'മരിയാര്‍പൂതം'- പ്രമോദ് കൂവേരി എഴുതിയ കഥ

രാരിച്ചന്‍ മുതലാളി ഷാപ്പില്‍നിന്ന് ഇറങ്ങാനുള്ള വട്ടം കണ്ടപ്പോള്‍ പുറത്തുനിന്നു സഹായി വാസു ചൂട്ടു കത്തിക്കാന്‍ തുടങ്ങി. അത്രനേരവും തോളത്തുണ്ടായിരുന്ന വെള്ളത്തോര്‍ത്ത് തലയില്‍ക്കെട്ടി രാരിച്ചന്‍ ഇറങ്ങി
'മരിയാര്‍പൂതം'- പ്രമോദ് കൂവേരി എഴുതിയ കഥ

രാരിച്ചന്‍ മുതലാളി ഷാപ്പില്‍നിന്ന് ഇറങ്ങാനുള്ള വട്ടം കണ്ടപ്പോള്‍ പുറത്തുനിന്നു സഹായി വാസു ചൂട്ടു കത്തിക്കാന്‍ തുടങ്ങി. അത്രനേരവും തോളത്തുണ്ടായിരുന്ന വെള്ളത്തോര്‍ത്ത് തലയില്‍ക്കെട്ടി രാരിച്ചന്‍ ഇറങ്ങി. പിറകില്‍ ചൂട്ടാളി. ഷാപ്പിനടുത്ത് വീടുള്ള അവസാനത്തെ പറ്റുകാരന്‍ വെളുങ്ങന്‍ പതിവുപോലെ രാരിച്ചനെ വിലക്കി.

'ഒതയമ്മാടത്തൂടെ പോണ്ട രാരിച്ചാ, ഇന്നലെക്കൂടി മരിയാര്‍പൂതത്തിന്റെ ചൂട്ടാട്ടം കണ്ടതാ.'

കീഴ്ചുണ്ട് മൂടെ പൊതിഞ്ഞ വെളുത്ത മീശയ്ക്കുള്ളില്‍ കറപിടിച്ച ചുണ്ടനക്കി രാരിച്ചന്‍ നടന്നു. കയ്യിലൊരു ഒഴിഞ്ഞ മണ്‍കലവും തൂക്കി ചൂട്ടുവീശി പിന്നാലെ വാസുവും.

രാരിച്ചന്റെ വീട്ടിലേക്കുള്ള എളുപ്പവഴിയല്ലത്. എന്നാലും അതിലൂടെയാണ് 
രാത്രിസഞ്ചാരം. അധികം നടത്തം വീഴാത്ത മണ്ണിലേക്ക് തളിര്‍ത്ത മഞ്ഞുനാമ്പുകള്‍ കാല് നനച്ചു. കട്ടച്ചോര മണക്കുന്ന രാത്രിയെ കീറി ചൂട്ട് പാളി. മുളങ്കാട് രാക്കാറ്റില്‍ പല്ലിറുമ്മി പേടിപ്പിച്ചു. വഴിപിഴച്ച ഭാര്യയെ കൊന്ന ചീരോണ്ടന്‍ തൂങ്ങിയ കശുമാവിന്റെ കൊമ്പില്‍ കൈവെച്ച് രാരിച്ചന്‍ ഒന്നു കിതപ്പാറ്റി. ചൂട്ടില്‍നിന്നു ബീഡി കത്തിച്ച് ആദ്യത്തെ പുക ഉള്ളോട്ട് എരിച്ചെടുക്കുന്ന ശബ്ദം വാസു കേട്ടു. 

രാരിച്ചന്റെ മുപ്പത്തേക്കറയിലെ പണിക്കാരുടെ വീടുകളാണ് ഒതയമ്മാടത്ത് ചുറ്റും. ഒതയമ്മാടത്തെ മുക്കാഭൂമിയും രാരിച്ചന്റേതാണെങ്കിലും മുപ്പത്തേക്കറയെന്നാണ് ഒറ്റവിളി. അവരുടെ പുരയിടങ്ങളുടെ കച്ചീട്ടുവരെ കപ്പക്ക് വില മുറിച്ച് രാരിച്ചന്റെ ഇരുമ്പുപെട്ടിയിലാണ് അന്ത്യനിദ്ര. എവിടുന്ന് ബീഡികത്തിച്ചോ അവിടുന്ന് നടത്തം തുടങ്ങി ബീഡി കെടുന്ന വീട്ടില്‍ രാരിച്ചന്‍ കേറും. വര്‍ഷങ്ങളായി ആ പതിവ് വാസുവിനറിയാം. ഒന്നും പറയണ്ട. രാരിച്ചന്‍ കേറിയ വീടിന്റെ വഴിയില്‍ വാസു ആളിക്കത്തുന്ന ചൂട്ട് കയ്യിലെ കലത്തില്‍ കുത്തും. പുറത്ത് ചൂട്ടിന്റെ അളുക്ക് വീഴാന്‍ പാടില്ല. പുകയുന്ന കലത്തിനു മുന്നില്‍ വാസു കുത്തിയിരിക്കും. ദൂരെ ആരെങ്കിലും ചൂട്ടുവെട്ടം ഇങ്ങനെ പെട്ടെന്നു കെടുന്നതും പുകയുന്നതും കണ്ടാല്‍ ഇന്നലെ അവിടെ മരിയാര്‍പൂതത്തെ കണ്ടെന്നു നാട്ടില്‍ ഓടിനടന്നു വെളിപ്പെടുത്തും. പിറ്റേന്നു പകല്‍ നാട്ടുകാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ഒരു ലക്ഷണവും കിട്ടാതെ വന്നാല്‍ അത് മരിയാര്‍പൂതം തന്നെയാണെന്ന് ഉറപ്പിക്കും. മരിയാര്‍പൂതത്തെ കണ്ട രണ്ടുപേരെ അന്നത്തെ ധീരന്മാരായി പ്രഖ്യാപിക്കും.

ടോര്‍ച്ചുവെട്ടംപോലെ ഇങ്ങനെ ചൂട്ട് കെടുത്തിയും കത്തിച്ചും പോകുന്ന പൂതത്തെ ഒതയമ്മാടത്ത് ഇതിനകം പലരും കണ്ടിരുന്നെങ്കിലും ആരെയും ഉപദ്രവിച്ചതായി അറിവില്ല. 'ഓന്‍ പണ്ടേ പച്ചപ്പാവാന്ന്. ദെണ്ട്യാരം തീരാണ്ട് പ്രാന്തിക്ക് കെര്‍ഭം വന്നമാതിരീള്ള നടത്തേഉള്ളൂ... ഓന്റോളത് മനസ്സിലാക്കീറ്റ്‌ല. അതാ പോകാത്തെ' എന്നു കൂട്ടത്തില്‍ പറയാന്‍ ആരെങ്കിലും ഒരാളുണ്ടാവും.

'ന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കോ രാരിച്ചാ... അതാ ഒരു ബേജാറ്.'

രാരിച്ചന്റെ വീട്ടുമുറ്റത്ത് വന്നു പരാതിക്കാര് പറയും. പറമ്പില്‍ വള്ളിക്ക് മുരിക്കുകാല് കൊത്തുന്ന വാസുവിന്റെ കൊത്ത് അപ്പോള്‍ പതിയെയാകും. ഉമ്മറത്തിട്ട മരക്കസേരയിലിരുന്ന് വേര്‍പ്പ് പൊടിഞ്ഞ നെഞ്ച് തോര്‍ത്തുകൊണ്ട് തുടച്ച് ഓട്ടുമ്പ്രത്ത് വെച്ച കലത്തിലേക്ക് കണ്ണോടിച്ച് രാരിച്ചന്‍ സമാധാനിപ്പിക്കും.

'അതിനല്ലേ രാത്രീലെന്റെ സര്‍ക്കീറ്റ്. അവനെന്നെ പേട്യാന്നേ... ഞാനിവിടെ ഉള്ളിടത്തോളം ഒന്നൂണ്ടാവില്ല. ഇങ്ങള് പണിയെടുക്ക് പെണ്ണുങ്ങളെ.' 

രാരിച്ചന്‍ പത്തുവിരലുകള്‍ അവര്‍ക്കു നേരെ ഉയര്‍ത്തും.

പൂങ്ങിയ മഞ്ഞള് വാര്‍ത്ത് മുറ്റത്തു ചിക്കുന്നതിനിടെ മാതി അതിന്റെ തുടര്‍ച്ചയിടും. 

'ന്നാലും ഓനെന്തിനാ ഈ ചെയ്ത്ത് ചെയ്‌തേ കുരിപ്പേ. വെണ്ണപോല്‍ത്ത ഓളില്ലേ...'

'പെണ്ണുങ്ങടെ കളവ് പിടിക്കാന്‍ പറ്റില്ല മാതി.'

കൂടെയുണ്ടായിരുന്ന ത്രേസ്യയുടെ കണ്ണ് മഞ്ഞള്‍ വെള്ളംപോലെ കലങ്ങി. രാരിച്ചന്റെ തൊഴുത്തില്‍നിന്നു തള്ളയെ കാണാതെ ക്ടാവും അന്നേരം കരഞ്ഞു. 

മുപ്പത്തേക്കറയില്‍ മൂന്ന് കരിക്കൂന ചുടാന്‍ അനുവാദം ചോദിച്ചുകൊണ്ട് രാരിച്ചന്റെ വീട്ടുമുറ്റത്ത് മരിയാറൊതേനനും ഭാര്യ ചെല്ലയും സ്‌കൂള്‍ പ്രായമുള്ള മകനും വന്നുനിന്ന ഒരു കാലം.

'കയിഞ്ഞ കൊല്ലം ഒരെരപ്പന്‍ ചുട്ടുപോയതാ. ഭൂമി വെന്താപ്പിന്നെ വെളയത്തില്ല. എന്തെങ്കിലും ഈട്ണ്ടാ തരാന്‍?'

തോള് തോര്‍ത്തിക്കൊണ്ട് രാരിച്ചന്‍ കരിക്കട്ടപോലത്തെ ഒതേനനേയും വെണ്ണീരുപോലത്തെ ഭാര്യയേയും നോക്കി.

'കരി വിറ്റതിന്റെ ഓഗരി തന്നോളാ'

രാരിച്ചന്‍ വായിലേക്ക് വളര്‍ന്ന മീശ കടിച്ചു.

'ആദ്യം പറയുന്നതൊന്നല്ല, അവസാനം പറയല്.'

'അങ്ങനെയാവില്ല.'

രാരിച്ചന്‍ മരക്കസേരയിലിരുന്ന് ഒതേനന്റെ ഭാര്യയെ നോക്കി. 

'പെണ്ണിന്റെ പേരെന്ത്?'

'ചെല്ല.'

മരക്കസേരയിലിരുന്ന് ആലോചിക്കാനെടുത്ത സമയമത്രയും മരിയാറോതേനനും ചെല്ലയും ചെക്കനും മുറ്റത്തെ വെയിലത്തുണങ്ങി.

'അകത്തുള്ളാള് കെടപ്പിലാ. ബെക്കാനും വാര്‍ക്കാനും എടക്ക് സഹായത്തിനു കിട്ടുവെങ്കില് കരിചുട്ടോ.'

ചെല്ലയൊന്നും മിണ്ടിയില്ല. ഒതേനന്റെ മുഖം തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം ചുട്ട കരിഭൂമി കാണിച്ചുകൊടുക്കാന്‍ രാരിച്ചന്‍ മുറ്റത്തേക്കിറങ്ങി. 

