'മാലിനിയുടെ അവസാനത്തെ ചലന നിയമം'- പ്രമോദ് രാമന്‍ എഴുതിയ കഥ
By പ്രമോദ് രാമന്‍ | Published: 27th May 2023 02:18 PM |
Last Updated: 27th May 2023 02:18 PM | A+A A- |

ഫിസിക്‌സില്‍ വലിയ അവഗാഹമൊന്നുമില്ല. എന്നാലും പഠിച്ചത്രയും ഉള്ളിലുണ്ട്. ചലന നിയമങ്ങളൊന്നും മറന്നിട്ടില്ല. എല്ലാവരും മൂന്നാമത്തെ നിയമം മാത്രമാണ് ഓര്‍മ്മിക്കാറ്. അത് എളുപ്പമാണല്ലോ. മാലിനിക്ക് മാസ്, ആക്‌സിലറേഷന്‍, ഇനേര്‍ഷ്യ, വെലോസിറ്റി അങ്ങനെ ചിലതൊക്കെ അറിയാം. പക്ഷേ, ഇതൊക്കെക്കൊണ്ട് ജീവിതത്തില്‍ എന്തുമെച്ചം?
അതേക്കുറിച്ച് ഒരിക്കല്‍ ആലോചിച്ച മാലിനി പിന്നെ, വാട്‌സാപ്പില്‍ കാണുന്ന നസ്രിയയുടെ ഒരു സ്റ്റിക്കറില്ലേ അതുപോലെ, എന്തേലുമാകട്ടെ എന്നുവച്ച് തന്റെ പണിനോക്കിപ്പോയി. പക്ഷേ, സംഗതി അങ്ങനെ വിട്ടുപോയില്ല. വീണ്ടും വീണ്ടും അതിലേക്ക് പോകേണ്ടിവന്നു. കാരണം, ഒരു കയ്യിലിരിക്കുന്ന സാധനം വലിച്ചെറിയാന്‍ നോക്കുമ്പോള്‍ മറ്റേ കയ്യിലുള്ളത് എറിഞ്ഞു പോവുന്നത് ന്യൂട്ടണ്‍ ഉണ്ടാക്കിവെച്ച നിയമത്തിന്റെ പ്രശ്‌നമാണെന്ന് മാലിനിക്ക് ഉറപ്പുണ്ട്.
ഇതിന്റെ പേരില്‍ മാലിനിക്ക് ഭര്‍ത്താവിന്റെ കയ്യില്‍നിന്ന് ചുട്ട അടിയും ധാരാളം കിട്ടിയിട്ടുണ്ട്. സുരേന്ദ്രനെ പറഞ്ഞിട്ടെന്ത് കാര്യം. വിലപിടിപ്പുള്ളതടക്കം, (ഒരു കൈ ചെയ്യുന്നത് മറ്റേക്കൈ അറിയുന്നത് മൂലം) നഷ്ടപ്പെട്ട സാധനങ്ങള്‍ എന്തെല്ലാമാണ്! മാലിനിയുടേയും സുരേന്ദ്രന്റേയും വാടകവീടിനു പിറകിലായും ചെറുകിട ചെരുപ്പ് ഫാക്ടറിയുടെ വലതുവശത്തായും കിടക്കുന്ന അഞ്ചു സെന്റ് ഒഴിഞ്ഞ പുരയിടം അത്തരം സാധനങ്ങളുടെ വലിയ ശേഖരമായി മാറി. ചിലതൊക്കെ മാലിനിയോ സുരേന്ദ്രനോ തന്നെ എങ്ങനേയും തപ്പിയെടുത്ത് തിരിച്ചുകൊണ്ടുവരുമെങ്കിലും പലതും കിട്ടാറില്ല. കക്കൂസ് വെള്ളംവരെ പോകുന്ന കാനയാണ് ആദ്യം സാധനങ്ങള്‍ പിടിച്ചെടുത്ത് സ്ഥലം വിടുന്നത്. നല്ല ബലത്തില്‍ എറിയുമ്പോഴാണ് അതും കടന്ന് പറമ്പിലെത്തുക. അവിടെ ഒറ്റനോട്ടത്തില്‍ കരിമ്പാണെന്നു തോന്നിക്കുന്ന കാട്ടുചെടിക്കൂട്ടം സാമാന്യം നല്ല ഉയരത്തിലും കനത്തിലും വളര്‍ന്നുനില്‍ക്കുന്നുണ്ട്. ചെരുപ്പു ഫാക്ടറിക്കാരുടെ വേസ്റ്റ്, അവിടെ താമസിക്കുന്ന ബീഹാറികളോ ബംഗാളികളോ ഒക്കെയായ ജോലിക്കാരുടെ കുടികഴി മാലിന്യം, കുപ്പിച്ചില്ലുകള്‍ ഇതൊക്കെ പ്രശ്‌നമാണ്. അതുകൊണ്ട് കൈവിട്ടുപോയത് തിരിച്ചുപിടിക്കല്‍ എളുപ്പമേയല്ല. ചില സാധനങ്ങള്‍ എറിഞ്ഞതിനെക്കുറിച്ച് മാലിനി പറയാത്തതുകൊണ്ട് സുരേന്ദ്രന്‍ അറിഞ്ഞിട്ടില്ല. അതുള്‍പ്പെടെ കാനയില്‍ പതിച്ച് നീന്തിയകന്നതോ
ആ പറമ്പിലേക്ക് പറന്നുപോയി സ്ഥിരതാമസമാക്കിയതോ ആയ വസ്തുക്കളുടെ ഏകദേശ ലിസ്റ്റ് ഇങ്ങനെയാണ്:
1. ആഹാരം കഴിച്ചശേഷം വേസ്റ്റിനു പകരമായി എറിഞ്ഞ പ്ലേറ്റുകളും പിഞ്ഞാണങ്ങളും 2. കവര്‍ പൊളിച്ച് വലിച്ചെറിഞ്ഞ ആഹാരസാമാനങ്ങള്‍ 3. തൊലിപൊളിച്ച മിഠായികള്‍, തോടിനു പകരമുള്ള (കിരണിനുവേണ്ടി) പുഴുങ്ങിയ മുട്ടകള്‍, പൊതിച്ചെടുത്ത ചകിരിക്ക് പകരമെറിഞ്ഞ തേങ്ങകള്‍ 4. മുടി ചീകി ചുരുട്ടിയെടുത്ത മുടിച്ചുരുളുകള്‍ക്കു പകരമുള്ള ചീര്‍പ്പുകള്‍ 5. മുറി തൂത്തുവാരി കളയേണ്ട പൊടി മുറ്റത്ത് തട്ടി വലിച്ചെറിഞ്ഞ കോരികള്‍ 6. മഷിതീര്‍ന്ന റീഫില്ലിനു പകരമുള്ള കിരണിന്റെ ബോള്‍പെന്നുകള്‍ 7. ഒരു ഗുളിക മാത്രം ബാക്കിയായ സ്ട്രിപ്പില്‍നിന്ന് വലിച്ചെടുത്ത് സ്ട്രിപ്പിനു പകരം പറന്നുപോയ ഗുളികകള്‍ 8. കിരണിനെ കണക്ക് എഴുതിപ്പഠിപ്പിക്കുമ്പോള്‍ തെറ്റുമല്ലോ, അപ്പോള്‍ ആ പേജ് കീറി ഒരുവശത്ത് ചുരുട്ടിക്കൂട്ടി വെച്ചത് പിന്നീട് എല്ലാംകൂടിയെടുത്ത് കൊണ്ടു കളയാന്‍ പോകുമ്പോള്‍ അറിയാതെ മറ്റേ കയ്യിലിരുന്ന് വലിച്ചെറിഞ്ഞ കണക്കു പുസ്തകം 9. കിരണിന്റെ ഇളയവളായ, ഒന്നരവയസ്സുള്ള കൊച്ചിന് വയറ്റുദീനം വന്നപ്പോള്‍ കലക്കിക്കൊടുക്കാന്‍ മരുന്നിന്റെ കുപ്പി ഒരു കയ്യില്‍ വെച്ച് മറ്റേ കൈകൊണ്ട് സ്പൂണെടുക്കുന്ന സമയത്ത് അടുക്കളയുടെ ജനാലപ്പടിയില്‍ വന്നിരുന്ന കാക്കയെ ഓടിക്കാന്‍ സ്പൂണ്‍ താഴെവച്ച് ഒരു വിറകുകൊള്ളിയെടുത്ത് എറിയാന്‍ നോക്കിയപ്പോള്‍ വലിച്ചെറിഞ്ഞ മരുന്നുകുപ്പി 10. സുരേന്ദ്രന്റെ ഷര്‍ട്ട് ഇസ്തിരിയിടുമ്പോള്‍ വന്ന ഫോണ്‍ എടുക്കാന്‍ പോയപ്പോള്‍ ദോശ കരിയുന്നത് കണ്ട് അതു മറിച്ചിടാന്‍ പോയ സമയത്ത് സുരേന്ദ്രന്‍ വന്ന് ഷര്‍ട്ട് റെഡിയായില്ലേ എന്നു ചോദിച്ച് നോക്കുമ്പോഴേക്ക് അയ്യോ അതു കരിഞ്ഞുപോയല്ലോ എന്നു പറഞ്ഞ് ഓടിയെത്തുമ്പോഴേക്ക് സുരേന്ദ്രന്‍ വന്ന് മുഖത്തൊരടി കൊടുത്ത് 'എന്തൊരു വേസ്റ്റാടീ നീ' എന്ന് ചോദിച്ച്... എല്ലാം കഴിഞ്ഞ്, കരിഞ്ഞ ദോശയ്ക്കു പകരമായി വലിച്ചെറിഞ്ഞ സുരേന്ദ്രന്റെ പുതിയ ഷര്‍ട്ട്.
അവസാനം പറഞ്ഞ സംഭവത്തിന്റെ അന്ന് മാലിനി ജലപാനം കഴിച്ചില്ല. സുരേന്ദ്രന്റെ ചെവിക്കുറ്റി നോക്കിയുള്ള അടിയും ശകാരവും അവളെ തളര്‍ത്തിയിരുന്നു. അതറിയാമായിരുന്ന സുരേന്ദ്രന്‍ വൈകീട്ട് നല്ലപോലെ ബ്രാണ്ടി മോന്തിയാണ് വന്നത്. മോന്താതെ വാങ്ങിക്കൊണ്ടുവന്ന അരക്കുപ്പി മാലിനിയെ അടുത്തിരുത്തി മോന്തി. കൂടെക്കൊണ്ടുവന്ന മിക്‌സ്ചര്‍ അയാള്‍ മാലിനിക്ക് നീക്കിവച്ചുകൊടുത്തു.
'കാര്യം നീ വേസ്റ്റാണേലും എനിക്ക് വേണല്ലോ', അതുപറഞ്ഞ് ഊറിച്ചിരിച്ചുകൊണ്ട് അയാളവളുടെ തുടയില്‍ ഒരു ടച്ചിങ്‌സ് നടത്തി. ഒഴിഞ്ഞ വയറ്റില്‍ മിക്‌സ്ചറും പച്ചവെള്ളവും ചെന്ന് അവള്‍ കുറച്ചുകഴിഞ്ഞപ്പോള്‍ മനംപിരട്ടി ഛര്‍ദ്ദിച്ചു. ഇന്നു വേണ്ടെന്നു പറഞ്ഞുനോക്കിയിട്ടും അയാള്‍ സമ്മതിച്ചുമില്ല. അതുകൂടി കഴിഞ്ഞപ്പോള്‍ അവള്‍ ബാത്ത്‌റൂമില്‍ കയറി കൂടുതല്‍ ഛര്‍ദ്ദിച്ചു.
പിറ്റേന്ന് സുരേന്ദ്രന്‍ സോറി പറഞ്ഞു. അവള്‍ക്ക് അടുത്ത പിറന്നാളിന് ഇഷ്ടപ്പെട്ട റോസ് ചുരിദാര്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു. കരിയാത്ത ദോശ കഴിച്ച്, ഉച്ചയ്ക്കുള്ളത് ചോറ്റുപാത്രത്തിലാക്കി, സ്‌കൂളിലാക്കാന്‍ കിരണിനേയും കൂട്ടി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി അയാള്‍ പോയി. അതോടെ, തന്റെ അടുത്ത ചലന നിയമങ്ങളിലേക്ക് മാലിനി പ്രവേശിക്കും. കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കും. പലതും ആലോചിച്ച് ബെഡില്‍ വന്നു കിടക്കും. ഒരിക്കല്‍, അങ്ങനെ ബെഡില്‍ തനിച്ചു കിടക്കുമ്പോഴാണ് ന്യൂട്ടണ്‍ ആദ്യമായി മാലിനിയിലേക്ക് പ്രവേശിച്ചത്. കിരണിനേയും ഇരുത്തി സുരേന്ദ്രന്‍ സ്‌കൂട്ടറില്‍ പോയിക്കഴിഞ്ഞ് കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിക്കിടത്തി മാലിനി ദോശയും കഴിച്ച് മുറിയില്‍ വന്നു കിടന്നു. തുണിയലക്കല്‍ ഉള്‍പ്പെടെ പണിതീര്‍ത്ത ശേഷമുള്ള ആ കിടത്തത്തിന് എന്തോ സുഖം തോന്നി. കണ്ണുകള്‍ അടഞ്ഞുപോയി.
