'അവസാനത്തെ അനുയായി'- എം. നന്ദകുമാര്‍ എഴുതിയ കഥ

പൂമുഖത്തു കിടക്കുന്ന രാജകീയമായ ആ കസേര ശൂന്യമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ അദ്ദേഹം അവിടെത്തന്നെയുണ്ട്
'അവസാനത്തെ അനുയായി'- എം. നന്ദകുമാര്‍ എഴുതിയ കഥ

പൂമുഖത്തു കിടക്കുന്ന രാജകീയമായ ആ കസേര ശൂന്യമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ അദ്ദേഹം അവിടെത്തന്നെയുണ്ട്. കാലുകള്‍ കസേരത്തണ്ടുകളില്‍ നീട്ടിവെച്ച് ഇരുകൈകളുടേയും വിരലുകള്‍ മടിയില്‍ കോര്‍ത്തുവെച്ചു തല പുറകോട്ടു ചാരി അദ്ദേഹം ഇരിക്കുന്നു. ചുളിഞ്ഞ പുരികങ്ങളും നെറ്റിയിലെ വരകളും പതിവുപോലെ ഗാഢ ചിന്തയിലാണെന്നു സൂചിപ്പിക്കുന്നു.

എന്തായിരിക്കണം അദ്ദേഹം ആലോചിക്കുന്നത്? ഈയിടെയായി ആരും കാണാന്‍ വരുന്നില്ലെന്നോ? ഒരാളും വിളിക്കുന്നുപോലുമില്ലെന്നോ? തെരുവുകളെല്ലാം നന്ദികെട്ട പട്ടികളെക്കൊണ്ടു നിറഞ്ഞുവെന്നോ?
തിണ്ണയിലെ തൂണിനു പുറകില്‍ മറഞ്ഞുനിന്നാണെങ്കിലും ഇപ്പോഴാണ് എനിക്ക് അദ്ദേഹത്തെ കണ്ണിമയ്ക്കാതെ നോക്കാനുള്ള ധൈര്യം കൈവരുന്നത്. ഇത്ര അടുത്തുനിന്ന് അദ്ദേഹത്തെ കാണുന്നതുപോലും ആദ്യമാണ്. പക്ഷേ, ഞാന്‍ നോക്കുന്നുണ്ട് എന്നറിഞ്ഞാല്‍ സംഗതി പ്രശ്‌നമാകും. എന്റെ ജീവന്‍ പോകാന്‍ അതുമതി.

അദ്ദേഹം നടന്നുനീങ്ങിയ വഴികളെക്കുറിച്ച്, ചവിട്ടിക്കയറിയ പടവുകളെക്കുറിച്ച് എനിക്കും നിങ്ങള്‍ക്കും അറിയാം. നമുക്കുള്ളിലും പുറത്തും പലപല രൂപഭാവങ്ങളില്‍ വാഴുന്ന അധികാരശക്തികളെ ആഴത്തില്‍ അന്വേഷിക്കാനാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത്. ഓരോ തരം പ്രതാപങ്ങള്‍ക്കു പുറകെ ആളുകളുടെ പരക്കംപാച്ചില്‍, ചിലരുടെ ഉയര്‍ച്ചകള്‍, മത്സരങ്ങള്‍, വീഴ്ചകള്‍, എണ്ണമറ്റ ചോരക്കളങ്ങള്‍... സംഭവങ്ങളുടെ ഉള്ളിലേക്ക് ആണ്ടിറങ്ങി അദ്ദേഹം സര്‍വ്വവും കണ്ടറിഞ്ഞു. നമുക്കുവേണ്ടി ഒട്ടേറെ നേര്‍ക്കാഴ്ചകള്‍ വരച്ചിട്ടു. ജ്വലിക്കുന്ന ചരിത്രലിഖിതങ്ങള്‍ കൊത്തിവെച്ചു. നിശിതവാക്യങ്ങളില്‍ നമ്മുടെ കാലത്തെ കീറിമുറിച്ചു. അതിനാലാണ് ഞാന്‍ പണ്ടുതൊട്ടെ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. ഓരോരുത്തര്‍ക്കും ആരാധിക്കാന്‍ ആരെങ്കിലുമൊക്കെ വേണമല്ലോ. ഞാന്‍ തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാത്ത അദ്ദേഹത്തിന്റെ പോരാട്ടത്തെയാണ്.

കാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതില്‍ അദ്ദേഹം അങ്ങേയറ്റം കണിശക്കാരനായിരുന്നു. വഴുക്കലില്‍ വടി കുത്തുന്ന ഏര്‍പ്പാടില്ല. വെട്ടൊന്ന്; മുറി രണ്ട്. ഏതോ സന്ദര്‍ഭത്തില്‍ ഇമ്മാതിരി കടുംപിടുത്തം അത്ര നന്നല്ല എന്നു ഗുണദോഷിക്കാന്‍ ശ്രമിച്ച പെണ്ണിനെ ആ നൊടിയില്‍ അദ്ദേഹം വീട്ടില്‍നിന്നും ഇറക്കിവിട്ടു. അവള്‍ കുറച്ചു ദിവസം കരഞ്ഞു നടന്നു. പിന്നെ അദ്ദേഹത്തിന്റെ തൊട്ടടുത്ത അനുചാരിയുടെ കൂടെ പോയി.

'എന്റെ നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?'

ആശ്വസിപ്പിക്കാനെത്തിയ മറ്റ് അനുയായികള്‍ക്ക് അദ്ദേഹം സ്വന്തം ദുരന്തത്തെ നിര്‍വ്വികാരമായ ഉദാഹരണമാക്കി ചൂണ്ടിക്കാട്ടി. എന്തൊരു ആത്മശക്തി! ശിഷ്യന്മാരുടെ പിന്‍നിരയില്‍ നിന്നിരുന്ന ഞാന്‍ ഉറക്കെ കയ്യടിച്ചു. അനാവശ്യമായി ശബ്ദമുണ്ടാക്കിയത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല. അതോടെ മുന്‍പന്തിയില്‍ എത്താനുള്ള സകല വാതിലുകളും എനിക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. സാരമില്ല... ദൂരെനിന്നും ഭജിക്കുന്ന ശീലം മനുഷ്യസഹജമായതിനാല്‍ ഇനി അങ്ങനെയാവാം ഉപാസന എന്നു ഞാന്‍ സമാധാനിച്ചു.

സ്വേച്ഛാധിപത്യത്തിന്റെ വക്രഗതികള്‍, ചതിക്കുഴികള്‍, ബലിപീഠങ്ങള്‍ എന്നിവയെപ്പറ്റി എത്രയെത്ര ഗൗരവമേറിയ പഠനങ്ങളാണ് അദ്ദേഹം നടത്തിയത്. പൗരാണിക ആചാരങ്ങള്‍, ഗോത്രയുദ്ധങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടയോട്ടങ്ങള്‍... അങ്ങനെ തുടങ്ങി സമകാലിക ഏകാധിപത്യങ്ങള്‍ വരെയുള്ള സമയരേഖ അദ്ദേഹം ചികഞ്ഞുനോക്കി. വേണ്ടാ... കൂടുതലൊന്നും ഇവിടെ വിസ്തരിക്കേണ്ടതില്ല. കുറെയൊക്കെ നിങ്ങളും കണ്ടിട്ടും കേട്ടിട്ടുമുള്ളതിനാല്‍ ഞാന്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. പ്രപഞ്ചചക്രം തിരിയുന്നത് അധികാരത്തിന്റെ അച്ചുതണ്ടിലാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ചക്രവും അച്ചുതണ്ടും പഴഞ്ചന്‍ രൂപകങ്ങളല്ലേ എന്നു ഞാന്‍ ശങ്കിച്ചെങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കാലടികള്‍ പിന്തുടരുന്നവര്‍ എന്നെ വെറുതെ വെച്ചേക്കില്ല.

