'കിരാതവൃത്തം'- ബി. രവികുമാര്‍ എഴുതിയ കഥ

കളരിയില്‍ മൂന്നാമത് ഒരാളുണ്ടായിരുന്നില്ല.'കൈകുത്തി ഉയര്‍ന്ന്... പുറകില്‍മാറി മെയ് താന്നുവന്ന്... ഇടതുകാലേല്‍ തൂങ്ങിനിന്ന്... വേഗത്തില്‍ മൂന്നുചുവട് മുന്‍പോട്ടുവെച്ച്.'
'കിരാതവൃത്തം'- ബി. രവികുമാര്‍ എഴുതിയ കഥ

കുട്ടനാട് 

കളരിയില്‍ മൂന്നാമത് ഒരാളുണ്ടായിരുന്നില്ല.

'കൈകുത്തി ഉയര്‍ന്ന്... പുറകില്‍മാറി മെയ് താന്നുവന്ന്... ഇടതുകാലേല്‍ തൂങ്ങിനിന്ന്... വേഗത്തില്‍ മൂന്നുചുവട് മുന്‍പോട്ടുവെച്ച്.'

'നായ്ക്കരച്ചോ' പരിചിതമായ വിളികേട്ട് ദ്രോണമ്പള്ളി നായ്ക്കന്‍ ചൊല്ലുനിര്‍ത്തി. തോട്ടുവരമ്പിലൂടെ ഉണ്ണിരവിക്കുറുപ്പു നടന്നുവരുന്നു.

'ദീപാരാധനയ്ക്കു നേരമായിട്ടും നിര്‍ത്താറായില്ലേ...? തോടിനക്കരെ കൊട്ടാരം അമ്പലത്തിലെ കല്ലുവിളക്കുകളില്‍ തിരി തെളിഞ്ഞു തുടങ്ങി. കളരി നിര്‍ത്തി നായ്ക്കനും പിന്നാലെ ശിഷ്യനും വരമ്പിലേക്കു കയറി. 

'മിത്രക്കേരിക്കാവിലെ പോറ്റീടെ മകനാ കുറുപ്പേ.' 

'ഇയാക്ക് ശാന്തിയുണ്ടോ...?' ഉണ്ണിരവിക്കുറുപ്പിന്റെ മനസ്സില്‍ തേവാരത്തിന് ആളില്ലാത്ത കണ്ടങ്കേരിക്കാവിലെ ഒഴിവായിരുന്നു.

'അസാരം അശാന്തിയുണ്ട്.' അവനില്‍നിന്ന് അങ്ങനൊരു മറുപടി അവര്‍ പ്രതീക്ഷിച്ചില്ല. 

'ആളറിഞ്ഞുള്ള സംസാരം മതി... കേട്ടോടാ.' കുറുപ്പിന്റെ അനിഷ്ടം പോവാനായി നായ്ക്കന്‍ ഗൗരവം വിടാതെ ചെറുതായൊന്നു ശാസിച്ചു. ഇരുവരും തെങ്ങുന്തടി ചേര്‍ത്തിട്ട പാലത്തിലൂടെ അക്കരയെത്തി. അമ്പലത്തിലേക്ക് നടന്നു. പാലം കേറാതെ തോട്ടുവരമ്പിലൂടെ ശിഷ്യന്‍ തനിയെ കിഴക്കോട്ടും. 

അവനെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു അവരുടെ നടത്തം. മെയ്‌വഴക്കം അസാധ്യം. അടവുകളോരോന്നും താളബദ്ധം. ഭാഷയോ സംസ്‌കൃതമോ ഏതാ മെച്ചമെന്നറിയില്ല. ഹിന്ദീം തമിഴും തെലുങ്കും ഇഷ്ടനറിയാം. പിന്നെ കൂസലില്ലായ്മ ഇത്തിരി കൂടുതലാ. നമ്പൂതിരീടെ ഫലിത രസികത്തം അപ്പാടെ പോന്നിട്ടുണ്ട്. അവന്റെ ശ്വാസത്തിനൊരുതാളം മിടിപ്പിനൊരു താളം നടപ്പിനൊരു താളം. കൈമുട്ടാത്ത വാദ്യങ്ങളില്ല. വഴങ്ങാത്ത താളങ്ങളില്ല. എല്ലാം അറിയാനുള്ള വ്യഗ്രത. ഉത്സാഹം. അതിനുള്ള അലയല്‍. അതുതന്നെയാ അവന്റെ അശാന്തി.

'അയാളോട് നന്ദിക്കാട്ടേക്ക് വരാന്‍ പറയണം. ചിലതെല്ലാം ഞാനും പറഞ്ഞുകൊടുക്കാം നായ്ക്കരച്ചാ.'

'അത്രയും പോരാ. മാത്തൂരുകൊണ്ടാക്കണം. പോറ്റി മണികണ്ഠപുരത്തിനു തിരികെ പോകുവാന്ന് കേട്ടു. ഇയാക്കൊട്ടു മടങ്ങണമെന്നുമില്ല. മാത്തൂരാവുമ്പോള്‍ വലിയപുരേല്‍ കൂടാം. ആട്ടോം വേലേമൊക്കെ വേണേല്‍ പഠിക്കേം ചെയ്യാമെല്ലോ കുറുപ്പേ.' ദീപാരാധനയ്ക്ക് നടചാരി.

ശിഷ്യന്‍ തോട്ടുവരമ്പിലൂടെ ഏറെ ദൂരം പോകുംമുന്നേ ഇരുട്ടായി. ചീതങ്കത്തറയിലെ വിളക്ക് അകലെ മിന്നുന്നുണ്ട്. കതിരുവീശിക്കിടന്ന പാടത്തിനുമേല്‍ പനമ്പായ നിവര്‍ത്തി മൂടയിട്ട് രാത്രി ഉറങ്ങാന്‍ കിടന്നു. അതുവഴി നേരം തെറ്റിവരുന്ന ആരുടെയുള്ളിലും നിഴലായി ഭയം ഒപ്പം കൂടും. കേട്ട കഥകളൊക്കെ കണ്ടുതുടങ്ങും. അയാളുടെ നെഞ്ചിടിപ്പു കൂടി. ഉള്ളിലൊരു കനം വെച്ചു. മഴയോ കാറ്റോ എന്നറിയാത്ത ഇരമ്പല്‍ വീശിയടിച്ചു. ഇരുട്ടിന്റെ ചുഴി. പറവേലിപ്പാടത്തേക്ക് മടവീണ് വെള്ളം മറിഞ്ഞു. മടകുത്താന്‍ ഇട്ട്യാതിയപ്പനും ചീതങ്കനും പാവോനുമടക്കം ഒന്‍പതുപേര്‍ ഓടിയെത്തി. ചക്രപ്പാട്ടുപാടി ചീതങ്കന്‍ ഉശിരുകൂട്ടി. ഉശിരുള്ളവന്റെ ഉയിരിലേ പശപ്പുള്ളൂ. പശപ്പുള്ള ചേറിലെ മടയുറയ്ക്കൂ. ചീതങ്കന്റെ തൊണ്ടപൊട്ടിയ പാട്ടിനുമേല്‍ ചവിട്ടിനിന്ന് ഇട്ട്യാത്യപ്പന്‍ നെഞ്ചത്തറഞ്ഞ് നിലവിളിച്ചു. പോകപ്പോകെ ഉയിരുപോയ പാട്ട് നേര്‍ത്തുനേര്‍ത്ത് ഞരക്കമായി. പടിഞ്ഞാറ് കടലിളകി. പുറക്കാട് തീരത്ത് തെങ്ങോളം പൊക്കത്തില്‍ തിര കുത്തിമറിഞ്ഞു. ആറ്റിലെ വെള്ളം വലിഞ്ഞു. വെട്ടിക്കോരിയിട്ട ചെളിയിലും ചേറിലും തിട്ട തിടംവെച്ചു കേറി. വെട്ടം വീഴുംമുന്‍പ് മട കുത്തിനിവര്‍ത്തി മടങ്ങുമ്പോള്‍ ഒരാള്‍ കുറവായിരുന്നു. അടുത്ത അമവാസി നാളില്‍ മടകുത്തിയ വരമ്പത്ത് നിലവിളി കേള്‍ക്കാന്‍ തുടങ്ങി. പാലപൂക്കുന്ന നിലാവില്‍ ചക്രപ്പാട്ടും. മുട്ടോളം വെള്ളത്തിനുമേല്‍ വിളഞ്ഞ നൂറുമേനി കാണാന്‍ പറവേലി നായരും തലപ്പുലയനും എത്തിയ നേരത്താണ് തീപിടിച്ച കുരുത്തോല തെക്കൂന്ന് പറന്നുവന്നത്. പാടത്തുവീഴാന്‍ ഒരു മിന്നലിന്റെ സമയം മാത്രം. വെള്ളത്തിനുമേല്‍ നൂറുമേനി ചാമ്പലായൊഴുകിപ്പരന്നു. കോന്നക്കണിയാര് കവിടി നിരത്തി. ചീതങ്കന് കിഴക്കന്‍മല വെട്ടി ചീങ്ക വരുത്തി തറ പണിതു. കുമ്മായംകൊണ്ട് വെങ്കിളിയിട്ടു. അമാവാസിക്ക് കല്ലുവിളക്കില്‍ നെയ്ത്തരിയും വറപൊടിയും. മേടപ്പത്തിന് ഉദിക്കുംമുന്‍പ് കുരുത്തോലതുള്ളല്‍. 
തറകടന്നു കഴിഞ്ഞതോടെ അയാള്‍ക്ക് ജീവന്‍ വെച്ചു. അകലെയല്ലാതെ കുഞ്ഞപ്പനിട്ട്യാതിയുടെ കുടിമുറ്റത്തു വെട്ടം കണ്ടത് ആശ്വാസമായി. നെഞ്ചിടിപ്പു കുറഞ്ഞു.

'അമ്പോറ്റിക്കുഞ്ഞ് വൈകിയോണ്ടാണേ തൊടങ്ങാഞ്ഞെ.' മുറ്റത്ത് തീക്കൂനയുടെ വെട്ടത്തില്‍ ഓലപ്പായിലിരുന്ന കുഞ്ഞപ്പനിട്ട്യാതിയുടെ ശബ്ദം. ഇട്ട്യാതിയോടു ചേര്‍ന്നയാള്‍ ഇരുന്നു. നിലത്തു നിരന്ന് തോല്‍വാദ്യങ്ങള്‍. കരു മരം പറ. കരു ഇട്ട്യാതി എടുത്തു. പുകിലന്‍ വന്നു മരം മുട്ടിത്തുടങ്ങി. 

'അമ്പോറ്റിക്കുഞ്ഞേ പറ കൊട്ടിത്തുടങ്ങിക്കോ.' ഇട്ട്യാതി നടപ്പുതാളം അടിച്ചുതുടങ്ങി. അരയില്‍ കുരുത്തോലപ്പാവാട ചുറ്റി തലയില്‍ പാളമുടിവെച്ച് കോതുകാലു ചവിട്ടി അംബരന്‍ ചുവടുവെച്ചു. ചീതങ്കന്റെ മകടെ മകന്‍. മേളം മുറുകിയപ്പോള്‍ കുഞ്ഞപ്പനിട്ട്യാതിയുടെ പാട്ട് താളം വിട്ട് ഉന്മാദാവസ്ഥയിലേക്ക് വിറകൊണ്ടു.