'കൈത്തോല് കൊത്തുമ്പോ അടപ്പിലേ കൊത്തറ്.'

'നോക്കി കൊത്തിക്കോളാ.'

ഒതേനനും പിന്നാലെ മകന്റെ കൈ തൂക്കി ചെല്ലയും ഇറങ്ങി.

ഭൂമി കത്തിയ കരിയിലേക്ക് എത്തിനോക്കുന്ന പുല്‍നാമ്പുകള്‍. ഉണങ്ങിയ ഇരുള്‍. ചെറിയൊരു ചായ്പ്. ചായ്പിലേക്ക് ചൂണ്ടി രാരിച്ചന്‍ പറഞ്ഞു:

'ബൃത്തിയാക്കിയാ ഈട കെടക്കാ.'

'മതിയാവും.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഒതേനനും ചെല്ലയും ഒറ്റദിവസം കൊണ്ട് ചായ്പ് വൃത്തിയാക്കി. പനയോലക്കീറിലൂടെ അകത്ത് വെളിച്ചമുട്ടകള്‍ വിതറി. വെളിച്ചത്തെ വടിയെടുത്ത് വെട്ടിക്കൊണ്ട് ചെക്കന്‍ കളിച്ചു. കുന്നിനു താഴെ ബോട്ടിലിറക്കിവെച്ച വീട്ടുസാധനങ്ങള്‍ നാലുതവണ തലച്ചുമടായി കടത്തി ചായ്പിലെത്തിച്ചു. പൊറുതി തുടങ്ങി. മൂന്നാംദിവസം ഒതയമ്മാടം ചുറ്റി നെല്ലി, ആലം തുടങ്ങിയ മരങ്ങള്‍ കണ്ടെത്തി വിലയിട്ടു. ഒതേനനും ചെല്ലയും മരം മുറിച്ചുകടത്തി. വെയിലേറ്റ് ചെല്ല ചോന്നു. 

പുറ്റുമണ്ണ് കിളച്ചുകുഴച്ച് ചെറിയൊരു കൂനയുണ്ടാക്കി. കൂനയ്ക്ക് കുറകെ ദ്വാരമിട്ട് ഒറ്റദിവസം വെയിലുകൊള്ളിച്ചു. അവശേഷിച്ച പുറ്റുമണ്ണ് കൊണ്ട് ചെക്കന്‍ കളിവീടുകെട്ടി. രാത്രി മൂന്നുപേരും കുഴച്ച മണ്ണുപോലെ പറ്റിപ്പിടിച്ച് കിടന്നു.

പുറ്റുമണ്ണിന്റെ മേലെ മരത്തടികള്‍ വെച്ച് നാലാള്‍ പൊക്കത്തില്‍ ഒതേനനും ചെല്ലയും കൂനയുണ്ടാക്കി. ഒഴിവിടങ്ങളില്‍ എച്ചിത്തോല് നിറച്ച് മണ്ണ് കുഴച്ച് പറ്റിക്കുന്നതിനിടെ രാരിച്ചന്റെ വീട്ടിലെ അടുക്കളക്കാരി മാതി ഓടിവന്ന് ചെല്ലയെ വിളിച്ചു. 

'കോയിക്കറി നല്ലോണം വെക്കാനറിയാ.'

കയ്യില്‍ പറ്റിയ ചളി കോന്തലക്ക് തുടച്ച് ചെല്ല ഒതേനനെ നോക്കി. പോയ്‌ക്കോളാന്‍ ആംഗ്യം കിട്ടി.

'എരുകൂട്ടി വെക്കണം.' 

പോന്നപോക്കില്‍ മാതി ഓര്‍മ്മിപ്പിച്ചു.

കൂനക്ക് ചുറ്റും അലസനായി നിന്ന ചെക്കന്‍ അവര്‍ പോയ വഴിയേ കാറ്റിനെന്നപോലെ മന്തിച്ചു നടന്നു.

രാരിച്ചന്റെ വീട്ടുമുറ്റത്തുനിന്നു കൂവിയ പൂവനെ മാതി ചൂണ്ടിക്കാട്ടി. ചെല്ല അതിന്റെ പിന്നാലെ ഓടുന്നത് മരക്കസേരയില്‍ രാരിച്ചന്‍ നോക്കിയിരുന്നു. ഭൂമി കുലുക്കുന്ന അവളുടെ എന്തൊരു കാലൊറപ്പ്. പറമ്പ് മുഴുവന്‍ പൂവന്‍ എന്നെ കൊല്ലുന്നേന്ന് നാട്ടുകാരെ കൂവി അറിയിച്ച് പരക്കം പാഞ്ഞു. ചെല്ല പിന്നാലെയും. ഓടിയോടി പൂവന്‍ കൂവക്കാട്ടില്‍ ഒളിച്ചു. അപ്പോഴേക്കും ചെക്കനും അവിടെയെത്തി കൂവക്കാട്ടില്‍ കയ്യിട്ട് അവന്‍ പൂവനെ പിടിച്ചുകൊടുത്തു. അവന്റെ വരണ്ട ചുണ്ടിലേക്ക് നനവ് പൊടിഞ്ഞു. അവനെ കോഴിയെ മണത്തു.

അടുക്കളയില്‍നിന്ന് കൊത്തമ്പാരിയില്‍ വേവുന്ന കോഴിയിറച്ചിയുടെ മണം കൂവിലകള്‍ക്കൊപ്പം ചെക്കന്റെ മുഖത്തെ വലിഞ്ഞ ചിരിയിലേക്കും ഇരച്ചിറങ്ങി.

ചെല്ലയും ചെക്കനും മടങ്ങി. അവന്‍ ഇടക്കിടെ കൈ മണപ്പിച്ചു. കോഴിക്കറി മണക്കുമ്പോലെ തോന്നി.