മാറിനിന്നു നോക്കുന്നതിനു ഗുണമുണ്ടായി. അദ്ദേഹത്തിന്റെ പരിണാമദശകള്‍ നിശ്ശബ്ദം കണ്ടറിയാന്‍ എനിക്കു സാധിച്ചു. അദ്ദേഹത്തിനു ചുറ്റും കൂടിനില്‍ക്കുന്ന സ്തുതിപാഠകര്‍ക്കു കിട്ടാത്ത സൗഭാഗ്യം. അദ്ദേഹത്തിന്റെ ചില സ്വഭാവസവിശേഷതകള്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ചു. ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടാല്‍ അദ്ദേഹം അടിമുടി അസ്വസ്ഥനാകും. പുരുഷാരം ഒന്നിനേയും ഗൗനിക്കാത്ത കേന്ദ്രരഹിതമായ പ്രതിഭാസമാണല്ലോ. തിക്കിലും തിരക്കിലും മറ്റുള്ളവരുടെ ശ്രദ്ധയുടെ കേന്ദ്രസ്ഥാനത്തുനിന്ന് ഇത്തിരി പുറത്തായാല്‍ അദ്ദേഹത്തിനു വിറളിയെടുക്കും. പശുവിനെ പൃക്ക കടിച്ച മട്ടില്‍ അവിടെയൊക്കെ പാഞ്ഞുനടക്കും. മുഖം വീര്‍പ്പിച്ചു പിറുപിറുക്കും. അടുത്തുവരുന്നവരോട് കാരണമില്ലാതെ കലഹിക്കും. അങ്ങനെയാണ് കുറേ സഹചാരികള്‍ ആജീവനാന്തവൈരികളായി മാറിയത്. എങ്കിലും അതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. പകരം വീര്യം വര്‍ദ്ധിപ്പിച്ചു. ആത്യന്തികമായ ഏകാന്തതയാണ്, എല്ലാ ഏകാന്തതകളേയും ഉള്‍ക്കൊള്ളുന്ന ഏകാന്തതയാണ് പരമാധികാരം എന്ന സൂക്ഷ്മസത്യം അക്കാലത്താണ് അദ്ദേഹം കണ്ടെത്തിയത്.

ലോകമാകട്ടെ, അതിവേഗം താറുമാറായി ചിതറുന്ന ആഘോഷങ്ങളില്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍, എന്നുവേണ്ട ഏതാനും നിമിഷങ്ങളെങ്കിലും ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ല. സ്വയം ശ്രദ്ധിച്ചിട്ടുതന്നെ പ്രത്യേകിച്ചൊരു കുന്തവുമില്ല. നിലയ്ക്കാത്ത പേമാരികള്‍, ഉഷ്ണമേറുന്ന ഉള്‍ക്കടലുകള്‍, ദ്രുതഗതിയില്‍ ഉരുകുന്ന ധ്രുവഹിമാനികള്‍... വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മാരകവ്യാധികള്‍... എവിടെയൊക്കെയോ യുദ്ധങ്ങള്‍... ഇതിനെല്ലാമിടയില്‍ എങ്ങിനെയൊക്കെയോ പൊറുതി തേടുന്ന ഞാനും നിങ്ങളും കുറെ തിന്നുന്നു, കുടിക്കുന്നു. ചിലരെ സ്‌നേഹിക്കുന്നു; വേറെ ചിലരുമായി പിണങ്ങുന്നു, പിരിയുന്നു... എങ്ങോട്ടോ പോകുന്നു. അല്ലാതെന്ത്? എന്ത് സംഭവിച്ചാലും ആര്‍ക്കെന്തു ചേതം? മിക്കവാറും അധികം താമസമില്ലാതെ സകലതും പൊടിതൂളാകുന്ന ലക്ഷണമുണ്ട്. ഇടക്കാലത്തു ഞാന്‍ അദ്ദേഹത്തെ മറക്കാന്‍ ഇടയായതില്‍ കുറ്റം പറയാനൊന്നുമില്ല.   