'ചട്ടിച്ചടന്തിയവനേ കൂഴപ്പന്‍ ചിന്തന്‍... ചിന്തങ്കളി ചിന്തമ്പാട്ടേ കൂഴപ്പന്‍ചിന്തന്‍
കണ്ണുകൊണ്ടു ലോകോം വെട്ടി കൂഴപ്പന്‍ ചിന്തന്‍... നെഞ്ചത്തു തപ്പടിച്ചേ കൂഴപ്പന്‍ ചിന്തന്‍'

ഉറഞ്ഞ അംബരന്‍ നിലത്ത് വീണുകിടന്നുരുണ്ടു. കൂട്ടം ശേഷക്കാര്‍ മലര്‍ത്തിക്കിടത്തി കാലും കയ്യും മണ്ണിനോട് മുട്ടിച്ചു. പന്തം കുത്തിയ നിലത്ത് ഓതിവെച്ച മണ്‍കുടം. കുടമെടുത്ത് ഇട്ട്യാതി അംബരന്റെ മുഖത്തേക്ക് കമത്തി. പതഞ്ഞൊഴുകിയ പൂക്കുല സത്തില്‍ രണ്ടിറക്ക് ഉള്ളിലേക്കിറങ്ങി. അംബരന്‍ ശാന്തനായി. ഇരുട്ടില്‍ നിലാവുപോലെ അതിന്റെ മണം ഒഴുകി. പോറ്റിക്കുഞ്ഞിന് അന്നത്തെ പാട്ടില്‍ ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ. 

'എന്താ അച്ചാ തപ്പ്...? നെഞ്ചത്തു തപ്പടിച്ചേയവന്‍ കൂഴപ്പന്‍ ചിന്തന്‍.'
 
'കൈവെള്ളകൊണ്ടല്ലേ കുഞ്ഞേ നെഞ്ചത്തടിക്കാന്‍ പറ്റൂ. തപ്പിലും അങ്ങനാ... കൈവെള്ള കൊണ്ടാ പെരുമാറ്റം. കെഴക്കത്തെ പടേനീലൊള്ളതാ.' മരത്തിന്റെ മുറുക്കം അയച്ചുകൊണ്ട് ഇട്ട്യാതി പറഞ്ഞു.

'മിഴവുകൊട്ടുന്നതും അങ്ങനല്ലേ അച്ചാ?'

'ഒറ്റത്തലച്ചമ്മാരാ രണ്ടും. അടച്ചൊറപ്പുള്ള ഉരുണ്ടപൂമീടെ കെട്ടിയടച്ച പരുവം ഒന്ന്. വെശന്നുവെശന്നു തൊറന്നുപോയ വായ കെട്ടിയടക്കാത്ത പരന്നപൂമീടെ പരുവം മറ്റേത്. ആകാശം മുട്ടി കൈവെള്ള കീഴോട്ട് പൂമി തട്ടി മേലോട്ട്.' 

പാതിരാവായിട്ടും നിലാവുദിച്ചില്ല. ചൂട്ടുകറ്റ വീശി അയാള്‍ പാടവരമ്പിലൂടെ മിത്രക്കേരി മഠത്തിലേക്കു നടന്നു. പടിഞ്ഞാറുനിന്ന് തണുത്ത കാറ്റടിച്ചു തുടങ്ങി. നെഞ്ചത്തു തല്ലിയലച്ച് അകലെ എവിടെയോ ചക്രപ്പാട്ടിന്റെ നൊമ്പരം നേര്‍ത്തു വന്നു.
 
'ഇരുപത്തെട്ടെലച്ചക്രം ചവിട്ടിയേ... യേ... യേ
ഈ മഞ്ഞത്ത് മേലാകെ വേര്‍ത്തേ... യേ... യേ.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

വിളിച്ചാല്‍ വിളിപ്പുറത്താണ് കണ്ടങ്കേരിപ്പോതി. നന്ദിക്കാട്ടെ കേരളക്കുറുപ്പന്മാര്‍ പീഠത്തില്‍ വാളുചാരി ഭരദേവതയെ കളരിയിലേക്കു വിളിച്ചിറക്കി. വെറ്റപാക്കുവെച്ച് കളരി തുടങ്ങിയ നേരത്ത് മിത്രക്കേരി മഠത്തീന്ന് പോറ്റിയും ആയമ്മയും അനുഗ്രഹിക്കാന്‍ വന്നു. നന്ദിക്കാട്ടെ ഊണും വടക്കിനീലെ വിസ്താരോം കഴിഞ്ഞ് ആയമ്മ പോയതില്‍ പിന്നെയാണ് പോറ്റിക്കുഞ്ഞേന്നുള്ള വിളിനിര്‍ത്തി കുറുപ്പ് അയാളെ നമ്പ്യാരേന്നു വിളിച്ചു തുടങ്ങിയത്. 

കളരിപരമ്പരയിലെ മൂപ്പിളമ നോക്കി ഉണ്ണിരവിക്കുറുപ്പിനാണ് ഇന്നത്തെ ആശാന്‍ സ്ഥാനം. തുളുനാടന്‍ മുറകളാണ് ദ്രോണമ്പള്ളി നായ്ക്കന്‍ അവന് കൊടുത്തത്. എടനാടന്‍ പറവിദ്യ മുതല്‍ ഒഴുക്കുനീറ്റില്‍ കോല്‍ത്താരിയിട്ട് മുച്ചാണ്‍ വടിപ്പയറ്റുവരെ കുറുപ്പില്‍നിന്ന് കിട്ടി. മര്‍മ്മവും നാടന്‍തല്ലും മനസ്സിനെ അടക്കിനിര്‍ത്താനുള്ള ആത്മവിദ്യയും വരെ അനുഗ്രഹിച്ചു നല്‍കി. ഇളയവനായ വാസവക്കുറുപ്പായിരുന്നു നമ്പ്യാരുടെ തണ്ടി. അടിയൊഴുക്കില്‍ പിടിച്ചുകിടക്കാനും പമ്പയാറ്റില്‍ ഇരുകര നീന്താനും പേടി മാറ്റിയത് അയാളായിരുന്നു. ഇരുട്ടുകുത്തി വള്ളത്തില്‍ പുഴയറിയാതെ മിന്നല്‍വേഗത്തില്‍ തുഴയാനും പഠിപ്പിച്ചു.

മാത്തൂര്‍കളരിയിലെ വാസത്തിനിടയില്‍ നമ്പ്യാര്‍ക്ക് ഉണ്ണാനും ഉറങ്ങാനും നേരം കിട്ടിയില്ല. 

അമ്പലപ്പുഴയില്‍നിന്ന് കൊച്ചുപണിക്കര്‍ മാത്തൂരെത്തിയാല്‍ പിന്നെ വലിയപുരയിലാണ് കൂട്ടം. കൊട്ടുംപാട്ടും തര്‍ക്കവും പിന്നെ ഒഴിവുകിട്ടിയാല്‍ ദേശസഞ്ചാരവും. കളരിയുടെ കിഴക്കേ കെട്ടിനകത്ത് ചൊല്ലിയാട്ടം. മുറ്റത്ത് വേലകളി. ചെമ്പകശ്ശേരിയിലെ പടനായരായ പണിക്കര്‍ കളരിയാശാനായതുകൊണ്ട് തെക്കുംകൂറിലെ ചിറക്കടവുവേലയെക്കാള്‍ മെയ്‌വഴക്കമുള്ള മുറകളും മറിച്ചിലുകളും ഭഗവാന്റെ തിരുമുന്‍പില്‍ അമ്പലപ്പുഴ വേലയായി കച്ചകെട്ടി. നമ്പ്യാര്‍ ചെണ്ടയില്‍ ഗണപതിയും പടിവട്ടവും കൊട്ടി. തിരുമുന്‍പില്‍ വേല അനുഷ്ഠാനമായി. ചെമ്പകശ്ശേരിക്കു പുറത്ത് കായംകുളത്തും വേണാട്ടിലും തെക്കുംകൂറിലും അമ്പലപ്പുഴ വേല അടിയന്തിരങ്ങളില്‍ കളിച്ചു തുടങ്ങി. ആറ്റുമാലിയിലിരിക്കുമ്പോള്‍ അവിടങ്ങളിലൊക്കെ കേട്ട താളക്കെട്ടുകള്‍ ഇടമുറിയാത്ത ജലതരംഗമായി നമ്പ്യാരുടെയുള്ളില്‍ ഓളം വെട്ടി. കണ്ട കാഴ്ചവട്ടങ്ങള്‍ സ്വപ്നങ്ങളായി മനസ്സില്‍ അടുക്കിവെച്ചു. പുഴ അയാളെ പിന്നെയും പിന്നെയും പുതിയ കാഴ്ചകള്‍ കാണാന്‍ വിളിച്ചു. 

ഉണ്ണിരവിക്കുറുപ്പിന്റെ വളവരവെച്ച ചുരുളന്‍വള്ളം ഉച്ചതിരിഞ്ഞാണ് മാത്തൂര്‍ കളരിയില്‍നിന്നു പുറപ്പെട്ടത്. തെക്കുംകൂറിലേക്ക് കടന്നുള്ള ദൂരയാത്ര. കൂട്ടിന് രണ്ട് തുഴക്കാരും. തെങ്ങിന്‍ തലപ്പുകള്‍ക്ക് പടിഞ്ഞാറേക്ക് സൂര്യന്‍ താണുതുടങ്ങി. ഇടത്തോട്ടില്‍നിന്നു വള്ളം പമ്പായാറ്റിലേക്ക് കടന്നു. നിശ്ചലമെങ്കിലും കണ്ണെത്താദൂരം ഇരുകരയിലും മുട്ടി പരന്നൊഴുകുന്ന പമ്പ. തുഴ വള്ളത്തിലിട്ട് നാരായണച്ചാര് കഴുക്കോലെടുത്തു. ആറിനു കുറുകെ പടിഞ്ഞാറെ അരികിലേക്ക് വള്ളം ഊന്നിവിട്ടു. ശങ്കരച്ചാര് തുഴകൊണ്ട് വള്ളത്തിന്റെ ഗതി ഒഴുക്കിനെതിരെ തെക്കോട്ടേക്കു തിരിച്ചു. തെങ്ങിന്‍തലപ്പും ആറ്റുകൈതയും നിഴല്‍ വീഴ്ത്തി പടിഞ്ഞാറെ അരികു തണുത്ത് കിടന്നു. ഓളപ്പരപ്പില്‍ സൂര്യന്‍ മുങ്ങാംകുഴിയിട്ടു കളിക്കുകയാണ്. കിഴക്കേ തീരം വെയിലില്‍ വെട്ടിത്തിളങ്ങി. കാറ്റ് അനുകൂലമായി വീശിക്കൊണ്ടിരുന്നു. തണല്‍ പറ്റി ചുരുളന്‍വള്ളം അതിവേഗം മുന്നോട്ട് പോയി. 

'ഇങ്ങനങ്ങോട്ടു പോയാല്‍ ആറുനാഴികകൊണ്ട് പുളിക്കീഴിലെത്തുകേലേ പണിക്കരേ?' നടുപ്പടിയിലിരുന്ന കൊച്ചുപണിക്കരോട് വളവരയ്ക്കകത്തുനിന്ന് വാസവക്കുറുപ്പിന്റെ ചോദ്യം.
 
'എന്താ സംശയം. സന്ധ്യയ്ക്കു മുന്‍പ് മിത്രപ്പുഴക്കടവിലെത്തും. ചെങ്ങന്നൂത്തേവരുടെ ആറാട്ടുകടവ്.' 

പണിക്കര്‍ തലയില്‍ കൊണ്ടകെട്ടിയിരുന്ന നേര്യത് അഴിച്ചു കുടഞ്ഞ് മടിയിലിട്ടുകൊണ്ട് പറഞ്ഞു. 

പുഴയോരത്തെ കാഴ്ചകളില്‍ ഉത്സാഹം കൊള്ളുകയായിരുന്നു നമ്പ്യാര്‍. അവരുടെ സംസാരമൊന്നും അയാള്‍ കേട്ടില്ല. ഒഴുകിനടക്കുന്ന താറാക്കൂട്ടങ്ങള്‍. മലഞ്ചരക്കുമായി ആലപ്പുഴയ്ക്കു പോകുന്ന കേവുവള്ളങ്ങള്‍, അലക്കും കുളിയുമൊഴിയാത്ത കല്‍പടവുകള്‍. തുടിച്ചുകുളിക്കുന്ന പെണ്ണുങ്ങള്‍.