വൈകുന്നേരം വീട്ടുമുറ്റത്തുനിന്ന് രാരിച്ചനെ വിളിച്ച് ഒതേനന്‍ കാത്തുനിന്നു. കോഴിക്കറിയുടെ മണം അന്നേരവും അന്തരീക്ഷത്തില്‍ വേവുന്നുണ്ടായിരുന്നു.

ഉറക്കെയൊരു മൂളലോടെ രാരിച്ചന്‍ പുറത്തേക്കു വന്നു.

'മൈമ്പിന് 1 ചൂളവെക്കണംന്ന് വിചാരിക്ക്ന്ന്.'

രാരിച്ചന്‍ കുറച്ചുനേരം കഴുക്കോലില്‍ തൂങ്ങി മിണ്ടാതിരുന്നു.

മടിശീലയില്‍നിന്നു കുറച്ച് ഉറുപ്പിക എടുത്ത് നീട്ടി. ഒതേനന്‍ മടിച്ചുവാങ്ങി.

'ഒസ്സാന്‍ ബക്കറെ പൊരയറിയാ നെനക്ക്?'

അറിയാന്ന് ഒതേനന്‍ തലയാട്ടി.

'നല്ല ഈന്തപ്പനാട്ടി2 കിട്ടും. വാങ്ങീട്ട് വേംവാ.'

ഒതേനന്‍ മടിച്ചുനിന്നു.

കഴുക്കോലില്‍ നിന്നിറങ്ങി രാരിച്ചന്‍ ഏങ്കോണിച്ച ചിരിയുമായി ഒതേനനെ നോക്കി.

'കരിചുടാന്‍ വന്ന പെണ്ണുങ്ങള്‍ടെ മേത്ത് ആരിക്കും കൈവക്കാന്നാ വെപ്പ്. മുപ്പത്തേക്കറീല് അതു നടക്കില്ല. നെന്റെ ചായ്പില് ഞാനുണ്ടാവും കാവല്. പോയിട്ട് വാ.'

വീട്ടുപറമ്പ് തീരും വരെ ഒതേനന്‍ ഉള്ളിലെ ആശങ്കമൂത്ത് പതുക്കെ നടന്നു. അതിനുശേഷം ഒതയമ്മല ഓടിക്കേറി.

തോളോട് പിടിച്ച് ചുടുറാക്കുകുപ്പിയുമായി തിരിച്ച് ചായ്പിലെത്തിയപ്പോള്‍ രാരിച്ചന്‍ മുറ്റത്തേക്ക് കാലുംനീട്ടിയിരിക്കുന്നു. ഇലയില്‍ പൊതിഞ്ഞ കോഴിക്കറി മുന്‍പില്‍ നിവര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തേ കിട്ടിയ ഒരു കഷ്ണം കൊട്ട് ഈമ്പിയീമ്പി ചെക്കന്‍ ഏരിഞ്ഞുകൊണ്ട് തൂണ് ചാരിയിരിപ്പുണ്ട്. രാരിച്ചനു മുന്നില്‍നിന്ന് ഒതേനന്‍ കിതച്ചു. അയാളുടെ ദൃഷ്ടികൊണ്ടുപോലും പരിക്കേല്‍ക്കാതെ ചെല്ല അകത്ത് ചുമരും ചാരിനിന്ന് ചിരിക്കുന്നത് കണ്ടപ്പോഴാണ് ഒതേനനു നല്ല ശ്വാസം വീണത്. 

കുപ്പി പാതി തീര്‍ന്നപ്പോള്‍ ചൂളവെക്കാന്‍ സമയമായെന്നു പറഞ്ഞ് ഒതേനന്‍ എഴുന്നേറ്റ് കരിക്കൂനയ്ക്ക് തീയിട്ടു. പുറ്റ് മെഴുകി പുറത്തേക്കിട്ട ദ്വാരത്തിലൂടെ ചൂട്ട കയറ്റി. കാഴ്ചക്കാരായി കുറച്ച് ആള്‍ക്കൂട്ടം കൂനയ്ക്ക് ചുറ്റുംകൂടി. പുറംദ്വാരത്തിലൂടെ വെള്ളപ്പുക തുപ്പിവരുന്നത് കണ്ട് ചെല്ലയുടെ മുഖത്ത് ഇതുവരെ കാണത്ത ഒരു ചൊടികണ്ട് രാരിച്ചന്റെ ഇന്ദ്രിയം കത്തി. കൂനയുടെ മറ്റെതെങ്കിലും ചെറിയ ദ്വാരത്തിലൂടെ പുക വരുന്നുണ്ടോന്നു നോക്കി ഒതേനന്‍ വട്ടംകറങ്ങി നടന്നു. ഉള്ളിടത്ത് പുറ്റടച്ചു. 

ചെല്ലയുടെ മുരിക്കിമ്പൂപോലെ ചോന്ന ബ്ലൗസിന്റെ കക്ഷത്തെ നനവില്‍നിന്നു വേര്‍പ്പിന്റെ ദഹ3 പൊന്തി.

രാരിച്ചനും ചൂളയും ഉമിഞ്ഞുകത്തി.

ചൂള വെക്കുന്ന ദിവസം ഒതേനന്‍ ഉറങ്ങാറില്ല. പൊത്ത് പൊട്ടും. പൊത്തടച്ചു കൊടുത്തുകൊണ്ടിരിക്കണം. ആള്‍ക്കൂട്ടം കാഴ്ച കണ്ട് മടത്തുമടങ്ങി. രാരിച്ചന്‍ ആടിയാടി മുണ്ടഴിഞ്ഞ് വീട്ടിലേക്ക് നടന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് കല്ലട്രമായിനും അമ്പിലോട്ട് ദാമുവും തച്ചാണി സേവ്യറും രാരിച്ചനെ താങ്ങി വീട്ടിലെത്തിച്ചു. 

ചെല്ലയും എപ്പോഴോ പോയി ഉറങ്ങി. 