അന്നേരം മാലിനിയുടെ വലതുകൈ ഏതോ ഒരു സാധനം കൈവിട്ടുപോകുന്നത് തിരിച്ചുപിടിക്കാനെന്നപോലെ മുന്നോട്ടാഞ്ഞു കിടന്നിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. തലേന്നു രാത്രി സുരേന്ദ്രന്‍ അതു ചെയ്യുന്നതിനു മുന്‍പായി കോണ്ടം എടുക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്കു കീഴില്‍ ഞെരിഞ്ഞുകിടന്നുതന്നെ വലതുകൈനീട്ടി അവള്‍ കിടക്കയുടെ അടിയില്‍നിന്നു കോണ്ടത്തിന്റെ പാക്കറ്റ് പുറത്തെടുത്തു. അവളോടുതന്നെ അതു പൊളിക്കാന്‍ അയാള്‍ പറഞ്ഞു. അതു കീറി കവര്‍ വലിച്ചെറിഞ്ഞ് കോണ്ടം ഉപയോഗത്തിലേക്കു നീങ്ങാന്‍ ശ്രമിച്ചപ്പോഴാണ് മനസ്സിലായത്. വലിച്ചെറിഞ്ഞത് ആ നനുത്ത വളയത്തൊലി ആയിരുന്നു. പാക്കറ്റാണ് കയ്യില്‍ ഇരുന്നത്. അബദ്ധം മനസ്സിലാക്കി നിലത്തുവീണ കോണ്ടം എടുത്ത് ഇടാന്‍ ശ്രമിച്ചപ്പോഴേക്കും സുരേന്ദ്രന്‍ അവളുടെ വലതുകയ്യില്‍ മുറുക്കെ പിടിച്ചു. എടീ വേസ്‌റ്റേ... അയാള്‍ വിളിച്ചു. അയാള്‍ ആ കൈ തൊണ്ണൂറു ഡിഗ്രിയില്‍ വളച്ചു. മാലിനി വേദനകൊണ്ട് കൂകി. പിറ്റേന്നു രാവിലെ തുണികളെല്ലാം കഴുകിയിടാന്‍ നേരത്ത് മാലിനിക്കു തോന്നി, വയ്യാത്ത വലതുകൈക്ക് പകരം ബലമുള്ള ഇടതുകൈകൊണ്ട് സുരേന്ദ്രന്റെ ഒരു ടീഷര്‍ട്ട് എടുത്ത് പറമ്പിലേക്ക് എറിയാന്‍. അവളത് ചെയ്യുകയും ചെയ്തു. പിന്നീട് എന്നോ ഒരു ദിവസം ടീഷര്‍ട്ട് പരതി ഏതാണ്ടൊക്കെ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മാലിനിയുടെ ഉള്ളില്‍ പ്രതികാരത്തിന്റെ സന്തോഷം നിറഞ്ഞു.

പരുക്കും വേദനയും മറന്ന് സ്വാതന്ത്ര്യം മാലിനിയുടെ വലതുകൈ വെറുതെയിടലില്‍ അനുഭവിച്ചു. കോളിങ് ബെല്‍ കേട്ട് അവള്‍ ഉണരുന്നതുവരെയും വലതുകൈ അവളുടെ ശരീരംവിട്ട് വിസ്മയാവഹമായ ശൂന്യതകളേയും തണുപ്പുകളേയും ചുംബിച്ച് സഞ്ചരിച്ചുകൊണ്ടിരുന്നു. അന്വേഷിച്ചതെന്തോ തിരിച്ചെടുക്കാനാകാതെയാണെങ്കിലും കൈ തിരികെ ശരീരത്തില്‍ ഒട്ടിയപ്പോള്‍ മാലിനി എഴുന്നേറ്റ് വാതില്‍ തുറന്നു.
ഒരു ചെറുപ്പക്കാരന്‍, അപ്പുറത്തെ ചെരുപ്പുകമ്പനിയിലെ പണിക്കാരനായിരിക്കും. പുറംനാട്ടുകാരനാണെന്ന് കണ്ടാലറിയാം.
പക്ഷേ, അയാളുടെ കയ്യില്‍ ആ ടീഷര്‍ട്ട്!
'ദാ സേച്ചി ടീഷര്‍ട്ട്. അപ്പുറം വീണുപോയാണ് തോന്ന്ന്നു. സേട്ടന്റെ അല്ലേ.'
മാലിനിക്ക് ഉറക്കച്ചടവിനും കയ്യുടെ ശൂന്യാകാശ സഞ്ചാരത്തിനും ഇടയില്‍ ഉണ്ടായ ആ ദര്‍ശനം വിചിത്രമായ ഒരു വിശ്വരൂപസാക്ഷാല്‍ക്കാരമായി തോന്നി. പക്ഷേ, അവന്‍ ദൈവമല്ലെന്നും ജീവിതത്തെ നിയന്ത്രിക്കുന്നത് ശാസ്ത്രമാണെന്നുമുള്ള ഉറപ്പ് ഞൊടിയിടയില്‍ അവള്‍ ആര്‍ജ്ജിച്ചു.
മാലിനി അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിസ്സംഗമായി നോക്കി. എന്നിട്ടു പറഞ്ഞു:
'അത് നീയെടുത്തോടാ.'
പയ്യന്റെ മുഖം വിടര്‍ന്നു. അവനെ കാണാന്‍ നല്ല ചന്തമുണ്ട്. അദ്ഭുതത്തോടെ ടീഷര്‍ട്ട് കയ്യിലൊതുക്കി അവന്‍ തിരിച്ചുനടന്നു.
'അവിടെ നിന്നേ. ഇയാള്‍ എവിടുള്ളതാ. എന്താ പേര്?'
'നാന് അവിടെ... ആ ചെരുപ്പുകമ്പനിയുടെ ലെഫ്റ്റ് സൈഡ് വീട് സേച്ചി. ഫാദറിന് അവിടെ പണി.'
അവന്‍ നിര്‍ത്തിയപ്പോള്‍ മാലിനി വീണ്ടും ചോദിച്ചു: 'പേരെന്താ?'
'ഐസക് ന്യൂട്ടണ്‍.'
മാലിനിക്ക് ചിരിവന്നു.
'അതൊരു രാജാവിന്റെ പേരല്ലേ?' അവള്‍ അവനെ പരീക്ഷിച്ചു.
'രാസാവല്ല സേച്ചി. സൈയിന്റിസ്റ്റ്.'