'എന്താടാ കണ്ണെടുക്കാന്‍ പറ്റുന്നില്ലേ...?' ചോദ്യം കേട്ട് മുന്‍പോട്ടിരുന്ന നമ്പ്യാര്‍ തിരിഞ്ഞിരുന്നു. മുഖത്തൊരു മന്ദഹാസം.

താനിതു വല്ലതും കാണുന്നുണ്ടോ..?

എന്തോ കണ്ടോന്നാ?

'കല്ലോലജാലം കളിക്കുന്ന കണ്ടോ...? 
അന്നങ്ങളങ്ങു പറക്കുന്ന കണ്ടോ...? 
കല്യാണിമാരു കുളിക്കുന്ന കണ്ടോ...? 
ബാലത്തരുണികടെ നീലത്തിരുമുടി കണ്ടോ...? 
ചേലൊത്ത മുലകണ്ടോ...?' 

പണിക്കര്‍ കസവുനേര്യത് വടിവിലെടുത്ത് തലയിലെ കൊണ്ട കെട്ടി. കൈകള്‍ ഇടുപ്പിലൂന്നി നെഞ്ചൊന്നു വിരിച്ചു. 

'ചെമ്പകശ്ശേരീടെ ഭടന്‍ കാണേണ്ടത് കൊള്ള കൊള്ളിവെപ്പ് വ്യഭിചാരം കൊല.' 

'തേങ്ങാക്കൊല.' 

വളവരയ്ക്കുള്ളില്‍നിന്നും വാസവക്കുറുപ്പ് വെളിയില്‍വന്ന് പണിക്കരോടൊപ്പം നടുപ്പടിയില്‍ ഇരിപ്പുറപ്പിച്ചു. 
'താന്‍ പറയെടോ നമ്പ്യാരേ, ഒരു പാട്ടു കേക്കുന്ന സുഖം. പറച്ചിലിനുതന്നെ കവിതയുടെ ഇമ്പം.' 

നമ്പ്യാര്‍ എഴുന്നേറ്റ് ചുറ്റിനുമൊന്നു നോക്കി. മനസ്സില്‍ രസിച്ച കാഴ്ചകള്‍ നാവിലേക്കു താളം തുള്ളി വന്നു. പതിയെയൊന്നു മുരടനക്കി. ശബ്ദം ശുദ്ധമായി.

'നാടുകള്‍ കണ്ടു വീടുകള്‍ കണ്ടു, കൂടുകള്‍ കണ്ടു കോടുകള്‍ കണ്ടു ചാടുകള്‍ കണ്ടു പോടുകള്‍ കണ്ടു, ചോടുകള്‍ കണ്ടു മേടകള്‍ കണ്ടു...' 

നമ്പ്യാരുടെ പാട്ടിനൊത്ത് പണിക്കര്‍ വിരല്‍ ഞൊടിച്ച് തലയാട്ടി. ശങ്കരച്ചാരും നാരായണച്ചാരും താളത്തില്‍ തുഴയെറിഞ്ഞു. ഓളപ്പാത്തികള്‍ കീറി ചുരുളന്‍ പാഞ്ഞു. അകലെനിന്ന് അപ്പോള്‍ ഒരു പട്ടണം അടുത്തടുത്തു വരുന്നു. അതുവഴി പതിവ് തുഴക്കാരനായ നാരായണച്ചാര് പറഞ്ഞു:

'ഇടത്തുവാ ദേശമാണ്.' 

കാഴ്ചകളില്‍നിന്ന് മടങ്ങാനാവാതെ നമ്പ്യാര്‍ പാടിക്കൊണ്ടിരുന്നു. 
'അരികേ നല്ലൊരു പെരുവഴികണ്ടു, അരയാലുകളും പേരാലുകളും 
അരമന തെരുവുകളങ്ങാടികളും, മരവും നല്ല നടക്കാവുകളും 
ഉദ്യാനം പല വിദ്യാഭവനം അതിനപ്പുറമൊരു മദ്യാലയവും...' 

പരിചയും ചുരികയും കയ്യിലുണ്ടെന്ന മട്ടില്‍ പടിയിലിരുന്ന് പണിക്കര്‍ ചില തട്ടും തടവും പയറ്റി. അരങ്ങു കൊഴുത്തു. വളവരവെച്ച ചുരുളനിലെ യാത്രികരെക്കണ്ട് ആറ്റുകടവിലും തീരത്തും ഇരുന്നവര്‍ എഴുന്നേറ്റു. പണിക്കരുടെ പ്രകടനവും നായര്‍ പടയാളിയുടെ തലേക്കെട്ടും കഴുത്തിലണിഞ്ഞ മുദ്രയും മെയ്ക്കരുത്തു കടഞ്ഞ ശരീരവും ഉത്തരീയവും കണ്ട് അവര്‍ കൈകൂപ്പിനിന്നു. ശിരസ്സുനമിച്ച് പണിക്കര്‍ ആദരം ഏറ്റുവാങ്ങുന്നുമുണ്ടായിരുന്നു. 

പടിഞ്ഞാറന്‍ കാറ്റിന്റെ അനുകൂലമായ ഗതി കുറഞ്ഞു. ഒഴുക്കിനൊപ്പം കാറ്റും എതിര്‍ദിശയിലായി. ശങ്കരച്ചാര് എഴുന്നേറ്റ് കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. പകല്‍വെളിച്ചം കുറഞ്ഞു. ആറിയ പകല്‍ച്ചൂടുള്ള കാറ്റ് ഓളപ്പരപ്പില്‍നിന്നും പൊങ്ങി. അതിന്റെ നനുത്ത മണം വള്ളത്തേയും പൊതിഞ്ഞു. ഇരുട്ടുപടരും മുന്‍പ് നാരായണച്ചാര് റാന്തല്‍വിളക്കു തെളിയിച്ച് വളവരയ്ക്കുള്ളില്‍ തൂക്കിയിട്ടു. ആറിന്റെ കിഴക്കേ ഓരത്ത് പഞ്ചാര മണല്‍ത്തിട്ട തെളിഞ്ഞുവന്നു. വള്ളം പ്ലാച്ചേരിപ്പടി എത്തിയിരിക്കുന്നു. മണല്‍പ്പരപ്പില്‍ യാത്രക്കാരെ കാത്ത് തുറന്നിരിക്കുന്ന കാപ്പിക്കട. ഒരാള്‍ പുറത്തിറങ്ങി കൈകള്‍ ചേര്‍ത്തുകോട്ടി ചുണ്ടോടടുപ്പിച്ച് ഉറക്കെയൊന്നു കൂവി.

'പൂ... ഹോയ്...' പിന്നാലെ ഒറ്റശ്വാസത്തില്‍ ഒരു പറച്ചില്‍.

'ചൂടു ചുക്കുവെള്ളം, കരിപ്പെട്ടിക്കാപ്പി, അടപുഴുങ്ങിയത്, നേന്ത്രപ്പഴം, പുഴുങ്ങിയ നേന്ത്രക്കായ, പുഴുങ്ങിയ താറാമൊട്ടാ.' 

നീണ്ട കൂവലോടെ വിളിച്ചുപറച്ചില്‍ അവസാനിച്ചു. കമുകുനാട്ടി പലക നിരത്തി പുഴയില്‍നിന്നു കരയിലേക്ക് കെട്ടിയുണ്ടാക്കിയ പടങ്ങിനോടു ചേര്‍ന്നു വള്ളം നിന്നു. പണിക്കരും കുറുപ്പും നമ്പ്യാരും കാല്‍ നനയാതെ പടങ്ങിലൂടെ വെള്ളമണലിലേക്കിറങ്ങി. വള്ളം കരയിലേക്ക് തള്ളിക്കയറ്റി കുറ്റിയില്‍ കയറുകെട്ടി തുഴച്ചിലുകാരും കടയിലേക്കു നടന്നു. മുളങ്കാലുകളില്‍ ഓലമേഞ്ഞ പന്തലില്‍ ആറേഴു പീഠങ്ങളും കുറേ കൊരണ്ടിപ്പലകകളും നിരത്തിയിട്ടിരുന്നു. വള്ളിക്കൊട്ടകളില്‍ വാഴയിലകൊണ്ടു മൂടി ആവിമണക്കുന്ന ഉപ്പാപ്പങ്ങള്‍. മുറ്റത്തെ രണ്ട് അടുപ്പില്‍ തീ എരിയുന്നുണ്ട്. മണ്‍കലത്തില്‍ കഞ്ഞി തിളയ്ക്കുന്നതിന്റെ മണം കടന്നുവന്നു. ചെമ്പകശ്ശേരി ഭടനോടൊത്ത് കടയിലേക്ക് വരുന്നവരെക്കണ്ട് വാല്യക്കാര്‍ അങ്കലാപ്പിലായി. പീഠങ്ങളെടുത്ത് പുറത്തേക്കിട്ട് വെള്ളം തളിച്ച് തൊഴുതുനിന്നു. പണിക്കര്‍ അടയും കരിപ്പെട്ടിക്കാപ്പിയും പറഞ്ഞു. നമ്പ്യാര്‍ ഒന്നു കൂട്ടിച്ചേര്‍ത്തു. 

'ഉപ്പു ചേര്‍ത്തിളക്കി ഈരണ്ടു തുടം കഞ്ഞിവെള്ളം കൂടി ആവാം. വെളുപ്പോളം പടേനി കാണേണ്ടേ? ക്ഷീണോമറിയില്യാ വിശപ്പും വരില്യാ.' 

തുഴച്ചിലുകാര്‍ക്ക് ഓരോ പുഴുങ്ങിയ താറാമൊട്ടകൂടി അയാള്‍ പറഞ്ഞു. ഒഴുക്കുനീറ്റിനെതിരെ വള്ളമൂന്നി ക്ഷീണിച്ച തുഴച്ചിലുകാര്‍ക്ക് ഉത്സാഹമായി. നാലുനാഴികകൂടി തുഴയണം ചെങ്ങന്നൂരെത്താന്‍. നാക്കടയും എറപ്പുഴയും കഴിഞ്ഞാല്‍ മിത്രപ്പുഴക്കടവായി. പിന്നെ കഷ്ടിച്ച് ഒന്നരനാഴിക മതി പുതുക്കുളങ്ങരക്കാവിലേക്ക്. പീടികക്കാരില്‍നിന്ന് നാരായണച്ചാര് ദൂരത്തെക്കുറിച്ചും സമയത്തെക്കറിച്ചും ധാരണയുണ്ടാക്കിയെടുത്തു. നിരണംകാരന്‍ ചാക്കോമാപ്ലയുടേതായിരുന്നു കട. പിള്ളേച്ചന്മാരോട് പണം നിരസിച്ച് തൊഴുതുനിന്നെങ്കിലും കുറുപ്പ് മടിശ്ശീല അഴിച്ച് പണം എണ്ണിക്കൊടുത്തു. വള്ളം കിഴക്കോട്ടു നീങ്ങി.

പകല്‍വെളിച്ചം പൂര്‍ണ്ണമായും രാത്രിക്കു വഴിമാറി. അന്ന് വെളുത്തവാവായിരുന്നു. ചന്ദ്രന്‍ നേരത്തെ തന്നെ ആകാശത്തുണ്ട്. വെണ്ണിലാവില്‍ മണല്‍പ്പരപ്പും തെളിഞ്ഞു കിടന്നു. നിലാവിലൂടെ പിന്നീടുള്ള യാത്രയില്‍ വഴിവിളക്കായി പൂര്‍ണ്ണചന്ദ്രന്‍ മുന്‍പില്‍ നീങ്ങി. തീരങ്ങളെല്ലാം ഇരുണ്ടുതന്നെ കിടന്നു. അപൂര്‍വ്വമായി ചില പുരകളില്‍ വിളക്കുകള്‍ മുനിഞ്ഞു കത്തുന്നു. പണിക്കര്‍ പതിവുപോല മുറുക്കാഞ്ചെല്ലം തുറന്നു. 