ചൂളയുടെ മുന്നിലെ തീച്ചൂടിലും പിന്നിലെ പുകച്ചൂടിലും ചുറ്റിനടന്ന് ഒതേനന്‍ വീണ്ടും കരിഞ്ഞു. 

പിറ്റേന്ന് മാതിയുടെ അലറിക്കരച്ചില്‍ കേട്ടാണ് ഒതയമ്മാടം ഉണര്‍ന്നത്. അഴിഞ്ഞ മുണ്ട് വാരിക്കെട്ടി രാരിച്ചന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ തൊഴുത്തിനു ചുറ്റും ജനക്കൂട്ടം. അവരെ വകഞ്ഞുമാറ്റി രാരിച്ചന്‍ കണ്‍പീള തോണ്ടിക്കളഞ്ഞുകൊണ്ട് തൊഴുത്തിനടുത്തേക്കു നടന്നു. തൊഴുത്തിന്റെ കൈവരിയില്‍ മരത്തഴമ്പുപിടിച്ച തോര്‍ത്തുമുണ്ടും വരയന്‍ ട്രൗസറും വൃത്തിയായി ആറിയിട്ടിട്ടുണ്ട്. നിലത്തെ ഉണക്കപ്പുല്ലില്‍ ഒതേനന്‍ നഗ്‌നനായി കമിഴ്ന്നുകിടക്കുന്നു. ദേഹത്ത് ചാണകവും പശുമൂത്രവും തെറിച്ചിട്ടുണ്ട്. പശുവിന്റെ കൊമ്പില്‍ ഉണങ്ങിയ കട്ടച്ചോര. കൈവരിപിടിച്ച് ചെല്ല ഇമയനക്കാതെ കരിക്കൂന കത്തുമ്പോലെ നോക്കിനില്‍ക്കുന്നു. അവളുടെ മടിശീല തൂങ്ങി. ഇന്നലത്തെ കോഴിക്കറിയുടെ മണം പിടിച്ച് ചെക്കന്‍ ഇടക്കിടെ അമ്മയേയും ആള്‍ക്കാരേയും നോക്കിനില്‍ക്കുന്നു. 

വന്നോര് ചുറ്റും അടിമുടി ചെല്ലയെ നോക്കി.

'ഇങ്ങനീണ്ടാ കാമദ്രോഹം.'

***
ചിരോണ്ടന്‍ തൂങ്ങിയ കൊമ്പുവിട്ട് രാരിച്ചന്‍ ബീഡിയും വലിച്ചുകൊണ്ട് നടന്നു. പിന്നില്‍ ചൂട്ടാട്ടി നടക്കുന്ന വാസുവിന്റെ മുഖത്ത് പൊടുന്നനെ ഒരു ചിരി പൊടിഞ്ഞു. ചിരോണ്ടന്റെ കൊമ്പ് പിടിക്കുന്ന ദിവസങ്ങളിലൊക്കെ വാസുവിന് ഇമ്മാതിരി ചിരിവരും. ആ ബീഡി എവിടെയെത്തുമ്പോള്‍ തീരുമെന്ന് വാസുവിനറിയാം.

ബീഡി വലിച്ചെറിഞ്ഞ് രാരിച്ചന്‍ അടുത്തുകണ്ട കൂരയിലേയ്ക്ക് കയറി. വാസു കലത്തില്‍ ചൂട്ട് കുത്തി കൂരയുടെ ചേതിക്ക് നിന്നു. ജനലിലൂടെ റാന്തലിന്റെ വെളിച്ചം പുറത്തേക്കൊഴുകുന്നു. വാസു മെല്ലെ വെളിച്ചത്തിലേയ്ക്ക് നടന്നു. ഉള്ളില്‍ പഴയൊരു മേശമേല്‍വെച്ച റാന്തലിന്റെ വെളിച്ചത്തിനു കീഴെ അവള്‍ പെന്‍സില്‍കൊണ്ട് ബുക്കിലെന്തോ കുത്തിക്കുറിക്കുന്നു. ആദ്യകാലങ്ങളില്‍ അവളുടെ ഉയര്‍ന്നുതുടങ്ങുന്ന മാറിടം മാത്രമേ വാസുവിനു കാണാന്‍ പറ്റാറുണ്ടായിരുന്നുള്ളൂ. അവള്‍ പതുക്കെ പതുക്കെ റാന്തലിന്റെ മേല്‍മറ ഉയര്‍ത്തി. അവളുടെ ചുണ്ട്, അവളുടെ കവിള്‍, കണ്ണ്, നെറ്റി. അവള്‍ വാസുവിനോട് ചിരിക്കാന്‍ തുടങ്ങി. അകത്ത് അവളുടെ അമ്മയുടെ ശീല്‍ക്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ മാത്രം അവളുടെ മുഖം വാടും.

അവള്‍ തിരിതാഴ്ത്തും.

അന്ന് വാസുവിന് അവളോട് സംസാരിക്കണമെന്നു തോന്നി. അരണ്ടവെളിച്ചത്തിലെ അവളുടെ മുഖം അത് ആഗ്രഹിക്കുന്നതായും തന്നോട് അനുകമ്പ തോന്നുമെന്നും വാസുവിനു തോന്നി. 

രാരിച്ചന്റെ തൊഴുത്തില്‍ അച്ഛന്റെ ദുര്‍മരണം നടന്നതിനന്ന്, കുത്തിയ പശുവിനെ കൊന്നു വയറുകീറി അച്ഛനടുത്തു തന്നെ അടക്കം ചെയ്തു. അതുകഴിഞ്ഞ് ഏങ്ങോട്ടും പോകാനില്ലാതെ നിന്ന അമ്മയെ രാരിച്ചന്‍ വീട്ടിലേയ്ക്കു വിളിച്ചു ചായ്പില്‍ ഒരിടം കൊടുത്തു. നാട്ടുകാരുടെ മുന്നില്‍ നാണംകെട്ടതിനപ്പുറം ഇനിയൊന്നും വരാനില്ലാത്തോണ്ടാവണം അമ്മ അങ്ങനെ ചെയ്തിട്ടുണ്ടാവുക. രാവിലെ മുതല്‍ ഒന്നും കഴിക്കാതെ അമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് വാസു ഉറങ്ങി. രാത്രി വാതില്‍ തുറന്ന് രാരിച്ചന്‍ അവനെ വലിച്ചു പുറത്തിട്ടു.

