'അര്‍പ്പുതമേരീദാസ്'- അനില്‍ ദേവസ്സി എഴുതിയ കഥ

ഗലീലി ദ്വീപിലേക്കുള്ള ചതുപ്പുവഴിയിലൂടെ ഞങ്ങള്‍ ദാസനെ പിന്തുടര്‍ന്നു. സമയം സന്ധ്യ പിരിയുന്നതേയുള്ളൂ 
'അര്‍പ്പുതമേരീദാസ്'- അനില്‍ ദേവസ്സി എഴുതിയ കഥ

ലീലി ദ്വീപിലേക്കുള്ള ചതുപ്പുവഴിയിലൂടെ ഞങ്ങള്‍ ദാസനെ പിന്തുടര്‍ന്നു. സമയം സന്ധ്യ പിരിയുന്നതേയുള്ളൂ. വഴിവിളക്കുകള്‍ ചൊരിയുന്ന വിളറിയ മഞ്ഞനിറത്തിനു കീഴെ കൃത്യമായ നിഴലകലവും ശബ്ദക്രമീകരണവും പാലിച്ചാണ് ഞങ്ങളുടെ നടപ്പ്. കാര്യമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ ആകാശപ്പാതയില്‍ ഒരു നക്ഷത്രവും ഞങ്ങള്‍ക്കൊപ്പം മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു...

'ഭൂമീടെ അറ്റം കാണോ നമ്മള്‍?' 

വഴിയോരത്ത് ഉണങ്ങിനില്‍ക്കുന്ന കുറ്റിച്ചെടിയുടെ വേരില്‍ ചെരിപ്പിലെ ചെളി തട്ടിക്കുടഞ്ഞ് കുട്ടിസാര്‍ ആത്മഗതമെന്നോണം പറഞ്ഞു.

'വാ... നോക്കാം.' ഞാനും നക്ഷത്രവും നടത്തം തുടര്‍ന്നു. കുട്ടിസാര്‍ കിതച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പം എത്തി. 

ദൂരെ, കായലും ആകാശവും കെട്ടിപ്പുണരുന്ന ബിന്ദുവില്‍നിന്നും ഒരു സ്ത്രീയുടെ കൂവല്‍ മുഴങ്ങിക്കേട്ടു. 

വലതുവശത്തേക്ക് ഇടിഞ്ഞുതൂങ്ങിയ ചുമലും കുലുക്കിക്കൊണ്ട് നടക്കുന്ന ദാസന്റെ ലക്ഷ്യസ്ഥാനം ആ കര തന്നെയെന്ന് ഞാന്‍ ഊഹിച്ചു. ശ്രദ്ധ മുഴുവന്‍ അവനില്‍ പതിപ്പിച്ചതുകൊണ്ടാകണം പോകെപ്പോകെ ഭൂമിക്കല്പം ചെരിവുള്ളതുപോലെ അനുഭവപ്പെട്ടു.

ഉച്ചമുതല്‍ ഞങ്ങള്‍ ദാസന്റെ പിറകെയാണ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയൊന്നുമായിരുന്നില്ല. പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഓഫീസില്‍ ചാര്‍ജ്ജെടുത്തതു മുതല്‍ അവനെന്റെ നിരീക്ഷണവലയത്തിലുണ്ട്.

ബെല്‍ഗാം ഏരിയയിലെ, നഷ്ടത്തിലോടിക്കൊണ്ടിരുന്ന പതിനഞ്ചോളം ബ്രാഞ്ചുകളെ ഒറ്റവര്‍ഷംകൊണ്ടാണ് ഞാന്‍ ലാഭത്തിലാക്കിയെടുത്തത്. ഇന്‍ഷുറന്‍സ് കമ്പനികളൊക്കെ ഒരറ്റത്തുനിന്നും പൂട്ടിക്കെട്ടിക്കൊണ്ടിരിക്കുന്ന കാലമാണെന്നു ഓര്‍ക്കണം. പിന്നാലെ കൊച്ചിയില്‍നിന്നും കുട്ടിസാറിന്റെ വിളിവന്നു. 

ഒറ്റക്കാര്യം മാത്രമെ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ കഴിയണം. സമ്മതം മൂളിയ കുട്ടിസാര്‍ തന്നെ എന്റെ ആദ്യ നടപടിയെ എതിര്‍ത്തു.

സെയില്‍സില്‍ പെര്‍ഫോമന്‍സ് ചെയ്യാത്തവരെ ജോലിയില്‍നിന്നും പിരിച്ചുവിടാനുള്ള കടലാസ് തയ്യാറാക്കി കുട്ടിസാറിനെ ഏല്പിച്ചുകൊണ്ടാണ് കൊച്ചിയിലെ എന്റെ ദൗത്യം ആരംഭിച്ചത്. കൂട്ടത്തില്‍, പുരാവസ്തുക്കളെന്നു തോന്നിപ്പിച്ച ചിലരുടെ പേരും എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. അതിലൊന്ന് ദാസനായിരുന്നു.

