ള രാജ്യം, ഞങ്ങളുടെ രണ്ടു പേരുടേയും വക്കാണ്ട, ഞാന്‍ കാണാന്‍ തുടങ്ങിയിരുന്നു. അതിനു പശ്ചാത്തലമായി, ആ സിനിമയില്‍ എന്നപോലെ ഒരാരവം തന്നെ കേള്‍ക്കുന്നതായും തോന്നാന്‍ തുടങ്ങിയിരുന്നു.

പിന്നെയും കുറച്ചു നേരംകൂടി അമ്മച്ഛന്‍ കണ്ണുകള്‍ തുറക്കുന്നതും കാത്ത് ഞാന്‍ അങ്ങനെ അവിടെത്തന്നെ ഇരുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com