'അപ്രത്ത് പോയി കെട.'

തിരിഞ്ഞുനടക്കുമ്പോള്‍ ചായ്പിന്റെ വാതിലുകള്‍ അടയുന്നത് വാസു കണ്ടു. 

അന്നേരം അകത്തുനിന്ന് അമ്മ എന്താണ് പറഞ്ഞതെന്ന് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ വയ്യ. ഉമ്മറത്തെ മൂലയ്ക്ക് കൂട്ടിയിട്ട മൊരിച്ച അടക്കാപ്പൂടയുടെ മേലെ രാരിച്ചന്റെ നായിക്കൊപ്പം കിടന്നാണ് നേരം വെളുപ്പിച്ചതെന്ന് അമ്മ അറിഞ്ഞിട്ടുണ്ടാവില്ല. 
ശരീരത്തില്‍ അടക്കാപ്പൂടയുടെ ചൊറിച്ചില്‍ വാസുവിന് ഇപ്പോഴും അനുഭവപ്പെട്ടു. 

ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എല്ലാം കേട്ടുനിന്നു.

ഇന്ന് ഇരുവരും കുറേനേരം നോക്കി. പതിവില്ലാത്തവിധം അവളുടെ മുഖത്ത് അത്രയും വസന്തമായിരുന്നു. വാസുവത് നോക്കിനില്‍ക്കുകയായിരുന്നു. റാന്തലിന്റെ പിറകിലെ ഇരുട്ടില്‍നിന്നു പെട്ടെന്ന് ഒരു കൈ അവളുടെ വസന്തത്തെ മൂടി. റാന്തല്‍ താഴെ വീണു പൊട്ടി.

അകത്തുനിന്നുയരുന്ന അമര്‍ത്തിയ ശബ്ദം കേട്ട് വാസു വഴിയിലേയ്ക്കു തിരിച്ചുപോയി ജനലിരുട്ടിലേയ്ക്ക് വിറയലോടെ നോക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ രാരിച്ചന്‍ കിതച്ചുകൊണ്ട് ഇറങ്ങി വന്നു. 

ഒന്നും പറയാതെ നീണ്ട കാല്‍വെച്ച് നടന്നു. 

നടത്തത്തിനിടെ ചൂട്ടുകത്തിക്കാന്‍ കഴിയാതെ, രാരിച്ചനോടൊപ്പം എത്താന്‍ കഴിയാതെ വാസു ഓടി. രാത്രിയുടെ പക്ഷികള്‍ നിശബ്ദമായി ചെവിയോര്‍ത്തു. ഒരിടത്തുനിന്ന് രാരിച്ചന്‍ കിതപ്പാറ്റി. കിതപ്പിനിടെ അയാളുടെ വാക്കുകള്‍ മുറിഞ്ഞു.

'ആ കൊച്ച് ചത്തെടാ...'

ഭൂമി വീണുപൊട്ടുംപോലെ വാസുവിന്റെ കയ്യില്‍നിന്നു കലം വീണുപൊട്ടി.

വീട്ടിലെ കഴുക്കോലില്‍ തൂക്കിയ റാന്തലിന്റെ വെട്ടത്തില്‍ ചെല്ല കാത്തുനില്‍പ്പുണ്ടായിരുന്നു. വീട്ടുവഴിയിലെത്തിയപ്പോള്‍ വാസുവിനെ രാരിച്ചന്‍ പറഞ്ഞയച്ചു.

'ഇന്നിവിടെ നിക്കണ്ട, രാവിലെ വന്നാമതി.'

എവിടെയെങ്കിലും പോയി ഒറ്റക്കിരുന്നു കരയാന്‍ വാസു കൊതിച്ചു. ഉമ്മറപ്പടിക്കു താങ്ങി നില്‍ക്കുന്ന ചെല്ലയുടെ അടുത്തേക്ക് രാരിച്ചന്‍ നടന്നുപോകുന്നത് വാസു നോക്കിനിന്നു. 

'ഓനോടുത്തു.' 

രാരിച്ചന്റെ പിന്നിലേക്ക് ചെല്ലമ്മ പാളിനോക്കി. 

'മാട്ടീസടിച്ച് വല്ലിടത്തും കെടക്കുന്നുണ്ടാവും.'

അവന്‍ കഴിക്കില്ല. ചെല്ലക്കറിയാം. ഇത്രയും കാലം വിളമ്പിക്കൊടുത്തതല്ലാതെ ഒന്നുമിണ്ടാന്‍പോലും അനുവാദം കിട്ടിയിരുന്നില്ല. ഒരിക്കല്‍ അവന്‍ കഴിക്കുന്നതു കണ്ട് അടുത്തിരുന്ന് തലമുടി തഴുകി ചെല്ല വാസൂട്ടാന്ന് കണ്ണീരു പൊലിപ്പിച്ച് വിളിച്ചു. 'മടിയില്‍ കിടത്തി ഊട്ട്' എന്നൊരു അശരീരി അകത്തു നിന്നുയര്‍ന്നപ്പോള്‍ അതും തീര്‍ന്നു.