പുതിയ വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി രണ്ടുദിവസം ലീവെടുത്ത്, മൂന്നാംദിവസം ഓഫീസില്‍ ചെന്നുകേറുമ്പോള്‍ കാണുന്ന കാഴ്ച, ദാസന്‍ അവന്റെ സീറ്റിലിരുന്ന് മൂക്കിലെ രോമം പിടിച്ചുവലിച്ച് രസിക്കുന്നതാണ്. 

നീയെന്താ ഇവിടെ എന്ന ചോദ്യത്തിനു നോട്ടംകൊണ്ടുപോലും പ്രതികരണമില്ല.
 
'അവന്‍ അവിടെ ഇരുന്നോട്ടെടോ', ഒറ്റവാക്കില്‍ കുട്ടിസാര്‍ രംഗം ശാന്തമാക്കി.

എങ്കില്‍ മറ്റുള്ളവരെയും തിരിച്ചുവിളിക്കണമെന്ന് ഞാന്‍ വാശിപിടിച്ചു.

'അതൊരു സ്‌പെഷ്യല്‍ കേസാ പ്രകാശേ...' കുട്ടിസാര്‍ വിശദീകരിച്ചു: 'ബേബിക്കുഞ്ഞ് കമ്പനി ഏറ്റെടുത്ത കാലം മുതല്‍ ദാസന്‍ ഇവിടെയുണ്ട്. അവന്റെ കയ്യില്‍ കിടന്നല്ലേ തരകന്‍ സാറും ഭാര്യയും പോയത്. 
ഓശാനപ്പെരുന്നാളിന്റെയന്ന് കായല്‍പ്പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പോയതാണ് തരകന്‍സ് ഫാമിലി. നിലയില്ലാക്കയത്തില്‍ വെച്ച് ബോട്ട് മറിഞ്ഞു. ചെറുവള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ ദാസന്‍ രക്ഷകനായെന്നാണ് കഥ. പക്ഷേ, ബേബിക്കുഞ്ഞൊഴികെ മറ്റാരും ജീവിതത്തിലേക്കു മടങ്ങിവന്നില്ല.'

'ഓഹ്! ജീവന്‍ രക്ഷിച്ചതിന്റെ കടപ്പാട്, അല്ലേ?' ഞാന്‍ ചോദിച്ചു. 

കുട്ടിസാര്‍ മറുപടിയൊന്നും പറഞ്ഞില്ല. 

'ബിസിനസില്‍ സെന്റിമെന്‍സ് ഇന്‍വെസ്റ്റ് ചെയ്യരുതെന്നാണ് എന്റെ പക്ഷം. എന്താന്നോ? കഥയോ നോവലോ അല്ല നമ്മള്‍ എഴുതിയുണ്ടാക്കിയിരിക്കുന്നത്; കമ്പനി നിയമങ്ങളാണ്.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സംഗതി ശരിയാണെന്ന മട്ടില്‍ കുട്ടിസാര്‍ തലകുലുക്കിയെങ്കിലും ദാസന്‍ അവന്റെ ഇരിപ്പ് തുടര്‍ന്നു. 

അഞ്ചാറുമാസംകൊണ്ട് കൊച്ചി റീജിയണെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാമെന്നുള്ള എന്റെ ആത്മവിശ്വാസത്തിനു കോട്ടംതട്ടി.

'എന്തു ചെയ്തിട്ടും ഒരു രക്ഷേമില്ലലോ പ്രകാശേ?' ബോര്‍ഡു മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പാടെ കുട്ടിസാര്‍ കുറ്റപ്പെടുത്തുന്നതുപോലെ പറഞ്ഞു.

'എങ്ങനെ ഗതിപിടിക്കാനാണ്. ചില കരടുകളിപ്പോഴും ബാക്കിയല്ലേ.' ദാസന്റെ ഇരിപ്പിടത്തിലേക്കു തലവെട്ടിച്ച് ഞാന്‍ ചോദിച്ചു: 'സത്യത്തില്‍ ഇവിടെ ആര്‍ക്കാണ് പവര്‍. സാറിനോ അതോ ദാസനോ?'

അതുതന്നെ ഓര്‍ത്തും പറഞ്ഞും കുട്ടിസാറിന്റെ മനസ്സിലും അവനൊരു അതൃപ്തിയായി വളര്‍ന്നു.

'ഒരു കാര്യം ചെയ്യാം.' കുട്ടിസാര്‍ പറഞ്ഞു: 'എല്ലാവരും ആളെപ്പിടിക്കാനിറങ്ങട്ടെ. മൂന്നുമാസം സമയം കൊടുക്കാം. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്തവരെ മുഖം നോക്കാതെ നമുക്ക് പിരിച്ചുവിടാം.'