'എടോ തകഴി ശാസ്താനടയില്‍ ഞാന്‍ കണ്ടത് പടേനിയായിരുന്നോ...?' പണിക്കര്‍ക്കൊരു സംശയം. 

'അല്ലെന്നു വിചാരിച്ചോളൂ. പുഴയോരത്തെ ഭഗവതിനടകളിലേ പടേനിയുള്ളൂന്നാ കേട്ടിരിക്കുന്നതേ. വസൂരിവന്ന് പണ്ടാരച്ചാവാവാണ്ടിരിക്കാനുള്ള നേര്‍ച്ചയാണത്രേ. താന്‍ കണ്ടത് ഗണകരെഴുതി നടേല്‍ വെക്കുന്ന പാളക്കോലമായിരിക്കാലോ. അതവിടെ ഞാനും കണ്ടിരിക്കുന്നു.'

എടുത്ത മുറുക്കാന്‍ നമ്പ്യാര്‍ വായിലേക്കു വെച്ചു.

'പണ്ട് തിരുവല്ലായ്ക്ക് കിഴക്ക് ഓതറമലേലൊരു ശാസ്താവിന്റെ അമ്പലമുണ്ടായിരുന്നു. പേമാരീലും വെള്ളപ്പൊക്കത്തിലും എല്ലാം ഇല്ലാണ്ടായി. ബിംബം ഇളകിയൊഴുകിയങ്ങനെ നടന്നു. അതെടുത്തു വില്വമംഗലത്തു സ്വാമിയാര് പ്രതിഷ്ഠിച്ചതാണ് തകഴീലെ ഇന്നത്തെ ശാസ്താവ്.' 
    
സംസാരം അല്പസമയത്തേക്ക് നിര്‍ത്തി അയാള്‍ മൗനത്തിലായി. നിലാവു കൂടുതല്‍ തെളിഞ്ഞു. കാറ്റും അനുകൂലമായതോടെ കഴുക്കോല്‍ കയറ്റിവെച്ച് തുഴച്ചിലുകാര്‍ നയമ്പെടുത്തു. വാസവക്കുറുപ്പ് വെള്ളത്തിലേക്ക് നീട്ടിയൊന്നു തുപ്പി മുഖം തുടച്ച് കഥയുടെ ശേഷം കേള്‍ക്കാനിരുന്നു. 

'എന്താടാ പകുതീലങ്ങ് നിര്‍ത്തിയത്. ഇത്രേയൊള്ളോ?' 

'പറയാം. അതിരിക്കട്ട് അവിടുത്തെ എണ്ണമരുന്ന് കഴിച്ചിട്ടുണ്ടോ...?' എല്ലാവരും നിശ്ശബ്ദം.

'ഇല്ലാലേ..?' 

ഓതറമലേലെ പച്ചമരുന്നിന്റെ കൂട്ടാണന്നേ. വൈദ്യമുള്ള ഗണകരല്ലേ അവിടുന്ന് അറുപത്തിനാലു കൂട്ടം പച്ചമരുന്നുകള്‍ പറിച്ച് തകഴീലെത്തിക്കുന്നത്. ഓതറ ഭഗവതി അവരുടെ ഭരദേവത. നമ്മളങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആയിരത്തൊന്ന് പാളയില്‍ മഹാഭൈരവി എഴുന്നെള്ളുന്ന പുതുക്കുളങ്ങരക്കാവ്. അവിടെ കോലം എഴുതാനുള്ള അവകാശം ഈ വൈദ്യകുടുംബങ്ങള്‍ക്കാണ്. കുറുപ്പ് ഒന്നു വിചാരിച്ചുനോക്കിയേ.' 
നമ്പ്യാര്‍ ഒന്നു നിര്‍ത്തി വായിലിട്ടിരുന്ന മുറുക്കാന്‍ പുറത്തുകളഞ്ഞു.

'പച്ചമരുന്നിന്റെ കൂടെ പാളക്കോലങ്ങളും അവരുകൊണ്ടുവന്നതാവാലോ? 

പടേനിയെക്കുറിച്ച് ഞാനറിഞ്ഞതും അവരില്‍നിന്നുതന്നെ.' നമ്പ്യാരുടെ കഥയ്‌ക്കൊപ്പം വള്ളം നാഴികകള്‍ ഒഴുകി. ചെറുദേശങ്ങള്‍ കടന്നുപോന്നത് ഇരുളില്‍ അറിഞ്ഞതുമില്ല. കീച്ചേരിവാലും എറപ്പുഴയും കഴിഞ്ഞിരിക്കുന്നു. ഇനി മിത്രപ്പുഴക്കടവാണ്. അകലെനിന്ന് അവ്യക്തമെങ്കിലും കൈത്താളവും ഇലത്താളവും ചേര്‍ന്ന ഒരു ശബ്ദം കേട്ടു തുടങ്ങി. മുന്നിലേക്ക് അടുക്കുന്തോറും ശബ്ദത്തിനൊപ്പം അലൗകികമായ കാഴ്ചയും തെളിഞ്ഞുവന്നു. നിലാവിന്റെ പാല്‍ക്കടലില്‍ ഒരു സ്വര്‍ല്ലോകപ്പക്ഷി ഇരുവശത്തേയും പക്ഷങ്ങള്‍ ഇളക്കി നീന്തുകയാണ്. ഉയര്‍ന്നുതാഴുന്ന ചിറകുകളില്‍നിന്നും നദിയിലേക്കു പൊഴിയുന്ന ജലകണങ്ങളില്‍ പൂര്‍ണ്ണചന്ദ്രന്മാര്‍ തുളുമ്പി നില്‍ക്കുന്നു. തലയ്ക്കു മുകളിലേക്ക് കൂപ്പുകൈകളുമായി നമ്പ്യാര്‍ എഴുന്നേറ്റു. തുഴച്ചിലുകാര്‍ സമാന്തരമായി വള്ളം പിടിച്ചു. ഇത്തരമൊരു ജലയാനം അയാള്‍ ആദ്യമായാണ് കാണുന്നത്. ആറാട്ടുകടവിലെ വിളക്കുമാടത്തിനരികില്‍ ആ വഞ്ചി ചെന്നു നിന്നു. 

'ആറുമ്മുളയപ്പന്റെ പള്ളിയോടമാ. ചെമ്പകശ്ശേരിയുടെ ചുണ്ടന്‍പോലല്ല. കണ്ടോ...? അമരവും അണിയവും അന്തരീക്ഷത്തിലാ.' 

പണിക്കര്‍ പറഞ്ഞുതുടങ്ങിയതും പള്ളിയോടത്തില്‍നിന്ന് ശിവസ്തുതി ഉയര്‍ന്നു. അറുപത്തിനാലു തുഴകള്‍ മേല്‍പോട്ടുയര്‍ന്ന് തൊഴുകയ്യുകളായി. ഉച്ചസ്ഥായിയില്‍ മുന്‍പാട്ടും പിന്‍പാട്ടും വായ്ത്താരിയുമായി കണ്ഠവാദ്യം മുഴങ്ങി. 

'അമ്പിളിത്തെല്ലണിയുന്ന തെയ് തെയ് തക, തെയ് തെയ് തോ
തമ്പുരാനെന്നുടേ ചിത്തേ തിത്തത്താതി തെയ് തെയ് 
അമ്പിളിത്തെല്ലണിയുന്ന തമ്പുരാനെന്നുടേ ചിത്തേ
തെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ.' 

നമ്പ്യാരുടെ മനസ്സിലേക്ക് അതിന്റെ താളം തുഴഞ്ഞുകയറി. അടുത്ത വരിയും കൂടി കേട്ടതോടെ അയാള്‍ മനസ്സില്‍ കുറിച്ചു. സമ ഇടത്തില്‍ ചതുരശ്രനട. ഈരടിയിലെ ആദ്യവരിയില്‍ പതിനാറക്ഷരം. അടുത്തതില്‍ പതിമൂന്ന്. എട്ടക്ഷരം മുറിച്ച് വായ്ത്താരി. പള്ളിയോടത്തില്‍ പാട്ടുപൂര്‍ണ്ണമായി.

'തുമ്പമെല്ലാം കളയണേ ചെങ്ങന്നൂരപ്പോ
തെയ്ത തകത തികുതകതോ, തക തീയതിത്തോ തിത്തോ തികിതോ.' 

പള്ളിയോടത്തിലെ സ്തുതി അവസാനിച്ച നിമിഷം ആവേശംകൊണ്ട നമ്പ്യാര്‍ ഉറക്കെ പാടിപ്പോയി.

'തിങ്കള്‍മൗലി ജഗന്നാഥന്‍' ചെറുവള്ളത്തില്‍ നിന്നുയര്‍ന്ന പാട്ടുകേട്ട് പള്ളിയോടത്തിലെ തുഴച്ചിലുകാര്‍ അത്ഭുതത്തോടെ വായ്ത്താരിയിട്ട് ഒപ്പം കൂടി.

'തെയ് തെയ് തക, തെയ് തെയ് തോ.' 
ആവേശത്തള്ളലില്‍ അയാള്‍ പാട്ടുതുടര്‍ന്നു.
'പങ്കജാക്ഷി പാര്‍വ്വതിയും തിത്തത്താതി തെയ് തെയ് 
തിങ്കള്‍മൗലി ജഗന്നാഥന്‍ പങ്കജാക്ഷി പാര്‍വ്വതീയും 
തെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ' പാട്ടും വായ്ത്താരിയും പിന്‍പാട്ടും പാടി പള്ളിയോടം മുമ്പില്‍ നീങ്ങി. നയമ്പുകള്‍ ഒരുപോലെ ഉയര്‍ന്നു താഴ്ന്ന് തുഴയുവാന്‍ എട്ട് അക്ഷരകാലം എടുക്കുന്നതിന്റെ സൗന്ദര്യം കണ്ടറിഞ്ഞ് നമ്പ്യാര്‍ പാടിത്തീര്‍ത്തു. 

'മുന്‍പില്‍ വന്നു പ്രസാദിച്ചു വരം നല്‍കണേ 
തെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ.' 

വള്ളപ്പാടുകള്‍ മുന്നിലെത്തിയെങ്കിലും പള്ളിയോടത്തില്‍ പാട്ടുനിലച്ചതേയില്ല. തൊട്ടുപിന്നാലെ അതേ മട്ടില്‍ തുഴയെറിഞ്ഞ് നാരായണച്ചാരും ശങ്കരച്ചാരും ജീവതാളത്തിന്റെ ആനന്ദത്തില്‍ ലയിച്ചു. പുഴയില്‍ നല്ല നിലാവും തീരത്ത് ആറ്റുവഞ്ചികളുടെ നിഴല്‍വീണ ഇരുട്ടും. ഒന്നരനാഴിക നേരം മുന്നോട്ടുചെന്ന് പള്ളിയോടം ഇടത്തോട്ടു തിരിഞ്ഞ് ആദിപമ്പയിലേക്ക് കടന്നു. ചുരുളന്‍വള്ളവും പിന്നാലെ നീങ്ങി. ഇരുളില്‍ തെളിഞ്ഞുകത്തുന്ന ചൂട്ടുകറ്റകള്‍. മേളപ്പെരുക്കത്തിനുമേല്‍ കതിനാവെടികളുടെ മുഴക്കം. 

പുതുക്കുളങ്ങരക്കാവില്‍ എത്തിയിരിക്കുന്നു. ആദിപമ്പയുടെ പടിഞ്ഞാറെ തീരത്തോടു ചേര്‍ന്നു വള്ളം അടുത്തു.