അതുകഴിഞ്ഞുള്ള അവന്റെ ചിരി പിന്നീട് മാലിനിയുടെ ഹൃദയത്തില്‍ സ്ഥിരതാമസമാക്കി. അന്ന് മാലിനി മൊബൈലില്‍ ഗൂഗിള്‍ തുറന്ന് ഇമേജസില്‍ ഐസക് ന്യൂട്ടന്‍ എന്ന പേര് വീണ്ടും അടിച്ചുനോക്കി. അടിക്കാനൊന്നും നില്‍ക്കണ്ട ഞാനിതാ ഇവിടുണ്ടല്ലോ എന്ന മട്ടില്‍ ഐസക് ന്യൂട്ടന്മാര്‍ ചാടിയിറങ്ങിവന്നു. മാലിനി ഓര്‍ത്തു, രാജാവല്ല, ദൈവമല്ലേ. ഓരോ തവണ കാണുമ്പോഴും സൗന്ദര്യവും ചൈതന്യവും കൂടിവരുന്നു. നോക്കിയിരുന്നാല്‍ നേരംപോകുന്നത് അറിയില്ല. പഠിക്കുന്ന കാലത്ത് ക്ലാസ്സിലിരുന്നും അതുതന്നെയായിരുന്നു പണി. അന്നു പുസ്തകത്തിലെ ചിത്രങ്ങളാണ് നോക്കാറുള്ളതെന്നു മാത്രം.
അടുത്ത ദിവസവും ഐസക് ന്യൂട്ടന്‍ ആ വഴി വന്നു. അവന്‍ സുരേന്ദ്രന്റെ ടീഷര്‍ട്ടാണ് ഇട്ടിരുന്നത്. ഈ പയ്യനിത് ഇട്ടോണ്ട് നടന്നാല്‍ അങ്ങോര് കാണുമല്ലോ എന്ന വേവലാതി മാലിനിയെ ബാധിച്ചു. പിന്നെ അവളത് കാര്യമാക്കിയില്ല.
'സേച്ചി, ഒരു കമ്പി ഉണ്ടോ സേച്ചി?'
'കമ്പിയോ എന്തു കമ്പി?'
'ഒരു തീന്‍ ഫീറ്റ് നീളത്തില്‍ ഇരുമ്പിന്റെ കമ്പി. ദോ ഇഞ്ച് കനം വേണം. ഉണ്ടാവുമോ സേച്ചി?'
'എന്തിനാ കമ്പി?'
'ഒരു എക്‌സ്‌പെരിമെന്റിന് സേച്ചി. നാന് സൈന്റിസ്റ്റ് ആണല്ലോ സേച്ചി.'
'ഇവിടെങ്ങൂല്ല.'
'സരി സേച്ചി. കിട്ടിയാ കൊടുക്കണം. നാന് നാളെ വരാ', അതും പറഞ്ഞ് അവന്‍ മടങ്ങി. അവന്‍ മടങ്ങുന്നതിനു മുന്‍പ് വീണ്ടും ചിരിച്ചു. സുരേന്ദ്രന്‍ ചിരിച്ചുകണ്ടത് എപ്പോഴായിരിക്കുമെന്നു ചിന്തിക്കാന്‍ അതവള്‍ക്കു പ്രേരണയായി. കല്യാണം കഴിഞ്ഞ് ആദ്യനാളുകളില്‍ ചിരിക്കാറുണ്ടായിരുന്നു. പിന്നെ വീട്ടിലാരെങ്കിലും ബന്ധുക്കളൊക്കെ വന്നാല്‍ ചിരിക്കുന്നത് കാണാം. പക്ഷേ, ഈയിടെയായി അങ്ങനെയാരെങ്കിലും വരുന്നതും കുറവാണ്. ഒറ്റപ്പാലത്തുള്ള ഒരു അപ്പച്ചി ഇടയ്‌ക്കെപ്പോഴെങ്കിലും വന്ന് രണ്ടു ദിവസം താമസിച്ചുപോകും. നല്ല സ്‌നേഹമുള്ള സ്ത്രീയാണ്. പക്ഷേ, സുരേന്ദ്രന് അവരെ കണ്ടൂടാ. പുറമേ ചിരിച്ചുകാണിച്ച് ബെഡ്‌റൂമില്‍ വന്നു പഴിക്കും.
മാലിനിക്കാകട്ടെ, വല്ലപ്പോഴുമാണെങ്കിലും അവരുടെ വരവ് ഒരാശ്വാസമാണ്. കിരണിനും അവരെ ഇഷ്ടമാണ്. മാലിനിയുടെ കുടുംബത്തില്‍നിന്നു പിന്നെ വരാനാരുമില്ല.
പിറ്റേന്ന് സുരേന്ദ്രനും മോനും പോയതിനു തൊട്ടുപിന്നാലെ തന്നെ മാലിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു.
'ചേച്ചി, നാ വന്ത് ഐസക് ന്യൂട്ടണ്‍. നേത്ത് അങ്കെ വന്ന് കമ്പി കേക്കിലയ?'
മാലിനി ഞെട്ടിപ്പോയി.
'ഇയാക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടി?'
'അതുവന്ത് ചേച്ചി, നാ ഐസക് ന്യൂട്ടണ്‍ അല്ലവാ? എക്‌സ്‌പെരിമെന്റ് ചെയ്ത് കെടച്ചാച്ച്.'
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഇപ്പോഴവന്‍ തമിഴ് പറയുന്നു.
'എടോ തന്റെ കള്ളക്കളി എന്റടുത്ത് വേണ്ട കേട്ട. ഇന്നലെ താന്‍ വേറേതോ ഭാഷ പറഞ്ഞു, ഇപ്പ തമിഴ് പറയണു. ന്നെ പറ്റിക്കാനുള്ള പരിപാടിയായിട്ട് എറങ്ങിയേക്കുവാ അല്ലേ. താനിങ്ങ് വാ. ഞാന്‍ ശരിയാക്കാം.'
മാലിനി കയര്‍ത്തതും തൊട്ടുപിന്നാലെ അവന്‍ മുന്നിലേക്ക് കടന്നുവന്നു. മാലിനി വീണ്ടും നടുങ്ങി.
'ഞാന്‍ ഇവിടെത്തന്നെ ണ്ട് ചേച്ചി. ഐസക് ന്യൂട്ടണ് രണ്ടേ രണ്ട് ഭാഷേ അറിയത്തുള്ളൂ. മാത്തമാറ്റിക്‌സും ഫിസിക്‌സും. അതുവച്ചാ അങ്ങോര് ആ നാല് ചലന നിയമങ്ങള്‍ കണ്ടുപിടിച്ചതും നാട്ടുകാരോട് പറഞ്ഞതും.'
പച്ച മലയാളം പറയുക മാത്രമല്ല, കാഴ്ചയിലും ഒരു മലയാളി ലുക്ക് അവനു വന്നുകഴിഞ്ഞിരുന്നു. മാലിനിക്ക് അതു വിശ്വസിക്കാന്‍ പ്രയാസമായി. അതിസുന്ദരനും മുഖത്തിനു ചുറ്റും പ്രഭാവമുള്ളവനും നല്ല ശരീരപുഷ്ടിയുള്ളവനുമായ യുവാവ്. ആരും ഒരു നിമിഷം നോക്കിപ്പോകും. അവന്റെ ആകര്‍ഷണവലയത്തിലായെന്ന കാര്യം സ്വയം തിരിച്ചറിയാന്‍പോലുമാകാത്തവിധം മാലിനി തരിച്ചുനിന്നു. ഒടുവിലൊരുവിധം മാനസികാവസ്ഥ വീണ്ടെടുത്ത് അവള്‍ സംസാരിച്ചു.