പക്ഷേ, ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് ദാസന്‍ ബിസിനസ്സ് കൊണ്ടുവന്നു. മനുഷ്യന്മാരോട് നേരാവണ്ണം പെരുമാറാനറിയാത്ത, മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമില്ലാത്ത അവന്‍ പത്തും പതിനഞ്ചും ലക്ഷത്തിന്റെ പോളിസികള്‍ പിടിക്കുന്നതും നോക്കി എല്ലാവരും അതിശയപ്പെട്ടു.

'എടോ പ്രകാശേ, തനിക്കുപകരം ഇവനെപ്പിടിച്ച് റീജിയണ്‍ ഹെഡ് ആക്കേണ്ടിവരോ?' കള്ളുകുടി സഭയില്‍വെച്ച് കുട്ടിസാര്‍ പരസ്യമായി തമാശിച്ചു. പ്രായത്തെ മാനിച്ച് ഞാനന്ന് മൗനം നടിച്ചു.

'എനിക്കു തോന്നുന്നത് ഇവന്‍ കൂടോത്രത്തിന്റെ ആളാണെന്നാണ്.' ദാസനെ കുട്ടിച്ചാത്തനോട് ഉപമിച്ച് കുട്ടിസാര്‍ പൊട്ടിച്ചിരിച്ചു.

'ശ്... ഒന്ന് പതുക്കെ.' ഞാന്‍ ഓര്‍മ്മിപ്പിച്ചു. 

സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ കുട്ടിസാര്‍ തലയില്‍ കൈവെച്ച്, മുഖത്ത് അയ്യോ ഭാവം വരച്ചു.

ഇടയ്‌ക്കെപ്പഴോ ദാസന്റെയൊപ്പം കൂടിയ തെരുവുപട്ടികളില്‍ ഒരെണ്ണം നടത്തം നിര്‍ത്തി തിരിഞ്ഞുനോക്കി. ഞങ്ങള്‍, വേലിപ്പത്തലുകള്‍ക്കിടയിലേക്ക് വലിഞ്ഞു. നിലാവിന്റെ ഒരു കീറ് അങ്ങോട്ടെക്കെത്തി നോക്കി നിശബ്ദം കടന്നുപോയി.

'പുരാവസ്തു സൂക്ഷിപ്പുകാര്‍ക്ക് കൈമാറേണ്ട ഐറ്റമാണ്' ഞാന്‍ പറഞ്ഞു. 

മിന്നാമിന്നിക്കൂട്ടം മയിലാഞ്ചിക്കാടുകളുടെ മീതെ നക്ഷത്രം വരക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നു കുട്ടിസാര്‍.

എന്ത് ജീവിതാല്ലേ? ഞാന്‍ പിറുപിറുത്തു.

ഒരു ലക്ഷ്യബോധവുമില്ല. പകലാകുന്നു. രാത്രിയാകുന്നു. വീണ്ടും പകലാകുന്നു രാത്രിയാകുന്നു. അത്രതന്നെ, ദാസന്റെ ജീവിതം. 

കണ്ടിടത്തോളം അവന് ഒന്നിനോടും താല്പര്യമില്ല. മൂടുകീറിയ ബാഗും താങ്ങിപ്പിടിച്ച് അതിരാവിലെ തന്നെ ഓഫീസിലെത്തും. സീറ്റില്‍ ചെന്നിരുന്ന് മേശയിലാകെ ഫയലുകള്‍ നിരത്തും. ഇടംവലം നോക്കില്ല. കട്ടിക്കണ്ണടക്കിടയിലൂടെ, തന്റെ മുന്നില്‍ കിടക്കുന്ന ഫയലുകളില്‍ മാത്രം ശ്രദ്ധചെലുത്തും. കൂടെക്കൂടെ തല ചൊറിയും. പേനയുടെ മൂടി കടിച്ചുതിന്നും. മൂക്കിന്‍ തുമ്പിലേക്കു ഇഴഞ്ഞിറങ്ങുന്ന കണ്ണട ഇടക്കിടെ ഊരിയെടുത്ത് ഷര്‍ട്ടിന്റെ തുമ്പുകൊണ്ട് തുടച്ചുമിനുക്കും. 

ഉച്ചത്തില്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യും. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകമാംവിധം മൂക്ക് ചീറ്റും. വൃഷണസഞ്ചിയില്‍ പിടിച്ച് ചൊറിയും. 

ഒന്നിനും ഒരു മാനേര്‍സുമില്ലെന്നു മാത്രമല്ല, ആരെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചാല്‍ നോട്ടംകൊണ്ടുപോലും കേള്‍ക്കാന്‍ തയ്യാറാകില്ല.

ടിയാന് ഒരു ഗ്രൂപ്പിലും അംഗത്വമില്ല. ആരോടും കൂട്ടുകൂടുന്നതു കണ്ടിട്ടില്ല. ചായകുടിക്കാനോ ഊണുകഴിക്കാനോ സിഗററ്റു വലിക്കാനോ പുറത്തേക്കു പോകുന്ന പതിവുമില്ല.