ഈ പെണ്ണിന് എന്തൊരു വിധിയാണെന്ന് മാതി പലരോടും പറയുന്നത് ചെല്ല കേട്ടിട്ടുണ്ട്. 'അകത്തൊരുത്തിയുണ്ട്. ശവംപോലെ കെടുക്ക്ന്ന്‌ണ്ടേലും ഇപ്പെണ്ണ് വന്നേപ്പിന്നെ അയിന്റെ മേത്തിട്ട് കേറലില്ല. ഇപ്പൊ മേത്താണ്ഡവം തേച്ചും ഈന്റെ പൊറത്താണ് പാറുകാലന്‍.' ഞാനൊന്നും പറഞ്ഞിറ്റ്‌ലേ കുരിപ്പേന്നു പറഞ്ഞ് മാതി പെട്ടെന്നു തിരുത്തുന്നതും ചെല്ല കേട്ടിട്ടുണ്ട്. 

എന്തെങ്കിലും കഴിച്ചുകാണുമോയെന്ന് ആത്മഗതംപോലും പുറത്തേക്ക് വരുമോയെന്നു പേടിച്ച് ചെല്ല വഴിയിലേയ്ക്ക് കണ്ണു വെളുപ്പിച്ചു.

ഇരുട്ടിലൂടെ വാസു നടന്നു. മരിയാര്‍പൂതത്തെ പേടിച്ചു രാത്രിയില്‍ പുറത്തിറങ്ങാത്ത ഒതയമ്മാടം. പെണ്ണുങ്ങളുടെ കണ്ണീരുപോലെ നിലക്കാത്ത പുഴ. ഓരോരിടത്തിരിക്കുമ്പോളും വലിയൊരു അന്തകാരഗോളം കണ്ണിലേയ്ക്ക് പതിച്ച് അവിടെനിന്നും വാസു എഴുന്നേറ്റഞ്ഞു. 

രാവിലെ രാരിച്ചന്റെ വീട്ടില്‍ ആള്‍ക്കൂട്ടവും പൊലീസുമെത്തി. മരിച്ച പെണ്‍കുട്ടിയുടെ ശരീരം മുറ്റത്തു കിടത്തിയിട്ടുണ്ട്.
 
വാവിട്ടുകരയുന്ന അവളുടെ അച്ഛനും അമ്മയും. മരക്കസേരകളിലിരുന്ന് രാരിച്ചനും പൊലീസുകാരും ചര്‍ച്ച ചെയ്യുന്നുണ്ട്.

കല്ലട്രമായിനും അമ്പിലോട്ട് ദാമുവും തച്ചാണി സേവ്യറും പുതുയായി കൂട്ടുള്ള കുറച്ചുപേരും ഉമ്മറത്തുമ്പോളം അവകാശത്തോടെ കേറിനില്‍പ്പുണ്ട്.

'എന്റെ മോളെ കൊന്നോന്‍ ആരാന്നെങ്കിലും ഓനെ മരിയാര്‍പൂതം പിടിക്കണേ തൈവ്വേ.'

പെണ്‍കുട്ടിയുടെ അമ്മ നെഞ്ഞത്തടിച്ച് കാളി.

ചെല്ല ചുമരില്‍ തറച്ചപോലെ നിന്നു.

രാരിച്ചന്റെ മടിശീലയിയില്‍നിന്നു കിട്ടിയ കനത്തത് വാങ്ങി കല്ലട്രമായിന്റെ കൂടെ സംഘം മടങ്ങി. രാത്രിവരെ അവര്‍ ഒസ്സാന്‍ ബെക്കറെ കേന്ദ്രത്തിലിരുന്നു റാക്കടിക്കുകയും ചീട്ട് കളിക്കുകയും ചെയ്തു. രാരിച്ചന്റെ പേരില്‍ പറ്റെഴുതി കൊട്ടനവിലും വാങ്ങി അവര്‍ ഒതയമ്മാടം അരിച്ചിറങ്ങി. 

'ഒതയമ്മാടം വിട്ട് ഓന്‍ പോകില്ല. തെങ്ങിന്റെ മണ്ടേലും കേറി തപ്പണം.'

രാരിച്ചന്റെ കല്പനയാണ്. കേറിനോക്കിയേക്കാം. തച്ചാണി സേവ്യറ് തെങ്ങില്‍ കേറി നാലുകൊല ഇളനീര് വെട്ടി. അതിന്റെ ചോറില്‍ കൊട്ടനവിലിട്ട് പെരക്കി രണ്ടു ദിവസത്തേക്കുള്ളത് ഒറ്റയടിക്ക് കഴിച്ച് അവര്‍ വാസുവിനെ പരതി. 

മരിയാറൊതേനന്റെ ജീവിതം പോലെ കരിഞ്ഞ കരിക്കട്ടകൂമ്പാരത്തില്‍നിന്ന് അവര്‍ രാവിലെയാകുമ്പോഴേക്കും വാസുവിനെ പൊക്കി. 

ഏരുമപ്പാറയിലെ കല്ലുമ്പ്രാണിവരെ വാസുവിനേയും തൂക്കി നടന്നു. ഒറ്റയടിക്ക് ചാകാനുള്ള ത്രാണിയില്ല അവന്. ഇത്രനേരം പിന്തുടര്‍ന്ന അന്തകാരം കൃത്യം കണ്ണില്‍ പതിച്ചു. ഓരോരുത്തരുടേയും ഊക്ക് വീണു. പാറമടക്കില്‍നിന്ന് വാസു ദൂരേയ്ക്ക് തെറിച്ചു.

ചായ്പിന്റെ വാതില്‍ തുറന്ന് രാരിച്ചന്‍ ചെല്ലയോട് ചേര്‍ന്നു കിടന്നു. അയാളുടെ കനത്ത കൈ ദേഹത്തു നിന്നു തട്ടിമാറ്റി.

'അവന്‍ വരും. കേസൊന്നൊതുങ്ങട്ടെ.'

ചെല്ല അനങ്ങാപ്പാറയായി ചെരിഞ്ഞുകിടന്നു. 

'ഇവിടുത്തെ ചെക്കനല്ലേ...' രാരിച്ചന്‍ ചെല്ലയെ മോഹിപ്പിച്ചു.