എങ്ങും ദീപാലങ്കാരങ്ങള്‍. തീരംമുതല്‍ കാവുവരെ മരോട്ടിക്കാത്തോടില്‍ തിരിതെളിയിച്ച് തട്ടുതട്ടുകളായി പിണ്ടിവിളക്കുകള്‍ നാട്ടിയിരിക്കുന്നു. ആറ്റുകടവില്‍ പന്ത്രണ്ടടി ചതുരത്തില്‍ കുരുത്തോലപ്പന്തല്‍. ആലില മാവില അരയന്നപ്പൈങ്കിളി ഞാന്നു കളിക്കുന്നു. ചാണകം മെഴുകിയ തറയില്‍ അരിമാവിലെഴുതിയ മംഗളരൂപങ്ങള്‍. വീരമദ്ദളവും ചെണ്ടയും ഇലത്താളവും കൈത്തണ്ടയില്‍ തൂക്കിയിട്ട തപ്പും കൊട്ടിമാറിയ പന്തലിലേക്ക് കരനാഥന്മാര്‍ പാട്ടുമായി കയറിവന്നു. തീപ്പൊരി ചിതറുന്ന ചൂട്ടുകറ്റകള്‍ ഇരുവശത്തും ഉയര്‍ന്നുതാണു. മരത്തൂപ്പുകള്‍ ഇളകിയാടി കുരുത്തോലക്കുടകള്‍ വട്ടം കറങ്ങി. പതിനാറു കതിനാവെടികള്‍ മുഴങ്ങി. ഉയര്‍ത്തിപ്പിടിച്ച തീവെട്ടികളുടെ അഞ്ചുശിഖരങ്ങളിലും പന്തം ആളിക്കത്തി. പള്ളിയോടത്തില്‍ വന്ന ബന്ധുക്കരയെ പന്തലിലേക്കു സ്വീകരിച്ചു. കരനാഥന്മാര്‍ക്കു പിന്നാലെ അവര്‍ പടേനിക്കളത്തിലേക്കു നടന്നു. നമ്പ്യാരും പണിക്കരും കുറുപ്പും ബന്ധുക്കരയുടെ ഭാഗമായി കാവിലേക്ക് നടക്കുമ്പോള്‍ വീണ്ടും പാട്ടുയര്‍ന്നു.

'നമുക്കുള്ളോരിവരെന്ന് മനക്കാമ്പില്‍ നിനയ്‌ക്കേണം
നമസ്‌കാരം നമസ്‌കാരം നിങ്ങള്‍ക്കേവര്‍ക്കും' 

അക്ഷരങ്ങള്‍ക്കൊപ്പം നമ്പ്യാരുടെ വിരലുകള്‍ മടങ്ങിനിവര്‍ന്നു. ആദ്യവരിയില്‍ പതിനാറ്. അടുത്തതില്‍ പതിമൂന്ന്. എട്ടക്ഷരത്തില്‍ മുറിച്ച് വായ്ത്താരി. ഏറ്റുപാടിയും വായ്ത്താരിയിട്ടും അയാള്‍ പാട്ടില്‍ ലയിച്ചു. ചൂട്ടുകറ്റകള്‍ പൊഴിച്ച തീമഴയില്‍ അഗ്‌നിസ്‌നാനം ചെയ്തു. 

ചിരിക്കുന്ന കഥ കേട്ടിരിക്കുന്ന കാഴ്ചക്കാരിലൊരാളായി അയാളും നിലത്ത് കുത്തിയിരുന്നു. വെളിച്ചപ്പാടെത്തി അരുളിയതെല്ലാം പൊരുളുതിരിച്ചു. ചിരി ചിന്തയായി. വേലന്‍ പറകൊട്ടിച്ചാറ്റി. കളം ചുറ്റിക്കടന്നുപോയ അരക്കുതിരകളുടെ കുളമ്പടിയില്‍ കേട്ടത് മര്‍മ്മതാളം. തോളോടുതോള്‍ ചേര്‍ന്നു വട്ടത്തില്‍ പുലനൃത്തം ചവിട്ടിയപ്പോള്‍ കളത്തില്‍ ചേറിന്റെ മണം പൊന്തി.

'അല്ലി മുല്ല പിച്ചകവും അതിനരികേ ചെമ്പകോം 
അല്ലിന്‍മീതേ വില്ലും ചാരിനിക്കുന്ന ദേവാ' 

അക്ഷരസംഖ്യയില്‍ പിന്നെയും തനിയാവര്‍ത്തനം. താളം മുറുകി. കനല്‍ച്ചൂടു നല്‍കി കാച്ചിയെടുത്ത തപ്പില്‍ ഉരുളുകൈ വീഴുന്നതുകണ്ട് തരിച്ചുപോയ നമ്പ്യാര്‍ കൈത്തലം നെഞ്ചോടുചേര്‍ത്തു തൊഴുതുപിടിച്ചു. കാറ്റുപെരുത്ത ആറ്റുമണലില്‍നിന്നു പിശാചുക്കള്‍ വന്നു ചൂട്ടുവീശി. പക്ഷികള്‍ ചിറകടിച്ചു കയറി. പാലപ്പൂവിന്റെ ഗന്ധം ഒഴുകിപ്പരന്നു. പാതിരാനിലാവില്‍ ആകാശയക്ഷികള്‍ പറന്നിറങ്ങി. അന്തരയക്ഷിയും സുന്ദരയക്ഷിയും കളം നിറഞ്ഞു. അന്‍പത്തൊന്നക്ഷരങ്ങളും കൈവിട്ടുപോയ കാലന്‍ കാലാരി എറിഞ്ഞ ശൂലത്തിലൊടുങ്ങി. കാലനില്ലാത്ത കാലം അയാള്‍ കണ്ടു. ഭൂമി നിശ്ചലം.

ചൂട്ടുകറ്റകള്‍ ഉയര്‍ന്നുതാണു. കതിനാവെടികള്‍ തുടര്‍ന്നു. ആദിപമ്പയുടെ തീരത്ത് ആകാശംമുട്ടെ ആയിരം പാളയില്‍ മഹാഭൈരവി നിവര്‍ന്നു. പത്തിവിടര്‍ത്തിയ സര്‍പ്പമുഖങ്ങളില്‍ ആയിരം പന്തങ്ങള്‍ ജ്വലിച്ചു. കിഴക്ക് ആദികിരണമുദിച്ച് വാനം ചുവന്നു. പിന്നിലെ പുലര്‍വെട്ടമേറ്റ് പുറവടയില്‍ കുത്തിയുടക്കിയ കുരുത്തോലയല്ലികള്‍ വെട്ടിത്തിളങ്ങി. കരനാഥന്മാരുടെ തോളേറിയ ഭൈരവിയൊന്നുലഞ്ഞു. ഓട്ടുമണികള്‍ കിലുങ്ങി. ആര്‍പ്പും കുരവയും ഉയര്‍ന്നു. കളത്തിലേക്ക് മംഗളഭൈരവിയുടെ പുറപ്പാട് തുടങ്ങി. ഉച്ചസ്ഥായിയില്‍ പാട്ടു മുറുകി:

'കാളും തീ എരിഞ്ഞ കണ്ണില്‍ കാലകാലന്‍ പെറ്റെടുത്ത 
കാളിയെന്നു പേരമര്‍ന്ന കാമാക്ഷിയമ്മോ' 

ഒരു ദേശം കണ്ഠം തുറന്ന് വിളിച്ചുചൊല്ലി. ദിക്കുകള്‍ ഞെട്ടിയുണര്‍ന്നു പ്രകാശിച്ചു. ആ മഹാശബ്ദത്തില്‍ ഭൈരവി ഉറഞ്ഞു. തിരുനടയില്‍ കോലം ഇറക്കിവെച്ച് കരവാസികള്‍ മടങ്ങി. ഒരു പടയണിക്കാലം അവസാനിച്ചു.

നന്തിക്കാട്ടെ ചുരുളന്‍വള്ളം ഒഴുക്കിനൊപ്പം പടിഞ്ഞാട്ട് നീങ്ങി. വളവരയ്ക്കുള്ളില്‍ മയങ്ങിക്കിടക്കുമ്പോഴും കാതില്‍ മുഴങ്ങിക്കൊണ്ടിരുന്ന ദേവീസ്തവത്തിലെ അക്ഷരസംഖ്യ നമ്പ്യാരുടെ മനസ്സ് എണ്ണിപ്പെറുക്കുകയായിരുന്നു. 

'വാളുമമ്പും ധരിച്ചുടന്‍ വേതാളത്തിന്‍ ചുമലേറി
ഘോരനായ ദാരികനേ കൊന്നറുത്തവളേ...' 

ആദ്യവരിയില്‍ പതിനാറ്. അടുത്തതില്‍ പതിമൂന്ന്. ഓളപ്പാത്തികളില്‍ വീഴുന്ന തുഴയുടെ താളത്തിലും മറ്റൊന്നും കേള്‍ക്കാതെ നിദ്രയുടെ ആഴങ്ങളിലേക്ക് അയാള്‍ ആണ്ടുപോയി.

മാത്തൂര്‍കളരിയില്‍ ഒരു വാരം പരിശീലനങ്ങളില്ലായിരുന്നു. ആട്ടക്കാരും പാട്ടുകാരും വീടുകളിലേക്കു മടങ്ങി. വെയിലിറങ്ങാത്ത കളത്തട്ടിലെ തൂണില്‍ചാരി ദിവസങ്ങള്‍ പോകുവതറിയാതെ നമ്പ്യാര്‍ ഓലകളില്‍ നാരായമുന ആഴ്ത്തിയിരുന്നു. നടതുറന്ന് മാത്തൂര്‍ ഭഗവതി കൂട്ടിനെത്തി. ഉള്ളില്‍ തറഞ്ഞ താളപ്പിടച്ചിലില്‍ കുടമാളൂര്‍ മഠത്തിലെ കുലദൈവതത്തിന്റെ വില്ലും ചുരികയുമിളകി. പച്ചപ്പട്ടുടയാട ചാര്‍ത്തി വേട്ടയ്‌ക്കൊരുമകന്‍ കുതിരമേലേറി വന്നു. മഹാദേവന്‍ കിരാതനായി. വേടനായ ഭഗവനെ കണ്ടനേരം ശൈലപുത്രി ശംഖുകൊണ്ടു കടകങ്ങളും മാലകളുമണിഞ്ഞ് വേടത്തിയായി. 

മാത്തൂര്‍പണിക്കരുടെ വേലക്കുട്ടികള്‍ ഓട്ടുമൊന്തയില്‍ പാലുമായി നേരം നോക്കി കളത്തട്ടില്‍ കയറിച്ചെന്നു. നാരായം ഓലപ്പുറത്തുവെച്ച് അയാള്‍ ചിരിച്ചു. അടുത്തിരുത്തി എഴുതിവന്ന വരികളിലെ കഥ അവരെ പാടിക്കേള്‍പ്പിച്ചു.         

'അര്‍ജ്ജുനന്‍ പണ്ടൊരുകാലം ശങ്കരനെ തപം ചെയ്തു
അത്ഭുതമാം പാശുപതം ലഭിപ്പാനായി' 

അവരെ ചേര്‍ന്നുപാടാനും ഇടമുറിച്ച് വായ്ത്താരിയിടാനും പഠിപ്പിച്ചു. കൈനേരിത്തോട്ടിലെ കടത്തുവഞ്ചിയില്‍ അവര്‍ താളം തെറ്റാതെ തുഴയെറിഞ്ഞു. പണിക്കുറ്റം തീര്‍ന്ന വരികള്‍ വള്ളത്തില്‍ മുഴങ്ങി. വേടന്റെ പരീക്ഷണങ്ങളെ അര്‍ജ്ജുനന്‍ എതിരിട്ടു. 