'സ്ത്രീ വിഷയത്തിലും താല്പര്യമില്ലെന്നു തോന്നുന്നു' കുട്ടിസാര്‍ കൂട്ടിച്ചേര്‍ത്തു .

'നേരാ.' ഞാന്‍ അടിവരയിട്ടു: 'റിസപ്ഷനില്‍ ഇരിക്കുന്ന ആ കുട്ടിയില്ലേ, വെറോനിക്ക, അവളെപ്പറ്റി എന്തൊക്കെ പിന്നാമ്പുറക്കഥകളാണ് ഓരോരുത്തരും പറഞ്ഞുനടക്കുന്നത്. ഈ പൊട്ടന് മാത്രം ഒന്നും പറയാനില്ല.' 

'പ്രത്യേക ജന്മമാ. വയസ്സ് നാല്‍പ്പത്തിയഞ്ചിനുമേലെ കാണും. പക്ഷേ, കണ്ടാല്‍ പറയോ?' കുട്ടിസാര്‍ പൂരിപ്പിച്ചു: 'കൈ കുലുക്കി പണിയെങ്കിലും..? ഹാ കഷ്ടം!'

ഞാന്‍ ചിരിച്ചു: 'അതുമില്ലെന്നു തോന്നുന്നു. കണ്ടില്ലേ, അവനിപ്പോ ഇട്ടിരിക്കുന്ന ആ ഷര്‍ട്ടും പാന്റും. വന്ന അന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. അതുതന്നെയാണ് അവന്റെ സ്ഥിരം വേഷം. കുളിയും നനയും കാണില്ല. തീര്‍ച്ച. ഒരു മനുഷ്യനു ഇത്രേം പഴഞ്ചനാകാന്‍ കഴിയുമോ? അറ്റ്‌ലീസ്റ്റ് അവനവനോടെങ്കിലും ഒരിഷ്ടം തോന്നില്ലേ? ഉള്ളത് പറയാലോ, നമ്മള്‍ എത്ര പണിയെടുത്തിട്ടും ഒരു കാര്യോമില്ല. ഇവനെപ്പോലൊരുത്തന്‍ പോരെ ശകുനപ്പിഴയായിട്ട്. നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമാണ് കക്ഷി.'

ഞാന്‍ പറഞ്ഞതിനോടു നീതിപുലര്‍ത്താനെന്നോണം നിലാവ് വാര്‍ന്നുപോവുകയും ആകാശം ഇരുണ്ടുകൂടുകയും ചെയ്തു. 

അവ്യക്തമായി കേട്ടിരുന്ന സ്ത്രീയുടെ ഓളിയിടലിന് ഇപ്പോള്‍ കുറച്ചു വ്യക്തത വന്നിട്ടുണ്ട്. അവര്‍, യേശുവേ യേശുവേ... എന്നു വിളിച്ച് അലമുറയിടുകയാണ്.

'ആരായിരിക്കും ആ സ്ത്രീ?' ഞാന്‍ ചോദിച്ചു.

'ആരെങ്കിലുമാകട്ടെ. താന്‍ നമ്മുടെ പ്ലാന്‍ പറ.' കുട്ടിസാര്‍ തളര്‍ച്ചയോടെ പറഞ്ഞു.

അങ്ങനെ പ്രത്യേകിച്ചു പ്ലാനൊന്നുമില്ലായിരുന്നു. ദാസനെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢത കണ്ടെത്തണമെന്ന് കുറെയായി വിചാരിക്കുന്നു. അവന്‍ എവിടെനിന്നു വരുന്നു. എങ്ങോട്ട് പോകുന്നു. അവന് ആരൊക്കെയുണ്ട്. ഒരു പുരോഗതിയുമില്ലാത്ത ജീവിതംകൊണ്ട് എന്താണ് അവന്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ അറിയാനുള്ള കേവല കൗതുകം മാത്രമായിരുന്നു തുടക്കത്തില്‍.

അവിചാരിതമായിട്ട് ഇന്നേദിവസം അതിനൊരു സന്ദര്‍ഭം ഒത്തുവന്നു; ബേബിസാറിന്റെ ഭാര്യാമാതാവിന്റെ മരണം.

പന്ത്രണ്ടുമണിക്കാണ് ശവമടപ്പ്. അങ്കമാലിപ്പള്ളിയിലാണ് ചടങ്ങുകള്‍. കൊച്ചിയില്‍നിന്നുമുള്ള സ്റ്റാഫുകള്‍ക്ക് വന്നുപോകുന്നതിനുവേണ്ടി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ദാസനും അതില്‍ കേറുന്നത് കണ്ടതാണ്. പക്ഷേ, ബസ് അങ്കമാലിയിലെത്തിയപ്പോള്‍ ആള് മിസ്സിങ്.

'അയാള് പറവൂര്‍ കവലയിലിറങ്ങി' ബസ് ഡ്രൈവര്‍ പറഞ്ഞു. 