'ഐസക് ന്യൂട്ടണ് എന്താ വേണ്ടത്. എന്നെ കുഴപ്പത്തിലാക്കാനാണോ ഈ വരവ്?'
'അയ്യോ ചേച്ചി. ഞാനൊരു സാധാരണ പയ്യനാണ്. ശരിക്കും ഒരു യന്ത്രക്കസേര ഉണ്ടാക്കാന്‍ മൂന്നടി നീളമുള്ള ഇരുമ്പുകമ്പിയുടെ ആവശ്യമുണ്ടായിരുന്നു. വാങ്ങാനുള്ള കാശ് ചോദിച്ചാ അച്ഛന്‍ തരില്ല.'
'അതെന്താ?'
'പഠിച്ച് നല്ല ഐസക് ന്യൂട്ടനെപ്പോലെ ആകാന്‍ വേണ്ടിയാണ് അച്ഛന്‍ ആ പേരിട്ടത്. പക്ഷേ, ഞാന്‍ പഠിക്കാന്‍ വലിയ മടിയനായിരുന്നു. എല്ലാറ്റിലും തോറ്റു തോറ്റ് പഠിത്തം നിര്‍ത്തി.'
'എന്നിട്ടിപ്പോ?'
'ചുമ്മാ വായനോട്ടം. ഇടയ്ക്ക് ഇങ്ങനെ എക്‌സ്‌പെരിമെന്റ് ചെയ്യാന്‍ ഓരോ സാധനം അന്വേഷിച്ച് തെണ്ടിനടക്കും.'
മാലിനിക്ക് അവനെ വിശ്വസിക്കാന്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും യുക്തികൊണ്ടല്ല, വെറും തോന്നല്‍കൊണ്ട് ചിലപ്പോള്‍ മനുഷ്യര്‍ തീരുമാനമെടുക്കില്ലേ, ആ മട്ടില്‍ മാലിനി അവനെ അകത്തു വിളിച്ചിരുത്തി ചായയും ബിസ്‌കറ്റും കഴിക്കാന്‍ കൊടുത്തു.
'ചേച്ചിക്ക് ന്യൂട്ടന്റെ ചലന നിയമങ്ങള്‍ അറിയാമോ?' ചായ ഇറക്കിക്കൊണ്ട് അവന്‍ ചോദിച്ചു.
മാലിനിക്ക് അറിയില്ലല്ലോ.
'ഒന്നാമത്തെ ചലന നിയമം ഇതാണ് ഞാന്‍ ഇവിടെ വരുന്നതുവരെ ചേച്ചി ഒരു ചായ ഉണ്ടാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ഞാന്‍ വന്നപ്പോ അത് ഉണ്ടാക്കി.'
മാലിനി ചിരിച്ചുപോയി. ന്യൂട്ടണ്‍ കൊള്ളാല്ലോ.
'രണ്ടാമത്തെയോ?'
'രണ്ടാമത്തെ അല്ലേ? പറയാം. ഞാനിവിടെ എത്രമണിവരെ ഇരിക്കുന്നോ അതിന് അനുസരിച്ചായിരിക്കും ചേച്ചി എനിക്ക് ഉച്ചഭക്ഷണം തരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. എന്റെ അഭിമാനം എത്ര കുറവാണോ അതിനനുസരിച്ചായിരിക്കും ഞാനിവിടെത്തന്നെ ഇരിക്കുന്നത്.'
ഇത്തവണ ന്യൂട്ടണ്‍ തന്നെ ഉറക്കെ ചിരിച്ചു.
'മൂന്നാമത്തേത് കേള്‍ക്കണ്ടേ?'
വയറുനിറയെ കഞ്ഞികുടിച്ച ശേഷം, ബെഡിലെ ഇരുളും വെളിച്ചവും ഓരോ പാത്രങ്ങളില്‍ ഇടകലര്‍ത്തി വിളമ്പിവച്ചപോലുള്ള ഷീറ്റില്‍ ഒരു കുഞ്ഞുതലയിണയ്ക്കുമേല്‍ തലവച്ച് അവന്‍ കിടന്നു. മാലിനി അടുത്തിരുന്ന് അവന്റെ നെറ്റിയില്‍ സാവധാനം തടവി. നീണ്ടമുടി കോതിയൊതുക്കി. ക്ഷീണം അവന്റെ ഉടലിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നതിന്റെ തുടര്‍ചലനങ്ങള്‍ നിയമങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിക്കുന്നത് മാലിനി അറിഞ്ഞു. മൂന്നാമത്തെ നിയമം പറഞ്ഞ് അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കുഴഞ്ഞുവീഴുമ്പോള്‍ ആകെ മൂന്നു വാക്കുകളാണ് കേട്ടത്.
'വിശന്നിട്ട് വയ്യ ചേച്ചി.'
വേഗം ചട്ടിചൂടാക്കി ബാക്കിയുണ്ടായിരുന്ന ദോശമാവുകൊണ്ട് രണ്ട് ദോശ ചുട്ടുകൊടുത്തു. ശകലം ചമ്മന്തിയും ബാക്കിയുണ്ടായിരുന്നു. അപ്പോഴേക്ക് മാലിനി അരി അടുപ്പത്തിട്ടു. നാലു മത്തി പെട്ടെന്നു നന്നാക്കി കഴുകിയെടുത്ത് മുളകിട്ട് വറ്റിച്ചെടുത്തു. കഞ്ഞിയും മത്തി വറ്റിച്ചതും അച്ചാറും വിളമ്പിയത് അവന്‍ വാരിവാരിക്കഴിച്ചു.
'മൂന്നു ദിവസായി ചേച്ചി', വല്ലതും നിറച്ചുകഴിച്ചിട്ട് എന്നു പറയാതെ പറഞ്ഞുകൊണ്ടവന്‍ പറഞ്ഞു. മാലിനിക്കു കരച്ചില്‍ വന്നു.