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അലച്ചിലുകള്‍ക്കിടയില്‍ വീണ്ടും ഈ നഗരത്തില്‍ എത്തിപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രിതരില്‍ ഒരുവനെ കണ്ടുമുട്ടി. അപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.

'ഞാന്‍ കണ്ടിട്ട് ഏറെ നാളായി...' ആശ്രിതന്‍ വിഷാദത്തോടെ പറഞ്ഞു. 'ഇപ്പോള്‍ പിച്ചും പേയും കൂടിയിട്ടുണ്ടത്രെ. കണ്ണാടിക്കു മുന്‍പില്‍ മുഷ്ടി ചുരുട്ടി എല്ലാവരേയും വെല്ലുവിളിക്കും. അദ്ദേഹമാണ് നിലനില്‍ക്കുന്നതില്‍ ഏറ്റവും മുന്തിയതും മഹനീയവുമായ അധികാരം... ഒന്നാമത്തേതും അവസാനത്തേതും... എന്നൊക്കെ വിളിച്ചുപറയുന്നുമുണ്ട്.'

'പഴയ കൂട്ടാളികളൊന്നും ഒപ്പമില്ലേ?'

'ആര് വരാന്‍! പോരാത്തതിന് ഗേറ്റ് അകത്തുനിന്നു പൂട്ടിയിട്ടാണ് താമസം. ഒറ്റക്ക് വെപ്പും തീനും... ഉറക്കം തീരെയില്ല. രാപകല്‍ വെരുകിനെപ്പോലെ വീടിനകത്തു ചുറ്റിനടക്കലാണ് പ്രധാന പരിപാടി. ഇതൊക്കെ അയല്‍ക്കാര്‍ പറഞ്ഞു ഞാനറിഞ്ഞതാണേ... വാസ്തവമെന്തെന്ന് ആര്‍ക്കറിയാം?'

അതെന്റെ മനസ്സില്‍ തട്ടി. പരാമര്‍ത്ഥത്തില്‍ അദ്ദേഹം എന്തുമാത്രം പാവമാണ്. ഇന്നോളം പറയത്തക്ക നിയന്ത്രണശക്തികളൊന്നും അദ്ദേഹം കയ്യാളിയിട്ടില്ല. ഏകശാസനശിലകളാല്‍ കെട്ടിപ്പൊക്കിയ ഗോപുരങ്ങളുടെ അകത്തളങ്ങളില്‍ അവിരാമം കയറിയിറങ്ങി അവയുടെ പ്രവര്‍ത്തനരീതികളെ ഏകാഗ്രതയോടെ വീക്ഷിച്ച് തീക്ഷ്ണമായി വിമര്‍ശിച്ചു എന്നുമാത്രം. അക്കാര്യത്തിനു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു. മടുത്തപ്പോള്‍ എല്ലാവരും പാട്ട് നിര്‍ത്തി അവരവരുടെ വഴിക്കു പോയി. അത്തരമൊരാള്‍ സമ്രാട്ടുകളുടെ കോമാളിരൂപമാകുന്നതു സ്വാഭാവികമാണോ? അതോ അസ്വാഭാവികമായ ആഭാസമാണോ? എനിക്ക് എത്തും പിടിയും കിട്ടിയില്ല. ചെങ്കിസ്ഖാനും അലക്‌സാണ്ടറും അക്ബര്‍ പാദുഷയും നെപ്പോളിയനും ഒരുമിച്ച് തന്നിലൂടെ പുനര്‍ജ്ജന്മം നേടിയതായി അദ്ദേഹം അവകാശപ്പെടുന്നുണ്ടത്രേ. അതുകൊണ്ടാണ് ഞാന്‍ രണ്ടും കല്പിച്ച് അദ്ദേഹത്തെ ചെന്നുകാണാന്‍ തീരുമാനിച്ചത്.