ഓരോരോ തിരക്കുകള്‍ കാരണം ഞങ്ങള്‍ അതിന്റെ പിന്നാലെ പോയില്ല. പള്ളിയിലെ പരിപാടികളൊക്കെ കഴിഞ്ഞ് ബേബിസാറിന്റെയൊപ്പം അദ്ദേഹത്തിന്റെ ഭാര്യാവീട്ടിലേക്ക് ഞങ്ങളും ചെന്നു. പറവൂര്‍ കവലയില്‍നിന്നും കുറച്ച് ഉള്ളിലോട്ടു മാറിയാണ് ആ വീട്. ഒരു മരണവീടിന്റെ ഭാവമൊന്നും അതിനില്ലായിരുന്നു. എന്നാല്‍, ആത്മാവ് പണ്ടേ നഷ്ടപ്പെട്ട വീടായി തോന്നുകയും ചെയ്തു.

ഞങ്ങള്‍ അങ്ങോട്ടേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച ബേബിസാറിന്റെ അമ്മായിയപ്പനും ദാസനും കൂടി ഉമ്മറത്തെ തിണ്ണയിലിരുന്ന് ചീട്ടുകളിക്കുന്നതാണ്. ഞങ്ങളെ കണ്ട ഭാവമൊന്നും കാണിക്കാതെ അവര്‍ കളിതുടര്‍ന്നു.

'ഇവനെന്താ ഇവിടെ?' ഞാന്‍ ബേബിസാറിനോടു ചോദിച്ചു.

'ഇവനല്ലേ പപ്പയുടെ കമ്പനിക്കാരന്‍.' ബേബി സാര്‍ ശബ്ദം താഴ്ത്തി കൂട്ടിച്ചേര്‍ത്തു: 'പപ്പയ്ക്ക് ഓര്‍മ്മപ്പിശക് നല്ലോണം ഉണ്ട്. പക്ഷേ, ഇവനെ ഏതു പാതിരാത്രിക്ക് കണ്ടാലും തിരിച്ചറിയും.'

ചായകുടിച്ച് പിരിയാന്‍ നേരം ദാസനെ അവിടെയെങ്ങും കണ്ടില്ല. ബേബിസാറിന്റെ പപ്പ, ഇരുന്നേടത്തുതന്നെയിരുന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

'ദേ... ദാസന്‍.' പറവൂര്‍ കവല എത്തുന്നതിനു മുന്‍പുള്ള വളവില്‍വെച്ച് കുട്ടിസാര്‍ ദാസനെ കാട്ടിത്തന്നു. 
സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് ഒരാള്‍ വാതോരാതെ പ്രസംഗിക്കുകയാണ്. കേള്‍വിക്കാരനായി ദാസന്‍ മാത്രം. ആര് ആരെയാണ് ശ്രവിക്കുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. തൊട്ടടുത്തുള്ള മരുന്നുകടയുടെ മുന്‍പിലേക്ക് ഞാന്‍ കാര്‍ ഒതുക്കിനിര്‍ത്തി.

'നിനക്കും സ്വര്‍ഗ്ഗത്തില്‍ പോണോ പ്രകാശേ?' കുട്ടിസാര്‍ അല്പം മുഷിച്ചിലോടെ ചോദിച്ചു.

'നില്ല്.' ഞാന്‍ പറഞ്ഞു: 'ഇവനെ ഇന്നത്തോടെ പൂട്ടണം.'

മനസ്സില്ലാമനസ്സോടെ കുട്ടിസാര്‍ എനിക്കൊപ്പം നിന്നു.

തൊണ്ട വരണ്ടുതുടങ്ങിയപ്പോള്‍ ഉപദേശി പ്രസംഗം അവസാനിപ്പിച്ച് മൈക്ക്‌സെറ്റ് ചുരുട്ടിക്കെട്ടി സ്ഥലംവിട്ടു. അപ്പോള്‍ സമയം നാലുമണി. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എണ്ണപ്പലഹാരങ്ങള്‍ മൊരിയുന്ന മണമുള്ള കാറ്റിനൊപ്പം ഗലീലി ദ്വീപ് എന്നു ബോര്‍ഡ് വെച്ച ഒരു ബസ് ആ വളവില്‍ വന്നുനിന്നു. ദാസന്‍ വീണ്ടും ഞങ്ങളുടെ കാഴ്ചയില്‍നിന്നും മറഞ്ഞു. 

'നിനക്കിതെന്തിന്റെ കേടാ?' ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ കുട്ടിസാര്‍ ദേഷ്യപ്പെട്ടു.

'അടങ്ങ് സാറെ.' ബസിനെ പിന്തുടര്‍ന്നുകൊണ്ട് ഞാന്‍ പറഞ്ഞു: 'ഇവനെ ഇവന്റെ മടയിലിട്ട് കുടയണം. എന്നാലെ ഉള്ളുകളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പറ്റൂ.' 