എന്തിനാണ് സുരേന്ദ്രന്‍ ചേട്ടന്‍ തന്നെ പണിയില്‍നിന്നു പിരിച്ചുവിട്ടതെന്ന് ന്യൂട്ടണ് ആദ്യം മനസ്സിലായില്ല. ടയറുകടയാണ്. ഒരു കൊല്ലത്തോളം അവിടെയായിരുന്നു പണി. രാവിലെ ചെല്ലും. കട തൂത്ത് വൃത്തിയാക്കുന്നതു മുതല്‍ ലോറികളുടെ ടയര്‍ പോലും മറിച്ചിട്ടും തിരിച്ചിട്ടും ശരിയാക്കുന്നതും റിമ്മിന്റെ വളവ് നോക്കി
നേരെയാക്കുന്നതും വണ്ടികള്‍ക്ക് ടയറ് ഫിറ്റ് ചെയ്തു കൊടുക്കുന്നതും വരെ ഏതു പണിയും ചെയ്യും. വെറുതെയിരിക്കാന്‍ ഒട്ടും നേരം കിട്ടാതെയാണ് താനടക്കം നാലു പണിക്കാര്‍ പണിയെടുക്കുന്നത്. എന്നിട്ടും ഒരു ദിവസം ഇവിടെ പണി കുറവാണ് പൊക്കോളാന്‍ സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു. പക്ഷേ, മരിക്കും മുന്‍പ് തന്റെ പേരില്‍ അച്ഛന്‍ എഴുതിവെച്ച മുട്ടത്തറയിലെ നാലു സെന്റ് സ്ഥലം ഈടായി കാണിച്ച് സുരേന്ദ്രന്‍ ചേട്ടന്‍ എടുത്ത ലോണ്‍ എന്തു ചെയ്യും? അടച്ചോളാമെന്ന് സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു.
'അത് പറ്റില്ല സുരേന്ദ്രന്‍ ചേട്ടാന്ന് ഞാന്‍ പറഞ്ഞു. പണയം തിരിച്ചെടുത്തു തന്നാല് ഞാന്‍ പൊക്കോളാന്നു പറഞ്ഞു. അതെന്ത് പറച്ചിലാടാ, ഞാനടച്ചോളാന്ന് പറഞ്ഞില്ലേന്ന് സുരേന്ദ്രന്‍ ചേട്ടന്‍.'
കടയുണ്ടായാലല്ലേ പണിയുണ്ടാവുള്ളൂ കുട്ടാ, പണമുണ്ടായാലല്ലേ കടയുണ്ടാവുള്ളൂ കുട്ടാ എന്നൊക്കെ പറഞ്ഞാണ് എന്റെ സ്ഥലം ഈട് വെച്ച് സുരേന്ദ്രന്‍ ചേട്ടന്‍ പത്തുലക്ഷം വായ്പയെടുത്തത്. കട വലുതാക്കുകയും ചെയ്തു. പക്ഷേ, തന്റെ പണിപോയി. തന്റെ ഭൂമിയുടെ അവകാശമെങ്കിലും തനിക്കു തിരികെ വേണ്ടേ?
'അത് പറ്റില്ല സുരേന്ദ്രന്‍ ചേട്ടാ. എന്റെ ഭൂമി എനിക്കു വേണം. ചേട്ടന്‍ അടവ് മുടക്കിയാ അവരെന്റെ ഭൂമി അളന്നുകൂട്ടും. അതു പറ്റത്തില്ല. എനിക്കെന്റെ ഭൂമിവേണം.'
സുരേന്ദ്രന്റെ ഒരൊറ്റത്തൊഴിയില്‍ ഐസക് ന്യൂട്ടണ്‍ പത്തടി ദൂരേക്ക് തെറിച്ചുവീണു. ഒരുവിധം എണീക്കാന്‍ നോക്കുമ്പോഴേക്ക് പൊതിരെ അടിയും തൊഴിയും കഴിഞ്ഞിരുന്നു. ഒരാഴ്ചയാണ് ജനറല്‍ ആശുപത്രിയില്‍ കിടന്നത്. അവിടെനിന്ന് ഇറങ്ങിയപ്പോള്‍ ഒരിരുമ്പു കമ്പി കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നി. ഇരുട്ടില്‍ സുരേന്ദ്രന്റെ തല അടിച്ചുപൊട്ടിക്കണം.
ന്യൂട്ടണ്‍ പറഞ്ഞുനിര്‍ത്തിയപ്പോഴേക്ക് മാലിനി അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ഇരുമ്പുകമ്പി കിട്ടിയിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു. അവളുടെ വലതുകയ്യില്‍ ചുരുട്ടിപ്പിടിച്ച നൂറുരൂപാ നോട്ട് ഇറങ്ങാന്‍ നേരത്ത് തന്റെ കയ്യില്‍ വച്ചുതരാന്‍ വേണ്ടി കരുതിയതാണെന്ന് ഉറപ്പിച്ച്, അത് വിരലുകള്‍ പതുക്കെ വിടര്‍ത്തി കരസ്ഥമാക്കി ഐസക് ന്യൂട്ടണ്‍ സ്ഥലംവിട്ടു.
മാലിനി ബെഡില്‍ പോയി വീണു. എത്ര സമയം പിന്നീട് എടുത്തുവെന്ന് നിശ്ചയമില്ല. പകലിറങ്ങിപ്പോയി സായാഹ്നമായി, കിരണിനേയും കൊണ്ട് സുരേന്ദ്രന്‍ വന്നു വിളിച്ചപ്പോഴാണ് അവള്‍ എണീറ്റത്. ഇത്രയും സമയം തനിക്കെന്താണ് പറ്റിയതെന്ന് അവളോര്‍ത്തുനോക്കി. ന്യൂട്ടന്റെ ചലന
നിയമത്തെക്കുറിച്ച് താനെപ്പഴോ ആലോചിച്ചിരുന്നതായി ഓര്‍മ്മയുണ്ട്. അഴിഞ്ഞുലഞ്ഞ മുടിയുള്ള ഒരു ചെറുപ്പക്കാരന്റെ മുഖവും മനസ്സിലെവിടെയോ കിടപ്പുണ്ട്. ആ പോട്ടെ, എന്ന നസ്രിയാ സ്റ്റിക്കര്‍ ഭാവത്തില്‍ അവള്‍ തന്റെ പണിയിലേക്ക് കടന്നു.