'ഞാന്‍ കൊണ്ടുത്തരും നിന്റെ മോനെ...'

രാരിച്ചന്റെ വായില്‍നിന്ന് അങ്ങനെ വാക്ക് ചെല്ല ആദ്യമായി കേട്ടു. അയാളുടെ മുന്നില്‍ അനങ്ങാപ്പാറ ദുര്‍ബ്ബലമായി മെല്ലെ മലര്‍ന്നു. അതിന്റെ മുകളിലേക്ക് അയാള്‍ ഊര്‍ന്നുകയറി. 

പുറത്ത് ആരുടേയോ കാലൊച്ച. മേത്താണ്ഡവം ഒന്നു നിര്‍ത്തി രാരിച്ചന്‍ വിളിച്ചുചോദിച്ചു.

'ആരെക്കെയാടാ പുറത്ത്.'

'ഞങ്ങളാ മായിനും സേവ്യറും.'

രാരിച്ചന്‍ ഒന്നു നീട്ടിമൂളുകമാത്രം ചെയ്തു.

'എരുമപ്പാറയില്‍ കൊണ്ടിട്ടുണ്ട്. കുറുക്കന്‍ തിന്നോളും.'

രാരിച്ചന്റെ കണ്ണുകളിലേക്ക് ചെല്ല ഉറ്റുനോക്കി.

പുറത്തുനിന്ന് എന്തോ അശ്ലീലം തട്ടി മായിനും കൂട്ടരും വിട്ടു. അനങ്ങാന്‍ പോലുമാവാത്ത വിധത്തില്‍ അയാള്‍ ചെല്ലയെ അടക്കിപ്പിടിച്ചു. അയവിറക്കുന്ന പശുവിന്റേതുപോലെ അയാളുടെ വായില്‍നിന്നു ചുവന്ന പതയൊഴുകി. മരിയാറൊതേനനെ കുത്തിയ പശുക്കൊമ്പ് ചെല്ലയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ചെല്ല ഏങ്ങലടിച്ച് പിടഞ്ഞു. 

തളര്‍ന്നുവീണ രാരിച്ചന്റെ അടിയില്‍നിന്നും ചെല്ല അപ്രത്യക്ഷമായി. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

***
രണ്ടു ദിവസത്തിനു ശേഷം ഒതയമ്മാടത്തുനിന്ന് നാല് മൈല്‍ ദൂരമുള്ള ചുങ്ങസ്ഥാനിലെ അറവുശാലയില്‍ ഇരുട്ടിന്റെ മറവില്‍ കീറിപ്പറിഞ്ഞ് വാസുവെത്തി. തലയില്‍ കീറിയ തുണി മറച്ചിട്ടുണ്ട്. പകല്‍ മുഴുവന്‍ അറത്ത മാടുകളുടെ ചോരയുളുമ്പുകള്‍ വഴുക്കുന്ന ന്‌ലാവ്. നാളത്തേക്ക് നീട്ടിവെച്ച പോത്തുകളുടെ അമറല്‍. കടിപിടികൂടുന്ന പൂച്ചകളും തെരുവു പട്ടികളും.

കടയുടെ കഴുക്കോലില്‍ നേന്ത്രവാഴക്കുലയുടെ വെറുംതണ്ടുപോലെ പോത്തിന്റെ മാംസമൂരിയ കാലെല്ലില്‍ ഈച്ചകള്‍ ആര്‍ത്തുപറ്റി. കുളമ്പുള്ള പോത്തിന്റെ രണ്ട് കാലുകള്‍ ചൂടിക്കയറിന്റെ കെട്ടഴിച്ചെടുത്ത് വാസു കാടുകറി.

പോത്തിന്റെ എല്ലിനു ചുറ്റും ചേരിപ്പൂട വെച്ച് അതിനു മീതെ പാറതാന്‍4 ചുറ്റി രണ്ടു കാലുകളും കമ്പിയില്‍ കോര്‍ത്ത് അരയില്‍ കെട്ടി. അതിന്റെ മേലെ കയലി മാടിക്കെട്ടി. ചിരോണ്ടന്‍ തൂങ്ങിമരിച്ച കൊമ്പിനു മറപറ്റി വാസു കാത്തിരുന്നു.

മുളങ്കാടുകള്‍ പല്ലിളിച്ചു.

കത്തുന്ന ചൂട്ടുമാട്ടി ഒറ്റയ്ക്ക് നടന്നുവരുന്ന രാരിച്ചന്റെ മൂളിപ്പാട്ട് കേള്‍ക്കാം. ഒതയമ്മാടത്തൂടെ രാത്രി പോണ്ട രാരിച്ചാന്നു പറയാന്‍ വെളുങ്ങനിപ്പോഴില്ല. 

ചിരോണ്ടന്‍ തൂങ്ങിയ കൊമ്പിനു കൈതാങ്ങി രാരിച്ചന്‍ കുറച്ചുനേരം നിന്നു. കയ്യിലെ ചൂട്ടുവെളിച്ചത്തില്‍ അടുത്താരോ നില്‍ക്കുന്നതായി രാരിച്ചനു തോന്നി. മൂക്കില്‍ ചൂരടിച്ചു. 

ചൂട്ടാട്ടിനോക്കി.

വാസു മരത്തിന്റെ കൊമ്പില്‍ തൂങ്ങി രണ്ടുകാലുകളും പിന്നോട്ട് മടക്കി. 

പോത്തിന്റെ കാല് നിലത്തൂന്നി. 

രാരിച്ചന്‍ മറ്റൊന്നും കണ്ടില്ല. 

കയ്യില്‍നിന്നു ചൂട്ട് തെറിച്ച് രാരിച്ചന്‍ ഓടി.

പിന്നില്‍ കുളമ്പടിയൊച്ച.

***
1. സന്ധ്യക്ക്
2. റാക്ക്
3. ആവി
4. പഴയ ഉള്ളിച്ചാക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com