എന്തെങ്കിലും ചെയ്യെന്ന അര്‍ത്ഥത്തില്‍ കുട്ടിസാര്‍ ശരീരം ഇളക്കി സീറ്റിലേക്ക് ചാഞ്ഞുകിടന്നു.

ഇടയ്ക്ക് ആരെങ്കിലും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല; ബസ് അതിന്റെ താളം നിലനിര്‍ത്തിക്കൊണ്ട് ഒരേ ദിശയില്‍ പാഞ്ഞു.

ഏറെ ദൂരം ചെന്നുകഴിഞ്ഞപ്പോള്‍ വഴിയുടെ വീതി കുറഞ്ഞുവന്നു. വേലിത്തലപ്പുകളില്‍ തട്ടിത്തടഞ്ഞ്, മണ്‍വഴിയിലൂടെ കുലുങ്ങിക്കുലുങ്ങി ബസിന്റെ വേഗത നഷ്ടപ്പെട്ടു. കുത്തനേയുള്ള ഒരു ഇറക്കത്തിനുശേഷം, തലപോയ തെങ്ങുകള്‍ നിരന്നുനില്‍ക്കുന്ന തോട്ടുവക്കത്ത് ബസ് ഓട്ടമവസാനിപ്പിച്ചു.

പുറത്തേക്കിറങ്ങിയ ദാസന്‍, തോടിനു കുറുകെയുള്ള തടിപ്പാലം കടന്ന് പുല്ലുവഴിയിലൂടെ മുന്നോട്ടേക്കു നടന്നു. ഇറക്കത്തിനു മുന്‍പുള്ള ചെരുവിലേക്കു കാര്‍ ഒതുക്കിയിട്ട് ഞങ്ങളും ചതുപ്പിലേക്കിറങ്ങി.
'നടന്നുനടന്ന് മനുഷ്യന്റെ നടുവൊടിഞ്ഞല്ലോടാ.' കുട്ടിസാര്‍ എളിക്ക് കൈകൊടുത്ത് പട്ടിയെ പോലെ അണച്ചു. 

ഞാനും ക്ഷീണിച്ചിരുന്നു. പക്ഷേ, പുറത്തുകാണിച്ചില്ല. എന്തായാലും ഇറങ്ങിത്തിരിച്ചു. അറ്റം കാണാതെ പിന്മാറുന്നതെങ്ങനെ?

'കുറച്ചുകൂടിയെ കാണൂ. കണ്ടില്ലേ...' അത്ര ദൂരെയല്ലെന്നു തോന്നിപ്പിക്കുന്ന ഒരു പൊട്ടുവെളിച്ചത്തിലേക്കു ചൂണ്ടി ഞാന്‍ കുട്ടിസാറിനെ സമാധാനിപ്പിച്ചു: 'അതുതന്നെ ദാസന്റെ വീട്.'

ആ ഊഹം ഏറെക്കുറെ ശരിയായിരുന്നു. കാന്തത്തിലേക്ക് അടുക്കുന്ന ഇരുമ്പുതരിപോലെ ദാസന്‍ ആ വെളിച്ചത്തിലേക്കു നടന്നുകയറി.

കെട്ടുവഞ്ചിയുടെ മട്ടുംമാതിരിയുമുള്ള ഒരു കൊച്ചുവീട്. അതിന്റെ ഉമ്മറത്ത്, പലകച്ചുമരില്‍, കരിന്തിരികത്തുന്ന പാട്ടവിളക്കിന്റെ മങ്ങിയവെളിച്ചം. മനോഹരമായ ഈ ദൃശ്യത്തിനു ചട്ടക്കൂടൊരുക്കി ചുറ്റിലും ഒഴുകിപ്പരക്കുന്ന ഇരുട്ട്.

'എടാ ദാസാ...' പെട്ടെന്ന്, കുട്ടിസാര്‍ നീട്ടിവിളിച്ചു.

വഴിവക്കിലേക്കു ചാഞ്ഞുകിടക്കുന്ന മയിലാഞ്ചിച്ചെടിയുടെ മറയിലേക്ക് ഞാന്‍ കുട്ടിസാറിനേയുംകൊണ്ട് പതുങ്ങി.

'സാറിതെന്ത് പണിയാ കാണിച്ചത്?' എനിക്ക് ദേഷ്യം വന്നു. 

അതിനെക്കാള്‍ ദേഷ്യത്തില്‍, എന്റെ കൈപ്പിടുത്തത്തില്‍നിന്നും കുതറിത്തെറിച്ച് കുട്ടിസാര്‍ വഴിയിലേക്കു കടന്നുനിന്നു. തെരുവുപട്ടികളില്‍ ഒരെണ്ണം കുരച്ചുകൊണ്ട് ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞുവന്നു. പുറംകാലുമടക്കി ഒരൊറ്റ തൊഴിയായിരുന്നു, കുട്ടിസാര്‍. പട്ടി മോങ്ങിക്കൊണ്ട് വന്നവഴിയെ മുടന്തി.
'എടാ ദാസാ... ഇങ്ങോട്ടെറങ്ങി വാടാ.' കുട്ടിസാര്‍ പിന്നേം വിളിച്ചു. 