പക്ഷേ, ആ ദിവസത്തിനുശേഷം മാലിനിയുടെ ജീവിതത്തിലെ ഏതൊരു പ്രവൃത്തിക്കും തത്തുല്യമായ പ്രതിപ്രവൃത്തി ഉണ്ടാകാന്‍ തുടങ്ങി. ഒരു കൈ ചെയ്യുന്നതിന് എതിരായി മറ്റേക്കൈ പ്രവര്‍ത്തിക്കും. എറിയുന്നത് മാറിപ്പോകും. അതോടെ, മറ്റേക്കയ്യില്‍ ഒന്നുമെടുക്കാതെ എറിയാന്‍ മാലിനി ശ്രമിച്ചു. അപ്പോഴും ആ കയ്യില്‍ ഒരു വെട്ടല്‍ ബാക്കിയായി. സാധനങ്ങള്‍ മാറി എറിഞ്ഞതിന് എല്ലാ ദിവസവും സുരേന്ദ്രന്റെ അടികിട്ടും. വേണമെന്നു വെച്ചുതന്നെ ചെയ്യുന്നതാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അല്ലെന്നു തെളിയിക്കാന്‍ മാലിനിക്കു മാര്‍ഗ്ഗമൊന്നുമില്ല. ഐസക് ന്യൂട്ടണ്‍ ഉണ്ടാക്കിയ കുഴപ്പമാണെന്നു പറഞ്ഞാലോ? വേണ്ട, പിന്നെ അതൊരു പുകിലാകും. അവളാകെ ആശയക്കുഴപ്പത്തിലായി. ആ ആശയക്കുഴപ്പം ഒരുപാട് തവണ പോട്ടെയെന്നു വെച്ചപ്പോള്‍ താന്‍ നസ്രിയ ആയെന്നുവരെ അവള്‍ ധരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവളത് കാര്യമായിത്തന്നെ ഉറപ്പിച്ചു. ആശയക്കുഴപ്പം പോയി പണിനോക്കട്ടെയെന്ന ആ ഭാവം തന്റെ ഭാവമാണെന്ന് മാലിനി ഉറപ്പിച്ചു. താന്‍ നസ്രിയയെപ്പോലെ അല്ല, താന്‍ നസ്രിയ ആണ്. നസ്രിയ അടിപൊളിയാണ്.
അന്ന് സുരേന്ദ്രന്‍ മോനെയും കൂട്ടി വന്നശേഷം അവള്‍ അവര്‍ക്കു തിന്നാനൊന്നും കൊടുത്തില്ല. സുരേന്ദ്രന്‍ ഡ്രസ് മാറിവന്ന് ഉമ്മറത്ത് തിണ്ണയിലിരുന്ന് സിഗരറ്റ് വലി തുടങ്ങിയിട്ട് കുറച്ചുനേരമായി. ചായയും ഒരു പപ്പടവടയും പ്രതീക്ഷിച്ചിരുന്ന സുരേന്ദ്രന് കലിമൂത്തു. അയാള്‍ ഉറക്കെ വിളിച്ചു.
'എടീ മാലിനീ.'
നസ്രിയ ആ ശബ്ദം കേട്ടെങ്കിലും
മിണ്ടാന്‍ പോയില്ല. കിരണും അമ്മേ വെശക്കുന്നു, ചായ താ എന്നു പറയുന്നുണ്ടായിരുന്നു.
സുരേന്ദ്രന്‍ അകത്തേക്ക് കയറിവന്ന് വീണ്ടും വിളിച്ചു. നസ്രിയ മറുപടി കൊടുത്തില്ല.
'നീയെന്താ പൊട്ടിയായോ, ചെവികേട്ടൂടെ മരക്കഴ്‌തേ.'
നസ്രിയ പ്രതികരിച്ചില്ല.
'മാലിനീ, ചായ എവിടേന്ന്.'
'മാലിനിയോ, അതാരാ, നിങ്ങളാരടുത്താ ഈ തൊള്ള തൊറക്കുന്നേ?' നസ്രിയ തിരിച്ചുചോദിച്ചു. അവള്‍ അതോടൊപ്പം താന്‍ ചെയ്തുകൊണ്ടിരുന്ന പണി തുടര്‍ന്നു. രാത്രിയിലേക്കുള്ള ചോറ്റുപൊതി തയ്യാറാക്കി. അത്യാവശ്യം വേണ്ട തുണികള്‍ ഒരു പെട്ടിയില്‍ ഒതുക്കിവച്ചു. ചെറിയ പേഴ്‌സില്‍ കുറച്ചുദിവസത്തെ ചെലവിനുവേണ്ട പൈസ കരുതി. കൊച്ചിനെ കുളിപ്പിച്ച് ഡ്രസ് ഇടീച്ച് റെഡിയാക്കി.
'നീയിത് എങ്ങട്ടാ? വീട്ടീപ്പോവ്വാണോ?' അയാള്‍ വന്ന് തടയാന്‍ നോക്കി.
'നിങ്ങളാരാ എന്റെ കാര്യം ചോദിക്കാന്‍?' നസ്രിയ കൂസിയില്ല.
'വീട്ടിലേക്കാണേ കിരണിനെക്കൂടെ കൊണ്ടുപോ.'
'അതുശരി, ആ ഭാരം താങ്ങാന്‍ വയ്യല്ലേ?'
'അവടെ ഒരു കൊണാപ്പ് ചോദ്യം. നിന്റെ വീട്ടുകാര്‍ക്ക് അവനെ കാണണ്ടേ?'
'ഞാന്‍ പോവുന്നത് വീട്ടിലേക്കല്ലെങ്കി?'
'പിന്നെ ഏത് മറ്റവന്റെ അടുത്തേക്കാടീ കെട്ടിയൊരുങ്ങി?'
'ഏത് പ്രവൃത്തിക്കും തത്തുല്യമായ ഒരു പ്രതിപ്രവൃത്തി ഉണ്ടാകും.'
ഒരാവശ്യം വന്നാല്‍ ഫിസിക്‌സാണെങ്കില്‍ ഫിസിക്‌സ്. അങ്ങെടുത്ത് വീശുക തന്നെ. വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ട് കാലം കുറച്ചായി. പകലു മുഴുവന്‍ അങ്ങോര് പുറത്താണല്ലോ. രാത്രി തനിക്കായിക്കോട്ടെ.
ഏതാണ്ട് ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കൊച്ചിനേയുമെടുത്ത് ബാഗും തൂക്കി ഇറങ്ങി. കിരണ്‍ എവിടെയാണെന്നു നോക്കാന്‍ പോയില്ല. ഒക്കത്ത് എടുത്ത് ഇറങ്ങുമ്പോള്‍ കൊച്ച് തലങ്ങും വിലങ്ങും നോക്കുന്നുണ്ടായിരുന്നു. അവളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കാനുള്ള ഭാഷ കിട്ടിയിട്ടില്ലല്ലോ. പിന്നെ പാവത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി പൂത്തു. പൂവിതളുപോലത്തെ കവിളത്ത് അവളൊരുമ്മ കൊടുത്തു.
ബസിലിരുന്ന് നസ്രിയ ആലോചിച്ചു. ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത യുദ്ധങ്ങളുണ്ട്. അത്തരം യുദ്ധങ്ങളില്‍നിന്നു കൂളായി ഇറങ്ങിനടക്കലും ഒരുതരം വിജയം തന്നെ.
അതോടെ എതിരാളിയെ നഷ്ടപ്പെട്ട് യുദ്ധക്കളത്തിലെ ആ ഏകന്‍ തളര്‍ന്നുവീഴും. വിജയം നിഷേധിക്കല്‍ ഒരു മികച്ച യുദ്ധതന്ത്രമാണ്.