ഗേറ്റ് തുറന്നു കിടന്നിരുന്നു. മുറ്റവും വരാന്തയും നിറയെ പാഴിലകള്‍ അടിഞ്ഞിട്ടുണ്ട്. ഉമ്മറവാതില്‍ പാതി ചാരിയിട്ടുണ്ട്. മുന്‍ഭാഗത്ത് അദ്ദേഹത്തിന്റെ ചാരുകസേരയും കിടക്കുന്നുണ്ട്. വരാന്തയിലെ തൂണിന്റെ മറവില്‍ ഞാന്‍ പരുങ്ങിനിന്നു.

'ആരാ?'

പിന്നില്‍ നിന്നൊരു ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഒരു തടിമാടന്‍ എന്നെ സംശയത്തോടെ നോക്കുന്നു.

'ആരുമല്ല... അദ്ദേഹത്തിന്റെ അനുയായി മാത്രമാണ്...'

'ഓഹോ... അപ്പൊ വിവരം അറിഞ്ഞില്ലേ?'

'എന്ത് വിവരം?'

'കഴിഞ്ഞയാഴ്ച മരിച്ചു.'

ഞാന്‍ സ്തബ്ധനായി. 

അല്പം കഴിഞ്ഞ് ഇടര്‍ച്ചയോടെ ചോദിച്ചു:

'നിങ്ങള്‍ ആരാ?'

'ഞാന്‍ അയല്‍ക്കാരനാണ്... അങ്ങേരുടെ ശത്രു.'

'മരിക്കുമ്പോള്‍...'

'ആരുമുണ്ടായിരുന്നില്ല... ഒരു വൈകുന്നേരം എന്നെ കാണാന്‍ വന്നിരുന്നു.'

'എന്തിന്?'

'എന്നെ ഒന്ന് തൊട്ടുനോക്കാന്‍...'

'ങ്ങേ! തൊട്ടുനോക്കാനോ?'

'ങ്ങാ... എന്റെ കയ്യില്‍ ഒന്ന് തൊട്ടു. ദാ... ഇവിടെ...'

അയാള്‍ വലതു കൈത്തണ്ട ഉയര്‍ത്തി കാണിച്ചു.

'എന്നിട്ട്?'

'എത്ര കാലമായി വേറൊരു മനുഷ്യനെ തൊട്ടിട്ട് എന്ന് പറഞ്ഞു വേഗം തിരിച്ചു പോയി.'

എന്തു പറയണം എന്നറിയാതെ ഞാന്‍ മിഴിച്ചുനിന്നു.

'ഞാനും നിങ്ങളെപ്പോലെ മിഴിച്ചുനിന്നു.' തടിച്ച മനുഷ്യന്‍ തുടര്‍ന്നു: ''നാലഞ്ചു ദിവസം ഒച്ചയും അനക്കവും കേള്‍ക്കാഞ്ഞപ്പോള്‍ എന്തോ പന്തികേട് തോന്നി. വന്നു നോക്കുമ്പോള്‍ അതാ... അവിടെ കസേരയില്‍ മരിച്ചിരിപ്പുണ്ട്. പുഴുവരിച്ചു ചീഞ്ഞ നാറ്റം തുടങ്ങിയിരുന്നു.'

അദ്ദേഹത്തിന്റെ അവശേഷിച്ച ദേഹം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത് താനും മൂന്നാലു നാട്ടുകാരും ചേര്‍ന്നായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. വിവരമറിയിക്കാന്‍ അദ്ദേഹത്തിനു വേണ്ടപ്പെട്ടവരൊന്നുമില്ലല്ലോ. ഒറ്റ തുള്ളി കണ്ണീര്‍പോലും വീഴാത്ത വിടവാങ്ങലായിരുന്നു അത്. 
    