അല്ലെങ്കിലും ഇനിയെന്തിനാണ് പതുങ്ങുന്നത്? ഞാനും അവനെ പേരുചൊല്ലി വിളിച്ചു. പക്ഷേ, അവന്‍ വിളികേട്ടില്ല. അത്ഭുതകരമായി തോന്നിയത്, യേശുവേ യേശുവേ എന്നു കരഞ്ഞുകൊണ്ടിരുന്ന സ്ത്രീ ശബ്ദമിപ്പോള്‍ മറ്റേതോ കരയിലേക്കു മാറ്റി സ്ഥാപിച്ചതുപോലെ നേര്‍ത്തു നേര്‍ത്താണ് കേള്‍ക്കുന്നത്. അടുക്കുന്തോറും അകന്നകന്നുപോകുന്ന മായാപ്രപഞ്ചം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അനുഭവത്തില്‍ ആദ്യം.
'നമുക്ക് തിരിച്ചുപോവാം. ഈ സ്ഥലത്തിനെന്തോ കുഴപ്പമുണ്ട് പ്രകാശേ.' കുട്ടിസാര്‍ പോക്കറ്റില്‍നിന്നും ഇന്‍ഹെയ്‌ലറെടുത്ത് വായിലേക്കു ചേര്‍ത്തുവെച്ചു.

'അവനെ കണ്ടിട്ടേ ഞാന്‍ മടങ്ങൂ.' ക്ഷീണം മറന്ന് ഞാന്‍ വാശിയില്‍ മുന്നോട്ടേക്കു നടന്നു.
തൊട്ടടുത്തെന്നു തോന്നിപ്പിച്ച വീട്ടിലേക്കെത്താന്‍ ഞങ്ങള്‍ക്ക് പിന്നെയും കുറച്ചു ദൂരം കുത്തിപ്പിടിച്ചു നടക്കേണ്ടിവന്നു.

'സാറന്മാരെ സൂക്ഷിച്ച്.' പെട്ടെന്ന്, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ദാസന്റെ ശബ്ദം ഇരുട്ടില്‍ മുഴങ്ങി: 'അപ്പടി ചെളിയാണ്. തെന്നിവീഴണ്ട.'

അവിചാരിതമായി ഞങ്ങളെ കണ്ടുമുട്ടിയതിന്റെ യാതൊരു പതര്‍ച്ചയും അവനില്ല.

'ഇതിലേ കേറിയാട്ടെ.' വെട്ടുകല്ലുകള്‍ അടുക്കിയിട്ടുണ്ടാക്കിയ പടവിലേക്ക് പെന്‍ടോര്‍ച്ച് തെളിച്ച് അവന്‍ ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു.

'ഉച്ചമുതല്‍ ഞങ്ങള്‍ നിന്റെ പിറകെയാണ്.' വീട്ടിലേക്കു കയറിയപാടെ മുഖവുരയൊന്നും കൂടാതെ കുട്ടിസാര്‍ പറഞ്ഞു. 

ദാസന്റെ മുഖത്ത് ചിരിവിരിയുന്നത് ഞങ്ങള്‍ ആദ്യമായി കണ്ടു.

'ഉച്ചമുതല്‍ ഞാന്‍ നിങ്ങളുടെ മുന്‍പിലുണ്ട്. അതാണ് ശരി' ദാസന്‍ പറഞ്ഞു. 

ഞാനും കുട്ടിസാറും പരസ്പരം കണ്ണുമിഴിച്ചുനോക്കി.

'അതെന്താടാ അങ്ങനൊരു പറച്ചില്‍.' മരബെഞ്ചിലേക്കു ആയാസപ്പെട്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
'ഞാന്‍ മുന്‍പില്‍ നടന്നതുകൊണ്ടല്ലേ നിങ്ങള്‍ പിറകെ വന്നത്.' ദാസന്‍ പൊട്ടിച്ചിരിച്ചു.

'അതെന്തെകിലുമാകട്ടെ.' കുട്ടിസാര്‍ ഇന്‍ഹെയ്‌ലര്‍ കടിച്ചുപിടിച്ചുകൊണ്ട് ചോദിച്ചു: 'നീയെന്തിനാടാ വെട്ടോം വെളിച്ചോമില്ലാത്ത ഈ തുരുത്തീ വന്നുകിടക്കുന്നത്? എന്ത് ഉടായിപ്പാണ്?'

പെട്ടെന്ന്, ദാസന്റെ മുഖത്തെ ചിരിമാഞ്ഞു.

യേശുവേ യേശുവേ എന്ന സ്ത്രീശബ്ദം ഞങ്ങളെ വലംവെച്ചു കടന്നുപോയി.

'ആരാടാ അത്. നിന്റെ സെറ്റപ്പാണോ?' ചെറുചിരിയോടെ ഞാന്‍ ചോദിച്ചു.

