'ആ രാത്രിയില്‍ സംഭവിച്ചത്'- ഗിരീഷ് രാജ എഴുതിയ കഥ

തക്ഷശിലയില്‍നിന്ന് പാടലീപുത്രയിലേക്കുള്ള വഴിയിലായിരുന്നു അയാള്‍. ഇത്രയും വൈകേണ്ടിയിരുന്നില്ലെന്നു തോന്നി
'ആ രാത്രിയില്‍ സംഭവിച്ചത്'- ഗിരീഷ് രാജ എഴുതിയ കഥ

ക്ഷശിലയില്‍നിന്ന് പാടലീപുത്രയിലേക്കുള്ള വഴിയിലായിരുന്നു അയാള്‍. 

ഇത്രയും വൈകേണ്ടിയിരുന്നില്ലെന്നു തോന്നി. 

പാട്ടും വര്‍ത്തമാനങ്ങളും നീണ്ടുപോയി. 

ആകാശത്ത് നക്ഷത്രങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ? മേഘങ്ങളുമില്ല. 

നായ്ക്കളുടെ ശബ്ദം ഇടക്കിടെ പാര്‍പ്പിട സമുച്ചയത്തിലെ മൗനം ഭഞ്ജിച്ചുകൊണ്ടിരുന്നു.

ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളിലെല്ലാം വിളക്കുകള്‍ അണഞ്ഞുകഴിഞ്ഞു.

നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കാതെ അയാള്‍ ശ്രദ്ധിച്ചു. 

അങ്ങകലെ നളന്ദയ്ക്കു മുന്‍പില്‍ വഴിവിളക്കുകള്‍ അടുത്തുള്ള മരങ്ങളുടെ വലിയ നിഴലുകള്‍ തീര്‍ത്തു.
 
നളന്ദയ്ക്കപ്പുറം പുറത്തേക്കുള്ള വഴിയാണ്. അവിടെയും ആരേയും കാണുന്നില്ല. 

ചെറിയ കാറ്റില്‍ ഇളകുന്ന മരച്ചില്ലകള്‍ എന്തോ അശുഭകരമായത് സൂചിപ്പിക്കുന്നതുപോലെ. കരിയിലകള്‍ അനങ്ങുന്ന ശബ്ദം. ആരെങ്കിലും? അല്ല കാറ്റടിച്ചതാണ്.
 
കാലുകള്‍ ഉറക്കാത്തപോലെ.

പടികള്‍ കയറുമ്പോഴേക്കും വിയര്‍ത്തു.

'അച്ഛാ, കഥയെഴുതിയോ?' മകന്റെ ചോദ്യത്തിന് വീട്ടില്‍ വന്നു കയറുമ്പോള്‍ അങ്ങാടിയില്‍നിന്നു വാങ്ങാനേല്പിച്ചിരുന്നത് കൊണ്ടുവന്നോ എന്ന അവന്റെ അമ്മയുടെ പതിവു ചോദ്യത്തിന്റെ മട്ട്.

'ഇല്ല.'

'ന്നാ വേഗം ഊണുകഴിച്ച് പേടിപ്പിക്കുന്ന കഥ എഴുതിക്കോളൂ.'

'പേടിപ്പിക്കുന്ന കഥയോ?'

'ആ രാത്രിയില്‍ സംഭവിച്ചത് ന്നാ വിഷയം, അപ്പോ, പേടിപ്പിക്കുന്ന കഥ വേണ്ടേ?' 

ഭയവും ദു:ഖവും സൃഷ്ടിക്കുന്ന രചനകള്‍ അധമങ്ങളാണെന്ന് പണ്ടാരോ പറഞ്ഞത് അയാള്‍ ഓര്‍ത്തു. അതു ശരിയാവാനിടയില്ല. കുട്ടികള്‍ക്കുപോലും എന്തൊരുത്സാഹം.

'ന്നാ മോനൊരു കഥ പറയൂ.'

'അച്ഛന്‍ വന്നാല്‍ പറയാനെന്നു പറഞ്ഞ് രണ്ടു മൂന്ന് കഥകള്‍ എന്നോട് പറഞ്ഞുകഴിഞ്ഞു. ഉറങ്ങാണ്ടിരിക്കുകയാണ് കഥ പറയാന്‍, ഊണുകഴിഞ്ഞിട്ടാവാം കഥ' ഭാര്യയാണ് മറുപടി പറഞ്ഞത്.