'കാട്ടുകള്ളാ വഴിപോലെ കേട്ടുകൊള്‍ക വിജയന്റെ
നാട്ടിലൊക്കെപ്പരന്നോരു ഭുജവിക്രമം' 

മഹാമേരുവില്‍നിന്ന് കുത്തിയൊലിച്ചു വന്ന ആരോപണശരങ്ങള്‍ നിഷ്പ്രഭമാകുന്നത് കണ്ടുംകേട്ടും വേലക്കുട്ടികള്‍ നടുത്തളത്തില്‍ തട്ടും തടയും നടത്തി. ഒറ്റയും ഇരട്ടിയും മുക്കണ്ണിയും അവരുടെ ചുവടുകളില്‍ വിടര്‍ന്നപ്പോള്‍ ഡമരുവിന്റെ താളം കേട്ടു. മഹാദേവന്‍ സംപ്രീതനായ പ്രകാശം. അര്‍ജ്ജുനന് പാശുപതം നല്‍കി അനുഗ്രഹിച്ച് ആ പ്രകാശം മങ്ങി മഞ്ഞുകണമായി.

'കിരാതം വഞ്ചിപ്പാട്ട് മുഴുമിച്ചിരിക്കുന്നു' വേലക്കുട്ടികളുടെ ആയോധനമുറകളിലെ കൈമെയ് ചലനങ്ങളില്‍ പ്രപഞ്ചനടനം കണ്ടിരുന്ന പണിക്കര്‍ സ്വപ്നം വിട്ടുണര്‍ന്നു. പുതിയൊരു കാവ്യരൂപം എഴുതിയുണ്ടാക്കിയ കൂട്ടുകാരനെ പണിക്കര്‍ കെട്ടിപ്പിടിച്ചു. 

'വേട്ടയാടിക്കളിക്കുന്ന ശങ്കരന്റെ രൂപമല്ലോ
വേട്ടയ്‌ക്കൊരുമകനേ ഞാന്‍ സ്മരിച്ചിടുന്നു' 

ഇളകിയ മണ്ണില്‍ തൊട്ടുവന്ദിച്ച് വേലക്കുട്ടികള്‍ കളി നിര്‍ത്തി. നമ്പ്യാരുടെ പാദത്തില്‍ വീണു നമസ്‌കരിച്ചു.

കുടമാളൂര്‍ 

ഏറെക്കാലത്തിനുശേഷമാണ് നമ്പ്യാര്‍ വാസുദേവപുരത്ത് എത്തുന്നത്. എന്നും തുണയായ ഭഗവാന്‍. ഗ്രന്ഥക്കെട്ട് സോപാനത്തില്‍ വെച്ചു വണങ്ങി. അടഞ്ഞുകിടന്ന ശ്രീകോവിലിനു മുന്‍പില്‍ നാലഞ്ചാളുകള്‍ തൊഴുതുനിന്നു. 

'വാസുദേവപുരം തന്നില്‍ വാണരുളും ജഗന്നാഥന്‍ 
വാസുദേവന്‍ കനിവോടു തുണച്ചിടേണം
നിന്‍ പാദങ്ങള്‍ വഴിപോലെ കുമ്പിടുന്നോരടിയന്റെ 
കമ്പമെല്ലാം കളഞ്ഞാശു കാത്തുകൊള്ളേണം' 

അയാള്‍ പതിയെ പാടിത്തൊഴുത് പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍നിന്നൊരു പറച്ചില്‍.

'ഇങ്ങനെയൊരു സ്തുതി കേട്ടിട്ടില്ല.' ഓലക്കുടയൊന്നു വട്ടം തിരിഞ്ഞു. തിടപ്പള്ളിയുടെ ഇളംതിണ്ണയില്‍ മാല കെട്ടിക്കൊണ്ടിരുന്ന യുവാവ് എഴുന്നേറ്റു. മുടിപ്പിന്നലിന്റെ ചാരുതയാര്‍ന്ന കെട്ടുമുറയില്‍ അയാളുടെ കയ്യില്‍നിന്നു താഴേക്ക് നീളുന്ന വനമാല. തുളസിയുടെ പച്ചയില്‍ പിച്ചകം ചേര്‍ത്തുവരിഞ്ഞ അക്ഷരപ്പൊരുള്‍ നമ്പ്യാരുടെ കണ്ണില്‍പ്പെട്ടു. 'നാരായണായ നമഃ' 

'സ്തുതിപ്പ് അസ്സലായി. കവിയെ കിട്ടിയില്ല' യുവാവ് പറയുന്നതു കേട്ട് നമ്പ്യാര്‍ ഇളംതിണ്ണയില്‍ ഇരുന്നു. നമ്പ്യാരുടെ മുഖത്ത് സ്ഥായിയായ മന്ദഹാസം വിടര്‍ന്നു. 

'കവി... അതു ഞാന്‍ തന്നാ. പിന്നെ സ്തുതിപ്പായി ചൊല്ലാമെങ്കിലും വഞ്ചിപ്പാട്ടെന്നു പറയുന്നതാവും ശരി. പമ്പാതീരത്തു കേട്ടമട്ടിലൊരു ശ്രമം.' 

നമ്പ്യാരുടെ കണ്ണുകള്‍ അപ്പോഴും ഇടതടവില്ലാതെ പിന്നി നീളുന്ന മാലയുടെ കരവിരുതിലായിരുന്നു.
 
ചക്രബന്ധം മാലയില്‍ കൊരുക്കുന്ന വിരുതന്മാരെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ഇതാ മുന്‍പില്‍.

'എന്തു ചെയ്യുന്നു' നമ്പ്യാരുടെ ചോദ്യം

'മാല കെട്ടുന്നു...' യുവാവിന്റെ മറുപടി.

നമ്പ്യാര്‍ എഴുന്നേറ്റു പുറത്തേക്കു നടന്നു. കുടമാളൂര്‍ തെക്കേമഠത്തിലെത്തും മുന്‍പ് അയാള്‍ നമ്പ്യാരുടെ ഒപ്പമെത്തി. 

'പിണങ്ങിയോ? ഞാന്‍ പറഞ്ഞതു കള്ളമല്ല. കഴകം തന്നെ. ഇവിടെ ഒരു വാലായ്മ വന്നു. ഒഴിവിന് എത്തിയതാ. ഇനി വൈക്കത്തേക്കു പോകണം. ജീവിതവൃത്തിയല്ല. ജന്മനിയോഗമായ സമര്‍പ്പണം.' നമ്പ്യാരുടെ മുഖം തെളിഞ്ഞു.

'അതെയോ? എങ്കില്‍ ഒരു സഹായം ചെയ്‌തേ മതിയാവൂ. പെരുംതൃക്കോവിലപ്പന്റെ നടയിലിതൊന്നു പാടണം. എന്റെ കിരാതം വഞ്ചിപ്പാട്ട്. പുണ്യം തനിക്കായിക്കോട്ട്.'

രണ്ട് ഓലക്കുടകള്‍ കഥകളുടെ വെയില്‍ മറച്ച് തെക്കേമഠത്തിലേക്കു നടന്നുനീങ്ങി. ചാവടിപ്പുരയുടെ കൊച്ചുതിണ്ണയില്‍ കൈതോലത്തടുക്കുവിരിച്ച് അയാളിരുന്നു. അടുത്തുതന്നെ നമ്പ്യാരും ചമ്രം പടഞ്ഞു. പട്ടുപൊതിയില്‍നിന്നു ഗ്രന്ഥക്കെട്ട് പുറത്തെടുത്തു. 

'പകര്‍ത്തിക്കോളൂ.' ഓലയും നാരായവും നല്‍കിക്കൊണ്ടു നമ്പ്യാര്‍ പറഞ്ഞു.

ഓലക്കെട്ടിന്റെ ചരടഴിച്ചു പാടിത്തുടങ്ങി. വാസുദേവപുരത്തു കേട്ട ഭക്തിസാന്ദ്രമായ കീര്‍ത്തനം തന്നെ. ചൊല്ലുവഴി മാറ്റിപ്പിടിച്ചിരിക്കുന്നു. യുവാവിന്റെ മുഖത്ത് ഓളം വെട്ടുന്ന പ്രവാഹത്തില്‍ നമ്പ്യാര്‍ തുഴഞ്ഞുകയറി. നീറ്റൊഴുക്കില്‍ ചിറകുകളിളക്കി പറക്കുന്ന ഗരുഡരാജന്‍. യുവാവ് കൂടെ തുഴഞ്ഞുകയറി. അടിയും ഇടയും തെറ്റാതെ അയാളുടെ വിരലുകള്‍ക്കിടയില്‍ താളമാലിക ഉയര്‍ന്നു. എട്ടു കൂവളപ്പച്ച നിര്‍ത്തി ഒരു കുടമുല്ലയുടെ വെണ്മയാണ് അയാളില്‍ നമ്പ്യാര്‍ കണ്ടത്. താളിയോലകള്‍ ഓരോന്നായി മറിഞ്ഞു. 

ഉച്ചയൂണിനു കാലമായതറിയാതെ വഞ്ചിപ്പാട്ട് ഒഴുകിക്കൊണ്ടിരുന്നു. കിരാതനും അര്‍ജ്ജുനനും വാക്ശരങ്ങള്‍ പൊഴിച്ച് കയ്യാങ്കളിയിലെത്തി. ഡമരുവില്‍ നാദം തിമിര്‍ത്തു. ദിവ്യപ്രകാശം തെളിഞ്ഞു. തല്‍സ്വരൂപത്തില്‍ പരമശിവന്‍ പ്രത്യക്ഷനായി. പാശുപതം നല്‍കി അനുഗ്രഹിച്ച നേരം ഗ്രഹങ്ങളെല്ലാം അത്യുച്ചത്തില്‍ നില്‍ക്കുന്നു. ഇരുകയ്യും ആകാശത്തിലേക്ക് താളത്തിലെറിഞ്ഞ് ആ യുവാവ് പാടിപ്പോയി.

'തെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ.'

മീനച്ചിലാറ്റിലൂടെ കൂത്തിനായി കിടങ്ങൂരിലേക്ക് പുറപ്പെട്ട വള്ളത്തില്‍ നമ്പ്യാര്‍ക്കൊപ്പം അയാളും കയറി. തുഴത്താളത്തില്‍ നമ്പ്യാര്‍ പാടിത്തുടങ്ങിയപ്പോള്‍ പാദം മുറിച്ച് ഗണം തിരിച്ച് അയാള്‍ ഉള്ളിലുറപ്പിച്ചു. 'നതോന്നത തന്നെ.' പിറ്റേന്ന് നമ്പ്യാരെ വാര്യത്തേക്ക് ക്ഷണിച്ചിട്ടാണ് അയാള്‍ രാമപുരത്തിനു മടങ്ങിയത്. 

ചെമ്പകശ്ശേരി 

'ഒന്ന് ഉറക്കം തൂങ്ങിപ്പോയതിനു താന്‍ കുറേ പരിഹാസം കേട്ടത് എന്തുകൊണ്ടും നന്നായി. ഏതു തമ്പുരാനേയും വിമര്‍ശിക്കാന്‍ ഒരു വഴിതെളിഞ്ഞല്ലോ. പാടിത്തുള്ളിയതെല്ലാം പുരാണമെന്നു കരുതുന്ന പോഴമ്മാരോടു പറഞ്ഞിട്ടു കാര്യമില്ല' വര്‍ത്തമാനത്തിനൊപ്പം മാത്തൂര്‍ പണിക്കരുടെ വിരലുകള്‍ക്കിടയില്‍ കുരുത്തോലക്കീറുകൊണ്ട് മെടഞ്ഞ നാലാമത്തെ കൈത്താമരയും പൂര്‍ണ്ണമായി. തോള്‍വളയും കങ്കണവുമായി കൈത്തണ്ടയിലും മുകളിലും കെട്ടിയലങ്കരിക്കാനുള്ള കൈത്താമരയുമെടുത്ത് പണിക്കര്‍ എഴുന്നേറ്റു. കുരുത്തോലപ്പാവാട അരയില്‍ ചുറ്റി നമ്പ്യാര്‍ ഒന്നു മൂളി. 