'അതെന്റെ തള്ളയാ സാറേ.' ചങ്കില്‍ കൈവെച്ച് പതറുന്ന ശബ്ദത്തില്‍ ദാസന്‍ പറഞ്ഞു: 'ചിന്നന്റെ സൂക്കേടാണ്. പകലു മുഴുവന്‍ എവിടേലും ചുരുണ്ടുകൂടിക്കിടക്കും. രാത്രിയാകുമ്പോള്‍ ഉടുതുണിയൊക്കെ പറിച്ചെറിഞ്ഞ് ഈ യേശുവേ വിളിയാണ്. മനസ്സിന്റെ അസുഖത്തിനു അവനവന്‍ കണ്ടെത്തുന്ന മരുന്ന്. പാവം. എങ്ങനെ കഴിഞ്ഞ സ്ത്രീയാണ്.'

അരോചകമാംവിധം മൂക്ക് ചീറ്റിക്കൊണ്ട് ദാസന്‍ കണ്ണുകള്‍ തുടച്ചു. കുട്ടിസാര്‍ അറപ്പോടെ തലവെട്ടിച്ച് എന്നെ നോക്കി.

'എടാ ആളെപ്പിടിക്കണ സൂത്രം ഞങ്ങളെക്കൂടി പഠിപ്പിക്കെടാ...' താക്കീതുപോലെ ശബ്ദം കനപ്പിച്ച് ഞാന്‍ പറഞ്ഞു.

ജനാലയിലെ ഉരുളന്‍ അഴികളില്‍ പിടിച്ച് പുറത്തേക്കു നോക്കി കൂവിക്കൊണ്ട് ദാസന്‍ ഉറക്കെ വിളിച്ചുപറഞ്ഞു: 'അമ്മച്ചീ... ദാ അവന്മാരെ ഞാന്‍ കുടുക്കിയിട്ടുണ്ട്.'

മറുകൂവല്‍ കേട്ട ഭാഗത്തേക്കു ഞങ്ങള്‍ ഭയത്തോടെ തലവെട്ടിച്ചു. കായല്‍ പരപ്പിനു മീതെക്കൂടി ഒരു നഗ്‌നരൂപം നടന്നുവരുന്നു.

'എന്റെ തള്ളയാ.' ദാസന്‍ പറഞ്ഞു: 'കൊറെക്കാലമായി ആവശ്യപ്പെടുന്നു, ചോരയും നീരുമുള്ള മനുഷ്യരെ ഒപ്പിച്ചുതരാന്‍. ഒരോരോ ആശ്വാസങ്ങളേ...'

പെട്ടെന്ന്, വീട് കുലുങ്ങുന്നതുപോലെ തോന്നി. കുട്ടിസാര്‍ ഇരിപ്പിടത്തില്‍നിന്നും ചാടിയെഴുന്നേറ്റു. തലചുറ്റുന്നതാണോ അതോ ഭൂമി കീഴ്‌മേല്‍ മറിയുന്നതോ എന്ന സംശയത്തില്‍ കണ്ണുമിഴിച്ചുനില്‍ക്കുന്ന എന്റെ കയ്യില്‍ പിടിച്ച് കുട്ടിസാര്‍ പുറത്തേക്കോടാന്‍ തുനിഞ്ഞു.

'പോവല്ലേ സാറന്മാരേ. ആളെപ്പിടിക്കണ സൂത്രമറിയണ്ടേ?'

പിന്‍വിളികേട്ട് ഞങ്ങള്‍ വാതില്‍പടിയില്‍ തരിച്ചുനിന്നു.

കരയെ ഒത്തിരി ദൂരം പിന്നിലാക്കി അര്‍പ്പുതമേരീദാസ് എന്ന കെട്ടുവഞ്ചി ഒഴുകുകയാണ്. ജലപ്പാത രണ്ടായി മുറിഞ്ഞുമാറുന്നു. മൂടിക്കെട്ടിയ ആകാശം കായലിലേക്കു കമിഴ്ന്നുവീണ് തലതല്ലിക്കരയുന്നു.

'എന്തൊര് ജീവിതാണ് സാറന്മാരെ?' അണിയത്തുനിന്നും ഒരു പരുക്കന്‍ സ്ത്രീശബ്ദം. പ്രാണരക്ഷാര്‍ത്ഥം ഞങ്ങള്‍ അമരത്തേക്കു കുതിച്ചു.

'എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.'

പലകത്തട്ടിന്റെ മുകളില്‍ കയറിയിരിക്കുന്ന ദാസന്റെ കാല്‍പാദത്തിനു കീഴെ കരിക്കട്ടകൊണ്ടു കോറിയിട്ടിരുന്ന ബൈബിള്‍ വചനം ഉള്‍ക്കിടിലത്തോടെ വായിച്ചുനില്‍ക്കെ അതുവരെയുള്ളതെല്ലാം മനസ്സില്‍നിന്നും മാഞ്ഞുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com