സൗത്തിലിറങ്ങി ഒരോട്ടോ പിടിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നു. ഷൊര്‍ണൂര്‍ക്ക് ഒരു ടിക്കറ്റെടുത്തു. എന്തിനാണ് അവിടേക്ക് പോകുന്നതെന്ന് നസ്രിയയ്ക്ക് മനസ്സിലായില്ല. എങ്ങോട്ടെങ്കിലും പോകണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ വന്ന പേരാണ്. ഒറ്റപ്പാലത്തേക്കാകാം താന്‍ പോകുന്നത്. ട്രെയിന്‍ എപ്പോള്‍ വരുമെന്നു ചോദിച്ചപ്പോള്‍ എന്‍ക്വയറിയില്‍ അന്വേഷിക്കാന്‍ പറഞ്ഞു. അവര്‍ പറഞ്ഞതനുസരിച്ച് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ പിടിക്കാന്‍ അവിടെ ചെന്നുനിന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. നസ്രിയ മോളെയുമെടുത്ത് ബാഗും തൂക്കി അതില്‍ കയറി. പൊതുവെ തിരക്കു കുറവായിരുന്നു. നസ്രിയ ആരെയും ശ്രദ്ധിക്കാന്‍ പോയില്ല. ട്രെയിന്‍ നീങ്ങി.
'നീ പൊക്കോടീ... അതാ നല്ലത്. ഒരു വേസ്റ്റ് അങ്ങൊഴിഞ്ഞു കിട്ടി. അത്രന്നെ. ഞാനും എന്റെ മോനും സുഖായി ജീവിക്കും നീ കണ്ടോ. നീ ഏതെങ്കിലും എരപ്പാളീടെ കൂടെ പൊയ്‌ക്കോ.'
നസ്രിയ മോളെ പാലുകൊടുത്ത് ഉറക്കിക്കിടത്തിയ ശേഷം പൊതിയഴിച്ച് ചോറും ചമ്മന്തിയും കുഴച്ച് ഒരുരുള വായിലിട്ടപ്പോഴേക്കാണ് സുരേന്ദ്രന്റെ കോള്‍ വന്നത്. ആദ്യം അവളെടുത്തില്ല. വീണ്ടും വീണ്ടും മണിയടിച്ചപ്പോള്‍ ചോറുതിന്നുകൊണ്ടുതന്നെ ഫോണെടുത്തു. നല്ലപോലെ ബ്രാണ്ടി മോന്തിയിട്ടായിരിക്കും വിളിയെന്ന് ഉറപ്പാണ്.
അയാള്‍ എന്തൊക്കെയോ പറഞ്ഞു. വായില്‍ തോന്നിയതു മുഴുവന്‍.
'എടീ മാലിനീ... എടീ മാലിന്യമേ... മല വേസ്‌റ്റേ... നീ ഏതെങ്കിലും നരകത്തില്‍ എത്തിയിട്ടുണ്ടാവ്വല്ലോ അല്ലേ... നീ ആ പച്ചച്ചോറ് വാരി വായ്ക്കകത്തോട്ട് പൊത്തെടീ. ഞാനും മോനും ബിരിയാണി കഴിക്കുവാടീ... നല്ല ചിക്കന്‍ ബിരിയാണി.'
'ഞാന്‍ മാലിനിയല്ല. നസ്രിയ നസീം ആണ്.'
അങ്ങേത്തലയ്ക്കല്‍ ഒരു കൂറ്റന്‍ പൊട്ടിച്ചിരി.
'ആര് സിനിമാ നടിയാ? നെനക്ക് വട്ടായല്ലേ.' ആ പൊട്ടിച്ചിരി തുടര്‍ന്നു.
'അതെ മിസ്റ്റര്‍ സുര. ഞാന്‍ ബേസിക്കലി ഒരു സിനിമാ നടിയാണ്. ഇന്നലെ വരെ മാലിനി എന്ന റോളില്‍ അഭിനയിക്കുകയായിരുന്നു. ഇപ്പോള്‍ നസ്രിയ തന്നെയാണ്. നാളെ രാവിലെത്തൊട്ട് വേറൊരു കഥാപാത്രമാകും. എന്റെ കോആക്റ്റര്‍ റോള്‍ താങ്കള്‍ നന്നായി ചെയ്തു. താങ്ക്‌സ് സുര. സീ യൂ നെക്സ്റ്റ് ടൈം... ഗുഡ് നൈറ്റ്.'
ഫോണ്‍ വെച്ചുകഴിഞ്ഞപ്പോഴേക്ക് നസ്രിയ പൊതിച്ചോറ് കാലിയാക്കിയിരുന്നു. മാത്രവുമല്ല, അതും കഴിഞ്ഞ് അവളുടെ കൈ വാഴയിലയുടെ മേലേകിടന്ന് കുറേശ്ശെ ഉണങ്ങാനും തുടങ്ങിയിരുന്നു. അപ്പോഴേക്ക് അയാള്‍ വീണ്ടും വിളിച്ചു.
'പിന്നെ ഒരു കാര്യം പറയാന്‍ മറന്ന്. നീ ആ മറ്റേ വേസ്റ്റിനേം കൊണ്ടുപോയത് നന്നായി. ഗുഡ് നൈറ്റ്.'
ട്രെയിന്‍ ഇരുട്ടില്‍ ആലുവാപ്പുഴ കടക്കുകയായിരുന്നു. വാട്ടിയെടുത്ത തേങ്ങാപ്പൂള്‍ ഇടിച്ചുചതച്ച് അതില്‍ ശകലം ചെറിയ ഉള്ളിയും ഇഞ്ചിയും കുടമ്പുളിയും ഒരു വറ്റമുളകും ചേര്‍ത്ത് മിക്‌സിയിലിട്ട് തുള്ളി വെള്ളവും ഉപ്പുമിട്ട് പൊടിച്ചെടുത്ത ചമ്മന്തിക്ക് നല്ല സ്വാദായിരുന്നുവെന്ന് നസ്രിയ ഓര്‍ത്തു. സ്വല്പം കൂടി ചോറെടുക്കാമായിരുന്നു. ഇനി പോട്ടെ, സാരമില്ല. അവള്‍ മടിയിലെ പൊടിയൊക്കെ തട്ടി വാട്ടിയ ഇലയും ചമ്മന്തി പൊതിഞ്ഞോണ്ടുവന്ന പ്ലാസ്റ്റിക് തുണ്ടും എല്ലാംകൂടി പൊതിഞ്ഞെടുത്തു. പിന്നെ അതങ്ങ് പുറത്തേക്ക് എറിഞ്ഞേക്കാമെന്നു കരുതി മറ്റേക്കയ്യില്‍ മോളെയും എടുത്ത് ട്രെയിനിന്റെ വാതിലിനടുത്തേക്ക് നീങ്ങി.