'കൊട്ടാരത്തില്‍ കൊച്ചുപണിക്കരു വേട്ടയ്ക്കായിപ്പോകണമെങ്കില്‍
മുന്‍പിലൊരമ്പതകമ്പടി വേണം പിന്നെച്ചിലവക വേറേവേണം
പെട്ടിയെടുപ്പാന്‍ പട്ടരുവേണം കാലുതിരുമ്മാന്‍ നായരുവേണം' 

ഒന്നു വട്ടം ചുറ്റിച്ചാടി ഉടുത്തുകെട്ടിന്റെ മുറുക്കം ഉറപ്പിച്ചു. ഉറക്കെ ചിരിച്ചുപോയി ചെമ്പകശ്ശേരിയുടെ സര്‍വ്വസൈന്യാധിപനായ മാത്തൂര്‍ പണിക്കര്‍. 

'ചൂതും വിനോദവുമല്ലല്ലോടോ നമ്പ്യാരേ രാജ്യഭരണം. ചെമ്പകശ്ശേരി ഇങ്ങനെയൊക്കെ കാണണമെന്നുണ്ടെങ്കില്‍ സര്‍വ്വസൈന്യാധിപന്‍ ആളകമ്പടികളോടെ വേട്ടയ്ക്കു പോയെന്നിരിക്കും. പല്ലക്കില്‍ ഏറിയെന്നുമിരിക്കും. താന്‍ പാടുന്നതിന്റെ പൊരുളു തിര    ക്കാന്‍പോലും രാജാവിനു മനസ്സുണ്ടാവുന്നില്ലല്ലോ. കഷ്ടം.' തട്ടിലേക്ക് കയറാന്‍ വേഷം തീര്‍ന്ന കുഞ്ചന്‍നമ്പ്യാര്‍ പണിക്കരെ തൊഴുതു. ആ സമയത്ത് അണിയറയിലേക്ക് ഒരു ഭടന്‍ പ്രവേശിച്ചു വണങ്ങി.

'മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് ചെമ്പകശ്ശേരിയുടെ മണ്ണിനോടൊരു മോഹം തോന്നിയിരിക്കുന്നുപോലും. സന്ദേശവുമായി ദൂതനെത്തിയിട്ടുണ്ട്. മറുപടി കുറിക്കാന്‍ സര്‍വ്വസൈന്യാധിപനെ തിരക്കുന്നു.' നമ്പ്യാരെ വണങ്ങി പണിക്കര്‍ രാജസഭയിലേക്ക് തിടുക്കത്തില്‍ നടന്നു. 

'കുട്ടയും കൂന്താലിയും ഒരുപണവും കൊടുത്തുവിടാന്‍ മറുപടി കുറിച്ചാല്‍ ധാരാളം.' പിന്നില്‍നിന്ന് നമ്പ്യാര്‍ വിളിച്ചു പറഞ്ഞു.

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് മറുപടി മാത്രമല്ല, അതു കുറിച്ചുവിട്ട മാത്തൂര്‍ പണിക്കരേയും മണ്ണിനൊപ്പം ബോധിച്ചു. യുദ്ധകാഹളം മുഴങ്ങി. രാമയ്യന്‍ദളവ മുന്നില്‍. പിന്നിലായി ഓലക്കാല് ശീലക്കാല് ചവുട്ടി ലന്തക്കുഴല്‍ തോളേല്‍ വെച്ച സൈന്യം. വടക്കോട്ട് പട നയിച്ച ഡിലനോയി സായിപ്പിന് ഉന്നം പിഴച്ചില്ല. ചെമ്പകശ്ശേരിയും തെക്കുംകൂറും വടക്കും കൂറും വീണു. അമ്പലപ്പുഴ മുതല്‍ അങ്കമാലി വരെ വഞ്ചിരാജ്യത്തിന്റെ എലുക വളര്‍ന്നു. മാത്തൂര്‍ പണിക്കരോടൊപ്പം നമ്പ്യാരേയും രാജാവ് തലസ്ഥാനത്തേക്ക് കൊണ്ടുപോയി. തുള്ളിയൊഴിഞ്ഞ അനന്തപുരിയിലെ കളിത്തട്ടുകളും അല്‍പ്പശി ഉത്സവവും രാജസദസ്സിനു കുഞ്ചന്‍നമ്പ്യാരെ പണ്ടേ പ്രിയപ്പെട്ടവനാക്കിയിരുന്നു. പത്മനാഭസ്വാമിയുടെ തിരുമുമ്പില്‍ പണിക്കര്‍ വേലകളിച്ചു. മുഖമണ്ഡപത്തില്‍ നമ്പ്യാര്‍ പാടിത്തുള്ളി. 

'വഞ്ചിഭൂപതി വീരഹീര വിഡംബിതായ നമോസ്തുതേ...
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം' 

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഹര്‍ഷപുളകിതനായി. മുകപ്പിലെ ആണിത്തലയ്ക്കല്‍ മരതകക്കല്ലു പതിച്ച വീരശൃംഖല തളികയിലെത്തി. കൊട്ടാരം പണ്ഡിതസഭയില്‍ അന്നുമുതല്‍ സൗഗന്ധികപുഷ്പം വാസനിച്ചുതുടങ്ങി.. 

പത്മനാഭപുരം 

യുദ്ധങ്ങളിലെല്ലാം പരാജയപ്പെട്ടത് വിജയശ്രീലാളിതനായ മഹാരാജാവു തന്നെയായിരുന്നു. രാജ്യവിസ്തൃതിയെക്കാള്‍ വലുതായ ആത്മസംഘര്‍ഷം താങ്ങനാവാതെ നെഞ്ചകം വിങ്ങി. മഴയിലും പുഴയിലും നിണമൊഴുകുന്നതു മായാതെ നിദ്ര വിട്ടകന്നു. നിലവിളിക്കുന്ന ശവങ്ങളില്‍നിന്ന് അമ്മമാര്‍ കരഞ്ഞു. വിധവകളുടേയും കുഞ്ഞുങ്ങളുടേയും പ്രാക്കും ശാപവും കാതുകളില്‍ വന്നലച്ചു. ബ്രഹ്മരക്ഷസ്സുകള്‍ കോപിച്ചു. ആനമറുതകള്‍ ഗ്രാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മാടന്‍ തല്ലി മുടിഞ്ഞവരുടെ എണ്ണം കൂടിവന്നു. ദേശഭരദേവതകളെ കണ്ടു വണങ്ങി പ്രവൃത്തി ദോഷങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്ത് അനുഗ്രഹം തേടാന്‍ ദൈവജ്ഞന്മാരുടെ ഉപദേശം വന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ വടക്കോട്ടുള്ള ദേശസഞ്ചാരത്തിനു തുടക്കമായി. 

തെക്കുംകൂറില്‍ നമ്മാഴ്‌വാരുടെ വാഴ്ത്തലുകളാല്‍ പുകള്‍കൊണ്ട തിരുവാറന്മുളത്തേവരെ നടയിലെത്തി നമസ്‌കരിച്ചു. പള്ളിയോടങ്ങളില്‍ നിരന്നുനിന്ന് അകഞ്ചേരിയിലേയും പുറഞ്ചേരിയിലേയും കരനാഥന്മാര്‍ വഞ്ചിപ്പാട്ടുപാടി സ്വീകരിച്ചു. തൂശനിലയില്‍ വള്ളസദ്യ വിളമ്പി. ശ്ലോകങ്ങള്‍ കേട്ട് വന്നുനിറഞ്ഞ നൂറ്റൊന്നു വിഭവങ്ങളുടെ അമൃതേത്ത്. തിരുമുല്‍ക്കാഴ്ച ലഭിച്ചത് ഭഗവതിയുടെ പ്രതിരൂപം. വെള്ളോട് ഊതിയുരുക്കിയെടുത്ത കണ്ണാടിബിംബം. തന്റെ പ്രതിച്ഛായ അതില്‍ നിഴലിച്ചുകണ്ട് ഞാനെന്ന ഭാവം ഒഴിഞ്ഞു. 

തോണി വടക്കുംകൂറിലേക്കു നീങ്ങി. വൈക്കത്തപ്പന്റെ സന്നിധിയില്‍ ദണ്ഡനമസ്‌കാരം ചെയ്തു. വടക്കുപുറത്തെഴുതിയ അറുപത്തിനാലു കരങ്ങളുള്ള ഭദ്രക്കളത്തിന് ഉലകം നിറഞ്ഞുനില്‍ക്കുന്ന മാതൃഭാവം. എന്തൊരു വിസ്മയം. നിറം പാടിത്തീരുന്നതുവരെ കളമ്പാട്ടില്‍ മുഴുകി. മറ്റൊരു മുറജപത്തിനായി തൊഴുതുനിന്നു. ദൈവജ്ഞരുടെ വിധിപ്രകാരം നാള്‍ നോക്കി ഭജനമിരുന്നു. കലികാലദുരിതത്തിനു പരിഹാരം വേണം. ക്ഷേത്രത്തില്‍ നിത്യാന്നദാനത്തിനു പടിത്തരം ഉത്തരവാക്കി. രാക്കാലത്ത് നഷ്ടമായ നിദ്ര വൈക്കംകായലിലെ ഓളങ്ങളില്‍ പഞ്ചാക്ഷരീമന്ത്രം കേട്ടുകേട്ട് മടങ്ങിയെത്തി. കായല്‍കാറ്റ് തലോടിയ പള്ളിയുറക്കം. തലസ്ഥാനത്തേക്ക് തോണി മടങ്ങുന്നതിനു മുന്‍പ് മുഖം കാണിക്കാനെത്തിയ പ്രജകളുടെ അരികില്‍ രാജാവ് ആശ്രിതവത്സലനായി. ശ്ലോകത്തിലാണ് കഴകക്കാരനായ വാര്യര്‍ നിവേദനം ഉണര്‍ത്തിച്ചത്. 

'മഹീപതേ ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം 
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.'

മഹാരാജാവിന്റെ മനസ്സു നൊന്തു. ആശ്രയം ചോദിച്ചെത്തിയ വാര്യരിലെ കവിയെ തോണിയിലേക്ക് ക്ഷണിച്ചു. തോണിയില്‍ തുഴവീണു. തെക്കോട്ടുള്ള യാത്ര ആരംഭിച്ചു. നാട്ടുതാളത്തിന്റെ വഴക്കത്തില്‍ പാര്‍ത്ഥസാരഥിയായ തിരുവാറന്മുളത്തേവരുടെ സന്നിധിയില്‍ കേട്ട ഒരുശീല് രാജാവ് പാടി.

'അര്‍ജ്ജുനസാരഥിയായി വിശ്വനാഥനതുകാലം 
അര്‍ജ്ജുനനും തേരിലേറി തിരിച്ചു വേഗാല്‍' 

വാര്യരുടെ മനസ്സിലേക്ക് പണ്ട് കുടമാളൂരില്‍ വെച്ചു പകര്‍ന്നുകിട്ടിയ കിരാതം വഞ്ചിപ്പാട്ട് അടനയമ്പ് പിടിച്ച് കയറിനിന്നു. 

'തെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ' രാജാവ് ആശ്ചര്യപ്പെട്ടു. 

'വാര്യരേ, ഇതുതന്നെ. ഈ മട്ടില്‍ ഭാഗവതം കഥ പാടി മുഴുമിപ്പിക്കുക. വഞ്ചിരാജ്യത്തിനു കീര്‍ത്തിയാകുന്ന വഞ്ചിപ്പാട്ടായി അതു തീരണം.' 

മുപ്പാരുമടക്കിവാഴുന്ന പെരുംതൃക്കോവിലപ്പനെ ധ്യാനിച്ച് വാര്യര്‍ പാടിക്കൊണ്ടിരുന്നു. 

'മാര്‍ത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദവതയുടെ 
മാഹാത്മ്യമോര്‍ത്തിട്ടു മനസ്സലിഞ്ഞിടുന്നു.' 