ഊണുകഴിഞ്ഞ് കിടക്കയില്‍ ഇരുന്ന് കഥ തുടങ്ങി.

'അച്ഛന്‍ ഇരുട്ടത്ത് ഒരു കാടിനുള്ളിലൂടെ നടന്നുവരികയായിരുന്നു. ഒന്നും കാണാനില്ല. 

ദൂരെ വെളുത്ത് ഒരു രൂപം. 

അല്ലെങ്കില്‍ വേണ്ട. 

അങ്ങനെ ഒരു കഥയുണ്ട്. ആനയും കടുവയും പുലിയും പാമ്പുകളുമുള്ള കാടാണ്. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പെട്ടെന്ന് അച്ഛന്റെ തലയില്‍ എന്തോ ഒന്നു തൊട്ടു. അതൊരു വലിയ പാമ്പായിരുന്നു. അച്ഛനെ വരിഞ്ഞുചുറ്റി കടിക്കാനായി ചീറ്റിക്കൊണ്ട് പത്തിവിടര്‍ത്തി വന്നു. അച്ഛന്‍ പേടിച്ച് അനങ്ങാതെ നിന്നു. പെട്ടെന്ന് എന്തോ വന്ന് അച്ഛന്റെ പുറത്തുവീണു. അച്ഛന്‍ താഴെ വീണു. ബോധമില്ലാതെ. അച്ഛന്‍ കണ്ണുതുറന്നപ്പോള്‍ അടുത്ത് ഒരു കരടി ചത്തുകിടക്കുന്നു.'

'അതെങ്ങനെ?'

'പാമ്പു കടിച്ചു. കരടി ചത്തുപോയി.

അതു വേണ്ട.

ബോധം വന്ന് കണ്ണ് തുറന്നപ്പോള്‍ അച്ഛന്‍ ഒരു കീരിയെ കണ്ടു. ചോരയില്‍ മുങ്ങിയ ഒരു കീരി. അടുത്ത്പാമ്പ് ചത്തു കിടക്കുന്നു.'

കഥ നിര്‍ത്തി ഉറക്കത്തിലേക്ക് വഴുതി വീണ മകനെ അയാള്‍ നോക്കിയിരുന്നു. ഉറക്കത്തിലും പുഞ്ചിരിക്കുന്നപോലെ. കീരി പാമ്പിനെ കൊന്ന് അച്ഛനെ രക്ഷിച്ച സന്തോഷത്തിലാവും.
 
അപ്പോള്‍ പുറത്തുനിന്ന് ഒരു രാക്കിളിയുടെ ശബ്ദം കേട്ടു. 

'എന്തോ ഒരു ശബ്ദം കേട്ടില്ലേ?' ഭാര്യയും അതു ശ്രദ്ധിച്ചിരുന്നു. 

രണ്ടു പേരും ജനലിനു പുറത്തേയ്ക്ക് നോക്കിനിന്നു. 

ഇളം കാറ്റില്‍ തണുപ്പ് അവരെ പൊതിഞ്ഞു.

അരണ്ട വെളിച്ചത്തില്‍ വെളുത്ത പൂക്കള്‍ ധാരാളമുള്ള ഒരു മരം അവര്‍ കണ്ടു. കാറ്റിന് ആ പൂക്കളുടെ സുഗന്ധമുള്ളതുപോലെ അവര്‍ക്കു തോന്നി.

'എന്തു ഭംഗി അല്ലേ ആ പൂമരം കാണാന്‍?'

'അതെ.'

'ആ മരത്തിലിരുന്നാവും പക്ഷി പാടുന്നത്, അല്ലേ?' 

'അതെ. നല്ല പാട്ട്.'

രണ്ടു പേരും പക്ഷിയുടെ പാട്ടില്‍ ലയിച്ചുനിന്നു. കാറ്റും തണുപ്പും സുഗന്ധവും അവരെ തഴുകി. 

ഒരാലിംഗനത്തില്‍ അവര്‍ ഒന്നായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com