'ഞാന്‍ അല്പനേരം ഇവിടെ നിന്നോട്ടെ?'

'അതൊക്കെ നിങ്ങളുടെ ഇഷ്ടം...' അയല്‍വാസി തിരിച്ചുപോയി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പൂമുഖത്തിന്റെ നാലു ചുമരുകളിലും ഉടവാള്‍, ചെങ്കോല്‍, കിരീടം മുതലായ രൂപങ്ങള്‍ കോറിയിട്ടുണ്ട്. അവക്കിടയില്‍ കനത്ത ലിപികളില്‍ 'ഞാന്‍... ഞാന്‍... ഞാന്‍...' എന്ന് എഴുതിവെച്ചിരിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ വിചിത്രമായ പിടിച്ചടക്കല്‍ പ്രസ്താവനകളുമുണ്ട്. അതിലെല്ലാം കണ്ണോടിച്ച് ഈ സന്ധ്യയില്‍ ഞാന്‍ നില്‍ക്കുന്നു. കുമ്മായമടര്‍ന്ന ഭിത്തികളില്‍ വെളിച്ചം മങ്ങുമ്പോള്‍ കസേരയിലേക്ക് നോക്കുന്നു. കസേരയോടു ചേര്‍ന്നുള്ള മൂലയില്‍ പെരുച്ചാഴികള്‍ കുഴിച്ച മാളത്തിലെ ഇരുട്ട് എന്നെ സൂക്ഷിച്ചു നോക്കുന്നു. പൊടുന്നനെ എനിക്ക് എല്ലാം വ്യക്തമാകുന്നു: 

അദ്ദേഹം അവിടെത്തന്നെയുണ്ട്. ആര്‍ക്കും താങ്ങാനാകാത്ത ഭാരമായി... അളക്കാന്‍ പറ്റാത്ത ഗുരുത്വാകര്‍ഷണമായി... എതിരാളിയായ തടിയനും നിങ്ങള്‍ക്കും തെറ്റുപറ്റി. വൈദ്യുതജ്വലനത്തില്‍ ശ്മശാനത്തിന്റെ പുകക്കുഴലിലൂടെ കറുത്ത ചുരുളുകളായി അദ്ദേഹം ആകാശത്തില്‍ വിലയംപ്രാപിച്ചെന്നു വിചാരിക്കുന്നുവോ? അത് നിങ്ങളുടെ വെറും തോന്നലാണ്. സമസ്തപ്രപഞ്ചങ്ങളേയും തന്നിലേക്കു വലിച്ചടുപ്പിക്കുന്ന തമോദ്വാരമായി അദ്ദേഹം കസേരയില്‍ രാജകീയമായി ചാരിക്കിടപ്പുണ്ട്.

ഞാന്‍ ഭയത്തോടെ തൂണിനു പിന്നിലെ നിഴലുകളിലേക്ക് ഒതുങ്ങിയൊളിക്കുന്നു. അരികിലേക്ക് ചെന്നാല്‍ എന്റെ ബഹുമാനക്കുറവ് അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കും... ഉറപ്പാണ്.

ഏതായാലും ഞാന്‍ ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചിലപ്പോള്‍ അദ്ദേഹം സമസ്ത അധികാരചിന്തകളും അവസാനിപ്പിച്ചു കസേരയില്‍നിന്നും എഴുന്നേറ്റാലോ? മുറ്റവും പാഴിലകളും പടിയും കടന്നു തെരുവുകളേയും നഗരങ്ങളേയും നിങ്ങളേയും എന്നെയും ആള്‍ക്കൂട്ടങ്ങളേയും മറികടന്നു സ്ഥലകാല നൈരന്തര്യത്തിനും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഇരിപ്പിടത്തിലേക്ക് എന്നന്നേക്കുമായി മടങ്ങിപ്പോയാലോ?

എങ്കില്‍...

എങ്കില്‍ ആ കസേരയില്‍ എനിക്കൊന്ന് ചെന്നിരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com