താളത്തില്‍ പുഴ ഒഴുകി. വാര്യരുടെ പാട്ട് ദൂരങ്ങള്‍ താണ്ടി. കൊട്ടാരത്തിലെത്തിയതറിഞ്ഞില്ല. പട്ടിണികൊണ്ടു മെലിഞ്ഞ വാര്യരുടെ ദുരിതങ്ങള്‍ കുചേലന്റെ സങ്കടത്തിലൂടെ രാജാവിന്റെ ഹൃദയത്തിലേക്ക് ഇറ്റിറ്റു വീണു. കൃപ ചെയ്യുവാന്‍ പിന്നെ വൈകിയില്ല. 

പൂമുഖമാളികയില്‍ കവികളും ആസ്ഥാനവിദ്വാന്മാരും അതിഥികളും വന്നുനിറഞ്ഞു. ദേശസഞ്ചാരം കഴിഞ്ഞ് മടങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സഭയിലെത്തി. മംഗളധ്വനി ഉയര്‍ന്നു. ശ്രീപത്മനാഭസ്തുതിയും വഞ്ചിരാജ്യ മാഹാത്മ്യവും പാടി ഗായകവൃന്ദം പിന്മാറി. കുഞ്ചന്‍നമ്പ്യാരും ഉണ്ണായിവാര്യരും വിദ്വല്‍സദസ്സില്‍ പ്രകാശിച്ചുനിന്നു. മഹാരാജാവ് സഭയെ അഭിവാദ്യം ചെയ്തു. ഭഗവദ്കാര്യമല്ലാതെ അന്യമൊന്നും കാഴ്ചയിലോ കേഴ്‌വിയിലോ വിചാരത്തിലോ പ്രവൃത്തിയിലോ സംഭവിക്കാതെ സഞ്ചരിച്ചുതീര്‍ത്ത ദേശാടനവഴികള്‍ കഥകളായി പറഞ്ഞുതുടങ്ങി. വഞ്ചിരാജ്യവും വഞ്ചിഭൂപതിയും കാലാന്തരത്തോളം സ്മരിക്കപ്പെടുന്ന ഒരു കാവ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് കഥയവസാനിച്ചത്.

'തെക്കുംകൂറിലെ ഒരു നാടോടിവഴക്കം. ദേവനെന്നോ മഹാരാജനെന്നോ നിസ്സാരനായ മനുജനെന്നോ ഭേദമില്ലാതെ, ഹൃദയത്താല്‍ ആരെയും സ്വീകരിക്കുന്ന വഞ്ചിപ്പാട്ട്. എന്റെ ആഗ്രഹ പ്രകാരം ആ മട്ടില്‍ ഒരു കാവ്യം എഴുതപ്പെട്ടിരിക്കുന്നു. കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി എഴുതിപ്പാടിയ കവി പ്രമുഖനെ സഭയിലേക്ക് ആനയിക്കുക.' 

നാടകശാലയില്‍നിന്ന് രാജകീയമായ ആദരവോടെ വാര്യര്‍ മുഖമണ്ഡപത്തിലേക്കു കടന്നു വന്നു. കാലങ്ങള്‍ക്കു മുന്‍പ് എവിടെയോ കണ്ട മുഖം. ദാരിദ്ര്യംകൊണ്ട് ക്ഷീണിതനായ വാര്യര്‍ കുഞ്ചന്‍നമ്പ്യാരുടെ ഓര്‍മ്മയില്‍ തിരിച്ചറിയാനാവാതെ മങ്ങിക്കിടന്നു. ശംഖുമദ്ദള മംഗളവാദ്യങ്ങള്‍ ആഘോഷപൂര്‍വ്വം മുഴങ്ങി. സഭയില്‍ രാജാവിന്റെ പ്രഖ്യാപനം വന്നു. 

'തിരുവിതാംകൂര്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് മലയാണ്മ വാഴുന്ന ദേശങ്ങളിലെല്ലാം ആചന്ദ്രതാരം പാടികേള്‍ക്കട്ടെ രാമപുരത്തുവാര്യരാല്‍ വിരചിതമായ കുചേലവൃത്തം വഞ്ചിപ്പാട്ട്.' 

കുഞ്ചന്‍നമ്പ്യാര്‍ ഇരിപ്പിടത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റു. യൗവ്വനകാലത്ത് എപ്പോഴൊക്കെയോ ഒപ്പമുണ്ടായിരുന്ന വാര്യര്‍ മുന്‍പില്‍ നില്‍ക്കുന്നു.

'വഞ്ചിപ്പാട്ട് ഉപജ്ഞാതാവ് രാമപുരത്തുവാര്യരെ വൈക്കത്ത് മഹാദേവന്റെ ദേശാധികാരത്തിലുള്ള വെച്ചൂരില്‍ മാളികയുള്ള മണ്ണും മുകപ്പിലെ ആണിത്തലക്കല്‍ ചികപ്പുകല്‍ വച്ച വീരശങ്ങല ഉരുവ് ഒന്നും പട്ടും വളയും സമ്മാനവും മാസം ഒന്നിനു പതിനഞ്ച് പണം വീതം മണ്ടപത്തുംവാതുക്കല്‍നിന്ന് അടുത്തൂണും ഉത്തരവാക്കി വഞ്ചിരാജ്യം വണങ്ങുന്നു.' 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കറുത്ത ഒറ്റക്കല്ല് നമ്പ്യാരുടെ മനസ്സിലേക്ക് അടര്‍ന്നുവീണു. വെള്ളിടി വെട്ടി ആകാശം കരിഞ്ഞു. ശംഖുമുഖത്ത് കടലിരമ്പി. ചിറകുവീശി ഒരു ഗരുഡന്‍ പമ്പാനദിയിലൂടെ തുഴഞ്ഞു പറക്കുന്നു. എട്ടക്ഷരകാലത്തില്‍ മുറിച്ചെറിയുന്ന പാട്ട് ഉള്ളില്‍ കൊട്ടിയാര്‍ത്തു. ആളിക്കത്തുന്ന ചൂട്ടുവെളിച്ചത്തില്‍ ആയിരം പന്തം കുത്തിയ മഹാഭൈരവി എട്ടക്ഷരകാലത്തില്‍ അലറി വിളിച്ചുറയുന്നു. 

സഭയിലേക്കു കൊണ്ടുവന്ന തളികയില്‍ പട്ടും വളയും വീരശൃംഖലയും വെട്ടിത്തിളങ്ങി. നമ്പ്യാരുടെ ഉള്ളില്‍നിന്നും പുറത്തുവരാനാവാതെ ഞടുങ്ങി വെറുങ്ങലിച്ചുപോയ ഒരു മുഴക്കം സഭാതലത്തില്‍ തരംഗമായി ഉയര്‍ന്നുതാണു.

'കിരാതം കിരാതം കിരാതം.' 

പട്ടും വളയും വീരശൃംഖലയും ഏറ്റുവാങ്ങുമ്പോള്‍ മറ്റാരെയും തൊടാതെ രാമപുരത്തുവാര്യരുടെ നെഞ്ചിന്‍കൂടില്‍ തരംഗം ചെന്നുമുട്ടി. വാര്യരുടെ കണ്ണുകളില്‍ അതിന്റെ ഉറവിടം വന്നു തിളങ്ങി. കുഞ്ചന്‍നമ്പ്യാരുടെ നെറ്റിക്കണ്ണില്‍ കിരാതമൂര്‍ത്തി കത്തിജ്വലിച്ചു. കുടമാളൂരിലെ ചാവടിപ്പുരയുടെ ഇളംതിണ്ണയില്‍ കെട്ടഴിഞ്ഞ താളിയോലകള്‍ തീപിടിച്ചു പറക്കുന്നു. വാര്യരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സഭ നിശ്ചലമായി. മംഗളധ്വനി നിലച്ചു. ഏറ്റുവാങ്ങിയ തളിക നമ്പ്യാരുടെ പാദങ്ങളില്‍ ചേര്‍ത്തുവെച്ച് വാര്യര്‍ തൊഴുതുനിന്നു. ശംഖുമുഖത്ത് തിരയടങ്ങി. നമ്പ്യാരുടെ മനസ്സ് ശാന്തമായി. വളയും വീരശൃംഖലയും അണിയിച്ച് പട്ടുചാര്‍ത്തി വാര്യരെ നമ്പ്യാര്‍ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നു. നിലച്ച മംഗളവാദ്യങ്ങള്‍ വീണ്ടുമുയര്‍ന്നു. 

വൈകുന്നേരം കൊട്ടാരമുറ്റത്ത് വൈക്കത്തേക്ക് മടങ്ങുന്ന വാര്യരെ കാത്ത് വില്ലുവണ്ടി കിടന്നു. നാടകശാലയില്‍ പഞ്ചേന്ദ്രോപാഖ്യാനം പറയന്‍തുള്ളലിനു വിളക്കു വെച്ചു. അതിനുനില്‍ക്കതെ വാര്യര്‍ യാത്രപറഞ്ഞിറങ്ങി. ഇരുട്ടില്‍ നമ്പ്യാരുടെ പാട്ട് അയാളെ പിന്‍തുടര്‍ന്നു. 

'കടിക്കും പാമ്പിനുപാലുകൊടുത്തെന്നാലവന്‍ പിന്നെ 
മുടിക്കും കൈവിരല്‍ക്കിട്ടു കടിച്ചുകൊല്ലുമപ്പോഴേ
ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല
ഹിതജ്ഞന്മാരറിഞ്ഞെല്ലാം സഹിക്കേണം വണങ്ങുന്നേന്‍.' 

വാര്യരുടെ കണ്ണുനിറഞ്ഞൊഴുകി. അനങ്ങിത്തുടങ്ങിയ വണ്ടിയിലിരുന്ന് അയാള്‍ പതിയെ പതിയെ ഉറക്കത്തിലേക്കു വീണു. കരിപിടിച്ച നിദ്രയുടെ ചുമരില്‍ അപ്പോള്‍ കാറ്റുപിടിച്ച കുരുത്തോലരൂപങ്ങള്‍ ഉലഞ്ഞു തുള്ളുകയായിരുന്നു.

(പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജനിച്ച കുഞ്ചന്‍നമ്പ്യാരും രാമപുരത്തു വാര്യരും കൗമാരയൗവ്വനകാലത്ത് കോട്ടയം ജില്ലയിലെ കുടമാളൂരും കിടങ്ങൂരും രാമപുരത്തും കഴിഞ്ഞിരുന്നതായി സാഹിത്യചരിത്രത്തില്‍ കാണുന്നു. സംസ്‌കൃത പാണ്ഡിത്യത്തിലും കാവ്യരചനയിലും ചെറിയ പ്രായത്തില്‍ത്തന്നെ ഇവര്‍ സമര്‍ത്ഥരായിരുന്നു. നമ്പ്യാരുടെ കാവ്യങ്ങളില്‍ സ്മരിയ്ക്കുന്ന ദ്രോണമ്പള്ളി നായ്ക്കരും നന്ദിക്കാട്ട് ഉണ്ണിരവിക്കുറുപ്പും മാത്തൂര്‍ പണിക്കരും കുട്ടനാട്ടിലാണ് ജീവിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് നമ്പ്യാര്‍ കിരാതം വഞ്ചിപ്പാട്ട് എഴുതുന്നത്. ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തിരുവിതാംകൂര്‍ മഹാരാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വിദ്വല്‍സദസ്സില്‍വെച്ച് കുചേലവൃത്തം വഞ്ചിപ്പാട്ടുമായി എത്തുന്ന രാമപുരത്തുവാര്യരും കുഞ്ചന്‍നമ്പ്യാരും തമ്മില്‍ കണ്ടുമുട്ടുന്നതാണ് കഥാസന്ദര്‍ഭം. കഥയില്‍ ചേര്‍ത്തിട്ടുള്ള കാവ്യശകലങ്ങള്‍ നമ്പ്യാരുടേയും വാര്യരുടേയും കൃതികളില്‍നിന്ന് സ്വീകരിച്ചതും പാട്ടുകള്‍ പടയണിക്കരകളിലും ഇടനാടന്‍ പാട്ടുകളിലും കേട്ടുവരുന്നതുമാണ്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com